സയണിസവും ജൂതായിസവും വളരെ സമഗ്രമായും അതിസൂക്ഷ്മമായും വളരെ ആഴത്തിലുള്ള നരേറ്റീവുകളെ ചരിത്ര പിന്‍ബലത്തോടെ ആവിഷ്‌കരിച്ച ‘മൗസൂഅതുല്‍ യഹൂദി വല്‍ യഹൂദിയ്യ വസ്സിഹ്യൂനിയ്യ’ എന്ന കൃതിയിലൂടെയാണ് ഈജിപ്ഷ്യന്‍ ചിന്തകനും എഴുത്തുകാരനും രാഷ്ട്രീയചിന്തകനുമായ മസീരി അക്കാദമിക ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇരുപത്തിയഞ്ച് വര്‍ഷത്തെ നിലക്കാത്ത അന്വേഷണങ്ങളുടെ ഫലമായിട്ടാണ് ഈ രചന ജനശ്രദ്ധയാകര്‍ഷിച്ചത്. നിലവില്‍ പാടിപ്പതിഞ്ഞ ആഖ്യാനങ്ങളെ തിരുത്താനും വസ്തുതകളോടെ പുതിയ വീക്ഷണങ്ങളെ അവതരിപ്പിക്കാനും ഇതിലൂടെ അദ്ദേഹത്തിനായി. സയണിസം നിര്‍മിച്ചെടുത്ത അജന്‍ഡകളുടെ ശൂന്യത ബോധ്യപ്പെടുത്താനും സമര തീക്ഷ്ണതയോടെ തന്നെ സയണിസ്റ്റ് ബുദ്ധിജീവികളോട് പോര്‍മുഖം തുറക്കാനും മസീരിയുടെ രചനകള്‍ക്കായി. ഏകപക്ഷീയമായി നൂറ്റാണ്ടുകളിലൂടെ നിര്‍മ്മിച്ചെടുത്ത ഇസ്രയേലിന്റെ മനക്കോട്ടയുടെ ചുവരുകളില്‍ വിളളല്‍ വീഴ്ത്താന്‍ അദ്ദേഹം എയ്തു വിട്ട സിദ്ധാന്തങ്ങള്‍ക്കായി. അതേ സമയം തന്നെ ഈ ഗ്രന്ഥം ജൂതായിസത്തെ പ്രതിരോധിക്കാനാണ് സഹായിച്ചതെന്ന മറുവാദവും നമുക്ക് ദര്‍ശിക്കാനാകും.
മസീരിയുടെ ചിന്താ മണ്ഡലങ്ങളെ അനാവരണം ചെയ്യല്‍ ദുഷ്‌കരമെങ്കിലും അദ്ദേഹത്തിന്റെ വൈജ്ഞാനിക ഇടങ്ങളെ പരിശോധിച്ചാല്‍ കാലങ്ങളുടെ മിടിപ്പറിഞ്ഞ് അനുഭവങ്ങളുടെ കരുത്തില്‍ സമരസപ്പെടാത്ത അതുല്യതൂലിക സൃഷ്ടിച്ചെടുത്ത അത്ഭുതസിദ്ധികള്‍ ആ മഹാഗ്രന്ഥങ്ങളില്‍ കാണാം. മസീരിയെ വ്യത്യസ്തനാക്കിയത് അദ്ദേഹത്തിന്റെ സത്യാന്വേഷണ പരീക്ഷണങ്ങളെന്ന് പറയാം. മുസ്തഫ മഹ്‌മൂദിനെ പോലെ തന്നെ ചിന്താ വേലിയേറ്റങ്ങള്‍ക്ക് വിധേയപ്പെട്ടു പോയ ജീവിത സാക്ഷി കൂടിയാണ് മസീരി. ദൈവ നിഷേധം, മതകീയ ചിട്ടകളിലെ ശൂന്യതാബോധം, മതങ്ങളെക്കുറിച്ചുള്ള നെഗറ്റീവ് ബോധ്യങ്ങള്‍, ഇസ്‌ലാമിക ആരാധനകളോടുള്ള പുഛം, കുഴഞ്ഞു മറിഞ്ഞ ഈജിപ്തിലെ രാഷ്ട്രീയ പരിസരം, ഇതൊക്കയായിരുന്നു മസീരിയുടെ ജീവിത വഴികളെ വരച്ചു വെച്ചത്. ആകസ്മിതകളും ആകുലതകളും ആശങ്കകളും ഉള്‍ച്ചേര്‍ന്ന ഒരു മഹായാത്രയുടെ പേര് കൂടിയാണ് അബ്ദുല്‍ വഹാബ് മസീരി. അറബ് ധൈഷണിക താത്വിക മുന്നേറ്റങ്ങളെ അനാവരണം ചെയ്യുമ്പോള്‍ മസീരി കാലഘട്ടം വേറിട്ട് തന്നെ നില്‍ക്കുന്നുവെന്ന് കാണാനാകും.
