Thelicham

ഡിജിറ്റല്‍ ഹ്യൂമാനീറ്റീസ്: ഇസ്‌ലാം പഠനത്തിലെ പുതിയ സാധ്യതകള്‍


ഇസ്ലാമിക് സ്റ്റഡീസിലെ ബിരുദ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, സ്വതന്ത്ര്യ ഗവേഷകര്‍ എന്നിവര്‍ക്ക് ഡിജിറ്റല്‍ ഹ്യുമാനിറ്റീസിന്റെ വ്യത്യസ്ത രീതികളും സമീപനങ്ങളും എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ചും, അണ്ടര്‍ ഗ്രാജ്വേറ്റ് തലത്തിലെ ഇസ്ലാമിക് സ്റ്റഡീസ് അധ്യാപകര്‍ക്ക് ഡിജിറ്റല്‍ ഹ്യൂമാനിറ്റീസ് പ്രൊജക്റ്റിലൂടെ വലിയ മുന്നേറ്റങ്ങള്‍ സൃഷ്ടടിക്കാന്‍ സാധിക്കും എന്നതുമെല്ലാം സമർഥിക്കാനാണ് ഈ ലേഖനം.


ഹ്യുമാനിറ്റീസിലെ മറ്റു വിഭാഗങ്ങളിലെല്ലാം വര്‍ഷങ്ങളായി ഇത്തരം പ്രൊജക്റ്റുകള്‍ സിലബസുകളില്‍ ഉള്‍പെടുത്തിയിട്ടുണ്ടെങ്കിലും ഇസ്ലാമിക് സ്റ്റഡീസിലെ അധ്യാപകര്‍ ഇതിന് വേണ്ട കാര്യമായ ആലോചനകളൊന്നും നടത്തിയിട്ടില്ല. ഈയൊരവസ്ഥക്ക് പലവിധ കാരണങ്ങള്‍ നിരത്താമെങ്കിലും നോര്‍ത്ത് അമേരിക്കയിലെ ബിരുദ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം പ്രധാന തടസ്സമായിട്ടുള്ളത് ഇംഗ്ലീഷ് സോഴ്‌സുകളുടെ ദൗര്‍ലഭ്യതയാണ്.

ഇസ്ലാമിക് ടെക്‌സ്റ്റുകളെ ചിലര്‍ക്കെങ്കിലും കൈകാര്യം ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കിലും വലിയൊരു ശതമാനവും ഭാഷാ സാങ്കേതികത്വങ്ങള്‍ വശമില്ലാത്തവരാണ്. എന്നാല്‍, അടുത്തിടെ പുറത്തിറങ്ങിയ ഇസ്ലാമിക് ടെക്‌സ്റ്റുകളുടെ ഇംഗ്ലീഷ് വിവര്‍ത്തനങ്ങള്‍ അണ്ടര്‍ ഗ്രാജ്വേറ്റ് തലത്തില്‍ ഡിജിറ്റല്‍ ഹ്യുമാനിറ്റീസ് പ്രൊജക്റ്റുകളുടെ സാധ്യതകള്‍ മുന്നോട്ട് വെക്കുന്നുമുണ്ട്.

ആദ്യകാല കര്‍മ്മശാസ്ത്ര നിയമങ്ങള്‍ കൈമാറ്റം നടത്തിയ ഹദീസ് നിവേദകരെ സംബന്ധിച്ച ഒരു പ്രൊജക്റ്റാണ് ഈ അധ്യായത്തിലൂടെ ചര്‍ച്ച ചെയ്യുന്നത്. വാഷിങ്ങ്ടണ്‍ ആന്റ് ലീ യൂണിവേഴ്‌സിറ്റിയിലെ ചരിത്രവിഭാഗം ഇസ്ലാമിക നാഗരികതയുടെ തുടക്കകാലത്തെ കുറിച്ച് നടത്തിയ ഒരു പ്രാഥമിക തല സര്‍വേയുടെ ഭാഗമായി 12 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.


ഇസ്ലാമിക് ലോയുടെ കൈമാറ്റത്തെ സംബന്ധിച്ച രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ചരിത്രത്തെ കുറിച്ച് പുതിയ ഉള്‍കാഴ്ചകള്‍ ലഭിക്കുന്ന വിധത്തില്‍ ചരിത്രാന്വേഷണത്തിന്റെ പരമ്പരാഗത രീതികളും ന്യൂതന കമ്പ്യൂട്ടര്‍ വിദ്യകളും സമന്വയിപ്പിച്ച് കൊണ്ടാണ് അവര്‍ ഈയൊരു ശ്രമം നടത്തിയിട്ടുള്ളത്. അതവാ, പ്രൈമറി സോഴ്‌സുകളെ സൂക്ഷ്്്്്മമായി വായിക്കുകയും സെക്കണ്ടറി സോഴ്‌സുകളെ വിമര്‍ശനാത്മകമായി സമീപിക്കുകയും ചെയ്തതോടൊപ്പം ഡാറ്റകള്‍ വേര്‍ത്തിരിച്ചെടുക്കുകയും ഡാറ്റാബേസ് നിര്‍മ്മിക്കുകയും ഓണ്‍ലൈന്‍ വിഷ്വലൈസേഷന്‍ സോഫ്റ്റ്‌വയറുകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു.

മുവത്വയെ അടിസ്ഥാനപ്പെടുത്തി അബ്ദുല്‍ ഹയ്യ് ലഖ്‌നവി രചിച്ച ജീവചരിത്ര നിഘണ്ടുവിന്റെ ഒരു ഇംഗ്ലീഷ് വിവര്‍ത്തനമാണ് ഈ പഠനത്തിന്റെ അവലംബം. 1700 ഹദീസുകള്‍ ഉള്‍കൊള്ളുന്ന മുവത്വ ഇസ്ലാമിക കര്‍മ്മശാസ്ത്രത്തിന്റെ പ്രഥമ സ്രോതസ്സുകളിലൊന്നായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ശുദ്ധി, വിവാഹമോചനം, കുറ്റകൃത്യങ്ങള്‍ തുടങ്ങി ഇസ്ലാമിക കര്‍മ്മശാസ്ത്രത്തിലെ ഏകദേശ മേഖലകളെല്ലാം മുവത്വയില്‍ പ്രതിപാദിക്കുന്നുണ്ട്.


നിവേദകരുടെ വിശ്വാസ്യത മനസ്സിലാക്കാനും അതുവഴി ഹദീസിന്റെ ആധികാരികത ഉറപ്പിക്കാനും കഴിയുന്ന വിധത്തില്‍ തയ്യാറാക്കിയ ഇത്തരം ബൃഹത്തായ ജീവചരിത്ര രചനകള്‍ ഇസ്ലാമിക നാഗരികതയുടെ ക്ലാസിക്കല്‍ യുഗത്തിലാണ് രൂപപ്പെടുന്നത്. ഇതിലെ ഓരോ ഹദീസും വാമൊഴി രൂപത്തില്‍ കൈമാറ്റം ചെയ്യപ്പെട്ടതിന്റെ കൃത്യമായ ഉറവിടം ഗ്രന്ഥകാരനായ മാലിക് ബ്‌നു അനസ് വ്യക്തമാക്കുന്നുണ്ട്.

അദ്ദേഹത്തിന്റെയും പ്രവാചകന്‍, സ്വഹാബി, താബിഅ് എന്നിവരുടെയും ഇടയിലായി മൂന്നോ നാലോ നിവേദകര്‍ വരുന്നതായി കാണാം. അത്‌കൊണ്ട് തന്നെ ഹിജ്‌റ ആദ്യ രണ്ട് നൂറ്റാണ്ടില്‍ നിന്നുമുള്ള 500 ഓളം നിവേദകരാണ് ലഖ്‌നവിയുടെ ജീവചരിത്ര നിഘണ്ടുവില്‍ ഇടം നേടിയിട്ടുള്ളത്.
നിവേദകരുടെ മരണതീയതി, താമസസ്ഥലം, പലായനം തുടങ്ങിയ വിവരങ്ങളെല്ലാം ഗ്രന്ഥം പലപ്പോഴായി ഉള്‍കൊള്ളിക്കുന്നതിനാല്‍ ഹദീസ് വിമര്‍ശകര്‍ക്ക് ഹദീസ് കൈമാറ്റത്തിലെ ഓരോ കണ്ണിയും ചിരിത്രപരമായി ഒത്ത്‌പോകുന്നുണ്ടോയെന്നും പരിശോധിക്കാന്‍ സാധിക്കുന്നതാണ്.


