Thelicham

കാരാഗൃഹത്തിലെ ദൈവം; കാമ്യുവും മുസ്‌ലിം ജയില്‍പുള്ളികളും

മരവിച്ച ശരീരവും നിര്‍ജ്ജീവമായ ആത്മാവും കാരാഗൃഹ ജീവിതങ്ങളുടെ ആത്മാന്തരങ്ങളില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്ന ദൈവിക സാന്നിധ്യവും ആത്മീയതയും മാനസാന്തരങ്ങളുമെല്ലാം വിശ്വാസത്തെയും നീതിയെയും സംബന്ധിച്ച പുതിയ ആലോചനകളിലേക്കും ചിന്തകളിലേക്കുമുള്ള വാതായനമാണ് തുറന്നിടുന്നത്. നൂറ്റാണ്ടുകളായി തത്വശാസ്ത്രത്തെ പല ധ്രുവങ്ങളിലാക്കി പ്രതിഷ്ഠിച്ച ജീവിതത്തിന്റെ പരമമായ അര്‍ത്ഥത്തെയും ലക്ഷ്യത്തെയും അന്വേഷിച്ചുള്ള അനന്തമായ തര്‍ക്ക സപര്യയിലെ സവിശേഷ പ്രാധാന്യമര്‍ഹിക്കുന്ന ഇടമായിട്ട് കാരാഗൃഹങ്ങളിലെയും തടങ്കലുകളിലെയും വിശ്വാസത്തെയും ഇരുണ്ടമുറികളില്‍ നിന്നുയരുന്ന ജീവിതത്തെക്കുറിച്ചുള്ള പുനാരാലോചനകളെയുമെല്ലാം പരിഗണിക്കാം. ദൈവവിശ്വാസത്തെ അവലംബിക്കുന്നവരും മറുപുറത്ത് നൈരാശ്യത്തെ പുല്‍കുന്നവരുമായി കാരാഗൃഹ ജീവിതങ്ങളില്‍ വൈവിധ്യങ്ങളായ വീക്ഷണകോണുകളിലൂടെ ജീവിതത്തെ നോക്കിക്കാണുന്ന വിഭാഗങ്ങളാണ് നിലനില്‍ക്കുന്നത്.

മതകീയ വീക്ഷണകോണിലൂടെ വിലയിരുത്തപ്പെടുകയാണെങ്കില്‍, മരണം അല്ലെങ്കില്‍ അര്‍ത്ഥശൂന്യമായ നീണ്ട കാരാഗൃഹ ജീവിതം എന്ന സുനിശ്ചിതമായ വിധിക്ക് അഭിമുഖമായി നില്‍ക്കുന്ന മനുഷ്യമനസ്സില്‍ ജീവിതാര്‍ത്ഥത്തെയും മരണാനന്തര ജീവിതത്തെയും ചൊല്ലി രൂപപ്പെടുന്ന വിചാരപ്പെടലുകളും ചിന്തകളും മതത്തിന്റെ അത്യന്താപേക്ഷികതയും മതകീയ പരിപ്രേക്ഷ്യത്തിലൂടെ ജീവിതത്തിന്റെ അര്‍ത്ഥവും അനുഭൂതിയും പകരുന്നതോടൊപ്പം നീതി എന്ന ആശയത്തിന്റെ ശക്തമായ ആവിഷ്‌കാരമായിട്ടു കൂടി നോക്കിക്കാണാവുന്ന ഒന്നാണ്.

