Thelicham

ഹജ്ജും മെറ്റാവേഴ്‌സും: അനുഭൂതിയുടെ സാധ്യതകള്‍

2022 ഫെബ്രുവരിയില്‍ തുര്‍ക്കിയയിലെ മതകാര്യ വകുപ്പ് (ദിയാനത്ത്) നടത്തിയ ഒരു അറിയിപ്പ് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. മെറ്റാവേഴ്‌സിലൂടെ മക്കയിലേക്ക് തീര്‍ത്ഥാടനം നടത്തുന്നത് യഥാര്‍ത്ഥ ഹജ്ജ് കര്‍മ്മമായി കണക്കാക്കാനാകില്ല എന്നായിരുന്നു ആ പ്രഖ്യാപനം. മുസ്‌ലിങ്ങള്‍ക്ക് വിര്‍ച്വലായി മക്ക സന്ദര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍, യഥാര്‍ഥ ആരാധനാകര്‍മം (ഇബാദത്ത്) പൂര്‍ത്തിയാകാന്‍ മക്കത്തെ മണ്ണില്‍ പാദസ്പര്‍ശം നടത്തുക തന്നെ വേണമെന്നതായിരുന്നു അതിന്റെ കാതല്‍. ബഹുമുഖമായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ഇതിനോടുള്ള പ്രതികരണങ്ങള്‍. ഹജ്ജിന്റെ മൂര്‍ത്തമായ ഭൗതികാനുഭവത്തിന്റെ പ്രാമുഖ്യം എടുത്തുകാട്ടിയും ഇസ്‌ലാമിലെ വിശുദ്ധ ഭൂമികളിലേറ്റം പ്രഥമമായ ഹറമിന്റെ പവിത്രതയെ വാഴ്ത്തിയും ചിലര്‍ രംഗത്തുവന്നു. എന്നാല്‍ മറ്റു ചിലരാവട്ടെ തമാശരൂപേണയാണ് പ്രതികരിച്ചത്. മക്കയില്‍ നിന്ന് വീട്ടിലേക്ക് മണ്ണ് കൊണ്ടുവന്ന് അതില്‍ ചവിട്ടുകവഴി യാത്രാ ചിലവോ അനുബന്ധ ബുദ്ധിമുട്ടുകളോ ഇല്ലാതെ മതപരമായി അംഗീകൃതമായ ഹജ്ജ് നിര്‍വഹിക്കാം എന്നായിരുന്നു അവരുടെ പ്രതികരണം.

അതേസമയം ഹറമൈന്‍ പരിപാലന അധികാരികള്‍ ഒരു ട്വീറ്റിലൂടെ തെറ്റിദ്ധാരണകള്‍ ദൂരീകരിച്ച് രംഗത്തെത്തുകയും നിരുത്തരവാദപരമായ വാര്‍ത്തകളെ വിമര്‍ശിക്കുകയും സൗദി അറേബ്യ മെറ്റവേഴ്‌സില്‍ ഹജ്ജ് ചെയ്യാനുള്ള പദ്ധതികളൊന്നും ആരംഭിച്ചിട്ടില്ല എന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിനോടുളള ദിയാനത്തിന്റെ പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. എന്താണ് ഈ മെറ്റാവേഴ്‌സിനെ രൂപപ്പെടുത്തുന്നത് എന്നതാണ് അവയിലേറ്റവും പ്രധാനപ്പെട്ടവയിലൊന്ന്. ഫെയ്‌സ്ബുക്ക് ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്കും സാങ്കേതിക തകരാറുകള്‍ക്കുമിടയിലും ഈ പുത്തന്‍ സാങ്കേതികതയെ പറ്റിയും അതിലെ ആരാധനാ സാധ്യതകളെ പറ്റിയും അനേകം ഗവേഷണങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. ഇന്റര്‍നെറ്റില്‍ സജീവമായ മുസ്‌ലിങ്ങള്‍ (അഥവാ i-muslims) അനുഷ്ടിക്കുന്ന ഈ വിര്‍ച്വല്‍ തീര്‍ത്ഥാടനം (അഥവാ v-ഹജ്ജ് ) നമ്മുടെ കാലഘട്ടത്തിന്റെ ഉല്‍പ്പന്നമല്ലാതെ മറ്റൊന്നുമല്ല.

സാങ്കേതികമായും വ്യക്തിപരമായും രാഷ്ട്രീയമായി അതുണ്ടാക്കുന്ന നൂലാമാലകളും സങ്കീര്‍ണതകളും അത്ര എളുപ്പമല്ല. ഇസ്‌ലാമിലെ ഭക്തിസാന്ദ്രമായ ആരാധനാക്രമത്തിലേക്കുള്ള ഡിജിറ്റല്‍ കടന്നുകയറ്റം മനുഷ്യന്റെ നിര്‍മ്മാണാത്മകതയെക്കുറിച്ചും സര്‍ഗ-സൃഷ്ടിപരതയെ കുറിച്ചും പ്രകാശിപ്പിക്കുന്നതെന്തൊക്കെയാണ്? അനുദിനം അതിവേഗം വളരുന്ന ഡിജിറ്റല്‍ ലോകത്ത് ഇസ്‌ലാമിന്റെ സ്ഥാനവും സാധ്യതയും എവിടെയാണ്? ‘വിര്‍ച്വല്‍ ഇസ്‌ലാം’ എന്ന് നമുക്കതിനെ വിളിക്കാമോ? എങ്കില്‍ അതിനെ നിര്‍വചിക്കുന്ന ഘടകങ്ങള്‍, ദൃശ്യ ഭാഷകള്‍, ഭാവി സാധ്യതകള്‍ എന്തെല്ലാമാണ്? വിര്‍ച്വല്‍ മാറ്റങ്ങള്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യം അവക്ക് യാഥാര്‍ഥ്യത്തിന് പകരമാകാനാകുമോ എന്നതാണ്. പക്ഷെ, അതൊരു പുതിയ സംശയമോ ചോദ്യമോ അല്ല. ഇതേ ചോദ്യം തന്നെയാണ് മുമ്പ് ബോട്ടിലുകളില്‍ സംസം വെള്ളം നിറക്കുന്നതിലും, പ്രവാചകന്‍ (സ)യുടെ തിരുകേശം, തിരുവസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട് മുമ്പുണ്ടായിട്ടുള്ള അനുഭവങ്ങളിലും കാണാനാവുന്നത്.

ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് വിഭാവനം ചെയ്ത മെറ്റവേഴ്‌സിനെ കുറിച്ച് പറയാം. ഇടക്കാല പ്രേക്ഷകനഷ്ടം മാറ്റിനിര്‍ത്തിയാല്‍, ഈ പുതിയ ദൃശ്യാവിഷ്‌കാരലോകം ആഗോള പ്രേക്ഷകരെ ആകര്‍ഷിക്കാനും കൂടുതല്‍ അടുപ്പിക്കാനും വേണ്ടിയാണ് വിഭാവനം ചെയ്യപ്പെട്ടത്. ഏകദേശം 1.9 ബില്യണ്‍ വരുന്ന മുസ്‌ലിംകള്‍ ഈ പ്രക്രിയയില്‍ പങ്കാളികളാകും. ജനസംഖ്യാടിസ്ഥാനത്തില്‍ വിശകലനം ചെയ്യുമ്പോള്‍ ‘മുസ്‌ലിം മെറ്റാവേഴ്‌സിന് വലിയ സാധ്യതകളാണുള്ളത്. പ്രത്യേകിച്ചും വൈവാഹിക കൗണ്‍സിലിങ്ങുകള്‍, ഇ-ഫത്‌വകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുക വഴി അവ ഉപയോഗപ്പെടുത്താന്‍ സാധിക്കും. പ്ലാറ്റ്‌ഫോമുകള്‍ക്കും ആപ്പുകള്‍ക്കും ഫീസോ ഡൊണേഷനോ നിഷ്‌കര്‍ഷിക്കുക വഴി ലാഭ സാധ്യതയും ഏറെയാണ്. ഹജ്ജ് നിര്‍വഹണത്തില്‍ പള്ളിയില്‍ പ്രവേശിക്കുമ്പോഴും കഅ്ബ പ്രദക്ഷിണം ചെയ്യുമ്പോഴും ഹജറുല്‍ അസ്‌വദ് മുത്തുമ്പോഴുമെല്ലാം (തീര്‍ത്ഥാടനത്തിന്റെ പ്രധാന ഘടകങ്ങളാണിത്) വിര്‍ച്വല്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുക വഴി മെറ്റാവേഴ്‌സിലൂടെ വരുമാനവും നേടാം.

മെറ്റാവേഴ്‌സ് മാര്‍ക്കറ്റിംഗ് എന്നതിനപ്പുറമുള്ള ഹജ്ജിന്റെ സാധ്യത കോവിഡ്- 19 കാലം ഓര്‍മ്മപ്പെടുത്തുന്നുണ്ട്. മഹാമാരി പലരെയും വീട്ടില്‍ പ്രാര്‍ത്ഥിക്കാന്‍ നിര്‍ബന്ധിതരാക്കി. താല്‍ക്കാലികമായി വെള്ളിയാഴ്ചകളിലെ സംഘടിത ജുമുഅ നിസ്‌കാരങ്ങള്‍ നിര്‍ത്തലാക്കപ്പെട്ടു. കൂടാതെ മുസ്‌ലിം തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് ഉംറ കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിന് നിയന്ത്രങ്ങള്‍ ഉണ്ടാവുകയും ആരോഗ്യപരമായ സാമൂഹിക അകലം പാലിക്കാനുള്ള നിയമങ്ങള്‍ വരെ പ്രാബല്യത്തില്‍ വന്നു. ഉദാഹരണത്തിന് 2020 ലും 21 ലും ഹജ്ജ് പങ്കാളിത്തം സൗദി അറേബ്യ പരിമിതപ്പെടുത്തി. വിദേശികള്‍ക്കും, വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും, ദീര്‍ഘകാല രോഗമുള്ളവര്‍ക്കും വിലക്കേര്‍പ്പെടുത്തി. കൂടാതെ തിരക്ക് കുറക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ഹജ്ജിനു മുമ്പും ശേഷവും പി.സി.ആര്‍ പരിശോധനയും ക്വാറന്റൈനും ഉള്‍പ്പെടെ നിരവധി മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്തു. ഇത്തരം പ്രായോഗിക തടസ്സങ്ങള്‍ കൊറോണ കാലത്ത് തീര്‍ത്ഥാടനാഭിവാഞ്ഛയുള്ളവരെ വിര്‍ച്വല്‍ സാധ്യതകള്‍ പരിശോധിക്കുന്നതിലേക്ക് നയിക്കുകയും നിസ്സംശയം മെറ്റാവേഴ്‌സിന്റെ വളര്‍ച്ചക്കുള്ള താക്കോലായി വര്‍ത്തിക്കുകയും ചെയ്തു.

ഈ മഹമാരിയാനന്തര സാങ്കേതിക കുതിപ്പിന് അനുയാത്രയെന്നോണം സൗദി അറേബ്യ ആരംഭിച്ച ‘വിര്‍ച്വല്‍ ബ്ലാക്ക് സ്റ്റോണ്‍’ പദ്ധതിക്കുള്ള നേരിട്ടുള്ള വിമര്‍ശനമായിട്ടാണ് തുര്‍ക്കിഷ് ദിയാനത്തിന്റെ പ്രഖ്യാപനം. 2021 ല്‍ അവതരിപ്പിച്ച ഈ പദ്ധതി ‘ഉദ്‌ബോധന സംരംഭമാണെന്നും’ ഹജ്ജിന് പകരമായിട്ടല്ല മറിച്ച് വിര്‍ച്വല്‍ റിയാലിറ്റി സാധ്യതകളെ ഉപയോഗപ്പെടുത്തി ഹജ്ജിന്റെ വിശാലാര്‍ഥത്തിലുള്ള പ്രചരണത്തിന്റെ ഭാഗമാണതെന്നും സഊദി പിന്നീട് വിശദീകരിച്ചു. ‘മദീന പ്രൊജക്ട്’ എന്ന വലിയ പദ്ധതിയുടെ ഭാഗമായുള്ള ‘വിര്‍ച്വല്‍ ബ്ലാക്ക്‌സ്റ്റോണ്‍’ പദ്ധതി, മക്കയിലെ ഹറം പള്ളിയുടെ ഇമാമിന്റെ മേല്‍നോട്ടത്തിലാണ്. ഇതിന്റെ സാങ്കേതിക നിര്‍വഹണം മക്കയിലെ ഉമ്മുല്‍ ഖുറ യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഈ പദ്ധതി വിര്‍ച്വല്‍ ഹെഡ്‌സെറ്റ് (അഥവാ കഅ്ബ ഗ്ലാസ്) വാങ്ങിയ ഉപയോക്താക്കള്‍ക്ക് ഹജറുല്‍ അസ്‌വദ് വിര്‍ച്വലായി സ്പര്‍ശിക്കാന്‍ അവസരം ഒരുക്കുന്നു. ഹജറുല്‍ അസ്‌വദിന്റെ ത്രിമാനരൂപം സുഗന്ധം പുറപ്പെടുവിക്കുകയും വെര്‍ച്വല്‍ തീര്‍ത്ഥാടകര്‍ക്ക് പ്രാര്‍ത്ഥനകള്‍ ലൈവ് ആയി കേള്‍ക്കുന്നതിനൊപ്പം അതിന്റെ മണവും സ്പര്‍ശവും അനുഭവിക്കാന്‍ അവസരം ഒരുക്കുകയും ചെയ്യുന്നു. ഈ അനുഭവം പ്രധാനമായും കാഴ്ച, മണം, സ്പര്‍ശം എന്നിവയിലൂടെ മനുഷ്യനെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നതാണ്.

