ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലെ റൂര്‍ക്കിയിയുടെ ഭാഗമായ കലിയര്‍ ശരീഫില്‍ അന്ത്യ വിശ്രമം കൊള്ളുന്ന മഹാനാണ് ശൈഖ് അലാഉദ്ദീന്‍ അലി അഹ്‌മദ് സ്വാബിര്‍ കലിയരി (റ). ചിശ്തി സില്‍സിലയിലെ പ്രധാന ശൈഖായിരുന്ന ബാബാ ഫരീദുദ്ദീന്‍ ഗഞ്ചെശകറിന്റെ സഹോദരി പുത്രനും ഖലീഫയുമാണ് ഇദ്ദേഹം. സ്മര്യപുരുഷനെ കുറിച്ചുള്ള ഗഞ്ചെശകറിന്റെ ഒരു ഉദ്ധരണി പ്രശസ്തമാണ്: ‘എന്റെ ബാഹ്യവും ആന്തരികവുമായ ജ്ഞാനം അലി അഹ്‌മദിനു ലഭിച്ചിരിക്കുന്നു. എന്റെ നെഞ്ചിലുള്ള അറിവ് നിസാമുദ്ദീനും ഹൃദയത്തിലുള്ള ജ്ഞാനം അലി അഹ്‌മദിനുമാണു ലഭിച്ചിട്ടുള്ളത്’.1
ഗഞ്ചശകറിന്റെ സന്നിധിയില്‍ ഭക്ഷണ വിതരണത്തിന്റെ ചുമതലയും ഉത്തരവാദിത്വവും അദ്ദേഹത്തിനാണുണ്ടായിരുന്നത്. പന്ത്രണ്ടു വര്‍ഷക്കാലം അദ്ദേഹം പ്രസ്തുത സേവനം തുടര്‍ന്നു. സഹചാരികള്‍ക്കും മറ്റു ജനങ്ങള്‍ക്കും വിതരണം ചെയ്യുകയെന്നല്ലാതെ അതില്‍നിന്ന് അല്‍പം പോലും അദ്ദേഹം കഴിച്ചിരുന്നില്ല. ഇതു സംബന്ധിച്ചുള്ള ഗഞ്ചെശകറിന്റെ ചോദ്യത്തിന് ‘അങ്ങയുടെ സമ്മതമില്ലാതെ ഞാന്‍ എങ്ങനെ ഭക്ഷിക്കും’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതു കേട്ട് ഗഞ്ചെശകര്‍ പറഞ്ഞു: ‘എന്റെ അലി അഹ്‌മദ് വലിയ സ്വാബിര്‍ (ക്ഷമാശീലന്‍) ആണ്’. അന്നു മുതലാണ് സ്വാബിര്‍ എന്നദ്ദേഹം നാമകരണം ചെയ്യപ്പെടുകയും പ്രസിദ്ധിയാര്‍ജിക്കുകയും ചെയ്തത്.2
ജനനവും വളര്‍ച്ചയും
പ്രവാചക കുടുംബപരമ്പരയിലാണ് അദ്ദേഹം ജനിച്ചതെന്ന വിഷയത്തില്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായാന്തരമില്ല. എന്നാല്‍, ഹസനീ പരമ്പരിയിലാണോ ഹുസൈനീ പരമ്പരയിലാണോ എന്നതില്‍ വീക്ഷണ വൈജാത്യങ്ങളുണ്ട്. ഗൗസുല്‍ അഅ്‌ളം ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (റ) യിലൂടെ ഹസന്‍ (റ) ലേക്കാണ് പരമ്പര ചെന്നെത്തുന്നത് എന്നാണ് മിക്ക ചരിത്രകാരന്മാരുടെയും പക്ഷം. ശാഹ് അബ്ദുര്‍റഹീം എന്നായിരുന്നു പിതാവിന്റെ പേരെന്ന് ചിലര്‍ രേഖപ്പെടുത്തിയതായി കാണാം.3
