Thelicham

ഫലസ്തീന്‍ : വംശഹത്യയുടെ ചരിത്രവും വംശീയ വിവേചനത്തിന്റെ വര്‍ത്തമാനവും

”Do you think we can make our home out of this mysterious tale? Why should we make it? A person inherits his country just as he inherits his language. Why are we the only people on earth who have to invent our homeland every day, otherwise everything is lost and we enter into eternal sleep? (Elias Khoury, Gate of the Sun)


ഏലിയാസ് ഖൂരിയുടെ ശ്രദ്ധേയമായ നോവലാണ് ബാബു അല്‍ ഷംസ് (സൂര്യ കവാടം). 1998-ലാണ് ഈ നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. 1948-ലെ നക്ബയെ അടിസ്ഥാനപ്പെടുത്തിയാണ് ഏലിയാസ് ഖൂരി ഈ നോവല്‍ രചിച്ചിരിക്കുന്നത്. ശാത്തില അഭയാര്‍ത്ഥി ക്യാമ്പിലെ ഗലീലി ഹോസ്പിറ്റലില്‍ മരണത്തോട് മുഖാമുഖം കിടക്കുന്ന യൂനുസിനോട് ഖലീല്‍ നടത്തുന്ന സുദീര്‍ഘമായ സംസാരമാണ് ഈ നോവല്‍. ഫലസ്തീന്‍ സായുധ പോരാട്ടത്തിലെ ഹീറോ പരിവേഷം നേടിയ ആളാണ് യൂനുസ്. ഖലീലിന്റെ സംസാരത്തില്‍ ഫലസ്തീന്‍ ചരിത്രം മുഴുവനായും കടന്നു വരുന്നു. യൂനുസ് ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യത വളരെ കുറവാണെന്ന് അറിയിക്കുമ്പോഴും, ‘ആയിരത്തൊന്ന് രാവുകളിലെ’ ഷഹര്‍സാദയെ പോലെ ഖലീല്‍ തന്റെ പറച്ചില്‍ അവസാനിപ്പിക്കുന്നില്ല. ഒടുക്കം ഖലീലിന്റെ കഥകള്‍ അവസാനിക്കുന്നിടത്ത് യൂനുസ് മരണപ്പെടുന്നു. നോവല്‍ അവസാനിക്കുകയും ചെയ്യുന്നു.


ആധുനിക ലോകക്രമത്തില്‍ വ്യവസ്ഥാപിതമായ രീതിയില്‍ വംശീയ വിവേചനവും വംശഹത്യയും നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രമാണ് ഇസ്രായേല്‍. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നൂറ്റാണ്ടുകളോളം ‘നാഗരികവല്‍ക്കരണ ദൗത്യം’ നടത്തിയ കൊളോണിയല്‍ ശക്തികളും അവര്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങളും ഇസ്രയേലിന്റെ വംശഹത്യ പദ്ധതികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന മാധ്യമ ചര്‍ച്ചകളും അഭിമുഖങ്ങളും ശ്രദ്ധിച്ചാല്‍ അക്കാര്യം വളരെ വ്യക്തമാണ്. പിയേഴ്‌സ് മോര്‍ഗന്‍ ഹുസാം സോംലോട്ടുമായും ബാസിം യൂസുഫുമായും നടത്തിയ അഭിമുഖങ്ങള്‍ ഉദാഹരണം. ഇസ്രായേല്‍ ഗാസയില്‍ യുദ്ധം ആരംഭിച്ച ഉടനെ തന്നെ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അമേരിക്കന്‍ യുദ്ധക്കപ്പലായ യുഎസ്എസ് ജറാള്‍ഡ് ഫോര്‍ഡ് 5000 സൈനിക സമേതം, ഇസ്രായേല്‍ ആക്രമണത്തെ സഹായിക്കാന്‍ കിഴക്കന്‍ മെഡിറ്ററേനിയന്‍ ഭാഗത്തേക്ക് അയക്കുകയാണ് ചെയ്തത്. എക്കാലത്തും ഫലസ്തീനുമായി ബന്ധപ്പെട്ട് അമേരിക്ക സ്വീകരിച്ച നിലപാട് ഇത് തന്നെയായിരുന്നു. ഫലസ്തീന്‍ ചരിത്രത്തിലെ സുപ്രധാന അധ്യായമായ നക്ബയെ കുറിച്ചും നിലവില്‍ ഇസ്രായേല്‍ കൃത്യമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വംശീയ വിവേചനത്തെയും ചരിത്രപരമായി അമേരിക്ക ഏതെല്ലാം വിധത്തിലാണ് ഇസ്രായേലിന് പിന്തുണ നല്‍കിയത് എന്നതിനെ കുറിച്ചുമാണ് ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്നത്.


