Thelicham

മെറിറ്റ്‌സ് ഓഫ് ദി പ്ലേഗ്: ഇസ്‌ലാമികചരിത്രത്തിലെ ക്ലാസിക്കല്‍ പ്ലേഗ് ലിറ്ററേച്ചര്‍

കറുത്ത മരണമെന്ന പ്ലേഗ് ഞങ്ങളെ വല്ലാതെ ഭയപ്പെടുത്തുന്നു. ഇരുട്ടിന്റെ നാട്ടിലാണ് അത് ആരംഭിച്ചത്. ഓ, എന്തൊരു മുഷിഞ്ഞ സന്ദര്‍ശകന്‍! കരുത്തരായ ചൈനക്കോ വലിയ വലിയ കോട്ടകൊത്തളങ്ങള്‍ക്കോ പോലും അതിനെ തടയാനുള്ള കരുത്തില്ല. സിന്ധു നദി പ്രദേശത്തും ഇന്ത്യയിലും, ഉസ്ബക്കിലും അത് വ്യാപിച്ചിട്ടുണ്ട്. കെയ്‌റോയില്‍ മനുഷ്യരാശിയെ മുച്ചൂടും നശിപ്പിച്ചു.

-ഇബ്‌നുല്‍ വര്‍ദി, രിസാല ; അന്നബഉ അനില്‍വബാഅ്

747/1346 നും 749/1349 നും ഇടയില്‍, ഇബ്‌നു അല്‍-വര്‍ദി എന്ന കവി ഏഷ്യയിലും മെഡിറ്ററേനിയന്‍ പ്രവിശ്യയിലും തുടര്‍ന്ന് അദ്ദേഹത്തിന്റെ നാടായ അലപ്പോയിലും പടര്‍ന്ന ബ്ലാക്ക് ഡെത്ത് എന്നറിയപ്പെടുന്ന പ്ലേഗിനെക്കുറിച്ച് എഴുതിയ വരികളാണിത്. സംജാതമായ മാരകരോഗത്തിന്റെ എല്ലാ ഭീകരതകളും എഴുതിപ്പകര്‍ത്തും മുമ്പേ പ്ലേഗ് ബാധിച്ച് അദ്ദേഹം മരണപ്പെടുകയുണ്ടായി. എന്നിരുന്നാലും വര്‍ദിയുടെ രിസാല; അന്നബഉ അനില്‍വബാഅ് ഇസ്‌ലാമിക ചരിത്രത്തില്‍ എഴുതപ്പെട്ട പ്ലേഗ് ലിറ്ററേച്ചറുകളില്‍ എണ്ണംപിടിച്ച ഒരു ഗ്രന്ഥമാണ്.

പ്ലേഗ് പൊട്ടിപ്പുറപ്പെട്ടതിന്റെ വിവരണങ്ങള്‍, അതിന്റെ ഇസ്‌ലാമിക കാഴ്ച്ചപ്പാടുകള്‍, പ്രവാചക പ്രതിവിധികള്‍ എന്നിവയെക്കുറിച്ചൊക്കെ ആദ്യ കാലഘട്ടങ്ങളില്‍ തന്നെ അറബ്-മുസ്‌ലിം എഴുത്തുകാര്‍ക്കിടയില്‍ ഗ്രന്ഥങ്ങളും കുറിപ്പുകളും രചിക്കപ്പെട്ടിട്ടുണ്ട്. വര്‍ദിയുടെ സമകാലികനും ഹമ്പലി കര്‍മ്മശാസ്ത്ര പണ്ഡിതനുമായ ഇബ്നു ഖയ്യിമില്‍ ജൗസിയുടെ ത്വിബ്ബുന്നബവിയിലും പകര്‍ച്ചവ്യാധികളെക്കുറിച്ചും, വിശിഷ്യാ പ്ലേഗിനെക്കുറിച്ചും പരാമര്‍ശങ്ങളുണ്ട്.

