വഖ്ഫുകളുമായി ബന്ധപ്പെട്ട് ആധുനിക കാലത്ത് നടന്ന സുപ്രധാനമായ ഒരു മാറ്റം അവയുടെ അധികാരവുമായി ബന്ധപ്പെട്ടതാണ്. ഒരേസമയം, വഖ്ഫ് നടത്തിപ്പുമായി ബന്ധപ്പെട്ട അധികാരവും വഖ്ഫ് പ്രാക്റ്റീസുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ അവയുടെ വ്യാഖ്യാന അധികാരവും ആര്‍ക്ക് എന്ന തലത്തിലുള്ള ചര്‍ച്ചകള്‍ കോളോണിയലിസത്തിന്റെ ആരംഭം മുതല്‍ക്കേയുണ്ട്. മുസ്‌ലിം സമുദായം, രാഷ്ട്രീയ നേതാക്കള്‍, നിയമവിദഗ്ധര്‍, സുപ്രീംകോടതി, പാര്‍ലമെന്റ് തുടങ്ങി രാജ്യത്തെ സുപ്രധാന സംവിധാനങ്ങളും ജനവിഭാഗങ്ങളുമെല്ലാം കൂടിച്ചേരുന്ന ഒരു ചര്‍ച്ച/തര്‍ക്ക വിഷയം ആയി വഖ്ഫ് മാറിക്കഴിഞ്ഞു.
2025 ലെ അമെന്‍ഡ്‌മെന്റും ഭരണകൂടത്തിന്റെ നിക്ഷിപ്ത താല്പര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും സുപ്രധാനമായിരിക്കുമ്പോള്‍ തന്നെയും ഇന്ന് നാം എത്തിനില്‍ക്കുന്ന സാഹചര്യം രൂപപ്പെടുത്തുന്നതില്‍ കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടയില്‍ നടന്ന സാമൂഹികവും രാഷ്ട്രീയവുമായ പുനക്രമീകരണങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്. വഖ്ഫ് എന്നത് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഒന്നായി നാം മനസ്സിലാക്കുമ്പോള്‍ തന്നെയും, ഏത് തരത്തിലാണ് കൊളോണിയല്‍ ഇടപെടലുകള്‍ വഖ്ഫുകളുടെ നടത്തിപ്പിലും അവയെക്കുറിച്ച വ്യാഖ്യാനങ്ങളിലും പുതിയ അധികാരികളായി രൂപം കൊണ്ടതെന്നും ഈ മാറ്റങ്ങള്‍ക്കെതിരെ ഉയര്‍ന്നു വന്ന പ്രധിരോധങ്ങളും ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. വഖ്ഫിന്റെ ആധുനിക ചരിത്രത്തെ രണ്ട് ഘട്ടങ്ങളാക്കി വിശകലന വിധേയമാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതില്‍ ഒന്നാമത്തേത് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഇടപെടലുകളുടെ കാലഘട്ടമാണ്. രണ്ടാമത്തേത്, സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നടന്ന പരിഷ്‌കാരങ്ങളും അവിടുന്നിങ്ങോട്ടുള്ള നിയമവിവാദങ്ങളും കൈകടത്തലുകളുമാണ്. പ്രധാനമായും ഒന്നാമത്തെ ഘട്ടത്തെ വിശദമായി നോക്കിക്കണ്ടുകൊണ്ട്, പില്‍ക്കാലത്തെക്കുറിച്ച് അവ ഏത് തരത്തില്‍ നോക്കിക്കാണാന്‍ സഹായിക്കുന്നു എന്ന് മനസ്സിലാക്കാനാണ് ഈ ലേഖനം ശ്രമിക്കുന്നത്.
മതേതരവല്‍ക്കരണവും പുതിയ നിര്‍വചനങ്ങളും
ഒരേസമയം ദൈവത്തോടും കുടുംബത്തോടും സമൂഹത്തോടുമെല്ലാം ബന്ധപ്പെട്ട് കിടക്കുന്ന ഒന്നായിരുന്നു മുസ്‌ലിം നാഗരികതയില്‍ വഖ്ഫ്. അതുകൊണ്ടുതന്നെ വെറുമൊരു വരുമാന മാര്‍ഗം എന്നതിനപ്പുറത്തേക്കുള്ള ഒരു വിശാല വീക്ഷണം വഖ്ഫുകള്‍ക്ക് ഉണ്ടായിരുന്നു. അതേസമയം, ആധുനിക ദേശരാഷ്ട്രങ്ങള്‍ രൂപം കൊണ്ടതോടെ ദേശീയ സാമ്പത്തിക സംവിധാനങ്ങളുടെ പുരോഗതി എന്നത് ഒരു സുപ്രധാന സങ്കല്പവും ആവശ്യകതയുമായി ഉയര്‍ന്നു വന്നു. ഈയൊരു പുതിയ സങ്കല്പത്തെ സംബന്ധിച്ചിടത്തോളം, ഭൗതികമായ വളര്‍ച്ച എന്നതില്‍ അതീവമായ താത്പര്യം പ്രകടിപ്പിക്കുന്ന, ആ ഒരു ലക്ഷ്യത്തില്‍ മുന്നോട്ടു പോവുന്ന ഒന്നായി ദേശരാഷ്ട്രങ്ങള്‍ നീങ്ങി. അതുകൊണ്ടുതന്നെ, വ്യത്യസ്തമായ വിഷനുമായി നിലനിന്ന വഖ്ഫുകളുടെ പരിഷ്‌കരണം എന്നത് ദേശീയ സാമ്പത്തിക സംവിധാനങ്ങളുമായി സംയോജിപ്പിക്കുന്ന ഘട്ടത്തില്‍ സ്റ്റേറ്റുകളുടെ ഒരു പ്രധാന അജണ്ടയായി മാറി. ഈ പരിവര്‍ത്തനത്തില്‍ ഏറെ പ്രധാനപ്പെട്ട ഒന്നായിരുന്നു ഭൂമിയെക്കുറിച്ചുള്ള നിര്‍വചങ്ങള്‍.
