പതിനഞ്ചാം നൂറ്റാണ്ടിലെ അതിഗംഭീരനിര്‍മ്മിതിയായ അഹ്‌മദാബാദിലെ സര്‍ഖജ് റോസയില്‍ സന്ദര്‍ശനം നടത്തവെയാണ്, മുപ്പതുകള്‍ പിന്നിട്ട ഒരാളെ ഞങ്ങള്‍ കാണുന്നത്. അല്‍പമെന്തെങ്കിലും ചോദിക്കാമെന്ന് നിനച്ചു. തീര്‍ത്തും നാഗരികമെന്ന് തോന്നിക്കുന്ന വേഷം ധരിച്ച അദ്ദേഹം ഒരു വരേണ്യ ഹിന്ദു ഭൂരിപക്ഷ സമുദായത്തില്‍പെട്ട വ്യക്തിയായിരുന്നു. ഞങ്ങള്‍ വളരെ സൗഹാര്‍ദ്ദപൂര്‍വ്വമായിരുന്നു അദ്ദേഹത്തോട് പെരുമാറിയതെങ്കിലും വളരെ പതിഞ്ഞരൂപത്തിലായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. ജൂഹാപുരയെന്ന മുസ്ലിം ഗെട്ടോയെക്കുറിച്ച് അവിടങ്ങളില്‍ മുഖ്യധാര സൃഷ്ടിച്ച കൃത്യമായ മുന്‍വിധികളോടെയായിരുന്നു അയാളുടെയും സമീപനമെന്ന് അദ്ദേഹത്തിന്റെ സംസാരത്തില്‍നിന്ന് വ്യക്തമായി. വിഭജിത നഗരമെന്ന് (Divided City) യാഗ്‌നിക്കും ശേത്തും (2011) വിശദീകരിക്കുന്നത് പോലെ ഇവിടെയും മൂര്‍ത്തവും അമൂര്‍ത്തവുമായ വിഭജനത്തിന്റെ മതിലുകള്‍ രൂപപ്പെട്ടുവന്നിരിക്കുന്നു.
തിരിച്ച് കേരളത്തിലാവുമ്പോള്‍ ന്യൂനപക്ഷ സമുദായമെന്ന നിലയില്‍ അഹ്‌മദാബാദിനെക്കുറിച്ച് ഇതേ മുന്‍വിധി മലയാളി മുസ്ലിംകള്‍ക്കുമുണ്ട്. അഹ്‌മദാബാദില്‍ ജീവിക്കുന്ന കേരളക്കാരനായ ഒരു മുസ്ലിം ”അഹ്‌മദാബാദ് മുസ്ലിംകള്‍ക്ക് അപകടം നിറഞ്ഞതല്ലേ”യെന്ന ചോദ്യം പലകുറി കേട്ടിരിക്കും. അഹ്‌മദാബാദിനെക്കുറിച്ചുള്ള രണ്ട് പക്ഷപാദിത്വ സമീപനങ്ങള്‍ ഇപ്രകാരമാണ്. അഹ്‌മദാബാദിലെ മുസ്ലിം പ്രദേശങ്ങളെല്ലാം അപകടമാണ് എന്ന ഒരു വീക്ഷണമാണ് അതിലൊന്നാമത്തേത്. രണ്ടാമത്തേത്, മുസ് ലിമായി അഹ്‌മദാബാദില്‍ ജീവിക്കുകയെന്നത് നരകതുല്യമാണ് എന്നതാണ്. ഈ രണ്ടു സമീപനങ്ങളും സര്‍ഖജ് റോജയെന്ന സ്‌നേഹവും സാമുദായിക സഹവര്‍ത്തിത്തവും പ്രോത്സാഹിപ്പിച്ച പ്രസിദ്ധ സൂഫി ശൈഖ് അഹ്‌മദ് ഖട്ടു ഗഞ്ച് ബഖ്ശ് (1445) അന്ത്യവിശ്രമം കൊള്ളുന്ന അഹ്‌മദാബാദ് എന്ന നഗരത്തെക്കുറിച്ചാണല്ലോ എന്നത് ആശ്ചര്യകരമാണ്.