ജോര്‍ജ്ജ് വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ ജോയല്‍ ബ്ലെക്കര്‍ ഇസ്‌ലാമിക ചരിത്രം, ഫിലോസഫി എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിച്ച അമേരിക്കന്‍ പണ്ഡിതനാണ്. said the prophet പോലോത്ത ഹദീസ് സംബന്ധിയായ പുസ്തകങ്ങള്‍ രചിച്ച് അക്കാദമിക് മേഖലയില്‍ തിളങ്ങിനില്‍ക്കുന്ന വേളയിലാണ് ഈയൊരു വിവര്‍ത്തനവുമായി ബ്ലെക്കര്‍ മുന്നോട്ടു വരുന്നത്. സഹ വിവര്‍ത്തകനായ മൈറാജ് സയ്യിദ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ മതപഠന വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറാണ്. മെറിറ്റ്സ് ഓഫ് ദ പ്ലേഗിന്റെ പുനപ്രസിദ്ധീകരണത്തോടു കൂടി പ്ലേഗ് ലിറ്ററേച്ചര്‍ രംഗത്ത് പാശ്ചാത്യരുടെ സ്റ്റീരിയോടൈപ്പിക് ആധിപത്യത്തെയും ഹെജിമണിയെയും തകര്‍ത്തെറിയുകയാണ് അറബി ഭാഷ. അതിന്റെ സമ്പന്നമായ സാഹിത്യ പൈതൃകം ഇക്കാലം വരെ മുഖ്യധാരാ സാഹിത്യലോകത്തു നിന്നും അകറ്റി നിര്‍ത്തപ്പെട്ട മുസ്‌ലിം പണ്ഡിതരുടെ ബൗദ്ധികവും സാംസ്‌കാരികവുമായ സംഭാവനകളുടെ ചെറിയൊരു പ്രതിഫലനം മാത്രമാണ്. മുസ്‌ലിം സമുദായത്തിനുള്ളില്‍ പോലും അസ്ഖലാനിയുടെ ഈ മാസ്റ്റര്‍പീസ് അറിയപ്പെട്ടിരുന്നില്ല. ആമുഖത്തില്‍ ബ്ലെക്കര്‍ സൂചിപ്പിക്കുന്നത് ഇവ്വിഷയമാണ്.

കൊറോണസമയത്ത് എല്ലാവരും അടച്ചുപൂട്ടപ്പെട്ട സ്ഥിതിയിലായപ്പോള്‍ വായനാപ്രേമികളുടെ വായനാപരിസരത്തിലും ചെറുതല്ലാത്ത മാറ്റങ്ങള്‍ വരുന്നത് കണ്ട് ആഗോളതലത്തില്‍ വിവിധ പ്രസാധകരും ഓണ്‍ലൈന്‍ ലൈബ്രറികളും പ്ലേഗ്/പാന്‍ഡെമിക്കുമായി ബന്ധപ്പെട്ട ഫിക്ഷന്‍-നോണ്‍ ഫിക്ഷന്‍ പുസ്തകങ്ങളുടെ കാറ്റലോഗുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി അമേരിക്കയിലെ ബെന്നറ്റ് മാര്‍ട്ടിന്‍ പബ്ലിക് ലൈബ്രറി പുറത്തിറക്കിയ കാറ്റ്ലോഗ് തുടങ്ങുന്നത് ഇറ്റാലിയന്‍ എഴുത്തുകാരനായ ബൊക്കാസിയോയുടെ 1353 ല്‍ പ്രസിദ്ധീകരിച്ച ദി ഡെക്കാമെറോണ്‍ എന്ന പുസ്തകം കൊണ്ടാണ്. തുടര്‍ന്ന് 1723 ല്‍ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് നോവലിസ്റ്റായ ദാനിയേല്‍ ഡിഫോയുടെ എ ജേണല്‍ ഓഫ് ദ പ്ലേഗ്, ഇറ്റാലിയന്‍ കവിയായ മന്‍സോനിയുടെ 1827 ല്‍ പ്രസിദ്ധീകരിച്ച Betrothed തുടങ്ങിയ പാശ്ചാത്യന്‍ ഗ്രന്ഥങ്ങളാണ് ഈ ലിസ്റ്റിലുള്ളത്. പാശ്ചാത്യ രാജ്യത്തിന് പുറത്ത് പ്ലേഗിനെക്കുറിച്ച് എഴുതിയ ഗ്രന്ഥങ്ങളോട് തികഞ്ഞ അവഗണനയാണ് എല്ലായിടത്തുമുള്ളത്.

