ഗവണ്മന്റ് സ്‌കൂള്‍ 1992 ബാച്ച് എന്നെഴുതിയ റീത്തും കൂടി വെച്ചപ്പോള്‍, പിറകില്‍ നിന്നുമാരോ പറഞ്ഞു; വെച്ചു താമസിപ്പിക്കേണ്ട, പെട്ടെന്ന് ബോഡി എടുത്തോളു. ഇനി വരാനായിട്ടാരുമില്ല. ആകെ സ്വന്തമെന്ന് പറയാനായിട്ടുണ്ടായിരുന്നതൊരു പൂച്ചമാത്രമാണ്. ആയകാലത്ത് കല്യാണം കഴിച്ചിരുന്നെങ്കില്‍ ചിതക്ക് തിരിക്കൊളുത്താനെങ്കിലും ഒരാളുണ്ടായേനെ. അയാള്‍ ചുറ്റിലും നോക്കി. ആകെ മൊത്തം എണ്ണി നോക്കിയാല്‍ നൂറോളമാള്‍ക്കാരുണ്ടാവും. തൊടിയരികിലുള്ള മധ്യവയസ്‌കന്‍ അടുത്തുള്ളയാളുടെ ചെവിയിലെന്തോ മന്ത്രിക്കുന്നുണ്ട്.
ഉമ്മറത്തെ മുരിങ്ങാ കൊമ്പിലോട്ട് നീട്ടി കെട്ടിയിരിക്കുന്ന ടാര്‍പോളിന്റെ കൂലിയെക്കുറിച്ചാണ് സംസാരം. ഒരാളും തന്നെക്കുറിച്ചല്ലല്ലോ സംസാരിക്കുന്നതെന്നും, എന്നോ കണ്ടു മറന്ന പലര്‍ക്കും പരിചയം പുതുക്കാനും വിശേഷങ്ങള്‍ കൈമാറാനുമുള്ള ഇടങ്ങളാണല്ലോ മരിപ്പെന്നുമോര്‍ത്തയാള്‍ നെടുവീര്‍പ്പിട്ടു. കൂടെ പടിച്ച ജയാനന്ദന്‍ എസ്.എസ്.എല്‍.സി ഗ്രൂപ്പില്‍ വന്ന മരണവാര്‍ത്തക്കടിയില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്ന തിരക്കിലാണ്. പിന്നാലെ പൂക്കളിട്ടും ഇമോജിയിട്ടും ഗ്രൂപ്പില്‍ മെസേജുകള്‍ കുമിഞ്ഞു കൂടി. ‘എന്തിനായിരിക്കും അവനീ കടും കൈ ചെയ്തത. ആദരാഞ്ജലി പ്രവാഹത്തിനിടെ ഈ ചോദ്യം തിരക്കിയത് ദിലീപായിരുന്നു. ആ ചോദ്യം വായിച്ചയാള്‍ അടക്കി ചിരിച്ചു. രണ്ടു ദിവസം മുമ്പുവരെ അയാള്‍ ഒന്നു കാണണമെന്ന താത്പര്യമറിയിച്ചയച്ച മെസേജ് ഡബിള്‍ ടിക്ക് വീണിട്ടും തിരിച്ചൊരു മറുപടിയില്ലാതെയിരിക്കുന്നതയാളോര്‍ത്തു.

