Thelicham

സ്വപ്നത്തെ കുറിച്ച് ചില ഇസ്‌ലാമിക മാനങ്ങള്‍: നരവംശശാത്രത്തിന്റെ സാധ്യതകള്‍

പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗവേഷക വിദ്യാര്‍ത്ഥിനിയായിരുന്ന കാലത്ത് ഉണര്‍ന്നിരിക്കുന്ന ജീവിതത്തെക്കാള്‍ എന്നെ മഥിച്ചിരുന്നത് ഉറക്കത്തിലെ സ്വപ്‌നങ്ങളെ കുറിച്ചുള്ള ആലോചനകളായിരുന്നു. ഇസ്്‌ലാമിക പാരമ്പര്യത്തിലെ കൗതുകജനകമായ സ്വപ്‌നങ്ങളെ കുറിച്ചും സ്വപ്‌നവ്യാഖ്യാനത്തെ കുറിച്ചും ഈജിപ്തിന്റെ പശ്ചാതലത്തില്‍ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു അന്ന് ഞാന്‍.

െൈസകാട്രിസ്റ്റും ന്യൂറോളജിസ്റ്റുമായ ഉപ്പയുടെയും ജങ്കിയന്‍ സൈക്കോഅനാലിസ്റ്റും സൈക്കോതെറാപിസ്റ്റുമായ ഉമ്മയുടെയും കൂടെ ചെറുപ്പത്തിലെ സ്വപ്‌നങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ കേട്ട് വളര്‍ന്ന എനിക്ക് അവയില്‍ കൗതുകമുണ്ടാവുക സ്വാഭാവികമായിരുന്നു. ഞങ്ങളുടെ തീന്‍മേശകളില്‍ പോലും രോഗികളുടെ സ്വപ്‌നങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ അരങ്ങേറുമായിരുന്നു. സ്വപ്‌നത്തില്‍ നാം ആരെ ദര്‍ശിച്ചാലും അതിലെ എല്ലാ കഥാപാത്രങ്ങളും നമ്മുടെ തന്നെ പല സ്വഭാവങ്ങളുടെയും പ്രതിഫലനങ്ങള്‍ മാത്രമാണ് എന്ന ജങ്കിയന്‍ (കാള്‍ ജങ്കിന്റെ) സൈക്കോഅനാലിസിസിനോട് അന്നെനിക്ക് ഉണ്ടായിരുന്ന വിരക്തിയെ കുറിച്ച് ഇപ്പോഴും ചില ഓര്‍മകളുണ്ട്.

ഫ്രോയിഡിയന്‍ സൈക്കോ അനാലിസിസ് മുന്നോട്ട് വെക്കുന്നത് പോലെ, സ്വന്തം അബോധ മനസ്സിന്റെയും ഓര്‍മ്മകളുടെയും പ്രതിഫലനം മാത്രമാണ് സ്വപ്‌നങ്ങള്‍ എന്ന നിലക്കായിരുന്നില്ല മുസ്്‌ലിം പാരമ്പര്യത്തില്‍ സ്വപ്‌നങ്ങള്‍ മനസ്സിലാക്കപ്പെട്ടത്. അവ ധാര്‍മ്മിക ഗുണദോഷങ്ങള്‍ നല്‍കുന്ന ദിവ്യമായ ഇടപെടലുകളായാണ് വ്യാപരിക്കപ്പെട്ടിരുന്നത്. പ്രവാചക പത്‌നി ആയിശ ബീവി ഉദ്ധരിക്കുന്നത,് പകല്‍ വെളിച്ചം പോലെ യാഥാര്‍ത്ഥ്യമായിത്തീര്‍ന്ന നല്ല സ്വപ്‌നങ്ങളിലൂടെയും പ്രവാചകര്‍ക്ക് ദിവ്യ ബോധനങ്ങള്‍ ലഭിച്ചിരുന്നു എന്നാണ്. പല ദിവസങ്ങളിലും തങ്ങള്‍ കണ്ട സ്വപ്‌നങ്ങളെ കുറിച്ച് സ്വഹാബയോട് പ്രവാചകര്‍ ആരായാറുണ്ടായിരുന്നു. ഖുര്‍ആനിലെ യൂസുഫ് സൂറത്തില്‍ ഏറ്റവും മനോഹരമായ സ്വപ്‌നവ്യാഖ്യാനത്തിന്റെ കഥ വിവരിക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആനിലും പ്രവാചക ചര്യകളിലും സ്വപ്‌നങ്ങള്‍ ദൈവികമായ ഇടപെടലുകളായി പല സന്ദര്‍ഭങ്ങളിലും മനസ്സിലാക്കപ്പെട്ടിരുന്നു. മധ്യ കാലങ്ങളില്‍ തഫ്‌സീറുകളെക്കാള്‍ അധികം സ്വപ്‌ന വ്യാഖ്യാനങ്ങളുടെ ലഘു ഗ്രന്ഥങ്ങള്‍ നിലനിന്നിരുന്നതായി രേഖകളുണ്ട്.