രണ്ടു പ്രധാന കാര്യങ്ങള്‍ വിശദീകരിക്കാനാണ് ഈ എഴുത്ത്. ഒന്നാമതായി, ഗുജറാത്തിനെക്കുറിച്ച്, പ്രത്യേകിച്ച് അഹ്‌മദാബാദ് നഗരത്തെക്കുറിച്ച് ഒരു ഗുജറാത്തിയല്ലാത്ത വായനക്കാരന് പരിചയപ്പെടുത്തിക്കൊടുക്കുക.
രണ്ടാമതായി, ഇതര സംസ്‌കാരങ്ങളുമായി ബന്ധപ്പെടുത്തി ഈ നഗരത്തിന്റെ സമ്പന്നമായ ഇസ്ലാമിക സംസ്‌കാരത്തെ അടയാളപ്പെടുത്തുക. ഇതിനായി ചരിത്രത്തിന്റെ വ്യത്യസ്ത അടരുകളെ ക്രമരഹിതമായിട്ടാണ് ലേഖനത്തില്‍ പരാമര്‍ശിക്കാന്‍ ശ്രമിക്കുന്നത്. പ്രൈമറി സ്രോതസ്സുകളെ മുന്‍നിര്‍ത്തിയല്ല ചരിത്രത്തിന്റെ ഇത്തരമൊരു ആലോചന ഞാന്‍ മുന്നോട്ടുവെക്കാന്‍ ശ്രമിക്കുന്നത്. മറിച്ച്, ചരിത്ര വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് പേര്‍ഷ്യനില്‍ പതിനേഴ്-പതിനെട്ട് നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ടിട്ടുള്ള ‘മിര്‍ആതെ സികന്ദറി'((Mirat-i-Sikandari)യും, ‘മിര്‍ആതെ അഹ്‌മദി'(Mirat-i-Ahmedi)യും, പോര്‍ച്ചുഗീസ് ഭാഷയില്‍ പതിനാറാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ‘ഡകാഡസ് ഡാ ഏഷ്യ ((Decadas da Asia I-IV) എന്നീ രചനകള്‍ വലിയൊരു സ്രോതസ്സായിരിക്കെത്തന്നെ, നഗരത്തിലെ ദര്‍ഗകളും പള്ളികളുമെല്ലാം നിലവിലുള്ള പാരമ്പര്യത്തെക്കുറിച്ച് മനസ്സിലാക്കിത്തരുന്ന വലിയ രണ്ടു ശേഖരങ്ങളാണ്.
അഹ്‌മദാബാദ്; നൂറ്റാണ്ടുകളുടെ ആഗോള കേന്ദ്രം
അഹ്‌മദാബാദ് നഗരത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളിലെല്ലാം തന്നെ കച്ചവടസംഘങ്ങളെ ആകര്‍ഷിച്ചു വശീകരിക്കുന്നതില്‍ നഗരം നേടിയെടുത്ത കഴിവ് അസാധാരണമാണ്. കാരണം ഇവിടത്തെ ഓരോ വ്യക്തിയും കച്ചവടവുമായി ഏതെങ്കിലും രൂപത്തില്‍ ബന്ധപ്പെട്ടുനില്‍ക്കുന്നതായി കാണാം. ഭൂമിശാസ്ത്രപരമായി ഇന്ത്യന്‍ മഹാസമുദ്രത്തിലെ കച്ചവടകേന്ദ്രം എന്ന രീതിയിലായിരുന്നു തന്ത്രപ്രധാന ഇടമായി അഹ്‌മദാബാദ് വികസിക്കുന്നത്. കിഴക്കും പടിഞ്ഞാറുമുള്ള കച്ചവട സംഘങ്ങള്‍ക്ക് സംഗമിക്കാന്‍ കഴിയുന്ന സുപ്രധാനമേഖല എന്ന രീതിയില്‍ നൂറ്റാണ്ടുകളോളം അഹ്‌മദാബാദ് പ്രതാപത്തോടെ നിലനിന്നിരുന്നു.
