ഖാജാ മുഈനുദ്ദീന്‍ ചിശ്തി(റ)യുടെ പ്രധാന ഖലീഫയായിരുന്നു സൂഫി ഹമീദുദ്ദീന്‍ നാഗോരി എന്ന പേരില്‍ പ്രസിദ്ധനായ സുല്‍ത്വാനുത്താരികീന്‍ ശൈഖ് മുഹമ്മദ് ബിന്‍ അഹ്‌മദ് ബിന്‍ മുഹമ്മദ് അസ്സഈദി. സ്വര്‍ഗം കൊണ്ടു സുവാര്‍ത്തയറിയിക്കപ്പെട്ട സ്വഹാബി പ്രമുഖനായ സഈദുബ്നു സൈദി (റ) ന്റെ പരമ്പരയില്‍ ഹി. 588 ല്‍ ഡല്‍ഹിയിലാണ് ജനനം. രാജസ്ഥാനിലെ നാഗോറില്‍ പെട്ട സുവാലി എന്ന ഗ്രാമമായിരുന്നു അദ്ദേഹത്തിന്റെ കര്‍മമണ്ഡലം. അവിടെയുണ്ടായിരുന്ന ചെറിയ ഭൂമിയില്‍നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്.1
സ്വര്‍ഗം കൊണ്ട് സുവാര്‍ത്തയറിയിക്കപ്പെട്ട സഈദുബ്നു സൈദിലേക്കാണ് കുടുംബ പരമ്പര ചെന്നെത്തുന്നതെന്നാണ് അബ്ദുല്‍ ഹഖ് ദഹ്‌ലവി ‘അഖ്ബാറുല്‍ അഖ്‌യാറി’ല്‍ പറഞ്ഞതെങ്കിലും ചരിത്രപരമായി അതു ശരിയല്ലെന്നാണ് നാഗോറിലെ സൂഫികളെക്കുറിച്ച് പഠനം നടത്തിയ മുഹമ്മദ് അയ്യൂബ് താരിക് അഭിപ്രായപ്പെടുന്നത്. ഉമറുല്‍ഫാറൂഖി (റ) ന്റെ പേരക്കുട്ടിയായ സഈദ് ബിന്‍ സൈദ് ബിന്‍ ഉമറിലേക്കാണ് കുടുംബപരമ്പര ചെന്നെത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഈയടിസ്ഥാനത്തിലാണ് അദ്ദേഹം സഈദി എന്നും ഫാറൂഖി എന്നും വിളിക്കപ്പെടുന്നത്.2
നിരവധി സ്വൂഫിവര്യന്മാര്‍ ജീവിച്ച നാടായതു കൊണ്ടു തന്നെ ‘മദീനതുല്‍ ഔലിയാ’ (വിശുദ്ധരുടെ പട്ടണം) എന്നാണ് നാഗോര്‍ അറിയപ്പെടുന്നത്. ഹി. 643 ല്‍ വഫാതായ ഖാളി ഹമീദുദ്ദീന്‍ നാഗോരി ഈ പ്രദേശത്തുതന്നെ ജീവിച്ച മറ്റൊരു വിശ്രുത സൂഫിവര്യനാണ്. രണ്ടു പേരെയും വേര്‍തിരിച്ചറിയാനായി നമ്മുടെ സ്മര്യ പുരുഷന്‍ സൂഫി ഹമീദുദ്ദീന്‍ നാഗോരി എന്നും ഇദ്ദേഹം ഖാളി ഹമീദുദ്ദീന്‍ നാഗോരി എന്നും വിളിക്കപ്പെട്ടു.3 ലാഹോറിലായിരുന്ന പിതാവ് ശൈഖ് അഹ്‌മദ് സൂഫി അക്കാലത്തെ അറിയപ്പെട്ട വലിയ്യും ആരിഫുമായിരുന്നു. മാതാവിനെ റാബിഅതുല്‍ അദവിയ്യ(റ)യോടാണ് ചരിത്രകാരന്മാര്‍ ഉപമിച്ചിട്ടുള്ളത്. സുല്‍ത്വാനുത്താരികീന്‍ പറയാറുണ്ടായിരുന്നു: ‘എന്നെ പ്രസവിച്ച കാലത്ത് എന്റെ ഉമ്മയെക്കാള്‍ സച്ചരിതയും മതഭക്തയുമായ മറ്റൊരു സ്ത്രീയുണ്ടായിരുന്നെങ്കില്‍ അവരുടെ ഗര്‍ഭപാത്രത്തില്‍നിന്ന് അല്ലാഹു എന്നെ ജനിപ്പിച്ചേനെ’.
ശൈഖ് ശംസുദ്ദീന്‍ ഹല്‍വായിയില്‍നിന്നാണ് ശരീഅതിന്റെ വിജ്ഞാനങ്ങള്‍ കരസ്ഥമാക്കിയത്. അദ്ദേഹം തന്നെ പറയാറുണ്ടായിരുന്നു: ‘മൂന്നു ഗുരുക്കന്മാരാണ് എനിക്കുള്ളത്: ഖിലാഫതും ബൈഅതും എനിക്കു ലഭിച്ചത് ഖാജാ മുഈനുദ്ദീന്‍ ചിശ്തിയില്‍ നിന്നാണ്. ഖിര്‍ഖ (സൂഫി സ്ഥാനവസ്ത്രം) ലഭിച്ചത് ശൈഖ് ഹമീദുദ്ദീന്‍ ഖൂഈയില്‍ നിന്നും ശരീഅതിന്റെ അറിവുകള്‍ ലഭിച്ചത് ശംസുദ്ദീന്‍ ഹല്‍വായിയില്‍ നിന്നുമാണ്’. തഫ്സീര്‍ ഹദീസ് വിജ്ഞാനീയങ്ങളിലും അറബി, ഫാരിസി, ഹിന്ദി ഭാഷകളിലും നൈപുണ്യമുണ്ടായിരുന്നു.4
‘ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ പ്രത്യേക പരിഗണനയും അംഗീകാരവും ലഭിച്ച ശിഷ്യനായിരുന്നു സൂഫി ഹമീദുദ്ദീന്‍. മഹാനവര്‍കള്‍ ഇമാമായും ഖാജ മഅ്മൂമായും പലപ്പോഴും നിസ്‌കരിക്കാറുണ്ടായിരുന്നു. ഖാജയുടെ അടുത്ത് ആരെങ്കിലും സംശയം ചോദിച്ചു വരുമ്പോള്‍ ആഗതനെ ഹമീദുദ്ദീന്‍ സൂഫിയുടെയടുത്ത് പറഞ്ഞയക്കാറുണ്ടായിരുന്നു.5 സുല്‍താനുത്താരികീന്‍ എന്നാല്‍ പരിത്യാഗികളുടെ രാജാവ് എന്നാണര്‍ത്ഥം. ഖാജാ മുഈനുദ്ദീന്‍ ചിശ്തി(റ) യാണ് ഈ സ്ഥാനപ്പേര് നല്‍കിയത്.
