2012ലെ ഒരു ദീപാവലി ദിനം. കശ്മീരിയായ എന്റെ സുഹൃത്ത് സുഹൈലിനൊപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കുകയായിരുന്നു ഞാന്‍. പടക്കങ്ങളുടെ ശബ്ദം കേള്‍ക്കുമ്പോള്‍ പെട്ടെന്നുള്ള നടുക്കത്താൽ അവന്റെ ശരീരം വിറകൊള്ളുന്നു. എന്നാല്‍ അതിന്റെ കാതടപ്പിക്കുന്ന ശബ്ദം അവനെ ഭയപ്പെടുത്തുന്നതേയില്ല. ഈ വിറയലിന്റെ കേന്ദ്രം സുഹൈലിന്റെ ഉപബോധ മനസ്സിൽ സ്ഥിരപ്പെട്ട മെമ്മറിയായിരിക്കണം. നിത്യജീവിതത്തില്‍ അനുഭവിക്കുന്ന അക്രമങ്ങളുടെ ചരിത്രത്തെ അതത് ദേശങ്ങളിലെ വ്യക്തികളുടെ ശരീരങ്ങള്‍ എപ്രകാരമാണ് സ്വാംശീകരിക്കുന്നതെന്നും ഉള്‍ക്കൊള്ളുന്നതെന്നും ഞാന്‍ മനസ്സിലാക്കുന്നത് ഈ സംഭവത്തിലൂടെയാണ്. കാശ്മീരില്‍ നഗര-ഗ്രാമഭേദമന്യേ സാധാരണ ജനജീവിതത്തിന്റെ ശബ്ദ പരിസരത്ത് നിറഞ്ഞുനില്‍ക്കുന്ന ടിയര്‍ ഗ്യാസുകളുടെയും അതിന്റെ വിസ്ഫോടന ശബ്ദം ആഴത്തില്‍ കുടിയിരിക്കുന്ന ഓര്‍മ്മകളുടെയും സ്വാഭാവിക പ്രതികരണമാണിത്. ഇന്ദ്രിയാനുഭവങ്ങള്‍ വ്യക്തികളില്‍ മൂര്‍ത്തീകരണം സാധ്യമാകുന്നത് എങ്ങനെയെന്നത് സംബന്ധിച്ചുള്ള ഹെന്റി ബെര്‍ഗ്സണിന്റെ പഠനം ഇതിനോട് ചേര്‍ത്തുവായിച്ചാല്‍ കാര്യങ്ങളുടെ കിടപ്പുവശം വ്യക്തമാവും.
കാശ്മീരിലെ രാഷ്ട്രീയ സംഘര്‍ഷ മേഖലകളിലെ ടിയര്‍ ഗ്യാസ് ഷെല്ലിങ്ങുകളെയും അത് കശ്മീരികളുടെ നിത്യജീവിതത്തില്‍ ഉണ്ടാക്കുന്ന പരിണിത ഫലങ്ങളെയുമാണ് ഈ ലേഖനം പരിശോധിക്കുന്നത്. ശ്രീനഗറിലെ കനത്ത സൈനിക ബന്തവസ്സിനിടയിലും സ്വകാര്യ ഇടങ്ങളിലേക്കും വീടുകളിലേക്കും പരിധിയില്ലാതെ വ്യാപിക്കുന്ന ഗ്യാസിന്റെ ശ്വാസംമുട്ടിക്കുന്ന ഗന്ധവും ശബ്ദവും എല്ലാം അടങ്ങുന്ന ഇന്ദ്രിയാനുഭവ ലോകത്തെ പഠിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ശ്രീനഗറിലെ ഡൗണ്‍ ടൗണുകളിലെ ജനങ്ങളുടെ സാമൂഹിക ജീവിത പരിസരത്തെ ഈ വിനാശകാരിയായ രാസായുധം ബാധിക്കുന്നതെങ്ങനെയാണ് എന്നതാണ് ഞാൻ അന്വേഷിക്കുന്ന പ്രധാന ചോദ്യം. വിപ്ലവത്തെയും വിഘടനവാദത്തെയും നിയന്ത്രിക്കുക എന്ന ലേബലിലാണ് ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പ്രയോഗിക്കപ്പെടുന്നത്. കലാപകാരികള്‍ക്കും പ്രദേശത്തെ സാധാരണ പൗരന്മാര്‍ക്കുമിടയിലും, ആസാദി പസന്ദ് (സ്വതന്ത്ര കശ്മീര്‍ വാദികള്‍) ആയവരും അല്ലാത്തവരുമായവരുടെ വീടുകള്‍ക്കിടയിലും വേര്‍തിരിച്ചറിയാനുമുള്ള എന്ത് കഴിവാണ് ഈ പ്രതിരോധ ആയുധത്തിനുള്ളത്. അത്യന്തം ഭീകരവും വിഷമയവുമായ കാശ്മീരികളുടെ ജീവിത പരിസരത്തെയും സാമൂഹിക ചുറ്റുപാടുകളെയും ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തിലല്ലാതെ വായിക്കുന്നത് അപൂര്‍ണ്ണമാണ്.
