മുസ്‌ലിം-ക്രിസ്ത്യന്‍ മതവിഭാഗങ്ങളുടെ പരസ്പര ചരിത്രത്തെ മെഡിറ്ററേനിയന്‍ പശ്ചാത്തത്തില്‍ വിശദീകരിച്ചു കൊണ്ടുള്ള പഠനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടെങ്കിലും ആ പ്രാദേശികതയോട് ചേര്‍ന്നുകൊണ്ടുള്ള മതകീയവും കലാപരവും ജനപ്രിയവുമായ സാംസ്‌കാരിക കൈമാറ്റ ചരിത്രത്തെ സമ്മിശ്രപ്പെടുത്തിക്കൊണ്ടുള്ള വായനകള്‍ വളരെ വിരളമാണ്. ബഗ്ദാദില്‍ അബ്ബാസികളും ടോളിഡോയില്‍ അല്‍ഫോന്‍സായിനും ഭരിക്കുന്ന കാലഘട്ടത്തില്‍തന്നെ മുസ്‌ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളുടെ പൊതുവായ പൈതൃക സമ്പത്ത് വീണ്ടെടുക്കുക എന്ന പ്രേരണയില്‍ ആരംഭിക്കുന്ന പഠനങ്ങളത്രയും കേവലം അമൂര്‍ത്തമായ ഒരു ഭൗതികവിനിമയത്തെ സ്ഥാപിക്കുന്നതിലോ പ്രവാചകന്മാരിലൂടെ പങ്കിട്ട വംശാവലി കണ്ടെത്തുന്നതിലേക്ക് മാത്രമായോ പരിമിതപ്പെട്ടിരുന്നില്ല.
ഈ കൈമാറ്റങ്ങളുടെയെല്ലാം ആധാരം ക്രിസ്ത്യന്‍-മുസ്‌ലിം സമ്പര്‍ക്കത്തിന്റെ സ്വഭാവവും അതിരുകളും ക്രിയാത്മകവും പ്രതികൂലവുമായി പ്രതിഫലിച്ച ഭൂമിശാസ്ത്രവും തന്നെയായിരുന്നു. ഈ പരസ്പര പങ്കിടലുകളുടെ ഭൂമിശാസ്ത്രം രണ്ടു രീതിയിലാണ് പ്രകടമാകുന്നത്. ഒന്നാമതായി സിറിയ, ഫലസ്തീന്‍, ഈജിപ്ത് എന്നീ പ്രദേശങ്ങളിലെ പ്രവാചകന്മാരുടെയും വിശുദ്ധരുടെയും പുണ്യസങ്കേതങ്ങളിലേക്ക് എത്തുന്ന ക്രിസ്ത്യന്‍-മുസ്‌ലിം-ജൂത മതവിഭാഗങ്ങളുടെ പൊതുവായ മതാചാരങ്ങളിലൂടെയുള്ള കൈമാറ്റങ്ങളിലൂടെയാണ്. മറ്റൊന്ന് മെഡിറ്ററേനിയന്‍ മേഖലയുടെ നിയന്ത്രണത്തിനായുള്ള സൈനിക മത്സരങ്ങളുടെ നീണ്ട ചരിത്രത്തിലൂടെയാണ്.
ഇവിടെ സമുദ്രത്തിന്റെ കേന്ദ്രീയത ഏറെ നിര്‍ണായകമാണ്. കാരണം പ്രധാനമായും മെഡിറ്ററേനിയനും ഇന്ത്യന്‍ മഹാസമുദ്രവും മറ്റു സമീപ തുറമുഖങ്ങളും തമ്മിലുള്ള സാമ്പത്തികതയുടെ സൂക്ഷ്മമായ ഒരു രണ്ടാംതലം അത് ഉയര്‍ത്തിക്കാട്ടുന്നു. മെഡിറ്ററേനിയന്‍ കടലിനപ്പുറത്തേക്ക് നീളുന്ന ഇസ്‌ലാം-ക്രിസ്ത്യന്‍ ബന്ധത്തെ വരച്ചുകാണിക്കുന്ന വ്യാപാരപാതകളെ അത് വ്യാപിപ്പിക്കുന്നു. ഉദാഹരണത്തിന് അഫ്ഗാനിസ്ഥാനിലെ ബദാക്ഷനില്‍ നിന്ന് കണ്ടെടുക്കപ്പെടുന്ന ലാപ്പിസ് ലാസൊലി കല്ലുകള്‍ വെനീസിലും വെനീഷ്യന്‍ ഗ്ലാസുകള്‍ സഫവിദിലും വളരെ വിലമതിക്കപ്പെട്ടതായി കാണുന്നു. ഇസ്ഫഹാനും വെനീസും ഈ വലിയ ശൃംഖലയിലെ കേവലം രണ്ടു കണ്ണികള്‍ മാത്രമാണ്. ഇത്തരത്തിലുള്ള ആഡംബര വസ്തുക്കളിലും മറ്റു ചിന്താപരമായ ആശയങ്ങളിലും ഗ്രന്ഥങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതു വഴി ക്രിസ്ത്യാനികളും മുസ്‌ലിംകളും തമ്മിലുള്ള ബൃഹത്തായ സാമൂഹിക വിനിമയത്തെക്കുറിച്ചുള്ള ധാരണകള്‍ നമ്മള്‍ പരിമിതപ്പെടുത്തുകയാണ്.
