ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മുസ്ലിം കേന്ദ്രീകൃതമായ ധനവിനിയോഗങ്ങളെ സംബന്ധിച്ച്, കാനഡയില്‍ വച്ച് നടന്ന ഒരു കോണ്‍ഫറന്‍സില്‍ പങ്കുടുക്കുകയായിരുന്നു ഞാന്‍. ലാഭേതര ചാരിറ്റി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കര്‍മ്മനിരതരായ അനേകം അക്കാദമിസ്റ്റുകള്‍ വേദിയില്‍ ഒത്തുകൂടിയിട്ടുണ്ട്. കാനഡയിലെ വഖ്ഫുകളുയി ബന്ധപ്പെട്ട പാനലില്‍ ഒരു പ്രമുഖ സംഘടനാ സാരഥി ഉന്നയിച്ചത്, വഖ്ഫ് സംരംഭങ്ങള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കാനും ധനസഹായ പ്രവര്‍ത്തനങ്ങളില്‍ മുസ്ലിംകളെ ഉത്തേജിപ്പിക്കാനുമായി തങ്ങള്‍ നടത്തിയ ശ്രമങ്ങളോട് സമൂഹമധ്യേ നിന്നുള്ള പ്രതികരണങ്ങള്‍ ഒട്ടും ആശാവഹമായിരുന്നില്ലെന്നാണ്. അദ്ദേഹമത് വിശദീകരിച്ചു: ”വസ്തുദാന അനുക്രമങ്ങളെ കുറിച്ചുള്ള മതിയായ അറിവും ധാരണയും പ്രോത്സാഹനങ്ങളുമെല്ലാം മുസ്‌ലിം സാമൂഹിക ഉദ്‌ബോധനങ്ങളില്‍ നിന്നും വ്യവസ്ഥാപിത മതവ്യവഹാരങ്ങളില്‍ നിന്നും വല്ലാതെ അന്യംനിന്നു പോയിരിക്കുന്നു. വിശ്വാസികള്‍ മുതല്‍ ഇമാമുമാരും മതനേതൃത്വവും വരെ വഖ്ഫടങ്ങുന്ന സമ്പ്രദായങ്ങളുടെ മതകീയതയെ ചോദ്യം ചെയ്തു തുടങ്ങിയിരിക്കുന്നു. സകാത്തിന് ലഭിക്കുന്നത് പോലുള്ള ഒരു വൈകാരിക പിന്തുണ വഖ്ഫിന് ലഭിക്കുന്നേയില്ല”.
ഇന്ന് ലോകമാകെ പ്രബലമായി കഴിഞ്ഞിരിക്കുന്ന, ചാരിറ്റിയുടെയും മതത്തിന്റെയും സമ്പദ്ഘടനയുടെയുമെല്ലാം മാറിയ ആധുനിക സങ്കല്‍പങ്ങളാണ്, വഖ്ഫിന്റെ സ്വാധീനത്തിന് സമൂലമായി പരിക്കേല്‍പിച്ചിരിക്കുന്നത്. ആധുനികതയുടെ അതിപ്രസരത്തോടെ, മതവും എക്കോണമിയും പരസ്പരം വിഭിന്ന പാതകളിലേക്ക് വേര്‍പിരിയുകയും, മതത്തിന്റെ പ്രവര്‍ത്തന മണ്ഡലം ആരാധനാനിഷ്ടകളിലേക്ക് പരിമിതപ്പെടുകയും ചെയ്തതോടെ പള്ളികളും മതസ്ഥാപനങ്ങളും പരക്കെ ഉയര്‍ന്നുവരികയുണ്ടായി. എന്നാല്‍, മുമ്പ് വലിയതോതില്‍ നിലനിന്നിരുന്ന ‘ഫാമിലി ചാരിറ്റികള്‍’ അതോടെ അപ്രത്യക്ഷമാകുന്നതാണ് കണ്ടത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഓട്ടോമന്‍ ബൈറൂത്തില്‍ സ്ഥാപിതമായ 70 ശതമാനത്തിലധികം വഖ്ഫുകളും, മറ്റു ചാരിറ്റി താത്പര്യങ്ങളോടൊത്തോ അല്ലാതെയോ, കുടുംബ ഗുണഭോക്താക്കളിലേക്ക് സമര്‍പ്പിക്കപ്പെട്ടതായിരുന്നു.