പുറത്ത് നിരത്തിയിട്ട കസേരയിലിരുന്ന് സിഗരറ്റു പുകകൊണ്ട് വായുവില്‍ ചിത്രം വരക്കുന്നയാളെ ശ്രദ്ധിച്ചോ. അയാളാണ് അച്ഛന്റെ അടുത്ത സുഹൃത്ത് ദിവാകരേട്ടന്‍. അയാളാണ് എനിക്ക് നല്ലൊരു മേല്‍വിലാസമുണ്ടാക്കി തന്നത്. പുറത്തൊന്നുമിറങ്ങാതെ വലിയും മരുന്നുമൊക്കെയായി കുത്തഴിഞ്ഞിരിക്കുന്നുവെന്നാണ് എന്റെ ഏകാന്ത ജീവിതത്തിനയാള്‍ മാര്‍ക്കിട്ടിരിക്കുന്നത്. അയാളെ പറഞ്ഞിട്ടു കാര്യമില്ല. ഇതൊക്കെ തന്നെയാണ് ആള്‍ക്കാര്‍ക്ക് കേള്‍ക്കാന്‍ താത്പര്യമുള്ളതും. ദാക്ഷായണിയുടെ അച്ഛന്‍ വന്നിട്ടുണ്ട്. അയാളെ ആ സമയത്തവിടെ പ്രതീക്ഷിച്ചതേയല്ലായിരുന്നു. ദാക്ഷായണിയുടെ കല്യാണം കഴിഞ്ഞിട്ടുണ്ടെങ്കില്‍ അവളെ ഭര്‍ത്താവ് വരാന്‍ സമ്മതിച്ചില്ലായിരിക്കും. അതോ അവള്‍ എന്നെ മറന്നിട്ടുണ്ടാവുമോ..അതോ വന്നിരുന്നെങ്കില്‍ തന്നെ അവളെന്നെയോര്‍ത്ത് കണ്ണ് നനയിക്കുമായിരുന്നോ.
ചെറുതിലേ കളിച്ചു വളര്‍ന്ന നാട്ടിലോട്ട് തിരിച്ചു വന്നിട്ടും ഒന്നും പഴയതു പോലെ ആയില്ലെന്ന് മാത്രമല്ല നാട്ടില്‍ നിന്നും പറിച്ചുനട്ട ഇടത്തേക്കാളും വീര്‍പ്പുമുട്ടലായിരുന്നു തിരിച്ചെത്തിയപ്പോളയാളിലുണ്ടായി തീര്‍ന്നത്. പണ്ട് ദാക്ഷായണിയേയും കാത്തു നിന്ന വയല്‍വരമ്പത്തെ ഓലപാകിയ ബസ്സ്‌ഷെഡ്ഡും പരിസരവുമൊക്കെ ഒരായുഷ്‌ക്കാലത്തെ ഓര്‍മ്മകളുമായി അയാളുടെ കിളിവാതിലിലൂടെ കടലിരമ്പം തീര്‍ക്കുന്നുണ്ട്. ദാക്ഷായണി രാഘവനുള്ളതാണെന്നും രാഘവനില്ലാത്തൊരു ലോകത്തെക്കുറിച്ചാലോചിക്കാനെ കഴിയില്ലെന്ന് പറഞ്ഞ് നോട്ടു പുസ്തകത്തില്‍ മയില്‍പീലി തിരുകി വെച്ചതൊക്കെ പെയ്‌തൊഴിഞ്ഞ മഴപോല്‍ ഉള്ളില്‍ ഈറനണിയിക്കുന്നു. ജനിച്ചു വളര്‍ന്ന നാടും മണ്ണും വിട്ടെറിഞ്ഞ് പൊടുന്നനെ പുതിയൊരിടത്ത് വരത്തനായി ചെന്നു കയറാന്‍ അന്നവരെ പ്രേരിപ്പിച്ചതെന്താണെന്ന് അന്നയാള്‍ക്ക് മനസ്സിലായിരുന്നില്ല. അതും എത്തിപ്പെടാനാവാത്ത ഒരിടം വരെ പേടിച്ചോടിവരാന്‍ അച്ഛനെ നിര്‍ബന്ധിച്ചത് എന്തായിരുന്നുവെന്ന് പിന്നെ അമ്മ പറഞ്ഞാണറിയുന്നത്. സ്‌കൂള്‍ വിട്ട് വന്നിരുന്ന വൈകുന്നേരങ്ങളില് ഹൃദയഹാരിയായ അക്ഷരങ്ങള്‍ തിരുകിവച്ചിരുന്ന പേരയ്ക്കാമരത്തിലിപ്പോള്‍ കായ്ക്കളോ പഞ്ചവര്‍ണത്തത്തകളോ ചെന്നിരിക്കാറില്ലെന്ന് ജാലകപ്പടിയിലൂടെ കടന്നുവന്ന ഇളംങ്കാറ്റ് മന്ത്രിച്ചു.