ക്രിസ്ത്യാനികളും മുസ്‌ലിംകളും തമ്മിലുള്ള ആഡംബര വസ്തുക്കളുടെ കൈമാറ്റങ്ങളും ഭൗതിക ഇടപെടലുകളും മുന്‍നിര്‍ത്തി നോക്കുമ്പോള്‍തന്നെ പരസ്പരമുള്ള സ്വാധീനങ്ങള്‍ ദൈനംദിന ജീവിതത്തില്‍ വ്യാപരിക്കുന്നതായി കാണാം. ഇത് സമൂഹ ശ്രേണിയിലെ ഭക്ഷണക്രമം, സാങ്കേതികവിദ്യകള്‍, സംസ്‌കാരം എന്നിവയെ സാരമായി പ്രതിഫലിപ്പിക്കുന്നു.
പൗരാണികതയിലെ ഒട്ടകപ്പക്ഷിയും മയില്‍പ്പീലിയും
ഈജിപ്ഷ്യന്‍ പുരാണങ്ങള്‍ പ്രകാരം ഒട്ടകപ്പക്ഷി പാശ്ചാത്യരുടെയും പരേതരുടെയും ദേവതയായ അമെന്റിയുടെ പ്രതീകമാണ്. അതേസമയം അതിന്റെ തൂവലുകള്‍ സത്യത്തിന്റെയും നീതിയുടെയും ദേവതയായ മാറ്റിനെ പ്രതിനിധീകരിക്കുന്നു. അതോടൊപ്പം അവരുടെ വിശ്വാസങ്ങള്‍ പ്രകാരം പരലോകത്തുവെച്ച് ഒരു വ്യക്തിയുടെ ഹൃദയം ഒട്ടകപ്പക്ഷിയുടെ തൂവലിനോടാണ് തൂക്കി നോക്കുക. കൂടാതെ, മരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും പ്രതീകമായ ഒസീരിസ് ദേവന്‍ അതിന്റെ തൂവലുകള്‍ ധരിച്ചിരുന്നു. ഇത് ഒട്ടകപ്പക്ഷിയും മരണവും പുനര്‍ജന്മവും തമ്മിലുള്ള ആദ്യകാല ബന്ധം സൃഷ്ടിച്ചു. ഇത്തരത്തിലുള്ള പൗരാണിക സംസ്‌കാരങ്ങളുടെ അലയൊലികള്‍ ഒട്ടകപ്പക്ഷിയുടെ ഈ ഒരു സാംസ്‌കാരിക പരിസരത്തിന്റെ പരിണാമത്തില്‍ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. കൂടാതെ തൂവലുകളും മുട്ടകളും ഈജിപ്തില്‍ പാരിതോഷികമായി നല്‍കിപ്പോന്നിരുന്നു. അതുപോലെ ഒട്ടകപ്പക്ഷിയുടെ തൂവല്‍ കൊണ്ട് നിര്‍മ്മിച്ച വിശറികള്‍ തൂത്തന്‍ഹാമന്റെ (സി. 1350) ശവകുടീരങ്ങളില്‍നിന്ന് കണ്ടെത്തിയിട്ടുമുണ്ട്.
ഒട്ടകപ്പക്ഷിയെക്കുറിച്ചുള്ള ആദ്യകാല മിഥ്യകളിലും പുരാവസ്തു കണ്ടെത്തലുകളിലും പക്ഷിയും അതിന്റെ സുപ്രധാന ഉപോല്‍പ്പന്നങ്ങളായ തൂവലുകളും മുട്ടകളും തമ്മില്‍ വ്യക്തമായ ബന്ധമുണ്ട്. ആദ്യകാല ബാബിലോണിയന്‍, അസീറിയന്‍ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടതു പ്രകാരം ഒട്ടകപ്പക്ഷിയുടെ മുട്ടകള്‍ക്ക് ഔഷധവും മാന്ത്രികവുമായ ഗുണങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെട്ടിരുന്നു. ആയതിനാല്‍ തന്നെ പുരാതന മെസപ്പൊട്ടേമിയയില്‍ ഒട്ടകപ്പക്ഷിയുടെ മുട്ടകളില്‍നിന്ന് നിര്‍മ്മിച്ച ആഡംബര വസ്തുക്കള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നവയായിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ദേശീയവാദികളായ ചില നാടോടി വിജ്ഞാനീയരുടെയും കൊളോണിയല്‍ നരവംശശാസ്ത്രജ്ഞരുടെയും ഇത്തരം കൈമാറ്റങ്ങളെ മുന്‍നിര്‍ത്തിയുള്ള പഠനങ്ങളെ നിരുത്സാഹപ്പെടുത്തുന്ന സമീപനങ്ങള്‍ ചരിത്രകാരന്മാരുടെ പ്രവര്‍ത്തനരംഗത്തെ ഏറെ ക്ലേശപ്പെടുത്തുകയാണുണ്ടായത്. ഭാഗ്യവശാല്‍ ആധുനിക പണ്ഡിതസമൂഹം ക്രോസ് കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ചിന്റെ പ്രധാന മേഖലകളിലായി ജനപ്രിയ മതാചാരങ്ങളെ വിഭാഗീകരിക്കുകയും അതിനെക്കുറിച്ചുള്ള പഠനങ്ങള്‍ സജീവമാക്കുകയും ചെയ്യുന്നു. ആയതിനാല്‍ ക്രിസ്ത്യാനികളും മുസ്‌ലിംകളും ആരാധിക്കുന്ന ഇത്തരം പങ്കിട്ട ആചാരപരമായ ഇടങ്ങളും മധ്യകാല സ്‌പെയിനിലെ ക്രിസ്ത്യാനികള്‍ ഇസ്‌ലാമിക് സ്‌കാപുലിമാന്റിയ (ബോണ്‍ റീഡിങ്) ടെക്‌നിക്കുകള്‍ സ്വീകരിക്കുന്നത് പോലെയുള്ള കൂടുതല്‍ സൂക്ഷ്മമായ സാംസ്‌കാരിക വിനിമയങ്ങളും ഇതില്‍ അവര്‍ ഉള്‍പ്പെടുത്തുന്നതായി കാണാം.
