ഡല്‍ഹിയുടെ വിളക്കെന്ന് വിശേഷിപ്പിക്കപ്പെട്ട നസ്വീറുദ്ദീന്‍ ചിറാഗെ ദഹ്ലിയുടെ മുരീദായിരുന്നു ഗേസൂ ദറാസ്, ബന്ദ നവാസ് തുടങ്ങിയ സ്ഥാനപ്പേരുകളില്‍ പ്രസിദ്ധനായി മാറിയ ഹസ്റത് മഖ്ദൂം സയ്യിദ് മുഹമ്മദ് ഹുസൈനി (റ). ഹി 721 (സി.ഇ. 1321) റജബ് 4 ന് ഡല്‍ഹിയില്‍ ജനിച്ച അദ്ദേഹം കര്‍ണാടകയുടെ വടക്കന്‍ പ്രദേശമായ ഗുല്‍ബര്‍ഗ(കല്‍ബുര്‍ഗി)യിലാണ് അന്ത്യ വിശ്രമം കൊള്ളുന്നത്1.
കുടുംബ പരമ്പരയിലൂടെ നബി(സ്വ)യുടെ 22-ാമത്ത പേരമകനായ അദ്ദേഹത്തിന് അബുല്‍ഫത്ഹ്, സ്വദ്റുദ്ദീന്‍ എന്നീ സ്ഥാനപ്പേരുകളുണ്ടായിരുന്നെങ്കിലും ഖാജാ ബന്ദ നവാസ്, ഗേസൂ ദറാസ് എന്ന പേരുകളിലാണു പ്രസിദ്ധനായി മാറിയത്. ഗേസൂ എന്നാല്‍ കേശം എന്നും ദറാസ് എന്നാല്‍ നീളമുള്ള എന്നുമാണര്‍ത്ഥം. മുടി നീട്ടി വളര്‍ത്തുകയെന്നത് അക്കാലത്തു സയ്യിദുമാരുടെ പതിവായിരുന്നു. ഒരിക്കല്‍ തന്റെ ശൈഖായ നസ്വീറുദ്ദീന്‍ ചിറാഗെ ദഹ്ലിയെ പല്ലക്കില്‍ വഹിച്ചു കൊണ്ടു പോകുമ്പോള്‍ മുടി അതില്‍ കുടുങ്ങുകയും തന്റെ ബുദ്ധിമുട്ട് മാറ്റാന്‍ വേണ്ടി പല്ലക്ക് നിര്‍ത്തിയാല്‍ തന്റെ ഗുരുവിന് ബുദ്ധിമുട്ടാകുമെന്നു മനസ്സിലാക്കിയ അദ്ദേഹം ആ പ്രയാസം സഹിച്ചു തന്നെ മുന്നോട്ടു നീങ്ങുകയും ചെയ്തു. പിന്നീട് ഇതറിഞ്ഞ ശൈഖ് ”ഹര്‍ കെ മുരീദെ സയ്യിദ് ഗേസൂ ദറാസ് ശുദ് വല്ലാഹ് ഖിലാഫ് നീസ്ത് കെ ഊ ഇശ്ഖ് ബാസ് ശുദ്” (ആരെങ്കിലും സയ്യിദ് ഗേസൂ ദറാസിന്റെ ശിഷ്യത്വം സ്വീകരിച്ചാല്‍ അവന്‍ ഇശ്ഖിന്റെ പരമകാഷ്ഠ പ്രാപിച്ചുവെന്നതില്‍ സംശയമില്ല)2 എന്ന് അദ്ദേഹത്തെക്കുറിച്ച് പുകഴ്ത്തി സംസാരിക്കുകയും ചെയ്തു . ഗേസൂദറാസ് എന്ന സ്ഥാനപ്പേരിന്റെ ചരിത്രാംഗീകാരത്തെയാണ് പ്രസ്തുത സംഭവം വ്യക്തമാക്കുന്നത്.
വളര്‍ച്ച
സുല്‍ത്താന്‍ മുഹമ്മദ് ബ്ന്‍ തുഗ്ലക്ക് തന്റെ ഭരണ തലസ്ഥാനം ഡല്‍ഹിയില്‍ നിന്ന് ദൗലതാബാദിലേക്കു മാറ്റിയപ്പോള്‍ തന്റെ പിതാവിന്റെ കൂടെ ഗേസൂ ദറാസും അവടെക്കു കുടിയേറി പാര്‍ത്തു. പത്താമത്തെ വയസ്സില്‍ പിതാവ് മരണപ്പെട്ടപ്പോള്‍ മാതാവിന്റെ കൂടെ വീണ്ടും ഡല്‍ഹിയിലേക്കു തന്നെ തിരിച്ചു മടങ്ങുകയും ചെയ്തു.
ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷമാണ് നസ്വീറുദ്ദീന്‍ ചിറാഗെ ദഹ്ലിയുടെ മുരീദായി മാറുന്നതും ആത്മീയ പദവികള്‍ കരസ്ഥമാക്കുന്നതും. ഗുരുവായ ചിറാഗെ ദഹ്ലിയില്‍നിന്ന് സൂഫീ സ്ഥാന വസ്ത്രം സ്വീകരിക്കാന്‍ ആഗ്രഹിച്ചുവെങ്കിലും മതപരമായ വിജ്ഞാനങ്ങളുമായി ഇടപെട്ടതിനു ശേഷം മതിയെന്ന ഗുരുവിന്റെ ഉപദേശമനുസരിക്കുകയും തുടര്‍ന്ന വൈജ്ഞാനിക യാത്ര ആരംഭിക്കുകയും ചെയ്തു. പ്രഥമമായി മൗലാനാ ശറഫുദ്ദീന്‍ കേഥലി, മൗലാനാ താജുദ്ദീന്‍ ബഹാദുര്‍ എന്നിവരില്‍ നിന്ന് ചുരുക്കം ചില പാരമ്പര്യ ഗ്രന്ഥങ്ങള്‍ പഠിച്ച ശേഷം ഖാളീ അബ്ദുല്‍ മുഖ്തദിര്‍ ബ്നു റുക്നിദ്ദീന്റെ ശിഷ്യത്വം സ്വീകരിക്കുകയും ധാരാളം ഉയര്‍ന്ന തരത്തിലുള്ള ഗന്ഥങ്ങള്‍ പഠിക്കുകയും ക്രമേണ മതവിധികള്‍ നല്‍കാനുള്ള യോഗ്യത നേടുകയും ചെയ്തു3. ഹി 757 ല്‍ ചിറാഗെ ദഹ്ലി മരിക്കുന്ന സമയത്ത് ആത്മീയ സരണിയില്‍ തന്റെ പിന്‍ഗാമിയായി വെറും 36 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഗേസൂ ദറാസിനെയാണ് അദ്ദേഹം നിശ്ചയിച്ചത്. മരിക്കുന്നതിന് മുമ്പ് തന്റെ പിന്‍ഗാമിയാകാന്‍ യോഗ്യരായ ആളുകളുടെ പേരെഴുതി വരാന്‍ സ്വന്തം ശിഷ്യരോടു നിര്‍ദേശിച്ച അദ്ദേഹം തനിക്ക് ലഭിച്ച പേരുകള്‍ പരിശോധിക്കുകയും അതില്‍ ഗേസൂ ദറാസിന്റെ പേര് കാണാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിക്കുയും ചെയ്യുകയായിരുന്നു4.
തന്റെ 80-ാമത്തെ വയസ്സു വരെ ഡല്‍ഹി തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല. ശേഷം കുടുംബ സമേതം മധ്യപ്രദേശിലെ ഗ്വാളിയറിലേക്കും തുടര്‍ന്ന് ഗുജറാത്തിലെ ഖംബാത്ത്, വഡോദര എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ സ്ഥിതി ചെയ്യുന്ന ഖുല്‍ദാബാദിലെത്തുകയും അവിടെ സ്ഥിരതാമസമാക്കാന്‍ തീരുമാനിക്കുകയും ചെയ്‌തെങ്കിലും അന്നത്തെ ബഹ്‌മനീ രാജാവായിരുന്ന സുല്‍ത്താന്‍ ഫിറോസ് ശാഹ് അദ്ദേഹത്തെ കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലേക്കു ക്ഷണിക്കുകയും തഥനുസരണം തന്റെ 82-ാമത്തെ വയസ്സില്‍ അദ്ദേഹം ഗുല്‍ബര്‍ഗയിലെത്തുകയും ചെയ്തു5. ഹി. 825 ദുല്‍ഖഅ്ദ 16 നു തന്റെ 104-ാം വയസ്സില്‍ വഫാത്താകുന്നതു വരെ അവിടെത്തന്നെയായിരുന്നു അദ്ദേഹത്തിന്റെ താമസം.