ശബ്ദങ്ങളും ഗന്ധവും അടങ്ങുന്ന ഇന്ദ്രിയാനുഭവങ്ങള്‍ക്ക് സാമൂഹികപഠനത്തില്‍ വലിയ പ്രാധാന്യമുണ്ട്. കൃത്യമായ തിയ്യതി ഓര്‍ക്കുന്നില്ലെങ്കിലും 90 കളുടെ തുടക്കത്തിലോ മധ്യത്തിലോ നടന്ന ഒരു സംഭവം ഞാന്‍ ഓര്‍ക്കുകയാണ്. നൗവട്ട ചൗക്കിലൂടെ സഞ്ചരിക്കുകയായിരുന്ന സാധാരണക്കാരനായ ഓട്ടോറിക്ഷ ഡ്രൈവര്‍ റോഡില്‍ കിടന്നിരുന്ന ഫ്രൂട്ടി കുപ്പിയുടെ മുകളിലൂടെ പോവുകയും അത് ചെറിയ ശബ്ദം ഉല്പാദിപ്പിക്കുകയും ചെയ്തു. അതിര്‍ത്തി സേനയാവട്ടെ സ്ഫോടക വസ്തു ആണെന്ന് ധരിച്ച് വെടിയുതിര്‍ക്കുകയും ഡ്രൈവറും യാത്രക്കാരനും തല്‍ക്ഷണം കൊല്ലപ്പെടുകയും ചെയ്തു. സാമൂഹികവും രാഷ്ട്രീയവുമായ ഒരുതരം അരക്ഷിതാവസ്ഥ ഈ ഇന്ദ്രിയാനുഭവങ്ങളും അവയുടെ ഓര്‍മ്മകളും കശ്മീരികളുടെ ജീവിതത്തില്‍ ഉല്പാദിപ്പിക്കുന്നുണ്ട്. 2015 മുതല്‍ 2017 വരെ ടിയര്‍ ഗ്യാസ് ഷെല്ലിങ്ങുകളെ കുറിച്ചും അവയുടെ വിവിധ വശങ്ങളെക്കുറിച്ചും ഞാന്‍ നടത്തിയ ഫീല്‍ഡ് വര്‍ക്കില്‍ നിന്നുമുള്ള എത്നോഗ്രഫി നോട്ടുകളാണ് പ്രധാനമായും ഈ ലേഖനത്തില്‍ ഞാന്‍ ആശ്രയിക്കുന്നത്.
രാജ്യത്തിനോ ദേശ സുരക്ഷക്കോ ഭീഷണിയാകുന്ന കലാപങ്ങളെ നിയന്ത്രിക്കാനുള്ള ഉപകരണമായാണ് ടിയര്‍ ഗ്യാസുകള്‍ ഉപയോഗിക്കപ്പെടുന്നത്. അത് പ്രാഥമികമായി ഉന്നം വെക്കുന്നത് അപകടകാരികളായ കലാപകാരികളെയാണ്. എങ്കിലും കശ്മീരിന്റെ പശ്ചാത്തലത്തില്‍, ടിയര്‍ ഗ്യാസിന്റെ അനിയന്ത്രിതമായ ഉപയോഗം, രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ അതിന്റെ ഓരങ്ങളിലും പരിസരത്തുമുള്ള ഓരോ മനുഷ്യരും ഭീഷണിയാണെന്നും സ്റ്റേറ്റിനെ അവര്‍ ലക്ഷ്യം വെക്കുന്നതിന് മുന്നേ തന്നെ അവരെ ഉന്നം വെക്കണമെന്നുമാണ് സാക്ഷ്യപ്പെടുത്തുന്നത്.
