Thelicham

ശാഹ് മീനാ (റ): അലിഫിന്റെ പൊരുളറിഞ്ഞ ജീവിതം

ചിശ്തി സൂഫീ സരണിയില്‍ ചിശ്തിയ്യ നിസാമിയ്യ ശാഖയില്‍ പെട്ട മഹാനാണ് ലക്നോവില്‍ അന്ത്യ വിശ്രമം കൊള്ളുന്ന മുഹമ്മദ് ബ്നു ഖുത്വ്ബിദ്ദീന്‍ ബ്നു ഉസ്മാന്‍ എന്ന് പൂര്‍ണ നാമമുള്ള ശാഹ് മീനാ (റ). അദ്ദേഹത്തിന്റെ ജനന വര്‍ഷം കൃത്യമായി രേഖപ്പെടുത്തപ്പെട്ടതായി എവിടെയും കാണാന്‍ കഴിയുന്നില്ല. തന്റെ പിതൃവ്യനും അക്കാലത്തെ അറിയപ്പെട്ട സൂഫിവര്യനും നസ്വീറുദ്ദീന്‍ ചിറാഗെ ദഹ്ലിയുടെ മുരീദുമായിരുന്ന ശൈഖ് ഖിവാമുദ്ദീന്‍ (മരണം: ഹി. 840) എന്നവരുടെ ശിക്ഷണത്തില്‍ വളര്‍ന്ന ശാഹ് മീന (റ) യുടെ കുടുംബ പരമ്പര സ്വിദ്ദീഖ് (റ) ലേക്കാണ് ചെന്നെത്തുന്നത്. ഖാളീ ഫരീദ് എന്നവരില്‍ നിന്ന് ശര്‍ഹുല്‍വിഖായ, ഹിദായ തുടങ്ങി ഹനഫീ കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ പഠിച്ച അദ്ദേഹം ശൈഖ് ഖിവാമുദ്ദീന്‍ എന്നവരുടെ ശിഷ്യനായ ശൈഖ് സാരംഗ് (മരണം: ഹി. 855)
എന്നവരില്‍ നിന്നാണ് സൂഫീ സ്ഥാന വസ്ത്രം സ്വീകരിച്ചത്.1

ബഹുമാന സൂചകമായി ഉര്‍ദുവില്‍ ഉപയോഗിക്കപ്പെടുന്ന മിയാന്‍ എന്നതിന്റെ പ്രാദേശിക വകഭേദമാണ് മീനാ എന്നത്.2
ഈ പേര് വരാന്‍ പല കാരണങ്ങളും ചരിത്ര പുസ്തകങ്ങളില്‍ പറയപ്പെടുന്നുണ്ട്. ശൈഖ് ഖിവാമുദ്ദീന്‍ എന്നവര്‍ക്ക് മീന എന്ന് വിളിപ്പേരില്‍ ഒരു മകനുണ്ടായിരുന്നു. തന്റെ ചെറുപ്പക്കാരില്‍ തന്നെ ആ കുട്ടി മരണപ്പെട്ടപ്പോള്‍ പിതാവായ ശൈഖ് ഖിവാമുദ്ധീന്‍ ശാഹ് മീന ജനിക്കുന്നതിന് മുമ്പ് തന്നെ പിതാവായ ശൈഖ് ഖുത്ബുദ്ദീന്‍ എന്നവരോട് അവര്‍ക്ക് ഒരു കുട്ടി ജനിക്കുമെന്നും അതിനെ മീനാ എന്ന് പേരിടണമെന്നും നിര്‍ദ്ദേശിക്കുകയും തന്റെ മരണപ്പെട്ടുപോയ മീനക്കു പകരക്കാരനാകും എന്ന് പറയുകയും ചെയ്തു. അങ്ങനെയാണ് മുഹമ്മദ് എന്ന കുട്ടി ചരിത്രത്തില്‍ ശാഹ് മീനാ എന്ന പേരില്‍ അറിയപ്പെട്ടത് എന്നതാണ് പ്രധാന കാരണങ്ങളില്‍ ഒന്ന്.3 തന്റെ സഹോദരനായ ഖുത്ബുദ്ദീന് കുടുംബത്തില്‍ മുഴുവന്‍ പ്രകാശം പരത്തുന്ന ഒരു കുട്ടി ജനിക്കുമെന്ന് പ്രവചിച്ച ഖിവാമുദ്ദീന്‍ (റ) ദിവസങ്ങള്‍ക്കുശേഷം ആ കുട്ടി ജനിച്ചു എന്ന സന്തോഷവാര്‍ത്ത കേട്ടപ്പോള്‍ ആഓ മോരേ മീനാ (എന്റെ പ്രിയപ്പെട്ട കുട്ടീ, കടന്നുവരൂ) എന്ന് പറയുകയും അതില്‍ നിന്നാണ് ഈ പേര് വരികയും ചെയ്തതെന്നതാണ് മറ്റൊരു ചരിത്രം.4 മേരേ (എന്റെ) എന്നതിന്റെ ലക്നവീ വകഭേദമാണ് മോരേ എന്നത്.