നിയമവലയങ്ങളുടെ നീതികേടുകള്‍ കൊണ്ട് അന്യായമായി കാരാഗൃഹങ്ങളിലകപ്പെട്ടവര്‍ നീതി നേടിയെടുക്കാനുള്ള ഇടമായും കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ പശ്ചാത്താപത്തിനും പാപമോചനത്തിനുമുള്ള മാര്‍ഗമായും മതത്തെ അവലംബിക്കുകയും സര്‍വശക്തനായ ദൈവത്തില്‍ സമാശ്വാസം കണ്ടെത്തി മരണാനന്തരമോ അല്ലെങ്കില്‍ കാരാഗൃഹത്തിനു ശേഷം വരാനിരിക്കുന്ന ജീവിതാവസ്ഥയിലോ നീതി നേടിയെടുക്കാമെന്ന പ്രതീക്ഷയിലാണ് കഴിഞ്ഞുകൂടുന്നത്.

കാരാഗൃഹ ജീവിതത്തിനു മുന്നേ മതവിശ്വാസം പുലര്‍ത്തിപ്പോന്നവര്‍ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുകയും ആരാധനാകര്‍മങ്ങളെ വിലക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന തരത്തിലുള്ള കാരാഗൃഹ സംബന്ധിയായ നിയന്ത്രണങ്ങളെ ഭേദിക്കാനുള്ള വിശ്വാസപരമായ ആര്‍ജ്ജവം കൈവരിക്കുകയും, കാരാഗൃഹ വാസത്തിന് മുമ്പ് വിശ്വാസ മാര്‍ഗത്തിലല്ലാതിരുന്നവര്‍ നിരര്‍ത്ഥകവും നിര്‍ജ്ജീവവുമായ ജയില്‍വാസത്തിനിടെ പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും വെട്ടമായി ദൈവത്തെ കണ്ടെത്തുകയും ചെയ്യുന്ന വിശ്വാസപരവും ആധ്യാത്മികവുമായ പ്രക്രിയയാണ് ഇവിടെങ്ങളില്‍ നിലനില്‍ക്കുന്നത്.

കാമ്യുവും കാരാഗൃഹവും

ജീവിതത്തിന്റെ അര്‍ത്ഥത്തെ ചൊല്ലിയുള്ള തത്വചിന്തയിലെ മൗലികമായ തര്‍ക്കം ഇവിടെയും കടന്നുവരുന്നുണ്ട്. പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരനായ ആല്‍ബര്‍ കാമ്യുവിന്റെയും ഴാങ്ങ് പോള്‍ സാര്‍ത്രിന്റെയും ആശയങ്ങളിലൂടെ പ്രചാരം നേടിയ അസംബന്ധവാദവും (Absurdism) അസ്തിത്വവാദവുമെല്ലാം (Existentialism) മരണാനന്തര ജീവിതം, മരണാനന്തര നീതി എന്നിവയെല്ലാം കേന്ദ്രീകരിച്ച് മതങ്ങള്‍ നല്‍കുന്നതെല്ലാം പൊള്ളയായ പ്രതീക്ഷകളാണെന്നും സങ്കീര്‍ണവും സംഘട്ടനങ്ങളും നിറഞ്ഞ ജീവിതത്തിലെ ആസ്വാദനവും നീതിയും പ്രതീക്ഷയുമെല്ലാം ജീവിച്ചിരിക്കുക എന്ന സ്വാഭാവിക പ്രക്രിയയിലൂടെ ഭൗതികലോകത്ത് കരഗതമാകേണ്ടതും ലഭിക്കുന്നതുമായ സംഗതികളാണെന്ന വാദമാണ് മുന്നോട്ടുവെക്കുന്നത്. വധശിക്ഷ കാത്ത് ജീവിതത്തിന്റെ അവസാന വേളകള്‍ കഴിച്ചുകൂട്ടുന്ന സമയത്തും ദൈവനീതിയോ മരണാനന്തര ജീവിതമോ പ്രതീക്ഷിക്കാതെ ദൈവത്തെ കുറിച്ചോര്‍ത്ത് സമയം പാഴാക്കാന്‍ താല്‍പര്യപ്പെടാത്ത കാമ്യുവിന്റെ കഥാപാത്രങ്ങള്‍ തുറന്നിടുന്ന സംവാദ സാധ്യതകളെ അടിസ്ഥാനമാക്കി കാരാഗൃഹങ്ങളിലെ വിശ്വാസാവിഷ്‌കാരത്തെയും ആത്മീയതയെയും കുറിച്ച് ആഴത്തില്‍ തന്നെ വിശകലനം ചെയ്യാവുന്നതാണ്. ഭൗതിക ജീവിതത്തെ പരലോകത്തിലേക്കുള്ള തയ്യാറെടുപ്പായി ചുരുക്കിയ മതം ജീവിതത്തിന്റെ മൂല്യത്തെ ചോര്‍ത്തിക്കളഞ്ഞുവെന്ന നീഷെയന്‍ വാദത്തെ മുന്‍നിര്‍ത്തിയാണ് പ്ലേഗിലെയും ദ സ്‌ട്രൈഞ്ചറിലെയും കാമ്യു കഥാപാത്രങ്ങള്‍ ജീവിതം തള്ളിനീക്കുന്നത്.

