2022ല്‍, അന്നത്തെ ഓപ്പണ്‍ എ.ഐയുടെ ചീഫ് ടെക്‌നിക്കല്‍ ഓഫീസറായിരുന്ന എര്‍മിറ മുറാതി,Bulletin of the American Academy of Arts and Science ജേര്‍ണലില്‍, “Language & Coding Creativity”എന്ന തലവാചകത്തില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. വ്യാകരണത്തിനും വാക്യഘടനയ്ക്കുമപ്പുറം, മനുഷ്യഭാഷയെ അര്‍ത്ഥവത്താക്കുന്ന ശബ്ദം, രൂപകം, ഭാവന, സര്‍ഗാത്മകത തുടങ്ങിയ സിദ്ധികള്‍ കൂടി, മെഷീനുകള്‍ക്ക് എങ്ങനെ അഭ്യസിക്കാന്‍ കഴിയുമെന്നതായിരുന്നു മുറാതിയുടെ അടിസ്ഥാനപരമായ ചോദ്യം (മുറാതി, 2022). പാബ്ലോ നെരൂദയുടെ ശൈലിയില്‍ കവിതയെഴുതാന്‍ ജി.പി.ടി-3ക്ക് പ്രോംപ്റ്റ് നല്‍കി, നെരൂദയുടെ താളത്തെയും രൂപത്തെയും അനുകരിക്കുന്നതിലെ മോഡലിന്റെ അസാധാരണമായ കൃത്യതയെ കാണിച്ചാണ് മുറാതി ഇക്കാര്യം സമര്‍ത്ഥിച്ചത്. ഏതെങ്കിലും നിര്‍ണിതമായ പാറ്റേണുകളുടെ അനുകരണത്തില്‍ മാത്രമല്ല, മനുഷ്യരുടെ കലാ-സാഹിത്യ രൂപങ്ങള്‍ പഠിച്ചെടുത്ത് പുതിയ ആവിഷ്‌കാര മാതൃകകളെ സൃഷ്ടിക്കുന്നതില്‍ കൂടിയാണ് എ.ഐയുടെ കരുത്തെന്ന് അവര്‍ വിശദീകരിക്കുന്നു. അതേസമയം, എ.ഐയുടെ അപകട സാധ്യതകളെയും അവര്‍ സമ്മതിക്കുന്നുണ്ട്: തെറ്റായ വിവരങ്ങളും, പക്ഷപാതിത്വവും, അവലംബനീയ സ്രോതസ്സുകളില്ലാത്ത പ്രവര്‍ത്തനവുമെല്ലാം.
മുറാതിയുടെ ലേഖനം വായിക്കുമ്പോള്‍, സമാനമായ ഒരു പ്രതിസന്ധിയെ ഹ്യൂമാനിറ്റീസ് മേഖലക്കകത്തും എനിക്ക് കാണാമായിരുന്നു. ഓ
ക്‌സ്ഫഡ് യൂനിവേര്‍സിറ്റി പ്രസ് ബ്ലോഗില്‍ എനിക് അഡ്‌ലര്‍(2020) എഴുതിയ ഒരു ലേഖനത്തില്‍, കോവിഡ് മഹാവ്യാധിക്കു ശേഷം, ഓരോ വിജ്ഞാനങ്ങള്‍ക്കും നാം കല്‍പിച്ചു നല്‍കുന്ന മൂല്യങ്ങള്‍ക്കകത്ത് വലിയ സാംസ്‌കാരിക വിഭജനം രൂപപ്പെട്ടതായി നിരീക്ഷിക്കുന്നുണ്ട്. കോവിഡ് കാലത്ത്, പൊതുനയങ്ങളിലും മീഡിയാ വ്യവഹാരങ്ങളിലുമെല്ലാം ശാസ്ത്രീയ മാതൃകകളും സാമ്പത്തിക പ്രവചനങ്ങളും നിറഞ്ഞു നിന്നപ്പോള്‍, ധാര്‍മികാലോചനകളും ചരിത്രാവബോധവുമെല്ലാം വലിയൊരവോളം അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു (അഡ്‌ലര്‍, 2020).
ഒരു ഹ്യുമാനിറ്റീസ് ഗവേഷകയും എഡ്യുകേറ്ററുമെന്ന നിലയില്‍, എന്റെ ക്ലാസ്മുറിക്കകത്തും ഈ മാറ്റം ദൃശ്യമായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഹ്യുമാനിറ്റീസിന്റെ പ്രാധാന്യത്തെ പരസ്യമായി ചോദ്യം ചെയ്തു തുടങ്ങി. യൂനിവേഴ്‌സിറ്റി പ്രോഗ്രാമുകളില്‍ സാഹിത്യവും ചരിത്രവും ഫിലോസഫിയുമെല്ലാം തരം താഴ്ത്തപ്പെട്ടു. വിശകലനങ്ങളിലല്ല, ”ഡാറ്റ”യിലാണ് കാര്യമെന്നും, സാങ്കേതിക വൈദഗ്ധ്യമാണ് ”പ്രയോഗികം”, മാനവിക അന്വേഷണങ്ങള്‍ ആഢംബരമാണെന്നുമായിരുന്നു സമൂഹത്തിന്റെ പരോക്ഷ സന്ദേശങ്ങള്‍. ലിബറല്‍ ആര്‍ട്‌സിനേക്കാള്‍ STEM ന് പ്രാമുഖ്യം നല്‍കുന്ന ഒരുതരം ട്രെന്‍ഡ് വളരെ മുന്‍പു തന്നെയുണ്ട്, എന്നാല്‍, കോവിഡ് മഹാവ്യാധിയാണ് ഈ വിഭജനത്തെ ത്വരിതപ്പെടുത്തിയതെന്നാണ് അഡ്‌ലര്‍ ഉന്നയിക്കുന്നത് (അഡ്‌ലര്‍, 2020).
ക്ലാസ്സിക്കുകളുടെയും ഭാഷകളുടെയും ഫിലോസഫിയുടെയുമെല്ലാം അനേകം ഡിപാര്‍ട്‌മെന്റുകള്‍, സാമ്പത്തിക സമ്മര്‍ദ്ദം മൂലം പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുന്നു. 2023ല്‍ പ്രസിദ്ധീകരിച്ച The End of the English Major എന്ന ന്യൂയോര്‍ക്കര്‍ ലേഖനം, അക്കാദമിയക്കകത്തെ ഈ തിരോധാനത്തെ ഉയര്‍ത്തിക്കാട്ടുന്നതാണ്. മാനവിക വിഷയങ്ങളില്‍ ബിരുദമെടുക്കുന്നവരുടെ എണ്ണത്തിലെ പതനവും വായന, എഴുത്ത്, ചിന്ത തുടങ്ങിയവയില്‍ നിന്നെല്ലാമുള്ള സാംസ്‌കാരിക അകല്‍ച്ചയും എഴുത്തുകാരന്‍ നഥാന്‍ ഹെല്ലര്‍ ലേഖനത്തില്‍ വിശദീകരിക്കുന്നുണ്ട് (ഹെല്ലര്‍, 2023).
