ആഗോള രാഷ്ട്രീയം ലിബറല്‍ ക്രമത്തിലധിഷ്ഠിതമായിരിക്കുമെന്ന് 1989-ല്‍ the end of history എന്ന ലേഖനത്തിലൂടെ പരസ്യപ്പെടുത്തിയ ഫുക്കുയാമ ട്രംപ് അധികാരത്തിലേറിയതിനു ശേഷം ലിബറല്‍ ലോകക്രമം തകരുകയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഫൈനാന്‍ഷ്യല്‍ ടൈംസില്‍ കഴിഞ്ഞ മാസം ഒരു ലേഖനം എഴുതുകയുണ്ടായി. യഥാര്‍ത്ഥത്തില്‍ ലിബറല്‍ ലോകക്രമത്തിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുകയാണോ?
തീര്‍ച്ചയായും, ലിബറലിസത്തെ മറികടന്നുകൊണ്ടുള്ള ഒരു ലോകക്രമത്തിന്റെ സാധ്യതകളെ ഇനി തള്ളിക്കളയാനാവില്ല. the end of history യില്‍ ‘end’ എന്ന പദം, കേവലം ലിബറലിസമാണ് ‘അന്ത്യം’ എന്ന അര്‍ത്ഥത്തിലല്ല ഫുക്കുയാമ ഉപയോഗിക്കുന്നത്. മറിച്ച്, ലിബറലിസമാണ് അവസാനത്തെ ഒബ്ജക്ടീവ് എന്ന നിലക്കാണ്. അതായത്, the end of mankind is liberal world എന്നാണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അടിസ്ഥാനപരമായി, ലിബറല്‍ പ്രത്യയശാസ്ത്രത്തിന്റെ മേല്‍ക്കോയ്മയെ പറഞ്ഞുവെക്കുകയാണ് ഈ ആശയത്തിലൂടെ ഫുക്കുയാമ.
ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചക്കു ശേഷം 1989-ല്‍ ദ നാഷണല്‍ ഇന്ററെസ്റ്റ് ജേണലില്‍ the end of history എന്ന ലേഖനം ഫുക്കുയാമ എഴുതുമ്പോള്‍, അന്ന് സോവിയറ്റ് യൂണിയന്‍ തകര്‍ന്നിട്ടില്ല. പിന്നീട് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കു ശേഷമാണ് അദ്ദേഹം തന്റെ വാദത്തെ ഒന്നുകൂടി വിശാലമാക്കി പുസ്തകരൂപത്തില്‍ പുറത്തിറക്കുന്നത്. ഫുക്കുയാമ ലേഖനത്തിലൂടെ വാദിക്കുന്നത് ലിബറലിസം ആത്യന്തികമായി വിജയിച്ചു കഴിഞ്ഞുവെന്നും മുമ്പ് ലിബറലിസവും കമ്മ്യൂണിസവും തമ്മിലുണ്ടണ്ടായിരുന്നത് പോലെയുള്ള പ്രത്യയശാസ്ത്ര സംഘട്ടനങ്ങളുടെ കാലം അവസാനിച്ചുവെന്നുമാണ്. എന്നാല്‍, ഇന്ന് ആ വാദം സാധുവല്ല. കാരണം, സോവിയറ്റ് യൂണിയനെ പരാജയപ്പെടുത്തുകയും കമ്യൂണിസത്തെ തകര്‍ക്കുകയും ചെയ്തുവെന്ന് അവകാശപ്പെട്ടിരുന്ന അമേരിക്കയില്‍ പോലും ഫുക്കുയാമ വിശദീകരിക്കും വിധമുള്ള ലിബറലിസം ഇന്ന് കാണാനാകില്ല
നിങ്ങള്‍ അമേരിക്കയെയോ യൂറോപ്യന്‍ സമൂഹത്തെയോ തന്നെ ഉദാഹരണമായെടുക്കുക, അവരെല്ലാമിന്ന് ഡെമോക്രാറ്റിക്കാണെന്ന് പറയാം. പക്ഷേ, ലിബറലാണെന്ന് പറയാന്‍ കഴിയില്ല.
ഫുക്കുയാമയുടെ വാദങ്ങളില്‍ തന്നെയും പിന്നീട് പരിണാമം സംഭവിക്കുന്നുണ്ട്. identity ലും അത് പോലെ തന്റെ ഏറ്റവും പുതിയ പുസ്തകമായ Liberalism and its discontents ലും ഫുക്കുയാമ പുതിയ വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നു. അതിലെ ഒരു വാചകം ഇങ്ങനെയാണ് “Democracy might survive buy liberalism would not survive it.
അതായത് ,ലിബറല്‍ ഡെമോക്രസി എന്ന് പറയുന്ന ആശയത്തെ പിരിച്ചെഴുതുകയാണ് അദ്ദേഹം. അമേരിക്കയില്‍ ജനാധിപത്യപരമായി അധികാരത്തിലേറിയ ട്രംപ് പക്ഷേ ലിബറലല്ല. ജര്‍മനി നോക്കുക, ജര്‍മനിയില്‍ രണ്ടാമത്തെ കൂടുതല്‍ വോട്ട് കിട്ടിയ പാര്‍ട്ടിയായ എ.എഫ്.ഡി, നിയോ-നാസീ അഫിലിയേഷനുള്ള പാര്‍ട്ടിയാണ്. ഫ്രാന്‍സിന്റെ കാര്യമെടുക്കുക, മാക്രോണിന്റെ പ്രതിപക്ഷ കക്ഷികളില്‍ പ്രധാന വിഭാഗമാണ് മാരി ലീപെനിന്റെ തീവ്രവലതുപക്ഷ പ്രസ്ഥാനമായ നാഷണല്‍ റാലി പാര്‍ട്ടി. അത് ഫാസിസ്റ്റ് വേരുകളുള്ള തീവ്രവലതുപക്ഷ പാര്‍ട്ടിയാണ്. നെതര്‍ലന്‍ഡ്‌സില്‍ അധികാരത്തിലിരിക്കുന്ന ഡിക്ക് ഷോഫിന്റെ പാര്‍ട്ടി തീവ്ര വലതുപക്ഷ പാര്‍ട്ടിയാണ്. മെലോനിയുടെ നേതൃത്വത്തില്‍ ഇന്ന് ഇറ്റലി ഭരിക്കുന്നത് മുസ്സോളിനിയുടെ പിന്‍ഗാമികളായി ഉയര്‍ന്നുവന്നിട്ടുള്ള ബ്രദേയ്‌സ് ഓഫ് ഇറ്റലി എന്ന പാര്‍ട്ടിയാണ്.
