Thelicham

വഖ്ഫും സമുദായവും:ഇന്ത്യന്‍ നിയമ വ്യവഹാരങ്ങള്‍

മുസ്‌ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം ദൈനംദിന ജീവിതം സാധ്യമാക്കുന്ന ഏറ്റവും പ്രധാന പ്പെട്ട ദാന രീതിയാണ് വഖ്ഫ്. നവജാത ശിശുവിന്റെ തൊട്ടില്‍ മുതല്‍ മൃതശരീരം ചുമക്കുന്ന കട്ടില്‍ വരെ വഖ്ഫിനെ ആശ്രയിക്കുന്നവരായിരുന്നു മുസ്‌ലിംകള്‍ എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്. ഇസ്‌ലാമിലെ ദാനത്തിന്റെ (സ്വദഖ) സ്ഥാപനവല്‍കൃത രൂപമെന്ന് വഖ്ഫിനെ നമുക്ക് ചുരുക്കി നിര്‍വചിക്കാം. ഇസ്‌ലാമിന്റെ ജ്ഞാന മണ്ഡലവും പൊതു മണ്ഡലവും നിലനിര്‍ത്തുന്നതില്‍ വഖ്ഫ് മുതലുകള്‍ വഹിച്ച പങ്ക് നിസ്തുലമാണെന്ന് വാഇല്‍ ഹല്ലാഖിനെ പോലുള്ളവര്‍ ചൂണ്ടി കാണിക്കുന്നു. പ്രസിദ്ധ ഇസ്‌ലാമിക ചരിത്രകാരന്‍ മാര്‍ഷല്‍ ഹോഡ്ഗ്‌സന്‍ ഈ അടിസ്ഥാനത്തിലാണ് വഖഫിനെ ഇസ്‌ലാമിക നാഗരികതയുടെ അടിത്തറ (Material Foundation) എന്ന് വിശേഷിപ്പിച്ചത്.

വഖ്ഫ് നിയമത്തെ ഇസ്‌ലാമിലെ എല്ലാ മദ്ഹബുകളും വളരെ വിശാലമായി തന്നെ കൈകാര്യം ചെയ്യുന്നുണ്ട്. വഖ്ഫിന്റെ കര്‍മ്മ ശാസ്ത്ര വിധികള്‍ മാത്രം കൈകാര്യം ചെയ്യാനായി മാത്രം അനേകം കിതാബുകള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ ഇസ്‌ലാമിക പണ്ഡിതര്‍ രചിച്ചിട്ടുണ്ട്. ഒരു നിയമ ശാഖ എന്ന നിലയില്‍ വഖ്ഫിനെ മനസ്സിലാക്കാന്‍ അത്തരം സ്രോതസ്സുകളിലേക്ക് മടങ്ങല്‍ തന്നെയാണ് അഭികാമ്യം. എന്നാല്‍, ഇന്ത്യയിലെ ആധുനിക വഖ്ഫ് മേല്‍നോട്ട സംവിധാനത്തെയും അതിന്റെ ആവിര്‍ഭാവത്തെയും മനസ്സിലാക്കാന്‍ നാം കൊളോണിയല്‍ നിയമ ചരിത്രം പഠന വിധേയമാക്കേണ്ടതായുണ്ട്. ആധുനിക ദേശ രാഷ്ട്രങ്ങളില്‍ വഖഫിനുണ്ടാകുന്ന മാറ്റങ്ങളെ പഠന വിധേയമാക്കിയ നദാ മുംതാസ് വഖ്ഫ് ആധുനിക പൂര്‍വ കാലങ്ങളില്‍ ദൈവിക മുതലായി മനസ്സിലാക്കിയപ്പോള്‍ ആധുനിക രാഷ്ട്രം വഖ്ഫിനെ സമുദായ മുതല്‍ (Community Properties) എന്ന പുതിയ ചട്ടക്കൂടിലേക്ക് മാറ്റി സ്ഥാപിക്കുന്നു എന്ന് ലബനാനിലെ നിയമ ചരിത്രത്തെ മുന്‍നിര്‍ത്തി അവരുടെ പുതിയ പഠനങ്ങളില്‍ വാദിക്കുന്നു. സമുദായ മുതല്‍ എന്ന നിലവിലുള്ള വഖ്ഫിന്റെ ആധുനിക മാറ്റത്തെ ഇന്ത്യന്‍ കോളണിയല്‍ ചരിത്രത്തെ മുന്‍ നിര്‍ത്തി മനസ്സിലാക്കാനാണ് ഞാന്‍ ഇവിടെ ശ്രമിക്കുന്നത്.