ജീവിത രേഖ
1938-ല്‍ ഈജിപ്തിലെ ദിമന്‍ഹൂറില്‍ ജനനം. പരസ്പരം സ്‌നേഹവും സമാധാനവും കളിയാടിയിരുന്ന സ്വന്തം നാട്ടിലെ മനോഹര ചിത്രങ്ങള്‍ തന്റെ ചിന്തകളെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് ആധുനികതയെ വിലയിരുത്തവെ മസീരി പറഞ്ഞ് വെക്കുന്നുണ്ട്. മാനവികതയുടെ ഉറവ തേടിയുള്ള യാത്രയില്‍ തന്നെ പിടിച്ചിരുത്തിയത് തന്റെ ഗ്രാമത്തില്‍ നിന്ന് കിട്ടിയ നന്മ നിറഞ്ഞ ഓര്‍മകളും അടയാളങ്ങളുമായിരുന്നുവെന്ന് മസീരി ഓര്‍മിക്കുന്നു. വിവിധ ചിന്താധാരകളുടെ അരികുകളിലൂടെ, ചിലപ്പോഴെല്ലാം അതിനുള്ളിലൂടെ സഞ്ചരിച്ച മസീരിയെ പോലോത്തൊരു വ്യക്തിത്വത്തിന്റെ തിരിച്ചറിവുകള്‍ ഏറെ പ്രധാനം തന്നെയാണെന്ന് പറയേണ്ടതില്ലല്ലോ.
നാട്ടില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയതിന്ന് ശേഷം ബിരുദപഠനത്തിനായി അലക്‌സാണ്ട്രിയ യൂനിവേഴ്‌സിറ്റിയിലേക്ക് തിരിച്ചു. അവിടെ ഇംഗ്ലീഷ് സാഹിത്യ വിഭാഗത്തിലായിരുന്നു ചേര്‍ന്നത്. ബിരുദാനന്തരപഠനം അമേരിക്കയിലെ കൊളംബിയ യൂനിവേഴ്‌സിറ്റിയിലായിരുന്നു നിര്‍വഹിച്ചത്. പിന്നീട്, അമേരിക്കയിലെ തന്നെ റത്ജര്‍ഗ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും നേടി. തിരിച്ച് നാട്ടിലെത്തുകയും ഈജിപ്തിലെ തന്നെ ഐനു ശംസ് യുനിവേഴ്‌സിറ്റി, സഊദിയിലെ ജാമിഅ മലിക് സഊദ്, മലേഷ്യയിലെ അന്താരാഷ്ട്ര ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി തുടങ്ങി വിവിധ അന്താരാഷ്ട്ര യൂനിവേഴ്‌സിറ്റികളില്‍ അധ്യാപകനായി ജോലി ചെയ്തു. ഇവിടങ്ങളില്‍ നിന്നെല്ലാം പുറത്തിറങ്ങിയിരുന്ന അക്കാദമിക് ജേണലുകളുടെ എഡിറ്റോറിയല്‍ ബോര്‍ഡിലും ഇദ്ദേഹമുണ്ടായിരുന്നു.
ഇതിനിടയില്‍, അറബ് ലീഗ് പ്രതിനിധിയായി ഐക്യരാഷ്ട്ര സഭയില്‍ സാംസ്‌കാരിക ഉപദേഷ്ടാവായി നിയമിക്കപ്പെട്ടു. ഇങ്ങനെ സുദീര്‍ഘമായൊരു സേവന സപര്യയുടെ ചിത്രം അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം കാണാം.
തന്റെ യൗവന കാലത്തിന്റെ തുടക്കത്തില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമീനിലും, അതിനുശേഷം, കമ്യുണിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിരുന്നു. സയണിസ്റ്റ് താത്പര്യങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നത് ഇഖ്‌വാനാണെന്നായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള പ്രതികരണം. സയണിസത്തെക്കുറിച്ചുള്ള തന്റെ പഠനങ്ങള്‍ക്ക് അഹ്‌റാം പത്രത്തില്‍ ജോലി ചെയ്യുന്ന കാലത്ത് സയണിസ്റ്റ് പഠന വിഭാഗത്തില്‍ തലവനായ പരിചയം അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്.
