ഇബ്‌നു ഹജര്‍ അല്‍ അസ്ഖലാനി(റ)വിന്റെ ചരിത്രഗ്രന്ഥമായ ഇന്‍ബാഉല്‍ ഗുമര്‍ ഫീ അന്‍ബാഇല്‍ ഉമറിലെ പ്രസക്ത ഭാഗങ്ങളാണ് ഈ ജേണലിന് ആധാരം. അദ്ദേഹത്തിന്റെ സമകാലികരായ അല്‍-മഖ്രീസി, ഇബ്‌നു തഗ്രീബിര്‍ദി തുടങ്ങിയ നിരവധി ചരിത്രകാരന്മാര്‍ താഴെ പ്രതിപാദിക്കാന്‍ പോകുന്ന സംഭവങ്ങളെ വ്യത്യസ്ത തീയതികളിലായാണ് രേഖപ്പെടുത്തിയിട്ടുട്ടുള്ളത്. സൂക്ഷ്മമായ ഭിന്നതകളാണ് തീയതികള്‍ തമ്മിലുള്ളതെങ്കിലും ചിലയിടങ്ങില്‍ ഇബ്‌നു ഹജര്‍ തന്റെ സമകാലികരേക്കാള്‍ ഒരു മാസം മുമ്പ് ചില സംഭവങ്ങള്‍ നടന്നതായി രേഖപ്പെടുത്തിയത് കാണാം. അതിനാല്‍ കൃത്യമായ തീയതിയെന്നതിനേക്കാള്‍ ഏകദേശ തീയതികളായി ഇവയെ പരിഗണിക്കണം.
ഇബ്നു ഹജര്‍ ബോധപൂര്‍വ്വം വരുത്തിയതാണോ, അതോ അദ്ദേഹത്തിന്റെയോ അദ്ദേഹത്തിന്റെ പകര്‍പ്പെഴുത്തുകാരുടെയോ പ്രിന്റ് എഡിറ്റര്‍മാരുടെയോ എഡിറ്റിംഗ് പിശകുകളാണോ ഈ പൊരുത്തക്കേടുകള്‍ക്ക് കാരണമെന്ന് തിരച്ചറിയണമെങ്കില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണ്.എന്നിരുന്നാലും, ഋതുക്കളുടെയും വര്‍ഷങ്ങളുടെയും കാര്യത്തില്‍, ഇബ്നു ഹജറിന്റെ വിവരണങ്ങള്‍ മറ്റ് ചരിത്രകാരന്മാരുടെ സംഭവങ്ങളുടെ കാലഗണനയുമായി പൊരുത്തപ്പെടുന്നുണ്ട്. അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്ന ഇത്തരം സംഭവങ്ങളെ കുറിച്ചുള്ള വിശകലനം അഹ്‌മദ് ഇബ്നു അലി അല്‍-മഖ്രീസിയുടെ അസ്സുലൂക് ലി-മഅ്‌രിഫാത്തി ദുവല്‍ വല്‍-മുല്‍ക്, എന്ന കൃതിയില്‍ കാണാന്‍ കഴിയും.
819 (1416) ലെ പ്ലേഗ്
മുഹറം പന്ത്രണ്ടാം തീയതി (1416 മാര്‍ച്ച് 12) സൂര്യന്‍ മേടം രാശിയിലേക്ക് സഞ്ചരിച്ചു. വസന്തകാലത്തിന്റെ ആരംഭമായിരുന്നു അന്ന്. കെയ്റോയില്‍ പ്ലേഗ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങി. സ്വഫർ മാസത്തിന്റെ (ഏപ്രില്‍) പകുതിയില്‍ പ്രതിദിനം നൂറുപേരെ ബാധിച്ച മഹാമാരി മാസാവസാനത്തോടെ പ്രതിദിനം ഇരുന്നൂറ് പേരെന്ന രീതിയില്‍ വര്‍ധിച്ചു. ഒരു വീട്ടിലെ ഒട്ടുമിക്ക അംഗങ്ങളും മരിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തി. ഹുവ്വ ഗ്രാമത്തിലെയും അപ്പര്‍ ഈജിപ്റ്റിലെ തീരപ്രദേശങ്ങളിലെ ഭൂരിഭാഗം മനുഷ്യരും മഹാമാരി ബാധിച്ച് മരണമടഞ്ഞു. ട്രിപ്പോളിയില്‍ പ്ലേഗ് ബാധിതരായി മരിച്ചവരുടെ എണ്ണം പത്തു ദിവസിത്തിനിടെ പതിനായിരമായി.