ലിബറലിസത്തിന്റെ ഉത്ഭവസ്ഥാനമായി ഫുക്കുയാമ പ്രൊജക്ട് ചെയ്യുന്നത് പാശ്ചാത്യസമൂഹത്തെയാണ്. എന്നാല്‍, നിലവില്‍ പാശ്ചാത്യ ദേശങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത് ലിബറല്‍ വിരുദ്ധ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തമായ ഉയിര്‍ത്തെഴുന്നേല്‍പ്പാണ്. ഫുക്കുയാമയുടെ 1989-ലെ വാദമുഖങ്ങള്‍ തികച്ചും അസ്വീകാര്യമാണെന്നാണ് ഇത് അടിവരയിടുന്നത്. ലിബറലിസത്തിനെതിരെയുള്ള അതൃപ്തി ലിബറല്‍ സമൂഹത്തിനകത്തു നിന്ന് തന്നെ ഉയര്‍ന്നുവരുന്നത് നമ്മള്‍ കാണുന്നു. രണ്ടാമതായി, റഷ്യയും ചൈനയുമെല്ലാം കൈക്കൊള്ളുന്ന ബദല്‍ രാഷ്ട്രീയമാതൃകകളും ലിബറലിസത്തിന് ഭീഷണിയുയര്‍ത്തുന്നുണ്ട്. ഇന്ത്യയടക്കമുള്ള പല പ്രമുഖ രാജ്യങ്ങളും ഡെമോക്രാറ്റിക്കാണെങ്കിലും ലിബറല്‍ രാജ്യങ്ങളായിട്ടല്ല കഴിഞ്ഞുപോകുന്നത്.
ചൈനയുടേത് പോലുള്ള രാഷ്ട്രീയ മാതൃകകള്‍, അവരുടെ രാജ്യാതിര്‍ത്തികള്‍ക്കപ്പുറം ആഗോളാടിസ്ഥാനത്തില്‍ സ്വീകാര്യത ലഭിക്കുന്ന ബദലുകളായി വളരാനുള്ള സാധ്യത വിരളമല്ലേ? Mullas and comrades എന്ന പുസ്തകത്തില്‍ ചൈനയുടെ വര്‍ധിച്ചുവരുന്ന പങ്കിനെ കുറിച്ച് നിങ്ങള്‍ സൂചിപ്പിച്ചിരുന്നല്ലോ.
അതെ, കാരണം, ചൈനയുടെ രാഷ്ട്രീയ സംവിധാനം തികച്ചും വ്യത്യസ്തമാണ്. അവിടെ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ പേര് ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി’ എന്നാണ്. എന്നാല്‍, ഭരണക്രമം തികഞ്ഞ ഏകാധിപത്യവും. പൗരന്മാര്‍ക്ക് ആവശ്യമായിട്ടുള്ള ഭൗതിക വിഭവങ്ങള്‍ (material goods) ലഭ്യമാക്കുമ്പോഴും രാഷ്ട്രീയ സ്വാതന്ത്ര്യം അവര്‍ വകവെച്ചു നല്‍കുന്നില്ല. ലിബറലിസത്തോട് ലവലേശം ബന്ധമില്ലാത്ത ചൈനീസ് ഭരണവ്യവസ്ഥ, പക്ഷേ, ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ്. ആസന്നഭാവിയില്‍ അമേരിക്കയെയും മറികടക്കുമെന്ന് കണക്കുകള്‍ പറയുന്നു. അങ്ങനെ സംഭവിക്കുന്ന പക്ഷം, അന്താരാഷ്ട്ര ക്രമത്തില്‍ തന്നെ പ്രധാനപ്പെട്ട ഒരു പവര്‍ ഷിഫ്റ്റുണ്ടാകും. ലിബറലല്ലാത്ത ഒരു രാജ്യം ലോകത്തിലേറ്റവും ശക്തമായ രാജ്യമാകുന്ന അവസ്ഥ വരും. നൂറ്റാണ്ടുകളായി ലിബറല്‍ രാഷ്ട്രീയക്രമമുള്ള രാജ്യങ്ങള്‍ കൈയാളിയിരുന്ന ഈ പ്രബലസ്ഥാനം, ഏകാധിപത്യ ദേശീയ സ്വഭാവമുള്ള ഒരു രാജ്യത്തിന് ലഭിക്കുന്നത് ആഗോളരാഷ്ട്രീയത്തിലെ പ്രധാന പാരഡൈം ഷിഫ്റ്റ് തന്നെയായിരിക്കും. ഇങ്ങനെയൊരവസ്ഥ വന്നാല്‍ ലിബറലിസത്തിനു പകരം വ്യാപകമായി ഈ മാതൃകയെ അനുകരിക്കാന്‍ മറ്റു രാഷ്ട്രങ്ങളും ശ്രമിച്ചു തുടങ്ങും.
ഇനി പശ്ചിമേഷ്യയുടെ കാര്യമെടുക്കുകയാണെങ്കില്‍, കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളിലായി സംഭവിച്ചിട്ടുള്ള വിപ്ലവങ്ങള്‍ക്കും ജനകീയ സമരങ്ങള്‍ക്കും രാഷ്ട്രീയമായോ സാമൂഹികമായോ ഗൗരവതരമായ ഒരു ഐഡിയോളജിക്കല്‍ ഷിഫ്റ്റ് മേഖലയില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടോ?
അവിടങ്ങളിലെ രാഷ്ട്രീയഘടനയ്ക്കകത്ത് റാഡിക്കലായിട്ടുള്ള പരിവര്‍ത്തനങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല എന്നത് സത്യമാണ്. കാരണം, ഇത്തരം ഗള്‍ഫ് രാജ്യങ്ങളെല്ലാം പൊളിറ്റിക്കല്‍ ഇക്കോണമിയില്‍ പ്രയോഗിക്കാറുള്ള rentier states ആണ്. അഥവാ, പ്രകൃതി വിഭവങ്ങള്‍ കയറ്റുമതി ചെയ്തും കച്ചവടം ചെയ്തും, അതിലൂടെ ലഭിക്കുന്ന പണം മുഖാന്തിരവും, സമ്പദ്ഘടന മെച്ചപ്പെടുത്തി വന്‍കിട രാജ്യങ്ങളായവരാണിവരെല്ലാം. സ്റ്റേറ്റ് വേണ്ടതെല്ലാം നിങ്ങള്‍ക്ക് തരും, പക്ഷെ, രാഷ്ട്രീയ സ്വാതന്ത്ര്യം തരില്ല. അതായത്, ഒരു benevolent dictatorship എന്ന രീതിയില്‍ ഉദാരമായ ഏകാധിപത്യ സംവിധാനമായാണ് ഗള്‍ഫ് രാജ്യങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നത്. സൗദി അറേബ്യയില്‍ കുറച്ചുകൂടി ശക്തമായിട്ടുള്ള രാഷ്ട്രീയ ഘടനയാണ് നിലനില്‍ക്കുന്നത്, അവിടെ മതത്തിന് കൂടുതല്‍ പങ്കുണ്ട്.
