Thelicham

കറുപ്പും വെളുപ്പും: സൗന്ദര്യബോധം അത്ര ആത്മനിഷ്ഠമല്ല

കറുപ്പ്-വെളുപ്പ് എന്നീ സാമാന്യമായ രണ്ട് നിറങ്ങള്‍ വിരുദ്ധ മാനത്തില്‍ രൂപകങ്ങളാകുന്നുണ്ടോ? പ്രകൃത്യാ തന്നെ വെളുപ്പ് പ്രകാശത്തെയും നന്മയെയും പ്രതിനിധീകരിക്കുന്നുണ്ടോ? കറുപ്പ് ഇരുട്ടിന്റെയും തിന്മയുടെയും പ്രതീകാത്മകതയെ ദ്യോതിപ്പിക്കുന്നുണ്ടോ? ഇരു നിറങ്ങളും ഇസ്‌ലാമിന്റെ മതകീയ വ്യക്തിത്വ നിര്‍വചനത്തില്‍ വെളുപ്പിനെ മഹത്വവല്‍ക്കരിക്കുകയും കറുപ്പിനെ ഇകഴ്ത്തുകയും ചെയ്യുന്നുണ്ടോ? തുടങ്ങി നിരവധി ചോദ്യങ്ങളാണ് ദൈവശാസ്ത്ര പരിസരത്ത് നിന്നും ‘ഇസ്‌ലാ ആന്‍ഡ് ബ്ലാക്ക്നസ്’ എന്ന സമസ്യയെ അധികരിച്ച് കടന്നുവരുന്നത്.

ഖുര്‍ആനിലെ മൂന്നാം അധ്യായം ആല്‍ ഇമ്രാനിലെ 106-ാം വചനം ഇങ്ങനെയാണ്: ‘‘ചില മുഖങ്ങള്‍ കറുക്കുകയും മറ്റു ചിലത് വെളുക്കുകയും ചെയ്യുന്ന ദിവസം അവര്‍ക്കു വേദനയുറ്റ ശിക്ഷയുണ്ട്. മുഖം കറുത്തവരോട് ഇങ്ങനെ പറയപ്പെടുന്നതാണ്: സത്യവിശ്വാസം പുല്‍കിയതിന്നു ശേഷം നിങ്ങള്‍ നിഷേധികളായില്ലേ? അതുകൊണ്ട് ആ അവിശ്വാസം കാരണമായി ശിക്ഷ ആസ്വദിച്ചുകൊള്ളുക!”(3:106). നന്മ തിന്മകള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്ന നാളില്‍ കറുപ്പിനെ തിന്മയുടെ രൂപകമായി ഖുര്‍ആന്‍ ഉപയോഗിക്കുന്നു. കറുപ്പ് എന്ന നിറത്തോട് ഇസ്‌ലാം കാണിക്കുന്ന അസഹിഷ്ണുതയും വെറുപ്പുമാണോ ഈ വചനങ്ങളില്‍ അടങ്ങിയിരിക്കുന്നത്? കറുപ്പിനെ തിന്മയോട് സമീകരിക്കുക വഴി, ആന്റി ബ്ലാക്ക്നസിനെ ഇസ്‌ലാം ന്യായീകരിക്കുന്നുണ്ടോ?
ഓറിയന്റലിസ്റ്റ് എഴുത്തുകളിലും, കപടമായ ഖുര്‍ആന്‍ വിമര്‍ശനങ്ങളിലും ഇടം പിടിക്കുന്ന ഇത്തരം ആരോപണങ്ങള്‍ ഭാഷാപരവും പ്രകൃതിദത്തവുമായ പ്രതീകാത്മകതകളെ കുറിച്ചുള്ള അജ്ഞതയില്‍ നിന്നും ഉരുത്തിരിയുന്നതാണ്.

റേസ് ആന്‍ഡ് ബ്ലാക്ക്നസ് പഠനങ്ങളിലെ ശ്രദ്ധേയ മുഖമായ അബ്ദുല്ല ബിന്‍ ഹാമിദ് അലി, വിശുദ്ധിയുടെയും കുലീനതയുടെയും സൂചകമായാണ് പ്രീ ഇസ്‌ലാമിക് പിരീഡിലും അതിനുശേഷവും വെളുപ്പ് ഉപയോഗിക്കപ്പെട്ടതെന്നും വിപരീത മാനത്തില്‍ കറുപ്പ് മനസ്സിലാക്കപ്പെട്ടിരുന്നു എന്നും വിലയിരുത്തുന്നുണ്ട്. വംശവെറിയോ വെറുപ്പ് ഉല്‍പാദനമോ ഖുര്‍ആനിക വരികളില്‍ അന്യമാണ് എന്ന് മനസ്സിലാക്കുന്നതിന് സൂദ് (കറുപ്പ്) എന്ന പദപ്രയോഗത്തിലുള്ള വ്യത്യസ്തമായ ഖുര്‍ആനിക വചനങ്ങള്‍ സഹായിച്ചേക്കും. ”തനിക്കൊരു പെണ്‍കുഞ്ഞ് പിറന്നിട്ടുണ്ടെന്ന് അവരിലൊരാള്‍ക്ക് ശുഭവാര്‍ത്തയറിയിക്കപ്പെട്ടാല്‍ കോപാന്ധനായി അവന്റെ മുഖം കരുവാളിച്ചുപോകും”(16:58). പ്രസ്തുത ആയത്തിന്റെ വിവക്ഷ അക്ഷരാര്‍ഥത്തില്‍ തൊലിനിറം വേഗത്തില്‍ കറുപ്പാകുന്നതല്ല എന്ന് സുവ്യക്തമാണല്ലോ. മറിച്ച് കോപം, ദേഷ്യ എന്നിവയെല്ലാം കറുപ്പിന്റെ മറ്റു ചില രൂപകങ്ങളാണ്.