ഇസ്‌ലാമിക് ക്രിസ്ത്യന്‍ പരിസരങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വിവിധ സാംസ്‌കാരിക ഇടങ്ങളെ രണ്ട് ഭൗതിക വസ്തുക്കളെ ആധാരമാക്കിക്കൊണ്ട് അടയാളപ്പെടുത്താനുള്ള ഒരു ശ്രമമാണ് ഈ ലേഖനം. ഇത് ക്രിസ്ത്യന്‍ മുസ്‌ലിം കൈമാറ്റത്തിന്റെ സവിശേഷമായ ഒരു വശത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ആയതിനാല്‍ അവര്‍ക്കിടയിലുള്ള പുരാതന പൈതൃകവും മധ്യകാല ആഡംബര വ്യാപാരത്തിന്റെ സ്വാധീനവുമെല്ലാം ഇതിന്റെ കാതലായ ഘടകങ്ങളാണ്. ഗ്രീക്ക്-റോമന്‍ കാലഘട്ടങ്ങളില്‍ ഒട്ടകപ്പക്ഷിയുടെ മുട്ടകള്‍ വ്യാപകമായി വ്യാപാരം ചെയ്തിരുന്നു. കൂടാതെ ബൈസന്റൈന്‍ കാലഘട്ടത്തില്‍ തെക്കന്‍ കിഴക്കന്‍ പ്രദേശങ്ങളിലെ മറ്റു പക്ഷികളും ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടതായി കാണാന്‍ സാധിക്കും. യഥാര്‍ഥ മുട്ടകള്‍ക്കു പുറമെ വിലയേറിയ ലോഹങ്ങളില്‍ പണിതതോ ആയ രൂപങ്ങളും പുരാതനകാലത്തെ ആരാധനാലയങ്ങളിലും സജീവമായിരുന്നു.
ഒട്ടകപ്പക്ഷിയെപ്പോലെ സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പു തന്നെ, മയില്‍ വിശുദ്ധ രൂപങ്ങളുമായും അമാനുഷിക ഗുണങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. ഒട്ടകപ്പക്ഷിയില്‍നിന്ന് വിഭിന്നമായി മയിലിന്റെ ഉത്ഭവം ഇന്ത്യയിലും പേര്‍ഷ്യയിലുമായതുകൊണ്ടുതന്നെ മെഡിറ്ററേനിയന്‍ സംസ്‌കാരങ്ങളിലുള്ള അതിന്റെ ആദ്യകാല സാന്നിധ്യവും വ്യാപാരവും പവിത്രവുമായ ഇത്തരം വസ്തുക്കളുടെ കൈമാറ്റത്തിന്റെ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നു.
ചില സമയങ്ങളില്‍ മയിലിനെ ഐസിസ് ദേവിയുടെ ചിത്രങ്ങളുമായി ബന്ധപ്പെടുത്തുകയും പേര്‍ഷ്യയില്‍ (സി. 550- 330 ബി സി) പ്രതീകാത്മക പ്രാധാന്യത്തോടെയും പുലര്‍ത്തിപ്പോന്നിരുന്നു. സോളമന്റെ സ്വത്തു വകകളില്‍ മയിലിനെക്കുറിച്ചുള്ള പ്രസ്താവനകള്‍ കാണാവുന്നതാണ്. കൂടാതെ ഇയോബിന്റെ പരാമര്‍ശങ്ങളിലും മയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഗ്രീക്ക്-റോമന്‍ സംസ്‌കാരങ്ങളില്‍ മയിലിന്റെ പ്രഭാവം ഏറെ വ്യക്തമാണ്. ആയതിനാല്‍തന്നെ അനശ്വരതയുമായുള്ള (immortality) അതിന്റെ ബന്ധം റോമന്‍ ശവകുടീരങ്ങളിലും ശവസംസ്കാരങ്ങളിലുമുള്ള അലങ്കാര ചിത്രപ്പണികളില്‍ മയിലിന്റെ രൂപങ്ങള്‍ ചിത്രീകരിക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട്. ഈ പ്രതീകാത്മകത തുടര്‍ന്ന് ക്രിസ്ത്യന്‍ മുസ്‌ലിം പാരമ്പര്യങ്ങളിലേക്കു കൂടി വ്യാപിക്കുകയാണുണ്ടായത്. ഒട്ടകപ്പക്ഷിയെപ്പോലെ മയിലിന്റെ പുരാണങ്ങളും പ്രതീകാത്മകതയും അതില്‍നിന്ന് നിര്‍മ്മിച്ച വസ്തുക്കളുടെ വ്യാപാരവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അവരുടെ ചടങ്ങുകളില്‍ മയിലിന്റെ തൂവല്‍ കൊണ്ടുള്ള ഫാനുകള്‍ ഉപയോഗിച്ചിരുന്നു.
