ഭാഷയുടെയും സാഹിത്യത്തിന്റെയും വളര്‍ച്ചയെ സംബന്ധിച്ചിടത്തോളം കാലം, ദേശം എന്നിവ പ്രധാന ഘടകങ്ങളാണ്. ഇരുപതാം നൂറ്റാണ്ടില്‍ അറബ് ലോകത്ത് അരങ്ങേറിയ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളും സ്വാതന്ത്ര്യ സമരങ്ങളും അറബി സാഹിത്യത്തിന്റെ വളര്‍ച്ചയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഒന്നാംലോക മഹായുദ്ധാനന്തരം ഓട്ടോമന്‍ സാമ്രാജ്യം തകരുകയും അറബ് ലോകം വിവിധ ദേശരാഷ്ട്രങ്ങളായി വിഭജിക്കപ്പെടുകയും കൊളോണിയല്‍ അധിനിവേശത്തിന്റെ കരാളഹസ്തങ്ങളില്‍ ഞെരിഞ്ഞമരുകയും ചെയ്തു. തുടര്‍ന്ന് നടന്ന അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ അറബ് ലോകത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ചു. പക്ഷേ, വിമോചനത്തിനുവേണ്ടി നടന്ന പോരാട്ടങ്ങള്‍ ഏകാധിപത്യത്തിന്റെ കൈപ്പിടിലിയായിരുന്നു ഒടുവില്‍ ചെന്നവസാനിച്ചത്.
അറബ് ലോകത്തെ വിടാതെ പിന്തുടര്‍ന്ന ഏകാധിപത്യ ഭരണരീതികളും കലുഷിതമായ രാഷ്ട്രീയ സാമൂഹികാന്തരീക്ഷവും അറബി സാഹിത്യത്തിന്റെ വളര്‍ച്ചയില്‍ വലിയ മാറ്റങ്ങള്‍ക്ക് തിരികൊളുത്തി. അത്തരമൊരു തപ്തമായ സാഹചര്യമാണ് ജയിലില്‍ സാഹിത്യം അറബി ഭാഷയില്‍ അതിദ്രുതം വളരാന്‍ കാരണമായത്. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള, ഇന്നും തുടരുന്ന അടങ്ങാത്ത അഭിനിവേശവും ഒടുങ്ങാത്ത നിലവിളികളും ജയിലറകളെ പോലും അവകാശ പോരാട്ടത്തിന്റെ പോര്‍നിലമാക്കി മാറ്റി. തടവറകള്‍ രചനാവിപ്ലവത്തിന്റെ പൂത്തിരികള്‍ കത്തിച്ചു.
അറബി ഭാഷയിലെ ജയില്‍ സാഹിത്യത്തിന്റെ വേരുകള്‍ ഏറെ പഴക്കം ചെന്നതും ജാഹിലിയ്യ കാലത്തോളം നീണ്ടുനില്‍ക്കുന്നതുമാണ്. എങ്കിലും, ഇരുപതാം നൂറ്റാണ്ടില്‍ രൂപപ്പെട്ട സവിശേഷമായ രാഷ്ട്രീയ സാമൂഹികാന്തരീക്ഷമാണ് അതിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചത്. അറബ് വസന്താനന്തരം കുറേക്കൂടി സ്വാതന്ത്ര്യം എഴുത്തുകാര്‍ക്ക് കൈവരികയും അവസരങ്ങള്‍ ലഭിക്കുകയും ചെയ്തതോടെ ഈ രംഗം കൂടുതല്‍ സജീവമായി. അതുകൊണ്ടുതന്നെ അറബ് മേഖലയിലെ ജയില്‍ സാഹിത്യം ജനാധിപത്യ പ്രതിസന്ധിയുടെ പ്രതിഫലനം കൂടിയായി കാണാന്‍ കഴിയും. ലോകസാഹിത്യത്തില്‍ അറബ് ലോകത്തെ ജയില്‍ സാഹിത്യം കൂടുതല്‍ പ്രധാന്യമര്‍ഹിക്കുന്നുവെന്ന് നിരൂപകന്മാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ജയില്‍ സാഹിത്യം, നഷ്ടപ്പെട്ട/ കവര്‍ന്നെടുത്ത സ്വാതന്ത്ര്യം എന്ന തലത്തില്‍ മാത്രമൊതുങ്ങാതെ ആഴമേറിയതും സങ്കീര്‍ണ്ണവുമായ, മാനുഷികവും മനഃശാസ്ത്രപരവും സാമൂഹികവുമായ പഠനങ്ങളിലേക്കുകൂടി വഴി തുറക്കുന്നു. ജയില്‍ സാഹിത്യം പൊതുവേ, തടവില്‍ കഴിഞ്ഞിരുന്ന കാലത്തോ, അതിന് ശേഷമോ എഴുതപ്പെടുന്നതാണ്. ചിലപ്പോളവ ഭാവനയില്‍ വിരിഞ്ഞതോ യഥാര്‍ഥ അനുഭവങ്ങളെ പ്രതി എഴുതുന്നതോ ആവാം. കഥ, കവിത, നോവല്‍, അനുഭവങ്ങള്‍ എന്നിങ്ങനെ വിവിധ സാഹിത്യ ശാഖകളിലായി അത് വ്യാപിച്ചു കിടക്കുന്നു. തടവറകള്‍ മനുഷ്യരുടെ സ്വാഭാവികമായ ചലനങ്ങളെയും വ്യവഹാരങ്ങളെയും നിയന്ത്രിക്കുകയും തടസ്സപ്പെടുത്തുകയും ചെയ്യുമ്പോഴും അവരുടെ ചിന്താശേഷിയെ, ഓര്‍മകളെ, സ്വപ്നങ്ങളെ, എഴുതാനുള്ള സ്വാതന്ത്ര്യത്തെ അവക്കില്ലാതാക്കാന്‍ കഴിയില്ല. ആരാച്ചാര്‍ തന്റെ കുറ്റകൃത്യത്തിന്റെ അടയാളങ്ങള്‍ മായ്ക്കാനാണ് ശ്രമിക്കുന്നതെങ്കില്‍, തടവുകാരന്‍ അത് ഓര്‍മിപ്പിക്കാനും അധികാര ദുര്‍വിനിയോഗത്തിന്റെ വ്യാപ്തി അടയാളപ്പെടുത്താനും ശ്രമിക്കുന്നു. അവിടെ ഓര്‍മകള്‍ അനിതരസാധാരണമായ ആയുധങ്ങളായി പരിവര്‍ത്തിക്കുന്നു. രാഷ്ട്രീയ തടവറകള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ലോകത്തെല്ലായിടത്തും സമാനമാണെങ്കിലും, അവ സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെയും തടവുകാര്‍ക്ക് വരുത്തുന്ന ദുരിതങ്ങളുടെയും കാര്യത്തില്‍, മധ്യപൗരസ്ത്യ ദേശങ്ങള്‍, സിറിയ, ഇറാഖ്, ഈജിപ്ത്, ലിബിയ, യമന്‍, അള്‍ജീരിയ എന്നീ അറബ് രാജ്യങ്ങള്‍ അവയില്‍ വേറിട്ടുനില്‍ക്കുന്നു. തടവറകളിലെ വന്യതയും ഏകാന്തതയും എഴുത്തിന്റെ ലോകത്തേക്ക് അവരെ കൊണ്ടുപോകുന്നു. രാപകലുകളുടെ മന്ദഗതിയിലുള്ള ചലനങ്ങള്‍ സൃഷ്ടിക്കുന്ന മടുപ്പിനെ മറികടക്കാനുള്ള ഫലപ്രദമായ മാര്‍ഗമാക്കി അവരതിനെ മാറ്റുന്നു. അതിനപ്പുറം, ജീവിതത്തോടുള്ള അഭിവാഞ്ചയും ഒറ്റപ്പെടലിനോടുള്ള പ്രതിരോധവുമായി അവ മാറുന്നു.
