Thelicham

രോഗം എന്ന രൂപകം

അരോഗാവസ്ഥ പകലെങ്കില്‍ ജീവിതത്തിന്റെ രാത്രിയാണ് രോഗം എന്നു പറഞ്ഞുകൊണ്ടാണ്, 1978 ല്‍ പ്രസിദ്ധീകരിച്ച സൂസന്‍ സൊന്‍ടാഗിന്റെ ‘രോഗം രൂപകമെന്ന നിലയില്‍’ എന്ന പഠനം ആരംഭിക്കുന്നത്. കൗതുകകരമായ ഒരു വസ്തുത, ഈ തുടക്കവാക്യത്തില്‍ത്തന്നെ നാം ഒരു രൂപകസാന്നിധ്യം കാണുന്നു എന്നതാണ്; രോഗത്തിന്റെ രാത്രി എന്ന രൂപകം. ക്ഷയരോഗവും അര്‍ബുദവുമാണ് സൊന്‍ടാഗിന്റെ രണ്ട് പ്രധാന പരിഗണനാവിഷയങ്ങള്‍. അവയുമായി ബന്ധപ്പെട്ട മിത്തുകളെയും രൂപകങ്ങളെയും അവര്‍ ഒന്നൊന്നായി പരിശോധിക്കുന്നു.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രോഗമായിരുന്നു ക്ഷയം, അര്‍ബുദം ഇരുപതാം നൂറ്റാണ്ടിന്റെയെന്നപോലെ. കാല്പനികതയാല്‍ പരിവേഷപ്പെട്ട അസുഖമായിരുന്നു ക്ഷയമെങ്കില്‍ അര്‍ബുദത്തിനു ചുറ്റും ഇത്തരം പരിവേഷങ്ങളൊന്നുമില്ല എന്നും സൊന്‍ടാഗ് എഴുതുന്നു. കലാകാരന്മാരുടെ രോഗമായും സര്‍ഗ്ഗാത്മകതയുടെ ലക്ഷണമായും ക്ഷയരോഗം വാഴ്ത്തപ്പെട്ടു. ക്ഷയരോഗിയുടെ മെലിവും വിളര്‍ച്ചയും വരെ ഒരുവന്/ ഒരുവള്‍ക്ക് ആകര്‍ഷകത്വമിരട്ടിപ്പിക്കുന്ന ശാരീരികസവിശേഷതകളായി കണക്കാക്കപ്പെട്ടു.

ദുഃഖത്തിന്റെ പര്യായമെന്നോണമാണ് ക്ഷയരോഗം പരിഗണിക്കപ്പെട്ടിരുന്നത് പത്തൊന്‍പതാം നൂറ്റാണ്ടില്‍. ദുഃഖത്താലും രോഗത്താലും വശ്യതയിരട്ടിച്ച കാല്പനികരുടെ കാലയളവായിരുന്നു അത്. ക്ഷയരോഗത്താല്‍ യൗവനാരംഭത്തില്‍ അന്തരിച്ച ജോണ്‍ കീറ്റ്‌സായിരുന്നുവല്ലോ ആ കാലയളവിന്റെ പ്രതീകവും പ്രതിനിധാനവും. ക്ഷയോന്മുഖമായ ജീവിതവും സൗന്ദര്യവും കാല്പനികതയുടെ പ്രിയപ്രമേയങ്ങളിലൊന്നായിരുന്നു. ആശാന്റെ ‘ലീല’ യിലെ നായകനായ മദനന്‍, ‘വിലയോന്മുഖമായ തിങ്കളിന്‍ കല’ പോലെ തേഞ്ഞു തീരുന്നതിന്റെ വിവരണം ആ കൃതിയിലുണ്ട്. ‘നിയതചരമയാന’നും ‘ഓജ:ക്ഷയദയനീയനുമായ’ ഒരു സൂര്യനെ, ലീലയില്‍ മറ്റൊരിടത്ത്, ആ നായകന്റെ പ്രതിരൂപമെന്നോണം ആശാന്‍ വരഞ്ഞിടുന്നുമുണ്ട്.
രോഗം, രൂപകങ്ങളെ ഉല്പാദിപ്പിക്കുന്നു എന്നും അവ പലപ്പോഴും രോഗത്തിന്റെ നിജസ്ഥിതിയുമായി ബന്ധപ്പെട്ടവയല്ല എന്നുമുള്ള നിരീക്ഷണമാണ് സൊന്‍ടാഗിന്റെ കൃതിയിലെ കേന്ദ്രാശയം.