നിവേദകന്റെ ജെന്ററും പലപ്പോഴായി ഗോത്രവംശാവലിയും ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നുണ്ട്. മാത്രവുമല്ല, ചില സ്ഥലങ്ങളില്‍ നിവേദകന്‍ മതപരിവര്‍ത്തിതനാണോയെന്നും, ജോലി, ശിഈ ബന്ധം, സ്വഹാബിയോ താബിഇയോ മൗലയോ ആയിരുന്നെന്നും സൂചിപ്പിക്കുന്നുണ്ട്. അവസാനമായി നിവേദകന്റെ വിശ്വാസ്യത പ്രശംസനീയമാണോ സംശയാസ്പദമാണോ എന്നുകൂടി ചിലയിടങ്ങളില്‍ രേഖപ്പെടുത്തുന്നുണ്ട്.

ചരിത്രഗവേഷണം സമഗ്രമായി എങ്ങനെ തയ്യാറാക്കാം എന്നതായിരുന്നു പ്രൊജക്റ്റിലൂടെ ലക്ഷ്യം വെച്ചത്. നാല് ഘട്ടങ്ങളിലായിട്ടാണ് പദ്ധതി ആവിഷ്്്കരിച്ചത്. പ്ലാനിങ്ങ്, കളക്ഷന്‍, ക്ലീന്‍അപ്പ്, വിഷ്വലൈസേഷന്‍.
പദ്ധതി പ്ലാന്‍ ചെയ്യുന്നതിന്റെ ഭാഗമായി യൂണിവേഴ്‌സിറ്റിയിലെ സഹപ്രവര്‍ത്തകരുമായും ലൈബ്രേറിയന്‍മാരുമായും ആദ്യം ഒരു ചര്‍ച്ച നടത്തി. ശേഷം വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി ലഖ്‌നവിയുടെ ജീവചരിത്രനിഘണ്ടുവില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും അവരുണ്ടാക്കിയ ഒരു മാസ്റ്റര്‍ ഡാറ്റ ബെയ്‌സിലേക്ക് അത് എന്റര്‍ ചെയ്യുകയും ചെയ്തു.

അടുത്ത ഘട്ടം ശേഖരിച്ച ഡാറ്റകളെ ക്ലീനപ്പ് ചെയ്യലാണ്. ഇതിന് ചെറിയ ഗ്രൂപ്പുകളായി തിരിക്കുകയും സ്ഥലപ്പേരുകള്‍, ട്രാന്‍സ്‌ലിട്രേഷന്‍ തുടങ്ങിയവയെ ക്രമീകരിക്കുകയും ഹിജ്‌റ കലണ്ടര്‍ ഗ്രിഗേറിയനിലേക്ക് മാറ്റുകയും ചെയ്തു. അവസാനം, ഗ്രൂപ്പുകളില്‍ നിന്ന് വ്യക്തികളായി തിരിയുകയും ഓരോരുത്തരും അവരുടെ ഡാറ്റ വിഷ്വലൈസേഷന്‍ നിര്‍മ്മിക്കുകയും പുതിയ കണ്ടെത്തലുകള്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്തു.

ലഖ്‌നവിയുടെ ജിവചരിത്രനിഘണ്ടു അവലംബയോഗ്യമായ ഒരു ചരിത്ര സ്രോതസ്സായി പരിഗണിക്കാമോ എന്ന ചോദ്യം ഒരിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഞാന്‍ ഉന്നയിക്കുകയുണ്ടായി. അധ്യാപന ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു നിമിഷമായിരുന്നു അത്. ഗ്രന്ഥത്തിന്റെ വിശ്വാസ്യതയെ സംബന്ധിച്ച ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാന്‍ സാധിച്ചില്ലെങ്കിലും ഇയൊരു പ്രൊജക്റ്റിന്റെ ഗുണാത്മകതയെ കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞു.


സ്ത്രീകള്‍, മതപരിവര്‍ത്തിതര്‍, സ്വഹാബികള്‍, മൗലകള്‍ തുടങ്ങിയവരെ കുറിച്ചുള്ള കൃത്യമായ എണ്ണമല്ല ലഖ്‌നവിയുടെ നിഘണ്ടുവില്‍ നല്‍കപ്പെട്ടിരിക്കുന്നത്. പകരം, പണ്ഡിതവൃത്തങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണക്കുകള്‍ മാത്രമാണ് അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത്. എത്രത്തോളമെന്നാല്‍, വിദ്യാര്‍ത്ഥികള്‍ പരസ്പരം തങ്ങളുടെ ഡാറ്റ യഥാര്‍ത്ഥ കണക്കുകളെ കുറിക്കുന്നില്ല എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവ മാത്രമാണതെന്നും പരസ്പരം ഓര്‍മിപ്പിക്കുമായിരുന്നു. എന്നിരുന്നാലും, ആദ്യകാല ഇസ്ലാമിക കര്‍മ്മശാസ്ത്രത്തിലെ അധികാരഘടന രൂപപ്പെട്ടതിലേക്ക് ഇതിലെ സ്ഥിതിവിവരങ്ങള്‍ വെളിച്ചം വീശുന്നുണ്ട്.

സെമസ്റ്റര്‍ ദൈര്‍ഘ്യമുള്ള ഒരു പ്രൊജക്റ്റ് ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നിശ്ചിത വര്‍ക്കുകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ സാധിച്ചു. മെയിന്‍ കോഴ്‌സിനെ ബാധിക്കാതെ തന്നെ സ്വയം അത് പുരോഗതിപ്പെടുന്നതായി പലപ്പോഴും അനുഭവപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ ഓരോ ആഴ്ചയിലും പ്രൊജക്റ്റുമായി ബന്ധപ്പെട്ട് എന്തെങ്കിലും മുന്നേറ്റങ്ങള്‍ കൊണ്ട്‌വരാന്‍ ശ്രമിച്ചു. എന്നിട്ടും ഏല്‍പിക്കപ്പെട്ട ഭാഗങ്ങള്‍ വായിച്ച് തീര്‍ക്കാനും ഒരു മിഡ് സെമെസ്്്്്്റ്ററും ഫൈനല്‍ പേപ്പറും എഴുതാനുള്ള സമയം കൂടി ബാക്കിയുണ്ടായിരുന്നു. യൂണിവേഴ്‌സിറ്റി ലൈബ്രേറിയന്മാരുടെ നിര്‍ലോഭമായ പിന്തുണ വര്‍ക്കുകള്‍ സുഖമമായി മുന്നോട്ട് കൊണ്ട്‌പോകുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഏതൊരു അധ്യാപകനും ഇത്തരത്തിലുളള ഒരു പ്രൊജക്റ്റിന് മുന്നിട്ടിറങ്ങുമ്പോള്‍ വേണ്ടവിധം ടെക്‌നിക്കല്‍ അസിസ്റ്റന്‍സ് ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നത് നന്നായിരിക്കും.

ആവിഷ്‌കരണം

വിദ്യാര്‍ത്ഥികള്‍ ഡാറ്റാകളക്ഷനു വേണ്ടി ഇറങ്ങുന്നതിന് മുമ്പായി നാല് ലൈബ്രേറിയന്‍മാരുമായി ഞാന്‍ ചര്‍ച്ച നടത്തി. പ്രൊജക്റ്റിനു അനുയോജ്യമായ സിസ്റ്റങ്ങള്‍ ഏതൊക്കെയെന്ന് അവരോട് കൂടിയാലോചിച്ചു. ഡാറ്റകള്‍ എന്‍്‌റര്‍ ചെയ്യുന്നതിന് വേണ്ടി സ്പ്രഡ്ഷീറ്റുകള്‍ ഉപയോഗിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. പേര്, മരണ തീയ്യതി, ജെന്റര്‍, തുടങ്ങി നമുക്ക് ആവശ്യമായ വിവരങ്ങള്‍ ഓരോ കോളങ്ങളില്‍ സജ്ജീകരിക്കുകയും വിദ്യാര്‍ത്ഥികള്‍ അനുയോജ്യമായ വിവരങ്ങള്‍ ടേബിളിലേക്ക് എന്റര്‍ ചെയ്യുകയുമാണ് വേണ്ടത്.