എന്നാല്‍, 1990നും 2009നും ഇടയിലെ ബൈറൂത്തിലെ പുതിയ വഖ്ഫുകളില്‍ 5 ശതമാനത്തില്‍ താഴെ മാത്രമേ കുടുംബ ഗുണഭോക്താക്കളെ കാണാന്‍ സാധിക്കുകയുള്ളൂ. ഇന്ന് ബൈറൂത്തിലെ ശരീഅഃ കോടതി വ്യവഹാരങ്ങളില്‍ കാണപ്പെടുന്ന വഖ്ഫുകളില്‍ ഭൂരിഭാഗവും പുതുതായി നിര്‍മിക്കപ്പെട്ട പള്ളികളാണ്. 1990കള്‍ മുതല്‍ ക്രമാനുഗതമായി സമുദായത്തിന് അകത്തേക്ക് അരിച്ചുകയറിക്കൊണ്ടിരിക്കുന്ന ആധുനിക മുസ്ലിം നവോത്ഥാനത്തിന്റെ (Islamic revival) ബാക്കിപത്രമാണിത്. ഇത്തരം പള്ളികള്‍ക്ക് പുറമെ ബൈത്തുദ്ദാഇ വല്‍-ദുആത്ത്, വഖ്ഫ് സീറ അല്‍-നബവിയ്യ, മര്‍കസുന്നൂര്‍ അല്‍-ഇസ്‌ലാമി തുടങ്ങിയ മറ്റനേകം പ്രധാനപ്പെട്ട വഖ്ഫ് സ്ഥാപനങ്ങളും ബൈറൂത്തില്‍ കാണാം. പള്ളികളായാലും ഇത് പോലുള്ള സ്ഥാപനങ്ങളായാലും, വഖ്ഫിന്റെ വിനിമയങ്ങള്‍ ഇന്ന് സവിശേഷമായ ചില മാതൃകകളിലേക്ക് മാത്രം പരിമിതിപ്പെട്ടതായാണ് ബൈറൂത്തില്‍ ദൃശ്യമാകുന്നത്: ആരാധനാമുറകള്‍ക്കും ഖുര്‍ആന്‍-മത പഠനങ്ങള്‍ക്കും പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി മാത്രം.
ചാരിറ്റിയെ കുറിച്ചുള്ള ഇന്നത്തെ കാഴ്ചപ്പാട് തികച്ചും സങ്കുചിതവും ചുരുങ്ങിയതുമാണെന്ന് ബൈറൂത്തിലെ മേല്‍പറഞ്ഞ അനുഭവങ്ങള്‍ തന്നെ സാക്ഷ്യം പറയുന്നുണ്ട്. ”രണ്ടു വ്യക്തികള്‍ക്കിടയില്‍ നീതിയുക്തം ന്യായം പറയുന്നതും പുഞ്ചിരിക്കുന്നതും എന്നുവേണ്ട നല്ലൊരു വാക്ക് പറയുന്നതു പോലും ദാനധര്‍മ്മവും ഇബാദത്തുമാണെന്ന” ഇസ്‌ലാമിന്റെ പാരമ്പര്യദര്‍ശനം സമുദായം ഇന്ന് പാടേ മറന്നെന്ന് തോന്നുന്നു. കനേഡിയന്‍ സാമുദായിക നേതാവ് കോണ്‍ഫറന്‍സില്‍ ഉണര്‍ത്തിയതും ഇക്കാര്യം തന്നെയാണ്. എന്നാല്‍, വഖ്ഫ് സമ്പ്രദായത്തെ കേവലം ആരാധനാവശ്യങ്ങളിലേക്ക് മാത്രം പരിമിതപ്പെടുത്താന്‍ ഒരുക്കമല്ലാതിരുന്ന ചിലരെയും ബൈറൂത്തിലെ എന്റെ ഗവേഷണ കാലയളവില്‍ കാണാനിടയായിട്ടുണ്ട്.
