പതിനാല് വര്‍ഷത്തെ യുദ്ധത്തിനു ശേഷം ഡമസ്‌കസിലേക്ക് വരുന്നത് ഏറെ വിചിത്രമായ അനുഭവമായിരുന്നു. ലെബനീസ് അതിര്‍ത്തിയില്‍ നിന്ന് ഡമസ്‌കസിലേക്കുള്ള റോഡ് സുഗമവും വേഗതയേറിയതും സുരക്ഷിതവുമായിരുന്നു. ഇതുവരെ എടുത്തുകളയാത്ത ചില പഴയ പതാകകളും അസദിന്റെ ചിത്രങ്ങളും ഇപ്പോഴുമുണ്ട്. പ്രത്യക്ഷത്തില്‍, അതിനല്ല അവര്‍ മുന്‍ഗണന നല്‍കുന്നത് ഹൈവേയില്‍ പലയിടത്തായി സ്ഥാപിച്ചിരിക്കുന്ന സൈനിക ബാരക്കുകള്‍ വിജനമായിരുന്നു. തന്നെ ഉപദ്രവിക്കുകയും കൈക്കൂലിക്ക് വേണ്ടി ബ്ലാക്ക്മെയില്‍ ചെയ്യുകയും ചെയ്തിരുന്ന അസദ് സൈന്യം ഇനിയില്ലെന്നത് ലെബനീസ് ഡ്രൈവറെ അത്യധികം സന്തോഷിപ്പിക്കുന്നുണ്ട് എന്നത് വളരെ വ്യക്തമാണ്.
ചില റോഡ് ബ്ലോക്കുകളില്‍ ഉണ്ടായിരുന്ന എച്ച്.ടി.എസുകാര്‍ വളരെ മാന്യമായാണ് പെരുമാറിയത്. കാര്‍ പരിശോധിക്കാന്‍ പോലും അവര്‍ മുതിര്‍ന്നില്ല. കൈകള്‍ വീശി അവര്‍ ഞങ്ങളെ അഭിവാദ്യം ചെയ്തു. ഡമാസ്‌കസിനുള്ളില്‍ തോക്ക് ചൂണ്ടിയ സൈന്യത്തെയോ സൈനിക വാഹനങ്ങളോ ഞാന്‍ കണ്ടില്ല. പ്രത്യാശയും അവിശ്വാസവും അനിശ്ചിതത്വവും ഉണ്ടെങ്കിലും, അതല്പം വിരസമായി തോന്നി. അയല്‍പക്കങ്ങള്‍, കടകള്‍, റസ്റ്റോറന്റുകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഞാന്‍ അവിടം വിട്ടുപോയ സമയത്ത് ഉള്ളത് പോലെത്തന്നെയാണ്- ഗതാഗതക്കുരുക്ക്, ക്ഷാമം, കാലഹരണപ്പെട്ട സൗകര്യങ്ങള്‍, ക്രമരാഹിത്യം, പലര്‍ക്കും വാങ്ങാന്‍ കഴിയാത്ത രുചികരമായ ഭക്ഷണം-. പൊതു ചത്വരങ്ങളിലേക്ക് നടന്ന് ആളുകളോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്ക് പുതിയ സംഗതികളെ കുറിച്ച് അറിയാന്‍ കഴിയും.
മൂന്ന് ചുവന്ന നക്ഷത്രങ്ങളുള്ള പുതിയ പച്ച പതാക എല്ലായിടത്തും ഉണ്ട്, കുട്ടികളും മുതിര്‍ന്നവരും പ്രശസ്തമായ ഉമയ്യദ് സ്‌ക്വയറില്‍ ചിത്രമെടുക്കുന്നു, മാലിന്യം ശേഖരിക്കുന്ന റോഡില്‍ വീണുകിടക്കുന്ന ഹാഫിസ് അല്‍ അസദിന്റെ പ്രതിമകള്‍ക്ക് മുകളില്‍ ചിലര്‍ കയറി നില്‍ക്കുന്നു. അദ്ദേഹത്തിന്റെ പേരിലുള്ള സമീപത്തെ കൂറ്റന്‍ ലൈബ്രറിയുടെ പ്രവേശന കവാടത്തില്‍ നിന്ന് നീക്കം ചെയ്ത പ്രതിമയാണത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലൈബ്രറി അടച്ചിട്ടിരിക്കുകയാണ്. വീണ്ടും അത് തുറക്കുമ്പോള്‍ അതിന് മറ്റൊരു പേരായിരിക്കും എന്ന് എനിക്കുറപ്പാണ്.
കുട്ടികള്‍ സ്‌കൂളുകളിലേക്ക് പോകുന്നു. പുസ്തകക്കടകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. ബാങ്ക് വിളി ഡമസ്‌കസിന് മുകളിലുള്ള തണുത്ത മലിനമായ അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. മാര്‍ക്കറ്റുകള്‍ നിറഞ്ഞിരിക്കുന്നു, കഫേകളില്‍ സ്ത്രീകളും പുരുഷന്മാരും കാര്‍ഡ് കളിക്കുകയും ഹുക്ക വലിക്കുകയും ചെയ്യുന്നു. കൂടാതെ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ അനേകം പേര്‍ സംഘം ചേര്‍ന്ന് സംസാരിച്ചിരിക്കുന്നു. ഡൗണ്‍ടൗണ്‍ ഡമസ്‌കസിന്റെ ഹൃദയഭാഗത്തുള്ള സാലിഹിയ്യയിലെ അബു ഷാക്കിര്‍ എന്ന പ്രശസ്തമായ ഫ്രൂട്ട്‌ഷോപ്പില്‍ നിന്ന് ഞാന്‍ ഒരു വലിയ കപ്പ് സ്വാദിഷ്ടമായ സ്മൂത്തി കോക്ടെയ്ല്‍ വാങ്ങി. 35,000 സിറിയന്‍ പൗണ്ട് ആയിരുന്നു അതിന്റെ വില, ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ അല്ലെങ്കില്‍ ഒരു സൈനിക ഉദ്യോഗസ്ഥന്റെ ശരാശരി ശമ്പളത്തിന്റെ 10% വരും അത്.