ജയിലുകള്‍, അറസ്റ്റുകള്‍, പീഡനങ്ങള്‍ എന്നിവയെക്കുറിച്ചെഴുതുന്നത് മനുഷ്യാവകാശ ലംഘനങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ഉപാധിയാണ്. അനീതികള്‍ മറന്ന് ചെറുത്തുനില്‍ക്കാന്‍ ശ്രമിക്കുന്നവരുടെ നിരന്തര ശ്രമമാണത്, പ്രത്യേകിച്ച് മറ്റു സാക്ഷ്യങ്ങളുടെയും ബദല്‍ വിവരണങ്ങളുടെയും അഭാവത്തില്‍. അറബ് മേഖലയിലെ തടവുകാരുടെ ദുരിതാവസ്ഥകള്‍, മനുഷ്യാവകാശ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റം, മാധ്യമങ്ങളുടെ മേലുള്ള സമ്പൂര്‍ണ നിയന്ത്രണം, പൗരസമൂഹത്തെ ഉപരോധിക്കുകയും നോവലുകള്‍, കഥകള്‍, നാടകരചന, ഓര്‍മക്കുറിപ്പുകള്‍ എന്നിവയ്ക്ക് നിരോധനമേര്‍പ്പെടുത്തുക എന്നിവ അറബ് ലോകത്തെ നിരന്തര കാഴ്ചകളാണ്. ഭരണകൂടത്തിന്റെ കുത്സിത നടപടികളെ തുറന്നു കാട്ടുന്നതില്‍ ഇത്തരം രചനകള്‍ വലിയ പങ്കുവഹിക്കുന്നു. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് സിറിയ.
വിമോചനം തേടുന്ന സിറിയന്‍ പോരാട്ടങ്ങള്‍
അഞ്ചു പതിറ്റാണ്ടിലേറെയായി അസദ് കുടുംബത്തിന്റെ ഏകാധിപത്യത്തിന് കീഴില്‍ ഞെരിഞ്ഞമര്‍ന്നു കഴിയുകയായിരുന്നു സിറിയ. 1970 മുതല്‍ തുടങ്ങിയ അസദ് ഭരണത്തിന് തിരശ്ശീലയിട്ടുകൊണ്ടുള്ള പ്രതീക്ഷാനിര്‍ഭരമായ വാര്‍ത്തകളാണ് സിറിയയില്‍നിന്ന് വന്നുകൊണ്ടിരിക്കുന്നത്. മാനുഷിക ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതും മനുഷ്യത്വരഹിതവുമായ ക്രൂരതകളുടെ കഴിഞ്ഞ 54 വര്‍ഷത്തെ ഇരുണ്ട ചരിത്രത്തിനാണ് പ്രതിപക്ഷ പോരാളികളിലൂടെ അന്ത്യം കുറിച്ചിരിക്കുന്നത്. രണ്ടായിരം വരെ ഹാഫിള് അസദായിരുന്നു ഈ ക്രൂരതകള്‍ക്ക് നേതൃത്വം നല്‍കിയതെങ്കില്‍ ശേഷം അധികാരത്തില്‍ വന്ന പുത്രന്‍ ബശ്ശാറുല്‍ അസദും പിതാവിന്റെ പാത തന്നെയാണ് പിന്തുടര്‍ന്നത്. മുല്ലപ്പൂ വിപ്ലവത്തിന്റെ ചുവടു പിടിച്ച് ബശ്ശാറുല്‍ അസദിന്റെ ഭരണത്തിനെതിരെ പതിമൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച പോരാട്ടത്തിന് പരിസമാപ്തിയായിരിക്കുന്നുവെന്ന് പറയാം.
രണ്ടായിരമാണ്ട് മുതലുള്ള ഏകാധിപത്യ ഭരണവും കൊട്ടാരവും ഉപേക്ഷിച്ച് ബശ്ശാറുല്‍ അസദ് രാജ്യം വിട്ടതോടെ രാജ്യമെങ്ങും ആഘോഷത്തിലാണ്. യുദ്ധവിജയാനന്തരം വിമതസേന ആദ്യമായി ചെയ്തത് സര്‍ക്കാര്‍ ജയിലുകളില്‍ പതിറ്റാണ്ടുകളായി കഴിയുന്ന തടവുകാരെ മോചിപ്പിക്കുകയായിരുന്നു. കരള്‍ പിളര്‍ക്കുന്ന വാര്‍ത്തകളാണ് ഏറ്റവുമൊടുവില്‍പോലും തടവുകാരുടേതായി പുറത്തുവന്നിട്ടുള്ളവ. ഡമസ്‌കസ്, അലപ്പോ, ഹമാത്ത് എന്നിവിടങ്ങളിലെ ജയിലുകളില്‍ വര്‍ഷങ്ങളായി തടവില്‍ കഴിയുന്നവരെല്ലാം മോചിതരായി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തലസ്ഥാന നഗരമായ ഡമസ്‌കസില്‍ നിന്ന് വടക്ക് മുപ്പത് കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന 1987ല്‍ ആരംഭിച്ച സെയ്ദാനിയ തടവറയാണ് ഇതില്‍ ഏറ്റവും കുപ്രസിദ്ധം. ‘മനുഷ്യ അറവുശാല’ എന്ന പേരിലാണ് അത് അറിയപ്പെടുന്നതുതന്നെ. ഏറ്റവും കൂടുതല്‍ രാഷ്ട്രീയ തടവുകാരെ പാര്‍പ്പിച്ചിരുന്നതും ഇവിടെയാണ്. വിപ്ലവത്തെ തുടര്‍ന്ന് എച്ച്.ടി.എസ് സൈദാനിയയിലെ മുഴുവന്‍ തടവുകാരെയും മോചിപ്പിച്ചു.
