പന്ത്രണ്ടാം നൂറ്റാണ്ടില്‍ ബാഗ്ദാദിലാണ് ഖാദിരിയ്യ ത്വരീഖത്തിന്റെ ആവിര്‍ഭാവം. ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി സ്ഥാപിച്ച സരണി ദ്രുതവേഗം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും വിശിഷ്യാ, ദക്ഷിണേഷ്യയിലെ വിവിധ ഭരണങ്ങള്‍ക്ക് കീഴില്‍ ശക്തമായ സാന്നിധ്യമായി നിലകൊള്ളുകയും ചെയ്തു. ദക്ഷിണേഷ്യയിലെ ഖാദിരി സരണിയുടെ ഉത്ഭവം, വ്യാപനം, വികാസം എന്നിവയെ പ്രധാന പ്രാദേശിക ഭരണകൂടങ്ങളുമായി ബന്ധപ്പെടുത്തി പരിശോധിക്കുകയാണ് ഈ ലേഖനം.
പതിനാല് മുതല്‍ പതിനേഴ് നൂറ്റാണ്ടുകളിലെ ദക്ഷിണേന്ത്യന്‍ നഗരങ്ങളായ ബിദര്‍, ബീജാപൂര്‍ എന്നിവിടങ്ങളിലെ ഖാദിരി സരണിയുടെ വികാസത്തെ അന്വേഷിക്കുന്നതിലൂടെ ഖാദിരി സൂഫികള്‍ പ്രാദേശിക രാഷ്ട്രീയ വ്യവസ്ഥകളുമായി ഇടപഴകിയതെങ്ങനെയെന്നും പ്രസ്തുത ഇടപെടലുകള്‍ ഇക്കാലയളവിലെ ദക്ഷിണേഷ്യയിലെ രാഷ്ട്രീയവും മതപരവുമായ ചലനാത്മകതയെ എങ്ങനെ രൂപപ്പെടുത്തിയെന്നും വിവരിക്കുന്നു. മറ്റ് സൂഫി സരണികളുമായി, പ്രത്യേകിച്ച് ചിശ്തി സരണിയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഖാദിരി സരണിയുടെ സ്വാധീനം ദക്ഷിണേഷ്യയില്‍ താരതമ്യേന പരിമിതമാണ്. ഈ പരിമിതി ഖാദിരി സരണിയെ കുറിച്ചുള്ള ചരിത്ര വിവരണങ്ങളിലുമുണ്ട്. ലഭ്യമായ ചരിത്ര, ജീവചരിത്ര സാഹിത്യങ്ങള്‍, ഈ പ്രദേശങ്ങളെ കുറിച്ചുള്ള ഇംഗ്ലീഷ് ചരിത്രാഖ്യാനങ്ങള്‍, ചില തദ്കിറകളുടെ വിവര്‍ത്തനങ്ങള്‍, ഖാദിരിയ്യയും മറ്റ് സൂഫി സരണികളും തമ്മിലുള്ള താരതമ്യ പഠനങ്ങള്‍ തുടങ്ങിയവയാണ് പ്രധാന വിവര സ്രോതസ്സുകള്‍.
ഡെക്കാനിലെ സൂഫി സ്വാധീനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഇദംപ്രഥമായി ഡെക്കാനിന്റെ ഭൂമിശാസ്ത്ര അതിരുകളെ നിര്‍വചിക്കേണ്ടതുണ്ട്. ചരിത്രപണ്ഡിതന്മാര്‍ ഇന്നും ഇക്കാര്യത്തിലൊരു തീര്‍പ്പിലെത്തിയിട്ടില്ല. ഇന്ത്യയുടെ തെക്കന്‍ ഉപഭൂഖന്ധ ഭാഗമാണ് (the southern and peninsular part ഡെക്കാനെന്ന് ചരിത്രകാരന്‍ പി.എം ജോഷി രേഖപ്പെടുത്തുന്നു. ഇന്ത്യന്‍ ഉപഭൂഖന്ധത്തിന്റെ മിക്ക ഭാഗങ്ങളും ഉള്‍പ്പെടുന്ന സവിശേഷമായ പ്രദേശമായാണ് അദ്ദേഹം ഡെക്കാനിനെ അടയാളപ്പെടുത്തുന്നത്. അതോടൊപ്പം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ ഭൂമി ശാസ്ത്രാടിസ്ഥാനത്തില്‍ അഞ്ചു ഭാഗങ്ങളായി തിരിക്കുന്നു. പശ്ചിമഘട്ടം, വടക്കന്‍ ഡെക്കാന്‍ പീഠഭൂമി, തെക്കന്‍ ഡെക്കാന്‍ പീഠഭൂമി, കിഴക്കന്‍ പീഠഭൂമി, കിഴക്കന്‍ ഘട്ടം (Eastern Ghats) എന്നിവയാണവ.
ഡെക്കാന്റെ ഭൂമിശാസ്ത്രപരമായ അതിര് അത്ര പ്രവിശാലമല്ലെന്നും വളരെ ചുരുങ്ങിയ പ്രദേശങ്ങളെ മാത്രമേ അതര്‍ഥമാക്കുന്നുള്ളൂവെന്നും വാദിക്കുന്നവരുണ്ട്. വടക്ക് വിന്ധ്യ പര്‍വതനിരകള്‍, പടിഞ്ഞാറ് പശ്ചിമഘട്ടം (സഹ്യാദ്രി), കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് മൈസൂര്‍ പീഠഭൂമി എന്നിവയാല്‍ ചുറ്റപ്പെട്ട പ്രദേശങ്ങളായ നര്‍മ്മദ നദിയുടെ തെക്ക് ഭാഗത്തുള്ള ഭൂപ്രദേശങ്ങളെ വിശേഷിപ്പിക്കാന്‍ ഡെക്കാന്‍ എന്ന പദം വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. 1945ല്‍ ഹൈദരാബാദില്‍ വെച്ചു നടന്ന ഡെക്കാന്‍ ഹിസ്റ്ററി കോണ്‍ഫറന്‍സ് രേഖകള്‍ പ്രകാരം വടക്ക് തപ്തി മുതല്‍ തെക്ക് സമതലവും സമുദ്രവും അടങ്ങുന്ന പ്രദേശത്തെയാണ് ഡെക്കാന്‍ കൊണ്ടര്‍ത്ഥമാക്കുന്നത്.
