Thelicham

നെക്രോ-പൊളിറ്റിക്‌സും ഹിംസയും

ചരിത്രം നമ്മെ ഓരോരുത്തരേയും മുറിവേല്‍പ്പിക്കുന്നുണ്ട്. വംശീയത, ജാതീയത, വര്‍ഗീയത, അസമത്വം എന്നിങ്ങനെയുള്ള ആഴമേറിയ മുറിവുകളാണവ. ദൃശ്യവും അദൃശ്യവുമായ മുറിവുകള്‍. ഏല്‍ക്കേണ്ടി വന്നിട്ടും തിരിച്ചറിഞ്ഞിട്ടില്ലാത്ത മുറിവുകള്‍. ഒരിക്കലും നിര്‍ണയിക്കപ്പെടാത്ത, ശുശ്രൂഷിക്കപ്പെടാത്ത മാനസികവും ശാരീരികവുമായ മുറിവുകളാണവ. അത്തരം മുറിവുകളുമായി ജീവിക്കുന്ന മനുഷ്യരുടെ ജീവിതം ഹിംസാത്മകമാണ് – യുദ്ധസമാനവും.

റഷ്യയും ഉക്രൈനും തമ്മില്‍, മ്യാന്മറില്‍ ഭരണകൂടവും സായുധ ഗ്രൂപ്പുകളും തമ്മില്‍, യമനില്‍ ഭരണകൂടവും ഹൂതി സായുധപോരാളികളും തമ്മില്‍, ഇസ്രായേലും ഫലസ്തീനും തമ്മില്‍, സിറിയയിലെ അഭ്യന്തര യുദ്ധങ്ങള്‍, കശ്മീരിലെ ഏറ്റുമുട്ടലുകള്‍, ബസ്തറിലെ ഏറ്റുമുട്ടലുകള്‍, മണിപ്പൂരിലെ സംഘര്‍ഷങ്ങള്‍, സോമാലിയയിലെ ആഭ്യന്തര യുദ്ധങ്ങള്‍ എന്നിങ്ങനെ വാര്‍ത്തകളാകുന്നവ മുതല്‍ വാര്‍ത്തകളില്‍ ഇടം നേടാതെ പോയ എത്രയോ യുദ്ധങ്ങള്‍. എല്ലാ മനുഷ്യജീവനും ഈ ഭൂമിയില്‍ ഒരേ മൂല്യമല്ല, ഒന്നിന് മുകളില്‍ ഒന്നായി ശ്രേണീകരിക്കപ്പെട്ട മനുഷ്യജീവിതങ്ങളില്‍ ചിലരുടെ ജീവന്‍ വിലയേറിയതാണ്, ചിലരുടെ ജീവന്‍ മൃഗങ്ങള്‍ക്കും താഴെ. ഇന്നിന്റെ മനുഷ്യ ജീവിതം ഹിംസാത്മകമാണ് – യുദ്ധസമാനവും.

ഹിംസയുടെ പ്രയോഗത്തിനും, രാഷ്ട്രീയത്തിനും ഉദാഹരണങ്ങള്‍ ധാരാളം ഇന്ന് കണ്ടെത്താം. മെഷീനുകളുടെയും, ടെക്നോളോജികളുടെയും സഹായത്തോടെ മനുഷ്യ ശരീരത്തിന് മേല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് ലവലേശം പരിധിയില്ല. ഭൂരിപക്ഷ ജനവിഭാഗങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു മേല്‍ നടത്തുന്ന ആധിപത്യം ആഗോള രാഷ്ട്രീയ ഘടനയിലെ അടിസ്ഥാന തത്ത്വമായി ഇന്ന് പരിണമിച്ചിരിക്കുന്നു. ന്യൂനപക്ഷത്തിന്റെ ജനസംഖ്യ കൂടുന്നുവോ? അതോ കുറയുന്നുവോ? അഭയാര്‍ത്ഥികളുടെ എണ്ണം കൂടുന്നുവോ? അവര്‍ നിയന്ത്രണമില്ലാതെ പെറ്റു പെരുകുന്നുവോ? പ്രാചീന ഗോത്രങ്ങള്‍ വംശീയ വേര്‍തിരിവുകളെ കണ്ടെത്തുകയും മനസ്സിലാക്കുകയും ചെയ്യുന്ന യുക്തിയില്‍ ജനാധിപത്യം പ്രവര്‍ത്തിക്കുമ്പോള്‍ അടിമുടി വംശീയമായി രാഷ്ട്രീയത്തെ കാണുന്ന മനുഷ്യര്‍ നേതാക്കളായി കടന്നുവരും.

ലിബറല്‍ ജനാധിപത്യവ്യവസ്ഥയില്‍ അവര്‍ മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരം നേടും. അതിര്‍ത്തികള്‍ ശക്തമാക്കിയും, മനുഷ്യരുടെ സ്വതന്ത്രമായ യാത്രകള്‍ക്ക് തടസങ്ങള്‍ തീര്‍ത്തും, വംശീയ ശുദ്ധി കാത്തുസൂക്ഷിക്കുവാന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയും, പരമാവധി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുവാന്‍ സ്ത്രീകളോട് ആവശ്യപ്പെട്ടും, അവര്‍ ഭരണം തുടരും. ഭാവിയില്‍ ഭരിക്കേണ്ട ജനവിഭാഗത്തെ നിര്‍മിച്ചെടുക്കേണ്ട പ്രവര്‍ത്തി കൂടിയാണ് ഇന്നിന്റെ രാഷ്ട്രീയപ്രവര്‍ത്തനം . ആഴത്തില്‍ പരിശോധിച്ചാല്‍ യുദ്ധത്തിന്റെയും, വംശീയ ഉന്മൂലനത്തിന്റെയും, അധികാരത്തിന്റെയും, ഹിംസയുടെയും, പ്രാചീന ഗോത്രയുക്തിയുടെയും ഭാഷ ഇന്നിന്റെ ജനാധിപത്യത്തിലും രാഷ്ട്രീയത്തിലും തെളിയുന്നു.

