മുസ്‌ലിം രാഷ്ട്രങ്ങളിലെ ജനാധിപത്യ വളര്‍ച്ചയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അധികവും കേന്ദ്രീകരിക്കുന്നത് രാഷ്ട്ര സമൂഹ ബന്ധങ്ങള്‍, പൗര സമൂഹത്തെ പറ്റിയുള്ള ചോദ്യം ചെയ്യലുകള്‍ എന്നിവയിലാണ്. കിഴക്കന്‍ ഏകാധിപത്യം (Oriental Despotism) എന്ന വിവാദ പൂര്‍വ്വപക്ഷം മുന്നോട്ടുവെച്ച്, മധ്യ കിഴക്കന്‍ മുസ്‌ലിം രാഷ്ട്രങ്ങളില്‍ പൗരസമൂഹം (Civil Society), സ്വതന്ത്ര സ്ഥാപനങ്ങള്‍ തുടങ്ങിയുള്ള സമവാക്യങ്ങള്‍ ഇല്ലെന്നും, ടേണര്‍ പറയുന്നപോലെ കിഴക്കിലെ അധികാര ശ്രേണിയില്‍ രാഷ്ട്രം മാത്രമാണ് ഇടപെടുന്നതെന്നും, പൗരസമൂഹം അതിലില്ലെന്നും പാശ്ചാത്യ ചിന്തകള്‍ സമര്‍ത്ഥിക്കുന്നു. പടിഞ്ഞാറന്‍ പൗരസമൂഹ സ്വാതന്ത്ര്യ ആശയങ്ങള്‍ക്ക് ഇവിടെ പ്രാധാന്യമില്ലെന്നുവരെ അവര്‍ സ്ഥാപിക്കുന്നു. പക്ഷേ ഇതുവരെയുള്ള പഠനങ്ങളില്‍ മധ്യേഷ്യന്‍ രാഷ്ട്രങ്ങളിലെ ഏകാധിപത്യ ഭരണ സ്വഭാവം മാത്രം മുന്‍നിര്‍ത്തി പൗരസ്വാതന്ത്ര്യം, പൊതുമണ്ഡലങ്ങള്‍ എന്നിവ പ്രായോഗികമായിരുന്നില്ല എന്ന് പറയുന്നത് അയാഥാര്‍ത്ഥ്യമാണ്.
ഹെബര്‍മാസിന്റെ പൊതുമണ്ഡല തത്വങ്ങളിലേക്ക് വരാം. ഭരണകൂടത്തിനും വ്യക്തികള്‍ക്കും ഇടയിലുള്ള താത്വിക വിമര്‍ശക സംവാദങ്ങള്‍ നടക്കുന്ന ഇടങ്ങള്‍, അഥവാ ഭരണകൂട അതിക്രമങ്ങളെ വിമര്‍ശിക്കാന്‍ സ്വകാര്യ വ്യക്തികള്‍ ഒരുമിച്ചു കൂടുന്ന ഇടങ്ങളാണ് പൊതുമണ്ഡലങ്ങള്‍ (public sphere). പത്രമാധ്യമങ്ങള്‍, കോഫി ഷോപ്പുകള്‍, സാഹിത്യ വാരികകള്‍ എന്നിവ ചില പൊതു മണ്ഡലങ്ങള്‍ എന്നര്‍ത്ഥം. പൗര സമൂഹത്തിന്റെ ശബ്ദമായി, അധികാരികളില്‍ നിന്ന് മുക്തമായി തീര്‍ത്തും യുക്തിസഹമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സ്ഥാപനങ്ങളാണ് മാതൃകാ പൊതുമണ്ഡലങ്ങള്‍. ഹെബര്‍മാസിന്റെ തത്വങ്ങള്‍ പാശ്ചാത്യ ചരിത്രത്തിലാണ് ഉടലെടുത്തതെങ്കിലും കിഴക്കന്‍ ഇസ്‌ലാമിക രാഷ്ട്രങ്ങളിലും എങ്ങനെ പൊതുമണ്ഡല വ്യവഹാരങ്ങള്‍ ഉയര്‍ന്നുവന്നു എന്നതിനെക്കുറിച്ച് പഠിക്കാന്‍ സഹായിക്കും.
ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ ഏകാധിപത്യ ഭരണമാണെന്ന പാശ്ചാത്യ ചിത്രീകരണങ്ങള്‍, ഇവിടെ പ്രവര്‍ത്തിച്ചിരുന്ന പൊതുമണ്ഡലങ്ങളെ കുറിച്ച് വിശാലമായ കാഴ്ചപ്പാടുകള്‍ വിവരിക്കുന്നതോടെ അപ്രസക്തമാവുന്നതാണ്. പാശ്ചാത്യ ഔദ്യോഗിക രീതിയിലുള്ള പൗര സമൂഹ സ്ഥാപനങ്ങള്‍ ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നില്ലെങ്കിലും ഇവിടങ്ങളില്‍ സ്വകാര്യ കുടുംബത്തിനും ഭരണകൂടത്തിനുമിടയില്‍ സമൂഹ സുരക്ഷയെ, ധാര്‍മികതയെ സ്വാധീനിക്കുന്ന രീതിയിലുള്ള പൊതു മണ്ഡലങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അവ പാശ്ചാത്യ മാതൃകകളില്‍ അല്ലെന്നു മാത്രം. ഇത്തരം സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക് പ്രധാന കാരണമായിരുന്നത് മുസ്‌ലിം സമൂഹങ്ങളില്‍ അനുഷ്ഠിച്ചിരുന്ന വഖഫ് സമ്പ്രദായമായിരുന്നു.
ഹോസ്ഗണ്‍ ശരീഅതിനെ ഒരു സാമൂഹിക ശക്തിയായി അവതരിപ്പിക്കുന്നിടത്ത് വഖഫ് സ്ഥാപനങ്ങള്‍, ശരീഅ നിയമങ്ങള്‍, സൂഫി ധാരകള്‍ എന്നിവയാണ് മുസ്‌ലിംകളെ സംഘടിപ്പിക്കുന്ന ഉദ്ഗ്രഥന സ്ഥാപനങ്ങളായി വിവരിക്കുന്നത്. ഇതില്‍ പ്രധാനമായി വസ്തുദാന വ്യവസ്ഥയാണ് സമുദായത്തിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് വലിയ ആശ്രയം ആയിരുന്നത്. പൂര്‍വ്വാധുനിക മുസ്‌ലിം ലോകത്ത് ഭരണാധികാരികളും വ്യത്യസ്ത തലങ്ങളിലെ വ്യക്തികളും സ്വത്തുക്കള്‍ സംഭാവന ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഇസ്‌ലാമിക സമൂഹങ്ങളില്‍ പൊതുമണ്ഡലങ്ങള്‍ പൗരസമൂഹം, അവകാശം തുടങ്ങിയുള്ള പൊതു മൂല്യങ്ങള്‍ പ്രയോഗികവല്‍ക്കരിച്ചത് എങ്ങനെ എന്ന് അന്വേഷിക്കല്‍ ഉചിതമാണ്.
പ്രവാചക കാലഘട്ടത്തിനുശേഷം ഇസ്‌ലാമിലെ പൊതുമണ്ഡലങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത് ഉമ്മത്ത് ശരീഅ കേന്ദ്രീകൃതമായിട്ടായിരുന്നു. ഖുര്‍ആനും പ്രവാചകചര്യക്കും ശേഷം നിയമനിര്‍മാണത്തില്‍ പൊതുസമ്മതി (consensus)ക്ക് വലിയ പ്രാധാന്യമായിരുന്നു. ശരീരത്തിനെ കൂടുതല്‍ കാലാനുസൃതമായി വിശാലപ്പെടുത്തുന്നത് ഉമ്മത്തിലെ ഉലമാ സമൂഹമായിരുന്നു.
ഇസ്‌ലാമില്‍ പൊതുവില്‍ ആരാധനാ കല്‍പ്പനകള്‍ മുഴുവനും വ്യക്തി അധിഷ്ഠിതമാണ്. ഒരു നിശ്ചിത വ്യക്തി ചെയ്യുന്ന സമ്പ്രദായമേ ഇസ്‌ലാം അംഗീകരിക്കുന്നുള്ളൂ. അഥവാ കോര്‍പ്പറേറ്റ് സമിതികളെ ഏകതയായി അംഗീകരിച്ച് വ്യക്തിയായി പരിഗണിക്കുന്ന രീതി അംഗീകൃതമല്ല. വ്യക്തി പൊതു ഗുണത്തിനു വേണ്ടി നന്മകള്‍ ചെയ്യുന്നതിലെ സുതാര്യതയെയും ഉദ്ദേശ്യത്തെയും വ്യക്തി കേന്ദ്രീകൃത ആരാധന ഉറപ്പുവരുത്തുന്നു. ഇസ്‌ലാമില്‍ പൊതുമണ്ഡലം കണക്കാക്കപ്പെടുന്നത് സ്വകാര്യ വ്യക്തിത്വത്തിന് എതിരെയുള്ള വിരുദ്ധ പക്ഷം ആയിട്ടല്ല. മറിച്ച് ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാന ഘടകം ആയിട്ടാണ്. ഹോഗ്‌സണ്‍ ഇതിനെ വിശദീകരിക്കുന്നത് ഇസ്‌ലാമിലെ ഏകാത്മക ഉടമ്പടി വ്യവസ്ഥ എന്നാണ് (Unitary contactorism). പാരമ്പര്യ ഇസ്‌ലാമില്‍ വ്യക്തികളാണ് സാമൂഹിക നിയമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. ആധുനിക രാഷ്ട്രീയ വ്യവസ്ഥയിലെ സ്റ്റേറ്റ്, ഗവണ്‍മെന്റ് എന്നിവക്കെല്ലാം മുകളില്‍ ഉത്തരവാദിത്വം വ്യക്തിക്കാണ്. പ്രഥമമായി ദൈവിക കല്‍പ്പനക്ക് വിധേയന്‍.