ആദ്യമായി കശ്മീരിലെ ശവസംസ്‌കരണ ചടങ്ങുകളെയാണ് ഞാന്‍ പരിശോധിക്കുന്നത്. സംഘട്ടനങ്ങളുടെ ഇടമായാണ് അവയെ ഞാന്‍ മനസ്സിലാക്കുന്നത്. പ്രതിഷേധക്കാരെയും വിലപിക്കുന്നവരെയും ടിയര്‍ ഗ്യാസ് ഉപയോഗിച്ച് നേരിടുന്ന ഒരു വലിയ ഇന്ദ്രിയലോകം അവിടെ സൃഷ്ടിക്കപ്പെടുന്നു. സംസ്‌കരണ ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് നേരെ അവ പ്രയോഗിക്കുന്നത് ഉന്നം തെറ്റിയല്ല, മനപ്പൂര്‍വമാണ്. രണ്ടാമതായി, ടിയര്‍ ഗ്യാസിന്റെ ഗന്ധം ശ്വസന പ്രക്രിയയില്‍ ഉല്പാദിപ്പിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെയും ശ്വാസതടസ്സങ്ങളുടെയും വിവരണങ്ങളുമാണ് പരിശോധിക്കുന്നത്. വിഷമയമുള്ള ഗ്യാസ് വീടുകള്‍ക്കുള്ളിലേക്ക് പ്രവേശിക്കുകയും ക്ഷണനേരം കൊണ്ട് അവിടങ്ങളിലെ താമസക്കാര്‍ക്ക് ശ്വാസതടസ്സങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഈ ആരോഗ്യപ്രശ്നങ്ങളും ശ്വാസം മുട്ടിക്കലുകളും കശ്മീരിലെ ഡൗണ്‍ ടൗണുകളിലെ നിത്യജീവിതത്തിന്റെ ഭാഗമായിട്ടുണ്ടെന്നാണ് ഞാന്‍ വാദിക്കുന്നത്.
ഒരു ഗവേഷക എന്ന നിലയില്‍ ഫീല്‍ഡിലേക്കുള്ള പ്രവേശനം വലിയ വെല്ലുവിളിയായിരുന്നു. അപ്രവചനീയമായ ഒരുതരം അരക്ഷിതാവസ്ഥ എപ്പോഴും ഈ ഗ്രാമങ്ങളെ ചുറ്റിപ്പറ്റി നിന്നിരുന്നു. വെള്ളിയാഴ്ചകളിലാവട്ടെ, കര്‍ഫ്യൂ ദിനങ്ങളിലാവട്ടെ വൈവിധ്യപൂര്‍ണമായ ശബ്ദ പരിസരവും ഇന്ദ്രിയ ലോകവും ആണ് ശ്രീനഗറിനുള്ളത്. ശ്രീനഗറിന്റെയും സമീപ പ്രദേശങ്ങളിലെയും ഗന്ധങ്ങൾ, ശബ്ദങ്ങള്‍, കാഴ്ചകള്‍ എല്ലാം വ്യത്യസ്തമാണ്. ടിയര്‍ ഗ്യാസ് വര്‍ഷിക്കപ്പെട്ട പ്രദേശങ്ങളിലൂടെ കടന്നു പോയി നോക്കൂ. രൂക്ഷമായ ഒരു ഗന്ധം നിങ്ങളുടെ ഉള്ളിലേക്ക് പ്രവേശിക്കും. അപ്പോഴാണ് ശ്രീനഗറിലെ സാമൂഹിക ജീവിതത്തിന്റെ അരക്ഷിതാവസ്ഥ നമുക്ക് ബോധ്യപ്പെടുക. ശ്രീനഗറിലെ ഇന്‍സ്പെക്ടര്‍ ജനറല്‍ ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകന് അനുവദിച്ച സംഭാഷണത്തിൽ പറഞ്ഞത് പ്രകാരം ഓരോ പോലീസ് സ്റ്റേഷനിലേക്കും അനുവദിക്കപ്പെടുന്ന ടിയര്‍ ഗ്യാസിൻറെ അളവ് അതാതു പ്രദേശങ്ങളുടെ ക്രമസമാധാന നിലയും കലാപ ചരിത്രവും ഒക്കെ പരിഗണിച്ചാണ് തീരുമാനിക്കുന്നത്. ശ്രീനഗറിലും കശ്മീരില്‍ എവിടെയും ആവശ്യത്തിലധികം ടിയര്‍ ഗ്യാസിൻറെ ശേഖരമുണ്ടെന്നാണ് പോലിസ് ഭാഷ്യം.