ഇൗ പ്ലാന്‍ വിജയകരമാകേണ്ടതായിരുന്നു, പക്ഷെ അതില്‍ ഒരു പ്രശ്‌നം നിഴലിച്ച് നിന്നു. ഒരേ സമയം ധാരാളം വിദ്യാര്‍ത്ഥികള്‍ എഡിറ്റ്‌ചെയ്യുകയാണെങ്കില്‍ പല ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഡാറ്റാബെയ്‌സ് തകരാറിലാകുകയാണെങ്കില്‍ ടൈപിംഗ് പിശകുകള്‍ സ്പ്രഡ്ഷീറ്റിലേക്ക് മാറ്റുന്നതിനെ കുറിച്ചും ലൈബ്രേറിയന്മാരുമായി ഞാന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ ഇത്തരം സാങ്കേതിക പ്രശ്‌നങ്ങളെ ഗൗനിക്കാതെ മുഴുസമയവും പ്രൈമറി സോഴ്‌സുകളെ വായിക്കാനും വിശകലനം ചെയ്യാനും ഉപയോഗപ്പെടുത്തണമെന്നതായിരുന്നു എന്റെ താത്പര്യം.

വാഷിങ്ങ്ടണ്‍ ആന്റ് ലീ യൂണിവേഴ്‌സിറ്റിയിലെ ടെക്‌നോളജി വിദഗ്ധനായ ബ്രാന്‍്‌റണ്‍ ബ്യൂസി ഇത്തരം നൂലാമാലകളൊന്നുമില്ലാത്ത മറ്റൊരു ബദല്‍ സംവിധാനം മുന്നോട്ട്‌വെച്ചു. ലളിതമായ ഒരു എച്ച് ടി എം എല്‍ ഡിസൈന്‍ പ്രോഗ്രാം ഉപയോഗിച്ച് നമ്മള്‍ ഒരു ഓണ്‍ലൈന്‍ ഫോം നിര്‍മ്മിക്കുന്നു. അതില്‍ ഒരു ചോദ്യാവലിക്ക് ഉത്തരം നല്‍കുന്ന രീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡാറ്റകള്‍ എന്റര്‍ ചെയ്യാം.

നിവേദകന്റെ പൂര്‍ണ്ണനാമം എന്ത്. അദ്ദേഹത്തിന്റെ ജെന്‍്‌റര്‍ ഏത്. ഏത് പ്രദേശത്തായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. തുടങ്ങിയ ചോദ്യങ്ങളാണ് ഫോമില്‍ നല്‍കപ്പെടുക. ഓരോ ചോദ്യത്തിനും ഒന്നുകില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് മോഡിലോ അല്ലെങ്കില്‍ ടെക്‌സ്റ്റ് രൂപത്തിലോ ഉത്തരം ചെയ്യാം. ഉത്തരം ലഭിക്കാത്ത ഇടങ്ങളില്‍ ഒഴിച്ചിടുകയോ അല്ലെങ്കില്‍ അറിയപ്പെട്ടിട്ടില്ല എന്ന് ടൈപ്പ് ചെയ്യുകയോ ആവാം.

ഈ ഫോമിലൂടെ ലഭിക്കുന്ന ഡാറ്റകള്‍ പിന്നീട് സ്പ്രഡ്ഷീറ്റിലേക്ക് മാറ്റപ്പെടുന്നു. യൂസര്‍ ഐഡിയും പാസ്സ് വേര്‍ഡും വെച്ച് മാത്രമേ ഫോമിലേക്ക് സൈന്‍ ചെയ്യാവൂ എന്നത്‌കൊണ്ട് തന്നെ എന്‍ട്രികളുടെ കൂടെ എന്റര്‍ ചെയ്ത വിദ്യാര്‍ത്ഥിയുടെ പേരും ടേഗ് ചെയ്യപ്പെടുന്നതാണ്. മൂല്യനിര്‍ണ്ണയത്തിും ഗ്രേഡിങ്ങിനുമെല്ലാം ഇത് കൂടുതല്‍ സഹായകമായി.

ഈ സംവിധാനം വളരെ ഉപകാരപ്രദമായിരുന്നു. എങ്കില്‍ കൂടി ചില പരിമിതികള്‍ ഉണ്ടായിരുന്നു. ഉദാഹരണത്തിന് ഫോമില്‍ ഡയാക്രൈറ്റിക്‌സ്(അക്ഷരങ്ങളോട് കൂടെ വരുന്ന അടയാളങ്ങള്‍) പൂര്‍ണ്ണമായി പ്രതിഫലിച്ചിരുന്നില്ല. എന്നാല്‍, ഫോമില്‍ ഒരു യുണീകോഡ് ഫോണ്ട് ലഭ്യമാക്കുന്നതിലൂടെ ബ്രാന്‍ഡന്‍ ആ പ്രശ്‌നവും പരിഹരിച്ചു
എങ്കിലും മറ്റൊരു പ്രശ്‌നം കൂടി ബാക്കിയായി. ഫോമില്‍ ഡയാക്രൈറ്റിക്‌സ് തെളിയുന്നുണ്ടെങ്കിലും ഇത് ഉപയോഗിച്ച് വശമില്ലാത്തവര്‍ക്ക് സ്വന്തം കമ്പ്യട്ടറുകളില്‍ നിന്ന് ഫോമിലേക്ക് പകര്‍ത്താന്‍ സാധിക്കുമോ എന്നതായിരുന്നു അത്. ഇത് പരിഹരിക്കാനെന്നോണം ഒരു ടൂട്ടോറിയല്‍ കൂടി എല്ലാവര്‍ക്കും കൈമാറി. മാത്രവുമല്ല, ചോദ്യാവലിക്ക് മുകളിലായി ഏറ്റവും പ്രസക്തമായി തോന്നിയ ഡയക്രിറ്റികുകള്‍ നല്‍കുകയും ചെയ്തു. അതിനാല്‍, ഏത് കമ്പ്യൂട്ടറില്‍ നിന്ന് വര്‍ക്ക് ചെയ്യുന്നയാള്‍ക്കും അത് കോപ്പി പേസ്റ്റ് ചെയ്യേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ.

മാസ്റ്റര്‍ ഡാറ്റാബെയ്‌സ് നിര്‍മ്മാണം

ക്ലാസിന്റെ രണ്ടാമത്തെ ആഴ്ച. വിദ്യാര്‍ത്ഥികളെല്ലാം ആദ്യകാല ഇസ്ലാമിക ചരിത്രത്തെ കുറിച്ചുള്ള അവരുടെ സര്‍വേ തയ്യാറാക്കാനുളള ഒരുക്കത്തിലാണ്. ഈ സമയം നിഘണ്ടുവിലെ 6 മുതല്‍ 8 വരെ പേജുകള്‍ ഓരോരുത്തര്‍ക്കും ഞാന്‍ നിശ്ചയിച്ച് നല്‍കി. നൂറോളം പേജുള്ള ഈ ഗ്രന്ഥം 500 ഓളം നിവേദകരെ അല്‍ഫാബറ്റിക് ക്രമത്തിലാണ് പരിചയപ്പെടുത്തുന്നത്. ഓരോ ആഴ്ചയുടെയും അവസാനമാകുമ്പോഴേക്കും നല്‍കപ്പെട്ട ഭാഗത്ത് നിന്നും രണ്ട് പേജിലെ വിവരങ്ങള്‍ ഫോമില്‍ എന്റര്‍ ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. അങ്ങനെ വരുമ്പോള്‍ കോഴ്‌സിന്റെ ആറാമത്തെ ആഴ്ചയില്‍ നിഘണ്ടുവിലെ നിശ്ചിത ഭാഗങ്ങള്‍ ഓരോരുത്തര്‍ക്കും പൂര്‍ത്തിയാക്കുകയും ചെയ്യാം.


