ഒരു ഭൗതിക പ്രതിഭാസം എന്നതിനോടൊപ്പം തന്നെ, ഇന്ദ്രിയജ്ഞാനം (sensory perception) ഒരു സംസ്‌കാരിക പ്രക്രിയ കൂടിയാണ് എന്നതാണ് ഇന്ദ്രിയങ്ങളുടെ നരവംശശാസ്ത്രം (Anthropology of Senses) എന്ന ആശയത്തിന്റെ മൗലികാടിത്തറ. അഥവാ, പരിസരങ്ങളെ ഗ്രഹിക്കാനുള്ള ജാലകങ്ങളോ, ചുറ്റുപാടുകളെ ബൗദ്ധിക മണ്ഡലത്തിലേക്ക് നിഷ്പക്ഷമായി പ്രതിഫലിപ്പിക്കുന്ന കണ്ണാടിയോ അല്ല, മറിച്ച് സാംസ്‌കാരികമായി രൂപപ്പെടുത്തപ്പെട്ട, സാംസകാരിക ആശയങ്ങളുടെയും മൂല്യങ്ങളുടെയും വാഹകരായിട്ടുള്ള ഉപാധികളാണ് ഇന്ദ്രിയങ്ങള്‍ (senses). സ്വാഭാവികമായും, വ്യത്യസ്ത സംസ്‌കാരങ്ങളിലും, സമൂഹങ്ങളിലും, പാരമ്പര്യങ്ങളിലും ഇന്ദ്രിയജ്ഞാനങ്ങള്‍ ഉള്‍കൊള്ളുന്ന രീതികളും മാതൃകകളും വ്യത്യസ്തമായിരിക്കും.
ഈ വ്യത്യാസങ്ങള്‍, ഇന്ദ്രിയങ്ങളുടെ ഗണനത്തിലും ശ്രേണിയിലും, ഇന്ദ്രിയാനുഭവങ്ങളുടെ പ്രതീകാത്മകമായ അര്‍ത്ഥങ്ങളിലും (symbolic meaning) പ്രകടമാകും. ഉദാഹരണത്തിന്, നൈജീരിയയിലെ ഹൗസ ഗോത്രത്തില്‍ രണ്ട് senses മാത്രമാണ് തിരിച്ചറിയപ്പെടുന്നത്- ദൃഷ്ടിഗോചരമായതും അല്ലാത്തതും. ചില സമൂഹങ്ങളില്‍ സ്പര്‍ശനവും രുചിയും ഒറ്റ ഇന്ദ്രിയമായി പരിഗണിക്കപ്പെടുമ്പോള്‍, മറ്റു ചില സമൂഹങ്ങളിലാകട്ടെ, സ്പര്‍ശനം തന്നെ പലതായി വിഘടിക്കപ്പെട്ടിരിക്കുന്നു. സമാനമായി, കേള്‍വിയും, ഗന്ധവുമെല്ലാം പലതായി വിഭജിക്കപ്പെട്ട സമൂഹങ്ങളെ കാണാന്‍ സാധിക്കും (കോണ്‍സ്റ്റന്‍സ് ക്ലാസ്സെന്‍, 1993). ഓരോ സംസ്‌കാരങ്ങളും നിശ്ചിത ഇന്ദ്രിയങ്ങള്‍ക്ക് നല്‍കുന്ന മുന്‍ഗണനാ ക്രമം ഇപ്രകാരം വ്യത്യസ്തമായിരിക്കും. കൂടുതല്‍ പ്രാധാന്യമുള്ള ഇന്ദ്രിയം ഏതെന്ന കാര്യത്തിലുള്ള സംസ്‌കാരങ്ങള്‍ തമ്മിലുള്ള വൈവിധ്യം പോലെ തന്നെ, സവിശേഷമായ ഇന്ദ്രിയാനുഭവങ്ങള്‍ക്ക് (sensory experience) നല്‍കുന്ന അര്‍ത്ഥങ്ങളും മൂല്യങ്ങളും വിഭിന്നമാണ്. ഒരു