അതിന്റെ പശ്ചാത്തലം വിവരിച്ചുകൊണ്ട് അബ്ദുല്‍ ഹഖ് ദഹ്‌ലവി എഴുതുന്നു: ഖാജാ മുഈനുദ്ദീന്‍ ചിശ്തി(റ) ഒരിക്കല്‍ ശിഷ്യന്മാരോടു പറഞ്ഞു: ”പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കുന്ന സമയമാണിത്. നിങ്ങള്‍ക്ക് ആവശ്യമുള്ളതൊക്കെ ചോദിച്ചു കൊള്ളുക”. ചിലര്‍ ഭൗതിക കാര്യങ്ങള്‍ ചോദിച്ചു. ചിലര്‍ പാരത്രിക കാര്യങ്ങള്‍ ആവശ്യപ്പെട്ടു. ഖാജ ഹമീദുദ്ദീനോടു ചോദിച്ചു: ‘ഈ ലോകത്തും പരലോകത്തും സ്ഥാനമാനങ്ങള്‍ ലഭിക്കണമെന്നു നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ?’. ഹമീദുദ്ദീന്‍ പറഞ്ഞു: ‘അടിയന്റേതായി ഒരാഗ്രഹവുമില്ല; യജമാനന്റെ ആഗ്രഹമാണ് അടിയന്റെയും ആഗ്രഹം’. ഇതു കേട്ടപ്പോള്‍ ഖാജ പ്രതികരിച്ചു: ‘അത്താരികു ഫിദ്ദുന്‍യാ, വല്‍ ഫാരിഗു അനില്‍ ഉഖ്ബാ, സുല്‍ത്വാനുത്താരികീന്‍ ഹമീദുദ്ദീനിസ്സൂഫി” (ഭൗതിക പാരത്രിക താല്‍പര്യങ്ങള്‍ അല്ലാഹുവിനു വേണ്ടി ത്യജിച്ച പരിത്യാഗികളുടെ സുല്‍താനാണ് ഹമീദുദ്ദീന്‍ സൂഫി).6
തര്‍ക് (പരിത്യാഗം) മുഖമുദ്രയാക്കിയുള്ള ജീവിതമായിരുന്നു ഹമീദുദ്ദീന്‍ സൂഫിയുടേത്. തുച്ഛമായ വരുമാനത്തില്‍നിന്ന് ജീവിതമാര്‍ഗം കണ്ടെത്തുന്ന മഹാനവര്‍കളുടെ അവസ്ഥ മനസ്സിലാക്കി നാഗോറിന്റെ സുബേദാര്‍ അദ്ദേഹത്തോടു പറഞ്ഞു: ‘ഏതാനും ഭൂമി നിങ്ങള്‍ക്കു ഞാന്‍ സമ്മാനമായി നല്‍കാം. അവിടെ കൃഷി ചെയ്യാനുള്ള ഏര്‍പ്പാടും ചെയ്യാം’. മഹാനവര്‍കള്‍ പറഞ്ഞു: ‘എന്റെ ഗുരുക്കന്മാരാരും ഇതു പോലുള്ള സമ്മാനങ്ങള്‍ സ്വീകരിച്ചിട്ടില്ല. എന്റെ കൈവശമുള്ള തുച്ഛമായ ഭൂമി തന്നെ എനിക്കു ധാരാളമാണ്’. സുബേദാര്‍ ശൈഖവര്‍കളുടെ അവസ്ഥ അന്നത്തെ രാജാവിനോടു പങ്കുവെച്ചു. രാജാവും ഒരു വലിയ തുക കൊടുത്തയച്ച് സ്വീകരിക്കാനാവശ്യപ്പെട്ടു. ശൈഖവര്‍കള്‍ ആ തുക സ്വീകരിക്കണോ വേണ്ടയോ എന്നു തന്റെ പത്‌നിയോടു ചോദിച്ചപ്പോള്‍ പത്‌നി ചോദിച്ചു: ‘ഇത്രയും കാലത്തെ ഫഖ്ര്‍ എന്ന മഹത്തായ പദവിയെ നിമിഷ നേരം കൊണ്ടു തകര്‍ത്തു കളയാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്’. പ്രിയ പത്‌നിയുടെ അഭിപ്രായം കേട്ട് ശൈഖവര്‍കള്‍ അങ്ങേയറ്റം സന്തോഷിക്കുകയും രാജാവിന്റെ സമ്മാനം തിരിച്ചയക്കുകയും ചെയ്തു.7