ഭൂമി എന്നത് മാര്‍ക്കറ്റില്‍ സര്‍ക്കുലേറ്റ് ചെയ്യപ്പെടുന്ന ഒരു ഫിനാന്‍ഷ്യല്‍ അസറ്റ് ആയി മാറുന്നതിലും അത് ആക്‌സിലറേറ്റ് ചെയ്യുന്നതിനും, സ്വത്തിനെക്കുറിച്ചുള്ള ആധുനിക സങ്കല്പങ്ങള്‍ക്കും അവയുടെ കടന്നു വരവിനും വലിയ പങ്കുണ്ട്. പാശ്ചാത്യ സങ്കല്പത്തില്‍ പ്രോപ്പര്‍ട്ടി എന്നത് പ്രൈവറ്റ് ആന്‍ഡ് പബ്ലിക് എന്നീ രണ്ട് കാറ്റഗറികളില്‍ പരിമിതമാണ്. ദൈവിക സങ്കല്‍പ്പങ്ങള്‍ക്ക് ഇടമില്ലാത്ത, മതേതരവത്കരിക്കപ്പെട്ട പ്രോപ്പര്‍ട്ടി റിലേഷന്‍സ് ആണ് കൊളോണിയല്‍ ആധുനികത പൊതുവില്‍ മുന്നോട്ടു വച്ചത്. അതുകൊണ്ടുതന്നെ, വഖ്ഫ് അതിനനുപൂരകമായി പരിവര്‍ത്തിപ്പിക്കുക എന്നത് സ്റ്റേറ്റ് അനിവാര്യതയായി കണ്ടു. രാഷ്ട്രത്തിന്റെ സാമ്പത്തിക വികസനത്തിന് വിഘാതം നില്‍ക്കുന്ന ഒന്നാണ് വഖ്ഫുകള്‍ എന്ന തരത്തില്‍ ഫ്രഞ്ച് മാന്‍ഡേറ്റ് ലീഗ് ഓഫ് നേഷന്‍സിന് റിപ്പോര്‍ട്ട് നല്‍കുന്നതായി നദ മുംതാസ് നിരീക്ഷിക്കുന്നത് കാണാം. സമൂഹത്തിലെ വിവിധ വശങ്ങളെ വേര്‍തിരിച്ച് കൊണ്ട് കാണുക എന്നത് മതേതരവല്‍ക്കരണത്തിന്റെ മറ്റൊരു സുപ്രധാന ചൂവടുവെപ്പായിരുന്നു. അവയില്‍ അതിപ്രാധാന്യമുള്ള ഒന്ന് സാമ്പത്തിക രംഗത്തെ മറ്റുള്ളവയില്‍ നിന്നും വേറിട്ട് നിര്‍ത്തുക എന്നതായിരുന്നു.
പ്രൈവറ്റ് എന്നത് മതത്തിന്റെയും സംസ്‌കാരത്തിന്റെയും പബ്ലിക് എന്നത് യുക്തിയുടെയും സാമ്പത്തിക രംഗത്തിന്റെയും സയന്‍സ് ടെക്‌നോളജിയുടെയുമെല്ലാം ഇടങ്ങളായി പുനര്‍നിര്‍ണയിക്കപ്പെട്ടു. ഇത്തരത്തില്‍ ഡൈക്കോട്ടമസ് ആയ, പുനക്രമീകരിക്കപ്പെട്ട ലോകത്ത് ഒരേസമയം മതപരവും സാമ്പത്തികവുമായ അസ്ഥിത്വം ഉള്ള വഖ്ഫുകള്‍ കൊളോണിയല്‍ രാഷ്ട്രത്തിന്റെ കണ്ണിലെ കരടായി മാറി എന്ന് പറയാം.