ദാതാവ് (വാഖിഫ്) ഉപയോക്താക്കള്‍ (മൗഖൂഫ് അലൈഹി) പരിപാലിക്കുന്നയാള്‍ (മുതവല്ലി) എന്നിവര്‍ കൂടി ചേര്‍ന്നതാണ് ഒരു വഖ്ഫിന്റെ ഘടന. വഖ്ഫിന്റെ ആധുനിക പൂര്‍വ്വ ചരിത്രത്തില്‍ ഖാദിമാര്‍ പ്രഥമസ്ഥാനീയരാണ്. കാരണം, വഖ്ഫ് മുതലുകളിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന അധികാരം മാത്രമായിരുന്നില്ല ഖാദിമാരില്‍ നിലനിന്നിരുന്നത്. മറിച്ച്, വഖ്ഫ് മുതലുകളെ അത് നല്‍കിയവരുടെ നിയ്യത്ത് പ്രകാരം മുതവല്ലിമാര്‍ കൃത്യമായി പരിപാലിക്കുന്നുണ്ടോ എന്നുറപ്പാക്കുന്ന മേല്‍നോട്ടാധികാരവും ഖാദിമാരില്‍ നിക്ഷിപ്തമായിരുന്നു. ഖാദിമാര്‍ക്ക് ഭരണാധികാരികളുടെ പ്രതിനിധികള്‍ എന്ന നിലയിലാണ് ആ ഉത്തരവാദിത്വവും അധികാരവും വന്നു ചേര്‍ന്നത്. അതിനാല്‍ ഭരണാധികാരി നേരിട്ട് തന്നെയാണ് വഖ്ഫ് മുതലുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കിയത് എന്ന് പറയാം. മുതവല്ലിമാരെ വാഖിഫ് നിശ്ചയിക്കാത്ത സമയങ്ങളില്‍ ഖാദിമാരാണ് നിശ്ചയിച്ചിരുന്നത്.

