Thelicham

ജിന്നിയോളജി: വിഭജനാനന്തര ഡല്‍ഹിയിലെ മുസ്‌ലിം ജീവിതവും ദൈവശാസ്ത്രവും

ഡല്‍ഹി മഹാനഗരത്തിന്റെ ഏകദേശം മധ്യഭാഗത്തായി, പുരാതന നഗരത്തില്‍ നിന്ന് മിനിറ്റുകളുടെ വ്യത്യാസത്തില്‍, ഫിറോസ് ഷാ കോട്‌ല നിലകൊള്ളുന്നു-ബലവത്തായ മധ്യകാല കോട്ടമതിലുകളോട് ചേര്‍ന്നുകിടക്കുന്ന പുല്‍ത്തകിടികളും വൃക്ഷങ്ങളും ഭൂഗര്‍ഭപാതകളും അറകളും അടങ്ങിയ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന കല്‍മന്ദിരങ്ങളും. ഒരിക്കല്‍ പതിനാലാം നൂറ്റാണ്ടിലെ കൊട്ടാര സമുച്ചയമായിരുന്നു ഫിറോസ് ഷാ കോട്‌ലയെങ്കിലും ഇന്നവിടെ വരുന്ന മിക്കവരും അതൊരു രാജധാനിയായോ ചരിത്ര സ്മാരകമായോ മനസ്സിലാക്കുന്നുണ്ടാവില്ല. പ്രവേശന കവാടത്തോട് ചേര്‍ന്ന് അറിയിപ്പ് ഫലകങ്ങളുണ്ടെങ്കിലും, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (ASI) ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണ് ആ സ്ഥലമെങ്കിലും സന്ദര്‍ശകരതിനെ തിരിച്ചറിയുന്നത് ഒരു മുസ്്‌ലിം ദര്‍ഗയായാണ്. ഡല്‍ഹിയുടെ സമകാലിക ഭൂപടത്തില്‍ ഏറെ അസാധാരണത്വമുള്ള ഒരു തീര്‍ത്ഥാടനകേന്ദ്രമാണ് ഫിറോസ് ഷാ കോട്‌ല. മിക്ക ദര്‍ഗകളും നിര്‍മിക്കപ്പെടുന്നത് ഒരു മുസ്്‌ലിം പുണ്യാത്മാവിന്റെ ശ്മശാനത്തിനു ചുറ്റുമാവും. ഡല്‍ഹിയിലോ മറ്റിടങ്ങളിലോ മിക്ക ദര്‍ഗകളും മാര്‍ബിള്‍ കല്ലുകളുടെയും ചുണ്ണാമ്പുചായങ്ങളുടെയും തിളങ്ങുന്ന ഇടങ്ങളാവും(Ho 2006, 83-84). പക്ഷെ, ഫിറോസ് ഷാ കോട്‌ല ജീര്‍ണിച്ച, കാലം ഇരുട്ട് പിടിപ്പിച്ച, ഒരു മധ്യകാല സുല്‍ത്താന്റെ കൊട്ടാര ശേഷിപ്പുകളാണ്. ഈ വിശാലമായ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലെവിടെയും ഒരു പുണ്യശ്മശാനമോ മസാറോ ഇല്ല, ചുരുങ്ങിയ പക്ഷം കണ്ണിലുടക്കുന്നതൊന്നും. പതിറ്റാണ്ടുകളായി ഇവിടെ സ്ഥിരമായി വരാറുള്ള സന്ദര്‍ശകരിലൊരുപാട് പേര്‍ ഇവിടെ പ്രധാനം ഖബറുകളല്ലെന്നും മറിച്ച് ജിന്നുകളുടെ പ്രഭാവവും സ്വാധീനവുമാണെന്നും