പേര്‍ഷ്യയും ഗ്രീസും തമ്മിലുള്ള വ്യാപാരങ്ങളുടെ ഭാഗമായുണ്ടായ സാംസ്‌കാരിക വിനിമയങ്ങളിലൂടെ ഇത്തരം വിശറികളടക്കം നിരവധി വസ്തുക്കള്‍ ബര്‍ബേറിയന്‍ രാജ്യങ്ങളില്‍നിന്നായി ഗ്രീക്കുകാര്‍ സ്വീകരിച്ചതായി നമുക്ക് കാണാനാകും. ഈ വ്യാപാരബന്ധങ്ങളും സാംസ്‌കാരിക വിനിമയങ്ങളും റോമന്‍ കാലഘട്ടത്തിലും തുടര്‍ന്നുപോന്നു. റോമന്‍ ചക്രവര്‍ത്തിയായ ഹെഡ്‌റിക് ഹെറെകിന് ഒരു സ്വര്‍ണമയില്‍ പ്രതിമ സമ്മാനമായി ലഭിച്ചതായി രേഖകള്‍ ഉണ്ട്. തുടര്‍ന്ന് പേര്‍ഷ്യയും മെഡിറ്ററേനിയനും തമ്മിലുള്ള പരസ്പര കൈമാറ്റങ്ങളുടെയും ആചാരങ്ങളുടെയും സ്വാധീനിക്കുന്ന വസ്തുക്കളായി മാറാന്‍ ഈ ആരാധകര്‍ക്ക് സാധിച്ചു എന്നത് ഏറെ ശ്രദ്ധേയമാണ്. അവരുടെ ഉയര്‍ന്ന വിലയും പദവിയും ഉപഭോഗത്തെ നിദാനപ്പെടുത്തിക്കൊണ്ട് രാജകീയതയുടെയും അധികാരത്തിന്റെയും പൊതുവായ പ്രതീകാത്മകതയിലേക്ക് നയിക്കുകയുണ്ടായി.
ഒട്ടകപ്പക്ഷിയുടെ മുട്ടയും മയില്‍പ്പീലിയും ചില ക്രിസ്ത്യന്‍ വിചാരങ്ങളും
ആദ്യകാല മുസ്‌ലിം, ക്രിസ്ത്യന്‍ പാരമ്പര്യങ്ങളില്‍ മയിലിന്റെയും ഒട്ടകപ്പക്ഷിയുടെയും ഉപോല്‍പ്പന്നങ്ങള്‍ സ്വീകരിച്ചു പോന്നിരുന്നു. വിശ്വാസങ്ങളും മനുഷ്യരാശിക്കുള്ള അതിന്റെ അര്‍ഥവും ഏകദൈവ സംസ്‌കാരങ്ങളിലേക്ക് പതിയെ പതിയെ കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. എങ്കിലും ഇയോബിന്റെ പുസ്തകത്തില്‍ ഒട്ടകപ്പക്ഷിയെക്കുറിച്ചുള്ള അനുകൂല വായനകള്‍ വളരെ വിരളമാണ്. ഒട്ടകപ്പക്ഷി അതിന്റെ മുട്ടകള്‍ നിലത്ത് ഉപേക്ഷിക്കുകയും കുഞ്ഞുങ്ങളോട് നിസ്സംഗത കാണിക്കുന്നതായും ഇയോബ് വിശദീകരിക്കുന്നു. ഇത്തരത്തിലുള്ള അസാധാരണമായ പെരുമാറ്റത്തെക്കുറിച്ച് ക്രിസ്ത്യന്‍ എഴുത്തുകാര്‍ ശ്രദ്ധാലുക്കളായിരുന്നു. അവര്‍ പക്ഷിയെ ദൈവികക്രമത്തെ പ്രതിഫലിക്കുന്ന പാപങ്ങളുടെയോ പുണ്യങ്ങളുടെയോ പ്രതിനിധികളായി കണ്ടുപോന്നിരുന്നു. മൃഗങ്ങളുടെ സ്വഭാവങ്ങള്‍ക്ക് ഇത്തരത്തിലുള്ള അര്‍ഥങ്ങള്‍ നല്‍കുന്ന ഈ സമ്പ്രദായം റോമന്‍-യഹൂദ ശ്രമങ്ങളില്‍ വികസിച്ചു.