റബീഉല്‍ അവ്വലില്‍ (മെയ്) കൈറോയില്‍ മാത്രം മരണപ്പെട്ടവരുടെ സംഖ്യ പ്രതിദിനം മുന്നൂറാകുകയും മാസം പകുതിയാകുന്നതോടെ അഞ്ഞൂറുപേരായി വര്‍ധിക്കുകയും ചെയ്തു. ഇത് കേവലം സര്‍ക്കാര്‍ റെക്കോഡ് ചെയ്ത ഔദ്യോഗിക കണക്കുകള്‍ മാത്രമാണ്. ഇതിലധികമാണ് അനൗദ്യോഗിക കണക്കുകള്‍. എന്റെ (ഇബ്‌നു ഹജര്‍) രണ്ട് പെണ്‍മക്കള്‍ മരണപ്പെട്ടു- ആലിയയും ഫാത്തിമയും. ആശ്രിതരില്‍ കുറച്ചുപേരും മരിച്ചുപോയി. ഏതാനും പേരൊഴികെ, പ്ലേഗ് ബാധിച്ച എല്ലാവരും പൊടുന്നനെ മരിച്ചു പോകുന്നു.
ഇസ്ഫഹാനില്‍ കുറച്ചുപേര്‍ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതുവരെ പ്ലേഗ് രാജ്യത്തുടനീളം വ്യാപിച്ചു. ഫെസ് നിവാസികളില്‍ ഒരു മാസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം മുപ്പത്തിയാറായിരം കടന്നു; രാജ്യത്തിനാകെ ജനങ്ങളെ നഷ്ടപ്പെട്ടതുപോലെയായിരുന്നു അത്. മരിച്ചവരുടെ സ്വത്തുവകകള്‍ വീതം വെക്കാന്‍ ഏര്‍പ്പാടു ചെയ്യുകയായിരുന്നു ഉസ്താദാര്‍ (മംലൂക് ഭരണകൂടത്തിലെ മുതിര്‍ന്ന അമീറുമാരുടെ ഔദ്യോഗിക പദവിനാമം). റബീഉല്‍ അവ്വല്‍ (മെയ്) പകുതിയോടെ കൈറോയിലെ മരണസംഖ്യ കുറഞ്ഞുവന്നു.
റബീഉല്‍ ആഖിര്‍ ഒന്നാം തീയതിയിലെ 120 എന്ന മരണസംഖ്യ ഒന്‍പതാം തീയതിയോടെ പ്രതിദിനം ഇരുപത്തിമൂന്ന് എന്ന അക്കത്തിലേക്കായി. എന്നാല്‍ ഡമസ്‌കസിലെ സ്ഥിതിവിശേഷം നേരെ മറിച്ചായിരുന്നു. റബീഉല്‍ അവ്വലില്‍ ആരംഭിക്കുകയും റബീഉല്‍ ആഖിറിന്റെ ആദ്യവാരം പ്രതിദിനം അറുപത് മരണം എന്നതില്‍ നിന്ന് മാസവസാനത്തോടെ ഇരുന്നൂറ് മരണം എന്ന അവസ്ഥയിലേക്കെത്തി. ജുമാദുല്‍ ഉഖ്‌റയില്‍ (ആഗസ്റ്റ്) കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയുണ്ടായി. യെരുശലേമിലും സഫാദിലും സമീപത്തുള്ള മറ്റു സ്ഥലങ്ങളിലും പ്ലേഗുബാധ സമാനമായിരുന്നു. എന്നാല്‍ റബീഉല്‍ അവ്വല്‍ (മെയ്) അവസാനത്തോടെ പ്ലേഗ് അവിടെ നിന്ന് ഇല്ലാതായി. ഇരുപത്തിമൂന്നാം തീയതിയോടെ (ജൂണ്‍ 20) പ്രതിദിന മരണസംഖ്യ പതിനൊന്നായി കുറഞ്ഞു.