പ്ലേഗിനെപ്പോലെതന്നെ വിനാശകരമായ മരണങ്ങള്‍ക്കും, അനിശ്ചിതത്വത്തിനും ലോകം സാക്ഷ്യം വഹിച്ച വേളയായിരുന്നു രണ്ടായിരത്തി പത്തൊന്‍പതിലെ കൊറോണക്കാലം. അതിന് ശേഷവും മുമ്പുമായി നമ്മള്‍ പലവിധ പ്രകൃതി ദുരന്തങ്ങള്‍, യുദ്ധങ്ങള്‍, മാരകരോഗങ്ങള്‍ തുടങ്ങിയവക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ദൈവശാസ്ത്രത്തിലും മറ്റുമായി ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വിധേയമാകുന്ന ഒന്നാണ് തിയോഡിസിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍. ഇത്തരത്തിലുള്ള ദുരന്തങ്ങളും മാറാവ്യാധികളും ദൈവത്തിന്റെ ശിക്ഷയായിരുന്നോ, അങ്ങനെയെങ്കില്‍ എന്തുകൊണ്ട്? വിശ്വാസികളെന്നോ അവിശ്വാസികളെന്നോ വ്യത്യാസമില്ലാതെ ദൈവമെന്താണ് എല്ലാവരേയും ശിക്ഷിക്കുന്നത്, അതല്ല ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ പ്രതിഫലത്തിനുള്ള അവസരമായിരുന്നോ, അങ്ങനെയെങ്കില്‍ എങ്ങനെ? തുടങ്ങി ഒട്ടനവധി ചര്‍ച്ചകളും ചോദ്യങ്ങളും ഇതിന്റെ ഉപോല്‍ബലകമായി വരുന്നതാണ്. ഈയൊരു സാഹചര്യം, വിശിഷ്യാ കൊറോണകാലഘട്ടം കണക്കിലെടുത്താണ് ജോയല്‍ ബ്ലക്കറും മൈറാജ് സയ്യിദും ചേര്‍ന്ന് ഇബ്നു ഹജറുല്‍ അസ്ഖലാനിയുടെ ബദ്ലുല്‍ മാഊന്‍ ഫീ ഫദ്ലി ത്വാഊന്‍ (മെറിറ്റ്സ് ഓഫ് ദ പ്ലേഗ്) എന്ന കാലിക പ്രസക്തമായ ഗ്രന്ഥം ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്യുന്നത്.

ലോക സാഹിത്യത്തില്‍ മെറിറ്റ്സ് ഓഫ് ദ പ്ലേഗിന്റെ പ്രാധാന്യം മനസ്സിലാക്കി പെന്‍ഗ്വിന്‍ പബ്ലിക്കേഷന്‍സ് ലോകക്ലാസിക്കുകള്‍ പ്രസിദ്ധീകരിക്കുന്ന ”പെന്‍ഗ്വിന്‍ ക്ലാസിക്ക്” എന്ന വിഭാഗത്തിലാണ് ഈ വിവര്‍ത്തനം പ്രസിദ്ധീകരിച്ചത്. ഗ്രന്ഥകാരന്‍ ഇബ്നു ഹജര്‍ അല്‍-അസ്ഖലാനി, പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ച ഒരു ബഹുമുഖ ഇസ്‌ലാമിക പണ്ഡിതനാണ്. സ്വഹീഹ് ബുഖാരിയുടെ വിശ്വപ്രസിദ്ധമായ വ്യാഖ്യാനമായ ഫത്ഹുല്‍ബാരി രചിച്ച ഹദീസ് പണ്ഡിതന്‍ എന്നതിലുപരി, ഇസ്‌ലാമിക ചരിത്രകാരന്‍, മംലൂക്ക് രാജവംശത്തിലെ ഖാളി, കൈറോയിലെ പൗരപ്രമാണിയും കച്ചവടക്കാരനും തുടങ്ങി അനവധി സ്ഥാനങ്ങള്‍ അലങ്കരിച്ച വ്യക്തിയാണ്. തന്റെ മൂന്ന് മക്കളുടെയും കൂട്ടുകുടുംബങ്ങളില്‍ നിന്ന് നിരവധി പേരുടെ ജീവനെടുത്ത, 1416 ല്‍ കൈറോയില്‍ മഹാമാരിയായി താണ്ഡവമാടിയ പ്ലേഗിന്റെ പശ്ചാത്തലത്തിലാണ് ഈ ഗ്രന്ഥം രചിക്കപ്പെടുന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലഘട്ടം മുതല്‍ ആയിരത്തി നാനൂറുകളിലെ ഈ ബ്ലാക്ക് ഡെത്ത് വരെയുള്ള മഹാമാരികളുടെ ഉത്ഭവത്തെക്കുറിച്ചും അത്തരം ദുരന്തങ്ങള്‍ എങ്ങനെയാണ് ദൈവേച്ഛയാകാമെന്നതിന്റെ വിശാലമായ അര്‍ത്ഥത്തെക്കുറിച്ചുമാണ് അദ്ദേഹം തന്റെ കാലത്തെ മഹാമാരിയുടെ സ്ഥിതി വിശേഷങ്ങള്‍ പങ്ക് വെച്ച് വിശദീകരിക്കുന്നത്.