ഒട്ടകപ്പക്ഷികള്‍ക്ക് എന്തും ഭക്ഷിക്കാം എന്ന് പ്ലിനിയുടെ പ്രകൃതിചരിത്രം അവകാശപ്പെടുന്നു. ഫിസിയോലോഗസ് പോലുള്ള ആദ്യകാല ഗ്രീക് ഗ്രന്ഥങ്ങളില്‍ ഈ വിശ്വാസത്തെ പിന്താങ്ങുന്നതായി കാണാം. ഇരുമ്പും ചൂടുള്ള കല്‍ക്കരിയും ഉള്‍പ്പെടെയുള്ള ഭക്ഷണക്രമത്തെ ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നു. കൂടാതെ പക്ഷിയുടെ മുട്ടകള്‍ വിരിയുന്നത് അമ്മയുടെ നോട്ടം കൊണ്ടാണെന്നും ഫിസിയോലോഗസിന്റെ ചില പതിപ്പുകള്‍ പ്രസ്താവിക്കുന്നു.
ഈ ക്രിസ്ത്യന്‍ പാരമ്പര്യങ്ങളുടെ സ്വാധീനം പില്‍കാലങ്ങളില്‍ വടക്കേ ആഫ്രിക്കന്‍ പശ്ചാത്തലമുള്ള സെന്റ് അഗസ്റ്റിന്‍ അഭിസംബോധന ചെയ്യുന്നു. ഇവ്വിഷയകമായി അദ്ദേഹത്തിന്റെ പിന്തുണകളും നിരോധനകളും ഒരുപോലെ കാണാവുന്നതാണ്. എങ്കിലും പഴയ ടോളമിക് പാരമ്പര്യത്തില്‍ പ്രസ്താവിക്കുന്നതുപോലെ രോഗശാന്തിക്കായുള്ള താലിസ്മാനിക് ഉപയോഗത്തെ അദ്ദേഹം അപലപിച്ചിരുന്നു. എങ്കിലും ക്രിസ്ത്യന്‍ വിശ്വാസങ്ങളില്‍ അത്തരം ആചാരങ്ങള്‍ തുടര്‍ന്നുപോന്നിരുന്നു. ഒട്ടകപ്പക്ഷിയെക്കുറിച്ചുള്ള മുന്‍കാല പാരമ്പര്യങ്ങള്‍ ഫിസിയോലോഗസില്‍നിന്നും വിവരിച്ച ശേഷം ഡുറാന്‍ഡസ് പ്രസ്താവിക്കുന്നു ‘പാപം കാരണം ദൈവത്താല്‍ ഉപേക്ഷിക്കപ്പെട്ട മനുഷ്യന്‍ ഒടുവില്‍ ദിവ്യ പ്രകാശത്താല്‍ എല്ലാം തിരിച്ചറിയുന്നു. അന്നേരം അവന്റെ തെറ്റുകളില്‍നിന്ന് ദൈവത്തിലേക്ക് മടങ്ങുന്നു’. ഇതിന്റെ പ്രതീകമായി ഒട്ടകപ്പക്ഷിയുടെ മുട്ടകള്‍ പള്ളികളില്‍ തൂക്കിയിട്ടിരുന്നു. ഒട്ടകപ്പക്ഷി മുട്ടകളുടെ ഉപയോഗം മധ്യകാലഘട്ടത്തിനപ്പുറം യൂറോപ്യന്‍ ഈസ്റ്റര്‍ ആഘോഷങ്ങളിലും തുടര്‍ന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഫ്രഞ്ച് കുലീനനായ ജീന്‍ ബാപ്‌സ്‌റ്റൈന്‍ മെലിയോണ്‍സിലെ സെന്റ് മൗറിസ് പള്ളിയിലെ ചാപ്ലിന്‍മാര്‍ ഈസ്റ്റര്‍ ഞായറാഴ്ച ആള്‍ത്താരയുടെ പിന്നില്‍നിന്ന് ‘അല്ലേലുയ ഡൊമിനിസ് പുനരുജ്ജീവിപ്പിക്കുക’ എന്ന് ജപിക്കുന്ന സമയത്ത് രണ്ട് പട്ടു പൊതിഞ്ഞ മുട്ടകള്‍ പുറത്തെടുക്കുമെന്ന് അഭിപ്രായപ്പെടുന്നു.
പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പ് യൂറോപ്പില്‍ ഇത്തരത്തിലുള്ള ഈസ്റ്റര്‍ മുട്ടകള്‍ കണ്ടിരുന്നില്ല. അവയുടെ ആമുഖം പലപ്പോഴും കിഴക്കന്‍, തെക്കന്‍ മെഡിറ്റേറിയനുമായുള്ള കുരിശുയുദ്ധപശ്ചാത്തലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതുപോലെ പതിനാലാം നൂറ്റാണ്ടിന്റെ പ്രാരംഭഘട്ടത്തില്‍ ഈജിപ്ഷ്യന്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും മൗണ്ടിയില്‍ മുട്ടകള്‍ ചിത്രീകരിച്ചതായി കാണുന്നുണ്ട്. കൂടാതെ, ഈ ആചാരങ്ങളെ മുസ്‌ലിം പണ്ഡിതനായ ഇബ്‌നു തൈമിയ്യ വിമര്‍ശിച്ചിരുന്നു. ദൈവശാസ്ത്രപരമായ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നിട്ടും ഭൗതിക വസ്തുക്കളും മതപരമായ ആചാരങ്ങളും മെഡിറ്റേറിയന്‍ സംസ്‌കാരിക പാരമ്പര്യങ്ങളിലുടനീളം എങ്ങനെ സഹവര്‍ത്തിയായ സമതലം രൂപപ്പെടുത്തുന്നു എന്ന് നമുക്ക് മനസ്സിലാക്കാനാകും.
