Thelicham

മലബാറും അലവികളുടെ സൂഫികോസ്‌മോപോളിസും

(ഭാഗം രണ്ട്)

മലബാറില്‍ ഹള്‌റമി സയ്യിദ് കുടുംബം പതിനേഴാം നൂറ്റാണ്ടിന് മുമ്പ് രൂപം കൊണ്ടതിന് മതിയായ രേഖകളില്ലെങ്കിലും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഇവിടുത്തേക്ക് ഹള്‌റമികളുടെ പലായനം നടന്നതായി ചില ചരിത്രരേഖകള്‍ പൊതുവില്‍ വിലയിരുത്തുന്നത് പ്രദേശത്തെ ശാഫിഈ കര്‍മ്മശാസ്ത്ര സരണി ഹള്‌റമികളുടെ സംഭാവനയായി മനസ്സിലാക്കുന്നതിന്റെ അതടിസ്ഥാനത്തിലാണ്. മാത്രമല്ല മലബാറിലെ പാരമ്പര്യ ഉലമാക്കള്‍ അവരുടെ സൂഫീ-ത്വരീഖാ കര്‍മ്മങ്ങളെ ആധികാരികവത്കരിക്കുന്നത് നൂറ്റണ്ടുകള്‍ക്ക് മുമ്പ് തന്നെ അറേബ്യയില്‍ നിന്ന് ഇവിടുത്തേക്ക് ഇസ്‌ലാം കടല്‍ കടന്ന് വന്നത് ചൂണ്ടിക്കാണിച്ചാണ്.

യമനിലെ റസൂലിദ് രാജവംശ ( AD 13) ത്തിന്റെ ധനസഹായം മലബാറിലെ ഉലമാക്കളെ തേടിയെത്തിയതും അവിടുന്ന് ഒരു നൂറ്റാണ്ട് പിന്നിട്ട് കോഴിക്കോട് ഖാളി വെള്ളിയാഴ്ചകളിലുള്ള ഖുത്വുബകളില്‍ യമനി സുല്‍ത്വാന്റെ പേര് പരാമര്‍ശിക്കാന്‍ ഖത്വീബുമാരോട് അഭ്യര്‍ത്ഥിച്ചതും യമനുമായി ഇവിടുത്തെ ഉലമാക്കള്‍ക്കുണ്ടായിരുന്ന മതകീയവും രാ്ര്രഷ്ടീയവുമായ ഇഴയടുപ്പമാണ് അടയാളപ്പെടുത്തുന്നത്. സമീപ കാലത്തെ ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്, ശാഫിഈ കര്‍മ്മശാസ്ത്ര സരണിയോടൊപ്പം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് വ്യാപിക്കുന്നതില്‍ ഖുറാസാന്‍, ബഗ്ദാദ്, ദമസ്‌കസ്, ഇന്ത്യ, തെക്ക്-കിഴക്കന്‍ ഏഷ്യ, യമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിം ഉള്‍-സമൂഹങ്ങളും ഉള്‍ചേര്‍ന്നിരുന്നു എന്നാണ്.

മലബാറിലെ ഹള്‌റമികളുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്ന മറ്റൊരു പ്രധാന തെളിവ്, താനൂരില്‍ പള്ളി കേന്ദ്രീകരിച്ച് നടന്നിരുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ പതിനാറാം നൂറ്റാണ്ടില്‍ ഒരു ഹള്‌റമി ( മുഹമ്മദ് ബിന്‍ അബ്ദില്ലാഹ് അല്‍ ഹള്‌റമി) സജീവമായി പങ്കെടുത്തിരുന്നു എന്നുള്ളതാണ്.
പല ചരിത്രരേഖകളിലും മലബാറിലെ മഖ്ദൂമികള്‍ക്ക് ഹള്‌റമി വേരുകളുള്ളതായി പരിചയപ്പെടുത്തിയിട്ടുണ്ട്. അബ്ദുല്‍ അസീസ് ബിന്‍ മഖ്ദൂം അല്‍ കബീര്‍ പതിനാറം നൂറ്റാണ്ടില്‍ രചിച്ച മസ്‌ലകുല്‍ അത്ഖിയാ എന്ന ഗ്രന്ഥത്തില്‍ മഖ്ദൂം അല്‍-കബീറിന്റെ കുടുംബം മഅ്ബറില്‍ നിന്ന് മലബാറിലേക്ക് പലായനം ചെയ്തതായി സ്ഥാപിക്കുന്നുണ്ട്.