പുതിയ സംരംഭം ആണെന്നതിനാല്‍ തന്നെ കഅ്ബയെ ഇവ്വിധം സന്ദര്‍ശിക്കാന്‍ മെറ്റാവേഴ്‌സിലൂടെ കണക്ട് ചെയ്യേണ്ടി വരുമോ എന്നത് ഇനിയും വ്യക്തമല്ല. മിക്കപേരും ഡിജിറ്റല്‍ ലോകത്തിലെ പുതിയ പ്രാധിനിത്യങ്ങളെ സ്വാഗതം ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ വിര്‍ച്വല്‍/ഓഗ്മെന്റഡ് റിയാലിറ്റിയെ കുറിച്ച് ഭയവും ആശങ്കയും പ്രകടിപ്പിക്കുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള പലരും സൗദി അറേബ്യ മതകാര്യങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്നതിനെതിരെ വിമര്‍ശനവുമായി രംഗത്ത് വരുന്നുണ്ട്. ഇസ്‌ലാമിക വിശ്വാസത്തിന്റെ പാരമ്പര്യത്തിന് വിരുദ്ധവും അടിസ്ഥാനരഹിതവുമായ ബിദ്അത്ത് ആണിതെന്ന് ചിലര്‍ നിരീക്ഷിക്കുമ്പോള്‍, മറുവശത്ത് നവ സാങ്കേതികതയെ പിന്തുണക്കുന്നവര്‍ ഇതിനെ നല്ല ബിദ്അത്ത് (അഥവാ ബിദ്അത്ത് ഹസന) ആണെന്നും ഇത് വിശ്വാസത്തെ ശക്തിപ്പെടുത്തുകയും, പ്രചരിപ്പിക്കുകയും, ഭക്തിയെ വളര്‍ത്തുകയും, ഗതാഗത കുരുക്കുകള്‍ കുറക്കുകയും, പ്രത്യേകിച്ച്, ആഗോളതാപനം നേരിടുന്ന ഈ ദുരിതകാലത്ത് പ്രകൃതി സംരക്ഷണത്തിന് സഹായിക്കുകയും ചെയ്യുമെന്നും വാദിക്കുന്നു. ഈ വിഷയത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വരുന്നത് അത്ഭുതപ്പെടുത്തുന്നു എങ്കിലും, ഇമേജ് ടെക്‌നോളജി പോലെ മതവുമായി ബന്ധപ്പെട്ട് കിടക്കുന്ന വിവിധ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതില്‍ ഇവരെല്ലാം ഒരേ അഭിപ്രായക്കാരാണ്.

ജൂദായിസം, ക്രിസ്ത്യാനിറ്റി, ഇസ്‌ലാം, ബുദ്ധിസം, തുടങ്ങിയ മറ്റു ആഗോള വിശ്വാസ പാരമ്പര്യങ്ങളിലൊക്കെ തന്നെയും ചിത്രങ്ങളോടുള്ള അനുഭാവം (ഐക്കണോഫീലിയ) പോലെ തന്നെ ഭയവും (ഐക്കണോഫോബിയ) വിരോധവും (ഐക്കണോക്ലാസം) നിലകൊള്ളുന്നുണ്ട്. ഇന്നും പണ്ടും ഓരോ കണ്ടുപിടിത്തങ്ങള്‍ ഉണ്ടാകുമ്പോഴും അതിനോട് ആദ്യം പ്രതികൂലവും പിന്നീട് അനുകൂലവുമായ നിലപാടുകള്‍ എടുക്കുന്നത് മുസ്‌ലിം പരിസരത്ത് സര്‍വസാധാരണയാണ്. ഇസ്‌ലാമിക പാരമ്പര്യത്തെ വിശകലനം ചെയ്താല്‍, ഇരുപതാം നൂറ്റാണ്ടില്‍ പ്രിന്റിംഗ് പ്രസ്സ്, ലിത്തോഗ്രഫി, ഫോട്ടോഗ്രാഫി, ഫിലിം, ഡിജിറ്റല്‍ മീഡിയ തുടങ്ങിയവ കടന്നുവന്നപ്പോഴും അനുകൂല-പ്രതികൂല നിലപാടുകള്‍ എമ്പാടും ഉണ്ടായിരുന്നു. പ്രത്യേകിച്ചും സചേതനവസ്തുക്കളുടെ പ്രകാശസാന്നിദ്ധ്യം പകര്‍ത്തുന്ന സാങ്കേതിക വിദ്യയായ ഫോട്ടോഗ്രാഫിയില്‍. ഈ കാരണത്താല്‍ തന്നെ ഫോട്ടോഗ്രാഫി ആദ്യം സൗദി അറേബ്യയില്‍ നിരോധിക്കപ്പെട്ടിരുന്നു. പിന്നീട് പൊതുഹിതം മാനിച്ചു നിരോധനം പിന്‍വലിക്കുകയായിരുന്നു. മക്കയും കഅ്ബയും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ചിത്രങ്ങളും, പ്രിന്റ് ഫോട്ടോകളും മുസ്‌ലിം ആദ്ധ്യാത്മികതയെ ഭൗതികമായും മാനസികമായും വ്യാപിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ഹജ്ജുമായി ബന്ധപ്പെട്ടും മറ്റുമുള്ള സൃഷ്ടിപരമായ പ്രകടനങ്ങള്‍ പ്രത്യേകിച്ചും ഹജ്ജ് ഫോട്ടോഗ്രഫിയും, കഅ്ബ മാതൃകകളും നിരവധി ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. ചില മതപ്രഭാഷകര്‍ ഹജ്ജ് സെല്‍ഫികള്‍ ആത്മപ്രദര്‍ശനത്തിന്റെ ഭാഗവും കപട ഭക്തിയുടെ ഉദാഹരണമാണെന്ന് കാട്ടി ഇ-ഫത്‌വകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എങ്കിലും കഴിഞ്ഞ ഒരു ദശാബ്ദമായി അവ വ്യാപകമായ ഒരു സാംസ്‌കാരിക പ്രതിഭാസമായി മാറിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ, 2017ല്‍ സൗദി ഗവണ്‍മെന്റ് മക്കയിലും മദീനയിലും പള്ളിക്കകത്തെ ഹജ്ജ് സെല്‍ഫികള്‍ നിരോധിച്ച വിജ്ഞാപനം ഇറക്കി. ട്രാഫിക് പോലുള്ള പ്രായോഗിക പ്രശ്‌നങ്ങളെയും തീര്‍ത്ഥാടകര്‍ക്ക് തെറ്റിദ്ധാരണയും അസ്വസ്ഥതയും കുറക്കാനായുള്ള ശ്രമങ്ങളെയും ഉദ്ദേശിച്ചായിരുന്നു ആ തീരുമാനം. ഈ വിശദീകരണം മതപരമായ പ്രയാസങ്ങളെയും അന്താരാഷ്ട്ര വിവാദങ്ങളെയും ഒരുപരിധി വരെ ഒഴിവാക്കാന്‍ സഹായകമാവുകയും ചെയ്തു.