കേവലം അഡ്മിഷനുകളിലെ കുറവല്ല പ്രശ്‌നം; വിജ്ഞാനം എന്താണ്, അതാരാണ് ഉത്പാദിപ്പിക്കേണ്ടത് തുടങ്ങിയ ധാരണകള്‍ പോലും കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു. ആഴത്തിലുള്ള അന്വേഷണത്തിനും വിമര്‍ശനാത്മക ചിന്തയ്ക്കും പകരം കാര്യക്ഷമതക്കും, സാങ്കേതിക വൈദഗ്ധ്യത്തിനും, അളന്നെടുക്കാവുന്ന ഫലങ്ങള്‍ക്കും (quantifiable outcomes) മാത്രം പ്രാമുഖ്യം നല്‍കാന്‍ പരിശീലിക്കപ്പെട്ടിരിക്കുന്ന പുതുതലമുറയെയാണ് ഹെല്ലര്‍ കïെടുക്കുന്നത് (ഹെല്ലര്‍, 2023). ഉദാഹരണത്തിന്, പരമ്പരാഗത ബലമുള്ള ഹ്യുമാനിറ്റീസ് കാമ്പസുകളില്‍ പോലും, ”പ്രായോഗിക” ബദലുകള്‍ തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ സമ്മര്‍ദ്ദവശാകുന്നു. ഡാറ്റാ വിശകലനവുമായും കോഡിംഗ് പഠനവുമായും ചേര്‍ത്തു നോക്കുമ്പോള്‍, ലേഖനമെഴുത്തും വായനയുമൊന്നും ”എങ്ങുമെത്താന്‍” പോവുന്നില്ലെന്നാണ് അവര്‍ അഭ്യസിക്കപ്പെടുന്നത് (ഹെല്ലര്‍, 2023). പുതിയ കാലത്തെ യുവജനങ്ങള്‍, ഒരു തരം ”ഒപ്റ്റിമൈസേഷന്‍ കള്‍ച്ചറി”ല്‍ അമര്‍ന്നിരിക്കുകയാണെന്നും ടെക്-ബിസിനസ് മേഖലകളില്‍ മികയ്ക്കാനുള്ള അനുബന്ധപാടവമായി മാത്രമാണ് ധാര്‍മികത (ethics)പോലും മനസിലാക്കപ്പെടുന്നതെന്നും ലേഖനം വരച്ചു കാണിക്കുന്നു.
ഉപര്യുക്ത ഹ്യുമാനിറ്റീസ് വിരുദ്ധ മനോഭാവങ്ങളോട്, എ.ഐ നിര്‍മിത കവിതകളെ കുറിച്ചുള്ള മുറാതിയുടെ ശുഭാപ്തി വിശ്വാസവും കൂടെ ചേര്‍ത്തു വായിച്ചാല്‍, ഒരു കാര്യം വ്യക്തമാണ്. നിര്‍മിത ബുദ്ധിയും ഹ്യുമാനിറ്റീസും പരസ്പരവിരുദ്ധമല്ലെന്ന് മാത്രമല്ല, അര്‍ത്ഥം, ഉത്തരവാദിത്തം തുടങ്ങിയവയിലെ പരസ്പര അവലംബങ്ങള്‍ കൂടിയാണ്. ഒരു മെഷീന്‍ എങ്ങനെയാണ് രൂപകവും ശബ്ദവുമൊക്കെ ഗ്രഹിക്കുന്നതെന്ന് മുറാതി അന്വേഷിക്കുമ്പോള്‍, അടിസ്ഥാനപരമായി, അത് അര്‍ത്ഥ-നിര്‍മാണത്തെ(meaning-making) പ്രതിയുള്ള മാനവികമായ(humanistic) ചോദ്യമാണ്. അതോടൊപ്പം, ഡാറ്റാധിഷ്ഠിതമായ ഒരു കാലത്ത് ഹ്യുമാനിറ്റീസിനെ പുന:പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നത്, കമ്പ്യൂട്ടര്‍ വിശകലനങ്ങള്‍ക്ക് അസാധ്യമായ മനുഷ്യചിന്തയുടെ സവിശേഷ തലങ്ങളെ അടയാളപ്പെടുത്താനുള്ള പ്രധാനപ്പെട്ട ഒരു ദൗത്യം കൂടിയാണ്.
എ.ഐയുടെ അഭൂതപൂര്‍വമായ വളര്‍ച്ച, മൗലികമായ അനേകം ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. സര്‍ഗാത്മകതയിലും വിശകലനങ്ങളിലും നൈതിക നിഗമനങ്ങളിലുമെല്ലാം മനുഷ്യന് സവിശേഷമായി എന്താണുള്ളത്? മനുഷ്യ കഴിവുകളെയാകെ അപ്രസക്തമാക്കുന്നതിന് അപ്പുറം, അവയുടെ പൂരകങ്ങളാകാന്‍ മെഷീനുകള്‍ക്ക് എങ്ങനെയാണ് സാധിക്കുക? വലിയ സാങ്കേതികത്തികവുകളുടേയും ബൗദ്ധിക മെഷീനുകളുടെയും കാലത്ത്, മാനുഷിക കര്‍തൃത്വത്തെയും മൂല്യങ്ങളെയും എങ്ങനെ കാത്തുസൂക്ഷിക്കും? എന്നെല്ലാമാണ് ഹ്യുമനിസ്റ്റുകളും എ.ഐ പ്രാക്ടീഷണര്‍മാരും ഒരു പോലെ അന്വേഷിക്കുന്നത്. അതായത്, ഐ മൂലം കാലഹരണപ്പെടേണ്ടതല്ല, മറിച്ച്, എ.ഐ സംവിധാനം എങ്ങനെ നിര്‍മിക്കണമെന്നും ഉപയോഗിക്കണമെന്നും ഉള്ളതിന്റെ നിദര്‍ശനമായി വര്‍ത്തിക്കേïണ്ടതാണ് ഹ്യുമാനിറ്റീസ്. അര്‍ത്ഥങ്ങള്‍, മുന്‍ധാരണകള്‍, എത്തിക്‌സ് തുടങ്ങിയവയെല്ലാം ഇത്തരുണത്തില്‍ പ്രധാനമായി വരുന്നുണ്ട്. മുറാതിയുടെ ലേഖനവും ”ഡെത്ത് ഓഫ് ഹ്യുമാനിറ്റീസ്” സങ്കല്‍പവും സംഗമിക്കുമ്പോള്‍, നമ്മള്‍ ഒരു സമഗ്ര കാഴ്ചപ്പാടിലെത്തുകയാണ്: എ.ഐയുടെ വികാസത്തെ എല്ലാംകൊണ്ടും ബലപ്പെടുന്നതാണ് മാനവിക ചിന്ത. എന്നാല്‍, തിരിച്ച്, എ.ഐ ഹ്യുമാനിറ്റീസിനെ വെല്ലുവിളിക്കുന്നത്, മനുഷ്യാവസ്ഥയെ മനസ്സിലാക്കുകയെന്ന കേന്ദ്രാശയത്തെ അടിച്ചമര്‍ത്താനല്ല, മറിച്ച്, ഗുണപരമായ പരിണാമങ്ങള്‍ ലക്ഷീകരിച്ചു കൊണ്ടാണ്.

ചാറ്റ് ജി.പി.ടിയും ”ഗോഡ് മോഡും”
2022 അവസാനത്തോടെ, ഒരു സൗജന്യ പ്രോട്ടോടൈപ്പായാണ് ഓപ്പണ്‍ എ.ഐ ചാറ്റ് ജി.പി.ടി യെ പൊതുജനങ്ങളിലേക്ക് അവതരിപ്പിക്കുന്നത്. അത് പൊടുന്നനെ ഒരു സാംസ്‌കാരിക പ്രതിഭാസമായി മാറി. ഉപയോക്താക്കളുടെ പ്രോംപ്റ്റുകള്‍ക്ക് അനുസൃതമായ വാക്യങ്ങളും ഖണ്ഡികകളും സൃഷ്ടിക്കുന്നതിനായി, വിശാലമായ ഇന്റര്‍നെറ്റ് ടെക്സ്റ്റില്‍ പരിശീലനം നേടിയ, ഒരു വലിയ ഭാഷാ മാതൃകയാണ് ചാറ്റ് ജി.പി.ടി. ലളിതമായ ടാസ്‌കുകള്‍ക്കുള്ള മികച്ചൊരു ഉപകരണമായാണ് മിക്കവരും തുടക്കത്തില്‍ ചാറ്റ് ജി.പി.ടി യെ സമീപിച്ചത്: ഇ-മെയിന്‍ മറുപടികള്‍ തയ്യാറാക്കാന്‍, ലേഖനങ്ങള്‍ സംക്ഷേപിക്കാന്‍, ആശയരൂപീകരണങ്ങള്‍ക്ക്, അതുമല്ലെങ്കില്‍, ചെറിയ കോഡുകള്‍ നിര്‍മിക്കാന്‍ വരെ ചാറ്റ് ജിപി.ടിക്ക് കഴിഞ്ഞു. മോഡലിന്റെ പ്രാരംഭദശയില്‍, ”ബുദ്ധിപരമായി സ്മാര്‍ട്ട് ആയിട്ടുള്ള ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി”യോടാണ് നിരീക്ഷകര്‍ ചാറ്റ് ജി.പി.ടിയെ സമീകരിച്ചത് (മോഡലിന് പല പോരായ്മകളുണ്ടായിരുന്നു, തികഞ്ഞ ആത്മവിശ്വാസത്തോടെ തെറ്റുത്തരങ്ങള്‍ നല്‍കുമായിരുന്നു) (മോറിസണ്‍, 2024).