ആധുനിക കാലത്തെ മുസ്‌ലിം പിന്നാക്കാവസ്ഥയെക്കുറിച്ച് പല തരത്തിലുള്ള വിശകലനങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്. അത്തരത്തിലൊന്ന് വഖ്ഫുകളുമായി ബന്ധപ്പെട്ട ചില ചര്‍ച്ചകള്‍ ഉയര്‍ത്തിയതായും കാണാം. The long Divergence: How Islamic law held beck Middle East എന്ന ടര്‍ക്കിഷ് അമേരിക്കന്‍ എക്കണോമിസ്റ്റ് ആയ തിമുര്‍ കുറാന്‍ന്റെ പഠനത്തില്‍ ഇസ്‌ലാമിക നിയമത്തിന്റെ നിരവധി ഘടകങ്ങള്‍ മിഡില്‍ ഈസ്റ്റിനെ സാമ്പത്തികമായി പിന്നോട്ട് കൊണ്ടുപോകാന്‍ കാരണമായി എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.
അദ്ദേഹം നിരത്തുന്ന പ്രധാന കാരണങ്ങളില്‍ ഒന്ന് വഖ്ഫുകള്‍ ആണ്.
അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ 1000-ല്‍, മിഡില്‍ ഈസ്റ്റിന്റെ സമ്പദ്‌വ്യവസ്ഥ യൂറോപ്പിന്റെ അത്രയും പുരോഗമിച്ചിരുന്നു. എന്നാല്‍ 1800 ആയപ്പോഴേക്കും, ജീവിത നിലവാരം, സാങ്കേതികവിദ്യ, സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവയില്‍ ഈ പ്രദേശം വലിയതോതില്‍ പിന്നോട്ട് പോയി. ചുരുക്കത്തില്‍, പടിഞ്ഞാറന്‍ രാജ്യങ്ങള്‍ മുന്നേറിയപ്പോള്‍ സാമ്പത്തികമായി ആധുനികവല്‍ക്കരിക്കുന്നതില്‍ മിഡില്‍ ഈസ്റ്റ് പരാജയപ്പെട്ടു എന്ന വാദത്തില്‍ ഊന്നിക്കൊണ്ട്, ഈയൊരു വിടവിന് കാരണമെന്താണ് എന്ന അന്വേഷണത്തില്‍ ഗ്രന്ഥകാരന്‍ എത്തിച്ചേരുന്ന നിഗമനങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് വഖ്ഫ് കളുടെ സാന്നിധ്യം എന്നതാണ്.
ഒരു വഖ്ഫിന്റെ മാനേജര്‍, അതിന്റെ മുതവല്ലി, സ്ഥാപകരുടെ നിബന്ധനകള്‍ അക്ഷരംപ്രതി അനുസരിക്കണമെന്ന് ഇസ്‌ലാമിക നിയമം നിഷ്‌കര്‍ഷിക്കുന്നതിനാല്‍, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള വഴക്കം ആ സംവിധാനത്തിന് ഇല്ലായിരുന്നു’ (2001: 843) എന്നതാണ് പ്രധാന വാദം. ഇവിടെ പ്രധാനമായും അദ്ദേഹത്തിന്റെ വിമര്‍ശനം ചെന്ന് നില്‍ക്കുന്നത് രണ്ട് തലത്തിലാണ്. ഒന്ന്, മുതവല്ലിമാരെസ്സംബന്ധിച്ചിടത്തോളം സ്ഥാപകരുടെ നിര്‍ദ്ദേശങ്ങള്‍ അക്ഷരം പ്രതി നടപ്പിലാക്കുക എന്നതില്‍ കവിഞ്ഞ് ഒരു റോളും ഇല്ല. മുതവല്ലിമാരുടെ കാഴ്ചപ്പാടുകള്‍ക്കോ, ചിന്തകള്‍ക്കോ ഒരു വഖ്ഫിന്റെ നടത്തിപ്പില്‍ പ്രത്യേകിച്ച് സംഭവനയൊന്നും നല്‍കാന്‍ കഴിയില്ല എന്ന്. രണ്ടാമത്തെ ഒരു വാദം വഖ്ഫ് ആധാരങ്ങളുമായി ബന്ധപ്പെട്ടാണ്. ഏതെങ്കിലും ഒരു കാലത്ത് എഴുതപ്പെട്ട ആധാരങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ വഖഫുകളുടെ നവീകരണത്തിന് ഒരു തടസ്സമായി നിലനില്‍ക്കും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, സാമൂഹിക മാറ്റങ്ങളോട് സംവദിക്കുന്നതില്‍ ഒരു തടസ്സമായി ആധാരങ്ങള്‍ നിലനില്‍ക്കും.