ഉദാഹരണത്തിന്, 2005-ല്‍ മുസ്‌ലിം വിരുദ്ധ സമീപനങ്ങള്‍ക്കെതിരെ ആഗോളാടിസ്ഥാനത്തില്‍ സമാരംഭം കുറിച്ച ആക്രമണ വിരുദ്ധ ക്യാമ്പയിന്റെ (Global Anti-Aggression Campaign)1 പ്രയോജനത്തിനായി രണ്ടു വ്യക്തികള്‍ 200 ഡോളര്‍ വഖ്ഫ് ചെയ്യുകയുണ്ടായി. ഈ വഖ്ഫിന്റെ വരുമാനം, ക്യാമ്പയിന്‍ ആവശ്യാര്‍ത്ഥം ചിലവഴിക്കുന്നതിനും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി The Waqf of Global Anti-Aggression Campaign എന്ന നാമധേയത്തില്‍ സംവിധാനം ചെയ്യപ്പെട്ടു. ഓട്ടോമന്‍ കാലത്ത് ക്യാഷ് വഖ്ഫുകള്‍2 സര്‍വവ്യാപകമായിരുന്നെങ്കിലും, ബൈറൂത്തില്‍ അതത്ര കാണാനാവില്ല (ഈയൊന്ന് മാത്രമാണ് ബൈറൂത്ത് ചരിത്രത്തില്‍ നിന്ന് ലഭ്യമായത്). ഒരു ക്യാമ്പയിന്റെ ചെലവുകള്‍ വഹിക്കാന്‍ കഴിയാത്തത്ര ചെറിയ മൂലധനമായതുകൊണ്ട് തന്നെ ഇതില്‍പ്പരം കൂടുതല്‍ സംഭാവനകള്‍ ശേഖരിക്കുകയും ഫണ്ട് സ്വരൂപിക്കുകയും ചെയ്യേണ്ടത് കാമ്പയിന് അത്യാവശ്യമായി വന്നിരിക്കാമെന്നതും കൂട്ടിവായിക്കേണ്ടതാണ്.
ഇവിടെ കൂടുതല്‍ കൗതുകകരമായ കാര്യം, വഖ്ഫ് ഒരു ധാര്‍മിക സ്വരൂപമായി മാറുന്നുവെന്നതാണ്. ശരീഅത്ത് കോടതികളില്‍ രജിസ്റ്റര്‍ ചെയ്ത എന്‍.ജി.ഒ.കളുടേതിന് സമാനമായ റോള്‍, ഇവിടെ വഖ്ഫുകള്‍ നിര്‍വഹിക്കുന്നത് കാണാം. വൈദേശിക സംഘടനകളുടേത് പോലെ ക്യാബിനറ്റ് നിരീക്ഷണങ്ങള്‍ക്ക് വിധേയപ്പെടാനോ അനുമതിപത്രങ്ങളിലേക്ക് നീങ്ങുവാനോ നിര്‍ബന്ധിതമാകുന്ന ഒരു സാഹചര്യം വഖ്ഫിനില്ല. പ്രാദേശിക സംഘടനകളുടേത് പോലെ ആഭ്യന്തര മന്ത്രാലയത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിന്റെ കീഴിലായി പ്രവര്‍ത്തിച്ച്, പൊതുവിജ്ഞാപനം പ്രസിദ്ധീകരിക്കേണ്ട ബാധ്യതയുമില്ലാത്ത സ്വത്താണ് വഖ്ഫ് എന്നതാണ് വസ്തുത.3
