Thelicham

അലസ്ദയര്‍ മെക്കന്റെയറും ധാര്‍മിക ചിന്താപദ്ധതിയും

‘What’s called thinking?’ ‘എന്താണ് ചിന്തയെന്ന് വിളിക്കപ്പെടുന്നത്?’ എന്ന തന്റെ പ്രഭാഷണത്തില്‍ ഹൈദഗര്‍ ഓരോ ചിന്തകന്റെയും അടിസ്ഥാനപരമായ ആശങ്ക ഒരേയൊരു വിഷയത്തിലാണ് കേന്ദ്രീകരിക്കപ്പെടുന്നത് എന്ന് നിരീക്ഷിക്കുന്നുണ്ട്. നീച്ചെ, കാന്റ്, അരിസ്റ്റോട്ടില്‍ തുടങ്ങിയ പാശ്ചാത്യ തത്വചിന്തയുടെ ഗതി നിര്‍ണ്ണയിച്ച ചിന്തകരെ കുറിച്ചാണ് പരാമര്‍ശമെങ്കിലും, മെക്കന്റെയറുടെ ദാര്‍ശനിക സംഭാവനകളെ കൂടി ഈ നിരീക്ഷണത്തിന്റെ വെളിച്ചത്തില്‍ വായിക്കാന്‍ കഴിയുമെന്ന് കരുതുന്നു. ആധുനിക ധാര്‍മിക പദ്ധതികളുടെ പരാജയവും അതിനാല്‍ അനിവാര്യമാവുന്ന ശരിയായ ധാര്‍മിക പദ്ധതിയെക്കുറിച്ചുള്ള അന്വേഷണവുമാണ് മെക്കന്റെയറുടെ ദാര്‍ശനിക രചനകളുടെ അന്തസ്സത്തയെന്ന്, ഒരല്‍പം ലളിതവല്‍കരിച്ചാണെങ്കിലും, പറയാം.

1981 ല്‍ പുറത്തു വന്ന പ്രധാന രചനയായ After Virtue മുതല്‍ 2016 ല്‍ പ്രസിദ്ധീകൃതമായ Ethics in the Conflict of Modernity വരെയുള്ള പുസ്തകങ്ങള്‍ ഇത് ശരിവെക്കുന്നുമുണ്ട്. ആദ്യകാല രചനകളില്‍ വിവിധ പ്രമേയങ്ങള്‍ പല രീതിയില്‍ പ്രത്യക്ഷ്യപ്പെടുന്നുണ്ടെങ്കിലും അവയുടെയൊക്കെ അടിസ്ഥാനം പ്രസ്തുത സാമൂഹ്യ, ധാര്‍മിക വിമര്‍ശനം തന്നെയാണെന്നാണ് മാര്‍ക്. സി. മര്‍ഫി അടക്കമുള്ളവര്‍ അവകാശപ്പെടുന്നത്.
ആദ്യകാല രചനകള്‍ പ്രധാനമായും മാര്‍ക്‌സിസ്റ്റ് നിലപാടില്‍ അധിഷ്ഠിതമായിരുന്നു. മാര്‍ക്‌സിസം പലവിധത്തില്‍ അപ്രമാണീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, മറ്റു പ്രത്യയശാസ്ത്രങ്ങളില്‍ സാധ്യമാവാത്ത വിധം ചില യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ മാര്‍ക്‌സിസത്തിന് കഴിയുന്നുവെന്നതാണ് അതിന്റെ പ്രാധാന്യമെന്ന് തന്റെ Marxism and Christianity എന്ന പുസ്തകത്തില്‍ അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്.

നിലവിലുള്ള പ്രധാന മാര്‍ക്‌സിസ്റ്റ് വായനകളായ ശാസ്ത്രീയ മാര്‍ക്‌സിസവും മാനവിക മാര്‍ക്‌സിസവും ശക്തമായി വിമര്‍ശന വിധേയമാക്കപ്പെടുന്നത് അവ അടിസ്ഥാനപരമായി ധാര്‍മികതയെ സാമൂഹിക ചുറ്റുപാടില്‍ നിന്ന് വേറിട്ട് നിര്‍ത്താനുള്ള പ്രവണത കാണിക്കുന്നത് കാരണമാണെന്ന് Notes from the Moral Wilderness എന്ന തന്റെ ആദ്യകാല പ്രബന്ധത്തില്‍ അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. അഥവാ ധാര്‍മികതയെ കുറിച്ചുള്ള ഏതൊരന്വേഷണവും ആരംഭിക്കേണ്ടത് ഒരു സമൂഹത്തിന്റെ സാമൂഹ്യ ശാസ്ത്രപരവും ചരിത്രപരവുമായ സാഹചര്യങ്ങളില്‍ നിന്നായിരിക്കണം. സാമൂഹ്യ സാഹചര്യങ്ങളില്‍ നിന്ന് അടര്‍ത്തി മാറ്റിയുള്ള ധാര്‍മികതയെ കുറിച്ചുള്ള അന്വേഷണങ്ങളത്രയും നിരര്‍ത്ഥകമാണ്. ആദ്യകാല രചനകളില്‍ മുഴച്ച് നില്‍ക്കുന്ന ഇത്തരം നിര്‍ദ്ദേശങ്ങളെയാണ് പില്‍ക്കാലത്തെ പ്രധാനപ്പെട്ട രചനകളിലെല്ലാം അദ്ദേഹം കൂടുതല്‍ അവധാനതയോടെ അവതരിപ്പിച്ചിട്ടുള്ളത്.