ചരിത്രകാരന്‍ അഷീല്‍ എംബേമ്പേ മനസിലാക്കുന്ന ഇന്നിന്റെ രാഷ്ട്രീയ ലോകം യുദ്ധസമാനവും ഹിംസാത്മകവുമാണ് – ‘നെക്രോ പൊളിറ്റിക്സ്’ എന്ന പേരില്‍ അദ്ദേഹം ആ രാഷ്ട്രീയത്തെ നിര്‍വചിക്കുന്നു. ഈ ലോകത്ത് ആര് ജീവിക്കണം? ആര് മരിക്കണം? എന്ന് തീരുമാനം എടുക്കുന്ന അധികാരം, ‘നെക്രോ-പൊളിറ്റിക്സി’ലൂടെ ഓരോ അധികാരിയും നേടുന്നു. സ്വാതന്ത്ര്യം, മനുഷ്യാവകാശം, പുരോഗതി, സമാധാനം എന്നിവയൊന്നുമല്ല നെക്രോ പൊളിറ്റിക്സില്‍ പ്രധാനം – മനുഷ്യശരീരത്തിനു മേലും, മനുഷ്യ ജീവിതത്തിനുമേലും നേടാന്‍ സാധ്യമായ സമ്പൂര്‍ണ അധികാരമാണ് ആ രാഷ്ട്രീയവീക്ഷണത്തിന്റെ അടിത്തറ.

മിഷേല്‍ ഫൂക്കോ മുന്നോട്ട് വെച്ചിരുന്ന ‘ബയോ-പവര്‍’ എന്ന ആശയത്തിന്റെ ക്രിയാത്മകമായ വികാസമാണ് എംബെമ്പേയുടെ നെക്രോ-പൊളിറ്റിക്സ്. ആധുനിക ലോകത്ത് മനുഷ്യ ശരീരത്തിനുമേല്‍ ആധുനിക വൈദ്യവും, ഭരണകൂടവും നേടുന്ന പരമാധികാരം ഫൂക്കോയുടെ പ്രധാന കണ്ടെത്തലുകളില്‍ ഒന്നായിരുന്നു. ‘ബയോ-പവര്‍’ നോടൊപ്പം എംബെമ്പേ ഇറ്റാലിയന്‍ തത്ത്വചിന്തകനായ അഗമ്പന്റെ ‘അസാധാരണത്വം’ എന്ന ഭരണകൂടപ്രഖ്യാപനത്തെ കൂടി ചേര്‍ത്ത് നിറുത്തി. അഗമ്പന്‍ ‘അസാധാരണത്വ’ ത്തെ കണ്ടെത്തിയത് മഹാമാരിയുടെ കാലത്താണ്. കോറോണയുടെ വ്യാപനകാലത്ത് ലോകത്തുള്ള എല്ലാ ഭരണകൂടങ്ങളും രോഗത്തിന്റെ വ്യാപനം തടയണമെന്ന പേരില്‍ മനുഷ്യരുടെ അവകാശങ്ങള്‍ക്കുമേല്‍ നിയന്ത്രണം വരുത്തി.

രാജ്യാതിര്‍ത്തികള്‍ അടച്ചും, മനുഷ്യരുടെ യാത്രകളെ തടഞ്ഞും അവര്‍ അധികാരം പ്രകടിപ്പിച്ചു. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളുടെ പ്രദര്‍ശനം നിര്‍ബന്ധമാക്കിയതോടെ, വാക്സിന്‍ എടുക്കാത്ത മനുഷ്യര്‍ക്ക് യാത്ര ചെയ്യുവാന്‍ കഴിയില്ല എന്നായി. വാക്സിന്‍ എടുക്കുവാന്‍ നിര്‍ബന്ധിതരായവര്‍ സ്വന്തം ശരീരത്തിനുമേലുള്ള അധികാരം ഭരണകൂടത്തിന് മുന്‍പില്‍ പൂര്‍ണമായും അടിയറവ് വെച്ച കാലമായിരുന്നു അത്. രോഗവ്യാപനം എന്ന അസാധാരണ അവസ്ഥയെ മുന്‍നിര്‍ത്തി ഭരണകൂടം സര്‍വ അധികാരങ്ങളും മനുഷ്യനു മേല്‍ പ്രവര്‍ത്തിക്കുന്ന ചരിത്രപശ്ചാത്തലം അഗമ്പന്‍ ഭയത്തോടെയാണ് വിശദീകരിച്ചത്. ഭരണകൂടത്തിന്റെ നടപടികളില്‍ ഒപ്പം നില്‍ക്കാത്തവര്‍ രാജ്യദ്രോഹികള്‍ ആവുന്ന അവസ്ഥ അഗമ്പന്‍ ഭയപ്പാടോടെയാണ് വിശദീകരിച്ചത്.

ഇന്ത്യയില്‍ ആ കാലഘട്ടത്തില്‍ പൗരത്വഭേദഗതി ബില്ലിനെതിരെ വളരെ വലിയ പ്രതിഷേധങ്ങങ്ങള്‍ നടക്കുകയായിരുന്നു. രോഗവ്യാപനം മുന്‍നിര്‍ത്തി ഭരണകൂടങ്ങള്‍ സമരങ്ങളെയും, പ്രതിഷേധങ്ങളെയും അടിച്ചമര്‍ത്തി. രോഗനിയന്ത്രണം എന്ന പേരില്‍ അധികാരം കൈയിലെടുക്കുമ്പോള്‍ ഭരണകൂടം സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഓരോ മനുഷ്യനെയും ഭയപ്പെടുത്തുന്നു. എംബെബേ ഭരണകൂടങ്ങളുടെ അസാധാരണത്വം കണ്ടെത്തുന്നത്, ‘തീവ്രവാദം ചെറുക്കുക, അതിര്‍ത്തി സംരക്ഷിക്കുക, നിയമം പാലിക്കുക’ എന്നിങ്ങനെയുള്ള ഭരണകൂടത്തിന്റെ ‘അസാധാരണത്വ അവസ്ഥയെ’ കുറിച്ചുള്ള പ്രഖ്യാപനങ്ങളിലാണ്. അത്തരം പ്രഖ്യാപനങ്ങള്‍ നടത്തിയ ഇടങ്ങളില്‍ പിന്നീടങ്ങോട്ട് നിയമങ്ങളോ, മനുഷ്യാവകാശങ്ങളോ ബാധകമല്ല. ഭരണകൂടത്തിന്റെ സര്‍വ്വ അധികാരങ്ങളും പ്രയോഗിക്കുവാന്‍ കഴിയുന്ന ഇടങ്ങളായി അതിര്‍ത്തികളും, യുദ്ധഭൂമികളും, പ്രശ്‌നബാധിത മേഖലകളും മാറുന്നു.

ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്ന നടപടികളില്‍ തുടങ്ങി മനുഷ്യര്‍ ഒരുമിച്ച് കൂടുന്നതിന് വരെ നിരോധനം ഏര്‍പ്പെടുത്തുന്ന ഭരണകൂടത്തിന്റെ അസാധാരണത്വത്തെ മുന്‍നിര്‍ത്തിയുള്ള നടപടികള്‍ ധാരാളമാണ്. ആദിവാസികളും, തദ്ദേശീയ ജനവിഭാഗങ്ങളും, ന്യൂനപക്ഷങ്ങളും ജീവിക്കുന്നത് അത്തരം മരണഭൂമികയിലാണെന്നാണ് (Death worlds) എംബെമ്പേയുടെ അഭിപ്രായം. ഫലസ്തീനീ ജനതയുടെയും, കേരളത്തിലെ തോട്ടം തൊഴിലാളികളുടെയും, ആദിവാസി ജനവിഭാഗങ്ങളുടെയും, കീഴാളരെന്നും ന്യൂനപക്ഷമെന്നും വിളിക്കാവുന്ന അനേകം മനുഷ്യരുടെയും ജീവിതങ്ങളെ എംബെമ്പേ കണ്ടെത്തുന്നത് മരണഭൂമികയിലാണ്.

മരണഭൂമികയിലെ ജീവിതങ്ങള്‍ അതീവ ലോലമാണ്, അവര്‍ ഭരണകൂട ഭീകരതക്കോ, ആള്‍ക്കൂട്ടഭീകരതക്കോ ഏതു നിമിഷവും ഇരകളാകാം. ഭരണകൂടത്തിന്റെയും, ഭരണകൂടത്തിന് ഏറ്റവും പ്രിയപ്പെട്ട പൗരസമൂഹത്തിന്റെയും ചൂഷണം അനുഭവിക്കുന്നവര്‍ വംശീയ ഉന്മൂലനമാണ് നേരിടുന്നത്. അവരുടെ സംസ്‌ക്കാരവും മതവും അപരമായി നില്‍ക്കുന്നത് ലിബറല്‍ ജനാധിപത്യത്തിന്റെ പൂര്‍ണമായ പരാജയത്തിനു മേലാണ്. രാഷ്ട്രീയ യുദ്ധത്തില്‍ മുറിവേറ്റവരാണ് അവര്‍ – പരാജയപെട്ടവര്‍.

ജീവിതത്തിനും മരണത്തിനുമിടയിലായി ജീവിക്കുന്ന (Living dead) മനുഷ്യരായാണ് എംബെമ്പേ അവരെ മനസ്സിലാക്കുന്നത്. ”രാഷ്ട്രീയത്തെ യുദ്ധമായി കണ്ട് മനസിലാക്കുവാന്‍ ശ്രമിക്കുമ്പോള്‍ നാം ചോദിക്കേണ്ട ചോദ്യം ആ രാഷ്ട്രീയത്തില്‍ ജീവിതത്തിന്, മരണത്തിന്, മനുഷ്യശരീരത്തിന് എവിടെയാണ് സ്ഥാനം എന്നതാണ്? പ്രത്യേകിച്ച് ആ യുദ്ധത്തില്‍ പങ്കെടുത്ത് മുറിവേറ്റ് നില്‍ക്കുമ്പോഴോ, മരിച്ച് വീഴുമ്പോഴോ ഒക്കെ”.ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ രാഷ്ട്രീയം ഏതാണ്ട് പൂര്‍ണമായും യുദ്ധത്തിന്റെ നിയമങ്ങള്‍ പാലിക്കുന്ന വ്യവസ്ഥയായി മാറിയിട്ടുണ്ട്. ശത്രുവിന്റെ (അപരന്റെ) പൂര്‍ണമായ ഉന്മൂലന മല്ലാതെ രാഷ്ട്രീയത്തില്‍ നാം മറ്റൊന്നും ആഗ്രഹിക്കുന്നില്ല.

”നാമൊരു വൃത്തം വരക്കുമ്പോള്‍ ആ വൃത്തത്തിനുള്ളില്‍ ഉള്‍പ്പെടുത്തേണ്ടവരെയാണോ, വൃത്തത്തിന് വെളിയില്‍ നിര്‍ത്തേണ്ടവരെയാണോ ആദ്യം നിര്‍വചിക്കുക?” ആരെയൊക്കെ വെളിയില്‍ നിര്‍ത്തണമെന്ന തീരുമാനം ആദ്യമേ എടുത്താല്‍ കാര്യങ്ങള്‍ എളുപ്പമാണ്. അതിര്‍ത്തിയിലെ ശത്രുക്കള്‍ ആരൊക്കെ, നുഴഞ്ഞുക്കയറ്റക്കാര്‍ ആരൊക്കെ, അപരിചിതര്‍ ആരൊക്കെ എന്നുള്ള തീരുമാനങ്ങള്‍ ആദ്യമേ എടുത്താല്‍ വൃത്തത്തിനുള്ളില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ നിര്‍വചനം എളുപ്പമാവും.