2011 മാര്‍ച്ചില്‍ വിപ്ലവം അരങ്ങേറുന്നതുവരെ ഒരു അടഞ്ഞ, അജ്ഞാത രാജ്യമായി തുടരുകയായിരുന്നു സിറിയ. ഭരണകൂടത്തിന്റെ ഔദ്യോഗിക ഭാഷ്യങ്ങളല്ലാതെ യാതൊരു വിവരണവും സിറിയക്കാര്‍ക്കോ പുറംലോകത്തിനോ അറിയാന്‍ സാധിച്ചിരുന്നില്ല. മീഡിയകള്‍ക്ക് കര്‍ശനമായ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും മനുഷ്യാവകാശ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കപ്പെടുകയും ചെയ്തു. പക്ഷേ, വിപ്ലവത്തെതുടര്‍ന്ന് രൂപപ്പെട്ട സാമൂഹിക രാഷ്ട്രീയ രംഗത്തെ മാറ്റങ്ങളും തദ്വാരാ പുറത്തു വന്ന ജയില്‍ സാഹിത്യ കൃതികളും സിറിയയിലെ ഭീകരമായ മനുഷ്യാവകാശ കുരുതികളുടെ വ്യാപ്തി ലോകത്തിനു മുന്നില്‍ തുറന്നിട്ടു.
സിറിയന്‍ ജയില്‍ സാഹിത്യ കൃതികള്‍
സിറിയന്‍ ജനതയിലും ലോകസാഹിത്യത്തിലും വലിയ ജനപ്രീതിയുള്ളതായി മാറി. സിറിയന്‍ ജയിലില്‍ സാഹിത്യം അറബ് വസന്തത്തിന്റെ ചുവട് പിടിച്ചുള്ള വിമോചന സമരങ്ങള്‍ക്ക് ഇന്ധനം പകര്‍ന്ന്, അസദ് ഭരണകൂടത്തെ ലോകജനതക്കുമുന്നില്‍ തുറന്നുകാട്ടുന്നതില്‍ സിറിയയില്‍ നിന്നുള്ള ജയില്‍ സാഹിത്യ കൃതികള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മുമ്പ് ആംനസ്റ്റി ഇന്റര്‍നാഷനല്‍, യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്നിങ്ങനെ നിരവധി മനുഷ്യാവകാശ സംഘടനകള്‍ സിറിയയിലെ മനുഷ്യാവകാശ ലംഘനങ്ങളെ സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടെങ്കിലും ഭരണംകൂടം അവക്കെല്ലാം മേല്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു. പിന്നീട് ഈ ക്രൂരകൃത്യങ്ങള്‍ പുറംലോകമറിയുന്നത് ജയില്‍ സാഹിത്യ കൃതികളിലൂടെയായിരുന്നു. എഴുപതുകളിലാണ് സിറിയയില്‍നിന്നുള്ള ജയില്‍ എഴുത്തുകള്‍ക്ക് തുടക്കം കുറിക്കുന്നത്. അതില്‍തന്നെ സ്ത്രീകള്‍ ഈ രംഗത്തേക്ക് കടന്നുവരുന്നത് അതിലും ഒരുപാട് വര്‍ഷങ്ങള്‍ക്കുശേഷമാണ്. വിപ്ലവകരമായ ചലനങ്ങളുണ്ടാക്കിയ ചില സിറിയന്‍ ജയില്‍ സാഹിത്യ കൃതികള്‍ പരിചയപ്പെടാം.