സൗദിയായാലും യു.എ.ഇയായാലും ബഹ്‌റൈനായാലും ഖത്തറായാലും അടിസ്ഥാനപരമായി ‘മെയിന്‍ ഫെസിലിറ്റേറ്റര്‍’ എന്ന നിലയിലാണ് സ്റ്റേറ്റിന്റെ പ്രവര്‍ത്തനം. പ്രകൃതിവിഭവങ്ങളുടെ സമൃദ്ധി മൂലം റിച്ച് സ്റ്റേറ്റുകളാണ് ഇവിടെയുള്ളത്. അതിനാല്‍ തന്നെ അവരുടെ സമ്പദ്ഘടന സ്റ്റേബിളാണ്. എന്നാല്‍, ഈ പ്രശ്‌നങ്ങളും കലാപങ്ങളുമെല്ലാം നടക്കുന്നത് അസ്ഥിരമായ സമ്പദ്ഘടനകള്‍ നിലനില്‍ക്കുന്ന പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളിലാണ്. ഈജിപ്ത്, സിറിയ, അല്‍ജീരിയ, മൊറോക്കോ, ലിബിയ തുടങ്ങിയ രാജ്യങ്ങള്‍ നോക്കുക. ഈ രാജ്യങ്ങളിലെല്ലാം രാഷ്ട്രീയഘടന ഏതാണ്ട്ണ്ട ഒരുപോലെ തന്നെയാണ്. അതായത്, ഗള്‍ഫ് രാജ്യങ്ങളില്‍ രാജാവുള്ളത് പോലെ ഇവിടങ്ങളില്‍ ഏകാധിപത്യ സ്വഭാവമുള്ള പ്രസിഡന്റുമാരാണുള്ളത് എന്ന വ്യത്യാസം മാത്രമേയുള്ളൂ. പക്ഷേ, rentier state കളായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ക്കുള്ള സാമ്പത്തികശേഷി ഈ രാജ്യങ്ങള്‍ക്കില്ല. അത്‌കൊണ്ട് തന്നെയാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഇവിടങ്ങളില്‍ ഉയര്‍ന്നുവരുന്നത്.
സിറിയയില്‍ ബശ്ശാറുല്‍ അസദിനെതിരെ ഉയര്‍ന്നുവന്ന ജനകീയ സമരങ്ങളും ഈജിപ്തില്‍ ഹുസ്‌നി മുബാറക്കിനെതിരെ ഉയര്‍ന്നുവന്ന സമരങ്ങളുമെല്ലാം ഇതിനുദാഹരണങ്ങളാണ്. എന്നാല്‍, ഈ ഭരണവിരുദ്ധ മുന്നേറ്റങ്ങളൊന്നും തന്നെ വിജയകരമായിരുന്നുവെന്ന് വിലയിരുത്താന്‍ നിര്‍വാഹമില്ല. ഏറെ കൊട്ടിഘോഷിക്കപ്പെട്ട അറബ് വസന്തത്തിനു പോലും സമൂലമായ എന്തെങ്കിലും മാറ്റമോ ഘടനാപരമായ പരിണാമമോ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടോ? ടുണീഷ്യയിലായാലും ലിബിയയിലായാലും കാര്യമായ മാറ്റങ്ങളൊന്നും തന്നെ നടന്നിട്ടില്ല. ലിബിയയുടെ അവസ്ഥ മുമ്പുള്ളതിനേക്കാള്‍ ദയനീയമാവുകയാണ് ചെയ്തത്. ചുരുക്കത്തില്‍ പറഞ്ഞാല്‍, കാര്യമായിട്ടുള്ള ഒരു ഐഡിയോളജിക്കല്‍ സിസ്റ്റെമിക്ക് മാറ്റം, പശ്ചിമേഷ്യയില്‍ സംഭവിച്ചിട്ടില്ല.

Tunisians protest outside the gates to the French Embassy in Tunis. Arab Spring began in Tunisia when a fruit vendor set himself on fire in protest in front of a government building.
ഇവയെല്ലാം കൂട്ടിവായിക്കുമ്പോള്‍, പശ്ചിമേഷ്യയും ഡെമോക്രസിയും പരസ്പര വിരുദ്ധമായ ഒരിക്കലും യോജിക്കാത്ത രണ്ട് അസ്ഥിത്വങ്ങളാണെന്ന ഉപസംഹാരത്തിലേക്കല്ലേ എത്തിച്ചേരുക?
അങ്ങനെ ഒരിക്കലും പറയാന്‍ സാധിക്കില്ല. ഓരോ രാജ്യത്തെയും ചരിത്രപശ്ചാത്തലങ്ങള്‍ക്ക് അനുസൃതമായാണ് രാഷ്ട്രീയ ഘടനകള്‍ വികാസം പ്രാപിക്കുന്നത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലൊന്നായ തുര്‍ക്കിയില്‍, ഏകാധിപത്യ പ്രവണതകള്‍ക്കിടയിലും, സുതാര്യമായ ജനാധിപത്യ പ്രക്രിയ നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയയും നടക്കുന്നുണ്ട്.
ഡെമോക്രസിയുമായി ചേര്‍ന്നുപോകുമെന്നോ ഇല്ലെന്നോ പൊടുന്നനെ വിധിയെഴുതുന്നതിനക്കോള്‍ നല്ലത് ഒരോ രാജ്യത്തിന്റെയും ചരിത്രപരിസരം മുന്‍നിര്‍ത്തി രാഷ്ട്രീയക്രമത്തെ മനസ്സിലാക്കുന്നതാണ്.
ഡെമോക്രസി എന്നുള്ളത് ഒരു തദ്ദേശീയ ജനകീയ മൂവ്‌മെന്റ് കൂടിയാണ്. ചരിത്രം പരിശോധിക്കുകയാണെങ്കില്‍, ശീതയുദ്ധകാലത്ത് ഇടതുപക്ഷ മൂവ്‌മെന്റുകള്‍ നിലനിന്നിരുന്ന പ്രദേശങ്ങളാണ് പശ്ചിമേഷ്യയിലെ പല രാജ്യങ്ങളും. അന്ന് ഇടതുപക്ഷ മൂവ്‌മെന്റുകളെ അടിച്ചമര്‍ത്തനായി അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ഇടപെടുകയും സി.ഐ.എയുടെ നേതൃത്തില്‍ ഫണ്ട് ചെയ്ത് ഇവിടങ്ങളിലെ ഡിക്ടേടര്‍ഷിപ്പിനെ പിന്തുണക്കുകയും ചെയ്ത ചരിത്രമാണ് കാണാന്‍ സാധിക്കുക.
ലോകത്തെ പലയിടങ്ങളിലും ഡെമോക്രസിയെ കുത്തിവെക്കാന്‍ വര്‍ഷങ്ങളായി അമേരിക്കയുടെ ആസൂത്രിതശ്രമങ്ങളുണ്ട്. എന്നാല്‍, തങ്ങളുടെ സഖ്യകക്ഷികളല്ലാത്തവരില്‍ മാത്രം പരിമിതമാണ് ഈ നയപരിപാടി എന്നതാണ് വിചിത്രം. ഇറാഖിലെയും സിറിയയിലെയും ലിബിയയിലെയും ജനാധിപത്യ സംസ്ഥാപനത്തിനുള്ള തിടുക്കത്തിന്റെ ഒരംശം പോലും സൗദി അറേബ്യയിലും യു.എ.ഇയിലും കാണില്ല. തങ്ങളുടെ സഖ്യകക്ഷികളിലെ ഡിക്ടേടര്‍ഷിപ്പിനെ അംഗീകരിക്കുക എന്ന നിലപാടാണ് അമേരിക്ക എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ളത്.