പണ്ടത്തെ അപരന്‍ നീഗ്രോയോ, ജൂതനോ ആയിരുന്നെങ്കില്‍, ഇന്നത്തെ അപരന്‍ ഒരു വിദേശിയോ, അറബ് വംശജനോ, അഭയാര്‍ത്ഥിയോ, കുടിയേറ്റക്കാരനോ, ഇസ്ലാമോ, മുസ്ലിം വംശജനോ, കീഴാളനോ, ആദിവാസിയോ ആണ്. ”ഒരു ശത്രുവിന് വേണ്ടിയുള്ള, വര്‍ണ്ണ വിവേചനത്തിന് വേണ്ടിയുള്ള, ഉന്മൂലനത്തിനു വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹത്തെ അപരത്വ നിര്‍മ്മാണത്തിലേക്ക് കടത്തി വിടുന്ന രാഷ്ട്രീയം”. അതാണ് നെക്രോ-പൊളിറ്റിക്സ്.

ഏത് കാലത്താവും വംശീയവും, ഹിംസാത്മകവുമായ ഈ രാഷ്ട്രീയവീക്ഷണം ലോകത്ത് പ്രബലമായത്? കൊളോണിയല്‍ വിരുദ്ധ സമരങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് അത്തരമൊരു രാഷ്ട്രീയത്തെക്കുറിച്ച് പ്രധാനപ്പെട്ട കണ്ടെത്തലുകള്‍ നടത്തിയത് ഫ്രാന്‍സ് ഫാനോന്‍ ആയിരുന്നു. ഫ്രാന്‍സിന്റെ കൊളോണിയല്‍ ഭരണത്തിനെതിരെ സായുധവിപ്ലവം നടത്തുന്ന അള്‍ജീരിയന്‍ ജനതയെ ഫ്രാന്‍സ് ഫാനോന്‍ മനഃശാസ്ത്രപഠനങ്ങള്‍ക്ക് വിധേയമാക്കി. ഫ്രഞ്ച് ജനത അള്‍ജീരിയന്‍ ജനതയോട് കാട്ടുന്നത് അപരനോടുള്ള ഭയവും, വിരോധവും, ശത്രുതയുമായിരുന്നു. ഫ്രഞ്ച് വിപ്ലവത്തിന്റെ കാതലായ ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്നീ മുദ്രാവാക്യങ്ങള്‍ ഫ്രഞ്ച് മണ്ണ് കടന്നാല്‍ ഫ്രഞ്ച് പൗരന്മാര്‍ മറക്കുന്നു.

അള്‍ജീരിയന്‍ മണ്ണില്‍ അവര്‍ കൊളോണിയല്‍ അധികാരികളാണ്. കറുത്ത വംശജനെ അവര്‍ സമന്മാരായോ, സഹോദരരായോ കാണുന്നില്ല. ഫ്രഞ്ച് വിപ്ലവ ആശയങ്ങളെ ആരാധിച്ചിരുന്ന ഫാനോനെ ഈ വൈരുധ്യം വല്ലാതെ അലട്ടി. തങ്ങള്‍ക്ക് അറിയാത്ത, തങ്ങള്‍ക്ക് മനസിലാക്കുവാന്‍ സാധിക്കാത്ത ഒരു അപരത്വത്തെ നിയന്ത്രിക്കുക, അടിച്ചമര്‍ത്തുക, ഭരിക്കുക എന്ന കൊളോണിയല്‍ നയം അള്‍ജീരിയന്‍ മണ്ണില്‍ ഫ്രഞ്ച് ഭരണകൂടം നടപ്പിലാക്കി. കറുത്ത തൊലിയും, ഇസ്ലാമും, അള്‍ജീരിയന്‍ ജീവിതരീതിയും അവര്‍ അപരമായി കണ്ടു. തങ്ങള്‍ അപരരായി കണ്ടെത്തുന്ന ജനവിഭാഗങ്ങളെ കൊളോണിയല്‍ അധികാരികളുടെ സംസ്‌ക്കാരത്തിലേക്ക് മാറ്റുക എന്ന രാഷ്ട്രീയപ്രവര്‍ത്തി അവര്‍ യൂറോപ്പിന് ലോകത്തോടുള്ള ഉത്തരവാദിത്വമായി കണ്ട് പ്രചരിപ്പിച്ചു (White man’s burden).

അപരന്റെ ജീവിതം എങ്ങനെയാവണം? അവന്റെ / അവളുടെ മരണം എങ്ങനെയാവണം? എന്നിങ്ങനെയുള്ള തീരുമാനങ്ങള്‍ എടുക്കുവാന്‍ സാധ്യമാകുന്നിടത്ത് പരമാധികാരം (sovereignty) കണ്ടെത്തുന്ന രാഷ്ട്രീയം കൊളോണിയല്‍ കാലഘട്ടത്തില്‍ രൂപംകൊണ്ടു. രാഷ്ട്രീയത്തെ പരമാധികാരത്തിന് വേണ്ടിയുള്ള അന്വേഷണമായി നിര്‍വചിക്കുന്നതിന് സമാന്തരമായി വെളുത്ത വംശജരുടെ കുടിയേറ്റം ആരംഭിച്ചു. ആധുനിക ലോകത്തിന്റെ ആരംഭം ലോകത്താകമാനം യൂറോപ്യന്‍ ജനവിഭാഗങ്ങളുടെ കടന്നുകയറ്റത്തില്‍ നിന്നാണ് തുടങ്ങുന്നത്.

ജനാധിപത്യം ലോകത്താകമാനം വ്യാപിപ്പിക്കുന്നു എന്ന ന്യായീകരണത്തില്‍ ആഫ്രിക്ക പോലുള്ള വിലമതിക്കാനാവാത്ത ഇടങ്ങളെ അവര്‍ ചൂഷണത്തിന് വിധേയമാക്കി. തദ്ദേശ ജനവിഭാഗങ്ങളെ ഉന്മൂലനം ചെയ്യുകയും, സ്വത്തുവകകള്‍ കൊള്ളയടിക്കുകയും ചെയ്തപ്പോള്‍ അവര്‍ അതാത് കോളനികളില്‍ ആധുനിക ഭരണകൂടങ്ങളേയും നിര്‍മിച്ചു. വാള്‍ട്ടര്‍ റോഡിനിയെ പോലുള്ള ചരിത്രകാരന്മാര്‍ യൂറോപ്പിന്റെ ചൂഷണപദ്ധതികളെ സാമ്പത്തികശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ അവതരിപ്പിക്കുകയുണ്ടായി.

