Thelicham

മലബാറിന്റെ സൂഫി കോസ്‌മോപൊളിസും അലവി വംശാവലിയും

ഹദ്റമി അലവി സൂഫിമാര്‍ പോലെയുള്ള മതപരമായ ശൃംഖലകളെ കുറിച്ച് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലായ് പ്രസിദ്ധീകരിച്ച് വന്ന ഗവേഷണശ്രമങ്ങള്‍, ഇന്ത്യന്‍ മഹാസമുദ്ര വ്യാപാരപാതകള്‍ക്ക് ഒരു സാംസ്‌കാരിക രൂപരേഖ നല്‍കുന്നതില്‍ വിജയിച്ചിട്ടുണ്ട്. എന്നിരുന്നാലും, നൂറ്റാണ്ടുകളായി സമുദ്രവ്യാപാര ബന്ധങ്ങളുള്ള മലബാറിന്, ഇന്ത്യന്‍ മഹാസമുദ്രത്തിലെ വിശാലമായ അറബ് സൂഫി ശൃംഖലകളെ കുറിച്ചുള്ള ചര്‍ച്ചകളില്‍ മതിയായ സ്ഥാനം ലഭിക്കുകയോ, ട്രാന്‍സ്‌റീജിയണല്‍ ബന്ധങ്ങളിലൂടെ മാപ്പിള മുസ്‌ലിം സമൂഹം കൈവരിച്ച സാമൂഹ്യ-സാംസ്‌കാരിക രൂപീകരണങ്ങളും ആചാരസങ്കലനങ്ങളും വ്യവസ്ഥാപിതമായി പഠിക്കപ്പെടുകയോ ഉണ്ടായില്ല. ഇന്ത്യന്‍ മഹാസമുദ്രത്തിലെ കിഴക്ക്-പടിഞ്ഞാറ് വ്യാപാരത്തിലെ പ്രധാന സംഭരണശാലയായ മലബാറിന്റെ വാണിജ്യ വിനിമയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, ഒരു മുസ്‌ലിം മതസമൂഹത്തിന്റെ വികാസത്തില്‍ അതിനുള്ള പങ്ക് ഇതുവരെ പൂര്‍ണ്ണമായി പഠനവിധേയമായിട്ടില്ല.

സെബാസ്റ്റ്യന്‍ പ്രാംഗ് 16-ാം നൂറ്റാണ്ട് വരെയുള്ള ‘മണ്‍സൂണ്‍ ഇസ്‌ലാമിന്റെ’ രൂപീകരണ പ്രക്രിയ, പ്രാഥമികമായും സാധാരണ സമുദ്രവ്യാപാര സമൂഹങ്ങളും മുസ്‌ലിമേതര സമൂഹങ്ങളും തമ്മിലുള്ള ചരിത്രപരമായ വിനിമയങ്ങള്‍ വഴിയാണെന്ന് മികച്ച രീതിയില്‍ വിശകലനം ചെയ്തിട്ടുണ്ട്. എന്നാല്‍, പില്‍ക്കാല നൂറ്റാണ്ടുകളില്‍ അലവി സൂഫി ത്വരീഖയുമായി തെക്കന്‍ അറേബ്യയില്‍ നിന്ന് പുറപ്പെട്ടുപോയ ഹദ്റമി സയ്യിദന്മാരെ പോലെയുള്ള ട്രാന്‍സ്‌റീജിയണല്‍ അറബ് സമൂഹങ്ങളെ പലപ്പോഴും അവരുടെ പൈതൃകത്തെ നിന്നും അടര്‍ത്തിമാറ്റി പ്രാദേശിക ദേശീയവാദ, മാര്‍ക്‌സിസ്റ്റ് ചട്ടക്കൂടുകളില്‍ ചുരുട്ടികെട്ടുന്നത് കാണാം.