ഡെക്കാന്‍ എന്നത് വിശാലമായ ഒരു ഭൂമിശാസ്ത്ര മേഖലയെ സൂചിപ്പിക്കാമെങ്കിലും, മതചരിത്ര പഠനത്തില്‍ ഈ പ്രദേശങ്ങള്‍ക്ക് സവിശേഷ പ്രാധാന്യമില്ല. ചരിത്രപരമായി, ഈ പ്രദേശങ്ങള്‍ (ഡെക്കാന്‍ പീഠഭൂമിയുടെ പ്രാന്തപ്രദേശങ്ങള്‍), ദേവഗിരി അല്ലെങ്കില്‍ വിജയനഗര (ബീജാപൂര്‍) പോലുള്ള ഒരു കേന്ദ്രത്തില്‍ നിന്ന് ഭരിക്കപ്പെട്ട ഭരണീയ പ്രദേശങ്ങളായാണ് മധ്യകാല ഡെക്കാന്‍ ചരിത്രത്തിലേക്ക് കടന്നുവരുന്നത്. പ്രസക്തമായ അക്കാദമിക സ്രോതസ്സുകളുടെ ലഭ്യതയും ഈ മേഖലയിലെ, പ്രധാനമായും വടക്കന്‍ മധ്യ പീഠഭൂമിയിലെ ഖാദിരിയ്യയുടെ ചരിത്രപരമായ സാന്നിധ്യവും കണക്കിലെടുത്ത് ഇന്നത്തെ കര്‍ണാടകയിലെ ബിദര്‍, ബിജാപൂര്‍ (വിജയപുര) തുടങ്ങിയ ദേശങ്ങളിലാണ് ലേഖനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഡെക്കാന്‍ ചരിത്രത്തെ ചരിത്രകാരന്മാര്‍ പല കാലങ്ങളിലായി വിഭജിച്ചിട്ടുണ്ട്. ‘സൂഫിസം ഇന്‍ ഇന്ത്യ’ എന്ന പഠനത്തില്‍ എസ്.എ.എ. റിസ്‌വി മുഗള്‍ ഭരണകൂടത്തിന്റെ ആരംഭത്തെ മുന്‍നിര്‍ത്തി ഇന്ത്യന്‍ സൂഫിസത്തിന്റെ ചരിത്രത്തെ 1600 ന്റെ മുമ്പ്, ശേഷം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായി തിരിക്കുന്നു. പക്ഷേ, ഈ വിഭജനം അന്ന് നിലവിലുണ്ടായിരുന്ന സുഹറവര്‍ദിയ്യ, ഫിര്‍ദൗസിയ്യ, കുബറവിയ എന്നീ സൂഫി സരണികളെ അടിസ്ഥാനപ്പെടുത്തിയാണെന്നും ഖാദിരി, ശത്താരി ത്വരീഖത്തുകളെ പതിനഞ്ചാം നൂറ്റാണ്ടിലെ ഇന്ത്യന്‍ സൂഫിസത്തിന്റെ ആദ്യകാല വികാസത്തിന്റെ ഭാഗമായി മാത്രമാണ് താന്‍ വിലയിരുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കൂടാതെ, തന്റെ പഠനങ്ങളില്‍ ഡെക്കാന്‍ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന് പകരം സമ്പൂര്‍ണ്ണമായ ഒരു ഇന്ത്യാ ചരിത്രത്തിനായിരുന്നു അദ്ദേഹം പ്രാധാന്യം നല്‍കിയിരുന്നതെന്നും ഈ സാഹചര്യത്തില്‍ കൂട്ടി വായിക്കേണ്ടതുണ്ട്.
മിക്ക ചരിത്രപണ്ഡിതന്മാരും ഡെക്കാനിന്റെ ചരിത്രഘട്ടത്തെ സൂചിപ്പിക്കാന്‍ യൂറോപ്യന്‍ ചരിത്രപദാവലിയില്‍ നിന്ന് ‘മധ്യകാലം’ എന്ന പദം സ്വീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, സറീനാ പര്‍വീണ്‍ അറബി, പേര്‍ഷ്യന്‍ കയ്യെഴുത്തുപ്രതികളെ കുറിച്ചുള്ള തന്റെ പഠനത്തിന്റെ ചരിത്രഘട്ടത്തെ നിര്‍വചിക്കാന്‍ ഈ പദം ഉപയോഗിച്ചിട്ടുണ്ട്. 1258 ല്‍ മംഗോളീയരുടെ അക്രമണത്തിലെ ബാഗ്ദാദിന്റെ പതനം മുതല്‍ പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ സമ്പൂര്‍ണ ബ്രിട്ടീഷ് കോളനിവല്‍ക്കരണം വരെയുള്ള കയ്യെഴുത്തുപ്രതികളെ കുറിച്ചായിരുന്നുവത്. പക്ഷെ, ഈ പഠനത്തിലെവിടെയും ഡെക്കാനി ‘മധ്യകാല’ ചരിത്രത്തിന്റെ കൃത്യമായ തുടക്കവും ഒടുക്കവും അവര്‍ വ്യക്തമാക്കിയിട്ടില്ല.
ഡെക്കാന്‍ ചരിത്രത്തെക്കുറിച്ചുള്ള തങ്ങളുടെ പഠനങ്ങളില്‍ ഷെര്‍വാനിയും ജോഷിയും ഈ പദം കടമെടുത്തുപയോഗിക്കുന്നത് കാണാം. മധ്യകാലഘട്ടത്തെ കൃത്യമായി നിര്‍വചിക്കുന്നുണ്ട് പ്രസ്തുത പഠനങ്ങളില്‍. 1295 നെ പൗരാണിക ഡെക്കാനി ചരിത്രത്തിന്റെ അവസാനമായും ബിജാപൂര്‍ പീഠഭൂമിയിലേക്കുള്ള മുസ്‌ലിം സൈനിക പര്യവേഷണങ്ങളുടെ തുടക്കമെന്ന നിലക്ക് മധ്യകാലഘട്ടത്തിന്റെ ആരംഭവുമായി ചരിത്രകാരന്മാര്‍ അടയാളപ്പെടുത്തുന്നു. 1724 നെ മധ്യകാലഘട്ടത്തിന്റെ അവസാനവും ആധുനിക ഡെക്കാനി ചരിത്രത്തിന്റെ തുടക്കവുമായാണ് ഗണിക്കുന്നത്. മുഗള്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയും കൊളോണിയല്‍ ആധിപത്യത്തിന്റെ ഉയര്‍ച്ചയും ഇതിനിടയിലെ ഹൈദരാബാദിന്റെ സ്ഥാപനവുമെല്ലാമായിരുന്നു പ്രധാന കാരണങ്ങള്‍.
ബ്രിട്ടീഷ് സമ്പൂര്‍ണ്ണ കോളനിവല്‍ക്കരണത്തിന് മുമ്പുള്ള ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ചുള്ള തന്റെ പഠനത്തില്‍ റിച്ചാര്‍ഡ് ഈറ്റണ്‍ 1000 മുതല്‍ 1765 വരെയുള്ള ഘട്ടത്തെ ‘പേര്‍ഷ്യന്‍ യുഗം’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് ഇക്കാലയളവിലെ പേര്‍ഷ്യന്‍ സാംസ്‌കാരിക സ്വാധീനത്തിന് അദ്ദേഹം നല്‍കിയ ഊന്നല്‍ പ്രതിഫലിപ്പിക്കുന്നു. ഡെക്കാന്‍, ദക്ഷിണേന്ത്യ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ അദ്ദേഹം തന്റെ പഠന കാലയളവ് 1400 മുതല്‍ 1650 വരെ ആയി പരിമിതപ്പെടുത്തുന്നു എന്നതാണ് കൗതുകകരം. ഇത് ഏകദേശം 1398 ലെ ഉത്തരേന്ത്യയിലെ തിമൂറിന്റെ കടന്നാക്രമണം മുതല്‍ ആരംഭിച്ച് (ഈ അക്രമണം മുസ്‌ലിംകളുടെ വന്‍തോതിലുള്ള തെക്കോട്ടുള്ള ഒഴുക്കിന് കാരണമായി) പതിനേഴാം നൂറ്റാണ്ടിലെ ഡെക്കാന്‍ സുല്‍ത്താനേറ്റുകളുടെയും ബിജാപൂര്‍ സാമ്രാജ്യത്തിന്റെയും പതനത്തോടെ അവസാനിക്കുന്നു. മേല്‍പ്പറഞ്ഞ എല്ലാ വിവരങ്ങളും അടിസ്ഥാനമാക്കി, 1300 ലെ ഡെക്കാനിലെ ആദ്യ മുസ്‌ലിം സൈനിക പര്യവേക്ഷണത്തിനും 1700 ലെ മുസ്‌ലിം ഭരണകൂടത്തിന്റെ പതനം വരെയുമുള്ള സുദീര്‍ഘ ചരിത്രത്തെയാണ് നമ്മള്‍ പരിശോധിക്കുന്നത്.
ഡെക്കാനിലെ ആദ്യകാല സൂഫികള്‍
പില്‍ക്കാലത്ത് ഉമയ്യദ് ഭരണകൂടത്തിന്റെ ഭാഗമാവുകയും ദക്ഷിണേഷ്യയിലേക്കുള്ള ഇസ്‌ലാമിക വ്യാപനത്തിന്റെ ആമുഖമായി വര്‍ത്തിക്കുകയും ചെയ്ത സിന്ദിലേക്കുള്ള ആദ്യ മുസ്‌ലിം സൈനിക നീക്കം നടക്കുന്നത് ക്രി. 711 ലാണ്. വിവിധ ചരിത്ര സ്രോതസ്സുകളില്‍ ഈ സൈനിക നീക്കം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ കീഴടക്കല്‍ ദക്ഷിണേഷ്യയിലെ ഇസ്‌ലാമിന്റെ ചരിത്രത്തിന്റെ തുടക്കമായാണ് ഗണിക്കപ്പെടുന്നത്. പശ്ചിമേഷ്യ ഒഴികെയുള്ള മുസ്‌ലിം ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലെയും ഇസ്‌ലാമിക ആഗമനത്തിന് ചരിത്രരേഖകളും വ്യക്തതയുമുണ്ടെങ്കിലും ഡെക്കാനിലെ ഇസ്‌ലാമിന്റെ ആഗമനത്തെ നിര്‍ണ്ണയിക്കുക അത്ര എളുപ്പമല്ല. ബിജാപൂരിലെ ഇസ്‌ലാമിനെയും സൂഫിസത്തെയും കുറിച്ചുള്ള തന്റെ പഠനത്തില്‍, മിഡില്‍ ഈസ്റ്റുമായുള്ള സമുദ്ര വ്യാപാരം ഈ പ്രദേശത്തെ ഇസ്‌ലാമിന്റെ ആഗമനത്തില്‍ നിര്‍ണായകമായിരുന്നുവെന്ന് ഈറ്റണ്‍ സൂചിപ്പിക്കുന്നു.
പടിഞ്ഞാറന്‍ ഇന്ത്യാ ഇപഭൂഖണ്ഡത്തില്‍ ഇസ്‌ലാം ആദ്യം എത്തിയത് കൊങ്കണ്‍, മലബാര്‍ തീരങ്ങളില്‍ സ്ഥിരതാമസമാക്കിയിരുന്ന അറബ് വ്യാപാരികളുടെ സമാധാനപരമായ കുടിയേറ്റങ്ങളിലൂടെയാണ്. മസ്ഊദിയുടെ യാത്രാവിവരണത്തില്‍ നിന്നുള്ള 916/917 കാലഘട്ടത്തിലെ തീരദേശ മേഖലയിലെ അറബ് കുടിയേറ്റക്കാരുടെ രേഖകള്‍ ഉദ്ധരിച്ച്, ബിജാപൂര്‍ പീഠഭൂമിയില്‍ ഏതെങ്കിലും മുസ്‌ലിംഭരണം സ്ഥാപിക്കപ്പെടുന്നതിന് വളരെ മുമ്പുതന്നെ, ഇന്ത്യയുടെ പടിഞ്ഞാറന്‍ തുറമുഖങ്ങളില്‍ അറബ് കുടിയേറ്റ പാരമ്പര്യം ശക്തമായി നിലനിന്നിരുന്നുവെന്ന് അദ്ദേഹം വാദിക്കുന്നു. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പ്രഥമ ആഗമനത്തിന്റെ കൃത്യമായ തീയതി കണ്ടെത്താന്‍ പ്രയാസമാണെങ്കിലും, പ്രാഥമിക മാധ്യമം നാവിക വ്യാപാരമായിരുന്നിരിക്കാമെന്നും തീരദേശ പ്രദേശങ്ങള്‍ വളരെ നേരത്തെ തന്നെ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ആദ്യത്തെ മുസ്‌ലിം കുടിയേറ്റക്കാരെ സ്വീകരിച്ചുവെന്നും അനുമാനിക്കാം.

