നാലര നൂറ്റാണ്ടു കാലമായി കേരളീയ മുസ്‌ലിംകളുടെ ഇസ്‌ലാമിക കര്‍മജീവിതത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഫത്ഹുല്‍മുഈന്റെ മൂലകൃതിയാണ് ഖുര്‍റത്തുല്‍ഐന്‍ ബിമുഹിമ്മാതിദ്ദീന്‍. ഇരുഗ്രന്ഥങ്ങളുടെയും രചന നിര്‍വഹിച്ചിരിക്കുന്നത് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനാണ്. ഫത്ഹുല്‍മുഈന്‍ പലപ്പോഴായി പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമായിട്ടുണ്ടെങ്കിലും മൂലകൃതിയായ ഖുര്‍റത്തുല്‍ഐന്‍ തീരെ ഗവേഷകശ്രദ്ധയാകര്‍ഷിച്ചിട്ടില്ല. രണ്ടു കാരണങ്ങളാലാണ് ഇത് സംഭവിച്ചത്. ഒന്ന്, ഫത്ഹുല്‍മുഈന്റെ അതുല്യ പ്രഭാവത്തില്‍ ഖുര്‍റത്തുല്‍ഐന്‍ അവഗണിക്കപ്പെട്ടു. രണ്ട്, ഫത്ഹുല്‍മുഈന്‍ ഖുര്‍റത്തിന്റെ സംയോജിത വ്യാഖ്യാന (ശര്‍ഹ് മംസൂജ്) മായതിനാല്‍ ഇരുകൃതികളും ഏകഗ്രന്ഥമായി പരിഗണിക്കപ്പെട്ടു. അഥവാ, ഫത്ഹുല്‍മുഈന്‍ എന്നു പറയുമ്പോള്‍ ഖുര്‍റത്തുല്‍ഐന്‍ കൂടി അടങ്ങിയ ഒറ്റഗ്രന്ഥമായാണ് പൊതുവെ സമീപിക്കപ്പെടുന്നത്. ഖുര്‍റത്തിന് വേറിട്ടൊരസ്തിത്വം കല്‍പിക്കപ്പെടാറില്ല. ഇരുകൃതികളുടെയും കര്‍ത്താവ് ഒന്നുതന്നെയായത് ഈ സമീപനത്തിന് കൂടുതല്‍ സ്വാഭാവികത പകര്‍ന്നു.
ഖുര്‍റത്തുല്‍ഐന്‍ സ്വതന്ത്രമായി വായിക്കപ്പെടുകയോ പഠനവിധേയമാവുകയോ ചെയ്യാത്തതിനാല്‍ കേരളത്തില്‍ അത് അച്ചടിക്കപ്പെടുക പോലും ചെയ്തില്ല. തുഹ്ഫ, നിഹായ തുടങ്ങിയ വ്യാഖ്യാനങ്ങള്‍ക്കു ശേഷം ഇമാം നവവിയുടെ മിന്‍ഹാജിനും സമാനമായ അവസ്ഥയുണ്ടായിട്ടുണ്ട്. അപൂര്‍വമായി മാത്രമേ മിന്‍ഹാജ് സ്വതന്ത്രമായി അച്ചടിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്തുള്ളൂ.
കര്‍മശാസ്ത്രത്തിലെ മുഴുവന്‍ അധ്യായങ്ങളെയും അതീവ സംക്ഷിപ്തമായി വിവരിക്കുന്ന ശാഫിഈ മദ്ഹബിലെ അത്യപൂര്‍വ ഗ്രന്ഥമെന്ന നിലയില്‍ ഖുര്‍റത്തുല്‍ഐന് സവിശേഷമായ പ്രാധാന്യമുണ്ട്. ഫിഖ്ഹിലെ പൊതുവായ മസ്അലകളെല്ലാം ഹൃദിസ്ഥമാക്കിവെക്കാന്‍ ഖുര്‍റത്തുല്‍ഐനോളം സൗകര്യം ചെയ്യുന്ന മറ്റൊരു കൃതിയുമില്ല.
പ്രാധാന്യവും പ്രസക്തിയും
ഏറ്റവും വിപുലമായ ഗ്രന്ഥശേഖരമുള്ള ഇസ്‌ലാമിക കര്‍മശാസ്ത്രധാരയാണ് ശാഫിഈ മദ്ഹബ്. ശാഫിഈ സരണിയെ വിവരിക്കുന്ന ബൃഹത്തും സംക്ഷിപ്തവുമായ ഒട്ടനവധി കൃതികള്‍ ഇമാം ശാഫിഈയുടെ കാലം മുതല്‍ വിരചിതമായിട്ടുണ്ട്. ഈ ഗ്രന്ഥശേഖരങ്ങള്‍ക്കിടയില്‍ ശൈഖ് സൈനുദ്ദീന്‍ അഹ്മദ് ബിന്‍ മുഹമ്മദുല്‍ ഗസ്സാലിയെന്ന മഖ്ദൂം രണ്ടാമന്‍ രചിച്ച ഖുര്‍റത്തുല്‍ഐന്റെ ഇടം അടയാളപ്പെടുത്തേണ്ടത് ആവശ്യമാണ്.