ഇക്കാരണംകൊണ്ടുതന്നെ വിപുലമായ അന്വേഷണസാധ്യതകളുള്ള മധ്യപൂര്‍വ്വേതര പ്രദേശങ്ങളായ ഇന്ത്യന്‍ മഹാസമുദ്രത്തിലെ സൂഫീ ഇസ്‌ലാമും അതിന്റെ പ്രയോഗ്താക്കളായ ഇത്തരം സമൂഹങ്ങളും (ഈ സമൂഹത്തിന്റെ ഭൂരിഭാഗവും ഇവിടെയാണ് താമസിക്കുന്നത്) ഇസ്‌ലാമിക-മുസ്‌ലിം പഠനങ്ങളില്‍ കുറഞ്ഞ അളവില്‍ മാത്രമേ പ്രതിനിധീകരിക്കപ്പെടാറുള്ളൂ. അതിനാല്‍, മലബാറിലെ ഹദ്റമി സയ്യിദ് കുടിയേറ്റക്കാരുടെ ചരിത്രപരമായ വികാസം, മത-സാംസ്‌കാരിക സഞ്ചാരവഴികള്‍, മാപ്പിളമാരുടെ ഭക്തിപരമായ ആചാരങ്ങളിലെ അലവി സൂഫി പ്രാര്‍ഥനാക്രമങ്ങളുടെ സ്വാധീനം എന്നിവയാണ് ഈ ലേഖനത്തിലൂടെ അന്വേഷിക്കാന്‍ ശ്രമിക്കുന്നത്. രണ്ട് പ്രാരംഭകാല കുടിയേറ്റ സൂഫി പണ്ഡിതന്മാരുടെ രചനകളും സൂഫി പ്രവര്‍ത്തനങ്ങളും ആധാരമാക്കിയാണ് ഈ പരിശോധന.

ഗുരുക്കന്മാര്‍, ശിഷ്യര്‍, ഗ്രന്ഥങ്ങള്‍, സൂഫി ആശയങ്ങള്‍, മൂല്യങ്ങള്‍ എന്നിവയുടെ ബഹുകേന്ദ്രീകൃത സംവിധാനങ്ങളിലൂടെ, ഭൂമിശാസ്ത്രപരവും സമുദ്രപരവുമായ അതിരുകള്‍ മറികടന്ന് വ്യാപിക്കുകയും പ്രാദേശിക ആത്മീയതകളുമായി ഇടപെടാന്‍ പലപ്പോഴായി ശ്രമിക്കുകയും ചെയ്ത സൂഫിസം പൂര്‍വ്വാധുനിക മുസ്‌ലിം ലോകത്തിലെ സാര്‍വ്വലൗകികതയുടെ (cosmopolitanism) ഒരു പ്രധാന രൂപമായി സങ്കല്‍പ്പിക്കാവുന്നതാണ്. സൂഫി കോസ്‌മോപോൡ് (cosmopolis) കൊണ്ട് ഉദ്ദേശിക്കുന്നത് കേവലം സംഘടിതമോ അസംഘടിതമോ ആയ സൂഫിസവുമായി ബന്ധപ്പെട്ട വിവിധ ശൃംഖലകളുടെ സംഗമം മാത്രമായല്ല, മറിച്ച് മുസ്‌ലിം ലോകത്തിലുടനീളം സൂഫികള്‍ വ്യക്തിപരമായോ സാമൂഹ്യമായോ നടപ്പിലാക്കി പ്രചരിപ്പിച്ച ആത്മീയ ആശയങ്ങള്‍, മൂല്യങ്ങള്‍, സാഹോദര്യത്തിന്റെ ധാര്‍മ്മിക ബന്ധം (moral camaraderie of brotherhoods) എന്നിവയും അവയെക്കുറിച്ചുള്ള സൂഫി ഗ്രന്ഥങ്ങളിലെ വിശദീകരണങ്ങളും അടങ്ങിയതാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ വിശാലമായ ട്രാന്‍സ്‌റീജിയണല്‍ വാണിജ്യബന്ധങ്ങളിലൂടെ നടന്ന ഈ സൂഫി സാംസ്‌കാരിക വ്യാപനം, ഏതെങ്കിലും രാഷ്ട്രീയ ശക്തിയുടെ ഭാഗമായിരുന്നില്ല. എന്നാല്‍ സാമൂഹ്യവ്യവസ്ഥകള്‍ മുതല്‍ രാഷ്ട്രീയ ഘടനകള്‍ വരെയും മാനുഷികമൂല്യങ്ങള്‍ മുതല്‍ ഭൗതിക സംസ്‌കാരം വരെയും ഇതില്‍ ഉള്‍ക്കൊണ്ടിരുന്നു. ചുരുക്കത്തില്‍, സുഫീ കോസ്‌മോപോളിസ് എന്നാല്‍ സുഫീ ഗ്രന്ഥങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ദീര്‍ഘമായ കാലയളവില്‍ (Longue durée) രൂപപ്പെട്ട നിരവധി തുടര്‍ച്ചകളുടെയും സൂക്ഷ്മമായ ഇടര്‍ച്ചകളുടെയും ആകത്തുകയാണ്.കുറഞ്ഞ പക്ഷം പതിനാലാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍ മുതല്‍ക്കെങ്കിലും, സൂഫി കോസ്‌മോപോളിസ് മണ്‍സൂണ്‍ ഏഷ്യയുമായി വിനിമയ ബന്ധമുണ്ട്. പണ്ഡിതര്‍, വ്യാപാരികള്‍, ഗ്രന്ഥങ്ങള്‍, ആചാരങ്ങള്‍, കപ്പിത്താന്മാര്‍ തുടങ്ങിയവയുടെ സജീവമായ സാന്നിധ്യത്താല്‍, ഈ ബന്ധം സാമൂഹിക ആശയങ്ങളും മൂല്യങ്ങളും നിലനിര്‍ത്തുന്നതോടുകൂടെ സൂഫി അനുഭവങ്ങളും മനോഭാവങ്ങളും ഉള്‍ക്കൊള്ളുവാന്‍ അന്തരീക്ഷമൊരുക്കി. ചരിത്രകാരന്മാര്‍ ഇന്നു വിശദീകരിക്കുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ മറ്റ് ഭാഷാപരവും നിയമപരവുമായ കോസ്‌മോപൊളിസുകളും ഈ മേഖലയിലെ സൂഫി കോസ്‌മോപോളിസിനെ നിര്‍മ്മിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.ഉദാഹരണത്തിന്, വിവിധ വ്യാപാര സമൂഹങ്ങളുടെ സാമാന്യഭാഷ (Lingua franca) ആയ അറബി ഭാഷ, സാമ്പത്തിക-മതപരമായ ഇടപെടലുകള്‍ നിയന്ത്രിച്ച ശാഫിഈ ലീഗല്‍ കോസ്‌മോപൊളിസ് (Shafi’i legal cosmopolis) എന്നിവ പേര്‍ഷ്യന്‍ ഭാഷ പോലെ തന്നെ സൂഫി കോസ്‌മോപൊളിസ് രൂപീകരണത്തിന് പരമപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