ഒട്ടോമന്‍ ബൈറൂത്തിലെ വഖ്ഫുകളില്‍ കേന്ദ്രസ്ഥാനം അലങ്കരിച്ചിരുന്ന ‘ഖുര്‍ബ’ക്ക് (ദൈവസാമീപ്യം) വിരുദ്ധമായി പുതിയകാലത്തെ ലൗകിക പ്രശ്‌നങ്ങള്‍ക്കുള്ള പ്രായോഗിക പരിഹാരം എന്ന നിലയിലാണ് വഖ്ഫ് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നത്. അനേകം വഖ്ഫ് സംസ്ഥാപകരുമായി ഞാന്‍ സംസാരിച്ചപ്പോള്‍, വഖ്ഫ് ചെയ്യാനുള്ള തങ്ങളുടെ തീരുമാനത്തെ തികച്ചും പ്രാഗ്മാറ്റിക്കായാണ് അവരൊക്കെയും കാണുന്നത്. അതായത്, വഖ്ഫ് എന്ന ലേബല്‍ പതിക്കപ്പെടുന്നതോടെ ലഭ്യമാകുന്ന അനേകം ആനുകൂല്യങ്ങളുണ്ട്. ഭരണകൂടം തികഞ്ഞ അനുഭാവത്തോടെയും മതകീയ ആഭിമുഖ്യത്തോടെയും പരിഗണിക്കുന്നതാണ് വഖ്ഫ് എന്നതിനാല്‍ തന്നെ, ഒരു എന്‍.ജി.ഒ സൃഷ്ടിക്കാനുള്ള ഏറ്റവും സാമ്പത്തിക ബാധ്യത കുറഞ്ഞതും വേഗതയുള്ളതുമായ മാര്‍ഗ്ഗമാണിത്.
ഇത്തരമൊരു ചട്ടക്കൂട് പ്രകാരമുള്ള ഭൗതികനേട്ടങ്ങള്‍ (വഖ്ഫിന്റെ പ്രായോഗിക പ്രയോജനങ്ങള്‍) വഖ്ഫിന്റെ ആന്തരിക നന്മയുടെയും ഭക്തിയധിഷ്ടിത ലക്ഷ്യപ്രാപ്തിയുടേയും മേല്‍ മറയിട്ടു കൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥ ചാരിറ്റി, മറ്റു താല്‍പര്യങ്ങളില്‍ നിന്നെല്ലാം മുക്തമായിരിക്കണം. മുതലാളിത്ത കമ്പോളത്തിലെ ചരക്കു കൈമാറ്റങ്ങള്‍ ”പൂര്‍ണ്ണമായും സവിശേഷമായ താല്പര്യങ്ങളിലൂന്നിയുള്ള സങ്കല്‍പമാണെന്ന” ജൊനാഥന്‍ പാരിയുടെ നിരീക്ഷണവും ഇതോട് ചേര്‍ത്തുവായിക്കാം.4 എന്നാല്‍, നിയമപരമായ ആനുകൂല്യങ്ങളുണ്ട് എന്നതുകൊണ്ട് മാത്രം വഖ്ഫ് സമ്പ്രദായത്തിന്റെ ആന്തരിക നന്മകള്‍ ഇല്ലാതാകുന്നില്ല.