ഒട്ടകപ്പക്ഷിയുടെ മുട്ടകള്‍ അവയുടെ പ്രതീകാത്മകമായ അര്‍ഥത്തിനപ്പുറം, ‘വിളക്കുകള്‍ തൂക്കിയിടുന്ന ചങ്ങലകളില്‍ ഒലിവ് എണ്ണ കുടിക്കാന്‍ എത്തുന്ന മുഷികന്മാരെ തുരത്തുക’ എന്ന പ്രായോഗിക ലക്ഷ്യം കൂടി നിറവേറ്റുന്നു. ഈയൊരു സമ്പ്രദായം ആധുനിക കാലഘട്ടത്തിലും നിലനില്‍ക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ സന്ദര്‍ശകര്‍ ഒട്ടകപ്പക്ഷിയുടെ മുട്ടകള്‍ കിഴക്കന്‍ മെഡിറ്റേറിയനിലെ പള്ളികളില്‍ ഈ രീതിയിലും ഉപയോഗിച്ചതായി വിവരിക്കുന്നുണ്ട്. ഒട്ടകപ്പക്ഷിയുടെ മുട്ടകള്‍ അലങ്കാരങ്ങള്‍ എന്ന നിലയില്‍ ജനപ്രീതി നേടിയതു കാരണത്താല്‍ ഇതേ ആവശ്യത്തിനായി ഗോളാകൃതിയിലോ ഓവന്‍ ആകൃതിയിലോ ഉള്ള സെറാമിക് മുട്ട സൃഷ്ടിക്കുന്നതിലേക്ക് നയിച്ചു. ഇത്തരം സെറാമിക് മുട്ടകള്‍ ഇസ്‌ലാമിക ലോകത്തും ഉപയോഗിച്ചിരുന്നു. പക്ഷേ പ്രഭാഷണങ്ങളുടെ ശബ്ദങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ഭൂകമ്പത്തിന്റെ തുടക്കത്തില്‍ തന്നെ മുന്നറിയിപ്പ് നല്‍കുക തുടങ്ങിയ ഉപകാരങ്ങളെ അടിസ്ഥാനമാക്കിയാണ് പൊതുവിലും ഇസ്‌ലാമിക ലോകത്ത് അനുഷ്ഠിച്ചു പോന്നിരുന്നത്. തുടര്‍ന്ന് സെറാമിക് മുട്ടകള്‍ തീര്‍ത്ഥാടകര്‍ക്ക് വിശിഷ്യാ ജെറുസലേമിലെ ജനപ്രിയ സമ്മാനമായി മാറി. പലരും അവരുടെ തീര്‍ത്ഥാടനത്തിന്റെ അടയാളമായി അവരുടെ ദാതാക്കളുടെ പേരുകളുമായി അവ വഹിച്ചിരുന്നു. ഒട്ടകപ്പക്ഷിയെപ്പോലെ മയില്‍ ആദ്യകാല ക്രിസ്ത്യന്‍ ഉപമകളില്‍നിന്ന് ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. മയിലിന്റെ മാംസം കേടുവരാത്തതാണെന്ന വിശ്വാസം റോമന്‍ കാലഘട്ടം മുതല്‍ നിലനിന്നിരുന്നു. ഒട്ടകപ്പക്ഷിയെക്കുറിച്ചുള്ള ആശയത്തിന് സമാനമായി ഈ ആശയം ഫിസിയോലോഗസ് വഴിയും പിന്നീട് ബെസ്റ്റിയാക്കീസുകളിലൂടെയും ക്രിസ്തുമതത്തിലേക്ക് വ്യാപിക്കുകയുണ്ടായി. മയിലിന്റെ മാംസം ദ്രവിപ്പിക്കാന്‍ കഴിയില്ലെന്ന് സിറ്റി ഓഫ് ഗോഡില്‍ സെന്റ് അഗസ്റ്റിന്‍ സ്ഥിരപ്പെടുത്തുന്നുണ്ട്.
കാര്‍ത്തേജില്‍ വച്ചുതന്നെ തന്റെ യുവത്വ കാലത്ത് നിര്‍ജീവമായ മയിലിന്റെ മാംസം ഒരു വര്‍ഷം പുതുമയോടെ സൂക്ഷിച്ചു വെച്ചു നിരീക്ഷിച്ചു കൊണ്ട് മയിലിന്റെ അക്ഷയതയിലുള്ള വിശ്വാസം പരീക്ഷിച്ചതായി സെന്റ് അഗസ്റ്റിന്‍ അവകാശപ്പെടുന്നു. ഈ പക്ഷിയുടെ ആന്റി സെപ്റ്റിക് ഗുണങ്ങളെ കുറിച്ചുള്ള ആശയങ്ങളെ ശക്തിപ്പെടുത്തി ദ്രവിക്കുന്നത് തടയാന്‍ ആദിമ ക്രിസ്ത്യാനികള്‍. വസ്തുക്കളില്‍ മയില്‍പീലി സൂക്ഷിക്കാറുണ്ടായിരുന്നു. പില്‍ക്കാലത്ത് റോമന്‍ ശവസംസ്‌കാര കലയില്‍ അതിന്റെ പങ്ക് പ്രതിഫലിക്കുന്നു. തുടര്‍ന്ന് കോപ്റ്റിക് ശവകുടീരങ്ങളിലും ബൈസന്റൈന്‍ മത കലയിലും മയിലുകള്‍ പ്രധാനമായി ഇടംപിടിച്ചു. ബൈസന്റൈന്‍ മധ്യകാല ക്രിസ്ത്യന്‍ കലകളില്‍ മയില്‍ അനശ്വരതയുടെയും പറുദീസയുടെയും പ്രതീകമായി രൂപാന്തരപ്പെട്ടു.