സമുദ്രാന്തര വ്യാപാരവും ബീജാപൂര്‍ രാജ്യത്തിന്റെ ചരിത്രവും തമ്മിലുള്ള പരസ്പരബന്ധം വിശകലനം ചെയ്യുന്നതിലൂടെ, സമുദ്ര മാര്‍ഗമുള്ള ഈ വ്യാപാരത്തിന്റെയും കൈമാറ്റത്തിന്റെയും പാരമ്പര്യം ഇസ്‌ലാമിന്റെ വ്യാപനത്തിലും മുസ്‌ലിംകളുടെ കുടിയേറ്റത്തിലും നിര്‍ണായക പങ്ക് വഹിച്ചുവെന്ന് മാത്രമല്ല, ബീജാപൂര്‍ രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ ചരിത്രത്തില്‍ നേരിട്ട് സ്വാധീനം ചെലുത്തിയതായും ഈറ്റണ്‍ രേഖപ്പെടുത്തുന്നു. ”ഈ തുറമുഖങ്ങള്‍ വഴി അറേബ്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത കുതിരകളാണ് രാജ്യത്തിന്റെ സൈനിക സംവിധാനത്തിന്റെ നട്ടെല്ലായ ബീജാപൂര്‍ കുതിരപ്പടയെ നിലനിര്‍ത്തിയത്. തുറമുഖങ്ങളില്‍ നിന്ന് കയറ്റുമതി ചെയ്ത തുണിത്തരങ്ങളും കുരുമുളകും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ വലിയ അളവില്‍ നിലനിര്‍ത്തി. മിഡില്‍ ഈസ്റ്റില്‍ നിന്ന് ഈ തുറമുഖങ്ങളിലൂടെ വരുന്ന ഇറാനികള്‍, അബിസീനിയക്കാര്‍, അറബികള്‍ എന്നിവരുടെ ഒഴുക്ക് ബീജാപൂരിന്റെ സാമൂഹിക ചരിത്രത്തെ വളരെയധികം സ്വാധീനിച്ചു” എന്ന് ഈറ്റണ്‍ എഴുതുന്നു.
സമുദ്രത്തിലൂടെയുള്ള സുഗന്ധവ്യഞ്ജനങ്ങളുടെയും കുരുമുളകിന്റെയും വ്യാപാരം ഡെക്കാനി സമൂഹത്തിന്റെ ദൈനംദിന ജീവിതത്തിന്റെ നിലനില്‍പ്പുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കാമെന്നതിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട് ഈ വിവരങ്ങള്‍. ഡെക്കാനിനും മിഡില്‍ ഈസ്റ്റിനുമിടയിലുള്ള മതപരമായ കൈമാറ്റങ്ങളില്‍ സമുദ്ര വ്യാപാരവും നാവിക സഞ്ചാരവും നിര്‍ണായകമായിരുന്നു. ‘ദൈവശാസ്ത്രജ്ഞരുടെയും സൂഫികളുടെയും വരവും മക്കയിലേക്കും തിരിച്ചുമുള്ള വലിയ തീര്‍ത്ഥാടക വൃന്ദങ്ങളുടെ ഗതാഗതവും സുഗമമാക്കിയതിനാല്‍ ബീജാപ്പൂരിന്റെ മതചരിത്രത്തില്‍ തുറമുഖങ്ങള്‍ വലിയ പ്രാധാന്യമുണ്ട്.’ സാംസ്‌കാരികവും ബൗദ്ധികവുമായ കൈമാറ്റത്തിന്റെയും മതപരമായ ചലനാത്മകതയുടെയും കാര്യത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പങ്കിനെ അടിസ്ഥാനമാക്കി നിരവധി ഗവേഷകര്‍ പഠനം നടത്തിയിട്ടുണ്ട്.
എങ്ങ്‌സങ് ഹോ നിരീക്ഷിക്കുന്നത് പ്രകാരം പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്ന് ചെങ്കടലിലേക്കുള്ള കിഴക്ക്-പടിഞ്ഞാറന്‍ വ്യാപാര പാതകളുടെ മാറ്റം ഹളറമൗത്തിനെയും ഏദനെയും ഈജിപ്ത്, ഹിജാസ്, ഇന്ത്യ എന്നിവയുമായി കൂടുതല്‍ അടുപ്പിച്ചു. ഈ മാറ്റവും അത് കൊണ്ടുവന്ന പുതിയ രാഷ്ട്രീയ ക്രമവുമെല്ലാം വിരല്‍ ചൂണ്ടുന്നത് ഒരു കാര്യത്തിലേക്കാണ്. സമുദ്രാന്തരമുള്ള ഒരു ഇസ്‌ലാമിക നവലോകത്തിന്റെ ആവിര്‍ഭാവമാണത്. പതിനാലും പതിനേഴും നൂറ്റാണ്ടുകളില്‍ അഭിവൃദ്ധി പ്രാപിച്ച മുസ്‌ലിം ഡെക്കാന്‍ സമുദ്രാന്തര കൈമാറ്റങ്ങളിലൂടെയുള്ള ഈ ഇസ്‌ലാമിക നവലോകം സൃഷ്ടിക്കുന്നതിന്റെ ഭാഗമായിരുന്നു.