വളര്‍ച്ച

ശൈഖ് ഖിവാമുദ്ദീന്റെ ശിക്ഷണത്തില്‍ വളര്‍ന്ന ശാഹ് മീനക്ക് അദ്ദേഹത്തിന്റെ ഭാര്യ മുലകുടി ബന്ധത്തിലുള്ള തന്റെ മാതാവ് കൂടിയായിരുന്നു. അവര്‍ക്ക് വുളൂഅ് ഇല്ലാത്ത സമയത്ത് കുട്ടി അവരുടെ മുല കുടിച്ചിരുന്നില്ല എന്ന് മാതാവ് പറഞ്ഞതായി ഖാജാ കമാല്‍ തന്റെ തുഹ്ഫതുസുഅദാഇല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.5

അഞ്ചാമത്തെ വയസ്സില്‍ മക്തബില്‍ (മദ്റസയില്‍) ചേര്‍ക്കപ്പെട്ട സമയത്ത് ഉസ്താദ് ‘അലിഫ്’ എന്ന ആദ്യാക്ഷരം പഠിപ്പിക്കുകയും ഉസ്താദ് മൊഴിഞ്ഞ പോലെ കുട്ടിയും പറയുകയും ചെയ്തു. പക്ഷേ ഉസ്താദ് ‘ബാഅ്’ എന്ന രണ്ടാമത്തെ അക്ഷരം പഠിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ കുട്ടി അതു ഉച്ചരിക്കാന്‍ തയാറായില്ല. ഗുരു നിര്‍ബന്ധിച്ചപ്പോള്‍ വിശദീകരണമെന്നോണം അലിഫില്‍ തന്നെ ധാരാളം തത്ത്വങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും അതു കൊണ്ട് രണ്ടാമതൊരു അക്ഷരത്തിന്റെ ആവശ്യമില്ല എന്ന് മറുപടി നല്‍കുകയും ശേഷം ഉസ്താദിനെയും സദസ്യരെയും അമ്പരപ്പിച്ചു കൊണ്ട് അലിഫിലടങ്ങിയ ധാരാളം രഹസ്യങ്ങളും തത്ത്വങ്ങളും കുട്ടി വിശദീകരിക്കുകയും ചെയ്തു.6