ചില ഇസ്‌ലാമിക വിശകലനങ്ങള്‍
മുട്ടകളിലുള്ള ഇത്തരം ലിഖിതങ്ങളെക്കുറിച്ചുള്ള ഡിയോനീഷ്യസ് എ അജിയസിന്റെ പഠനത്തില്‍ ഖുര്‍ആന്‍ വാക്യങ്ങളും പരേതാത്മാക്കളുടെ വിലാപകാവ്യങ്ങളുമാണെന്ന് മനസ്സിലാക്കാവുന്നത്. ആയതിനാല്‍ ഇത്രമാത്രം ജനപ്രീതിയോടെ ഈയൊരു സമ്പ്രദായം മുന്നോട്ടുപോയെന്ന് നമുക്ക് കാണാവുന്നതാണ്.
ഇസ്‌ലാമിക സംസ്‌കാരത്തില്‍ ഒട്ടകപ്പക്ഷിയെപ്പോലെ മയിലിന്റെ പ്രാധാന്യം അതിന്റെ കലാപരമായ പ്രതിനിധാനത്തിനപ്പുറം അതിന്റെ ഭൗതിക ഉപോല്‍പ്പന്നങ്ങളുടെ പ്രത്യേകിച്ച്, തൂവലുകളുടെ ഉപയോഗത്തിലേക്ക് വ്യാപരിച്ചതായി കാണാവുന്നതാണ്. എങ്കിലും, ക്രിസ്ത്യന്‍ പശ്ചാലത്തില്‍ മയിലിന്റെ സൗന്ദര്യത്തിനപ്പുറം പലപ്പോഴും അതിന്റെ വൃത്തിഹീനമായ പാദങ്ങളും അസുഖകരമായ കരച്ചിലും കൊണ്ട് വ്യത്യസ്തമായിരുന്നു. ആദമിനെയും ഹവ്വയെയും പറുദീസയില്‍നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട കഥകളില്‍ മയില്‍ പിശാചിനെ പാമ്പിന്റെ രൂപത്തില്‍ അബദ്ധവശാല്‍ വിഴുങ്ങി ഏദന്‍ തോട്ടത്തില്‍ കൊണ്ടുപോയെന്നുമുള്ള വിവരങ്ങള്‍ കാണാവുന്നതാണ്. ആയതിനാല്‍ ഇതുമായി ബന്ധപ്പെട്ട നിഷേധാത്മക വശങ്ങള്‍ വളരുന്നതായി നമുക്ക് കാണാവുന്നതാണ്. തുടര്‍ന്ന് യസീദി പാരമ്പര്യങ്ങളില്‍ പിശാചിനെ മലിക് താഊസ് (മയില്‍ മാലാഖ) എന്ന് വിളിക്കുന്ന പാരമ്പര്യമുണ്ട്. കൂടാതെ വീടിന്റെ പ്രവേശന കവാടങ്ങളില്‍ മയിലിന്റെ ചുവര്‍ചിത്രങ്ങള്‍ സജീവമായിരുന്നു. കൂടാതെ സജ്ഞക്‌സ് മയിലിന്റെ ഇരുമ്പ് പ്രതിമകളും യസീദികള്‍ തങ്ങളുടെ ആചാരങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതായി കാണാവുന്നതാണ്.
ഇതുപോലെത്തന്നെ മയില്‍പീലികള്‍ അതിന്റെ ഔഷധഗുണങ്ങള്‍ക്ക് പ്രസിദ്ധമായിരുന്നു. കൂടാതെ നിരവധി ആചാരങ്ങളില്‍ ഉപയോഗിക്കുകയും ചെയ്യുമായിരുന്നു. ശ്രദ്ധേയമായും അവകള്‍ ഖുര്‍ആനിന്റെ ബുക്മാര്‍ക്ക് ആയി ഉപയോഗിച്ചിരുന്നു എന്ന് നമുക്ക് കാണാവുന്നതാണ്. ഇതുപോലെ ഓട്ടോമന്‍ സുല്‍ത്താന്‍മാര്‍ക്കിടയിലും മുഗളന്മാര്‍ക്കിടയിലും ഇത്തരം മയില്‍പീലികള്‍കൊണ്ട് നിര്‍മിച്ച ശിരോ ഭൂഷണങ്ങളും വിശറികളും സജീവമാണ്.