തുടരുന്ന ‘നക്ബ’

 

നക്ബ എന്നാല്‍ അറബിയില്‍ ദുരന്തം എന്നാണ് അര്‍ഥം. 1948-ലെ നക്ബ ഫലസ്തീന്‍ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ സംഭവങ്ങളില്‍ ഒന്നാണ്. ക്രമേണയുള്ള സയണിസ്റ്റ് കോളനിവല്‍ക്കരണം അതിന്റെ മൂര്‍ച്ച പ്രാപിച്ചപ്പോഴാണ് നക്ബ സംഭവിച്ചത്. അക്രമോല്‍സുകമായ കുടിയൊഴിപ്പിക്കലില്‍ പതിമൂന്നായിരം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 5300 ഫലസ്തീന്‍ ഗ്രാമങ്ങളും 62000 വീടുകളും സയണിസ്റ്റുകള്‍ തകര്‍ക്കുകയും ചെയ്തു. ഏഴര ലക്ഷം പലസ്തീനികളാണ് അന്ന് അഭയാര്‍ത്ഥികളായത്. ഈ വംശഹത്യ പദ്ധതിയിലൂടെയാണ് ഇസ്രായേല്‍ എന്ന രാഷ്ട്രം സ്ഥാപിക്കപ്പെടുന്നത്. അതോടെ ഫലസ്തീന്‍ സമ്പൂര്‍ണ്ണമായി ശിഥിലീകരിക്കപ്പെട്ടു എന്ന് തന്നെ പറയാം. അഭയാര്‍ഥികളായ ഭൂരിപക്ഷം പേരും ഗാസ, വെസ്റ്റ് ബാങ്ക് എന്ന ചെറിയ രണ്ട് പ്രദേശങ്ങളില്‍ അഭയം തേടി. മൂന്നു ലക്ഷത്തോളം പേര്‍ സമീപത്തുള്ള അറബ് രാജ്യങ്ങളില്‍ അഭയാര്‍ഥികളായി. ഐലാന്‍ പാപ്പയെ പോലുള്ള ജെവിഷ് നവ ചരിത്രകാരന്മാര്‍ (New Historians) ഈ സംഭവത്തെ വിളിക്കുന്നത് ‘Ethnic Cleansing’ എന്നാണ്. സയണിസ്റ്റുകള്‍ എങ്ങനെയെല്ലാം ഈ വംശഹത്യ ആസൂത്രണം ചെയ്തുവെന്നും കൃത്യമായി നടപ്പിലാക്കിയെന്നും ഐലന്‍ Ethnic Cleansing എന്ന തന്റെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ആദ്യം സയണിസ്റ്റുകള്‍ കൃത്യമായ സായുധ തയ്യാറെടുപ്പുകള്‍ നടത്തുകയുണ്ടായി. ഓര്‍ഡേ ചാള്‍സ് വിന്‍ഗേറ്റ് എന്ന ബ്രിട്ടീഷ് സൈനിക ഓഫീസറാണ് ജൂതരാഷ്ട്ര നിര്‍മ്മിതിക്ക് സൈനികശേഷി അനിവാര്യമാണെന്ന് സയണിസ്റ്റ് നേതാക്കളെ ഉണര്‍ത്തുന്നതും അതിന് ആവശ്യമായ പരിശീലനവും സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നതും.


അടുത്ത ഘട്ടമെന്നോണം ഫലസ്തീനിലെ ഗ്രാമങ്ങളെ കുറിച്ച് സൂക്ഷ്മമായ വിവരങ്ങളടക്കം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വിവര ശേഖരണമായിരുന്നു. ഹീബ്രു യൂണിവേഴ്‌സിറ്റിയിലെ ചരിത്രകാരനായ ബെന്‍ സിയോണ്‍ ലൂറിയ ആണ് ഈയൊരു നിര്‍ദേശം മുന്നോട്ടു വെച്ചത്. എന്നിട്ട് വിവര ശേഖരണത്തിനായി ജെ.എന്‍.എഫിനെ (Jewish National Fund) ഏല്പിക്കുകയും ചെയ്തു. നക്ബയെയും സയണിസ്റ്റ് കൊളോണിയലിസത്തെയും ഓര്‍ക്കുമ്പോള്‍ ഒരിക്കലും വിട്ടുപോവാന്‍ പാടില്ലാത്ത പേരാണ് ജെഎന്‍എഫും അതിന്റെ തലമുതിര്‍ന്ന നേതാവ് യോസഫ് വെയ്ട്‌സും. ഫലസ്തീന്‍ കോളനിവല്‍ക്കരണത്തിന് സയണിസത്തിന്റെ ഏറ്റവും സുപ്രധാന ആയുധമായിരുന്നു 1901-ല്‍ സ്ഥാപിക്കപ്പെട്ട ജെ.എന്‍.എഫ് അങ്ങനെ 1930കളുടെ തുടക്കത്തില്‍ തന്നെ ഓരോ ഫലസ്തീനിയന്‍ ഗ്രാമങ്ങളെക്കുറിച്ചുമുള്ള വിവരശേഖരണം പൂര്‍ത്തിയായി. ഓരോ ഗ്രാമത്തിന്റെയും ഭൂപ്രകൃതിയുടെ സ്ഥാനം, പ്രവേശന റോഡുകള്‍, ഭൂമിയുടെ ഗുണനിലവാരം, ജലസ്രോതസ്സുകള്‍, പ്രധാന വരുമാന സ്രോതസ്സുകള്‍, അതിന്റെ സാമൂഹിക രാഷ്ട്രീയ ഘടന, മതപരമായ ബന്ധങ്ങള്‍, അതിന്റെ മുഖ്താര്‍മാരുടെ പേരുകള്‍, അതിന്റെ മറ്റ് ഗ്രാമങ്ങളുമായുള്ള ബന്ധം, വ്യക്തിഗത പുരുഷന്മാരുടെ പ്രായം (പതിനാറ് മുതല്‍ അമ്പത് വരെ) കൂടാതെ പലതും. ഒരു പ്രധാന വിഭാഗം സയണിസ്റ്റ് പദ്ധതിയോടുള്ള വിരോധത്തിന്റെ സൂചികയായിരുന്നു.