ഒരു സംഭാഷണത്തില്‍, ഞാന്‍ കച്ചവടക്കണ്ണോടെയുള്ള ഇത്തരം വഖ്ഫുകളില്‍ വല്ല ‘ഖുര്‍ബ’യുമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒരു വ്യക്തി ആശ്ചര്യത്തോടെ പ്രതികരിച്ചു ‘ഞങ്ങള്‍ ആരാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ലേ?’ അവര്‍ തികഞ്ഞ മുസ്‌ലിംകളായിരുന്നു, ആചാരനിഷ്ടയുള്ള മുസ്‌ലിംകള്‍, ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സദാ ‘പ്രതിരോധിക്കാന്‍’ ശ്രമിക്കുന്നവര്‍, അല്ലെങ്കില്‍ തങ്ങള്‍ക്ക് ആതിഥ്യമരുളാത്ത രാഷ്ട്രങ്ങളില്‍ പോലും മാതൃകപരമായ ഇസ്ലാമിക ജീവിതരീതി നയിക്കുന്നവര്‍. അതിനാല്‍, ഏതു സാഹചര്യങ്ങളിലായാലും, ഇസ്ലാം വിഭാവനം ചെയ്യുന്ന മതകീയ ദാനമാര്‍ഗം എന്ന രീതിയില്‍ വഖ്ഫ് ‘ഖുര്‍ബ’ തന്നെയാണ്. Global Anti-Aggression Campaign പോലുള്ളവയില്‍, വഖ്ഫിന്റെ ഉദ്ദേശ്യം ആരാധനയിലും ദഅവയിലും മാത്രമായി പരിമിതപ്പെടുത്തിയില്ല എന്ന് മാത്രമല്ല, വഖ്ഫില്‍ നിന്ന് ധനസഹായവും വരുമാനവുമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉടലെടുക്കുകയുമുണ്ടായി. ഈ സ്ഥാപനങ്ങളെ പിന്തുണച്ചിരുന്ന അനവധി കടകള്‍, വീടുകള്‍, ഭൂമികള്‍ എന്നിവയെല്ലാം അപ്രത്യക്ഷമായി. സമ്പന്നരായ കുലപതികള്‍ പുതിയ പള്ളി പണിയുന്നതിനുള്ള സംഭാവന നല്‍കാന്‍ അത്യുത്സാഹികളാണെങ്കിലും പള്ളികളുടെ പരിപാലത്തിനും നടത്തിപ്പിനും തുടര്‍ച്ചയായ ചെലവുവിഹിതങ്ങള്‍ നല്‍കുന്നില്ലെന്ന് പള്ളി ബോര്‍ഡ് അംഗങ്ങള്‍ പരാതിപ്പെടുന്നു. ആഴ്ചതോറും നടത്തി വരാറുള്ള ‘ശഹാദെ’ എന്ന ധനശേഖരണങ്ങളെ പള്ളി പരിപാലകര്‍ക്ക് ആശ്രയിക്കേണ്ടി വരുന്നത് ഇങ്ങനെയാണ്. ഇത്തരം സംഗതികള്‍ സൂചിപ്പിക്കുന്നത് ആധുനിക ഭരണകൂടത്തിന്റെ മത നിയന്ത്രണത്തെയും സമ്പദ് വ്യവസ്ഥയ്ക്കും മതത്തിനും ഇടയില്‍ നിര്‍മിക്കപ്പെടുന്ന ആധുനിക വിഛേദത്തെയുമാണ്.
കാനഡയിലെ മുസ്‌ലിം സാമുദായിക നേതാവിനെ പോലുള്ളവരുടെ നിലവിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍, വഖ്ഫ് പുനരുജ്ജീവനത്തില്‍ സജീവ പങ്കാളിത്തമുള്ളവര്‍ക്ക് വഖ്ഫിന്റെ യഥാര്‍ത്ഥ അന്തസത്തയെക്കുറിച്ചും മത സമ്പദ് വ്യവസ്ഥയെ കുറിച്ചും രൂപീകരണങ്ങളെ കുറിച്ചും വ്യക്തമായ ധാരണയുണ്ടെന്ന് സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹത്തെ പോലുള്ളവരുടെ ഓര്‍മ്മകളില്‍, പഴയ മതോത്സാഹികളുടെ ഓര്‍മ്മകളില്‍, കുടുംബ വഖ്ഫ് നിലനില്‍ക്കുന്ന മിത്രാദികളുടെ ഓര്‍മ്മകളില്‍, പീടികമുറികളാല്‍ വലയം ചെയ്യപ്പെട്ട പഴയ പള്ളികളടക്കമുള്ള ബില്‍ഡിംഗുകളില്‍ പുരാതന വഖ്ഫ് പ്രവര്‍ത്തനങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നത് വ്യക്തമാണ്.