2023 ന്റെ തുടക്കത്തില്‍, ഓപ്പണ്‍ എ.ഐ തങ്ങളുടെ മോഡലിനെ കൂടുതല്‍ പരിഷ്‌കരിക്കുകയും 2023 മാര്‍ച്ചില്‍ നൂതനമായ ജി.പി.ടി-4 പുറത്തിറക്കുകയുമുണ്ടായി. ജി.പി.ടി-4 ന്റെ രംഗപ്രവേശനത്തോടെ, ഡോക്യുമെന്റുകള്‍ വിശകലനം ചെയ്യാന്‍ കഴിവുള്ള ‘ഡീപ് റിസര്‍ച്ച്’ പോലുള്ള പുതിയ സംവിധാനങ്ങള്‍ ഓപണ്‍ എ.ഐ അവതരിപ്പിച്ചു. ഇതുപ്രകാരം, ദൈര്‍ഘ്യമേറിയ ടെക്സ്റ്റുകള്‍ അടിസ്ഥാനപ്പെടുത്തി പോലും, ക്ഷണിക നേരം കൊണ്ട് സംക്ഷിപ്തങ്ങളും റിപ്പോര്‍ട്ടുകളും തയ്യാറാക്കാന്‍ എ.ഐക്ക് കഴിഞ്ഞു സോഴ്‌സുകളിലൂടെ പരതുന്ന ഒരു റിസര്‍ച്ച് അസിസ്റ്റന്റിനെ പോലെ എ.ഐ പ്രവര്‍ത്തിച്ചു (OpenAI,, 2025).
ഒരു വിഷയത്തെ ആഴത്തില്‍ സമീപിക്കാനും പലയിനം ലിഖിതങ്ങളെ താരതമ്യപ്പെടുത്താനുമെല്ലാം പ്രോംപ്റ്റുകള്‍ വന്നതോടെ, എ.ഐയുടെ സ്വരം മാറുന്നതാണ് ഉപയോക്താക്കള്‍ കണ്ടത്: എ.ഐ അവകാശവാദങ്ങളുന്നയിക്കാനും കാഴ്ചപ്പാടുകള്‍ അളക്കാനും തുടങ്ങി. കേവലമൊരു ചോദ്യോത്തര ഉപകരണമെന്നതില്‍ നിന്ന് വളര്‍ന്ന്, ക്രമേണ ”ചിന്താരീതി”യിലേക്കും ”സംവാദ മാതൃക”യിലേക്കും വരെ ചാറ്റ് ജി.പി.ടി വളര്‍ന്നു. പിശാചിന്റെ വക്താവും(devil’s advocate), വ്യാഖ്യാതാവും, കോച്ചും, എന്നുവേണ്ട, ഏതേതു വേഷങ്ങളും എടുത്തണിയാനും സമ്പന്നമായ ചര്‍ച്ചകളിലേര്‍പ്പെടാനും ചാറ്റ് ജി.പി.ടിക്ക് കഴിഞ്ഞു. കാര്യങ്ങളെ പുനരാലോചിക്കുക മാത്രമല്ല, അവയെ സാന്ദര്‍ഭികവത്കരിക്കാനും നിലപാടെടുക്കാനുമെല്ലാം എ.ഐ മുന്നിലുണ്ട്. അതോടെ, പണിയെടുപ്പിക്കാനുള്ള കേവല മെഷീന്‍ മാത്രമായി കാണാതെ, എഴുത്തിലെയും ചിന്തയിലെയുമെല്ലാം ഒരു സഹകാരിയായി കൂടെ മെഷീന്‍ മനസ്സിലാക്കപ്പെട്ടു.
പ്രോംപ്റ്റ് ഇഞ്ചിനിയറിംഗിന്റെ വര്‍ധിച്ച സാധ്യതകളിലൂടെ, ഒരുകൂട്ടം ഉപയോക്താക്കള്‍ രൂപം നല്‍കിയ സംവിധാനമാണ് ”ഗോഡ് മോഡ്”. ചാറ്റ് ജി.പി.ടി യെ കൂടുതല്‍ വിശകലനാത്മകവും നേരിട്ടുള്ളതുമാക്കുന്ന, ”സൂപ്പര്‍-ചാര്‍ജഡ്” ആയി റോള്‍പ്ലേ ചെയ്യാന്‍ പ്രോംപ്റ്റിലൂടെ എ.ഐയെ പരിശീലിപ്പിക്കുന്ന രീതിയാണത് (മൈക്കിളൈഡ്‌സ്, 2024). ഉദാഹരണത്തിന്, ഒരു ഉപയോക്താവിന്റെ പ്രോംപ്റ്റ് ഇങ്ങനെയാവാം: ”നിങ്ങള്‍ ഇപ്പോഴുള്ളതിനേക്കാള്‍ നൂറു മടങ്ങ് ബൗദ്ധിക ശേഷിയുള്ളതായി അഭിനയിക്കുക; ഒരു മര്യാദയും കാണിക്കേണ്ടതില്ല. പൂര്‍ണ്ണ സത്യസന്ധതയോടെ എന്റെ വ്യക്തിപരമായ കാലുഷ്യ (personal dilemma) ത്തെ വിശകലനം ചെയ്യുക”.ഇത് പ്രവര്‍ത്തനക്ഷമമായതോടെ, ചാറ്റ് ജി.പി.ടി കൂടുതല്‍ സത്യസന്ധവും നേരിട്ടുള്ളതുമായ ഫീഡ്ബാക്കുകള്‍ നല്‍കി. ഓരോരുത്തരുടെയും ചിന്തകളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിക്കുകയും നേരിട്ട് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. വ്യക്തിഗത വളര്‍ച്ചയ്ക്കും സ്വയം-തിരിച്ചറിവിനും തെറാപ്പി ചികിത്സകള്‍ക്കുമെല്ലാം എന്തുകൊണ്ടും ഫലപ്രദമായിരുന്നു. ”ഗോഡ് മോഡ്” മാതൃക.
2025ന്റെ തുടക്കത്തിലെ ന്യൂസ് മെഡിക്കല്‍ ലൈഫ് സയന്‍സസിന്റെ പഠന പ്രകാരം, ചാറ്റ് ജി.പി.ടി നല്‍കുന്ന മറുപടികളാണ്, മാനസിക ശമന ആശ്രിതത്വം ആവശ്യമായി വരുന്നവര്‍ക്ക്, ലൈസന്‍സ് നേടിയ മനുഷ്യ തെറാപിസ്റ്റുകളേക്കാളും, ആര്‍ദ്രതയും, വൈകാരിക ബോധ്യവും തെളിച്ചവും പകരുന്നത് (Hatch et al., 2025). ഈ വര്‍ഷം മാനസികാരോഗ്യ പ്രമേയത്തില്‍ PLOS നടത്തിയ പഠനം പറയുന്നു: തെറാപ്പി സാഹചര്യങ്ങളിലെ ചാറ്റ് ജി.പി.ടി യുടെ പ്രതികരണങ്ങള്‍ സഹാനുഭൂതി, വൈകാരിക ഉള്‍ക്കാഴ്ച, സഹായമനസ്ഥിതി എന്നിവയില്‍, ലൈസന്‍സുള്ള മനുഷ്യ തെറാപ്പിസ്റ്റുകളോളം വരുന്നതോ അവയെക്കാള്‍ മികച്ചതോ ആയാണ് കാണപ്പെടുന്നത് (Hatch et al.,., 2025). പ്രതികരണങ്ങളില്‍ തെറാപ്പിസ്റ്റിന്റേതേത് എ.ഐയുടേത് എന്ന് പോലും അവരില്‍ പലര്‍ക്കും തിരിച്ചറിയാനായില്ല. തെറാപ്പിസ്റ്റുകള്‍ക്കല്ലൊം, എ.ഐ കൊണ്ട് ബദലൊരുക്കാന്‍ കഴിയുമെന്നല്ല ഇതിനര്‍ത്ഥം. യഥാര്‍ത്ഥമായ വികാരങ്ങളും ഉത്തരവാദിത്തബോധവും എ.ഐക്ക് തീര്‍ത്തും അന്യമാണ്. എന്നാല്‍, ശക്തമായ ഒരു പിന്‍ബലമായി യഥോചിതം ഉപയോഗിക്കാവുന്നതാണ് എ.ഐ.