കഠിനാധ്വാനങ്ങളിലൂടെയും ശക്തമായ രിയാളയിലൂടെയുമാണ് ശാഹ് മീനാ ആത്മീയതയുടെ ഉന്നത സ്ഥാനങ്ങള്‍ നേടിയെടുത്തത്. ലക്നോവില്‍ നിന്ന് 48 കിലോമീറ്റര്‍ ദൂരെ മഝ്ഗവാന്‍ ശരീഫില്‍ സ്ഥിതി ചെയ്യുന്ന തന്റെ ഗുരുവായ ശൈഖ് സാരംഗ് എന്നവരുടെ മസാറിലേക്ക് മുള്ളുകള്‍ നിറഞ്ഞ ദുര്‍ഘടവഴിയിലൂടെ നഗ്‌ന പാദനായി നടന്നു പോയി സന്ദര്‍ശിക്കുകയും രാത്രി ഉറങ്ങാതെ ആരാധനാകര്‍മങ്ങളില്‍ മുഴുകുകയും ചെയ്യുമായിരുന്നു. ഉറക്കം വരുമ്പോള്‍ താഴെ വീണ് ഉറക്കം മാറാന്‍ വേണ്ടി പലപ്പോഴും ഉയര്‍ന്ന സ്ഥലത്ത് ഇരുന്നാണ് ആരാധന കര്‍മ്മങ്ങള്‍ ചെയ്തിരുന്നത്. നിലത്തിരുന്ന് ചെയ്യുമ്പോള്‍ ചുറ്റും മുള്ളും ചരല്‍കല്ലും വിരിക്കുകയും ഉറക്കം ശക്തമാകുമ്പോള്‍ അതിന്‍മേല്‍ വീണ് ഉണരുകയും ചെയ്യുമായിരുന്നു. ശക്തമായ തണുപ്പുള്ള സമയത്ത് നനഞ്ഞ വസ്ത്രം ധരിച്ചാണ് ഉറക്കിനെ പ്രതിരോധിച്ചിരുന്നത്. തന്റെ ജീവിതം ആത്മീയ അന്വേഷണങ്ങള്‍ക്ക് മാറ്റിവെച്ചതിനാല്‍ തന്നെ അദ്ദേഹം വിവാഹം കഴിച്ചിരുന്നില്ല.7

തന്റെ 12-ാമത്തെ വയസ്സില്‍ തന്നെ അദ്ദേഹം ഖുത്ബ് പദവിയിലെത്തിയതായി അന്നത്തെ അറിയപ്പെട്ട സ്വൂഫിവര്യനായിരുന്ന ശാഹ് ബദീഉദ്ദീന്‍ മദാര്‍ ജനങ്ങള്‍ക്കിടയില്‍ വിളംബരം ചെയ്യാന്‍ തന്റെ ശിഷ്യനായ ഖാളീ ശിഹാബുദ്ദീന്‍ എന്നവരെ ഏല്‍പ്പിക്കുകയും അദ്ദേഹം ജനങ്ങളോട് അക്കാര്യം തുറന്നു പറയുകയും ചെയ്തതായി ഇര്‍തിളാ അലി രേഖപ്പെടുത്തിയിട്ടുണ്ട്.8

ഖുത്ബുല്‍ ആലം എന്ന പേരിലാണ് ശാഹ് മീനാ അറിയപ്പെടുന്നത്. ശിഷ്യനായ ശൈഖ് സഅ്ദ് ഖൈറാബാദി (റ) പറയുന്നു: 20 വര്‍ഷത്തോളം ഞാന്‍ ഖുത്ബുല്‍ ആലമിന്റെ കൂടെ കഴിഞ്ഞിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും കാലു നീട്ടി ഇരുന്നതായി ഞാന്‍ കണ്ടിട്ടില്ല. ഖിബ്ലയ്ക്ക് അഭിമുഖമായി മാത്രം ഇരിക്കുകയും വസ്ത്രങ്ങള്‍ ധരിക്കുമ്പോഴും അഴിക്കുമ്പോഴുമെല്ലാം തന്നെ അക്കാര്യം ശ്രദ്ധിച്ചിരുന്നു. സ്വന്തം ഇച്ഛയ്ക്കനുസൃതമായി ഭക്ഷണം കഴിക്കുകയോ വസ്ത്രം ധരിക്കുകയോ ചെയ്തിരുന്നില്ല. അത്തരക്കാര്‍ ദീനിന്റെ വഴിയിലെ . കൊള്ളക്കാരാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

നിത്യവും അംഗശുദ്ധി പതിവാക്കിയിരുന്ന അദ്ദേഹം മണിക്കൂറുകള്‍ ഇടവിട്ട് അത് പുതുക്കുകയും രണ്ട് റക്അത്ത് നിസ്‌കരിക്കുകയും ചെയ്തിരുന്നു. ഭക്ഷണവും വുളുവോടു കൂടെ മാത്രമേ കഴിച്ചിരുന്നുള്ളൂ. അങ്ങനെ കഴിച്ച് ശരീരത്തിലെത്തുന്ന ഭക്ഷണം തസ്ബീഹില്‍ മുഴുകുമെന്നു ശിഷ്യരെ പഠിപ്പിച്ചിരുന്നു.9