കഅ്ബയുടെ മോഡലുകള്‍ ഉണ്ടാക്കുന്നത് ഇക്കാലത്ത് വലിയതോതില്‍ വ്യാപകമാണ്. ദുബായ് മുതല്‍ തുര്‍ക്കി, മലേഷ്യ, കെനിയ, ന്യൂജേഴ്‌സി തുടങ്ങിയ ഇടങ്ങളിലെല്ലാം വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരും ഒക്കെ ചതുരാകൃതിയിലുള്ള കിസ്‌വ അണിയിച്ച കഅ്ബയുടെ ചെറുപതിപ്പിനു ചുറ്റും ഹജ്ജ് കര്‍മ്മത്തിന് ഒരുങ്ങുകയെന്നവണ്ണം ത്വവാഫ് ചെയ്യുകയും പ്രാര്‍ത്ഥനാ വചനങ്ങള്‍ ഉരുവിടുകയും ചെയ്യുന്നു. വിദ്യാലയങ്ങളിലും മതപാഠശാലകളിലും ഇക്കാര്യങ്ങള്‍ ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗികമായി അനുഭവത്തിലൂടെ പഠിപ്പിക്കാനുള്ള നല്ലൊരു മാര്‍ഗമാണ്. പക്ഷേ മറ്റു സാഹചര്യങ്ങളില്‍ പ്രത്യേകിച്ചും, സൗദിയിലെ സലഫി പണ്ഡിതര്‍ നല്‍കുന്ന ഇ-ഫത്‌വകളില്‍, കഅ്ബ മോഡലുകള്‍ ‘ആക്ഷേപാര്‍ഹമായ ബിദ്അത്തായി’ വിമര്‍ശിക്കപ്പെടുന്നു. അവ യഥാര്‍ത്ഥ കഅബക്ക് പകരം ആരാധനാ വസ്തുവായി മാറാനും കഅ്ബയോടുള്ള വൈകാരിക ബന്ധം കുറയാനും ഇടയാകും എന്ന വാദത്തെ മുന്‍നിര്‍ത്തിയാണ് വിമര്‍ശനം. നിലവില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യങ്ങള്‍ക്കായി കഅ്ബ മോഡലുകള്‍ ഉണ്ടാക്കുന്നതിനോട് ഭാഗികമായ അംഗീകാരം മാത്രമേ പണ്ഡിതര്‍ നല്‍കുന്നുള്ളൂവെങ്കിലും ഭാവിയില്‍ മെറ്റാവേഴ്‌സ് പോലത്തെ സാങ്കേതിക തലങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തുമെന്നത് ഉറപ്പാണ്.

ഉപഭോക്തൃ സംസ്‌കാരവും ടൂറിസ വ്യവസായവും വിശുദ്ധമായവയെല്ലാം സാമ്പത്തിക ലാഭത്തിനായി പെരുപ്പിക്കാനുള്ള അവസരങ്ങളായി ഉപയോഗപ്പെടുത്തുകയാണിന്ന്. സൈദ്ധാന്തിക നിയമ സംഹിതകള്‍ക്കും സാമൂഹ്യ-ഭാവനാപരമായ ഘടകങ്ങള്‍ക്കുമപ്പുറം തീര്‍ത്ഥാടനം പല മതങ്ങളിലും പാരമ്പര്യങ്ങളിലും വലിയൊരു വാണിജ്യ മാര്‍ഗംകൂടിയാണ്. ഇസ്‌ലാമിക തീര്‍ത്ഥാടനങ്ങളുടെ രംഗത്ത് അടുത്ത അഞ്ചുവര്‍ഷത്തിനുള്ളിലുണ്ടാകുന്ന ഹജ്ജിന്റെ മാത്രം കണക്കെടുത്താല്‍ തന്നെ സൗദി അറേബ്യക്ക് 150 ബില്യണ്‍ ഡോളറിന്റെ വരുമാനം ഉണ്ടാകുമെന്ന് വിദഗ്ധര്‍ കണക്കുകൂട്ടുന്നു.