2003-ല്‍ സ്ഥാപിതമായ ഉമര്‍ അല്‍-ഫഹലിന്റെ വഖ്ഫില്‍ അത്തരമൊരു സൂചന കാണാം. ഒരു പള്ളിയും കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്ന വിവിധ കടകളും ഉള്‍പ്പെട്ട ഒരു ഇസ്‌ലാമിക കേന്ദ്രം സൃഷ്ടിക്കുന്നതിന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നല്‍കപ്പെട്ട ഒരു ഭൂമിയായിരുന്നു ഇത്. മഹാനായിരുന്ന തന്റെ പ്രപിതാവിന്റെ അത്തരമൊരു വഖ്ഫ് സൃഷ്ടിക്കാനുള്ള അഭിലാഷം നടപ്പിലാക്കുകയായിരുന്നു സ്ഥാപകന്‍. ഉമര്‍ അല്‍-ഫഹലിന്റെ ആജ്ഞക്ക് കീഴിലുള്ള ഓട്ടോമന്‍ വഖ്ഫുകളോടുള്ള സമീപനം, വരുമാനം നല്‍കുന്നതും സ്വയം നിലനില്‍പ്പിനാവശ്യമായതുമായ ഒരു പദ്ധതിയുടെ അതേ യുക്തി ഉള്‍ക്കൊള്ളുന്ന ഒരു നവീന വഖ്ഫ് പദ്ധതി ആയിമാറിയെന്ന് ഒരാള്‍ക്ക് അനുമാനിക്കാം. ഇത് പഴയ വഖ്ഫുകളെ വരുമാനം ഉണ്ടാക്കുന്ന മാധ്യമങ്ങളായി കെട്ടിടങ്ങളിലും ടൈപ്പോളജികളിലും നിലനില്‍ക്കാന്‍ അനുവദിക്കുകയും ചെയ്തു.
എന്നിരുന്നാലും, അല്‍-ഫഹല്‍ വഖ്ഫും അതിന്റെ വരുമാനം നല്‍കുന്ന ആസ്തികളും എല്ലായ്‌പ്പോഴും വഖ്ഫ് പോലെ വായിക്കാന്‍ കഴിയുന്നതായിരുന്നില്ല. സ്ഥാപകന്‍ ‘വഖ്ഫിനും വാണിജ്യത്തിനും ഇടയില്‍ നിഷിദ്ധമായതെന്തോ ആഗ്രഹിച്ചു’ എന്നതിനാല്‍ ഈ വഖ്ഫ് പ്രശ്നകരമാണെന്ന് പലരും അഭിപ്രായപ്പെട്ടു. അപ്പോള്‍, ലാഭം സൃഷ്ടിക്കുന്നതിനൊപ്പം ദാനധര്‍മ്മം ചെയ്യാന്‍ കഴിയുന്ന ഒരു പ്രക്രിയ എന്ന നിലയില്‍ വഖ്ഫിന്റെ ആശയം അവര്‍ക്ക് പരസ്പരവിരുദ്ധമായിരുന്നു. വഖ്ഫ്, ഒരു ദാനധര്‍മ്മ സംരംഭം, ലാഭം തേടുന്ന ഒരു വാണിജ്യ സംരംഭം എന്നിവക്കിടയില്‍ അവര്‍ നേരിടുന്ന ഈ പിരിമുറുക്കവും സംഘര്‍ഷവും വളരെ ആധുനികമാണ്. ഭാഗികമായി ഒരു ധാര്‍മ്മിക ഉള്‍രൂപം എന്ന നിലയില്‍ വഖ്ഫിന്റെ ഔന്നിത്യത്തില്‍ നിന്നാണ് ഇത് ഉടലെടുക്കുന്നത്, കാരണം അത് ഇത്തരം വരുമാനം നല്‍കുന്ന വസ്തുക്കളില്‍ നിന്നും ലാഭത്തിനെതിരെ ഭാഗികമായി നിലയുറപ്പിക്കുന്ന ചാരിറ്റി സംഘടനകളുടെ നിയമപരമായ പദവിയില്‍ നിന്നും വഖ്ഫിനെ വേര്‍പെടുത്തിയെന്നതാണ് സത്യം.