അഭൂതപൂര്‍വമായ വളര്‍ച്ചയാണ് നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പുതിയ യൂറോപ്പായി ഗള്‍ഫ് മേഖലയെ മാറ്റുന്നതടക്കമുള്ള വീക്ഷണങ്ങള്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പല അഭിമുഖങ്ങളിലായി അവതരിപ്പിക്കുകയുണ്ടായി. ഗള്‍ഫ് രാജ്യങ്ങളുടെ ഈ മാറ്റം ആഗോളക്രമത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കാന്‍ ശേഷിയുള്ളതാണോ?
പുതിയ യൂറോപ്പ് എന്നൊക്കെയുള്ള താരതമ്യങ്ങള്‍ക്കപ്പുറത്ത്, ഗള്‍ഫ് രാജ്യങ്ങള്‍ മുന്നോട്ടുവെക്കുന്ന നൂതനമായ വീക്ഷണങ്ങളും വികസന കാഴ്ച്ചപ്പാടുകളും സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. മുഹമ്മദ് ബിന്‍ സല്‍മാനും യു.എ.ഇ ഭരണാധികാരിയുമെല്ലാം രാജാധിപത്യത്തിന്റെ പ്രതിനിധികളാണ്. എന്നാല്‍, ജനാധിപത്യക്രമം പിന്തുടരുന്നില്ല എന്നതു കൊണ്ടു മാത്രം അവര്‍ മാറ്റിനിര്‍ത്തപ്പെടേണ്ടതില്ല. കൃത്യമായ വികസന വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുന്ന രാജ്യങ്ങളാണ് ഇവയൊക്കെ.
1970 കളിലെ ദുബൈയില്‍ നിന്ന് ആദ്യാന്തം വ്യത്യസ്തമാണ് ഇന്നത്തെ ദുബൈ. ഷാര്‍ജയായാലും അബൂദാബിയായാലും ഈ മാറ്റം കാണാന്‍ സാധിക്കും. അതിശയകരമായ ട്രാന്‍സ്‌ഫോര്‍മേഷനാണ് യു.എ.ഇയുടേത്. വളരെ റിപ്രസ്സീവായിട്ടുള്ള ഭരണം നിലനിന്നിരുന്ന രാജ്യമാണ് സൗദി അറേബ്യ. പക്ഷേ, ഒരുപാട് ഗൗരവതരമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ എം.ബി.എസ് ശ്രമിക്കുന്നുണ്ട്. പലരെയും അടിച്ചമര്‍ത്തിയിട്ടാണ് ഭരിക്കുന്നത്, അധികാരം പിടിച്ചടക്കാനായി പലതും ചെയ്തിട്ടുണ്ട്, കൂടാതെ യെമനിലെ യുദ്ധം നിയന്ത്രിച്ചിരുന്നതും അദ്ദേഹമാണ്, തുടങ്ങി നിരവധി പ്രശ്‌നങ്ങളുണ്ടെങ്കിലും സൗദിക്കുള്ളില്‍ പലവിധത്തിലുള്ള പരിഷ്‌കരണങ്ങള്‍ക്ക് തുടക്കമിടാന്‍ എം.ബി.എസിന് സാധിച്ചു. അതിന്റെ ഭാഗമായി ഇന്ന് സൗദി സ്ത്രീകള്‍ വര്‍ക്ക്‌ഫോയ്‌സിലുണ്ട്, സൗദി സമ്പദ്ഘടന കൂടുതല്‍ തുറന്നിടപ്പെടുകയും എണ്ണേതര സ്രോതസ്സുകളിലേക്ക് എത്തിച്ചേരുകയും ചെയ്തു.
പശ്ചിമേഷ്യയെ യൂറോപ്പ് ആക്കുക എന്നതിലുപരി, തങ്ങളുടെ രാജ്യങ്ങളെ ആഗോള രാഷ്ട്രീയ ബലാബലത്തിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കാനാണ് പുതിയ ഭരണാധിപന്മാര്‍ ശ്രമിക്കുന്നത്. അതിനായി ഫുട്‌ബോള്‍ പോലെയുള്ള സോഫ്റ്റ് പവറുകളും അവര്‍ ഉപയോഗിക്കുന്നു. മതത്തെയും ഉപയോഗിക്കുന്നവരുണ്ട്. ഉദാഹരണത്തിന് മതവും വിദേശ നയവും വളരെ ബന്ധപ്പെട്ടു കിടക്കുന്ന ഒരു പൊസിഷനാണ് ഖത്തറിന്റേത്. യു.എ.ഇ നേരെ തിരിച്ചാണ്, പശ്ചിമേഷ്യയിലെ ഇസ്‌ലാമിസ്റ്റ് സംഘങ്ങള്‍ക്കെതിരെ നിന്നുകൊണ്ട് അവരുടെ സമ്പത്ത് പരമാവധി ഉയര്‍ത്താനും ഗ്ലോബല്‍ ഫൈനാന്‍സ് സെന്ററായി ദുബൈയെ മാറ്റാനുമാണ് അവര്‍ ലക്ഷ്യമിടുന്നത്. ഒരേസമയം അമേരിക്കയുടെയും റഷ്യയുടെയും ചൈനയുടെയും ഉറ്റസുഹൃത്താകാന്‍ യു.എ.ഇ ശ്രമിക്കുന്നു. സൗദി അറേബ്യ ആകട്ടെ ‘നിയോം’ എന്ന പേരിലുള്ള ഒരു ആഗോള നഗരം നിര്‍മിക്കാന്‍ ശ്രമിക്കുകയാണ്. അങ്ങനെ, ഒരേ സമയം സോഫ്റ്റ് പവറും സാമ്പത്തിക ശക്തിയും ഉപയോഗിച്ച് ആഗോള തലത്തില്‍ തന്നെ വാണിജ്യപരമായും സാംസ്‌കാരികമായും പ്രധാനപ്പെട്ട ഒരു മേഖലയായി ഗള്‍ഫിനെ മാറ്റിത്തീര്‍ക്കാനാണ് ഈ രാജ്യങ്ങള്‍ താത്പര്യപ്പെടുന്നത്. ഫുട്‌ബോള്‍ ആര്‍കിടെക്ചറില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതും ഇതിന്റെ ഭാഗമാണ്.