രൂപകാത്മകത രോഗഭാവനയുടെ ഭാഗമാണ് എന്നു കൂടിയാണ് ഇതിനര്‍ത്ഥം. ക്ഷയരോഗബാധിതനായി അന്തരിച്ച ഫ്രാന്‍സ് കാഫ്കയുടെ ചരമവര്‍ഷമായ 1924ലാണ് രോഗവും സാനറ്റോറിയവും പ്രമേയമാകുന്ന തോമസ് മന്നിന്റെ ‘മാജിക് മൗണ്ടന്‍’ പ്രസിദ്ധീകൃതമായത് എന്നതും സാഹിത്യചരിത്രത്തിലെ യാദൃച്ഛികതകളിലൊന്ന്. രോഗവുമായി ബന്ധപ്പെട്ട രൂപകങ്ങളെയാണ് സൊന്‍ടാഗ് ചര്‍ച്ച ചെയ്യുന്നതെങ്കില്‍ രോഗം തന്നെ ഒരു രൂപകമായിരുന്നു സാഹിത്യത്തില്‍ എക്കാലവും. after the fretful fever of life, he sleeps well’ എന്ന് ഷെയ്ക്‌സ്പിയറുടെ മാക്‌ബെത്ത് തന്നാല്‍ ഹനിക്കപ്പെട്ട ഡങ്കന്‍ രാജാവിനെപ്പറ്റി. ‘ജീവിതച്ചെറുചൂടും പനിയാലാകാം, അതില്‍ കേവലം ഭിഷഗ്വരനൊരുവന്‍ മൃതിമാത്രം’ എന്ന് വൈലോപ്പിള്ളി, ‘ആശുപത്രിയില്‍’ എന്ന കവിതയില്‍.

സൊന്‍ടാഗ് തന്റെ കൃതിയില്‍ വളരെ കൃത്യമായി നിരീക്ഷിക്കും പോലെ ശാപത്തിന്റെയോ പാപത്തിന്റെയോ ഫലമായിരുന്നു പകര്‍ച്ചവ്യാധികള്‍ പ്രാചീനസാഹിത്യത്തില്‍. രാജാവായ ഈഡിപ്പസിന്റെ അഗമ്യഗമനമായിരുന്നു തീബ്‌സില്‍ പകര്‍ച്ചവ്യാധിയായി പ്രത്യക്ഷപ്പെട്ടതെന്ന് സോഫോക്ലിസ്. ബൊക്കാച്ചിയോയുടെ ‘ഡെക്കാമറണ്‍ കഥ’കളുടെയും പശ്ചാത്തലം ഒരു പകര്‍ച്ചവ്യാധിയായിരുന്നു. പകര്‍ച്ചവ്യാധികള്‍ ഒരു സമൂഹത്തെയൊന്നാകെ രോഗഗ്രസ്തമാക്കുമ്പോള്‍ അര്‍ബ്ബുദവും ക്ഷയരോഗവും ചില വ്യക്തികളെ മാത്രം ബാധിക്കുന്നു.

വികാരാധിക്യമാണ് ക്ഷയരോഗത്തിനു നിദാനം എന്ന, അബദ്ധജടിലമെങ്കിലും ഭാവനാപൂര്‍ണ്ണമായ, വിശ്വാസം പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിലവിലുണ്ടായിരുന്നതായി സൊന്‍ടാഗ് നിരീക്ഷിക്കുന്നുണ്ട്. വികാരദമനമാണ് മറിച്ച് അര്‍ബ്ബുദരോഗഹേതുവായി മാറുന്നത് എന്നും. ഇതിന്റെ പ്രത്യക്ഷദൃഷ്ടാന്തമായി കാമനകളുടെ സൈദ്ധാന്തികനായ സിഗ്മണ്ട് ഫ്രോയിഡിന്റെ ജീവിതമാണ് സൊന്‍ടാഗ് ഉദ്ധരിക്കുന്നത്. വായില്‍ അര്‍ബ്ബുദമായിരുന്നു ഫ്രോയിഡിന്, കാരണം വ്യക്തിജീവിതത്തിലെ ലൈംഗികാനന്ദത്തിന്റെ ഏറെക്കുറെ നിശ്ശേഷമായ അഭാവം.