മസീരിയും ഫലസ്തീനും
ആധുനികത, ഉത്തരാധുനികത, സെക്കുലറിസം, മുസ്‌ലിം രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളെിലൊക്കെ മസീരി തന്റെ തൂലിക ചലിപ്പിച്ചിട്ടുണ്ടെങ്കിലും ലോക ശ്രദ്ധ നേടിയത് അദ്ദേഹം സയണിസത്തെ സധൈര്യം തുറന്ന് കാട്ടിയപ്പോഴാണ്. നിലവില്‍ മിഡില്‍ ഈസ്റ്റില്‍ നടക്കുന്ന സംഭവവികാസങ്ങളെയധികരിച്ച് മസീരി നടത്തിയ പ്രവചനങ്ങളെ ശരിവെക്കുന്ന നിരീക്ഷകരുമുണ്ട്. ജൂതരുടെ ചരിത്രത്തെ അത്രമേല്‍ ആഴത്തില്‍ അപഗ്രഥിക്കുകയും അവരുടെയൊക്കെയുള്ളില്‍ കുടികൊള്ളുന്ന ഇസ്രായേലെന്ന രാഷ്ട്രത്തിന്റെ പതനത്തെക്കുറിച്ചുമുള്ള പരിഭവങ്ങളുമെല്ലാം മസീരി തന്റെ ഗ്രന്ഥത്തില്‍ വിശകലനം ചെയ്യുന്നുണ്ട്. അധിനിവേശ ശക്തികള്‍ സ്ഥാപിച്ച കോളനികളൊക്കെ തകര്‍ന്നത് പോലെ തന്നെ ഇസ്രായേലും തകരുമെന്ന് പൂര്‍ണമായി വിശ്വസിക്കുന്ന വലിയൊരു ജനവിഭഗം തന്നെ ജൂതരിലുമുണ്ടെന്നദ്ദേഹം വാദിക്കുന്നു. തോറയും തല്‍മൂദുമല്ല അവര്‍ വായിക്കുന്നതെന്നും മറിച്ച് ചരിത്രം കൃത്യമായി പഠിക്കുന്നവരും അതില്‍ നിന്ന് പാഠങ്ങളും തന്ത്രങ്ങളും സ്വീകരിക്കുന്നവരുമാണ് ജൂതര്‍.
ഇസ്രായേല്‍ പതനം പ്രമേയമാകുന്ന അനേകം സാഹിത്യസൃഷ്ടികള്‍ ഇതിനോടകം തന്നെ ഇസ്രായേലില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. തങ്ങളുടെ പതനം ആസന്നമാണെന്ന ഉള്‍ഭയം ഓരോ ജൂതനെയും ഭരിക്കുന്നുവെന്നാണ് യാഥാര്‍ഥ്യം. ലാഭക്കൊതിയോടെ യുദ്ധത്തിനറങ്ങിനിന്നവരെ നീണ്ടു നില്‍ക്കുന്ന പോരാട്ടങ്ങളിലൂടെ കീഴ്‌പെടുത്താനാകുമെന്നും ആയതിനാല്‍ ഫലസ്തീനില്‍ പ്രതിരോധ നീക്കങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. വിയറ്റ്‌നാമില്‍ നിന്ന് അമേരിക്ക പിന്‍മാറിയതും അള്‍ജീരിയിയില്‍ നിന്ന് ഫ്രാന്‍സ് പതനം നേരിട്ടതും അദ്ദേഹം ഫലസ്തീനിലെ ചരിത്ര വര്‍ത്തമാന വൃത്താന്തങ്ങളുമായി താരതമ്യം ചെയ്യുക കൂടി ചെയ്യുന്നു. ഇസ്രായേലിന് ജൂതായിസവുമായിട്ട് ബന്ധമില്ലായെന്നും കേവലം കൊളോണിയല്‍ പദ്ധതിയാണെന്നായിരുന്നു ഇതെന്നുമാണ് അദ്ദേഹത്തിന്റെ വീക്ഷണം.