ഈ സൂക്ഷ്മമായ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ബെന്‍ ഗൂറിയാനിന്റെ നേതൃത്വത്തില്‍ സയണിസ്റ്റുകള്‍ 1948-ലെ വംശഹത്യ നടപ്പിലാക്കിയത്. ബെന്‍ഗൂറിയാന്‍ തന്റെ മകന് എഴുതിയ കത്തില്‍ പറയുന്നത്, ഫലസ്തീനികള്‍ ഒരിക്കലും സ്വച്ഛഷ്ടപ്രകാരം ഒഴിഞ്ഞുപോവില്ല, അതിനാല്‍ തന്നെ നമുക്കവരെ ഇവിടെ നിന്ന് ബലം പ്രയോഗിച്ചു തന്നെ പുറന്തള്ളേണ്ടിവരും എന്നാണ്. യോസഫ് വെയ്ട്‌സും തന്റെ ഡയറിയില്‍ ഇപ്രകാരം കുറിച്ചിട്ടിരുന്നു: ‘ഈ ഭൂമിയില്‍ രണ്ട് ജനതക്ക് സ്ഥാനമില്ല എന്ന് നമുക്ക് വ്യക്തമാണ്.’


നക്ബക്കു ശേഷം സയണിസ്റ്റുകള്‍ തങ്ങളുടേതായ ആഖ്യാനങ്ങള്‍ നിര്‍മിക്കുകയും ഫലസ്തീനികള്‍ സ്വച്ഛഷ്ടപ്രകാരം ഒഴിഞ്ഞു പോയതാണെന്നുമുള്ള വിശകലനങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ദീര്‍ഘകാലം മുഖ്യധാരയില്‍ ഉണ്ടായിരുന്നതും ഈ സയണിസ്റ്റ് ആഖ്യാനങ്ങള്‍ തന്നെയായിരുന്നു എന്നതാണ് ശ്രദ്ധേയം. പിന്നീട് പുറത്തുവന്ന ആര്‍ക്കൈവല്‍ രേഖകള്‍, ഫലസ്തീനികളുടെ അനുഭവങ്ങളുടെ ഓര്‍മ്മകള്‍ എന്നിവ മുന്‍നിര്‍ത്തി ഫലസ്തീനിയന്‍ ചരിത്രകാരന്മാരും ഇസ്രായേലില്‍ നിന്ന് തന്നെയുള്ള നവ ചരിത്രകാരന്മാരുമാണ് സയണിസ്റ്റ് ആഖ്യാനങ്ങളെ അപനിര്‍മ്മിക്കുന്നതും അന്ന് സയണിസ്റ്റുകള്‍ നടത്തിയ വംശഹത്യയുടെ ആഴം ലോകത്തിന് മുന്നില്‍ തുറന്നു കാട്ടിയതും.


സിറിയന്‍ ചിന്തകനായ കോണ്‍സ്റ്റന്റൈന്‍ സുറൈഖ് ആണ് ‘മഅന അല്‍ നക്ബ’ എന്ന തന്റെ പുസ്തകത്തില്‍ ഈ സംഭവത്തെ നക്ബ (ദുരന്തം) എന്ന അര്‍ത്ഥത്തില്‍ പ്രയോഗിക്കുന്നത്. പക്ഷെ നക്ബ ഒരു രാഷ്ട്രീയ പ്രയോഗമായി പ്രചാരത്തില്‍ വരുന്നത് പിന്നെയും അനവധി വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. വലിയൊരു വംശഹത്യയെ, സുദീര്‍ഘമായ ആക്രമ പരമ്പരയെ, തങ്ങളുടെ ആഖ്യാനങ്ങള്‍ വഴി എത്രശക്തമായി സയണിസ്റ്റുകള്‍ മറച്ചുവെച്ചു എന്ന് ഇത് കാണിക്കുന്നുണ്ട്. 1980കള്‍ മുതല്‍ മാത്രമാണ് നക്ബ രാഷ്ട്രീയ വിശകലനങ്ങളില്‍ വരുന്നത്. വലീദ് ഖാലിദി, സല്‍മാന്‍ അബു സിത്ത തുടങ്ങിയ ഫലസ്തീനിയന്‍ ചരിത്രകാരന്മാരുടെ അക്കാദമികമായ അധ്വാനമാണ് നക്ബയെ ഫലസ്തീന്റെ രാഷ്ട്രീയ ചര്‍ച്ചാ ഭൂപടത്തിലേക്ക് ശക്തമായി കൊണ്ടുവരുന്നത്. ശേഷം ഇസ്രായേലില്‍ നിന്ന് തന്നെയുള്ള സിംഹ ഫ്‌ലാപന്‍ (The Birth of Israel: Myths and Realities), ബെന്നി മോറിസ് (The Birth of the Palestinian Refugee Problem, 1947-1949), ഐലാന്‍ പാപ്പേ (Britain and the Arab-Israeli Conflict, 1948-1951), അവി ശ്ലൈമ് (Collusion Across the Jordan) എന്നിവരുടെ പഠനങ്ങള്‍ കൂടി പുറത്തുവന്നതോടെ നക്ബ പ്രയോഗം കൂടുതല്‍ പ്രചാരം നേടി.