മൗലവി മുഹമ്മദ് അബ്ദുസ്സത്താര്‍ സാസാറാമി, ‘മസാലികുസ്സാലികീന്‍ ഫീ തദ്കിറതില്‍ വാസ്വിലീന്‍’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: അദ്ദേഹം ഹുസൈനി പരമ്പരയില്‍ പെട്ട സയ്യിദായിരുന്നു. സയ്യിദ് അബ്ദുല്ല എന്നാണ് പിതാവിന്റെ പേര്. പിതാവിന്റെ പേര് ശാഹ് അബ്ദുര്‍റഹീമാണെന്നും പരമ്പര ചെന്നെത്തുന്നത് ഗൗസുല്‍ അഅ്‌ളം ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (റ) യിലേക്കാണെന്നുമുള്ള വീക്ഷണത്തിന് സൂക്ഷ്മാലുക്കളുടെയടുത്ത് അത്ര സ്വീകാര്യതയില്ല.4 സയ്യിദ് അബ്ദുല്ലയുടെയും ബാബാ ഫരീദുദ്ദീന്‍ ഗഞ്ചെശകറിന്റെ സഹോദരിയായ ഹാജര്‍ ബീബിയുടെയും മകനായി ഹി. 592 റബീഉല്‍ അവ്വല്‍ 19 നു വെള്ളിയാഴ്ച പുലര്‍ച്ചെ അഫ്ഗാനിസ്താനിലെ ഹെറാത്തിലാണ് കലിയരിയുടെ ജനനം.5
ഗര്‍ഭസ്ഥവേളയില്‍ മാതാവ് അലി (റ) യെ സ്വപ്നം കാണുകയും നിങ്ങള്‍ക്കു ജനിക്കുന്ന കുട്ടിക്ക് അലി എന്നു നാമകരണം ചെയ്യണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. അതിനു ശേഷം നബി (സ്വ)യും സ്വപ്നത്തില്‍ വന്ന് കുട്ടിക്ക് അഹ്‌മദ് എന്ന് നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. രണ്ട് പേരുകളും ചേര്‍ത്ത് അലി അഹ്‌മദ് എന്നദ്ദേഹം നാമകരണം ചെയ്യപ്പെട്ടു. മുലകുടി പ്രായത്തില്‍ തന്നെ അത്യുന്നതമായ ആത്മീയ ജീവിതത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയിരുന്നു. ആദ്യനാളുകളില്‍ നോമ്പു കാലത്ത് ഒരു ദിവസം പാലു കുടിക്കുകയും അടുത്ത ദിവസം പട്ടിണി കിടക്കുകയും ചെയ്യുമായിരുന്നു. രണ്ടാം വയസ്സില്‍ രണ്ടു ദിവസം കഴിഞ്ഞു മാത്രമേ പാലു കുടിക്കാറുണ്ടായിരുന്നുള്ളൂ. നാലാം വയസ്സില്‍ സംസാരം തുടങ്ങിയപ്പോള്‍ ആദ്യമായി മൊഴിഞ്ഞ വാചകം ‘ലാമൗജൂദ ഇല്ലല്ലാഹ്’ എന്നായിരുന്നു. കുട്ടിക്കാലം മുതല്‍ തന്നെ വളരെ കുറച്ചു മാത്രമേ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. എപ്പോഴും ‘അല്ലാഹ്, അല്ലാഹ്’ എന്ന് ചൊല്ലിക്കൊണ്ടിരുന്നു.6