വഖ്ഫ് സ്വത്തുമായി ബന്ധപ്പെട്ട് എഴുതപ്പെട്ട രേഖകളും മറ്റു അനുബന്ധ കണക്കുകളുമെല്ലാം സമര്‍പ്പിക്കപ്പെട്ടത് ഖാദിമാരുടെ പക്കലായിരുന്നു. കൂടാതെ, വഖ്ഫ് സ്വത്തുകളിലെ എല്ലാ തര്‍ക്കങ്ങളും അവരുടെ തന്നെ കാര്‍മികത്വത്തില്‍ പരിഹാരം കണ്ടു. ഇത്തരമൊരു രീതി, മതം / മതേതരം എന്ന ആധുനിക രാഷ്ട്ര സംവിധാനത്തിലെ അധികാര വിഭജനം അടിസ്ഥാനപ്പെടുത്തിയുള്ള യായിരുന്നില്ല. കാരണം ഖാദിമാര്‍ ഭരണകൂടത്തിന്റെ നേരിട്ടുള്ള പ്രതിനിധികളായാണ് ഈ ചുമതല നിര്‍വഹിച്ചിരുന്നത്. ആധുനിക വഖഫ് മേല്‍നോട്ട സംവിധാനം എന്നാല്‍ മതം എന്നത് സ്വകാര്യമായ രംഗമാണെന്നും അത് രാഷ്ട്രത്തിന് നേരിട്ട് ഇടപെടേണ്ടതില്ലാത്ത ഇടമാണെന്നുമുള്ള തത്വത്തില്‍ അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, അതേ സമയം തന്നെ മതത്തിന്റെയും മതേതരത്തിന്റെയും പരിധികള്‍ നിര്‍ണ്ണയിക്കുന്നതിലൂടെ മതത്തില്‍ നിരന്തരം ഇടപെടാനും നിയന്ത്രിക്കാനുമുള്ള പരമാധികാരശേഷി ആധുനിക ദേശ-രാഷ്ട്രം കൈവരിക്കുന്നു എന്ന് ഹുസൈന്‍ അലി ആഗ്രമയെ പോലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യ അടക്കമുള്ള ആധുനിക രാഷ്ട്രങ്ങളിലെ വഖ്ഫ് മേല്‍നോട്ട സംവിധാനം ഈയൊരു മതേതര പരമാധികാര സങ്കല്പത്തില്‍ അടിസ്ഥാനപെടുത്തിയാണ് രൂപപ്പെട്ടതും പ്രവര്‍ത്തിക്കുന്നതും. അതിനാല്‍ ആധുനിക നിയമത്തെയും രാഷ്ട്രത്തെയും സംബന്ധിച്ചിടത്തോളം വഖ്ഫ് എന്നത് മുസ്‌ലിം മത സമുദായം അവരുടെ ‘മത’ കാര്യങ്ങള്‍ക്ക് വേണ്ടി മാറ്റി വെക്കപ്പെട്ട സ്വത്തുക്കള്‍ എന്നതാണ് നല്‍കപ്പെടുന്ന വിവക്ഷ. ഇത് പൂര്‍വാധുനിക സമൂഹങ്ങള്‍ക്ക് അന്യമായ നിര്‍വചനമാണ്. ഒരു സിവില്‍ നിയമം എന്ന നിലയില്‍ വഖഫിനെ മുസ്‌ലിം ഇതര സമൂഹങ്ങളും വ്യാപകമായി ആശ്രയിക്കുന്നത് ഇസ്‌ലാമിക ചരിത്രത്തില്‍ ധാരാളം കാണാന്‍ പറ്റും.
ഇന്ത്യയില്‍ വഖ്ഫ് ബോര്‍ഡ് സംവിധാനമാണ് നിലവില്‍ വഖ്ഫ് മുതലുകളുടെ സംരക്ഷണം നടത്തിക്കൊണ്ടിരിക്കുന്നത്.

1995 ലെ നിയമ പ്രകാരം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും യൂണിയന്‍ ടെറിട്ടറികളിലും വഖ്ഫ് മുതലുകളുടെ സംരക്ഷണം ഉറപ്പിക്കാന്‍ വഖ്ഫ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അവിടെയുള്ള സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്. ഇന്ത്യയിലെ എല്ലാ മത സമൂഹങ്ങള്‍ക്കും സമാധാനപരമായ സംവിധാനങ്ങള്‍ ഇന്ത്യയില്‍ കാണാന്‍ സാധിക്കും. മതപരമായ സ്വത്തുക്കളില്‍ അതത് മതസമുദായങ്ങളുടെ നേതൃത്വത്തിളുള്ള മേല്‍നോട്ടം എന്നതാണ് ഈ സംവിധാങ്ങളുടെയെല്ലാം അടിസ്ഥാനദൗത്യം. ഇന്ത്യയില്‍ ഇങ്ങനെയൊരു സംവിധാനം വികസിച്ചു വന്നത് കൊളോണിയല്‍ കാലത്താണ്. കൃത്യമായി പറയുകയാണെങ്കില്‍ ബ്രിട്ടീഷ് റാണി ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ നിന്ന് ഇന്ത്യയുടെ ഭരണം ഒന്നാം സ്വതന്ത്രസമരാനന്തരം ഏറ്റെടുത്ത കാലങ്ങളിലാണ് ഇങ്ങനെയൊരു സംവിധാനം ഇന്ത്യയില്‍ തുടക്കമിട്ടത്.