ജീവിതത്തിന്റെ നല്ലൊരു ഭാഗം ഇലാഹീ അനുരാഗത്തില്‍ കഴിച്ചു കൂട്ടിയ ഗേസൂ ദറാസ് ഇശ്ഖിന് പുതിയ നിര്‍വചനങ്ങളും അര്‍ത്ഥ തലങ്ങളും കണ്ടെത്തി. ഒരു കവിതയില്‍ തന്റെ അനുരാഗ തീവ്രത അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു:
ദര്‍ ദീദ ബജായെ ഖാബ് ആബസ്ത് മറാ സീറാ
കെ ബി ദീദനശ് ശതാബസ്ത് മറാ ഗൂയന്‍ദ് ബ ഖുസ്പ് താ ബ ഖാബശ് ബീനി
ഏ ബേ ഖബറാന്‍ ചെ ജായെ ഖാബസ്ത് മറാ 6
(നിദ്രയ്ക്കു പകരം കണ്ണു നീരാണ് എന്റെ നയനങ്ങളിലുള്ളത്; കാരണം അവ അവനെ കാണാന്‍ വെമ്പല്‍ കൊള്ളുന്നു. ഉറങ്ങിയാല്‍ അവനെ സ്വപ്‌നത്തില്‍ ദര്‍ശിക്കാമെന്ന് അവര്‍ എന്നോടു പറയുന്നു. പക്ഷേ, ഞാനെങ്ങനെ ഉറങ്ങാന്‍!)
പിന്‍ഗാമികള്‍
ശരീഅതിന്റെയും ത്വരീഖതിന്റെയും വിജ്ഞാനീയങ്ങളില്‍ നിറഞ്ഞു നിന്ന ധാരാളം പിന്‍ഗാമികള്‍ (ഖലീഫമാര്‍) അദ്ദേഹത്തിനുണ്ടായിരുന്നു. ഉത്തര്‍ പ്രദേശിലെ കല്‍പിയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന ഹി 834 ല്‍ അന്തരിച്ച ശൈഖ് അലാഉദ്ദീന്‍ ഗ്വാളിയറി, ഖാളീ നൂറുദ്ദീന്‍ അജോധനി, മൗലാനാ മുഈനുദ്ദീന്‍ ടോഹാനി, സ്വദ്റുദ്ദീന്‍ ഖൂന്ദ്മീര്‍, ഖാളീ ഇസ്ഹാഖ് മുഹമ്മദ്, ഖാളീ സുലൈമാന്‍ മുഹമ്മദ്, ഖാളീ അലീമുദ്ദീന്‍ ബ്നു ശറഫ്, ശൈഖ് അബുല്‍ഫത്ഹ് റുക്നുദ്ദീന്‍ ബ്നു അലാഇദ്ദീന്‍ ഗ്വാളിയറി എന്നിവരാണു അതില്‍ പ്രധാനികള്‍7.
ദൈവാനുരാഗം
ജീവിതം മുഴുവന്‍ അല്ലാഹുവിനു വേണ്ടി ത്യജിക്കുകയെന്നതാണ് ഒരടിമയുടെ ദൗത്യം. സുഖത്തിലും ദുഖത്തിലും അല്ലാഹുവിനെ മറക്കാതിരിക്കുമ്പോഴാണ് അവന്‍ യഥാര്‍ത്ഥ ആശിഖ് (അനുരാഗി) ആയി മാറുന്നത്. വിവിധ ഉദാഹരണങ്ങളിലൂടെ പലയിടങ്ങളിലായി ഗേസൂ ദറാസ് ഇശ്ഖിന്റെ തീവ്രത വിശദീകരിക്കുന്നുണ്ട്. ലൈലയും മജ്നൂനും തമ്മിലുള്ള ഒരു സംഭവം വിശദീകരിച്ചു കൊണ്ടദ്ധേഹം പറയുന്നു: ”ലൈലയുടെ വീടിനു മുന്നില്‍ ഒരു കല്ലുണ്ടായിരുന്നു. മജ്നൂന്‍ എന്നും അതിന്മേലിരുന്ന് ലൈലയുടെ വീട്ടിലേക്കു നോക്കിക്കൊണ്ടിരിക്കും. മജ്നൂനിന്റെ ആ ഇരുത്തം അവസാനിപ്പിക്കാനായി ശത്രുക്കള്‍ പദ്ധതിയിട്ടു. കല്ലിനു മുകളില്‍ അവര്‍ തീ കത്തിച്ചു. തീ കാണുമ്പോള്‍ മജ്നൂന്‍ തിരിച്ചു പോകുമെന്നായിരുന്നു അവര്‍ വിചാരിച്ചത്. പക്ഷേ, മജ്നൂന്‍ സാധാരണ പോലെ അവിടെ വന്നിരുന്നു. അത്ഭുതത്തോടെ ആളുകള്‍ ചോദിച്ചു. കത്തിക്കരിഞ്ഞു പോകുമെന്നറിഞ്ഞിട്ടും നീ എന്താ ഇവിടെയിരിക്കുന്നത്. മജ്നൂന്‍ തന്റെ ഹൃദയത്തിലേക്കു ചൂണ്ടിക്കൊണ്ടു പറഞ്ഞു: ഹൃദയം പണ്ടെന്നോ കരിഞ്ഞു പോയിട്ടുണ്ട്. ഇനിയിപ്പോള്‍ ശരീരം കരിയുന്നത് എനിക്കു പ്രശ്നമല്ല. അനുരാഗിയുടെ ഹൃദയത്തില്‍ കത്തിജ്വലിക്കുന്ന ഇശ്ഖിന്റെ തീജ്വാലയ്ക്കുമുമ്പില്‍ നരകത്തിന്റെ തീ പോലും അണഞ്ഞു പോകും”8.