സ്വപ്‌നത്തില്‍ ദൈവികമായ ഇടപെടലുകളില്ലായിരുന്നുവെങ്കില്‍ ഇസ്്‌ലാമിലെ ബാങ്ക് വിളി സമ്പ്രദായം നിലവില്‍ വരുമായിരുന്നില്ല, അരിസ്റ്റോട്ടിലിന്റെ വലിയ ഗ്രന്ഥശേഖരങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുമായിരുന്നി. തന്റെ ഫുസൂസുല്‍ ഹികം പൂര്‍ണ്ണമായും എഴുതിത്തീര്‍ത്തത് സ്വപ്‌നങ്ങളില്‍ പ്രവാചകര്‍ നല്‍കിയ അധ്യാപനങ്ങളിലൂടെയാണെന്ന് ഇബ്‌നു അറബി പറയുന്നു. മുസ്്‌ലിം ചരിത്രത്തില്‍ സ്വപ്‌നങ്ങള്‍ക്ക് അതീവ പ്രാധാന്യത നിലനിന്നിരുന്നു, അതിന്നും ഉത്തരാധുനിക, ഫ്രോയിഡാനന്തര പരിഷ്‌കരണാനന്തര മുസ്്‌ലിം ലോകത്തും നിലനില്‍ക്കുന്നുണ്ട്.

എന്നാല്‍ പുരോഗമനവാദികളായ ചില മുസ്്‌ലിം പണ്്ഡിതര്‍ ഇസ്്‌ലാമിനെ യുക്തിക്കു നിരക്കുന്ന മതസംഹിതയാക്കുന്ന വ്യഗ്രതയില്‍ സ്വപ്‌നങ്ങളുടെ പ്രാധാന്യതയെ തള്ളിക്കളയാനാണ് ശ്രമിച്ചത്. സ്വപ്‌നവ്യാഖ്യാതാക്കള്‍ വ്യാജ സിദ്ധരായി പരിഗണിക്കപ്പെട്ടു. കൊളോണിയല്‍ ആധുനികവത്കരണത്തിന്റെ വലിയ ഫ്രയിംവര്‍ക്കിലാണ് ഈ പരിഷ്‌കരണ പ്രക്രിയകള്‍ മനസ്സിലാക്കപ്പെടേണ്ടത്. കൊളോണിയലിസം ഈജിപ്തിന്റെ സൈനിക രാഷ്ട്രീയ ഭരണ സംവ്വിധാനങ്ങളില്‍ മാത്രമായിരുന്നില്ല, ജ്ഞാനവ്യവസ്ഥയിലും വ്യക്തിനിഷ്ഠതയിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഈജിപ്തില്‍ കോളനിവത്കരണം ഒരു പുതിയ ക്രമം രൂപപ്പെടുത്തുകയും വസ്തുനിഷ്ഠതയ്ക്കും യുക്തിഭദ്രതക്കും പ്രാധാന്യം കൊടുക്കുന്ന പുതിയ വ്യവസ്ഥ രൂപപ്പെടുത്തുകയും ചെയ്തുവെന്ന് തിമോത്തി മിഷേല്‍ എഴുതുന്നുണ്ട്. ഈ പശ്ചാതലത്തില്‍ ഉയര്‍ന്ന് വന്ന പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ ഇഹലോകത്തെ ധാര്‍മിക പുരോഗതിക്കും സാമൂഹിക ഉത്ഥാനത്തിനും വേണ്ടി നിലകൊള്ളുകയും ഇസ്്‌ലാമിന്റെ കാതലായ മെറ്റാഫിസിക്‌സ്, ബര്‍സഖ്, പരലോക ജീവിതം തുടങ്ങിയവയെ രണ്ടാം കിടയായി പരിഗണിക്കുകയും ചെയ്തു. ഒരു സ്വപ്‌നവ്യാഖ്യാതാവിനെ അന്വേഷിച്ച എന്നോട് പച്ചക്കറിക്കടക്കാരന്റെ മറുപടി അതൊക്കെ കപടമാണെന്നും ഇപ്പോഴത്തെ കാലത്ത് ആളുകളൊക്കെ സൈക്കോഅനാലിസ്റ്റുകളെയാണ് സമീപിക്കാറ് എന്ന ഗുണദോഷമായിരുന്നു. സ്വപ്‌നം വ്യാഖ്യാനം ഹറാമാണെന്ന നിലപാടാണ് അതിനെ കുറിച്ച് സംസാരിക്കവെ ഒരു സുഹൃത്ത് എ്‌ന്നോട് പങ്കുവെച്ചത്.

എന്നാല്‍ സ്വപ്‌നങ്ങള്‍ ഇസ്്‌ലാമിന്റെ, പ്രത്യേകിച്ച് സൂഫിസമൂഹങ്ങളുടെ ഇടയില്‍ മാര്‍ഗദര്‍ശനമായും പ്രചോദനമായും സജ്ജീവമായി ഇന്നും നിലവിലുണ്ട്. ഈ സൂഫി വൃത്തങ്ങള്‍ക്കകത്തും പുറത്തും, സ്വപ്‌നങ്ങള്‍ക്ക് ഭാവിയെ നിര്‍വചിക്കാന്‍ കഴിയുമെന്നതിന് പുറമെ പരേതരുമായും ആത്മാക്കളുമായും (വിശിഷ്യാ പ്രവാചകനുമായി) ആശയസംവേദനത്തിലേര്‍പ്പെടാനുള്ള കഴിവുണ്ടെന്ന് വിശ്വസിക്കുന്ന അനേകം മുസ്്‌ലിംകളുണ്ട്.