പതിമൂന്ന് മുതല്‍ പതിനേഴ് വരെയുള്ള കാലത്താണ് ഇവിടെ കച്ചവടം വികസിക്കുന്നതും, പട്ടും, സുഗന്ധവ്യഞ്ജനങ്ങളും കൂടുതലായി ഇവിടുന്ന് കയറ്റുമതി ചെയ്യപ്പെടുന്നതുമെല്ലാം. അന്ന് ഇവിടത്തെ കച്ചവടക്കാര്‍ക്ക് ആഫ്രിക്കന്‍, ചൈനീസ്, സൗത്ത് ഏഷ്യന്‍ സമൂഹങ്ങളുമായെല്ലാം അടുത്ത ബന്ധമുണ്ടായിരുന്നു. കാമ്പൈ (ഖാംബത്) കടലിടുക്കായിരുന്നു ഇന്ത്യന്‍ മഹാസമുദ്രത്തിലെ വ്യത്യസ്ത നാടുകളില്‍നിന്ന് വരുന്ന കച്ചവടക്കപ്പലുകളെ സ്വീകരിച്ചിരുന്നത്. ചരക്കുകളുമയി അവയങ്ങനെ സബര്‍മതി നദിയിലൂടെ അഹ്‌മദാബാദ് നഗരത്തിലേക്ക് ഒഴുകിനീങ്ങി. സമുദ്രവും നദിയും ഇഴചേര്‍ന്ന ഈ കൂട്ടുകെട്ടായിരുന്നു നഗരത്തിന്റെ വളര്‍ച്ചക്ക് കാതലായ സംഭാവനയേകിയത്. നൈല്‍ നദി വ്യത്യസ്ത നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യങ്ങളെ മെഡിറ്ററേനിയന്‍ കടലുമായി ബന്ധിപ്പിക്കുന്നതിന് സമാനമായിരുന്നു ഇത്.
ജൈനമതക്കാര്‍, വ്യത്യസ്ത ഹിന്ദു ജാതിസമൂഹങ്ങള്‍, കച്ചവടക്കാര്‍, ഇടനിലക്കാര്‍, കര്‍ഷകര്‍, കാര്‍ഷിക തൊഴിലാളികള്‍, അടിമകള്‍, വിദേശികള്‍ തുടങ്ങി സമൂഹത്തിന്റെ വ്യത്യസ്ത അടരുകളില്‍ നിന്നുള്ളവര്‍ ദിനേനെയെന്നോണം ഇഴകലര്‍ന്നായിരുന്നു ഇവിടെ ജീവിച്ചത്. ഇതര ഭാഷക്കാരുമായി സംവദിക്കാനുതകുന്ന ഭാഷയായിരുന്നു ഇവിടത്തേത്. തര്‍ജ്ജമക്കാരും എളുപ്പത്തില്‍ ലഭ്യമായിരുന്നു. ഇതെല്ലാം ജനജീവിതത്തെ എളുപ്പമാക്കുകയും കച്ചവടത്തെ പുഷ്ടിപ്പെടുത്തുകയും ചെയ്തു. എന്നിരുന്നാലും, അഹ്‌മദാബാദ് എന്ന നഗരം എങ്ങനെ ഗുജറാത്ത് സുല്‍ത്താന്മാരുടെ തലസ്ഥാന നഗരമായി മാറി എന്നറിയേണ്ടതുണ്ട്.