1966 ല്‍ പ്രസിദ്ധീകൃതമായ A Short History of Ethics എന്ന പുസ്തകത്തില്‍ ധാര്‍മികതയും സാമൂഹിക പശ്ചാത്തലവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ച് അദ്ദേഹം പറയുന്നു: ”ധാര്‍മിക തത്വചിന്തയെ കുറിച്ചുള്ള രചനകള്‍ പൊതുവെ അതിന്റെ ചരിത്രപരമായ വശങ്ങള്‍ അപ്രധാനമാണെന്ന നിലക്കാണ് നിര്‍വ്വഹിക്കപ്പെടാറുള്ളത്. ചരിത്രപരമായ പരിഗണനയില്‍ നിന്ന് വേര്‍പ്പെടുത്തി ധാര്‍മിക സങ്കല്പങ്ങളെ പരിശോധിക്കാന്‍ കഴിയുമെന്ന ധാരണയുടെ പരിണിത ഫലമാണിത്. ചില ചിന്തകന്മാര്‍ ധാര്‍മിക സംജ്ഞകളെ കുറിച്ച് എഴുതുന്നത് അവ ശാശ്വതമായ സങ്കല്പനങ്ങളാണെന്ന നിലക്കാണ്. യഥാര്‍ത്ഥത്തില്‍ സാമൂഹ്യ ജീവിതം മാറുന്നതിനനുസരിച്ച് ധാര്‍മിക സംജ്ഞകളും മാറിക്കൊണ്ടിരിക്കുന്നുണ്ട്. സാമൂഹ്യ ജീവിതത്തിന്റെ വിവിധ രൂപങ്ങളെ ഭാഗികമായി നിര്‍മ്മിക്കുന്നതും മൂര്‍ത്തീകരിക്കുന്നതും ധാര്‍മിക സങ്കല്പങ്ങള്‍ തന്നെയാണ്.”

അടിസ്ഥാനപരമായി ഇതേ ആശയം തന്നെയാണ് After Virtue പ്രോജക്ടിന്റെ പിന്നിലും പ്രവര്‍ത്തിക്കുന്നത്. ആഫ്റ്റര്‍ വിര്‍ച്ച്യൂ പദ്ധതിയെ സംക്ഷിപ്തമായി വിവരിക്കുകയാണ് ഈ ലേഖനത്തിന്റെ താത്പര്യം. മെക്കന്റയറിന്റെ രചനകളില്‍ മാസ്റ്റര്‍പീസായി പരിഗണിക്കപ്പെടുന്ന After Virtue ആരംഭിക്കുന്നത് ഒരു സാങ്കല്പിക ഉപമയെ കുറിച്ച് സംസാരിച്ച് കൊണ്ടാണ്. ഒരു മഹാദുരന്തം കാരണം പ്രകൃതിശാസ്ത്രവിഷയങ്ങളൊക്കെ നാശോന്മുഖമായിത്തീരുകയും ശാസ്ത്രസംബന്ധിയായ എല്ലാ കേന്ദ്രങ്ങളും ഉപകരണങ്ങളും നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഗ്രന്ഥങ്ങള്‍ അഗ്‌നിക്കിരയാവുകയും ശാസ്ത്രജ്ഞന്മാര്‍ വധിക്കപ്പെടുകയും തുടര്‍ന്ന് വരുന്ന രാഷ്ട്രീയ സംവിധാനം ഇവയുടെ എല്ലാ അവശേഷിപ്പുകളെയും മായ്ച്ചു കളയുകയും അവയുടെ തുടര്‍ന്നുള്ള അന്വേഷണങ്ങളെ ശക്തമായ നിരോധനത്തിന് വിധേയമാക്കുകയും ചെയ്യുന്നു.

ഇങ്ങനെയൊക്കെയുള്ള പ്രതികൂല കാലാവസ്ഥയിലും നേരത്തെ നഷ്ടപ്പെട്ടുപോയ ശാസ്ത്രീയ വിജ്ഞാനങ്ങളെ പുനരുദ്ധരിക്കാനുള്ള ചില ചെറുത്തുനില്പുകളും ശ്രമങ്ങളും രൂപപ്പെടുന്നു. പക്ഷെ, ആകെ ബാക്കിയായത് ശാസ്ത്രീയ വിജ്ഞാനത്തിന്റെ പരസ്പരം കൂട്ടിച്ചേര്‍ക്കാന്‍ കഴിയാത്ത ഏതാനും ശകലങ്ങള്‍ മാത്രമാണെന്നത് പ്രശ്‌നങ്ങളെ ഏറെ ഗുരുതരമാക്കുന്നു. യഥാര്‍ത്ഥ പശ്ചാത്തലവും ദാര്‍ശനികമായ സന്ദര്‍ഭവും നഷ്ടപ്പെട്ട ഈ ജ്ഞാന ശകലങ്ങള്‍ പിന്നീട് പല ശാസ്ത്രീയ ജ്ഞാന ശാഖകളായി വളരുന്നു. അവയോരോന്നും സ്വയം നിലക്ക് ഒരു അവിരുദ്ധമായ ഘടനകളായി വികസിച്ചുവെങ്കിലും അവ തമ്മിലുള്ള പാരസ്പര്യത്തെ കുറിച്ച് ഒരു കാഴ്ച്ചപ്പാടും ഇല്ലാതെ അടുത്ത തലമുറ വളരുന്നു. തങ്ങള്‍ക്ക് കിട്ടിയ ശകലങ്ങള്‍ പീരിയോഡിക് ടേബിള്‍ ആയും വിവിധ ശാസ്ത്ര നിയമങ്ങളായും കുട്ടികള്‍ ചൊല്ലിപ്പഠിക്കുന്നു.