ഇസ്‌ലാമിന്റെ വരവും ഡെക്കാനിലേക്കുള്ള മുസ്‌ലീങ്ങളുടെ പ്രവാഹവും പരിശോധിക്കുമ്പോള്‍ പരിഗണിക്കേണ്ട മറ്റൊരു അനുപേക്ഷണീയമായ ഘടകം വടക്കേ ഇന്ത്യയിലെ മുസ്‌ലിം ഭരണകൂടങ്ങള്‍, പ്രത്യേകിച്ച് ഡല്‍ഹി സുല്‍ത്താനേറ്റ് നടത്തിയ സൈനിക മുന്നേറ്റങ്ങളാണ്. ഈറ്റണ്‍ സൂചിപ്പിച്ചതു പോലെ, 1296 ല്‍ ബിജാപൂര്‍ പീഠഭൂമിയിലേക്ക് ഖല്‍ജി അയച്ച ആദ്യത്തെ മുസ്‌ലിം സൈനിക പര്യടനം, ഡല്‍ഹി സുല്‍ത്താനേറ്റിന്റെ സൈന്യങ്ങളുടെ നിരന്തരമായ ഡെക്കാന്‍ ആക്രമണങ്ങളുടെ ഒരു യുഗത്തിന് തുടക്കമിട്ടു. ദേവഗിരിയിലെ യാദവന്മാര്‍, വാറങ്കലിലെ കാകതീയന്മാര്‍, ദ്വാരസമുദ്രയിലെ ഹൊയ്സാലന്മാര്‍ എന്നിവര്‍ ഭരിച്ചിരുന്ന മൂന്ന് പ്രധാന രാജ്യങ്ങളായി വിഭജിതമായിരുന്നു അന്നത്തെ ഡെക്കാന്‍.
ഖല്‍ജി രാജവംശത്തിലെ ആദ്യ ഭരണാധികാരിയുടെ അനന്തരവനും മരുമകനുമായ അലാഉദ്ദീന്‍ ഖല്‍ജിയാണ് ആദ്യ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്. ഖല്‍ജിയുടെ മിന്നലാക്രമണം യാദവരുടെ തലസ്ഥാനമായ ദേവഗിരിയെ വളരെയധികം അസ്വസ്ഥമാക്കി. സമാനമായ സൈനിക പര്യവേഷണങ്ങള്‍, റെയ്ഡുകള്‍, യുദ്ധങ്ങള്‍ എന്നിവ താമസിയാതെ ഈ മേഖലയിലേക്ക് ഇരച്ചെത്തി. പതിനാലാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിന്റെ അവസാനമാകുമ്പൊഴേക്കും കിഴക്കന്‍ ഡെക്കാനിലെ മിക്ക ഹിന്ദു സംസ്ഥാനങ്ങളും കൊള്ളയടിക്കപ്പെടുകയോ പരാജയപ്പെടുകയോ ചെയ്തു. മുസ്‌ലിം സൈന്യത്തിന്റെ തുര്‍ച്ചയായ ഡെക്കാന്‍ പര്യടനങ്ങള്‍ക്കിടയിലാണ് ആദ്യകാല മുസ്‌ലിം ഭരണ സംവിധാനങ്ങള്‍ ഒരേസമയം സ്ഥാപിതമാവുന്നത്.
1318 ല്‍ സുല്‍ത്താന്‍ ഖുത്ബുദ്ദീന്‍ ഖല്‍ജി ആദ്യമായി ദേവഗിരിയില്‍ നേരിട്ടുള്ള മുസ്‌ലിം ഭരണം സ്ഥാപിച്ചു. ഇതായിരുന്നു ഡെക്കാനിലെ മുസ്‌ലിം ഭരണപാരമ്പര്യത്തിന്റെ ആരംഭം. ഹിന്ദു മതത്തിന് ആഴത്തില്‍ വേരോട്ടമുള്ള ഡെക്കാനിലേക്കുള്ള മുസ്‌ലിം മുന്നേറ്റം ഈ പ്രദേശത്തിന്റെ സാമൂഹികവും സാസ്‌കാരികവുമായ ഘടനകളില്‍ വലിയ മാറ്റങ്ങള്‍ക്ക് ഹേതുവായി. ഒരു വശത്ത്, പെട്ടെന്നുള്ള സൈനിക ആക്രമണങ്ങളും തുടര്‍ന്നുള്ള മുസ്‌ലിം ഭരണകൂടങ്ങളുടെ സ്ഥാപനവും, പേര്‍ഷ്യന്‍, വടക്കന്‍ ഇന്ത്യന്‍ ഘടകങ്ങളുടെ സ്വാധീനമുണ്ടായിരുന്ന ഇസ്‌ലാമിക സംസ്‌കാരത്തെ ആദ്യമായി ഡെക്കാനിലെ ഹിന്ദു ആധിപത്യ സംസ്‌കാരത്തിലേക്ക് കൊണ്ടുവന്നു. ഇത് രണ്ടും തമ്മിലുള്ള സാംസ്‌കാരിക സംയോജനത്തിന് ഒരു പരിധിവരെ ഈ മുന്നേറ്റങ്ങളും അനുബന്ധ ഫലങ്ങളും കാരണമായി. ബീജാപൂരിലെ ആദ്യകാല പള്ളികളിലെ വാസ്തുശില്പ കലയിലെ തദ്ദേശീയ സ്വാധീനം ഇതുനുദാഹരണമാണ്. പുതുതായി രൂപംകൊണ്ട മുസ്‌ലിം ഭണകൂടങ്ങള്‍ താരതമ്യേന ദുര്‍ബലമായിരുന്നു. ആയതിനാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പ്രാദേശിക ജനതയില്‍ കാര്യമായ മതപരവും സാംസ്‌കാരികവുമായ പരിവര്‍ത്തനശേഷി അതിനുണ്ടായിരുന്നില്ല.