ആളുകളോട് സംസാരിക്കുമ്പോള്‍, ജാഗ്രതയോടെയുള്ള ശുഭാപ്തിവിശ്വാസവും ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന ഉത്കണ്ഠയും കൂടിച്ചേര്‍ന്നതാണ് അവരുടെ ചിന്തകള്‍. ”ഇതൊരു ഷോക്കായിരുന്നു” എന്നാണ് ഒരു മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി എന്നോട് പറഞ്ഞത്. ഭരണകൂടവുമായി ബന്ധമുള്ള കുടുംബങ്ങളുള്ള അവളുടെ സുഹൃത്തുക്കളില്‍ പലരും അവിടം വിട്ടുപോയി. എന്നാല്‍ അവള്‍ മൊത്തത്തില്‍ ശുഭാപ്തിവിശ്വാസിയും ഉത്സാഹവതിയും ആയിരുന്നു. ഈ വലിയ മാറ്റങ്ങളെ കുറിച്ച് എന്ത് തോന്നുന്നു എന്ന് ചോദിച്ചപ്പോള്‍ ടാക്‌സി ഡ്രൈവര്‍ പറഞ്ഞു: ”അതെ, വളരെ നല്ല മാറ്റമാണെന്നാണ് എനിക്ക് തോന്നുന്നത്. കുറഞ്ഞ പക്ഷം നാളെ നല്ലത് വല്ലതും സംഭവിക്കുമെന്ന പ്രതീക്ഷയെങ്കിലും ഉണ്ട്. കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ ഭാവിയെ കുറിച്ച് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. (സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സൊസൈറ്റി സഹസ്ഥാപകനും സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകനുമായ സാഹിര്‍ സഹ്ലൂല്‍ ഏറെ കാലത്തിന് ശേഷമുള്ള സിറിയയിലേക്കുള്ള വരവിനെ കുറിച്ച് എക്സില്‍ കുറിച്ചത്)
ബശ്ശാറുല്‍ അസദിന്റെ കിരാതമായ ഭരണത്തില്‍ നിന്നും വിമോചിക്കപ്പെട്ടതിന്റെ ആശ്വാസം പേറുന്നവരാണ് ഭൂരിപക്ഷം സിറിയക്കാരും. അറബ് വസന്തത്തിന്റെ ആരംഭം മുതല്‍, അറബ് ലോകത്ത് പലയിടങ്ങളിലും അധികാര മാറ്റങ്ങള്‍ ഉണ്ടായെങ്കിലും സിറിയയില്‍ ചിത്രം വ്യത്യസ്തമായിരുന്നു. തന്റെ സൈനികരെയും വിദേശ രാഷ്ട്രങ്ങളുടെ പിന്തുണയും ഉപയോഗി ച്ച് പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമര്‍ത്താനാണ് അസദ് തീരുമാനിച്ചത്. ജീവിതം ദുസ്സഹമായ ഒരു നരകമായി സിറിയ മാറി എന്നതായിരുന്നു അതിന്റെ ഫലം. ലക്ഷക്കണക്കിന് പേര്‍ക്ക് വ്യത്യസ്ത രാജ്യങ്ങളിലേക്ക് അഭയാര്‍ഥികളായി പലായനം ചെയ്യേണ്ടി വന്നു. അനേകം പേര്‍ കൊല്ലപ്പെടുകയും അതിലേറെ പേര്‍ അസദിന്റെ കുപ്രസിദ്ധ ജയിലുകളില്‍ അടക്കപ്പെടുകയും ഭീകരമായ പീഡനങ്ങള്‍ക്ക് വിധേയരാവുകയും ചെയ്തു. അതിനാല്‍ തന്നെ അതില്‍ നിന്നൊരു വിടുതലിനെ സിറിയന്‍ ജനത എത്രമാത്രം ആഗ്രഹിച്ചിരുന്നു എന്നതിന്റെ കൃത്യമായ അടയാളങ്ങളാണ് ഓരോ സിറിയന്‍ നഗരങ്ങളില്‍ നിന്നും നാം കാണുന്ന ആഘോഷത്തിന്റെ ചിത്രങ്ങള്‍.
ജിയോ പൊളിറ്റിക്‌സിന്റെ മാത്രം മാനകങ്ങള്‍ വെച്ചുള്ള മൂല്യനിര്‍ണ്ണയം ഈയൊരു പശ്ചാത്തലത്തില്‍ തീര്‍ത്തും അപക്വമാണ് എന്നതില്‍ സംശയമില്ല. പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ സിറിയക്ക് നിര്‍ണ്ണായക സ്ഥാനമുണ്ടായിരുന്നു എന്നതിലും സംശയമില്ല. അതുകൊണ്ടു തന്നെ ഒരു മൂല്യ നിര്‍ണ്ണയത്തിന് മുതിരാതെ സിറിയയിലെ പുതിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന രാഷ്ട്രീയ ഗതിവിഗതികളുടെ ഒരു വിശകലനം മാത്രമാണ് ഈ ലേഖനത്തില്‍ ഉദ്ദേശിക്കുന്നത്.
1963-ലാണ് ബാത്ത് പാര്‍ട്ടി അധികാരം പിടിച്ചെടുത്ത് 61 വര്‍ഷത്തെ സൈനിക ഭരണത്തിന് തുടക്കമിടുന്നത്. മതേതരത്വം, അറബ് ദേശീയത, അറബ് സോഷ്യലിസം എന്നീ ഘടകങ്ങള്‍ സമന്വയിപ്പിച്ച ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമായ ബാത്തിസത്തിന്റെ രാഷ്ട്രീയ ഹൃദയഭൂമികയായി അതോടെ സിറിയ മാറി. എന്നിരുന്നാലും, ബാത്ത് ഭരണം ഉടനടി സ്ഥിരത കൊണ്ടുവന്നില്ല. ആദ്യത്തെ ഏഴ് വര്‍ഷക്കാലം, പാര്‍ട്ടിയിലെ രണ്ട് വിഭാഗങ്ങള്‍ അധികാരത്തര്‍ക്കത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

ഒരു വശത്ത് രണ്ട് പ്രമുഖ ബാത്ത് രാഷ്ട്രീയക്കാരായ അഫ്ലാഖും അല്‍-ബിതാറും മറുവശത്ത് സിറിയന്‍ വ്യോമസേനയുടെ കമാന്‍ഡര്‍ സലാഹ് ജദീദും ഹാഫിസ് അല്‍ അസദും. തുടര്‍ന്ന് 1970-ല്‍ സലാഹ് ജദീദിനെ പുറത്താക്കി, തിരുത്തല്‍ പ്രസ്ഥാനം (corrective revolution) എന്നറിയപ്പെടുന്ന ഒരു അട്ടിമറി അസദ് നടത്തി. സിറിയന്‍ രാഷ്ട്രീയത്തില്‍ തന്റെ സ്വേച്ഛാധിപത്യ സ്ഥിരത കൊണ്ടുവരാന്‍, അസദ് അനിയന്ത്രിതമായ അക്രമം അഴിച്ചു വിടുകയും അധികാരം ഉറപ്പിക്കുന്നതിനായി മതപരവും വംശീയവുമായ വിഭജനത്തെ ചൂഷണം ചെയ്യുകയും ബാഹ്യ പരിശോധനയോ സമ്മര്‍ദ്ദമോ ഒഴിവാക്കാന്‍ അന്താരാഷ്ട്ര സഖ്യങ്ങള്‍ വളര്‍ത്തിയെടുക്കുകയും ചെയ്തു.
പ്രധാനമായും തന്ത്രപരമായി അസദ് ചെയ്ത ഒരു കാര്യം, സ്വന്തം മതവിഭാഗത്തില്‍ നിന്നുള്ള ആളുകളെ -അലവൈറ്റ്- സൈനിക, രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളിലെ അധികാര സ്ഥാനങ്ങളിലേക്ക് ഉയര്‍ത്തുകയും സങ്കീര്‍ണ്ണമായ ഒരു സുരക്ഷാ വൃത്തം നട്ടുവളര്‍ത്തുകയും ചെയ്തു. വടക്കുപടിഞ്ഞാറന്‍ സിറിയയിലെ അവരുടെ പരമ്പരാഗത പ്രദേശങ്ങളില്‍ നിന്ന് ഡമാസ്‌കസിലെ പ്രത്യേക അയല്‍പക്കങ്ങളിലേക്ക് മാറാന്‍ ഭരണകൂടം അലവൈറ്റുകളെ പ്രോത്സാഹിപ്പിച്ചു. തന്ത്രപ്രധാനമായ മേഖലകളില്‍ അലവൈറ്റുകളുടെ സാന്നിധ്യം വര്‍ധിപ്പിച്ചുകൊണ്ട്, നഗരത്തിലെ സുന്നി ഭൂരിപക്ഷവുമായി ഒരു ബലാബലം ഉണ്ടാക്കാനും രാജ്യത്തിന്റെ രാഷ്ട്രീയ-സൈനിക കേന്ദ്രത്തോട് ചേര്‍ന്ന് വിശ്വസ്തമായ അടിത്തറ ഉറപ്പാക്കാനും അസദിന് അതുവഴി സാധിച്ചു. 1946 നും 1970 നും ഇടയില്‍ നിരവധി നേതാക്കളെ വീഴ്ത്തിയ അട്ടിമറികളില്‍ നിന്ന് അതിശക്തമായ സുരക്ഷാ സംവിധാനവും അസദ് ഉണ്ടാക്കിയെടുത്ത വംശീയവും മതപരവുമായ വരേണ്യ ശൃംഖലയും അദ്ദേഹത്തെ സംരക്ഷിച്ചു.