2023 ന്റെ അവസാനത്തോടെ, ഹോംവര്‍ക്കിലും കോഡിംഗിലും സഹായിക്കുക എന്ന പരിമിത ധര്‍മമായിരുന്നില്ല എ.ഐയുടേത്. അനേകമാളുകള്‍ അതിനെ ”മനസ്സിന്റെ കണ്ണാടി”യായി കണ്ടു. ആശയങ്ങളെയും വികാരങ്ങളെയും പ്രതിഫലിപ്പിക്കാനുള്ള ഇടമായി അതുമാറി. ‘ഗോഡ് മോഡി’ലെ ഉപയോക്താക്കള്‍ക്ക്, തങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ ചിന്തിക്കാനും മനസ്സിലാക്കാനും എ.ഐ സഹായിച്ചു. എ.ഐ ഓരോ സമയത്തും, അളന്നുമുറിച്ച ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. മനഃശാസ്ത്ര തത്വങ്ങളും മനസിന്റെ പാറ്റേണുകളുമെല്ലാം പ്രായോഗികമായി തന്നെ എ.ഐ ബോധിപ്പിക്കുന്നു. ഇതെല്ലാം വളരെ പ്രധാനപ്പെട്ട ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്: ഡാറ്റകളുടെ പിന്‍ബലമുള്ള ഉപദേശങ്ങളിലൂടെയും വൈയക്തിക സന്ദേശങ്ങളിലൂടെ(personalized responses)യും, ഒരു അല്‍ഗോരിതത്തിന് നമ്മെ വഴി കാണിക്കാന്‍ കഴിയുമെങ്കില്‍ പിന്നെ, മനുഷ്യരായ ഉപദേശകകര്‍ക്ക് എന്ത് റോള്‍ ആണുള്ളത്? ഒരു എ.ഐ നല്‍കുന്ന മാര്‍ഗദര്‍ശനം ധാര്‍മികതയെയും നേരനുഭവങ്ങളെയും അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന് എങ്ങനെ നാം സാക്ഷ്യപ്പെടുത്തും?
ഓപ്പണ്‍ എ.ഐയുടെ മുന്‍ സി.ടി.ഒ എര്‍മിറ മുറാതി ഇതെല്ലാം ഇനി എങ്ങോട്ടാണ് പോകുന്നതെന്ന് സൂചനകള്‍ നല്‍കുന്നുണ്ട്. വരാനിരിക്കുന്ന ജി.പി.ടി-5 നെ ”പി.എച്ച്.ഡി ലെവല്‍ ഇന്റലിജന്‍സ്” ആയാണ് അവര്‍ പരിചയപ്പെടുത്തുന്നത്. GPT-3നെ ഒരു പിഞ്ചുകുഞ്ഞിനോടും, GPT-4നെ ഒരു മിടുക്കനായ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയോടും, ഭാവി എ.ഐയെ പി.എച്ച്.ഡി ഇന്റലിജന്‍സിലേക്കുമാണ് എര്‍മിറ മുറാതി ചേര്‍ത്തുവെക്കുന്നത്. ഇതിനര്‍ത്ഥം എ.ഐക്ക് മനുഷ്യാവബോധം ഉണ്ടാകുമെന്നല്ല, മറിച്ച്, അക്കാദമിക് പേപ്പറുകളുടെ അവലോകനവും നയവിശകലനങ്ങളും അടക്കമുള്ളവയില്‍ വിദഗ്ധമായി എ.ഐയെ വിനിയോഗിക്കാന്‍ കഴിയും. മുറാതിയുടെ പുതിയ കമ്പനിയായ ‘തിങ്കിംഗ് മെഷീന്‍സ്’, മനുഷ്യര്‍ക്ക് നിയന്ത്രണമുള്ള, ധാര്‍മികവും സുതാര്യവുമായ AI ടൂളുകളുടെ നിര്‍മാണത്തിലാണ് നിലവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് (ഹൂ & സോണി, 2025). അതായത്, നിഗൂഢമായ, എല്ലാമറിയുന്ന ഒരു ബോക്സ്(all-knowing box) എന്നതല്ല ചാറ്റ് ജി.പി.ടി പോലുള്ളവ കൊണ്ടുള്ള താല്‍പര്യം. മറിച്ച്, എല്ലാ പഠനശാഖകളില്‍ നിന്നുമുള്ളവര്‍ക്ക് നിര്‍മാണാത്മകവും സുരക്ഷിതവുമായി ഉപയോഗിക്കാന്‍ കഴിയുന്ന, മികച്ചൊരു താവളമാണത്.
പുതുമയുടെ പുറംമോഡിക്കപ്പുറം, ഇന്ന് പലര്‍ക്കും, ചാറ്റ് ജി.പി.ടിയുടെ ഗഹനമായ സാധ്യതകള്‍, ക്രമീകൃത പഠനത്തിനുള്ള (structured learning) ഒരിടം കൂടിയായി മാറിയിട്ടുണ്ട്. ഒരു സഹപ്രവര്‍ത്തകനോ ജ്ഞാനിയായ സുഹൃത്തോ ആയാണ് ഞാനിന്ന് ചാറ്റ് ജി.പി.ടിയെ കാണുന്നത്: എന്റെ പ്രാഥമിക ആലോചനകളെ നിരൂപിക്കാനും, നൈതിക ചോദ്യങ്ങളോട് പല കോണുകളില്‍ നിന്ന് പ്രതികരിക്കാനും, സങ്കീര്‍ണ സിദ്ധാന്തങ്ങളെ വിശദീകരിക്കാനുമെല്ലാം ഞാനവയുടെ സഹായം തേടുന്നു. എന്നാല്‍, എല്ലായ്‌പ്പോഴും, മുറാതി സൂചിപ്പിച്ച പോലെ, ഒരു കാര്യം ശ്രദ്ധിക്കേണ്ടതായുണ്ട്: എ.ഐ മോഡലുകള്‍ തെറ്റിദ്ധാരണാജനകവും പക്ഷപാതപരവുമാവാം. അതുകൊണ്ട്, വസ്തുതകള്‍ പരിശോധിക്കാനും റിയല്‍-വേള്‍ഡിനെ ചേര്‍ത്തുവായിക്കാനും അതിനു മീതെ ഒരു മനുഷ്യ സാന്നിധ്യം അത്യന്താപേക്ഷികമാണ് (മുറാതി, 2022).