വിശുദ്ധ മക്ക നഗരത്തില്‍ റസ്റ്റോറന്റുകളും, ഹോട്ടലുകളും, കടകളും സീസണല്‍ വില്പനയില്‍ വ്യക്തമായ വര്‍ദ്ധനവ് ആസ്വദിക്കുന്നു. മദീനയിലാകട്ടെ പുതുതായി തുടങ്ങിയ പ്രവാചകര്‍ മുഹമ്മദ് നബിയുടെ ജീവിതവുമായും ഇസ്‌ലാമിക സിവിലൈസേഷനുമായും ബന്ധപ്പെട്ട അന്താരാഷ്ട്ര മേളയും മ്യൂസിയവും സന്ദര്‍ശകര്‍ക്ക് ആഴത്തിലുള്ള ആവിഷ്‌കാരാനുഭവം കൈമാറുന്നതോടൊപ്പം ഭക്തി ചിഹ്നങ്ങള്‍ മ്യൂസിയം സ്റ്റോറിലൂടെയും വെബ്‌സൈറ്റിലൂടെയും വില്‍ക്കുകയും ചെയ്യുന്നു. ഇത്തരം സ്മാരക ചിഹ്നങ്ങളില്‍ കുട്ടികള്‍ക്കായുള്ള കഅ്ബയുടെ വാതിലിന്റെ ചിത്രം പതിപ്പിച്ച നിസ്‌കാര പടങ്ങള്‍, മദീനയിലെ പ്രവാചകരുടെ മിഹ്‌റാബിന്റെ മാതൃകകള്‍, കഅ്ബയിലെ ഹജറുല്‍ അസ്‌വദിന്റെ മാതൃക തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇവയൊക്കെയാകട്ടെ വിര്‍ച്വല്‍ റിയാലിറ്റിയുടെയും മെറ്റാവേഴ്‌സിന്റെയും വിവാദങ്ങളുടെ കേന്ദ്രബിന്ദുവാണ് താനും. ഹജ്ജ് സോവനീറുകളും സ്മാരകചിഹ്നങ്ങളും ലേറ്റ് ക്യാപിറ്റലിസ്റ്റ് ഘടനയുടെ അനന്തര ഫലം മാത്രമായി കാണേണ്ടതില്ല.

നൂറ്റാണ്ടുകളുടെ ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടം നടത്തിയാല്‍ അക്കാലം മുതല്‍ക്കേ പള്ളികളിലും മറ്റും സ്ഥാപിച്ചിരുന്ന കഅ്ബയുടെയും വിശുദ്ധ വസ്തുക്കളുടെയും ചിത്രങ്ങള്‍ അടങ്ങിയ ടൈലുകള്‍ മുതല്‍ ഇസ്‌ലാമിക ആഘോഷവേളകളില്‍ പില്‍ക്കാലത്ത് കച്ചവടം ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ പതിച്ച വാച്ചുകള്‍, സ്‌നോ ഗ്ലോബുകള്‍, വിളക്കുകള്‍ തുടങ്ങിയവയില്‍ കഅ്ബ മാതൃകകള്‍ ഉപയോഗിച്ചത് ദൃശ്യമാണ്. ഒരുപക്ഷേ ഇതേ രീതിയില്‍ തന്നെയാണ് ഇക്കാലത്തെ വിര്‍ച്വല്‍ ഹജ്ജും. ഇസ്‌ലാമിലെ വിശുദ്ധ ദേശങ്ങള്‍ പ്രത്യേകിച്ച് മക്കയും മദീനയുമെല്ലാം ഭൗതിക പ്രതിനിധാനങ്ങളിലൂടെയും ദൃശ്യാനുകരണങ്ങളിലൂടെയും കെട്ടിട പകര്‍പ്പുകള്‍, പരിശുദ്ധ വചനങ്ങളുടെ പകര്‍പ്പുകള്‍, തൂവാലകള്‍ പോലുള്ള പൈതൃക വസ്തുക്കളിലൂടെയും പരിശുദ്ധ ഹറമിലെ മണ്ണിന്റെ സാമ്പിളുകള്‍, സംസം ബോട്ടിലുകള്‍, പ്രവാചക തിരുശേഷിപ്പുകളിലൂടെയുമെല്ലാമാണ് വിവിധ ദേശങ്ങളിലേക്ക് പ്രചരിക്കുന്നത്. ഈ പ്രക്രിയയില്‍ നിരവധി വാണിജ്യ സ്ഥാപനങ്ങളും വ്യക്തികളുമാണ് പങ്കാളികളാകുന്നത്. പള്ളികളും മ്യൂസിയങ്ങളും ഒരുപോലെ ഇതിന്റെ ഭാഗവാക്കാകുന്നു. തല്‍ഫലമായി പള്ളികളും മ്യൂസിയങ്ങളും സാംസ്‌കാരികവും മതപരവുമായ സംഗമസ്ഥാനങ്ങളായി മാറുകയും ടൂറിസത്തെയും തീര്‍ത്ഥാടനത്തെയും സമാനങ്ങളായി അടുപ്പിക്കുകയും ചെയ്യുന്നു. വിര്‍ച്വല്‍ റിയാലിറ്റിയിലെയും മെറ്റാവേഴ്‌സിലെയും പോലെ തന്നെ പുതിയ മസ്ജിദുകളുടെയും മ്യൂസിയങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പ്രതിബന്ധങ്ങളെ മറികടക്കേണ്ടതുണ്ട്.

പ്രത്യേകിച്ച്, ഇന്ന് വളര്‍ന്നുകൊണ്ടിരിക്കുന്ന മ്യൂസിയം ഓഫ് ഇസ്‌ലാമിക് സിവിലൈസേഷന്‍സ് എന്ന സംയുക്ത സ്ഥാപന രൂപത്തില്‍ ഇത് വ്യക്തമായി കാണാനാകും. ഇപ്പോഴത്തെ ചില പള്ളികള്‍ സാമൂഹിക പ്രാര്‍ത്ഥനക്കുള്ള പ്രധാന ഇടമായി പ്രവര്‍ത്തിക്കുന്നതോടൊപ്പം ഇസ്‌ലാമിന്റെ ഏറ്റവും വിശുദ്ധ നഗരങ്ങളായ മക്കയെയും മദീനയെയും ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ രൂപസാദൃശ്യത്തില്‍ പണികഴിപ്പിക്കപ്പെടുന്നത് കാണാം. ഇസ്തംബൂളിലെ ഗബ്‌സെ ഇന്‍ഡസ്ട്രിയല്‍ സോണില്‍ 2015 ല്‍ തുറന്നു കൊടുത്ത ഏഛടജ മസ്ജിദില്‍ ഇത് വ്യക്തമായി കാണാനാകും. ഈ പള്ളിക്ക് ക്യൂബ് ആകൃതിയുള്ള രൂപം, കറുത്ത കല്ല്, കഅ്ബയെയും അതിന്റെ കിസ്‌വയെയും ഓര്‍മിപ്പിക്കുന്ന രൂപരേഖ, ജെറുസലേമിലെ ‘ഡോം ഓഫ് ദ റോക്കി’നെ അനുസ്മരിപ്പിക്കുന്ന സ്വര്‍ണ്ണ ഖുബ്ബയുമുണ്ട്. ഈ ആകൃതിയിലുള്ള ശൈലി ഭൗതിക അനുകരണത്തിനും പ്രതിനിധാന രീതിക്കുമപ്പുറം, ഗെബ്‌സയെ ഒരു വിശുദ്ധ വ്യാപാര കേന്ദ്രമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ഗെബ്‌സയുടെ ആധുനികമായ രൂപഭാവം തുര്‍ക്കിയിലെ മതപരമായ ബിസിനസ് ക്ലാസിന്റെ സമ്പത്തിനെയും സ്വാധീനത്തെയും അടയാളപ്പെടുത്തുന്നു.

രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ട് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഇതിനകം നിരവധി ആഭ്യന്തര നിര്‍മ്മാണ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തേത് 2022 ഏപ്രില്‍ മാസം തുറന്നുകൊടുത്ത ഇസ്‌ലാമിക് സിവിലൈസേഷന്‍ മ്യൂസിയം ആണ്. ഇത് ഇസ്താംബൂളിലെ രമാഹശരമ മസ്ജിദ് കോംപ്ലക്‌സിന്റെ ഭാഗമാണ്. മസ്ജിദ് കോംപ്ലക്‌സിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും ഈ മ്യൂസിയം ഡയറക്ടറേറ്റ് ഓഫ് നാഷണല്‍ പാലസിന്റെ കീഴിലാണുള്ളത്. പ്രസിഡന്റിന്റെ പ്രത്യേക ശിപാര്‍ശയിലൂടെ തുര്‍ക്കിയിലെ മറ്റു ശേഖരങ്ങളില്‍ നിന്നും 800 ഓളം സ്മാരകശേഷിപ്പുകള്‍ തന്ത്രപരമായി കൊണ്ടുവന്ന് 110,000 അടിയുള്ള പ്രദര്‍ശന വേദിയിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.

ഇവയില്‍ മതപരമായ വസ്തുക്കള്‍ക്ക് പുറമേ ശാസ്ത്രീയ ഉപകരണങ്ങള്‍, ആയുധങ്ങള്‍, സെറാമിക്കുകള്‍, നാണയങ്ങള്‍ തുടങ്ങിയവയുമുണ്ട്. കൂടാതെ, ഡിജിറ്റല്‍ മോഡലുകളും, ഹൈടെക് പ്രൊജക്ഷനുകളും, പ്രാര്‍ത്ഥനകളും, ഭക്തിപൂര്‍ണ്ണമായ പാരായണങ്ങളുമെല്ലാം ഗ്യാലറിയില്‍ ഉടനീളം മുഴങ്ങുന്നു. ഇങ്ങനെ മാറ്റി സ്ഥാപിച്ച പവിത്രമായ ശേഖരത്തില്‍ ഹജ്ജുമായി ബന്ധപ്പെട്ട വസ്തുക്കള്‍ പലതുമുണ്ട്- പ്രത്യേകിച്ച് കിസ്‌വയുടെ ഭാഗങ്ങള്‍, കഅ്ബയുടെ വാതിലിന്റെ താക്കോല്‍, പ്രവാചകരുടെ തിരുശേഷിപ്പുകള്‍. അവിടുത്തെ ശരീരത്തിലെ ഭാഗം എന്ന നിലക്ക് പ്രവാചകന്‍ (സ്വ) യുടെ തിരുകേശം വലിയ ബഹുമതിയോടെയാണ് പരിപാലിക്കപ്പെടുന്നത്.

ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ വിശ്വാസത്തിന്റെ ഭാഗമായി, മസ്ജിദുകള്‍ നിര്‍മ്മിക്കുമ്പോള്‍ പവിത്രത കൈവരിക്കാന്‍ പ്രവാചകരുടെ തിരുകേശം ഉപയോഗപ്പെടുത്തിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ തിരുകേശം ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ പ്രതീകമായി മാറുകയും പരിശുദ്ധ നഗരങ്ങളായ മക്ക, മദീന, ജെറുസലേം പട്ടണങ്ങളുടെ പ്രതിനിധാനമായി കണക്കാക്കപ്പെടുകയും ചെയ്തിരുന്നു. ജാംലിജ മസ്ജിദ് കോംപ്ലക്‌സിന് മുന്തിയ നിര്‍മ്മാണ സൗന്ദര്യം ഒരുക്കുന്നതിലൂടെ ഉര്‍ദുഗാനും തന്റെ ക്യൂറേറ്റര്‍ സംഘവും ആഗോള മുസ്‌ലിമിന്റെ കാര്‍മികത്വം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് പറഞ്ഞുവെക്കുകയാണ്. ഉസ്മാനികള്‍, ടോപ്പ് കാപ്പി കൊട്ടാരത്തില്‍ പ്രവാചക പൈതൃക ശേഷിപ്പുകള്‍ ശേഖരിച്ചതിനു സമാനമായാണ് ഇസ്താംബൂളിലെ ഈ മ്യൂസിയവും.

ഇസ്താംബൂളിലെ ഗ്രാൻഡ് ജാംലിജ മസ്ജിദ് കോംപ്ലക്‌സിലെ ഇസ്‌ലാമിക് സിവിലൈസേഷന്‍സ് മ്യൂസിയം, വളരെ ചാരുതയോടെ മുസ്‌ലിം മത ജീവിതാന്തരീക്ഷവും പള്ളിയുടെ ആത്മീയാന്തരീക്ഷവും പാരായണ ശബ്ദങ്ങളും കോര്‍ത്തിണക്കിയാണ് രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇത് ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ മ്യൂസിയമൊന്നുമല്ല. ഇസ്താംബൂളിലെ തന്നെ മ്യൂസിയം ഓഫ് തുര്‍ക്കിഷ് ആന്‍ഡ് ഇസ്‌ലാമിക് ആര്‍ട്‌സ് സമാന രീതിയിലുള്ളതാണ്. 2008 ല്‍ തുറന്നുകൊടുത്ത യു.എ.ഇയിലെ ഷാര്‍ജ മ്യൂസിയം ഓഫ് ഇസ്‌ലാമിക് സിവിലൈസേഷന്‍സും അപ്രകാരം നിര്‍മ്മിക്കപ്പെട്ടതാണ്. ഈ മ്യൂസിയവും ബെര്‍ലിനിലെ മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്‌സുമായി സഹകരിച്ച് ഇസ്‌ലാമിക പൈതൃകം വിളിച്ചോതുന്ന തരത്തില്‍ ഡോം ഓഫ് ദ റോക്കിനെ അനുകരിക്കുന്ന രീതിയിലാണ് അതിന്റെ ഗോപുരം പണികഴിപ്പിച്ചിട്ടുള്ളത്. അവിടുത്തെ പ്രദര്‍ശനങ്ങളിലും പുരാതന ഖുര്‍ആന്‍ പകര്‍പ്പുകളും, കിസ്‌വയുടെ ഭാഗങ്ങളും, പള്ളി മാതൃകകളും ഉള്‍ക്കൊള്ളുന്നു. കൂടാതെ ടച്ച് സ്‌ക്രീന്‍ യുഗത്തിലെ ഇമാറത്തീ വിദ്യാര്‍ത്ഥികളെ ഇസ്‌ലാമിക പാരമ്പര്യങ്ങളോട് ബന്ധിപ്പിക്കുന്ന പല സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇവിടെ മ്യൂസിയം ദേശീയതയെയും ഇസ്‌ലാമിനെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് തന്നെ രാജ്യാതിര്‍ത്തികള്‍ക്കപ്പുറമുള്ള സാധ്യതകളെ തേടി പോവുകയാണ്.