ഉറക്കില്‍നിന്നെഴുന്നേറ്റാലുടന്‍ തയമ്മുമും വുളൂഉം എടുക്കുന്ന പതിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു ഇതിന്റെ വിശദീകരണമെന്നോണം തന്റെ ശിഷ്യരോടായി ഇതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: മനുഷ്യ സൃഷ്ടിപ്പിന്റെ അടിസ്ഥാന ഘടകങ്ങള്‍ മണ്ണും വെള്ളവുമാണ്. ഈ ലോകത്തെ തീ അണയ്ക്കാനുള്ള ശക്തി രണ്ടിനുമുണ്ട്. ഈ പ്രവര്‍ത്തനത്തിലൂടെ പരലോകത്തെ തീയെയും അവ അണയ്ക്കുമെന്നാണ് എന്റെ പ്രതീക്ഷ.10
ഹി 922 ല്‍ വഫാതായ ശൈഖ് സഅ്ദ് ഖൈറാബാദി, സ്വന്തം സഹോദര പുത്രനായ ഖുത്ബുദ്ദീന്‍ എന്നിവരാണ് ഖലീഫമാരായി അദ്ദേഹത്തിന്റെ അധ്യാപനങ്ങളും ശിക്ഷണങ്ങളും അടുത്ത തലമുറക്ക് കൈമാറിയത്. ഹി 884 സ്വഫര്‍ 23 ന് ലക്നോവില്‍ വെച്ചാണ് ശാഹ് മീന വഫാതായത്. അവിടെത്തന്നെയാണ് അന്ത്യവിശ്രമം കൊള്ളുന്നതും.11

മല്‍ഫൂളാത്

ആധ്യാത്മിക ലോകവുമായി ബന്ധപ്പെട്ട നിരവധി തത്ത്വങ്ങളും ഉപദേശങ്ങളുമടങ്ങിയ അദ്ദേഹത്തിന്റെ വാമൊഴി ശൈഖ് മുഹ്യിദ്ദീന്‍ ബ്നു ഹുസൈന്‍ രിളവിയാണ് ക്രോഡീകരിച്ചത്. 235 പേജ് വരുന്ന പ്രസ്തുത ഗ്രന്ഥത്തില്‍ തന്റെ ഗുരുവര്യരും അല്ലാത്തവരുമായ ധാരാളം സൂഫികളുടെ ഉദ്ധരണികളും പ്രസ്തുത മാര്‍ഗത്തില്‍ പ്രവേശിക്കുന്നവര്‍ക്കുള്ള ഉപദേശങ്ങളുമാണ് അടങ്ങിയിട്ടുള്ളത്. ആന്തരിക ശുദ്ധി ലഭിക്കണമെങ്കില്‍ അല്ലാഹുവല്ലാത്തവയില്‍ നിന്നും മനസ്സിനെ തിരിച്ചു കളയണം. ബന്ധങ്ങളില്ലാതെ അല്ലാഹുവിനെ ആരാധിക്കുന്നവര്‍ക്ക് മഹബ്ബതിന്റെ തെളിനീര് കുടിപ്പിക്കപ്പെടും.12 ദൈവാനുരാഗത്താല്‍ തപിക്കുന്ന ഹൃദയമാണ് നിസ്‌കാരത്തേക്കാളും നോമ്പിനേക്കാളും ഖുര്‍ആന്‍ പാരായണത്തേക്കാളുമൊക്കെ പ്രധാനം. ഹൃദയതാപവും അനുരാഗ തീവ്രതയുമില്ലെങ്കില്‍ കര്‍മങ്ങള്‍ നിഷ്ഫലമാണ്.