മഹാവംശവിനാശം: 833-ലെ പ്ലേഗ് (1429-1430)
ദുല്‍ഖഅദ് (ഓഗസ്റ്റ്) മാസത്തില്‍, തീരത്തിന്റെ ദിശയില്‍ നിന്ന് ഒരു മഹാനക്ഷത്രം ഉദിച്ചുയരുന്നത് ഒരു ഹജ്ജ് യാത്രാസംഘം കാണാനിടയായി. ഇവിടെയുള്ള ഡേറ്റിംഗ് അല്‍പം ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. ദുല്‍ ഖഅ്ദ് (ഓഗസ്റ്റ്) വേനല്‍ക്കാലമാണ്, ശൈത്യകാലമല്ല.ഇബ്നു ഹജര്‍ ഇവിടെ പറയുന്നതുപോലെ, ഈ സംഭവം 833/1429ലെ പ്ലേഗിന് മുമ്പുള്ളതാണെങ്കില്‍- എയ്ത്തു നക്ഷത്രവും പ്ലേഗിന്റെ ആഗമനവും തമ്മില്‍ കാര്യകാരണ ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നുവെങ്കില്‍ -, സാങ്കേതികമായി ഇത് 833/1429 വര്‍ഷത്തേക്കാള്‍ 832/1428 എന്ന വര്‍ഷത്തിലായിരിക്കണം.എന്നിരുന്നാലും, ഇത് യഥാര്‍ത്ഥത്തില്‍ 833-ല്‍ ആയിരുന്നെങ്കില്‍, ഈ സംഭവവും പ്ലേഗും തമ്മില്‍ കാര്യകാരണബന്ധം ഉണ്ടാകില്ല, കാരണം പ്ലേഗിനു ശേഷമായിരിക്കാം എയ്ത്തു നക്ഷത്രത്തിന്റെ ഉദയം. അങ്ങനെയെങ്കില്‍ യുദ്ധം, പ്ലേഗ് മുതലായ സംഭവങ്ങളുടെ മുന്നോടിയായി കാലാവസ്ഥാപരമായ സംഭവ്യതകളെ (meteorological events) ചേര്‍ത്തിപ്പറയുകയെന്ന പുരാവൃത്തരചനയുടെ സാമ്പ്രദായികരീതിയുടെ ഭാഗമായി വന്നതാകാനും സാധ്യതയുണ്ട്. കൂടാതെ, എയ്ത്തു നക്ഷത്രത്തിന്റെ ഉദയം തെറ്റായി രേഖപ്പെടുത്താനുള്ള സാധ്യതയുമുണ്ട്, കാരണം അത്തരം തെറ്റുകള്‍ അസാധാരണമല്ല.
ആ നക്ഷത്രത്തില്‍ നിന്ന് ഒരു തീപ്പൊരി ചിതറി. അതിന്റെ താപമേറ്റ് കാല്‍നടക്കാരായ അസംഖ്യം പണ്ഡിതന്മാര്‍ മരണപ്പെടുകയും യാത്രാസംഘത്തിലെ കഴുതകളും ഒട്ടങ്ങളും ചത്തുപോകുകയും ചെയ്തു. തീരദേശങ്ങളായ അല്‍മഹല്ല, അലക്‌സാണ്ട്രിയ, അല്‍ നഹ്‌റാറിയ്യ എന്നിവിടങ്ങളില്‍ പ്ലേഗ് പടര്‍ന്നുപിടിച്ചു. 150 മുതല്‍ 5000 വരെ ജീവനുകള്‍ പൊലിഞ്ഞു. ശീതകാലത്ത് പ്ലേഗ് ബാധിച്ചുവെന്ന വസ്തുത കണക്കിലെടുത്ത് ഈ സംഖ്യകള്‍ അസാധാരണമായി കണക്കാക്കണം. അതിനുമുമ്പ്, ബുര്‍സയിലും അനറ്റോലിയയിലെ മറ്റ് നഗരങ്ങളിലും, മരണസംഖ്യ ഓരോ ദിവസവും ആയിരത്തിലധികം എത്തിയെന്ന് പറയപ്പെടുന്നു. റബീഉല്‍ ആഖിര്‍ (ഡിസംബര്‍ 1429) അവസാനിച്ചപ്പോള്‍, കെയ്റോയിലെ മരണസംഖ്യ പ്രതിദിനം പന്ത്രണ്ടായിരുന്നു; ഒരു മാസത്തിനുള്ളില്‍, അത് പ്രതിദിനം അമ്പതിനടുത്തെത്തി. ജുമാദുല്‍ ഊലാ (1430 ജനുവരി 26) ആദ്യത്തോടെ മരണസംഖ്യ പ്രതിദിനം നൂറില്‍ എത്തി. അതേതുടര്‍ന്ന്, ജനങ്ങളോട് മൂന്ന് ദിവസം തുടര്‍ച്ചയായി ഉപവസിക്കാനും നാലാം ദിവസം മരുഭൂമിയിലേക്ക് പോകാനുമുള്ള കല്പനയുണ്ടായി.
പ്രൈവറ്റ് സെക്രട്ടറിയും ശാഫിഈ മദ്ഹബ് പ്രകാരമുള്ള ചീഫ് ഖാളിയും അവരോടൊപ്പം മരുഭൂമിയിലേക്ക് പോയിരുന്നു. നിരവധി പ്രമുഖരെയും പൊതുജനങ്ങളെയും ഒരുമിച്ചുകൂട്ടി അവര്‍ അല്ലാഹുവിനോട് പൊട്ടി കരഞ്ഞുകൊണ്ട് യാചിച്ചു. (കാതിബ് അസ്സിര്‍ (പ്രൈവറ്റ് സെക്രട്ടറി) ആയിരുന്നു സുല്‍ത്താന്റെ ഏറ്റവും അടുത്ത ഉപദേശകന്‍; ഷാഫിഈ മദ്ഹബ് പ്രകാരമുള്ള ചീഫ് ഖാളിയാണ് പരമോന്നത കോടതിയിലെ മുസ്ലിം നിയമജ്ഞന്‍). ഉച്ചക്ക് മുമ്പ് തിരിച്ച് നഗരത്തിലേക്ക് മടങ്ങുകയും ചെയ്തു.