ഇമാം ഫഖ്റുദ്ദീന്‍ റാസിയുടെ തഫ്സീറില്‍ ആയത്തിന് നല്‍കുന്ന വ്യാഖ്യാനം ഇങ്ങനെയാണ്: ”അന്ത്യദിനത്തില്‍ അവരുടെ മുഖങ്ങളിലെ കറുപ്പ്, അജ്ഞതയില്‍ നിന്ന് ഉടലെടുക്കുന്ന ഹൃദയത്തിന്റെ ഇരുട്ടായിരിക്കും, തുടര്‍ന്ന് മുഖത്ത് പ്രത്യക്ഷപ്പെടും. അത് പൂര്‍ണ്ണമായും അഭൗമികമായിരിക്കും, ‘മറ്റെല്ലാ തരം കറുപ്പുകളില്‍ നിന്നും വ്യത്യസ്തമായ ഒരു കറുപ്പ്.”1അല്ലാഹുവിന്റെ പേരില്‍ വ്യാജങ്ങള്‍ തട്ടിവിട്ടിരുന്നവരുടെ മുഖങ്ങള്‍ കറുത്തിരുണ്ടതായി അന്ത്യനാളില്‍നിനക്കുകാണാം”(39:60) എന്നത് പോലെ സമാനമായ ആയത്തുകള്‍ വേറെയും ഖുര്‍ആനില്‍ കണ്ടെത്താം.

ഇസ്‌ലാമിലെ എസ്‌കറ്റോളജി തന്നെ അഭൗതികതയുടെ പ്രതലമാണ്. അല്ലാഹു അതിന് പകര്‍ന്നിരിക്കുന്ന സവിശേഷമായ രൂപങ്ങളെയും ആശയവൈപുല്യത്തെയും ഉള്‍ക്കൊള്ളാന്‍ ഒരുപക്ഷേ ഭൗതികതയുടെ പരിമിതികള്‍ ഭേദിക്കാന്‍ ആവാത്ത മനുഷ്യന് കഴിയണമെന്നില്ല. അതിനാല്‍ തന്നെ ‘മുസ്വദ്ദന്‍’ പോലുള്ള പ്രയോഗങ്ങളില്‍ അനുഭവപരമായും യുക്തിപരമായും അവയെ വിലയിരുത്താനും മനസ്സിലാക്കാനും പൂര്‍ണാര്‍ത്ഥത്തില്‍ മനുഷ്യമസ്തിഷ്‌കത്തിന് കഴിയില്ല എന്നുമുള്ള ബോധ്യം അടിസ്ഥാനപരമായി വിശ്വാസി കൈക്കൊള്ളേണ്ടിയിരിക്കുന്നു. നിശ്ചിത രൂപത്തിലാണ് ഖിയാമത്തില്‍ കറുപ്പും വെളുപ്പും പ്രതിഫലിക്കപ്പെടുന്നത് എന്നും ഖുര്‍ആനിക വചനങ്ങളുടെ പരമവും സമഗ്രവുമായ അര്‍ത്ഥം തങ്ങള്‍ നല്‍കുന്നതാണെന്നും മുഫസിറുകള്‍ ആരും അവകാശവാദം ഉന്നയിക്കാത്തതും ഈ ബോധ്യം അവരെ നയിക്കുന്നത് കൊണ്ടാണ്.

ഖുര്‍ആനിന്റെ അതുല്യമായ വചനങ്ങളില്‍ അക്ഷരവായന നടത്തി വസ്തുതാപരമായ തെറ്റിദ്ധാരണകളില്‍ അബദ്ധം പിണഞ്ഞതിനാലാണ് ഓറിയന്റലിസ്റ്റ് ചരിത്രകാരന്മാര്‍ക്കും എത്തീസ്റ്റ് ആക്ടിവിസ്റ്റുകള്‍ക്കും ഇത്തരം കപട വിമര്‍ശനങ്ങള്‍ തൊടുത്തുവിടേണ്ടി വന്നത്. ചുരുക്കത്തില്‍ കറുപ്പെന്ന നിറത്തെ തിന്മയോടും ദുശ്ചെയ്തികളോടും ഉപമിക്കുക വഴി ഖുര്‍ആന്‍ ബ്ലാക്ക് പൊളിറ്റിക്സില്‍ പ്രതിലോമകരമായ ഇടപെടലുകള്‍ നടത്തുന്നുവെന്നും വ്യക്തികളിലെ നൈതികതക്ക് വര്‍ണ്ണത്തെ മാനദണ്ഡമാക്കുന്നു എന്നുമുള്ള ആരോപണം വസ്തുതാപരമായി തെറ്റാണെന്ന് സ്ഥാപിക്കാനാണ് ഇതുവരെ ശ്രമിച്ചത്.

പ്രോബ്ലം ഓഫ് ബ്ലാക്ക് സഫറിങ്ങ്

Islam And the Black Sufferings എന്ന ഷെര്‍മണ്‍ ജാക്സന്റെ കൃതിയാണ് ഈ ചര്‍ച്ചകള്‍ക്ക് ലോകാടിസ്ഥാനത്തില്‍ വലിയ സ്വീകാര്യത നല്‍കിയത്. ദൈവവിശ്വാസം പകരുന്ന ചിന്തകള്‍, കഷ്ടപ്പെടുന്ന ബ്ലാക്ക് അമേരിക്കന്‍ ആഫ്രിക്കന്‍ സമൂഹങ്ങള്‍ക്ക് വിമോചനം സാധ്യമാക്കാത്തതില്‍ ദൈവത്തെ വംശീയ ഭ്രാന്തനാക്കി ചിത്രീകരിക്കുന്ന Is God a White Racist? എന്ന വില്യം ജോണ്‍സിന്റെ കൃതിയെ ഷെര്‍മണ്‍ ജാക്സന്‍ നിശിതമായി വിമര്‍ശിക്കുന്നു2.