ഇസ്രായേല്‍ എന്ന അപാര്‍തീഡ് സ്റ്റേറ്റ്


ഫലസ്തീനിയന്‍ ചിന്തകനായ ഫൈസ് സായെഗ് സയണിസ്റ്റ് കൊളോണിയലിസത്തെ കുറിച്ച് സവിശേഷമായ ഒരു നിരീക്ഷണം മുന്നോട്ടു വെക്കുന്നുണ്ട്. യൂറോപ്യന്‍ കൊളോണിയലിസം അടിസ്ഥാനപരമായി വംശീയ ആധിപത്യമായിരുന്നെങ്കില്‍ സയണിസ്റ്റ് കൊളോണിയലിസത്തിന്റെ അടിസ്ഥാനം വംശീയ ഉന്മൂലനം ആണ് എന്നാണ് ഫെയ്സ് നിരീക്ഷിക്കുന്നത്. സായെഗിന്റെ ശ്രമഫലമായാണ് 1975-ല്‍ സയണിസം വംശീയതയാണെന്ന പ്രമേയം യു എന്‍ ജനറല്‍ അസംബ്ലി പാസാക്കുന്നത്. 1991-ല്‍ മാഡ്രിഡ്, ഓസ്ലോ സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന്റെ നിബന്ധനകളുടെ ഭാഗമായി ഈ പ്രമേയം പിന്‍വലിക്കാന്‍ പിഎല്‍ഒ സമ്മതിക്കുകയുണ്ടായി.


കൃത്യമായ നിയമ നിര്‍മ്മാണങ്ങളിലൂടെയും നിയമ നവീകരണങ്ങളിലൂടെയും ഇസ്രായേല്‍ ഒരു അപാര്‍തീഡ് രാഷ്ട്രമായി ഇപ്പോഴും നിലനില്‍ക്കുന്നു എന്നതാണ് സത്യം. ഇത് പക്ഷെ ആര്‍ക്കും അലോസരമുണ്ടാക്കുന്നില്ല. ഇസ്രായേലില്‍ ജൂതര്‍ക്ക് സവിശേഷ പരിരക്ഷയും പ്രത്യേകമായ നിയമങ്ങളും അല്ലാത്തവര്‍ക്ക് തീര്‍ത്തും വ്യത്യസ്തമായ നിയമ നടപടികളും ആണ് ഉണ്ടാവുക. ഒരു ജൂതന്‍ ഒരു കുറ്റ കൃത്യം ചെയ്താല്‍ സിവില്‍ കോടതിയിലേക്കും അല്ലാത്തവര്‍ മിലിട്ടറി കോടതിയിലേക്കുമാണ് പോവേണ്ടി വരിക. ഈയടുത്ത് പുറത്തുവന്ന ഹ്യൂമന്‍ റൈറ്‌സ് വാച്ചിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു: ‘A Threshold Crossed: Israeli Authorities and the Crimes of Apartheid and Persecution’. ഫലസ്തീനികള്‍ക്ക് മേല്‍ ഇസ്രായേല്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍, വ്യവസ്ഥാപിത അടിച്ചമര്‍ത്തലുകള്‍, വിവേചന നടപടികള്‍ എന്നിവ മുന്‍ നിര്‍ത്തിയാണ് ഹ്യൂമന്‍ റൈറ്‌സ് വാച്ച് ഈ റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ഇസ്രയേലിനെ കുറിച്ച് Apartheid എന്ന പദം ചിന്തകരും ആക്ടിവിസ്റ്റുകളും നിരന്തരം ഉപയോഗിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ മനുഷ്യാവകാശ വ്യവഹാരങ്ങളിലും രാഷ്ട്രീയ ഭാഷയിലും അത് കടന്നുവരുന്നു എന്നത് നല്ല ഒരു സൂചന തന്നെയാണ്.


അടുത്തായി ഇസ്രായേലിലെ വലിയ മനുഷ്യാവകാശ സംഘടനകളില്‍ ഒന്നായ B’Tselem ന്റെ ഇസ്രായേലിലെ അപ്പാര്‍ത്തീഡിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തു വന്ന ശേഷമാണ് ഈ ചര്‍ച്ച വീണ്ടും സജീവമായത്. വിവേചനം നടപ്പാക്കുന്ന വ്യത്യസ്ത രീതികള്‍ റിപ്പോര്‍ട്ട് കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. ഫലസ്തീനികളെ നാല് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ആദ്യത്തേത് ഇസ്രായേലിലെ ഫലസ്തീന്‍ പൗരന്മാരാണ്. അവര്‍ക്ക് നിലവില്‍ കൂടുതല്‍ സഞ്ചാരസ്വാതന്ത്ര്യം (ഫലസ്തീനിലെ മറ്റ് ഗ്രൂപ്പുകളേക്കാള്‍) ഉണ്ട്. കൂടാതെ, അവര്‍ പൊതുജീവിതത്തില്‍ നിരവധി അസമത്വങ്ങളും നിയന്ത്രണങ്ങളും അനുഭവിക്കുന്നുണ്ടെങ്കിലും ഇസ്രായേല്‍ നെസെറ്റ് തിരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാനുള്ള അവകാശം നല്‍കിയിട്ടുണ്ട്. രണ്ടാമത്തെ വിഭാഗം കിഴക്കന്‍ ജറുസലേമില്‍ താമസിക്കുന്ന ഫലസ്തീനികള്‍, അവര്‍ പക്ഷെ പൗരന്മാരല്ല. മൂന്നാമത്തേത് അധിനിവേശ വെസ്റ്റ് ബാങ്കിന്റെ ബാക്കി ഭാഗങ്ങളില്‍ താമസിക്കുന്നവരാണ്. നാലാമത്തേത് ഗാസാ മുനമ്പിലെ താമസക്കാരാണ്. അഞ്ചാമത്തെ വിഭാഗമാണ് ഫലസ്തീനിയന്‍ അഭയാര്‍ത്ഥികള്‍. അവര്‍ രാജ്യത്തേക്ക് മടങ്ങുന്നത് ഇസ്രായേല്‍ പൂര്‍ണ്ണമായും വിലക്കിയിരിക്കുന്നു. ഈ ഗ്രൂപ്പുകള്‍ ഓരോന്നും വ്യത്യസ്തമായ രീതിയിലാണ് വിവേചനം അനുഭവിക്കുന്നത്. എന്നാല്‍, മൊത്തത്തിലുള്ള സ്‌കീമിനെ നിയന്ത്രിക്കുന്നത് ജൂതന്മാര്‍ക് ജൂതന്മാര്‍ അല്ലാത്തവരെക്കാള്‍ വിശേഷാധികാരം നല്‍കുന്ന അതേ പ്രത്യയശാസ്ത്രവും നയവുമാണ്.