രചനകളും അധ്യാപനങ്ങളും
തന്റെ മുന്‍ഗാമികളില്‍നിന്നു വ്യത്യസ്തമായി രചനാ ലോകത്തേക്കു കൂടി കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച വ്യക്തിയായിരുന്ന ഗേസൂ ദറാസ്. തഫ്സീര്‍, ഹദീസ്, ചരിത്രം, തസ്വവ്വുഫ് തുടങ്ങി മേഖലകളിലായി ചെറുതും വലുതുമായ 105 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ടെന്നാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്9. ഇവയില്‍ 36 ഗ്രന്ഥങ്ങളുടെ പേരുകള്‍ മുഹമ്മദ് അലി സാമാനി തന്റെ സിയറെ മുഹമ്മദിയില്‍ നല്‍കിയിട്ടുണ്ട്. ഖുര്‍ആന്‍ വ്യാഖ്യാനമായ മുല്‍തഖത്വ്, ഹദീസ് ഗ്രന്ഥമായ മശാരിഖുല്‍ അന്‍വാറിന്റെ വ്യാഖ്യാനം, ഇമാം സുഹ്റവര്‍ദിയുടെ അവാരിഫുല്‍ മആരിഫിന് അറബിയില്‍ തയാറാക്കിയ വ്യാഖ്യാനമായ മആരിഫ്, അവാരിഫിന്റെ തന്നെ പേര്‍ഷ്യന്‍ വിവര്‍ത്തനം, തസ്വവ്വുഫ് ഗ്രന്ഥങ്ങളായ കലാബാദിയുടെ തഅര്‍റുഫ് അബുന്നജീബ് സുഹ്റവര്‍ദിയുടെ ആദാബുല്‍ മുരീദീന്‍ ഇബ്നു അറബിയുടെ ഫുസ്വൂസുല്‍ ഹികം ഖാളീ ഐനുല്‍ ഖുളാതിന്റെ തംഹീദാത് എന്നിവയുടെ വ്യാഖ്യാനങ്ങള്‍, ഇമാം ഖുശൈരിയുടെ രിസാലയുടെ പേര്‍ഷ്യന്‍ വിവര്‍ത്തനം, ഇശ്ഖ്നാമ എന്ന പേരില്‍ പ്രസിദ്ധമായ ഹളാഇറുല്‍ ഖുദ്സ്, ഇസ്തിഖാമതുശ്ശരീഅ ബി ത്വരീഖതില്‍ ഹഖീഖ, ഖൂതുല്‍ ഖുലൂബിന്റെ വ്യാഖ്യാനം എന്നിവ അതില്‍ ചിലതാണ്10.
ഇശ്ഖ് പ്രമേയമാക്കി രചിച്ച വുജൂദുല്‍ ആശിഖീനും മറ്റൊരു പ്രധാന രചനയാണ്. പട്നയളലെ ഖുദാ ബഖ്ശ് ലൈബ്രറിയില്‍ അതിന്റെ കൈയെഴുത്തു പ്രതി സൂക്ഷിച്ചിട്ടുണ്ട്. പേര്‍ഷ്യന്‍ സാഹിത്യത്തില്‍ ഹാഫിസ് ശീറാസിയുടെ ദീവാനിനു സമാനമായ ഗസലുകളും റുബാഇകളുമടങ്ങുന്ന ദീവാന്‍ അദ്ദേഹത്തിന്റേതായി ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത ദീവാന്‍ ലഭ്യമല്ലെങ്കിലും അദ്ദേഹത്തിന്റെ വാമൊഴിയായ ജവാമിഉല്‍ കലിമിന്റെ പല ഭാഗങ്ങളിലായി പ്രസ്തുത കവിതകള്‍ ഉദ്ധരിക്കപ്പെട്ടതായി കാണാം11.