മുതിര്‍ന്നവര്‍ പരസ്പര പൂരകത്വം അറിയാതെ വിവിധ ശാസ്ത്രീയ തത്വങ്ങളുടെ മൂപ്പിളമയെ കുറിച്ച് സംവാദങ്ങള്‍ നടത്തുന്നു. തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് പ്രകൃതിശാസ്ത്രമല്ല എന്ന് ഒരാള്‍ക്ക് പോലും തിരിച്ചറിയാന്‍ പറ്റാത്ത വിധം പൂര്‍വ്വ ശാസ്ത്രീയ വിജ്ഞാനീയങ്ങള്‍ വിസ്മൃതിയിലാവുന്നു. ആറ്റോമിക് ഘടന, പിണ്ഡം, ഗുരുത്വ ബലം തുടങ്ങിയ നേരത്തെയുണ്ടായിരുന്ന വൈജ്ഞാനികമായ വാക്കുകള്‍ അവര്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും, അവ അതിന്റെ പ്രാഗ് രൂപത്തില്‍ ഉപയോഗിക്കപ്പെട്ടതില്‍ നിന്നും വ്യത്യസ്തമായ ഒരു സാഹചര്യത്തിലും പാശ്ചാത്തലുമാണ് ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നത്. അവയുടെ മുമ്പുണ്ടണ്ടായിരുന്ന പ്രാധാന്യവും അര്‍ത്ഥവും എന്നന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു. ഇതാണ് മെക്കന്റെയര്‍ ഉപയോഗിക്കുന്ന സാങ്കല്പിക ഉപമയുടെ പൂര്‍ണ്ണരൂപം.

ഈ ഉപമ ഇത്ര വിശാലമായി വിവരിക്കാനുള്ള കാരണം മെക്കന്റയര്‍ വിശദീകരിക്കുന്നത്, ധാര്‍മികതയുമായി ബന്ധപ്പെട്ട ഭാഷയുടെ സമകാലിക അവസ്ഥയെ മനസ്സിലാക്കിത്തരാനാണ് എന്നാണ്. ശാസ്ത്രീയ വിജ്ഞാനങ്ങള്‍ക്ക് ഇത്തരമൊരു മഹാദുരന്തം വന്നുപെട്ടിട്ടില്ലെന്നത് സുവിദിതമാണ്. വര്‍ത്തമാനകാലത്ത് ധാര്‍മികതയുടെ ഭാഷ സമാനമായ ഒരു മഹാദുരന്തത്തിന്റെ ശേഷിപ്പായി മനസ്സിലാക്കാന്‍ കഴിയും എന്നതാണ് മെക്കന്റെയര്‍ സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടില്‍, സങ്കല്‍പഭദ്രമായിരുന്ന ഒരു ലോക വീക്ഷണത്തിന്റെ പരസ്പര ബന്ധമില്ലാത്ത ശകലങ്ങള്‍ മാത്രമാണ് നാം ഉപയാഗിക്കുന്ന ധാര്‍മിക സംജ്ഞകള്‍. അഥവാ, ധാര്‍മിക പദാവലികള്‍ സജീവമായി നാം ഉപയോഗിക്കുന്നുണ്ടെങ്കിലും അവയുടെ യഥാര്‍ത്ഥ പശ്ചാത്തലത്തെ കുറിച്ച് ബോധമില്ലാതെയാണ് മനുഷ്യര്‍ അവ ഉപയോഗിക്കുന്നതെന്നര്‍ഥം.

വര്‍ത്തമാന കാലത്തെ ധാര്‍മിക ഭാഷയെ മനസ്സിലാക്കാന്‍ മെക്കന്റെയര്‍ ഉപയോഗിക്കുന്ന ഈ ഉപമയില്‍ ഒറ്റ നോട്ടത്തില്‍ തന്നെ ചില പ്രശ്‌നങ്ങള്‍ കാണാന്‍ കഴിയും. അങ്ങനെയൊരു മഹാദുരന്തത്തിന്റെ ചരിത്രപരമായ സാധുതയാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം. ചരിത്രപരമായി അങ്ങനെയൊരു സംഭവത്തെ കുറിച്ച് പറയുമ്പോള്‍ എന്തുകൊണ്ടാണ് അവയുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാത്തത്? മാത്രവുമല്ല, സമകാലിക ധാര്‍മികതയുടെ പ്രാഗ് രൂപത്തെ നിഷ്ഠൂരമായി ഇല്ലായ്മ ചെയ്ത ആ ഇരുട്ടിന്റെ ശക്തികളെ ചരിത്രപരമായി ആരുമായാണ് ബന്ധിപ്പിക്കാന്‍ കഴിയുക തുടങ്ങി ഒട്ടനേകം ചോദ്യങ്ങളെ മെക്കന്റെയര്‍ അഭിമുഖീകരിക്കേണ്ടിവരും. ഇവയുടെ ചരിത്രപരമായ സാധുതയെ കുറിച്ച് ഇത്രയേറെ സംശയങ്ങള്‍ ബാക്കി നില്‍ക്കുമ്പോഴും അദ്ദേഹത്തിന്റെ ഉദ്ദേശ്യം വളരെ കൃത്യമാണ്.

ആധുനിക പൂര്‍വ്വ ധാര്‍മിക മാതൃകകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആധുനിക ധാര്‍മിക സിദ്ധാന്തങ്ങള്‍ കേവലം പശ്ചാത്തലം നഷ്ടപ്പെട്ട ശകലങ്ങളാണെന്നത് അവിതര്‍ക്കിതമാണ്. തുടര്‍ന്നുള്ള ഇത് സംബന്ധമായ ചര്‍ച്ചകളില്‍ അദ്ദേഹം ഇത് വിശദീകരിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ അത് അനുഭവപ്പെടുന്നത് ആധുനിക നൈതിക സംവാദങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട വിവിധ പക്ഷങ്ങള്‍ക്കിടയിലെ രജ്ഞിപ്പിന്റെ തലങ്ങളുടെ അഭാവമാണ് (Interminability). പ്രധാനമായും മൂന്ന് പ്രത്യേകതകളാണ് ഇത്തരം ധാര്‍മിക സംവാദങ്ങള്‍ക്കുള്ളതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. വിരുദ്ധ ധാര്‍മിക നിലപാടുകള്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കാന്‍ സാധ്യമായ ഒരു സാഹചര്യം ഇല്ലായെന്നതാണ് അതിലൊന്ന്. ഓരോരുത്തര്‍ക്കും തങ്ങളുടെ പ്രാഥമിക അനുമാനങ്ങളില്‍ നിന്ന് കൃത്യമായി തങ്ങളുടെ ധാര്‍മികമായ കാഴ്ച്ചപ്പാടിലെത്താന്‍ കഴിയുന്നുണ്ടെങ്കിലും വിവിധ കാഴ്ച്ചപ്പാടുകള്‍ക്കിടയിലെ ബലാബലം പരിശോധിക്കുക എന്നത് സാധ്യമല്ല എന്നര്‍ത്ഥം.