പ്രകൃതി വിഭവങ്ങളുടെ സാന്നിധ്യം കാരണം വാണിജ്യപരമായി കൂടുതല്‍ പ്രാധാന്യമുള്ള പശ്ചിമേഷ്യന്‍ മേഖലയില്‍ യുക്തിപരമായി ആലോചിക്കുമ്പോള്‍ ലോകശക്തികള്‍ തമ്മിലുള്ള ശക്തമായ ഒരു മത്സരം തന്നെ സംഭവിക്കേണ്ടതല്ലേ. പക്ഷേ, എന്തുകൊണ്ടാണ് കേവലം അമേരിക്കയുടെ മാത്രം നിയന്ത്രണത്തിലേക്ക് പശ്ചിമേഷ്യ പരിമിതപ്പെട്ടത്?
അതിന് പിന്നില്‍ ഒരുപാട് ചരിത്രപരമായ കാരണങ്ങളുണ്ട്. ഒന്നാം ലോക മഹായുദ്ധത്തിന് മുമ്പ് ബഹുഭൂരിഭാഗം പശ്ചിമേഷ്യന്‍ രാജ്യങ്ങളും ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ അധികാര പരിധിയിലായിരുന്നു. ഇറാഖും സിറിയയും ജോര്‍ദാനും ഫലസ്തീനും മുതല്‍ അറേബ്യന്‍ ഉപദ്വീപ് വരെ ഒട്ടോമന്‍ സുല്‍ത്താനാണ് ഭരണം കൈയാളിയിരുന്നത്. അറേബ്യയിലടക്കം ഹാഷിമൈറ്റ് കുടുംബം ഉണ്ടായിരുന്നെങ്കിലും പരമാധികാരം ഓട്ടോമന്‍ സുല്‍ത്താനായിരുന്നു. ഒട്ടോമന്‍ സാമ്രാജ്യം ഛിന്നഭിന്നമായതിനു ശേഷം അന്നത്തെ പ്രധാന ലോകശക്തികളായിരുന്ന ബ്രിട്ടനും ഫ്രാന്‍സും മേഖലയെ വിഹിതം വെച്ചെടുക്കുകയുണ്ടണ്ടായി. ബ്രിട്ടനായിരുന്നു ചോദ്യം ചെയ്യപ്പെടാനാകാത്ത മേല്‍ക്കൈ. ഫ്രാന്‍സ് ബ്രിട്ടനോട് സഹിച്ചുനില്‍ക്കുകയായിരുന്നു എല്ലാ കാലത്തും. പിന്നീട്, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ് ബ്രിട്ടന് മേല്‍കൈ നഷ്ടപ്പെടുന്നതും ആ സ്ഥാനത്ത് അമേരിക്ക ഉയര്‍ന്നുവരുന്നതും. ഇവിടെ ചരിത്രപരമായ ഒരു ട്വിസ്റ്റ് സംഭവിക്കുന്നുണ്ട്. 1930-കളിലാണ് സൗദി അറേബ്യയില്‍ എണ്ണ കണ്ടെത്തുന്നത്. രണ്ടാം ലോക മഹായുദ്ധത്തോടെ ശക്തി ക്ഷയിച്ച ബ്രിട്ടനെ മാറ്റിനിര്‍ത്തി, അമേരിക്ക പ്രദേശത്ത് അപ്രമാദിത്വം സ്ഥാപിക്കുകയും എണ്ണ കയറ്റുമതിക്കുള്ള കരുനീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അന്ന് ആഗോള സാമ്പത്തിക കുത്തകയായി മാറിക്കഴിഞ്ഞിരുന്ന അമേരിക്കക്ക് പശ്ചിമേഷ്യന്‍ എണ്ണപ്പാടങ്ങള്‍, മാറ്റിനിര്‍ത്താനാവാത്ത സ്രോത്രസ്സുകളായിരുന്നു.
ചിലയിടങ്ങളില്‍, അല്‍പമാത്രമായ സോവിയറ്റ് സ്വാധീനങ്ങളും പശ്ചിമേഷ്യയില്‍ നിലനിന്നിരുന്നു. സിറിയ ദീര്‍ഘകാലം സോവിയറ്റ് സഖ്യകക്ഷിയായിരുന്നു. 1969 വരെ സോവിയറ്റ് പക്ഷത്ത് നിലയുപ്പിച്ച രാജ്യമാണ് ഈജിപ്ത്. എന്നാല്‍, അമേരിക്ക ഈജിപ്തിനെ തങ്ങളുടെ ഭാഗത്തേക്കാക്കി മാറ്റുകയുണ്ടായി. സിറിയയാണ് പിന്നെയും സോവിയറ്റ് സക്ഷ്യകക്ഷിയായി നിലനിന്ന രാജ്യം. അപ്പോഴും, കാര്യമാത്രമായ വെല്ലുവിളി അമേരിക്കക്ക് നേരെ ഉയര്‍ത്താന്‍ സോവിയറ്റ് യൂണിയന് സാധിച്ചിട്ടില്ല. 1991-ല്‍ സോവിയറ്റ് യൂണിയന്‍ ഇല്ലാതാകുന്നു. പിന്നീട് ലോക രാഷ്ട്രീയത്തില്‍ തന്നെ അമേരിക്കക്ക് വെല്ലുവിളികളുണ്ടാകുന്നില്ല. 1990-കളില്‍ ഏകധ്രുവ ലോകക്രമം (unipolar world order) സാക്ഷാത്കൃതമായതോടെ അമേരിക്കയുടെ സര്‍വാധിപത്യമാണ് ദൃശ്യമായത്. ഇത്തരം ചരിത്രപരമായ കാരണങ്ങള്‍ കൊണ്ടാണ് പശ്ചിമേഷ്യയില്‍ കാര്യമാത്ര പ്രസക്തമായ വെല്ലുവിളികളൊന്നുമില്ലാതെ അമേരിക്ക നിലനില്‍ക്കുന്നത്.
ഇനി സമകാലിക സാഹചര്യം എടുത്തുനോക്കുകയാണെങ്കില്‍, റഷ്യ കുറച്ചുകൂടി ആക്റ്റീവ് ആയ കക്ഷിയായിരുന്നു. സിറിയയില്‍ ബശ്ശാറുല്‍ അസദ് കൂടി വീണതോടെ റഷ്യയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. ഇറാനും വലിയ തിരിച്ചടിയാണിത്. ഇറാനും സിറിയയുമാണ് റഷ്യയുടെ സഖ്യകക്ഷികള്‍. ചൈനക്കും മേഖലയില്‍ താല്‍പര്യമുണ്ട്, പക്ഷേ ചൈനയുടെ നോട്ടം പശ്ചിമേഷ്യയിലെ രാജ്യങ്ങളുമായി സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുക എന്നതിലേക്ക് മാത്രമാണ്. ചൈനിക്കിപ്പോഴും ആ മേഖലയില്‍ ഒരു സൈനിക സാന്നിധ്യമില്ല.
റഷ്യക്കായിരുന്നു പിന്നെയും പറയത്തക്ക സൈനിക സാന്നിധ്യമുണ്ടായിരുന്നത്, പക്ഷേ, അത് സിറിയയിലാണ്. 70% എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. അതുകൊണ്ട്, ചൈനയുടെ താല്‍പര്യം അവരുടെ എണ്ണ ഇറക്കുമതിക്ക് തടസ്സം വരാതിരിക്കനും അതിന്റെ കൈമാറ്റം ഉറപ്പുവരുത്തലും മാത്രമാണ്.