സംസ്‌കരണ ചടങ്ങിലെ യുദ്ധാന്തരീക്ഷം
2016 ജൂണ്‍ പതിനാലിനാണ് സുഹൃത്തായ കശ്മീരി ജേണലിസ്റ്റിനോടൊപ്പം സേന മിലിറ്റന്റാണെന്ന് ആരോപിക്കുകയും ജനം അത് നിഷേധിക്കുകയും ചെയ്ത ഒരാളുടെ സംസ്‌കരണ ചടങ്ങിൽ പങ്കെടുത്തത്. ഓട്ടോറിക്ഷയില്‍ ആയിരുന്നു ഞങ്ങളുടെ സഞ്ചാരം. മരണവീടെത്തുന്നതിനു മുമ്പേ തന്നെ അയാളെന്തൊക്കെയോ പിറുപിറുത്തു തുടങ്ങിയിരുന്നു. വീടടുത്തിട്ടും നിസ്സംഗയായിരുന്ന എന്നോടയാൾ ചോദിച്ചു: അവിടെ ഷെല്ലിങ്ങ് ആരംഭിച്ചു കഴിഞ്ഞു. നിങ്ങള്‍ക്കിപ്പോഴും ഒന്നും വാസനിക്കുന്നില്ലേ…
ഈ അനുഭവമാണ് എന്നെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഗന്ധത്തെക്കുറിച്ചും അതിന്റെ ആന്ത്രപ്പോളജിയെക്കുറിച്ചും ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. അദ്ദേഹം നേരത്തെ സൂചിപ്പിച്ച ഗന്ധം, മരണവീട്ടിലെ വിലാപക്കാര്‍ക്കും പ്രതിഷേധക്കാര്‍ക്കുമെതിരെ സേനയും പോലീസും പ്രയോഗിച്ച ഷെല്ലുകളുടെ രൂക്ഷമായ ഗന്ധമാണ്. ദൂരെ നിന്നും ശബ്ദമൊന്നും കേള്‍ക്കാനാവുന്നില്ലെങ്കിലും ഞങ്ങള്‍ക്കത് മണക്കമായിരുന്നു. സംസ്‌കരണ ചടങ്ങുകളില്‍, വെള്ളിയാഴ്ച ജുമുഅ നിസ്‌കാരശേഷം, കര്‍ഫ്യൂ ദിനങ്ങളില്‍, വിദ്യാര്‍ത്ഥി പ്രതിഷേധ റാലികളില്‍, മുഹറം ഘോഷയാത്രയില്‍ ഇങ്ങനെ കാശ്മീരികളുടെ ഒട്ടുമിക്ക ഒത്തുചേരലുകളിലും ഈ ഗന്ധത്തിന്റെ സാന്നിധ്യമുണ്ട്.