രോഗത്തെ പ്രാപഞ്ചികമായ ഒരു രൂപകമാക്കി മാറ്റുന്ന ഒരു സാഹിത്യസന്ദര്‍ഭവും സൊന്‍ടാഗിന്റെ എഴുത്തില്‍ കടന്നു വരുന്നുണ്ട്. സ്വിസ് എഴുത്തുകാരനായ ഹെന്റി അമിയേലിനെയാണ് അവര്‍ ഉദ്ധരിക്കുന്നത്. ആ ഉദ്ധരണി ഇങ്ങനെ-
‘Sky draped in gray ,pleated by subtle shading, mists trailing on distant mountains; nature despairing, leaves falling on all sides like the lost illusions of youth under the tears of incurable grief…. The fir tree, alone in its Vigor, green, stoical in the midst of this universal tuberculosis ‑’.
ക്ഷയരോഗഗ്രസ്തമായ പ്രപഞ്ചം എന്നതാണിവിടത്തെ രൂപകഭാഷയുടെ പാരമ്യം. അതിനു നടുവില്‍ ഒരു ദേവതാരു മാത്രം പച്ച പിടിച്ചു നില്‍ക്കുന്നു.

രാഷ്ട്രീയരൂപകങ്ങള്‍ എന്ന നിലയിലുള്ള രോഗങ്ങളുടെ പ്രയോഗത്തെയും സൊന്‍ടാഗ് പരാമര്‍ശിക്കുന്നുണ്ട്. കമ്മ്യൂണിസം ക്യാന്‍സറാണെന്ന് മാരിനെറ്റി എന്ന കവി. വിളര്‍ച്ച ബാധിച്ച ധൈഷണികത സമൂഹശരീരത്തെ ക്ഷയരോഗവും ഗുഹ്യ രോഗവും പോലെ ബാധിച്ച് രോഗാതുരമാക്കുന്നു എന്ന് അന്റോണിയോ ഗ്രാംഷി. നാസികള്‍ ജൂതന്‍മാരെ സിഫിലിസിനോടും അര്‍ബ്ബുദത്തോടും സാദൃശ്യപ്പെടുത്തുന്ന പതിവും ഉണ്ടായിരുന്നു .

രോഗഭാവനകളാല്‍ നിബിഡമാണ് മലയാള സാഹിത്യവും. ഒവി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ ‘ത്തില്‍ നല്ലമ്മയുടെ വിളയാട്ടമായി വസൂരി ഭാവന ചെയ്യപ്പെടുന്നു. ജമന്തിയുടെ മണമുള്ള രോഗബാധിതരുടെ സ്രവങ്ങളാല്‍ പൂക്കുടിലുകള്‍ പണിയപ്പെടുന്നു ഖസാക്കില്‍. ഒപ്പം രോഗം സുരതമൂര്‍ച്ഛ പോലെ മാരകസംതൃപ്തി പകരുന്ന അനുഭവമായും വിവരിക്കപ്പെട്ടിരിക്കുന്നു വിജയന്റെ നോവലില്‍. മുകുന്ദന്റെ, ഇപ്പോള്‍ അന്‍പതാണ്ടിലെത്തി നില്‍ക്കുന്ന ‘മയ്യഴിപ്പുഴയുടെ തീരങ്ങ’ളിലും വസൂരിയുണ്ട്. വെളുത്തച്ചനും കൊടുങ്ങല്ലൂരമ്മയും തമ്മിലുള്ള പോരാട്ടമാണ് വസൂരിക്കെതിരായ പോരാട്ടം നോവലില്‍. ജന്മനാല്‍ രോഗിയായ കുഞ്ഞനന്തന്‍ മാസ്റ്ററാണ് നോവലിലെ ഒരു പ്രധാനകഥാപാത്രം. അകാലമരണം സുനിശ്ചിതമായ അയാള്‍ വാഴ്‌വിന്റെ ഓരോ നിമിഷത്തെയും ജീവിതാനന്ദത്തിന്റെ ഓരോ ഉത്സവവേളകളാക്കി മാറ്റുന്നു. കാക്കനാടന്റെ ‘വസൂരി’ എന്ന നോവലിനെയും ഓര്‍ക്കാതെ വയ്യ. പകര്‍ച്ചവ്യാധിയുടെ സന്ദര്‍ഭം മനുഷ്യരെ സദാചാരത്തിന്റെ സീമകള്‍ക്കപ്പുറത്തേയ്ക്കു നയിക്കുന്നതിന്റെ ഭീഷണമായ ചിത്രീകരണമാണ് നോവലില്‍.