എന്നാല്‍, മനുഷ്യചിന്തക്ക് പകരമാകാന്‍ മാത്രമുള്ള ശക്തി എ.ഐ സംവിധാനങ്ങള്‍ക്കുണ്ട് എന്നത് അനിഷേധ്യമാണ്. വ്യക്തിതാത്പര്യങ്ങളുടെ ബന്ധനങ്ങളില്ലാതെ, അവിശ്രമം ചലിക്കുന്ന ഒരുതരം ആലോചനാക്രമം (brainstorming) അവക്ക് കൈമുതലായുണ്ട്. സെക്കന്റുകള്‍ക്കകം സാധ്യമായ ഉത്തരങ്ങള്‍ ഉത്പാദിപ്പിക്കാന്‍ എ.ഐക്ക് കഴിയുന്നു, അത് പിന്നെ മനുഷ്യര്‍ക്ക് ഖണ്ഡിക്കുകയും നവീകരിക്കുകയും ചെയ്യാം. വിദ്യാഭ്യാസ-ഗവേഷണ മേഖലയില്‍, നാം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നിടത്തോളം, തികച്ചും വിപ്ലവകരമാണ് എ.ഐ സംവിധാനം. ചാറ്റ് ജി.പി.ടിയെ മനുഷ്യബുദ്ധിക്ക് ഭീഷണിയായി കാണുന്നതിന് പകരം, അതിനെ ഉദ്ദീപിപ്പിക്കുന്ന ഒന്നായി (as an amplifier) കാണാനാണ് നാം ശ്രമിക്കേണ്ടത്: കൂടുതല്‍ വ്യക്തത കൈവരിക്കാനും, വിമര്‍ശനാത്മകമായി ചിന്തിക്കാനും (വിശിഷ്യാ എ.ഐയുടെ മറുപടികളെ കുറിച്ച്) എ.ഐ നമ്മുടെ ആലോചനകളെ പ്രാപ്തമാക്കുന്നു. എല്ലാത്തിലുമപ്പുറം, നമ്മുടെ മൂല്യങ്ങളും ജീവിതയാഥാര്‍ത്ഥ്യങ്ങളും സഹതാപ മനസ്ഥിതിയും പോലെയുള്ള, എ.ഐക്ക് ഒരിക്കലും കിടപിടിക്കാനാവാത്ത ചിന്തയുടെ അതുല്യമായ മാനവിക തലങ്ങള്‍ക്കാണ് നാം ആത്യന്തികമായി ഊന്നല്‍ നല്‍കേണ്ടത്. ”ഗോഡ് മോഡി”ലൂടെ ചാറ്റ് ജി.പി.ടിയില്‍ നിന്ന് അനേകം കാഴ്ചപ്പാടുകളെ കണ്ടെടുക്കാന്‍ കഴിയും, എന്നാല്‍, ആ കാഴ്ചപ്പാടുകളില്‍ ഏതെല്ലാം പ്രധാനമാണെന്നും അവയില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നുമെല്ലാം തീരുമാനിക്കുന്നത് നാം മനുഷ്യരാണ്. അവിടെ പുതിയൊരു സമവാക്യമാണ് കരണീയം: നമ്മള്‍ മനുഷ്യര്‍ ധാര്‍മികക്രമവും പഠനമാര്‍ഗവും നിശ്ചയിച്ചു നല്‍കുന്നു. എ.ഐ അതുപ്രകാരം വിശാലമായ വിജ്ഞാനങ്ങളും, നമുക്ക് സംവദിക്കാവുന്ന (നേരത്തെ തന്നെ സ്വാംശീകരിച്ചു കഴിഞ്ഞിട്ടുള്ള) ചിന്തകളും ഉത്പാദിപ്പിക്കുന്നു. ഇപ്പോഴും ശൈശവദശയിലുള്ള, ഒരു കൂട്ടായ ചിന്താപദ്ധതി(thinking partnership)യാണിത്. അതായത്, എ.ഐ നല്‍കുന്ന ഓരോ ”ആഴത്തിലുള്ള വിശകലനങ്ങളിലും”, മനുഷ്യബുദ്ധിയുടെ മേല്‍നോട്ടമുണ്ടെന്ന് ഉറപ്പിക്കേïത് കൂടി അനിവാര്യതയാണ്.

നിര്‍മിത ബുദ്ധിയും നൈതിക പ്രതിസന്ധിയും
AI യിലെ സത്വരമായ പുരോഗതി ചില്ലറ നൈതിക കലഹങ്ങളൊന്നുമല്ല ഉണ്ടാക്കിയത്. 2024 ന്റെ മധ്യത്തില്‍ ഡിജിറ്റല്‍ ആര്‍ട്ടിനെ സംബന്ധിച്ച് അങ്ങനെയൊരു ചര്‍ച്ചക്ക് ചൂടുപിടിച്ചു. ജാപ്പനീസ് ആനിമേഷന്‍ സ്റ്റുഡിയോയായ സ്റ്റുഡിയോ ഗിബ്ലിയുടെ ശൈലിയെ അപ്പടി അനുകരിക്കും വിധമുള്ള AI നിര്‍മിത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവെക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. പാസ്റ്റല്‍ വര്‍ണ്ണങ്ങളിലുള്ള, വിശേഷപ്പെട്ട, ഹയാവോ മിയാസാക്കിയുടെ ഐതിഹാസിക ചിത്രങ്ങളുടെ ഗിബ്ലി രചനശൈലിയില്‍ സവിശേഷമായി തയ്യാറാക്കപ്പെട്ട അല്‍ഗോരിതങ്ങള്‍ ഉപയോഗിച്ചാണ് ഈ ചിത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. സാങ്കേതികമായി, പ്രസ്തുത ചിത്രങ്ങള്‍ വളരെ ആകര്‍ഷകമായിരുന്നു. സൗന്ദര്യാത്മകമായി, അവ ഒരു കലാകാരന് ഓരോ രംഗവും കഷ്ടപ്പെട്ട് പണിയെടുത്ത് വരയ്ക്കാതെ തന്നെ സ്പിരിറ്റഡ് എവേ, മൈ നെയ്ബര്‍ ടൊട്ടോറോ പോലുള്ള സിനിമകളുടെ പ്രതീതി സമ്മാനിച്ചു. രൂക്ഷമായ ഭാഷയിലാണ് സ്റ്റുഡിയോ ഗിബ്ലി ഈ ചലനങ്ങളോട് പ്രതികരിച്ചത്. കമ്പനി ഈ പദ്ധതിയെ പരസ്യമായി തള്ളിപ്പറഞ്ഞു. തങ്ങളുടെ സൃഷ്ടിപരവും സര്‍ഗ്ഗാത്മകവുമായ അധ്വാനത്തിന്റെയും സാംസ്‌കാരിക സ്മരണയുടെയും അനധികൃത ഉപയോഗമായി അതിനെ വിശേഷിപ്പിച്ചു. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കലാസൃഷ്ടി അനുവാദമില്ലാതെ ഒരു യന്ത്രം ഉല്പാദിപ്പിക്കുന്നത് അന്യായമാണ് (കാസിം, 2025). ഗിബ്ലി കലാകാരന്മാര്‍ വര്‍ഷങ്ങളെടുത്ത് വികസിപ്പിച്ച, മിയാസാക്കിയെ പോലുള്ള അതിന്റെ സ്രഷ്ടാക്കള്‍ തങ്ങളുടെ കലാപ്രാഗത്ഭ്യവും ജാപ്പനീസ് സംസ്‌കാരവും സംയോജിപ്പിച്ച് രൂപപ്പെടുത്തിയെടുത്ത ശൈലിയെയാണ് AI മോഡല്‍ നിരുത്തരവാദപരമായി മോഷ്ടിക്കുന്നത്.