സ്വപ്‌നങ്ങളെ കുറിച്ചുള്ള പഠനങ്ങളില്‍ നിന്നൊക്കെ കുറെ കാലമായി ഞാന്‍ വിരമിച്ചു കഴിഞ്ഞിരുന്നു. അതിനിടെയാണ് വളരെ അടുത്തായി ഫ്രാന്‍സില്‍ നിന്നുള്ള ഒരു മുസ്്‌ലിം ഗവേഷക (തത്കാലം അവരെ സഫ എന്ന് വിളിക്കാം) അവരുടെ ഒരു സ്വപ്‌നത്തെ കുറിച്ച് എനിക്ക് മെയില്‍ ചെയ്യുന്നത്. സഫ എന്റെ ഡ്രീംസ് ദാറ്റ് മാറ്റര്‍ എന്ന പുസ്തകം വായിച്ചിട്ടുണ്ടായിരുന്നു. അവളുടെ സ്വപ്‌നത്തിന് വിശദീകരണം നല്‍കാനാവും എന്ന പ്രതീക്ഷയിലാണ് എന്നെ ബന്ധപ്പെട്ടത്. മുസ്്‌ലിംകള്‍ക്കിടയിലെ സ്വപ്‌നത്തെ കുറിച്ചും അതിന്റെ സവിശേഷതയെ കുറിച്ചും പഠിച്ചിരുന്നു എന്നല്ലാതെ സ്വപ്‌ന വ്യാഖ്യാനം നടത്താന്‍ മാത്രം പാരമ്പര്യ സ്രോതസ്സുകളില്‍ എനിക്ക് അറിവുണ്ടായിരുന്നില്ല.

മുസ്്‌ലിം ക്ലാസിക്കുകള്‍ സ്വപ്‌നങ്ങളെ മൂന്ന് തരങ്ങളായാണ് തിരിച്ചിട്ടുള്ളത്: പൈശാചിക ആത്മാക്കള്‍ സൃഷ്ടിക്കുന്ന ഹുല്‍മുകള്‍, ദൈവിക സ്വഭാവങ്ങളുള്ള യഥാര്‍ത്ഥ സ്വപ്‌നങ്ങളായ റുഅ്‌യകള്‍, സ്വപ്‌നം കാണുന്നവന്റെ താല്‍പര്യങ്ങളും ഉത്കണ്ഠകളും പ്രകടമാകുന്ന ഹദീസ് നഫ്‌സിയും. പ്രവാചകര്‍ തന്റെ മരണത്തിന് തൊട്ട് മുമ്പ് മദീനപ്പള്ളിയില്‍ വെച്ച് എന്റെ മരണശേഷം നുബുവ്വതിന്റെ (പ്രവാചകത്വം) ലക്ഷണങ്ങളില്‍ നല്ല സ്വപ്‌നങ്ങളല്ലാത്ത (റുഅ്‌യ സ്വാലിഹ) ഒന്നും അവശേഷിക്കില്ല എന്ന് പ്രഖ്യാപിച്ചിരുന്നു. ഇസ്്‌ലാമിന്റെ ഈ വര്‍ഗ്ഗീകരണം സിഗ്മണ്ട് ഫ്രോയിഡും കാള്‍ ജങ്കും അവതരിപ്പിക്കുന്ന സൈക്കോ അനാലിസിസുകളില്‍ നിന്നും വളരെ വ്യത്യാസപ്പെട്ടു കിടക്കുന്നു. ജോണ്‍ ലെമറെക്‌സിന്റെ വാക്കുകളില്‍ പാശ്ചാത്യന്‍ സ്വപ്‌ന സങ്കല്‍പങ്ങളുടെ അന്വേഷണങ്ങള്‍ കൂടുതലും ഉള്ളിലേക്കകാവുമ്പോള്‍ ഇസ്്‌ലാമിന്റേത് പുറത്തേക്ക് സഞ്ചരിക്കുന്നു.