മലയാളകവിതയിലും രോഗരൂപകങ്ങള്‍ ധാരാളമായുണ്ട്. ‘ശ്വാസാന്തരങ്ങളില്‍ ശോണകഫം പുഷ്പിക്കുന്നു’ എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്റെയൊരു ആദ്യകാല കവിതയില്‍. സച്ചിദാനന്ദന്റെ ‘സുലേഖ’ എന്ന കവിതയിലും കാണാം അര്‍ബ്ബുദത്തിന്റെ ചില ധ്വനിചിത്രങ്ങള്‍.

‘ഉപ്പുപാടങ്ങളുടെ ലവണം കിനിയുന്ന കാറ്റുകള്‍ക്കൊപ്പം
ഓരോ രാത്രിയും നീ കടന്നു വരുന്നു
മൂടല്‍മഞ്ഞു പോലെ മുറിവുകള്‍ കാട്ടി വിതുമ്പുന്നു
ജനലരികില്‍ നിന്നു വിറയ്ക്കുന്നു ഹിമകാല നിശീഥിനി വെളുത്തുള്ളി പോലെ വിളറിയിരിക്കുന്നു
നിന്റെ ചിതയില്‍ വിരിയുന്ന
അര്‍ബ്ബുദത്തിന്റെ ഇലകള്‍ക്കു തവിട്ടു നിറം ‘.

വസൂരിയുടെയും ക്ഷയത്തിന്റെയും അര്‍ബ്ബുദത്തിന്റെയും കാലങ്ങള്‍ പിന്നിട്ട് ലോകം, കോവിഡ് എന്ന മഹാമാരിയുടെ മാരക ഋുതുവിലൂടെയും കടന്നുപോന്നിരിക്കുകയാണിപ്പോള്‍. മരണഭയത്തിന്റെയും ഏകാന്തതയുടെയും വലിയൊരു കോളനിയായി ലോകം പരിണമിച്ച ആ കാലയളവിനെയും നാം മറികടന്നു കഴിഞ്ഞു. വലിയൊരു ദുഃസ്വപ്‌നത്തില്‍ നിന്നുണര്‍ന്നവരേപ്പോലെ നാം ആ മഹാവ്യാധിയുടെ ഋതുവിനെ മറക്കാനാണ് ശ്രമിക്കുന്നത്. അതിനാലാവാം കോവിഡിന്റെ ശ്രദ്ധേയമായ സാഹിത്യപ്രതിഫലനങ്ങള്‍ കാര്യമായൊന്നുമുണ്ടായിട്ടില്ല മലയാളസാഹിത്യത്തിലും ലോകസാഹിത്യത്തിലും. കമ്യുവിന്റെ ‘പ്ലേഗ്’ പോലെ, രോഗം രൂപകമാവുന്ന മഹത്തായ ഒരു കൃതി കോവിഡ്കാലം എന്തുകൊണ്ടോ നമുക്കു സമ്മാനിച്ചില്ല. അതെന്തായാലും രോഗം എന്ന അനിവാര്യതയും അതിന്റെ രൂപകസാധ്യതകളും ഇപ്പോഴും ശേഷിക്കുന്നു. ‘ഉലകാമാസ്പത്രി’ എന്ന് മുമ്പെഴുതിയത് വൈലോപ്പിള്ളിയാണ്. ആ രൂപകം ഒരനുഭവയഥാര്‍ത്ഥ്യമായി ഇപ്പോഴും നമ്മെ ചൂഴ്ന്നു നില്‍ക്കുന്നു. ജീവിതത്തിന്റെ തെളിഞ്ഞ പകലുകള്‍ക്കു പിന്നില്‍ രോഗാവസ്ഥ എന്ന നിശാകാലം പതിയിരിക്കുകയും ചെയ്യുന്നു.

റഫറന്‍സസ്

  1. ഇല്‍നെസ് അസ് മെറ്റഫര്‍ -സൂസന്‍ സൊന്‍ടാഗ്
  2. മരണവാര്‍ഡ് -ബാലചന്ദ്രന്‍ ചുള്ളിക്കാട്
  3. സുലേഖ -സച്ചിദാനന്ദന്‍

സജയ് കെ.വി

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.