ദര്‍ സീന ചൂന്‍ ദര്‍ദെ യാര്‍ ദാറം സദ് മുല്‍ക് അസീന്‍ ദിയാര്‍ ദാറം
(ഹൃദയത്തിലെ അനുരാഗ തീവ്രത നൂറു കണക്കിനു സിംഹാസനങ്ങള്‍ക്കു തുല്യമാണ്).13 അനുരാഗതീവ്രതയുള്ളവന്റെ ലക്ഷണങ്ങള്‍ വിവരിക്കുന്നു: ദുന്‍യാവിന്റെ ആളുകളുമായുള്ള സഹവാസം മാരക വിഷമായി കാണുക, സ്ഥാനമാനങ്ങളില്‍നിന്നു വിട്ടു നില്‍ക്കുക, ഇച്ഛകള്‍ പൂര്‍ണമായും വെടിയുക എന്നിവയാണു തപ്ത ഹൃദയരുടെ ലക്ഷണങ്ങള്‍. ശേഷം അമീര്‍ ഖുസ്റുവിന്റെ കവിത ഉദ്ധരിക്കുന്നു:

ഈവാനെ മുറാദ് ബസ് ബലന്‍ദ് അസ്ത്
ആന്‍ജാ ബി ഹവസ് റസീദ ന തുവാന്‍
ഈന്‍ ശര്‍ബതെ ആശിഖീ അസ്ത് ഖുസ്റൂ
ജുസ് ഖൂനെ ജിഗര്‍ ചശീദ നതുവാന്‍

(ലക്ഷ്യ സ്ഥാനം അതി വിദൂരമാണ്. ഇച്ഛകളിലൂടെ അവിടെയെത്താന്‍ സാധ്യമല്ല. ഹൃദയം പൊട്ടിയൊലിച്ചവര്‍ക്കേ ഇശ്ഖിന്റെ മധു പാനം ചെയ്യാന്‍ സാധിക്കൂ).14

ശരീഅതിന്റെ മഹത്വം വിവരിച്ചു കൊണ്ടു പറയുന്നു: ആത്മീയതയില്‍ ഉന്നത പദവിയായ വിലായത് ലഭിക്കുന്നത് വരെ മാത്രമേ ആരാധന നിര്‍ബന്ധമുള്ളൂ എന്നു ചിലര്‍ പറയുന്നത് ശുദ്ധ അസംബന്ധവും പിഴച്ച വാദവുമാണ്. എല്ലാ ഗുണങ്ങളും പൂര്‍ണാര്‍ത്ഥത്തില്‍ സമ്മേളിച്ച നബി (സ്വ)യോടു പോലും മരണം വരെ ആരാധന കര്‍മ്മങ്ങള്‍ ചെയ്യാനാണ് അല്ലാഹു കല്‍പ്പിച്ചത്. നബി തങ്ങള്‍ക്കില്ലാത്ത ഇളവ് മറ്റുള്ളവര്‍ക്കു ലഭിക്കുകയില്ലല്ലോ. അല്ലാഹുവിലേക്കടുക്കും തോറും ഇബാദത്ത് വര്‍ധിപ്പിക്കുകയാണു വേണ്ടത്. ആത്മീയ ലോകത്ത് ഉയരും തോറും ഇബാദത് ആനന്ദമായി മാറുകയാണു ചെയ്യുക. അതു കൊണ്ടാണു സ്വര്‍ഗത്തില്‍ നിസ്‌കാരമുണ്ടായിരുന്നെങ്കില്‍ എന്നു ചിലര്‍ ആഗ്രഹിച്ചത്. സൂഫികളെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ അടിമത്തമാണ് ഏറ്റവും വലിയ സ്വാതന്ത്ര്യം. അടിമയാകാതെ സ്വതന്ത്രനാകാന്‍ കഴിയില്ല. ശേഷം ഒരു പേര്‍ഷ്യന്‍ കവിത ഉദ്ധരിക്കുന്നു.