സവിശേഷ ശബ്ദം ‘നല്ല’ ശബ്ദവും ‘മോശം’ ശബ്ദവും ആകുന്നത് ആ ശബ്ദത്തിന്റെ സോണിക് പ്രോപ്പര്‍ട്ടികള്‍ കൊണ്ടല്ല, മറിച്ച് സാമൂഹിക-സാംസകാരിക മാനദണ്ഡങ്ങള്‍ ഇന്ദ്രിയാനുഭവങ്ങളില്‍ ചിലതിനെ സ്വീകാര്യവും മറ്റു ചിലതിനെ അസ്വീകാര്യവുമായി വ്യവച്ഛേദിച്ചതുകൊണ്ടാണ്. അങ്ങനെ വരുമ്പോള്‍, സമൂഹങ്ങള്‍ എപ്രകാരമാണ് അര്‍ത്ഥവത്തായ ലോകങ്ങളെ രൂപപ്പെടുത്തുന്നതും ഉള്‍കൊള്ളുന്നതെന്നും മനസ്സിലാക്കാനുള്ള സൂചകങ്ങളായി ഇന്ദ്രിയജ്ഞാനത്തെയും ഇന്ദ്രിയാനുഭവങ്ങളെയും കാണാന്‍ കഴിയും. ഈ ദിശയിലുള്ള നരവംശശാസ്ത്രത്തിന്റെ വളര്‍ച്ച സാധ്യമായത് ഒരു പ്രധാന പ്രതിബന്ധം മറികടന്നു കൊണ്ടാണ് – പാശ്ചാത്യ ആധുനികത ദൃഷ്ടിഗോചരമായ ഇന്ദ്രിയത്തിന് (visual sense) നല്‍കി പോന്ന അമിതപ്രാധാന്യം.
സയന്റിഫിക് റെവല്യൂഷന് ശേഷം, അന്വേഷണാസക്തിയോടെയുള്ള ശാസ്ത്രജ്ഞന്റെ സൂക്ഷ്മദൃഷ്ടി എന്നത് വിജ്ഞാനസമ്പാദനത്തിന്റെ രൂപകമായി മാറിയിരുന്നു (Foucault, 1973). ഇതോടൊപ്പം, ഡാര്‍വിനും ഫ്രോയിഡും മുന്നോട്ട് വെച്ച പരിണാമ സിദ്ധാന്തങ്ങള്‍ ദൃഷ്ടിയെ മനുഷ്യനെ വ്യതിരക്തനാക്കുന്ന നാഗരികതയുടെ ഇന്ദ്രിയമായി (sense of civilization) കല്പിച്ചതും, ദൃഷ്ടി കൂടുതല്‍ ‘യുക്തിസഹമായ’ ഇന്ദ്രിയമാണെന്നുള്ള ധാരണക്ക് ആക്കം കൂട്ടി. ‘മൃഗീയ’ ഇന്ദ്രിയങ്ങളായ ഗന്ധവും, രുചിയും, സ്പര്‍ശനവും, മനുഷ്യപരിണാമത്തിന്റെ മുന്നോട്ട് പോക്കില്‍ പ്രസക്തി നഷ്ടപ്പെട്ടു എന്ന ഈ ധാരണക്ക് പിന്നില്‍ മുന്‍കാല നരവംശശാസ്ത്രത്തിന്റെ വംശീയ സ്വഭാവം കൂടെയുണ്ടായിരുന്നു. കാഴ്ചയും (sight), ഒരു പരിധി വരെ കേള്‍വിയും (sound) പരിഷ്‌കൃത പടിഞ്ഞാറിന്റെ ഇന്ദ്രിയങ്ങളായും, താഴ്ന്ന തരം ഇന്ദ്രിയങ്ങളായ (lower senses) മണവും (smell), രുചിയും (taste), സ്പര്‍ശനവും (touch) പടിഞ്ഞാറിനപ്പുറത്തുള്ള പ്രാകൃതരുടെ ഇന്ദ്രിയങ്ങളായും മനസ്സിലാക്കപ്പെട്ടു.