തീര്‍ത്തുപറയുന്നത് കേള്‍ക്കാം. ഇസ്്‌ലാമിന്റെ ലോകവീക്ഷണപ്രകാരം, മനുഷ്യരില്‍ നിന്ന് വ്യത്യസ്തരും മനുഷ്യരേക്കാള്‍ പ്രായക്കൂടുതലുമുള്ള പ്രത്യേക ഇനം ഉണ്മയാണ് ജിന്നുകള്‍. അവന്‍(അല്ലാഹു) മനുഷ്യനെ കളിമണ്ണില്‍ നിന്ന് സൃഷ്ടിക്കുകയും ജിന്നുകളെ പുകയില്ലാത്ത തീയില്‍ നിന്ന് സൃഷ്ടിക്കുകയും മനുഷ്യ ദൃഷ്ടിയില്‍ നിന്ന് അപ്രത്യക്ഷമാക്കുകയും ചെയ്തു. മനുഷ്യരില്‍ നിന്ന് വ്യത്യസ്തമായ പദാര്‍ത്ഥത്താല്‍ രൂപപ്പെടുക വഴി, ജിന്നുകള്‍ മനുഷ്യരേക്കാള്‍ ശാരീരികമായി ശക്തരും വ്യത്യസ്ത രൂപങ്ങള്‍ സ്വീകരിക്കാന്‍ പ്രാപ്തരും വിദൂരദിക്കുകള്‍ വേഗം മറികടക്കാന്‍ കഴിവുള്ളവരുമാണെന്ന് പറയപ്പെടുന്നു. മനുഷ്യര്‍ക്ക് സമാനവും എന്നാല്‍ മാലാഖമാരില്‍ നിന്ന് വ്യത്യസ്തവുമായി, നന്മ തിന്മകള്‍ക്കിടയിലെ തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം ജിന്നുകള്‍ക്കുണ്ട്. ജിന്നുകള്‍ മനുഷ്യരെ പോലെ നശ്വരരാണെങ്കിലും കൂടിയ ആയുര്‍ദൈര്‍ഘ്യമുള്ളവരാണ്; ജിന്നുകളില്‍ ഇന്ന് ജീവിച്ചിരിപ്പുള്ള ചിലര്‍ പ്രവാചകരെ നേരിട്ട് കാണുകയും ഖുര്‍ആന്‍ പാരായണംചെയ്ത് കേള്‍ക്കുകയും ചെയ്ത സ്വഹാബികളായി കണക്കാക്കപ്പെടുന്നു.

മനുഷ്യരും ജിന്നുകളുമായി, ഭയത്തിലോ സൗഹൃദത്തിലോ, ചിലപ്പോഴൊക്കെ രണ്ടും കലര്‍ന്നോ, രൂപപ്പെടുന്ന ബന്ധം ഇസ്്‌ലാമിക ലോകത്ത് വ്യാപകമായി കാണപ്പെടുന്നുണ്ട്. മുസ്്‌ലിം പുണ്യപുരുഷന്മാരുടെ അഭിവാദനവും തീര്‍ത്ഥാടനവും ഇതില്‍ നിന്നും ഭിന്നമായ രീതിയിലാണ് പൊതുവെ കാണാറുള്ളത്. എന്നാല്‍ ഫിറോസ് ഷാ കോട്‌ലയില്‍ ജിന്നുകള്‍ പുണ്യാത്മാക്കളാണ്(വലിയ്യ്); അവരെ അഭിസംബോധന ചെയ്യുന്ന രീതിയും പതിവുള്ള ആചാരങ്ങളും സമാനമാണ്. എങ്ങനെയാണ് നിറയെ പുണ്യമനുഷ്യര്‍ നിറഞ്ഞ, ഒരു വാദപ്രകാരം ഇന്ത്യന്‍ ഇസ്്‌ലാമിന്റെ ഏറ്റവും പവിത്രമായ, ബായീസ് ക്വാജാ കീ ചൗകത്ത്-ഇരുപത്തിരണ്ട് പുണ്യാത്മാക്കളുടെ ഉമ്മറപ്പടി- എന്നറിയപ്പെടുന്നൊരു നഗരത്തിലെ ദിവ്യജിന്നുകളുടെ ജനകീയതയെ മനസ്സിലാക്കേണ്ടത്? ജനങ്ങള്‍ക്ക് ജിന്നുകളും ആത്മാക്കളുമായി കോളനിപൂര്‍വ കാലം തൊട്ടേ നിലനിന്നിരുന്ന ബന്ധം ഇവിടെയും ആവാഹിക്കപ്പെടുന്നുണ്ടെങ്കില്‍ കൂടെ, ദിവ്യജിന്നുകളുടെ ദര്‍ഗകളും അനുബന്ധ ആചാരങ്ങളും ഡല്‍ഹിയുടെ ദൈവശാസ്ത്ര ഭൂപടത്തിലുണ്ടായ ‘പുതുമ’ അടയാളപ്പെടുത്തുന്നുണ്ട്. ഡല്‍ഹിയുടെ ദൈവശാസ്ത്ര ഭൂപടത്തിലുണ്ടായ ഈ മാറ്റം നഗരത്തിലെ ആത്മീയവും ഭൗതികവുമായ ഭൂപടത്തിലുണ്ടായ ചില വ്യതിയാനങ്ങളുമായി-കോളനിയാനന്തര നഗരത്തില്‍ നിത്യജീവിതത്തെ രൂപപ്പെടുത്തിയ വിപുലമായ പരിവര്‍ത്തനങ്ങളും മാറ്റങ്ങളുമായി- സങ്കീര്‍ണമായി കുഴഞ്ഞുമറിഞ്ഞുകിടക്കുന്നതാണ്. ഫിറോസ് ഷാ കോട്‌ലക്ക് ദീര്‍ഘകാലമായി ജിന്നുകളുമായി ബന്ധമുണ്ട്; ഒരു നൂറ്റാണ്ട് മുമ്പേ ചില ആചാരങ്ങള്‍ ഇവിടെ നിലനിന്നിരുന്നുവെന്നതിന് തെളിവുകളുമുണ്ട്. എങ്കിലും, ഇവിടെ സന്ദര്‍ശിക്കുന്ന, ഇന്ന് സ്ഥിരം സന്ദര്‍ശകരായി മാറിയ പലര്‍ക്കുമിത് പേടിയും വശീകരണവും ഉളവാക്കുന്ന, ഏറെ സൂക്ഷ്മതയോടെ മാത്രം സമീപിക്കാവുന്ന ഒരു ഇടമായിരുന്നു. എന്നാല്‍ ഫിറോസ് ഷാ കോട്‌ല ഏറെ ജനകീയമായ ഒരു ദര്‍ഗയായി മാറുന്നത് 1977 ലാണ്, 1975-77 കാലത്തെ അടിയന്തരാവസ്ഥ അവസാനിച്ച് ഏതാനും മാസങ്ങള്‍ക്ക് ശേഷം.

സ്റ്റെഫാനിയ പാന്‍ഡല്‍ഫോ കോളനിയാനന്തര മനോരോഗപഠനങ്ങളുടെ സംഘര്‍ഷങ്ങളെയും മൊറോക്കോയിലെ ജിന്നുചികിത്സയെയും കുറിച്ച് നടത്തിയ പഠനത്തില്‍ ജിന്ന് ചികിത്സ മറ്റൊരു ഭാഷാരീതിയാണെന്ന് വിചാരപ്പെടുന്നുണ്ട്; ‘ഉണ്മയുടെ, അവസ്ഥാന്തരത്തിന്റെ, നഷ്ടത്തിന്റെ ഒരു പദസമ്പത്ത്.’, ‘ദൃക്‌സാക്ഷി’യാവുക എന്ന സാധ്യത മുന്നോട്ടുവെക്കുന്ന ഒരു ഭാഷാരീതിയാണത്. സമാനമായി, ഫിറോസ് ഷാ കോട്‌ലയിലെ കൊട്ടാരാവശിഷ്ടങ്ങള്‍ക്കിടയിലെ ജിന്നുകളുടെ സാന്നിധ്യത്തെയും അവിടെ അരങ്ങേറുന്ന ആചാരാനുഷ്ഠാനങ്ങളെയും ഡല്‍ഹിയുടെ കോളനിയാനന്തരകാലത്തെ നിത്യജീവിതാവസ്ഥകളിലേക്കുള്ള സാക്ഷ്യം വഹിക്കലുകളുടെ കാവ്യാത്മക രൂപങ്ങളായാണ് ഞാന്‍ കാണുന്നത്.

