ഞാന്‍ ഈയിടെ ലക്ഷദ്വീപ് പശ്ചാത്തലമാക്കി എഴുതിയ ഒരു നോവല്‍ വായിച്ചു. പ്രസിദ്ധീകരിക്കാനിരിക്കുന്ന ആ നോവല്‍ ലക്ഷദ്വീപ് ചരിത്രത്തിന്റെ ഭാഗമായ ‘ബീക്കുഞ്ഞിബി’യുടെ ജീവിതത്തില്‍ നിന്നുമാണ് ത്രഡ് സ്വീകരിച്ചിരിക്കുന്നത്. കണ്ണൂര്‍ അറക്കല്‍ രാജഭരണത്തില്‍ ക്രൂരമായ ഒരു നടപടിയാണ് ആ ചരിത്ര സംഭവം. ദ്വീപുകാരില്‍ അമിതമായ നികുതി ഏര്‍പ്പെടുത്തിയ അറക്കല്‍ ഭരണകൂടത്തിനെതിരെ പ്രതികരിച്ചതാണ് അന്നത്തെ അഗത്തിദ്വീപ് കാര്യക്കാരനായിരുന്ന ബലിയ ഇല്ലം കുഞ്ഞഹമ്മദ്. അതിനെ തുടര്‍ന്ന് നികുതി പിരിക്കാന്‍ അറക്കല്‍ പട്ടാളത്തെയാണ് അയച്ചത്.
ദ്വീപില്‍ പട്ടാളമിറങ്ങി കാര്യക്കാരന്റെ തീരുമാനം മാറ്റാനുള്ള ശ്രമമാരംഭിച്ചു. നാട്ടിലെ ഖാളികൂടിയായിരുന്ന കുഞ്ഞഹമ്മദ് മുസ് ലിയാര്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു. സാധാരണക്കാരായ ദ്വീപുകാരുടെ ജീവിതത്തിലെ ദുരിതം അദ്ദേഹത്തെ നന്നായി സ്പര്‍ശിച്ചിരുന്നു. തുടര്‍ന്ന് പട്ടാളം കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കാന്‍ രക്തപങ്കിലമായ നടപടികളാണ് സ്വീകരിച്ചത്.
കുഞ്ഞി അഹ്‌മദ് ആമീനേയും അദ്ദേഹത്തിന്റെ വീടായ ബലിയ ഇല്ലം തറവാട്ടിലേയും മുഴുവന്‍ ആളുകളെയും വെട്ടിക്കൊന്നു. ഈ ക്രൂരമായ അതിക്രമം കണ്ട് പേടിച്ച് ചെറിയ കുട്ടിയായ ബീക്കുഞ്ഞിബി ഓടിപ്പോയി അയല്‍ വീട്ടിലെ പൂവത്തിയോടയില്‍ അഭയം തേടി. പൂവത്തിയോട് അടിയാന്റെ ബൂക്കുഞ്ഞിബിയെ തന്റെ വീട്ടില്‍ ഒളിപ്പിക്കുന്നത് സുരക്ഷിതമല്ല എന്ന് കണ്ട് അവളെ തെക്കും താലിയില്‍ കൊണ്ടുപോയി ഒരു ഗുഹപോലുള്ള കല്‍മാളത്തില്‍ ഒളിപ്പിച്ചു. രാത്രി അവളെ തോണിയില്‍ കയറ്റി അമിനി ദ്വീപില്‍ കൊണ്ടു പോയി കട്ക്കയം എന്ന വീട്ടില്‍ താമസിപ്പിക്കുകയും അവിടത്തെ തന്നെ ഒരാള്‍ അവളെ വിവാഹം ചെയ്ത് കില്‍ത്താന്‍ ദ്വീപില്‍ ചെന്ന് താമസിപ്പിച്ചു എന്നുമാണ് ചരിത്രം.