എന്നാല്‍ ഇബ്‌നു ബത്തൂത്തയുടെത് പോലോത്ത യാത്രാകുറിപ്പുകളിലും, പതിനാറാം നൂറ്റാണ്ടിലെ ഹള്‌റമികളുടെ തന്നെ ചരിത്രരേഖകളിലും മലബാറിലെ ഹള്‌റമികളുടെ അഭാവം അറേബ്യയുമായുള്ള മലബാറിന്റെ സമുദ്രാന്തര ബന്ധത്തെ സംബന്ധിച്ച് ഏറെ സംശയാസ്പദമാണെന്ന് കരുതുന്നു. സമാനമായി പതിനാറാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട തുഹ്ഫതുല്‍ മുജാഹിദീന്‍, ഫത്ഹുല്‍ മുബീന്‍ പോലോത്ത തദ്ദേശീയ ചരിത്രരേഖകളിലും ഹള്‌റമികളെ കുറിച്ചുള്ള ഉദ്ധരണികളൊന്നും തന്നെ ഇല്ല. എന്നാല്‍ പതിനേഴാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഹള്‌റമികളുടെ കുടുംബ വേരുകള്‍ പറയുന്ന മശ്അറയില്‍ സയ്യിദ് മുഹമ്മദ് ബിന്‍ ഉമര്‍ എന്നവര്‍ വടക്കന്‍ മലബാറിലെ കനാനൂരില്‍ വരുകയും അവിടുത്തെ സാഹിബായിരുന്ന അബ്ദുല്‍ മജീദ് എന്നവരുടെ മകളെ വിവാഹം ചെയ്തതായും പ്രതിപാദിക്കുന്നുണ്ട്. സമാനമായി അക്കെയിലെ നൂറുദ്ധീന്‍ അല്‍ റനീരി ഗുജറാത്തിലെ ബാ ശയ്ബാന്‍ അടക്കമുള്ള ഹള്‌റമി സയ്യിദുമാരുമായി ആത്മബന്ധം പുലര്‍ത്തിയിരുന്നു എന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