മൂന്ന് പ്രധാനപ്പെട്ട സൂചികകള്‍ വിശകലനം ചെയ്തിട്ടാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഇസ്രായേല്‍ ഒരു അപാര്‍തീഡ് രാഷ്ട്രമാണെന്ന് നിരീക്ഷിക്കുന്നത്

    1. വ്യവസ്ഥാപിതമായി വംശീയ അടിച്ചമര്‍ത്തലും വിവേചനവും നടത്തുന്ന ഭരണകൂടം.
      അധിനിവേശ പ്രദേശങ്ങളില്‍ ഇസ്രായേലി കുടിയേറ്റക്കാര്‍ക്ക് ഫലസ്തീനികളെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തമായ നിയമപരമായ അവകാശങ്ങളുണ്ട്. അധിനിവേശ പ്രദേശങ്ങളിലെ ഇസ്രായേലി കുടിയേറ്റക്കാര്‍ക്ക് ഇസ്രായേല്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാമെങ്കിലും ഫലസ്തീനികള്‍ക്കതിന് കഴിയില്ല. ഇസ്രായേലി കുടിയേറ്റക്കാര്‍ക്ക് അധിനിവേശ പ്രദേശങ്ങളിലൂടെയും ഇസ്രായേലിലേക്കും സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയും അതേസമയം, ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ഫലസ്തീനികള്‍ക്ക് കഴിയില്ല. അവര്‍ പെര്‍മിറ്റുകള്‍ക്ക് അപേക്ഷിക്കണം. അത് ലഭിക്കാന്‍ പ്രയാസമാണ്. ഗാസയിലെ ഭൂരിഭാഗം ഫലസ്തീനികള്‍ക്കും പ്രദേശം വിട്ടുപോകാന്‍ കഴിയില്ല. വെസ്റ്റ്ബാങ്കിലുള്ളവര്‍ക്ക് അധിനിവേശ പ്രദേശത്തുകൂടിയും പുറത്തേക്കും സഞ്ചരിക്കാന്‍ കഠിനമായ സൈനിക ചെക്ക്പോസ്റ്റുകള്‍ അഭിമുഖീകരിക്കേണ്ടതുണ്ട്. ഇസ്രായേലി കുടിയേറ്റക്കാര്‍ക്ക് രാഷ്ട്രീയ സംസാരത്തിനും പ്രതിഷേധത്തിനും സ്വാതന്ത്ര്യമുണ്ടെങ്കിലും സൈനിക ഉത്തരവുകളാല്‍ ഭരിക്കപ്പെടുന്ന ഫലസ്തീനികള്‍ക്ക് ഈ അവകാശങ്ങള്‍ ഇല്ല. വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ എന്‍ക്ലേവുകള്‍ മതിലുകള്‍ കെട്ടി പരസ്പരം ഒറ്റപ്പെടുത്തുകയും ചില റോഡുകള്‍ ഫലസ്തീന്‍, ഇസ്രായേലി ഗതാഗതത്തിനായി വേര്‍തിരിക്കുകയും ചെയ്തിട്ടുണ്ട്. 1950-ലെ ‘ലോ ഓഫ് റിട്ടേണ്‍’ പ്രകാരം ഏതൊരു ജൂതനും ഇസ്രായേലിലേക്ക് മാറാനും പൗരനാകാനും സാധിക്കും. അതേസമയം ഫലസ്തീന്‍കാര്‍ക്ക് അവരുടെ കുടുംബങ്ങള്‍ മുമ്പ് കുടിയിറക്കപ്പെട്ടവരാണെങ്കില്‍ പോലും ഈ അവകാശം ഇല്ല.