വീടിനോട് കൂടുതല്‍ അടുക്കുംതോറും പൊട്ടിത്തെറിയുടെ ശബ്ദവും കേള്‍ക്കാനായി. വ്യത്യസ്തമായ വലിപ്പത്തിലുള്ള പാറക്കല്ലുകള്‍ റോഡുകളില്‍ ചിതറിക്കിടക്കുന്നു. അടഞ്ഞുകിടക്കുന്ന കടമുറികള്‍. തടിച്ചു കൂടിയ ജനക്കൂട്ടം. ഇപ്പോള്‍ ടിയര്‍ ഗ്യാസിന്റെ ശബ്ദവും മണവും പരസ്പരം കൂടിച്ചേര്‍ന്നിരിക്കുന്നു. ഇതിന് പ്രതികരണമെന്നോണം കുറച്ചു യുവാക്കള്‍ സേനക്ക് നേരെ കല്ലെറിയുന്നു. ഇടംവലം നോക്കാതെ ടിയര്‍ ഗ്യാസ് പ്രയോഗം നടത്തുകയാണ് പോലിസ്. അതിന്റെ ദൃശ്യം ഇപ്പോള്‍ കുറച്ചുകൂടി തെളിഞ്ഞു കാണാം. ഒരു തീനാളം കത്തിയെരിഞ്ഞ് പുകച്ചുരുളുകളായി അന്തരീക്ഷത്തില്‍ പടരുന്നു. പിന്നീട് അത് അയല്‍പക്കങ്ങളില്‍ ഭവനവേദനം നടത്തുന്നു. ഇന്ദ്രിയ ജ്ഞാനവും (sensory perception) ഇന്ദ്രിയങ്ങള്‍ തമ്മിലുള്ള ബന്ധവും കേവലം പഠനോപാധി എന്നതിനപ്പുറം അവ എത്നോഗ്രഫി അന്വേഷണങ്ങള്‍ക്കുള്ള മാര്‍ഗ്ഗങ്ങള്‍ ആവണമെന്ന നിര്‍ദേശം ഡേവിഡ് ഹൗസും കോണ്‍സ്റ്റന്‍സ് ക്ലാസനും തങ്ങളുടെ ദി വെറൈറ്റീസ് ഓഫ് സെന്‍സറി എക്‌സ്പീരിയന്‍സ് (The Varieties of Sensory Experience) എന്ന പുസ്തകത്തില്‍ മുന്നോട്ട് വെക്കുന്നുണ്ട്.
ഈ ലേഖനവും ടിയര്‍ ഗ്യാസിനെ നോക്കിക്കാണുന്നത് കേവലം പഠനോപാധിയായല്ല. പകരം ഗ്യാസ് ഷെല്ലിങ്ങുകള്‍ വഴി സൃഷ്ടിക്കപ്പെടുന്ന വിഷമയമായ പരിസരം ഡൗണ്‍ ടൗണുകളിലെ നിത്യജീവിതത്തെയും അവരുടെ സാമൂഹിക ബന്ധങ്ങളെയും അനുഭവങ്ങളെയും എങ്ങനെയാണ് പുനക്രമീകരിക്കുന്നത് എന്ന് ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ തേടുകയാണ് ചെയ്യുന്നത്. കാഴ്ചയും ഗന്ധവും ശബ്ദവും എല്ലാം ഇഴചേരുന്ന അവസ്ഥയെയും ഡൗണ്‍ ടൗണുകളിലെ ഹാബിറ്റസിനെയും ഇന്ദ്രിയങ്ങളുടെ സാമൂഹികത (sociality of senses) എന്ന് വിശേഷിപ്പിക്കുന്നുണ്ട് ഹോവ്സും ക്ലാസനും.
എന്താണ് ഈ ഗന്ധം വീടുകളിലേക്ക് അരിച്ചുകയറുമ്പോള്‍ സംഭവിക്കുന്നത്. ക്ഷണനേരംകൊണ്ട് രൂക്ഷമായ ഗന്ധം പരക്കുന്നു. ഇതു തുടര്‍ച്ചയായ ചുമക്ക് കാരണമാകുന്നു. കണ്ണുകള്‍ എരിയുന്നു. മിക്ക സ്ത്രീകളും തങ്ങളുടെ ദുപ്പട്ടകളോ ശിരോവസ്ത്രങ്ങളോ കൊണ്ട് മറച്ചാണ് ഇതിനെ പ്രതിരോധിക്കുന്നത്. പോലിസ് മൃതശരീരം വിട്ടുതരാന്‍ ഒരുക്കമല്ലെന്ന് കണ്ടപ്പോള്‍ ജനം പിരിഞ്ഞുപോകാന്‍ ആരംഭിച്ചു. അടുത്തുള്ള വീട്ടിലായിരുന്നു ഞാൻ. മടങ്ങുന്നതിനു മുമ്പ് ഈ വിഷവാതകത്തെ എങ്ങനെ അതിജീവിക്കാം എന്നതിന്റെ പാഠങ്ങള്‍ കൂടി പറഞ്ഞു തരാന്‍ ആ വീട്ടിലെ സ്ത്രീ മറന്നില്ല. വീട്ടിലെത്തിയതിനു ശേഷം തണുത്ത വെള്ളത്തില്‍ കുളിക്കുക. വസ്ത്രങ്ങളെല്ലാം തണുത്ത വെള്ളത്തില്‍ കഴുകുക. ചിലപ്പോള്‍ ഗ്യാസ് നിങ്ങളുടെ വസ്ത്രങ്ങളില്‍ പറ്റിപ്പിടിച്ചേക്കാം. ഭയക്കാനൊന്നുമില്ല. ഇവിടം വിടുന്നതോടെ നിങ്ങളുടെ ശ്വാസ തടസ്സവും നേരെയാവും. ആ സ്ത്രീ ആശ്വാസ വാക്കുകള്‍ ചൊരിഞ്ഞു.