ചൂഷണത്തിനും, വംശീയ ഉന്മൂലനത്തിനും വേണ്ടി വളര്‍ത്തിയെടുത്ത യൂറോപ്യന്‍ ഭരണകൂടരൂപങ്ങള്‍ തന്നെയാണ് ഇന്ന് എല്ലാ ലിബറല്‍ ജനാധിപത്യ രാജ്യങ്ങളിലും നിലനില്‍ക്കുന്നത്. കൊളോണിയല്‍ ചൂഷണത്തിന്റെയും, വംശീയ ഉന്മൂലനത്തിന്റെയും പൈതൃകം കാത്തുസൂക്ഷിക്കുന്ന ജനാധിപത്യവ്യവസ്ഥകള്‍ ഇന്നും തങ്ങളുടേതായ കോളനികളേയും, അപരസമൂഹങ്ങളേയും നിര്‍മിച്ചു കൊണ്ടിരിക്കുന്നു. അഷീല്‍ എംബെമ്പേ മുന്നോട്ടു വെക്കുന്ന ‘നെക്രോ-പൊളിറ്റിക്സ്’ എന്ന ആശയം കൊളോണിയല്‍ പാരമ്പര്യം നിലനിര്‍ത്തുന്ന ജനാധിപത്യ വ്യവസ്ഥയെക്കുറിച്ചുള്ള വിമര്‍ശനത്തിലേക്കാണ് നമ്മെ നയിക്കുന്നത്. ‘യുദ്ധ’മാണ് ഈ രാഷ്ട്രീയത്തിന്റെ പ്രയോഗം. അത്തരം യുദ്ധങ്ങള്‍ സാമ്പത്തിക ലാഭം കൊയ്യുമ്പോള്‍, ഒരു സാമ്പത്തിക വ്യവസ്ഥ തന്നെ രൂപം കൊള്ളുന്നു – ‘നെക്രോ-ഇക്കോണമി’. നെക്രോ-പൊളിറ്റിക്സിലും, നെക്രോ-ഇക്കണോമിയിലും ഊന്നിയുള്ള അധികാരനേട്ടത്തെ ‘നെക്രോ – പവര്‍’ എന്ന് മനസിലാക്കാം.

ആഫ്രിക്കന്‍ ചരിത്രത്തെ മുന്‍നിര്‍ത്തിയുള്ള അദ്ദേഹത്തിന്റെ പഠനങ്ങള്‍ ഒരിക്കലും ആഫ്രിക്കയെക്കുറിച്ചുള്ള ഒറ്റപ്പെട്ട നിര്‍വചനങ്ങളിലൂന്നിയല്ല നടന്നത്. ആഫ്രിക്കന്‍ ചരിത്രത്തിന് സ്വയവും, മറ്റു ദേശങ്ങളുമായി നിലനില്‍ക്കുന്ന ബന്ധങ്ങളെയും വേര്‍പാടുകളെയും മനഃശാസ്ത്ര തലത്തിലും, സാമൂഹിക-രാഷ്ട്രീയ തലത്തിലും, സംജ്ഞാശാസ്ത്രത്തിന്റെ തലത്തിലുമെല്ലാമായിരുന്നു അദ്ദേഹത്തിന്റെ പഠനങ്ങള്‍. ഭരണകൂടങ്ങള്‍ പരമാധികാരം (sovereignty) കൈവരിക്കുന്നത് ‘ബയോ-പവര്‍’ നേടുന്നതിലൂടെ, അതായത്, ഭരിക്കപ്പെടുന്ന ജനങ്ങളുടെ ശരീരങ്ങള്‍ക്കുമേല്‍ നേടിയെടുക്കുന്ന നിയന്ത്രണാധികാരത്തിലൂടെയാണെന്ന മിഷേല്‍ ഫൂക്കോയുടെ ആശയത്തെ ഇന്നത്തെ കാലത്തേക്ക് വികസിപ്പിക്കുകയാണ് എംബെമ്പേ ‘നെക്രോ-പൊളിറ്റിക്‌സില്‍’.

ഫലസ്തീന്‍, ആഫ്രിക്ക, കൊസോവ എന്നീ നാടുകളിലെ ചരിത്രത്തെ മുന്‍നിര്‍ത്തി എംബെമ്പേ കണ്ടെത്തുന്നത് ഇന്ന് പരമാധികാരം പ്രയോഗിക്കപ്പെടുന്നത് മരണത്തിലൂടെയും ഹിംസയിലൂടെയുമാണെന്നാണ്. ഒരു വശത്ത് മരണം പരമാധികാരവും, അധീശത്വവും പ്രകടിപ്പിക്കുവാന്‍ കഴിയുന്ന അവസ്ഥയാകുമ്പോള്‍, പ്രതിരോധിക്കുവാന്‍ ശ്രമിക്കുന്നവര്‍ അതേ മരണത്തെ തന്നെ പ്രതിഷേധമായും (ആത്മഹത്യകളിലൂടെ), പ്രതിരോധമായും (ചാവേറുകളായി) ഉപയോഗിക്കുന്നു. മരണം ഒരേ സമയം അധികാര പ്രയോഗത്തിന്റെയും, അധികാരത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെയും, പ്രതിരോധത്തിന്റെയും ഭാഗമായി മാറുന്ന രാഷ്ട്രീയ പശ്ചാത്തലം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സവിശേഷതയായി എംബെമ്പേ കാണുന്നു.