ചാരിറ്റി സങ്കല്പം
വഖഫ് ദൈവ മാര്‍ഗത്തിലുള്ള ദാനമാണ്. തുടര്‍ച്ചയായി ഉപയോഗപ്രദമാവുന്ന, മറ്റുള്ള ഇടപാടുകളില്‍ നിന്ന് മുക്തമായ ദാനം. വഖ്ഫ് ചെയ്യുന്നതിന്റെ ലക്ഷ്യമായി ചൂണ്ടിക്കാണിക്കുന്നത് ഖുര്‍ബ, അഥവാ ദൈവസന്നിധി ആഗ്രഹിക്കുക എന്നാണ്. എന്നുവച്ചാല്‍ ദൈവപ്രീതി നല്‍കുന്ന എല്ലാകാര്യത്തിനു വേണ്ടിയും വസ്തു ദാനം ചെയ്യാം.
പാശ്ചാത്യ ആശയങ്ങളിലെ നിയമാധിഷ്ഠിതത്വത്തെ (Occidental Legitimism), സാമൂഹികതയെ ലിഖിത നിയമത്തിലധിഷ്ഠിതമായി ചുരുക്കുന്നതിനെതിരെയാണിത്. സന്ദര്‍ഭത്തിനും സമൂഹത്തിലെ ആവശ്യത്തിനും വിധേയമായി ഇസ്‌ലാമില്‍ നിയമ നിര്‍മാണം വിശാലമായി മനസ്സിലാക്കപ്പെട്ടിരുന്നു. അറബിസ്‌കു ചിത്രങ്ങള്‍ പോലെ ഒരു വിശാലമായ സന്ദര്‍ഭോചിത രീതിവാദമായിരുന്നു ഇത് (Occasionalism).
ഇസ്‌ലാമിലെ ആരാധന മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് തന്നെ പൊതു പ്രവര്‍ത്തനങ്ങള്‍ ഭക്തിയിലധിഷ്ഠിതമാണ്. അതുകൊണ്ടു തന്നെ വഖഫിന്റെ ഉപഭോക്താക്കളായി പൊതുജനങ്ങള്‍ മുഴുവനും, പ്രത്യേകിച്ച് അവലംബമില്ലാത്ത ദരിദ്രരും, അടിമകളും അത് ആസ്വദിച്ചു പോന്നു. ലിബറല്‍ സാമ്പത്തിക വ്യവസ്ഥയിലെ സാമൂഹിക നിര്‍മിതിയുമായി ഇതിനെ താരതമ്യപ്പെടുത്താം. മൃഗങ്ങള്‍ക്കുവേണ്ടി പോലും വഖ്ഫ് ചെയ്യപ്പെട്ടിരുന്നു. പള്ളികള്‍, മദ്രസകള്‍, സ്ഥാപനങ്ങള്‍, ജലസേചന പദ്ധതികള്‍, പാലങ്ങള്‍ തുടങ്ങി വിശാലമായ ഉപയോഗ്യത വഖ്ഫിനാല്‍ രൂപപ്പെട്ടു. ഉമ്മത്ത് ഒരിക്കലും വ്യക്തിപരമായ ആരാധനകളില്‍ മാത്രമല്ല, സാമുദായിക നന്മയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നവരായിരുന്നു.