1858 ല്‍ ബ്രിട്ടീഷ് രാജ്ഞി തദ്ദേശീയര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ഏറ്റവും പ്രധാനമായിരുന്നു അവരുടെ മതങ്ങളിലുള്ള രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കുമെന്നത്. അതനുസരിച്ച് 1863 ലെ റിലീജിയസ് എന്റോവ്‌മെന്റ് ആക്ട് പ്രകാരം ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ തദ്ദേശീയ മതസ്ഥരുടെ സ്വത്തുക്കളില്‍ നേരിട്ട് ഇടപെടുന്നത് നിരോധിച്ചു. മുമ്പ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കാലത്ത് ഇങ്ങനെയൊരു വിലക്ക് നിലനിന്നിരുന്നില്ല. കലക്ടര്‍മാര്‍ക്ക് നേരിട്ട് ഇടപെടാനുള്ള അവകാശം നല്‍കിയിരുന്നു. ഖാദിമാരും പരിമിതമായ അധികാരങ്ങളോട് കൂടി ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നീതിന്യായ വ്യവസ്ഥയുടെ ഭാഗമായിരുന്നു.

എന്നാല്‍, 1863 ലെ ഈ നിയമത്തിലൂടെ ഈ കീഴ്‌വഴക്കങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ എല്ലാ മത സമുദായങ്ങള്‍ക്കും അവരവരുടെ സ്വത്തുക്കള്‍ സ്വന്തമായി നോക്കി നടത്താനുള്ള അവകാശം വന്നുചേരുന്നത്. ഈ സാമുദായിക അവകാശം സ്വമേധയാ എല്ലാ സമുദായങ്ങള്‍ക്കും വന്നു ചേര്‍ന്നിരുന്നതല്ല എന്ന് തന്നെയാണ് ഇന്ത്യന്‍ നിയമ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. ഇന്ത്യയിലെ ബുദ്ധ സമുദായങ്ങള്‍ക്ക് ഈ അവകാശം ഇപ്പോള്‍ പോലും കൈവരിക്കാന്‍ സാധ്യമായിട്ടില്ല എന്ന് നമുക്ക് കാണാം.

ബീഹാറിലെ ഏറ്റവും പ്രധാന ബുദ്ധിസ്റ്റ് വിഹാരമായ മഹാബോധി ക്ഷേത്രത്തിന്റെ അധികാരം ബ്രാഹ്‌മണ നിയന്ത്രണത്തില്‍ നിന്ന് വിട്ടു കിട്ടാന്‍ അവര്‍ ഇപ്പോഴും സമരത്തിലാണ്. ബുദ്ധമതസ്ഥര്‍ക്ക് തങ്ങള്‍ ഹിന്ദു മതത്തില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു മത വിഭാഗമാണെന്ന് സ്ഥാപിക്കാന്‍ കഴിയാത്തത് കൊണ്ടാണിത്. സിഖ് സമുദായത്തെ സംബന്ധിച്ചിടത്തോളം ഈ ആധുനിക രാഷ്ട്രം നല്‍കുന്ന അവരവരുടെ മതകാര്യങ്ങളിലെ ‘കര്‍തൃത്വം’ എന്ന അവകാശം നേടിയെടുക്കാന്‍ കൊളോണിയല്‍ കാലത്ത് ദീര്‍ഘമായ സമരം നയിക്കേണ്ടി വന്നിട്ടുണ്ട്. സിഖ് സമുദായത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് സുവര്‍ണ്ണ ക്ഷേത്രമടക്കമുള്ള അവരുടെ സ്വത്തുക്കള്‍ പൂര്‍ണ്ണമായും കൈകാര്യത്തില്‍ എത്തുന്നത് 1925 ഗുരുദ്വാര ആക്ട് പ്രകാരമാണ്. അത് വരെ ബ്രാഹ്‌മണ മഹത്തുക്കളുടെ സ്വാധീനം അവരുടെ സ്വത്തുക്കളുടെ മേല്‍നോട്ടങ്ങളില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇത് പലപ്പോഴും പുതിയ ആചാരങ്ങളും പ്രതിഷ്ഠകളും കെട്ടിയിറക്കാന്‍ കാരണമായപ്പോഴാണ് സിഖ് സമൂഹം സംഘടിക്കുകയും അവരുടെ കരങ്ങളിലേക്ക് പൂര്‍ണ്ണമായും അവരുടെ സ്വത്തുക്കള്‍ നിയമം മൂലം നോക്കി നടത്താനുള്ള അവകാശം നേടിയെടുക്കുകയും ചെയ്തത്. എന്നാല്‍ മുസ്‌ലിങ്ങളെ സംബന്ധിച്ചിടത്തോളം ഈ സാമുദായിക അവകാശം എളുപ്പത്തില്‍ തന്നെ ഒന്നാം സ്വാതന്ത്ര്യസമരാനന്തരം വന്നു ചേര്‍ന്ന ഒന്നാണ്.