അദ്ദേഹത്തിന്റെ മകനായ സയ്യിദ് മുഹമ്മദ് അക്ബര്‍ ഹുസൈനിയാണു വാമൊഴിക(മല്‍ഫൂളാത്)ളെ ജവാമിഉല്‍ കലിം എന്ന പേരില്‍ ക്രോഡീകരിച്ചത്. ഹി 802, 803 വര്‍ഷങ്ങളിലെ ഓരോ ദിവസവും ശിഷ്യ ഗണങ്ങള്‍ക്കു പകര്‍ന്നു നല്‍കിയ വിവിധ വിഷയങ്ങളുടെ സമാഹാരമാണ് ഈ മല്‍ഫൂളാത്. സൂഫികളുടെ മഹത്വവും അല്ലാഹുവിനെ പുല്‍കിയവരുടെ സ്ഥാനമാനങ്ങളും പലയിടങ്ങളിലായി ചര്‍ച്ച ചെയ്യുന്നു.

മരുഭഭൂമികളിലും കാടുകളിലും മലമുകളിലും വിജന പ്രദേശങ്ങളിലും ജീവിക്കുന്ന സൂഫികളിലെ ഉന്നതരായ അബ്ദാലുകളുടെ സ്ഥാനം വിശദീകരിച്ചു കൊണ്ടു പറയുന്നു: ”അവരെപ്പോലെയാകണമെന്നു വര്‍ഷങ്ങളായി ഞാന്‍ ആഗ്രഹിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ, എനിക്കതിനു സാധിക്കുന്നില്ല.” ശേഷം ഒരു പേര്‍ഷ്യന്‍ കവിത കൂടെ ചേര്‍ക്കുന്നു:
ഹര്‍ഗിസ് ഹസദ് ന ബുര്‍ദം ബര്‍ മന്‍സിബീ വ മാലീ
ഇല്ലാ ബറൂ കെ ദാറദ് ബാ ദില്‍ബറം വിസാലീ
(സമ്പത്തിന്റെ കാര്യത്തിലോ സ്ഥാനമാനങ്ങളുടെ കാര്യത്തിലോ ഞാന്‍ അസൂയ വച്ചിട്ടില്ല. എന്റെ പ്രേമഭാജനത്തെ പുല്‍കിയ ആളുകളോടാണ് എനിക്കു അസൂയ തോന്നിയത്)12. മറ്റൊരിടത്ത് ഇശ്ഖിന്റെ അനന്തതയെ വിശദീകരിച്ചു കൊണ്ടദ്ദേഹം പറയുന്നു:
ഇശ്ഖ് ഹിസ്സീ അസ്ത് ബറൂനെ ബശര്‍
ആബ് ഒ ഗില്‍ മര്‍ഊറാ കിഫായത് നീസ്ത്
(മനുഷ്യന് ഉള്‍ക്കൊള്ളാവുന്നതിലും അപ്പുറത്തുള്ള അനുഭവമാണ് ഇശ്ഖ്. അതിനു നില നില്‍ക്കാന്‍ മനുഷ്യന്റെ ലോകം പര്യാപ്തമല്ല)13. രണ്ടു കാര്യങ്ങളാണു വിജയത്തിന്റെ നിദാനം: സംശുദ്ധമായ ആത്മാവും അല്ലാഹുവിനെ മാത്രം തേടിക്കൊണ്ടിരിക്കുന്ന ഹൃദയവും. ലോകത്തുള്ള മുഴുവന്‍ പ്രവാചകന്മാരും സ്വന്തം സമുദായത്തെ ഇക്കാര്യമാണു പഠിപ്പിച്ചത്. ഈ രണ്ടു കാര്യങ്ങളിലൂടെയാണ് അവര്‍ വിലായത് പദവി കരസ്ഥമാക്കിയത്14.
മക്തൂബാത്
തന്റെ പ്രധാന ശിഷ്യനായ ശൈഖ് അലാഉദ്ദീന്‍ ഗ്വാളിയറിയുടെ പുത്രനായ മൗലാനാ റുക്നുദ്ദീന്‍ അബുല്‍ ഫത്ഹാണ് മക്തൂബാത് ക്രോഡീകരിച്ചത്. ഗേസൂ ദറാസിന്റെ മരണത്തിനും 27 വര്‍ഷങ്ങള്‍ക്കു ശേഷം ഹി 852 ലാണു ഇത് നടന്നത്. 66 കത്തുകളാണ് അതിന്റെ ഉള്ളടക്കം. ഇതില്‍ 39ാമത്തെ കത്ത് അന്നത്തെ ബഹ്‌മനീ രാജാവായ സുല്‍ത്താന്‍ ഫിറോസ് ശാഹ് എന്നവര്‍ക്കും 66-ാമത്തെ കത്ത് തന്റെ സമകാലീനനായ ഹസ്റത് മസ്ഊദ് ബക് ചിശ്തി എന്നവര്‍ക്കും ബാക്കിയുള്ളവ തന്റെ മുരീദുമാര്‍ക്കും ഖലീഫമാര്‍ക്കും വേണ്ടി എഴുതിയതായിരുന്നു.