അത്തരം സമീപനങ്ങളില്‍ ക്രമേണ മാറ്റങ്ങള്‍ ഉണ്ടായെങ്കിലും, കോണ്‍കോര്‍ഡിയ സര്‍വകലാശാലയിലെ ഡേവിഡ് ഹൗസ്, ആന്തണി സിനോട്ട്, കോണ്‍സ്റ്റന്‍സ് ക്ലാസ്സെന്‍, ഇയാന്‍ റിഛീ, എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് sensory anthropology യെ വ്യത്യസ്ത സമൂഹങ്ങള്‍ തങ്ങളുടെ ലോകത്തെ ക്രമപ്പെടുത്തുന്ന symbolic code-കളെ മനസ്സിലാക്കാനുള്ള ഉപാധിയായി മുന്നോട്ട് വെച്ചത്. 1991-ല്‍ പ്രസിദ്ധീകരിച്ച The Varieties of Sensory Experience: A Sourcebook in the Anthropology of the Senses എന്ന ഗ്രന്ഥത്തിലാണ് ഡേവിഡ് ഹൗസ് ഈ സമീപനത്തെ സംബന്ധിച്ച് വിശദീകരിച്ചത്. തുടര്‍ന്ന് വന്ന പഠനങ്ങളില്‍, ഹൗസും, സിനോട്ടും, ക്ലാസ്സെനും olfactory (ഗന്ധം), gustatory (രുചി), tactile (സ്പര്‍ശം), auditory (ശബ്ദം), visual (ദൃശ്യം) ഇന്ദ്രിയങ്ങളെ വ്യത്യസ്ത മാനങ്ങളില്‍, വിവിധ പശ്ചാത്തലങ്ങളില്‍ വിശകലനത്തിന് വിധേയമാക്കി.
ഇന്ദ്രിയങ്ങളില്‍ ഗന്ധത്തിന് എന്തെങ്കിലും സവിശേഷതയുണ്ടോ? അഥവാ, മറ്റ് ഇന്ദ്രിയങ്ങള്‍ക്കിടയില്‍ മണത്തിന് ഉള്ള പ്രാധാന്യം എന്താണ്? ഗന്ധം നിമിത്തമായുണ്ടാകുന്ന effect ഏതെങ്കിലും തരത്തില്‍ മറ്റ് ഇന്ദ്രിയങ്ങളില്‍ നിന്ന് വ്യത്യസ്തമാണോ? പല ഇന്ദ്രിയങ്ങളില്‍ ഒന്നാണ് എന്നതും, മറ്റ് ഇന്ദ്രിയങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ട് ഇന്ദ്രിയാനുഭവനങ്ങള്‍ സൃഷ്ടിക്കുന്നു (inter sensoriality) എന്നതും മാത്രമല്ല ഗന്ധത്തെ സംബന്ധിച്ച പഠനത്തെ പ്രസക്തമാക്കുന്നത്. ഓര്‍മ്മകളെയും വികാരങ്ങളെയും ഉണര്‍ത്തുന്നതിലും, സ്ഥലകാലങ്ങളെ മറികടുക്കുന്നതിലും ഏറ്റവും ശക്തമായ ഇന്ദ്രിയമാണ് ഗന്ധം എന്ന സാമാന്യബുദ്ധിയെ രണ്ട് നിലക്ക് വിശദീകരിക്കാന്‍ സാധിക്കും.