ആരാധന, സ്വകാര്യ ജീവിതം, സാമൂഹ്യ ജീവിതം തുടങ്ങി വ്യക്തിയുടെ സകല ജീവിത വ്യവഹാരങ്ങളെയും ദൈവിക ശാസനകള്‍ക്ക് അനുഗുണമായി ചലിപ്പിക്കുക എന്നതാണല്ലോ കര്‍മശാസ്ത്രത്തിന്റെ ലക്ഷ്യം. അതിനാല്‍, പണ്ഡിത-പാമര വ്യത്യാസമില്ലാതെ ഓരോ വ്യക്തിയുമായും അത് ബന്ധപ്പെട്ടു കിടക്കുന്നു
കര്‍മശാസ്ത്രത്തിന്റെ സംഗ്രഹ രൂപം എന്ന നിലയില്‍ ഇതര സംഗ്രഹകൃതികള്‍ക്കിടയിലെ ഖുര്‍റത്തിന്റെ പ്രസക്തിയാണ് അന്വേഷിക്കേണ്ടത്. ഏതൊരു ജ്ഞാനമേഖലയിലെയും ലഘുകൃതികള്‍ ഹൃദിസ്ഥമാക്കുകയെന്നത് ആ മേഖലയിലെ പഠിതാക്കളുടെ പ്രഥമ പരിഗണനയില്‍ പെട്ടതാണ്. ബൃഹത്കൃതികള്‍ പഠനവിധേയമാക്കുന്ന പോലെത്തന്നെ ലഘുകൃതികള്‍ മനഃപാഠമാക്കുന്നതിലും വിദ്യാന്വേഷകര്‍ എക്കാലവും ശ്രദ്ധപുലര്‍ത്തിയിരുന്നു. ആവശ്യാനുസരണം ഓര്‍ത്തെടുക്കാന്‍ ഏറെ സഹായകമാണ് ഈ രീതി എന്നതു തന്നെ കാരണം. അതുകൊണ്ടുതന്നെയാണ്, വിഷയങ്ങളുടെ സവിസ്തര പ്രതിപാദനത്തിനു പുറമെ സംക്ഷിപ്ത വിവരണത്തിനും പണ്ഡിതര്‍ പ്രാമുഖ്യം കല്‍പിച്ചത്. ബൃഹത് ഗ്രന്ഥങ്ങള്‍ക്കു പുറമെ ലഘുകൃതികള്‍ രചിക്കുന്നതിലും അവര്‍ ശ്രദ്ധപുലര്‍ത്തി.
എല്ലാ ജ്ഞാനമേഖലകളിലും ഇത്തരം സംക്ഷിപ്ത കൃതികള്‍ കാണാവുന്നതാണ്. എളുപ്പത്തില്‍ മനപാഠമാക്കാന്‍ സഹായിക്കുക എന്നതിനു പുറമെ എല്ലാ വിഷയങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്നതും ലഘുഗ്രന്ഥങ്ങളുടെ രചനാലക്ഷ്യത്തില്‍ പെട്ടതാണ്. പണ്ഡിതര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മുഫ്തികള്‍ക്കുമെല്ലാം എപ്പോഴും കൂടെക്കരുതാവുന്നതും ആയാസരഹിതമായി ഉപയോഗിക്കാവുന്നതുമാണ് ഇത്തരം ചെറുകൃതികള്‍.
പണ്ഡിതോചിതമായ ഗഹന ചര്‍ച്ചകളില്‍ താല്‍പര്യമില്ലാത്ത, വിഷയങ്ങളെ ഉപരിപ്ലവമായും പ്രായോഗികമായും മനസ്സിലാക്കാനാഗ്രഹിക്കുന്ന സാധാരണക്കാര്‍ക്കും ഏറെ പ്രയോജനകരമാവുക സംക്ഷിപ്ത ഗ്രന്ഥങ്ങളാണ്. വിശദവും താത്വികവുമായ (വേലീൃലശേരമഹ) ചര്‍ച്ചകള്‍ പണ്ഡിതര്‍ക്കും പണ്ഡിതവിദ്യാര്‍ത്ഥികള്‍ക്കും ജീവവായു പോലെയാണെങ്കില്‍, ജീവിതത്തില്‍ അനിവാര്യമായ അറിവുകള്‍ നേടിയെടുക്കുക എന്നതാണ് സാധാരണ പൗരന്മാരുടെ ലക്ഷ്യം. മനുഷ്യന്റെ ഉപജീവനത്തെ നേരിട്ടു ബാധിക്കുന്നതിനാല്‍ കര്‍മശാസ്ത്രത്തില്‍ ഈ വശത്തിന് കൂടുതല്‍ പ്രാധാന്യവുമുണ്ട്. ആരാധന, സ്വകാര്യ ജീവിതം, സാമൂഹ്യ ജീവിതം തുടങ്ങി വ്യക്തിയുടെ സകല ജീവിത വ്യവഹാരങ്ങളെയും ദൈവിക ശാസനകള്‍ക്ക് അനുഗുണമായി ചലിപ്പിക്കുക എന്നതാണല്ലോ കര്‍മശാസ്ത്രത്തിന്റെ ലക്ഷ്യം. അതിനാല്‍, പണ്ഡിത-പാമര വ്യത്യാസമില്ലാതെ ഓരോ വ്യക്തിയുമായും അത് ബന്ധപ്പെട്ടു കിടക്കുന്നു. കര്‍മശാസ്ത്രത്തില്‍ നിന്ന് നിശ്ചിത തോതിലുള്ള അറിവ് ആര്‍ജിക്കേണ്ടത് ഓരോ വ്യക്തിയുടെയും നിര്‍ബന്ധ ബാധ്യതമാണെന്ന് പറയാന്‍ കാരണമിതാണ്. ഈ നിശ്ചിത തോത് മാത്രം വിതരണം ചെയ്യുന്നുവെന്നതാണ് സംഗ്രഹകൃതികളുടെ പ്രത്യേകത.