ഭരണകൂട വിമര്‍ശനങ്ങളെ എത്ര ക്രൂരവും നിന്ദ്യവുമായ രീതിയിലാണ് അസദ് കൈകാര്യം ചെയ്തിരുന്നത് എന്ന് വ്യക്തമാക്കുന്നതാണ് മുസ്തഫ ഖലീഫയ എഴുതിയ ‘അല്‍ ഖൗഖഅ’ എന്ന രചന. ഫ്രാന്‍സിലെ പഠന കാലയളവില്‍ നടത്തിയ, അതും വളരെ ക്ലോസ്ഡ് സര്‍ക്കിളില്‍ മാത്രം ഉയര്‍ത്തിയ ഭരണകൂട വിമര്‍ശനങ്ങളെ തുടര്‍ന്ന് നീണ്ട പതിനാറ് വര്‍ഷമാണ് അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടി വന്നത്. ആദ്യത്തെ കുറേ വര്‍ഷങ്ങള്‍ എന്തിനാണ് താന്‍ ഈ ക്രൂരതകള്‍ക്ക് വിധേയനാവുന്നത് എന്നുപോലും അദ്ദേഹത്തിന് അറിയുമായിരുന്നില്ല. റിയാള് മുഅസ്അസിന്റെ ‘ഹമ്മാമു സനൂബിയ’, മുഹമ്മദ് സലീം ഹമ്മാദിന്റെ ‘തദമ്മുര്‍ ശാഹിദുന്‍ വ മശ്ഹൂദ്’, ഖാലിദ് ഫാളിലിന്റെ ‘തദമ്മുറില്‍നിന്ന് ഹാര്‍വാര്‍ഡിലേക്ക്’, അബ്ദുള്ള നാജിയുടെ ‘പാല്‍മിറയിലെ രക്തക്കുഴലുകള്‍’, യഹ്‌യ ഹാജ് യഹ്‌യയുടെ ‘പാല്‍മിറയുടെടെ ചുവരുകളിലെ വിലാപങ്ങള്‍’, അലി അബുദ്ദുഹ്നിന്റെ ‘നരകത്തില്‍ നിന്നുള്ള മടക്കം’, ആറാം കറാബീത്തിന്റെ ‘സിറിയന്‍ ജയിലിലെ ഡയറിക്കുറിപ്പുകള്‍’, കാമില്‍ ഇബ്രാഹിം ഈസയുടെ ‘സിറിയന്‍ തടവറയിലെ നരകത്തീയിലെ പതിനാലു വര്‍ഷങ്ങള്‍’ തുടങ്ങിയ ഡസന്‍ കണക്കിനു കൃതികള്‍ എണ്‍പതുകളിലെ പാല്‍മിറ തടവറകളുടെ ഭീകരമുഖത്തിന്റെ വിവരണങ്ങളാണ്.