എന്നാല്‍ മുമ്പത്തേതിനേക്കാള്‍ മരണം ഇരട്ടിക്കുകയാണുണ്ടായത്. പ്രതിദിനം നൂറു മുതല്‍ മുന്നൂറ് പേരെന്ന രീതിയില്‍ കൈറോയിലെ മരണനിരക്ക് ത്വരിതപ്പെടാന്‍ തുടങ്ങി.നൈല്‍ നദിയിലും പല തടാകങ്ങളിലും മത്സ്യങ്ങളും മുതലകളും ചത്തു പൊങ്ങി പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തി. തുറസ്സായ നാട്ടിന്‍പുറങ്ങളില്‍ എണ്ണമറ്റ മാനുകളുടെയും ചെന്നായകളുടെയും ജഡങ്ങള്‍ നിറഞ്ഞു.
ഈ സമയത്ത് സംഭവിച്ച അസാധാരണമായ സംഭവം, നാല്‍പ്പത് പേര്‍ കയറിയ അപ്പര്‍ ഈജിപ്തിലേക്ക് പോയ ഒരു കപ്പല്‍ അല്‍-മയ്മൂനെ കടന്നില്ല; വഴിയുടെ നാലിലൊന്ന് പോലും തികക്കാതെ അവരൊന്നടങ്കം മരിച്ചുപോയി.
പതിനെട്ട് പേരുള്ള ഒരു നായാട്ട് സംഘം ഒരു പ്രത്യേക സ്ഥലത്ത് ഒത്തുകൂടുകയും അവരില്‍ പതിനാലുപേരും ഒറ്റ ദിവസം കൊണ്ട് മരിച്ചു പോകുകയും ചെയ്തു. ശേഷിച്ച നാലുപേര്‍ ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി. എന്നാല്‍ നാലില്‍ മൂന്ന് പേര്‍ തിരിച്ച് പോരുന്നതിനിടയില്‍ വഴിമധ്യേ മരിച്ചു വീണു. അവരില്‍ അവസാനത്തെ ആള്‍ ശ്മശാനത്തിലെത്തിയപ്പോഴേക്കും മരിക്കുകയായിരുന്നു.
ജുമാദുല്‍ ഊലാ (ഫെബ്രുവരി) അവസാനത്തോടെ കെയ്റോയിലെ മരണസംഖ്യ പ്രതിദിനം ആയിരത്തി എണ്ണൂറായി. പന്ത്രണ്ടായിരം പേര്‍ ഇതിനോടകം തന്നെ കൈറോയില്‍ മരിച്ചുകഴിഞ്ഞിരുന്നു. മംലൂക്ക് സുല്‍ത്താനേറ്റിലെ സൈനികപക്ഷത്തു നിന്നും പ്രതിദിനം അന്‍പത് പേര്‍ മരണമടഞ്ഞു. 505 വരെ മരണസംഖ്യ ഉയര്‍ന്നു.
ഏകദേശം മൂവായിരത്തോളം പേരുടെ ജീവനെടുക്കുന്നതുവരെ പ്ലേഗ് തെക്ക് അല്‍-ഖറാഫയില്‍ നടമാടി. മരിച്ചവരെ വഹിക്കുകയും കുളിപ്പിക്കുകയും ഖബര്‍ ഒരുക്കുകയും ചെയ്യുന്നവര്‍ വളരെ വിരളമായിത്തീര്‍ന്നു. ആളുകള്‍ ഒരു വലിയ കുഴി കുഴിച്ച് അതിലേക്ക് മയ്യിത്തുകള്‍ ഇട്ടു. നിരവധി കഫന്‍ പുടവകള്‍ മോഷ്ടിക്കപ്പെട്ടു. തെരുവ് നായ്ക്കള്‍ മൃതദേഹങ്ങള്‍ കുഴിച്ചെടുക്കുകയും മൃതദേഹങ്ങളുടെ കൈകാലുകള്‍ തിന്നുകയും ചെയ്തു. അസംഖ്യം ശവമഞ്ചങ്ങളുടെ നീണ്ടനിര അല്‍-മുമിന പ്രാര്‍ത്ഥനാ ഹാള്‍ മുതല്‍ അല്‍-ഖറാഫ ഗേറ്റ് വരെ വരിവരിയായി നില്‍ക്കുന്നത് ഞാന്‍ കണ്ടു. അവര്‍ മയത്തിനു ചുറ്റും വലയം ചെയ്യുന്ന വെളുത്ത കഴുകന്മാരെപ്പോലെയായിരുന്നു. തെരുവുകളില്‍, പേടകങ്ങളുടെ പരേഡ് വാലില്‍ കെട്ടിയിട്ടിരിക്കുന്ന ഒട്ടകങ്ങളുടെ നീണ്ട ചരട് പോലെയായിരുന്നു, ഒന്നിനുപുറകെ ഒന്നായി.