മ്യൂസിയം സ്റ്റഡീസ് വിദഗ്ധയായ ക്യാരള്‍ ഡന്‍കണ്‍ പറയുന്നതുപോലെ, ഇത്തരം ചടങ്ങുകള്‍ പൊതു-കലാ മ്യൂസിയങ്ങളുടെ പുനരാവര്‍ത്തിയായ ഒരു പ്രത്യേകതയാണ്. എന്നിരുന്നാലും ആധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ ആവേശപൂര്‍ണ്ണമായ സ്വീകാര്യതയാണ് ഈ ഇസ്‌ലാമിക മ്യൂസിയങ്ങളെ വേറിട്ടു നിര്‍ത്തുന്നത്. ഹോളോഗ്രാമുകള്‍, വിര്‍ച്വല്‍ റിയാലിറ്റി പോലുള്ള ടെക്‌നോളജികള്‍ മ്യൂസിയം ഓഫ് ഇസ്‌ലാമിക് സിവിലൈസേഷന്റെ ഭാഗമായാണ് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്.

2021 ല്‍ ആരംഭിച്ച ഈ മ്യൂസിയം, മുസ്‌ലിം വേള്‍ഡ് ലീഗെന്ന അന്താരാഷ്ട്ര എന്‍.ജി.ഒ യുടെ മേല്‍നോട്ടത്തിലാണ് നടത്തപ്പെടുന്നത്. യഥാര്‍ഥ ഇസ്‌ലാമിനെ അവതരിപ്പിക്കുക എന്നതാണ് മുസ്‌ലിം വേള്‍ഡ് ലീഗിന്റെ ലക്ഷ്യം. ഇതോടെ മതത്തിന്റെ നേര്‍ചിത്രം അവതരിപ്പിക്കുന്ന ദൗത്യ പരിധിയിലേക്ക് മ്യൂസിയങ്ങളും വിപുലീകരിക്കപ്പെടുന്നു. വാസ്തവത്തില്‍ മദീനയിലെ പ്രവാചകന്റെ പള്ളിയുടെ ഡിജിറ്റല്‍ അവതരണം പോലെ മ്യൂസിയത്തിന്റെ ഉള്ളടക്കത്തിന്റെ ഗണ്യമായ ഭാഗം ത്രീഡി സ്‌ക്രീനിങ്ങുകളില്‍ മിന്നുന്ന പിക്‌സലുകളും, മുഹമ്മദ് (സ്വ) യുടെ കാലത്തെ സമൂഹത്തിനോടുള്ള അനുകരണത്തിന് ജീവന്‍ നല്‍കുന്ന സിനിമകളുമൊക്കെ ചേര്‍ന്നതാണ്. കൂടാതെ അതിന്റെ ഔദ്യോഗിക വീഡിയോയില്‍ പ്രവാചക ജീവിതത്തെ പ്രതിഫലിപ്പിക്കുന്നതിനും സാഹോദര്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ലോകമെമ്പാടും സമാധാനവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു മാര്‍ഗ്ഗമായി മ്യൂസിയത്തെ ഉപയോഗപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്.

പള്ളികള്‍, മ്യൂസിയങ്ങള്‍, മെറ്റാവേഴ്‌സ് എന്നിവ വര്‍ദ്ധിച്ചുവരുന്ന വിര്‍ച്വല്‍ ലോകത്ത് സ്ഥിര ചര്‍ച്ചാ സാന്നിധ്യമായി മാറിയിരിക്കുന്നു. ഡിജിറ്റലായി ഒരു പള്ളിയെ ചുറ്റി കറങ്ങാനും, ഒരു മ്യൂസിയത്തിന്റെ സ്റ്റീരിയോസ്‌കോപ്പിക് ഇമേജറി വിന്യസിപ്പിക്കാനും, പള്ളി പോലുള്ള അനുഭവം നല്‍കാനും, എല്ലാം ഉള്‍ക്കൊള്ളാനും മെറ്റാവേഴ്‌സിന് കഴിയും. ഈ മേഖലയിലെ സമീപകാല ചലനങ്ങള്‍ വെളിപ്പെടുത്തുന്നത് മെറ്റീരിയല്‍ റിയാലിറ്റിയും ഡിജിറ്റല്‍ ആര്‍ട്ടിഫിസും തമ്മിലുള്ള വ്യതിരിക്തമായ വിഭജനം ഇല്ലാതാകുകയാണെന്നാണ്. സാങ്കേതികവും സൈദ്ധാന്തികവുമായ പ്രശ്‌നങ്ങള്‍ക്ക് അപ്പുറം അവശേഷിക്കുന്ന ചോദ്യം ഇതാണ്; ഇസ്‌ലാമിക എമിക്ക് പാരമ്പര്യങ്ങളില്‍ സാങ്കല്‍പികതയുടെ സ്ഥാനം എന്താണ്? അതിന്റെ ഭാവി സാധ്യതകള്‍ എന്തെല്ലാമാണ്?.