സമകാലിക ഡല്‍ഹിയിലെ ജിന്നുകളെ കുറിച്ച് പറഞ്ഞുകേട്ട കഥകളിലെ ദീര്‍ഘായുഷ്മാനായ ജിന്ന്, അധികാരത്തിന്റെയും അനുഗ്രഹങ്ങളുടെയും വാഹകരായാണ് വര്‍ത്തിക്കുന്നത്. നൂറ്റാണ്ടുകളോ സഹസ്രാബ്ദങ്ങളോ അകലെയുള്ള മനുഷ്യരെ അവ പരസ്പരം ബന്ധിപ്പിക്കുന്നു. വംശാവലിയെയും(ജീനിയോളജി) ഓര്‍മയെയും ജിന്ന് എന്ന ‘അപര-സമയക്രമ'(other-temporality)മുപയോഗിച്ച് നിരാകരിക്കുന്നതിനെയാണ് ഞാന്‍ ‘ജിന്നിയോളജി’ എന്ന് വിളിക്കുന്നത്. ജിന്നിയോളജി, ഞാന്‍ നിര്‍വചിക്കുന്നത് പ്രകാരം, വിപരീതാര്‍ത്ഥങ്ങള്‍ സംവഹിക്കുന്ന, വിവരണങ്ങളെയും പ്രതി-ബോധങ്ങളെയും അത്ഭുതസിദ്ധികളെയും ഉള്‍ക്കൊള്ളുന്ന, ഒരു ദൈവശാസ്ത്ര ഘടനയാണ്. നൂറ്റാണ്ടുകള്‍ മുമ്പുള്ള സംഭവങ്ങളെയും ജനങ്ങളെയും കുറിച്ചുള്ള ജിന്ന് കൂടിയവരുടെ കഥകള്‍, മനുഷ്യബോധത്തിന്റെ അസാധ്യതയെ കുറിച്ചും, വംശാവലിയുടെ കുഴഞ്ഞ ചങ്ങലകളുടെ തകര്‍ച്ചയെയും കോളനിയാനന്തരം മുസ്്‌ലിം പുണ്യദര്‍ഗകളുടെ സ്വത്തുവകകളുടെ അന്യാധീനപ്പെടലുകളെയും കുറിച്ചുമുള്ള, ഐറണിക് വിവരണങ്ങളാണ്. പൂര്‍വകോളനീകരണ കാലത്തെ ഇസ്്‌ലാമികാധിപത്യത്തിന്റെ പ്രതീകമായ, പതിനാലാം നൂറ്റാണ്ടിലെ ഒരു രാജകൊട്ടാരാവശിഷ്ടങ്ങളിലെ ദിവ്യജിന്നുകളുടെ സാന്നിധ്യം, കോളനിയാനന്തര സ്‌റ്റേറ്റിന്റെ അസ്പഷ്ടതക്കും ഹിംസക്കുമെതിരെ പ്രത്യക്ഷപ്പെടുന്ന കോളനിപൂര്‍വ നീതിബോധത്തിന്റെ പ്രതിബോധം-ഒരു മാതൃക- കൂടിയാണ്. വീണാ ദാസ് ചിത്രീകരിക്കുന്നത് പോലെ, സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങളുടെ ദുര്‍ഗ്രാഹ്യതയാണ്(illegibility) ജനജീവിതത്തിലെ അതിന്റെ ഇടപെടലുകളുടെ കേന്ദ്രസ്ഥാനത്ത് നിലകൊള്ളുന്നത്. പക്ഷെ, ഞാന്‍ ഈ ലേഖനത്തില്‍ വ്യക്തമാക്കുന്നത്, സ്‌റ്റേറ്റിന്റെ ആര്‍ക്കൈവുകളുടെ അസ്പഷ്ടതയും മറവിയോടുള്ള അതിന്റെ താല്‍പര്യവും കൂടെ രാഷ്ട്രത്തിന്റെ ദുര്‍ഗ്രാഹ്യതയെ സ്ഥിരപ്പെടുത്തുന്ന നിര്‍ണായകഭാവമാണ് എന്നാണ്. എന്നാല്‍ ജിന്നിയോളജി, പുതിയ സമയക്രമങ്ങളെയും(temporality), രാഷ്ട്രീയ ദൈവശാസ്ത്രങ്ങളെയും, മേധാവിത്വപരമായി(bureaucratically) രൂപപ്പെടുത്തിയെടുത്ത വര്‍ത്തമാന കാലത്തിന്റെ ഏകാത്മകവും ശൂന്യവുമായ സമയത്തിനെതിരായ സാക്ഷ്യങ്ങളെയും, ആനയിക്കുക വഴി, സ്റ്റേറ്റിന്റെ മാന്ത്രിക സ്മൃതിഭംഗത്തെ (magical amnesia) ചോദ്യം ചെയ്യുന്നുണ്ട്.