ജുമാദുല്‍ ഉഖ്‌റയുടെ (മാര്‍ച്ച്) മധ്യത്തില്‍, സുല്‍ത്താന്റെ പ്രൈവറ്റ് സെക്രട്ടറി മുഹമ്മദ് എന്ന് പേരുള്ള നാല്പതു മഹാത്മാക്കളെ ക്ഷണിച്ചു വരുത്തി, ഓരോരുത്തര്‍ക്കും പണം വിതരണം ചെയ്തു. അസ്ഹര്‍ പള്ളിയിലെ ജുമുഅ നമസ്‌കാരത്തിന് ശേഷം അവര്‍ ഖുര്‍ആനിലെ ചില ലളിതമായ ഭാഗങ്ങള്‍ പാരായണം ചെയ്തു. ളുഹ്‌റിന്റെ സമയമടുത്തപ്പോള്‍, അവര്‍ എഴുന്നേറ്റ് ദൈവത്തോട് സഹായത്തിനായി കരഞ്ഞപേക്ഷിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്നവര്‍ അല്ലാഹു അക്ബര്‍ എന്ന് വിളിച്ചുപറഞ്ഞു. അതിനുശേഷം, നാല്പത് മുഹമ്മദുമാര്‍ പള്ളിയുടെ മേല്‍ക്കൂരയിലേക്ക് കയറി, ബാങ്ക് വിളിച്ചു. ബാങ്കുവിളി പൂര്‍ത്തിയായപ്പോള്‍, പേര്‍ഷ്യയില്‍ നിന്ന് കെയ്റോയിലേക്ക് കുടിയേറിയ ഒരു വിദേശി, സുല്‍ത്താന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ നേരെ തിരിഞ്ഞ് പറഞ്ഞു: ”ഇത് തീര്‍ച്ചയായും ഈ മഹാമാരിയെ നീക്കം ചെയ്യും!” പക്ഷേ, പ്ലേഗ് അതിന്റെ കാഠിന്യം കൂട്ടിക്കൊണ്ടേയിരുന്നു.
റജബ് (ഏപ്രില്‍) ആരംഭിക്കുന്നതുവരെ പ്ലേഗ് കുറഞ്ഞില്ല. ഹന്‍ബലി ഖാളി മുഹിബ്ബുദീന്‍ എഴുതിയ ഒരു രേഖ ഞാന്‍ വായിച്ചു: ”അലി അല്‍-ഹരീരി എന്ന വ്യക്തിക്ക് 120 ആളുകളുള്ള നാല് ബോട്ടുകള്‍ വീതമുണ്ടെന്ന് എനിക്കറിയാം. അവരില്‍ ഒരാളൊഴികെ എല്ലാവരും പ്ലേഗ് ബാധിച്ച് മരിച്ചുപോയി ‘
പ്ലേഗ് മഹാമാരി അനുദിനം വഷളായിക്കൊണ്ടിരുന്നപ്പോള്‍, ഇതിനോട് ഏതു വിധത്തിലാണ് പ്രതികരിക്കേണ്ടതെന്ന് സുല്‍ത്താന്‍ പണ്ഡിതന്മാരോട് ഫത്‌വ ചോദിച്ചു. ‘ദുരിതം നീക്കാന്‍ അല്ലാഹുവിനോട് അഭ്യര്‍ത്ഥിക്കുന്ന കൂട്ടായ പ്രാര്‍ത്ഥനകളെ മതനിയമം പ്രോത്സാഹിപ്പിക്കുന്നുണ്ടോ? അതോ ദൈനംദിന പ്രാര്‍ത്ഥനകളില്‍ ഖുനൂത്ത് ചൊല്ലുകയോ വേണ്ടത്? പ്ലേഗ് പടരാതിരിക്കാന്‍ മുന്‍കാലപണ്ഡിതര്‍ എന്തൊക്കെയാണ് ചെയ്തത്?
ഈ ചോദ്യങ്ങള്‍ക്ക് അവര്‍ ഉത്തരം എഴുതിയെങ്കിലും അവരുടെ അഭിപ്രായങ്ങള്‍ വിഭിന്നമായിരുന്നു.