മലബാറിലെ പ്രാദേശിക സൂഫി ത്വരീഖകള്‍ തമ്മിലുള്ള മത്സരത്തില്‍, സൂഫി കോസ്‌മോപൊളിസിലെ ത്വരീഖകളുടെ ഭാവി പലപ്പോഴും വിചാരണയുടെ പരിധിയിലായിരുന്നു. നിയമപരമായ അതിര്‍ വരമ്പുകളാണ് സൂഫി കോസ്‌മോപോളിസിന്റെ ഗതി നിര്‍ണയിച്ചത്, അതല്ലാതെ നേര്‍വിപരീതമല്ല. ഇന്ത്യന്‍ മഹാസമുദ്രത്തിലെ സൂഫി കോസ്‌മോപൊളിസ്, ശാഫിഈ നിയമ വ്യവഹാരങ്ങളെ ശ്രദ്ധാപൂര്‍വ്വം പരിഗണിച്ചിരുന്നത് പോലെ ദൈവശാസ്ത്ര വിഷയങ്ങളില്‍ അശ്അരി സരണിക്കാണ് (Ash’ari school) മുന്‍ഗണന കൊടുത്തത്. നിയോ-സൂഫിസം വാദിച്ചതില്‍ നിന്നും വ്യത്യസ്തമായി ഇത്തരം ആഭിമുഖ്യങ്ങള്‍ വഴി സൂഫി കോസ്‌മോപൊളിസില്‍ ഉടലെടുത്ത പുനര്‍രൂപീകരണങ്ങളില്‍ എതിര്‍പ്പുകള്‍ മാത്രമല്ല, മുസ്‌ലിമേതര സന്ദര്‍ഭങ്ങളുമായുള്ള (context) ദീര്‍ഘകാല സഹവാസത്തോട് ബന്ധപ്പെട്ട പ്രാദേശിക ഘടകങ്ങളുടെ ഇണക്കങ്ങളും ഉള്‍പ്പെട്ടിരുന്നു. സൂഫി പാരമ്പര്യത്തിലെ ഇത്തരം സാന്ദ്രമായ തുടര്‍ച്ചകളും അസമമായ ഇടര്‍ച്ചകളും അന്വേഷിക്കുന്നതിന്റെ ഭാഗമായി, ഈ ലേഖനം ഊന്നല്‍ കൊടുക്കുന്നത് ഹദ്റമി സയ്യിദ് കുടിയേറ്റക്കാരെയും അവര്‍ പ്രചരിപ്പിച്ച സൂഫി ത്വരീഖത്തായ തരീഖ അലവിയ്യയെയും (Thariqa Alawiyya) സംബന്ധിച്ചാണ്. പ്രവാചകന്‍ മുഹമ്മദ് (സ) ന്റെ വംശാവലിയുമായി കണ്ണിചേര്‍ക്കപ്പെട്ട ഈ സമൂഹം മലബാറില്‍ വിജയകരമായ ശൃംഖലകള്‍ സ്ഥാപിക്കുന്നതില്‍ എങ്ങനെ വിജയിച്ചുവെന്നും, ഈ മേഖലയിലെ മുസ്‌ലിം ആരാധനാക്രമങ്ങളിലേക്ക് അലവി സൂഫി ആചാരങ്ങള്‍ എങ്ങനെ സ്വാംശീകരിക്കപ്പെട്ടുവെന്നും ഈ ലേഖനം വിശദമാക്കുന്നു.