എഴത്തുകാരന്‍ തന്റെ നോവല്‍ എഴുതുമ്പോള്‍ അദ്ദേഹം തന്റെ ഭാവനക്കനുസരിച്ചാണ് ഈ കഥയെ കൊണ്ടുപോവുന്നത്. നോവലാവുമ്പോള്‍ ഭാവനയും ചരിത്രവും എഴുത്തുകാരന് പറയാനുള്ള ആശയത്തിന്റെ കനല്‍ തിളക്കങ്ങളും കൂടി കുഴഞ്ഞ് അതൊരു ആസ്വാദന ഉല്‍പന്നമായി മാറുകയാണല്ലോ ചെയ്യുന്നത്.
അതുപോലെ തന്നെയുള്ള മറ്റൊരു ചരിത്രമാണ് അമിനി ദ്വീപിലെ പുറക്കാട്ടേ ഓമനപൂവിന്റേത്. സുന്ദരിയായ ഓമനപൂവ് തന്റെ ഭര്‍ത്താവും ഏറ്റവും പ്രായമേറുന്ന കച്ചേരിക്കാരണവരുമായ കുട്ടിത്തറവാടയുമായി പ്രണയജീവിതം നയിക്കുമ്പോളാണ് അറക്കല്‍ ആലിരാജാവിന്റെ ഭാര്യ മരിച്ച് കല്യാണം കഴിക്കാന്‍ ഒരു സ്ത്രീയെ അന്വേഷിക്കുന്നത്. അപ്പോളാണ് സുന്ദരികളില്‍ സുന്ദരിയായ ഒരു സ്ത്രീ തന്റെ ഭരണ ചുറ്റുപാടില്‍ ഉണ്ടെന്ന വിവരം രാജാവറിയുന്നത്.
രാജാവിന്റെ കല്‍പ്പനയില്‍ നിന്നും ഒഴിഞ്ഞ് മാറാന്‍ പലശ്രമങ്ങള്‍ നടത്തീട്ടും അവസാനം പട്ടാളമാണിറങ്ങുന്നത്. നിവൃത്തിയില്ലാതെ ഓമനപൂവ് കണ്ണൂര്‍ രാജാവിന്റെ കൊട്ടാരത്തിലേക്ക് യാത്രയാവുന്നു. രാജാവ് വിവാഹം കഴിക്കുന്നു. ഓമനപൂവിനെ കൊണ്ടാക്കാന്‍ കണ്ണൂര്‍ വരെ പോയെ കുട്ടിത്തറവാ രാജകൊട്ടാരത്തില്‍ വെച്ചാണ് മൊഴിചൊല്ലുന്നത്. ഈ സംഭവങ്ങളൊന്നും അറക്കല്‍ രേഖകളിലില്ലെന്നും അങ്ങനെ ഒന്ന് നടന്നിട്ടില്ലെന്നുമാണ് അറക്കല്‍ ഭാക്ഷ്യം.

കല്‍പ്പേനിദ്വീപിലെ സാണംക്കദിയാ എന്ന സുന്ദരിയെ കടല്‍കൊള്ളക്കാരന്‍ കട്ട് കൊണ്ട്‌പോയതും ചരിത്രപരമായി എവിടേയും അടയാളപ്പെട്ടുകണ്ടിട്ടില്ല. അമിനിയില്‍ ക്രൂരത അഴിച്ചുവിട്ട പറങ്കിപട്ടാളത്തെ തന്ത്രപൂര്‍വ്വം വിഷം തീറ്റിക്കൊന്നുകളഞ്ഞ പാമ്പിന്‍ പള്ളി സംഭവം. ചെത്ത്‌ലാത്ത് ദ്വീപിലെ ആശിഅലി അഹ്‌മദ് ശുഹദാ പോരാട്ടങ്ങള്‍, അക്രമം അഴിച്ച് വിട്ട അറക്കല്‍ പട്ടാളത്തെ പിടിച്ചുകെട്ടി ശ്രീരംഗപട്ടണത്തില്‍ ടിപ്പുവിന്റെ മുന്നില്‍ ഹാജറാക്കി തങ്ങളുടെ ഭരണം അറക്കലില്‍ നിന്നും വിടുതല്‍ ചെയ്യണം എന്ന് പറഞ്ഞ അമിനിയിലെ യോദ്ധാക്കളുടെ സാഹസികത. പോരാട്ടങ്ങളുടേയും ചെറുത്ത് നില്‍പ്പുകളുടേയും ചരിത്രങ്ങളെല്ലാം കൃത്യമായി രേഖപ്പെടുത്തി വെക്കാത്തതിനാല്‍ ദ്വീപിലെ പുതിയ തലമുറ ഐതിഹ്യം പോലെയാണ് ചരിത്രത്തെ സമീപിക്കുന്നത്.