സഫ തന്റെ സ്വപ്‌നത്തെ വിശദീകരിച്ചതിങ്ങനെയായിരുന്നു: പുതുതായി പിറന്ന ഒരു കുഞ്ഞിനെയും പിടിച്ച് കോണി കയറുകയും അവളെ ഒരു ആണ്‍ സുഹൃത്ത് കൈ പിടിക്കുകയും ചെയ്യുന്നു. അവര്‍ പ്രണയിതാക്കളെ പോലെ പരസ്പരം പുഞ്ചിരിക്കുന്നുണ്ടായിരുന്നു. എല്ലാം ഇരുട്ടിലായിരുന്നുവെങ്കിലും അവരുടെ മുഖങ്ങള്‍ മാത്രം പ്രകാശം പരത്തിക്കൊണ്ടിരുന്നു.
സഫ ചോദിക്കുന്നതിങ്ങനെയായിരുന്നു: ആ സുഹൃത്തിനോട് ഞാന്‍ സംസാരിച്ചിരുന്നു, പക്ഷെ ഒരു സുഹൃത്തെന്നതിലുപരിയായി അയാളെ ഞാന്‍ കണ്ടിരുന്നില്ല. എന്റെ ഈ സ്വപ്‌നം എന്റെ സങ്കല്‍പത്തിന്റെയും താല്‍പര്യങ്ങളുടെയും പ്രതിഫലനമാണെന്നാണോ നിങ്ങളുടെ വിശ്വാസം?
എനിക്കതിനോട് എങ്ങനെ പ്രതികരിക്കണമെന്നറിയില്ലായിരുന്നു. ആന്ത്രപ്പോളജിസ്്റ്റ് എന്ന നിലയില്‍ സ്വപ്‌നങ്ങളെ കുറിച്ചും സ്വപ്‌നവ്യാഖ്യാനങ്ങളുടെ സ്വഭാവത്തെ കുറിച്ചും മാത്രമാണ് ഞാന്‍ പഠനം നടത്തിയിട്ടുള്ളത്. ഞാന്‍ കൗതുക പൂര്‍വ്വം പഠിച്ച സ്വപ്‌ന വ്യാഖ്യാനം, എങ്ങനെ പ്രായോഗികമായി ചെയ്യാം എന്നതിനെ സംബന്ധിച്ച് ഞാന്‍ പരിപൂര്‍ണ അജ്ഞയായിരുന്നു. ആേന്ത്രാപ്പോളജി പഠനങ്ങളുടെ ഏറ്റവും വലിയ പരിമിതിയായി അതിനെ മനസ്സിലാക്കാമെന്ന് തോന്നുന്നു.

സഫയുടെ മെയില്‍ കിട്ടിയപ്പോള്‍ എനിക്ക് ഏറ്റവും കൂടുതല്‍ നഷ്ടമായി തോന്നിയത് ശൈഖ് നാബിലിനെയായിരുന്നു. ഈജിപ്തിലെ പ്രമുഖ സ്വപ്‌നവ്യാഖ്യാതക്കളില്‍ അഗ്രകണ്യനായിരുന്നു അദ്ദേഹം എന്റെ മുഖ്യസ്രോതസ്സുകളില്‍ ഒരാളായിരുന്നു. അദ്ധേഹം ഈജിപ്തില്‍ അത്ര പ്രസിദ്ധനൊന്നുമായിരുന്നില്ല. പക്ഷെ, പരിചയമുള്ളവര്‍ക്കിടയില്‍ ആദരണീയനും ഏറെ ബഹുമാനിതനുമായിരുന്നു. എനിക്ക് വേണ്ടി പലതവണ സ്വപ്‌നവ്യാഖ്യാനങ്ങള്‍ അവര്‍ ചെയ്തു തന്നിട്ടുണ്ടായിരുന്നു.

ഇസ്്‌ലാമിലെ സ്വപ്‌ന വ്യാഖ്യാനത്തിന്റെ പിതാവായി ഗണിക്കപ്പെടുന്നവരാണ് ഇബ്‌നുസീരീന്‍. ഇമാം മാലികിന് പലതവണ അദ്ദേഹം നടത്തിക്കൊടുത്ത സ്വപ്‌നവ്യാഖ്യാനങ്ങള്‍ വളരെ പ്രസിദ്ധമാണ്. ശൈഖ് നാബിലിന്റെ സ്വപ്‌നത്തില്‍ ഒരിക്കല്‍ ഇബ്‌നുസീരീന്‍ പ്രത്യക്ഷപ്പെടുകയും അദ്ധേഹത്തിന് സ്വപ്‌നവ്യാഖ്യാനത്തിന്റെ രഹസ്യങ്ങള്‍ പറഞ്ഞു കൊടുക്കുകയും തന്റെ മഖ്ബറ വിപുലപ്പെടുത്താന്‍ നിര്‍ദേശിക്കുകയും ചെയ്തുവത്രെ. അവഗണിക്കപ്പെട്ട് കിടന്നിരുന്ന ഇബ്‌നുസീരീന്റെ മഖ്ബറ ഇപ്രകാരം പുനര്‍ജീവിപ്പിച്ച് സ്വപ്‌നവ്യാഖ്യാനത്തിന്റെ ഒരു കേന്ദ്രമായി ശൈഖ് നാബില്‍ അതിനെ പരിവര്‍ത്തിപ്പിച്ചു. ഞാനദ്ദേഹത്തെ 2003ല്‍ കാണുമ്പോള്‍ 60 വയസ്സ് തികഞ്ഞ ശുഷ്‌കിച്ച ശരീരമുള്ള ഒരു സ്വാത്വികനായിരുന്നു അവര്‍. ഇടക്കിടെ കട്ടന്‍ ചായ കുടിച്ചും സിഗരറ്റ് വലിച്ചും അദ്ധേഹം സന്ദര്‍ശകരുടെ സ്വപ്‌നം കേള്‍ക്കുകയും അതിന് വ്യാഖ്യാനങ്ങള്‍ പറഞ്ഞു കൊടുക്കുകയും ചെയ്യുകയായിരുന്നു.