തെക്കന്‍ അറേബ്യന്‍ സൂഫിസത്തിന്റെ മലബാറിലെ ആഴമേറിയ ആചാരപരമായ സ്വാധീനം വിശദീകരിക്കാന്‍, എട്ടാം നൂറ്റാണ്ടില്‍ ഹദ്റമി സയ്യിദ് അബ്ദുല്ലാ അല്‍-ഹദ്ദാദ് (16341720) രചിച്ച റാത്തിബ് അല്‍-ഹദ്ദാദ് (Ratib al Haddad) എന്ന അലവി സൂഫി പ്രാര്‍ഥനാഗ്രന്ഥമാണ് (litany) ഞാന്‍ പഠനവിധേയമാക്കുന്നത്. ഈ ഗ്രന്ഥം, മലബാറിലെ ഏതാണ്ടെല്ലാ ശാഫിഈ പള്ളികളിലും മതപശ്ചാത്തലമുള്ള വീടുകളിലും രാത്രി നിസ്‌കാരത്തിന് ശേഷം നിത്യേന ഓതപ്പെടുന്നു. ഹദ്റമി വംശാവലിയോ അലവി സൂഫി ത്വരീഖയിലോ ഭാഗമല്ലാത്തവര്‍ പോലും ഈ റാത്തിബ് അനുഷ്ഠിക്കുന്നുണ്ട്. ഈ യെമനി ആചാരം എങ്ങനെയാണ് മാപ്പിള മുസ്‌ലിംകളുടെ ഭക്തിപരമായ അനുഷ്ഠാനങ്ങളുടെ (Mappila devotionalism) ഭാഗമായത്? ഈ മേഖലയില്‍ പ്രചാരത്തിലിരുന്ന വിശാലമായ സൂഫി കോസ്‌മോപൊളിസുമായി അലവി ത്വരീഖയ്ക്ക് ഏതു നിലയിലുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നത്? ബൃഹത്തായ ഈ ചരിത്രപ്രക്രിയയില്‍ അലവികള്‍ക്ക് എങ്ങനെയാണ് ഇത്രമാത്രം പ്രാബല്യം ലഭിച്ചത്? ഇവയാണ് നാം അന്വേഷിക്കുകയും പിന്തുടരുകയും ചെയ്യുന്ന ചോദ്യങ്ങള്‍.

