ഭൂമിശാസ്ത്രപരമായ സീമകളെയും സമുദ്രാന്തര അതിരുകളെയും ഭേദിച്ചുകൊണ്ട് വികസിച്ച ശൈഖ്, മുരീദ്, സൂഫി ഗ്രന്ഥങ്ങള്‍ എന്നീ ഘടകങ്ങളാണ് ഇസ്‌ലാമിക സൂഫിസത്തിന്റെ കോസ്‌മോപൊളിറ്റന്‍ സ്വീകാര്യതക്ക് നിദാനമായത്. ഇത്തരം സൂഫി ഗ്രന്ഥങ്ങള്‍ മുരീദുകള്‍ വഴി പതിയെ വിവിധ ദേശങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ക്രമേണ പ്രസ്തുത ദേശങ്ങളിലെ ആത്മീയ ഭൂപടത്തെ പ്രതിനിധാനം ചെയ്യാന്‍ തക്ക ശേഷിയുള്ള അടയാളങ്ങളായി അവ മാറുകയും ചെയ്തു. പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ വടക്കേ ആഫ്രിക്കയില്‍ രചിക്കപ്പെട്ട ദലാഇലുല്‍ ഖൈറാത്ത് ഈ ഗണത്തില്‍ പരമര്‍ശിക്കപ്പെടേണ്ട ഒന്നാണ്. ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിലും മധ്യേഷ്യയിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും പ്രചുര പ്രചാരം നേടിയ ഈ ഗ്രന്ഥത്തിന് നിരവധി പ്രാദേശിക വ്യാഖ്യാനങ്ങളും കയ്യെഴുത്തു പ്രതികളുമുണ്ട്.
കേരളത്തിലെ മുസ്‌ലിം ജീവിതത്തിന്റെ ആത്മീയ ദിശ നിര്‍ണയിക്കുന്നതില്‍ ദലാഇലുല്‍ ഖൈറാത്തിന്റെ പങ്ക് വിശദമായി അന്വേഷിക്കപ്പെടുകയും ഗവേഷണ പഠനങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയും വേണം. വെള്ളിയാഴ്ച ദിവസത്തിലെ ഹിസ്ബു യൗമില്‍ ജുമുഅയുടെ ഏടുകളിലൂടെയാണ് ദലാഇലുല്‍ ഖൈറാത്ത് സാമാന്യ ജനങ്ങളുടെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. പ്രസ്തുത ദിവസം അല്‍ കഹ്ഫ് സൂറത്തിന് ശേഷം പരക്കെ പാരായണം ചെയ്യപ്പെടുന്ന ഏടാണ് ഹിസ്ബു യൗമില്‍ ജുമുഅ. ഇങ്ങനെ അതിര്‍ത്തികള്‍ ഭേദിച്ചെത്തിയ നാനാതരം ഗ്രന്ഥങ്ങളും ഹദ്ദാദിന് സമാനമായ സൂഫി ലിറ്റണികളും മലബാര്‍ ദേശങ്ങളില്‍ പ്രചാരം നേടിയത് സൂഫികളുടെ സമുദ്രാന്തര യാത്രകളിലൂടെയും കച്ചവട ബന്ധങ്ങളിലൂടെയുമാണ്.
മൊറോക്കന്‍ സൂഫി പണ്ഡിതനായ മുഹമ്മദ് സുലൈമാന്‍ അല്‍ ജസൂലി (വ.1465) പതിനാലാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് കിതാബു ദലാഇലില്‍ ഖൈറാത്ത് വ ശവാരികില്‍ അന്‍വാര്‍ ഫീ ദിക്‌റിസ്വലാത്ത് അലാ നബിയ്യില്‍ മുഖ്താര്‍ എന്ന് ഗ്രന്ഥം രചിക്കുന്നത്. ഒരു ആമുഖ പ്രാര്‍ത്ഥനയും ഓരോ ദിവസത്തില്‍ പാരായണം ചെയ്യപ്പെടേണ്ട ഏഴോളം ഹിസ്ബുകളും അവസാന പ്രാര്‍ഥനയുമടങ്ങുന്നതാണ് ദലാഇലുല്‍ ഖൈറാത്തിന്റെ ഉള്ളടക്കം. പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) യുടെ ബറക്കത്ത് കാംക്ഷിച്ചു ചൊല്ലപ്പെടുന്ന ദലാഇലുല്‍ ഖൈറാത്തിന് ലോക മുസ്്‌ലിംകള്‍ക്കിടയില്‍ തന്നെ മഹത്തായ സ്ഥാനമാണുള്ളത്.
പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ മൊറോക്കോ വിട്ട് ലിബിയ, തുനീഷ്യ, നൈജീരിയ ,കെനിയ, ടാന്‍സാനിയ, ഘാന, എത്യോപ്യ, മഗ്‌രിബ് പ്രദേശങ്ങളായ ഈജിപ്ത്, സുഡാന്‍, ലബനാന്‍, സിറിയ, ജോര്‍ദാന്‍, ഫലസ്തീന്‍ ,ഇറാഖ് തുടങ്ങിയ പലദേശങ്ങളിലേക്ക് വ്യാപിച്ചു തുടങ്ങിയിരുന്നു. ഒരു സ്വലാത്ത് ഗ്രന്ഥം എന്നതിലുപരി ചിത്രസഹിതമുള്ള സൂഫി ഗ്രന്ഥം എന്ന നിലക്കും ഈ ഗ്രന്ഥം കയ്യെഴുത്തു പ്രതികളായി ആഗോളതലത്തില്‍ സര്‍ക്കുലേറ്റ് ചെയ്യപ്പെട്ടിരുന്നു എന്നുള്ളത് ചരിത്രപഠനത്തില്‍ വളരെ പ്രാധാന്യമേറിയതാണ്.
പതിനഞ്ചാം നൂറ്റാണ്ടിലെ മൊറോക്കോ, സ്‌പെയിനിന്റെയും പോര്‍ച്ചുഗലിന്റെയും അധിനിവേശത്തില്‍ പെട്ടുഴലുന്ന, അസന്ദിഗ്ധമായ സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ് ദലാഇലുല്‍ ഖൈറാത്തിന്റെ രചന നിര്‍വഹിക്കപ്പെടുന്നത്. ഹജ്ജും ഉംറയും സിയാറത്തുമെല്ലാം മൊറോക്കന്‍ മുസ്‌ലിം ജനവിഭാഗത്തിന് സാധ്യമല്ലാത്ത ഒരു ഘട്ടമാണ് ഇതെന്ന് ഓര്‍ക്കണം. വൈദേശിക ആക്രമണത്തിനു പുറമേ സുല്‍ത്താന്മാര്‍ക്കും വസീറുമാര്‍ക്കും ഇടയിലെ ആഭ്യന്തര സംഘട്ടനങ്ങളും നാടിനെ മുച്ചൂടും ക്ഷീണിപ്പിച്ചിരുന്നു. ഈയൊരു സാഹചര്യത്തിലാണ് പ്രവാചക ശൃംഖലയില്‍ പെട്ട നേതാക്കന്മാര്‍ തലപ്പത്തു വന്നാലേ പ്രശ്‌നങ്ങള്‍ക്കെല്ലാം ശമനമാകൂ എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം വിഭാഗം അധിനിവേശ ശക്തികള്‍ക്ക് എതിരെയുള്ള പോരാട്ടത്തിനും ചെറുത്തു നില്‍പ്പിനും തയ്യാറാവുന്നത്. മൊറോക്കൊയില്‍ പ്രചാരത്തിലുണ്ടായിരുന്ന സൂഫി സരണി പടിപടിയായി രാഷ്ട്രീയ ഇടപെടലുകളിലേക്ക് കൂടി ശ്രദ്ധ ചെലുത്തിയതിന്റെ ഫലമായിരുന്നു അത്. ആയിരക്കണക്കിന് അനുയായികള്‍ തങ്ങള്‍ ബഹുമാനിക്കുന്ന പണ്ഡിതന്മാര്‍ക്ക് പിന്നില്‍ അണിനിരന്നു. അക്കൂട്ടത്തില്‍ ഏറെ തലയെടുപ്പുള്ള ഒരു പണ്ഡിതനായിരുന്നു ഗ്രന്ഥ രചയിതാവായ മുഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ ജസൂലി.
പതിനാലാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിലാണ് മൊറോക്കോയിലെ സൂസ് എന്ന പ്രദേശത്തെ ജുസൂല എന്ന ഗ്രാമത്തില്‍ജസൂലിജനിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം രാജ്യത്തെ മുന്‍നിര വിദ്യാ കേന്ദ്രമായ ഫെസിലേക്ക് മാറിത്താമസിച്ച സമയത്താണ് ജസൂലി ആത്മീയ പാതയിലേക്ക് കൂടുതലായി ചുവട് വെക്കുന്നതും നിരന്തരം ഖറവിയ്യീന്‍ ലൈബ്രറിയിലും മദ്‌റസത്തുസ്വഫാരീനിലുമായി സമയം ചെലവഴിക്കുന്നതും. റബാത്തിലെ ഒരു ശൈഖിന്റെ മുരീദായി ശാദുലി ത്വരീഖത്തിലേക്ക് കടന്നുവന്ന ഇമാം ജസൂലി 1437 ല്‍ ത്വന്‍ജയില്‍ വെച്ച് നടന്ന പോര്‍ച്ചുഗീസ് വിരുദ്ധ ജിഹാദില്‍ പങ്കെടുക്കുകയും അതിന് നേതൃത്വം നല്‍കുകയും ചെയ്തു. അധിനിവേശ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടചരിത്രം പരിശോധിച്ചാല്‍ ആദ്യമായി അതിനെതിരെ ശബ്ദിക്കുന്നതും അണികളെ പോരാട്ടത്തിനു വേണ്ടി പ്രോത്സാഹിപ്പിക്കുന്നതും അടക്കമുള്ള ദൗത്യങ്ങള്‍ നിര്‍വഹിച്ചത് ചരിത്രത്തിലെക്കാലത്തും സൂഫികളും പണ്ഡിതന്മാരുമാണെന്നാണ് കാണാം. ജനസമക്ഷം അവര്‍ക്കുണ്ടായിരുന്ന അപാരമായ സ്വീകാര്യതയും ജനസമ്മിതിയും കാര്യങ്ങളെ കൂടുതല്‍ എളുപ്പമാക്കിയെന്ന് വേണം നിരീക്ഷിക്കാന്‍.

നിരന്തരം പോരാട്ടങ്ങളിലേര്‍പ്പെടുകയും അണികളെ ജിഹാദിന്റെ പ്രാധാന്യം പറഞ്ഞുമനസ്സിലാക്കുകയും ചെയ്ത ഇമാം ജസൂലി മൊറോക്കോയിലെ അധിനിവേശ വിരുദ്ധ പോരാട്ടത്തില്‍ അനല്‍പ്പമായ പങ്കുവഹിച്ചു. തുടര്‍ന്ന് 1446 ല്‍ ഹജ്ജാവശ്യാര്‍ത്ഥം മക്ക, മദീന എന്നിവടങ്ങളിലേക്ക് യാത്രതിരിച്ച ഇമാം ഹജ്ജ് കാലയളവില്‍ നിരന്തരം മദീന സന്ദര്‍ശിക്കുകയും റൗള സിയാറത്ത് ചെയ്യാറുമുണ്ടായിരുന്നു. തിരിച്ച് നാട്ടില്‍ പോകുന്നതിനിടയില്‍ സൂഫി ജ്ഞാനികളുടെ സങ്കേതമായ കൈറോയില്‍ തങ്ങുകയും അല്‍ അസ്ഹര്‍ മസ്ജിദില്‍ വെച്ച് ഖാദിരിയ്യാ ത്വരീഖത്തിന്റെ ശൈഖുമാരോട് ബന്ധം സ്ഥാപിക്കുകയും ചെയ്തു. അങ്ങനെയാണ് 1453 ല്‍ മൊറോക്കോയില്‍ തിരിച്ചെത്തിയ ഇമാം ശാദുലി, ഖാദിരിയ്യ ത്വരീഖത്തുകളോട് ചേര്‍ത്ത് ജസൂലിയ്യ എന്ന് പുതിയ ആത്മീയ സരണിക്ക് തുടക്കം കുറിക്കുന്നത്. ജസൂലിയ്യ ത്വരീഖത്തിന്റെ പ്രധാന സവിശേഷതയും പരമപ്രധാനമായ ലക്ഷ്യവും റസൂലിനോടുള്ള അടങ്ങാത്ത അനുരാഗവും, റൗളാ സിയാറത്തും, നിരന്തരമുള്ള സ്വലാത്ത് പാരായണവുമാണ്. അതിന്റെ ഭാഗമായാണ് തന്റെ മുരീദുമാര്‍ക്ക് അവലംബമാക്കാന്‍ തക്ക വിധത്തിലുള്ള ദലാഇലുല്‍ ഖൈറാത്ത് രചിച്ചതെന്നാണ് ചരിത്രകാരന്മാരുടെ നിഗമനം.