വിവര്‍ത്തകന്റെ മുഖവുരക്കു പുറമെ പുസ്തകം ആറ് അധ്യായങ്ങളായാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. ഒന്നാമധ്യായം പ്ലേഗ് ഒരേസമയം ഒരു ദൈവിക ശിക്ഷയും, പരീക്ഷണവും, ശഹീദിന്റെ പ്രതിഫലം തരുന്ന കരുണയുമാണ് എന്ന് ഉദ്ഘോഷിക്കുന്ന ഹദീസുകളുടെയും ഖുര്‍ആനിക സൂക്തങ്ങളുടെയും സമാഹരണമാണ്. പ്ലേഗിന്റെ ഫലം ഒന്നാണെങ്കിലും അതിന്റെ പര്‍പ്പസ് ആരെയാണോ അത് ബാധിക്കുന്നത് അതനുസരിച്ചായിരിക്കുമെന്നാണ് പ്രവാചക ഭാഷ്യം.അമുസ്‌ലിംകള്‍ക്ക് ദൈവത്തില്‍ നിന്നുള്ള ശിക്ഷയും മുന്നറിയിപ്പുമാണെങ്കില്‍, സത്യവിശ്വാസികള്‍ക്കത് പരീക്ഷണവും, മരണപ്പെടുകയാണെങ്കില്‍ ശഹീദിന്റെ പ്രതിഫലം ലഭിക്കാനുമുള്ള നിദാനവുമാണ്.

രണ്ടാം അധ്യായത്തിലൂടെ പ്ലേഗിനെ (etymology) ഹദീസ്, ദൈവശാസ്ത്രം, മെഡിക്കല്‍ , അവിസെന്ന, അല്‍-ഗസാലി, ഇബ്‌നുല്‍-അറബി, ഖാദി ഇയാദ്, നവവി ഇമാം എന്നിവരുടെ പ്ലേഗ് റിലേറ്റഡ് ഉദ്ധരണികളിലൂടെ ഭാഷാപരമായി നിര്‍വചിക്കാനാണ് ഗ്രന്ഥകാരന്‍ ശ്രമിക്കുന്നത്. ഒപ്പം പ്രവാചക ഹദീസുകളില്‍ സാധാരണയായി കാണപ്പെടാറുള്ള പെസ്റ്റിലന്‍സ് (വബാഅ്) പ്ലേഗ് (ത്വാഊന്‍) എന്നിവ പര്യായപദങ്ങളല്ല എന്ന് സമര്‍ത്ഥിക്കുക കൂടി ചെയ്യുന്നു. ഇതേ അധ്യായത്തില്‍ പ്ലേഗുമായി ബന്ധപ്പെട്ട ജിന്ന് വിഷയങ്ങളും വിശദീകരിക്കുക വഴി ഇതിന്റെ വിവിധ തലങ്ങള്‍ ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നുണ്ട്.