ഓരോരുത്തരും തങ്ങളുടെ ധാര്‍മിക നിലപാടുകള്‍ പ്രസ്താവിക്കാന്‍ വസ്തുനിഷ്ടമായ പദാവലികള്‍ ഉപയോഗിക്കുന്നുവന്നതാണ് രണ്ടാമത്തെ പ്രത്യേകത. വ്യക്തിനിഷ്ഠമായ ചോദനകളെയും തെരഞ്ഞെടുപ്പുകളെയും വസ്തുനിഷ്ടതയുടെ ഭാഷയിലൂടെ ഒളിച്ചു കടത്താന്‍ കഴിയുന്നു എന്നതാണ് ഇതിന്റെ പ്രശ്‌നം. പ്രശ്‌നത്തിലിരിക്കുന്ന ഓരോ ധാര്‍മിക നിലപാടുകളുമായി ബന്ധപ്പെട്ട അടിസ്ഥാന സങ്കല്‍പങ്ങള്‍ക്കും വ്യത്യസ്തമായ ചരിത്ര പശ്ചാത്തലമാണുണ്ടാവുക എന്നതാണ് മൂന്നാമത്തെ പ്രത്യേകത.

ജ്ഞാനോദയ കാലഘട്ടത്തില്‍ ഉയര്‍ന്നു വന്ന വിവിധ തരം ധാര്‍മിക പദ്ധതികളുടെ സമ്പൂര്‍ണ്ണ പരാജയമാണ് ഇതിന്റെ പ്രധാനപ്പെട്ട ഒരു കാരണം. കാന്റ്, ഹ്യൂം, ബെന്‍താം തുടങ്ങിയ ചിന്തകരൊക്കെ ധാര്‍മികതയുടെ അടിസ്ഥാനം കണ്ടെത്താന്‍ ശ്രമിച്ചത് ശുദ്ധമായ മനുഷ്യന്റെ ചിന്ത, വികാരം തുടങ്ങിയ സ്രോതസ്സുകളിലാണ്. മനുഷ്യസ്വഭാവത്തെക്കുറിച്ചുള്ള ന്യൂനീകൃതമായ കാഴ്ച്ചപ്പാടുകളാണ് അവരുടെ സിദ്ധാന്തങ്ങള്‍ക്ക് അടിത്തറ പാകിയത്. അവരാരും ചരിത്രപരമായ യാഥാര്‍ത്ഥ്യത്തെയും സാമൂഹ്യ സാഹചര്യത്തെയും സര്‍വ്വോപരി മനുഷ്യ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യ സാക്ഷാത്കാരത്തെയും വേണ്ടവിധം പരിഗണിച്ചില്ല. അത് കൊണ്ടുതന്നെ നിലവിലെ ധാര്‍മിക വ്യവസ്ഥയുടെ അടിസ്ഥാനം ഇമോട്ടീവിസം ആണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. നൈതിക സങ്കല്‍പങ്ങളുടെ അടിസ്ഥാനം മനുഷ്യന്റെ വൈകാരികമായ തെരഞ്ഞെടുപ്പുകള്‍ മാത്രമാണെന്നതാണ് ഇമോട്ടീവിസത്തിന്റെ കാതല്‍. ഇത് വ്യക്തമായി മനസ്സിലാക്കിയ ചിന്തകനാണ് നീച്ചെ.

നീച്ചെയുടെ അഭിപ്രായത്തില്‍ Will to Power ആണ് എല്ലാത്തിന്റെയും അടിസ്ഥാനം. ഈ അധികാരേച്ഛയാണ് പ്രവര്‍ത്തനങ്ങളുടെ മാനദണ്ഢമായി മനസ്സിലാക്കപ്പെടുന്നത്. വര്‍ത്തമാന കാലത്തെ നൈതിക ബോധത്തെ ഇത്രയേറെ കൃത്യമായി മനസ്സിലാക്കാന്‍ മറ്റൊരു ചിന്തകനും കഴിഞ്ഞില്ലെന്ന് മെക്കന്റെയര്‍ അഭിപ്രായപ്പെടുന്നുണ്ട്. പക്ഷെ, വര്‍ത്തമാന കാല പ്രശ്‌നത്തെ ധാര്‍മിക ചിന്തയുടെ തന്നെ എല്ലാ കാലത്തെയും സ്വഭാവമായി മനസ്സിലാക്കിയതാണ് നീച്ചെക്ക് സംഭവിച്ച എറ്റവും വലിയ അബദ്ധം. അത് കൊണ്ടു തന്നെ അതിമാനുഷനില്‍ (Übermensch) അധിഷ്ഠിതമായ സര്‍വ്വ മൂല്യങ്ങളുടെയും പുനര്‍ മൂല്യ നിര്‍ണ്ണയനം (revaluation of all values) എന്ന നീച്ചെയുടെ ആശയം മെക്കന്റെയറിന് അസ്വീകാര്യമാവുന്നു. ഇവിടെയാണ് ഒന്നുകില്‍ നീച്ചെ അല്ലെങ്കില്‍ അരിസ്റ്റോട്ടില്‍ എന്ന ദന്ദ്വം അദ്ദേഹം കൊണ്ടുവരുന്നത്. ഇതില്‍ അരിസ്റ്റോട്ടില്‍ മുന്നോട്ട് വെച്ച വിര്‍ച്ച്യൂ അടിസ്ഥാനപ്പെടുത്തിയുള്ള ധാര്‍മിക സംവിധാനത്തെയാണ് അദ്ദേഹം പിന്തുണക്കുന്നത് എന്ന് കാണാം.