സര്‍വ്വശക്തനും, സര്‍വ്വജ്ഞാനിയും, സര്‍വ്വകാരുണികനുമായ ദൈവം ലോകത്ത് തിന്മയും കഷ്ടപ്പാടും നിലനില്‍ക്കാന്‍ അനുവദിക്കുന്നത് എന്തുകൊണ്ടെന്ന് ന്യായീകരിക്കാനോ വിശദീകരിക്കാനോ ഉള്ള ഒരു ദാര്‍ശനിക ശ്രമമാണ് Theodicy. കഷ്ടപ്പാടുകള്‍ നേരിടുമ്പോള്‍ ദയാലുവായ ഒരു ദൈവം എന്ന ആശയത്തെ വെല്ലുവിളിക്കുന്ന ‘problem of evil’ എന്ന പരികല്‍പനയോടുള്ള പ്രതികരണമാണിത്. തിയോടിസി മുന്‍നിര്‍ത്തിയുള്ള സമര്‍ത്ഥനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

Jonathan A.C. Brown തന്റെ വിഖ്യാതമായ Islam and Blackness എന്ന ഗ്രന്ഥം തുടങ്ങുന്നത് ഹി. 127 ല്‍ വഫാത്തായ ബസ്വറയിലെ പ്രശസ്തനായ മാലിക് ബിനു ദിനാര്‍ (റ) എന്ന സൂഫിവര്യന്റെ കഥ വിവരിച്ചു കൊണ്ടാണ്. ഐഹിക സുഖങ്ങളെല്ലാം ത്യജിച്ച് ജീവിച്ചിരുന്ന സൂഫി, നഗരത്തിലെ ഒരു കറുത്ത അടിമ അല്ലാഹുവിന്റെ യഥാര്‍ത്ഥ ദാസനാണെന്നും തികഞ്ഞ മതഭക്തനാണെന്നും തിരിച്ചറിയുന്നു. മാലിക് ബിനു ദിനാര്‍ (റ) ആ അടിമയെ വാങ്ങി മോചിപ്പിക്കുകയും അടുത്ത ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഒരു ദിവസം സുജൂദില്‍ ആയിരിക്കുമ്പോള്‍ സൂഫിയായ അടിമ മരണപ്പെടുന്നു. തദവസരത്തില്‍ അദ്ദേഹം പ്രതിവചിച്ചത് ഇങ്ങനെയാണ്: ”അവരുടെ മുഖത്ത് നിന്നും കറുപ്പ് അപ്രത്യക്ഷമായിരിക്കുന്നു. അതൊരു ചന്ദ്രനായി പരിണമിച്ചിരിക്കുന്നു”3. ഈ മറുപടിയില്‍ നിന്നാണ് തന്റെ പുസ്തകം ഉരുത്തിരിയുന്നതെന്ന് എ.സി ബ്രൗണ്‍ തന്നെ അഭിപ്രായപ്പെടുന്നു. ആയുഷ്‌കാലം മുഴുവന്‍ അല്ലാഹുവിന്റെ പ്രിയപ്പെട്ട ദാസനായി ജീവിച്ച് സുജൂദില്‍ കിടന്നു മരിച്ചതിന്റെ മാഹാത്മ്യമാണ് അദ്ദേഹത്തിന്റെ മുഖത്തെ പ്രകാശമാക്കിയതെങ്കില്‍, അങ്ങനെ മഹത്വത്തിനായി മാറ്റപ്പെടേണ്ട ഒരു നിറമായാണോ കറുപ്പ് വിലയിരുത്തപ്പെടുന്നത്. നിലനിന്നിരുന്ന സോഷ്യല്‍ കണ്‍സ്ട്രക്ട് എന്നതിനേക്കാള്‍ പ്രകൃതിദത്തമായ കറുപ്പിന്റെ ദ്യോതകങ്ങളാണ് ഇത്തരമൊരു പദപ്രയോഗത്തിന് കാരണമായത്.

കറുപ്പിനെ അജ്ഞത, അന്ധകാരം, ഇരുട്ട് തുടങ്ങിയവയുടെ സൂചകമായും വെളുപ്പിനെ വിശുദ്ധി, മഹിമ, പ്രകാശം എന്നിവയുടെയെല്ലാം പ്രതീകമായും മനസ്സിലാക്കുന്നത് സര്‍വ്വാംഗീകൃതമാണ്. ഇരുട്ടിന്റെ നിറം കറുപ്പും പ്രകാശം വെളുപ്പുമാണ്. കാലാതിവര്‍ത്തിയും സാര്‍വ്വത്രികവുമായ യാഥാര്‍ത്ഥ്യങ്ങളാണിവ. വാചികമായി എത്ര നിഷേധിക്കാന്‍ ശ്രമിച്ചാലും വെളുപ്പിന് ആന്തരികമായി അന്തര്‍ലീനമായിട്ടുള്ള ഔന്നത്യം മനുഷ്യന്‍ കല്‍പ്പിക്കാറുണ്ട്. സൗന്ദര്യവര്‍ദ്ധക ക്രീമുകളും പൊടികളും തൊലിവെളുപ്പിക്കുന്ന തരത്തിലായത് അത് കൊണ്ടാണ്. കറുപ്പിനാണഴക് എന്ന് പറയുന്നവര്‍ പോലും അരങ്ങേറ്റ സമയത്ത് സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിച്ച് വെളുക്കാന്‍ ശ്രമിക്കുന്നത് അതുകൊണ്ടാണ്. മനുഷ്യരുടെ ദൈനംദിന സംവേദനങ്ങളിലും ലിറ്റററി സിമ്പോളിഫിഷനുകളിലുമെല്ലാം ഇക്കാര്യം ഇടം പിടിച്ചിട്ടുണ്ട്. ‘കറുത്ത കരങ്ങള്‍’, ബ്ലാക്ക് ലിസ്റ്റ്, ബ്ലാക്ക് മണി എന്നീ പ്രയോഗങ്ങളും ഇതിന്റെ ഭാഗമാണ്. ആക്രമണോല്‍സുകതയും വഞ്ചനയും കപടതയുമൊക്കെ സൃഷ്ടിക്കുന്ന തിന്മയുടെ പല പ്രതലങ്ങളെയാണ് ‘കറുത്ത കരങ്ങള്‍’ ഉള്‍ക്കൊള്ളിക്കുന്നത്. ‘ഇരുണ്ട ഹൃദയം’ ദൂഷ്യഭാവങ്ങളുടെ സങ്കേതമായും തിന്മയുടെ ഉറവിടങ്ങളായും ഉപയോഗിക്കപ്പെടുന്ന ഭാഷാപരമായ മെറ്റഫറാണ്. ആശയത്തിന്റെ ‘കറുത്ത മുഖം’, ലോകത്തിന്റെ ‘കറുത്ത ചരിത്രം’ എന്നിങ്ങനെ സാഹിതീയമായ പദാവലികളും അനേകം കാണാം.