ഇന്ത്യയില്‍ അക്കാലത്തെ ഏറ്റവും പ്രബലവും അധികാര ശേഷിയുമുള്ള സമുദായമെന്നതിനാലായിരുന്നു ഇത് സാധ്യമായത്. 1863 ലെ നിയമം സമുദായങ്ങള്‍ക്ക് കര്‍തൃത്വം വാഗ്ദാനം ചെയ്യുക മാത്രമാണ് ചെയ്തത്. അതനുസരിച്ച,് ഈ സ്വത്തുക്കളില്‍ കൃത്യമായ മേല്‍നോട്ടം എങ്ങനെ ഉറപ്പ് വരുത്തുമെന്നത് എല്ലാ മത സമൂഹങ്ങളെ സംബന്ധിച്ചിടത്തോളവും വലിയ ചോദ്യമായിരുന്നു. ഓരോ ജില്ലയിലും അതാതു സമുദായങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ കൂടിയ ഒരു കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിക്കാം എന്നായിരുന്നു 1863 ലെ നിയമം മുന്നോട്ടു വെച്ച പരിഹാരം
1861 ലെ ഖാദി നിയമ പ്രകാരം ഖാദിമാരുടെ അധികാരത്തെയും ബ്രിട്ടീഷ് സര്‍ക്കാര്‍ പൂര്‍ണ്ണമായും ഇല്ലാതാക്കി കളഞ്ഞു. അതോടെ, മുമ്പുള്ളത് പോലുള്ള ഖാദിമാരുടെ മേല്‍നോട്ടം എന്നത് വഖഫ് സ്വത്തുക്കളില്‍ അസാധ്യമായ ഒന്നായി മാറി. അങ്ങനെയാണ് മുസ്‌ലിങ്ങള്‍ ഇന്ത്യയിലെ മറ്റു സമുദായങ്ങളെ പോലെ സര്‍ക്കാര്‍ സഹായത്തോട് കൂടെയുള്ള മേല്‍നോട്ട സംവിധാനം വികസിപ്പിച്ചു കൊണ്ടുവരാന്‍ നിര്‍ബന്ധിതരായത്. 1860 കള്‍ മുതല്‍ അതിനുള്ള ആലോചനകളും ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ടണ്ട്. എന്നാല്‍, ബ്രിട്ടീഷ് സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം ക്രിസ്ത്യനിതര സ്വത്തുക്കളുടെ സംരക്ഷണം ഒട്ടും താല്പര്യമില്ലായിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രിട്ടീഷ് നിയമ നിര്‍മാണ സഭകളില്‍ തദ്ദേശീയര്‍ക്ക് പ്രാതിനിധ്യം കിട്ടിയത് മുതലാണ് കൃത്യമായ മേല്‍നോട്ട സംവിധാനങ്ങള്‍ വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ വികസിച്ചു വന്നത്. 1923 ലെ വഖ്ഫ് നിയമ പ്രകാരം കോടതികള്‍ നേരിട്ട് വഖഫ് മുതലുകളുടെ മേല്‍നോട്ടം എന്ന രീതി പരീക്ഷിച്ചു. അതുപ്രകാരം, കോടതിയെ മുതവല്ലിമാര്‍ കൊല്ലാകൊല്ലം കൃത്യമായ കണക്കും രേഖകളും ബോധിപ്പിക്കണം എന്ന തീരുമാനവുമെടുത്തു. എന്നാല്‍ ഈ നിയമം തികച്ചും പരാജയമാണെന്ന് മുസ്‌ലിങ്ങള്‍ ഉടന്‍ തന്നെ മനസ്സിലാക്കുകയുണ്ടണ്ടായി. ആധുനിക കോടതികള്‍ക്ക് തര്‍ക്ക പരിഹാരങ്ങള്‍ അല്ലാതെ മേല്‍നോട്ടത്തിനുള്ള നിയമ-വിഭവ ശേഷി ഇല്ലാത്തതിനാല്‍ ഇത്തരം ഒരു സംവിധാനം ദുര്‍ബലമായിരുന്നു. അതിനാല്‍, വഖ്ഫ് സംരക്ഷനത്തിനായി മറ്റു ബദല്‍ സംവിധാനങ്ങള്‍ തേടാന്‍ മുസ്‌ലിങ്ങള്‍ ശ്രമം തുടങ്ങി.