പിതാവില്‍നിന്നു തന്നെയാണ് പ്രാഥമിക വിദ്യ നുകര്‍ന്നത്. വിശുദ്ധ ഖുര്‍ആനിനു പുറമെ അറബി, ഫാരിസി ഭാഷകളും പിതാവില്‍നിന്നു പഠിച്ചു. അഞ്ചാമത്തെ വയസ്സില്‍ പിതാവ് മരണപ്പെട്ടപ്പോള്‍ മാതാവ് കുട്ടിയുടെ പഠനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തി. ശേഷം പാകിസ്താനിലെ പാക്പട്ടനില്‍ താമസിക്കുന്ന തന്റെ സഹോദരനായ ബാബാ ഫരീദുദ്ദീന്‍ ഗഞ്ചെശകറിന്റെയടുത്തേക്ക് ആത്മിക ശിക്ഷണത്തിനായി കുട്ടിയെ അയക്കാന്‍ തീരുമാനിച്ചു. അബുല്‍ഖാസിം ഗുര്‍ഗാനി (റ) യുടെ നേതൃത്വത്തില്‍ ഹെറാത്തില്‍നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന യാത്രാസംഘത്തോടൊപ്പം മാതാവ് കുട്ടിയെയും കൂട്ടി പാക്പട്ടനിലേക്ക് യാത്ര തിരിച്ചു. പതിനൊന്നു ദിവസത്തെ യാത്രയ്ക്കു ശേഷം അവര്‍ പാക് പട്ടനിലെത്തി. പാക്പട്ടന്‍ അന്ന് അജോധന്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. തന്റെ സഹോദരിയെയും ഒമ്പതു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന സഹോദരി പുത്രനെയും കണ്ട് ഗഞ്ചശകര്‍ അതിയായി സന്തോഷിച്ചു. മകന് ആത്മികശിക്ഷണം നല്‍കാനുള്ള ഉത്തരവാദിത്വം സഹോദരനെ ഏല്‍പിച്ച് മാതാവ് ഹെറാത്തിലേക്കു തന്നെ തിരിച്ചു പോയി. കുറഞ്ഞ കാലം കൊണ്ട് തന്നെ ഗഞ്ചെശകറില്‍നിന്ന് പരമ്പരാഗത വിജ്ഞാനീയങ്ങളില്‍ പ്രാവീണ്യം നേടിയ സ്വാബിര്‍ കലിയരി ആത്മീയോന്നതികളിലേക്ക് ഉയര്‍ന്നു തുടങ്ങി.
ഭക്ഷണ വിതരണമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഉത്തരവാദിത്വം. രാവിലെ ഇശ്‌റാഖ് നിസ്‌കാരത്തിനു ശേഷവും വൈകുന്നേരം മഗ്രിബു നിസ്‌കാരത്തിനു ശേഷവും ഭക്ഷണ വിതരണം നടത്തും. അതു കഴിഞ്ഞാല്‍ തന്റെ ആരാധനാ മുറിയിലേക്കു പോയി ധ്യാനനിരതനാകും. നേരത്തെ പറഞ്ഞതു പോലെ ഗുരുവിന്റെ സമ്മതമില്ലാത്തതിനാല്‍ തന്റെ ഉത്തരവാദിത്വത്തിലുള്ള ഭക്ഷണത്തില്‍നിന്ന് ഒരംശം പോലും അദ്ദേഹം ഉപയോഗിക്കുകയോ ഭക്ഷിക്കുകയോ ചെയ്തിരുന്നില്ല. ഹി. 623 മുഹര്‍റം 17 വ്യാഴാഴ്ചയാണ് ബാബാ ഫരീദ് (റ) അദ്ദേഹത്തെ തന്റെ മുരീദാക്കിയത്. അതിനു ശേഷം രണ്ടു വര്‍ഷക്കാലം ഭക്ഷണവിതരണ നേരത്തല്ലാതെ പുറത്തേക്കു വരാറില്ലായിരുന്നു. രണ്ടു വര്‍ഷത്തിനു ശേഷം പുറത്തേക്കു വന്നു തുടങ്ങി.7
സ്വഭാവഗുണങ്ങള്‍