അല്ലാഹുവിനു വേണ്ടി ചെയ്യുന്നതിനെക്കാള്‍ പുണ്യം അല്ലാഹുവിനു വേണ്ടി ത്യജിക്കലാണെന്നായിരുന്നു മഹാനവര്‍കളുടെ പക്ഷം. അദ്ദേഹം പറയുന്നു: ‘നാളെ അല്ലാഹുവിന്റെ മുന്നിലെത്തുമ്പോള്‍ എനിക്കു വേണ്ടി നീ എന്താണു കൊണ്ടുവന്നതെന്ന് അവന്‍ ചോദിക്കുകയില്ല; എന്റെ മാര്‍ഗത്തില്‍ എന്തെല്ലാം ത്യജിച്ചുവെന്നാണ് ചോദിക്കുക.’8
പരിത്യാഗമെന്നാല്‍ എന്താണെന്നു ചോദിച്ചു കൊണ്ടൊരാള്‍ ഖാജയുടെ സന്നിധിയില്‍ വന്നു. ഖാജ പറഞ്ഞു: ‘ശരീഅത്തില്‍ പരിത്യാഗമെന്നു പറഞ്ഞാല്‍ അല്ലാഹു കല്‍പിച്ച കാര്യങ്ങള്‍ ചെയ്യലും നിരോധിച്ച കാര്യങ്ങള്‍ ഒഴിവാക്കലുമാണ്. ഇങ്ങനെ ചെയ്യുന്നയാളെ ‘താരികുദ്ദുന്‍യാ’ (പരിത്യാഗി) എന്നു വിളിക്കാം. പക്ഷേ, ത്വരീഖത്തില്‍ പരിത്യാഗമെന്നാല്‍ ഒമ്പത് ഗുണങ്ങളുള്‍ക്കൊള്ളുന്നതാണ്’. ശേഷം ഹമീദുദ്ദീന്‍ സൂഫിയെ വിളിച്ചു കൊണ്ടു പറഞ്ഞു: ‘ഈ ആഗതന് എന്താണു പരിത്യാഗമെന്നു വിശദീകരിച്ചു കൊടുക്കൂ’.
ഹമീദുദ്ദീന്‍ സ്വൂഫി വിശദീകരിച്ചു: ‘ചിശ്തി സരണിയിലെ സൂഫികളുടെ അഭിപ്രായത്തില്‍ പരിത്യാഗമെന്നാല്‍ ഒമ്പതു കാര്യങ്ങളുള്‍ക്കൊള്ളുന്നതാണ്: സമ്പാദിക്കാതിരിക്കുക, കടം ചോദിക്കാതിരിക്കുക, ഏഴു നാള്‍ പട്ടിണി കിടക്കേണ്ടി വന്നാലും ആരോടും പരിഭവപ്പെടാതിരിക്കുക, ഭക്ഷണവും സമ്പത്തും ധാരാളം ലഭിച്ചാലും അടുത്ത ദിവസത്തേക്കു സൂക്ഷിച്ചു വെക്കാതിരിക്കുക. ആര്‍ക്കെതിരിലും പ്രാര്‍ത്ഥിക്കാതിരിക്കുക, ആരെങ്കിലും അക്രമിച്ചാല്‍ ‘അല്ലാഹുവേ, അവന് നേര്‍മാര്‍ഗം കാണിച്ചു കൊടുക്കേണമേ’ എന്നു പ്രാര്‍ത്ഥിക്കുക, വല്ല നല്ല കാര്യവും ചെയ്യാന്‍ കഴിഞ്ഞാല്‍ അത് അല്ലാഹുവിന്റെ അനുഗ്രഹമായും നബി(സ്വ) യുടെ ശഫാഅതായും ഗുരുവിന്റെ പുണ്യമായും മനസ്സിലാക്കുക, വല്ല ചീത്ത കാര്യവും വന്നു പോയാല്‍ അത് സ്വന്തം ശരീരത്തിന്റെ കുറ്റമായി കാണുക, പകല്‍ നോമ്പനുഷ്ഠിക്കുകയും രാത്രി നിസ്‌കരിക്കുകയും ചെയ്യുക, ആവശ്യമുള്ളപ്പോള്‍ മാത്രം സംസാരിക്കുകയും ബാക്കി സമയങ്ങളില്‍ മൗനം പാലിക്കുകയും ചെയ്യുക’.9