കുറുക്കന്‍മൂലയില്‍ നിന്ന് തീവണ്ടി ചൂളം വിളിക്കാതെ ഞെരുങ്ങി നീങ്ങിയ പകല്‍ അവസാനിപ്പിച്ചതാണ് രാഘവന്‍ അച്ഛനോടുള്ള സംസാരം. അച്ഛനെ തെക്കോട്ടെടുക്കും വരെ ഉരിയാടിയിട്ടില്ല. അവനതില്‍ പരിഭവവമോ കുറ്റബോധമോ ഉണ്ടായിട്ടുമില്ല. അച്ഛന്‍ പോയതില്‍ പിന്നെയാണ് അമ്മ പറഞ്ഞത് എടാ രാഘവാ നീ അത് വേണ്ടാന്ന് വെച്ചോളൂ. നമുക്ക് അവരുമായുള്ള ബന്ധം ചേരൂല, അവരൊക്കെ വലിയ കൂട്ടരാണ്. ജാതിയുടെ വേലികള്‍ പൊളിക്കാന്‍ വയ്യാത്തത് കൊണ്ടാണ് അച്ഛന്‍ പിറന്ന നാട്ടില്‍ നിന്നും നിസ്സന്ദേഹം ദൂരേക്ക് വണ്ടികേറാന്‍ നിര്‍ബന്ധിതനായതെന്ന് അമ്മയുടെ നിസ്സാഹയതയില്‍ നിന്നും അയാള്‍ വായിച്ചെടുത്തു. പണ്ട് സ്‌കൂളില്‍ നിന്നും ഫ്രീയായി ദാക്ഷായണിയേക്കാള്‍ കൂടുതല്‍ സഞ്ചി നിറയുമാറ് അരി കിട്ടിയതിന്റ സന്തോഷത്താല്‍ വീട്ടിലോട്ട് ഓടിപ്പോകുന്ന ബാല്യത്തിലെ അരിമണി ജാതീയതയുടെ ഇഷ്ട്ടദാനമായിരുന്നുവെന്ന് വൈകിയാണെങ്കിലുമയാള്‍ തിരിച്ചറിഞ്ഞു. ദാക്ഷായണിയുമായുള്ള ബന്ധമറിഞ്ഞ അവളുടെ അച്ഛനാണ് അയാളുടെ തൊടിയില്‍ ജോലിചെയ്തിരുന്ന രാഘവന്റെ അച്ഛന്റെ കയ്യില്‍ പണം കൊടുത്ത് കുറുക്കന്‍ മൂല വിട്ടുപോകാന്‍ കല്പ്പിക്കുന്നത്. ഉച്ചക്കഞ്ഞിക്ക് ഊഴം കാത്തുനിന്നിരുന്ന അവന്റെ കയ്യും പിടിച്ചു വലിച്ചോണ്ട് പോകുന്ന അമ്മയുടെ മനസിലെ ചൂട് ഭീതിയാലുണ്ടായതാണെന്ന് രാഘവനറിഞ്ഞിരുന്നില്ല. പിന്നില്‍ ദാക്ഷായണിയുടെ തുടുത്ത കവിളില്‍ നനവ് പടര്‍ന്നു. രാഘവന്റെ ഉള്ള് പിടയുന്നത് കണ്ട് ആകാശം മുടികെട്ടഴിച്ചു പെയ്യാന്‍ തുടങ്ങി.