മലബാറിലെ ആദ്യകാല ഹദ്റമി ശൃംഖലകളുടെ രണ്ട് ശക്തമായ കേന്ദ്രങ്ങളായ ശൈഖ് അല്‍-ജിഫ്രി (മ. 1808), സയ്യിദ് അലവി (മ. 1844) എന്നിവരെയാണ് ഞാന്‍ ഈ പഠനത്തിനായ് തിരഞ്ഞെടുക്കുന്നുത്. സയ്യിദ് അലവിയുടെ വംശജനായ സയ്യിദ് ഫള്ല്‍ (മ. 1900) പിന്നീട് മേഖലയില്‍ അലവി ത്വരീഖയും അതിന്റെ ആചാരങ്ങളും സ്ഥാപിക്കുന്നത് തുടര്‍ന്നതിനാല്‍, അദ്ദേഹത്തിന്റെ രചനകളും പ്രവര്‍ത്തനങ്ങളും ഈ പഠനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ശൈഖ് അല്‍-ജിഫ്രിയുടെ ലേഖനങ്ങളും സയ്യിദ് അലവിയുടെ സൂഫി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും വിശകലനം ചെയ്തു കൊണ്ട് എങ്ങനെയാണ്, ഹദ്റമി കുടിയേറ്റക്കാര്‍ പ്രാദേശികമായി ഒരു ട്രാന്‍സ്‌റീജിയണല്‍ നെറ്റ് വര്‍ക്ക് ഉണ്ടാക്കിയെടുത്തുവെന്നും, പ്രദേശത്തെ മാപ്പിള ആചാരങ്ങളിലേക്ക് അലവി സൂഫിസമെങ്ങനെ എത്തിയെന്നുമാണ് ഞാന്‍ വിവരിക്കുന്നത്. ജിഫ്രിയുടെ പണ്ഡിത രചനകളും സയ്യിദ് അലവിയുടെ സൂഫി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും അലവി ത്വരീഖക്ക് വ്യാപകമായ ആകര്‍ഷണം ഉണ്ടാക്കുക മാത്രമല്ല, ഹദ്റമി കുടിയേറ്റക്കാരെ മലബാറിന്റെ ഉള്‍നാടുകളില്‍ മതനേതാക്കളായി ഉയര്‍ത്താന്‍ സഹായിക്കുന്ന ജനപ്രിയ സാധൂകരണവും നല്‍കിയിട്ടുണ്ട്. അലവി ത്വരീഖയുടെ സൂഫി കോസ്‌മോപോളിസുമായുള്ള വിജയകരമായ ഇടപെടലും അലവി ആചാരങ്ങളുടെ പ്രാദേശിക സ്വാധീനവും പവിത്ര വംശാവലി (sacred genealogy) ,അലവി സൂഫി രചനകള്‍, സൂഫി ആക്ടിവിസം, ഹദ്റമി കുടിയേറ്റ ശൃംഖലകളുടെ ഫലപ്രദമായ ഉപയോഗം എന്നിവയില്‍ നിന്ന് ഉടലെടുത്ത ഒരു സങ്കീര്‍ണ്ണമായ മതപരമായ പദ്ധതിയുടെ ഭാഗമായെന്നാണ് ഈ ലേഖനം വാദിക്കുന്നത്.

ശാഫിഈ-സൂഫി കോസ്‌മോപൊളിസിനെ (Shafi’i-Sufi cosmopolis) ദൃശ്യവല്‍ക്കരിക്കാന്‍ ഞാന്‍ ആദ്യം ഇന്ത്യന്‍ മഹാസമുദ്രത്തിലെ സൂഫിസത്തിന്റെ പഠനരീതികളെക്കുറിച്ചുള്ള ആശയങ്ങളുടെ ഒരു സംക്ഷിപ്ത വിശകലനമാണ് അവതരിപ്പിക്കുന്നത്. അടുത്ത ഭാഗത്ത്, ഹദ്റമികളുടെ മലബാറുമായുള്ള ബന്ധങ്ങളെക്കുറിച്ചുള്ള നിലവിലെ ചരിത്രപരമായ ധാരണകള്‍ക്ക് സൂക്ഷ്മമായ വിശദീകരണങ്ങള്‍ നല്‍കും. തുടര്‍ന്ന്, ജിഫ്രിയും അലവിയുമായി ബന്ധപ്പെട്ട രണ്ട് കാര്യങ്ങള്‍ പഠനങ്ങള്‍ വഴി, അലവി സൂഫി ശൃംഖലകളുടെയും അതിന്റെ ആചാരങ്ങളുടെയും വ്യാപനത്തിന് ഇവരെങ്ങനെ നിര്‍ണ്ണായക ഘടമായെന്ന് വിശദമാക്കും. കൂടാതെ, പവിത്ര വംശാവലി, സൂഫി ആക്ടിവിസം, മലബാറിന്റെ ഉള്‍നാടുകളിലെ ശക്തമായ ഹദ്റമി സൂഫി ശൃംഖലകള്‍ എന്നിവയുടെ സാമൂഹികവും മതപരവുമായ സംയോജനം ഹദ്ദാദിന്റെ ജനപ്രിയവല്‍ക്കരണമെന്ന (popularisation of Haddad) മതകീയ പദ്ധതിക്ക് അനുകൂലമായി ഭവിച്ചുവെന്നും വിവരിക്കുന്നു. ഡയാസ്‌പോറയുടെ ഭാഗമായി വന്ന ഇതുവരെ വിരളമായി ഉപയോഗിച്ചിട്ടുള്ള സ്രോതസ്സുകളും രചനകളും, അവരുടെ ശിഷ്യന്മാര്‍ വിവിധ ഭാഷകളില്‍ രചിച്ച കൃതികളും ഈ പഠനത്തിനായി ഉപയോഗിച്ചിട്ടുണ്ട്. അനുയായികളുടെ അതിശയോക്തികളും കൊളോണിയല്‍ ഉദ്യോഗസ്ഥരുടെ പക്ഷപാതങ്ങളും പരിഹരിക്കാന്‍, ഈ സ്രോതസ്സുകളെ മറ്റ് തെളിവുകളുമായി താരതമ്യപ്പെടുത്തുന്നതില്‍ എഴുത്തുകാരന്‍ വിമര്‍ശനാത്മകത സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ സൂഫി ലോകം