ദ്വീപുജീവിതവും അതിന്റെ ചരിത്രവഴികളും ദ്വീപിലെ നാടോടി സാഹിത്യത്തില്‍ കൃത്യമായി അടയാളപ്പെട്ടുകിടക്കുന്നുണ്ട്. വാമൊഴി രൂപത്തില്‍ പ്രചരിച്ച അത്തരം ചരിത്ര ഗാനങ്ങള്‍ ശേഖരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയും എത്രയോ പാട്ടുകളും സാഹിത്യങ്ങളും കണ്ടെടുക്കപ്പെടേണ്ടതായിട്ടുണ്ട്. വ്യക്തിപരമായ ചില നീക്കങ്ങളാണ് ഈ മേഖലയില്‍ നടന്നിട്ടുള്ളത്. അത് കാര്യഗൗരവത്തോടെ ഗവണ്‍മെന്റ് പ്രോഗ്രാമുകളായി സംരക്ഷിക്കപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മതപരിവര്‍ത്തന ചരിത്രം തന്നെ ഐതിഹ്യത്തില്‍ പൊതിഞ്ഞാണ് കിടക്കുന്നത്. ആദ്യ ഖലീഫ ഹസ്‌റത്ത് അബൂബക്കര്‍ സിദ്ധീഖിന്റെ പൗത്രന്‍ ഉബൈദുള്ളാ (റ) തങ്ങളാണ് ഇസ്ലാം മതം പ്രചരിപ്പിച്ചത് എന്ന് ദ്വീപിലെ ഭൂരിഭാഗം പേരും വിശ്വസിക്കുന്നു. ചരിത്രത്തില്‍ അങ്ങനെ ഒരാളെയില്ല എന്നതാണ് മറുവാദം. എന്തായാലും ആന്ത്രോത്ത് ദ്വീപില്‍ ജുമുഅത്ത് പള്ളിയില്‍ അങ്ങനെ ഒരു മഖ്ബറയും അദ്ദേഹം എടുപ്പിച്ച പള്ളിയും വീടും ഒക്കേ നിലനില്‍ക്കുന്നുണ്ട്. ദ്വീപിലെ 100 ശതമാനം ആളുകള്‍ മുസ്ലിം കളുമാണ് താനും. ഈ മേഖലകളിലൊക്കെ വിശദമായ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്.
അടിച്ചമര്‍ത്തപ്പെട്ട ആധിപത്യങ്ങള്‍ക്ക് നേരെ സാഹിത്യത്തിലൂടെ പ്രതിരോധം തീര്‍ത്തതിന്റെ ഉദാഹരണങ്ങള്‍ എമ്പാടുമുണ്ട്. ഓമനപ്പൂവിന്റെ നാടോടിപാട്ടില്‍ ഓമനപൂവിനോട് ആലിരാജാവ് ചോദിക്കുന്നുണ്ട്. ‘ഞാന്‍ നന്നോ കുട്ടിത്തനവാനന്നോ പൂവേ..? പൊന്നും ഫണ്ടും എല്ലാം ഉള്ളോനാണെങ്കിലും കുട്ടിത്തറവാ അഴകിനു പോരാ എന്നാണ് പൂവിന്റെ മറുപടി. തുടര്‍ന്ന് ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഓമനപൂവിന്റെ മറുപടി സമരം തന്നെയാണ്.