അധ്യായത്തിന്റെ അവസാനഭാഗം ജിന്നിന്റെ അസ്വസ്ഥതകളില്‍ നിന്നും ഇത്തരം മഹാമാരികളില്‍ നിന്നും ഒരാളെ സംരക്ഷിക്കുന്നതിനായി പാരായണം ചെയ്യേണ്ട ദിക്റുകളുടെ ഒരു ഹ്രസ്വ സമാഹാരമാണ്. ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസില്‍ പരാമര്‍ശിച്ചിരിക്കുന്ന പ്രാര്‍ത്ഥനകളും അടങ്ങിയ ഇത് മഹാമാരിയുടെയും പകര്‍ച്ചവ്യാധികളുടെയും കാലങ്ങളില്‍ മുസ്‌ലിം വിശ്വാസികള്‍ക്കുള്ള ടൂള്‍ കിറ്റായി വര്‍ത്തിക്കും.

പുസ്തകത്തിന്റെ നാലാം അധ്യായത്തിലാണ് ഉമര്‍ (റ)വിന്റെ സിറിയന്‍ യാത്രയുമായി ബന്ധപ്പട്ട് കോറന്റൈന്‍ പോലോത്ത വിഷയങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്. പ്ലേഗ് ബാധിത സ്ഥലങ്ങളില്‍ നിന്നും പലായനം ചെയ്യരുതെന്നും ക്ഷമയോടെയിരിക്കണമെന്നും, പ്ലേഗ് ബാധിത പ്രദേശങ്ങളിലേക്ക് പ്രവേശിക്കരുതെന്നുമുള്ള നബിവചനങ്ങള്‍ എങ്ങനെയാണ് അഭിനവകാലഘട്ടത്തിലെ കോറന്റൈന്‍ കണ്‍സപ്റ്റിന് മാതൃകയാകുന്നതെന്ന് നമുക്കിതില്‍നിന്നും മനസ്സിലാക്കാം. ‘മെറിറ്റ്സ് ഓഫ് പ്ലേഗിന്റെ’ മറ്റൊരു സവിശേഷതകളിലൊന്നാണ് ശ്രദ്ധേയമായ എപ്പിലോഗ്.

അറബിക് ഭാഷയില്‍ അതു വരെ വന്ന പ്ലേഗ് ലിറ്ററേച്ചറുകളുടെ ബ്രഹത്തായൊരു ലിറ്ററേച്ചര്‍ റിവ്യൂ കൂടി ഇതിലദ്ദേഹം മുന്നോട്ടു വെക്കുന്നുണ്ട്. അല്‍-വര്‍ദിയുടെ അന്നബഅ്, ഷെയ്ഖ് ഷിഹാബ് അല്‍ ദീനിയുടെ പ്ലേഗ് കവിത, അല്‍ സഫാദിയുടെ കൃതികള്‍, താജുദ്ദീന്‍ അല്‍-സുബ്കിയുടെ രചനകള്‍ തുടങ്ങി ഒട്ടനവധി രചനകളെ പരിചയപ്പെടുത്തുന്ന ഒരു ഭാഗമാണിത്. ചുരുക്കത്തില്‍ ചരിത്രവും വൈദ്യശാസ്ത്രവും ഖുര്‍ആനും ഹദീസും, പ്ലേഗുകളുടെ ആത്മീയവും ദൈവശാസ്ത്രപരവും ചരിത്രപരവുമായ വശങ്ങള്‍, ഇസ്‌ലാമിക തിയോളജിയില്‍ ഇത്തരം മാറാവ്യാധികളെയും മഹാമാരികളെയും നോക്കിക്കാണുന്ന വിധം, സര്‍വ്വോപരി ഒരു അറബിക് പ്ലേഗ് ലിറ്ററേച്ചര്‍ റിവ്യൂ കൂടിയായ ഈ ഗ്രന്ഥത്തിന്റെ പ്രാധാന്യം വളരെ വലുതാണ്.

ഇർഷാദ് ഇ.വി കൂരിയാട് and ഡോ. സ്വലാഹുദ്ദീന്‍ ഹുദവി പറമ്പിൽ പീടിക

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Most popular

Most discussed