യൂറോപ്പില്‍ പെരുകി വന്നിരുന്ന ജൂതരെ മാറ്റി പാര്‍പ്പിക്കാനും തങ്ങളുടെ താത്പര്യങ്ങളെ സംരക്ഷിക്കാനും വേണ്ടിയായിരുന്നു ഇസ്രയേല്‍ പിറകൊണ്ടെതെന്നാണ് അദ്ദേഹം പറഞ്ഞു വെച്ചത്. തേനും പാലുമൊഴുകുന്ന സിയോണിലാണ് നിങ്ങളെ അധിവസിപ്പിക്കുന്നതെന്ന് പറഞ്ഞ് ജൂതരെ യൂറോപ്പ് പറ്റിക്കുകയായിരുന്നുവെന്നാണ് മസീരി പറയുന്നത്. തേനിലും പാലിനും പകരം യുദ്ധവും പോരാട്ടവും പ്രതിരോധവും വെടിയൊച്ച തീര്‍ക്കുന്ന ഫലസ്തീനില്‍ പാര്‍പ്പിച്ചതോടെ സത്യത്തില്‍ യൂറോപ്പ് അവരുടെ അജന്‍ഡ നടപ്പിലാക്കുകയായിരുന്നവെന്നാണ് മസീരിയുടെ ന്യായം. എപ്പോഴും പുകയുന്ന മിഡില്‍ ഈസ്റ്റിലൂടെ മുസ്‌ലിംകളുടെയും ജൂതരുടെയും ഭീഷണിയില്‍ നിന്ന് യൂറോപ്പിന് മുക്തി നേടാനായതാണിതിന്റെ രാഷ്ട്രീയ ലാഭമെന്നും സമകാലിക സംഭവങ്ങളില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാം.
അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് ഗ്രന്ഥമായ ‘ജൂതര്‍, ജൂതായിസം, സയണിസം’ എഴുതിത്തീര്‍ക്കാന്‍ അദ്ദേഹത്തിന് ഇരുപതിലധികം വര്‍ഷമെടുത്തു. തന്റെ സര്‍വ ചിന്താശേഷിയും പുറത്തെടുത്ത എഴുത്തുകാരനെയും ചരിത്ര പണ്ഡിതനെയും ഈ ഗ്രന്ഥത്തിന്റെ ഓരോ താളുകളിലും അനുഭവിക്കാന്‍ കഴിയും. ഇസ്രായേലിനെ താങ്ങി നിര്‍ത്തുന്നതെന്താണെന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി നമ്മെയിരുത്തി ചിന്തിപ്പിക്കുന്നതാണ്. അമേരിക്കയുടെ കലവറയില്ലാത്ത പിന്തുണയും അറബികളുടെ നിന്ദ്യമായ അവജ്ഞയുമാണ് ഇസ്രായേലിന്റെ ശക്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. നിലവിലെ സംഭവങ്ങളെ നോക്കികാണുന്നവര്‍ക്ക് മസീരിയുടെ ഈ വാക്കുകള്‍ ഏറെ വാസ്തവമാണെന്ന് തീര്‍ച്ചയായും ബോധ്യപ്പെടും.
കിഫായ പ്രസ്ഥാനം
എഴുത്തുകള്‍ക്കും ചൂടു പിടിച്ച ചിന്തകള്‍ക്കുമപ്പുറത്തേക്ക് ഒഴുകിപ്പരന്ന ആക്ടിവിസത്തിന്റെ മഹാ നദിയായിരുന്നു മസീരിയെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ ‘കിഫായ മൂവ്‌മെന്റ’്. തുടക്കത്തില്‍ വഫ്ദ് പാര്‍ട്ടിയിലും ഇഖ്‌വാനിലും പ്രവര്‍ത്തിച്ച മസീരി അവസാനം തന്റെ വഴി കണ്ടെത്തിയത് കിഫായയുടെ വിതാനത്തിലാണ്. ഈജിപ്തിലെ ബദല്‍ രാഷ്ട്രീയ നീക്കങ്ങളില്‍ പ്രധാനമാണ് 2004-ല്‍ സ്ഥാപിതമായ കിഫായ പ്രസ്ഥാനം. ‘അല്‍ ഹര്‍കതുല്‍ മിസ്‌രിയ്യ മിന്‍ അജലി തഗ്‌യീര്‍’ മാറ്റത്തിന് വേണ്ടിയുള്ള ഈജിപ്ഷ്യന്‍ പ്രസ്ഥാനം ഇതായിരുന്നു കിഫായയുടെ മുഴുവന്‍ പേര്. കിഫായ അഥവാ ‘ഇനി മതി’ യെന്ന ശക്തമായ മുദ്രാവാക്യമായിരുന്നു അതിന്റെ ചുരുക്കം. കാലുഷ്യം നിറഞ്ഞ സാഹചര്യമായിരുന്നെങ്കില്‍ കൂടി ഈജിപ്തിലെ വ്യത്യസ്ത രാഷ്ട്രീയ ധാരകളിലെ പ്രമുഖരൊക്കെ അണിനിരന്ന മുന്നണി കൂടിയായിരുന്നു കിഫായ. സോഷ്യലിസ്റ്റുകള്‍, നാസിറിസ്റ്റുകള്‍, ഇടതുസഹയാത്രികര്‍ തുടങ്ങിയവരായിരുന്നു ഇതിലെ അംഗങ്ങള്‍. ഹുസ്‌നി മുബാറകിന്റെ അധികാരത്തുടര്‍ച്ച അവസാനിപ്പിക്കാനും, മക്കള്‍ ഭരണം കൈയ്യാളുന്ന അനന്തരാവകാശപ്രവണതയെ തടയാനുമായിരുന്നു ഇത് രൂപീകരിക്കപ്പെട്ടത്. അതിന് പുറമെ സാധാരണക്കാരുടെ പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാണിക്കാനും ജനകീയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും കിഫായക്കായി.