ദൃശ്യവും ശ്രവണവും ഉള്‍പ്പെടെ മറ്റ് ഇന്ദ്രിയാനുഭവങ്ങളെല്ലാം തന്നെ തലച്ചോറിലെ വികാരങ്ങളെ ഉല്പാദിപ്പിക്കുന്ന amygdala യിലും ഓര്‍മ്മകളെ ക്രമീകരിക്കുന്ന hippocampus ലും എത്തുന്നതിന് മുമ്പായി thalamus ലൂടെ കടന്ന് പോകുമ്പോള്‍, മണത്തെ സംബന്ധിച്ച sensory information നേരിട്ടാണ് olfactory cortex- ല്‍ നിന്നും lymbic system സ്വീകരിക്കുന്നത്. എന്നാല്‍, ഡേവിഡ് ഹൗസ് ഗന്ധത്തിന്റെ സവിശേഷതയായി രേഖപ്പെടുത്തുന്നത്, അത് അതിന്റെ വസ്തുവില്‍ (object) നിന്ന് നിരന്തരം സ്വതന്ത്രമായി പുറത്തുകടന്ന് സഞ്ചരിക്കുന്നതിനാല്‍, സാമൂഹിക വിഭാഗങ്ങള്‍ക്കിടയില്‍ മധ്യസ്ഥത വഹിക്കന്നതിലും, അവര്‍ക്കിടയിലെ പരിവര്‍ത്തനങ്ങളെ നിര്‍വഹിക്കുന്നതിലും olfaction വേറിട്ട് നില്‍ക്കുന്നു എന്നാണ്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ, ഗന്ധത്തെ മനസ്സിലാക്കപ്പെടുന്നത് affective sense എന്ന നിലക്കാണ്. സ്വത്വവും അപരത്വവും തമ്മിലുള്ള അതിര്‍ത്തികളെ നിര്‍ണ്ണയിക്കുന്നതില്‍ ഗന്ധങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ആയതിനാല്‍ ചരിത്രത്തിലും വര്‍ത്തമാനത്തിലുമുള്ള മണങ്ങളും മണങ്ങളെ സംബന്ധിച്ച സാമൂഹിക-സാംസ്‌കാരിക വ്യവഹാരങ്ങളും സുപ്രധാന anthropological object ആയി മാറുന്നു.

olfactory anthropology-യുടെ സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് അനേകം ദിശകളിലാണ് ഗന്ധത്തെ സംബന്ധിച്ച ഗവേഷണങ്ങള്‍ നടക്കുന്നത്. ഭിന്ന സംസ്‌കാരങ്ങള്‍ തമ്മിലെ സമ്പര്‍ക്കങ്ങളും (cross-cultural encounters) ഒരു പ്രദേശത്തിന്റെ smellscape-ഉം തമ്മിലുള്ള ബന്ധങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ പ്രധാനമായും കേന്ദ്രീകരിക്കുന്നത്, യൂറോപ്പിലുള്ള അറബ് ഡയസ്‌പോറയും യൂറോപ്യരും തമ്മിലുള്ള സമ്പര്‍ക്കത്തെയാണ്. യൂറോപ്പിലെ അറബ് ഭക്ഷണശാലകളുടെയും സുഗന്ധദ്രവ്യങ്ങളുടെയും വ്യാപനവും സ്വീകാര്യതയും ഇത്തരം പഠനങ്ങളുടെ ഊന്നലുകള്‍ക്ക് ഉദാഹരണങ്ങളാണ്. പലായനങ്ങളും കുടിയേറ്റങ്ങളും എപ്രകാരമെല്ലാം olfactory practices നെ സ്വാധീനിക്കുമെന്നും, നേരെ തിരിച്ചും, അന്വേഷിക്കുന്ന പഠനങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ചരിത്രപശ്ചാത്തലത്തിലും, മെഡിറ്ററേനിയന്‍ പശ്ചാത്തലത്തിലുമെല്ലാം ധാരാളം നടന്ന് കൊണ്ടിരിക്കുന്നു. സവിശേഷമായി, സുഗന്ധവ്യഞ്ജനങ്ങളുടെ (spices) സമുദ്ര വ്യാപാരം സംബന്ധിച്ച പഠനങ്ങള്‍, ഇന്തോനേഷ്യ, മലബാര്‍, ആഫ്രിക്ക, അറേബ്യ തുടങ്ങിയ ഭൂമികകളെ വിശകലന വിധേയമാക്കുന്നു. സുഗന്ധദ്രവ്യങ്ങളുടെ (perfume) ചരിത്ര പഠനങ്ങള്‍ sensory anthropology യെക്കാള്‍ പഴയതാണെങ്കിലും, സാമൂഹിക-സാംസകാരിക വിശകലനത്തിനായി സുഗന്ധദ്രവ്യങ്ങളെ ഉപയോഗപ്പെടുത്തുന്ന ചരിത്ര പഠനങ്ങള്‍ ശ്രദ്ധേയമാണ്.