സ്വപ്‌നവ്യാഖ്യാനങ്ങളുടെ സമാഹാരമായ ഇബ്‌നുസീരീന്റെ ഗ്രന്ഥങ്ങള്‍ ഇന്നും പല മുസ്്‌ലിം സമൂഹങ്ങള്‍ക്കിടയിലും പ്രധാന സ്രോതസ്സാണ്. ഓരോ സ്വപ്‌നങ്ങളുടെയും വ്യാഖ്യാന സാധ്യതകളെ അദ്ധേഹം വിവരിക്കുന്നുണ്ട്. ഉദാഹരണമായി, തേനീച്ചയെ സ്വപ്‌നം കാണുന്നതിന്റെ അര്‍ത്ഥം സമ്പുഷ്ടതയോ ആയാസം പിടിച്ച എന്തെങ്കിലും സാഹസികതകളോ വരാന്‍ പോകുന്നു എന്നതാണ്, തേനെടുക്കുന്നതാണ് കാണുന്നതെങ്കില്‍ നിയമാനുസൃതം നല്ല സമ്പാദനം നേടാനുള്ള സാധ്യതയാണെന്നും അദ്ദേഹം എഴുതുന്നു. പക്ഷെ, ആധുനിക ബൗദ്ധിക ജ്ഞാന വ്യവസ്ഥയുടെയും സൈക്കോഅനാലിസിസുകളുടെയും സൈക്കോതെറാപികളുടെയും അതിപ്രസരം മൂലം പല മുസ്്‌ലിം സമൂഹവും ഈ സ്വപ്‌ന വ്യാഖ്യാനങ്ങളെ അപരിഷ്‌കൃതമായും പഴഞ്ചനായും മനപ്പൂര്‍വ്വം തിരസികരിച്ചു കളഞ്ഞിട്ടുണ്ട്. ഇന്ന് പല മുസ്്‌ലിംകള്‍ക്കും വിശ്വസനീയമായ സ്രോതസ്സുകള്‍ നമ്മുടെ മനസ്സിന്റെ പ്രതിഫലനങ്ങള്‍ മാത്രമാണ്് സ്വപ്‌നങ്ങളെന്ന് മനസ്സിലാക്കുന്ന സൈക്കോഅനാലിസുസകളാണ്.