ഖുര്‍റത്തുല്‍ഐനും ഇതര സംഗ്രഹ കൃതികളും
1. മിന്‍ഹാജ്
ശാഫിഈ കര്‍മശാസ്ത്രത്തിലെ സംഗ്രഹ കൃതികളില്‍ (മുഖ്തസ്വറാത്ത്) ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ് ഇമാം നവവിയുടെ മിന്‍ഹാജുത്വാലിബീന്‍ വഉംദതുല്‍ മുഫ്തീന്‍ എന്ന കൃതി. ഇമാം ശാഫിഈയുടെ അല്‍ഉമ്മില്‍ നിന്ന് തുടങ്ങിയ ഗ്രന്ഥപരമ്പരയിലെ പ്രധാന കണ്ണിയാണിത്. ഇമാം റാഫിഈയുടെ മുഹര്‍ററിനെ സംക്ഷേപിച്ചു കൊണ്ടാണ് ഇമാം നവവി മിന്‍ഹാജ് രചിക്കുന്നത്. മുഹര്‍ററിനെ ആശയ ചോര്‍ച്ചയില്ലാതെ പകുതിയാക്കി ചുരുക്കുകയും ചില അനുബന്ധങ്ങള്‍ ചേര്‍ത്ത് കൂടുതല്‍ ആധികാരികമാക്കുകയും ചെയ്യുകയായിരുന്നു ഇമാം നവവി. നേരത്തെ സൂചിപ്പിച്ച പോലെ ആയാസരഹിതമായി ഗ്രന്ഥം ഹൃദിസ്ഥമാക്കാന്‍ സഹായിക്കുക എന്നതായിരുന്നു സംക്ഷേപണത്തിന്റെ പ്രധാന ലക്ഷ്യം.
തത്വാധിഷ്ടിത ചര്‍ച്ചകളില്‍ വ്യാപരിക്കുന്നതിനു പകരം പ്രായോഗിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ മാത്രം സ്പര്‍ശിച്ച് കടന്നുപോകുന്ന ശൈലിയാണ് മഖ്ദൂം ഇതിന്റെ രചനയില്‍ തെരഞ്ഞെടുത്തത്. സങ്കീര്‍ണമായ സങ്കേതങ്ങളും ഭാഷാപ്രയോഗങ്ങളും പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തു
ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ വിരചിതമായ മിന്‍ഹാജ്, ആധുനിക ലിപിവിന്യാസ പ്രകാരം ഏകദേശം നാനൂറ് പേജോളം വരും. ഇത് അക്കാലത്ത് ലഘുകൃതിയായി ഗണിക്കപ്പെട്ടുവെങ്കിലും, പില്‍ക്കാലത്ത് മനപാഠമാക്കുക എന്ന ലക്ഷ്യം ഏറെക്കുറെ അപ്രാപ്യമായിത്തീര്‍ന്നു. ഈ സാഹചര്യത്തില്‍ നിന്നാണ് പത്താം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഖുര്‍റത്തുല്‍ഐനിന്റെ പ്രാധാന്യത്തെക്കുറിച്ച് ആലോചിക്കേണ്ടത്. കേവലം മുപ്പത്തിരണ്ട് പേജുകളിലായി കര്‍മശാസ്ത്രത്തിന്റെ എല്ലാ അധ്യായങ്ങളെയും സംഗ്രഹിച്ചു കൊണ്ടാണ് ഖുര്‍റത്ത് രചിക്കപ്പെടുന്നത്. അഥവാ, ഏകദേശം മിന്‍ഹാജിന്റെ എട്ടിലൊന്നു മാത്രമാണ് ഖുര്‍റത്തിന്റെ വലിപ്പം. ആറാം നൂറ്റാണ്ടില്‍ മിന്‍ഹാജ് നിര്‍വഹിച്ച ദൗത്യമാണ് പത്താം നൂറ്റാണ്ടില്‍ ഖുര്‍റത്തും നിര്‍വഹിച്ചത്.
അഭിപ്രായഭിന്നതകള്‍ക്കും താത്വികമായ ചര്‍ച്ചകള്‍ക്കും യഥേഷ്ടം ഇടം നല്‍കിക്കൊണ്ടാണ് മിന്‍ഹാജും അതിന്റെ വ്യാഖ്യാനങ്ങളും രചിക്കപ്പെട്ടിട്ടുള്ളത്. ഓരോ വിഷയത്തിലെയും പ്രബലാഭിപ്രായത്തിനു പുറമെ, ഭിന്നാഭിപ്രായങ്ങളും മദ്ഹബില്‍ അവയുടെ സ്ഥാനവും സൂചിപ്പിച്ചു കൊണ്ടാണ് മിന്‍ഹാജ് മുന്നോട്ടു പോകുന്നത്. ശാഫിഈ മദ്ഹബിലെ ഒട്ടുമിക്ക ചര്‍ച്ചകളെയും അവയിലെ വ്യത്യസ്ത കാഴ്ചപ്പാടുകളെയും ക്രോഡീകരിക്കാന്‍ ഈ ശൈലിയിലൂടെ സാധ്യമായിട്ടുണ്ട്.