വിര്‍ച്ച്യൂ അടിസ്ഥാനപ്പെടുത്തിയ, പാരമ്പര്യ കേന്ദ്രിതമായ ഒരു ധാര്‍മിക കാഴ്ച്ചപ്പാടിലേക്ക് തിരിച്ചു പോകണം എന്നതാണ് മെക്കന്റയറിന്റെ വാദം. അരിസ്റ്റോട്ടിലിയന്‍ വിര്‍ച്ച്യൂവിലേക്കുള്ള തിരിഞ്ഞു നടത്തമല്ല അദ്ദേഹം ഉദ്ദേശിക്കുന്നത്. അത് സാധ്യവുമല്ല. ആധുനികതക്ക് അനുഗുണമായ രീതില്‍ അത്തരം വിര്‍ച്ച്യൂകളെ അടിസ്ഥാനപ്പെടുത്തി പാരമ്പര്യങ്ങളെ പുന:പ്രതിഷ്ഠിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഒരു വ്യക്തിയുടെ കേവലം സ്വഭാവം അല്ല വിര്‍ച്ച്യൂ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരു മനുഷ്യന് തന്റെ സാമുദായികമായ പശ്ചാത്തലത്തില്‍ സാര്‍ത്ഥകമായി ജീവിതം നയിക്കാനാവശ്യമായ സമൂഹബദ്ധമായ ശീലങ്ങളാണവ. നിരന്തര പരിശ്രമത്തിലൂടെയും ശിക്ഷണത്തിലൂടെയും വളര്‍ത്തിയെടുക്കേണ്ട സ്വഭാവങ്ങളാണതിന്റെ അടിസ്ഥാനം. വിര്‍ച്ച്യൂവിന്റെ മറ്റൊരു അടിസ്ഥാനപരമായ ഘടകമാണ് ജീവിതത്തിന്റെ ആഖ്യാനപരമായ ഏകത (narrative unity)യെന്നത്. അഥവാ, ധാര്‍മികമായ നന്മയെന്നത് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് ഏതാനും ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങളിലെ മേന്മയും അധമത്വവും പരിശോധിച്ചട്ടല്ല, മറിച്ച് മനുഷ്യജീവിതത്തിന്റെ തന്നെ ഏകതയുടെ പാശ്ചാത്തലത്തിലാണെന്നര്‍ത്ഥം. പാരമ്പര്യമാണ് മറ്റൊരു അടിസ്ഥാനം, അഥവാ സാംസ്‌കാരികമായ ശൂന്യതയില്‍ തനിയെ പൊട്ടിമുളക്കുന്നതല്ല ധാര്‍മികതയെന്ന് ചുരുക്കം. തലമുറകള്‍ കൈമാറിവന്ന, അംഗീകൃമായ മൂല്യങ്ങളും വ്യവഹാരങ്ങളും (practices) ഇഴുകിച്ചേര്‍ന്നതാണ് ധാര്‍മികതയെന്നതാണിത് അര്‍ത്ഥമാക്കുന്നത്.

ജീവിതത്തിന്റെ ആഖ്യാനപരമായ ഏകതയെന്ന സങ്കല്പം നിലവിലെ ചിന്താക്രമത്തിന് അത്യന്തം അന്യമാണ് എന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. സാമൂഹികവും ദാര്‍ശനികവുമായ തടസ്സങ്ങളാണ് അതിന്റെ കാരണമായി അദ്ദേഹം ഉന്നയിക്കുന്നത്. മനുഷ്യ ജീവിതത്തെ ആധുനികത സംവിധാനിക്കുന്നത് വിഭജിതമായ അംശങ്ങളായാണ്. അവയിലെ ഓരോ ഭാഗത്തിനുമുള്ള നിയമങ്ങളും പ്രവര്‍ത്തന മാതൃകകളും വ്യത്യസ്തമാണ്. ഉദാഹരണത്തിന് ജോലിയും ഒഴിവ് സമയവും തമ്മിലും, സ്വകാര്യ ജീവിതവും കോര്‍പ്പറേറ്റ് ജീവിതവും തമ്മിലും കൃത്യമായി അതിര്‍ വരമ്പുകള്‍ നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു. പ്രവര്‍ത്തനങ്ങളുടെയും ചിന്തയുടെയുമൊക്കെ മാനദണ്ഡങ്ങള്‍ ഓരോന്നിലും വ്യത്യസ്തമായിരിക്കും. സ്വാഭാവികമായി ധാര്‍മികതയെന്നത് വ്യത്യസ്ത മണ്ഡലങ്ങളില്‍ വ്യത്യസ്തമായ മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിക്കുന്ന ചില നിയമങ്ങള്‍ മാത്രമായി പരിമിതപ്പെടുന്നു.