നീന എര്‍ഗിന്റെ (2014) പഠനം ഓട്ടോമന്‍ ധൂപവര്‍ഗ്ഗങ്ങളും (incense) സുഗന്ധദ്രവ്യങ്ങളും അനുവര്‍ത്തിച്ച symbolic meaning-കളെ പറ്റിയും മതാചാരങ്ങളില്‍ ഉള്ള അവയുടെ പങ്കിനെ പറ്റിയുമാണ്. എര്‍ഗിന്‍ വാദിക്കുന്നത്, ധനത്തിന്റെയും രാജകീയ പ്രൗഢിയുടെയും അടയാളങ്ങള്‍ എന്നതോടൊപ്പം തന്നെ, ദിവ്യ സാന്നിധ്യത്തെ ഓര്‍മ്മപെടുതുന്നതിനും, പരലോകവുമായുള്ള ബന്ധത്തെ സ്ഥാപിക്കുന്നതിനും ധൂപവര്‍ഗ്ഗങ്ങളെയും സുഗന്ധദ്രവ്യങ്ങളെയും ഉപയോഗപ്പെടുത്തുന്നു എന്നാണ്. സ്വര്‍ഗ്ഗത്തിന്റെ സുഗന്ധങ്ങളെ അനുകരിക്കാനെന്ന വണ്ണം മഖ്ബറകളില്‍ incense പുകയ്ക്കപ്പെടുന്നതായാണ് എര്‍ഗിന്‍ അവകാശപ്പെടുന്നത്. ഇസ്‌ലാമിലെ പരലോക വിശ്വാസത്തിന്റെ (eschatology) ഇന്ദ്രിയ മാനങ്ങളെ പറ്റിയുള്ള Utrecht സര്‍വകലാശാല പ്രൊഫസര്‍ ക്രിസ്ത്യന്‍ ലാങ്ങിന്റെ പഠനം, സ്വര്‍ഗ്ഗത്തിലെ സുഗന്ധങ്ങളെ പറ്റിയും, നരകത്തിലെ ദുര്‍ഗന്ധങ്ങളെ പറ്റിയും, അവ എപ്രകാരം മുസ്‌ലിം ഭൗതിക സംസ്‌കാരത്തെ നിര്‍ണ്ണയിക്കുന്നു എന്നും വിശകലനം ചെയ്യുന്നു. Scent from the Garden of Paradise: Musk and the Medieval Islamic World എന്ന പുസ്തകത്തില്‍, ആന്യ കിങ് സമര്‍ത്ഥിക്കുന്നത്, സ്വര്‍ഗീയ സുഗന്ധം എന്ന നിലക്കുള്ള കസ്തൂരിയുടെ പ്രസക്തി, ഏഷ്യന്‍ വ്യാപാരത്തെയും, കസ്തൂരിയെ സംബന്ധിച്ച സാഹിത്യത്തെയും, സുഗന്ധദ്രവ്യങ്ങളിലും ഔഷധങ്ങളിലുമുള്ള കസ്തൂരിയുടെ ഉപയോഗത്തെയും എപ്രകാരം സ്വാധീനിക്കുന്നു എന്നാണ്.

മറ്റൊരു പ്രബന്ധത്തില്‍ ആന്യ കിംഗ് (2022) നിരീക്ഷിക്കുന്നത്, മധ്യകാല മുസ്‌ലിം സുഗന്ധദ്രവ്യങ്ങളുടെ രൂപീകരണം വൈദ്യസംബന്ധമായ പരിഗണനകളാല്‍ സ്വാധീനിക്കപ്പെട്ടിരുന്നു എന്നാണ്. മേരി തേള്‍കില്‍ തങ്ങളുടെ Sacred Scents in Early Christianity and Islam എന്ന ഗ്രന്ഥത്തില്‍, ശുഹദാക്കളുടെയും ഔലിയാക്കളുടെയും സുഗന്ധത്തെ പറ്റിയുള്ള വിശകലനത്തില്‍, അവ ഇസ്‌ലാമിക രാഷ്ട്രീയ, സൈനിക നേതൃ-സങ്കല്പങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് നിരീക്ഷിക്കുന്നു. മസ്ജിദുല്‍ ഹറമിലും ബൈത്തുല്‍ മുഖദ്ദസിലുമുള്ള സുഗന്ധദ്രവ്യങ്ങളുടെ ഉപയോഗത്തെ ആദം ബുര്‍സി (2020) തന്റെ Scents of Space: Early Islamic Pilgrimage, Perfume and Paradise എന്ന പ്രബന്ധത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്, സ്വര്‍ഗവുമായുള്ള ഈ വിശുദ്ധ സ്ഥലങ്ങള്‍ക്ക് കല്പിക്കപെടുന്ന അടുപ്പം മൂലമാണ് എന്നാണ്. ഒരു മുസ്‌ലിം നഗരം ആധുനികതയെ അഭിമുഖീകരിക്കുമ്പോള്‍ അതിലെ മണങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു എന്നതാണ് ഖാലിദ് ഫഹ്‌മി An Olfactory Tale of Two Cities: Cairo in the 19th Century എന്ന തന്റെ ലേഖനത്തിലൂടെ നോക്കികാണുന്നത്.