രചനകള്‍
ചിശ്തി മശാഇഖുമാരില്‍ ധാരാളം രചനകളുള്ള മഹാനാണ് ഹമീദുദ്ദീന്‍ സൂഫി. അദ്ദേഹത്തിന്റെ വാമൊഴികളും വരമൊഴികളുമൊക്കെ പില്‍ക്കാലത്ത് ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. ഹ. നിസാമുദ്ദീന്‍ ഔലിയ അദ്ദേഹത്തിന്റെ രചനകള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കുകയും അവയിലെ പല ഉദ്ധരണികളും തന്റെ രചനകളില്‍ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഉസ്വൂലുത്ത്വരീഖത്, രിസാല ഇശ്ഖിയ്യ, രിസാല ചഹാര്‍ മന്‍സില്‍, രിസാലതുസ്സുലൂക്, രിസാലതുസ്സമാഅ്, രിസാലതു ആയാതില്‍ ഖുര്‍ആന്‍, ദീവാനെ ഹമീദ്, ശറഫുല്‍അന്‍വാര്‍, ഹഫ്ത് മല്‍ഫൂസ് തുടങ്ങി ധാരാളം ചെറുതും വലുതുമായ കൃതികളും വരമൊഴികളും അദ്ദേഹത്തിന്റെ സ്മാരകങ്ങളാണ്. ഇവയില്‍ ഉസ്വൂലുത്ത്വരീഖത്, രിസാല ഇശ്ഖിയ്യ എന്നിവയാണ് ഏറ്റവും പ്രസിദ്ധമായത്.10

ഉസ്വൂലുത്ത്വരീഖ
ആത്മീയ സഞ്ചാരം നടത്തുന്നവര്‍ക്കുള്ള ധാരാളം തത്വങ്ങള്‍ അടങ്ങിയ മഹത്തായ കൃതിയാണ് ഉസ്വൂലുത്ത്വരീഖ. ഒരിക്കല്‍ ഹമീദുദ്ദീന്‍ സ്വൂഫിയുടെ പൗത്രനായ ശൈഖ് ഫരീദുദ്ദീന്‍ ഹ. നിസാമുദ്ദീന്‍ ഔലിയയെ സന്ദര്‍ശിക്കാന്‍ പോയി. നിസാമുദ്ദീന്‍ ഔലിയ അദ്ദേഹത്തെ സ്‌നേഹ ബഹുമാനങ്ങളോടെ സ്വീകരിച്ചിരുത്തി. ശേഷം പറഞ്ഞു: ‘നിങ്ങളുടെ കൈയില്‍ പിതാമഹനായ ഹമീദുദ്ദീന്‍ സ്വൂഫിയുടെ വല്ല ഗ്രന്ഥങ്ങളുമുണ്ടെങ്കില്‍ എനിക്ക് തരൂ’. ഫരീദുദ്ദീന്‍ പിതാമഹന്റെ പ്രധാന രചനയായ ഉസ്വൂലുത്ത്വരീഖതിന്റെ ഒരു പ്രതി നിസാമുദ്ദീന്‍ ഔലിയയ്ക്ക് കൊടുത്തു. മഹാനവര്‍കള്‍ അതു തുറന്നപ്പോള്‍ ആദ്യം തന്നെ അതിലുള്ള ഒരു പേര്‍ഷ്യന്‍ കവിതയിലാണു ശ്രദ്ധ പതിഞ്ഞത്:
ദര്‍വീശ് ന ആനസ്ത് കെ മശ്ഹൂറെ ജഹാനസ്
ദര്‍വീശ് ഹമാനസ്ത് കെ ബേ നാം ഒ നിശാനസ്ത്
(ലോകര്‍ക്കിടയില്‍ പ്രസിദ്ധി നേടുന്നവനല്ല ദര്‍വീശ്. അറിയപ്പെടാതെ ജീവിക്കുന്നവനാണ് ദര്‍വീശ്).