രണ്ട് ദിശയിലൂടെയാണ് ദാര്‍ശനികമായ പ്രതിബന്ധം വരുന്നത്. അനലിറ്റിക് തത്വചിന്തയുടെ രീതിശാസ്ത്രവുമായി ബന്ധപ്പെട്ടതാണ് അവയിലൊന്ന്. മാനുഷിക പ്രവര്‍ത്തനങ്ങളെ അറ്റോമിസ്റ്റിക് ആയി വിലയിരുത്തുന്ന ഈ സമീപനം പ്രവര്‍ത്തനങ്ങളുടെ സാകല്യത്തെ ആശ്രയിക്കുന്നതിന് പകരം ഓരോ പ്രവര്‍ത്തനത്തിന്റെയും സ്വഭാവത്തെയും സവിശേഷതയെയുമാണ് പരിശോധിക്കുന്നത്. എന്തിനെയും സൂക്ഷ്മാര്‍ത്ഥത്തില്‍ അതിന്റെ ഘടകാംശങ്ങളടിസ്ഥാനമാക്കി പരിശോധിക്കാനുള്ള അനലിറ്റിക് സ്വഭാവത്തിന്റെ ഒരു പ്രതിഫലനം കൂടിയാണിത്. ജീവിതത്തെ സാമൂഹിക ഭാഗധേയത്തില്‍ നിന്നും വ്യത്യസ്തമാക്കി മനസ്സിലാക്കുന്ന നിലവിലെ സാമൂഹ്യ ശാസ്ത്ര സിദ്ധാന്തങ്ങളും, സാര്‍ത്രിയന്‍ അസ്തിത്വവാദമടക്കമുള്ള ചിന്തകളുമാണ് മറ്റൊരു പ്രതിബന്ധം. സാര്‍ത്ര് അടക്കമുള്ള പല അസ്തിത്വവാദികളും പാരമ്പര്യത്തോടുള്ള വിമര്‍ശനം, ആത്യന്തികമായ വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള ഊന്നല്‍ തുടങ്ങിയ കാരണങ്ങളാല്‍, ധാര്‍മിക പ്രവര്‍ത്തനങ്ങളുടെ സാമൂഹ്യവും ചരിത്രപരവുമായ പശ്ചാത്തലത്തിന് പ്രാധാന്യം കല്പിക്കുന്നില്ല.

മെക്കന്റെയറുടെ കാഴ്ച്ചപ്പാടില്‍ പ്രവര്‍ത്തനങ്ങളുടെ ആഖ്യാനപരമായ ഏകത ഏറെ പ്രാധാന്യമേറിയതാണ്. ഉദാഹരണത്തിന് നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രവര്‍ത്തനത്തിന്റെ ഗ്രാഹ്യതയുടെ അടിസ്ഥാനം ആ വ്യക്തിയുടെ ഉദ്ദേശ്യം, മറ്റു വ്യവഹാരങ്ങള്‍ക്ക് ഇതുമായുള്ള ബന്ധം തുടങ്ങി, നിശ്ചിത വ്യവഹാരത്തിന്റെ തന്നെ സാംസ്‌കാരികമായ ചരിത്രം തുടങ്ങിയവയുമായൊക്കെ ബന്ധപ്പെട്ടതാണ്. ഈ പാശ്ചാത്തലത്തില്‍ നിന്നും അടര്‍ത്തിമാറ്റി അതിന്റെ ധാര്‍മിക പ്രാധാന്യത്തെ കുറിച്ച് സംസാരിക്കാന്‍ കഴിയില്ല. അവിടെയാണ് പാരമ്പര്യം എന്ന സംജ്ഞ പ്രസക്തമായി വരുന്നത്. മെക്കന്റയര്‍ പറയുന്നു: ”ഒരു വ്യക്തിയുടെ നിശ്ചിത പ്രവര്‍ത്തനത്തെ ഗ്രഹിക്കാന്‍ അത് ഉരുത്തിരിയുന്ന ആഖ്യാനപരമായ ചരിത്രത്തിന്റെ സാഹചര്യം ഗ്രഹിക്കുകയെന്നത് ഏറെ പ്രാധാന്യമേറിയതാണ്.

വ്യക്തിയുടെ മാത്രമല്ല, ആ പാശ്ചാത്തലത്തിന്റെ കൂടി ചരിത്രവും ഏറെ പ്രധാന്യമേറിയത് തന്നെയാണ്. പ്രവര്‍ത്തനം എന്നത് തന്നെ ചരിത്രപരമാണ് എന്നതാണിതിന് കാരണം. അടിസ്ഥാനപരമായി ആ ആഖ്യാനങ്ങളെയാണ് നാം ജീവിക്കുന്നത്. ഇതേ ആഖ്യാനങ്ങളിലൂടെയാണ് നാം മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങളെ മനസ്സിലാക്കുന്നതും”. അഥവാ, മനുഷ്യന്‍ അടിസ്ഥാനപരമായി ഒരു കഥ പറയുന്ന ജീവിയാണെന്നാണ് മെക്കന്റയര്‍ പറഞ്ഞുവെക്കുന്നത്. കഥയിലൂടെയും ആഖ്യാനത്തിലൂടെയുമാണ് പരമ്പരാഗത മൂല്യങ്ങള്‍ തലമുറകള്‍ കൈമാറി വരുന്നത്. ഇവിടെയാണ് പാരമ്പര്യം പ്രസക്തമാവുന്നത്. നന്മയെന്നത് എപ്പോഴും നമ്മുടെ ജീവിതത്തോടും പാരമ്പര്യത്തോടും ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്നതാണ്. ആ അര്‍ത്ഥത്തില്‍ ഒരു ജൈവിക പാരമ്പര്യം എന്നത് ചരിത്രത്തിലേക്ക് നീളുന്ന, സാമൂഹ്യമായി മൂര്‍ത്തീകരിക്കപ്പെട്ട നിരന്തര സംവാദമാണ് എന്ന് പറയാം.