മുതവല്ലിമാര്‍ എന്നത് വളരെ പാസ്സീവ് ആയ ഒരു സ്ഥാനം ആയല്ല യഥാര്‍ത്ഥത്തില്‍ നിലകൊള്ളുന്നത് എന്നത് കേരളത്തിലെ ദാറുല്‍ ഉലൂം അടക്കമുള്ള വഖ്ഫ് സ്ഥാപനങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. (അധിക വായനക്ക് Waqf and Authority Dynamics: Reconfigurations of a Pious Institution in Colonial Malabar, South India കാണുക). പില്‍ക്കാല മുതവല്ലിമാര്‍ കൂടുതല്‍ സ്വത്തുക്കള്‍ സ്ഥാപനങ്ങള്‍ക്ക് വേണ്ടി നീക്കി വെക്കുന്നതിലൂടെയും പുതിയ ഉദ്ദേശ ലക്ഷ്യങ്ങള്‍ പിന്നീട് ചേര്‍ക്കുന്ന ആധാരങ്ങളില്‍ രേഖപ്പെടുത്തുന്നതിലൂടെയും വഖ്ഫ് സംവിധാനങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കപ്പെടുന്നുണ്ട്.
അതേസമയം, തിമൂര്‍ കുറാന്‍ പറഞ്ഞ തരത്തില്‍, പാശ്ചാത്യ മുതലാളിത്തം കരഗതമാക്കിയ ‘വികാസം’ മുസ്‌ലിം സമൂഹങ്ങളില്‍ സാധ്യമാവുന്നോ എന്ന ചോദ്യം തന്നെ പ്രശ്‌നമാണ്. കാരണം, പാശ്ചാത്യന്‍ മുതലാളിത്തം എന്നത് വികസനത്തിന്റെ അളവുകോലാവുകയും ഇതര വീക്ഷണങ്ങളെ ഉള്‍കൊള്ളാന്‍ കഴിയാതെ പോവുകയും പുരോഗതിയുടെ വഴി ഒന്ന് മാത്രം എന്ന തരത്തില്‍ ചിന്തകള്‍ പോവുകയും ചെയ്യുന്നത് അത്ര പുരോഗമനപരമായി കാണാന്‍ കഴിയില്ല.
ബ്രിട്ടീഷ് കോളോണിയലിസവും വഖ്ഫുകളും
ഭൂ അധികാരങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍, മുസ്‌ലിം വ്യക്തി നിയമത്തിന്റെ രൂപീകരണവും മതങ്ങളുടെ ഇടവും നിര്‍ണയിക്കല്‍, പരമ്പരാഗത നിയമ സംവിധാനങ്ങളുടെ അധികാരം എടുത്തു മാറ്റല്‍ എന്നിവ വലിയ തോതിലുള്ള മാറ്റങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. സമകാലിക ഇന്ത്യന്‍ സാഹചര്യങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍, കൊളോണിയല്‍ കാലത്ത് രൂപപ്പെട്ട സങ്കല്പങ്ങളും സംവിധാനങ്ങളും സമൂഹത്തിലെ വിവിധ വശങ്ങളുടെ പുനഃക്രമീകരണങ്ങളുമെല്ലാം സുപ്രധാന പങ്കു വഹിച്ചതായി കാണാം.
നികുതി ശേഖരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച പരിഷ്‌കരണങ്ങള്‍ക്ക് കൊളോണിയല്‍ സ്റ്റേറ്റ് തുടക്കം കുറിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഭൂമിയുടെ അധികാരി ആര് എന്നത് നിര്‍വചിക്കുന്നതിലൂടെ അവരില്‍ നിന്നും നികുതി പിരിക്കാം എന്നും അതിന് വേണ്ടി അധികാരം കൃത്യതപ്പെടുത്തണമെന്നും കൊളോണിയല്‍ അധികാരികള്‍ തീരുമാനിച്ചു. പരമ്പരാഗതമായി നിലനിന്ന വ്യവസ്ഥയില്‍, ഒരു absolute അതോറിറ്റി എന്ന തരത്തില്‍ ഭൂമിയുടെ അധികാരം നിര്‍ണയിക്കപ്പെട്ടില്ലായിരുന്നു. പല കണ്ണികളിലായി പാട്ട വ്യവസ്ഥയിലും മറ്റുമൊക്കെയായിരുന്നു ഇത് നിലനിന്ന് പോന്നത്. മാത്രവുമല്ല, രജിസ്‌ട്രേഷന്‍ സമ്പ്രദായങ്ങള്‍ പില്‍കാലത്താണ് ആരംഭിക്കുന്നത് എന്നതിനാല്‍ വാമൊഴി പാരമ്പര്യത്തിലാണ് ഇത്തരം അറിവുകളും ധാരണകളും നിലനിന്നിരുന്നത്. ഈ ഒരു ഘട്ടത്തിലാണ് ഭൂമിയുടെ ഭൗതിക ആസ്തി എന്നതിന് വാല്യൂ കൈവന്നത് (അതുവരെ കാര്‍ഷിക മേഖലയിലെ ഭൂമിയുടെ ഉത്പാദനം എന്നതായിരുന്നു നികുതിയുടെ മാനദണ്ഡം). 18-ാം നൂറ്റാണ്ടില്‍ ബംഗാളില്‍ നടപ്പിലാക്കിയ പെര്‍മനെന്റ്‌റ് സെറ്റില്‍മെന്റ് ആയിരുന്നു കൊളോണിയല്‍ അധികാരികള്‍ ആദ്യമായി നടത്തിയ സുപ്രധാന നീക്കങ്ങളില്‍ ഒന്ന്. അതേസമയം, ഭൂവുടമസ്ഥത ഇത്തരത്തില്‍ ചില പ്രത്യേക വിഭാഗങ്ങള്‍ക്കായി സെറ്റില്‍ ചെയ്യാനുള്ള നീക്കം പല വിഭാഗങ്ങളുടെയും കുടിയിറക്കത്തിലേക്കും സംഘര്‍ഷങ്ങളിലേക്കും നയിച്ചു.