നീണ്ട വിഭജനം

ഡല്‍ഹിയെ വിശുദ്ധയിടവും സ്മരണയുടെയും സ്വത്തുവകകളുടെയും ഭൂമികയുമാക്കി മാറ്റുന്ന സാങ്കല്‍പികവും ചരിത്രപരവുമായ ബന്ധങ്ങളുടെ കോശം വിഭജനത്തെ തുടര്‍ന്നരങ്ങേറിയ അക്രമസംഭവങ്ങളില്‍ ആകെ ഛിന്നഭിന്നമായിപ്പോയിരുന്നു. 1947 ലും അനുബന്ധമായും അരങ്ങേറിയ ഹിംസയുടെ ഭീകരരൂപം, ഒരുപാട് പറഞ്ഞുപഴകിയതാണെങ്കിലും, ആവര്‍ത്തനമര്‍ഹിക്കുന്നുണ്ട്. നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ട കലാപം അവസാനിച്ചപ്പോഴേക്കും ഡല്‍ഹിയുടെ മുസ്്‌ലിം ജനസംഖ്യയുടെ ഏകദേശം മൂന്നില്‍ രണ്ടും കൊല്ലപ്പെടുകയോ അഭയാര്‍ഥി ക്യാമ്പുകളില്‍ ചേരുകയോ പാക്കിസ്താനിലേക്കോ മറ്റിടങ്ങളിലേക്കോ പലായനം ചെയ്യുകയോ ഉണ്ടായി. ഏറെക്കുറെ തുല്യ ഹിന്ദു മുസ്്‌ലിം ജനസംഖ്യയുണ്ടായിരുന്ന ഡല്‍ഹി പത്ത് ശതമാനം മാത്രം മുസ്്‌ലിംകളുള്ള പ്രദേശമായി മാറി. ഡല്‍ഹിയിലേക്കുണ്ടായ ഹിന്ദുക്കളുടെയും സിഖുകാരുടെയും വന്‍തോതിലുള്ള പ്രവാഹം നിമിത്തം ജനസംഖ്യ 1941-ലേതിന്റെ ഇരട്ടിയായി വര്‍ധിച്ചു. ‘അഭൂതപൂര്‍വമായ ഹിംസയാണ് അവിടെ അരങ്ങേറിയത്, ഡല്‍ഹി മുമ്പൊരിക്കലും ദര്‍ശിക്കാത്ത വിധം വ്യാപകമായത്. മുസ്്‌ലിം ജീവിതങ്ങള്‍ അപഹരിക്കുന്നതിലും വ്യക്തിസമ്പാദ്യങ്ങള്‍ അപഹരിക്കുന്നതിലും ഒതുങ്ങുന്നതായിരുന്നില്ല അത്, മറിച്ച് മുസ്്‌ലിം ദര്‍ഗകളും ശവകുടീരങ്ങളും വ്യാപകമായി തകര്‍ക്കപ്പെട്ടു. നഗരത്തിലെ ഏറെ പുരാതനവും ആദരണീയവുമായിരുന്ന നാല് ദര്‍ഗകളും ആ കൂട്ടത്തില്‍ പെടുന്നു-പഹാര്‍ഗഞ്ചിലെ ഖദം ശരീഫ്, മെഹ് റോലിയിലെ ഖുതുബ് സാഹിബിന്റെ ദര്‍ഗ, ചിറാഗ് ദില്ലിയുടെ ദര്‍ഗ, മലക്പൂര്‍ കോഹിയിലെ സുല്‍ത്താന്‍ ഗാരിയുടെ ദര്‍ഗ എന്നിവയാണവ. പുറമെ, പ്രാദേശിക ആരാധനയുടെ ഭാഗമായിരുന്ന ഒരുപാട് ചെറിയ ദര്‍ഗകളും. അന്ന് നടന്ന മിക്ക അക്രമങ്ങളും ശ്മശാനങ്ങളെ ലക്ഷ്യം വെച്ചായിരുന്നു. ഖബറുകളുടെ മീസാന്‍ കല്ലുകള്‍ തച്ചുടക്കുകയും അലങ്കാര ശിലകള്‍ നശിപ്പിക്കുകയും ചെയ്തു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംരക്ഷിച്ചുപോരുന്ന സ്മാരകങ്ങള്‍ കൂടിയായിരുന്നു ഈ ദര്‍ഗകളില്‍ മിക്കതും. (എ.എസ്.ഐ രേഖ)