ദയര്‍മാര്‍ എലിയന്റെ ചിത്രങ്ങള്‍ പ്രകാരം വിശുദ്ധ സ്ഥലങ്ങളില്‍ ഒട്ടകപ്പക്ഷി മുട്ടകള്‍ തൂക്കിയിടുന്ന രീതിയിലുള്ള ആചാരങ്ങള്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും ഒരുപോലെ അനുഷ്ഠിച്ചിരുന്നു. ആദ്യകാല അറബി ഭാഷയില്‍ ഒട്ടകപ്പക്ഷിയുമായി ബന്ധപ്പെട്ട അമ്പതോളം നാമവിശേഷണങ്ങളുണ്ടായിരുന്നു. ആദ്യകാല മുസ്‌ലിം മതചിന്തയില്‍ ഒട്ടകപ്പക്ഷിയുടെ മുട്ടകള്‍ക്ക് പ്രതീകാത്മകമായ പ്രാധാന്യം നല്‍കിപ്പോന്നിരുന്നു. പരിശുദ്ധ ഖുര്‍ആനില്‍ ‘ദഹാ’ എന്ന പദപ്രയോഗം തന്നെ ഒട്ടകപ്പക്ഷി മുട്ടയിടുന്നതുമായി ബന്ധപ്പെട്ട് കിടക്കുന്നു. കൂടാതെ പ്രവാചകരെ കുറിച്ച് മഗാസി എഴുതിയ ജീവചരിത്ര ഗ്രന്ഥത്തില്‍ ഇത്തരം ധാരാളം റഫറന്‍സുകള്‍ അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്. പ്രവാചകര്‍(സ) യുദ്ധസമയങ്ങളില്‍ ഒട്ടകപ്പക്ഷിയുടെ മുട്ടകളില്‍നിന്ന് വെള്ളം കുടിച്ചതായി അദ്ദേഹം പറയുന്നു. മക്ക, ജിദ്ദക്കിടയിലുള്ള യാത്രക്കാര്‍ ഒട്ടകപ്പക്ഷിമുട്ടകള്‍ കണ്ടെയ്‌നറുകളായി ഉപയോഗിച്ചിരുന്നുമെന്ന് ഇബ്‌നുബത്തൂത്ത രേഖപ്പെടുത്തുന്നുണ്ട്.
ഈജിപ്തിലെ മംലൂക്കുകളുടെ പതനത്തിനു ശേഷവും മുസ്‌ലിം ശ്മശാന രീതികളുമായി ഒട്ടകപ്പക്ഷിയുടെ മുട്ടകളുടെ ബന്ധം തുടരുന്നു . മുന്‍കാല മെഡിറ്ററേനിയന്‍ ശ്മശാന ആചാരങ്ങളില്‍ അവരുടെ ജീവിതത്തിന്റെയും പുനര്‍ജന്മത്തിന്റെയും പ്രതീകാത്മകതയെ പ്രതിഫലിപ്പിക്കുന്ന ഒട്ടകപ്പക്ഷി മുട്ടകള്‍ ഔലിയാക്കളുടെ ആരാധനാലയങ്ങളില്‍ പ്രത്യേകിച്ചും പ്രാധാന്യമര്‍ഹിക്കുന്നു. പുരാതന ഈജിപ്തിലെയും മൈസീനിയയിലെയും പോലെ മധ്യകാല ഇസ്‌ലാമിക് ശ്മശാന ആചാരങ്ങളില്‍ ഒട്ടകപക്ഷിയുടെ മുട്ടകള്‍ ഒരു പ്രധാന പങ്കുവഹിച്ചിരുന്നു എന്ന് ഉത്ഖനനങ്ങളില്‍ നിന്ന് വ്യക്തമാണ്. ഖുസൈര്‍ അല്‍ ഖാദിമില്‍ നിന്ന് കണ്ടെടുക്കപ്പെട്ട ഇത്തരം അലങ്കൃതമായ മുട്ടകള്‍ ഈ സമ്പ്രദായത്തിന്റെ ജനപ്രീതിയെ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ അവയിലുള്ള അലങ്കാരങ്ങള്‍ അവയുമായി ബന്ധപ്പെട്ട അര്‍ഥങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കുന്നു.ഒട്ടകപ്പക്ഷിയുടെ മുട്ടകളും മയില്‍പീലികളും ഇത്തരത്തില്‍ രണ്ട് സമുദായങ്ങള്‍ക്കിടയിലും സാംസ്‌കാരികമായി പ്രചാരത്തിലുണ്ടെങ്കിലും ഈ വസ്തുതകളെ മുന്‍നിര്‍ത്തി ഒരു പൊതുവായ സംഗ്രഹങ്ങളോ തീര്‍പ്പോ രൂപപ്പെടുത്തുക ഏറെ ക്ലേശകരമാണ്. ഓരോ സന്ദര്‍ഭങ്ങളും സംഭവങ്ങളും അതിന്റെ മാത്രമായ സ്ഥലകാലങ്ങളെ പരിമിതപ്പെടുത്തിയിട്ടുള്ള വായനകള്‍ മാത്രമേ സാധ്യമാവൂ. എങ്കിലും മത-ദേശാന്തരങ്ങള്‍ക്കപ്പുറത്ത് ഇതിന്റെ സഞ്ചാരങ്ങളെത്തിയിരുന്നെന്ന് നമുക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും.
വിവ: നഷ്ബില്‍ അഹമ്മദ്
Add comment