പ്രകൃതിയിലെ മറ്റ് ഏതൊരു തെരഞ്ഞെടുപ്പുകളും നിര്‍മ്മാണവും പോലെ അഭൗതികമായ ഒരു ഏജന്റിന്റെ സെലക്ഷന്‍ ആയാണ് കറുപ്പിനും വെളുപ്പിനുമുള്ള ഈ സവിശേഷതകളെ നോക്കി കാണേണ്ടത്. അല്ലാഹുവിന് കറുപ്പിന് നന്മയുടെ പ്രതീകാത്മകത കല്‍പ്പിക്കാമായിരുന്നു. വെളുപ്പിനെ മ്ലേച്ഛതയുടെ ചിത്രമായും പ്രതിഷ്ഠിക്കാമായിരുന്നു. മനുഷ്യന് ആനയുടെയും ആനക്ക് മനുഷ്യന്റെയും രൂപസാദൃശ്യം നല്‍കാമായിരുന്നു. കാരണം ആശ്രിത ഉണ്മ (Contingent Existence) ക്കെല്ലാം മറ്റു സൃഷ്ടി മാതൃകകളും സാധ്യമാണല്ലോ. പക്ഷേ എന്തുകൊണ്ട് അങ്ങനെ ആയില്ല എന്നതിന്റെ ലളിതവും സമ്പൂര്‍ണ്ണവുമായ ഉത്തരം ദൈവം അങ്ങനെ ഉദ്ദേശിച്ചില്ല എന്നതാണ്.

അപ്പോള്‍ പ്രകൃതി തന്നെ വിഭാവനം ചെയ്യുന്ന, മനുഷ്യന്റെ വിചാരപ്പെടലുകളുമായി ഇടപഴകുന്ന സാര്‍വത്രികമായ ചില പ്രതീകങ്ങളുണ്ട്. ‘കറുത്ത കരങ്ങള്‍’ എന്ന പ്രയോഗം തന്നെ കറുപ്പിനെ ഒരു ന്യൂനതയായി ചിത്രീകരിക്കുന്നു. അതേസമയം, എല്ലായ്പ്പോഴും കറുപ്പിന് മനുഷ്യാനുഭവത്തിലെ ഈ ന്യൂനത ലഭ്യമാകണമെന്നില്ല. ഉദാഹരണത്തിന്‌, മനുഷ്യരുടെ കാഴ്ചയില്‍ കാര്‍, കുട, വസ്ത്രം തുടങ്ങിയവക്കെല്ലാം കറുപ്പിന് അസ്തിത്വപരമായി ഒരു ന്യൂനതയുമുണ്ടെന്ന അവകാശവാദമില്ല. പക്ഷേ, പൊതുവില്‍ മനുഷ്യരുടെ അഭിരുചിയില്‍ താന്‍ കാണുന്ന മനുഷ്യരുടെ കറുത്ത ചര്‍മ്മം മോശമാണെന്ന തോന്നലാണ് പ്രകൃതിയില്‍ തന്നെ അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്. കറുപ്പിന്റെ സ്ഥാനത്ത് വെളുപ്പിനാണ് അസൗന്ദര്യവും ഭംഗി കേടും അല്ലാഹു കണക്കാക്കിയിരുന്നതെങ്കില്‍ ആളുകള്‍ക്ക് കറുപ്പ് അഴകായും വശ്യതയായും അനുഭവപ്പെടുമായിരുന്നു. അതിനാല്‍, ദൈവിക നിശ്ചയം മാത്രമാണ് ഇവിടെ നിദാനം. ഇതിലൂടെ ”ബ്യൂട്ടി ലെയ്സ് ഇന്‍ ദ ഐസ് ഓഫ് ബിഹോള്‍ഡര്‍” എന്ന പോസ്റ്റ് മോഡേണ്‍ സബ്ജക്ടിവിറ്റിയെ ഇസ്‌ലാം പൂര്‍ണമായും നിരാകരിക്കുന്നു. പകരം, വൈയക്തികമായ അനുഭവങ്ങളല്ല, മറിച്ച്, ദൈവം വസ്തുനിഷ്ഠമായി അഴകിനെയും അഴകില്ലായ്മയെയും പരീക്ഷണത്തിന് വേണ്ടി സംവിധാനിച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.

കറുത്തവരോടുള്ള അനീതിയാകുമോ എന്ന് കരുതി പോസ്റ്റ്മോഡേണ്‍ ചട്ടക്കൂടിനനുസരിച്ച് അഴക് ആത്മനിഷ്ഠമാണെന്ന് സ്ഥാപിക്കാന്‍ മുസ്ലിംകള്‍ ശ്രമിച്ചാല്‍ സത്യവും മൂല്യവും എല്ലാം ആത്മനിഷ്ഠമാണ് എന്നുകൂടി അവര്‍ അംഗീകരിക്കേണ്ടി വരും. അതാണെങ്കില്‍ ഇസ്‌ലാമിക ലോകവീക്ഷണത്തിന് വിരുദ്ധവുമാണ്. ആധുനികതയുടെ വസ്തുനിഷ്ഠയും ഉത്തരാധുനികതയുടെ ആത്മനിഷ്ഠയും മുസ്‌ലികള്‍ അവരുടെ ചട്ടക്കൂടായി സ്വീകരിക്കേണ്ടതില്ല. മറിച്ച്, അവര്‍ ആഖിറവും ബലാഉം അടിസ്ഥാനപ്പെടുത്തിയുള്ള സ്വന്തമായ ചട്ടക്കൂടിലേക്ക് മാറുകയാണ് വേണ്ടത്.

ഇസ്‌ലാമിക ദൈവശാസ്ത്രത്തില്‍ വെളുപ്പിന് കറുപ്പിനേക്കാള്‍ വലിയ സ്ഥാനം ലഭ്യമാകുന്നത്/ അല്ലെങ്കില്‍ വെളുപ്പ് ഗുണവും കറുപ്പ് ദോഷവും ആകുന്നത് അവയുടെ സത്തയില്ല, മറിച്ച് മനുഷ്യരുടെ അനുഭവത്തിലും വ്യവഹാരത്തിലുമാണ്. ഈ അനുഭവം മനുഷ്യര്‍ക്ക് വേണ്ടി അല്ലാഹു സംവിധാനിച്ച പരീക്ഷണമാണ്. ഈ അനുഭവം മനുഷ്യര്‍ക്കുള്ളത് കൊണ്ടാണ് ”കറുത്തിരുണ്ട മുഖങ്ങള്‍” ”വെളുത്ത മുഖങ്ങള്‍” എന്നീ രൂപകങ്ങള്‍ ഖുര്‍ആന്‍ ഉപയോഗിക്കുന്നത്. നന്മതിന്മകള്‍ അളക്കപ്പെടുന്ന വിചാരണവേളയെക്കുറിച്ച് മനുഷ്യരോട് ഫലപ്രദമായി സംവേദനം നടത്താന്‍ വേണ്ടിയാണ് ഇത്തരം പ്രയോഗങ്ങള്‍. അഥവാ, കറുപ്പും വെളുപ്പും രണ്ട് കേവലമൂല്യങ്ങളല്ല, മറിച്ച് മനുഷ്യാനുഭവത്തിലെ യാഥാര്‍ഥ്യങ്ങള്‍ മാത്രമാണ്.