ലോകത്ത് സ്വപ്‌നം പല രീതികളില്‍ മനസ്സിലാക്കപ്പെട്ടിട്ടുണ്ട്. യൂറോപ്യന്‍ നവോത്ഥാനത്തിന്റെ ഉപജ്ഞാതാക്കളില്‍ പ്രധാനിയായ റെനെ ദെക്കാര്‍ത്ത് പറയുന്നതിങ്ങനെയാണ്: ഉറങ്ങുകയാണോ അതോ ഉണര്‍ന്നിരിക്കുകയാണോ എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന നിര്‍ണ്ണായകമായ ഒരു സൂചനകളും നിലനില്‍ക്കുന്നില്ലെന്ന് വളരെ വ്യക്തമാണ്. ഇന്ദ്രിയങ്ങള്‍ വഴി അറിവുകള്‍ നേടാനാവില്ലെന്നും യുക്തിചിന്തയാണ് ആധികാരികമെന്നും സ്ഥാപിക്കാന്‍ അദ്ധേഹം ഉപയോഗപ്പെടുത്തുന്ന സുപ്രധാന തെളിവുകളിലൊന്ന് സ്വപ്‌നത്തിന്റെ ഈ സ്വഭാവമാണ്.
ദെക്കാര്‍ത്ത് അനുഭവിച്ചിരുന്ന ഈ സംഘാര്‍ഷവസ്ഥയില്‍ നിന്നോ അതിനെ കൂട്ടു പിടിച്ചോ ആണ് സ്വപ്‌നങ്ങളെ കുറിച്ചുള്ള ആന്ത്രോപ്പോളജിക്കല്‍ പഠനങ്ങള്‍ തുടക്കം കുറിക്കുന്നത്. സ്വപ്‌നത്തിന്റെ ആേന്ത്രാപ്പോളജി ആദ്യമായി പഠിക്കാന്‍ ശ്രമിച്ച വിക്ടോറിയന്‍ നരവംശ ശാസ്തരജ്ഞനായിരുന്ന ഇ.ബി ടൈലര്‍ എഴുതിയ പ്രിമിറ്റീവ് കള്‍ച്ചര്‍ എന്ന പുസ്തകത്തില്‍ ആദിമ മനുഷ്യര്‍ സ്വപ്‌നത്തെയും യാഥാര്‍ത്ഥ്യത്തെയും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ താല്‍പര്യപ്പെട്ടിരുന്നില്ല എന്ന് വാദിക്കുന്നത് കാണാം. മനുഷ്യന്‍ മരിച്ചുവെന്ന് തിരിച്ചറിയാന്‍ ആദിമ മനുഷ്യര്‍ക്ക് സാധിച്ചിരുന്നുവെങ്കിലും അവരുടെ ആത്മാക്കളും പ്രേതങ്ങളും തങ്ങളോട് സംവ്വദിക്കുമെന്നും അവ യാഥാര്‍ത്ഥ്യങ്ങള്‍ തന്നെയാണെന്നും അവര്‍ വിശ്വസിച്ചിരുന്നു.
ഫ്രഡറിക് നീഷെ ആദിമ മനുഷ്യര്‍ സ്വപ്‌നങ്ങളെ മറ്റൊരു യാഥാര്‍ത്ഥ്യലോകമായി തെറ്റിദ്ധരിച്ചുവെന്നും ഈ ധാരണ അനേകായിരം വര്‍ഷങ്ങള്‍ ദൈവത്തിലും പ്രേതങ്ങളിലും വിശ്വസിക്കാന്‍ അവരെ പ്രേരിപ്പിച്ചു എന്നും എഴുതുന്നു. ഫ്രോയിഡ് കുറച്ച് കൂടെ മുന്നോട്ട് പോവുകയും ആദിമ മനുഷ്യര്‍, കുട്ടികള്‍, മാനസിക രോഗികള്‍ തുടങ്ങിയവര്‍ യാഥാര്‍ത്ഥ്യത്തിനും സാങ്കല്‍പികതക്കും ഇടയില്‍ വേര്‍തിരിച്ച് മനസ്സിലാക്കാന്‍ സാധിക്കാത്തവരാണെന്ന് വാദിക്കുന്നു. ഇവരെല്ലാവരും ഒന്നിച്ച് തീര്‍പ്പിലെത്തുന്ന ഒരു കാര്യം ഇങ്ങനെയാണ്: യുക്തി ഭദ്രരല്ലാത്ത ‘അവര്‍’ സ്വപ്‌നത്തെയും യാഥാര്‍ത്യത്തെയും വേര്‍തിരിച്ച് കാണാന്‍ അപ്രാപ്യരാവുകയും പരിഷ്‌കൃതരായ യൂറോപ്യന്‍ ഉറക്കത്തില്‍ നിന്നുണരുകയും അത് സ്വപ്‌നം മാത്രമായിരുന്നു എന്ന് തിരിച്ചറിയുകയും ചെയ്യുന്നു.

സ്വപ്‌നത്തിനും യാഥാര്‍ത്ഥ്യത്തിനുമിടയിലെ വ്യത്യാസത്തെ മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല എന്നു മാത്രമല്ല, അവര്‍ക്ക് പോലും മനസ്സിലാക്കാന്‍ മാത്രം വ്യക്തമാണ് ആ വേര്‍തിരിവ് എന്ന് കൂടി നീഷേയുടെയും ടൈലറിന്റെയും ഫ്രോയിഡിന്റെയും നിരീക്ഷണങ്ങള്‍ പറഞ്ഞുവെക്കുന്നുണ്ട്. ഈ ജ്ഞാനശാസ്ത്രപരമായ ആകാംക്ഷ ഇബി ടൈലറിനെ ഖണ്ഡിക്കുന്ന ദുര്‍ഖീമിന്റെ ദ എലമെന്ററി ഫോംസ് ഓഫ് റിലീജ്യസ് ലൈഫ് എന്ന കൃതിയിലും ലവി ബ്രഹ്‌ലിന്റെ ഹൗ നാറ്റീവ് തിങ്ക് എന്ന രചനയിലും ജെ എസ് ലിങ്കണിന്റെ ദ ഡ്രീം ഇന്‍ പ്രിമിറ്റീവ് കള്‍ച്ചര്‍സ് എന്ന പുസ്തകത്തിലും കാണാവുന്നതാണ്.

സ്വപ്‌നത്തെ കുറിച്ചുള്ള നരവംശശാസ്ത്ര പഠനങ്ങളില്‍ സൈക്കോ അനാലിസിസിന് ശക്തമായ സ്വാധീനം നേടാനായിട്ടുണ്ട്. സൈക്കോഅനലറ്റിക്ക് തിയറി ഉപയോഗപ്പെടുത്തിക്കൊണ്ട് മലിനോസ്‌കി വാദിക്കുന്നത് ആദിമ മെലനേഷ്യര്‍ക്കിടയില്‍ സ്വപ്‌നം വിരളമായതിന്റെ കാരണം അവര്‍ ലൈംഗീകമായി നിയന്ത്രിക്കപ്പെടാത്തവരായതുകൊണ്ടാണെന്നും, ലൈംഗീക സംതൃപ്തിയില്ലായ്മയാണ് സ്വപ്‌നങ്ങള്‍ക്ക് കാരണമെന്നും അനുമാനിക്കുന്നു. പാപുവാ ന്യൂ ഗിനിയയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മുന്‍നിര്‍ത്തി സ്വപ്‌നങ്ങളിലെ പ്രേത കഥാപാത്രങ്ങള്‍ സ്വപ്‌നം കാണുന്നവരുടെ അബോധത്തിലുള്ള കുടുംബക്കാരോടുള്ള വിരോധത്തില്‍ നിന്നുണ്ടാവുന്നതാണെന്ന് ട്യൂസിന്‍ എഴുതുന്നു.