ഈ സംഭവം സര്‍ഗാത്മകതയെയും സൃഷ്ടിപരമായ മൂല്യത്തെയും കുറിച്ച് വലിയ കോലാഹലങ്ങള്‍ക്കും സംവാദങ്ങള്‍ക്കും തിരികൊളുത്തി. യന്ത്രങ്ങളെ എഴുത്ത്, സംഗീതം തുടങ്ങിയ കലകളില്‍ അനുവാദമില്ലാതെ പരിശീലിപ്പിക്കുന്നതിന്റെ സാധ്യതകളും അവ ഉല്‍പാദിപ്പിക്കുന്ന സൃഷ്ടികളുടെ പ്രാമാണികതയെയും കുറിച്ചുള്ള വിശാലാര്‍ഥത്തിലുള്ള ചോദ്യങ്ങളുയര്‍ന്നു. ഇക്കാര്യത്തില്‍ സ്റ്റുഡിയോ ഗിബ്ലിയുടെ നിലപാട് സുവ്യക്തമായിരുന്നു: ഗിബ്ലി-ശൈലിയിലുള്ള എ.ഐ ചിത്രങ്ങള്‍ കുട്ടിക്കളിയല്ല മറിച്ച്, സ്റ്റുഡിയോയുടെ ബൗദ്ധികമായ അവകാശത്തിനും ധാര്‍മ്മികതയ്ക്കും മേലുള്ള പ്രകടമായ ലംഘനമാണത്. സാങ്കേതികതയുടെ മറവില്‍ തങ്ങളുടെ സൃഷ്ടിയെ അന്യായമായി കമ്പോളവത്കരിക്കുന്ന പ്രവര്‍ത്തി ആയാണ് കമ്പനി അതിനെ കണ്ടത്. ഈ മുറവിളികള്‍ക്കും പ്രതിഷേധസ്വരങ്ങള്‍ക്കും ഫലമുണ്ടായി. ചില AI പ്ലാറ്റ്‌ഫോമുകള്‍ അവരുടെ ടൂളുകളെ പുനക്രമീകരിച്ചു: ഉദാഹരണത്തിന്, ജീവിച്ചിരിക്കുന്ന ഒരു കലാകാരന്റെ ശൈലി ആവശ്യപ്പെടുന്ന പ്രോംപ്റ്റുകളെ നിരസിക്കുന്ന തരത്തില്‍ OpenAI അതിന്റെ ഇമേജ് ജനറേഷന്‍ നയങ്ങള്‍ അപ്‌ഡേറ്റ് ചെയ്തു (ജാക്‌സണ്‍, 2025). ഈ ഗിബ്ലി സംഭവം സാങ്കേതിക പുരോഗതിക്കും ധാര്‍മ്മിക നിയന്ത്രണത്തിനും ഇടയിലുള്ള വര്‍ദ്ധിച്ചുവരുന്ന വിടവിനെ തുറന്നുകാട്ടി. ഒരു AI ക്ക് ഒരാളുടെ സൃഷ്ടിയെ കൈവശപ്പെടുത്താനും അനുകരിക്കാനും കഴിയുമെന്നത് അത് അനുവദനീയമാണെന്ന് അര്‍ത്ഥമാക്കുന്നില്ല. വിവരങ്ങളുടെ ഉടമസ്ഥാവകാശത്തെ കുറിച്ചോ അതിന്റെ നിയന്ത്രണ-ഉപയോഗ പരിധികളെ പറ്റിയോ വ്യക്തമായൊരു പൊതുധാരണയിലെത്താന്‍ ഇന്നും നമുക്ക് കഴിഞ്ഞിട്ടില്ല.
AI യുടെ ശേഷിയും സാമൂഹിക ധാര്‍മ്മികതയും തമ്മിലുള്ള ഈ വിടവിനെ നിരവധി പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. 2018-ല്‍, സഫിയ ഉമോജ നോബിള്‍ തന്റെ Algorithms of Opporession: How Search Engines Reinforce Racism എന്ന പുസ്തകത്തില്‍ ഈ അന്തരത്തെ വിമര്‍ശനാത്മകമായി സമീപിക്കുന്നുണ്ട്. സമൂഹം സൃഷ്ടിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് അല്‍ഗോരിതങ്ങള്‍ പ്രവര്‍ത്തിക്കുന്നെതന്നും അവ സാമൂഹിക പക്ഷപാതങ്ങളെ എങ്ങനെ പ്രതിഫലിപ്പിക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു എന്നും നോബിള്‍ തെളിയിച്ചു. ആ സമയത്ത് (ഏകദേശം 2011 ) ഗൂഗിളില്‍ ‘കറുത്ത പെണ്‍കുട്ടികള്‍’ എന്നതിനുള്ള തിരയല്‍ ഫലമായി അശ്ലീലമോ അമിത ലൈംഗികവല്‍ക്കരിക്കപ്പെട്ടതോ ആയ ഉള്ളടക്കങ്ങള്‍ക്ക് ലഭിച്ചത് എന്നെ സ്വല്പം ഭീതിപ്പെടുത്തി (നോബിള്‍, 2018). ‘വാണിജ്യ സെര്‍ച്ച് എഞ്ചിനുകള്‍ വഴി നമുക്ക് ലഭിക്കുന്ന ഫലങ്ങള്‍ സാങ്കേതികവിദ്യയുടെ ഉല്‍പന്നം മാത്രമല്ല; എല്ലാത്തിനുമുപരി നമ്മുടെ സാമൂഹികതയാണ് അതില്‍ പ്രതിഫലിക്കുന്നതെന്നെഴതുന്നു നോബിള്‍ (നോബിള്‍, 2018, പേജ് 4). ഒരര്‍ഥത്തില്‍, ഗൂഗിളിന്റെ അല്‍ഗോരിതങ്ങളുടെ പ്രവര്‍ത്തനം സോദ്ദേശപൂര്‍വ്വമായിരുന്നില്ല, മറിച്ച് നിലവിലുള്ള വെബ് ഉള്ളടക്കത്തിനും സെര്‍ച്ചുകള്‍ക്കും മുന്‍ഗണന നല്‍കുക വഴി തിരച്ചില്‍ ഫലങ്ങളില്‍ വംശീയത കടന്നുകൂടുകയായിരുന്നു. ഒരു പരിധി വരെ മുന്‍വിധികളുടെ സ്വാധീനം ഇതിലുïെന്ന് ചുരുക്കം. അല്‍ഗോരിതങ്ങള്‍ വസ്തുനിഷ്ഠമാണെന്ന സിലിക്കണ്‍ വാലിയുടെ ധാരണയെ തെളിവുസഹിതം തിരുത്തുകയായിരുന്നു നോബിള്‍. ‘AI’ എന്നത് വെറും സയന്‍സ് ഫിക്ഷന്‍ റോബോട്ടുകള്‍ മാത്രമല്ലെന്നും അവ അറിവിനെയും പൊതുധാരണകളെയെയും സ്വാധീനിക്കുന്ന ദൈനംദിന സംവിധാനങ്ങളാണെന്നുമുള്ള ഉണര്‍ത്തുപാട്ടായിരുന്നു നോബിളിന്റെ എഴുത്ത്.
2021 ല്‍ പ്രമുഖ AI ഗവേഷകയായ കേറ്റ് ക്രോഫോര്‍ഡ് തന്റെ Atlas of AI എന്ന പുസ്തകത്തിലൂടെ ഈ വിമര്‍ശനത്തെ വികസിപ്പിച്ചു. ‘കൃത്രിമബുദ്ധി കൃത്രിമമോ ബൗദ്ധികമോ അല്ല’ എന്ന് ക്രോഫോര്‍ഡ് വാദിച്ചു (ക്രോഫോര്‍ഡ്, 2021, പേജ് 7). ‘AI’ എന്ന പ്രക്രിയ ഭൗതിക വിഭവങ്ങളിലും മാനുഷിക അധ്വാനത്തിലും ആഴത്തില്‍ വേരൂന്നിയതാണെന്നും ആയതിനാല്‍ അവയെ കൃത്രിമം എന്ന് വിളിക്കാന്‍ ആവില്ലെന്നും നിര്‍മിത ബുദ്ധിക്ക് പ്രത്യേക ധാരണയോ ഏജന്‍സിയോ ഇല്ലെന്നതിനാല്‍ അതിനെ ബൗദ്ധികമെന്ന് വിളിക്കാനും കഴിയില്ലെന്നതാണ് ഉപര്യുക്ത വാദത്തിന്റെ വിശദീകരണം. AI ‘കൃത്രിമമോ ബൗദ്ധികമോ അല്ല’ എന്ന പ്രസ്താവന, നിലവിലെ AI സിസ്റ്റങ്ങള്‍ക്ക് മനുഷ്യരെപ്പോലെ ചിന്താശേഷിയില്ലെന്നും എന്നാല്‍ അവക്ക് മനുഷ്യചിന്തകളോട് സമാനതകളുണ്ടാവാമെന്നുമുള്ള ഓര്‍മ്മപ്പെടുത്തലാണ്. ആ സമാനതകള്‍ ഉത്ഭവിക്കുന്നതാകട്ടെ നമ്മില്‍ നിന്നും നമ്മുടെ സാമൂഹിക ഘടനാപരിസരങ്ങളില്‍ നിന്നുമാണ്. AI സിസ്റ്റങ്ങള്‍ അവ നിര്‍മ്മിക്കപ്പെട്ട ലോകവ്യവസ്ഥയെയും അധികാര ഘടനകളെയും മുന്‍വിധികളെയുമെല്ലാം അത് സ്വാംശീകരിക്കുന്നു. കേവലം ഫലങ്ങളുടെ പക്ഷപാതങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, AI യുടെ നൈതികതയെ കുറിച്ചുള്ള രാഷ്ട്രീയ, സാമ്പത്തിക, പാരിസ്ഥിതിക വശങ്ങളെ ഉള്‍ക്കൊള്ളുന്നതായിരുന്നു ക്രോഫോര്‍ഡിന്റെ വാദം.