ഹള്‌റമികള്‍ പതിനേഴാം നൂറ്റാണ്ടിന് മുമ്പ് മലബാറിലേക്ക് പലായനം ചെയ്തതിന് തെളിവുകള്‍ അപര്യാപ്തമാണെന്നതോടൊപ്പം ഇന്ന് ലഭ്യമായ മലബാറിലെ ഹള്‌റമികളുടെ ശവകുടീരങ്ങളെല്ലാം പതിനെട്ടാം നൂറ്റാണ്ടിന്റെ കാല പഴക്കമുള്ളതാണ്. മലബാറിലെ സയ്യിദുമാരല്ലാത്ത ഹള്‌റമികളും പതിനേഴാം നൂറ്റാണ്ടിന് മുമ്പ് പലായനം നടന്നതിന് മതിയായ തെളിവുകള്‍ അവകാശപ്പെടുന്നില്ല. തെക്കന്‍ അറേബ്യയുമായി നൂറ്റാണ്ടുകളുടെ സമുദ്രാന്തര ബന്ധം മലബാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അവിടേക്ക് പതിനേഴാം നൂറ്റാണ്ടിന് മുമ്പ് ഹള്‌റമി സയ്യിദുമാര്‍ കുടിയേറ്റം നടത്തിയതിന് ഇനിയും കൂടുതല്‍ തെളിവുകള്‍ ലഭിക്കേണ്ടതുണ്ട്.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് അലവികള്‍ കുടിയേറ്റം നടത്തിയത് ഇന്ത്യന്‍ മഹാസമുദ്ര പരിസരങ്ങളില്‍ അലവി ത്വരീഖത്ത് വളരെ വിപുലമായി വികാസം പ്രാപിക്കാന്‍ കാരണമായി. ഇതേ കാലത്ത് തന്നെയാണ് കോഴിക്കോടുള്ള ഹള്‌റമി ശൈഖ് ജിഫ്രി അദ്ദേഹത്തിന്റെ കൗകബ് രചിക്കുന്നതും അദ്ദേഹത്തിന്റെ അമ്മാവന്‍മാരും മരുമക്കളും മറ്റു കുടുംബാംഗകളുമടങ്ങുന്ന വലിയൊരു കുടുംബവൃത്തം തെക്കന്‍ ഏഷ്യയിലും തെക്ക്-കിഴക്കന്‍ ഏഷ്യയിലുമായി പലായനം ചെയ്യുന്നതും. അലവി നെറ്റ്‌വര്‍ക്കിന്റെ കേവലമൊരു കണ്ണി മാത്രമായിരുന്നു മലബാറെന്നും കൊയിലാണ്ടിയിലെ സൂഫി ശൈഖ് മുഹമ്മദ (മ;1747) ടങ്ങുന്ന അലവികള്‍ ത്വരീഖത്തിനെ മലബാറില്‍ വ്യാപിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിരുന്നു എന്നും ശൈഖ് ജിഫ്രി ഉദ്ധരിക്കുന്നുണ്ട്.

കൗകബ്, ശറഹ് സബാഇഖ്, ശജറുല്‍ അസ്വ്ല്‍ തുടങ്ങിയ, മലബാറിലെ ഹള്‌റമി കുടുംബങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന അവരുടെ കുടുംബ താവഴി പറയുന്ന കിതാബുകള്‍ക്ക് പുറമെ, ത്വരീഖത്തിലെ അംഗങ്ങള്‍ക്ക് ഇജാസത്ത് നല്‍കുന്നതിനെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് വെച്ചിരിക്കുന്ന സൂഫീ ഡോക്യുമെന്റുകളും ഹള്‌റമികളുടെ കുടിയേറ്റത്തെ പറ്റി സുപ്രധാന അറിവുകള്‍ പങ്കു വെക്കുന്നുണ്ട്. ഒരു ഹള്‌റമി സൂഫിയെ അദ്ദേഹത്തിന്റെ സൂഫി ഗുരുക്കളുമായി ബന്ധിപ്പിക്കുന്ന ആത്മീയ വഴിയാണ് ഇത്തരത്തിലുള്ള ഇജാസത്ത് ടെക്സ്റ്റുകള്‍ അടങ്ങുന്നത്. ഇത്തരം സൂഫി ടെക്സ്റ്റുകളില്‍, ത്വരീഖത്തിലെ അംഗങ്ങളുടെ കുടുംബവഴിയും അവരുടെ ജനന-മരണ തിയതിയും ക്രോഡീകരിക്കുന്നതു പോലെ ത്വരീഖത്തിലെ വളരെ പ്രധാനപ്പെട്ട കര്‍മ്മങ്ങളെ കുറിച്ചുള്ള വിവരങ്ങളും കാണാം. ഉദാഹരണത്തിന്, ഒരു ശൈഖില്‍ നിന്ന് മുരീദ് ത്വരീഖത്ത് സ്വീകരിക്കുമ്പോള്‍ ശൈഖിന്റെ കരങ്ങള്‍ മുരീദിന്റെ കരങ്ങള്‍ക്ക് കീഴെ വെക്കുന്ന കര്‍മ്മത്തിനാണ് ബൈഅത്ത് എന്ന് പറയുന്നത്. ഇതിനെ പ്രാദേശികമായി കൈ കൊടുക്കല്‍ എന്നും പറയും.