അഹ്‌മദാബാദെന്ന ഒരു നഗരത്തിന്റെ തുടക്കം
പള്ളികളുടെ സംസ്ഥാപനത്തോടെയാണ് അഹ്‌മദാബാദ് എന്ന നഗരം ആവിര്‍ഭവിക്കുന്നത്. സൗത്ത്, സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നഗരങ്ങളിലെല്ലാം ഇസ്ലാമിക പ്രബോധനത്തിന് തുടക്കം കുറിക്കുന്നത് ഇത്തരത്തില്‍ പള്ളികള്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു. മുഹമ്മദ് നബി(സ) കൊണ്ടുവന്ന സന്ദേശം വ്യാപിപ്പിക്കുന്നതിനായുള്ള ഭൗതിക ഇടം സാധ്യമാക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയായിരുന്നു ഭരണാധികാരികളും ഇസ്ലാമിക മതപ്രബോധകരും ഇത്തരത്തില്‍ പള്ളികള്‍ നിര്‍മ്മിക്കാന്‍ മുന്‍കൈയ്യെടുക്കുന്നത്. പള്ളിനിര്‍മ്മാണത്തിലൂടെ ഇസ്ലാം മുന്നോട്ടുവെക്കുന്ന ധാര്‍മ്മിക വിതാനങ്ങളുടെ പ്രസരണം കൂടെ സാധ്യമായി. ഇങ്ങനെ ബാഹ്യവും ആന്തരികവുമായ ചോദനകളുടെ ഉള്‍ചേര്‍ച്ചയിലൂടെയാണ് കര്‍തൃത്വരൂപീകരണത്തിന്റെ പുതിയൊരിടം സാധ്യമാകുന്നത്. ഇതിലൂടെ പള്ളികള്‍ എങ്ങനെയാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലുടനീളം പ്രാദേശിക രീതികളിലേക്ക് ഇസ്ലാമിനെ വിവര്‍ത്തനം ചെയ്തത് എന്ന് വ്യക്തമാക്കിത്തരുന്നു.
കേരളത്തിലെ ചേരമാന്‍ ജുമാ മസ്ജിദ് ഇതിനൊരുദാഹരണമാണ്. വാസ്തുവിദ്യാപരമായ പ്രാദേശിക സങ്കലനം മാത്രമല്ല, പാരമ്പര്യങ്ങളുടെ പാരസ്പര്യത്തില്‍ നിന്നുമുത്ഭവിച്ച ഒരു സങ്കലനം കൂടെ ചേരമാന്‍ പള്ളിയിലൂടെ കേരളീയ ഇസ്ലാം സ്വാംശീകരിച്ചിരുന്നു.
ചേരമാന്‍ പള്ളിപോലെ, അഹ്‌മദാബാദിലെ രണ്ടു പ്രധാന പള്ളികളായ ജമാ മസ്ജിദും സര്‍ഖജ് റോസാ മസ്ജിദും പുരാതന ജൈന വാസ്തുവിദ്യയുമായി സാമ്യതപുലര്‍ത്തുന്നതാണ്. ഗുജറാത്തിന്റെ തനത് വാസ്തുശൈലി (provincial style of Gujarat) ജൈനമത സംസ്‌കാരത്തോടാണ് കൂടുതല്‍ അടുപ്പം. അഥവാ, ഇസ്ലാം എന്നത് ഇതര സംസ്‌കാരങ്ങളുമായി സംസര്‍ഗത്തിലേര്‍പ്പെട്ടത് അവയെ പുതിയൊരു വിദേശ സങ്കല്‍പമായി മനസ്സിലാക്കിയായിരുന്നില്ല. മറിച്ച്, നിലനില്‍ക്കുന്ന ബഹുസ്വര സാംസ്‌കാരിക വിതാനങ്ങളെ തിരിച്ചറിഞ്ഞ് അവയെ ഉള്‍കൊണ്ടുകൊണ്ടുള്ള പുതിയൊരു സാംസ്‌കാരിക നിര്‍മ്മിതിയിലൂടെയായിരുന്നുവെന്ന് ചുരുക്കം.
സിന്‍ക്രിറ്റിസത്തെക്കുറിച്ചുള്ള പഠനത്തില്‍ സഹവര്‍ത്തിത്വമെന്നത് ഒരു പുതിയ സംജ്ഞയായി ഉപയോഗിക്കപ്പെട്ടിട്ടില്ലെങ്കിലും ബഹുസ്വര പാരമ്പര്യത്തിന്റെ സൗഹാര്‍ദ്ദപരമായ സഹജീവിതത്തെ അവ അടയാളപ്പെടുത്തുന്നുണ്ട്. ഒരു ഫംഗ്ഷണല്‍ അല്ലെങ്കില്‍ റിഡക്ഷനിസ്റ്റ് കാഴ്ചപ്പാടിനെക്കാളപ്പുറം, നാവികാധികാരത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഇവയെ കൂടുതല്‍ വിശദമാക്കാമെന്ന് കരുതുന്നു. വാസ്തുവിദ്യയെക്കുറിച്ചുള്ള ചര്‍ച്ചയിലേക്ക് തന്നെ തിരിച്ചുവരാം. അഹ്‌മദാബാദ് നഗരത്തിന്റെ സ്ഥാപന ഭരണാധികാരിയായിരുന്ന അഹ്‌മദ് ശാഹ് ഒന്നാമനാണ് (മരണം. 1442) ജമാ മസ്ജിദ് നിര്‍മ്മിക്കുന്നത്. പഴയ മാര്‍ക്കറ്റിനുള്ളിലാണ് പള്ളി. തിരക്കേറിയ മാര്‍ക്കറ്റ് വഴികളിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് ശ്രദ്ധയില്‍ പെടാത്ത ഒരു ഭാഗത്താണ് ജമാ മസ്ജിദ് സ്ഥിതിചെയ്യുന്നത്. ശബ്ദമുഖരിതമായ ബസാറില്‍ നിന്നും പള്ളിയുടെ ഗെയിറ്റ് കടന്ന് അകത്ത് ചെല്ലുമ്പോള്‍ ശാന്തവും നിശബ്ദവുമായി പള്ളി നിങ്ങളെ വരവേല്‍ക്കും.