പ്രത്യക്ഷത്തില്‍ കാര്യമായി ഫലം ചെയ്യാനായില്ലെങ്കിലും ശക്തമായ പ്രതിപക്ഷ ശബ്ദമായി നിലനില്‍ക്കാനും വിവിധ കക്ഷികളെ ഒന്നിപ്പിക്കാനുമവര്‍ക്കായി. ജോര്‍ജ് ഇസ്ഹാഖ്, അബ്ദുല്‍ ഹലീം ഖിന്‍ദീല്‍, മജ്ദി ഹുസൈന്‍ തുടങ്ങിയവരായിരുന്നു മസീരിക്ക് പുറമെയുള്ള കിഫായയുടെ നേതാക്കള്‍. തുടക്കത്തില്‍ നല്ല രീതിയില്‍ മുന്നോട്ട് പോയെങ്കിലും 2012-ല്‍ മുര്‍സി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുന്നണിയില്‍ അഭിപ്രായവ്യത്യാസം രൂപപ്പെടുകയും പിന്നീടത് കിഫായയെ പിരിച്ചു വിടലിലേക്ക് നയിക്കുകയും ചെയ്തു.
2008-ലെ സൈനബ് ചത്വരത്തില്‍ വിലക്കയറ്റത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ മസീരിയെ പോലീസ് തട്ടിക്കൊണ്ട് പോകുകയും വിദൂരസ്ഥമായ മരുഭൂമിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്‍ത്താനും സമരം തകര്‍ക്കാനുമുള്ള ഗവണ്മെന്റിന്റെ നീക്കമായിരുന്നുവെന്ന് പിന്നീട് വ്യക്തമാവുകയുണ്ടായി. അക്കാലത്ത് തന്നെ, താന്‍ നയിച്ച പ്രസ്ഥാനത്തിനു വേണ്ടി ശഹീദായി മരിക്കാനാണ് രോഗിയായി മരിക്കുന്നതിനേക്കാള്‍ അഭികാമ്യമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
രചനകള്‍, പുരസ്‌കാരങ്ങള്‍
ക്രിയാത്മകമായ തന്റെ ജീവിതത്തിന് നിറം പകരുന്ന, അദ്ദേഹത്തിന്റെ സാന്നിധ്യത്തിന്റെ മൂല്യം പറയുന്ന അനേകം കനപ്പെട്ട കൃതികളും തന്റെ സാര്‍ഥകമായ ജീവിതത്തെ അടയാളപ്പെടുത്തുന്ന പുരസ്‌കാരങ്ങളും പതക്കങ്ങളും മസീരിയെ തേടിയെത്തി. അതില്‍ ജീവിതാവസാനം നേടിയ ഖുദ്‌സ് പുരസ്‌കാരം ഏറെ എടുത്ത് പറയേണ്ടതാണ്. ഇതിനോടൊപ്പം തന്നെ വിവിധ യൂനിവേഴ്‌സിറ്റികളില്‍ നിന്നും സംഘടനകളില്‍ നിന്നും അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. രചനകളെ പരിചയപ്പെടുത്തുമ്പോള്‍ ഏറ്റവും പ്രധാനം സയണിസത്തെയും ജൂതായിസത്തെയും ഇഴകീറി പരിശോധിക്കുന്ന മസീരിയന്‍ പുസ്തകങ്ങള്‍ തന്നെയാണ്. അദ്ദേഹത്തിന്റെ ജീവചരിത്രങ്ങളിലധികവും രേഖപ്പെടുത്തിവെക്കപ്പെട്ട ‘രിഹ്‌ലതീ അല്‍ ഫിക്‌രിയ്യ’ എടുത്തുപറയേണ്ടതാണ്. സാമ്പ്രദായിക ആത്മകഥാരചനകളില്‍ നിന്ന് ഏറെ വ്യത്യസ്തമായിട്ടാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.