പല ബ്രീട്ടീഷ് ഒഫീഷ്യല്‍ റെക്കോര്‍ഡുകളിലും ഹള്‌റമി സൂഫി ഗുരുക്കള്‍ നടത്തിയ ഇത്തരത്തിലുള്ള ധാരാളം കൈ കൊടുക്കലുകളെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഹദ്ദാദ് റാതീബ് പോലോത്ത പൊതുവായ ഇജാസത്തിലൂടെ ജനങ്ങളിലേക്കെത്തുന്ന ദിക്‌റുകളെ ഇജാസത്ത് ഡോക്യുമെന്റുകളില്‍ ഉള്‍പ്പെടുത്താത്തത് കൊണ്ട് തന്നെ അവയുടെ കാലക്രമേണയുള്ള കൈ മാറ്റത്തെ കുറിച്ച് വലിയ വിശദീകരണങ്ങളൊന്നുമില്ല.

അലവി ത്വരീഖയും ശൈഖ് ജിഫ്രിയുടെ സൂഫി ആക്ടിവിസവും
അലവി ത്വരീഖത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, ത്വരീഖത്തിലെ ഹദ്ദാദ് റാതീബ് പോലോത്ത സുപ്രധാന ദിക്‌റുകളെ കുറിച്ചും ശൈഖ് ജിഫ്രി വളരെ വിപുലമായി എഴുതിയിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കന്‍സ്, കൗകബ്, നതീജത്തു അശ്കാല്‍ പോലോത്ത ഗ്രന്ഥങ്ങളില്‍ അലവി ത്വരീഖത്തിന്റെ മാഹാത്മ്യത്തെ കുറിച്ചുള്ള നീണ്ട കുറിപ്പുകള്‍ കാണാന്‍ സാധിക്കും. മാത്രമല്ല സയ്യിദ് അലവിയടക്കമുള്ള തന്റെ ചില അടുത്ത ബന്ധുക്കള്‍ക്കും ഖാളി മുഹ്യുദ്ദീന്‍ പോലുള്ള ശിഷ്യര്‍ക്കും ത്വരീഖത്തിലെ ദിക്‌റുകള്‍ക്കുള്ള ഇജാസത്തും അദ്ദേഹം നേരിട്ട് കൊടുത്തിരുന്നു. ഇത്തരത്തില്‍, പ്രാദേശികവും സാംസ്‌കാരികവുമായ പല ഘടകങ്ങളെയും കൊണ്ടും കൊടുത്തും ത്വരീഖത്ത് വികസിക്കുകയായിരുന്നു. കൊണ്ടോട്ടി ത്വരീഖത്ത് സ്വീകരിക്കാന്‍ നീരസം പ്രകടിപ്പിച്ച ശൈഖ് അതേ സമയം ഖാദിരി ത്വരീഖത്തിലെയും ശാഫിഈ കര്‍മ്മശാസ്ത്ര സരണിയിലെയും പല കാര്യങ്ങളെയും മഖ്ദൂമികളെയും കാലികൂതികളെയും പോലെ സ്വാംശീകരിക്കുന്നുണ്ട്.

തരീമിലെ ഹാവിയില്‍ നിന്ന് ഇരുപതാമത്തെ വയസ്സിലാണ് ശൈഖ് ജിഫ്രി മലബാറിലേക്ക് എത്തുന്നത്. കോഴിക്കോട് വന്ന അദ്ദേഹം, വലിയ ജാറത്ത് അന്ത്യവിശ്രമിക്കുന്ന കൊയിലാണ്ടിയിലെ സയ്യിദ് മുഹമ്മദ് (മ:1747) എന്നവരുമായി സന്ധിക്കുകയുണ്ടായി. ഹദ്ദാദ് റാതീബിന്റെ രചയിതാവ് ഹസന്‍ അല്‍ ഹദ്ദാദ് ആയിരുന്നു ശൈഖിന്റെ മറ്റൊരു പ്രധാന ആത്മീയഗുരു. മലബാറില്‍ ഒരു പ്രധാന അറേബ്യന്‍ പ്രതിരൂപമായി ശൈഖ് സുപരിചിതനാവുന്ന കാലത്ത് തന്നെയാണ് മൈസൂര്‍ ബ്രിട്ടീഷുകാര്‍ കീഴടക്കുന്നത്.