മദ്രാസിലെ ഹൈന്ദവ സമുദായങ്ങള്‍ക്കിടയിലാണ് എന്റവ്മെന്റ് ബോര്‍ഡ് സംവിധാനം ആദ്യമായി രൂപം കൊള്ളുന്നത്. 1927 ലെ മദ്രാസ് റിലിജിയസ് ചാരിറ്റബിള്‍ എന്റോവ്മെന്റ് ആക്ട് പ്രകാരം ഹൈന്ദവ സമുദായാഗംങ്ങള്‍ ചേര്‍ന്ന് മദ്രാസിലെ ഹിന്ദു ക്ഷേത്ര സ്വത്തുക്കള്‍ പരിപാലിക്കാന്‍ ഒരു ബോര്‍ഡ് സ്ഥാപിക്കുകയുണ്ടായി. ഈ മാതൃക ഉള്‍ക്കൊണ്ട് കൊണ്ടാണ് പിന്നീട് മുസ്‌ലിങ്ങളും സ്വസമുദായഗംങ്ങളും ചേര്‍ന്ന് ബോര്‍ഡ് സംവിധാനം തുടങ്ങിയത്. ബോര്‍ഡുകളുടെ അധികാര പദവി ഒരു കോര്‍പറേഷന്റെ തുല്യ പദവിയായിരുന്നു. ആയതിനാല്‍ ഈയൊരു രീതി ആധുനിക രാഷ്ട്രങ്ങളിലെ ഏറ്റവും മികച്ച രീതിയായി വിലയിരുത്തപ്പെട്ടു. കേന്ദ്ര തലത്തില്‍ വഖ്ഫ് നിയമം നിലവില്‍ വന്നത് സ്വാതന്ത്ര്യത്തിന് ശേഷം മാത്രമാണ്. 1954 ലെ ഇന്ത്യന്‍ പാര്‍ലമെന്റ് കൊണ്ട് വന്ന കേന്ദ്ര വഖഫ് നിയമം ഇന്ത്യയില്‍ ഉടനീളം വഖ്ഫ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് നിയമ പിന്‍ബലം നല്‍കി. വഖഫ് കൗണ്‍സില്‍ എന്ന കേന്ദ്ര ബോഡി ഇവയുടെ പ്രവര്‍ത്തങ്ങളില്‍ ഏകീകരണം സാധ്യമാക്കി. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണഘടനയില്‍ വിത്യസ്ഥ സമുദായങ്ങള്‍ അനുഭവിച്ചിരുന്ന അവരവരുടെ സ്വത്തുക്കള്‍ സ്വന്തമായി നോക്കി നടത്താനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടനയുടെ മൗലിക അവകാശങ്ങളില്‍ ഉള്‍പ്പെടുത്തി.