പരിത്യാഗം, ഭയഭക്തി, ഏകാന്തത എന്നിവയൊക്കെയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. അല്ലാഹുവിനെക്കുറിച്ചുള്ള ചിന്തകളേ മനസ്സിലുണ്ടായിരുന്നുള്ളൂ. അത്തരം സംസാരങ്ങളേ നാവില്‍നിന്ന് വന്നിരുന്നുള്ളൂ. ഇലാഹീ അനുരാഗം വര്‍ധിപ്പിക്കുന്ന കവിതകളും ഗാനങ്ങളും കേള്‍ക്കാറുണ്ടായിരുന്നു. ജനങ്ങളില്‍നിന്ന് പരമാവധി വിട്ടുനില്‍ക്കാനും പലപ്പോഴും ഓടിയൊളിക്കാനും ശ്രമിച്ചു. ഇലാഹീ ചിന്തയില്‍ അലിഞ്ഞു ചേര്‍ന്ന് മാസങ്ങളോളം ഭക്ഷണത്തെക്കുറിച്ചു പോലും ബോധമുണ്ടാകാറുണ്ടായിരുന്നില്ല.8
ഒരിക്കല്‍ ഗഞ്ചെശകര്‍ അദ്ദേഹത്തോട് പറഞ്ഞു: ‘സ്വാബിര്‍, നിങ്ങള്‍ ജീവിതാന്ത്യം വരെയും സന്തോഷവാനായിരിക്കും’. ഈ വാക്കിന്റെ അനന്തരഫലമെന്നോണം ഭൗതികമായ ഒരു ദുഖവും പ്രയാസവും അദ്ദേഹത്തെ അലട്ടിയിരുന്നില്ല. ഇലാഹീ ചിന്തയിലും അനുരാഗത്തിലും ലയിച്ചു കൊണ്ട് സന്തോഷവാനായി അദ്ദേഹം ജീവിച്ചു. ആത്മികമായ ഗാംഭീര്യം (ജലാലത്) കാരണം അദ്ദേഹത്തിന്റെ മുഖത്തു നോക്കാന്‍ പോലും ജനങ്ങള്‍ക്കു ഭയമായിരുന്നു. ചിശ്തി മശാഇഖുമാരില്‍ ജലാലതിന്റെ അവസ്ഥ അദ്ദേഹത്തോളം മറ്റാര്‍ക്കുമുണ്ടായിട്ടില്ലെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. പ്രാര്‍ത്ഥനയ്ക്കു പെട്ടെന്ന് ഉത്തരം ലഭിക്കാറുണ്ടായിരുന്നു. ഒരു കാര്യം പറഞ്ഞാല്‍ പറഞ്ഞപോലെ സംഭവിക്കാന്‍ മാത്രം വാക്കിന് ഫലമുള്ള വ്യക്തിയായിരുന്നു.’9
കലിയറില്‍
ഹി. 650 ദുല്‍ഹിജ്ജ 15ന് തന്റെ 58-ാമത്തെ വയസ്സില്‍ ബാബാ ഫരീദ് സ്വാബിര്‍ കലിയരിയെ അലീമുല്ലാഹ് അബ്ദാല്‍ എന്നവരോടൊപ്പം കലിയറിലേക്ക് അയച്ചു. കലിയറിലെത്തിയപ്പോള്‍ അവിടെയുള്ള ജനങ്ങള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ തയാറായില്ല. ചില ഒറ്റപ്പെട്ട ആളുകള്‍ മാത്രമാണ് അദ്ദേഹത്തിനെ ബൈഅത് ചെയ്യാന്‍ തയ്യാറായത്. പലപ്പോഴും ജുമുഅ നിസ്‌കരിക്കാന്‍ പള്ളിയുടെ പുറത്താണ് സ്ഥലം ലഭിച്ചിരുന്നത്. ആ നാടിന്റെ ശോചനീയാവസ്ഥ സ്വാബിര്‍ (റ) തന്റെ ഗുരുവായ ഗഞ്ചെശകറിനെ എഴുതിയറിയിച്ചു. ‘ആ നാട് ഇപ്പോള്‍ നിങ്ങളുടെ അധികാരത്തിലാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാം’ എന്നായിരുന്നു ഗഞ്ചെശകറിന്റെ പ്രതികരണം. അടുത്ത വെള്ളിയാഴ്ച അദ്ദേഹത്തിന് പള്ളിയുടെ മുന്‍വശത്തു തന്നെ സ്ഥലം ലഭിച്ചു. നന്ദികെട്ട ജനതയുടെ നാശത്തിനായി അദ്ദേഹം പ്രാര്‍ത്ഥിച്ചു. പള്ളി തകര്‍ന്നു വീണു. ആ ജനത ഒന്നടങ്കം മരണത്തിനു കീഴടങ്ങി. വിജനമായ ആ പ്രദേശത്ത് ഏകാന്ത പഥികനെ പോലെ അദ്ദേഹം ആരാധനാ നിമഗ്നനായി.’10
വാമൊഴികള്‍
അദ്ദേഹത്തിന്റെ വാമൊഴികളും വരമൊഴികളും ക്രോഡീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ജീവചരിത്ര ഗ്രന്ഥങ്ങളില്‍ ചിലതെല്ലാം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നതായി പന്ത്രണ്ട് തത്വങ്ങള്‍ അദ്ദേഹം അവതരിപ്പിക്കുന്നു:
1) മനുഷ്യപുത്രാ, എന്റെ ഖജനാവ് നിറഞ്ഞിരിക്കുന്ന കാലത്തോളം ഭക്ഷണത്തെപ്രതി നീ വ്യാകുലപ്പെടേണ്ട; എന്റെ ഖജനാവ് ഒരിക്കലും ശൂന്യമാവുകയില്ലെന്ന് നീ ഓര്‍ക്കുക.
2) മനുഷ്യപുത്രാ, എന്നെയല്ലാതെ മറ്റാരെയും സ്‌നേഹിക്കരുത്. ആരോടും ചോദിക്കരുത്. ഞാന്‍ എപ്പോഴും ഉള്ളവനാണ്.
3) മനുഷ്യപുത്രാ, എല്ലാ വസ്തുക്കളും നിനക്കു വേണ്ടിയാണ് ഞാന്‍ സൃഷ്ടിച്ചിരിക്കുന്നത്. നിന്നെ എനിക്കു വേണ്ടിയും. അതു കൊണ്ടു മറ്റുള്ളവരുടെ വാതില്‍ക്കല്‍ പോയി നീ നിന്നെത്തന്നെ നിന്ദിക്കരുത്.
4) മനുഷ്യപുത്രാ, നാളത്തെ കര്‍മം നിന്നോട് ഞാന്‍ ആവശ്യപ്പെടാത്ത പോലെ നാളത്തെ ഭക്ഷണം നീ എന്നോടും ആവശ്യപ്പെടരുത്; അല്ലാഹുവില്‍ ഭരമേല്‍പിച്ചു ജീവിക്കുക. എന്നാല്‍ എല്ലാം ലഭിക്കും.
5) മനുഷ്യപുത്രാ, സപ്തവാനഭുവനങ്ങളും സൃഷ്ടിക്കാന്‍ എനിക്ക് യാതൊരു പ്രയാസവും നേരിട്ടില്ലെങ്കില്‍ നിനക്കു ഭക്ഷണം നല്‍കാനും എനിക്കു കഴിയും.
6) മനുഷ്യപുത്രാ, നിനക്കു ഭക്ഷണം നല്‍കുന്നതില്‍ ഞാന്‍ കൃത്യവിലോപം കാണിക്കാത്തതു പോലെ എന്നെ ആരാധിക്കുന്നതില്‍ നീയും വീഴ്ച വരുത്തരുത്. എനിക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുകയും അരുത്.
7) മനുഷ്യപുത്രാ, നിനക്കു ഞാന്‍ എന്താണോ വിധിച്ചത് അതു കൊണ്ടു തൃപ്തിയടയുക. സ്വന്തം ശരീരത്തിനു വഴങ്ങാതിരിക്കുക.