അതിന്റെ തുടര്‍ച്ചയായിട്ട് തന്നെ 2000 ത്തില്‍ മകന്‍ ബശ്ശാര്‍ അല്‍ അസദ് ഭരണത്തിലെത്തുകയുണ്ടായി. ആരംഭ ഘട്ടത്തില്‍ സിറിയന്‍ ജനതക്ക് വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നെങ്കിലും കാര്യങ്ങള്‍ ഒട്ടും ശുഭകരമായിരുന്നില്ല. അറബ് വസന്തത്തെ തുടര്‍ന്ന് സിറിയ ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുകയും സ്ഥിതിഗതികള്‍ കൂടുതല്‍ ദുരിത പൂര്‍ണ്ണമായിത്തീരുകയും ചെയ്തു. മൂന്ന് ലക്ഷത്തില്‍ പരം ആളുകള്‍ കൊല്ലപ്പെടുകയും 6 മില്യണ്‍ ആളുകള്‍ അഭയാര്‍ത്ഥികളാവുകയും അതിലും കൂടുതല്‍ ആളുകള്‍ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തു. ആധുനിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തങ്ങളിലൊന്നാണ് സിറിയന്‍ ആഭ്യന്തര യുദ്ധം.
സിറിയയുടെ ഭാവി
ബശ്ശാര്‍ അല്‍ അസദിന്റെ അധികാര വീഴ്ചയെ സിറിയന്‍ ജനത ഒന്നടങ്കം ആഘോഷിക്കുന്ന ചിത്രങ്ങളാണ് വിവിധ സിറിയന്‍ നഗരങ്ങളില്‍ നിന്ന് ലോകം വീക്ഷിച്ചു കൊണ്ടിരിക്കുന്നത്. അഞ്ച് ദശാബ്ദങ്ങള്‍ നീണ്ട അസദ് കുടുംബത്തിന്റെ ഭരണം ഒരു രാജ്യത്തെ സാമ്പത്തികമായും സാമൂഹികമായും എവിടെയാണ് കൊണ്ടെത്തിച്ചത് എന്നതിന്റെ പ്രതിഫലനങ്ങളാണ് അവയെല്ലാം.
സിറിയയുടെ ഭാവിയെക്കുറിച്ച് ജാഗ്രതയോടെയുള്ള ശുഭാപ്തിവിശ്വാസത്തിന് കാരണങ്ങളുണ്ട്, പക്ഷേ അത് രാഷ്ട്രീയമായും ഭൂമിശാസ്ത്രപരമായും ശിഥിലമാകുമെന്ന ആശങ്കയും ഉണ്ട്. സിറിയയുടെ അടുത്ത രാഷ്ട്രീയ സംവിധാനം കെട്ടിപ്പടുക്കുന്നവര്‍ക്ക് മുന്നിലെ ഏറ്റവും പ്രധാന വെല്ലുവിളി ദശാബ്ദങ്ങള്‍ കൊണ്ട് അസദ് കുടുംബം ഉണ്ടാക്കിയെടുത്ത ഏറ്റവും മോശപ്പെട്ട പൈതൃകത്തെ മറികടക്കുക എന്നതാണ്. വംശീയവും മതപരവുമായ വിഭാഗീയതകളും, പൂര്‍ണ്ണമായും തകര്‍ന്നു കിടക്കുന്ന സാമ്പത്തിക മേഖലയും ശോചനീയമായ അടിസ്ഥാന സൗകര്യങ്ങളുമാണ് വര്‍ഷങ്ങള്‍ നീണ്ട അസദ് ഭരണകൂടത്തിന്റെ ബാക്കിവെയ്പ്. എച്ച്.ടി.എസിന്റെ നേതൃത്വത്തിലുള്ള ഒരു സഖ്യത്തിന് രാജ്യത്ത് ഒരു രാഷ്ട്രീയ സ്ഥിരത ഉണ്ടാക്കാന്‍ കഴിയുമോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതില്ലാത്ത പക്ഷം സിറിയ വീണ്ടും രൂക്ഷമായ യുദ്ധത്തിലേക്ക് പോവുമെന്നതില്‍ സംശയമില്ല.
സിറിയയുടെ പുതിയ സാഹചര്യത്തെ കുറിച്ച് അന്താരാഷ്ട്ര സമൂഹത്തിനുള്ള പ്രധാനപ്പെട്ട ആശങ്കകളില്‍ ഒന്ന് അസദ് ഭരണകൂടത്തെ നീക്കം ചെയ്യുന്നതില്‍ നേതൃസ്ഥാനത്തുള്ള എച്ച്.ടി.എസ് (ഹൈഅത്തു തഹ്രീര്‍ അശ്ശാം) നെയും അതിന്റെ തലവന്‍ മുഹമ്മദ് അല്‍ ജോലാനിയെയും കുറിച്ചാണ്. കാരണം അല്‍ ഖാഇദ, ഐസിസ് എന്നിവയുമായി മുമ്പ് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും പിന്നീട് അവരോട് അകലം പാലിക്കുകയും ചെയ്ത ഒരാളാണ് ജോലാനി. അതിനാല്‍ തന്നെ എച്ച്.ടി.എസ് ഭരണരീതിയില്‍ ഏതുതരം പ്രത്യയശാസ്ത്രത്തെയാവും അവലംബിക്കുക എന്നതാണ് പ്രധാന വിഷയം. എച്ച്.ടി.എസിനെയും ജോലാനിയെയും അതിന്റെ തുടക്കം മുതല്‍ പിന്തുടരുകയും പഠനത്തിന് വിധേയമാക്കുകയും ചെയ്ത അക്കാദമിക വിദഗ്ധരില്‍ ചിലര്‍ പറയുന്നത് ജോലാനിയും സംഘവും തങ്ങളുടെ ജിഹാദി പ്രത്യശാസ്ത്ര രീതികളില്‍ നിന്ന് വിടുതല്‍ നേടിയിട്ടുണ്ടെന്നും പൂര്‍ണ്ണമായ രാഷ്ട്രീയ റീബ്രാന്‍ഡിങ്ങ് നടത്തിയിട്ടുണ്ടെന്നുമാണ്.
ജോലാനി യഥാര്‍ത്ഥത്തില്‍ ഇറാഖ് യുദ്ധത്തിലെ ഒരു വിദേശ സൈനികനായിരുന്നു. അദ്ദേഹം സിറിയയില്‍ നിന്ന് ഇറാഖിലേക്ക് പോയി, അബു മുസ്അബ് അല്‍-സര്‍ഖാവിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഇറാഖിലെ അല്‍ ഖാഇദയില്‍ ചേരുകയും കുപ്രസിദ്ധമായ ക്യാമ്പ് ബുക്ക ജയിലില്‍ കുറച്ചുകാലം ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് അദ്ദേഹം ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖിന്റെ പടിഞ്ഞാറന്‍ ഇറാഖിലെ നിനെവേ മേഖലയുടെ നേതാവായി നിയമിക്കപ്പെട്ടു.