സ്വലാത്ത് ഗ്രന്ഥങ്ങളും പ്രവാചകാനുരാഗ പ്രമേയമാവുന്ന കിതാബുകള്‍ ഇസ്‌ലാമിക സാഹിത്യലോകത്ത് അത്ര പുതിയ കാര്യങ്ങളോ അപരിചതമായ മേഖലയോ അല്ല. പന്ത്രണ്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഖാളി ഇയാളിന്റെ (വ. 1149) കിതാബുശ്ശിഫാ ബി തഅ്‌രീഫി ഹുഖൂഖില്‍ മുസ്തഫയും, മുഹമ്മദുല്‍ ജസരിയുടെ (വ. 1429) ഹിസ്വ്‌നുല്‍ ഹസ്വീനും ഇത്തരം ജോണറുകളിലെ പ്രധാന ഗ്രന്ഥങ്ങളാണ്. ഹദീസുകളും പ്രവാചക മദ്ഹുകളും കേന്ദ്രമാക്കി എഴുതപ്പെട്ട ഇത്തരം കിതാബുകളുടെയുമെല്ലാം ആത്യന്തികമായ ലക്ഷ്യം മുമ്പ് സൂചിപ്പിച്ച പോല നിരന്തര പാരായണത്തിലൂടെ ലഭ്യമാകുന്ന ബര്‍ക്കത്തും അതുവഴി കിട്ടുന്ന സ്വപ്‌ന ദര്‍ശനവും സിയാറത്തിനുള്ള തൗഫീഖുമാണ്.
ഫാത്തിഹ, ഇഖ്‌ലാസ് , മുഅവ്വിദത്തൈനി, പ്രാരംഭ ദുആ, അസ്മാഉല്‍ ഹുസ്‌ന (അല്ലാഹുവിന്റെ നാമങ്ങള്‍), നബിയുടെ പേരുകള്‍ തുടങ്ങിയവയില്‍ ആരംഭിച്ച് ഫസ്‌ലുന്‍ ഫി ഫള്‌ലി സ്വലാത്ത് അലന്നബി, സ്വിഫാത്തു റൗളത്തില്‍ മുബാറക, കയ്ഫിയ്യത്തു സ്വലാത്ത് അലന്നബി തുടങ്ങിയ ഭാഗങ്ങളിലായി ഓരോ ദിവസത്തേക്കുള്ള ഹിസ്ബുകളായിട്ടാണ് ദലാഇലുല്‍ ഖൈറാത്ത് ക്രമീകരിക്കപ്പെട്ടിട്ടുള്ളത്.
ദലാഇലുല്‍ ഖൈറാത്ത് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും കയ്യെഴുത്തു പ്രതികളായും വ്യാഖ്യാനങ്ങളായും സര്‍ക്കുലേറ്റ് ചെയ്യപ്പെട്ടത് കേവലം ടെക്സ്റ്റ് എന്നതിനപ്പുറം അതിലെ വിവരണങ്ങളുടെ ചിത്രസഹിതമാണ് എന്നുള്ളത് ചരിത്രകുതുകികളെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമാണ്. പതിനെട്ട്, പത്തൊമ്പതാം നൂറ്റാണ്ടുകള്‍ ആയപ്പോഴേക്കും മധ്യേഷ്യയുടെയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെയും പല ഭാഗത്തും ദലാഇലുല്‍ ഖൈറാത്ത് സര്‍ക്കുലേറ്റ് ചെയ്യപ്പെട്ടിരുന്നുവെന്നതിന്റെ തെളിവുകള്‍ കോഡിക്കോളജി പണ്ഡിതര്‍ നിരത്തുന്നുണ്ട്. ഇന്ത്യയില്‍ അതിന്റെ പ്രചാരത്തിന് തുടക്കംകുറിക്കുന്നത് കശ്മീരിലാണ്. ഖുര്‍ആന്‍ ഓതിപ്പഠിക്കാനുള്ള ദര്‍സ്-ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തോടൊപ്പം ഇവിടങ്ങളിലെല്ലാം സൂഫികളുടെ നേതൃത്വത്തില്‍ ദലാഇല്‍ ഖാനകള്‍ നിലനിന്നിരുന്നു. ഇവിടങ്ങളില്‍ ഖുര്‍ആന് ശേഷം പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രചാരം നേടിയ ഒരു ഗ്രന്ഥമായി ദലാഇലുല്‍ ഖൈറാത്ത് മാറാനുള്ള ഒരു കാരണവും ഇതാണ്.