ഇന്ന് നിലനില്‍ക്കുന്ന എല്ലാ ആശയധാരകളുടെയും, സ്ഥാപനങ്ങളുടെയും ചരിത്രപരമായ ഉത്ഭവം (Geneology) തേടി പോകുക, ആ ഉത്ഭവത്തിന്റെ ചരിത്രത്തെ പ്രശ്നവല്‍ക്കരിക്കുക എന്ന രീതിയാണ് എംബെമ്പേ തന്റെ വിശകലനങ്ങളില്‍ ഉടനീളം തുടര്‍ന്ന് പോരുന്നത്. വംശീയത, പരമാധികാരം, അതിര്‍ത്തികള്‍, മനുഷ്യാവകാശങ്ങള്‍ എന്നിങ്ങനെ പലയിടത്തായി ചിതറിത്തെറിച്ചുകിടക്കുന്ന വിഷയങ്ങളെപ്പറ്റി ചര്‍ച്ച ചെയ്ത് അദ്ദേഹം എത്തി ചേരുന്നത് ആധുനിക ജനാധിപത്യത്തിന്റെ വിമര്‍ശനത്തിലാണ്. ആധുനിക ജനാധിപത്യമെന്നാല്‍ അമേരിക്കന്‍ ജനാധിപത്യവും, യൂറോപ്യന്‍ രാജ്യങ്ങളിലെ ജനാധിപത്യവുമാണ്. എംബെമ്പേ പ്രധാനമായും വിമര്‍ശനവിധേയമാക്കുന്നത്. ജനാധിപത്യങ്ങളില്‍ ജീവിക്കുന്ന പൗരന്മാരുടെ ജീവിതവും, മരണവും തീരുമാനിക്കുവാനുള്ള ഭരണകൂടത്തിന്റെ അധികാരത്തെ അദ്ദേഹം ‘നെക്രോ-പവര്‍’ എന്നും വിശേഷിപ്പിക്കുന്നു.

വയലന്‍സും ജനാധിപത്യവും തമ്മിലുള്ള ചരിത്രപരമായ സഹവര്‍ത്തിത്വം വയലന്‍സിനെ ജനാധിപത്യത്തില്‍ നിന്നും പൂര്‍ണമായി അടര്‍ത്തിമാറ്റുന്നതിന് തടസ്സം നില്‍ക്കുന്നു എന്നുമുള്ള നിഗമനങ്ങളാണ് പുസ്തകത്തിന്റെ ആദ്യ ഭാഗങ്ങളില്‍ ചര്‍ച്ച ചെയ്യുന്നത്.വയലന്‍സ് ജനാധിപത്യത്തില്‍ ഒരു നിഴലായും (shadow) ഉറക്കം നടിക്കുന്ന ശരീരമായുമൊക്കെ (nocturnal body-) അദ്ദേഹം കണ്ടെത്തുന്നു. അടിമത്ത സമ്പ്രദായവും, അമേരിക്കന്‍ ജനാധിപത്യവും തമ്മില്‍ നിലനിന്നിരുന്ന ചരിത്രപരമായ സഹവര്‍ത്തിത്വം എംബെമ്പേ ഉദാഹരണമായി കാട്ടുന്നുണ്ട്. കൊളോണിയല്‍ യുദ്ധങ്ങളുടെ കാലത്ത് വയലന്‍സിനെ കോളനികളിലേക്ക് കയറ്റി അയച്ച യൂറോപ്യന്‍ ശക്തികള്‍ സ്വന്തം നാടുകളില്‍ ജനാധിപത്യത്തിന്റെയും, സ്വാതന്ത്ര്യത്തിന്റെയും സാധ്യതകള്‍ അനുഭവിച്ചു. കൊളോണിയല്‍ കാലഘട്ടത്തെ അദ്ദേഹം മനസിലാക്കുന്നത് ഭൂമിയിലെ ജനസഞ്ചയത്തെ അടിമുടി മാറ്റി തീര്‍ത്ത ഒരു സംഭവമായാണ്.

പ്രധാനമായും, എംബെമ്പേയുടെ അഭിപ്രായത്തില്‍ കൊളോണിയല്‍ അധിനിവേശത്തിലൂടെ സംഭവിക്കുന്നത് മൂന്ന് കാര്യങ്ങളാണ്:

1) പുതിയ ഇടങ്ങള്‍ കൊളോണിയല്‍ ശക്തികള്‍ പിടിച്ചെടുത്തു.
2) ഹിംസാത്മകമായ ഈ പിടിച്ചടക്കല്‍ ഒരേ സമയം പുതിയ ഇടത്തിന് മേലും അപരസമൂഹത്തിനുമേലുമുള്ള പരമാധികാരം ഉറപ്പിക്കുന്നു.
3) കോളനിവല്‍ക്കരിക്കപ്പെട്ട സമൂഹത്തെ മരണത്തിനും ജീവിതത്തിനുമിടയില്‍ ‘ജീവിക്കുന്ന മൃതദേഹങ്ങളായി’ നിലനിര്‍ത്തുവാനുള്ള പരമാധികാരം യുറോപ്പ്യന്മാര്‍ ഉറപ്പാക്കുന്നു.

അപര സമൂഹത്തെ പൊതു ഇടത്തിന്റെ ഭാഗമോ, പൊതു ഇടത്തിന് പുറത്തോ നിര്‍ത്തുകയല്ല കൊളോണിയല്‍ ശക്തികള്‍ ചെയ്യുന്നത്. മറിച്ച്, അവരെ മൂന്നാമൊതൊരിടത്തു നിയന്ത്രിച്ചു നിര്‍ത്തുകയാണ്. ‘Death Worlds’ എന്ന് എംബെമ്പേ വിശേഷിപ്പിക്കുന്ന ഈ ഇടങ്ങള്‍ കൊളോണിയല്‍ കാലഘട്ടത്തിലെ മൈനിങ് ഗ്രാമങ്ങള്‍, തോട്ടങ്ങള്‍, ലേബര്‍ ക്യാമ്പുകള്‍ മുതലായവയാണ്. ഇതേ കാലത്ത് തന്നെയാണ് ആധുനിക സാമ്പത്തിക ശാസ്ത്രവും, ആധുനിക ജനാധിപത്യ ചിന്തകളും വളരുന്നത്.