ജെയിംസ് മക്ഹ്യൂഗ് അടക്കമുള്ള അനേകം ഗവേഷകരുടെ പഠനങ്ങള്‍, ഇന്ത്യന്‍ ചരിത്രത്തിലെ സുഗന്ധദ്രവ്യങ്ങളും മതവും തമ്മിലുള്ള ബന്ധത്തെ വിശകലനം ചെയ്യുന്നു. Experience, Caste and the Everyday Social എന്ന പുസ്തകത്തില്‍, ജാതിയനുഭവങ്ങളെ രൂപപ്പെടുത്തുന്നതില്‍ ഗന്ധം അടക്കമുള്ള ഇന്ദ്രിയാനുഭവങ്ങള്‍ വഹിക്കുന്ന പങ്കിനെ സുന്ദര്‍ സാറുക്കായും ഗോപാല്‍ ഗുരുവും പഠനവിധേയമാക്കുന്നുണ്ട്. olfactory ethics ആധുനിക സാഹിത്യത്തില്‍ എങ്ങനെയാണ് പ്രതിഫലിക്കുന്നത് എന്ന കാംബ്രിഡ്ജ് സര്‍വകലാശാല ഗവേഷക ആലി ലൂക്‌സിന്റെ PhD തീസിസ് അടുത്തിടെ ട്വിറ്ററില്‍ ശ്രദ്ധേയമായിരുന്നു.
ഗന്ധങ്ങളുടെ നരവംശശാസ്ത്രം വിവിധ ദിശകളില്‍ മുന്നോട്ട് പോകുമ്പോഴും, മിക്ക പഠനങ്ങളും ഗന്ധങ്ങളെ പറ്റിയുള്ള വ്യവഹാരങ്ങളെയാണ് ഗവേഷണ വിധേയമാക്കുന്നത്. മണങ്ങളെ qualitatively വിശകലനം ചെയ്യുന്ന അന്വേഷണങ്ങള്‍ ഇനിയും ഉയര്‍ന്ന് വരേണ്ടതുണ്ട്. ശബ്ദത്തെ സംബന്ധിച്ച അത്തരം പഠനങ്ങള്‍ ഉണ്ടെങ്കിലും, ഗന്ധത്തിന്റെ പദാര്‍ത്ഥപരമായ ഗുണങ്ങളെ അതിന്റെ സാമൂഹികതയോടും സാംസ്‌കാരികതയോടും സമന്വയിപ്പിച്ചുകൊണ്ടുള്ള അന്വേഷണങ്ങള്‍ കുറവാണ്. മസാച്യുസെറ്റ്‌സിലെ osmo എന്ന ഒരു കമ്പനി അടുത്തിടെ, ഗന്ധങ്ങളുടെ തന്മാത്രകളെ പുനസൃഷ്ടിച്ചുകൊണ്ട്, മൊബൈല്‍ ഫോണിലൂടെ ഗന്ധങ്ങളെ teleport ചെയ്യുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചിരുന്നു. virtual reality തുടങ്ങിയ നൂതന സാങ്കേതിക മാധ്യമങ്ങള്‍ ആധുനിക സാമൂഹികതയെ ക്രമപ്പെടുത്തുമ്പോള്‍, ഗന്ധങ്ങളുടെ നരവംശശാസ്ത്രം കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.