നമ്മള്‍ ഇപ്പോള്‍ ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന് വിളിക്കുന്നതിന്റെ പ്രാഥമിക രൂപമായിരുന്നു അത്. സിറിയന്‍ കലാപം ആരംഭിച്ചതിന് ശേഷം, സിറിയയിലെ ഒരു പദ്ധതിയെക്കുറിച്ച് ജോലാനി അബൂബക്കര്‍ അല്‍-ബാഗ്ദാദിയുമായി സംസാരിക്കുകയും 2011 ല്‍ ജബ്ഹത്ത് അല്‍-നുസ്‌റ എന്ന പേരില്‍ ഒരു പുതിയ സംഘടന കെട്ടിപ്പടുക്കാന്‍ സിറിയയിലേക്ക് മടങ്ങുകയും ചെയ്തു. ഇത് പ്രധാനമായും ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖിന്റെ ഔദ്യോഗിക ശാഖയായിരുന്നു. സിറിയന്‍ ആഭ്യന്തരയുദ്ധം സൈനികവല്‍ക്കരിക്കപ്പെട്ടതോടെ അവര്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ക്രമേണ 2013 ല്‍ ജോലാനി ഐ.എസുമായും 2016 ല്‍ അല്‍ ഖാഇദയുമായും ബന്ധം വിഛേദിക്കുകയുണ്ടായി.
അക്കാലത്ത് പലരും ആ വേര്‍പിരിയലിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു, കാരണം ഇത് സിറിയയില്‍ ജബ്ഹത് അല്‍ നുസ്‌റക്ക് ലെജിറ്റിമസി വര്‍ധിപ്പിക്കാനുള്ള, അല്‍ ഖാഇദ കൂടി അറിഞ്ഞു കൊണ്ടുള്ള പരസ്പര തീരുമാനമാണെന്ന് ആരോപണങ്ങളുണ്ടായിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ യഥാര്‍ത്ഥത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് കാലക്രമേണ വ്യക്തമായി. തുടര്‍ന്ന് ഒരു റീബ്രാന്‍ഡ് എന്ന നിലയില്‍, 2017 ജനുവരിയില്‍ ജബ്ഹത്ത് അല്‍ നുസ്‌റ ഔദ്യോഗികമായി എച്ച്.ടി.എസ് ആയി മാറുകയും ചെയ്തു.
ചുരുക്കത്തില്‍ ഗ്ലോബല്‍ ജിഹാദ് എന്ന ഒരു ദര്‍ശനത്തില്‍ നിന്നും പ്രാദേശിക ഭരണം എന്ന ഒരു പ്രായോഗിക വീക്ഷണത്തിലേക്ക് എച്ച്.ടി.എസ് മാറിയിട്ടുണ്ടെന്ന് ആരോണ്‍ സെലിന്‍ അഭിപ്രായപ്പെടുന്നു. ദി എയിജ് ഓഫ് പൊളിറ്റിക്കല്‍ ജിഹാദിസം: എ സ്റ്റഡി ഓണ്‍ ഹൈഅത്തു തഹിരീര്‍ അശ്ശാം എന്ന പുസ്തകത്തിന്റെ കര്‍ത്താവാണ് ആരോണ്‍ സെലിന്‍. അലപ്പോ പിടിച്ചടക്കിയതിന് ശേഷമുള്ള ആദ്യ ആഴ്ചയില്‍, എച്ച്.ടി.എസ് സ്വീകരിച്ച നിലപാടുകള്‍ കൂടുതല്‍ ആശാവഹമാണ്. എന്നാല്‍ വരും നാളുകളില്‍, വ്യവസ്ഥാപിതമായി എടുക്കുന്ന നിയമ നിര്‍മ്മാണങ്ങളും മറ്റും ഏത് പ്രത്യയശാസ്ത്ര പരിസരത്ത് നിന്നായിരിക്കും എന്നറിയാന്‍ കാത്തിരിക്കണം.
ലിബിയയിലെ മുഅമ്മര്‍ ഗദ്ദാഫിയുടെയും, ഈജിപ്തിലെ ഹുസ്നി മുബാറകിന്റെയും ഭരണകൂടങ്ങളുടെ പതനത്തിന്റെ സമാനമായ രംഗങ്ങള്‍ ആണ് ഇപ്പോള്‍ സിറിയയിലും കാണുന്നത്. പക്ഷെ സമാനമായ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം മറ്റ് രാജ്യങ്ങളെ ബാധിച്ചിരിക്കുന്ന ചതിക്കുഴികളില്‍ നിന്ന് മാറി സിറിയക്ക് രാഷ്ട്രീയ സ്ഥിരതയുടെയും സുതാര്യതയുടെയും വ്യത്യസ്തമായ ഒരു വഴി കണ്ടെത്താനാകുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം. വംശീയമായും മതപരമായും ഏറെ വൈവിധ്യ പൂര്‍ണ്ണമായ ഒരു രാജ്യമാണ് സിറിയ. എച്ച്.ടി.എസിനെ കൂടാതെ പരസ്പരവിരുദ്ധമായ രാഷ്ട്രീയ അജണ്ടകളുള്ള മൂന്ന് പ്രധാന ഗ്രൂപ്പുകളാണ് അവിടെയുള്ളത്.
കുര്‍ദുകള്‍: 2.5 ദശലക്ഷം ആളുകളുള്ള കുര്‍ദുകളാണ് തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന വടക്കുകിഴക്കന്‍ സിറിയയെ നിയന്ത്രിക്കുന്നത്. തുര്‍ക്കിയുമായി വളരെ ശത്രുതാപരമായ ബന്ധമാണ് അവര്‍ക്കുള്ളത്. യുഎസ് പിന്തുണയുള്ള കുര്‍ദുകളും തുര്‍ക്കി പിന്തുണയുള്ള ഹൈഅത്തു തഹ്രീര്‍ അശ്ശാമും (എച്ച്.ടി.എസ്) അസദിന്റെ ഭരണവും തമ്മില്‍ വ്യക്തമായ ഭിന്നതകളുണ്ട്. ഇറാഖ്, സിറിയ, തുര്‍ക്കി, ഇറാന്‍ എന്നിവയുടെ ഭാഗങ്ങളില്‍ സ്വയംഭരണാധികാരത്തിനുള്ള തങ്ങളുടെ അഭിലാഷങ്ങളെ ചരിത്രപരമായി പിന്തുണച്ച ഇസ്രായേലിന്റെ സഖ്യകക്ഷി കൂടിയാണ് കുര്‍ദുകള്‍ എന്നത് കാര്യം കൂടുതല്‍ സങ്കീര്‍ണമാക്കുന്നുമുണ്ട്.
ഡ്രൂസ് കമ്മ്യൂണിറ്റി: പ്രാഥമികമായി തെക്ക് ഇസ്രായേല്‍ അതിര്‍ത്തിക്ക് സമീപം താമസിക്കുന്ന സിറിയയിലെ മൂന്നാമത്തെ വലിയ വിഭാഗം. 1967 ല്‍ സിറിയയില്‍ നിന്ന് പിടിച്ചെടുത്ത ഇസ്രായേല്‍ അധിനിവേശ ഗോലാന്‍ കുന്നുകളിലെ മറ്റുള്ളവര്‍ സിറിയന്‍ നിയന്ത്രണത്തിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചില ഡ്രൂസ് നേതാക്കള്‍ ഇസ്രായേല്‍ ആ പ്രവിശ്യ പിടിച്ചടക്കണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഗോലാന്‍ കുന്നുകളില്‍ ജനവാസ കേന്ദ്രങ്ങള്‍ വിപുലീകരിക്കാനുള്ള പദ്ധതിക്ക് ഇസ്രായേല്‍ അംഗീകാരം നല്‍കി, അടുത്ത ദിവസങ്ങളില്‍ തന്നെ അതിര്‍ത്തിയിലെ സൈനികരഹിത മേഖലയ്ക്ക് അപ്പുറത്തേക്ക് ഇസ്രായേല്‍ സൈന്യം മുന്നേറുകയും ചെയ്തു.