എന്നാല്‍, അമേരിക്കയുടെ കാര്യം നോക്കുക. ഖത്തറില്‍ മാത്രം 10,000 ത്തോളം സൈനികര്‍ അവര്‍ക്കുണ്ട്. യു.എ.ഇയിലും ഒമാനിലും സൗദിയിലും അമേരിക്കക്ക് മിലിറ്ററി ബേസുകളുണ്ട്. ജോര്‍ദാനും ഈജിപ്തുമെല്ലാം അതിജീവിക്കുന്നത് തന്നെ അമേരിക്കന്‍ സൈനിക ബലത്തിലാണ്. ഓരോ വര്‍ഷവും ബില്യണ്‍ കണക്കിന് ഡോളറുകളാണ് ഇരു രാജ്യങ്ങള്‍ക്കും വേണ്ടി അമേരിക്ക ചെലവഴിക്കുന്നത്. ചുരുക്കത്തില്‍, മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത രാഷ്ട്രീയ സ്വാധീനവും സൈനിക സാന്നിധ്യവും ചരിത്രപരമായ പങ്കാളിത്തവുമാണ്, പശ്ചിമേഷ്യയില്‍ അമേരിക്കക്ക് ഇത്രമേല്‍ മേധാവിത്തം നല്‍കിയത്.
ആരാണോ മിഡില്‍ ഈസ്റ്റിനെ നിയന്ത്രിക്കുന്നത്, അവര്‍ക്കായിരിക്കും ലോകത്തിന്റെയാകെ നിയന്ത്രണം എന്ന് പറയാറുണ്ടല്ലൊ. തങ്ങളുടെ അടിയുറച്ച സഖ്യ കക്ഷിയായി ഇസ്രാഈലിനെ എന്തു വില കൊടുത്തും പശ്ചിമേഷ്യയില്‍ നിലനിര്‍ത്തുമെന്ന അമേരിക്കയുടെ നിര്‍ബന്ധബുദ്ധിക്ക് പിന്നില്‍ ഈയൊരു നയതന്ത്ര പ്രാധാന്യമാണോ?
അതെ. അമേരിക്ക ഇസ്രാഈലിനെ തങ്ങളുടെ 51ാമത് സംസ്ഥാനമായാണ് കാണുന്നത്. ഇസ്രാഈല്‍ എന്തു ചെയ്താലും അമേരിക്ക നിരുപാധികം പിന്തുണയുമായി വരുന്നു. കാരണം, പശ്ചിമേഷ്യയുടെ ഹൃദയഭാഗത്ത് എല്ലായ്‌പ്പോഴും പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയുന്ന ഒരു സഖ്യ രാജ്യം അല്ലെങ്കില്‍ ഒരു ക്ലെയന്റ് സ്റ്റേറ്റ് ഉണ്ടാവുകയെന്നത് അമേരിക്കയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. അറബ് രാജ്യങ്ങളെ ഭയപ്പെടുത്തി നിര്‍ത്തുന്നതടക്കമുള്ള അമേരിക്കയുടെ സുപ്രധാന താത്പര്യങ്ങളുടെയല്ലാം മധ്യവര്‍ത്തി ഇസ്രാഈലാണ്. പകരം, പ്രതിരോധ സന്നാഹങ്ങളുടെ വലിയ നിര തന്നെ അമേരിക്ക ഇസ്രാഈലിന് സമ്മാനിക്കുന്നു.
ഇതിനിടെ, പശ്ചിമേഷ്യയില്‍ അമേരിക്ക ചെറുതല്ലാത്ത വെല്ലുവിളികളും നേരിടുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ അമേരിക്കക്ക് സൈനിക സന്നാഹങ്ങളുണ്ടെങ്കിലും പഴയത് പോലെ സുഗമമല്ല കാര്യങ്ങള്‍. അമേരിക്കയുടെ ചൊല്‍പിടിക്ക് നില്‍ക്കുന്നതിന് പകരം, സ്വയം നിര്‍ണയാവകാശത്തോടെയുള്ള വിദേശനയം രൂപവത്കരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ മുന്‍കൈയെടുക്കുന്നു. അമേരിക്കയോടും റഷ്യയോടും ചൈനയോടും ബാലന്‍സിങ്ങായിട്ടുള്ള ഒരു സമീപനം സ്വീകരിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്.
ചൈനയുടെ മധ്യസ്ഥതയില്‍ ഇറാനുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള സൗദി അറേബ്യയുടെ തീരുമാനം ഇക്കൂട്ടത്തില്‍ പ്രധാനമാണ്. അമേരിക്കക്ക് താല്‍പര്യമുള്ള ഒരു നീക്കമായിരുന്നില്ല അത്. ഇറാനും സൗദി അറേബ്യയും പരസ്പരം തമ്മിലടിച്ചു കൊണ്ടിരിക്കണമെന്ന, അമേരിക്കയുടെയും ഇസ്രാഈലിന്റെയും താത്പര്യങ്ങളെ അവഗണിച്ചു കൊണ്ടാണ് ഗള്‍ഫ് രാജ്യങ്ങളുടെ പുതിയ കരുനീക്കങ്ങള്‍.

ഗള്‍ഫ് രാഷ്ട്രങ്ങള്‍ ലോകശക്തികള്‍ക്കിടയില്‍ ബാലന്‍സിങ്ങ് സമീപനം സ്വീകരിക്കുന്ന സാഹചര്യത്തില്‍, ഇസ്രാഈലിനെ പോലെയുള്ള ഒരു ക്ലെയന്റ് സ്റ്റേറ്റ് ആ മേഖലയില്‍ ഉണ്ടാവുക എന്നത് അമേരിക്കക്ക് അവരുടെ മേധാവിത്തം നിലനിര്‍ത്തുന്നതില്‍ വളരെ പ്രധാനമാണ്. രണ്ടാമത്, സിറിയയിലെ സംഭവവികാസങ്ങള്‍ അമേരിക്കക്ക് സന്തോഷം പകരുന്നതാണ്. കാരണം, അറുപത് വര്‍ഷത്തോളമായി സിറിയ ഭരിച്ച ബാത് പാര്‍ട്ടി ഒരു കാലത്തും അമേരിക്കയുടെ സഖ്യകക്ഷികളായിട്ടില്ല. 60 വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള ബാത് പാര്‍ട്ടിയുടെ പതനം ഇസ്രായേലിനോടൊപ്പം അമേരിക്കയും അവരുടെ സ്വാധീന മേഖല വിശാലമാക്കാനുള്ള ഒരു അവസരമായിട്ടാണ് കാണുന്നത്.