ഭരണകര്‍ത്താക്കളുമായുള്ള മതകീയമായ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഹളര്‍മൗത്തില്‍ നിന്ന് വന്നിരുന്ന സയ്യിദ് കുടിയേറ്റക്കാര്‍ക്ക് മലബാറില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാന്‍ ജിഫ്രിക്ക് സാധിച്ചു. അങ്ങനെയാണ് ജിഫ്രിയുടെ കുടുംബാംഗങ്ങളായ ഹസന്‍ ബിന്‍ അലവി ബിന്‍ ഷെയ്ഖ് അല്‍ ജിഫ്രിയും മമ്പുറത്തെ സയ്യിദ് അലവിയും മലബാറിലെ ഉള്‍പ്രദേശങ്ങളിലേക്ക് ആത്മീയ നേതാക്കളായി നിയമിതരാവുന്നത്. കാലക്രമേണ കൂടുതല്‍ അലവികള്‍ സമീപപ്രദേശങ്ങളിലേക്ക് വരികയും മതകാര്യങ്ങളുടെ ചുമതല ഏറ്റെടുത്തത് കാരണം മലബാറിലെ തീരദേശ പശ്ചാത്തല പ്രദേശങ്ങളിലേക്ക് അലവി നെറ്റ്വര്‍ക്ക് വ്യാപിക്കുകയായിരുന്നു. മലബാറില്‍ ത്വരീഖത്ത് സ്ഥാപിക്കുന്നതില്‍ ശൈഖ് ജിഫ്രി ഉണ്ടാക്കിയ സുപ്രധാന ബന്ധം ആയിരുന്നു സയ്യിദ് അലവി.

പത്തൊമ്പതാം നൂറ്റാണ്ടില്‍ മലബാറിലെ ആന്റി ബ്രിട്ടീഷ് മൂവ്‌മെന്റുകള്‍ക്ക് ചുക്കാന്‍ പിടിച്ച പ്രധാന രാഷ്ട്രീയ നേതാവായിരുന്നു സയ്യിദ് അലവി. പിന്നീട്, സയ്യിദ് അലവിയും അദ്ദേഹത്തിന്റെ മകന്‍ സയ്യിദ് ഫള്‌ലും മലബാറിലെ ഒട്ടുമിക്ക ഉലമാക്കളുടെയും ശ്രദ്ധാ കേന്ദ്രമാവുകയും അലവി സൂഫി നെറ്റ്വര്‍ക്കിന്റെ പ്രധാന പ്രചാരകരാവുകയും ചെയ്തു. തദ്ദേശീയരായ ഉലമാക്കളെയും ഉമറാക്കളെയും ചേര്‍ത്തുകൊണ്ട് അലവി ത്വരീഖത്ത് കൂടുതല്‍ ബഹുമുഖങ്ങളുമായി നോണ്‍-സയ്യിദുമാരിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ സയ്യിദ് അലവിയും അദ്ദേഹത്തിന്റെ മകനും ചെയ്യുകയുണ്ടായി.