ഗുജറാത്തി പണ്ഡിതനായ മുഹമ്മദ് ഫാളില്‍ ബിന്‍ മുഹമ്മദ് ആരിഫ് ദഹ്‌ലവി 1716 ല്‍ രചിച്ച മസ്‌റഉല്‍ ഹസനാത്താണ് മൊറോക്കോക്ക് പുറത്ത് രചിക്കപ്പെട്ട ദലാഇലിന്റെ ആദ്യ വ്യാഖ്യാനങ്ങളില്‍ ഒന്ന്. പേര്‍ഷ്യന്‍ ഭാഷയില്‍ എഴുതപ്പെട്ട ഈ പതിപ്പാണ് വടക്കേ ഇന്ത്യയിലും സോവിയറ്റ് പ്രവിശ്യകളിലും മധ്യേഷന്‍ രാജ്യങ്ങളിലും പ്രചരിച്ചിരുന്നത് എന്ന് വേണം കരുതാന്‍. കൂടാതെ, 1700 കളില്‍ ഈസ്റ്റേണ്‍ തുര്‍ക്കിസ്ഥാനിലും 1900 ങ്ങളില്‍ ബുഖാറയിലും അച്ചടിക്കപ്പെട്ട കോപ്പികളും കയ്യെഴുത്തു പ്രതികളും അഫ്ഗാനിസ്ഥാന്‍, മലേഷ്യ, ബെര്‍ലിന്‍, ലൈഡന്‍, മോസ്‌കോ, പാരീസ്, താഷ്‌കെന്റ് തുടങ്ങിയിടങ്ങളിലെ മാനുസ്‌ക്രിപ്റ്റ് മ്യൂസിയങ്ങളില്‍ ലഭ്യമാണ്.
പതിനഞ്ചാം നൂറ്റാണ്ടില്‍ മൊറോക്കോയില്‍ രചിക്കപ്പെട്ട ദലാഇല്‍ ലോകത്തിന്റെ പലഭാഗത്തും അസാധാരണമാം വിധം പ്രചരിക്കാനുള്ള കാരണം തിരഞ്ഞ് ആധുനിക കോഡികോളജിസ്റ്റുകള്‍ നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. പാരീസിലെ സെന്റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ച് ഓണ്‍ റിലീജ്യണിലെ പോസ്റ്റ് ഡോക്ടറല്‍ ഫെലോയും, ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയിലെ മിഡില്‍ ഈസ്റ്റേണ്‍ ആന്റ് ഇസ്‌ലാമിക് കളക്ഷന്‍ ക്യുറേറ്ററുമായ ഹിബാ ആബിദ്, വിയന്ന യൂണിവേഴ്‌സിറ്റിയിലെ പോസ്റ്റ് ഡോക്ടറല്‍ അസിസ്റ്റന്റും ഹംബര്‍ഗ് യൂണിവേഴ്‌സിറ്റി, മിഷിഗണ്‍ യൂണിവേഴ്‌സിറ്റി ഫെല്ലോയുമായ സാബിഹ ഗൊലോലു, ഫ്രഞ്ച് നാഷണല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ചിലെ റിസര്‍ച്ച് ഫെലോ അലക്‌സാണ്ടര്‍ പാപസ്, അമേരിക്കയിലെ ഇമോറി യൂണിവേഴ്‌സിറ്റി മിഡില്‍ ഈസ്റ്റ് ആന്റ് ഇസ്‌ലാമിക് സ്റ്റഡീസിലെ പ്രൊഫസര്‍ വിന്‍സന്റ് കോര്‍ണല്‍, നെതര്‍ലാന്‍ഡിലെ ലൈഡന്‍ യൂണിവേഴ്‌സിറ്റി കോഡിക്കോളജി ഓഫ് ഇസ്‌ലാമിക് വേള്‍ഡിലെ എമിരിറ്റസ് പ്രൊഫസര്‍ ജാന്‍ ജസ്റ്റ് വിറ്റ്കാം എന്നിവരെല്ലാം തദ്‌വിഷയകമായി ധാരാളം പഠനങ്ങള്‍ നടത്തിയ പണ്ഡിതരാണ്.