1772 ല്‍ Warren Hastings നടത്തിയ ഒരു പരാമര്‍ശം സ്റ്റേറ്റ് ലോയും പേഴ്‌സണല്‍ ലോയും തമ്മിലുള്ള വ്യത്യാസത്തെ കൃത്യമായി വരച്ചു കാണിക്കുന്ന ഒന്നാണ്. ‘In all suites regarding inheritance, succession, marriage, castes and other religious usages or institutions, the laws of the Koran with respect to the Mohammedans shall invariably be adhered to’. അതായത് മതവിഭാഗങ്ങള്‍ക്ക് അവരുടെ പ്രമാണങ്ങളെ അടിസ്ഥാനപ്പെടുത്തി പേഴ്‌സണല്‍ ലോ അല്ലെങ്കില്‍ പ്രാക്ടീസ് എന്നിവ മുന്നോട്ട് കൊണ്ടുപോകാം എന്ന് Warren Hastings പറഞ്ഞുവെക്കുന്നു.
1810 ലെ ബംഗാള്‍ കോഡ് റിലീജിയസ് എന്‍ഡോവ്‌മെന്റുകള്‍ക്ക് മേല്‍ സൂപ്പര്‍വിഷന്‍ എന്ന അധികാരമാണ് നല്‍കുന്നത്. ഇതുപ്രകാരം പ്രോപ്പര്‍ട്ടി നടത്തിപ്പുകാര്‍ സ്റ്റേറ്റിനു മറുപടി പറയാന്‍ ബാധ്യസ്ഥരായി വന്നു. ഇവിടെ എളുപ്പം വ്യക്തമാവാത്ത ഒരു വൈരുദ്ധ്യം രൂപപ്പെട്ടിരുന്നു. അതായത്, പേഴ്‌സണല്‍ ലോ എന്നതില്‍ സമുദായങ്ങള്‍ക്ക് സ്വയം നിര്‍ണ്ണയാധികാരം എന്നതും പ്രോപ്പര്‍ട്ടിക്കുമേലുള്ള തര്‍ക്കങ്ങള്‍ മതേതര കോടതികള്‍ കൈകാര്യം ചെയ്യും എന്ന നടപടിക്രമവും ഒരു കൂട്ടിമുട്ടല്‍ സൃഷ്ടിക്കുന്നു എന്നതാണ്. അതായത്, തത്വത്തില്‍ പറയുന്ന വിട്ടുനില്‍ക്കല്‍, പ്രയോഗത്തില്‍ അത്ര എളുപ്പത്തില്‍ നടപ്പിലായ ഒന്നായിരുന്നില്ല.
1857 ലെ പ്രക്ഷോഭങ്ങള്‍ക്ക് ശേഷമാണ് കുറേക്കൂടെ ശക്തമായ ഇടപെടലുകള്‍ ആരംഭിക്കുന്നത്. 1863 ലെ റിലീജസ് എന്‍ഡോവ്‌മെന്റ് ആക്ട് നിലവില്‍ വന്നതോടെ സൂപ്പര്‍വിഷന്‍ എന്ന പദവി കൊളോണിയല്‍ സ്റ്റേറ്റ് വിട്ടോഴിയുകയും അതാത് കമ്മ്യൂണിറ്റികള്‍ക്ക് നേരിട്ട് നടത്തിപ്പിന് നല്‍കുകയും ചെയ്തു. അതേസമയം പബ്ലിക് ബെനിഫിറ്റിനുള്ള എന്റോള്‍മെന്റ്കള്‍ക്ക് മാത്രമായിരുന്നു ഇത് ബാധകമായിരുന്നത്. ഫാമിലി വഖ്ഫുകളുളെ ഉള്‍പ്പെടുത്തിയിരുന്നില്ല. ചാരിറ്റി എന്നത് പബ്ലിക്കിന് നല്‍കുന്ന ഒന്നാണ് എന്നും അത് എങ്ങനെ ഒരാളുടെ കുടുംബത്തിനു നല്‍കും എന്ന ചോദ്യം കൊളോണിയല്‍ അധികാരികള്‍ ഉന്നയിച്ചു. മുസ്‌ലിം സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം, അവരുടെ ദാനധര്‍മങ്ങളില്‍ കുടുംബക്കാര്‍ക്ക് കൂടെ ഇടമുണ്ടായിരുന്നു. കാലങ്ങളായി മുസ്‌ലിം ചാരിറ്റിയുടെ ഭാഗമവുമാണത്. കൊളോണിയല്‍ അധികാരികള്‍ ഫാമിലി വഖ്ഫുകള്‍ വലിയതോതില്‍ പ്രശ്‌നവല്‍ക്കരിക്കുകയും ഇന്ത്യയില്‍ അത് നിരോധിക്കുന്ന സാഹചര്യങ്ങള്‍ രൂപപ്പെടുകയും ചെയ്തു. ഒരേസമയം സമുദായത്തിന് നടത്തിപ്പിന് അനുമതി നല്‍കുകയും അവയുടെ വഖ്ഫ് കേസുകള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ ബ്രിട്ടീഷ് ഇന്ത്യന്‍ ജഡ്ജിമാര്‍ക്ക് അവസരം നല്‍കുക എന്നതും കാര്യങ്ങള്‍ സങ്കീര്‍ണ്ണം ആക്കി.