ഒരു ജൈവിക പാരമ്പര്യത്തെ സംബന്ധിച്ചിടത്തോളം നന്മയെന്നത് ഭൂതകാലത്ത് പൂര്‍ണ്ണമായും പരിഹരിക്കപ്പെടുകയും പില്‍ക്കാലത്തേക്ക് ചോദ്യങ്ങളില്ലാതെ പിന്തുടരപ്പെടുകയും ചെയ്യേണ്ട ഏതാനും മൂല്യങ്ങളല്ല, മറിച്ച് ഓരോ തലമുറയിലും നിരന്തരം സംവാദത്തിന് വിഷയീഭവിക്കുകയും അതിന്റെ വെളിച്ചത്തില്‍ മുന്നോട്ട് നയിക്കപ്പെടുകയും ചെയ്യേണ്ട നല്ല ജീവിതത്തെ കുറിച്ചുള്ള മനുഷ്യന്റെ അന്വേഷണങ്ങളാണെന്നാണ് മെക്കന്റയര്‍ പറഞ്ഞു വെക്കുന്നത്.

ആഫ്റ്റര്‍ വിര്‍ച്ച്യൂവിന് ശേഷം എഴുതപ്പെട്ട പുസ്തകങ്ങളൊക്കെ ഒരര്‍ത്ഥത്തില്‍ ഈ അടിസ്ഥാനപരമായ ചിന്തയുടെ പുനരാലോചനയോ വികാസമോ ആയി മനസ്സിലാക്കാം. 1988-ല്‍ പ്രസിദ്ധീകൃതമായ Whose Justice? Which Rationality? എന്ന പുസ്തകം യുക്തി, നീതി തുടങ്ങിയവയൊക്കെ പാരമ്പര്യത്തിലധിഷ്ഠിതമായ കാഴ്ച്ചപ്പാടുകളാണെന്നും സാര്‍വത്രികവും അമൂര്‍ത്തവുമായ സങ്കല്പങ്ങളല്ലെന്നുമാണ് പറഞ്ഞു വെക്കുന്നത്. After Virtue മുന്നോട്ട് വെക്കുന്ന കാഴ്ച്ചപ്പാടുകള്‍ തന്നെയാണ് പ്രസ്തുത പുസ്തകവും അടിസ്ഥാനപരമായി സ്വീകരിച്ചിരിക്കുന്നത്. നൈതികതയെ കുറിച്ചുള്ള ഹോമറിക്, അഥീനിയന്‍, തോമിസ്റ്റിക് എന്നീ പാരമ്പര്യങ്ങളുടെ വ്യത്യസ്ത സമീപനങ്ങളും അവ ജ്ഞാനോദയ ധാര്‍മ്മിക ചിന്തയുമായി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതടക്കമുള്ള ചര്‍ച്ചകളാണ്
പുസ്തകത്തിന്റെ കാതലായ വശം. അഥവാ, കാന്റ് അടക്കമുള്ള ജ്ഞാനോദയചിന്തകര്‍ അവകാശപ്പെടുന്നത് പോലെ പാരമ്പര്യത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയുള്ള ഏതൊരു ധാര്‍മ്മികാന്വേഷണവും നിഷ്ഫലമായിരിക്കും എന്ന വാദം കൂടുതല്‍ വിശദമായി വിവരിക്കുകയാണ് പ്രസ്തുത പുസ്തകം. മനുഷ്യ ജീവിതത്തെ ലക്ഷ്യാധിഷ്ഠിതമായി സമീപിക്കുന്ന തോമിസ്റ്റ് പാരമ്പര്യത്തെയാണ് അദ്ദേഹം പിന്തുണക്കുന്നത്.

1990-ല്‍ പ്രസിദ്ധീകൃതമായ Three Rival Versions of Moral Enquiry എന്ന പുസ്തകം ധാര്‍മ്മിക ചിന്തയോടുള്ള മൂന്ന് സമീപനങ്ങള്‍ തമ്മിലുള്ള താരതമ്യ പഠനമാണ്. ആധുനിക ഉദാരവാദത്തിന്റെ സര്‍വ്വവിജ്ഞാനകോശ സമാനമായ (Encyclopedia) സമീപനമാണ് ഒന്ന്. ജ്ഞാനത്തെ വ്യവസ്ഥാപിതവും വസ്തു നിഷ്ഠവുമായ രീതിയില്‍ സമീപിക്കുന്നതാണിതിന്റെ രീതി. സാമൂഹ്യവും ചരിത്രപരവുമായ ഘടകങ്ങള്‍ക്ക് പ്രധാന്യം കൊടുക്കുന്നതിന് പകരം സാര്‍വത്രികവും, സാംസ്‌കാരിക ഘടകങ്ങളില്‍ നിന്ന് സ്വതന്ത്രവുമായ ചിന്തയെയാണ് ഇത് പ്രോത്സാഹിപ്പിക്കുന്നത്. നീച്ചെയുടെ വംശാവലിപഠന(Genealogical)ത്തിന്റെ രീതിശാസ്ത്രമാണ് മറ്റൊന്ന്. സാര്‍വത്രിക യുക്തി വിചാരമെന്ന ജ്ഞാനോദയ ചിന്തയുടെ അടിസ്ഥനത്തോടുള്ള വിമര്‍ശനമാണിതിന്റെ അന്തസത്ത. ശുദ്ധയുക്തിക്കപ്പുറം അധികാരം, ചരിത്രം, ഭാഷ തുടങ്ങിയ ഘടകങ്ങള്‍ ജ്ഞാനോല്പപാദന പ്രക്രിയയില്‍ എങ്ങനെയാണ് പങ്കെടുക്കുകയും അതിനെ രൂപീകരിക്കുകയും ചെയ്യുന്നത് എന്നതാണ് ഈ രീതിശാസ്ത്രത്തിന്റെ പ്രധാന അന്വേഷണം.