നിവേദകനെ സംബന്ധിച്ച പ്രധാനപ്പെട്ട വിവരങ്ങളാണ് ഫോമില്‍ റെക്കോര്‍ഡ് ചെയ്തിരുന്നത്. നിവേദകന്റെ പേര്, ജെന്റര്‍, ഹദീസ് കൈമാറ്റം ചെയ്യപ്പെട്ട സമയം, മരണതീയതി, പറയപ്പെടുന്ന മറ്റു മരണതീയതികള്‍, ഗോത്രം, ഉപഗോത്രം, ജോലി, താമസിച്ച സ്ഥലങ്ങള്‍ തുടങ്ങിയവയാണ് അവ. ഇവയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന മറ്റു വിവരങ്ങളും രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടു. ഒപ്പം നിവേദകന്‍ സ്വഹാബിയാണോ, ശീഈയാണോ, അന്‍സാറുകളില്‍ പെട്ടയാളാണോ, മൗലയാണോ, പരിവര്‍ത്തിതനാണോ തുടങ്ങിയുള്ള എസ് ഓര്‍ നോ ചോദ്യങ്ങളും നല്‍കപ്പെട്ടിരുന്നു. പരിവര്‍ത്തിതനാണ് എന്ന്്് രേഖപ്പെടുത്തിയാല്‍ പിന്നെ മുമ്പുണ്ടായിരുന്ന മതം രേഖപ്പെടുത്താനുള്ള ഒരു അധിക സ്ഥലവും ലഭ്യമാകും. എന്‍ട്രിയുടെ അവസാനം ശ്രദ്ധേയമായി തോന്നിയ മറ്റു യോഗ്യതകളോ കാര്യങ്ങളോ ഉണ്ടെങ്കില്‍ അതും രേഖപ്പെടുത്താനുള്ള അവസരം നല്‍കപ്പെട്ടിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് ഡാറ്റ ശേഖരിക്കാനും അവ കൃത്യമായി എന്റര്‍ ചെയ്യാനും പരിശീലനം നല്‍കാന്‍ ചില ക്ലാസ് സമയങ്ങള്‍ കൂടി ആവശ്യമായിരുന്നു. ട്രാന്‍സിലിട്രേഷന്റെ അടിസ്ഥാന കാര്യങ്ങള്‍, ഇബ്‌ന് ബിന്ത് പോലെയുള്ള ലിംഗ സൂചനകള്‍, മറ്റു അറബിയില്‍ പൊതുവായി ഉപയോഗിക്കപ്പെടുന്ന നിസ്ബകള്‍ തുടങ്ങിയവയെ കുറിച്ച് പൊതുവായ ധാരണ നല്‍കാന്‍ എനിക്ക് സാധിച്ചു. വിദ്യാര്‍ത്ഥികളുമായുള്ള ഇത്തരം സംഭാഷണങ്ങള്‍ ക്ലാസിക്കല്‍ അറബ് കള്‍ച്ചറിലെ ജീനിയോളജിയെ കുറിച്ച് വിശാലമായ കാഴ്ചപ്പാടുകള്‍ പ്രദാനം ചെയ്തു.

ഫോമുമായി നിലനിന്നിരുന്ന മറ്റൊരു ചെറിയ പ്രശ്‌നം എന്റര്‍ ചെയ്ത ഡാറ്റകള്‍ ശരിയാണോയെന്ന് ഉറപ്പ് വരുത്താന്‍ സാധിച്ചിരുന്നില്ല എന്നതാണ്. സാങ്കേതികമായി മറ്റൊരുവഴിയിലൂടെ ഡാറ്റകള്‍ സര്‍ച്ച് ചെയ്ത് കണ്ടെത്താമെങ്കിലും ആപേക്ഷികമായി കുറച്ച് പ്രയാസം നിറഞ്ഞതായിരുന്നു അത്. ഡാറ്റകള്‍ എന്റര്‍ ചെയ്ത് സമര്‍പ്പിക്കുന്നതിന് മുമ്പായി ഒരു കണ്‍ഫര്‍മേഷന്‍ പേജ് കൂടി ഉണ്ടെങ്കില്‍ ടൈപിങ്ങ് പിശകുകള്‍ കുറേക്കൂടി പരിഹരിക്കാന്‍ സാധിക്കും. ക്ലീനപ്പ് സമയത്ത് കൈകാര്യം ചെയ്യേണ്ട മറ്റുപ്രശ്‌നങ്ങളെല്ലാം ഒരു പരിധി വരെ ഇവിടെ പരിഹരിക്കുകയും ചെയ്യാം.

ഡാറ്റാബേസ് നിര്‍മ്മാണത്തിലെ ഓരോരുത്തരുടെയും പങ്കാളിത്തത്തിന് മൊത്തം ഗ്രേഡിന്റെ പത്ത് ശതമാനം വരെ മൂല്യം നിര്‍ണ്ണയിച്ചിരുന്നു. ഇനി മാനദണ്ഡങ്ങളൊത്ത പത്തിലേറെ എന്‍ട്രികള്‍ ഓരോ ആഴ്ചയും ഒരാള്‍ എന്റര്‍ ചെയ്യുകയാണെങ്കില്‍ അധിക മാര്‍ക്കും കരസ്ഥമാക്കാവുന്നതാണ്. നിലവാരം നിലനിര്‍ത്തുന്നതിനും മൂല്യനിര്‍ണ്ണയം നടത്താനും ചില സാംപിള്‍ എന്‍ട്രികള്‍ ഞാന്‍ പരിശോധിക്കുകയുമുണ്ടായി.

ഡാറ്റാ ശേഖരണവും എന്‍ട്രി ഘട്ടവും പ്രതീക്ഷിച്ചതിലേറെ സൗകര്യത്തോടെ മുന്നോട്ട് പോവുകയും ആറാമത്തെ ആഴ്ചക്ക് മുമ്പായിതന്നെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും നല്‍കപ്പെട്ട ഭാഗങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. ചില വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഡാറ്റ ശേഖരണവും എന്‍ട്രിയും നാലമത്തെയോ അഞ്ചാമത്തെയോ ആഴ്ചയിലാണ് വേഗത്തിലാക്കുന്നതെങ്കിലും 12 വിദ്യാര്‍ത്ഥികള്‍ക്കും നിശ്ചിത ഭാഗങ്ങള്‍ സമയ നിഷ്ഠയോടെ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. അങ്ങനെ ആറാമത്തെ ആഴ്ചയുടെ അവസാനത്തില്‍ മാസ്റ്റര്‍ ഡാറ്റാബേസ് പൂര്‍ണ്ണ രൂപം പ്രാപിക്കുകയും ചെയ്തു.

വിഷ്വലൈസേഷന്‍ ഡ്രാഫ്റ്റിങ്ങും ഡാറ്റാബേസ് ക്ലീനപ്പും

പ്രൊജക്റ്റിന്റെ ഉദ്ദിഷ്ട ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്ന വിഷ്വലൈസേഷന്‍ ഉപകരണങ്ങളെ കുറിച്ച് യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് ലൈബ്രേറിയന്‍ ജെഫ് ബറിയുമായി ഞാന്‍ ചര്‍ച്ച നടത്തി. പ്രായോഗികവും എന്നാല്‍ ആകര്‍ഷണീയവുമായ ഒന്നായിരുന്നു ഞങ്ങള്‍ അന്വേഷിച്ചിരുന്നത്. മൈക്രോസോഫ്റ്റ് എക്‌സല്‍ മുമ്പോട്ട് വെക്കുന്ന ഗ്രാഫിങ്ങ് ഫീച്ചേഴ്‌സിന്റെ ഉപകാരങ്ങളും പാളിച്ചകളും ഞങ്ങള്‍ മുമ്പ് തന്നെ മനസ്സിലാക്കിയിരുന്നു.

ഒരര്‍ത്ഥത്തില്‍ അത് എല്ലാവര്‍ക്കും അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒന്നാണെങ്കിലും നിശ്ചിത ഡാറ്റകളെ മാത്രമേ അത് വിഷ്വലൈസ് ചെയ്യുകയുളളൂ. മാത്രവുമല്ല, സ്ഥല കാല ബന്ധങ്ങളെ കൂടി അടയാളപ്പെടുത്തുന്ന നമ്മുടെ ഡാറ്റകളെ ചിത്രീകരിക്കാന്‍ അത് പര്യാപ്തവുമായിരുന്നില്ല. ഈ പരിമിതികള്‍ മറികടക്കാന്‍ എക്‌സലിനു പകരം പല്ലാഡിയോ, റോ എന്നിങ്ങനെ രണ്ട് ഓണ്‍ലൈന്‍ വിഷ്വലൈസേഷന്‍ ഉപകരണങ്ങള്‍ ഞങ്ങള്‍ തിരഞ്ഞെടുത്തു.

സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ മാപ്പിങ്ങ് ദ റിപ്പബ്ലിക് ഓഫ് ലെറ്റേഴ്‌സ് എന്ന പ്രൊജക്റ്റില്‍ വിജയകരമായി പരീക്ഷിച്ചവയായിരുന്നു ഇവ രണ്ടും. ആദ്യത്തേത് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഹ്യുമാനിറ്റീസ് പ്ലസ് ഡിസൈന്‍ എന്ന ഒരു ലാബും രണ്ടാമത്തേത് മിലാനിലെ ഡെന്‍സിറ്റി ഡിസൈന്‍ റിസര്‍ച്ച് ലാബുമാണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്.

മാസ്റ്റര്‍ ഡാറ്റബേസിനെ മേല്‍പറയപ്പെട്ട രണ്ട് ഉപകരണങ്ങളിലേക്കും നിഷ്പ്രയാസം മാറ്റാന്‍ സാധിച്ചു. എന്നാല്‍ അപ്രതീക്ഷിതമായി ഒരു പ്രശ്‌നം പ്രത്യക്ഷപ്പെട്ടു. ഡാറ്റകള്‍ നന്നായി ക്ലീനപ്പ് ചെയ്യപ്പെടേണ്ടതായിട്ടുണ്ടായിരുന്നു. ചില പ്രത്യേക എന്‍ട്രികളില്‍ ചെറിയ തിരുത്തലുകള്‍ മാത്രം സാധ്യമാകുന്ന ഫോമായിരുന്നു യഥാര്‍ത്ഥത്തില്‍ നമ്മള്‍ ഉപയോഗിച്ചിരുന്നത്. ഡാറ്റാബേസ് ഉപയോഗക്ഷമമാക്കാന്‍ ഇനിയും ധാരാളം ക്ലീനപ്പ് പ്രക്രിയകള്‍ നമുക്ക് നടത്തേണ്ടതുണ്ട്.

വേറെ രണ്ട് ചെറിയ പ്രശ്‌നങ്ങള്‍ കൂടി വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇസ്ലാമിക് കലണ്ടര്‍ പ്രകാരമാണ് ഡാറ്റകള്‍ രേഖപ്പെടുത്തിയത് എന്നതായിരുന്നു അതില്‍ ആദ്യത്തേത്. എന്നാല്‍, ചില വിദ്യാര്‍ത്ഥികള്‍ പുതിയ ഒരു കോളം കൂടി ചേര്‍ത്ത് ഗ്രിഗേറിയന്‍ കലണ്ടറും ഉള്‍പ്പെടുത്തി. രണ്ടാമതായി, ജോലികളെ സംബന്ധിച്ചുള്ള ഡാറ്റകളില്‍ ഖാദി, ഫഖീഹ് എന്നിവക്ക് വ്യത്യസ്ത ട്രാന്‍സ്‌ലിട്രേഷനുകളും ചിലയിടങ്ങളില്‍ ഒരേ നിവേദകന് തന്നെ വ്യത്യസ്ത ജോലികളും കണ്ടെത്തപ്പെട്ടിരുന്നു. ഒപ്പം, ജോലി രേഖപ്പെടുത്താനുള്ള കോളം വളരെ ചെറുതായതിനാല്‍ എല്ലാ ജോലികളും പൊതുവായ ഒരു ജോലിയുടെ കീഴിലായി ക്ലീനപ്പ് ടീം ഏകോപിപ്പിക്കണമെന്നും തീരുമാനിച്ചു. രാഷ്ട്രീയക്കാരന്‍, വ്യാപാരി, സേനാംഗം,പണ്ഡിതന്‍ എന്നിവ പോലെ.

മറ്റൊരു പ്രധാന പ്രശ്‌നം ഉണ്ടായിരുന്നത് ഗോത്രങ്ങളെയും ഉപഗോത്രങ്ങളെയും രേഖപ്പെടുത്തുന്ന കോളത്തെ സംബന്ധിച്ചായിരുന്നു. ലഖ്‌നവിയുടെ ഗ്രന്ഥം പലപ്പോഴും ഒരു നിവേദകനെ വ്യത്യസ്ത ഗോത്രങ്ങളിലേക്ക് ചേര്‍ത്തിരുന്നു. ഈയൊരവസരത്തില്‍ ഒരൊറ്റ കോളത്തില്‍ തന്നെ ഇരു ഗോത്രങ്ങളെയും വിദ്യാര്‍ത്ഥികള്‍ എന്റര്‍ ചെയ്തു. ഗോത്രത്തെയും ഉപഗോത്രത്തെയും ലഖ്‌നവി ഒപ്പം പരാമര്‍ശിച്ച ഇടങ്ങളുമുണ്ടായിരുന്നു. അവിടെയും കാര്യങ്ങള്‍ ഇപ്രകാരം തന്നെ സംഭവിച്ചു.


ഓണ്‍ലൈന്‍ ഫോമില്‍ സംഭവിച്ച ഒരു അബദ്ധമായിരുന്നു ഇത്. ഗോത്രത്തെയും ബദല്‍ ഗോത്രത്തെയും ഉപഗോത്രത്തെയും വ്യത്യസ്തമായി അടയാളപ്പെടുത്തുന്ന വ്യത്യസ്ത ടെക്‌സ്റ്റ് ബോക്‌സുകള്‍ ഉണ്ടായിരുന്നില്ല. ഇതിനെല്ലാം പുറമേ, ഒരാള്‍ ചേര്‍ക്കപ്പെടുന്നത് അയാളുടെ ഗോത്രത്തിലേക്കാണോ, ഉപഗോത്രത്തിലേക്കാണോ, സ്ഥലത്തിലേക്കാണോ, ജോലിയിലേക്കാണോ അതോ ഇത് മുഴുവനും പരിഗണിക്കപ്പെടുമോ എന്ന വഷയത്തില്‍ വിദ്യര്‍ത്ഥികള്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ആശങ്കാകുലരായിരുന്നു. റിസള്‍ട്ട് ആയി വന്ന ഡാറ്റകളെല്ലാം ആശയകുഴപ്പം സൃഷ്ടിച്ചതിനാല്‍ വിദ്യാര്‍ത്ഥികളെല്ലാം വരും തലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രസ്തുത കോളം ഒഴിച്ചിടുകയാണുണ്ടായത്. ചില വിദ്യാര്‍ത്ഥികള്‍ താത്പര്യപൂര്‍വ്വം ഗോത്രത്തെയും ഉപഗോത്രത്തെയും സംബന്ധിച്ച അന്വേഷണങ്ങളുമായി മുന്നോട്ട് പോകുകയും ചെയ്തു.

പല്ലാഡിയോയുടെയും റോ യുടെയും സഹായത്തോടെ വിഷ്വലൈസേഷന്‍ ഡ്രാഫ്റ്റ് തയ്യാറാക്കാന്‍ ഒരാഴ്ചയോളം പ്രവര്‍ത്തിച്ചതിന് ശേഷം ഞങ്ങള്‍ വീണ്ടും കണ്ട്്മുട്ടി. ആവശ്യമായ ക്ലീനപ്പ് ഗ്രൂപ്പുകള്‍ ഏതല്ലാമാണെന്ന് ചര്‍ച്ച നടത്തി. വിദ്യാര്‍ത്ഥികള്‍ നാല് ക്ലീനപ്പ് ഗ്രൂപ്പുകള്‍ നിര്‍ദ്ദേശിച്ചു. തീയതി ക്രമീകരണം, സ്ഥലനാമം, ജോലി, ഗോത്രം. ഓരോ ഗ്രൂപ്പിന്റെയും പ്രധാന്യത്തിനനുസരിച്ച് രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ അംഗസംഖ്യ നിശ്ചയിക്കുകയും ചെയ്തു. അന്ന് മുതല്‍ ഓരോ ക്ലീനപ്പ് ഗ്രൂപ്പുകളും തങ്ങള്‍ കൈവരിച്ച പുരോഗതിയും നേരിട്ട തടസ്സങ്ങളും സമയാസമയം എന്നെ അറിയിക്കുകയും ചെയ്തിരുന്നു.