വസീറ സെമിന്ദാറുടെ പഠനം(2007) സൂചിപ്പിക്കുന്നത് പോലെ, വിഭജനം ഒരൊറ്റ സംഭവമായിരുന്നില്ല, മറിച്ച് കുടിയിറക്കലുകളുടെയും സ്ഥാനഭ്രംശങ്ങളുടെയും സ്മൃതിഭംഗങ്ങളുടെയുമായ ഒരു ഘടനയുടെ ആരംഭമായിരുന്നു. മുസ്്‌ലിംകളുടെ സ്വത്തവകാശത്തെയും പൗരത്വത്തെയും വ്യവസ്ഥാപിതമായി ഇല്ലാതാക്കുന്ന കോളനിയാനന്തര സ്‌റ്റേറ്റിന്റെ നയങ്ങളുടെയും നിയമങ്ങളുടെയും രൂപത്തില്‍ ‘ദീര്‍ഘ വിഭജനം’ 1947-ന് ശേഷവും ഡല്‍ഹിയിലെ മുസ്്‌ലിംകളെ വേട്ടയാടല്‍ തുടര്‍ന്നു. പുരാതന ഡല്‍ഹിലെ പണം സൂക്ഷിപ്പുകാരനെന്ന് സ്വയം പരിചയപ്പെടുത്തുന്ന, 2010-ല്‍ ഞാന്‍ അഭിമുഖം നടത്തുമ്പോള്‍ 101 വയസ്സ് പ്രായമുള്ള, നാസിം ചന്‍ഗേസി ഡല്‍ഹിയുടെ ഭൂപടത്തില്‍ വിഭജനമുണ്ടാക്കിയ പ്രതിഫലനങ്ങളുടെ പ്രതിനിധിയാണ്. വളരെ വിചിത്രമായ ഭാവമായിരുന്നു ഞങ്ങളുടെ ഒരു ഇന്റര്‍വ്യൂക്കിടെ അദ്ദേഹത്തിന്. അബ് കോന്‍ ബതായേഗാ? (ഇനിയാരിതൊക്കെ പറയും?) എന്ന പല്ലവി അദ്ദേഹം ഇടക്കിടെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. കോളനിയാനന്തര കാലഘട്ടത്തിലെ ഡല്‍ഹിയുടെ രൂപമാറ്റത്തെ കുറിച്ചും വിഭജനത്തിന്റെ ഹിംസയെ കുറിച്ചുമുള്ള അദ്ദേഹത്തിന്റെ പരസ്പരബന്ധമില്ലാത്ത ആഖ്യാനങ്ങളെയോരോന്നായി ഈ വാചകങ്ങള്‍ ഊന്നിക്കൊണ്ടിരുന്നു.

ആദം നബി മുതല്‍ താന്‍ വരയുള്ള വംശവൃക്ഷം രേഖപ്പെടുത്തിയ ശജറാസ് അദ്ദേഹം പുറത്തെടുക്കുകയും ഡല്‍ഹിയെ പ്രമുഖരായിരുന്ന പലരുമായി തനിക്ക് കുടുംബ ബന്ധമുള്ള കാര്യം ഞങ്ങളോട് വിശദീകരിക്കുകയും ചെയ്തു. ‘ഇതൊക്കെ ഇനിയാര് പറഞ്ഞുതരാനാണ്? ഈ രേഖകളൊക്കെ ഇന്നാരുടെ പക്കലാണുള്ളത്?’ അയാള്‍ ഭരത്പൂരിലെ കുടുംബവീട്ടിലുണ്ടായിരുന്ന നിരവധി രേഖകളെ കുറിച്ച് സംസാരിച്ചു. 1947-ല്‍ ജനക്കൂട്ടം അയാളുടെ വീടിന് തീവെക്കുകയും അമൂല്യമായ രേഖകളൊക്കെ കത്തിച്ചാമ്പലാവുകയും ചെയ്തു. കൂട്ടത്തില്‍, സ്വര്‍ണം കൊണ്ട് അരികുപിടിപ്പിച്ച മുഗള്‍ ഭരണകാലത്തെ രേഖകളും ഉണ്ടായിരുന്നത്രേ!