പശ്ചാത്യന്‍ തിയറികളെ സാര്‍വ്വലൗകികങ്ങളായി മനസ്സിലാക്കി എത്‌നോഗ്രാഫിക് പഠനങ്ങളില്‍ പ്രയോഗിക്കുക വഴി സ്വപ്‌ന-സങ്കല്‍പങ്ങളെ കുറിച്ചുള്ള വൈവിധ്യമാര്‍ന്ന ആഖ്യാനങ്ങള്‍ പിന്തള്ളപ്പെടുന്നു. പല നരവംശശാസ്ത്ര പഠിതാക്കളും സ്വപ്‌നങ്ങളെ കുറിച്ചും സങ്കല്‍പങ്ങളെ കുറിച്ചും പഠിക്കുമ്പോള്‍ അബോധ മനസ്സിന്റെ പ്രകടനങ്ങളായി അവയെ ചുരുക്കി വായിക്കുന്ന സൈക്കോ അനാലിസിസിനെ മാത്രം ആശ്രയിക്കുകയും തങ്ങളുടെ സ്വപ്‌നങ്ങളെ ഓരോ സമൂഹവും എങ്ങനെയാണ് മനസ്സിലാക്കുന്നത് എന്നതിനെ സൗകര്യപൂര്‍വ്വം തിരസ്‌കരിക്കുകയും ചെയ്യുന്നു. ചരിത്രത്തിലൂടനീളം, സ്വപ്‌നങ്ങള്‍ മനസ്സിലാക്കപ്പെട്ടതും നിര്‍വ്വചിക്കപ്പെട്ടതും വര്‍ഗീകരിക്കപ്പെട്ടതും അനുഭവിക്കപ്പെട്ടതും ഓര്‍മിക്കപ്പെട്ടതും മറക്കപ്പെട്ടതും കൈമാറപ്പെട്ടതും എഴുതപ്പെട്ടതും അവതരിക്കപ്പെട്ടതും വ്യാഖ്യാനിക്കപ്പെട്ടതും വൈവിധ്യമാര്‍ന്ന അനേകം രീതികളിലൂടെയാണ്. സ്വപ്‌നങ്ങളെ കുറിച്ച് അവ കാണുന്നവര്‍ രൂപപ്പെടുത്തിയ സിദ്ധാന്തങ്ങളില്‍ നിന്നും ധാരണകളില്‍ നിന്നും വേര്‍തിരിച്ച് മനസ്സിലാക്കരുതെന്നും അവ ഓരോന്നും പ്രത്യേകമായ ധാര്‍മിക മതകീയ സാമൂഹിക രാഷ്ട്രീയ വിവക്ഷകളെയാണ് ഉള്‍കൊള്ളുന്നതെന്നുമാണ് വിന്‍സെന്റ് ക്രാപാന്‍സോ നമ്മെ ഓര്‍മപ്പെടുത്തുന്നത്. സ്വപ്‌നങ്ങളുടെ സവിശേഷതയെ വിലമതിക്കാനും അതിന് ബഹുതല മാനങ്ങള്‍ നല്‍കാനും ചില തിയറികളെ സാര്‍വ്വലൗകികങ്ങളാക്കുന്നതില്‍ നിന്ന് അകന്ന് നിന്നെ മതിയാകൂ.