മിഹ്രിമ സുല്‍ത്താനയുടെ വഖ്ഫിയ ആധാരം
1864ല്‍ ഖാസി ആക്ട് നിലവില്‍ വരുന്നതോടുകൂടി പരമ്പരാഗത അധികാരികള്‍ ആയിരുന്ന ഖാദിമാരെയും മുഫ്തിമാരെയും ആശ്രയിക്കുന്നത് കൊളോണിയല്‍ അധികാരികള്‍ അവസാനിപ്പിക്കുകയും കോടതികള്‍ യൂറോപ്പ്യന്‍ ക്രിസ്ത്യന്‍ ജഡ്ജിമാരെ കൊണ്ട് കൈകാര്യം ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ മാറി വന്നു. പില്‍ക്കാലത്ത് ഖാദിമാരെയും മുഫ്തിമാരെയും നീക്കുകയും അവര്‍ക്ക് പകരമായി തിരഞ്ഞെടുത്ത രണ്ടോ മൂന്നോ ഇസ്‌ലാമിക നിയമങ്ങളുമായി ബന്ധപ്പെട്ട പരിഭാഷകളെ അവലംബിച്ചാണ് നടപടിക്രമങ്ങള്‍ നീങ്ങിയത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ സിറാജിയ പോലുള്ള ഹനഫി ടെസ്റ്റുകള്‍ ആണ് ആദ്യ ഘട്ടത്തില്‍ അവര്‍ പരിഭാഷ ചെയ്തത്. അതേസമയം അത്തരം പരിഭാഷകള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മുസ്‌ലിം വൈവിധ്യങ്ങളെ പ്രതിനിധീകരിക്കാന്‍ ഒട്ടും പര്യാപ്തമല്ല എന്നതാണ് ഈ നീക്കത്തിലെ ഒരു പ്രശ്‌നം. മാത്രമല്ല, ടെക്സ്റ്റുകള്‍ അല്ലെങ്കില്‍ കോഡുകള്‍ എന്നിവയ്ക്ക് ഖാദിമാര്‍ നടത്തുന്ന വിശകലനങ്ങളെക്കാള്‍ പ്രിവിലേജ് നല്‍കുന്ന കൊളോണിയല്‍ ഇമേജനറി കൂടിയാണ് ഇതിലേക്ക് നയിച്ചത്.

1857ന് ശേഷമുള്ള മാറ്റങ്ങളോടെ സാമുദായിക അവകാശങ്ങളെ മുന്നില്‍ നിര്‍ത്തി മുസ്‌ലിം നേതൃത്വം കൊളോണിയല്‍ സ്റ്റേറ്റിനെതിരില്‍ കമ്മ്യൂണിറ്റിയെ അണിനിരത്തുന്ന സാഹചര്യം രൂപപ്പെട്ടു. വഖ്ഫ് തര്‍ക്കങ്ങളിലെ വ്യാഖ്യാനങ്ങളില്‍ കൊളോണിയല്‍ അധികാരവുമായി തര്‍ക്കങ്ങള്‍ രൂപപ്പെടുന്ന തരത്തിലേക്ക് പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തോടെ കാര്യങ്ങളെത്തി. മുസ്‌ലിം ലീഗല്‍ സ്‌പെഷ്യലിസ്റ്റുകളെ കണ്‍സള്‍ട്ട് ചെയ്യാതെ കൊളോണിയല്‍ കോടതികള്‍ തീരുമാനമെടുക്കുന്നത് വലിയതോതില്‍ പേഴ്‌സണല്‍ ലോയിലെ മുസ്‌ലീങ്ങളുടെ ഓട്ടോണമിയെ കുറിച്ചുള്ള ആശങ്കകളും പ്രതികരണങ്ങളും സൃഷ്ടിച്ചു. സര്‍ സയ്യിദ് അഹമ്മദ് ഖാന്‍, സയ്യിദ് അമീര്‍ അലി, ഫൈസ് ത്വയ്ബ്ജി പോലുള്ള ബ്രിട്ടീഷ് ഇന്ത്യയിലും ഇംഗ്ലണ്ടിലും നിയമപരിശീലനം നേടിയ മുസ്‌ലിം ലീഗല്‍ ആക്ടിവിസ്റ്റുകളുടെ ഇടപെടലുകള്‍ കൊളോണിയല്‍ സ്റ്റേറ്റിന്റെ പ്രവര്‍ത്തന രീതികളെ വിമര്‍ശന വിധേയമാക്കുന്നതിനും നെഗോഷ്യേറ്റ് ചെയ്യുന്നതിലും സുപ്രധാന പങ്കുവഹിച്ചു. ഇത്തരം നിയമ ഇടപെടലുകളുടെ അനന്തരഫലമായാണ് ഒരു ഘട്ടത്തില്‍ കൊളോണിയല്‍ അധികാരികള്‍ അസാധുവാക്കിയ ഫാമിലി വഖ്ഫുകള്‍ക്ക് 1913 ല്‍ വീണ്ടും നിയമസാധുത കൈവരുന്നത്.