ഓര്‍മകള്‍ മരിച്ച് പോയ ഈ നഗരത്തില്‍ അയാളുടെ വ്യതിരക്തത, ഒരു തരത്തില്‍ അനിവാര്യത വ്യക്തമാക്കുന്ന ഒരു കഥ നാസിം ചന്‍ഗേസി എന്നോട് പറഞ്ഞു. അത് ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു, ഫിറോസ് ഷാ കോട്‌ലക്ക് തെക്കുഭാഗത്തുള്ള ഒരു ക്രിക്കറ്റ് മൈതാനത്തിന്റെ നവീകരണ പ്രവര്‍ത്തികളുടെ ഭാഗമായി ഗേറ്റിന് സമീപത്ത് സ്ഥിതിചെയ്തിരുന്ന ഒരു പഴയ കല്ലറ പൊളിക്കാനുള്ള ശ്രമമുണ്ടായി. എന്നാല്‍ പ്രസ്തുത നടപടിക്കെതിരെ പുരാതന ഡല്‍ഹിയില്‍ നിന്നുള്ള പതിനായിരക്കണക്കിനാളുകള്‍ സംഘടിച്ച് വലിയൊരു പ്രകടനം നടത്തി. തദ്വാരാ ഗവണ്‍മെന്റും പ്രക്ഷോഭരും തമ്മിലുണ്ടായ ചര്‍ച്ചയില്‍ പ്രദേശത്തെ എം.എല്‍.എ ആ കല്ലറയുടെ പ്രാധാന്യത്തെ കുറിച്ച് പറയാന്‍ നാസിം ചന്‍ഗേസിയെ വിളിച്ചുവരുത്തി. നാസിം ചന്‍ഗേസിയുടെ ഓര്‍മകളില്‍ പ്രസ്തുത ശവകുടീരം മുഗള്‍ കാലഘട്ടത്തിലെ പ്രമുഖ കാലിഗ്രഫറായിരുന്ന അമീര്‍ പന്‍ചകാശിന്റെതായിരുന്നു. അങ്ങനെ ആ കല്ലറ തകരാതെ രക്ഷപ്പെട്ടു.

വിസ്മൃതി പൂണ്ട രേഖകള്‍

ഉപജീവനത്തിനായി രേഖകള്‍ ഉണ്ടാക്കിയ ഒരു കാലിഗ്രഫിയെഴുത്തുകാരന്റെ ശവകുടീരം സംരക്ഷിക്കാന്‍ വാചികമായ തെളിവുകളുടെ ആവശ്യമായിവന്നുവെന്ന് നാസിം ചന്‍ഗേസിയുടെ കഥ സ്വയം ഊതിവീര്‍പ്പിച്ചതും പരസ്പരവിരുദ്ധമായി തോന്നാം. അന്ന് തൊണ്ണൂറ്റഞ്ചു കഴിഞ്ഞിരുന്ന ഒരു വൃദ്ധനെ ഈ തര്‍ക്കത്തിലേക്ക് വലിച്ചിഴച്ച് ആ പ്രശസ്തനായ കാലിഗ്രഫറുടെ ശവകൂടീരത്തിന്റെ കഥ പറയിപ്പിക്കേണ്ട ആവശ്യമെന്തായിരുന്നു? രേഖകള്‍ അവിടെ ഉണ്ടായിരുന്നോ? ഉണ്ടായിരുന്നെങ്കില്‍ എവിടെയാണവ? തകര്‍ച്ചയില്‍ നിന്നും ഒരു മുസ്്‌ലിം മഖ്ബറയെ രക്ഷപ്പെടുത്തിയ ശ്രമത്തെപ്പറ്റി ഒരു രേഖ പോലും ഇല്ല എന്നത് നമ്മോട് പറയുന്നത് കൊളോണിയലാനന്തര ഇന്ത്യന്‍ രാഷ്ട്രവും അതിന് പരമ്പരാഗതമായി ലഭിച്ച മുസ്്‌ലിം ഭൂപ്രദേശങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്. വിഭജനത്തിലെ മുസ്്‌ലിംവിരുദ്ധ അക്രമങ്ങളാല്‍ എപ്പോഴും അസ്വസ്ഥമായ രാഷ്ട്രം ആഗ്രഹിച്ചത് എല്ലാ മുസ്്‌ലിം സാന്നിധ്യത്തെയും പറ്റി സൗകര്യപൂര്‍വം മറന്നുകളയാനായിരുന്നു. എന്നത്തേയും പോലെ അപൂര്‍ണവും തര്‍ക്കിതവുമായ ഇതും മറവിയിലാകുമെന്നുള്ളത് കൊളോണിയലാന്തനന്തര സ്‌റ്റേറ്റിന്റൈ മാജിക്കിനെ മനസിലാക്കുന്നതില്‍ അതിപ്രധാനമാണ്. അമീര്‍ പന്‍ചകാശിന്റെ കബറിടത്തെ തുടച്ചുനീക്കാനുള്ള ശ്രമങ്ങളും ഈ മറവിയുടെ ഒരു ഭാഗം മാത്രമാണ്. ദൈനംദിന ജീവിതത്തോട് ബ്യൂറോക്രാറ്റിക് ആര്‍ക്കൈവുകള്‍ പുലര്‍ത്തുന്ന ശത്രുതയുടെ ഫലമായി ആ രേഖകള്‍ ലഭ്യമാവാത്തത് മറ്റൊരു ഭാഗവും.