വളരെ വ്യക്തമായി ഈ സംഭവത്തെ ഞാന്‍ വിശദീകരിച്ചത് എന്റെ ചോദ്യങ്ങളുടെ പശ്ചാത്തലം വിശദമാക്കാനാണ്. ആരെയാണ് ഈ ഗ്യാസ് ലക്ഷ്യം വെക്കുന്നത്? വിലപിക്കുന്നവരെയോ അല്ലെങ്കില്‍ പ്രതിഷേധക്കാരെയോ? എങ്ങനെയാണ് ഇവര്‍ക്കിടയില്‍ വേര്‍തിരിച്ചറിയാന്‍ സാധിക്കുക?.
2018 ല്‍ യൂണിവേഴ്സിറ്റി ഓഫ് വലന്‍സിയയില്‍ നടത്തിയ ലെക്ചറില്‍ ചരിത്രകാരനായ ലിയോ വാന്‍ ബെര്‍ഗന്‍ ഗ്യാസിനെ വിശേഷിപ്പിച്ചത് നിശബ്ദനായ കൊലയാളിയെന്നാണ്. ഗ്യാസ് ഉപയോഗിക്കുന്നതു വഴി കേവലം ശത്രുവിനെ മാത്രം ആക്രമിക്കുകയല്ല മറിച്ച് മനുഷ്യകുലത്തെ ഒന്നാകെയാണ് അത് ബാധിക്കുന്നത്. ആളുകളെ കൊല്ലാന്‍ ആണെങ്കില്‍ ബുള്ളറ്റുകള്‍ക്കും ഗ്രനേഡുകള്‍ക്കും അത് സാധ്യമാണ് താനും. പക്ഷേ അവകളില്‍ നിന്നും ഗ്യാസ് വ്യത്യസ്തമാകുന്നത് അതിന്റെ മനുഷ്യത്വരഹിതമായ പ്രകൃതി കൊണ്ടാണ്. നിശബ്ദമായ ഒരു കൊലയാളിയായി, പതുക്കെ പതുക്കെ അത് ജീവനെടുക്കുന്നു.
നിശബ്ദനായ കൊലയാളി എന്ന വിശേഷണത്തോട് എനിക്ക് പൂര്‍ണമായ യോജിപ്പില്ല. നിരവധി ഘട്ടങ്ങളിലൂടെയാണ് ഇത് കടന്നുപോകുന്നത്. പൊട്ടിത്തെറിയുടെ ശബ്ദമാണ് അതില്‍ ഏറ്റവും പ്രഥമമായത്. അതിന്റെ ചീളുകൾ മനുഷ്യശരീരത്തില്‍ പ്രവേശിക്കുകയും ചിലപ്പോള്‍ മരണത്തിനുവരെ കാരണമാവുകയും ചെയ്തേക്കാം. ഒടുവിൽ സര്‍വ്വവ്യാപിയായ ഗന്ധം അന്തരീക്ഷത്തില്‍ പരക്കുന്നു. ഈ ഗന്ധത്തിന് മുന്നില്‍ വിവേചന നിയമങ്ങളോ പരിധി-പരിമിതികളോ ഇല്ല. ഒരു രാഷ്ട്രീയ സംഘര്‍ഷത്തില്‍ ജനതയൊന്നാകെ പരമാധികാരത്തിന്റെ ഇരകളാണെന്ന അഷീല്‍ എംബമ്പേയുടെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്.