ആര്‍ട്ടിക്കിള്‍ 26 (മത കാര്യങ്ങളിലെ സ്വാതന്ത്രം) പ്രകാരം ഇന്ത്യയിലെ മത വിഭാഗങ്ങള്‍ക്കും അതിലെ ഉപവിഭാഗങ്ങള്‍ക്കും A) മതപരവും ദാനം ലക്ഷ്യം വെച്ചുള്ളതുമായ മുതലുകള്‍ സൃഷ്ടിക്കാനും പരിപാലിക്കാനുമുള്ള അവകാശം B) മതപരമായ കാര്യങ്ങള്‍ സ്വന്തമായി നോക്കി നടത്താനുള്ള അവകാശം C) സ്ഥാവര ജംഗമ സ്വത്തുക്കള്‍ സ്വന്തമായി ആര്‍ജ്ജിക്കാനുള്ള അവകാശം D) അത്തരം സ്വത്തുക്കള്‍ നിയമനുസൃതമായി നോക്കി നടത്താനുള്ള അവകാശം എന്നിവയെല്ലാം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. അവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നു. അതോടൊപ്പം ഈ കാര്യങ്ങളില്‍ നിയമം നിര്‍മ്മിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നല്‍കി കൊണ്ട് കണ്‍കറന്റ് പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

നിലവില്‍ നിയമമായിരിക്കുന്ന ഭേദഗതി, കൊളോണിയല്‍ കാലം മുതല്‍ മുസ്‌ലിം സമുദായത്തിന്റെ പങ്കാളിത്തത്തോട് കൂടിയും സമ്മതത്തോട് കൂടിയും രൂപപ്പെട്ട ഈ മതേതര വഖഫ് സംരക്ഷണത്തെ പൂര്‍ണ്ണമായും തകിടം മറിക്കുന്നതാണ്. അത് ബോര്‍ഡ് സംവിധാനത്തിന്റെ ശേഷിയെ വളരെ പരിമിതപ്പെടുത്തുന്നു. അതിന്റെ തര്‍ക്ക പരിഹാരത്തിന് വേണ്ടിയുണ്ടായ തര്‍ക്ക പരിഹാര സംവിധാനമായ വഖ്ഫ് ട്രബ്യണലുകളുടെയും അധികാരത്തെ വെട്ടി ചുരുക്കുന്നു. സര്‍ക്കാരിന് വഖ്ഫ് മുതലുകളില്‍ ഇടപെടാനുള്ള കൂടുതല്‍ അവസരങ്ങള്‍ ഭേദഗതി പല മാറ്റങ്ങളിലൂടെ നല്‍കുന്നു. അതിനാല്‍, പുതിയ വഖ്ഫ് നിയമം വഖ്ഫ് മുതലുകള്‍ എളുപ്പത്തില്‍ അന്യാധീനപ്പെടുത്താനും വഖ്ഫ് ഭൂമികളിലെ മുസ്‌ലിം കര്‍തൃത്വത്തെ ഇല്ലാതാക്കാനുമാണ് ലക്ഷീകരിക്കുന്നത്. സമരങ്ങളും കോടതിയിടപെടലുകളും മാത്രമാണ് ഇനി മുസ്‌ലിം സമൂഹത്തിന് മുന്നില്‍ അവശേഷിക്കുന്ന പ്രതീക്ഷകള്‍.

ഡോ. അബ്ദുല്ല കോട്ടപ്പള്ളി

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Most popular

Most discussed