സയണിസത്തിന്റെ ആശയഘടനയെ വിലയിരുത്തുന്ന ‘ബിന്‍യതുല്‍ ഫിക്‌രിസ്സിഹ്യൂനി’ക്കെഴുതിയ ആമുഖം ‘നിഹായതുത്താരീഖ്’ (ചരിത്രാവസാനം) ജൂത ചരിത്രം പഠിക്കുന്നവര്‍ക്കൊരു മുതല്‍ക്കൂട്ടാണ്. ലോകത്തിലെ നിഗൂഢ സ്വഭാവമുള്ള സംഘടനകളെ വിലയിരുത്തുന്ന പുസ്തകമാണ് ‘അല്‍ ജമാആതു സിരിയ്യ ഫില്‍ ആലം’. സയണസിം, മാസോണിസം തുടങ്ങിയവ വിഷയീഭവിക്കുന്നുണ്ട് ഇതില്‍. ചെറിയ പ്രായക്കാര്‍ക്ക് വായനാതാല്‍പര്യം ജനിപ്പിക്കാന്‍ വേണ്ടി രചിച്ച കഥാ സമാഹാരമാണ് ‘അല്‍ അമീറു വശ്ശാഇര്‍’ എന്ന ചെറു ഗ്രന്ഥം.
മസീരിയുടെ ജീവ ചരിത്രങ്ങള്‍ കൂടുതല്‍ അറിയാന്‍ ‘അല്‍ ഉലമാഉല്‍ മുബ്ദിഊന്‍’ എന്ന ടെലിവിഷന്‍ പ്രോഗ്രാമില്‍ ജാസിം മുവത്വ ശൈഖ് മസീരിയുമായി നടത്തിയ അഭിമുഖം കേട്ടിരുന്നാല്‍ മതി. സയണിസം, സെക്കുലറിസം തുടങ്ങിയ വിഷയങ്ങളെ ഇഴകീറി വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും വിവിധ ടെലിവിഷന്‍ പ്രോഗ്രാമുകളും യൂറ്റിയൂബില്‍ ലഭ്യമാണ്. അല്‍ ജസീറ ചാനലില്‍ പ്രമുഖ ഈജിപ്ഷ്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ അഹ്‌മദ് മന്‍സൂര്‍ അവതരിപ്പിക്കുന്ന ‘ബിലാ ഹുദൂദെ’ന്ന പ്രോഗാമില്‍ മസീരിയുമായി നടത്തിയ അഭിമുഖമുണ്ട. മസീരിയെന്ന ചിന്താവൃക്ഷത്തിന്റെ വേരും ശിഖിരങ്ങളും ഒരു മണിക്കൂറിലധികം നീണ്ട് നില്‍ക്കൂന്ന ഈ അഭിമുഖത്തില്‍ കാണാനാകും. അദ്ദേഹത്തെ കുറിച്ച് അല്‍ജസീറ തന്നെ പുറത്തിറക്കിയ ഡോക്യുമെന്ററിയും ഏറെ പ്രയോജനപ്രദമാണ്. കാന്‍സര്‍ ബാധിതനായി 2008- ജൂലൈ രണ്ടിന് കൈറോയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സമകാലിക മധ്യപൗരസ്ത്യ പഠനങ്ങളിലെല്ലാം അദ്ദേഹത്തിന്റെ വിയോഗ ശേഷവും മസീരിയും മസീരിയന്‍ ചിന്തകളും കടന്ന് വരാറുണ്ടെന്നത് ഈ മഹാ പണ്ഡിതന്‍ ബാക്കിവെച്ച അടയാളങ്ങളുടെ മാഹാത്മ്യത വിളിച്ചോതുന്നുണ്ട്.
Add comment