ഈ കവിത കണ്ടപ്പോള്‍ നിസാമുദ്ദീന്‍ ഔലിയ പറഞ്ഞു: ‘സുബ്ഹാനല്ലാഹ്! നമ്മുടെ ഗുരുക്കന്മാര്‍ മരണശേഷവും നമുക്കു മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടിരിക്കുന്നു’.11
പ്രസ്തുത ഗ്രന്ഥങ്ങളിലെ ഒരിടത്ത് പറയുന്നു: ആത്മീയ പാതക്ക് വിവിധ ഘട്ടങ്ങളുണ്ട്. ഒന്നാമത്തെ ഘട്ടം ഇല്‍മ് (അറിവ്) ആണ്. അറിവില്ലാതെ കര്‍മം ശരിയാവുകയില്ല. രണ്ടാമത്തെ ഘട്ടം അമല്‍ (കര്‍മം) ആണ്. കര്‍മത്തിലൂടെ മാത്രമേ ഉദ്ദേശ്യശുദ്ധി പ്രകടമാവുകയുള്ളൂ. മൂന്നാമത്തെ ഘട്ടം നിയ്യത് ആണ്. നാലാമത്തെ ഘട്ടം സ്വിദ്ഖ് (സത്യസന്ധത). ഏതു കാര്യത്തിലും സത്യസന്ധത പുലര്‍ത്തുന്ന ആള്‍ക്കേ ഇശ്ഖിലേക്കെത്താന്‍ സാധിക്കൂ. അഞ്ചാമത്തെ ഘട്ടം ഇശ്ഖ് (ദൈവാനുരാഗം). ആറാമത്തെ ഘട്ടമാണ് തവജ്ജുഹ് (പൂര്‍ണമായും അല്ലാഹുവിലേക്ക് മുന്നിട്ടിറങ്ങല്‍). തവജ്ജുഹിനു ശേഷമുള്ള ഘട്ടമാണ് സുലൂക് (ആത്മീയ പാതയില്‍ പ്രവേശിക്കല്‍). ഈ ഏഴു ഘട്ടങ്ങള്‍ക്കു ശേഷമാണ് അല്ലാഹു എന്ന ലക്ഷ്യസ്ഥാനത്തെത്തുകയുള്ളൂ.12
മറ്റാരു ഭാഗത്ത് പറയുന്നു: മനുഷ്യര്‍ മൂന്നു വിധമാണ്: സ്വന്തം ശരീരത്തോട് അതിക്രമം കാട്ടിയവര്‍, മധ്യനിലപാടുകാര്‍, നന്മയില്‍ മുന്‍കടന്നവര്‍. വിശുദ്ധ ഖുര്‍ആന്‍ 35:32 ഇക്കാര്യം പറയുന്നുണ്ട്. ആദ്യ വിഭാഗത്തിന്റെ സന്തോഷം ഭൗതിക നേട്ടങ്ങളിലാണ്. രണ്ടാമത്തെ വിഭാഗം പാരത്രിക നേട്ടങ്ങളില്‍ ആനന്ദം കണ്ടെത്തും. എന്നാല്‍ മൂന്നാമത്തെ വിഭാഗം അല്ലാഹുവിലാണ് ആനന്ദം കണ്ടെത്തുന്നത്. ശേഷം ഒരു പേര്‍ഷ്യന്‍ കവിത ഉദ്ധരിക്കുന്നു:
വര്‍ ഹിമ്മതെ ആലിയത് ബര്‍ ആയദ് റസീ
ബിഗുസാര്‍ തൂ ഹര്‍ ദോ റാ ബി മൗലാ ഖുശ് ബാശ്
(നീ ധീരനാണെങ്കില്‍ രണ്ടു ലോകവും ഒഴിവാക്കി അല്ലാഹുവില്‍ ആനന്ദം കണ്ടെത്തൂ).13
സുറൂറുസ്സുദൂര്‍ വ നൂറുല്‍ ബുദൂര്‍