8) മനുഷ്യപുത്രാ, ഞാന്‍ നിന്റ കൂട്ടുകാരനാണ്. നീ എന്റെയും കൂട്ടുകാരനാവുക. സ്‌നേഹവും ഇശ്ഖും കൈവിടാതിരിക്കുക.
9) മനുഷ്യപുത്രാ, സ്വിറാത്ത് പാലത്തിലൂടെ സ്വര്‍ഗത്തില്‍ എത്തുന്നതു വരെ എന്റെ കോപത്തില്‍നിന്ന് നിര്‍ഭയനാവാതിരിക്കുക.
10) മനുഷ്യപുത്രാ, നീ നിന്റെ ശരീരത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടി എന്നോട് കോപിക്കുന്നു. എന്നാല്‍ എന്നെ തൃപ്തിപ്പെടുത്താന്‍ ശരീരത്തോട് കോപിക്കുന്നുമില്ല.
11) മനുഷ്യപുത്രാ, എന്റെ അധികാരം എന്നും നിലനില്‍ക്കുന്നതു കൊണ്ടു തന്നെ അക്രമകാരികളും അഹങ്കാരികളുമായ ഭരണാധികാരികളെ ഭയപ്പെടാതിരിക്കുക.
12) മനുഷ്യപുത്രാ, ഞാന്‍ നിശ്ചയിച്ച ഭക്ഷണത്തില്‍ നീ തൃപ്തിയടയുകയാണെങ്കില്‍ നിനക്ക് വിജയിക്കാം. മൃഗങ്ങളെപ്പോലെ നീ കാടുകളിലൂടെ ചുറ്റിസഞ്ചരിച്ചാലും ഞാന്‍ നിശ്ചയിച്ച ഭക്ഷണമല്ലാതെ നിനക്കു ലഭിക്കുകയില്ല തീര്‍ച്ച.’11

അദ്ദേഹം പറയുന്നു: മനുഷ്യ ശരീരം കരിമ്പു പോലെയാണ്. കരിമ്പില്‍ മാധുര്യമുള്ളതു പോലെ മനുഷ്യശരീരത്തിലും ധാരാളം ആത്മീയാനുഭൂതികളുമുണ്ട്. കരിമ്പ് പിഴിഞ്ഞ് മധുര പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന പോലെ മനുഷ്യശരീരത്തെ ധ്യാനങ്ങളിലൂടെയും കഠിനാധ്വാനങ്ങളിലൂടെയും മയപ്പെടുത്തി മഅ്രിഫത്തിന്റെ മാധുര്യം നേടിയെടുക്കാന്‍ കഴിയും.12
വേറെയും ചില തത്വങ്ങള്‍ അദ്ദേഹത്തിന്റേതായി ഉദ്ധരിക്കപ്പെടുന്നു:
1) ഒരു ഹൃദയത്തില്‍ രണ്ടു പേര്‍ക്ക് ഇടം നല്‍കല്‍ അസാധ്യമാണ്.
2) വിവരദോഷിയായ സൂഫി പിശാചിന്റെ കെണിയില്‍ അകപ്പെടും.
3) അമീറുമാരുടെ കവാടത്തിങ്കല്‍ പോകുന്ന ഫഖീര്‍ വഞ്ചകനാണ്.
4) ഉറങ്ങാന്‍ കിടക്കുമ്പോള്‍ ആലോചിക്കണം ഇന്നു ഞാന്‍ എന്തൊക്കെ നന്മകളാണു ചെയ്തിട്ടുള്ളതെന്ന്.
5) മൃദുലവും പിടയുന്നതുമായ മനസ്സ് കൊണ്ട് പ്രാര്‍ത്ഥിക്കണം.
6) ശിഷ്യന്റെ ബലഹീനതകളെ തന്റെ ആന്തരിക ശക്തി കൊണ്ട് നീക്കിക്കളയാന്‍ കഴിവുള്ളവനായിരിക്കണം മാര്‍ഗദര്‍ശി.