    1. ഒരു വംശീയ വിഭാഗത്തിന്റെ ആധിപത്യം നിലനിര്‍ത്താനുള്ള ഉദ്ദേശ്യം
      ഇസ്രായേല്‍ ഒരു അപാര്‍തീഡ് രാഷ്ട്രമാണെന്ന് പറയുന്നവര്‍ ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യമാണ് 2018-ലെ നാഷന്‍ സ്റ്റേറ്റ് നിയമത്തിലെ ഒരു ഭാഗം. ഫലസ്തീനികളും ലിബറല്‍ ഇസ്രായേല്‍ ജൂതന്മാരും ജനാധിപത്യവിരുദ്ധമെന്ന് വിമര്‍ശിച്ച ആ നിയമം ‘ഇസ്രായേല്‍ രാഷ്ട്രത്തിലെ ദേശീയ സ്വയം നിര്‍ണ്ണയത്തിനുള്ള അവകാശം ജൂത ജനതക്ക് മാത്രമുള്ളതാണ്’ എന്ന് കൃത്യമായി വിവരിക്കുന്നുണ്ട്. ഫലസ്തീനികളെയും ഇസ്രായേലികളെയും തുല്യമായി പരിഗണിക്കുന്ന ഏക-രാഷ്ട്ര പരിഹാരത്തിന് ആഗ്രഹമില്ലെന്ന രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തെയും ഫലസ്തീനികള്‍ രണ്ടാംതരം പൗരന്മാരാണെന്ന കാഴ്ചപ്പാടിനെയും ഈ നിയമം അരക്കിട്ടുറപ്പിക്കുന്നു. ഇസ്രായേല്‍ ജൂതന്മാരുടെ മാത്രം ദേശീയ രാഷ്ട്രം ആണെന്നായിരുന്നു 2019-ല്‍ നെതന്യാഹുവിന്റെ പ്രസ്താവന. പലസ്തീനികളെ ബാരിക്കേഡ് പോപ്പുലേഷന്‍ റിസര്‍വുകളിലേക്ക് ഒതുക്കിക്കൊണ്ട്, നിലവിലുള്ളതും ഭാവിയിലെയും ജൂത കുടിയേറ്റത്തിനായി ഭൂപ്രദേശം വിപുലീകരിക്കുന്നതിനായി അധിനിവേശ പ്രദേശത്തിന്റെ മുഴുവന്‍ നിയന്ത്രണം നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്നതായി ഇസ്രായേല്‍ രാഷ്ട്രീയ നേതാക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

    1. ഭരണത്തിന്റെ പ്രധാന ഭാഗമായി തന്നെ നടക്കുന്ന തുടര്‍ച്ചയായ മനുഷ്യ വിരുദ്ധ നടപടികള്‍ മനുഷ്യ വിരുദ്ധ നടപടികളുടെ കൂട്ടത്തില്‍ യു എന്‍ എണ്ണുന്ന പലതും ഇസ്രായേല്‍ ഭരണകൂടം നടപ്പിലാക്കുന്നുണ്ട്. അതിലേറ്റവും ഭീകരമായ ഒന്നാണ് ഗാസ എന്ന തുറന്ന ജയില്‍. 2007-ല്‍ ഹമാസ് അധികാരം നേടിയത് മുതല്‍ ഭീകരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ഗാസ നിവാസികളെ ഇസ്രായേല്‍ പീഡിപ്പിക്കുന്നത്. പ്രാഥമികമായ മനുഷ്യാവകാശങ്ങള്‍ പോലും അവര്‍ക്ക് ലഭ്യമാവുന്നില്ല. ഗാസയിലെ രണ്ടു മില്യണ്‍ ഫലസ്തീനികള്‍ക്ക് ഗസ്സക്ക് പുറത്തേക്ക് സഞ്ചരിക്കാന്‍ പോലും എളുപ്പത്തില്‍ സാധ്യമല്ല. അവിടേക്കുള്ള ആവശ്യവസ്തുക്കളുടെ വിതരണം, തുറമുഖത്തിന്റെയും എയര്‍പോര്‍ട്ടിന്റെയും ഉപയോഗം എല്ലാം നിയന്ത്രിക്കുന്നത് ഇസ്രായേല്‍ ആണ്. ഗാസയിലുള്ളവര്‍ക്ക് വെസ്റ്റ് ബാങ്കിലേക്ക് സഞ്ചരിക്കാന്‍ പോലും ഇസ്രായേല്‍ അനുവദിക്കുന്നില്ല. ഹമാസിന്റെ ഭീകരവാദ ആശയങ്ങള്‍ വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളെ കൂടി ബാധിക്കും എന്നതാണ് ഇസ്രായേല്‍ അതിന് ഉന്നയിക്കുന്ന ന്യായം. ആ അര്‍ത്ഥത്തില്‍ വര്‍ഷങ്ങളോളമായി ഗാസയില്‍ ഫലസ്തീനികള്‍ അനുഭവിക്കുന്ന വിവേചനത്തിന്റെയും അവകാശ നിഷേധങ്ങളുടയും സ്വാഭാവികമായ ഒരു തിരിച്ചടി മാത്രമാണ് ഒക്ടോബര്‍ 7-ന് ഫലസ്തീനികള്‍ ഹമാസിന്റെ നേതൃത്വത്തില്‍ നടത്തിയത്. എക്കാലവും ഒരു വിഭാഗം തങ്ങളുടെ പീഡനങ്ങള്‍ സ്വീകരിച്ചു ജീവിക്കണമെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്?