ഇതില്‍ ഗോത്രവുമായി ബന്ധപ്പെട്ട ഗ്രൂപ്പിനായിരുന്നു വലിയ വെല്ലുവിളികള്‍ നേരിടേണ്ടിവന്നത്. ഇവര്‍ ലഖ്‌നവിയുടെ ജീവചരിത്ര നിഘണ്ടു ഒരിക്കല്‍ കൂടി സസൂക്ഷ്മം പരിശോധന നടത്താനും ഗോത്രത്തെയും ഉപഗോത്രത്തെയും കൃത്യമായി വേര്‍തിരിച്ച് രണ്ടും വ്യത്യസ്ത കോളങ്ങളിലായി റീഎന്റര്‍ ചെയ്യുവാനും തീരുമാനിച്ചു. ഇതിന് ഹിജ്‌റ ആദ്യ രണ്ട് നൂറ്റാണ്ടില്‍ അറേബ്യയിലുണ്ടായിരുന്ന മുഴുവന്‍ ഗോത്രങ്ങളുടെയും ഒരു ലിസ്റ്റ് അനിവാര്യമായിരുന്നു. കാരണം, ലഖ്‌നവിയുടെ ഗ്രന്ഥത്തിലുണ്ടായിരുന്ന അധിക നിവേദകരും ആദ്യ രണ്ട് നൂറ്റാണ്ടില്‍ നിന്നുള്ളവരാണ്.

വിക്കിപീഡിയ ഒരു അവലംബമായി സ്വീകരിച്ചെങ്കിലും ധാരാളം പരിമിതികള്‍ അതിലുണ്ടായിരുന്നു. അവസാനം, ഇബ്‌നുല്‍ കല്‍ബിയുടെ ജംഹറതുന്നസബിന് വെര്‍ണര്‍ കാസ്‌കല്‍ രചിച്ച ജര്‍മന്‍ വിവര്‍ത്തനം അവലംബമാക്കാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു. സമഗ്രമായ ഒരു ഗ്രന്ഥമല്ലെങ്കില്‍കൂടി, അറേബ്യന്‍ ഉപദ്വീപില്‍ അന്ന് നിലനിന്നിരുന്ന ഗോത്രങ്ങളെ, ഉത്തരം, ദക്ഷിണം എന്നിങ്ങനെ രണ്ട് ഉത്ഭവസ്ഥലങ്ങളിലായി അതില്‍ വിഭജിച്ചിട്ടുണ്ട്. കാസ്‌കലിന്റെ ജര്‍മന്‍ ട്രാന്‍സിലിട്രേഷന്‍ പരിചയമുള്ള ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ പഠിച്ചതിന് ശേഷം സ്പ്രഡ്ഷീറ്റിലെ കോളം ക്ലീനപ്പ് ചെയ്യാനും ഗോത്രങ്ങളെ കുറിച്ചുള്ള അവലംബയോഗ്യമായ വിവരങ്ങള്‍ ഇതുവഴി കൈമാറാനും അവര്‍ക്ക് സാധിച്ചു.

എഡിറ്റിങ്ങും റിവൈസിങ്ങും

പത്ത് പതിനൊന്ന് ആഴ്ചകളില്‍ വിഷ്വലൈസേഷന്റെ ഡ്രാഫ്റ്റ് രൂപം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. വിഷ്വലൈസേഷന്‍ ഒന്നോ രണ്ടോ കൂടിയാല്‍ മൂന്നോ സ്ലൈഡുകളിലായി അവതരിപ്പിക്കാനായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. ഒന്നിലേറെ സ്ലൈഡുകള്‍ അവതരിപ്പിക്കുകയാണെങ്കില്‍ പ്രമേയവുമായി ബന്ധപ്പെട്ടതോ അല്ലെങ്കില്‍ ഉപകാരപ്രദമായ മറ്റെന്തെങ്കിലും താരതമ്യം മുന്നോട്ട് വെക്കുന്നതോ ആയിരിക്കണം. ഒരേ ഡാറ്റ തന്നെ രണ്ടും മൂന്നും വ്യത്യസ്ത ഉപകരണങ്ങള്‍ ഉപയോഗിച്ചും വിഷ്വലൈസ് ചെയ്യുന്നതും വിലക്കിയിരുന്നില്ല. രണ്ടും ഉപകാരപ്രദമായ താരതമ്യം മുന്നോട്ട് വെക്കുന്നുണ്ടെങ്കില്‍ മാത്രം.

ഒരു ദിവസം വിദ്യാര്‍ത്ഥികള്‍ പരസ്പരം ജോഡികളായി തിരിയുകയും ഡ്രാഫ്റ്റുകള്‍ പരസ്പരം കൈമാറുകയും ചെയ്തു. മൗലിക സ്വഭാവം, വ്യക്തത, കൃത്യത, മൊത്തത്തിലുള്ള നിലവാരം എന്നിവ അടിസ്ഥാനപ്പെടുത്തി പരസ്പരം മൂല്യ നിര്‍ണ്ണയം നടത്തി. ജോഡികളായി തിരിഞ്ഞ ഓരോ അഞ്ച് മുതല്‍ പത്ത് വരെയുള്ള മിനുട്ടുകളിലും പരസ്പരം ഫീഡ്ബാക്കുകള്‍ കൈമാറി. എന്നോടൊപ്പം ജോഡി ചേര്‍ന്നിരുന്ന വിദ്യാര്‍ത്ഥികളോടും ഞാന്‍ എന്റേതായ ഉപദേശനിര്‍ദ്ദേശങ്ങള്‍ പങ്ക്‌വെച്ചു.

അവസാന ആഴ്ചയില്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഡിജിറ്റല്‍ ഹ്യുമാനിറ്റീസ് പ്രൊജക്റ്റിന്റെ പൂര്‍ണ്ണരൂപം അവതരിപ്പിക്കുകയും ഓഡിയന്‍സില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്തു. മൂന്ന് മുതല്‍ അഞ്ച് മിനുട്ട് വരെ പ്രസന്റേഷനും അഞ്ച് മുതല്‍ ഏഴ് മിനുട്ട് വരെ ചര്‍ച്ചയുമായിരുന്നു.


ഡാറ്റയില്‍ അവര്‍ കണ്ടെത്തിയ പാറ്റേണുകളെ സ്വാധീനിച്ച ചരിത്രപരമായ ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് കൂടി പ്രസന്റേഷന്‍ സമയത്തും എഴുതി തയ്യാറാക്കിയ പ്രൊജക്റ്റിലും ചെറിയ രീതിയില്‍ വിശദീകരിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. ഇതിനെ ബലപ്പെടുത്തുന്ന മറ്റ് ചരിത്രഗ്രന്ഥങ്ങളില്‍ നിന്നും ലഭ്യമാകുന്ന തെളിവുകളും കൂടെ ചേര്‍ക്കാവുന്നതായിരുന്നു. ഡാറ്റകളിലോ വിഷ്വലൈസേഷനിലോ എന്തെങ്കിലും പൊരുത്തക്കേടുകളുണ്ടെങ്കില്‍ അവ വ്യക്തമായി സൂചിപ്പിക്കാനും ഡാറ്റകളെ കളക്റ്റ് ചെയ്യാനോ വിശദീകരിക്കാനോ ഉപയോഗിച്ച സോഴ്‌സുകളെ ഫൂട്ട്‌നോട്ടായി രേഖപ്പെടുത്താനും നിര്‍ദ്ദേശിച്ചു. ഒപ്പമുള്ളവരില്‍ നിന്നും എന്നില്‍നിന്നുമായി അവര്‍ ഫീഡ്ബാക്കുകള്‍ സ്വീകരിച്ചു.

ഫൈനല്‍ പ്രൊജക്റ്റ് കൈമാറുന്നതിന് മുമ്പായി ഈ ഫീഡ്ബാക്കുകളെല്ലാം അവര്‍ക്ക് പ്രൊജക്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യാമായിരുന്നു. വിഷ്വലൈസേഷന്‍, എഴുത്ത്, അവതരണം എന്നിവക്ക് ഫൈനല്‍ ഗ്രേഡിന്റെ 25 ശതമാനം ആയിരുന്നു മൂല്യം കണക്കാക്കിയത്.