അലവൈറ്റ് ശിയാകളും ക്രിസ്ത്യാനികളും: അസദ് ഭരണകൂടത്തിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് ഏറ്റവും ദുര്‍ബലരായ ന്യൂനപക്ഷങ്ങളാണ് ഇവര്‍, കാരണം ഒരു അയല്‍ രാജ്യമോ പ്രാദേശിക വിഭാഗമോ ഇവരുടെ സംരക്ഷണത്തില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയോ അവര്‍ക്ക് സ്വയം സംരക്ഷണത്തിനുള്ള പ്രാപ്തിയോ ഇല്ല.
ഈ വ്യത്യസ്ത വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന തരത്തില്‍ ഒരു ഭരണഘടനയും രാഷ്ട്രീയ വീക്ഷണവും രൂപപ്പെടുത്താന്‍ എച്ച്.ടി.എസിന് സാധിക്കണം. ആ സാധ്യതയെ സാധൂകരിക്കുന്ന പ്രസ്താവനകളാണ് ഇതുവരെ അഭിമുഖങ്ങളിലും പ്രസ്താവനകളിലും ജോലാനി നല്‍കിയിട്ടുള്ളത്. പുതിയ ഭരണകൂടത്തിന് അന്താരഷ്ട്ര അംഗീകാരം നേടിയെടുക്കുക എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. എച്ച്.ടി.എസ് തുടക്കം മുതല്‍ തന്നെ വ്യത്യസ്ത അന്താരാഷ്ട്ര കക്ഷികളുമായി ചര്‍ച്ചകള്‍ ആരംഭിക്കുകയും അംഗീകാരം നേടാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഉപാധികളോടെ പുതിയ സര്‍ക്കാരിനെ പിന്തുണക്കുമെന്ന രീതിയില്‍ തന്നെയാണ് ലോക രാഷ്ട്രങ്ങളില്‍ നിന്ന് വരുന്ന പ്രതികരണങ്ങള്‍. അമേരിക്കന്‍ നയതത്ര പ്രതിനിധികള്‍ സിറിയയില്‍ എത്തി എച്ച്.ടി.എസുമായി ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.
പശ്ചിമേഷ്യന്‍ ഭൗമ രാഷ്ട്രീയത്തിന്റെ ഗതി
പല നിറങ്ങളുള്ള ഒരു മൊസൈക് പ്രതലം പോലെ ആണ് പശ്ചിമേഷ്യന്‍ ഭൗമ രാഷ്ട്രീയത്തില്‍ സിറിയ. വ്യത്യസ്ത രാജ്യങ്ങളുടെ സൈന്യങ്ങള്‍ സജീവമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന, പശ്ചിമേഷ്യയിലെ ആധിപത്യത്തിന് വേണ്ടി റഷ്യ, തുര്‍ക്കി, ഇറാന്‍ എന്നിവരെല്ലാം നയതന്ത്ര ഇടപാടുകള്‍ നടത്തുന്ന ഒരു രാജ്യം. അറബ് വസന്തം ആരംഭിച്ചത് മുതല്‍ വ്യത്യസ്സ്ത രാഷ്ട്രങ്ങളുടെ സൈനിക, നയതന്ത്ര ബലാബലങ്ങള്‍ സിറിയയില്‍ ശക്തമാണ്.
വിവിധ വിഭാഗങ്ങള്‍ അടങ്ങുന്ന പ്രതിപക്ഷ സഖ്യവും അസദിന്റെ സുരക്ഷാസേനയും തമ്മിലുള്ള യുദ്ധം അതിവേഗം അന്താരാഷ്ട്ര ശക്തികളെ ആകര്‍ഷിക്കുംവിധം സങ്കീര്‍ണ്ണവും ബഹുമുഖവുമായ പോരാട്ടമായി പരിണമിച്ചു. റഷ്യയും ഇറാനും അസദിനെ പിന്തുണക്കുകയും നിര്‍ണായകമായ സൈനിക-സാമ്പത്തിക പിന്തുണ നല്‍കുകയും ചെയ്തത് സംഘര്‍ഷത്തെ കൂടുതല്‍ വിഭാഗീയമാക്കുകയും ചെയ്തു, അതേസമയം യു.എസും തുര്‍ക്കിയും ഗള്‍ഫ് രാജ്യങ്ങളും വിവിധ പ്രതിപക്ഷ വിഭാഗങ്ങളെ പിന്തുണച്ചു.
റഷ്യയെ സംബന്ധിച്ചിടത്തോളം പശ്ചിമേഷ്യയിലെ അവരുടെ ഏറ്റവും സുപ്രധാന സഖ്യകക്ഷിയാണ് സിറിയ. സോവിയറ്റ് കാലം മുതല്‍ സിറിയയും റഷ്യയും തമ്മില്‍ സുദൃഢമായ ബന്ധമുണ്ട്. സോവിയറ്റ് യൂണിയന് സിറിയയുമായുള്ള പങ്കാളിത്തത്തില്‍ നിരവധി സാധ്യതകളുണ്ടായിരുന്നു. പശ്ചിമേഷ്യയില്‍ സാന്നിധ്യം ഉറപ്പിക്കാനുള്ള അവസരം എന്നതിനൊപ്പം മെഡിറ്ററേനിയന്‍ സമുദ്രഭാഗത്ത് ഒരു തുറമുഖം എന്ന വാണിജ്യസാധ്യത കൂടി ഇതവര്‍ക്ക് ഉറപ്പ് നല്‍കി. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോട് കൂടെ ഈ പരപ്‌സര ബന്ധം ദുര്‍ബലപ്പെടുകയും ആഭ്യന്തര കാര്യങ്ങളിലേക്കും സുരക്ഷാ പ്രശ്‌നങ്ങളിലേക്കും ശ്രദ്ധ തിരിക്കാന്‍ സോവിയറ്റ് യൂണിയന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. പിന്നീട് പുടിന്റെ കാലത്താണ് വീണ്ടും റഷ്യ സിറിയയിലേക്ക് സജീവമായി തന്നെ രംഗത്ത് വരുന്നത്. ഗ്രേറ്റ് റഷ്യ എന്ന പുടിന്റെ ആശയത്തില്‍ സിറിയക്ക് നിര്‍ണ്ണായക പങ്ക് ഉണ്ടായിരുന്നു.