ഡല്‍ഹി സുല്‍ത്താനേറ്റ് അതിന്റെ അതിര്‍ത്തി കൂടുതല്‍ തെക്കോട്ട് വികസിപ്പിച്ചപ്പോള്‍, ഹിന്ദു രാഷ്ട്രങ്ങള്‍ അതിനനുസരിച്ച് തെക്കോട്ട് പിന്‍വാങ്ങി. തല്‍ഫലമായി, ഡെക്കാന്‍ പീഠഭൂമിയിലെ കൃഷ്ണ നദിക്ക് ചുറ്റുമുള്ള മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കും ഹിന്ദു രാഷ്ട്രങ്ങള്‍ക്കും ഇടയില്‍ ഒരു പ്രത്യേക അതിര്‍ത്തി രൂപപ്പെട്ടു. പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബീജാപൂര്‍ മുസ്‌ലിം ഭരണകൂടങ്ങളുടെ അതിര്‍ത്തി പ്രക്ഷുബ്ധമായിരുന്നു. എങ്കിലും 1296 മുതല്‍ 1347 വരെ ഡെക്കാനിലെ മുസ്‌ലിം ഭരണകേന്ദ്രമായി ഇത് തുടര്‍ന്നു. പിന്നീട് ബഹ്‌മനികള്‍ പീഠഭൂമിയില്‍ സുസ്ഥിരവും ശക്തവുമായ ഒരു ഇസ്‌ലാമിക ഭരണത്തിന് തുടക്കമിട്ടു. ‘ഈ അമ്പത് വര്‍ഷത്തെ കാലയളവ് ബീജാപൂരിന്റെ ദാറുല്‍ ഹര്‍ബില്‍ നിന്ന് ദാറുല്‍ ഇസ്‌ലാമിലേക്കുള്ള പ്രക്ഷുബ്ധമായ പരിവര്‍ത്തന കാലഘട്ടത്തിന് സാക്ഷ്യം വഹിച്ചു. കൂടാതെ ബീജാപൂരിലെ ആദ്യകാല സൂഫികളുടെ വരവും ഇക്കാലയളവിലുണ്ടായി.
ബീജാപൂരിലേക്കും തൊട്ടടുത്തുള്ള വടക്കന്‍ മധ്യ ഡെക്കാന്‍ പീഠഭൂമിയിലേക്കും വന്ന ആദ്യകാല സൂഫികളില്‍ ഭൂരിഭാഗവും മുസ്‌ലിം സൈന്യത്തിലെ അംഗങ്ങളായിരുന്നു. ആ പ്രത്യേക ചരിത്ര കാലഘട്ടത്തിലെ അവരുടെ സങ്കീര്‍ണ്ണമായ ദൗത്യങ്ങളെ മനസ്സിലാക്കുന്ന ഈറ്റണ്‍ ഈ ആദ്യകാല സൈനിക ബന്ധമുള്ള സൂഫികളെ warrior Sufi (യോദ്ധാക്കളായ സൂഫികള്‍) എന്നാണ് വിളിക്കുന്നത്. ഡെക്കാനിലേക്ക് വന്ന ആദ്യകാല സൂഫികളെ പലപ്പോഴും ചരിത്രകാരന്മാര്‍ സംശയത്തോടെയാണ് വീക്ഷിച്ചത്. എന്നിരുന്നാലും, ഈ മേഖലയിലെ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ പ്രാഥമിക വാഹകര്‍ അവരാണെന്നത് അവിതര്‍ക്കിത വസ്തുതയാണ്.
യോദ്ധാക്കളും സൂഫികളും എന്ന നിലയില്‍, ഈ കാലഘട്ടത്തിലെ ബീജാപ്പൂരിലെയും ഡെക്കാനിലെയും യോദ്ധാക്കളായ സൂഫികള്‍ സൂഫികളുടെയും യോദ്ധാക്കളുടെയും സംയോജിത ഗുണങ്ങള്‍ പങ്കിട്ടു. പക്ഷെ, അവര്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ സൃഷ്ടിക്കപ്പെട്ട ഒരു ഹ്രസ്വ ചരിത്ര പ്രതിഭാസമായിരുന്നുവെന്നാണ് ഈറ്റണ്‍ അഭിപ്രായപ്പെടുന്നത്. എങ്കിലും ഇസ്‌ലാമിക യുദ്ധമുഖത്ത് വളരെ ചുരുക്കമായിരുന്നു ഈ സാനിധ്യം. ഡല്‍ഹി സുല്‍ത്താനേറ്റിന്റെ ഡെക്കാന്‍ അധിനിവേശത്തോടൊപ്പമാണ് യോദ്ധാക്കളായ സൂഫികളുടെ ആവിര്‍ഭാവം ഉണ്ടാകുന്നത്. കാരണം മുസ്‌ലിം സൈനിക സാന്നിധ്യവുമായുള്ള ബന്ധങ്ങളില്‍ നിന്നുമുള്ള സ്വതന്ത്രമായ ഒരു നിനില്‍പ് അവര്‍ക്ക് അസാധ്യമായിരുന്നു. കൂടുതല്‍ സുസ്ഥിരവും സുശക്തവുമായ മുസ്‌ലിം ഭരണകൂടങ്ങള്‍ ഉദാഹരണത്തിന്, ബഹ്‌മനി സാമ്രാജ്യം സ്ഥാപിതമായപ്പോള്‍, യോദ്ധാക്കളായ സൂഫികള്‍ ചരിത്രരംഗത്ത് നിന്ന് ക്രമേണ അപ്രത്യക്ഷരായി. കാരണം അവരുടെ ദൗത്യം ഇനി ആവശ്യമില്ലായിരുന്നു. അതോടൊപ്പം, യോദ്ധാക്കളായ സൂഫികളുടെ തിരോധാനം ഹിന്ദു നാഗരികതയുടെ സ്വാംശീകരണ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കാമെന്ന് ഈറ്റണ്‍ വിശ്വസിക്കുന്നു.