‘നാം നന്നോ കുട്ടിത്തറവാ നന്നോ പൂവേ-
ആദിലായാവിന കെട്ടും മാളികയും
കുട്ടിത്തറവാ ചെറ്റക്കും പോരാ.
നാം നന്നോ കുട്ടിത്തറവാ നന്നോ പൂവേ
ആദിലായാവിനെ ആനയക്കൂട്ടം
കുട്ടിത്തറവാ കോളിക്കും പോരാ
നാം നന്നോ കുട്ടിത്തറവാനന്നോ പൂവേ
ആദിലായാവിന കുത്തിച്ചേറ്
കുട്ടിത്തറവാചായക്കും പോരാ
അന്ന് ഓമനപൂവ് ഏകാധിപത്യത്തിന്റെ മുഖത്ത് നോക്കിപ്പറഞ്ഞ അതേ വാക്കുകള്‍ തന്നെയാണ് ഇന്നത്തെ രാജാവിന്റെ മുഖത്ത് നോക്കി ഓരോ ദ്വീപുകാരനും പറയാനുള്ളത്. അഗത്തിയിലെ ബീക്കുഞ്ഞിബിയെ ഒളിപ്പിച്ച് പാര്‍പ്പിച്ച ബീക്കുഞ്ഞിപ്പാറയും അവരുടെ കുടുംബത്തെ വെട്ടിക്കൊന്ന് കടലില്‍ ഒഴുക്കിവിട്ട് ബലിയ ഇല്ലത്തിളാവള ഒഴുക്കിയ ചാലും ഇന്നും ചരിത്രത്തിന്റെ അവശിഷ്ടങ്ങളായി ദ്വീപില്‍ നിലനില്‍ക്കുന്നുണ്ട്.
അറക്കല്‍ പട്ടാളത്തെ പിടിച്ചു കെട്ടി ടിപ്പുവിന്റെ മുന്നില്‍ കൊണ്ടുപോയ ധീര ജവാന്മാരുടെ ചരിത്ര പിന്തുടര്‍ച്ച എന്നപോലെ മൈസൂര്‍ ഭരണത്തിന്റെ അവശിഷ്ടങ്ങള്‍ വടക്കന്‍ ദ്വീപുകളുടെ ഭായക്രമത്തിലും ഭരണപിന്തുടര്‍ച്ചയിലും നിഴലിച്ചു കിടക്കുന്നുണ്ട്.
വടക്കന്‍ പാട്ടുകളുടെ സ്വാധീനം ലക്ഷദ്വീപ് നാടോടി സാഹിത്യങ്ങളില്‍ കണ്ടെടുക്കാനാവും.എന്നാല്‍ ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലുകളും ദ്വീപിലെ പ്രാദേശിക ഭാഷയും പ്രതിഫലിക്കുമ്പോള്‍ ആ ജീവിതത്തിന്റെ വേറിട്ട അനുഭവമാണ് ആവിഷ്‌കാരങ്ങളില്‍ പ്രതിഫലിക്കുന്നത്. ദ്വീപിലെ രസകരമായ ഒരു നാടന്‍ പാട്ടാണ്.