മധ്യകാല പണ്ഡിതരില്‍ പ്രമുഖനായിരുന്നു ഇമാം ഗസ്സാലി സ്വപ്‌നത്തെ മനസ്സിലാക്കിയ രീതി ഇവിടെ പരാമര്‍ശിക്കുന്നത് അനുയോജ്യമാണെന്ന് തോന്നുന്നു. ദക്കാര്‍ത്തിനോട് സമാനമായ രീതിയിലാണ് (ദക്കാര്‍ത്തിനും രണ്ടു നൂറ്റാണ്ട് മുമ്പാണ് ഇമാം ജീവിച്ചിരുന്നത്) സ്വപ്‌നത്തെ അദ്ദേഹം കൈകാര്യം ചെയ്യുന്നത്. അദ്ദേഹം ഇഹ്്‌യാഇല്‍ ഇങ്ങനെ ചോദിക്കുന്നു: സ്വപ്‌നത്തില്‍ നാം കാണുന്ന വസ്തുക്കളും ചുറ്റുപാടും സ്വപനമുണരും വരെക്കും വളരെ യാഥാര്‍ത്ഥ്യമാണെന്ന് വിശ്വസിക്കുന്ന നമുക്ക് നമ്മുടെ ഇന്ദ്രിയങ്ങള്‍ പറയുന്നവയും സ്വപ്‌നമല്ലെന്ന് എങ്ങനെ വിശ്വസിക്കാന്‍ സാധിക്കും. നാമെല്ലാവരും സ്വപ്‌നത്തിലാണെന്നും മരിക്കുമ്പോള്‍ മാത്രമാണ് നാം സ്വപ്‌നങ്ങളില്‍ നിന്ന് ഉണരുന്നതെന്നും പറയുന്ന പ്രവാചക വചനം ശേഷം ഉദ്ധരിക്കുന്നു. ഇന്ദ്രിയങ്ങള്‍ക്കോ യുക്തിബോധത്തിനോ ദൈവിക വസ്തുക്കളെ മനസ്സിലാക്കാന്‍ സാധിക്കുകയില്ലെന്നും അങ്ങനെ മനസ്സിലാക്കിയെ മതിയാകൂ എന്ന് വാശി പിടക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ചില ഇടങ്ങളിലേക്ക് മാത്രമായി ദൈവികതയെ ചുരുക്കുകയാണ് ചെയ്യുന്നതെന്നും അദ്ധേഹം സംഗ്രഹിക്കുന്നു. സ്വപ്‌നങ്ങള്‍ നമ്മുടെ യുക്തികൊണ്ട് മനസ്സിലാക്കാന്‍ കഴിയുന്നതല്ലെന്നും അത് ദൈവികതയിലേക്കുള്ള യഥാര്‍ത്ഥ പാഥയാണെന്നും അദ്ധേഹം മനസ്സിലാക്കുന്നു. പ്രത്യേകമായ ആളുകളെന്നില്ലാതെ ഏത് മനുഷ്യനും കാണുന്ന സ്വപ്‌നങ്ങള്‍ ദൈവികമാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്ന അരിസ്റ്റോട്ടിലിന്റെ നിരീക്ഷണത്തെ (പിന്നീട് ഫ്രോയിഡിന്റെയും) ഖണ്ഠിക്കുകയാണ് അദ്ധേഹം. ഞാന്‍ എന്റെ പുസ്തകത്തില്‍ പ്രധാനമായും ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നത് സ്വപ്‌നങ്ങള്‍ നമ്മുടെ തന്നെ ബോധങ്ങളുമായി ബന്ധപ്പെട്ടതാണെന്ന ആധുനിക സങ്കല്‍പത്തെയാണ്. വിന്‍സെന്റ് ക്രാപാന്‍സിനോ ചൂണ്ടിക്കാണിക്കുന്നത് സ്വപ്‌നങ്ങളെ പാശ്ചാത്യര്‍ വ്യക്തികകത്ത് മാത്രം ചുരുക്കി മനസ്സിലാക്കുമ്പോള്‍, അനേകം ഇതസംസ്‌കാരങ്ങള്‍ക്കകത്ത് അതിനപ്പുറത്തേക്കുള്ള ഒരു അന്വേഷണം സാധ്യമായിട്ടുണ്ട്.

ഇസ്്‌ലാമിലെ സ്വപ്‌നവ്യാഖ്യാനം ഫ്രോയ്ഡിന് പൂര്‍ണമായും വിരുദ്ധമല്ലെന്നും അവ തമ്മില്‍ സമീകരിക്കാവുന്ന ഘടകങ്ങള്‍ പലതുമുണ്ടെന്നും ശൈഖ് നാബില്‍ ഒരിക്കല്‍ പറഞ്ഞത് ഞാനോര്‍ക്കുന്നു. നിങ്ങളോടെല്ലാവരും കല്ല്യാണം കഴിക്കാന്‍ നിര്‍ദ്ദേശിക്കുന്നുവെന്ന് വെക്കുക, നിങ്ങളും വിവാഹം ചെയ്യാന്‍ തത്പരനാണെന്ന് വെക്കുക, എന്നാല്‍ തീര്‍ച്ചയായും നിങ്ങള്‍ വിവാഹിതനാകുന്നത് സ്വപ്‌നത്തില്‍ കണ്ടിരിക്കും. അത് ദൈവിക സന്ദേശം കൂടിയാണ് എന്ന് കൂട്ടിച്ചേര്‍ത്ത് ഫ്രോയിഡിയന്‍ വ്യാഖ്യാന മാതൃകയോട് അദ്ധേഹം വിയോജിക്കുകയും ചെയ്യുന്നു.
സഫയെ സംബന്ധിച്ചിടത്തോളം തന്റെ താത്പര്യം പൂര്‍ത്തീകരിക്കുന്നതിന്റെയും ദൈവിക പ്രചോദനത്തിനുമിടയിലെ വ്യത്യാസം അപ്രധാനമായ കാര്യമായിരിക്കും. ആ സ്വപ്‌നം ദിവ്യസന്ദേശമോ അബോധമനസ്സിന്റെ പ്രതിഫലനമോ ആയാലും അവര്‍ തമ്മിലുള്ള വിവാഹം നടന്നു കഴിഞ്ഞിരിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

വിവര്‍ത്തനം: മുഹമ്മദ് കോമത്ത്‌

അമീറ മെറ്റൈമീര്‍

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.