അമേരിക്കന്‍ പിന്തുണയുടെ ചരിത്രം


2006-ല്‍ ജോണ്‍ മെര്‍ഷയ്മാറും സ്റ്റീഫന്‍ വാട്ടും ചേര്‍ന്നാണ് ‘The Israel Lobby’ എന്ന ലേഖനം പ്രസിദ്ധീകരിക്കുന്നത്. അമേരിക്കയിലെ ജൂത ലോബി പ്രത്യേകിച്ച് ഐപാക് (American Israel Public Affairs Committee (AIPAC)) എങ്ങനെയാണ് പശ്ചിമേഷ്യയിലെ അമേരിക്കന്‍ വിദേശ നയരൂപീകരണത്തെ സ്വാധീനിക്കുന്നതും അതില്‍ ഇടപെടുന്നതും എന്ന് വിശദീകരിക്കുന്ന പഠനമായിരുന്നു അത്. അമേരിക്കന്‍ ദേശീയ താല്‍പര്യങ്ങളെ പോലും മറികടന്നുകൊണ്ടാണ് ജൂത ലോബി ഇതില്‍ ഇടപെടുന്നത് എന്നതായിരുന്നു അവരുടെ വാദങ്ങളുടെ പ്രധാന സംഗ്രഹം.1960കള്‍ മുതല്‍ അത്രമേല്‍ രൂക്ഷമായി സയണിസത്തെയും അമേരിക്കന്‍ വിദേശനയത്തെയും വിമര്‍ശിക്കുന്ന ഇടപെടലുകള്‍ അമേരിക്കന്‍ പൊതുമണ്ഡലത്തില്‍ ഉണ്ടായിട്ടില്ല. അമേരിക്കന്‍ വിദേശനയത്തെ കുറച്ചുകൂടി ചരിത്രപരമായി സമീപിക്കുന്നതാണ് ഇലാന്‍ പാപ്പയുടെ പഠനങ്ങള്‍.


പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ തന്നെ ഇന്നത്തെ ഫലസ്തീന്‍ പ്രദേശത്ത് അമേരിക്കയില്‍ നിന്നുള്ള മിഷനറിമാര്‍ എത്തിയിട്ടുണ്ട്. ആ പ്രദേശത്തെ ആളുകള്‍ കൂട്ടമായി ക്രിസ്ത്യാനിറ്റിയിലേക്ക് മതപരിവര്‍ത്തനം ചെയ്യുമെന്നും അങ്ങനെ മിശിഹായുടെ രണ്ടാം വരവ് ഉണ്ടാവുമെന്നുമുള്ള ബിബ്ലിക്കല്‍ വിശ്വാസമായിരുന്നു ഇതിന് പിന്നിലുണ്ടായിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ക്ക് തന്നെ ഇവ്വിഷയകമായി എന്ത് നിലപാട് സ്വീകരിക്കണമെന്ന സംവാദം അമേരിക്കയില്‍ ആരംഭിക്കുന്നുണ്ട്. ഒരു വശത്ത്, സുവിശേഷകന്‍ വില്യം ബ്ലാക്‌സ്റ്റോണും മറുവശത്ത് ജറുസലേമിലെ അമേരിക്കന്‍ കോണ്‍സുല്‍ സലേഹ് മെറിലുമായിരുന്നു. 1891-ലെ പ്രശസ്തമായ പ്രൊട്ടസ്റ്റന്റ് സമ്മേളനത്തില്‍ ഫലസ്തീന്‍ തങ്ങളുടെ പുരാതന നാടാണ് എന്ന ജൂതന്മാരുടെ വാദത്തെ പിന്തുണക്കണമെന്ന് ബ്ലാക്‌സ്റ്റോണ്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബെഞ്ചമിന്‍ ഹാരിസണോട് ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍, സയണിസം ഒരു മതപരമായ വിശുദ്ധ പദ്ധതി അല്ലെന്നും കൃത്യമായ കോളനിവല്‍ക്കരണം ആണെന്നുമായിരുന്നു മെറിലിന്റെ വാദം. ക്രമേണ ബ്ലാക്സ്റ്റോണിന്റെ സുവിശേഷ പ്രസംഗങ്ങള്‍ പ്രചാരം നേടുകയും മെറിലിന്റെ വാദങ്ങള്‍ വിസ്മരിക്കപ്പെടുകയും ചെയ്തു.


അറബികളെ കുറിച്ചും ഇസ്‌ലാമിനെ കുറിച്ചും അമേരിക്കന്‍ പൊതുബോധത്തില്‍ ‘ഓറിയന്റലിസറ്റ്’ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തിയത് ഈ മിഷണറിമാര്‍ ആണെന്ന് എഡ്വേഡ് ഏര്‍ലെ സൂചിപ്പിക്കുന്നുണ്ട്. 1948-ലെ ഇസ്രായേല്‍ രൂപീകരണം അമേരിക്കയിലെ മെസിയാനിക് ക്രിസ്ത്യന്‍സിനെ സംബന്ധിച്ചിടത്തോളം മിശിഹായുടെ രണ്ടാം വരവിന്റെ ഏറ്റവും സുപ്രധാന അടയാളമായിരുന്നു എന്ന് കാണാം.