കാലങ്ങള്‍ക്ക് ശേഷം ശൈഖ് ജിഫ്രി കൗക്കബുല്‍ ജലീല്‍ പോലോത്ത സൂഫി ജീനിയോളജിക്കല്‍ ടെസ്റ്റുകള്‍ രചിച്ചത് അലവി കുടിയേറ്റക്കാര്‍ക്ക് ഹളര്‍ മൗത്തിലുള്ള അവരുടെ സൂഫി കുടുംബ പരമ്പരയെ നിലനിര്‍ത്താനും പ്രവാചക കുടുംബ പരമ്പരയിലേക്കുള്ള തങ്ങളുടെ ബന്ധം സ്ഥാപിക്കാനും സഹായിച്ചു. ഇത്തരം ടെക്സ്റ്റുകള്‍ പിന്നീട് കുടിയേറ്റത്തിന് രാഷ്ട്രീയമായും ഭൗതികമായും ഉപോല്‍ബലകമായി വര്‍ത്തിക്കുകയും സൂഫി കോസ്‌മോപോളിസില്‍ അലവി സൂഫികള്‍ക്ക് പ്രത്യേക സ്ഥാനം സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. ഷാഫിഈ-സൂഫി കോസ്‌മോപോളിസില്‍ തന്റേതായ കൂടുതല്‍ മുദ്രകള്‍ അടയാളപ്പെടുത്താന്‍് ജിഫ്രി വളരെ താല്പര്യപ്പെട്ടിരുന്നു. മുഹിയുദ്ദീന്‍ മാല അടക്കമുള്ള തദ്ദേശീയ സൂഫി ടെക്സ്റ്റുകളുമായി ഖാദിരി ത്വരീഖത്തായിരുന്നു അന്ന് മുഖ്യധാരയില്‍ ഉണ്ടായിരുന്നത്.

അതേസമയം, കൊണ്ടോട്ടി ത്വരീഖത്തിനെ പോലെയുള്ള പിഴച്ച ത്വരീഖത്തുകളെ അദ്ദേഹം പൂര്‍ണമായി എതിര്‍ത്തിരുന്നു (സൂഫി ശൈഖുമാര്‍ക്ക് മുന്നില്‍ സുജൂദ് ചെയ്യുക, ഹശീശ് ഉപയോഗിക്കുക തുടങ്ങിയ ചില പിഴച്ച വാദങ്ങള്‍ കൊണ്ടോട്ടി ത്വരീഖത്തിനുണ്ടായിരുന്നു). പൂര്‍ണ്ണമായും ശരീഅത്തിലൂന്നിക്കൊണ്ട് അലവി ത്വരീഖത്തിനെ ജനകീയവല്‍ക്കരിക്കുകയായിരുന്നു ശൈഖ് ജിഫ്രിയുടെ പ്രധാന ലക്ഷ്യം. റാത്തീബുല്‍ ഹദ്ദാദിന്റെ രചയിതാവ് അബ്ദുല്ല അല്‍ ഹദ്ദാദ് ഹളര്‍മൗത്തില്‍ സൈദി ശീഇകളെ പ്രതിരോധിക്കാന്‍ 1660 ല്‍ റാത്തീബുല്‍ ഹദ്ദാദ് രചിച്ചതിന് സമാനമായിരുന്നു ഇത്. കൊണ്ടോട്ടി ത്വരീഖത്തിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലവത്തായ വഴി റാത്തീബുല്‍ ഹദ്ദാദും അലവി ത്വരീഖത്തും ജനകീയവത്കരിക്കലാണെന്ന് ഹള്‌റമികള്‍ മനസ്സിലാക്കി. അങ്ങനെയാണ് ശൈഖ് ജിഫ്രി അലവി ത്വരീഖത്തിന്റെ മശാഇഖുമാരുടെ പ്രധാന പ്രത്യേകതകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നതീജതുല്‍ അശ്കാല്‍ (ഐദറൂസി, ഖാദിരി ത്വരീഖത്തിനെ കുറിച്ച്), കന്‍സുല്‍ ബറാഹീന്‍ (അലവി. മദ്‌യനി ത്വരീഖത്തിനെ കുറിച്ച്) എന്ന രണ്ട് കിതാബുകള്‍ രചിക്കുന്നത്. അല്‍ ഗസ്സാലി, അല്‍ യാഫിഈ, അല്‍ ഹദ്ദാദ് പോലോത്ത ആഗോള ഷാഫിഈ സൂഫി പണ്ഡിതരെയും, അദ്കിയ പോലോത്ത തദ്ദേശീയ സൂഫി ടെസ്റ്റുകളും പ്രസ്തുത രചനകളുടെ ഉള്ളടക്കമാണ്.