അയാള്‍ കാതങ്ങള്‍ക്കിപ്പുറത്ത് നിന്നും അയച്ച കത്തുകള്‍ക്ക് ഇതുവരെ ഒരു മറുപടിപോലും വന്നില്ല. ആ കത്തുകളൊന്നും ദാക്ഷയാണിക്ക് ഇതുവരെ കിട്ടിക്കാണില്ല എന്ന് വിശ്വസിക്കാനാണ് അയാള്‍ക്കിഷ്ടം. അത് കൊണ്ടാവണം മരിക്കുന്നതിന് തലേന്ന് പോലും മരണത്തിന്റെ ഗന്ധം തന്നെ തേടിയെത്തിയെന്ന കുറിപ്പ് അവള്‍ക്കയച്ച് അയാള് മറുപടിക്കായി കാത്തുനിന്നത്.
പതിവുപോലെ അതിനും മറുപടി വന്നില്ല. സ്‌കൂളിലെ ബാച്ചുകാരുടെ ഒത്തുചേരലില്‍ ദാക്ഷായണിയെ മാത്രം രാഘവന്‍ കണ്ടില്ല. അവളെ കുറിച്ചാരോടെങ്കിലും ചോദിക്കാന്‍ തുനിഞ്ഞെങ്കിലും അയാളുടെ നാവ് പുറത്തോട്ട് വന്നില്ല. കൂട്ടത്തിലുള്ളവരൊക്കെ കല്യാണമൊക്കെ കഴിഞ്ഞു കുട്ടികളൊക്കെ ആയി സെറ്റായെന്ന് സംസാരത്തിനിടെ മിക്കവരും സൂചിപ്പിച്ചു. ആദ്യമൊക്കെ ഗ്രൂപ്പ് നോട്ടിഫിക്കേഷന്‍സ് കൊണ്ട് നിറഞ്ഞിരുന്നെങ്കിലും പതിയെ മെസ്സേജുകള്‍ കുറഞ്ഞു തുടങ്ങി. ഒറ്റക്കടച്ചിരുന്ന വീട്ടില്‍ അയാള്‍ മഴ കാത്തിരുന്ന വേഴാമ്പലിനെ പോലെ ഗ്രുപ്പിലെ ഇലയനക്കം കാത്തുനിന്നു. മിക്ക സമയത്തും പൂട്ടിയിട്ടിരുന്ന വാതില് രാഘവന്‍ തുറന്നിരുന്നത് പോസ്റ്റ് ഓഫീസിലേക്ക് പോകാന്‍ മാത്രമായിരുന്നു.
അവിടെ ചെന്നയാള്‍ ഒരു ഭ്രാന്തനെ പോലെ ദാക്ഷാണിയുടെ പേരും പറഞ്ഞ് ഓരോ കത്തും മാറിമാറി നോക്കും. പുറമെ നിന്ന് നോക്കുന്നവര്‍ക്കയാള്‍ വെറിപിടച്ചോടുന്ന കാട്ടുപോത്തിനെ പോലെ തോന്നിക്കുമെങ്കിലും നഷ്ടപ്പെട്ടതെന്തോ തേടിപിടിക്കാനുള്ള കാലങ്ങളായുള്ള ശ്രമത്തിന്റെ അറുതിക്കുമുമ്പുള്ള ആളലാണത്. മനസ്സുപോലെ തന്നെ അയാളുടെ ശരീരവും മരിച്ചു തുടങ്ങിയിരിക്കുന്നു. ജഡകെട്ടിയ തലമുടി അയാളില്‍ അകാലവര്‍ധക്യം നെയ്തിരിക്കുന്നു.
വന്നിറങ്ങിയ തീവണ്ടിപാതയോരത്ത് ദാക്ഷായണിയേയും കാത്തുനിന്ന ദിനരാത്രങ്ങള്‍, അന്നൊക്കെ അവസാന തീവണ്ടിയേയും കാത്തിരുന്ന് അന്തിമയങ്ങും നേരമായിരുന്നു രാഘവന്‍ വീടണഞ്ഞിരുന്നത്. വീടെന്നതിനെ പറയാനൊക്കില്ല. പ്രതീക്ഷകളുടെ തീവണ്ടിചൂളങ്ങളുടെ ഇടവേളകില്‍ പോയിവരാനൊരിടൊരിടം അത്രമാത്രം.