‘അന്നബിട് ഇന്നബിട് ഏഗുണിസാ
കരൈ നിന്നവനോട് പറൈഗുണിസാ ‘
എന്ന് തുടങ്ങുന്ന പാട്ട്. മീനും ചൂണ്ടയും തമ്മിലുള്ള സംഭാഷണരൂപത്തിലുള്ള പാട്ടില്‍ ചൂണ്ടയില്‍ കുടുങ്ങിയ മീന്‍ ചൂണ്ടയോട് പറയുകയാണ് എന്നെ വിടാന്‍ എന്നാല്‍ ചൂണ്ട പറയുന്നത് അത് എന്നോട് പറഞ്ഞിട്ട് കാര്യമില്ല കരയില്‍ ഒരാള്‍ നില്‍പ്പുണ്ട് അയാളോട് പറയണമെന്നാണ്. മത്സ്യങ്ങളും മുക്കുവനും തമ്മിലുള്ള ഇഴയടുപ്പം, കടലുമായുള്ള ചങ്ങാത്തം ഒക്കെ മറ്റൊരു പ്രദേശത്തെ മുക്കുവനും ഇല്ലാത്ത വിധം ആഴമുള്ളതാണ്.
ദ്വീപിലെ മുക്കുവന്‍ തന്റെ ചങ്ങാതിയോട് ‘എടാ പോടാ’ ബന്ധത്തില്‍ ഇടപെടുന്നത് പോലെയാണ് കടലിനോടും കടല്‍ ജീവികളോടും ഇടപെടുന്നത്. അപ്പല്‍ (നീരാളി)നീരാ കുടിക്കാന്‍ വരുന്നത് പച്ചയായ യാഥാര്‍ത്ഥ്യത്തോടെയാണ് ദ്വീപിലെ നാടന്‍ പാട്ടില്‍ പറയുന്നത് പാട്ടുകളുടെ വിഷയങ്ങള്‍ പലപ്പോഴും ചരിത്രപരമായി ചേര്‍ന്നു നില്‍ക്കുന്നതായി കാണാം. കില്‍ത്താന്‍ ദ്വീപിലെ കുടിയേറ്റത്തെക്കുറിച്ചുള്ള പരാമര്‍ശം ഒരു നാടന്‍ പാട്ടില്‍ നിന്നാണ് കണ്ടെടുത്തത്. ‘എല്ലാവരും കാട്ടിണ്ടിണ്ടും തോട്ടിണ്ടിം ബന്ന പോക്കര്‍ക്കദിയ മുരട്ടിണ്ടും ബന്ന’ എന്നാണ് അതിലെ വരി. പോക്കര്‍ക്കദിയാ എന്ന സ്ത്രീയാണ് ഈ നാടിന്റെ താഴിമുരട് എന്നും മറ്റുള്ളവരെല്ലാം കാട്ടിന്നും തോട്ടിന്നുമൊക്കെയായി കയറി വന്നവരെന്നുമാണ് പരാമര്‍ശം.
സൂഫീ അന്തര്‍ധാര ദ്വീപു ജീവിതത്തില്‍ കാണുന്നതു പോലെ തന്നെ സാഹിത്യത്തിലും കാണാനുണ്ട്. കണ്ടെടുക്കപ്പെട്ട ഏറ്റവും പഴക്കമുള്ള സാഹിത്യകൃതികള്‍ ‘കല്‍വൈര മാലയും, കോലസിരിമാലയുമാണ്. ഏകദേശം മുന്നൂറോളം വര്‍ഷം പഴക്കം പ്രതീക്ഷിക്കുന്ന ഈ രണ്ട് കൃതികളും ആധ്യാത്മികമായ വിഷയങ്ങളാണ് അവതരിപ്പിക്കുന്നത്്.
ഈ കൃതികള്‍ രചിച്ച ബലിയ ഇല്ലം പള്ളിക്വൊ എന്ന അഹ്‌മദ് മുസ് ലിയാരും അഹ്‌മദ് നഖ്ശബന്തി എന്ന കിളുത്തനിലെ തങ്ങളും സൂഫീവര്യന്മാരായിരുന്നു. പള്ളിക്വൊ മക്കത്ത് ചെന്ന് ചീര്‍വനി വഴിയില്‍ ചേര്‍ന്ന് അവിടെ തന്നെ മരണപ്പെടുകയായിരുന്നു. അഹ്‌മദ് നഖ്ശബന്തി നഖ്ശബന്തി സരണിയില്‍ ജീവിച്ച് അമിനി ദ്വീപിലാണ് അന്ത്യവിശ്രമ സ്ഥാനം.