വഖ്ഫ് – എന്‍ജിഒകള്‍, പള്ളികളിലെയും ഇസ്‌ലാമിക കേന്ദ്രങ്ങളിലെയും നിരവധി വഖ്ഫുകള്‍, വരുമാനം നല്‍കുന്ന വഖ്ഫുകള്‍ എന്നിവ തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ആധുനിക ലോകത്തിലെ ഇസ്ലാമിക പാരമ്പര്യത്തില്‍ ഒരേ രീതിയുടെ ഉറച്ച രൂപകങ്ങളടങ്ങിയ ചില വിള്ളലുകള്‍, ചില പുതിയ സാധ്യതകള്‍ എന്നിവയും മറ്റു പല താല്‍ക്കാലികതകളും (temporalities) നമുക്ക് കാണാന്‍ കഴിയും.
കുറിപ്പുകൾ:
- 2005ലെ ഇറാഖിലെ യുഎസ് അധിനിവേശത്തിനുശേഷം, രണ്ടാം ഗള്‍ഫ് യുദ്ധസമയത്ത് സൗദി മണ്ണില്‍ നിലയുറപ്പിച്ച അമേരിക്കന്‍ സാന്നിധ്യത്തോടുള്ള അതൃപ്തിയില്‍ അമേരിക്കന്‍ ആധിപത്യത്തെയും ഇസ്രായേലി അധിനിവേശത്തെയും ചെറുക്കുന്നതിനായി സ്ഥാപിതമായ Global Anti-Aggression Campaign അറിയപ്പെടുന്നത് Qawim എന്ന പേരിലാണ്. സൗദിയിലെ അല്‍-സഹ്വ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ സല്‍മാന്‍ അല്‍-ഔദ, 2005-ല്‍ അതിന്റെ പ്രഥമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സഫര്‍ അല്‍-ഹവാലി, ഖത്തരി അക്കാദമിക്, അറബ് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് പോളിസി സ്റ്റഡീസിന്റെ തലവനായ അബ്ദുല്‍ റഹ്‌മാന്‍ അല്‍-നുഐമി തുടങ്ങിയ നൂറുകണക്കിന് പേര്‍ ഈ നെറ്റ്‌വര്‍ക്കില്‍ഉള്‍പ്പെടുന്നു. ↩︎
- ഒട്ടോമന്‍ ക്യാഷ് വഖ്ഫിനെ കുറിച്ച് കൂടുതല്‍ അറിയാന്‍; “Usurious Piety: The Cash Waqf Controversy in the Ottoman Empire,” International Journal of Middle East Studies 10, no. 3 (1979): 289-308; Tahsin Özcan, “Legitimization Process of Cash Foundations: An Analysis of the Application of Islamic Waqf Law in Ottoman Society,” Hasan Karatas, “The Cash Waqfs Debate of 1545-1548: Anatomy of a Legal Debate at the Age of Süleyman the Lawgiver,” Insan ve Toplum 1, no. 1 (2011); Gizem Zencirci, “From Property to Civil Society: The Historical Transformation of Vakifs in Modern Turkey (1923-2013),” International Journal of Middle East Studies 47, no. 03 (August 2015): 533-54 ↩︎
- Ghassan Moukheiber, Al-Jamʿiyyāt fī Lubnān: Dirāsa Qānūniyya [NGOs in Lebanon, a legal study] (Beirut, Lebanon, 2002). ↩︎
- Jonathan Parry, “The Gift, the Indian Gift and the ‘Indian Gift,’” Man, 1986, 458. ↩︎
(കടപ്പാട്: ഇസ്‌ലാമിക് ലോ ബ്ലോഗ്)
വിവര്‍ത്തനം: മുഫ്‌ലിഹ് കെ അരിപ്ര
Add comment