ശ്വാസം മുട്ടിക്കുന്ന ഗന്ധങ്ങള്‍
2018 ഒക്ടോബര്‍ പതിനേഴിന് ശ്രീനഗറിലെ ഫതഹ് കടലില്‍ നിന്നുള്ള ഒരു വീഡിയോ പ്രചരിച്ചിരുന്നു. നീല ഫെറാന്‍ ധരിച്ച ഒരു വൃദ്ധ മാറത്തടിക്കുകയും തുടര്‍ച്ചയായി ചുമച്ചു കൊണ്ടിരിക്കുകയും ചെയ്യുകയാണതിൽ. മിലിറ്റന്റുകള്‍ക്കും സേനക്കും ഇടയില്‍ നടന്ന ഏറ്റുമുട്ടലിനിടയില്‍ വര്‍ഷിക്കപ്പെട്ട ടിയര്‍ഗ്യാസ് ആണ് ആ വൃദ്ധക്ക് ശ്വസിക്കേണ്ടി വന്നത്. ശ്വാസകോശത്തില്‍ തങ്ങിയ വിഷവാതകത്തെ പുറന്തള്ളാന്‍ ഇടയ്ക്കിടെ നിലത്തേക്ക് തുപ്പി കൊണ്ടിരിക്കുന്നതും വീഡിയോയില്‍ കാണാം. ഇത് കശ്മീരില്‍ അസാധാരണമായ ഒരു സംഭവമല്ല. സാധാരണ ജനജീവിതത്തില്‍ ഒരു നിത്യ സംഭവമായി അത് മാറിക്കഴിഞ്ഞിട്ടുണ്ട്. Daem എന്ന പ്രയോഗം തന്നെ സൂചിപ്പിക്കുന്നത് ഈ ശ്വാസം മുട്ടിക്കലുകളെയാണ്. കഠിനമായ ചൂടെന്ന് അക്ഷരാര്‍ത്ഥത്തിലും ആലങ്കാരികമായി ദുഃഖ നഷ്ടങ്ങളെ സൂചിപ്പിക്കാനും ഉപയോഗിക്കുന്ന പദമായ ദായെം എന്നതിന് ദൈനംദിന ആചാരം എന്നപോലെ അനുഷ്ഠിക്കാന്‍ നിര്‍ബന്ധിതരാകുന്ന ശ്വാസംമുട്ടിക്കലുകള്‍ എന്ന അര്‍ത്ഥമാണ് കാശ്മീരികളുടെ സൈനികവല്‍ക്കരിക്കപ്പെട്ട പദാവലിയിലുള്ളത്. ശ്രീനഗറിലെ വീടുകള്‍ക്കുള്ളില്‍ അടച്ചിരുന്നു കഴിയുന്ന ശ്വാസ തടസ്സമുള്ളവരും മറ്റു രോഗികളും സദാസമയവും ഈ വിഷവാതകത്തെ പ്രതീക്ഷിച്ച് മാസ്‌ക്കുകളുമായി കരുതിയിരിക്കുകയാണ്.