എന്നാല്‍, മദ്ഹബിലെ പ്രബലമതത്തെ മാത്രം ഉദ്ധരിച്ചുകൊണ്ടാണ് ഖുര്‍റത്ത് രചിക്കപ്പെടുന്നത്. തത്വാധിഷ്ടിത ചര്‍ച്ചകളില്‍ വ്യാപരിക്കുന്നതിനു പകരം പ്രായോഗിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ മാത്രം സ്പര്‍ശിച്ച് കടന്നുപോകുന്ന ശൈലിയാണ് മഖ്ദൂം ഇതിന്റെ രചനയില്‍ തെരഞ്ഞെടുത്തത്. സങ്കീര്‍ണമായ സങ്കേതങ്ങളും ഭാഷാപ്രയോഗങ്ങളും പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തു. ഫത്ഹുല്‍മുഈനും ഏറെക്കുറെ ഈ ശൈലി തന്നെയാണ് സ്വീകരിച്ചത്. തുഹ്ഫയുടെ അതിസങ്കീര്‍ണമായ ചര്‍ച്ചകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കൂടുതല്‍ പ്രായോഗികമായി തോന്നാം. അറബ് ദേശങ്ങളെപ്പോലെ പണ്ഡിതോജ്വല ചര്‍ച്ചകള്‍ അത്ര സജീവമല്ലാത്ത അറബിതര നാടുകളില്‍ ഏറ്റവും ആവശ്യവും ഇത്തരം കൃതികള്‍ തന്നെയാണ്.
ദക്ഷിണേഷ്യയില്‍ നിന്നും രചിക്കപ്പെടുന്ന ഗ്രന്ഥം എന്ന നിലയില്‍ ഭൂമിശാസ്ത്രപരമായ ചില പ്രാധാന്യങ്ങള്‍ കൂടിയുണ്ട് ഖുര്‍റത്തിന്. തുഹ്ഫയും മറ്റു മിന്‍ഹാജ് കൃതികളും ഊന്നല്‍ നല്‍കുന്നത് മധ്യപൂര്‍വേഷ്യയുമായും അറബ് ദേശങ്ങളുമായും ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണെങ്കില്‍, അറബിതര പ്രദേശങ്ങളുടെ പ്രശ്‌നങ്ങള്‍ കൂടി ചര്‍ച്ചചെയ്യാന്‍ ഖുര്‍റത്തിനും അതിന്റെ വ്യാഖ്യാനഗ്രന്ഥങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്. മിന്‍ഹാജിന്റെ കേരളീയ പതിപ്പാണ് ഖുര്‍റത്തുല്‍ഐനെങ്കില്‍ തുഹ്ഫയുടെ കേരളീയ ഭാഷ്യമാണ് ഫത്ഹുല്‍മുഈന്‍.
2. മത്‌നു അബീശുജാഅ്
ഖുര്‍റത്തുല്‍ഐനെപ്പോലെ അതീവ സംഗ്രഹമായ മറ്റൊരു പ്രബല കൃതിയാണ് ഖാളി അബൂശുജാഇന്റെ മത്‌നുല്‍ ഗായതി വത്തഖ്‌രീബ്. മത്‌നു അബീശുജാഅ്, ഗായതുല്‍ ഇഖ്തിസ്വാര്‍ എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. കേരളത്തിനു പുറത്ത് ശാഫിഈ മദ്ഹബ് നിലനില്‍ക്കുന്ന മിക്ക പ്രദേശങ്ങളിലും ഫിഖ്ഹിന്റെ പ്രാഥമിക ഗ്രന്ഥമായി ഇത് പഠിപ്പിക്കപ്പെടുന്നു. ശര്‍ഹുകളും ഹാശിയകളും തഅ്‌ലീഖുകളുമായി ഇതിന്റെ അനുബന്ധ കൃതികളും അനവധിയാണ്. ഖത്വീബ് അശ്ശിര്‍ബീനിയുടെ ഇഖ്‌നാഅ്, അബുല്‍ ഖാസിം അല്‍ഗസ്സിയുടെ ഫത്ഹുല്‍ ഖരീബ് തുടങ്ങിയ ശര്‍ഹുകളും, ബുജൈരിമി, ബാജൂരി, ജമല്‍, ഖല്‍യൂബി, ബിര്‍മാവി തുടങ്ങിയ ഹാശിയകളും ഇവയില്‍ പ്രസിദ്ധമാണ്.
ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ സംഗ്രഹചിത്രം എന്ന രീതിയില്‍ ആദ്യം ഖുര്‍റത്തുല്‍ഐന്‍ രചിക്കുകയും, കൂടുതല്‍ വ്യക്തതയും വിശദീകരണവും ആവശ്യമാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ ഫത്ഹുല്‍മുഈന്റെ രചനയിലേക്ക് തിരിയുകയുമായിരുന്നു. കൂടുതല്‍ വിശാലമായ വായനാലോകത്തേക്ക് എത്താന്‍ വേണ്ടിയാവാം അറബി ഭാഷയെ തെരഞ്ഞെടുത്തത്
ഖുര്‍റത്തുല്‍ഐനിന് തതുല്യമായ സംഗ്രഹമാണ് മത്‌നുല്‍ ഗായതിന്റേത്. വിഷയങ്ങളുടെ വിശദാംശങ്ങളിലേക്ക് പ്രവേശിക്കാതെ പൊതുനിയമങ്ങള്‍ മാത്രം പറഞ്ഞുപോകുന്നു എന്ന നിലയിലും ഗ്രന്ഥത്തിന്റെ വലുപ്പത്തിലും ഇത് ഖുര്‍റത്തുല്‍ഐനുമായി ഏറെ താദാത്മ്യം പുലര്‍ത്തുന്നു. എന്നാല്‍, ഹി. ആറാം നൂറ്റാണ്ടിലാണ് ഇതിന്റെ രചന നിര്‍വഹിക്കപ്പെട്ടത് എന്നതിനാല്‍ സൂക്ഷ്മതലത്തില്‍ ഇത് ഖുര്‍റത്തില്‍ നിന്നും വ്യത്യാസപ്പെടുന്നു. ഹി. ഏഴാം നൂറ്റാണ്ട് ശാഫിഈ കര്‍മസരണയുടെ ചരിത്രത്തില്‍ വിപ്ലവകരമായ വികാസത്തിന് സാക്ഷ്യം വഹിച്ച ഘട്ടമാണ്. ഇമാം റാഫിഈ (വ. ഹി. 624), ഇമാം നവവി (വ. ഹി. 676) എന്നിവരുടെ അവതരണത്തോടെ മദ്ഹബിലെ പൂര്‍വകാല ഗ്രന്ഥങ്ങള്‍ മുഴുവന്‍ സംശോധന ചെയ്യപ്പെടുകയും പുതിയ രചനാരീതിയും സാങ്കേതികത്വങ്ങളും വിഷയക്രമീകരണവും സംവിധാനിക്കപ്പെടുകയും ചെയ്തു. മദ്ഹബിലെ പ്രബലവും അപ്രബലവുമായ അഭിപ്രായങ്ങള്‍ തരംതിരിക്കപ്പെട്ടു. അതുകൊണ്ടു തന്നെ ശാഫിഈ മദ്ഹബിന്റെ നവീകരണത്തിന്റെ രണ്ടാം ഘട്ടമായി ഇത് അറിയപ്പെടുന്നു.
ഈ ഘട്ടത്തിനു മുമ്പായി രചിക്കപ്പെട്ട കൃതിയായതിനാല്‍ മത്‌നു അബീശുജാഇല്‍ മദ്ഹബില്‍ ഇന്ന് സര്‍വാംഗീകൃതമായി മാറിയ പല രീതികളില്‍ നിന്നും വ്യത്യസ്തമായ ഒരു ശൈലി കാണാവുന്നതാണ്. ഉദാഹരണമായി, സാങ്കേതിക സംജ്ഞകളിലുള്ള വ്യത്യാസം. പില്‍ക്കാല ഗ്രന്ഥങ്ങളെപ്പോലെ അതിസൂക്ഷ്മമായി വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതും ഇതില്‍ കുറവാണ്.
മദ്ഹബിലെ ചില അപ്രബലമായ അഭിപ്രായങ്ങളെ മത്‌നുല്‍ ഗായതില്‍ പ്രബലപ്പെടുത്തിയതായും കാണാം. അബൂമുസ്തഫല്‍ ബഗ്ദാദി രചിച്ച ‘ദിറാസതുന്‍ ഇസ്തിഖ്‌റാഇയ്യതുന്‍ ലില്‍മസാഇലിള്ളഈഫ ഫീ മത്‌നില്‍ ഗായതി വത്തഖ്‌രീബ്’ എന്ന ഗ്രന്ഥത്തില്‍ ഇത്തരം മുപ്പതോളം മസ്അലകള്‍ ഉദ്ധരിക്കുന്നുണ്ട്.
ഹി. ഒമ്പത്, പത്ത് നൂറ്റാണ്ടുകളാണ് മദ്ഹബ് നവീകരണത്തിന്റെ രണ്ടാം ഘട്ടം. ശൈഖുല്‍ ഇസ്‌ലാം സകരിയ്യല്‍ അന്‍സ്വാരി, ശിഹാബുദ്ദീന്‍ റംലി, ഇബ്‌നു ഹജര്‍ അല്‍ഹൈതമി, ശംസുദ്ദീന്‍ റംലി, ഖത്വീബ് അശ്ശിര്‍ബീനി എന്നിവരാണ് ഈ ഘട്ടത്തെ അടയാളപ്പെടുത്തുന്നത്. നവവി, റാഫിഈ എന്നിവരുടെ നവീകരണങ്ങള്‍ക്കു പുറമെ ഇവരുടെ കൂടി രചനകള്‍ ആശ്രയിച്ചു കൊണ്ടാണ് ഖുര്‍റത്തിന്റെ രചന നിര്‍വഹിക്കപ്പെടുന്നത്. ഇത് മത്‌നുല്‍ ഗായതിനേക്കാള്‍ ഖുര്‍റത്തിന്റെ ആധികാരികത വര്‍ധിപ്പിക്കുന്നു.
3. ബാഫള്ല്‍
ശാഫിഈ മദ്ഹബിലെ മറ്റൊരു സംഗ്രഹകൃതിയാണ് ബാഫള്ല്‍ എന്ന പേരില്‍ പ്രസിദ്ധമായ അല്‍മുഖദ്ദിമതുല്‍ ഹള്‌റമിയ്യ. അബ്ദുല്ലാഹ് ബ്‌നു അബ്ദിര്‍റഹ്മാന്‍ ബാഫള്ല്‍ അല്‍ഹള്‌റമിയാണ് ഇതിന്റെ കര്‍ത്താവ്. ഖുര്‍റത്തുല്‍ഐന്‍, മത്‌നുല്‍ ഗായഃ എന്നിവയെ അപേക്ഷിച്ച് ഇതൊരു വിസ്തൃത കൃതിയാണ്. ആരാധനകളുടെ ഭാഗം മാത്രമാണ് ഇതില്‍ ചര്‍ച്ച ചെയ്യുന്നത്.