ദീനിന്റെയും (വിശ്വാസം) ദുനിയാവിന്റെയും രണ്ടു വ്യത്യസ്ത അടരുകളെയാണ് പള്ളിയും ചേര്‍ന്നുകിടക്കുന്ന വിശാലമായ മാര്‍ക്കറ്റും പ്രതിനിധാനം ചെയ്യുന്നത്. എപ്രകാരമായിരുന്നു അഹ്‌മദാബാദിലെ പഴയ കാല മുസ്ലിം ജീവിതമെന്ന് അവ നമുക്ക് വിവരിച്ചു തരുന്നു. ശബ്ദം അകത്തേക്കു കടക്കാത്ത രൂപത്തിലാണ് പള്ളിയുടെ നിര്‍മ്മാണം. അത് ബാസാറിലെത്തുന്ന കച്ചവടക്കാര്‍ക്ക് ദിവസം നീണ്ട ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍നിന്നും മാറി സ്വസ്ഥമായൊരിടം സാധ്യമാക്കുന്നു. ഈ ലോകം അനശ്വരമല്ലെന്നും പരലോകമെന്ന യാഥാര്‍ത്ഥ്യമുണ്ടെന്നും ഇവ വിശ്വാസികളെ ഉണര്‍ത്തുന്നു.
പൊതുവെ കച്ചവടവിഭാഗമാണ് ഗുജറാത്തികള്‍. ജൈനമതസംസ്‌കാരം പിന്തുടര്‍ന്ന ഇവര്‍ക്ക്, മുമ്പ് അവര്‍ പുലര്‍ത്തിയിരുന്ന നിലപാടുകളെ മാറ്റി മറിക്കുന്ന സാമ്പത്തിക കാഴ്ചപ്പാടാണ് ഇസ്ലാമികാവിര്‍ഭാവത്തോടെ സംഭവിച്ചത്. അതിലൂടെ സമ്പത്തിനെ ഒരു അനുഗ്രഹമായി കാണുകയും ധാനദര്‍മ്മങ്ങള്‍ക്കായി ചെലവഴിക്കാനുള്ള കാരണം ഇതിലൂടെ കണ്ടെത്തുകയും ചെയ്തു.
സര്‍ഖജ് റോസയെക്കൂടെ ഇവിടെ പ്രതിപാദിക്കേണ്ടതുണ്ട്. അഹ്‌മദ് ഖട്ടുവെന്ന സൂഫിവര്യരുടെ ഉപദേശപ്രകാരമായിരുന്നു അന്നത്തെ രാജാവായിരുന്ന അഹ്‌മദ് ശാഹ് തന്റെ രാജ്യ തലസ്ഥാനം അഹ്‌മദാബാദിലേക്ക് മാറ്റുന്നത്. പിന്നീട് അഹ്‌മദ് ഖട്ടുവിന്റെ മരണശേഷം അഹ്‌മദ് ശാഹ് രാജാവാണ് അദ്ദേഹത്തിന് ഒരു മഖ്ബറ സംവിധാനിക്കുന്നത്. ഇതിലൂടെ, അഹ്‌മദാബാദ് എന്ന നഗരത്തിന് ഇരു അഹ്‌മദുകളോടുമുള്ള കടപ്പാട് വ്യക്തമാണ്. മാത്രവുമല്ല ആരുടെ പേരിലാണ് യഥാര്‍ത്ഥത്തില്‍ നഗരമെന്നത് പോലും ഒരുവേള അവിസ്മരിക്കപ്പെടുന്നു. ഇരു കേന്ദ്രങ്ങളും പിന്നീട് വലിയരീതിയിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമായി. പഴയ നഗരത്തില്‍ മരണപ്പെടുന്ന ഓരോ രാജാക്കന്മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പേരില്‍ നിരവധി കുടീരങ്ങളുയര്‍ന്നു.