സ്റ്റേറ്റിനെതിരെ പ്രതിപ്രവര്‍ത്തനങ്ങള്‍ ശക്തമായ ഇടങ്ങളില്‍ പ്രത്യേകിച്ചും നവട്ട, മലറട്ട, ഷറഫ് കടല്‍, റാസി കടല്‍, ഫതഹ് കടല്‍ തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ ഒരു ദിനചര്യയെന്നോണം ടിയര്‍ ഗ്യാസ് ശ്വസിക്കുന്നു. മറ്റൊരാര്‍ത്ഥത്തില്‍ ഒരു പഥ്യം പോലെ അവര്‍ക്കത് തുടരേണ്ടി വരുന്നു. ഏറെക്കുറേ പ്രദേശവാസികളും ഈ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു പോവുന്നുണ്ട്. എല്ലാ വെള്ളിയാഴ്ച രാവിലെയും സ്ഫോടനത്തിനും വിഷവാതകത്തിനും മുന്‍കൂര്‍ തയ്യാറെടുക്കുക, അന്നത്തെ എല്ലാ ഭക്ഷണങ്ങളും മുന്‍കൂട്ടി തയ്യാറാക്കുക, വീട്ടില്‍ മാസ്‌കുകള്‍ സൂക്ഷിക്കുക, അന്തരീക്ഷം മുഴുവനും ഗ്യാസ് നിറയുമ്പോള്‍ പോലും വീട്ടില്‍ സാധാരണ മട്ടില്‍ ഇരിക്കുക ഇങ്ങനെ കാശ്മീരികളുടെ നിത്യജീവിത ശീലങ്ങളുടെ ഭാഗമായി അവ മാറിക്കഴിഞ്ഞു. ബോര്‍ദ്യുവിന്റെ ഹാബിറ്റസ് എന്ന ആശയം കാശ്മീരിലെ ഈ അന്തരീക്ഷത്തെ മനസ്സിലാക്കാന്‍ സഹായിക്കും.
കാശ്മീരിലെ മിക്ക ആശുപത്രികളും ഈ വിഷവാതകത്തെ നേരിടാന്‍ ചാക്കുകളും ടയറുകളും കത്തിക്കുകയാണ് പതിവ്. നിരുപദ്രവകാരികളായ വിനാശകാരികളാണ് ടിയര്‍ ഗ്യാസുകളെന്ന് അഭിപ്രായപ്പെടുന്നുണ്ട് സ്റ്റീഫന്‍ ഗ്രഹാം. കേവലം ശ്വസനേന്ദ്രിയത്തെ ബാധിക്കുന്നു എന്നതിലപ്പുറം വലിയ ബുദ്ധിമുട്ടുകളാണ് ഇവ ഉണ്ടാക്കുന്നത്. അവയില്‍ പല ഷെല്ലുകളും തലയോട്ടിയിലും നെഞ്ചിലും മറ്റു പല ശരീരഭാഗങ്ങളിലും പതിക്കുക വഴി അതിഭീകരമായ പ്രത്യാഘാതങ്ങളാണുണ്ടാവുക. ഏറ്റവും വലിയ വിരോധാഭാസം ഈ വാതകത്തിന് തെരുവിലെ പ്രതിഷേധക്കാരനും വീട്ടിലിരിക്കുന്നവനും തമ്മിലോ, സ്വാതന്ത്രവാദികള്‍ക്കും അല്ലാത്തവര്‍ക്കും ഇടയിലോ വിവേചിച്ചറിയാനോ വേര്‍തിരിക്കാനോ ഉള്ള ശേഷിയോ കഴിവോ ഇല്ലെന്നതാണ്.

2016 ഓഗസ്റ്റിലെ ദിവസങ്ങളോളം നീണ്ടുനിന്ന ഒരു വേനല്‍ പ്രക്ഷോഭം ജമ്മു കാശ്മീര്‍ പോലീസിന്റെ ഗ്യാസ് പ്രയോഗത്തില്‍ ജീവന്‍ നഷ്ടപ്പെട്ട മലറട്ടയിലെ ഇര്‍ഫാന്‍ അഹമ്മദ് എന്ന യുവാവിന് വേണ്ടിയായിരുന്നു.അനിയന്ത്രിതമായ ഷെല്ലുകളുടെ ഉപയോഗം എംബമ്പേ നിരീക്ഷിക്കുന്നതുപോലെ മൃത്യു ലോകത്തെ (death worlds) നിര്‍മ്മിക്കുകയും ജനങ്ങള്‍ അമിതമായ വിഷവാതകം ശ്വസിക്കാനും വിഷമയമായ ഇടങ്ങളില്‍ തന്നെ ജീവിതം തുടരാനും നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുമെന്നതിനാല്‍ ടിയര്‍ ഗ്യാസുകളുടെ ഉപയോഗത്തിലും പ്രയോഗത്തിലും നിയന്ത്രണങ്ങള്‍ അനിവാര്യമാണ്.
(പഞ്ചാബിലെ ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്‌കൂളിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)
വിവ: നജാഹ് അഹമ്മദ്
Add comment