ദൈവാനുരാഗത്തെക്കുറിച്ചും മുഴു സമയം ദൈവ ചിന്തയില്‍ വ്യാപൃതനാകുന്നതിനെക്കുറിച്ചുമാണ് അധിക കത്തുകളിലും പരാമര്‍ശിക്കുന്നത്. ഉപോല്‍ബലകമായി പേര്‍ഷ്യന്‍ കവിതകളും ധാരാളമായി ഉദ്ധരിച്ചിട്ടുണ്ട്. അല്ലാഹുവില്‍ മാത്രം ചിന്തിക്കുകയും മറ്റുള്ളതില്‍ നിന്നെല്ലാം സ്വന്തം തിരിച്ചു കളയലുമാണ് യഥാര്‍ത്ഥ അടിമയുടെ ദൗത്യമെന്ന് അവകളില്‍ പരാമര്‍ശിക്കുന്നതായി കാണാം.
ദൂസ്ത് ആമദ് വ ഗുഫ്ത് ഗര്‍ മറാ മീ തലബീ
പസ് ഹര്‍ ചെ ന ആന്‍ മനം ചെറാ മീ തലബീ
(പ്രേമ ഭാജനം വന്നു കൊണ്ട് ചോദിക്കുന്നു: എന്നെയാണ് നീ അന്വേഷിക്കുന്നതെങ്കില്‍ ഞാനല്ലാത്തവയെ എന്തിനു നീ തേടിപ്പോകണം!)15. ദൈവാനുരാഗമാണ് സൂഫിയുടെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം. തന്റെ പ്രേമഭാജനത്തെ മാത്രം അവന്‍ കാണുന്നു. അവനെക്കുറിച്ചു മാത്രം സംസാരിക്കുന്നു. അവനെക്കുറിച്ചു മാത്രം കേള്‍ക്കുന്നു.
ദോശ് ദീവാനയെ ചെ ഖുശ് മീ ഗുഫ്ത് ഹര്‍
കെ റാ ഇശ്ഖ് നീസ്ത് ഈമാന്‍ നീസ്ത്
(ഒരു സൂഫി പറഞ്ഞതെത്ര സത്യം! ഇശ്ഖില്ലാത്തവന് ഈമാനുമില്ല)16.
21-ാമത്തെ മക്തൂബില്‍ പറയുന്നു: ഒരടിമയുടെ പ്രധാന ലക്ഷ്യം മഅ്രിഫതാണ്. മഅ്രിഫതിന്റെ തുടക്കമാണ് മഹബ്ബത് (ദൈവ സ്നേഹം). മഹബ്ബത് രണ്ടു വിധമുണ്ട്: ആമ്മ (പൊതുവായ സ്നേഹം), ഖ്വാസ്വ (പ്രത്യേക സ്നേഹം). അല്ലാഹുവിന്റെ കല്‍പനകള്‍ പൂര്‍ണമായും പിന്‍പറ്റുന്നവര്‍ക്ക് മഹബ്ബത് ആമ്മ ലഭിക്കും. മഹബ്ബത് ഖ്വാസ്വ അല്ലാഹു ഉദ്ദേശിച്ചവര്‍ക്കു മാത്രം പ്രത്യേകമായി നല്‍കപ്പെടുന്ന പദവിയാണ്. നാലു ഖാഫുകളാണ് അതിന്റെ ലക്ഷണം: ഖില്ലത്തുത്ത്വആം (ഭക്ഷണം കുറയ്ക്കല്‍), ഖില്ലത്തുല്‍മനാം (ഉറക്കം കുറയ്ക്കല്‍), ഖില്ലതുല്‍ കലാം (സംസാരം കുറയ്ക്കല്‍), ഖില്ലതുസ്സ്വുഹ്ബതി മഅല്‍ അനാം (ജനങ്ങളോടുള്ള സഹവാസം കുറയ്ക്കല്‍)17.