മുസ്‌ലിം സമൂഹവും ഭരണാധികാരികളും
ശരീഅത്തില്‍ രണ്ടുതരത്തിലുള്ള അവകാശവാദമാണ് ഉള്ളത്. ഒന്ന് വ്യക്തിയുടെ അവകാശങ്ങള്‍, രണ്ട് അല്ലാഹുവുമായി ബന്ധപ്പെട്ട അവകാശങ്ങള്‍. വഖ്ഫ് ചെയ്യപ്പെട്ട സ്വത്തുക്കള്‍ രണ്ടാം തരത്തില്‍ ഉള്‍പ്പെടുന്നവയാണ്. അത് പൂര്‍ണാര്‍ത്ഥത്തില്‍ മുസ്‌ലിം സമൂഹത്തിന്റെ പൊതു നന്മയ്ക്കുള്ള സ്വത്തുക്കളാണ്. സ്വകാര്യ വ്യക്തികളുടെ അവകാശ സംരക്ഷണത്തിനെന്ന പോലെ സമൂഹത്തിന്റെ സംരക്ഷണത്തിനും ഇസ്‌ലാമിക നിയമവ്യവസ്ഥ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
അധികാര വ്യവസ്ഥയില്‍ മുസ്‌ലിം സമൂഹമെന്ന (Umma) വിശാല അര്‍ത്ഥത്തെ കൂടുതലും പ്രതിനിധീകരിച്ചിരുന്നത് ഉലമ നേതൃത്വം ആയിരുന്നു. ഉലമ ഒരു വ്യവസ്ഥാപിത സ്ഥാപനം ആയിരുന്നില്ല, മറിച്ച് ശരീഅത്തില്‍ അവഗാഹം ഉള്ളവര്‍ ആ പ്രതിനിധാനം ഏറ്റെടുത്തിരുന്നു. ഉലമാ നേതൃത്വം വ്യാഖ്യാനിക്കുന്ന, രൂപപ്പെടുത്തുന്ന നിയമ മൂല്യങ്ങള്‍ നടപ്പിലാക്കുന്നവരായിരുന്നു ഭരണകര്‍ത്താക്കള്‍. ഉലമ ശരീഅത്തിന്റെ സംരക്ഷകരായി നിലകൊണ്ടു. എന്നിരുന്നാലും ദൈവികാവകാശങ്ങള്‍ ബന്ധപ്പെട്ടിരുന്ന വഖ്ഫ് വ്യവസ്ഥയില്‍ ഇടക്കാലങ്ങളില്‍ ഭരണാധികാരികള്‍ നിയന്ത്രണാധികാരം ഉപയോഗപ്പെടുത്തി വഖ്ഫ് വരുമാനം ആവശ്യാനുസരണം ഉപാധികളോടെ വക മാറ്റി ഉപയോഗിച്ചിരുന്നു. പള്ളികളുടെ പരിപാലനം, പൊതു ദാനം പോലെ സന്ദര്‍ഭോചിതവും ആവശ്യാനുസരണവും ആയിരുന്നു ഈ വിനിയോഗം. ഇവ കൂടുതലും ഉലമ വിമര്‍ശനത്തിന് വിധേയമായിരുന്നില്ല എന്ന് കാണാന്‍ സാധിക്കും. ഉലമ-ഉമറാക്കള്‍ക്കിടയില്‍ ഒരു സംഘര്‍ഷരഹിത ഉടമ്പടി (Modus vivendi) ഉണ്ടായിരുന്നെന്ന് കാണാം. പാശ്ചാത്യ പാരമ്പര്യങ്ങളില്‍ ചാര്‍ട്ടേഡ് റൈറ്റ് പ്രവര്‍ത്തിക്കുന്ന പോലെ തന്നെ ഇസ്‌ലാമിക ഭരണകൂടങ്ങളില്‍ ശരീഅത്ത് നിയമ മൂല്യങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു.
വഖ്ഫിന്റെ പൊതുമണ്ഡല സ്വാധീനങ്ങള്‍
ഇസ്‌ലാമിക ഭരണത്തിന് കീഴില്‍ ഉയര്‍ന്നു വന്ന അധിക നഗര വികസനത്തിലും വഖ്ഫിന്റെ പ്രധാന പങ്ക് കാണാന്‍ സാധിക്കും. നാഗരിക പൊതു ഇടങ്ങളായ പള്ളികള്‍, മദ്രസകള്‍, സാവിയകള്‍, സത്രങ്ങള്‍, മതസ്ഥാപനങ്ങള്‍ തുടങ്ങി നഗരത്തിലെ ജലസേചന പദ്ധതികള്‍ വരെ വഖഫിലൂടെ വസ്തുദാനം ചെയ്തു നിര്‍മ്മിക്കപ്പെട്ടവയാണ്. ഇത്തരം സ്ഥാപനങ്ങളോടു ചേര്‍ന്ന് കച്ചവട സൗകര്യങ്ങളും വികസിച്ചുവരുന്നത് നഗരവല്‍ക്കരണത്തിന് കാരണമായി. അവ പലപ്പോഴും വഖഫിന് കീഴിലെ സ്ഥാപനങ്ങള്‍ക്ക് പ്രയോജനം ആവുകയും ചെയ്യുന്നു.