അവരുടെ ഉത്തരങ്ങളുടെ സാംരാംശം വിനയത്തോടെ ദൈവത്തോട് അപേക്ഷിക്കുക, തൗബ ചെയ്യുക എന്നിവ പ്രശംസനീയമാണെന്നായിരുന്നു. കൂടാതെ, ആ പ്രവൃത്തികള്‍ ചെയ്യുന്നതിനു മുമ്പ്, അടിച്ചമര്‍ത്തലുകള്‍ ഒഴിവാക്കുക, ശരി ആജ്ഞാപിക്കുക, തെറ്റ് തടയുക തുടങ്ങിയ പ്രവൃത്തികള്‍ ചെയ്യണമെന്നും നിര്‍ദ്ദേശിച്ചു. ഇവ കൂട്ടായി ചെയ്ത ഭക്തരായ പൂര്‍വ്വികരില്‍ നിന്ന് ആരെയും അവര്‍ ഉദ്ധരിച്ചില്ല. പകരം, അവ കൂട്ടായി ചെയ്യുന്നത് അവരുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കുന്നതിന് കൂടുതല്‍ സഹായകരമാണെന്ന് അഭിപ്രായപ്പെട്ടു.
ശാഫിഈ മദ്ഹബ് പ്രകാരം പരിശീലനം ലഭിച്ച ഖാളി, നാസിലത്തിന്റെ ഖുനൂത്ത് ഓതുവാന്‍ നിര്‍ദ്ദേശിച്ചു. അതേസമയം, ഹനഫി – മാലികി മദ്ഹബിലെ ഖാളിമാര്‍ ഖുനൂത്ത് അനുവദനീയമല്ലായെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍, ഹമ്പലി മദ്ഹബിലെ ഖാളി തന്റെ മദ്ഹബിന്റെ ഇമാം മുന്നോട്ടുവെച്ച രണ്ട് വീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഖുനൂത്ത് അനുവദനീയമാണെന്ന് വാദിച്ചു; ഖുനൂത്ത് രാഷ്ട്രത്തലവന് മാത്രമേ നടത്താവൂ എന്നും അത് വെള്ളിയാഴ്ച നടത്തരുതെന്നുമായിരുന്നു വ്യവസ്ഥ.
ഖാളിമാരെയും പണ്ഡിതന്മാരെയും സുല്‍ത്താന്റെ സാന്നിധ്യത്തില്‍ ഹാജരാക്കുകയും അവരുടെ ഫത്‌വകള്‍ മുഹിബ്ബുദ്ദീന്‍ ഉഖ്‌സുറ സുല്‍ത്താന് വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. അപ്പോള്‍ സുല്‍ത്താന്‍ പറഞ്ഞു: ”ഞാന്‍ സ്വഹാബികളെയും ഭക്തിയുള്ള പൂര്‍വ്വികരെയും പിന്തുടരുന്നു, അവരില്‍ നിന്ന് ഞാന്‍ വ്യതിചലിക്കുന്നില്ല. പകരം, എല്ലാവരും സ്വകാര്യമായി അല്ലാഹുവിനോട് പ്രാര്‍ഥിക്കണം”.
നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് പറഞ്ഞു കൊണ്ട് പണ്ഡിതന്മാര്‍ അവരുടെ ഫത്‌വയില്‍ ഉള്‍പ്പെടുത്തിയ ”അടിച്ചമര്‍ത്തല്‍” എന്ന പ്രയോഗത്തിന്റെ അര്‍ഥം സുല്‍ത്താന്‍ ആരാഞ്ഞു. ഖാളിമാരും പണ്ഡിതന്മാരും അവ്യക്തമായ ചില പൊതുകാര്യങ്ങള്‍ ഉദ്ധരിച്ചപ്പോള്‍ സുല്‍ത്താന്‍ പറഞ്ഞു: ‘സുല്‍ത്താന്‍ അല്‍-ആഹിര്‍ ബര്‍ഖൂക്കിന്റെ ഭരണത്തിന്റെ അവസാനം മുതല്‍ ഏര്‍പ്പെടുത്തിയ പരിഷ്‌കാരങ്ങളാണ് ഞാന്‍ ഇല്ലാതാക്കിയത്.”