വഹാബി സംസ്‌കരണ വാദത്തിനും തീവ്ര ശീഈ അനുഷ്ഠാനങ്ങള്‍ക്കും മദ്ധ്യേ ഒരു ഹള്‌റമി മിഡില്‍ഗ്രൗണ്ട് സ്ഥാപിക്കലായിരുന്നു ജിഫ്രിയുടെ മറ്റൊരു പ്രധാന ലക്ഷ്യം. ഹളര്‍മൗത്തിലെ തന്റെ സമകാലികരായ പണ്ഡിതരെല്ലാം പിഴച്ച ശീഈ ആചാരങ്ങള്‍ക്കും നജ്ദിലെ ഇബ്‌നു അബ്ദുല്‍ വഹാബിന്റെ തീവ്ര ആശയങ്ങള്‍ക്കും എതിരെ വലിയ മുന്നേറ്റങ്ങള്‍ നടത്തിയിരുന്നു. കോഴിക്കോടുള്ള ബോറ വിഭാഗത്തിന്റെ മുഹറത്തില്‍ നടത്തിയിരുന്ന ശീഈ ആചാരങ്ങള്‍ക്കെതിരെ ജിഫ്രി രംഗത്ത് വന്നിരുന്നു. മാത്രമല്ല, അല്‍ ഇര്‍ഷാദാത്തില്‍ വഹാബിസത്തിനെതിരെ വളരെ നേരത്തേയുള്ള വിമര്‍ശനങ്ങളുയര്‍ത്താനും ജിഫ്രി മുന്നിലുണ്ടായിരുന്നു. വഹാബിസത്തെയും ശീഇസത്തെയും വളരെ നിര്‍മ്മാണാത്മകമായി പ്രതിരോധിക്കാന്‍ അലവി ഉലമാക്കളുടെ എഴുത്തുകളിലൂടെയും അദ്ധ്യാപനങ്ങളിലൂടെയും ഫലവത്തായ രീതിയില്‍ ജിഫ്രി ചില ശ്രമങ്ങള്‍ നടത്തുകയുണ്ടായി.

മലബാറില്‍ നേരത്തേ ഉണ്ടായിരുന്ന പൊന്നാനിയിലെ മഖ്ദൂമുമാരും കോഴിക്കോടുള്ള ഖാളിമാരും നിലനിര്‍ത്തിയിരുന്ന സൂഫി കോസ്‌മോപോളിസിലേക്ക് കടന്നു വരാന്‍ അങ്ങനെ ഹള്‌റമികള്‍ക്ക് സാധിച്ചു. വഹാബി പ്യൂരിറ്റാനിസവും ശീഈ ആചാരങ്ങളും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ഹള്‌റമികള്‍ക്കും മലബാരികള്‍ക്കും കാലക്രമേണ ഒരുപോലെ സാധിച്ചു. മലബാറിലേക്ക് ഹള്‌റമി കുടിയറ്റക്കാരെ സ്വാഗതം ചെയ്യുകയും അവര്‍ക്ക് ത്വരീഖത്തിന്റെ വഴി കാണിച്ചു കൊടുക്കുകയും ചെയ്ത ശൈഖ് ജിഫ്രി മലബാറില്‍ വിപുലമായ സൂഫി പ്രചാരണത്തിനാണ് ചുക്കാന്‍ പിടിച്ചത്.

ജലീല്‍ പി.കെ.എം

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Most popular

Most discussed