അമേരിക്കന്‍-ജൂത ബന്ധത്തെ നിര്‍ണയിച്ച മറ്റൊരാള്‍ സുവിശേഷകനായ സൈറസ് ഫീല്‍ഡ് ആയിരുന്നു. അയാള്‍ അക്രമോല്‍സുകമായ വ്യാഖ്യാനങ്ങള്‍ ചേര്‍ത്ത പുതിയ ബൈബിള്‍ പഠനം തന്നെ പുറത്തിറക്കി. നിലവിലെ അമേരിക്കന്‍ നിലപാടുകളുടെ കാതലായ ജൂതന്മാരുടെ മടക്കം, ഇസ്‌ലാമിന്റെ തകര്‍ച്ച, അമേരിക്കന്‍ സൂപ്പര്‍ പവര്‍ എന്നിവ തന്നെയായിരുന്നു ആ പഠനത്തിന്റെ ആകെത്തുക. അതിന് വമ്പിച്ച വേരോട്ടം ഉണ്ടാവുകയും അതിനെ ഉപജീവിച്ചു കൊണ്ട് അനവധി ഗ്രന്ഥങ്ങള്‍ രചിക്കപ്പെടുകയും ചെയ്തു. അവയിലെല്ലാം പറയുന്നത് ഇസ്രായേലിന് നിരുപാധികമായ പിന്തുണ നല്‍കേണ്ടതിനെ കുറിച്ചാണ്. ഇതിന്റെ ഒരു വികാസം നാം വര്‍ഷങ്ങള്‍ കഴിഞ്ഞ് കാണുന്നുണ്ട്.  1978-ല്‍ അന്നത്തെ പ്രധാനമത്രി മേനാഷിം ബെഗിന്‍ ക്രിസ്ത്യന്‍ ഫണ്ടമെന്റലിസ്റ്റുകളുമായി ഔദ്യോഗികമായി ബന്ധം ആരംഭിച്ചു. അവര്‍ക്ക് സൗത്ത് ലെബനാനില്‍ ടിവി സ്റ്റേറഷന്‍ തുടങ്ങാന്‍ സഹായം നല്‍കുകയും 1980-ല്‍ ജറുസലേമില്‍ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ എംബസി തുറക്കുകയും ചെയ്തു. ഹാരി ട്രൂമാന്റെയും ഐസന്‍ഹോവറിന്റെയും സമയത്ത് മൂന്നു ഘട്ടങ്ങളിലായി ഇസ്രായേലിന് അമേരിക്കയില്‍ നിന്ന് ഉപരോധ ഭീഷണികള്‍ ഉണ്ടായി. നക്ബയില്‍ അഭയാര്‍ഥികളായ ഫലസ്തീനികളുടെ മടങ്ങിവരവിനെ കുറിച്ചും സൂയസ് പ്രശ്‌ന സമയത്തുമായിരുന്നു അത്. ഇത് തങ്ങള്‍ക്ക് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കിയേക്കുമെന്ന് മനസ്സിലാക്കിയ സയണിസ്റ്റുകള്‍ ലോബിയിങ് വീണ്ടും ശക്തിപ്പെടുത്തുകയുണ്ടതായി. ഇസയ്യ കെനാന്‍ ആയിരുന്നു അതിന് നേതൃത്വം നല്‍കിയത്. കെനാന്റെ നേതൃത്വത്തില്‍ ഒരു ജേണല്‍ തന്നെ സ്ഥാപിക്കുകയും അമേരിക്കന്‍ ഗവണ്‍മെന്റ് ജൂത വിരുദ്ധ നിലപാടുകള്‍ കൈകൊള്ളുന്നുവെന്ന രീതിയില്‍ അസംഖ്യം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

 

1963 വരെ ജൂതലോബി നിരന്തര പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. ഇതില്‍ അതൃപ്തനായ അമേരിക്കന്‍ സെനറ്റര്‍ വില്യം ഫുള്‍ബ്രൈറ്റ് ഇതിനെ കുറിച്ച് അന്വേഷണം വേണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസില്‍ ആവശ്യമുന്നയിക്കുകയുണ്ടായി. അങ്ങനെ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ പുറത്തുവന്നു. മില്യണ്‍ കണക്കിന് ഡോളറുകള്‍ നികുതിയില്ലാതെ ഇസ്രായേല്‍ സര്‍ക്കാരിന് സഹായം എന്ന പേരില്‍ പോവുന്നതും എന്നാല്‍ ആ പണം അവിടെ ചിലവഴിക്കാതെ ഐപാക്കിന്റെ അക്കൗണ്ടിലേക്ക് തിരിച്ചെത്തുന്നതും കണ്ടെത്തി. പക്ഷെ ഇതില്‍ ക്ഷുഭിതരായ ജൂത ലോബി ഫുള്‍ബറൈറ് പിന്നീട് ഒരിക്കലും സെനറ്ററായി തെരെഞ്ഞെടുക്കപെടില്ല എന്ന് തങ്ങളുടെ പ്രവര്‍ത്തങ്ങളിലൂടെ ഉറപ്പ് വരുത്തി. പിന്നീട് നിക്സണ്‍ പ്രസിഡന്റായും ഹെന്റി കിസിഞ്ചര്‍ സെക്രട്ടറി ആയും വന്നതോടെയാണ് ഐപാക് തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നത്. ഇസ്രയേലിനെ ഏറ്റവും സുപ്രധാന കക്ഷിയായി പരിഗണിച്ചു കൊണ്ടാണ് നിക്‌സണ്‍ തന്റെ മിഡിലീസ്റ്റ് നയം രൂപീകരിച്ചത്. പിന്നീട് അമേരിക്കന്‍- ഇസ്രായേല്‍ ബന്ധം ശക്തിപ്പെടുകയാണുണ്ടായത്. അതിന്റെ തുടര്‍ച്ച മാത്രമാണ് അബ്രഹാം അക്കോര്‍ഡ്‌സിന് നേതൃത്വം നല്‍കിയ ട്രംപിലും ഫലസ്തീനില്‍ ഇസ്രായേല്‍ ആക്രമണത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ഫലസ്തീനികളെ കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ പൊതു മദ്ധ്യേ പ്രഖ്യാപിക്കുകയും ഉടനടി ടെല്‍ അവീവിലേക്ക് പറക്കുകയും ചെയ്ത ബൈഡനിലും നാം കണ്ടത്.

ശബീബ് മമ്പാട്

നിലവില്‍ ജെ എന്‍ യു വിലെ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസില്‍ എം ഫില്‍ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍. തെളിച്ചം മാസികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചിരുന്നു.

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.