7) ഭൗതികലോകത്തെ ഉപേക്ഷിക്കുകയെന്നാല്‍ ഭൗതികലോകത്തുള്ള ചീത്ത കാര്യങ്ങള്‍ ഉപേക്ഷിക്കലാണ്.
8) മഹത്വം നേടണമെങ്കില്‍ ലളിതവും സത്യസന്ധവുമായ ജീവിതം നയിക്കുക.’13
കവിതകള്‍
ജീവിതം മുഴുവനും ഇലാഹി അനുരാഗത്തില്‍ ചെലവഴിച്ച സ്വാബിര്‍ (റ) ദിവ്യപ്രണയവുമായി ബന്ധപ്പെട്ട് ധാരാളം കവിതകള്‍ ആലപിച്ചിട്ടുണ്ട്. നിലവില്‍ അദ്ദേഹത്തിന്റെ പേര്‍ഷ്യന്‍ കവിതകള്‍ ദീവാനെ സ്വാബിര്‍ എന്ന പേരിലും അര്‍മുഗാനെ സ്വാബിര്‍ എന്ന പേരിലുമൊക്കെ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്.
അഗര്‍ ഖാഹീ ഗമെ ഗുര്‍ബത് തലബ് കുന്‍ അസ് ദറെ ദില്‍ഹാ
ബി കുയെ ദില്‍ബരീ ജാന്‍ ദഹ് കെ ഗര്‍ദീ ശംഎ മഹ്ഫില്‍ഹാ
നഹന്‍ഗ് ആ താ ബി ബഹ്‌റെ ഇശ്ഖ് ശു ഗര്‍ഖ് അസ് റെ സൗദാ
കെ ബേ ഖാഹിശ് ബ യാബീ ഹര്‍ തറഫ് രാഹീ ബി സാഹില്‍ഹാ14
(ഏകാന്തതയുടെ വേപഥു അനുഭവിക്കണമെന്നുണ്ടെങ്കില്‍ ഹൃദയവാതിലുകളില്‍ ചെന്നന്വേഷിക്കുക. ഏതെങ്കിലുമൊരു ദര്‍വീശിന്റെ മുന്നില്‍ നിന്നെത്തന്നെ സമര്‍പ്പിച്ച് സദസ്സുകളില്‍ പ്രകാശം പരത്തുന്ന മെഴുകുതിരിയായി മാറുക. ഇശ്ഖിന്റെ സമുദ്രത്തില്‍ മുങ്ങുക. നിനക്കാതെ തന്നെ കരകളിലേക്കുള്ള വഴി നിന്റെ മുന്നില്‍ തെളിഞ്ഞു വരും).
ബിദഹ് സാഖീ ശറാബെ ഗംസദാറാ
കെ താബീനം ജമാലെ കിബ്‌രിയാ റാ
ദറേ ദീഗര്‍ ന ദാറം ജുസ് ദറെ തൂ
തൂ ബിനവാസ് അസ് കറം ഈന്‍ ബനവാറാ 15
(തപ്തഹൃദയരുടെ വീഞ്ഞ് എന്നെ കുടിപ്പിക്കൂ; നിന്റെ മഹത്വത്തിന്റെ ഭംഗി ഞാന്‍ ആസ്വദിക്കട്ടെ. നിന്റെ ദര്‍ബാറല്ലാതെ മറ്റൊരു ദര്‍ബാര്‍ എനിക്കില്ല. ഈ പാപിയോട് നീ കനിവ് കാട്ടണം).