മുകളില്‍ പറയപ്പെട്ട രചനകള്‍ക്കു പുറമെ ഹമീദുദ്ദീന്‍ സ്വൂഫിയുടെ പൗത്രനായ ശൈഖ് ഫരീദുദ്ദീന്‍ എന്നവരുടെ പുത്രന്‍ സഈദി ബുസുര്‍ഗ് എന്നവര്‍ ‘സുറൂറുസ്സുദൂര്‍ വ നൂറുല്‍ ബുദൂര്‍’ എന്ന പേരില്‍ ബൃഹത്തായ ഒരു മല്‍ഫൂസ് (വാമൊഴി) ക്രോഡീകരിച്ചിട്ടുണ്ട്. ഖാജാ മുഈനുദ്ദീന്‍ ചിശ്തി, ഹമീദുദ്ദീന്‍ സ്വൂഫി, ശൈഖ് ഫരീദുദ്ദീന്‍ എന്നിവരുടെ വാമൊഴികളാണ് അതിന്റെ ഉള്ളടക്കം. ചിശ്തിയ്യ സൂഫി സരണിയുടെ ചരിത്രത്തിനു പുറമെ അക്കാലത്തെ സാംസ്‌കാരിക മത-രാഷ്ട്രീയ, സാഹിത്യ മേഖലകളുമായി ബന്ധപ്പെട്ട അപഗ്രഥനങ്ങളും ഈ ഗ്രന്ഥത്തില്‍ കാണാം. ഇതിന്റെ ക്രോഡീകരണം എന്നാണ് നടന്നതെന്നു കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സഈദി ബുസുര്‍ഗ് തന്റെ പിതാവില്‍നിന്നും പിതാമഹനില്‍നിന്നുമൊക്കെ കേട്ട ഓര്‍മകള്‍വെച്ചു കൊണ്ട് ക്രോഡീകരിച്ചതിനാല്‍ തന്നെ വിവരണങ്ങളില്‍ കാലഗണന പരിഗണിച്ചിട്ടില്ല.14
നിരവധി അനുഭവങ്ങളും ഗുണപാഠങ്ങളുമുള്ള സംഭവങ്ങളും ഈ വാമൊഴിയില്‍ ധാരാളം കാണാം. ‘ഒരിക്കല്‍ മഹാനവര്‍കള്‍ ഒരു കാട്ടിലൂടെ നടക്കുകയായിരുന്നു. ഒരു ഉറുമ്പ് തന്റെ വസ്ത്രത്തില്‍ കയറിപ്പറ്റി. വീട്ടിലെത്തിയപ്പോഴാണ് അദ്ദേഹം ഉറുമ്പിനെ കാണുന്നത്. തിരിച്ച് അതേ കാട്ടിലേക്കു പോയി ഉറുമ്പിനെ അവിടെ ഇറക്കി വിട്ട് അദ്ദേഹം തിരിച്ചു പോന്നു.’15 സ്വന്തം ജന്മദേശത്ത് ജീവിക്കാനുള്ള അവകാശം ഒരു ഉറുമ്പിനാണെങ്കില്‍ പോലും നിഷേധിക്കരുതെന്നും ഒരു ജീവിയെയും ബുദ്ധിമുട്ടിക്കരുതെന്നുമുള്ള വലിയ സന്ദേശമാണ് ഈ സംഭവത്തിലുള്ളത്.
പേര്‍ഷ്യന്‍ ഭാഷയിലുള്ള ഹമീദുദ്ദീന്‍ സ്വൂഫിയുടെ കഴിവും പ്രാവീണ്യവും ഈ ഗ്രന്ഥത്തില്‍നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. അര്‍ഥവത്തായ ധാരാളം കവിതകള്‍ ഈ മല്‍ഫൂസാതില്‍ കാണാം.