കാമ്യുവിന്റെ ആദ്യ നോവലായ ദ സ്‌ട്രൈഞ്ചറിലെ മുഖ്യകഥാപാത്രമായി വരുന്ന മെര്‍സോയുടെ സംഭാഷണങ്ങളിലൂടെയും നോവലില്‍ നിലനില്‍ക്കുന്ന വരണ്ട സാമൂഹിക ചുറ്റുപാടില്‍ നിര്‍വികാരത്തോടെ നിഷേധാത്മക സമീപനം സ്വീകരിച്ച് രാപകലുകള്‍ ഭേദിക്കുന്ന മെര്‍സോയുടെ ജീവിതത്തിലൂടെയും അനീതികാലത്തെ വിശ്വാസവും ആത്മീയതയും പ്രതീക്ഷയുമെല്ലാം വെറും മൂഢമാണെന്ന് ഉപസംഹരിക്കാനാണ് കാമ്യു ശ്രമിക്കുന്നത്. അള്‍ജീരിയന്‍ പശ്ചാതലത്തില്‍ എഴുതപ്പെട്ട നോവലില്‍ തന്നെയും സുഹൃത്തിനെയും പിന്തുടരുന്ന ഒരു അറബിയെ തന്റെ മനസ്സിലുദിച്ച സഹജവാസനയില്‍ തോക്കുകൊണ്ട് മെര്‍സോ വെടിയുതിര്‍ക്കുന്നതും തല്‍ഫലമായി പോലീസ് കസ്റ്റഡിയിലകപ്പെട്ട് വിചാരണക്ക് വിധേയനായി വധശിക്ഷ ഏറ്റുവാങ്ങുന്നതുമായ സന്ദര്‍ഭത്തെ താത്വികമായ ചില സംഭാഷണങ്ങളിലൂടെയും സമൂഹത്തെ കുറിച്ചുള്ള ചില വിചാരപ്പെടലുകളിലൂടെയും അവതരിപ്പിച്ചിരിക്കുകയാണ് കാമ്യു.

വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മെര്‍സോയുടെ പെരുമാറ്റങ്ങളും ചിന്തകളും വര്‍ത്തമാനങ്ങളുമെല്ലാം അക്കാലത്തെ സാഹിത്യ സാംസ്‌കാരിക വൃത്തങ്ങളില്‍ ഏറെ പ്രചാരം നേടിയിരുന്ന അസംബന്ധവാദത്തിന്റെയും (Absurdism) ശൂന്യാതാവാദത്തിന്റെയും (Nihilism) പ്രതീകാത്മക രൂപമായിട്ട് നോക്കിക്കാണാവുന്നതാണ്. ശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന നാളുകളില്‍ പശ്ചാത്താപം ചെയ്യിക്കാനും മരണാനന്തര ജീവതത്തെക്കുറിച്ചുള്ള പ്രത്യാശാബോധം ഉളവാക്കാനും മെര്‍സോയുടെ ജയില്‍ സെല്ലിലേക്ക് കടന്നുവരുന്ന ക്രിസ്ത്യന്‍ പുരോഹിതനും മെര്‍സോയും തമ്മിലുള്ള സംഭാഷണം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. തന്റെ അവസാന നിമിഷങ്ങള്‍ ദൈവത്തിനുമേല്‍ ചെലവഴിച്ചു പാഴാക്കാന്‍ താല്‍പര്യപ്പെടുന്നില്ല എന്ന് പുരോഹിതനോട് വ്യക്തമാക്കുന്ന മെര്‍സോ മരണം എന്ന സുനിശ്ചിതമായ സംഗതിയെ യാതൊരു വിധ അസമത്വങ്ങള്‍ക്കും ഇടമില്ലാതെ മനുഷ്യനൊന്നടങ്കം ഏറ്റുവാങ്ങേണ്ടതാണെന്നും മരണം എന്ന പ്രതിഭാസം അസമത്വങ്ങളേതുമില്ലാതെ സര്‍വരാലും അനുഭവിക്കേണ്ടതിനാല്‍ മനുഷ്യരില്‍ വിശ്വാസികള്‍, അല്ലാത്തവര്‍ എന്ന ദ്വന്ദ്വ ത്തിലൂന്നിയ വിശ്വാസി പ്രിവിലേജ്ഡ് വര്‍ഗം എന്ന ഒരു വിഭാഗമില്ലെന്നും പറഞ്ഞുവെക്കുകയാണ്.

നീതിയും പ്രതീക്ഷയും സന്തോഷവുമെല്ലാം മരണത്തിനു മുമ്പുള്ള ഭൗതിക ജീവിതത്തില്‍ മാത്രം ലഭിക്കുകയും ആസ്വദിക്കുകയും ചെയ്യാവുന്നവയാണെന്ന് മെര്‍സോ തറപ്പിച്ചു പറയുകയാണ്. പിന്നീട് തന്റെ നിഷേധാത്മക നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന മെര്‍സോ അവസാനം പുരോഹിതനെ സെല്ലില്‍ നിന്ന് പറഞ്ഞയക്കുകയാണ്. നിര്‍വികാരത്തോടെ അനീതികളെ ഏറ്റുവാങ്ങിക്കൊണ്ട് മരണാനന്തര ജീവിതം എന്ന ഒരു നീതിന്യായ ലോകം വെറും മായയാണെന്ന് വിശ്വസിക്കുന്ന കാമ്യുവിന്റെ കഥാപാത്രത്തിന് നേര്‍വിപരീതമാണ് രാഷ്ട്രീയകാരണങ്ങളും തീവ്രവാദവുമാരോപിച്ച് കാരാഗൃഹങ്ങളില്‍ അന്യായമായി അകപ്പെട്ട അനേകായിരം മുസ്‌ലിം ജയില്‍പുള്ളികളുടെ വിശ്വാസത്തെ കുറിച്ച് വന്ന പഠനങ്ങളില്‍ തെളിയുന്നത്.

ഈജിപ്ഷ്യന്‍ ജയിലുകളില്‍ അന്യായ തടവുകാരായി കഴിഞ്ഞിരുന്ന വാലാ ഖുസായിയും അസ്മ ഖുറൈശിയും ചേര്‍ന്നു കെയ്‌റോ ജയിലുകള്‍ മുതല്‍ ഗ്വാണ്ടനാമോ വരെയുള്ള തടങ്കലിടങ്ങില്‍ അകപ്പെട്ട നൂറുകണക്കിന് മുസ്‌ലിം ജയില്‍വാസികളുമായി അഭിമുഖങ്ങള്‍ നടത്തി തയ്യാറാക്കിയ when only god can see; faith of Muslim political prisoners എന്ന പുസ്തകം അടിസ്ഥാനപരമായി അഭിമുഖീകരിക്കുന്നത് നിര്‍ജ്ജീവതയും കഷ്ടപ്പാടുകളും സൃഷ്ടിക്കുന്ന ജീര്‍ണിച്ച അവസ്ഥയില്‍ ദൈവത്തെ കണ്ടത്തിയതിനെ സംബന്ധിച്ചാണ്.