ഉപഭൂഖണ്ഡത്തില്‍ പ്രചരിക്കപ്പെട്ട നിരവധി വിദേശ ഘടകങ്ങളെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടില്ലെങ്കിലും കുറഞ്ഞത് പരിഷ്‌കരിക്കുന്നതിലെങ്കിലും ഹിന്ദു നാഗരികത വിജയിച്ചിട്ടുണ്ട്. ഈ അനുമാനത്തെ അടിസ്ഥാനമാക്കി, അറബ് ഇസ്‌ലാമിക, ഇന്ത്യന്‍ നാഗരികതകള്‍ തമ്മിലുള്ള സമ്പര്‍ക്കത്തില്‍ നിന്ന് ഉടലെടുത്ത ആദ്യകാല ഉല്‍പ്പന്നങ്ങളിലൊന്നായി യോദ്ധാക്കളായ സൂഫിയെ കാണാമെന്ന് അദ്ദേഹം വാദിക്കുന്നു. കൂടാതെ, സുസ്ഥിരതയുള്ള ഇന്‍ഡോ-മുസ്‌ലിം ഭരണകൂടങ്ങളുടെ സ്ഥാപനം (ബഹ്‌മനി ഭരണകൂടം (1347-1489), തുടര്‍ന്ന് ബിജാപൂര്‍ സുല്‍ത്താനേറ്റ് 1490-1686) യോദ്ധാക്കളായ സൂഫികളുടെ സാനിധ്യത്തെ തേടിയ അസ്ഥിരമായ സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളെ ഇല്ലാതാക്കി.
ഡെക്കാനിലെ ആദ്യകാല മുസ്‌ലിം കുടിയേറ്റ പ്രക്രിയയില്‍ ഈറ്റന്റെ അഭിപ്രായത്തില്‍, മൂന്ന് പ്രധാന പാറ്റേണുകളുണ്ട്: പടിഞ്ഞാറന്‍ തീരത്തെ വ്യാപാരത്തില്‍ നിന്ന് ഉടലെടുക്കുന്ന സമാധാനപരമായ കുടിയേറ്റം, സൈനിക മുന്നേറ്റം, സൈനിക മുന്നേറ്റത്തിനു ശേഷമുള്ള മുസ്‌ലിം കുടിയേറ്റ പ്രക്രിയ. ഈറ്റണിന്റെ വാദപ്രകാരം വടക്കന്‍ പ്രദേശങ്ങളുമായുള്ള ബന്ധം രണ്ട് കുടിയേറ്റക്കാര്‍ക്കും നഷ്ടപ്പെട്ടിരുന്നു. ഇത് ഡല്‍ഹി സുല്‍ത്താനേറ്റില്‍ നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനത്തിനും 1347-ല്‍ ബഹ്‌മനി രാജ്യം സ്ഥാപിക്കുന്നതിനും കാരണമായി. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം വരെ ഏകദേശം ഒന്നര നൂറ്റാണ്ടോളം ഈ പ്രവിശാലമായ മുസ്‌ലിം ഭരണകൂടം നിലനിന്നു. ആ കാലയളവില്‍ വൈവിധ്യമാര്‍ന്ന വംശീയതകളും സംസ്‌കാരങ്ങളും ഭാഷകളും ഒന്നിച്ചുള്‍ച്ചേരുന്നതിനുപകരം സങ്കരമായി പാരസ്പര്യത്തോടൈ നിലകൊണ്ടു. ഉദാഹരണത്തിന്, ബഹ്‌മനി ഭരണകൂടത്തിലെയും തുടര്‍ന്നുള്ള ബിജാപൂര്‍ സുല്‍ത്താനേറ്റിലെയും മുസ്‌ലിങ്ങളെല്ലാം രണ്ട് വിഭാഗക്കാരായി വിഭജിക്കപ്പെട്ടു. ഡെക്കാനില്‍ വളരെക്കാലമായി താമസിച്ചു കൊണ്ടിരുന്ന തദ്ദേശീയരായ ഡെക്കാനികളാണ് ഒന്നാമത്തെ വിഭാഗം. രണ്ടാമത്തേത്, ഇറാനില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നുമുള്ള, തങ്ങളുടെ ഒന്നാം തലമുറയോ രണ്ടാം തലമുറയോ കുടിയേറ്റക്കാരായ വിദേശികള്‍. സാധാരണക്കാരായ ഡെക്കാനികളേക്കാള്‍ മികച്ചവരും ഉന്നത പദവിയുള്ളവരുമായാണ് ഇവര്‍ കണക്കാക്കപ്പെടുന്നത്.
ഖാദിരികളും അധികാരസ്വരൂപങ്ങളും
ഒരു പൊതു ഗുരുവിനെ അംഗീകരിക്കുകയും പൊതുവായ അച്ചടക്കവും ആചാരാനുഷ്ടാനങ്ങളും പിന്തുടരുന്ന രീതിയാണ് സൂഫി സരണികളുടേത്. ഇതിന്റെ പ്രതിഫലനമെന്നോണം ധാരാളം പാന്‍-ഇസ്‌ലാമിക ഘടകങ്ങളെ ഖാദിരി സരണിയിലും നിറഞ്ഞുകാണാം. ഈറ്റണിന്റെ ഉദ്ധരണി കടമെടുത്താല്‍ ഖാദിരി സരണിയുടെ അനുയായികള്‍ ഇന്ത്യ മുതല്‍ മൊറോക്കോ വരെ മുസ്‌ലിം ലോകമെമ്പാടും ഒഴുകിപ്പരന്നു.
ബീജാപൂരിലും ഡെക്കാന്‍ പീഠഭൂമിയിലും താരതമ്യേന വൈകിയാണ് ഖാദിരികളെത്തുന്നത്.പതിനാലാം നൂറ്റാണ്ടിന്റെ അവസാനം വരെ അവര്‍ക്ക് മേഖലയില്‍ വേരോട്ടവുമുണ്ടായിരുന്നില്ല. മറ്റു ധാരകളിലൊക്കെയുള്ളത് പോലെ ഖാദിരി സരണിയിലും പൂര്‍വികരായ വിശുദ്ധവ്യക്തികള്‍ക്ക് വലിയ ആദരവും ബഹുമാനവുമുണ്ട്. വിശിഷ്യാ, ഖാദിരി ധാരയുടെ സ്ഥാപകരായ അബ്ദുല്‍ ഖാദിര്‍ ജീലാനി ഗൗസുല്‍ അഅ്‌ളം എന്നാണ് ബഹുമാനപുരസ്സരം അഭിസംബോധന ചെയ്യപ്പെടുന്നത്.അദ്ദേഹത്തിന്റെ പിന്‍ഗാമികളെയും ഖാദിരികള്‍ അത്യന്തം ആദരവോടെയാണ് സമീപിക്കുന്നത്. സമാനമായി, പ്രവാചകകുടുംബത്തോടുള്ള ആദരവ്, വിദ്യാഭ്യാസം, വംശപരമ്പരക്കും സില്‍സിലക്കും നല്‍കുന്ന പരിഗണന തുടങ്ങിയവ ഖാദിരികളും അനുഷ്ടിച്ചുപോരുന്നു.