മുടന്ത്, മൂകത, ബധിരത, വെള്ളപ്പാണ്ട് തുടങ്ങിയ ശാരീരിക പരിമിതികള്‍ പോലെ കറുപ്പും മനുഷ്യരുടെ അനുഭവത്തില്‍ സൗന്ദര്യത്തിന്റെ അഭാവത്തെയാണ് സൂചിപ്പിക്കുന്നത് എന്നതില്‍ തര്‍ക്കമൊന്നുമില്ല. പക്ഷേ, അവയെ പ്രായോഗികവും ന്യായവുമായി പരിഹരിക്കുകയും അവയുടെ പിന്നിലെ സൂക്ഷ്മമായ ഹിക്മത്തിനെ പരിചയപ്പെടുത്തുന്നതിലുമാണ് ഇസ്‌ലാമിക ദൈവശാസ്ത്രത്തിന്റെ സൗന്ദര്യം. ശാരീരികമായ ഭംഗിയുടെ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച അല്ലാഹു തന്നെ അവക്കു പിന്നിലെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ അടിവരയിടുന്നുണ്ട്.

മറ്റു ന്യൂനതകള്‍ക്കും കുറവുകള്‍ക്കും അനുരൂപമായി കറുപ്പിനെ വീക്ഷിക്കുന്നതിനുള്ള തടസ്സം താരതമ്യേന ചെറിയ സഹതാപം മാത്രമേ കറുപ്പ് നമ്മുടെ സാമൂഹിക പശ്ചാത്തലത്തില്‍ അവകാശപ്പെടുന്നുള്ളൂ എന്നതുകൊണ്ടാണ്. ന്യൂനത എന്ന നിലയില്‍ മുടന്തിന് ലഭിക്കുന്ന സഹതാപം എന്തുകൊണ്ട് കറുപ്പിലേറെ കൂടുതലാണ്? ഒരുപക്ഷേ, ന്യൂനതയ്ക്ക് സമൂഹത്തിലുള്ള ആധിക്യം അവയുടെ തീവ്രതയും ഗൗരവവും കുറച്ചതായേക്കാം. കാഴ്ചക്കുറവും കേള്‍വിക്കുറവും ഒരേസമയം രണ്ട് ന്യൂനതകളാകുമ്പോള്‍ തന്നെ, കണ്ണട വെക്കുന്നതും ഹിയറിങ് എയ്ഡ്സ് ധരിക്കുന്നതും വ്യത്യസ്തമായ മനോഭാവത്തോടെയാണല്ലോ ആളുകള്‍ കാണുന്നത്. കേള്‍വി പരിമിതിയും അതിന് കേള്‍വീസഹായി ധരിക്കുന്നതും സമൂഹത്തില്‍ വളരെ വിരളമാണെന്നതും കണ്ണടകള്‍ സര്‍വ്വസാധാരണമാണെന്നതും ഇതിനു തെളിവാണ്. സമാനമായ അവസ്ഥയാണ് കറുപ്പിന്റേതുമെന്ന് വിലയിരുത്താം.

ഇവിടെ Problem of Suffering എന്ന ദൈവശാസ്ത്ര ചര്‍ച്ചയുടെ സമസ്യയിലേക്ക് പ്രതിപാദ്യ വിഷയം ചെന്നു നില്‍ക്കുന്നത് കാണാം. പ്രകൃതിപരമായ ഈ ന്യൂനതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍, അവക്ക് തൃപ്തികരവും ന്യായവുമായ പരിഹാരങ്ങള്‍ മതം വിഭാവനം ചെയ്യേണ്ടതുണ്ട്. ഇസ്ലാമിക ലോക വീക്ഷണം അതിന് തൃപ്തികരവും സമഗ്രവുമായ ഉത്തരമാണ് നല്‍കുന്നത്. ഖുര്‍ആനും പ്രവാചക അധ്യാപനങ്ങളും പങ്കുവെക്കുന്ന ഫ്രെയിം വര്‍ക്ക് തന്നെ ഇഹ-പര ലോകങ്ങളെ ഉള്‍ക്കൊള്ളുന്നതാണ്. ഐഹിക ലോകത്ത് മനുഷ്യ സൃഷ്ടിപ്പിന്റെ ദൈവിക ലക്ഷ്യത്തെ അല്ലാഹു അവതരിപ്പിക്കുന്നുണ്ട്; ‘ബലാ’ അഥവാ പരീക്ഷണം എന്നതാണ് ഐഹിക ജീവിത ലക്ഷ്യത്തെ നിര്‍മ്മിക്കുന്നതിനും അഭൗമിക ജീവിതത്തെ സഫലമാക്കുന്നതിനും ഇസ്ലാം നല്‍കുന്ന മാനം.

രോഗവും ആരോഗ്യവും, ഐശ്വര്യവും ദാരിദ്ര്യവും സാമ്പത്തിക അഭിവൃദ്ധിയും ദാരിദ്ര്യവും ഒരുപോലെ അല്ലാഹുവിന്റെ പരീക്ഷണങ്ങളാണ്. അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ മനുഷ്യന്‍ കൃതജ്ഞതയുള്ളവനാണോ എന്നും, ന്യൂനതകളും അസ്വസ്ഥതകളും പേറുന്നവന്‍ ദൈവിക വിധിയില്‍ സംതൃപ്തനാണോ എന്നും ക്ഷമ കൈക്കൊള്ളുന്നുണ്ടോ എന്നുമുള്ള പരീക്ഷണമാണ് വിശ്വാസിയിലെ ബാഹ്യമായ ഐഡന്റിറ്റിയില്‍ കവിഞ്ഞ് ആന്തരികമായ ചേതോവികാരങ്ങളെ നയിക്കുന്നത്.