അമേരിക്കയുടെ വാര്‍ ഓണ്‍ ടെററിന്റെ ബാക്കിപത്രമായ ഗ്വാണ്ടനാമോയിലെയും ന്യുയോര്‍ക്ക് ജയിലിലെയും ആനുപാതികമായി വളരെ ഉയര്‍ന്ന തരത്തിലുള്ള ഭീമമായ മുസ്‌ലിം ജനസംഖ്യയും ഇസ്‌ലാമികതയെ തീവ്രവാദവുമായി സമീകരിച്ചുകൊണ്ടുള്ള തീവ്രവാദത്തിന്റെ വിശാലമായ നിര്‍വചനവുമെല്ലാം ആഗോള മുസ്‌ലിം കാരാഗൃഹജീവിതങ്ങളെ സവിശേഷമായ പഠനത്തിനും അന്വേഷണങ്ങള്‍ക്കും അര്‍ഹമാക്കുന്നുണ്ട്. വ്യാജ തീവ്രവാദകുറ്റങ്ങളാരോപിക്കപ്പെട്ട് അസഹനീയമായ പീഡനങ്ങളേറ്റുവാങ്ങി അമേരിക്കന്‍ അതിസുരക്ഷാ ജയിലുകളില്‍ അകപ്പെട്ട മുസ്‌ലിം ജയില്‍പുള്ളികള്‍ നീതിയുടെ ഏക ഇടമായി നീതിമാനായ ദൈവം പ്രധാനം ചെയ്യുന്ന ശാശ്വതമായ മരണാനന്തര ജീവിതത്തെ വീക്ഷിക്കുന്ന വിധം ഗ്രന്ഥത്തിലെ അഭിമുഖങ്ങളിലൂടെ പരിചയപ്പെടുത്തുന്നുണ്ട്.

ദുഖമോ സന്തോഷമോ തോന്നലുകളോ അനുഭൂതികളോ അനുഭവിക്കാന്‍ സാധിക്കാതെ ജീവിച്ചുകൊണ്ടിരിക്കുകയാണോ മരിച്ചിരിക്കുകയാണോ എന്ന് തീര്‍ത്തുപറയാന്‍ പറ്റാത്ത വിധം മരവിച്ച അവസ്ഥയിലൂടെ ദിവസങ്ങള്‍ എണ്ണിനീക്കുന്ന ജയില്‍പുള്ളികളില്‍ ദൈവവിശ്വാസം മാത്രം പ്രതീക്ഷാഘടകമായി വര്‍ത്തിച്ചതിന്റെ അനുഭവവിവരണങ്ങളും കര്‍മങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും വിശ്വാസത്തെ നിലനിര്‍ത്തിയിതിന്റെയുമെല്ലാം വിവരണങ്ങളാണ് മുസ്‌ലിം ജയില്‍ പുള്ളികളിലെ വിശ്വാസത്തെ കുറിച്ചുള്ള ഈ അഭിമുഖങ്ങള്‍ കേന്ദ്രീകരിച്ചുള്ള പഠനം വ്യക്തമാക്കുന്നത്. ജീവിതത്തിന്റെ ഗുണപരമായ നിലനില്‍പ്പിന് വിശ്വാസ സംരക്ഷണം അത്യന്താപേക്ഷികമായി കരുതുന്ന മുസ്‌ലിം ജയില്‍പുള്ളികള്‍ ഏകതാബോധത്തോടെ കാരാഗൃഹങ്ങളില്‍ അനുഷ്ടാന കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതും സംഘടിതമായ മതബോധവത്കരണങ്ങള്‍ സംഘടിപ്പിക്കുന്നതുമായ നിരവധി ഉദാഹരണങ്ങളാണ് ഗ്വാണ്ടനാമോയിലെയും ഈജിപ്തിലെയുമെല്ലാം മുസ്‌ലിം ജയില്‍വാസത്തെ വേറിട്ടുനിര്‍ത്തുന്നത്.