മന്‍ അസാന്‍ റൂസ് കെ ദര്‍ ബന്ദെ തൂ ഉഫ്താദം ആസാദം (നിന്റെ ബന്ധനത്തിലായതു മുതലാണു ഞാന്‍ സ്വതന്ത്രനായത്).15
ശരീഅതിന്റെ പ്രാധാന്യം വിവരിച്ചു കൊണ്ട് വീണ്ടും പറയുന്നു: ഒരാള്‍ വായുവിലൂടെ പറന്നാലും വെള്ളത്തിലൂടെ നടന്നാലും ഫര്‍ളുകളും സുന്നത്തുകളും യഥാവിധി നിര്‍വഹിക്കുന്നില്ലെങ്കില്‍ വ്യാജനാണെന്നു മനസ്സിലാക്കണം.16

സ്വൂഫികളുടെ അഞ്ച് അടിസ്ഥാന തത്ത്വങ്ങള്‍ (ഉസ്വൂലുല്‍ ഖംസ) ജുനൈദുല്‍ ബഗ്ദാദിയില്‍ നിന്ന് ഉദ്ധരിക്കുന്നു: വിശപ്പു സഹിക്കലാണ് ഒന്നാമത്തെ കാര്യം. ശരീരത്തെ കീഴടക്കാന്‍ വിശപ്പിനോളം ഉപകാരപ്രദമായ വേറെ കാര്യമില്ല. തുടര്‍ന്ന്, വിശക്കുന്നവന്റെ ചിരി വയറു നിറച്ചവന്റെ കരച്ചിലിനേക്കാള്‍ മഹത്തരമാണെന്ന ഹദീസും ഉദ്ധരിക്കുന്നു. രാത്രിയിലുള്ള നിസ്‌കാരമാണു (തഹജ്ജുദ്) രണ്ടാമത്തെ കാര്യം. ഇഖ്ലാസ്വ് (കര്‍മങ്ങള്‍ അല്ലാഹുവിനു വേണ്ടി ചെയ്യുക) ആണ് മൂന്നാമത്തേത്. ചെയ്യുന്ന കാര്യങ്ങള്‍ ദൈവത്തോടുള്ള ബഹുമാനത്തോടെയും ഭക്തിയോടെയും ചെയ്യലാണു നാലാമത്തെ കാര്യം. എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിക്കലാണ് (തവക്കുല്‍) അഞ്ചാത്തെ കാര്യം.17

സൂഫികളുടെ അടിസ്ഥാന തത്ത്വങ്ങള്‍ ഏഴാണെന്ന് (ഉസ്വൂലു സ്സബ്അ) സഹ്ലുബ്നു അബ്ദില്ലാഹ് തുസ്തരി (റ) യില്‍ നിന്നുദ്ധരിക്കുന്നു: ഖുര്‍ആന്‍ മുറുകെ പിടിക്കുക, നബി (സ്വ)യെ പൂര്‍ണമായും അനുധാവനം ചെയ്യുക, ഹലാലായ ഭക്ഷണം മാത്രം കഴിക്കുക, ഒരാളെയും ഒരു നിലയ്ക്കും ബുദ്ധിമുട്ടിക്കാതിരിക്കുക, ചെറുതും വലുതുമായ തെറ്റുകളില്‍നിന്നു വിട്ടുനില്‍ക്കുക, തൗബ ചെയ്യുക, ബാധ്യതകള്‍ വീട്ടുക എന്നിവയാണവ.18
ഇശ്ഖ് (ദൈവസ്നേഹം) മല്‍ഫൂളാതിന്റെ പലഭാഗങ്ങളിലായ ചര്‍ച്ച ചെയ്യപ്പെടുന്നു. ഇശ്ഖില്ലാത്തവന്‍ എല്ലാം നഷ്ടപ്പെട്ട ഭ്രാന്തനാണ്. ഇശ്ഖിനെ നിര്‍വചിച്ചു കൊണ്ടു പറയുന്നു: അശഖത് എന്ന വാക്കില്‍നിന്നാണ് ഇശ്ഖ് നിഷ്പന്നമായത്. അശഖത് എന്നത് ഒരു തരം വള്ളിച്ചെടിയാണ്. അത് ഏതെങ്കിലും മരത്തില്‍ കയറിപ്പറ്റിയാല്‍ മരം ഉണങ്ങിപ്പോവുകയും വള്ളി മാത്രം പച്ചയായി നില കൊള്ളുകയും ചെയ്യും. ഇതേ പോലെ ഇശ്ഖ് ഒരാളുടെ ശരീരത്തില്‍ കയറിപ്പറ്റിയാല്‍ സ്നേഹഭാജനമല്ലാത്തതിനെയെല്ലാം മായ്ച്ചു കളയുകയും ശരീരം മെലിഞ്ഞൊട്ടുകയും ചെയ്യും.19 ശേഷം ഒരു കവിത ഉദ്ധരിക്കുന്നു:

താ മറദ് ബി തൈഗെ ഇശ്ഖ് ബേ സര്‍ ന ശവദ്
ദര്‍ മദ്ഹബെ ആശിഖാന്‍ മുത്വഹ്ഹര്‍ നശവദ് ഹം ഇശ്ഖ് തലബ് കുനി വ ഹം സര്‍ ഖാഹി
ആരേ ഖാഹീ വലേ മുയസ്സര്‍ ന ശവദ്

(ഇശ്ഖ് എന്ന ഖഡ്ഗം കൊണ്ട് തലയറുത്താലേ ഒരാള്‍ ശുദ്ധനാവുകയുള്ളൂ. ഇശ്ഖും തലയും രണ്ടും വേണമെന്ന ആഗ്രഹം വ്യാമോഹം മാത്രമാണ്).
ഹൃദയത്തില്‍ അല്ലാഹുവിനെ മാത്രം കുടിയിരുത്തലാണ് രിയാളയുടെയും ധ്യാനത്തിന്റെയും ലക്ഷ്യം. നിസ്‌കാരം ആര്‍ക്കും നിര്‍വഹിക്കാന്‍ സാധിക്കും. നോമ്പ് നോല്‍ക്കല്‍ പ്രയാസമുള്ള കാര്യമല്ല. ഹജ്ജ് എളുപ്പം ചെയ്യാന്‍ പറ്റുന്ന കര്‍മമാണ്. പക്ഷേ, ഹൃദയത്തെ കീഴടക്കലാണ് ധീരന്മാരുടെ ലക്ഷണം.20

മനുഷ്യ വിജയത്തിന്റെ ഏറ്റവും വലിയ നിദാനം അദബാണെന്നു സ്ഥാപിക്കുന്നു. അമലുകള്‍ (കര്‍മങ്ങള്‍) മനുഷ്യനെ സ്വര്‍ഗത്തിലാണെത്തിക്കുക. എന്നാല്‍, അദബ് (മര്യാദ) സ്വര്‍ഗത്തിന്റെ നാഥനിലേക്കെത്തിക്കും. ഇബ്ലീസിന് അമലുണ്ടായിരുന്നു. പക്ഷേ, അദബില്ലാത്തതു കൊണ്ട് പരാജയപ്പെട്ടു. ആദം നബി (അ) അദബു കാരണം സര്‍വാദരണീയനായി.21 അല്ലാഹുവിന്റെ വഴിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ധാരാളം പരീക്ഷണങ്ങളുണ്ടാകും. അതില്‍ ആനന്ദം കണ്ടെത്തുന്നവനാണ് സമ്പൂര്‍ണന്‍. അല്ലാഹു പറയുന്നു: പിന്നീട് നമ്മുടെ അടിമകളില്‍നിന്ന് തെരഞ്ഞെടുത്തവരെ നാം വേദാവകാശികളാക്കി. സ്വന്തത്തോട് അതിക്രമം കാട്ടിയവരും മധ്യനിലപാടുകാരും അവരിലുണ്ട്. അല്ലാഹുവിന്റെ അനുമതിയോടെ നന്മകളില്‍ മുന്‍കടന്നവരെയും അവരില്‍ കാണാം (ഫാത്വിര്‍: 32). ഈ സൂക്തം വിശദീകരിച്ചു കൊണ്ട് ശാഹ് മീനാ (റ) പറയുന്നു: പരീക്ഷണങ്ങള്‍ നേരിടുമ്പോള്‍ പരാതിപ്പെടുകയും പ്രയാസം പ്രകടിപ്പിക്കുകയും ചെയ്യുന്നവരാണ് സ്വന്തത്തോട് അതിക്രമം കാട്ടിയവര്‍. പരീക്ഷണങ്ങളില്‍ ക്ഷമ കൈകൊള്ളുന്നവരാണ് മധ്യ നിലപാടുകാര്‍. പരീക്ഷണങ്ങളില്‍ ആനന്ദം കണ്ടെത്തുന്നവരാണ് നന്‍മകളില്‍ മുന്‍കടന്നവര്‍. ശേഷം ഒരു പേര്‍ഷ്യന്‍ കവിത ഉദ്ധരിക്കുന്നു:

ഹര്‍ ബലാ കെ ഈന്‍ ഖൗം റാ ഹഖ് ദാദെ അസ്ത്
സൈറെ ആന്‍ ഗഞ്ചെ കറം നിഹാദെ അസ്ത് ഗര്‍ ശറാബെ ലുത്ഫെ ഊ ഖാഹീ മദാം
ഖത്അ് കുന്‍ വാദിയെ ഖഹ്റെ ഊ തമാം

(അല്ലാഹു നല്‍കുന്ന ഓരോ പരീക്ഷണത്തിനുള്ളിലും അനുഗ്രഹങ്ങളുടെ കലവറകള്‍ ഒളിഞ്ഞു കിടപ്പുണ്ട്. അവന്റെ അനുഗ്രഹം ലഭിക്കണമെങ്കില്‍ പരീക്ഷണങ്ങളുടെ താഴ്വരകളിലൂടെ സഞ്ചരിക്കണം).22

റഫറന്‍സ്:

  1. അബ്ദുല്‍ ഹയ്യ് ലക്നവി, നുസ്ഹതുല്‍ഖവാത്വിര്‍, 3/275 ↩︎
  2. ഡോ. സുഹൂറുല്‍ഹസന്‍ ശാരിബ്, തദ്കിറയെ ഔലിയായെ ഹിന്ദ് ഒ പാക് (ലാഹോര്‍: ഇസ്ലാം ബുക് ഡിപോ, 1999), 192 ↩︎
  3. അതേ പുസ്തകം, 188, 189 ↩︎
  4. മുഹമ്മദ് ഇര്‍തിളാ അലി, ഫവാഇദെ സഅ്ദിയ്യ (ഉര്‍ദു വിവര്‍ത്തനം), (യുപി: ശാഹ് സ്വഫി അക്കാദമി, 2021), 60 ↩︎
  5. ഖാജാ കമാല്‍, തുഹ്ഫതുസ്സുഅദാഅ് (പട്ന: ഖുദാ ബഖ്ശ് ഓറിയന്റല്‍ പബ്ലിക് ലൈബ്രറി, 1991), 127 ↩︎
  6. ഇര്‍തിളാ അലി, 60, 61 ↩︎
  7. അബ്ദുല്‍ഹഖ് ദഹ്ലവി, അഖ്ബാറുല്‍അഖ്യാര്‍ (ടെഹ്റാന്‍: അന്‍ജുമനെ ആസാര്‍ വ മഫാഖിറെ ഫര്‍ഹങ്കി, 1383 ഹി.), 313 ↩︎
  8. ഇര്‍തിളാ അലി, 61 ↩︎
  9. അതേ പുസ്തകം, 64, 65 ↩︎
  10. ഖാജാ കമാല്‍, 130 ↩︎
  11. ഇര്‍തിളാ അലി, 67 ↩︎
  12. മല്‍ഫൂസാത്, പേ. 37 ↩︎
  13. അതേ പുസ്തകം, 42 ↩︎
  14. അതേ പുസ്തകം, 43 ↩︎
  15. അതേ പുസ്തകം, 48 ↩︎
  16. അതേ പുസ്തകം, 49 ↩︎
  17. അതേ പുസ്തകം, 51-55 ↩︎
  18. അതേ പുസ്തകം, 58-62 ↩︎
  19. അതേ പുസ്തകം, 62, 63 ↩︎
  20. അതേ പുസ്തകം, 70 ↩︎
  21. അതേ പുസ്തകം, 76 ↩︎
  22. അതേ പുസ്തകം, 128 ↩︎

എ.പി മുസ്തഫ ഹുദവി അരൂര്‍

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Most popular

Most discussed