സാംപിള്‍ പ്രൊജക്റ്റുകള്‍, കണ്ടെത്തലുകള്‍, പുതിയ സാധ്യതകള്‍

ആദ്യം നമ്മള്‍ പരിശോധിക്കുന്നത് റോ യിലൂടെ നിര്‍മ്മിച്ച ഒരു അല്ലുവിയല്‍ ഗ്രാഫ് ആണ്. വാഷിങ്ങ്ടണ്‍ ഏന്റ് ലീ യൂണിവേഴ്‌സിറ്റിയിലെ ജൂനിയര്‍ വിദ്യാര്‍ത്ഥിയായ ജെയ്ക് ബര്‍ ആണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. സ്വഹാബിയോ താബിഇയോ ആയി ലഖ്‌നവിയുടെ ജീവചരിത്ര നിഘണ്ടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ത്രീ പുരുഷ താരതമ്യമാണ് ഗ്രാഫ് ചിത്രീകരിക്കുന്നത്. ഇസ്ലാമിന്റെ ആദ്യ രണ്ട് നൂറ്റാണ്ടുകളില്‍ സംഭവിച്ച ഹദീസ് കൈമാറ്റത്തിലെ സ്ത്രീ പങ്കാളിത്തത്തെ ലളിതമായി ഇത് അവതരിപ്പിക്കുന്നു. ഡാറ്റയിലെ വലിയ പാറ്റേണുകള്‍ പ്രദര്‍ശിപ്പിക്കാന്‍ റോ പര്യപ്തമായിരുന്നെങ്കിലും നിവേദകരുടെ എണ്ണം ചേര്‍ക്കാന്‍ വേര്‍ഡിന്റെയോ ഇമേജിന്റെയോ സഹായം വേണ്ടിവന്നു.

അല്ലുവിയല്‍ ഗ്രാഫ് എന്ത് കൊണ്ടും മികച്ചതാണെങ്കിലും പരിയചമില്ലാത്തവര്‍ക്ക് അത് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുകയില്ല. യഥാര്‍ത്ഥത്തില്‍ അല്ലുവിയല്‍ ഗ്രാഫ് മാത്രമല്ല റോ ഉത്പാദിപ്പിക്കുന്നത്, മറ്റനേകം ഗ്രാഫുകളും റോ യിലൂടെ ചിത്രീകരിക്കാന്‍ സാധിക്കും. ജെയ്കിന്റെതും മറ്റൊരു ഗ്രാഫില്‍ ചെയ്യുകയാണെങ്കില്‍ ഇതിലും കൂടുതല്‍ വ്യക്തത കൈവരിക്കാന്‍ സാധിക്കുമായിരുന്നു. കോഴ്‌സിന്റെ വരും കാലങ്ങളില്‍ ഓരോന്നിനും അനുയോജ്യമായ ഗ്രാഫുകള്‍ എങ്ങനെ തിരഞ്ഞെടുക്കാമെന്നതിനെ കുറിച്ച് കാര്യമായ നിര്‍ദ്ദേശങ്ങള്‍ വിദ്യാര്‍ത്ഥികളുമായി പങ്ക്‌വെക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

ഗ്രാഫിന്റെ ഇടത്ത് നിന്നും വലത്തേക്ക് വായിക്കുമ്പോള്‍ ഹദീസ് പ്രസരണത്തില്‍ പുരുഷന്മാര്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ സ്ത്രീകളെ മറികടക്കുന്നുണ്ടെങ്കിലും(174 25), സ്വഹാബികളുടെ കാലത്ത് നിന്നും (81 21) താബിഉകളുടെ കാലത്തിലേക്കെത്തുമ്പോള്‍ (93 3) സ്ത്രീ നിവേദകര്‍ ഗണ്യമായി കുറയുന്നതാണ് കാണുന്നത്. ഹദീസ് പ്രസരണം ഒരു പ്രൊഫഷനായി മാറിയത് സ്ത്രീ പങ്കാളിത്തത്തില്‍ വലിയ ഇടിവ് വരുത്താന്‍ കരണമായിട്ടുണ്ടെന്ന് ജെയ്ക അനുമാനിച്ചു. അസ്മാ സഈദിന്റെ വുമെണ്‍ ആന്റ് ദി ട്രാന്‍സ്മിഷന്‍ ഓഫ് റിലീജ്യസ് നോളജ് പോലെ ഈ അടുത്ത് പുറത്ത് വന്ന ചില വര്‍ക്കുകള്‍ ജെയ്കിന്റെ കണ്ടെത്തലുകളെ ശരിവെക്കുന്നതാണ്. ഈ ഡാറ്റകള്‍ ചിത്രീകരിച്ചതിന് ശേഷം ജെയ്ക ഇപ്രകാരം സംഗ്രഹിച്ചു. ഹദീസ് പ്രസരണത്തില്‍ സ്ത്രീ പങ്കാളിത്തം പുരുഷന്മാരേക്കാള്‍ തുടക്കം മുതല്‍ക്കേ കുറവായിരുന്നെങ്കിലും ഓരോ കാലഘട്ടത്തിലും അത് വ്യത്യസ്ത കണക്കുകളെയാണ് പ്രതിഫലിപ്പിക്കുന്നത്.

രണ്ടാമതായി നമ്മള്‍ പരിശോധിക്കുന്നത് അമാന്‍ഡ ഡിക്‌സണ്‍ നിര്‍മ്മിച്ച പ്രൊജക്റ്റാണ്. വാഷിങ്ങ്ടണ്‍ ആന്റ് ലീ യൂണിവേഴ്‌സിറ്റി ചരിത്രവിഭാഗം വിദ്യാര്‍ത്ഥിയാണ് അമാന്‍ഡ. അവരും താബിഇയായ സ്ത്രീകളെ കുറിച്ചുള്ള അന്വേഷണത്തില്‍ വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, താബിഇന്റെ സ്ഥലം എന്ന അധിക ഘടകം കൂടി അമാന്‍ഡ ഇതില്‍ പരിഗണിച്ചിരുന്നു. ഒരു താബിഇന്റെ ജെന്ററും അയാള്‍ താമസിച്ച സ്ഥലവും തമ്മില്‍ എപ്രകാരം ബന്ധപ്പെട്ടിരുന്നു എന്നതാണ് ഇതിലെ ചിത്രീകരണം. പല്ലാഡിയോ ഉപയോഗിച്ചാണ് അമാന്‍ഡ ഗ്രാഫ് ചിത്രീകരിച്ചിട്ടുള്ളത്.

താബിഇയായ സ്ത്രീ പുരുഷ നിവേദകരെ സൂചിപ്പിക്കാന്‍ ചാര നിറത്തിലുള്ള രണ്ട് വ്യത്യസ്ത വൃത്തങ്ങള്‍ ഗ്രാഫില്‍ വരച്ചിട്ടുണ്ട്. വൃത്തത്തിന്റെ വലിപ്പം സാംപിളിന്റെ വലുപ്പത്തോട് ആപേക്ഷികമായി പ്രതിഫലിച്ചിരുന്നു. അത് കൊണ്ടാണ് പുരുഷന്മാരെ പ്രതിനിധീകരിക്കുന്ന വൃത്തം സ്ത്രീകളെ പ്രതിനിധീകരിക്കുന്ന വൃത്തത്തേക്കാള്‍ വലുപ്പം കാണിക്കുന്നത്. അടുത്തതായി, താബിഇ താമസിച്ചിരുന്ന സ്ഥലം നേരിയ ചാര നിറത്തിലുള്ള ഉപവൃത്തത്തിലായും അടയാളപ്പെടുത്തി. പുരുഷന്മാരായ തബിഉകള്‍ കൂടുതലായും മദീനയിലും മുസ്ലിംകള്‍ കീഴടക്കിയ സാസാനിയ ബൈസന്റൈന്‍ ഇടങ്ങളിലുമായി കാണപ്പെടുമ്പോള്‍ സ്ത്രീകളായ താബിഉകള്‍ മദീനിയില്‍ മാത്രം ചുരുങ്ങി നില്‍ക്കുന്നതായിട്ടാണ് അമാന്‍ഡ നിരീക്ഷിക്കുന്നത്.