ഒരു മനുഷ്യന് ഇഷ്ടം വെക്കാന്‍ രണ്ടു സുന്ദരികളാണുള്ളത്. ബേലത്തിയും ബാലത്തിയും. ബേലത്തി-വേലക്കാരത്തിയാണ്. ബാലത്തി-കൗമാര പ്രായത്തിലുള്ള സുന്ദരിയും. ആത്മാവിനെ സുന്ദരിയായ പ്രണയിനിയും ശരിരേച്ഛകളെ ബട്കത്തി ഖസര്‍മണ്ഡകത്തിലുള്ള സുന്ദരിക്ക് വേലപ്പണി ചെയ്യുന്നവളാക്കിയുമാണ് കോലസിരിമാല വികസിക്കുന്നത്.
വേലക്കാരത്തിക്ക് പുറകെ സഞ്ചരിക്കുന്നവര്‍ വലിയ ചതിക്കുഴികളില്‍ അകപ്പെട്ട് ചത്തൊടുങ്ങും ‘ഹൈറായ ബീവിനെ കൈവിട്ടോരെല്ലാം ഖേദിച്ച് കൈകടിച്ചാണ്ടു പോവും എന്നാണ് വരികള്‍. കോലസിരിമാലയുടെ സവിശേഷത ദ്വീപിലെ വാമൊഴി വഴക്കം തന്‍മയക്കത്തോടെ ഉപയോഗിച്ചിരിക്കുന്നു എന്നതാണ്. ദ്വീപിലെ നാടോടിപ്പാട്ടുകളില്‍ പോലും ഇത്രയും ഭംഗിയില്‍ നാടന്‍ ഭാഷ ഉപയോഗിച്ചതായി കാണാനാവില്ല.
ഞാന്‍ എന്റെ നാടിന്റെ സാഹിത്യ പാരമ്പര്യത്തെക്കുറിച്ചറയാന്‍ ശ്രമിച്ചപ്പോള്‍ കിട്ടാവുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ബലിയ ഇല്ലം പള്ളിക്വൊയുടെയും അഹ്‌മദ് നഖ്ശബന്തിയുടെയും കാലത്തിനിങ്ങോട്ട് എല്ലാ തലമുറയിലും 10 ല്‍ കുറയാത്ത എഴുത്തുകാരുടെ നിരയുണ്ടായിരുന്നു എന്നതാണ്. വെറും രണ്ടര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള ഒരു പ്രദേശത്തിന്റെ കഥയാണ് ഇപ്പറയുന്നത്. വെറും എഴുത്ത് വാസനയും കൊണ്ട് ജീവിച്ച് മരിച്ച് പോയവരല്ല ഇവരാരും. അവരുടെതായ മേഖലകളില്‍ അവര്‍ രചനകള്‍ നടത്തിയിരുന്നു. മിക്കരചനകളും കൈയ്യെഴുത്ത് കൃതികളായി ഇപ്പോഴും നിലനില്‍ക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.
കപ്പല്‍പ്പാട്ടെന്ന പേരില്‍ ഒരു രചനയുണ്ട്. അത് അമേരിക്കയില്‍ നിന്നും ഒരു കപ്പല്‍ കീല്‍വെച്ച് പണി തീര്‍ത്ത് കടലിലിറക്കി ഓടിവന്ന് കില്‍ത്താന്‍ ദ്വീപിലെ പാറയില്‍ കേറി തകരുന്നത് വരെയുള്ള ഒരു നീണ്ട കാവ്യമാണ്. പോക്കര്‍ച്ചിയോട് കാക്ക എന്ന കുഞ്ഞി അഹ്‌മദ് മുസ് ലിയാരാണ് രചയിതാവ്. അതിലെ ഒരു ഭാഗമാണ് പറവമാല എന്ന പേരില്‍ പ്രചരിക്കുന്നത്.