രണ്ടാമതായി, ഖാദിരി സരണിക്ക് ചിശ്തികളേക്കാള്‍ മെച്ചപ്പെട്ട യാഥാസ്ഥിതിക ദിശാബോധം ഉണ്ടെന്ന് റിച്ചാര്‍ഡ് ഈറ്റണ്‍ വാദിക്കുന്നു. ”മധ്യകാല ഡെക്കാനില്‍ ജീവിച്ചിരുന്ന ഖാദിരി സൂഫികള്‍ പൊതുവെ ഈ പാരമ്പര്യത്തെ (പ്രവാചക അനുധാവനവും ശരീഅത്തിന് അനുവര്‍ത്തിക്കലും) ഉയര്‍ത്തിപ്പിടിച്ചിരുന്നു. കൂടാതെ സാധാരണ ഇസ്‌ലാമിക പണ്ഡിതന്മാരില്‍ നിന്ന് വ്യതിരിക്തമായി ചിലകാര്യങ്ങളില്‍ കടുത്ത നിലപാടുകളാണ് പലപ്പോഴും സ്വീകരിച്ചിരുന്നത്. ചിശ്തികളാവട്ടെ ഈ യാഥാസ്ഥിതികതയില്‍ നിന്നും വഴിമാറിയ സമീപനങ്ങളാണ് സ്വീകരിക്കുന്നതെന്നും” ഈറ്റണ്‍ അഭിപ്രായപ്പെടുന്നു.
സ്‌കോട്ടിഷ് ചരിത്രകാരനായ എച്ച്.എ.ആര്‍. ഗിബ്ബ് തന്റെ Mohammedanism: A Historical Survey (1949) എന്ന പുസ്തകത്തില്‍ വിഭജനപൂര്‍വ ഇന്ത്യയിലെ ഇസ്‌ലാമിനെയും സൂഫിസത്തെയും കുറിച്ച് പ്രതിപാദിക്കുന്നിടത്ത്, ഖാദിരിയ്യ, ചിശ്തിയ്യ തുടങ്ങിയ ഇന്ത്യയിലെ വ്യത്യസ്ത സൂഫി സരണികളെ അടിസ്ഥാനപരമായി urban (നഗര) rustic (ഗ്രാമീണ) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി വര്‍ഗീകരിക്കുന്നുണ്ട്. കൊളോണിയല്‍ ഇന്ത്യയിലെ സൂഫി സരണികളുടെ ആധുനിക വികാസത്തെക്കുറിച്ചാണ് ഈ പഠനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും വ്യത്യസ്ത സൂഫി സരണികള്‍ക്കിടയില്‍ നിലനിന്ന ഭിന്നതകളെ ഗ്രഹിക്കാന്‍ ഗിബ്ബിന്റെ നിരീക്ഷണങ്ങള്‍ സഹായകമാണ്. ഗിബ്ബിന്റെ വര്‍ഗീകരണത്തില്‍ ‘നഗര’ സരണികള്‍ സ്ഥാപിക്കപ്പെടുന്നതും പരിപാലിക്കപ്പെടുന്നതും ഉലമാക്കളുമായും മദ്രസകളുമായും വളരെ ചേര്‍ന്നു നില്‍ക്കുന്ന നാഗരിക ഘടകങ്ങളാണ്.
അതേസമയം ‘ഗ്രാമീണ’ സരണികള്‍ പ്രധാനമായും ഗ്രാമങ്ങളിലാണ് വ്യാപിക്കുക. അതോടൊപ്പം യാഥാസ്ഥിതികതയുടെ കെട്ടുപാടുകളില്‍ നിന്ന് കൂടുതല്‍ വ്യതിചലിക്കാനും അതിന് സാധിക്കും. ഖാദിരിയ്യ ഏറ്റവും സാധാരണമായ നഗര വിശേഷണമുള്ള സരണിയാണെന്ന് അവകാശപ്പെടുക മാത്രമല്ല, ഏറ്റവും സഹിഷ്ണുതയുള്ളതും പുരോഗമനപരവുമായ ഒന്നാണതെന്നും യാഥാസ്ഥിതികതയെ മുറുകെപ്പിടിക്കുകയും മനുഷ്യസ്നേഹം, ഭക്തി, വിനയം എന്നിവ മുഖമുദ്രയാക്കുകയും മത-രാഷ്ട്രീയ ഭ്രാന്തിനോട് വിമുഖത പുലര്‍ത്തിയിരുന്നവരുമാണ് ഖാദിരികളെന്നും ഗിബ്ബ് സ്ഥാപിക്കുന്നു. ഗിബ്ബിന്റെ ഈ വിശകലനത്തെ ആധാരമാക്കി, ചിശ്തി അടക്കമുള്ള ബിജാപൂരിലെ മറ്റു സൂഫി സരണികളെ ഗ്രാമീണമെന്ന് വിളിക്കാമെന്ന് ഈറ്റണും നിരീക്ഷിക്കുന്നു. ഖാദിരി സരണി സഹിഷ്ണുതയുള്ളതും പുരോഗമനപരവും രാഷ്ട്രീയ നിഷ്പക്ഷതയുള്ള സൂഫി ധാരകളില്‍ ഒന്നാണെന്ന ഗിബ്ബിന്റെ വാദം തികച്ചും ന്യായയുക്തമാണെന്നതില്‍ തര്‍ക്കമില്ല. എന്നിരുന്നാലും, മധ്യകാല ഡെക്കാനിലെ പ്രാദേശിക ഇടങ്ങളിലെ സൂഫി അധ്യാപനങ്ങളെയും പ്രവര്‍ത്തനങ്ങളെയും പരിശോധിക്കുമ്പോള്‍ ഖാദിരികളുടെ രാഷ്ട്രീയ സമീപനങ്ങളെയും ഇടപെടലുകളയെും എളുപ്പം അവഗണിക്കാന്‍ കഴിയില്ല.
വിവ: നജാഹ് അഹമ്മദ്
(courtesy: themaydan.com)
Add comment