അഞ്ച് മിനുട്ടിന് ശേഷം വിട്ടയക്കാം, ഒരു വ്യക്തത വരുത്താന്‍ വേണ്ടിമാത്രമായുള്ള അന്വേഷണമാണ് എന്നു പറഞ്ഞാണ് ഹിബ ദബ്ബാഗയെ അന്വേഷണ സംഘം കൂട്ടിക്കൊണ്ടുപോയത്. പിന്നീട് നീണ്ട ഒന്‍പതു വര്‍ഷം വേണ്ടിവന്നു അവര്‍ക്ക് പുറംലോകം കാണാന്‍. ഇഖ്‌വാന്‍ പ്രവര്‍ത്തകനായ സഹോദരനെ അറസ്റ്റ് ചെയ്യുകയാണ് യഥാര്‍ത്ഥത്തില്‍ അവരുടെ ഉദ്ദേശ്യമെങ്കിലും നാടുവിട്ടോടിപ്പോയ സഹോദരനെ കണ്ടെത്തുന്നതിന് പകരം നിങ്ങളും ഇഖ്‌വാന്‍ പ്രവര്‍ത്തകരാണ് എന്നു പറഞ്ഞാണ് ഹിബ ദബ്ബാഗയെ അറസ്റ്റ് ചെയ്യുന്നത്. ജയിലില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന കൊടിയ അക്രമങ്ങളുടെ നിണം കൊണ്ടെഴുതിയ വരികളാണ് അവരുടെ ‘ഖംസ ദഖാഇഖ് വഹസ്ബു'(അഞ്ച് മിനുട്ട് മാത്രം) എന്ന പുസ്തകം. കണ്ണീരോടെമാത്രമേ അതു വായിക്കാനാവൂ. റോസ യാസീന്‍ ഹസന്‍ തന്റെ ‘നജാതീഫ്’ എന്ന കൃതിയില്‍ പതിനാറ് സ്ത്രീതടവുകാരുടെ ഉള്ളംപൊള്ളിക്കുന്ന അനുഭവങ്ങള്‍ കോറിയിടുന്നുണ്ട്. ഹസീബ അബ്ദുറഹ്‌മാന്റെ ‘ശര്‍നഖ’, മയ്യ് അല്‍ ഹാഫിളയുടെ ‘ഐനുകി അലസ്സഫീനത്തി’ തുടങ്ങിയ രചനകള്‍ സ്ത്രീകള്‍ക്ക് നേരെ ഭരണകൂടം നടത്തിയ ശാരീരികവും മാനസികവുമായ കൊടിയ പീഡനങ്ങളുടെ ഞെട്ടിക്കുന്ന വിവരണങ്ങളാണ്.
എണ്‍പതുകളിലെ സ്ത്രീകളുടെ ജയില്‍വാസം, മിക്കവാറും ഭരണകൂട വിമര്‍ശനം ഉയര്‍ത്തിയതിന്റെ പേരിലോ സമരങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചതിന്റെ പേരിലോ ആയിരുന്നില്ല. മറിച്ച് പിതാക്കന്മാരോ ഭര്‍ത്താക്കന്മാരോ സഹോദരങ്ങളോ മറ്റോ ഇസ് ലാമിസ്റ്റ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ സ്ത്രീകള്‍ ഇരയാക്കപ്പെടുകയായിരുന്നു. പിന്നീട് ഈ പ്രവണത വ്യാപകമായതോടെയാണ് സ്ത്രീകളും സമരരംഗത്തേക്ക് കടന്നുവന്നത്. മറ്റൊരു ശ്രദ്ധേയമായ കാര്യം, അന്നത്തെ ഭരണകൂട വിമര്‍ശനങ്ങള്‍ പൊതുവേ രഹസ്യ സ്വഭാവമുള്ളവയായിരുന്നു എന്നതാണ്. എന്നാല്‍ 2011 ലെ വിപ്ലവത്തെ തുടര്‍ന്ന് ഇത്തരം സംഘടനകള്‍ പരസ്യമായിത്തന്നെ ഭരണകൂട വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. സ്ത്രീകളും ഈ സമരങ്ങളുടെ ഭാഗമായി. പൊതുസമൂഹം സൃഷ്ടിച്ച മൊറാലിറ്റിയുടെ തടവറയും ഭരണകൂടം നിര്‍മിച്ച സ്വാതന്ത്ര്യ നിഷേധത്തിന്റെ തടവറയും സ്ത്രീകള്‍ക്ക് ഒരേസമയം നേരിടേണ്ടി വന്നു.