വഖഫ് സമ്പ്രദായത്തിലൂടെ സമൂഹത്തില്‍ പല സ്വയംഭരണ സംഘങ്ങള്‍ ഭരണനേതൃത്വത്തിനും സ്വകാര്യ വ്യക്തികള്‍ക്കും ഇടയിലെ ഒരു സംഘടിത സമൂഹമായി രൂപം കൊണ്ടിരുന്നു. പലരും വഖഫ് ചെയ്യുന്നത് സ്വേഷ്ട പ്രകാരം ഒരു പ്രത്യേക സമുദായത്തിന്റെ ലക്ഷ്യങ്ങള്‍ക്കോ, ഉദാഹരണത്തിന് ഒരു പ്രത്യേക സൂഫി സരണിക്ക്, ഒരു പ്രദേശത്തെ ആളുകള്‍ക്ക് എല്ലാം വേണ്ടിയായിരുന്നു. സ്വത്തിന്റെ വരുമാനം ഇവര്‍ക്കിടയിലെ ദാനധര്‍മ്മം, മസ്ജിദ് പരിപാലനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കപ്പെട്ടു. തല്‍ഫലമായി പല പൊതുസ്വത്വങ്ങളും ഒരു സ്വയംഭരണ സാമൂഹിക സംഘങ്ങളായി വളരുകയും ചെയ്തിരുന്നു.
ഇസ്‌ലാമിക ലോകത്തെ പല ഉന്നത പൊതുസ്ഥാപനങ്ങളും ഭരണാധികാരികള്‍ വഖഫ് ചെയ്തതാണ് . ഇത്തരം സ്ഥാപനങ്ങള്‍ ഭരണ ഇടങ്ങളില്‍ രാഷ്ട്രീയ സാമൂഹിക ലക്ഷ്യങ്ങള്‍ നടപ്പാക്കിയിരുന്നു. ഭരണകൂടങ്ങള്‍ പിടിച്ചെടുത്ത സ്ഥലങ്ങളില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ സ്ഥാപിക്കുക, പല സാമൂഹികക്ഷേമ വിദ്യാഭ്യാസ സേവനങ്ങള്‍ നടപ്പിലാക്കുക തുടങ്ങിയ ഫലങ്ങള്‍ ഇത്തരം സ്ഥാപനങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചു. പലപ്പോഴും അവ ഭരണകൂടത്തിന്റെ അധികാരത്തെ വര്‍ധിപ്പിക്കുകയും പൊതുനയ രൂപീകരണത്തില്‍ ഉപകരണങ്ങളായും പ്രവര്‍ത്തിച്ചിരുന്നു. മറ്റു നാഗരികതകളിലെ ദാന സംസ്‌കാരം പോലെ തന്നെ ധര്‍മ്മദാനങ്ങള്‍ ഇസ്‌ലാമിക നാഗരികതയിലും പൊതുജനങ്ങള്‍ക്കും ഭരണകൂടത്തിനുമിടയിലെ ബന്ധം സ്ഥാപിക്കുന്നതിനും ഉപയോഗപ്പെടുത്തിയിരുന്നു.
ദാന പ്രവര്‍ത്തനം വഴി ഭരണാധികാരികള്‍ സ്വാധീനം നേടാന്‍ ശ്രമിക്കുന്നതിനപ്പുറം വഖ്ഫിന്റെ ധാര്‍മിക മൂല്യങ്ങള്‍ ഭരണ-പൊതുമണ്ഡലങ്ങള്‍ക്കിടയില്‍ ഒരു ധാര്‍മിക ബന്ധത്തിന്റെ അന്തരീക്ഷം നിലനിര്‍ത്തിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തരം പ്രീണന പ്രവര്‍ത്തനങ്ങള്‍ പൊതുജനം വിമര്‍ശിച്ചിരുന്നില്ല. അത്യാവശ്യ സാഹചര്യങ്ങളില്‍ ഇടപാടുകളിലും വഖഫ് നിയമങ്ങളിലും അപഗ്രഥനം നടത്തുന്നത് ഉലമാക്കളാണ്. നഗര വികസനത്തിന് വേണ്ടി ഭൂമി കയ്യേറുന്നത് പോലെയുള്ള സാഹചര്യങ്ങളില്‍, ഇത്തരം ഇടങ്ങളില്‍ ഇടപെട്ടിരുന്നത് ഉലമാക്കള്‍ അടങ്ങുന്ന സമുദായ-ഭരണകൂട സംഘങ്ങളായിരുന്നു. അതിനപ്പുറം പൊതുസ്ഥാപനങ്ങളുടെ ഭരണനിര്‍വഹണം പൊതുമണ്ഡലങ്ങളില്‍ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു.