‘കൊത്തല്ലി കൊത്തല്ലി പുള്ളി പറവേ കൊത്തികൂടിയന്നാണ്ടാമല്‍ പറവേ- എന്ന് കേള്‍ക്കുമ്പോള്‍ മലയാളികള്‍ ആകാശത്തില്‍ പറക്കുന്ന പക്ഷികളെയാണ് ചിന്തിക്കുക. എന്നാല്‍ കടലിന് മുകളിലൂടെ ചിറക് വിരിച്ച് പറക്കുന്ന പറവ മീനാണ് ഇവിടത്തെ കഥാപാത്രം. ആ കപ്പല്‍ വീണ സംഭവത്തെ അധികരിച്ച് ദ്വീപു ജീവിതത്തെയാണ് കാക്ക വരച്ചിടാന്‍ ശ്രമിക്കുന്നത്.
മഹരങ്കീസ് രാജ്ഞിയുടെ ജീവിതം വരച്ചിടുന്ന ഒരു നോവല്‍ ഗാനമാണ് മഹരറ്റീസ് മാലപ്പാട്ട്. ബിയ്യാപ്പുര അബ്ദുറഹ്‌മാന്‍ എന്ന കവിയാണ് ഈ പാട്ടിന്റെ രചയിതാവ്. കുല്‍സനോവയോട് എന്ത് തെറ്റ് ചെയ്തു? എന്ന ചോദ്യമാണ് മഹരങ്കീസ് തന്നെ വിവാഹം ചെയ്യാന്‍ വരുന്ന രാജകുമാരന്മാരോടെല്ലാം ചോദിക്കുന്നത്. ഉത്തരം കിട്ടാതിരുന്നാല്‍ രാജകുമാരന്മാര്‍ വധിക്കപ്പെടുകയാണ് അറബിക്കഥയില്‍ നിന്നും പ്രചോദനം കൊണ്ട് രചിച്ച ഈ കഥാഗാനം കാവ്യഭംഗിയില്‍ ഏറെ മുന്നിട്ട് നില്‍ക്കുന്ന രചനയാണ്.
റസൂലിന്റെ മുലകുടിയുമായി ബന്ധപ്പെടുത്തി ബിരിയം തിത്തിയോട മൂസാന്‍കുട്ടി മുസ് ലിയാര്‍ രചിച്ച മുലകുടി മാല ഒരു ശ്രദ്ധേയമായ രചനയാണ്. റസൂലിന്റെ ജീവിതവും പരിസരവും വരച്ചിടുന്ന ആ കൃതി അന്നത്തെ ആചാരങ്ങളേയും വിശദീകരിക്കുന്നു.
യൂസുഫ് ഖിസ്സ ദ്വീപിലെ മുന്ന് പേര്‍ രചിച്ചിട്ടുണ്ട്. ഐശര്യോട മുത്തുക്കോയ തങ്ങള്‍ ആന്ത്രോത്തും, പുറാടം കുഞ്ഞിക്കോയാതങ്ങള്‍ ആന്ത്രോത്തും, അഹ്‌മദ് നഖ്ശബന്തി തങ്ങള്‍ കില്‍ത്താനുമാണ് മൂന്നുപേര്. ഇതില്‍ ആദ്യ രചന കില്‍ത്താനിലെ തങ്ങളുടേതാണ്. ഏറ്റവും പ്രചാരത്തിലുള്ളത് ഐശ്യരോട മുത്തുക്കോയ തങ്ങളുടേതും.