അഹ്‌മദ് ശായുടെ പേരമകനായിരുന്ന മഹ്‌മദൂദ് ബഗദയുടെ കാലത്താണ് വലിയ രീതിയിലുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സര്‍ഖജ് റോസയില്‍ നടക്കുന്നത്. അതിന്റെ ഭാഗമായി അവിടെ കൊട്ടാരസമാനമായൊരു കോംപ്ലക്‌സ് അദ്ദേഹം നിര്‍മ്മിച്ചിരുന്നു. അതിഗംഭീരമായൊരു നിര്‍മ്മിതിയായിരുന്നു അത്. 1950 കളില്‍ ഒരു സ്വിസ്സ്-ഫ്രഞ്ച് ശില്‍പി ഈ ഗംഭീര നിര്‍മ്മിതി കണ്ട് പറഞ്ഞത് ഇപ്രകാരമായിരുന്നു: ”ഇത്രയും രാജകീയമായൊരു നിര്‍മ്മിതിയുണ്ടായിരിക്കെ നിങ്ങളിനി എന്തിന് ഏഥന്‍സിലെ അക്രോപോളിസ് സന്ദര്‍ശിക്കണം”.
മഹമൂദ് ബഗദ ഗുജറാത്തിന്റെ സാമൂഹിക നിര്‍മ്മിതിയുടെ സുപ്രധാനമുഖമാണ്. അദ്ദേഹത്തിന്റെ കീഴിലാണ് ഗുജറാത്തി സമൂഹം ഒന്നിച്ചു നില്‍ക്കുന്നത്. ബഗദ കൊണ്ടുവന്ന റവന്യൂ പരിഷ്‌കരണങ്ങളും നേതൃവിഭാഗങ്ങളുമായിരുന്നു പതിനാറാം നൂറ്റാണ്ടിന്റെ അവസാനം മുഗളന്മാര്‍ ഗുജറാത്ത് കീഴടക്കുന്നത് വരെ നിലവിലുണ്ടായിരുന്നത്. ഭരണരംഗം മെച്ചപ്പെടുത്തുന്നതിനായി ഗുജറാത്തികളെ വ്യത്യസ്ത വിഭാഗങ്ങളായി തരം തിരിച്ചതും ബഗദയായിരുന്നു.കൊളോണിയലിസ്റ്റുകള്‍ പിന്തുടര്‍ന്നത് പോലെ കുടുംബമാഹാത്മ്യം അദ്ദേഹത്തിന്റെ കാലത്ത് പരിഗണിക്കപ്പെട്ടിരുന്നില്ലെന്ന് ഇതിനര്‍ഥമില്ല. മറിച്ച്, അടിമകളെപ്പോലെ, വ്യത്യസ്ത തുറകളിലുള്ളവര്‍ക്ക് സമൂഹത്തിന്റെ ഉന്നതിയിലെത്തിപ്പെടാനുള്ള അവസരം അദ്ദേഹം നല്‍കിയിരുന്നു. ഒരു വ്യക്തിയുടെ കാഴ്ചപ്പാടിനും അവന്റെ കഴിവിനുമായിരുന്നു കുടുംബ മാഹാത്മ്യത്തേക്കാളേറെ അദ്ദേഹം പ്രധാനം കല്‍പിച്ചിരുന്നത്.