നോവലുകള്‍, ഓര്‍മക്കുറിപ്പുകള്‍, കഥകള്‍, നാടകങ്ങള്‍, കവിതകള്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായി സിറിയന്‍ തടവറകളെ ആവിഷ്‌കരിച്ച നിരവധി രചനകള്‍ തുടര്‍ന്നും പുറത്തുവന്നു. നൂറിലധികം നോവലുകള്‍മാത്രം ഇതുവരെയും എഴുതപ്പെട്ടു. സിറിയന്‍ കവിയും തടവുകാരനുമായിരുന്ന ഫറജ് ബൈറാഖദീര്‍ സൂചിപ്പിച്ചപോലെ ‘ലോകത്തുതന്നെ ഏറ്റവുമധികം ജയില്‍ സാഹിത്യ കൃതികളുടെ ഭൂമിയായി ഭാവിയില്‍ സിറിയ ചരിത്രത്തില്‍ അടയാളപ്പെടും.’ 2011 ലെ വിപ്ലവത്തിനുശേഷം പ്രസിദ്ധീകരിച്ച നോവലുകളെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ തടങ്കലുകളും മനസാക്ഷിയുടെ തടവറകളും കൈകാര്യം ചെയ്യുന്നത് വളരെ സ്വാഭാവിക പ്രക്രിയയാണ്. കാരണം, 2011 മാര്‍ച്ച് മുതല്‍ അര ദശലക്ഷത്തിലധികം സിറിയക്കാര്‍ അറസ്റ്റിലായിട്ടുണ്ട്. സമര്‍ യാസ്ബെകിന്റെ ‘തഖാതുഉ നീറാന്‍’ ആണ് ഇതില്‍ ആദ്യത്തേത്. നബീല്‍ സുലൈമാന്റെ ‘ഇരുണ്ട ലോകം’, ദീമ വനൂസിന്റെ ‘ഭയം’, ഫവാസ് ഹദ്ദാദിന്റെ ‘ദ എനിമി സിറിയസ്’, ഖാലിദ് ഖലീഫയുടെ ‘മരണം ഒരു ദുഷ്‌കരമായ പ്രവൃത്തി’, ഖലീല്‍ സുവൈലിഹിയുടെ ‘ബര്‍ബേറിയന്‍സ് പാരഡൈസ്’ തുടങ്ങിയ രചനകള്‍ രാഷ്ട്രീയ തടവുകാര്‍ക്ക് നേരെയുള്ള മര്‍ദനമുറകളെ സംബന്ധിച്ചുള്ള ഹൃദയം പകുക്കുന്ന വിവരണങ്ങളാണ്. സിറിയന്‍ ജയില്‍ സാഹിത്യ കൃതികള്‍ സിറിയന്‍ ഭരണകൂടത്തിന്റെ മനുഷ്യത്വവിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെ ചരിത്രരേഖകളാണ്. ഭരണകൂട താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍വേണ്ടി മറച്ചുവെക്കപ്പെട്ട വസ്തുതകളെ സിറിയന്‍ ജനതക്കുമുന്നില്‍ അവതരിപ്പിച്ച, ആധുനിക സിറിയന്‍ ചരിത്രത്തിലെ അപ്രത്യക്ഷമായി പോകുമായിരുന്ന ഒരു കാലഘട്ടത്തെ അപൂര്‍വധൈര്യത്തോടെ അടയാളപ്പെടുത്തിയ ചരിത്ര സാക്ഷ്യങ്ങളാണത്. ലോകത്തെ ഏറ്റവും മോശപ്പെട്ട ജയില്‍ എന്ന് വിശേഷിപ്പിക്കാവുന്ന സിറിയന്‍ തടവറകളുടെ ഭീകരമായ ചിത്രങ്ങള്‍ അനാവരണം ചെയ്യുന്നതില്‍ ഇത്തരം രചനകള്‍ വലിയ അളവില്‍ വിജയിച്ചിട്ടുണ്ട്.
സൈദ്ധാന്തികനായ ഹന്ന ആരെന്റ് വ്യക്തമാക്കുന്നതുപോലെ ‘മാനുഷിക വികാരങ്ങളെ ഇല്ലാതാക്കുകയും വിധേയത്വവും അപമാനവും പ്രാപ്തമാക്കുകയും ചെയ്യുന്നതാണ് സിറിയന്‍ ജയിലുകളിലെ പീഡന മുറകള്‍’. അത്തരം പീഡനമുറകളുടെ ദൃശ്യാവിഷ്‌കാരമാണ് 2015 ല്‍ സീസര്‍ പകര്‍ത്തിയ ഭീകരമായ ചിത്രങ്ങള്‍. 2011 സെപ്റ്റംബറിനും 2015 ഡിസംബറിനും ഇടയില്‍ 5000-13000 പേര്‍ വധിക്കപ്പെട്ടതായാണ് ആംനസ്റ്റി ഇന്റര്‍നാഷനല്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് പറയുന്നത്. വളരെക്കാലം രഹസ്യമായിരുന്ന സിറിയയിലെ ഏറ്റവും കുപ്രസിദ്ധമായ സൈദാനിയ ജയിലിലെ ഞെട്ടിക്കുന്ന വിവരണങ്ങള്‍ പുറത്ത് വന്നത് ഇത്തരം രചനകളിലൂടെയാണ്.