സിറിയയില്‍ നിര്‍ണ്ണായക റോള്‍ ഏറ്റെടുക്കുക വഴി പശ്ചിമേഷ്യയിലെ അമേരിക്കന്‍ ഇടപെടലുകള്‍ക്ക് മറുവശത്ത് നില്‍ക്കാനും പ്രധാന രാഷ്ട്രീയ ഡീലുകള്‍ക്കുള്ള മധ്യസ്ഥന്‍ എന്ന രീതീയില്‍ ഒരു ഗേറ്റ് കീപ്പര്‍ ആയി നില്‍ക്കുക എന്നതുമായിരുന്നു പുടിന്റെ പദ്ധതി. അത് ഏറെക്കാലം അവര്‍ക്ക് നിലനിര്‍ത്താനും സാധിച്ചു എന്നും കാണാം. സിറിയയിലെ സൈനിക ഇടപെടലുകള്‍ തങ്ങളുടെ സൈനിക സന്നാഹങ്ങളുടെ ഒരു മോക്ഡ്രില്ല് ആയിട്ടായിരുന്നു റഷ്യ കണ്ടെതെന്ന് വാദിക്കുന്നവരും ഉണ്ട്. 2015 ല്‍ പുടിനാണ് അസദിനെ ഒരു ഭീമന്‍ വീഴ്ചയില്‍ നിന്ന് രക്ഷിക്കുകയും സിറിയയില്‍ റഷ്യയുടെ സൈനിക സാന്നിധ്യം വിപുലീകരിക്കുകയും ചെയ്യുന്നത്. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നീ പ്രദേശങ്ങളിലെ റഷ്യയുടെ സൈനിക ലോജിസ്റ്റിക് പ്രവര്‍ത്തനങ്ങളുടെ ഒരു പ്രധാന കേന്ദ്രമായി സിറിയ അതിവേഗം മാറി, അതോടൊപ്പം, ഈ മേഖലയിലെ റഷ്യയുടെ അധികാരം വളര്‍ന്നുകൊണ്ടിരുന്നു.
അസദ് അധികാരകസേരയില്‍ നിന്നും പുറത്താക്കപ്പെട്ടെങ്കിലും റഷ്യ പശ്ചിമേഷ്യന്‍ ഭൗമ രാഷ്ട്രീയത്തില്‍ നിന്ന് പുറത്തായെന്ന് പറയാറായിട്ടില്ല. മോസ്‌കോയുടെ ഭൗമ രാഷ്ട്രീയ ഭാവനകള്‍ക്ക് വലിയ തിരിച്ചടിയേറ്റിട്ടുണ്ട് എന്നത് വളരെ വ്യക്തമാണ്. ടാര്‍ത്തുസിലെ റഷ്യയുടെ നാവിക സേന താവളവും ഖമയമിലെ വ്യോമസേനാ താവളവും എന്തുചെയ്യുമെന്ന് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇത് എഴുതുമ്പോള്‍, ഒരു സമ്പൂര്‍ണ്ണ സൈനിക എക്‌സിറ്റ് ഉറപ്പാണെന്നതിന് കൃത്യമായ സൂചനയും വന്നിട്ടില്ല.
വാസ്തവത്തില്‍, റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മിഖായേല്‍ ബോഗ്ദാനോവ് പറയുന്നതനുസരിച്ച്, റഷ്യ ഹൈഅത്തു തഹ്‌രീര്‍ അശ്ശാമുമായി (എച്ച.്ടി.എസ്) ‘സൃഷ്ടിപരമായ’ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നു എന്നാണ് വാര്‍ത്തകള്‍. എച്ച്.ടി.എസിനും, മോസ്‌കോയുമായി ബന്ധം സ്ഥാപിക്കുന്നതിന് താല്പര്യമുണ്ട്. പാശ്ചാത്യ ഗവണ്‍മെന്റുകള്‍ അത്തരമൊരു ഉദ്യമത്തിന് മടിക്കുന്ന പക്ഷം ക്രെംലിന്‍ എച്ച.്ടി.എസിന് അംഗീകാരം നല്‍കാനുള്ള സാധ്യതയും ഉണ്ട്.
റഷ്യയെപോലെ തന്നെ അല്ലെങ്കില്‍ അതിനേക്കാള്‍ വലിയ തോതില്‍ സിറിയയിലെ അധികാരമാറ്റം തിരിച്ചടിയായി മാറുന്ന രാജ്യമാണ് ഇറാന്‍. ഹിസ്ബുല്ലക്കേറ്റ വലിയ തിരിച്ചടിക്കൊപ്പം അസദ് ഭരകൂടത്തിന്റെ വീഴ്ച പശ്ചിമേഷ്യയിലെ ഇറാന്റെ താല്പര്യങ്ങളെയും ഇടപെടലുകളെയും ദുര്‍ബലപ്പെടുത്തും എന്നതാണ് വാസ്തവം.
സുദീര്‍ഘകാലത്തെ പരസ്പരാശ്രയ ബന്ധമായിരുന്നു ഇറാനും അസദ് ഭരണകൂടവും തമ്മിലുണ്ടായിരുന്നത്. 1970 ല്‍ സിറിയയിലെ ബാത്ത് പാര്‍ട്ടിയുടെ നിയന്ത്രണം അലവൈറ്റ് ന്യൂനപക്ഷ അംഗമായ ഹാഫിസ് അല്‍ അസദ് പിടിച്ചെടുത്തപ്പോള്‍, അദ്ദേഹത്തിന് ഭരണഘടനാപരമായി ഒരു തിരിച്ചടി നേരിട്ടു. മുസ്‌ലിംകള്‍ക്ക് മാത്രമേ പ്രസിഡന്റ് സ്ഥാനം വഹിക്കാന്‍ കഴിയൂ എന്ന് സിറിയന്‍ ഭരണഘടന വ്യവസ്ഥ ചെയ്തിട്ടുണ്ട്, കൂടാതെ പല സുന്നി ഗ്രൂപ്പുകളും അലവൈറ്റുകളെ അമുസ്‌ലിംകളായി കണക്കാക്കുകയും ചെയ്തിരുന്നു. ഈ നിര്‍ണായക സമയത്ത്, അലവൈറ്റുകളെ ശിയാ ഇസ്‌ലാമിന്റെ ശാഖയായി പ്രഖ്യാപിച്ചുകൊണ്ട് ഇറാനിയന്‍ ശീഈ നേതൃത്വമാണ് അസദിന്റെ പ്രസിഡന്റ് സ്ഥാനം സംരക്ഷിക്കുന്നതും അത് വഴി അഞ്ച് പതിറ്റാണ്ടുകളോളം പശ്ചിമേഷ്യന്‍ മേഖലയിലെ സുപ്രധാനമായ ഒരു പങ്കാളിത്തത്തിന് തുടക്കം കുറിക്കുകയും ചെയ്തത്.
ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനെ അംഗീകരിച്ച ആദ്യത്തെ അറബ് രാഷ്ട്രമാണ് അസദിന്റെ കീഴിലുള്ള സിറിയ. 1980 നും 1988 നും ഇടയില്‍ ഇറാഖുമായുള്ള യുദ്ധത്തില്‍ സദ്ദാം ഹുസൈന്റെ ഇറാഖിനെതിരെ ഇറാന്‍ ഭരണകൂടത്തെ അവര്‍ പിന്തുണച്ചു. 2011 ല്‍ തന്റെ അധികാരത്തിന് വിമത സഖ്യകക്ഷികളില്‍ നിന്ന് ഭീഷണി നേരിയിട്ടപ്പോള്‍ ബശ്ശാര്‍ ഇറാനോട് സൈനിക-രാഷ്ട്രീയ പിന്തുണ ആവശ്യപ്പെടുകയും സൈന്യത്തെ സിറിയയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇറാന്‍ വലിയൊരു ജിയോ പൊളിറ്റിക്കല്‍ അവസരമാക്കി അതിനെ മാറ്റുകയും തങ്ങളുടെ ശിയാ ക്രെസന്റില്‍ പ്രധാന മേഖലയായി സിറിയയെ പരിവര്‍ത്തിപ്പിക്കുകയും ചെയ്തു.