ബാ ദില്‍ ഗുഫ്ത്തം കെ ഏ ദിലെ ശൈദാഈ
സന്‍ഹാര്‍ മറു തു ദര്‍ രഹെ പൈദാഈ
ഹര്‍ ചന്ദ് കെ പിന്‍ഹാന്‍ റവീ അസ് ദീദയെ ഖല്‍ഖ്
ദര്‍ ഹല്‍ഖയെ മര്‍ദാനെ ഖുദാ പൈദാഈ
(ഹൃദയത്തോടു ഞാന്‍ പറഞ്ഞു: പ്രശസ്തിയുടെ മാര്‍ഗം ഒരിക്കലും നീ തിരഞ്ഞെടുക്കരുത്. ജനങ്ങളില്‍നിന്ന് നീ എത്രത്തോളം അപ്രത്യക്ഷനായി ജീവിക്കുന്നുവോ അല്ലാഹുവിന്റെയടുക്കല്‍ നിന്റെ പ്രശസ്തി അത്രയും വര്‍ധിക്കും).16
വഫാത്
ഹി. 673 റബീഉല്‍ ആഖിര്‍ 29 (സി.ഇ 1274 നവംബര്‍ 1) നാണ് മഹാനവര്‍കള്‍ വഫാതായത്. നാഗോറിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. സുല്‍താന്‍ മുഹമ്മദ് ബിന്‍ തുഗ്ലഖാണ് അദ്ദേഹത്തിന്റെ ഖബ്‌റിടത്തില്‍ ഖുബ്ബ നിര്‍മിച്ചത്. മഹാനവര്‍കളുടെ കുടുംബത്തെ മുഹമ്മദ് ബ്ന്‍ തുഗ്ലഖ് വളരെ ആദരിക്കുകയും തന്റെ ഭരണത്തില്‍ ഉന്നത സ്ഥാനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.17
അവലംബങ്ങള്‍
- ലക്‌നവി, നുസ്ഹതുല്‍ഖവാത്വിര്‍, 1/95 ↩︎
- മുഹമ്മദ് അയ്യൂബ് താരിക്, താരീഖെ സൂഫിയായെ നാഗോര്‍ (നാഗോര്‍: ദാറുല്‍ഇശാഅത്, 1999), 2/42 ↩︎
- അതേ പുസ്തകം, 2/41 ↩︎
- പീര്‍ മുഹമ്മദ് അലി ഹാശിമി, സുറുറുസ്സുദൂര്‍ വ നൂറുല്‍ബുദുര്‍ (ഉര്‍ദു വിവര്‍ത്തനം), (രാജസ്താന്‍: മക്തബ ഹാശിമി, 1425 ഹി.), 17 ↩︎
- നിസാര്‍ അഹ്‌മദ് ഫാറൂഖി, നഖ്ദെ മല്‍ഫൂസാത് (ഡല്‍ഹി: മക്തബ ജാമിഅ, 1989), 26 ↩︎
- അബ്ദുല്‍ഹഖ് ദഹ്‌ലവി, അഖ്ബാറുല്‍ അഖ്യാര്‍, 56, 57 ↩︎
- മീര്‍ ഖുര്‍ദ്, സിയറുല്‍ഔലിയാ, 157 ↩︎
- ഫാറൂഖി, 28 ↩︎
- അതേ പുസ്തകം, 27 ↩︎
- സുറൂറുസ്സുദുര്‍, 18 ↩︎
- അതേ പുസ്തകം, 19 ↩︎
- ദഹ്‌ലവി, 61, 62 ↩︎
- അതേ പുസ്തകം, 64, 65 ↩︎
- ഖലീഖ് അഹ്‌മദ് നിസാമി, താരീഖി മഖാലാത് (ഡല്‍ഹി: നദ്വതുല്‍മുസന്നിഫീന്‍, 1966), 152158 ↩︎
- സുറൂറുസ്സുദൂര്‍, 330 ↩︎
- അതേ പുസ്തകം, 228 ↩︎
- Saiyid Athar Abbas Rizvi, A History of Sufism in India, 1/130 ↩︎
Add comment