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇസ്‌ലാം സാധ്യമാക്കിയിട്ടുള്ള സവിശേഷമായ സമുദ്രാന്തര ബന്ധങ്ങള്‍ (Transoceanic Ecumen), പ്രത്യേകിച്ചും പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്ന് ചെങ്കടലിലേക്കുള്ള നീണ്ട വ്യാപാര പാതകള്‍ അബ്ബാസികളുടെ പതനത്തെ തുടര്‍ന്ന് മാറിയതിനുശേഷം, യൂറോപ്യന്‍ അധീശത്വത്തിന് മുമ്പ് നിലനിന്നിരുന്ന ലോക വ്യവസ്ഥകളുടെ ആദ്യകാല രൂപമായി ഇതിനകം വായിക്കപ്പെട്ടിട്ടുണ്ട്. പതിമൂന്നാം നൂറ്റാണ്ടില്‍ ആരംഭിച്ച സൂഫി രൂപങ്ങളുടെ വന്‍തോതിലുള്ള ജനകീയവല്‍ക്കരണത്തിന് ശേഷമുള്ള ക്ലാസിക്കല്‍ ഘട്ടത്തിലാണ് സൂഫി ത്വരീഖകള്‍ ഇന്ത്യന്‍ മഹാസമുദ്രം പോലുള്ള വിശാല പ്രദേശങ്ങളിലേക്ക് വ്യാപാര കമ്മ്യൂണിറ്റികളിലൂടെയും കൂടുതലും രാഷ്ട്രീയ കേന്ദ്രങ്ങളുടെ പിന്തുണ കൂടാതെയും വ്യാപിച്ചു തുടങ്ങിയത്.

സമാന്തരമായി സൂഫി ആശയങ്ങളെയും മൂല്യങ്ങളെയും പ്രാദേശിക സമൂഹങ്ങള്‍ വളരെ കൃത്യമായി അനുകരിക്കുന്ന പ്രക്രിയ വ്യാപാര പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നടന്നു പോന്നിരുന്നു. ഇത് പ്രാദേശികവും, മതപരവും,സാംസ്‌കാരികവും, ഭാഷാപരവും, നിയമപരവുമായ ഘടകങ്ങളെ വലിയതോതില്‍ സ്വാധീനിച്ചിരുന്നതായി കാണാന്‍ സാധിക്കും. സമുദ്രമേഖലയില്‍ ഉടനീളമുള്ള സൂഫി ഗ്രന്ഥങ്ങള്‍, ആശയങ്ങള്‍ എന്നിവയുടെ വലിയ നെറ്റ്വര്‍ക്കുകളാണ് സൂഫി കോസ്‌മോപോളിസിനെ രൂപപ്പെടുത്തിയെടുക്കുന്നത്. ശാഫിഈ കര്‍മ്മശാസ്ത്ര നിയമങ്ങളെ സൂക്ഷ്മതയോടെ അനുധാവനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതോടൊപ്പം പ്രാദേശിക വൈവിധ്യങ്ങളെ വലിയ തോതില്‍ പരിഗണിക്കാനും സൂഫി കോസ്‌മോ പോളിസ് താല്‍പര്യപ്പെട്ടിരുന്നു.