ഈ വിമര്‍ശനാത്മക വാദങ്ങളുടെ തുടര്‍ച്ചയാണ് 2024-ല്‍, പ്രിന്‍സ്റ്റണിലെ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞരായ അരവിന്ദ് നാരായണനും സയാഷ് കപൂറും ചേര്‍ന്നെഴുതിയ AI Snake Oil എന്ന പുസ്തകവും. AI യെ പ്രതിയുള്ള അമിത പ്രചാരണങ്ങളെ പരിശോധിക്കുകയും AI കൃത്യമായി പ്രവര്‍ത്തിക്കുന്നത് എവിടെയാണെന്നും എവിടെയാണ് അത് തെറ്റായി പ്രയോഗിക്കപ്പെടുന്നതെന്നും വേര്‍തിരിച്ചു പരിശോധിക്കുന്നു (നാരായണന്‍ & കപൂര്‍, 2024). ഉദാഹരണത്തിന്, ട്രാന്‍സ്‌ക്രിപ്ഷന്‍ അല്ലെങ്കില്‍ ഇമേജ് റെക്കഗ്നിഷന്‍ തുടങ്ങിയ ചില മേഖലകളില്‍ AIയുടെ വിജയകരമാണെന്ന് അവര്‍ അംഗീകരിക്കുന്നു. എന്നാല്‍ ക്രിമിനല്‍ കുറ്റങ്ങളെ പരിശോധിക്കുന്നതിലും വിധിന്യായങ്ങളിലും, പഠനമുറികളിലെ മൂല്യനിര്‍ണയത്തിനും AI ഉപയോഗിക്കുന്നതിനെ പുസ്തകം വിമര്‍ശിക്കുന്നു. അവരുടെ പ്രധാന വാദങ്ങളിലൊന്ന് അവകാശവാദങ്ങളെ തെളിയിക്കേണ്ട ബാധ്യത ( burden of proof) ആര്‍ക്കാണ് എന്നതിനെക്കുറിച്ചാണ്. എന്നുവെച്ചാല്‍, AIയെക്കുറിച്ച് വമ്പന്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് അത് ‘തെളിയിക്കേണ്ട ബാധ്യത കൂടിയുണ്ട്. പ്രസ്തുത സമീപനം ഇത്തരം അതിവാദങ്ങളെ സംശയദൃഷ്ട്യാ നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്നുണ്ട് (നാരായണന്‍ & കപൂര്‍, 2024).
ഏറ്റവുമൊടുവില്‍, 2025 ല്‍ ധാര്‍മികതയെ ചൊല്ലിയുള്ള പുതിയ വിവാദങ്ങളുണ്ടായി. പക്ഷെ, ഇത്തവണ കലയിലോ സെര്‍ച്ച് എഞ്ചിനുകളിലോ അല്ല, മറിച്ച് ജനിതകശാസ്ത്രത്തിലും പ്രത്യുല്‍പാദനത്തിലുമായിരുന്നുവത്. എലിസബത്ത് ഡ്വോസ്‌കിനും യെഗനെഹ് ടോര്‍ബതിയും (ജൂലൈ 2025) നടത്തിയ വാഷിംഗ്ടണ്‍ പോസ്റ്റ് അന്വേഷണ റിപ്പോര്‍ട്ട് ടെക്സസിലെ ഓസ്റ്റിനില്‍ നടന്ന ഒരു സ്വകാര്യ മീറ്റിങ്ങിനെ മറനീക്കി പുറത്തു കൊണ്ടുവന്നു. പ്രസ്തുത സംഗമത്തില്‍ സിലിക്കണ്‍ വാലിയിലെ നിക്ഷേപകരും ടെക് പ്രമുഖരും ഏറ്റവും പുതിയ ഭ്രൂണ സ്‌ക്രീനിംഗ് സാങ്കേതികവിദ്യയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ട് (ഡ്വോസ്‌കിന്‍ & ടോര്‍ബതി, 2025). IVF വഴി സൃഷ്ടിക്കപ്പെട്ട ഭ്രൂണങ്ങളുടെ ജനിതകഘടന നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ നിര്‍ണ്ണയിച്ചു നല്‍കുന്ന ഓര്‍ക്കിഡ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകയായ നൂര്‍ സിദ്ദിഖി ആയിരുന്നു പ്രസ്തുത സംഗമത്തിലെ വിശിഷ്ടാതിഥി. ഈ ഡാറ്റ അടിസ്ഥാനമാക്കിയുള്ള ഭ്രൂണ തിരഞ്ഞെടുപ്പിന് രോഗങ്ങള്‍ കുറയ്ക്കാനും ആരോഗ്യം വര്‍ദ്ധിപ്പിക്കാനും കുട്ടികളിലെ ഭാവി സ്വഭാവഗുണങ്ങളെ രൂപപ്പെടുത്താനും കഴിയുമെന്ന് ചെയ്യാനും കഴിയുമെന്ന് സിദ്ദിഖി അവകാശപ്പെടുന്നു.
നിര്‍മിത ബുദ്ധിയെ ജനിതക നിര്‍ണ്ണയത്തിലേക്കും മറ്റു പ്രത്യുല്‍പാദനരീതികളിലും പ്രയോഗിക്കുകയെന്നത് ഭീകരമായ പ്രത്യാഘാതങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നിര്‍മിത ബുദ്ധിയുടെ അത്യന്തം അപകടകരമായ പ്രയോഗം കേവലം ഊഹക്കഥകളല്ലെന്നും ടെക് ലോകത്തെ ഒരു വര്‍ത്തമാനകാല യാഥാര്‍ത്ഥ്യമാണെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പുതിയ തലമുറയെ രൂപപ്പെടുത്തുന്നതിന് AI അടക്കമുള്ള അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിന് സിലിക്കണ്‍ വാലി വമ്പിച്ച ധനസഹായം നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു (ഡ്വോസ്‌കിന്‍ & ടോര്‍ബാറ്റി, 2025). ഇത് ആപ്പുകള്‍ക്കും ഗാഡ്ജെറ്റുകള്‍ക്കും അപ്പുറമുള്ള അതിസമ്പന്നരുടെ വേറിട്ടൊരു ലോകത്തെ സൃഷ്ടിക്കുന്നതിലേക്ക് നയിച്ചേക്കാം. ഈ സംവാദങ്ങളെല്ലാം അടിവരയിടുന്നത് നിര്‍മിത ബുദ്ധിയെ പ്രതിയുള്ള ചര്‍ച്ചകളില്‍ വര്‍ദ്ധിതവീര്യത്തോടെ സമൂഹ ശാസ്ത്രങ്ങളുടെ ഇടപെടലുണ്ടാവണമെന്നതാണ്. ധാര്‍മ്മികത, അര്‍ത്ഥം, സ്വത്വം, സമത്വം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ – ഇവ സാങ്കേതിക ചോദ്യങ്ങളെപ്പോലെ തന്നെ മാനവിക ചോദ്യങ്ങളുമാണ്. ഒരു കാര്യത്തിന്റെ സാധ്യത അതിന്റെ സാധുതയെ മറികടക്കുകയും അപ്രസക്തമാക്കുകയും ധാര്‍മ്മികവാദികള്‍, ചരിത്രകാരന്മാര്‍,തത്ത്വചിന്തകര്‍ തുടങ്ങിയവര്‍ നിശബ്ദരാക്കപ്പെടുകയും ചെയ്യുന്ന സാങ്കേതികവിദ്യയുടെ വരും കാലങ്ങളില്‍ നാം ഇടറിവീഴാനുള്ള സാധ്യതകളേറെയാണ്. അത്തരം പ്രതിസന്ധികളെക്കുറിച്ച് അവധാനതയോടെ ശ്രദ്ധാപൂര്‍വ്വം ചിന്തിക്കാന്‍ മാനവിക ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നു. ഭ്രൂണ പരിശോധനകളും മറ്റ് നിര്‍മിത ബുദ്ധി ഉയര്‍ത്തുന്ന നൈതിക പ്രശ്‌നങ്ങളും നേരിടാന്‍ പ്രതിഫലനശേഷിയുള്ള, ചരിത്രജ്ഞാനമുള്ള, മൂല്യാധിഷ്ടിതവും സംവേദനക്ഷമതയുമുള്ള ചിന്ത നമുക്ക് അത്യന്താപേക്ഷിതമാണ്.