ക്വലാലംപൂരിലെ ഇസ്‌ലാമിക് ആര്‍ട്‌സ് മ്യൂസിയം ദലാഇലുല്‍ ഖൈറാത്തിന്റെ 16 മുതല്‍ 19-ാം നൂറ്റാണ്ട് വരെയുള്ള കയ്യെഴുത്തുപ്രതികളുടെയും മറ്റും പ്രദര്‍ശനത്തിനോടനുബന്ധിച്ച് സമ്പൂര്‍ണ്ണമായ ഒരു കാറ്റലോഗ് പുറത്തിറക്കിയിരുന്നു. നൂറിലധികം കാലിഗ്രഫി വര്‍ക്കുകള്‍, ചിത്രശകലങ്ങള്‍, ഇസ്‌ലാമിക രാജഭരണ പ്രദേശങ്ങളിലെ കൊട്ടാരം ചിത്രകാരന്മാരുടെ വര്‍ക്കുകള്‍ അടങ്ങിയ ശേഖരത്തിലെ ഏറ്റവും പഴക്കം ചെന്ന കയ്യെഴുത്തുപ്രതി 1595 ല്‍ മൊറോക്കോയില്‍ തന്നെ എഴുതപ്പെട്ട ഒന്നാണ്. പ്രവാചകന്റെ മഖ്ബറ വിശേഷങ്ങള്‍ പറയുന്ന ഭാഗത്ത് നബിയുടെയും (സ്വ) അബൂബക്കര്‍, ഉമര്‍ തങ്ങളുടെയും മഖ്ബറകളുടെ അമൂര്‍ത്തമായ ചിത്രീകരണങ്ങളും ചിത്രരചനാ ശൈലിയും അതിന്റെ പഴക്കത്തെ അറിയിക്കുന്നുണ്ട്. ഇത്തരത്തിലുള്ള രചനകളുടെ പ്രാധാന്യം മുമ്പ് സൂചിപ്പിച്ച പോലെ പ്രവാചകാനുരാഗിയായ വായനക്കാരന്റെയും പ്രവാചകന്റെയും തമ്മിലുള്ള അന്തരം കുറയ്ക്കുകയും ജസൂലി തങ്ങളുടെ റൗളാ വിശേഷണങ്ങള്‍ക്ക് പാരലലായി ചിത്രങ്ങള്‍ വരക്കുക വഴി യഥാര്‍ത്ഥ സിയാറത്ത് സമയത്ത് സന്ദര്‍ശകന് കാണാന്‍ പറ്റാത്ത ഇടങ്ങളിലേക്കുള്ള ഒരു തരം മെന്റല്‍ സിയാറത്തിനുള്ള അവസരമൊരുക്കുകയും ചെയ്യുന്നുണ്ട്. വടക്കേ ആഫ്രിക്കന്‍ തീര്‍ത്ഥാടകര്‍ മക്കയിലേക്കും മദീനയിലേക്കുമുള്ള തീര്‍ത്ഥാടനത്തില്‍ നേരിടുന്ന രാഷ്ട്രീയത്തിന്റെയും ദൂരത്തിന്റെയും പ്രതികൂല സാഹചര്യങ്ങളെ മുന്നില്‍കണ്ട് വായനക്കാര്‍ക്ക് യഥാര്‍ത്ഥ സിയാറത്ത് അനുഭൂതിയെ പ്രസരണം ചെയ്യാന്‍ കെല്‍പ്പുള്ള ഇത്തരം രചനകള്‍ മൊറോക്കോ കയ്യെഴുത്തുപ്രതികളില്‍ ധാരാളമായി കാണപ്പെടുന്നുണ്ട്. കൂടാതെ റസൂലുമായി ബന്ധപ്പെട്ട തിരുപാദുകത്തിന്റെ ഡിസൈന്‍, ഉപയോഗിച്ചിരുന്ന മിമ്പര്‍ മാതൃക, നബിയുടെ സാമീപ്യത്തെ ദ്യോതിപ്പിക്കുന്ന മിഹ്‌റാബ് ഇവയെല്ലാം