അപരന്റെ അധ്വാനത്തെ ഏറ്റവും മികച്ച രീതിയില്‍ ഉല്‍പ്പാദനത്തിനും, തുടര്‍ന്ന് ലാഭം ഉണ്ടാക്കുന്നതിനും വേണ്ടി വിനിയോഗിക്കുന്ന സാമ്പത്തികശാസ്ത്ര ബുദ്ധിയായി മുതലാളിത്തവും, കൊളോണിയല്‍ സാമ്പത്തിക ഘടനയെ സംരക്ഷിച്ച് നിര്‍ത്തുന്ന ഒരു ഭരണരീതിയായി ലിബറല്‍ ജനാധിപത്യവും പരുവപ്പെടുന്നത് ഈ കാലഘട്ടത്തിലാണ്. എംബെമ്പേയുടെ അഭിപ്രായത്തില്‍ ആധുനിക ജനാധിപത്യവും, അപരസമൂഹത്തെ നിയന്ത്രിച്ച് നിര്‍ത്തുന്ന മൂന്നാമിടങ്ങളും, കൊളോണിയല്‍ സാമ്രാജ്യവും, മുതലാളിത്തവുമെല്ലാം ഒരേ ചരിത്ര ഭൂമികയില്‍ (matrix) നിന്നുമാണ് വളരുന്നത്. അവ എല്ലാത്തിനോടുമൊപ്പം അപര സമൂഹത്തോടുള്ള വംശീയ മനോഭാവം വേര്‍പെടാതെ നിലകൊള്ളുന്നു.

തുടര്‍ന്നുള്ള എംബെമ്പേയുടെ വിശകലനം കടക്കുന്നത് ലിബറല്‍ ജനാധിപത്യത്തിന്റെ ഇന്നും നിലനില്‍ക്കുന്ന ഇരുണ്ട ശരീരത്തിലേക്കാണ്. ആവശ്യാനുസരണം പുറത്ത് ചാടുവാന്‍ നില്‍ക്കുന്ന കൊളോണിയല്‍ സ്വഭാവം എല്ലാ ലിബറല്‍ ജനാധിപത്യ ഭരണകൂടങ്ങള്‍ക്കും ഉള്ളതായി അദ്ദേഹം കണ്ടെത്തുന്നു. യുദ്ധവും, ശത്രുതയും അപര സമൂഹങ്ങളോടാണ്. ജനാധിപത്യം ഒരു ഭരണരീതിയായി പ്രവര്‍ത്തിക്കുമ്പോഴും ചൂഷണത്തിനും, ഹിംസയ്ക്കും കുറവില്ല എന്നതിന് കാരണം അതിന്റെ ഉത്ഭവത്തില്‍ നിന്നും ഒഴിയാതെ നില്‍ക്കുന്ന കൊളോണിയല്‍ ഭൂതമാണെന്നും നമുക്ക് വായിച്ചെടുക്കാം. ലിബറല്‍ ജനാധിപത്യങ്ങള്‍ക്ക് തങ്ങളുടെ സ്ഥലപരിമിതികള്‍ക്കുള്ളില്‍ ശത്രുവായി കണക്കാക്കുവാന്‍ ഒരു അപരത്വത്തെ എന്നും ആവശ്യമാണ്. പാശ്ചാത്യ മോഡലില്‍ നടന്ന എല്ലാ ജനാധിപത്യ രാഷ്ട്ര നിര്‍മാണങ്ങളും ഈ അപരത്വത്തോടുള്ള വിരോധത്തിന്റെ അടിസ്ഥാനത്തിന്മേലാണ് ‘ദേശീയത’ എന്ന ഊര്‍ജ്ജം നിലനിര്‍ത്തുന്നതെന്നും കണ്ടെത്താം.

പുസ്തകത്തിന്റെ മറ്റൊരു ഭാഗത്തായി എംബെമ്പേ പരമാധികാരത്തെ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ തീരുമാനിക്കുവാന്‍ നേടുന്ന അധികാരമായും, ശത്രുക്കള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുവാനുള്ള അധികാരമായും, ഒരു രാഷ്ട്രത്തിന്റെ നിലനില്‍പ്പിന് ആരെയൊക്കെയാണ് ഒഴിവാക്കേണ്ടത് അല്ലെങ്കില്‍ ഇല്ലായ്മ ചെയ്യേണ്ടതെന്ന തീരുമാനം എടുക്കാനുള്ള അധികാരമായുമൊക്കെ വിശദീകരിക്കുന്നുണ്ട്. ഇതേ അധികാരങ്ങള്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ എങ്ങനെ ഭരണകൂടങ്ങള്‍ നടപ്പാക്കുന്നു എന്ന അന്വേഷണവുമായാണ് എംബെമ്പേ മുന്നോട്ടുപോകുന്നത് .

രാജ്യത്തിന്റെ അതിര്‍ത്തികള്‍ ഇപ്പോഴും ഡ്രോണുകളാലും, സെന്‍സറുകളാലും, ക്യാമറകളാലും നിരീക്ഷിക്കപ്പെടുന്നുണ്ട്. മനുഷ്യരുടെ രാജ്യത്തിനുള്ളിലെ യാത്രയും, രാജ്യം കടന്നുള്ള യാത്രകളും ഡാറ്റകളായി ഭരണകൂടം സൂക്ഷിക്കുകയും ചെയ്യുന്നു. കൊളോണിയല്‍ കാലഘട്ടത്തിലെ യാത്രകള്‍ യുറോപ്പ്യന്മാര്‍ക്ക് മാത്രം സാധ്യമായിരുന്ന ഒരു സാധ്യതയായിരുന്നപ്പോള്‍ ഇന്ന് ഭരണകൂടങ്ങളുടെ പൗരനാവുക എന്നതും നിയമങ്ങള്‍ നിഷ്‌കര്‍ഷയോടെ പാലിക്കുക എന്നതും സഞ്ചാര സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതില്‍ പ്രധാനമായി മാറി.