എച്ച്.ടി.എസിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന് സിറിയയില്‍ സുസ്ഥിരമായ ഭരണ സംവിധാനം മുന്നോട്ട് വെക്കാന്‍ കഴിഞ്ഞാല്‍ അതിന്റെ ഇംപാക്റ്റുകളിലൊന്ന് തെഹ്റാന് ഒരു ഉറച്ച സഖ്യകക്ഷിയും ലെബനനിലെ ശിയാ സമൂഹവുമായുള്ള കരപ്പാലത്തില്‍ ഒരു കണ്ണിയും നഷ്ടപ്പെടും എന്നതാണ്. ഹിസ്ബുല്ലയുമായുള്ള പരപ്‌സര ബന്ധത്തിനുള്ള വഴികളും ഇത് ദുര്‍ഘടമാക്കും.
സിറിയയില്‍ വിജയിച്ച വിമത സേനയോട് അനുരഞ്ജന സമീപനമാണ് തെഹ്റാന്‍ സ്വീകരിക്കുന്നതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍. എന്നാല്‍ ഈ ബന്ധത്തിന്റെ ഭാവി പുതിയ സിറിയന്‍ ഗവണ്‍മെന്റ്, സിറിയ വഴി ഹിസ്ബുല്ലക്ക് ഇറാനിയന്‍ ലോജിസ്റ്റിക്കല്‍ പിന്തുണ എത്തിക്കാനുള്ള അവസരം അനുവദിക്കുകയും ഇസ്രായേലിനെതിരായ അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ഖുദ്സ് സേനയെ തിരികെ ക്ഷണിക്കുകയും ചെയ്യുമോ എന്നതിനെ ആശ്രയിച്ചിരിക്കും. മറ്റൊരു സാധ്യത, പ്രതിരോധത്തിന്റെ അച്ചുതണ്ട് (axis of resistance) ദുര്‍ബലപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കുന്ന ഇറാന്‍ അതിന്റെ യുറേനിയം സമ്പുഷ്ടീകരണ കഴിവുകള്‍ പ്രയോജനപ്പെടുത്തിയേക്കാം എന്നതാണ്. ഇറാന്‍ ഇതിനകം തന്നെ യുറേനിയം സമ്പുഷ്ടീകരണ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട് എന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. പാശ്ചാത്യ-ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കെതിരായ ഏക പ്രതിരോധ മാര്‍ഗമായി ഇറാനിയന്‍ ഭരണകൂടം കാണുന്നതും ആണവായുധ നിര്‍മാണമായിരിക്കും.
തുര്‍ക്കിയുടെ തിരിച്ചുവരവ്
തുര്‍ക്കിയുടെ ആഭ്യന്തര , അന്തര്‍ദേശീയ രാഷ്ട്രീയത്തില്‍ ആഴത്തിലുള്ള പ്രതിഫലനങ്ങള്‍ സൃഷ്ടിച്ച ഒന്നാണ് സിറിയന്‍ സിവില്‍ വാര്‍. ആഭ്യന്തര യുദ്ധം ബശ്ശാറുല്‍ അസദിന്റെ സ്ഥാനഭ്രഷ്ടിലും എച് ടി എസിന്റെ സ്ഥാനാരോഹണത്തിലും അവസാനിക്കുമ്പോള്‍ പശ്ചിമേഷ്യന്‍ ഭൗമ രാഷ്ട്രീയത്തില്‍്തുര്‍ക്കി കുറച്ചുകൂടെ നിര്‍ണ്ണായക റോളിലേക്ക് വരുന്നതാണ് നാം കാണുന്നത്. തുര്‍ക്കി സിറിയയുമായി 900 കിലോമീറ്ററിലധികം അതിര്‍ത്തി പങ്കിടുന്നു എന്നതിനാല്‍ സിറിയ തുര്‍ക്കിയുടെ ഒരു വിദേശനയം മാത്രമല്ല, ആഭ്യന്തര കാര്യം കൂടിയാണ്. തുര്‍ക്കിയും സിറിയന്‍ യുദ്ധവും തമ്മിലുള്ള ബന്ധം പരസ്പര പുനര്‍രൂപകല്‍പ്പനയുടെ കൂടി കഥയാണ്. സിറിയയില്‍ നിലനില്‍ക്കുന്ന മിക്കവാറും എല്ലാ വംശീയ, വിഭാഗീയ, പ്രത്യയശാസ്ത്ര പിളര്‍പ്പുകളും തുര്‍ക്കിയിലും നിലനില്‍ക്കുന്നുണ്ട്. ഏകദേശം 3.6 ദശലക്ഷം സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കും തുര്‍ക്കി ആതിഥേയത്വം വഹിക്കുന്നു, ഇത് തുര്‍ക്കിയിലെ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ പ്രധാന വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരികയും ആഭ്യന്തര രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നമാക്കുകയും ചെയ്തിരുന്നു.
അസദിന്റെ പതനത്തിനുമുമ്പ്, തുര്‍ക്കിയുടെ സിറിയന്‍ നയത്തില്‍ നാല് പ്രധാന ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു: സിറിയന്‍ അഭയാര്‍ത്ഥികളെ ഭാഗികമായി തിരിച്ചയക്കല്‍; അതിര്‍ത്തി സുരക്ഷ; കുര്‍ദിഷ് നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിന്റെ (എസ്.) രാഷ്ട്രീയവും പ്രാദേശികവുമായ മുന്നേറ്റങ്ങളെ ചെറുക്കല്‍; ഏത് ചര്‍ച്ചകളിലും അതിന്റെ സഖ്യകക്ഷിയായ സിറിയന്‍ പ്രതിപക്ഷ ഗ്രൂപ്പുകള്‍ക്ക് ഭരണകൂടത്തില്‍ നിന്ന് ചില ഇളവുകള്‍ നേടിയെടുക്കല്‍. ഭരണത്തിന്റെ പതനത്തോടെ നാലാമത്തെ ലക്ഷ്യം കാലഹരണപ്പെട്ടു. എന്നാല്‍ ദമാസ്‌കസിലെ പുതിയ നേതാക്കളുമായുള്ള സ്വാധീനത്തിലൂടെയും അറബ് കമ്മ്യൂണിറ്റിയുമായും അറബ് ഗോത്രങ്ങളുമായും ഉള്ള ബന്ധത്തിലൂടെയും അങ്കാറ അതിന്റെ മറ്റ് ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ശ്രമിക്കും എന്നുറപ്പാണ്.
സിറിയന്‍ പ്രതിസന്ധി തുര്‍ക്കിയുടെ അന്താരഷ്ട്ര ബന്ധങ്ങളെ പുനഃനിര്‍വചിച്ചു എന്നതില്‍ സംശയമില്ല. റഷ്യ, ഇറാന്‍, ഹിസ്ബുള്ള എന്നിവരുടെ പിന്തുണ കൊണ്ട് അസദ് ദീര്‍ഘകാലം തന്റെ ഭരണം നിലനിര്‍ത്തിയത് കൊണ്ട് തന്നെ മോസ്‌കോ, ടെഹ്റാന്‍ എന്നിവയുമായി തുര്‍ക്കിക്ക് അടുത്ത ബന്ധം പുലര്‍ത്തേണ്ടി വന്നു. ഇത് തുര്‍ക്കിയുടെ പാശ്ചാത്യ രാഷ്ട്രങ്ങളുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുകയും ചെയ്തു. എന്നാല്‍ അസദിന്റെ വീഴ്ച കാര്യങ്ങളെ കീഴ്മേല്‍ മറിക്കുകയും തുര്‍ക്കിയുടെ സഖ്യകക്ഷികള്‍ അധികാരത്തിലേ റുന്നു എന്നതിനാല്‍ തുര്‍ക്കി പശ്ചിമേഷ്യയിലെ പ്രധാന റോളിലേക്ക് വരികയും ചെയ്യും.