മറ്റൊരു മക്തൂബില്‍ മഹബ്ബതിനെ മൂന്ന് ഇനമായി തരം തിരിക്കുന്നതായി കാണാം: മഹബ്ബത് ആമ്മ (പൊതു സ്നേഹം), മഹബ്ബത് ഖ്വാസ്വ (പ്രത്യേകക്കാരുടെ സ്നേഹം), മഹബ്ബത് അഖസ്സ്വില്‍ഖവാസ്സ്വ് (പ്രത്യേകക്കാരില്‍ പ്രത്യേകക്കാരുടെ സ്നേഹം). ഇതില്‍ രണ്ടാമത്തെ മഹബ്ബതിനെ വീണ്ടും മൂന്നായി തരം തിരിക്കുന്നു: അല്ലാഹുവിന്റെ സൃഷ്ടി വൈഭവവും ആകാശ ഭൂമികളിലുള്ള അവന്റെ പ്രവര്‍ത്തനങ്ങളുടെ അല്‍ഭുതങ്ങളും കണ്ടു കൊണ്ടുള്ള മഹബ്ബതെ അഫ്ആല്‍, അവന്റെ വിശേഷണങ്ങള്‍ മനസ്സിലാക്കിയുള്ള മഹബ്ബതെ സ്വിഫാത്, ബാഹ്യ പ്രേരണകളൊന്നുമില്ലാതെ അല്ലാഹുവിന്റെ ദാതിനെ തന്നെ സ്നേഹിക്കുന്ന മഹബ്ബതെ ദാത് എന്നിവയാണവ. മൂന്നാമത്തെ ഇനമായ മഹബ്ബതു അഖസ്സ്വില്‍ ഖവാസ്സ്വ് മനുഷ്യ ബുദ്ധിക്ക് ഉള്‍ക്കൊള്ളാവുന്നതിലുമപ്പുറമാണ്. ‘അല്‍അജ്സു അനില്‍ മഅ്രിഫതി മഅ്രിഫതുന്‍’ (അറിയാന്‍ കഴിയില്ല എന്ന അറിവാണ് ഏറ്റവും വലിയ അറിവ്) എന്നു പറയപ്പെട്ടത് ഈ മഹബ്ബതിനെക്കുറിച്ചാണ്18.
വുജൂദുല്‍ ആശിഖീന്‍
58 പേജ് മാത്രം വരുന്ന ഈ ലഘു കൃതി ദൈവാനുരാഗത്തിന്റെ (ഇശ്ഖ്) അനന്തതയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ലോകമെന്നത് കേവലം മൂന്നു വസ്തുക്കളുടെ സംഗമമാണ്: ഇശ്ഖ് (അനുരാഗം), ആശിഖ് (അനുരാഗി), മഅ്ശൂഖ് (സ്‌നേഹിക്കപ്പെടുന്നവന്‍). ഇവയല്ലാത്തതിന് നില നില്‍പില്ലെന്ന് ഒരു ഹദീസ് ഉദ്ധരിച്ച് ഗേസൂ ദറാസ് സ്ഥാപിക്കുന്നുണ്ട്. ‘അല്‍ ഇശ്ഖു നാറുന്‍ ഇദാ വഖഅ ഫില്‍ ഖല്‍ബി ഇഹ്തറഖ മാ സിവല്‍ മഹ്ബൂബ്’ എന്നാണ് ഇശ്ഖിനെ നിര്‍വചിച്ചിട്ടുള്ളത്. പ്രേമ ഭാജനമല്ലാത്തതിനെയെല്ലാം കരിച്ചു കളയാന്‍ ശക്തിയുള്ള തീയാണ് ഇശ്ഖ് എന്നു സാരം. തുടര്‍ന്ന് ഒരു പേര്‍ഷ്യന്‍ കവിത ഉദ്ധരിക്കുന്നു:
ജഹാന്‍ ഇശ്ഖ് അസ്ത്ത് വ ദീഗര്‍ സര്‍ഖ്
സാസി ഹമ ബാസിയസ്ത്ത് ഇല്ലാ ഇശ്ഖ് ബാസി
(ലോകമെന്നാല്‍ അനുരാഗമാണ്. ബാക്കിയെല്ലാം കേവല പ്രകടനങ്ങള്‍ മാത്രം. അനുരാഗമല്ലാത്തതെല്ലാം വെറും കളിവിനോദം മാത്രം)19.