വഖ്ഫ് ചെയ്തതിനുശേഷം സ്വത്ത് കൈകാര്യം ചെയ്യുന്നത് ഭരണാധികാരികള്‍ നിയമിച്ച മുതവല്ലികള്‍ ആയിരുന്നു. ഈ സ്വത്തുക്കളുടെ നിയന്ത്രണം മുസ്‌ലിം സമൂഹത്തിന്റെ സംരക്ഷകര്‍ എന്ന പദവിയോടെ ഭരണാധികാരികള്‍ ഏറ്റെടുത്തിരുന്നു. പ്രാദേശിക ജനങ്ങളും പ്രത്യേകിച്ചു ഉലമാക്കളും ഈ സ്ഥാപനങ്ങളുമായി ബന്ധിച്ച് പ്രവര്‍ത്തിക്കുകയും ജീവിതമാര്‍ഗമായി ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുകയും ചെയ്തിരുന്നു. നിരാലംബരായ ദരിദ്രര്‍ ഇത്തരം സഹായധനത്തെ ആശ്രയിച്ച് ജീവിച്ചിരുന്നു. എന്നു വെച്ചാല്‍, ഭരണകൂടം, ഉലമ, അവരടങ്ങുന്ന സമൂഹമെല്ലാം വഖഫ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നവരാണ്. പ്രായോഗികമായി പൊതുജനം വഖ്ഫിന്റെ സംരക്ഷണത്തിനും അന്യായ ഇടപെടലുകളില്‍ നിന്നുള്ള പ്രതിരോധത്തിനും ഭരണകൂടത്തെ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
ശരീഅത്തിന്റെ സംരക്ഷകര്‍ എന്ന നിലക്ക് ഉലമാക്കള്‍ ഭരണകൂടത്തിന്റെ മുകളിലെ കാവല്‍ക്കാരായിരുന്നു. പല സാഹചര്യങ്ങളിലും ഉലമാക്കള്‍ ഭരണനേതൃത്വത്തോട് യോജിച്ച് പൊതുസ്ഥാപനങ്ങളുടെ പ്രയോജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. കുടുംബ വഖഫിനെ നിരീക്ഷിച്ച്, കുടുംബത്തിന്റെ അവസാനത്തിനുശേഷം അവ പൊതുദാനമാക്കല്‍ ഒരു പ്രയാസകരമായ ദൗത്യം ആയിരുന്നു. ഇവിടെ നിര്‍ണായകമായിരുന്നത് ഖാദിമാരുടെ ഇടപെടല്‍ ആയിരുന്നു. കൈറോയിലെ ഖാദിയായിരുന്ന തൗബ ബിന്‍ നിമിര്‍ തന്റെ കാലത്തെ പല വഖഫുകളും, കുടുംബ വഖഫുകള്‍ അനന്തരം അവസാനിച്ചിട്ടും കൈ കടത്തപ്പെട്ടിരുന്നതായി തിരിച്ചറിയുകയും അവ യഥാര്‍ത്ഥ ദരിദ്രര്‍ക്കും പൊതുജനത്തിനും നല്‍കാനായി അവയെ അനധികൃതരില്‍ നിന്നും തിരിച്ചെടുത്ത് സംരക്ഷിക്കുകയും ചെയ്തു.
പത്തൊമ്പതാം നൂറ്റാണ്ടിന് മുമ്പ് പല ഭരണാധികാരികളും ഇത്തരം സംരക്ഷണ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പദ്ധതികള്‍ ചെയ്തിരുന്നു. അള്‍ജിയേസിലും കോണ്‍സ്റ്റന്റ്റൈനിലും പതിനെട്ടാം നൂറ്റാണ്ടുകളില്‍ നടന്നത് ഇതിനുദാഹരണമാണ്. ഭരണാധികാരികള്‍ ഉലമാക്കളുമായി സഹകരിച്ച് സ്വത്തുക്കള്‍ രേഖപ്പെടുത്താന്‍ പ്രത്യേക രജിസ്റ്റര്‍ സംവിധാനം തുടങ്ങാന്‍ ഉത്തരവിട്ടു. അല്‍ജിയേഴ്‌സിലെ വഖഫിയ എന്നായിരുന്നു ഈ ഡോക്യുമെന്റ് അറിയപ്പെട്ടിരുന്നത്. ഇത്തരം രേഖാ പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും ഒട്ടോമന്‍ കാലത്ത് വഖ്ഫുകളെ സംരക്ഷിച്ച് നിര്‍ത്തിയിരുന്നു. ഓട്ടോമന്‍ കാലത്തെ ഖാദിമാരെ നിരീക്ഷിക്കാന്‍ വഖഫ് അധികൃതരെ ചുമതലപ്പെടുത്തിയിരുന്നു. വഖ്ഫ് സാമ്പത്തിക സ്റ്റേറ്റ്‌മെന്റ് ഓഡിറ്റ് ചെയ്യല്‍, അറ്റകുറ്റപ്പണികള്‍ നിയന്ത്രിക്കല്‍ തുടങ്ങിയവയെല്ലാം ഖാദിയുടെ ഉത്തരവാദിത്തമായിരുന്നു.