ആദ്യ ഇന്ത്യന്‍ മഹാസമുദ്ര സഹവര്‍ത്തിത്തവും സൗഹാര്‍ദ്ദവും
മനുഷ്യര്‍ ഒന്നായിമാറുന്നതെപ്പോഴാണ്? ജീവിതത്തിലെ ഏറ്റവും വിഷമകരമായ സാഹചര്യങ്ങളിലാണ് മനുഷ്യര്‍ ഒന്നിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നത്. പടിഞ്ഞാറന്‍ ഇന്ത്യയെ ഇത്തരത്തില്‍ ഒന്നിപ്പിച്ച സന്ദര്‍ഭമായിരുന്നു പതിനാറാം നൂറ്റാണ്ടിലെ പോര്‍ച്ചുഗീസ് കടന്നാക്രമണം. ഇന്ത്യന്‍ മഹാസമുദ്രതീരങ്ങളെയൊന്നാകെ ഏതുവിധേനെയും അധികാരപ്പെടുത്തുകയെന്ന ലക്ഷ്യവുമായിട്ടായിരുന്നു പോര്‍ച്ചുഗീസ് ഇവിടങ്ങളിലെത്തിച്ചേരുന്നത്. അവരോടൊപ്പം തന്നെ വളരെ അടഞ്ഞതും ഒറ്റപ്പെട്ടതുമായ സമീപനം സ്വീകരിക്കുന്ന ഒരു സിന്‍ഗുലര്‍ ട്രഡീഷന്‍ (Singular Tradition) കൂടെ ഇവിടെയെത്തി. ഞങ്ങള്‍-നിങ്ങള്‍ എന്ന ദ്വന്ദ്വത്തെ പ്രതിഷ്ഠിച്ച അവര്‍ ഇത്തരമൊരു സിന്‍ഗുലര്‍ ട്രഡീഷനകത്ത് നിന്നുകൊണ്ട് എങ്ങനെയാണ് ഇതര സാംസ്‌കാരിക പാരമ്പര്യങ്ങളുമായി വ്യവഹാരപ്പെട്ടത് എന്നത് ഗുജറാത്തിന്റെ ചരിത്രത്തെ തിരിച്ചറിയാന്‍ പ്രധാനമാണ്.
ഇതിനായി സര്‍ഖജ് റോസയുടെ ചരിത്രം അനാവരണം ചെയ്യേണ്ടതുണ്ട്. സൂഫിയായ അഹ്‌മദിന്റെ മഖ്ബറയോട് തെല്ലൊന്ന് മാറിയാണ് അഹ്‌മദാബാദ് നഗരത്തെ സാമൂഹികമായും സാമ്പത്തികമായും പരിവര്‍ത്തിപ്പിച്ച മഹ്‌മദൂദ് ബഗദയുടെ ഖബറിടം സ്ഥിതിചെയ്യുന്നത്. പോര്‍ച്ചുഗീസ് അധിനിവേശത്തില്‍ നിന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡങ്ങളിലെ തീരപ്രദേശങ്ങള്‍ സംരക്ഷിക്കാന്‍ അദ്ദേഹം ഈജിപ്തിലെ മംലൂകുകള്‍ക്കും ഒട്ടോമന്‍ തുര്‍ക്കികള്‍ക്കും കോഴിക്കോട്ടെ സാമൂതിരിക്കും ദൂതരെ അയച്ചിരുന്നു. മൂവരും അദ്ദേഹത്തിന്റെ സഹായാഭ്യര്‍ത്ഥനയെ അംഗീകരിക്കുകയും അതിനായി തങ്ങളുടെ നാവികപടയെ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ അയക്കുകയും ചെയ്തു. ആയിരത്തി അഞ്ഞൂറുകളിലായിരുന്നു ഇത്. 1508 ല്‍ നടന്ന ആദ്യയുദ്ധത്തില്‍ അവര്‍ക്കായിരുന്നു വിജയമെങ്കിലും വലിയരീതിയിലുള്ള ആള്‍നാശമുണ്ടായി. അടുത്ത വര്‍ഷം അവര്‍ വീണ്ടും പോര്‍ച്ചുഗീസുമായി സംഘട്ടനത്തിലേര്‍പ്പെട്ടുവെങ്കിലും പരാജയപ്പെടുകയായിരുന്നു.