പകലിരുട്ടിനെ അയാള്‍ പതിയെ ഭയന്നുതുടങ്ങി. ഒപ്പം നിയോഗം പോലെ കൂട്ടിനു വന്ന ഏകാന്തതയെയും ഇരുട്ടിനെയും തീവ്രമായി പ്രണയിക്കാനും. രാത്രി ചിലപോഴൊക്കെ ആ വീട്ടില്‍ അരണ്ടവെളിച്ചം കാണാം. ആ നേരമയാള്‍ കത്തില്‍ അക്ഷരങ്ങള്‍ കുറിച്ചോണ്ടിരിക്കും. അവയെ വെറും കത്തുകള്‍ എന്നു പറയുന്നതിനേക്കാള്‍ പ്രേമലേഖനമെന്ന് പേരിടുന്നതായിരിക്കും നീതി. പതിയെ അയാള്‍ വീട്ടില്‍ തുറന്നിട്ടിരുന്ന കിളിവാതിലുകള്‍ അയാളിലെ പ്രതീക്ഷകളെ പോലെ അടഞ്ഞു തുടങ്ങി. ഒപ്പം വീണ്ടെുക്കാനാവാത്ത ഓര്‍മ്മകളുടെ ദുഖഭാരം മുതുകില്‍ കൂന് പോലെ വന്നിരിക്കുന്നതായി അയാളില്‍ തോന്നലുണ്ടായി. അയാളനുഭവിക്കുന്ന ഏകാന്തതയുടെ അപ്പക്കഷണം പങ്കിട്ടെടുക്കാന്‍ പോലുമാരും തുന്നിഞ്ഞില്ല. പതിയെ രാഘവന്‍ ഏകാന്തതയെ പ്രണയിച്ചു.
അയാളെ തേടി ദക്ഷയാണിയുടെ കത്തിലെ മറുപടി കണക്കെ ആരും തന്നെ അതുവഴിയെ വന്നതുമില്ല, മെലിഞ്ഞൊട്ടിയ ഒരു പെണ്‍പൂച്ചയല്ലാതെ. സമയത്തിന് അകത്തേക്കിറക്കാന്‍ ഒന്നും കിട്ടാതിരുന്നിട്ടും അതയാളെ വിട്ട് പോയതേയില്ല. അയാളാ മിണ്ടാപ്രാണിയോട് എഴുത്തിനു ശേഷം കത്തിലെ വരികള്‍ ഇരുത്തി വായിച്ചു കേള്‍പ്പിക്കും. അയാളാ പൂച്ചയെ വിളിച്ചിരുന്നത് അവളുടെ പേര് വച്ച് തന്നെയായിരുന്നു. ദാക്ഷായണിയെന്ന്. ക്ലാസ് ഗ്രൂപ്പ് പിന്നെയും ഒത്തുകൂടിയതിന്റെ ഓര്‍മചിത്രം ഗ്രുപ്പില്‍ വന്നതല്ലാതെ ഒരാളുടെ പോലും അയാളുടെ മെസ്സേജിന് മറുപടി കൊടുത്തില്ല. പരിപാടിക്ക് വന്നവരാരും രാഘവനെ അന്വേഷിച്ചതുമില്ല. വിരുന്നുകാരില്ലാത്ത വീടുപോലെ അയാളുടെ ഫീഡുകള്‍ ശൂന്യമായി. ഭയം കാട്ടുന്ന ആര്‍ത്തട്ടഹാസങ്ങളും നിലവിളികളും അയാളുടെ ഉള്ളില്‍ പ്രകമ്പനം തീര്‍ത്തോണ്ടിരുന്നു. അയാളവസാനമായി ഒരിക്കല്‍ കൂടി വാത്സല്യത്തോടെ വിളിച്ചു.. ദാക്ഷായണി… ഇരുണ്ടു തുടുത്ത ആകാശത്തിനു ചോടെ ആള്‍ക്കൂട്ടത്തില്‍ തനിയെ ചുടുക്കാട്ടിലോട്ട് ദാക്ഷായണി മന്ദം നടന്നു നീങ്ങി.
Add comment