അള്‍ജിയേസിലും ജറുസലേമിലും ഒട്ടോമന്‍ നിയന്ത്രിത മേഖലകളില്‍ പ്രാദേശിക ജനതയും വഖ്ഫ് സംരക്ഷണ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍ക്കൊണ്ടിരുന്നു. വഖഫുല്‍ ഹറമൈന്‍ എന്ന് പറയുന്ന അള്‍ജിയേഴ്‌സിലെ ഏറ്റവും വലിയ വഖഫ് സ്ഥാപനം നിയന്ത്രിച്ചിരുന്നത് നാലംഗങ്ങള്‍ അടങ്ങുന്ന ഭരണസമിതിയായിരുന്നു.
ഇതിലെ രണ്ട് അംഗങ്ങള്‍ പ്രാദേശിക ജനതയുടെ പ്രതിനിധി ആകണം എന്ന ഉപാധി പ്രാദേശിക പങ്കാളിത്തത്തെ വ്യക്തമാക്കുന്നു. ജെറുസലേമില്‍ പൊതുജനം അനൗദ്യോഗികമായി പൊതുസ്ഥാപനങ്ങളെ ഗഹനമായി നിരീക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്നു. പലയിടങ്ങളിലും ഉപഭോക്താക്കള്‍ ഭരണകൂടത്തോട് അന്യായ നടത്തിപ്പിനെ കുറിച്ച് പരാതിപ്പെടുന്നത് പൊതുജനം വഖഫ് സ്ഥാപനങ്ങളില്‍ എത്രമാത്രം ശ്രദ്ധ പുലര്‍ത്തിയിരുന്നെന്ന് കാണിക്കുന്നു. പൊതുവെ അതിക്രമ നിലപാട് എടുക്കുന്ന ഭരണകൂടത്തിനെതിരെ ഉലമ നേതൃത്വം നല്‍കുന്ന പൊതുജനം പലതവണയും തീക്ഷ്ണമായ പ്രതിഷേധങ്ങളിലൂടെയും കലഹങ്ങളിലൂടെയും എതിര്‍ത്തിരുന്നു.
പതിനെട്ടാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ നടന്ന ഭക്ഷണ കലാപങ്ങളും കൈറോയില്‍ നടന്ന വഖ്ഫ് സംരക്ഷണ സാമൂഹിക സമരങ്ങളും പരസ്പരം സാമ്യമുള്ളതാണ്. ഇവ പൊതു അതൃപ്തിയെയും പൊതു പരാതിയെയും സാമൂഹിക പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവരുന്നു. പൊതുസമൂഹത്തിലെ അംഗീകൃത നയനിലപാടുകളെ അതിക്രമിച്ചതിനെതിരെയുള്ള പ്രതികരണങ്ങളായിരുന്നു ഇവ രണ്ടും. പൊതു നിയമങ്ങളെ എതിര്‍ക്കുന്ന, അതിക്രമിക്കുന്ന ഭരണകൂട ശ്രമങ്ങള്‍ എപ്പോഴും എതിര്‍ക്കപ്പെട്ടിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിനു മുമ്പുണ്ടായിരുന്ന മുസ്‌ലിം രാഷ്ട്രങ്ങളിലെ പൊതുമണ്ഡലങ്ങള്‍ക്കും പാശ്ചാത്യ സിവില്‍ സൊസൈറ്റിക്കും ഇടയിലുള്ള ഒരു പ്രധാന വ്യത്യാസം എന്തെന്നാല്‍ മുസ്‌ലിം പൊതുമണ്ഡലങ്ങള്‍ അനൗദ്യോഗികമായി പ്രവര്‍ത്തിക്കുന്നവയായിരുന്നു. പാശ്ചാത്യ രാഷ്ട്ര കല്‍പ്പനയിലുള്ള പോലെ പാര്‍ലമെന്റ്, മീഡിയ തുടങ്ങിയ ഔദ്യോഗിക സ്ഥാപനങ്ങള്‍ അവിടെ തത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് വരാം. പാശ്ചാത്യരുടെ പാരമ്പര്യങ്ങളില്‍ ഭരണാധികാരികള്‍ക്കും സമൂഹത്തിനും ഇടയിലെ വ്യവഹാരങ്ങള്‍ നിശ്ചിത അവകാശ ചട്ടക്കൂടുകളുള്ള സ്വയാധികാര സംഘങ്ങളാണ് നിയന്ത്രിച്ചിരുന്നതെങ്കില്‍, ഇസ്‌ലാമിക സമൂഹങ്ങളില്‍ പൊതു മൂല്യങ്ങളും സാമൂഹിക നിയമങ്ങളും കേന്ദ്രീകരിച്ച് അവയുടെ സംരക്ഷണത്തിനും പ്രതിഫലനത്തിനും വേണ്ടി ഉയര്‍ന്നുവന്ന സ്വരങ്ങളാണ് പൊതുമണ്ഡല വ്യവഹാരങ്ങളായി അനൗദ്യോഗികമായി രൂപപ്പെടുന്നത്.