കയ്യെഴുത്തു പ്രതികളില്‍ കാണാം. ചിത്രങ്ങള്‍ക്ക് അനുബന്ധമായി ചേര്‍ത്തിട്ടുള്ള ഒരു കവിതയുടെ വരികളില്‍ ഇതിനുള്ള ഉത്തരവും സ്പഷ്ടമായി വിവരിക്കുന്നുണ്ട്. തിരു സവിധം പുല്‍കാന്‍ തനിക്ക് ആവതില്ലെന്ന് ഉറപ്പിച്ച് പറയുന്ന കവി അനുവാചകരെ ക്ഷണിക്കുന്നത് ഒരു മെന്റല്‍ സിയാറയിലേക്കാണ്. ചിത്രങ്ങള്‍ മനസ്സില്‍ കൂടുതല്‍ നേരം പതിയുന്നുവെന്നും അവയ്ക്ക് ആഴമുള്ള മാനങ്ങളെ പ്രതിഫലിപ്പിക്കാന്‍ സാധിക്കും എന്നു പറഞ്ഞ് കവി സ്വയം സമാധാനം കൊള്ളുന്നു.

15-16 നൂറ്റാണ്ടുകളില്‍ വടക്കേ ആഫ്രിക്കയില്‍ നിന്നും ഇങ്ങ് മക്കയിലും മദീനയിലും എത്തിപ്പെടുക എന്നുള്ളത് വളരെ ദുഷ്‌കരമായ ഒരു ദൗത്യമായിരുന്നു. ഭൂമിശാസ്ത്രപരമായ പ്രതിബന്ധങ്ങള്‍ക്കും പരാധീനതകള്‍ക്കും പുറമേ വലിയ സാമ്പത്തിക ബാധ്യതയും അവരുടെ അഭിലാഷ പൂര്‍ത്തീകരണത്തിന് തടസ്സം നിന്നു. കടല്‍-കര മാര്‍ഗ്ഗമുള്ള ദീര്‍ഘ യാത്രയും കടലില്‍ നിലനിന്നിരുന്ന ക്രിസ്ത്യന്‍ മേധാവിത്വവും മധ്യരണ്യാഴിയിലെ കടല്‍ക്കൊള്ളക്കാരുടെ ആധിപത്യവും മൊറോക്കോയിലേക്ക് വ്യാപനം സ്വപ്‌നം കണ്ടിരുന്ന ഓട്ടോമന്‍ ശ്രമങ്ങളും ഒക്കെ ചേര്‍ന്ന് രൂപപ്പെട്ടു വന്നതാണ് ആ രാഷ്ട്രീയ അസ്ഥിരത.
പതിനേഴാം നൂറ്റാണ്ടിലെ സുപ്രസിദ്ധ ചരിത്രകാരനായ അഹ്‌മദ് ബിന്‍ മുഹമ്മദ് ബിനു മഖരി തന്റെ ഫത്ഹുല്‍ മുതആല്‍ ഫി മദ്ഹിന്നിആല്‍ എന്ന ഗ്രന്ഥത്തില്‍ പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ക്കെ തന്നെ അന്ദുലുസില്‍ നിന്നും വടക്കേ ആഫ്രിക്കയില്‍ നിന്നും തിരുപാദുക ദര്‍ശനത്തിനും അതിന്റെ പകര്‍പ്പ് വരച്ചെടുക്കാനും ദമസ്‌കസിലേക്ക് നടന്നിരുന്ന നിരന്തരയാത്രകകളെ കുറിച്ച് രേഖപ്പെടുത്തുന്നുണ്ട്. മേല്‍പ്പറഞ്ഞ തിരുപാദുകങ്ങളുടെ ചിത്രീകരണത്തിന് ചരിത്രപരമായ സ്ഥിരീകരണം കൂടിയാണിത്നല്‍കുന്നത്.