ചെറുകഥ, കവിത നോവല്‍ സാഹിത്യരചനകളുമായി വലിയ അടുപ്പമില്ലായിരുന്ന ദ്വീപു സാഹിത്യം ഈയടുത്ത കാലത്തായി ഈ മേഖലകളില്‍ കൈ വെച്ച് തുടങ്ങിയിട്ടുണ്ട്. യു. സി. കെ തങ്ങളുടെയും അബൂസാലാ കോയാ മണ്ടളിയുടെ കഥകളുമാണ് ഈ മേഖലയിലെ എടുത്തുപറയേണ്ട കൃതികള്‍. പഴയ തലമുറയെ അടയാളപ്പെടുത്തുന്ന യു. സി. കെ കഥകളില്‍ ജീവിതത്തിന്റെ ഖണ്ഡനവും കഥ എഴുത്തിന്റെ ഭംഗിയുമുണ്ട്. അദ്ദേഹത്തിന്റെ പ്രസിദ്ധീകരിച്ച കടലിലെ കഥകളില്‍ പ്രണയവും കടലും ഇടകലര്‍ന്ന് നില്‍ക്കുന്ന ഒരു സൗന്ദര്യമുണ്ട്. അബൂസാലാ കോയാ മണ്ടളി തന്റെ കഥയില്‍ ചേര്‍ക്കുന്ന സ്വതസിദ്ധമായ നര്‍മ്മം വായനക്കാരന്റെ ഹൃദയം തൊടുന്നതാണ്.
നോവല്‍ സാഹിത്യത്തിലേക്ക് നോക്കിയാല്‍ നാല് നോവലുകളാണ് പ്രസിദ്ധീകരിക്കപ്പെട്ടവ. അതില്‍ മൂന്ന് നോവലും കില്‍ത്താന്‍ ദ്വീപില്‍ നിന്നാണ്. എന്റെ കോലോടവും, തഖ്‌യുദ്ദീന്‍ അലി സി. എച്ചിന്റെ പടപ്പുറപ്പാടും അസദ് മുത്തൂസിന്റെ ചെകുത്താന്‍ ക്വാര്‍ട്ടേഴ്‌സുമാണ് മൂന്ന് നോവലുകള്‍. നാലാമത്തേത് ഹംസുഷാ അഗത്തിയുടെ സ്നേഹബന്ധമാണ്.
ദ്വീപുകളുടെ ഉല്‍പത്തി, കുടിയേറ്റം, മതപരിവര്‍ത്തനം, മറ്റു ചരിത്രവഴികള്‍ എല്ലാറ്റിലും നല്ല ഒന്നാന്തരം ഐതിഹ്യകഥകള്‍ മെനഞ്ഞ് ചരിത്രത്തെ അതില്‍ പൊതിഞ്ഞ് വെച്ചിട്ടുണ്ട് പൂര്‍വ്വ സമൂഹം. അതിന്റെ നാടോടി പാട്ടുകളും മാലപ്പാട്ടുകളും വാമൊഴിപ്പാട്ടുകളുമായി ഇവിടത്തെ ഭാഷയേയും ജീവിതത്തേയും അടയാളപ്പെടുത്തീട്ടുമുണ്ട്. പ്രകൃതി ദുരന്തങ്ങളില്‍ നഷ്ടപ്പെട്ടുപോയ ലിഖിത പാരമ്പര്യം ഗവേഷണ ബുദ്ധിയോടെ ശേഷിക്കുന്ന സാഹിത്യ രചനകളില്‍ നിന്നും വാമൊഴി വഴക്കങ്ങളില്‍ നിന്നും കണ്ടെടുക്കേണ്ടതുണ്ട്.
മുഹ്‌യിദ്ദീന്‍ മാലയെക്കാളും കാലപ്പഴക്കമുള്ള ലിഖിതങ്ങള്‍ അറബി ലിപിയില്‍ ദ്വീപിലെ പ്രാദേശിക ഭാഷ അടയാളപ്പെടുത്തിയത് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഗഹനമായ സാഹിത്യാന്വേഷണങ്ങള്‍ ദ്വീപിന്റെ ഉല്‍പത്തിയും ഭാഷാപാരമ്പര്യവും കുടിയേറ്റവുമൊക്കെ മുന്നിലേക്ക് തുറന്നു തരുമെന്നാണ് എന്റെ വിശ്വാസം.
Add comment