സ്വാതന്ത്ര്യാനന്തര കാലം
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ആക്ടുകളും അവയുടെ അമെന്‍ഡ്‌മെന്റുകളുമാണ് വഖ്ഫില്‍ വന്നത്. 1954 ലെയും 1995 ലെയും ആക്ടുകളാണ് സുപ്രധാനമായ പല പരിവര്‍ത്തനങ്ങളും വഖ്ഫുമായി ബന്ധപ്പെട്ട് കൊണ്ടുവന്നത്. 1995 ലെ ആക്ടിന് 2013 ലാണ് ഒരു ഭേദഗതി വന്നത്. 1954 ലെ ആക്ട് ആണ് ഇന്ത്യയില്‍ വഖ്ഫ് ബോര്‍ഡ്, സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സില്‍ എന്നീ സംവിധാനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. വഖ്ഫ് ബോര്‍ഡുകള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിലും, നയങ്ങള്‍ രൂപപ്പെടുത്തുന്നതിലും, മുതവല്ലിമാരുടെ ഉത്തരവാദിത്തം നിര്‍ണയിക്കുന്നതിലുമെല്ലാം സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സില്‍ സുപ്രധാന പങ്കുവഹിക്കുന്നു.
ഈ രണ്ടു സംവിധാനങ്ങളിലും വഖഫുകളുടെ കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പ് വരുത്താന്‍ ആവശ്യമായ മുസ്‌ലിം അംഗങ്ങളെ നോമിനേഷനിലൂടെയോ തിരഞ്ഞെടുപ്പിലൂടെയോ തീരുമാനിക്കുന്ന രീതിയും ഇക്കാലത്ത് രൂപപ്പെട്ടതാണ്. മതേതര രാഷ്ട്രത്തിന്റെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുമ്പോള്‍ തന്നെയും മുസ്‌ലിം പ്രാധിനിത്യം ഉറപ്പുവരുത്തുക വഴി വഖഫുകളുടെ ഇസ്‌ലാമികമായ വീക്ഷണങ്ങളും ലക്ഷ്യങ്ങളും ഒരു പരിധി വരെ പരിഗണിക്കാന്‍ സാധ്യമായിരുന്നു. പുതിയ ബില്‍ അട്ടിമറിക്കുന്ന പ്രധാനപ്പെട്ട ഒരു അവകാശവും ഇത് തന്നെയാണ്.
വഖ്ഫ് പ്രോപ്പര്‍ട്ടികളുടെ സര്‍വ്വേ ആരംഭിക്കുന്നതും 1954 ലെ ആക്ട്‌ന്റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ്. സര്‍വ്വേ, വഖഫുകളെക്കുറിച്ച വിവരങ്ങള്‍ കേന്ദ്രീകൃതമായി സ്റ്റേറ്റ് വശം സൂക്ഷിക്കാനുള്ള നടപടികള്‍ എന്നിവ വലിയ തോതില്‍ കെട്ടിഘോഷിക്കപ്പെട്ട നടപടിക്രമങ്ങളുമാണ്. ആഗോള തലത്തില്‍ തന്നെ വഖ്ഫ് മാനേജ്‌മെന്റില്‍ ഇന്ത്യ മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കുള്‍പ്പെടെ മാതൃകയാണ് എന്ന തരത്തില്‍ മുസ്‌ലിം ആക്ടിവിസ്റ്റുകളും അക്കാദമിക വിദഗ്ധരും ഇതേക്കുറിച്ച് പറഞ്ഞതായി കാണാം. അതേസമയം, ഭരണകൂടത്തിന്റെ രൂപവും ഭാവവും മാറുമ്പോള്‍ ഇത്തരം വിവരങ്ങള്‍ തിരിച്ചടിയാകും എന്ന സാധ്യത പലപ്പോഴും വേണ്ടത്ര ഉയര്‍ത്തപ്പെട്ടില്ല എന്നതും നാം പരിഗണിക്കേണ്ടതുണ്ട്. ഒരു സമുദായത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എത്രമേല്‍ ഭരണകൂടത്തിന് കൈമാറേണ്ടതുണ്ട് എന്ന കാര്യത്തില്‍ പുനര്‍വിചിന്തനങ്ങള്‍ക്ക് ഒരു വാതില്‍ ഇത് തുറന്നു വെക്കുന്നുമുണ്ട്.