ഫനാ ശു ഗര്‍ തു മീ ഖാഹീ ബഖാറാ
തുവാനീ യാഫതന്‍ സീന്‍ കിബ്രിയാറാ
സ ഖൂദ് ബര്‍ഖീസ് യാനീ ബേഖബര്‍ ശു
കെ ബീനി ബേ തലബ് ദര്‍ ഖുദ് ഖുദാറാ 16
(നീ ബഖാ (അനശ്വരത) ആഗ്രഹിക്കുന്നുവെങ്കില്‍ ഫനായുടെ അവസ്ഥ പ്രാപിക്കുക. സ്വന്തത്തില്‍നിന്ന് സ്വത്വത്തെ വേര്‍പ്പെടുത്തുക. എന്നാല്‍ നിന്നില്‍ തന്നെ അല്ലാഹുവിനെ ദര്‍ശിക്കാന്‍ നിനക്കു സാധിക്കും). ഇശ്ഖില്‍ അലിഞ്ഞു ചേര്‍ന്നു കൊണ്ടുള്ള ഇത്തരം ധാരാളം കവിതകള്‍ ഈ സമാഹാരത്തില്‍ കാണാം.
വഫാത്ത്
ഹി. 690 റബീഉല്‍ അവ്വല്‍ 13 (ക്രി. 1291 മാര്‍ച്ച് 22) ന് ജലാലുദ്ദീന്‍ ഖില്‍ജിയുടെ ഭരണകാലത്താണ് മഹാനവര്‍കള്‍ ഇഹലോകവാസം വെടിഞ്ഞത്. തന്റെ ഖലീഫയായി മഹാനവര്‍കള്‍ തിരഞ്ഞെടുത്തത് ഹ. ഖ്വാജാ ശംസുദ്ദീന്‍ തുര്‍കി (റ) നെയായിരുന്നു. പാനിപ്പത്ത് ആയിരുന്നു ശംസുദ്ദീന്‍ തുര്‍കി (റ) ന്റെ കര്‍മമണ്ഡലം. അദ്ദേഹത്തിലൂടെ ചിശ്തിയ്യ സ്വാബിരിയ്യ സില്‍സില ഈജിപ്ത്, സിറിയ, ഇറാഖ്, ഹിജാസ് തുടങ്ങി ലോകത്തിന്റെ നാനാഭാഗത്തും വ്യാപിച്ചു.17
റഫറന്‍സ്
- മുഹമ്മദ് അലി ജോയ, സിയറു അഖ്താബ് (ലക്‌നോ: മുന്‍ശി നവല്‍ കിശോര്‍), 165 ↩︎
- അതേ പുസ്തകം ↩︎
- ഹാകിം അലി പീര്‍സാദ, തദ്കിറയെ ജലീല്‍ (ഡല്‍ഹി: റൂഹാനി കുതുബ് ഖാന, 1985), ↩︎
- മൗലവി മുഹമ്മദ് അബ്ദുസ്സത്താര്‍ സാസാറാമി, മസാലികുസ്സാലികീന്‍ ഫീ തദ്കിറ തില്‍ വാസ്വിലീന്‍, 2/339 ↩︎
- പീര്‍സാദ, 27 ↩︎
- ശബീര്‍ ഹസന്‍ ചിശ്തി നിസാമി, മഖ്ദൂം സ്വാബിര്‍ കലിയരി (ഡല്‍ഹി: ആസ്താന ബുക്ഡിപോ), 18-20 ↩︎
- പീര്‍സാദ, 31-39 ↩︎
- മുഹമ്മദ് അലി ജോയ, 165 ↩︎
- സാസാറാമി, 2/340 ↩︎
- മുഹമ്മദ് അലി ജോയ, 167 ↩︎
- പീര്‍സാദ, 92, 93 ↩︎
- അതേ പുസ്തകം ↩︎
- അതേ പുസ്തകം, 94 ↩︎
- അര്‍മുഗാനെ സ്വാബിര്‍ (ലാഹോര്‍: മലിക്ദീന്‍ മുഹമ്മദ് ആന്‍ഡ് സണ്‍സ്), 17 ↩︎
- അതേ പുസ്തകം, 21 ↩︎
- അതേ പുസ്തകം, 25 ↩︎
- പീര്‍ സാദ, 102 ↩︎
Add comment