സിറിയന്‍ ജയില്‍ സാഹിത്യത്തെ സംബന്ധിച്ചിടത്തോളം അത് മുന്നോട്ടുവെക്കുന്ന ധാരാളം ചോദ്യങ്ങള്‍ ഏറെ പ്രസ്‌ക്തമാണ്. അറബ് ലോകത്തെ സ്വേച്ഛാധിപത്യത്തിന്റെയും ഏകാധിപത്യത്തിന്റെയും ഫലമായി രൂപപ്പെട്ട പൗരസ്വാതന്ത്ര്യനിഷേധത്തെ ആവിഷ്‌കരിക്കാന്‍ ജയില്‍ സാഹിത്യത്തിന് എത്രത്തോളം സാധ്യമായി? ആ കാലഘട്ടത്തിലെ സാമൂഹികവ്യവഹാരങ്ങളെ ആഴത്തില്‍ മുറിവേല്‍പ്പിച്ച ഭരണകൂടത്തിന്റെ കിരാത നടപടികളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും നീതിനിഷേധത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകരാനും ഇത്തരം രചനകള്‍ക്ക് കഴിഞ്ഞോ? മുറിവുകളെ ആവിഷ്‌കരിക്കുന്ന രചനകള്‍ക്ക് എത്രത്തോളം ആസ്വാദ്യകരമായി വായനക്കാരെ സ്വാധീനിക്കാന്‍ കഴിയും? ഇത്തരം എഴുത്തുകള്‍ സത്യത്തോട് എത്രത്തോളം നീതി പുലര്‍ത്തുന്നു? ഭരണകൂടത്തിന്റെ ഔദ്യോഗികഭാഷ്യങ്ങളെ മുഴുവന്‍ നിഷേധിക്കുന്ന പ്രവണത പുലര്‍ത്തുന്ന രചനകള്‍ രാഷ്ട്രത്തിന്റെ പൊതുവായ സുരക്ഷിതത്വം, സമാധാനപാലനം തുടങ്ങിയ നടപടികളെ ഏത് രീതിയിലാണ് സമീപിക്കുന്നത്? മതം, ജെന്‍ഡര്‍ എന്നിവ ഇതില്‍ ഏതു രീതിയിലാണ് അവയുടെ റോളുകള്‍ നിര്‍വഹിച്ചത്? ജയിലിനകത്തും പുറത്തും സ്ത്രീകള്‍ ഈ അനുഭവത്തെ എങ്ങനെയാണ് പ്രതിനിധീകരിച്ചത്? ജയില്‍മോചിതനായ ശേഷവും തടവുകാരനെ വേട്ടയാടുന്ന സദാചാര തടവറകളെ എങ്ങനെയാണ് എഴുത്തുകാര്‍ അതിജീവിച്ചത്? ജയില്‍ സാഹിത്യം അത് മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ നേടിയെടുക്കുന്നതില്‍ എത്രത്തോളം വിജയിച്ചു? തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കുകൂടി ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ബശ്ശാറുല്‍ അസദിന്റെ പതനത്തോടെ സിറിയയില്‍ നടക്കുന്ന രാഷ്ട്രീയ മാറ്റങ്ങള്‍ ആ ജനതയുടെ പ്രതീക്ഷകള്‍ക്ക് എത്രത്തോളം കരുത്തു പകരും എന്നത് ഇനിയും കാത്തിരുന്നു കാണേണ്ടതാണ്.
തൂഫാനുല്‍ അഖ്സക്ക് ശേഷം മേഖലയിലുണ്ടായ രാഷ്ട്രീയ നീക്കങ്ങളും ഇസ്രായേലിന്റെ സിറിയന്‍ ആക്രമണവും പുതിയ പോര്‍മുഖങ്ങള്‍ തുറന്നിട്ടിരിക്കുകയാണ്. അസദിന്റെ ഏകാധിപത്യത്തിനെതിരെ നേടിയ വിജയം സയണിസത്തിനെതിരെ കൂടി ആവര്‍ത്തിച്ചാല്‍ മാത്രമേ സിറിയയില്‍ സമാധാനത്തിന്റെ പുലരികള്‍ സാധ്യമാവൂ.
Add comment