ഏകദേശം മിന്‍ഹാജിന്റെ ശൈലി തന്നെയാണ് ഇതിന്റെ രചനയില്‍ ഗ്രന്ഥകര്‍ത്താവ് സ്വീകരിച്ചിരിക്കുന്നത്. രണ്ടാം നവീകരണ ഘട്ടത്തിനു മുമ്പാണ് ഇത് രചിക്കപ്പെടുന്നത്. പ്രബലാഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായ ചില നിലപാടുകള്‍ ഇതില്‍ കാണാന്‍ കഴിയും. വിഷയങ്ങളുടെ ക്രമീകരണത്തിലും ചില വ്യത്യാസങ്ങള്‍ കാണാം.
രചനാ പശ്ചാത്തലം
സൈനുദ്ദീന്‍ മഖ്ദൂം ഫത്ഹുല്‍മുഈന്റെ രചന പൂര്‍ത്തീകരിച്ചത് ഹി. 982 (ക്രി. 1575) ലാണെന്ന് ഗ്രന്ഥത്തിന്റെ അവസാനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ ഖുര്‍റത്തുല്‍ഐന്റെ രചനാവര്‍ഷത്തെക്കുറിച്ച് കൃത്യമായ വിവരണം ലഭ്യമല്ല. 1560-കളുടെ തുടക്കം വരെ അദ്ദേഹം മക്കയിലായിരുന്നു എന്നു കാണാം. അങ്ങനെയാവുമ്പോള്‍ മക്കയിലെ പഠനം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ തുടക്കകാലത്തായിരിക്കണം ഖുര്‍റത്ത് രചിക്കുന്നത് എന്ന് നമുക്ക് അനുമാനിക്കാം. അഥവാ, അറുപതുകളുടെ അവസാനത്തില്‍.
പത്തു വര്‍ഷം പുണ്യഭൂമിയില്‍ ജ്ഞാനാന്വേഷണത്തില്‍ കഴിച്ചുകൂട്ടി തിരിച്ചെത്തിയ മഖ്ദൂമിന് തന്റെ ജനത അകപ്പെട്ട അരുതായ്മകളും ആഡംബരതൃഷ്ണയും അസഹ്യമായി അനുഭവപ്പെട്ടിരുന്നു. അമുസ്‌ലിം രാജാക്കന്മാര്‍ തങ്ങള്‍ക്ക് വകവെച്ചു നല്‍കിയ സുഖസൗകര്യങ്ങളില്‍ മതിമറന്ന് സുഖലോലുപതയിലേക്ക് നീങ്ങിയ മലബാറിലെ മുസ്‌ലിംകളെക്കുറിച്ച് തുഹ്ഫതുല്‍ മുജാഹിദീനില്‍ അദ്ദേഹം വിവരിക്കുന്നുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹത്തിന് നന്ദികേട് കാണിക്കുകയും തിന്മയിലേക്ക് നീങ്ങുകയും ചെയ്തതിന്റെ അനന്തരഫലമായാണ് പോര്‍ച്ചുഗീസുകാരുടെ അതിക്രമത്തിന് മുസ്‌ലിംകള്‍ വിധേയരായതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
ഈയൊരു പശ്ചാത്തലത്തിലായിരിക്കണം മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിന്റെ ശരിയായ കര്‍മമാര്‍ഗം കാണിച്ചുകൊടുക്കാനായി മഖ്ദൂം ഖുര്‍റത്തുല്‍ഐനും തുടര്‍ന്ന് ഫത്ഹുല്‍ മുഈനും രചിക്കുന്നത്. അധര്‍മങ്ങളിലേക്ക് വഴിമാറുന്നത് ജീവിതധര്‍മങ്ങളെക്കുറിച്ചുള്ള അജ്ഞതമൂലമാണെന്ന് തിരിച്ചറിഞ്ഞ് പ്രതികരിക്കുകയായിരുന്നു ഗ്രന്ഥകര്‍ത്താവ്. ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ സംഗ്രഹചിത്രം എന്ന രീതിയില്‍ ആദ്യം ഖുര്‍റത്തുല്‍ഐന്‍ രചിക്കുകയും, കൂടുതല്‍ വ്യക്തതയും വിശദീകരണവും ആവശ്യമാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ ഫത്ഹുല്‍മുഈന്റെ രചനയിലേക്ക് തിരിയുകയുമായിരുന്നു. കൂടുതല്‍ വിശാലമായ വായനാലോകത്തേക്ക് എത്താന്‍ വേണ്ടിയാവാം അറബി ഭാഷയെ തെരഞ്ഞെടുത്തത്. ദക്ഷിണപൂര്‍വേഷ്യയില്‍ നിന്നും മറ്റുമുള്ള വിദ്യാര്‍ത്ഥികള്‍ തന്റെ വിദ്യാസദസ്സില്‍ ഉണ്ടായിരുന്ന സാഹചര്യത്തില്‍ വിശേഷിച്ചും ഇത് ആവശ്യമായിരുന്നു.