ഇശ്ഖിനുള്ള അഞ്ചു ഘട്ടങ്ങളെയാണ് അദ്ദേഹം പ്രതിപാദിക്കുന്നത്. ഒന്ന്: ശരീഅത്ത്. അല്ലാഹുവിന്റെ വിശേഷണങ്ങള്‍ കേട്ടു മനസ്സിലാക്കലാണത്. അല്ലാഹുവിനെക്കുറിച്ചുള്ള വിവരണങ്ങള്‍ കേള്‍ക്കുമ്പോള്‍ അവന്റെ വഴിയില്‍ പ്രവേശിക്കാനുള്ള ആഗ്രഹം ജനിക്കുന്നു. ഇതാണ് രണ്ടാം ഘട്ടമായ ത്വരീഖത്ത്. അല്ലാഹുവിനെ അന്വേഷിച്ചുള്ള യാത്രയാണിത്. ഇതിനു ശേഷമാണു മൂന്നാം ഘട്ടമായ ഹഖീഖത്തിലെത്തുന്നത്. പൂര്‍ണമായും അല്ലാഹുവിന്റ ശക്തി വിശേഷത്തില്‍ ലയിച്ചു ചേരലാണിത്. സ്വന്തത്തിന്റെ താല്‍പര്യങ്ങളെ അല്ലാഹുവിന്റെ താല്‍പര്യങ്ങള്‍ക്കു മുന്നില്‍ ബലി കഴിപ്പിക്കലായ മഅ്രിഫത്താണ് നാലാം ഘട്ടം. മഅ്രിഫത്തിനു ശേഷമാണ് അഞ്ചാം ഘട്ടമായ വഹ്ദത്ത്. നശ്വരമായ സ്വന്തത്തിന്റെ ഉണ്മയെ പൊട്ടിച്ച് അനശ്വരമായ അല്ലാഹുവിന്റെ ഉണ്മയില്‍ ലയിച്ചു ചേരുന്ന ഘട്ടമാണിത്20.
രചനകള്‍ പലതും ലഭ്യമല്ലെങ്കിലും ലഭ്യമായവയില്‍ മഅ്രിഫത്, മഹബ്ബത്, ഇശ്ഖ് തുടങ്ങിയ വിഷയങ്ങളാണ് കൂടുതലും പ്രതിപാദിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ദൈവ സ്നേഹം ജനങ്ങളില്‍ വളര്‍ത്താന്‍ വാക്കു കൊണ്ടും രചനകള്‍ കൊണ്ടും കഠിനാധ്വാനം ചെയ്ത സൂഫി വര്യനായിരുന്നു ഗേസൂ ദറാസ് എന്ന് ഇതില്‍നിന്നു മനസ്സിലാക്കാം.
റഫറന്‍സ്
- മുഹമ്മദ് അലി സാമാനി, സിയറെ മുഹമ്മദി (അലഹാബാദ്: യൂനാനി ദവാ ഖാന പ്രസ്) ↩︎
- ശബീര്‍ ഹുസൈന്‍ ചിശ്തി, സീറതെ പാകെ ഹസ്റത് ഖാജ സയ്യിദ് മുഹമ്മദ് ഗേസൂ ദറാസ് ബന്ദ നവാസ് (ലാഹോര്‍: അസീം ആന്‍ഡ് സണ്‍സ്, 2002), 10 ↩︎
- അബ്ദുല്‍ ഹയ്യ് ലക്നവി, നുസ്ഹത്തുല്‍ ഖവാത്വിര്‍ (ബൈറൂത്: ദാറു ഇബ്നി ഹസ്മ്, 1999), 3/277 ↩︎
- ശബീര്‍ ഹുസൈന്‍ ചിശ്തി, 13 ↩︎
- അതേ പുസ്തകം, 14, 15 ↩︎
- സാമാനി, 101 ↩︎
- അതേ പുസ്തകം, 132-156 ↩︎
- ശബീര്‍ ഹുസൈന്‍ ചിശ്തി, 58 ↩︎
- അതേ പുസ്തകം, 19 ↩︎
- സാമാനി, 102 ↩︎
- ശബീര്‍ ഹുസൈന്‍ ചിശ്തി, 21 ↩︎
- സയ്യിദ് മുഹമ്മദ് അക്ബര്‍ ഹുസൈനി, ജവാമിഉല്‍കലിം, 177 ↩︎
- അതേ പുസ്തകം, 226 ↩︎
- അതേ പുസ്തകം, 235 ↩︎
- സയ്യിദ് മുഹമ്മദ് ഗേസൂ റദാസ്, മക്തൂബാത്(ഹൈദ്രാബാദ്: അഹ്ദ് ആഫ്രീന്‍ പ്രസ്, ഹി. 1362), പേ. 35, മക്തൂബ്: 14 ↩︎
- അതേ പുസ്തകം, മക്തൂബ്: 14, 16 ↩︎
- അതേ പുസ്തകം, പേ. 46, മക്തൂബ്: 21 ↩︎
- അതേ പുസ്തകം, പേ. 53, 54,മക്തൂബ്: 25 ↩︎
- ഗേസൂ ദറാസ്, വുജൂദുല്‍ആശിഖീന്‍: 5-9 ↩︎
- അതേ പുസ്തകം, 12-14 ↩︎
Add comment