ശാരീരിക പരിമിതികളില്‍ മുടന്ത് ഇല്ലാതിരിക്കല്‍ ഗുണമായും ഉണ്ടാവല്‍ ദോഷവുമായാണ് ഇഹലോകത്ത് പ്രകൃതിപരമായി മനുഷ്യര്‍ മനസ്സിലാക്കുന്നത്. അല്ലാഹു അങ്ങനെ തന്നെയാണ് അവയെ ഭൂമിയില്‍ സംവിധാനിച്ചിട്ടുമുള്ളത്. രണ്ടും അല്ലാഹുവിന്റെ പരീക്ഷണങ്ങളാണ്. മുടന്ത് ഉള്ളവന്‍ ക്ഷമിക്കുന്നുണ്ടോ എന്നും ഇല്ലാത്തവന്‍ ദൈവ സൃഷ്ടിപ്പിന് നന്ദി കാണിക്കുന്നുണ്ടോ എന്നും അല്ലാഹു പരീക്ഷിക്കുന്നു. സമാനമായി മനുഷ്യരില്‍ അടങ്ങിയിട്ടുള്ള ബോധ്യം മനുഷ്യരുടെ വെളുത്ത ചര്‍മം സൗന്ദര്യവും കറുപ്പ് സൗന്ദര്യ കുറവുമാണെന്നാണ്. ഇസ്ലാമിലെ ‘ബലാ’ എന്ന ഉദ്ദേശ്യത്തിന്റെ ആശയ വ്യാപ്തിയില്‍ കറുപ്പ് കാരണം സമൂഹത്തില്‍ നേരിടേണ്ടിവരുന്ന അപഹാസ്യങ്ങളും അരികുവല്‍ക്കരണങ്ങളും വിശ്വാസി ക്ഷമിക്കുമ്പോള്‍ ദൈവപ്രീതി കരഗതമായതില്‍ ഭൂമിയില്‍ തന്നെ മാനസികമായി സമാധാനിക്കാനും, ആഖിറത്തില്‍ ആത്യന്തികമായ വിജയം കൈവരിക്കാനും അവന് സാധിക്കുന്നു. അതേസമയം തന്റെ വെളുത്ത ചര്‍മം കാരണം ഭൂമിയില്‍ ലഭിച്ച പ്രിവിലേജുകളെ അവന്‍ എങ്ങനെ വിനിയോഗിക്കുന്നു എന്നും ദൈവിക അനുഗ്രഹത്തില്‍ കൃതാര്‍ത്ഥനാണോ; അതോ അവന്‍ അഹങ്കാരിയും വിവേചകനും ആകുന്നുണ്ടോ എന്നും അല്ലാഹു പരീക്ഷിക്കുന്നു. മാത്രമല്ല, ശാരീരിക പരിമതിയും സമ്പത്തും ഉള്ളവനോട് അതിന്റെ തോതനുസരിച്ച് ആഖിറത്തില്‍ വിചാരണയുണ്ടാകും, അവയില്ലാത്തവര്‍ക്ക് ക്ഷമിച്ചതിന്റെ ഫലമായി പാപമോചനവും, വിചാരണയില്‍ ആശ്വാസവും ലഭിക്കുന്നു.

ഈ തത്വമനുസരിച്ച്, ഇഹലോകത്തെ യാതനകള്‍ പരലോകത്ത് ഗുണപരമായി ഭവിക്കുകയും ചെയ്യുന്നു. കറുപ്പിന്റെ ദൈവശാസ്ത്രത്തില്‍ ഈ ലോകവീക്ഷണം ഏറെ പ്രസക്തമാണ്. Contingent Existence കളായ വെളുപ്പിനും കറുപ്പിനും രണ്ടു വ്യത്യസ്തമായ സൗന്ദര്യ ഭാവം തിരഞ്ഞെടുത്ത അല്ലാഹു തന്നെ രണ്ടുകൊണ്ടുമുള്ള ലക്ഷ്യത്തെയും സ്പഷ്ടമാക്കിയിട്ടുണ്ട് എന്നതാണ് ബ്ലാക്ക് സഫറിങ്ങിനോടുള്ള ഇസ്ലാമിന്റെ ദൈശാസ്ത്രപരമായ കാഴ്ചപ്പാടിനെ വ്യത്യസ്തമാക്കുന്നത്.

ചുരുക്കത്തില്‍, ദൈവം എന്തിന് ന്യൂനതകളെ സൃഷ്ടിച്ചുവെന്നും കറുപ്പിനെ തിന്മയുടെ രൂപകമാക്കിയെന്നും ചോദിക്കുന്നത് പ്രകൃതിയിലെ അഭൗതിക ഏജന്‍സിയുടെ അധികാരത്തെ നിഷേധിക്കുന്നതാണ്. ആ നിഷേധം പക്ഷേ ഐഹിക പ്രാപഞ്ചികതയെ തന്നെ ഉള്‍ക്കൊള്ളുന്നതിന് വിഘാതം ഏല്‍പ്പിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

തിയോഡസിയില്‍ കേന്ദ്രീകൃതമായ ഇസ്ലാമിന്റെ ലോകവീക്ഷണം Black Suffering നെ ക്രിയാത്മകമായി പരിഹരിക്കുന്നതാണെന്നുള്ള സമര്‍ത്ഥനത്തെ William Jones കണിശമായി എതിര്‍ക്കുന്നുണ്ട്: കറുത്തവര്‍ഗ്ഗക്കാരുടെ മേല്‍ നടക്കുന്ന വ്യവസ്ഥാപിതമായ അടിച്ചമര്‍ത്തലിന് തടയിടാന്‍ ക്ലാസിക്കല്‍ തിയോഡസിയുടെ സങ്കല്പങ്ങള്‍ പരാജയപ്പെടുന്നുവെന്ന് William Jones വിമര്‍ശിക്കുന്നു. നീതിമാനും സ്നേഹനിധിയുമായ ഒരു ദൈവം എന്തുകൊണ്ടാണ് കറുത്തവര്‍ഗ്ഗക്കാരുടെ പ്രത്യേകിച്ച് അമേരിക്കന്‍ വംശീയതയിലെ കഷ്ടപ്പാടുകള്‍ അനുവദിക്കുന്നുവെന്ന് അദ്ദേഹം ചോദ്യം ചെയ്യുന്നു4.