ഫത്ഹുല്‍മുഈന്‍ പൂര്‍ണാര്‍ത്ഥത്തില്‍ ഒരു കര്‍മശാസ്ത്ര ഗ്രന്ഥമാണെങ്കില്‍, നിഹായതുസ്സൈന്‍ പലപ്പോഴും വിശ്വാസപരവും തത്വചിന്താപരവും ആദ്ധ്യാത്മികവുമായ ചര്‍ച്ചകളിലേക്ക് കടന്നുപോവുന്നു. ഈ വിഷയങ്ങളില്‍ ഗ്രന്ഥകര്‍ത്താവിനുള്ള വ്യുല്‍പത്തിയാണ് കാരണം
ഖുര്‍റത്തുല്‍ഐന്റെയും ഫത്ഹുല്‍മുഈന്റെയും ആശയസ്രോതസ്സുകള്‍ ഒന്നുതന്നെയാണെന്ന് ഫത്ഹിന്റെ തുടക്കത്തില്‍ ഗ്രന്ഥകര്‍ത്താവ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമായും തന്റെ ഗുരുവര്യരായ ശിഹാബുദ്ദീന്‍ അഹ്മദ് ഇബ്‌നു ഹജര്‍ അല്‍ഹൈതമി, വജീഹുദ്ദീന്‍ അബ്ദുര്‍റഹ്മാന്‍ ബ്‌നു സിയാദ് അസ്സബീദി എന്നിവരുടെയും ശൈഖുല്‍ ഇസ്‌ലാം സകരിയ്യല്‍ അന്‍സ്വാരി, ഇമാം അഹ്മദ് അല്‍മുസജ്ജദ് അസ്സബീദി തുടങ്ങിയവരുടെയും പ്രബല ഗ്രന്ഥങ്ങളില്‍ നിന്നാണ് ഇരുകൃതികളുടെയും ആശയസംശ്ലേഷണം നടത്തിയതെന്ന് അദ്ദേഹം പറയുന്നു.
വ്യാഖ്യാനങ്ങള്‍
1. ഫത്ഹുല്‍മുഈന്‍:
ഖുര്‍റത്തുല്‍ഐന്റെ ഏറ്റവും വിശ്രുതമായ വ്യാഖ്യാനമാണ് ഫത്ഹുല്‍മുഈന്‍. മൂലകൃതിയേക്കാള്‍ പ്രചാരം നേടിയ വ്യാഖ്യാനമെന്ന ഖ്യാതിയും ഫത്ഹുല്‍മുഈനുണ്ട്. മൂലവും വ്യാഖ്യാനവും ഒരേ കരങ്ങളാല്‍ വിരചിതമായത്, ഖുര്‍റത്തിന് കൂടുതല്‍ ആശയവ്യക്തതയും ഫത്ഹിന് കൂടുതല്‍ വായനാസുഖവും പകരുന്നതില്‍ സഹായകമായി. ഒരുപക്ഷേ, ഖുര്‍റത്തിന്റെ രചനാവേളയില്‍ തന്നെ ഒരു വ്യാഖ്യാന രചനയെക്കുറിച്ച് മഖ്ദൂം മനസ്സില്‍ കണക്കുകൂട്ടിയിട്ടുണ്ടാവാം. അതുകൊണ്ടായിരിക്കാം ഇത്രയും സംക്ഷിപ്തമായി അദ്ദേഹം ഖുര്‍റത്തിന്റെ രചന നിര്‍വഹിച്ചത്.
നടേ സൂചിപ്പിച്ചതു പോലെ സംയോജിത വ്യാഖ്യാന (ശര്‍ഹ് മംസൂജ്) ങ്ങളുടെ ഗണത്തില്‍ പെട്ടതാണ് ഫത്ഹുല്‍മുഈന്‍. മൂലകൃതിയുടെ ഇടയിലേക്ക് കയറിച്ചെന്ന് വ്യാഖ്യാനിക്കുന്ന രീതിയാണിത്. അതോടെ, രണ്ട് കൃതികളും ഫലത്തില്‍ ഒന്നാവുകയും മത്‌ന്-ശര്‍ഹ് എന്ന വിഭജനം കേവലം സാങ്കേതികം മാത്രമായിത്തീരുകയും ചെയ്യുന്നു. മത്‌നിന്റെ വേറിട്ട വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ട് അതിലെ ചില വാക്കുകളെയോ വിഷയങ്ങളെയോ തെരഞ്ഞെടുത്ത് വിശദീകരിക്കുന്നതാണ് മറ്റൊരു രീതി.
ഖുര്‍റത്തിന്റെ വിശദീകരണം എന്നതിനു പുറമെ, അതില്‍ പരാമര്‍ശിക്കാതിരുന്ന പല ഉപവിഷയങ്ങളും ഫത്ഹുല്‍മുഈന്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. തയമ്മും, ഖുഫ്ഫ തടവല്‍, സുജൂദുത്തിലാവ, ഇഅ്തികാഫ് തുടങ്ങിയവ ഉദാഹരണം.
നിഹായതുസ്സൈന്‍:
ഖുര്‍റത്തുല്‍ഐന്റെ മറ്റൊരു സുപ്രധാന വ്യാഖ്യാന ഗ്രന്ഥമാണ് നിഹായതുസ്സൈന്‍ ഫീ ഇര്‍ശാദില്‍ മുബ്തദിഈന്‍. ഫത്ഹുല്‍മുഈനെക്കാള്‍ സ്വല്‍പം വിശാലമായ ഒരു രചനയാണിത്. പ്രസിദ്ധ ഇന്തോനേഷ്യന്‍ പണ്ഡിതനായ മുഹമ്മദ് നവവി അല്‍ബന്തനിയാണ് (1813-1898) ഇതിന്റെ കര്‍ത്താവ്.