ആത്യന്തികമായി വിപ്ലവങ്ങളും സമരപോരാട്ടങ്ങളുമെല്ലാം തന്നെ പശ്ചിമേഷ്യയെ ദോഷകരമായിട്ടാണ് പല മേഖലകളിലും ബാധിച്ചത്. ഈ അര്‍ത്ഥത്തില്‍ മുല്ലപ്പൂ വിപ്ലവം സമ്പൂര്‍ണമായും ഒരു പരാജയമായിരുന്നുവെന്ന് നമുക്ക് വിധി എഴുതാന്‍ സാധിക്കില്ലേ?
അറബ് വസന്തത്തോട് അനുബന്ധിച്ച് നടന്ന സംഘര്‍ഷങ്ങളെ നമുക്ക് രണ്ടു രീതിയില്‍ മനസ്സിലാക്കാം. ഒന്നാമത്, ടൂണീഷ്യയിലെയും ഈജിപ്തിലെയും പോലെ, തദ്ദേശീയമായി ഉയര്‍ന്നുവന്ന (home grown) സമരങ്ങളാണ്. ടൂണീഷ്യയില്‍ ബെന്നലിയെയും ഈജിപ്തില്‍ ഹുസ്‌നി മുബാറകിനെയും അവ താഴെയിറക്കി. ഇതിനെ മുല്ലപ്പൂ വിപ്ലവമെന്നോ പോസ്റ്റ് മോഡേണ്‍ റവല്യൂഷന്‍ എന്നോ വിളിക്കാം. കാരണം, ഏതെങ്കിലും വ്യവസ്ഥാപിത രാഷ്ട്രീയ സംഘങ്ങളല്ല ഇവിടങ്ങളില്‍ സമരം നയിച്ചത്. മറിച്ച്, ജനക്കൂട്ടമാണ്.
അധികാര ലബ്ധിക്ക് ശേഷം രാജ്യത്തെ എങ്ങനെ നയിക്കണമെന്നതില്‍ ഈ ആള്‍ക്കൂട്ടത്തിന പക്ഷേ, ഒട്ടും ധാരണയില്ല. ഇത് വലിയൊരു പ്രതിസന്ധിയായിരുന്നു. ഈജിപ്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡും ടുണീഷ്യയില്‍ ബ്രദര്‍ഹുഡിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന അന്നഹ്ദ പാര്‍ട്ടിയുമാണ് അധികാരത്തിലേറിയത്. ഈജിപ്തില്‍ കേവലം രണ്ട് വര്‍ഷങ്ങള്‍ക്കകം തന്നെ സൈന്യം ഭരണം തിരിച്ചുപിടിച്ചു. ടൂണീഷ്യയില്‍ പ്രസിഡന്റ് കൈസ് സഈദ് വീണ്ടും അധികാരം നേടിയതോടെ പാര്‍ലമെന്റ് പിരിച്ചു വിട്ടിരിക്കുകയുമാണ്. ഫലപ്രദമായ ഒരു മാറ്റവും കൊണ്ടുവരാന്‍ മേല്‍പറഞ്ഞ പോസ്റ്റ് മോഡേണ്‍ വിപ്ലവപോരാട്ടങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് സാരം.
രണ്ടാമത്, ഈ അറബ് വിപ്ലവത്തിന് രണ്ടാമതൊരു ഘട്ടം കൂടിയുണ്ട്. സിറിയയിലെയും യമനിലെയും ലിബിയയിലെയും സമരങ്ങളാണവ. രണ്ടാമത്തെ ഘട്ടത്തില്‍ അവിടങ്ങളിലെ ജനകീയ സമരങ്ങള്‍ക്ക് ഭരണാധികാരികളെ പുറത്താക്കാന്‍ മാത്രമുള്ള ശേഷി തുടക്കത്തില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍, പ്രസ്തുത രാജ്യങ്ങളില്‍ വലിയ തോതില്‍ വൈദേശിക ഇടപെടലുകളുണ്ടായി. ലിബിയയില്‍ നാറ്റോ നേരിട്ടിറങ്ങിയാണ് ഗദ്ദാഫിയെ താഴെയിറക്കിയത്. അതില്‍പിന്നെ, ലിബിയ കൂടുതല്‍ ദുരിതത്തിലാവുകയാണ് ചെയ്തത്.
സിറിയയില്‍ സംഘര്‍ഷം ആഭ്യന്തരയുദ്ധമായി വളര്‍ന്നപ്പോള്‍, ആഗോളശക്തികളെല്ലാം അരങ്ങിലെത്തുന്നതാണ് കണ്ടത്. അമേരിക്കയും ജോര്‍ദാനും തുര്‍ക്കിയും സൗദിയും യു.എ.ഇയുമെല്ലാം വ്യത്യസ്തരായ വിഘടിത സംഘങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. മറുപുറത്ത്, റഷ്യയും ഇറാനും നിലയുറപ്പിച്ചത് ബശ്ശാറുല്‍ അസദിനൊപ്പമാണ്. തുടര്‍ന്ന്, 13 വര്‍ഷമായി പുകഞ്ഞുകൊണ്ടിരിക്കുന്ന കലാപത്തീയാണ് നിലവില്‍ അണഞ്ഞിരിക്കുന്നത്. എന്നാല്‍, പുതുതായി ഭരണപദത്തിലേറുന്ന എച്ച്.ടി.എസാകട്ടെ, മുമ്പ് അല്‍ ഖാഇദയുമായി അടുത്ത ബന്ധമുണ്ടായിരുന്ന, അമേരിക്കയുടെ തീവ്രവാദി പട്ടികയിലുള്ള സംഘടനയാണ്. എച്ച്.ടി.എസിനെ നിലവില്‍ പിന്തുണക്കുന്നത് അമേരിക്കയും തുര്‍ക്കിയുമാണ്. ഇങ്ങനെ വളരെ സങ്കീര്‍ണമായ ഒരു അവസ്ഥയാണ് അവിടെ നിലനില്‍ക്കുന്നത്.
ചുരുക്കത്തില്‍, അറബ് വസന്തം home grown മുന്നേറ്റമായി പടര്‍ന്നിടത്ത് പോലും ഗുണപരമായ ഒരു മാറ്റവുമുണ്ടായിട്ടില്ല. മറ്റനേകം രാജ്യങ്ങളില്‍ അറബ് വസന്തത്തിന്റെ പരിണതി ബാഹ്യശക്തികളുടെ കടന്നുകയറ്റമായിരുന്നു. തുടര്‍ന്ന്, ജനങ്ങളുടെ ജീവിതാവസ്ഥ മുമ്പത്തേക്കാള്‍ കൂടുതല്‍ പരിതാപകരമായി തീരുകയാണ് ചെയ്തത്.