ഇന്നുവരെ, തുര്‍ക്കി എച്ച്ടിഎസിന്റെ നിലനില്‍പ്പിനും പരിണാമത്തിനും വിവിധ മാര്‍ഗങ്ങളില്‍ പിന്തുണച്ചിട്ടുണ്ട്. 2018-ലെ സോചി ഉടമ്പടി പ്രകാരം, ഇദ്ലിബിലെ തീവ്രവാദ, ജിഹാദി ഘടകങ്ങളെ നിര്‍വീര്യമാക്കാന്‍ തുര്‍ക്കിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഗ്രൂപ്പിനെ പൊളിക്കുന്നതിനുപകരം, തുര്‍ക്കി മൃദുവായ സമീപനമാണ് സ്വീകരിച്ചത്, ഈ മേഖലയില്‍ അതിന്റെ ശക്തി ഏകീകരിക്കാനും ഹുറാസ് അല്‍-ദിന്‍ പോലുള്ള കൂടുതല്‍ റാഡിക്കല്‍ ഗ്രൂപ്പുകളെ തകര്‍ക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാനും HTS-നെ അനുവദിച്ചു. അതിനാല്‍, പലപ്പോഴും പരാമര്‍ശിക്കപ്പെടുന്നതുപോലെ, അല്‍-ഖ്വയ്ദ-ശൈലിയിലുള്ള ഒരു അന്തര്‍ദേശീയ ജിഹാദിസ്റ്റ് ഓര്‍ഗനൈസേഷനില്‍ നിന്ന് ഒരു പ്രോട്ടോ-സ്റ്റേറ്റ് ഭരിക്കുന്ന ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പിലേക്കുള്ള എച്ച്ടിഎസിന്റെ പരിവര്‍ത്തനം നടന്നത് തുര്‍ക്കിയുടെ നിരീക്ഷണത്തിലാണ്.
ഈ പരിവര്‍ത്തനത്തിന്റെ ഭാഗമായി, ഇഡ്ലിബിനെ നിയന്ത്രിക്കുന്ന ഒരു സിവിലിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോഡിയായി എച്ച്ടിഎസ് 2017 ല്‍ സിറിയന്‍ സാല്‍വേഷന്‍ ഗവണ്‍മെന്റ് സ്ഥാപിച്ചു. ഈ ഭരണാനുഭവം എച്ച്ടിഎസിന് അസദിന് ശേഷമുള്ള കാലഘട്ടത്തിലേക്കുള്ള പരിവര്‍ത്തനത്തില്‍ വലിയ അനുഭവ പരിചയം നല്‍കിയിട്ടുണ്ട്.2020-ല്‍ തുര്‍ക്കിയുടെ സൈനിക ഇടപെടല്‍ വഴിയാണ് HTS-യുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെട്ടത്. റഷ്യയുടെയും ഇറാന്റെയും പിന്തുണയുള്ള സിറിയന്‍ ഭരണകൂടം ഇദ്ലിബ് തിരിച്ചുപിടിക്കാന്‍ ആക്രമണം ആരംഭിച്ചപ്പോള്‍, ഈ പ്രതിപക്ഷ സഖ്യത്തിന്റെ തകര്‍ച്ച തടയാന്‍ തുര്‍ക്കി സൈനികമായി ഇടപെട്ടു.
ഇദ്ലിബില്‍ നിന്ന് അതിര്‍ത്തിയിലേക്കുള്ള അഭയാര്‍ഥികളുടെ പുതിയ ഒഴുക്കിനെ തടയാനുള്ള തുര്‍ക്കിയുടെ ആഗ്രഹമാണ് ഈ നീക്കത്തിന് പ്രേരണയായത്. ഭാവിയിലെ ഭരണകൂട ആക്രമണങ്ങളെ തടയാന്‍ തുര്‍ക്കി ഇദ്ലിബിന്റെ അതിര്‍ത്തികളില്‍ സൈനിക ഔട്ട്പോസ്റ്റുകള്‍ സ്ഥാപിക്കുകയും ആ പ്രവിശ്യയെ ഒരു തുര്‍ക്കി സംരക്ഷിത പ്രദേശമാക്കി മാറ്റുകയും ചെയ്തു. അതിനാല്‍, ഇഡ്ലിബിലെ എച്ച്ടിഎസിന്റെ നിലനില്‍പ്പ് പ്രധാനമായും തുര്‍ക്കി സംരക്ഷണത്തെ ആശ്രയിക്കുന്ന രീതിയിലേക്ക് മാറുകയും അങ്കാറ എച്ടിസിന്റെ പ്രബല സഖ്യകക്ഷിയായിത്തീരുകയും ചെയ്തു.
കുറച്ചുകൂടെ വിശാലമായ രീതിയില്‍ ആഫ്രിക്ക, കോക്കസസ്, മധ്യേഷ്യ എന്നിവിടങ്ങളില്‍ കൂടി ഇടപെടുക വഴി ആഗോളരാഷ്ട്രീയത്തില്‍ തങ്ങളുടെ സ്വാധീന മേഖലകള്‍ വികസിപ്പിക്കാന്‍ തുര്‍ക്കി നിലവില്‍ ശ്രമിക്കുന്നുണ്ട്. സിറിയയിലെ വിമത വിജയത്തിന് നാല് ദിവസത്തിന് ശേഷം, പ്രദേശിക തര്‍ക്കങ്ങളെച്ചൊല്ലിയുള്ള സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിന് തങ്ങളുടെ അടുത്ത സഖ്യകക്ഷികളായ സൊമാലിയയും എത്യോപ്യയും തമ്മിലുള്ള ഒരു ഇടപാടിന് എര്‍ദോഗന്‍ വിജയകരമായി മധ്യസ്ഥത വഹിക്കുകയുണ്ടായി.
ലിബിയയില്‍ യു എന്‍ അംഗീകൃത ഗവണ്‍മെന്റിന് സൈനിക സഹായം നല്‍കുന്നത് ഉള്‍പ്പെടെ ശക്തമായി തന്നെ തുര്‍ക്കി ഇടപെടുന്നുണ്ട്. ഇക്കഴിഞ്ഞ വര്ഷങ്ങളില്‍ അഫ്ഗാനിസ്ഥാനില്‍ താലിബാനുമായും ബന്ധം ശക്തിപ്പെടുത്തുകയുണ്ടായി.കൂടാതെ, അര്‍മേനിയയ്ക്കെതിരായ 2020 നഗോര്‍ണോ-കറാബാക്ക് യുദ്ധത്തില്‍ ബാക്കുവിനെ സൈനികമായും നയതന്ത്രപരമായും പിന്തുണച്ച് ഇറാന്റെ വടക്കന്‍ അതിര്‍ത്തിക്കടുത്തുള്ള അസര്‍ബൈജാനിലും തുര്‍ക്കി അതിന്റെ സാന്നിധ്യം ഉറപ്പിക്കുകയുണ്ടായി.
ചുരുക്കത്തില്‍, ആഗോള രാഷ്ട്രീയ ബലാബലത്തില്‍, പ്രത്യേകിച്ച് പശ്ചിമേഷ്യയില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ ഉണ്ടാക്കിയ മാസങ്ങളാണ് ഈയിടെ കഴിഞ്ഞു പോയത്. പുതിയ സിറിയന്‍ സര്‍ക്കാര്‍ വരും ദിവസങ്ങളില്‍ എടുക്കുന്ന നിലപാടുകള്‍ കൂടുതല്‍ പ്രതിഫലനങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുമുണ്ട്.
Add comment