James Cone പോലുള്ള Black Liberation Theology യുടെ പ്രധാന വക്താക്കള്‍ മുന്നോട്ടുവെക്കുന്ന വീക്ഷണം ദൈവം അരികുവല്‍കരിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്ന അധഃസ്ഥിത വിഭാഗത്തോടൊപ്പമാണെന്നാണ്. ലിബറേഷന്‍ മൂവ്മെന്റുകള്‍ക്ക് അനുക്രമമായി കടന്നുവന്ന ഈ ഡിസ്‌കോഴ്സുകളെ വിശ്വാസശാസ്ത്രപരമായി സ്വാംശീകരിക്കാന്‍ ക്ലാസിക്കല്‍ അശ്അരി സരണി പൂര്‍ണ്ണമായും സന്നദ്ധമല്ല. മാത്രമല്ല, ദൈവം കറുത്തവരുടെ വിമോചനത്തെ പിന്തുണയ്ക്കുന്നുവെന്നും അവരോടൊപ്പമാണെന്നും കരുതുന്നത് ദൈവശാസ്ത്രത്തെ തെറ്റായ പ്രതീക്ഷയുടെ ഉപകരണമാക്കി മാറ്റുന്നുവെന്ന് William Jones മുന്നറിയിപ്പ് നല്‍കുന്നു.

Is God a White Racist? എന്ന ഗ്രന്ഥത്തില്‍ William Jones കൊണ്ടുവരുന്ന മറ്റൊരു സംജ്ഞ Humano centric Theism എന്നതാണ്. ദൈവിക ഇടപെടലിനും പരിഹാരത്തിനും കാത്തുനില്‍ക്കാതെ ലിബറേഷന്റെ പ്രാഥമിക ഏജന്റുകളായി മാനുഷിക ഉത്തരവാദിത്വം എന്ന നിലയില്‍ മനുഷ്യന്‍ ആന്റി ബ്ലാക്ക്നസിനെതിരെ പ്രതികരിക്കണമെന്ന ആശയമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്5.

എന്നാല്‍, ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍ യഥാര്‍ത്ഥ ഐഹിക വിമോചനം നിറത്തെ സംബന്ധിച്ചുള്ള കലുഷിതമായ വെല്ലുവിളികള്‍ക്കിടയിലും സഹനം കൈക്കൊള്ളുക വഴി ദൈവത്തിലുള്ള സ്വീകാര്യത ഓര്‍ത്ത് ലഭിക്കുന്ന മാനസികമായ വിമോചനമാണ്; പരമമായ വിമോചനം പരലോക ജീവിതത്തില്‍ മാത്രം ലഭ്യമാകുന്നതുമാണ്. എന്നാല്‍, ഈ വീക്ഷണത്തിലൂടെ ഇസ്ലാം റേസിസത്തെ ന്യായീകരിക്കുന്നില്ല. മറിച്ച്, കറുത്തവരോടുള്ള വിവേചനത്തിനെതിരെ തന്റെ കര്‍തൃത്വം ഉപയോഗിക്കാനാണ് ഇസ്ലാം കല്‍പ്പിക്കുന്നത്. വിവേചനമെന്ന ശീലത്തോട് മനുഷ്യനെങ്ങനെ പ്രതികരിക്കുന്നു എന്നാണ് ദൈവം നോക്കുന്നത്. വിവേചനം തുടച്ചുനീക്കണമോ വേണ്ടയോ എന്ന തീരുമാനം അവന്‍ ദൈവത്തിന് വിടുകയാണ് ചെയ്യേണ്ടത്. ഒരു പക്ഷേ, ചിലരെ ദൈവം ഇഹലോകത്തു വെച്ചു തന്നെ വിവേചനത്തില്‍ നിന്ന് വിമോചിപ്പിച്ചേക്കും, ചിലരുടെ കാര്യം പരലോകത്തേക്ക് നീക്കിവെക്കുകയും ചെയ്തേക്കും.

ഇസ്ലാമും വംശീയതയും

വംശവെറിയുടെയും വര്‍ണ്ണ വിവേചനത്തിന്റെയും നിന്ദ്യമായ ആറാം നൂറ്റാണ്ടിലെ അറേബ്യയുടെ സാമൂഹിക പശ്ചാത്തലത്തിലേക്കാണ് ഒരു നവോത്ഥാന നായകനായി പ്രവാചകന്റെ കടന്നുവരവ്. മനുഷ്യമനസ്സുകളില്‍ അടരുപിടിച്ചിരുന്ന ഈ മനോഗതികളെ നന്മകളിലേക്ക് പറിച്ചുനടലായിരുന്നു റസൂലിന്റെ മാനവിക ദൗത്യം. ഇസ്ലാമിന്റെ അധ്യാപനങ്ങളിലും പ്രവാചക പൊരുളുകളിലും ഈ മാനവികതയുടെ സന്ദേശം കണ്ടെത്താം.

വെള്ളക്കാരനെതിരെ വെറുപ്പ് ഉല്‍പാദിപ്പിച്ചുകൊണ്ടുള്ള ബ്ലാക്ക് ലിബറേഷന്‍ പ്രസ്ഥാനങ്ങളുടെ വിമോചന പ്രസ്താവ്യങ്ങളില്‍ നിന്ന് വിപരീതമാണ് ഇസ്ലാമിന്റെ സന്ദേശം. പ്രവാചകന്‍ പറഞ്ഞു: ”ഒരു അറബിക്ക് അനറബിയെക്കാളോ, അനറബിക്ക് അറബിയെക്കാളോ, വെളുത്തവന് കറുത്തവനെക്കാളോ, കറുത്തവന് വെളുത്തവനെക്കാളോ ഒരു ശ്രേഷ്ഠതയുമില്ല, അവരുടെ ദൈവ ഭക്തികൊണ്ടല്ലാതെ”.
ബാഹ്യമായ ശരീര സൗന്ദര്യത്തിലോ വംശവിശുദ്ധിയിലോ മഹിമ കല്‍പ്പിക്കാതെ മനുഷ്യകുലത്തെ നൈതികതയിലേക്കും ആത്മീയതയിലേക്കും വഴി നടത്തുകയാണ് പ്രവാചകര്‍ ചെയ്തത്.