സംഘടിത സൂഫി ത്വരീഖകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് വ്യാപിച്ചതോടെ, സൂഫി കോസ്മോപോളിസിന്റെ ഇടം വിവിധ തദ്ദേശീയ സാംസ്‌കാരിക ഘടകങ്ങളുമായി ഇഴകി ചേരുക മാത്രമായിരുന്നില്ല, മറിച്ച് ശാഫിഈ, അശ്അരി മദ്ഹബുകള്‍ നല്‍കിയിട്ടുള്ള നിയമപരവും ദൈവശാസ്ത്രപരവുമായ മേഖലകളിലേക്ക് കൂടി സൂഫി വ്യവഹാരങ്ങള്‍ വ്യാപിച്ചു തുടങ്ങി. ഉദാഹരണത്തിന്, പതിനേഴാം നൂറ്റാണ്ടില്‍ അക്കെയില്‍ (Indonesia) വുജൂദിയയുടെ തിയോ-ലീഗല്‍ പ്രശ്നങ്ങളെക്കുറിച്ചുള്ള നിരന്തരമായ സംവാദങ്ങളാണ് പ്രദേശത്തുടനീളമുള്ള സൂഫി മേഖലകളെ പുനര്‍രൂപകല്‍പ്പന ചെയ്യാന്‍ സഹായിച്ചത്. മലബാറിലെ അലവി, കൊണ്ടോട്ടി ത്വരീഖത്തുകള്‍ തമ്മിലുള്ള ബലാബലത്തിന്റെ പശ്ചാത്തലത്തില്‍, തദ്ദേശീയരായ ശാഫി സൂഫി പണ്ഡിതന്മാരില്‍ നിന്നുള്ള വ്യവസ്ഥാപിത മതനിയമങ്ങളുടെ വിനിയോഗം കാരണത്താല്‍ അലവി ത്വരീഖയുടെ പ്രദേശത്തെ സ്വീകാര്യതതയ്ക്ക് കോട്ടം തട്ടിയിരുന്നു. അത്തരം തിയോ-ലീഗല്‍ സൂഫി വ്യവഹാരങ്ങളും പ്രവാചക ഭൂതകാലവുമായി ബന്ധിപ്പിക്കാന്‍ മത അധികാരികള്‍ നടത്തിയ പ്രയത്നങ്ങളും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വിശാലമായ തീരപ്രദേശങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന സൂഫി കോസ്‌മോപൊളിസിനെ മുന്‍കാലങ്ങളില്‍ പുനര്‍നിര്‍മ്മിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.

അതുപോലെ, ഈ മേഖലയിലും മറ്റിടങ്ങളിലും സൂഫിസം വളര്‍ത്തിയെടുത്ത കോസ്മോപോളിസ്, ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിശാലമായ ഭൂമിശാസ്ത്രത്തില്‍ പ്രചരിച്ച ഗ്രന്ഥങ്ങളുടെയും പ്രയോഗങ്ങളുടെയും ഒരു ലോംഗ് ഡ്യൂറെ യെയാണ് സൂചിപ്പിക്കുന്നത്. പ്രാദേശിക സാംസ്‌കാരിക ആവശ്യങ്ങളും താത്വിക-നിയമ വ്യവഹാരങ്ങളും ഉള്‍ക്കൊണ്ട് പുതിയ സാംസ്‌കാരിക സന്ദര്‍ഭങ്ങളിലേക്ക് നീങ്ങിയ സൂഫി ഗ്രന്ഥങ്ങള്‍ പല തരത്തിലുള്ള സംക്ഷിപ്ത രൂപങ്ങളിലും വ്യാഖ്യാനങ്ങളിലും സൂപ്പര്‍ കമന്ററികളിലും വിവര്‍ത്തനങ്ങളിലും മാര്‍ജിനാലിയയിലും പുനര്‍നിര്‍മ്മിക്കപ്പെടുകയായിരുന്നു. ഉദാഹരണത്തിന്, ഇമാം അല്‍ ഗസ്സാലിയുടെ (വ. 1111) ഇഹ്യാ ഉലൂമിദ്ധീന്റെ സംക്ഷിപ്ത പതിപ്പുകള്‍ പിന്നീടുള്ള നൂറ്റാണ്ടുകളില്‍ ഇന്ത്യന്‍ മഹാസമുദ്ര പ്രദേശങ്ങളില്‍ പുനര്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, മലബാറിലെ റമദാന്‍ അല്‍-ശാലിയാത്തി (വ. 1489)യുടെ ഉംദ അല്‍-ശാബ്, സൈര്‍ അല്‍ സാലികീന്‍ (1788), സൗത്ത് സുമാത്രയിലെ അബ്ദുല്‍ സമദ് പലംബാനിയുടെ (ഒരു സ്വതന്ത്ര മലായ് വിവര്‍ത്തനം) സെന്‍ട്രല്‍ ജാവയില്‍ സാലിഹ് ദാരത്ത് അല്‍ സമരാനി (1820-1903) എഴുതിയ അല്‍-മുന്‍ജിയാത്ത്. അതുപോലെ, മലബാറില്‍ പ്രാദേശിക സൂഫി ഗ്രന്ഥങ്ങളായ സൈനുദ്ദീന്‍ അല്‍-മഖ്ദും അല്‍-കബീറിന്റെ (വ. 1522) ഹിദായ അല്‍-അദ്കിയ, ( പിന്നീട് മക്കയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും വ്യാഖ്യാനങ്ങളായി വ്യാപകമായ സ്വീകാര്യത നേടി ) യഥാക്രമം സയ്യിദ് ബകരി (മ. 1892), നവവി അല്‍-ബന്താനി (1811-1898) എന്നിവര്‍ അതിന് ശര്‍ഹുകള്‍ രചിക്കുകയും ചെയ്തു.