ജീവിതകാലത്തെ നന്മകള്‍ക്ക് ഭൗതികലോകത്തല്ലെങ്കില്‍ മരണാനന്തര ജീവിതത്തിലെങ്കിലും പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയും ഭൗതികലോകത്ത് വെച്ച് ചെയ്ത ക്രൂരതകളും തിന്മകളും പശ്ചാതപ്പിക്കുകയോ ദൈവത്തോട് മാപ്പപേക്ഷിക്കുകയോ ചെയ്തില്ലെങ്കില്‍ മരണാനന്തര ജീവിതത്തില്‍ നിശ്ചയമായും ശിക്ഷിക്കപ്പെടുമെന്ന വിശ്വാസവുമാണ് ജയിലുകളില്‍ ശിക്ഷകളേറ്റുവാങ്ങി കഴിയുന്ന മുസ്‌ലിം ജയില്‍പുള്ളികളുടെ ദൈവവിശ്വാസത്തിന്റെ കാതല്‍.
അസ്മ ഖുറൈശിയുടെ പുസ്തകത്തിനു പുറമെ സ്വാതന്ത്രവും നീതിയും നിഷേധിക്കപ്പെട്ടയിടങ്ങളില്‍ വിശ്വാസത്തിലൂടെ ജീവിതം പുനരാവിഷ്‌കരിച്ച മുസ്‌ലിം വിശ്വാസികളെ കുറിച്ച് എഴുതപ്പെട്ട ആഫ്രിക്കന്‍ ഡയസ്‌പോറ പഠനങ്ങളിലെ പ്രമുഖ ഗവേഷകയായ സില്‍വിയാനോ ഡിയോഫിന്റെ Servants of Allah; African Muslims enslaved in Americas എന്ന പഠനവും ശ്രദ്ധേയമാണ്.

ട്രാന്‍സ് അറ്റ്‌ലാന്റിക്ക് അടിമകച്ചവടത്തിലൂടെ ആഫ്രിക്കന്‍ അടിമച്ചന്തകളില്‍ നിന്ന് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ പ്ലാന്റേഷനുകളിലേക്കും അമേരിക്കന്‍ ഐക്യനാടുകളിലേക്കും കടത്തപ്പെട്ട ആഫ്രിക്കന്‍ അടിമകളില്‍ മുസ്‌ലിം വിശ്വാസികളായിരുന്ന വലിയൊരു വിഭാഗത്തിന്റെ വിശ്വാസത്തെയും വിശ്വാസ സംരക്ഷണത്തെയും ക്രിസ്ത്യന്‍ നിര്‍ബന്ധിത പരിവര്‍ത്തനത്തിനെതിരെയുള്ള വ്യാജ മതം മാറല്‍ (pseudo conversion) രീതികളെയുമെല്ലാം വിശദമായി പ്രതിപാദിക്കുന്ന പഠനമാണ് Servants of Allah. അടിമകച്ചവടങ്ങളില്‍ അന്തര്‍ലീനമായിരുന്ന അതിക്രൂരതകളില്‍ ഏകാശ്വാസമായി വിശ്വാസം കൊണ്ടുനടന്ന ഇവരില്‍ ഇസ്‌ലാമിക പണ്ഡിതന്മാരടക്കമുണ്ടെന്ന് ഗ്രന്ഥകാരി ചൂണ്ടികാട്ടുന്നുണ്ട്.