ഫത്ഹുല്‍മുഈനും നിഹായതുസ്സൈനും ഖുര്‍റത്തിന്റെ വ്യാഖ്യാനങ്ങളാണെങ്കിലും ഇരുഗ്രന്ഥങ്ങളും വ്യത്യസ്തമായ ശൈലിയിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. പതിനാറാം നൂറ്റാണ്ടിലെയും പത്തൊന്‍പതാം നൂറ്റാണ്ടിലെയും രചനാരീതികളിലുള്ള വ്യത്യാസം ഇരുഗ്രന്ഥങ്ങളും പരിശോധിക്കുമ്പോള്‍ വളരെ പ്രകടമാണ്. ഫത്ഹുല്‍മുഈനില്‍ വിഷയങ്ങള്‍ അവതരിപ്പിക്കുകയും അവയുടെ നിയമവശങ്ങള്‍ പറഞ്ഞുപോവുകയുമാണ് ചെയ്യുന്നതെങ്കില്‍, നിഹായയില്‍ വിഷയങ്ങള്‍ അക്കമിട്ട് ക്രമീകരിക്കുന്നതിലും ശാസ്ത്രീയമായി വിഭജിക്കുന്നതിലും കൂടുതല്‍ ശ്രദ്ധചെലുത്തിയതായി കാണാം. വിഷയങ്ങള്‍ ഖുര്‍റത്തിന്റെ ശൈലിയില്‍ നിന്നുകൊണ്ടുതന്നെ അവതരിപ്പിച്ച ശേഷം, സ്വതന്ത്രമായ വിശദീകരണങ്ങളും സംക്ഷിപ്ത വിവരണങ്ങളും നിഹായയില്‍ കാണാം.
ഫത്ഹുല്‍മുഈന്‍ പൂര്‍ണാര്‍ത്ഥത്തില്‍ ഒരു കര്‍മശാസ്ത്ര ഗ്രന്ഥമാണെങ്കില്‍, നിഹായതുസ്സൈന്‍ പലപ്പോഴും വിശ്വാസപരവും തത്വചിന്താപരവും ആദ്ധ്യാത്മികവുമായ ചര്‍ച്ചകളിലേക്ക് കടന്നുപോവുന്നു. ഈ വിഷയങ്ങളില്‍ ഗ്രന്ഥകര്‍ത്താവിനുള്ള വ്യുല്‍പത്തിയാണ് കാരണം.
വ്യാഖ്യാനകൃതികള്‍ക്കു പുറമെ ഖുര്‍റത്തുല്‍ഐന്റെ കാവ്യാവിഷ്‌കാരങ്ങളും വിരചിതമായിട്ടുണ്ട്. അരീക്കല്‍ മുഹമ്മദ് മുസ്‌ലിയാര്‍ (1886-1952) രചിച്ച ‘നള്മു ഖുര്‍റത്തില്‍ഐന്‍ ലിമത്‌നി ഫത്ഹില്‍മുഈന്‍’, സമകാലിക പണ്ഡിതനായ അന്‍വര്‍ അബ്ദുല്ലാ ഫള്ഫരി രചിച്ച ‘അന്നള്മുല്‍ വഫിയ്യ് ഫില്‍ ഫിഖ്ഹി ശ്ശാഫിഈ’, ഹി. പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ച യമനി പണ്ഡിതനായ മുഹമ്മദ് ബ്‌നു അബ്കര്‍ അല്‍ഉഖൈലിയുടെ ‘അല്‍മുഈന്‍ ലി ഖുര്‍റത്തില്‍ഐന്‍’ എന്നീ മൂന്ന് കാവ്യകൃതികളാണ് കണ്ടെത്താനായത്.
അവലംബം
* അബ്ദുല്ലാ മുഹമ്മദ് അല്‍ഹബശി, ജാമിഉശ്ശുറൂഹി വല്‍ഹവാശി, അല്‍മജ്മഉസ്സഖാഫി, അബൂദാബി, യുഎഇ, 2004.
* ഡോ. അക്‌റം യൂസുഫ് ഖവാസിമി, അല്‍മദ്ഖലു ഇലാ മദ്ഹബില്‍ ഇമാമിശ്ശാഫിഈ, ദാറുന്നഫാഇസ്, ജോര്‍ദാന്‍, 2002.
* മഹ്മൂദ് കൂരിയ, കോസ്‌മോപോളിസ് ഓഫ് ലോ, പി.എച്ച്.ഡി തിസീസ്, ലെയ്ഡന്‍ യൂണിവേഴ്‌സിറ്റി, നെതര്‍ലന്റ്‌സ്, 2016.
* റഫീഖ് അബ്ദുല്‍ബര്‍റ് അല്‍വാഫി, അല്‍ജുഹൂദുല്‍ ഫിഖ്ഹിയ്യ ലില്‍ഇമാം സൈനുദ്ദീന്‍ അല്‍മഖ്ദൂം അല്‍മലീബാരി അല്‍ഹിന്ദി വദവ്‌റുഹൂ ഫീനശ്‌രില്‍ ഫിഖ്ഹി ശ്ശാഫിഈ ഫീ ജനൂബില്‍ ഹിന്ദ്, പി.എച്ച്.ഡി തിസീസ്, കൈറോ യൂണിവേഴ്‌സിറ്റി, ഈജിപ്ത്, 2014.
Add comment