ഒരിക്കല്‍ പ്രവാചകന്റെ അനുചരനായ അബൂദര്‍ (റ) ചെറിയൊരു തര്‍ക്കത്തിന് ഇടയില്‍ ബിലാല്‍ (റ) നെ ”കറുത്ത അടിമയുടെ മകനേ” അബദ്ധവശാല്‍ അഭിസംബോധന ചെയ്യുകയുണ്ടായി. ശേഷം അബൂദര്‍ (റ) തന്നെ അതിനു മാപ്പപേക്ഷിക്കുകയും തന്റെ കവിള്‍ ഭൂമിയില്‍ വച്ച് കവിളില്‍ ചവിട്ടാന്‍ ബിലാലിനോട് ആവശ്യപ്പെടുകയും ചെയ്തു. പ്രവാചകനോട് പ്രസ്തുത സംഭവം അബൂദര്‍ (റ) തന്നെ പിന്നീട് ഒരിക്കല്‍ അവതരിപ്പിക്കുന്നുണ്ട്. പ്രവാചകന്‍ മറുപടി നല്‍കി: ”നിന്നില്‍ ഇപ്പോഴും ജാഹിലിയ്യത്ത് അവശേഷിക്കുന്നു. അടിമകള്‍ നിങ്ങളുടെ സഹോദരന്മാരും ദാസന്മാരുമാണ്. ദൈവം അവരെ നിങ്ങളുടെ നിയന്ത്രണത്തിലാക്കിയിരിക്കുന്നു. അതുകൊണ്ട് ആരെങ്കിലും തന്റെ സഹോദരനെ നിയന്ത്രണത്തിലാക്കിയാല്‍, അവന്‍ കഴിക്കുന്നതില്‍ നിന്ന് അവന് ഭക്ഷിക്കട്ടെ. അവന്‍ ധരിക്കുന്നതില്‍ നിന്ന് അവന്‍ വസ്ത്രം ധരിക്കട്ടെ. അവര്‍ക്ക് താങ്ങാന്‍ കഴിയാത്തത് അവരുടെ മേല്‍ ചുമത്തരുത്”.

പ്രസിദ്ധമായ ഈ ഹദീസ് ഉദ്ധരിച്ചുകൊണ്ട് jahiliyya എന്ന പദം ക്ലാസിക്കല്‍ അറബിയിലെ വംശീയതയ്ക്കുള്ള പ്രയോഗം ആയിരുന്നുവെന്ന് ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഓഫ് ലീഡ്സിലെ തിയോളജി ഫാക്കല്‍റ്റി ആയ Tajul islam എന്ന പണ്ഡിതന്‍ വിശദീകരിക്കുന്നു6.

പ്രവാചകന്റെ മറ്റൊരു ഹദീസ്: ”ഒരു എത്യോപ്യന്‍ അടിമയെ നിങ്ങളുടെ മേല്‍ അധികാരം ഏല്‍പ്പിക്കപ്പെട്ടാലും, അവന്റെ തല മുന്തിരിക്കുല പോലെയാണെങ്കില്‍ പോലും, നിങ്ങള്‍ അവനെ അനുസരിക്കുകയും വഴിപ്പെടുകയും ചെയ്യുക”. മനുഷ്യന്റെ ശാരീരിക വിശേഷണങ്ങള്‍ അവന്റെ ഐഡന്റിറ്റിയെ നിര്‍വചിക്കുന്നില്ല എന്നും അവനെ മഹത്വവല്‍ക്കരിക്കുകയോ അവമതിക്കുകയോ ചെയ്യുന്നില്ല എന്നുമാണ് ഇസ്ലാമിന്റെ അധ്യാപനം.

ബ്ലാക്ക് ലിബറേഷന്റെ പരമമായ ഇടം ആഖിറമാണ് എന്ന് പരിചയപ്പെടുത്തുമ്പോഴും സമൂഹത്തിന്റെ നാനാ തുറകളിലുമുള്ള സാമൂഹിക അസമത്വങ്ങളെയും വംശീയതയെയും ഇസ്ലാം നിശിതമായി വിമര്‍ശിക്കുകയും പരമാവധി നിഷ്‌കാസനം ചെയ്യുകയും ചെയ്തു. ഡാര്‍ക്ക് ഏജിന്റെ അന്ധകാരയുഗത്തില്‍ പ്രവാചക അധ്യാപനങ്ങളോളം വലിയ മാനവികതയുടെ ആള്‍രൂപം ചരിത്രത്തില്‍ അന്യമാണ്. ഓറിയന്റലിസ്റ്റ് വിമര്‍ശനങ്ങളുടെയും നവ നാസ്തിക ജല്‍പനങ്ങളുടെയും അകക്കാമ്പ് ചരിത്രത്തിന്റെ പുനരാലോചനയില്‍ വിസ്മൃതമാകാവുന്നതേയുള്ളൂ.

  1. AlRazi, Mafatih alghayb (Beirut: Dar Ihya’ alTurath alArabi, 1420/2000), 27:469 ↩︎
  2. Jackosn, Sherman A. Islam and the Problem of Black Suffering. Oxford Universtiy Press, 2009 ↩︎
  3. Brown, Jonathan A.C. Islam and Blackness. Oneworld Academic, 2022, p. 16. ↩︎
  4. Jones, William R. Is God a White Ractsi?: A Preamble to Black Theology. Beacon Press, 1997 ↩︎
  5. Jones, William R. Is God a White Ractsi?: A Preamble to Black Theology. Beacon Press, 1997 ↩︎
  6. Islam and AntiBlackness: Leaving Ignorance Behind, Jonathan A.C Brown ↩︎

(തയ്യാറാക്കിയത്: സിനാന്‍ കൂട്ടിലങ്ങാടി)

റശീദ് ഹുദവി ഏലംകുളം

ഹെഡ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റഡി ഓഫ് റിലീജ്യണ്‍
ദാറുല്‍ ഹുദാ ഇസ്്‌ലാമിക് യൂണിവേഴ്‌സിറ്റി

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Most popular

Most discussed