സെനഗലില്‍ നിന്ന് അമേരിക്കയിലേക്ക് അടിമകച്ചവടം വഴി എത്തിച്ചേര്‍ന്ന ഉമര്‍ ബിന്‍ സൈദ് അതിലൊരുദാഹരണമാണ്. സ്വന്തമായി ആത്മകഥ എഴുതിയ അടിമ എന്ന വിശേഷണം കൂടിയുള്ള ഉമര്‍ ബിന്‍ സൈദ് അടിമകളെ കുറിച്ചുള്ള സാമൂഹിക പഠനങ്ങളിലെ പ്രധാന റഫറന്‍സ് പോയിന്റ് കൂടിയാണ്. അടിമജീവിതങ്ങളിലെ വിശ്വാസത്തെയും ആത്മീയതയെയും ദൈവഭയത്തെയും കുറിച്ചുള്ള സില്‍വിയാനോ ഡിയോഫിന്റെ പഠനം അഭിമുഖീകരിക്കുന്നത് ഭൗതിക ജീവിതത്തില്‍ അന്യം നിന്ന നീതിയും സന്തോഷവും മരണാനന്തര ജീവിതത്തിലെ ദൈവത്തിന്റെ അലംഘനീയമായ നീതി നിര്‍വാഹണത്തിലൂടെ കരഗതമാകുമെന്ന പ്രതീക്ഷയിലൂന്നിയ ദൈവവിശ്വാസത്തിന്റെ ശക്തമായ സാന്നിധ്യത്തെ കുറിച്ചാണ്.

മുസ്‌ലിം ജയില്‍പുള്ളികളെ കുറിച്ചുള്ള പഠനങ്ങളില്‍ തെളിഞ്ഞുനില്‍ക്കുന്ന കാരാഗൃഹങ്ങളും അടിമച്ചന്തകളും, അവിടങ്ങളിലെ വിശ്വാസാവിഷ്‌കാരത്തിന്റെയും ആത്മീയതയുടെയും പ്രകാശനവും അത്‌പോലെ തന്നെ കാമ്യുവിന്റെ കഥാപാത്രങ്ങളിലെ പ്രതീക്ഷയില്ലായ്മയുമെല്ലാം ജീവിതത്തിന്റെ പരമാര്‍ത്ഥത്തെ ചൊല്ലിയുള്ള സംവാദങ്ങളിലേക്കുള്ള വാതായനങ്ങളാണെന്നതോടൊപ്പം അനീതി നിറഞ്ഞ പശ്ചാതലത്തില്‍ നിന്നും നീതിയെ തേടിയുള്ള യാത്രയെയും ദൈവനീതിയെ മായയായി പ്രതിഷ്ടിച്ച് പ്രതീക്ഷയറ്റ മാര്‍ഗവുമെന്ന രണ്ട് വിപരീത ധ്രുവങ്ങളെയാണ് വരച്ചുകാട്ടുന്നത്. ദ സ്‌ട്രൈഞ്ചറിലെ മെര്‍സോയുടെ നേര്‍വിപരീതമായ മുസ്‌ലിം ജയില്‍ ജീവിതങ്ങള്‍ നീതി ലഭിക്കുമെന്ന വിശ്വാസത്തിലൂടെയാണ് ജീവിതം തള്ളിനീക്കുന്നത്. മെര്‍സോയുടെ ഭാവനകളില്‍ നിലനില്‍ക്കുന്നില്ലാത്ത മരണാനന്തര ജീവിതത്തിലായിരിക്കും ഒരുപക്ഷേ, ആ നീതി ലഭ്യമാകുന്നതെന്ന് മാത്രം.

അര്‍ശഖ് സഹല്‍

ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴിസിറ്റിയില്‍ നിന്നും സിവിലൈസേഷണല്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ സബീലുല്‍ ഹിദായ ഇസ്‌ലാമിക് കോളേജില്‍ അധ്യാപകനാണ്.

 

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.