humAIn: ഹ്യുമാനിറ്റീസ് ലാബ്
ഉപരിസൂചിതമായ ചോദ്യങ്ങള്‍ക്കും അതുയര്‍ത്തുന്ന ബഹുമുഖമായ വെല്ലുവിളികള്‍ക്കും പ്രതികരണമെന്നോണം 2024 ന്റെ അന്ത്യത്തിലാണ് AI The Humanities Lab എന്ന പേരില്‍ ഒരു ഇന്റര്‍ ഡിസിപ്ലിനറി സംരഭം ഞങ്ങള്‍ സ്ഥാപിക്കുന്നത്. മാനവിക വിഷയതല്പരരുടെയും സാമൂഹിക ശാസ്ത്ര ഗവേഷകരുടെയും ആവശ്യങ്ങളിലും കാഴ്ചപ്പാടുകളിലും ശ്രദ്ധയൂന്നുന്ന ഇന്ത്യയിലെ ആദ്യത്തെ AI ലബോറട്ടറി സ്ഥാപിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ലോകമെമ്പാടുമുള്ള ഉന്നത ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള സുഹൃത്തുക്കള്‍ ഈ പദ്ധതിയുടെ മുഖ്യ സഹകാരികളായി കൂടെ നിന്നു. ഇന്ത്യയിലെ പ്രമുഖ ടെക്നോളജി സ്ഥാപനങ്ങള്‍ (IIT), ഷിക്കാഗോ, സ്റ്റാന്‍ഫോര്‍ഡ്, മാഞ്ചസ്റ്റര്‍ സര്‍വകലാശാലകള്‍, ഫ്രീ യൂണിവേഴ്‌സിറ്റി ബെര്‍ലിന്‍, ഹാംബര്‍ഗ് സര്‍വകലാശാല, തുടങ്ങിയ നിരവധി സര്‍വകലാശാലകളിലെ ഗവേഷകര്‍ നിലവില്‍ ഹ്യുമൈനുമായി സഹസഞ്ചാരം നടത്തിക്കൊണ്ടിരിക്കുന്നു.
സാഹിത്യം, ചരിത്രം, തത്ത്വചിന്ത, സാമൂഹ്യശാസ്ത്രം തുടങ്ങിയ മേഖലകളില്‍ ഗവേഷകരായ നിരവധി വിദ്യാര്‍ത്ഥികളും അധ്യാപകരും തങ്ങളുടെ ഗവേഷണ മേഖലയെ മുച്ചൂടും ഗ്രസിച്ചു കൊണ്ടിരിക്കുന്ന നിര്‍മിത ബുദ്ധിയുമായി ഇടപഴകുന്നതില്‍ നേരിടുന്ന പ്രതിസന്ധിയാണ് ഞങ്ങളെ എല്ലാവരെയും ഒരുമിച്ചു കൂട്ടുന്ന പ്രധാന പൊതു ഘടകം. ഡിജിറ്റല്‍ ഹ്യുമാനിറ്റീസ്, കമ്പ്യൂട്ടേഷണല്‍ സോഷ്യല്‍ സയന്‍സ്, ദൈനംദിന അക്കാദമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ AI ഉപകരണങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരുന്നു, എന്നിട്ടും ഈ ഉപകരണങ്ങളെ ചുറ്റിപ്പറ്റിയുള്ള പരിശീലനത്തിലും ചര്‍ച്ചകളിലും ആധിപത്യം പുലര്‍ത്തിയത് സാങ്കേതിക മേഖലയിലുള്ളവരാണ്. ആ വ്യവസ്ഥിതിക്കൊരു മാറ്റം വേണമെന്ന് ഞങ്ങള്‍ തീര്‍ച്ചപ്പെടുത്തി.
മാനുഷിക അന്വേഷണങ്ങളിലധിഷ്ഠിതവും വിമര്‍ശനാത്മകവും പ്രായോഗികവുമായ ധാരണയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ വ്യത്യസ്തമായൊരു രീതിയെ പരിപോഷിപ്പിച്ചെടുക്കുവാനാണ് humAIn ശ്രമിക്കുന്നത്. AI യില്‍ കമ്പ്യൂട്ടര്‍ സയന്‍സിനെപ്പോലെ തന്നെ മാനവിക ശാസ്ത്രങ്ങള്‍ക്കും സാമൂഹിക ശാസ്ത്രത്തിനും പങ്കുണ്ടെന്നതാണ് ഞങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശ തത്വങ്ങളിലൊന്ന്. അറിവിന്റെ ഉത്പാദനത്തെയും വിതരണത്തെയും AI പുനഃക്രമീകരിക്കുകയാണെങ്കില്‍, മാനവിക ശാസ്ത്ര ഗവേഷകര്‍ അവിടെ വെറും നിരീക്ഷകര്‍ മാത്രമല്ല, ആ പ്രക്രിയയിലുടനീളം സജീവ പങ്കാളികളായിരിക്കണം. ഗവേഷകരുടെ ചിന്താശേഷിയെ പരിപോഷിപ്പിക്കുക എന്നതോടൊപ്പം വിമര്‍ശനാത്മക വിചാരത്തെയും പ്രോത്സാഹിപ്പിക്കുന്നു. അതേസമയം, പരിമിത സാങ്കേതിക പരിജ്ഞാനമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് AI ടൂളുകളില്‍ പരിശീലനവും ഞങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. ആത്യന്തികമായി, humAIn ല്‍ ഞങ്ങളുടെ ലക്ഷ്യം, അടുത്ത തലമുറയിലെ പണ്ഡിതരെ പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കാന്‍ സജ്ജരാക്കുക മാത്രമല്ല, ചിന്താശേഷിയും വിമര്‍ശനാത്മകതയും ഉപയോഗിച്ച് പുരോഗമനാത്മകമായ നിര്‍മാണപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ പാകപ്പെടുത്തുക കൂടിയാണ്. അല്‍ഗോരിതങ്ങള്‍ നായകസ്ഥാനമേറ്റെടുക്കുന്ന ഒരു ലോകത്ത്, സാങ്കേതികവിദ്യയുടെ മനസ്സാക്ഷിയും വഴികാട്ടിയുമായി മുന്നില്‍ നടക്കുക എന്ന ദൗത്യം മാനവിക ശാസ്ത്രങ്ങള്‍ക്കുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം.







Add comment