പലസ്തീന്‍ – ഇസ്രായേല്‍ സംഘര്‍ഷം കേന്ദ്രപ്രമേയമാക്കി താങ്കളുടെ ഏറ്റവും പുതിയ പുസ്തകമായ ‘ഒറിജിനല്‍ സിന്‍’ ഇക്കഴിഞ്ഞ ദിവസമാണ് പ്രകാശിതമായത് ‘ഒറിജിനല്‍ സിന്‍’ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണ്? കാലങ്ങളായി പറഞ്ഞുകൊണ്ടിരുന്ന ദ്വിരാഷ്ട്ര പരിഹാരമെന്നത് തികച്ചും അപ്രായോഗികമാണെന്ന് ബോധ്യപ്പെട്ടു കഴിഞ്ഞ സ്ഥിതിക്ക് പലസ്തീന്‍ – ഇസ്രായേല്‍ സംഘര്‍ഷത്തിന് എന്ത് പരിഹാരമാണ് താങ്കള്‍ നിര്‍ദേശിക്കുന്നത്?
‘ഒറിജിനല്‍ സിന്‍’ എന്ന പേരിന്റെ വിവക്ഷ പുസ്തകം വായിക്കുന്ന മുറക്ക് കൃത്യമായി ബോധ്യപ്പെടും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പുതിയ പുസ്തകത്തിന്റെ അടിസ്ഥാന പ്രമേയം ഹമാസിനെ എല്ലാവിധ സംഘര്‍ഷങ്ങളുടെയും കാരണക്കാരാക്കി ചിത്രീകരിച്ചു കൊണ്ടുള്ള ഒക്ടോബര്‍ ഏഴിനെ സംബന്ധിച്ചുള്ള പാശ്ചാത്യന്‍ മിഥ്യാധാരണകളാണ്. ഒക്ടോബര്‍ ഏഴിന് ഹമാസ് പുതിയൊരു യുദ്ധം തുടങ്ങിയെന്നും അവരാണ് എല്ലാത്തിനും കാരണക്കാരെന്നുമാണ് പരക്കെ ഉന്നയിക്കപ്പെടുന്നത്. എന്നാല്‍, യുദ്ധം ആരംഭിക്കുന്നത് ഒക്ടോബര്‍ ഏഴില്‍ നിന്നല്ല. അതിനപ്പുറം, വിശാലമായ ഒരു ചരിത്ര പശ്ചാത്തലമതിനുണ്ട്. ‘ഒറിജിനല്‍ സിനി’ന്റെ ഇതിവൃത്തമതാണ്. പലസ്തീന്‍, ഇസ്രാഈല്‍, ജോര്‍ദാന്‍, ഇറാന്‍ എന്നിവിടങ്ങളിലൂടെയെല്ലാം ഞാന്‍ നടത്തിയ യാത്രകളുടെ അന്വേഷണ ഫലങ്ങളും പുസ്തകം വായനക്കാരിലെത്തിക്കുന്നു.
ഫലസ്തീന്‍ പ്രശ്‌നത്തിനുള്ള വ്യക്തമായൊരു പരിഹാരം നമ്മുടെയൊന്നും കൈകളിലില്ല. ചിലര്‍ ദ്വിരാഷ്ട്ര പരിഹാരത്തിന് (two-state solution) വേണ്ടി വാദിക്കുമ്പോള്‍ മറ്റു ചിലര്‍ ഏകരാഷ്ട്ര പ്രതിവിധിയെ (one-state solution) പിന്തുണക്കുന്നു. രണ്ടും അപ്രയോഗികമായി തുടരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍, രണ്ടു മാര്‍ഗങ്ങളും പരീക്ഷിക്കണമെന്നാണ് എന്റെ പക്ഷം. ചിലര്‍ പറയും ദ്വിരാഷ്ട്ര പരിഹാരമാണ് ആവശ്യമെന്ന്. പക്ഷേ, ഈ ദ്വിരാഷ്ട്ര പരിഹാരം എവിടെയും എത്തിച്ചിട്ടില്ല. ഇസ്രാഈലിലെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളില്‍ ഒരു വിഭാഗം പോലും ഫലസ്തീന്‍ രാഷ്ട്ര നിര്‍മിതിയെ അനുകൂലിക്കുന്നില്ല. ഇസ്രായേല്‍ സെനറ്റ് തന്നെ അതിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്. ഫലസ്തീന്‍ ഉന്മൂലത്തിന്റെ പ്രഖ്യാപിത സാരഥിയാണ് നെതന്യാഹു. ഇതിനെല്ലാമിടയില്‍, ദ്വിരാഷ്ട്ര പരിഹാരം വിദൂരസാധ്യതയാണെന്നതില്‍ തര്‍ക്കമില്ല.
രണ്ടാമത്തെ പരിഹാര മാര്‍ഗവും ഇസ്രാഈലിന് സ്വീകാര്യമല്ല. കാരണം, ഏകരാഷ്ട്ര പ്രതിവിധിയെന്നാല്‍ ഫലസ്തീനെ പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യുന്ന ഏകപക്ഷീയമായ ഇസ്രാഈലല്ല. മറിച്ച്, ഇരു രാജ്യങ്ങളെയും പൗരന്മാരെയും സംസ്‌കാരങ്ങളെയുമെല്ലാം കൂട്ടിയിണക്കുന്ന ഒരു പുതിയ രാഷ്ട്രമാണ്. 1967 ന് മുമ്പേ ഇസ്രാഈലീ ഭൂപ്രദേശമായി ഉണ്ടായിരുന്ന ‘ഇസ്രാഈല്‍ പ്രോപറി’ല്‍ മാത്രമാണ് ഇന്നും ജനാധിപത്യവും തിരഞ്ഞെടുപ്പും പൗരാവകാശങ്ങളും നിലനില്‍ക്കുന്നത്. അതിനപ്പുറമുള്ള, ‘ഗ്രേറ്റര്‍ ഇസ്രാഈലി’ന്റെ ഭാഗങ്ങളായ വെസ്റ്റ് ബാങ്കിലും ജറുസലേമിലും ഗാസയിലും സൈനിക ആധിപത്യമാണെന്ന് മാത്രമല്ല, മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നു.
ഇസ്രായേല്‍ പ്രോപ്പറില്‍ മാത്രമേ ജനാധിപത്യവും പൗരാവകാശങ്ങളുമുള്ളൂ. ഈ വിവേചന വ്യവസ്ഥിതി മൂലമാണ് ഇസ്രാഈലിനെ Apartheid States എന്ന് വിളിക്കുന്നത്. അതായത്, ഒരു ഭാഗത്ത് ഒരു നിയമവും മറുഭാഗത്ത് മറ്റൊരു നിയമവും. അതുകൊണ്ട് തന്നെ, എല്ലാവര്‍ക്കും ഒരുപോലെ അവകാശങ്ങളുള്ള ഒരൊറ്റ രാജ്യമെന്ന സങ്കല്‍പത്തെയും ഇസ്രാഈല്‍ നിരാകരിക്കുകയാണ്. ചുരുക്കത്തില്‍, ദ്വിരാഷ്ട്രമാണ് പരിഹാരമെന്ന് പറഞ്ഞു നില്‍ക്കുന്നതിനു പകരം മുഴുവന്‍ സാധ്യതകളെയും പരീക്ഷിക്കുകയാണ് വേണ്ടതെന്നാണ് എന്റെ അഭിപ്രായം.
Add comment