ശാഫിഈ മദ്ഹബിലെ ഖാളി വ്യക്തമാക്കി, ”ഈ വര്‍ഷം തന്നെ, താഴെപ്പറയുന്ന മൂന്ന് അന്യായമായ സമ്പ്രദായങ്ങള്‍ പരിഷ്‌കാരങ്ങളായി സ്ഥാപിച്ചു: ആദ്യം, സുഗന്ധവ്യഞ്ജന വ്യാപാരികളെ സുല്‍ത്താന് കുരുമുളക് വില്‍ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും, അവര്‍ അങ്ങനെ ചെയ്തില്ലെങ്കില്‍, അവരെ ബിസിനസ്സ് ചെയ്യുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. രണ്ടാമതായി, ധാതുലവണങ്ങള്‍ വലിച്ചെറിയാന്‍ വ്യാപാരികളില്‍ സമ്മര്‍ദ്ദം ചെലുത്തി. മൂന്നാമതായി, സുല്‍ത്താന്റെ ഭൂമിയിലൊഴികെ കരിമ്പ് കൃഷി ചെയ്യുന്നത് തടഞ്ഞു’. ഗൗരവകരമായ അന്തരഫലങ്ങളുണ്ടാക്കുന്ന പ്രതികരണങ്ങളൊന്നും സുല്‍ത്താന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.
പകരം, ജനങ്ങളോട് പശ്ചാത്തപിക്കാനും പാപങ്ങള്‍ ഉപേക്ഷിക്കാനും അവരോട് സല്‍പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍ സുല്‍ത്താന്‍ ഖാളിമാരോടും അമീറുമാരോടും ഉത്തരവിട്ടു. ഖബറിടങ്ങളിലേക്ക് പോകാനായി സ്ത്രീകള്‍ പുറത്തിറങ്ങുന്നത് വിലക്കിയതായി കെയ്റോയില്‍ വെച്ച് പ്രഖ്യാപിച്ചു. നിയമങ്ങള്‍ക്കെതിരെ നില്‍ക്കുന്നവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്ന് രാജഭീഷണി പുറപ്പെടുവിക്കുകയും ചെയ്തു. ആ നിമിഷം, സുല്‍ത്താന്റെ മൂത്ത മകന്‍ മുഹമ്മദിന് പ്ലേഗ് ബാധിച്ചതായി കൊട്ടാരത്തിലെ ഭൃത്യന്‍ അറിയിച്ചു.
ഈ വര്‍ഷം പ്ലേഗ് ബാധിച്ച് മരിച്ചവരില്‍ ഒരാളായ ശൈഖുനിയ കോളേജിലെ സംരക്ഷകന്‍ ഹൂസാമുദ്ദീന്‍ ദിര്‍ആനെ ഖാളിമാരില്‍ ഒരാളായ സൈനുദ്ദീന്‍ അത്തഫഹ്നീ സ്വപ്‌നത്തില്‍ കണ്ടു. സ്വപ്‌നത്തില്‍, അല്‍-തഫഹ്നീ ഹുസാമുദ്ദീനിനോട് പരലോകത്തെ തന്റെ അവസ്ഥയെക്കുറിച്ച് ചോദിച്ചു. അപ്പോള്‍ ഹുസാമുദ്ദീന്‍ മറുപടി പറഞ്ഞു: ‘മുസ്ലിംകള്‍ക്ക് സ്വര്‍ഗം വിശാലമാണ്!’ അല്‍-തഫഹ്നീയില്‍ നിന്ന് ഈ കഥ ഞാന്‍ (ഇബ്‌നു ഹജര്‍ അല്‍ അസ്ഖലാനി) തന്നെ കേട്ടിട്ടുണ്ട്.
ശൈഖുനിയ്യ കോളേജില്‍ സ്ഥാനമേറ്റ കാലം മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനം ചെയ്തിരുന്ന വളരെ നല്ല മനുഷ്യനായിരുന്നു ഹുസാമുദ്ദീന്‍. ഈ വര്‍ഷം മരണപ്പെട്ടവരില്‍ എന്റെ (ഇബ്‌നു ഹജര്‍ അല്‍ അസ്ഖലാനി) മൂത്തമകള്‍ സെയ്ന്‍ ഖാതൂനും ഉള്‍പ്പെടുന്നു. 802-ല്‍ (മാര്‍ച്ച് 1400) റജബിലാണ് അവള്‍ ജനിച്ചത്. എഴുത്തും വായനയും പഠിച്ചു. ശൈഖ് സൈനുദ്ദീന്‍ അല്‍-ഇറാഖി, ശൈഖ് നൂറുദ്ദീന്‍ അല്‍-ഹൈത്തമി എന്നിവരില്‍ നിന്ന് ഹദീസുകള്‍ കേട്ടുപഠിച്ചു. സനദ് മുത്തസ്വിലായ ഹദീസുകള്‍ ഉദ്ധരിക്കാനുള്ള ഇജാസത്ത് അവള്‍ക്കുണ്ടായിരുന്നു. ഗര്‍ഭിണിയായിരിക്കെയാണ് പ്ലേഗ് ബാധിച്ച് അവള്‍ ഇഹലോകവാസം വെടിഞ്ഞത്. അങ്ങനെ അവളില്‍ രണ്ട് രക്തസാക്ഷിത്വങ്ങള്‍ സമ്മേളിച്ചു.
