ചത്തിയറച്ചിറയുടെ അരികിലാണ്
രവി മുതലാളിയുടെ ചൂള.
കാളിയന്‍ചന്തക്ക് പോന്ന പോക്കില്
ചിറവക്കത്തുടെ നടക്കുമ്പോ,
ഉച്ച ചൂടില്‍ നിരത്തി വെച്ചിരിക്കുന്നു ചുവന്നു തുടുത്ത് തീറ്റ പ്രായമെത്തിയ
പലഹാരം പോലത്തെ ചുടുകട്ടകള്‍
ചൂളയില്‍ വെന്തുവെന്ത്
ഉള്‍ച്ചൂട് ആറിത്തണുക്കെ,
നരവീണ് വിളറിച്ചിരിക്കുന്ന
പെണ്ണിന്റെ മുഖമാണവയ്ക്ക്.
തീപ്പടര്‍പ്പുകളെ ഉള്ളാല്‍ വഹിച്ച
ഒരായുസ്സിന്റെ
കരുത്തുണ്ടാകുമതിന്.
ചൂടുതട്ടാതെ ഇത്തിരി മാറി നിന്ന്
ഞങ്ങള് പണികള്‍ കാണും.
മണ്ണിന്റെ മട്ടു നോക്കി
കളത്തിലേക്കിറക്കി
കുഴച്ചു പരുവപ്പെടുത്തുമ്പോള്‍,
വടക്കയറില്‍ പരുങ്ങുന്ന
കാളയുടെ തെളപ്പ് പോലെ,
മണ്ണ് കുതറണ കാണാം.
ചന്തേലെ മേളം ചൂള വരേം കേള്‍ക്കാം…
അവിടെ, കെട്ടിയിട്ട
ചെളിവള്ളങ്ങള്‍ക്കരികില്‍
കൊറ്റികളുടെ നീരാട്ട്…
കൈതക്കാടിന്റെ മറവില്‍
വല്യതോട് ചിറയില്‍ ചേര്ണ കണ്ട്
കയ്യോന്നിയും കുടങ്ങലും
പടര്‍ന്ന ചിറവക്കത്തൂടെ നടന്ന്,
കാളിയന്‍ചന്തയ്ക്ക് കേറാം.
കയ്പ്പില്ലാത്ത ചീനിയും
കരിഞ്ചാള മത്തിയും
കോവയ്ക്കയും
കുടംപുളിയും വാങ്ങി
കുറുക്കു വഴിയേ മടങ്ങാം.
മൂന്തിച്ചോപ്പിന് വീട്ടിലെത്തുമ്പോ,
പങ്കുകാര്‍ക്കൊപ്പം
ചൂളയില്‍ കേറിയിട്ടാണിത്ര വൈകിയതെന്ന്
അമ്മയുടെ ശകാരം.
അമ്മയറിയുന്നുണ്ടോ
ചൂളയില്‍ ഞാന്‍ കണ്ട പെണ്‍പോരിനെ,
ഈ പകലൊടുങ്ങുമ്പോഴും
നാളേക്കുള്ള
മണ്ണ് ഒരുങ്ങുകയാണവിടെ.
Add comment