മാത്രമല്ല, ട്രാന്‍സ്-റീജിയണല്‍ സൂഫി കോസ്മോപോളിസിന്റെ ഒരു ഭാഗത്ത് സംഭവിച്ചുകൊണ്ടിരുന്ന സാമൂഹിക രാഷ്ട്രീയ പരിവര്‍ത്തനങ്ങള്‍ മേഖലയിലുടനീളം അലയൊലികള്‍ സൃഷ്ടിച്ചിരുന്നു. ഉദാഹരണത്തിന്, പതിനാറാം നൂറ്റാണ്ടില്‍ മലബാറിലെ പോര്‍ച്ചുഗീസ് അധിനിവേശവും പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബാന്റന്‍ സുല്‍ത്താനേറ്റിന്റെ ഡച്ച് ഉന്മൂലനവും ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് സൂഫിസത്തിന്റെ വന്‍തോതിലുള്ള വ്യാപനത്തിന് കാരണമായിട്ടുണ്ട്. അതുപോലെ, മലബാറിലെ മൈസൂര്‍ ഭരണത്തിന്റെ പതനത്തിന്റെയും ശക്തമായ ബ്രിട്ടീഷ് ഭരണത്തിന്റെ ഉദയത്തിന്റെയും പശ്ചാത്തലത്തിലാണ്, ഖാദിരി-ചിഷ്തികള്‍ ആധിപത്യം പുലര്‍ത്തിയിരുന്ന സൂഫി കോസ്‌മോപോളിസിന് വീണ്ടുവിചാരങ്ങള്‍ വേണ്ടി വന്നത്.

എങ് സങ് ഹോയുടെ വംശീയ-ചരിത്ര പഠനം, മതപരമായ കുടിയേറ്റക്കാരെയും ഇന്ത്യന്‍ മഹാസമുദ്രത്തിലെ അവരുടെ സൂഫി വംശാവലികളെയും സമീപിക്കുന്നതിനുള്ള പുതിയ രീതിശാസ്ത്രങ്ങളെ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പ്രാദേശിക ബന്ധങ്ങളില്‍ പലപ്പോഴും ഉയര്‍ന്നുവന്നിരുന്ന ഭാഷാ തടസ്സങ്ങളെ സംസ്‌കൃത കോസ്മോപോളിസ് പോലുള്ള ഒരു ലിംഗ്വ ഫ്രാങ്ക എങ്ങനെ മറികടന്നുവെന്ന് സമീപകാല ഗവേഷണങ്ങള്‍ പരിശോധിച്ച് തുടങ്ങിയിട്ടുണ്ട്. പിന്നീട് അത് അറബി ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയും മറ്റ് നിരവധി ഭാഷാലോകങ്ങളെ കൂടി ഉള്‍ക്കൊള്ളിക്കുകയും ചെയ്തു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഒരു തെക്കന്‍ അറേബ്യന്‍ സൂഫിസത്തിന്റെ ചരിത്രപരമായ പ്രാദേശിക, സാമൂഹിക-മത പാതകള്‍ മനസ്സിലാക്കാന്‍ മുന്‍ പഠനങ്ങളെ ഇവിടെ ഞാന്‍ ആശ്രയിക്കുന്നുണ്ട്. എന്നിരുന്നാലും, അലവി ശൃംഖലയുടെ വിശാലമായ സാമൂഹിക-ചരിത്ര പ്രത്യാഘാതങ്ങള്‍ക്ക് സൂഫി കോസ്മോപോളിസിന്റെ മതപരമായ സങ്കീര്‍ണതകള്‍, അലവി വംശാവലി, അതിന്റെ വംശീയ, സാമൂഹിക രാഷ്ട്രീയ സാമഗ്രികള്‍, ഇസ്‌ലാം നല്‍കുന്ന വലിയ സങ്കീര്‍ണ്ണതകള്‍ എന്നിവ സമന്വയിപ്പിച്ച് പരിഗണിക്കുന്ന കൂടുതല്‍ സൂക്ഷ്മമായ സമീപനങ്ങള്‍ ആവശ്യമാണ്. ഈ ലേഖനത്തിന്റെ പരിമിതികള്‍ കാരണം, വിശകലനം മലബാറിന്റെ തീരപ്രദേശത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാന്‍ താല്‍പര്യപ്പെടുന്നത്.

(തുടരും)

ജലീല്‍ പി.കെ.എം

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Most popular

Most discussed