ഫ്രാന്‍സ് ഫാനനിന്റെ വംശീയതയെയും, മുതലാളിത്തത്തെയും കുറിച്ചുള്ള ചിന്തകളെ മുന്‍ നിര്‍ത്തിയുള്ള എംബെമ്പേയുടെ വിശകലനം ഏറെ ശ്രദ്ധേയമാണ്. വംശീയത ഒരു അപകടമായല്ല ഫാനന്‍ കാണുന്നത് മറിച്ച് കൃത്രിമമായി നിര്‍മ്മിച്ചെടുത്ത ഒരു ഘടന എന്ന നിലയിലാണ്. വെളുത്തവര്‍ഗ്ഗത്തിന്റെ അധീശത്വത്തെയും, ഭ്രാന്തിനെയും, ഭയത്തെയും ഉള്‍ച്ചേരുന്ന ഘടന, വെളുത്ത വര്‍ഗ്ഗത്തിന്റെ കൊളോണിയല്‍ ഭരണത്തെ ന്യായീകരിക്കുന്ന ഘടനയായാണ് പ്രവര്‍ത്തിക്കുന്നത്. മുതലാളിത്തത്തെ മനസിലാക്കുന്നത് ജൈവീകമായി ഭൂമിയേയും, ധാതുക്കളെയും, മൃഗങ്ങളെയും, മനുഷ്യരെയും തരം തിരിക്കുകയും, വേര്‍തിരിക്കുകയും, മൂല്യം നിര്‍ണയിക്കുകയും, പേരിടുകയും അവ തമ്മില്‍ താരതമ്യം ചെയ്തു നോക്കുകയും ചെയ്യുന്ന നിര്‍ബന്ധ ബുദ്ധി എന്ന നിലയിലാണ്. അവിടെ ആവശ്യമുള്ളതും, ഇല്ലാത്തതും വരുന്നു – മൂല്യമുള്ളതും മൂല്യമില്ലാത്തവയും വരുന്നു. മാര്‍ക്കറ്റിനു ആവശ്യമായ വസ്തുക്കള്‍ക്ക് മാത്രം മൂല്യമേറുന്ന പ്രക്രിയ ഒരു കാരണവശാലും മനുഷ്യനോ, പ്രകൃതിക്കോ ഗുണം ചെയ്യില്ല എന്ന് ഫാനനെ പോലെ എംബെമ്പേയും കണ്ടെത്തുന്നുണ്ട്.

പ്രാദേശിക തലത്തിലും ആഗോള തലത്തിലും ശക്തിപ്രാപിച്ചു കൊണ്ടിരിക്കുന്നത് ചെറുതും വലുതുമായ 183 യുദ്ധങ്ങളാണെന്ന് ലണ്ടനിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് വാര്‍ഷിക സര്‍വേ കണ്ടെത്തുന്നു. യുദ്ധങ്ങളും, വംശഹത്യകളും, അഭയാര്‍ത്ഥി പ്രശ്നവും, പ്രകൃതിദുരന്തങ്ങളുമെല്ലാം ജനങ്ങളെ മാറ്റി പാര്‍പ്പിക്കുകയും, പുനരധിവസിപ്പിക്കുകയും ചെയ്യുന്ന സാമൂഹിക – സാമ്പത്തിക വ്യവസ്ഥകളായി പരിണമിച്ചിരിക്കുന്നു. വികസിത രാജ്യങ്ങള്‍ ഇത്തരം മരണങ്ങളില്‍ നിന്നും ദുരന്തങ്ങളില്‍ നിന്നും സാമ്പത്തിക ലാഭം നേടുകയോ നിസ്സംഗത പാലിക്കുകയോ ചെയ്യുമ്പോള്‍ അവികസിത – ദരിദ്ര രാജ്യങ്ങളിലെ ജനങ്ങള്‍ മരണവും, ഹിംസയും, ദുരിതങ്ങളും അനുഭവിക്കുന്നു.

വളരെ പെസിമിസ്റ്റിക്കായ ചിന്താധാരയിലേക്ക് കടക്കുന്നുവെന്ന് കരുതുന്ന ചിന്തകള്‍ ദൃശ്യമാക്കുന്നത് ലോകത്തിന്റെ വംശീയമായ അധികാരഘടനയെ തന്നെയാണ്. ഫ്രാങ്ക് ബി.വില്‍ഡേഴ്സണ്‍ അഭിപ്രായപ്പെടുന്നത് പോലെ വെളുത്ത യൂറോപ്യന്‍/അമേരിക്കന്‍ ഹിംസയിലൂടെയും, ചൂഷണത്തിലൂടെയും നിര്‍മ്മിച്ചെടുത്ത ആധുനിക അധികാരഘടനയെ തകര്‍ത്തെറിയുക ഏറെക്കുറെ അസംഭവ്യമായ കാര്യമാണ്. ഇന്നും നാം വെള്ളക്കാരുടെ അസ്തിത്വത്തിന് മുന്‍പില്‍ മാനസികവും ശാരീരികവുമായ അടിമത്തത്തിന് വിധേയരാണ്. അങ്ങനെ ഒരു ലോകത്ത് ‘സമത്വം’ ഒരിക്കലും നേടുവാന്‍ കഴിയാതെ പോകുന്ന മിത്തായി പരിണമിക്കുന്നു.

നീലക്കണ്ണുകളുള്ള, വെളുത്ത തൊലിയുള്ള മനുഷ്യജീവന്റെ വില എന്നാവും കറുത്ത നിറമുള്ള മനുഷ്യജീവന് തുല്യമാകുക? അവര്‍ണ മനുഷ്യജീവന്‍ എന്നാകും സവര്‍ണ മനുഷ്യജീവന് തുല്യമാകുക? ശ്രേണീകൃതമല്ലാത്ത ഒരു സാമൂഹികവ്യവസ്ഥയെ നിര്‍മിച്ചെടുക്കുക എന്ന വെല്ലുവിളിയില്‍ നാം കാലുടക്കി വീഴുമ്പോള്‍ മനുഷ്യര്‍ വംശീയമായി മാത്രം ചിന്തിക്കുന്ന ജന്തുക്കളായി പരിണമിക്കുന്നു.

കുഞ്ഞുണ്ണി സജീവ്

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.