ഫൂക്കോ അടക്കമുള്ള പോസ്റ്റ് മോഡേണ്‍ ചിന്തകരില്‍ ഇതിന്റെ കൃത്യമായ ഉപയോഗം കാണാന്‍ കഴിയും. അവസാനമായി അദ്ദേഹംതന്നെ അംഗീകരിക്കുന്ന പാരമ്പര്യത്തിലധിഷ്ഠിതമായ സമീപനത്തെയാണ് പരിഗണിക്കുന്നത്. നൈതികതയുമായി ബന്ധപ്പെട്ട അന്വേഷണവും ജ്ഞാനവും സാധുവാണെന്നും, എന്നാല്‍ അത് ഓരോ പാരമ്പര്യത്തിന്റെ ചുറ്റുപാടുകള്‍ക്കുള്ളിലുമാണ് അന്വേഷിക്കേണ്ടത് എന്നുമാണ് അദ്ദേഹം ഈ
പുസ്തകത്തില്‍ നിരീക്ഷിക്കുന്നത്. 1999-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട Dependent Rational Animal എന്ന പുസ്തകമാണ് മറ്റൊരു പ്രധാനപ്പെട്ട രചന. മനുഷ്യ ജീവിതം കേവലം സാര്‍വത്രികമായ യുക്തിചിന്തയിലധിഷ്ഠിതമല്ലെന്നും സാമൂഹ്യവും ചരിത്രപരവുമായ ഘടകങ്ങള്‍ മനുഷ്യന്റെ അനിവാര്യമായ അടിസ്ഥാനം തന്നെയാണെന്നുമാണ് ഈ രചന സമര്‍ത്ഥിക്കുന്നത്. അത് കൊണ്ട് തന്നെ മനുഷ്യനെയും അവന്റെ ധാര്‍മ്മികതയെ കുറിച്ചുമുള്ള പഠനങ്ങള്‍ അവന്റെ സ്വയം പര്യാപ്തതയെയും യുക്തിയുടെ പ്രാമാണികതയെയും മാത്രം അടിസ്ഥാനപ്പെടുത്തുന്നതിന് പകരം സാമൂഹികവും സാംസ്‌കാരികവുമായ അവന്റെ ബലഹീനതയെ കൂടി മുഖവിലക്കെടുക്കണം എന്നാണ് ആവശ്യപ്പെടുന്നത്.

2016-ല്‍ പുറത്തിറങ്ങിയ Ethics in the Conflicts of Modernity എന്ന പുസ്തകത്തില്‍ ഇത്തരം കാഴ്ച്ചപ്പാടുകളുടെ ഏറ്റവും പക്വമായ അവതരണമാണ് നമ്മള്‍ കാണുന്നത്. വര്‍ത്തമാന കാലത്തെ ധാര്‍മ്മികമായ ആശയക്കുഴപ്പങ്ങള്‍ക്കിടയിലും എങ്ങനെ അര്‍ത്ഥ പൂര്‍ണ്ണമായ ജീവിതം നയിക്കാം എന്നതാണ് ഈ രചനയുടെ പ്രധാന പ്രമേയം. ജൈവികമായ പാരമ്പര്യ(തോമിസ്റ്റിക്)വുമായുള്ള നിരന്തരമായ ഇടപെടല്‍, ദൈനംദിന ജീവിതത്തില്‍ നല്ല ശീലങ്ങളെ പരിപോഷിപ്പിക്കുക, ഇത്തരം നന്മകള്‍ സാമൂഹ്യമായി തേടാന്‍ പര്യാപ്തമായ രീതിയിലുള്ള കൂട്ടായ്മകള്‍ രൂപീകരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്. സമകാലിക ദര്‍ശനങ്ങളെ വിമര്‍ശന വിധേയമാക്കുക മാത്രമല്ല, എങ്ങനെ പ്രായോഗികമായി മുന്നോട്ട് എന്നതിനെ കുറിച്ചും അദ്ദേഹം ഗൗരവമായി സംസാരിക്കുന്നുണ്ടെന്ന് സാരം.

ഏത് ചിന്തകരെയും പോലെ ധാരാളം വിമര്‍ശനങ്ങളും അദ്ദേഹം നേരിട്ടുണ്ട്. പല വിമര്‍ശനങ്ങളെയും വളരെ ഗൗരവമായിത്തന്നെ തന്റെ പുസ്തകത്തിന്റെ തുടര്‍ പതിപ്പുകളില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. അദ്ദേഹത്തിന്റെ ദാര്‍ശനിക സംഭാവനകളെ ചെറിയ രീതിയില്‍ പരിചയപ്പെടുത്തുക എന്നതാണ് ലേഖനത്തിന്റെ അടിസ്ഥാനപരമായ ലക്ഷ്യം എന്നത് കൊണ്ടുതന്നെ അവയെ കൂടി ഇവിടെ പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നില്ല. സമകാലിക ധാര്‍മ്മിക ചിന്തയെ ധീരമായ വിശകലനങ്ങള്‍ക്ക് വിധേയമാക്കുകയും ബദല്‍ അവതരിപ്പിക്കുകയും ചെയ്തുവെന്നതാണ് ഇവ്വിഷയകമായി അദ്ദേഹം ചെയ്ത ഏറ്റവും വലിയ സംഭാവനകളിലൊന്ന്. ധാര്‍മ്മിക ചിന്തയെ കുറിച്ചും പാരമ്പര്യത്തെ കുറിച്ചും മറ്റുമുള്ള കനപ്പെട്ട രചനകള്‍ ബാക്കിയാക്കിയാണ് മെക്കന്റയര്‍ ചരിത്രത്തിന്റെ തിരശ്ശീലയിലേക്ക് മറഞ്ഞത്. ഈ മേഖലയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ ധാര്‍മ്മികതയെ കുറിച്ചുള്ള സമകാലിക പഠനങ്ങളെ സമ്പന്നമാക്കുകയും ഭാവിപഠനങ്ങള്‍ക്ക് വെളിച്ചം വീശുകയും ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.

ഡോ. ശരീഫ് ഹസനി തോടന്നൂര്‍

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Most popular

Most discussed