മധ്യേഷ്യയിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും എഴുതപ്പെട്ട കയ്യെഴുത്തു പ്രതികളില്‍ ചൈനീസ്, ഇന്ത്യന്‍, ഓട്ടോമന്‍ ചിത്രകലാശൈലികളുടെ സ്വാധീനം പ്രകടമായി നിരീക്ഷിക്കാന്‍ കഴിയും. അതുപോലെ കാലക്രമത്തിനനുസരിച്ച് കറുപ്പ് നിറം മാത്രമുള്ള എഴുത്തുകളും ചിത്രങ്ങളും ചുവപ്പിലേക്കും പച്ചയിലേക്കും പരിണമിച്ചതും ശ്രദ്ധേയമാണ്. ജാന്‍ ജസ്റ്റ് വിറ്റ്കാമിന്റെ അഭിപ്രായ പ്രകാരം ദലാഇലിന്റെ കയ്യെഴുത്തുപ്രതികളിലെ ചിത്രങ്ങളില്‍ പ്രധാനമായ ഒരു മാറ്റം വരുന്നത് പതിനട്ടാം നൂറ്റാണ്ടോടു കൂടിയാണ്. എല്ലാ രചനകളിലും ചിത്രങ്ങളും മറ്റും ഒന്നുതന്നെയാണെങ്കിലും ചിത്രീകരണത്തില്‍ പലതരത്തിലുള്ള ഡിസൈന്‍ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്ന് സാരം.
നോര്‍ത്താഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ രചിക്കപ്പെട്ട ഒരു ഗ്രന്ഥം മദ്രസകള്‍, സൂഫികളുടെ ഇജാസത്ത് രീതികള്‍, രാജ്യാന്തര കച്ചവട ബന്ധങ്ങള്‍, രാജകീയ ഇടപെടലുകള്‍ എന്നിവയുടെ ഫലമായി ലോകത്തിന്റെ പലകോണുകളിലും അതിര്‍ത്തികള്‍ ഭേദിച്ച് സര്‍ക്കുലേറ്റ് ചെയ്യപ്പെട്ടു. ഓട്ടോമന്‍ കാലഘട്ടത്തിലും മറ്റുമായി സ്വര്‍ണ്ണവും വെള്ളിയും പൂശിയ ചിത്രീകരണങ്ങളുള്ള കയ്യെഴുത്തുപ്രതികള്‍ വ്യാപകമായി രാജാക്കന്മാരുടെ സമ്മാനങ്ങളായി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. അതായത് മധ്യവര്‍ഗ്ഗം, ഉന്നത വര്‍ഗ്ഗം എന്ന വ്യത്യാസമില്ലാതെ പ്രായഭേദമന്യെ മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കിടയിലും ദലാഇലുല്‍ ഖൈറാത്ത് പ്രചാരം നേടി. കേവലം സൂഫി/സ്വലാത്ത് ഗ്രന്ഥം എന്നതിലുപരി ദലാഇലുല്‍ ഖൈറാത്ത് അടങ്ങാത്ത പ്രവാചകാനുരാഗത്തിന്റെയും സ്‌നേഹത്തിന്റെയും സര്‍വ്വോപരി മാനസികമായ ഒരു സിയാറത്ത് അനുഭൂതിയുടെയും മാധ്യമമായിട്ടാണ് ലോക സഞ്ചാരം നടത്തിയിട്ടുള്ളത്.
References:
- Papas, Alexandre. The Dalā’il al-Khayrāt in Central Asia and Eastern Turkestan: Some Research Leads.
- Witkam, Jan Just. Medina and Mecca Revisited: The Manuscripts of the Dalā’il al-Khayrāt by al-Jazūlī and Their Ornamental Addition.
- Gölöğlu, Sabiha. In Writing and in Sound: The Dalā’il al-Khayrāt in the Late Ottoman Empire.
- Abid, Hiba. Material Images and Mental Ziyāra: Depicting the Prophet’s Grave in North African Devotional Books, Dalā’il al-Khayrāt.
Add comment