വഖ്ഫിനെ കുറിച്ചുള്ള പഠനങ്ങള്‍ മുസ്‌ലിം രാഷ്ട്രങ്ങളില്‍ സജീവമായ വിവിധ കക്ഷികള്‍, ഭരണാധികാരികള്‍, ഗവര്‍ണര്‍മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, സമൂഹത്തിലെ പല നിലകളിലുള്ളവര്‍, ധനികര്‍, ദരിദ്രര്‍, പുരുഷന്മാര്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ പൊതുമണ്ഡലങ്ങളുടെ വികസനത്തിലും നിര്‍മ്മാണത്തിലും പങ്കുചേര്‍ന്നിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നു. യഥാര്‍ത്ഥത്തില്‍ വഖ്ഫിലൂടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളും ഭരണാധികാരികള്‍ അടക്കം, വിശ്വാസി സമൂഹത്തിന്റെ ക്ഷേമത്തിനായി കഠിന പരിശ്രമം നടത്തിയിട്ടുണ്ട്. ഇസ്‌ലാമികമായ ഒരു പൊതുരംഗം നിര്‍മ്മിച്ചെടുക്കാനും ഉമ്മത്തിന് അനുയോജ്യമായ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും അത് സഹായിച്ചു.
വഖഫ് ദാനങ്ങളുടെ ഉപഭോക്താക്കളെ കുറിച്ച് ചിന്തിക്കുമ്പോള്‍ വിശാലമായ അര്‍ത്ഥത്തില്‍ അവ ഭരണാധികാരികള്‍ക്കും സ്വകാര്യജീവിതത്തിനും ഇടയില്‍ ചില സ്വാശ്രയ തല്‍പര കക്ഷികളെ നിര്‍മ്മിച്ചെടുക്കുകയും ഔപചാരിക രംഗങ്ങളില്‍ നിന്നും സ്വതന്ത്രമായി ഒരു പൊതുമണ്ഡല രൂപീകരണത്തിന് അത് വഴിവെക്കുകയും ചെയ്യുന്നുണ്ട്.
വഖഫ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കര്‍മ്മ ശാസ്ത്രപരമായ ലിഖിത നിയമങ്ങള്‍ നിലനില്‍ക്കുന്ന കാരണത്താല്‍ തന്നെ ഭരണാധികാരികള്‍ക്ക് സ്വേഷ്ടപ്രകാരം വഖഫ് സംബന്ധിയായ കേസുകളില്‍ തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. സമൂഹത്തിലെ ഉലമ അടങ്ങുന്ന വിഭാഗങ്ങളുമായി ചര്‍ച്ച ചെയ്തിട്ടേ അത്യാവശ്യ സാഹചര്യങ്ങളില്‍ പതിവിനു വിപരീതമായി തീരുമാനമെടുക്കപ്പെട്ടിരുന്നത്. ഇത്തരം ചര്‍ച്ചകള്‍ സാമ്പത്തിക, പ്രായോഗിക, സാമൂഹിക പ്രതിഫലനങ്ങള്‍ എന്നിവ കണക്കിലെടുത്ത് ഉലമ, ഭരണകൂട സമുദായ ഏകതക്കുള്ളില്‍ നടന്നവയായിരുന്നു. ഇത് പൊതുമണ്ഡലങ്ങളുടെ ഒരു മാതൃകയായി കാണാം.
ഇക്കാരണത്താല്‍ തന്നെ വഖഫ് സമ്പ്രദായം സമൂഹത്തെയും ഭരണകൂടത്തെയും സമന്വയിപ്പിക്കുന്ന ഒരു പ്രധാന സ്ഥാപനമായിരുന്നു. സാമൂഹികഭേദങ്ങള്‍ക്കും വിച്ഛേദനത്തിനുമപ്പുറം വഖഫ് സമൂഹത്തില്‍ സമാന മൂല്യങ്ങളെയും സാംസ്‌കാരിക ചിഹ്നങ്ങളെയും ഭരണ പൗര വ്യവഹാരങ്ങളെയും ശക്തിപ്പെടുത്തുന്നതായിരുന്നു. ഭരണാധികാരികള്‍ വഖഫില്‍ പങ്കാളികളാവുന്നതും മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതും ഭരണനേതൃത്വത്തിന് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം നല്‍കിയിരുന്നു. അതിനപ്പുറം ഭരണാധികാരികള്‍ നടത്തിയ വസ്തുദാനങ്ങള്‍ കണക്കിലെടുത്താല്‍ തന്നെ അവര്‍ എത്രമാത്രം പൊതു നന്മക്കും ക്ഷേമത്തിനുമായി ശ്രദ്ധ പുലര്‍ത്തിയിരുന്നെന്ന് മനസ്സിലാകും.
Add comment