1960-ല്‍ വഖ്ഫ് ബോര്‍ഡ് രൂപീകരിച്ചതോടെ സംസ്ഥാനത്ത് നിലവിലുള്ള വഖഫ് സ്വത്തുക്കളുടെ മേലുള്ള സ്ഥാപനപരമായ പദവിയും അധികാരവും ബോര്‍ഡ് നേടിയെടുത്തു. വഖഫ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഒരു നൂതനമായ അര്‍ദ്ധ-സംസ്ഥാന ഉപകരണമെന്ന നിലക്കാണ് വഖ്ഫ് ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത്. വഖ്ഫ് ബോര്‍ഡുകളുടെ രൂപീകരണത്തോടെയും അവക്ക് നല്‍കപ്പെട്ട പദവികളോടെയും പരിഗണിക്കുമ്പോള്‍ 1954 ലെ ആക്ട്‌ന്റെ അടിസ്ഥാനത്തില്‍ വഖഫ് സ്വത്തുക്കളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നൂതനമായ ഒരു സംവിധാനമായാണ് വഖ്ഫ് ബോര്‍ഡുകള്‍ രൂപം കൊള്ളുന്നത്. വഖ്ഫ് ബോര്‍ഡുകളുടെ രൂപീകരണവും അവക്ക് നല്‍കപ്പെട്ട പദവികളും പരിഗണിക്കുമ്പോള്‍ നിലവിലുള്ള വഖഫ് സ്വത്തുക്കളുടെ ഭരണകാര്യങ്ങളില്‍ ഒരു ‘ഗ്രാന്‍ഡ് മുതവല്ലി’ ആയി വഖ്ഫ് ബോര്‍ഡ് മാറി എന്ന് പറയാം. സമുദായ കേന്ദ്രീകൃതമായിരുന്ന വഖഫുകള്‍ക്ക് പതിയെ സംഭവിച്ച മാറ്റങ്ങളില്‍ സുപ്രധാനമായ ഒന്നാണ് ഇതും.
കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിലായി നടന്ന സാമൂഹിക മാറ്റങ്ങള്‍ സുപ്രധാനമായ ചില അധികാര കൈമാറ്റങ്ങള്‍ നമുക്ക് മുന്നില്‍ വെളിപ്പെടുത്തുന്നുണ്ട്. ഒരുവശത്ത്, സമുദായ കേന്ദ്രീകൃതമായ വഖ്ഫ് നടത്തിപ്പുകള്‍ കുറേക്കൂടെ സ്റ്റേറ്റ് കേന്ദ്രീകൃതമായ തരത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. അതേസമയം, ഈയൊരു മാറ്റത്തെ മുസ്‌ലിം സമുദായം കണ്ണടച്ച് സ്വീകരിക്കുകയായിരുന്നില്ല. മറിച്ച്, അരികുവല്‍ക്കരിക്കാനുള്ള ശ്രമങ്ങളെ ചെറുത്തുകൊണ്ടും, സാധ്യമാവും വിധം തങ്ങളുടെ ഇടങ്ങളെയും അധികാരത്തെയും നിലനിര്‍ത്താനും കോളോണിയല്‍ കാലം മുതല്‍ ശ്രമങ്ങള്‍ നടക്കുന്നതായി കാണാം. ഒരര്‍ത്ഥത്തില്‍, പേഴ്‌സണല്‍ ലോ എന്ന തലത്തിലേക്ക് ചുരുക്കപ്പെടുക എന്നതാണ് കൊളോണിയല്‍ കാലത്തും തുടര്‍ന്നും നടന്ന പരിവര്‍ത്തനങ്ങളിലൂടെ സംഭവിക്കുന്നത്. അതേസമയം, ഈ ചുരുക്കപ്പെട്ട ലോകത്ത് നിന്ന് കൊണ്ട് സാധ്യമാകുന്ന തരത്തില്‍ വളരുക, വികസിക്കുക, അതോറിറ്റിയുടെ പുതിയ രീതികള്‍ക്ക് ശ്രമിക്കുക എന്നിവയെല്ലാമാണ് പലപ്പോഴും സമുദായം ശ്രമിച്ചു പോന്നിരുന്നത്. ആ ഒരിടത്തേക്ക് കൂടെ കടന്നാക്രമിക്കുന്ന തരത്തിലും, ലഭ്യമായ തുരുത്തുകളില്‍ പോലും നാശം വിതക്കുന്ന തരത്തിലുമാണ് ഹിന്ദുത്വ ഭരണകൂടം നിയമ നിര്‍മാണങ്ങള്‍ നടത്തുന്നത്.
Add comment