യൂറോപ്പ്യന്‍ ദാര്‍ശനിക പാരമ്പര്യത്തില്‍ ഈ സദൃശ്യതയുടെ പ്രശ്‌നം problem of simulacrum) അടിസ്ഥാനപരമായി പ്ലാറ്റോണികമാണ്. കാരണം യഥാര്‍ത്ഥ വസ്തുവിന്റെ ഗുണങ്ങള്‍ ചൊരിയുന്ന ഒരു സാദൃശ്യം ഇതില്‍ ഉള്‍ക്കൊള്ളുന്നുണ്ട്. തത്വചിന്തകനായ ദെല്യൂസ് ചൂണ്ടിക്കാണിക്കുന്നത് പോലെ ഈ വ്യത്യാസം അനിവാര്യമായ വൈരുദ്ധ്യമാണ്. ചില സന്ദര്‍ഭങ്ങളില്‍ സിമുലേഷന്‍ യാഥാര്‍ഥ്യമായി മാറുകയും സ്വന്തം മാതൃകയെ തന്നെ തകര്‍ക്കുകയും ചെയ്‌തേക്കാം. മാത്രമല്ല ഭൗതിക യാഥാര്‍ത്ഥ്യത്തെ മാറ്റി സ്ഥാപിക്കുന്നതില്‍ സാങ്കല്പിക ലോകങ്ങളും ‘യാഥാര്‍ത്ഥ്യത്തെക്കാള്‍ യാഥാര്‍ത്ഥ്യമുള്ളതായി’ മാറുന്നു.

കാലക്രമേണ പിന്നോട്ടുനോക്കുമ്പോള്‍, നൂറ്റാണ്ടുകളായി ഇസ്‌ലാമിക സ്വപ്‌ന സിദ്ധാന്തത്തില്‍ സിമുലാക്ര ശക്തമായ സ്ഥാനം വഹിച്ചിട്ടുണ്ട്. ചലിക്കുന്ന ചിത്രത്തില്‍ നിന്ന് മെറ്റാവേഴ്‌സിലേക്കുള്ള സാങ്കേതിക മുന്നേറ്റത്തോടെ ആധുനിക കാലഘട്ടത്തില്‍ അവ കൂടുതല്‍ ശ്രദ്ധ നേടുന്നു. ക്ലാസിക്കല്‍ ഇസ്‌ലാമിക സ്വപ്‌ന വ്യാഖ്യാന ചിന്തയില്‍, സ്വപ്‌നം എന്നത് ‘ഒരു യാഥാര്‍ത്ഥ്യം’ ആണ്, അത് ദൈവമാണ് നിര്‍മ്മിച്ചത്, വ്യക്തിയല്ല. ‘സാദൃശ്യങ്ങളുടെ ലോകം’ (ആലം അല്‍-മിസാല്‍) എന്ന നിലയില്‍ ഈ യാഥാര്‍ത്ഥ്യത്തില്‍ അഭൗതികമാണെങ്കിലും, തത്ത്വശാസ്ത്രപരമായി ആധികാരികവും അവബോധപൂര്‍വ്വം മനസ്സിലാക്കാവുന്നതുമായ ചിത്രങ്ങളോ സാദൃശ്യങ്ങളോ അടങ്ങിയിരിക്കുന്നു. ഈ ചരിത്രപരമായ ഇസ്‌ലാമിക ‘സാദൃശ്യങ്ങളുടെ ലോകം’ മെറ്റാവേഴ്‌സിനെ ഒരു ഇമേജ് നിറഞ്ഞ, അദൃശ്യമായ മാനമായി സമീപിക്കുന്നതിനുള്ള ഒരു പ്രീമോഡേണ്‍ മാട്രിക്‌സ് എന്ന നിലയില്‍ ഭാവിയില്‍ അവസരം നല്‍കുന്നു. അത് യാഥാര്‍ത്ഥ്യത്തെ അയാഥാര്‍ഥ്യത്തോടും, വസ്തുതയെ കെട്ടുകഥയോടും, പഴമയെ പുതുമയോടും പകരം വയ്ക്കാന്‍ ശ്രമിക്കണമെന്നില്ല.
സിമിലിട്യൂഡുകള്‍ മെറ്റാഫിസിക്കലായി ഇടപെടലുകള്‍ നടത്തുന്നു. അതോടൊപ്പം,ഒരു ആന്തരിക യാത്രയിലൂടെ ദൈവികതയിലേക്ക് കൂടുതല്‍ അടുക്കാന്‍, അതില്‍ പങ്കെടുക്കുന്നവരെ ക്ഷണിക്കുന്ന ഒരു ഡ്രീംസ്‌കേപ്പും നിര്‍മ്മിക്കുന്നു.

മൈറ്റാവേഴ്‌സ് ഹജ്ജിനെ ഒരര്‍ഥത്തില്‍ സഫറുല്‍ ഖല്‍ബ് എന്ന് വിശേഷിപ്പിക്കാം. സൂഫി പാരമ്പര്യത്തിന്റെ കേന്ദ്രാശയങ്ങളിലൊന്നായ ‘ഹൃദയത്തിന്റെ കഅബ’ എന്ന സങ്കല്‍പവുമായി ഇത് ബന്ധപ്പെട്ടു കിടക്കുന്നു. അനുവാചകരെ സാധാരണ കാഴ്ചയില്‍ നിന്നും മാറി ഉള്‍ക്കാഴ്ചയിലേക്ക് ക്ഷണിക്കുന്നു. പള്ളിയെയും മ്യൂസിയത്തെയും പോലെ, മുസ്‌ലിം മെറ്റാവേഴ്‌സും നിരോധനങ്ങള്‍ക്ക് മാത്രം ഇടമുള്ള പുത്തന്‍ പ്രവണതയായല്ല മറിച്ച് ഇസ്‌ലാമിക അതിഭൗതിക ചിന്തയെ മറ്റൊരു മാനത്തിലേക്ക് നയിക്കുന്ന ഒരു ഉയര്‍ന്ന ഡ്രീംസ്‌കേപ്പായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

ക്രിസ്റ്റ്യന്‍ ഗ്രുബര്‍

ഇസ്‌ലാമിക കല, വിഷ്വല്‍ കള്‍ച്ചര്‍, മെറ്റീരിയാലിറ്റി എന്നിവയില്‍ പാണ്ഡിത്യം. നിലവില്‍ മിഷിഗണ്‍ സര്‍വകലാശാലയിലെ ആര്‍ട്ട് ഹിസ്റ്ററി ഡിപ്പാര്‍ട്ട്മെന്റില്‍ ഇസ്‌ലാമിക് ആര്‍ട്ട് പ്രൊഫസറാണ്.

 

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Most popular

Most discussed