848-ലെ പ്ലേഗ് (1444)
മുഹറം ഒന്നാം തീയതി (ഏപ്രില്‍ 20) തിങ്കളാഴ്ച മുതല്‍ പ്ലേഗ് ക്രമേണ വര്‍ദ്ധിക്കാന്‍ തുടങ്ങി; അനന്തരാവകാശ സ്വത്തുക്കള്‍ക്കായി രജിസ്റ്റര്‍ ചെയ്തവരില്‍ ഓരോ ദിവസവും മരണങ്ങള്‍ 120 കവിയുന്നതുവരെ. മരിച്ചവരില്‍ ഭൂരിഭാഗവും അടിമകളും കുട്ടികളുമാണ്. പ്ലേഗിന്റെ ക്രമാതീതമായ വ്യാപനം മൂലം തീര്‍ഥാടനത്തെ ബാധിക്കുകയും മരണസംഖ്യ ഒരു ദിവസം ആയിരം കടന്നേക്കാമെന്ന സ്ഥിതിവിശേഷവുമായി.
വെള്ളിയാഴ്ച, സഫര്‍ 3 (മെയ് 22), ജുമുഅ നിസ്കാരത്തിന് ശേഷം, സൂര്യന്റെ അവസ്ഥ സൗരവര്‍ഷത്തിലെ മൂന്നാം മാസമെന്ന പോലെ, ഇടിമിന്നലില്ലാതെ ആകാശത്തു നിന്ന് നേരിയ തോതില്‍ മഴ പെയ്യുന്നു, ഒരു കൊടുങ്കാറ്റു പോലുള്ള പൊടിക്കാറ്റ്, അതിങ്ങനെ പതിയെ ശമിക്കുന്നു. മഹാമാരി അതിന്റെ മൂര്‍ദ്ധന്യത്തിനു ശേഷം ശമിച്ചുവെന്ന് ആളുകള്‍ പരസ്പരം സംസാരിച്ചു തുടങ്ങി.
ഞായറാഴ്ച രാത്രി, സഫര്‍ അഞ്ചാം തീയതി (മെയ് 24), എന്റെ വലത് കക്ഷത്തിന് താഴെ ഒരു വേദനയും അസ്വസ്ഥതയും ഉണ്ടായി. അതിന്റെ സ്രോതസ്സ് ഞാന്‍ തന്നെ കണ്ടെത്തിയതാണ്. പക്ഷേ, അതൊന്നും വകവെക്കാതെ ഞാന്‍ ഉറങ്ങാന്‍ പോയി. അടുത്ത ദിവസം, വേദന ചെറുതായി വര്‍ധിച്ചു. അങ്ങനെ ആ നൊമ്പരം മാറ്റമില്ലാതെ തുടരുന്നുവെന്ന സ്വീകാര്യതയിലും പൂര്‍ണ്ണമായ തിരിച്ചറിവിലും ഞാന്‍ ഉറങ്ങാന്‍ കിടന്നു. പത്താം തീയതിയായപ്പോള്‍, മൃദുവായ പ്ലം പോലെ ഒന്ന് എന്റെ കക്ഷത്തിനടിയില്‍ പ്രത്യക്ഷപ്പെട്ടു. പിന്നീട്, അതിന്റെ അവസാനഭാഗം മാത്രം ശേഷിക്കുന്നതുവരെ ആ തടിപ്പ് ക്രമേണ ശോഷിച്ചു ശോഷിച്ചു വന്നു.
ഇതുവരെ ഒരിക്കലും ഉണ്ടായിട്ടില്ലാത്തതുപോലെ അതങ്ങ് പോയ്മറഞ്ഞു – അല്‍ഹംദുലില്ലാഹ്.
References
-
- Asqalānī, Ibn Ḥajar al-. Badhl al-Māʿūn fī Faḍl al-Ṭāʿūn. Edited by Aḥmad ʿIṣām ʿAbd al-Qādir al-Kātib. Riyadh: Dār al-ʿĀṣima, 1991.
- Asqalānī, Ibn Ḥajar al-. Inbāʾ al-Ghumr bi-Anbāʾ al-ʿUmr. Edited by Ḥasan Ḥabashī. 4 vols. Cairo: Majlis al-Aʿlā li al-Shuʾūn al-Islāmiyya, 1969–1998.
- Asqalānī, Ibn Ḥajar al-. The Merits of Plague. Translated by Joel Blecher and Mairaj Syed. Penguin Publishing Group, 2023.
Add comment