പോര്‍ച്ചുഗീസ് ചരിത്രരേഖകളില്‍ ഈ ചരിത്രം വളരെ വിരളമായേ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളുവെങ്കിലും ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ ഗ്രന്ഥത്തില്‍ ഇതിനെക്കുറിച്ചുള്ള വിശദമായ പരാമര്‍ശം കാണാം.
ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ആദ്യഘട്ട സഖ്യം പരാജയമേറ്റുവാങ്ങിയെങ്കിലും -ഒരത്യാവശ്യഘട്ടത്തിലാണ് എങ്കില്‍ പോലും-പൊതുവായൊരു കാര്യത്തിനായി മറ്റൊരു ആശയത്തിനു കീഴില്‍ ഒന്നിച്ചുനില്‍ക്കാന്‍ അവര്‍ക്ക് സാധിച്ചുവെന്നത് പ്രചോദിപ്പിക്കുന്നതാണ്. അഹ്‌മദിന്റെ നേതൃത്വത്തില്‍ ബഹുസ്വര സഖ്യത്തോടെ രൂപീകരിക്കപ്പെട്ട നാവികപ്പട ഇന്ത്യന്‍ മഹാസമുദ്ര ചരിത്രത്തിലെ തുറന്ന അധ്യായമാണ്. പരാജയത്തിനപ്പുറം, മതപരമായും ഭാഷാപരമായും സ്ഥലികമായും ഒരുപോലെ വൈവിധ്യം പുലര്‍ത്തുന്ന മള്‍ട്ടിപ്പിള്‍ ട്രഡീഷനുകള്‍ (Multiple Traditions) പോര്‍ച്ചുഗീസ് എന്ന അടഞ്ഞൊരു സിംഗുലര്‍ ട്രഡീഷനെതിരെ (Singular Tradition) സംഘടിക്കുകയും പോരാടുകയും ചെയ്തത് മള്‍ട്ടിപ്പിള്‍ ട്രഡീഷനുകളുടെ പ്രതിപാരമ്പര്യത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പ് വ്യക്തമാക്കിത്തരുന്നു. ഇങ്ങനെ രൂപപ്പെട്ട വ്യത്യസ്ത പാരമ്പര്യത്തിനകത്തു പോര്‍ച്ചുഗീസ് മുന്നോട്ടുവെച്ച ഏകമാന പാരമ്പര്യം സൃഷ്ടിച്ച വിള്ളലുകളായിരുന്നു പിന്നീട് ഈ നഗരത്തിന്റെ പ്രതാപം ചോര്‍ത്തിക്കളഞ്ഞത്. അല്ലാതെ ഇവിടത്തെ ജനങ്ങളും അവരുടെ വിശ്വാസങ്ങളുമായിരുന്നില്ല.
ചരിത്രത്തിന്റെ അടരുകള്‍ സഹവര്‍ത്തിത്വത്തിന്റെ ഇത്രയും മനോഹരമായൊരു കാലത്തെ സൂചിപ്പിക്കുന്നുവെങ്കിലും ഭാവിയിലും ഇത്തരം സംവര്‍ഗങ്ങളെ നമുക്ക് കണ്ടെത്താമെന്നാണ് പ്രതീക്ഷ. വലതുപക്ഷ രാഷ്ട്രീയം എത്രതന്നെ ശ്രമിച്ചിട്ടും ഈ നഗരത്തിന്റെ അഹ്‌മദാബാദ് എന്ന പേരുമാറ്റാന്‍ അവര്‍ക്കു കഴിയാതിരുന്നത് നമുക്ക് പുതുപ്രതീക്ഷയാണ് നല്‍കുന്നത്. മലീമസമായ രാഷ്ട്രീയ സാഹചര്യങ്ങളിലും സര്‍ഖജും ജമാ മസ്ജിദും ഈ നഗരത്തിന്റെ മാറ്റമാഗ്രഹിക്കാത്ത അഹ്‌മദാബാദ് എന്ന പേരും സഹവര്‍ത്തിത്വം എപ്പോഴും സാധ്യമാണെന്നതിന്റെ പ്രതീകങ്ങളാണ്.
Photo credits: Usama Nalakath (transit architect)












Add comment