താബിഉകളുടെ കാലഘട്ടത്തില്‍ സ്ത്രീയും പുരുഷനും ഒരുമിച്ച് ഹദീസ് കൈമാറ്റത്തില്‍ പങ്കാളികളായ ഏക സ്ഥലം മദീന മാത്രമാണ്. ഈ അടുത്ത് പുറത്ത് വന്ന ചില വര്‍ക്കുകളെ ശരിവെക്കുന്നതാണ് അമാന്‍ഡയുടെയും കണ്ടെത്തലുകള്‍. താബിഉകളുടെ കാലഘട്ടത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം വന്‍തോതില്‍ കുറയാനുള്ള കാരണം ഇസ്ലാമിക ലോകത്ത് അന്ന് സ്ത്രീകള്‍ക്കേര്‍പ്പെടുത്തിയ യാത്രാവിലക്കുകളോട് ബന്ധപ്പെടുത്തി വായിക്കാവുന്നതാണ്.

വാഷിങ്ടണ്‍ ആന്റ് ലീ യൂണിവേഴ്‌സിറ്റിയിലെ ആദ്യ സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായ റോവന്‍ ഫാരല്‍ തയ്യാറാക്കിയ പ്രൊജക്റ്റാണ് മൂന്നാമതായി നമ്മള്‍ പരിശോധിക്കുന്നത്. രണ്ട് നൂറ്റാണ്ടുകളിലായി നിവേദകരുടെ ജോലികളില്‍ കാണപ്പെട്ടിരുന്ന ട്രന്റുകള്‍ എങ്ങനെയായിരുന്നെന്ന് അന്വേഷിക്കുകയാണ് അദ്ദേഹം ചെയ്തത്. പല്ലാഡിയോയുടെ ടൈംലൈന്‍ ടൂള്‍ ഉപയോഗപ്പെടുത്തിയാണ് ഇത് തയ്യാറാക്കിയത്.

എന്നാല്‍, നാല്‍പ്പതില്‍ താഴെ നിവേദകരുടെ ജോലികള്‍ മാത്രമാണ് ലഖ്‌നവിയുടെ ഗ്രന്ഥത്തില്‍ ലഭ്യമായിരുന്നൊള്ളൂ. എങ്കിലും റോവന്റെ ചിത്രീകരണം ഭാവി വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഗവേഷണത്തിന് സൗകര്യമൊരുക്കുന്നതാണ്. ഉദാഹരണത്തിന്, നിവേദകരില്‍ രാഷ്ടട്രീയപരമോ ഭരണപരമോ ആയ സ്ഥാനം വഹിച്ച് ഏറ്റവും ഒടുവില്‍ മരണപ്പെട്ടവരുടെ മരണതീയതി ഹിജ്‌റ നൂറാം വര്‍ഷമാണ്. എന്നാല്‍ അതിന് ശേഷം മതകീയ സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്ന ഫഖീഹ്, ഹാഫിള് എന്ന പേരില്‍ അറിയപ്പെട്ടവരുടെ മരണമാണ് വലിയൊരളവില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.

ഹദീസ് നിവേദകരിലെ പൊളിറ്റിക്കല്‍ ഒതോറിറ്റിയുടെ തകര്‍ച്ചയും പണ്ഡിത കേന്ദ്രങ്ങളുടെ ഉയര്‍ച്ചയും ഖുലഫാഉറാഷിദീങ്ങളില്‍ നിന്നും അമവിയിലേക്ക് സംഭവിച്ച രാഷ്ട്രീയ ചുവടുമാറ്റത്തിലെ സ്വാധീനമാണെന്ന് റോവന്‍ അനുമാനിച്ചു. രാഷ്ട്രീയ അധികാരത്തിന്റെയും മതകീയ അധികാരത്തിന്റെയും ഇടയിലുള്ള ബന്ധങ്ങളെ ഒരു ടെക്‌സ്റ്റ്ബുക്ക് സര്‍വെയില്‍ വായിക്കാമെങ്കിലും ഡാറ്റയിലൂടെ ഇവ കണ്ടെത്തുകയും ചിത്രവത്കരിക്കുകയും ചെയ്യുന്നത് തീര്‍ത്തും മറ്റൊരു കാര്യമാണ്. റോവന്‍ അത് വൃത്തിയായി ചെയ്തു.

നമ്മുടെ ഉദാഹരണത്തിലെ അവസാനത്തെ പ്രൊജക്റ്റ് തയ്യാറാക്കിയിട്ടുള്ളത് മറ്റൊരു ആദ്യ സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായ ആലീസ് കില്‍ദുഫാണ്. ഗോത്ര വംശങ്ങളെ കുറിച്ചായതിനാല്‍ ആലീസിന്റെ പ്രൊജക്ര്റ്റ് കൂടുതല്‍ ശ്രമകരമായിരുന്നെന്ന് പറയാം. മുവത്വയില്‍ ഹദീസ് നിവേദനം ചെയ്ത മൗലമാര്‍ കൂടുതലായും ഏത് ഗോത്രങ്ങളിലേക്കാണ് ചേര്‍ക്കപ്പെട്ടിരുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പ്രൊജക്റ്റ് മുന്നോട്ട് വെക്കുന്നത്. റോ യുടെ സഹായത്തോടെ വൃത്താകൃതിയിലുള്ള ഒരു ട്രീ ഡയഗ്രാമിലൂടെയാണ് ആലീസ് ഡാറ്റകളെ ചിത്രവത്കരിച്ചത്.

ഗോത്രവുമായി ബന്ധപ്പെട്ട ക്ലീനപ്പ് കമ്മിറ്റിയുമായി സഹകരിച്ച് ആലീസ് പ്രവര്‍ത്തിച്ചു. അത് കൊണ്ട് തന്നെ ഗോത്രങ്ങളെ സംബന്ധിച്ചുള്ള ഡാറ്റകളിലെ പരിമിതികളെയും സാധ്യതകളെയും കുറിച്ച് അദ്യമേ അവര്‍ക്ക് ബോധ്യമുണ്ടായിരുന്നു. അഞ്ഞൂറിലേറെയുള്ള ഗോത്രങ്ങളില്‍ അഞ്ചെണ്ണം മാത്രമാണ് തിരിച്ചറിയാന്‍ സാധിച്ചത്. ധാരാളം ഉപഗോത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും അജ്ഞാതമാണ്.

മൗലയായി അറിയപ്പെട്ടിരുന്ന നിവേദകരിലും ധാരാളം പേരുടെ ഗോത്ര വിവരങ്ങള്‍ അറിയപ്പെട്ടിട്ടില്ല. നാല് പ്രധാന ഗോത്രങ്ങള്‍ മൗലകളെ പ്രതിനിധീകരിക്കുന്നതായി ആലീസ് കണ്ടെത്തി. ഖുറൈശ്, ഹംദാന്‍, അസദ്, ഹിംയര്‍ എന്നിവയായിരുന്നു അവ. ഖുറൈശായിരുന്നു കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഗോത്രം. ഹംദാന്‍, ഹിംയര്‍, അസദ് ഗോത്രങ്ങളില്‍ മാത്രം കൂടുതല്‍ മൗലമാര്‍ എങ്ങനെയുണ്ടായി എന്നതിനെ കുറിച്ച് ഭാവി ഗവേഷണങ്ങള്‍ക്ക് കൂടുതല്‍ അവസരമുണ്ട്. എന്നിരുന്നാലും, ആദ്യകാലങ്ങളില്‍ ഇസ്ലാമിന്റെ മതാധികാര ഘടനയെ രൂപപ്പെടുത്തുന്നതില്‍ ഗോത്രങ്ങള്‍ക്കുണ്ടായിരുന്ന പങ്കിനെ കുറിച്ച് ലഖ്‌നവിയുടെ ഗ്രന്ഥം എത്രത്തോളം ഉള്‍കാഴ്ച നല്‍കുന്നുണ്ട് എന്ന് ആലീസിന്റെ വിഷ്വലൈസേഷന്‍ ലളിതമായി നമുക്ക് മനസ്സിലാക്കി തരുന്നുണ്ട്.

വിവ : സുഹെെൽ മണലായ

ജോയല്‍ ബ്ലക്കര്‍

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.