ഇപ്പറഞ്ഞതു വ്യക്തമാകാന്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ രേഖകള്‍ പരിശോധിക്കുന്നതിനിടെ എനിക്കുണ്ടായ അനുഭവം തന്നെ ധാരാളം മതി. ഫിറോസ് ഷാ കോട്‌ലയെപ്പോലുള്ള ഡല്‍ഹിയിലെ സംരക്ഷിത സ്മാരകങ്ങളെപ്പറ്റിയുള്ള സര്‍ക്കാര്‍ രേഖകള്‍ പരിശോധിക്കുക എന്നത് എന്റെ ഗവേഷണകാലത്തെ ഏറ്റവും വിഷമം പിടിച്ച ഘട്ടങ്ങളിലൊന്നായിരുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഡല്‍ഹി വിഭാഗം മേലധികാരിയില്‍ നിന്നും ആദ്യം അവസരം നിഷേധിച്ചു കൊണ്ടുള്ള കടുത്ത മറുപടിയാണ് ആദ്യം തന്നെ എനിക്കു ലഭിച്ചത്. ആ രേഖകള്‍ സാമൂഹികവിരുദ്ധമായും ദേശവിരുദ്ധമായും ദുരുപയോഗിക്കപ്പെട്ടേക്കാമെന്നാണ് അതിന് അയാള്‍ കാരണം പറഞ്ഞത്.
വിചിത്രമെന്നു പറയട്ടെ, അയാള്‍ പേടിച്ച ഈ സാമൂഹികവിരുദ്ധ ഘടകങ്ങളുടെ പട്ടികയില്‍ മുസ്്‌ലിം ഐ.എ.എസ് ഓഫീസര്‍മാരും ദല്‍ഹി നിയമസഭയില്‍ നിന്നുള്ള മുസ്്‌ലിം പ്രതിനിധികളുമെല്ലാമുള്‍പ്പെട്ട തികച്ചും ഒരു സര്‍ക്കാര്‍ സംഘടനയായി പ്രവര്‍ത്തിക്കുന്ന ഡല്‍ഹി വഖ്ഫ് ബോര്‍ഡും ഉണ്ടായിരുന്നു. വഖ്ഫ് എന്നാല്‍ സാങ്കേതികാര്‍ഥത്തില്‍ ദൈവത്തിനു സമര്‍പ്പിച്ച സ്വത്താണ്, അതാര്‍ക്കും പിന്നീട് കൈമാറാനാവില്ല (1954-ലെ കേന്ദ്ര വഖ്ഫ് ആക്ടിന്റെ ഭാഷയില്‍ മുസ്്‌ലിം സമുദായത്തിന് മതാവിശ്യങ്ങള്‍ക്കായി നല്‍കപ്പെട്ട എന്നാണര്‍ഥം). ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള പല പള്ളികളിലും ഡല്‍ഹി വഖ്ഫ് ബോര്‍ഡ് അവകാശവാദമുന്നയിച്ചിരുന്നു. കൊളോണിയല്‍ ഭരണത്തിന് മുമ്പും ശേഷവുമുള്ള വ്യത്യസ്ത ആക്ടുകള്‍ പ്രകാരം, ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിയന്ത്രണത്തിലടക്കമുള്ള മുഴുവന്‍ പള്ളികളുടെയും വഖ്ഫ് സ്വത്തുക്കളുടെയും ഉടമസ്ഥാവകാശം ഡല്‍ഹി വഖ്ഫ് ബോര്‍ഡിനാണ്. നിയമപരമായി, ഇവിടെ ഒരു വൈരുദ്ധ്യവും നമുക്ക് കാണാനാകില്ല. 1904, 1958, 2010 തുടങ്ങിയ വര്‍ഷങ്ങളിലെ പുരാതന സ്മാരക ആക്ടുകള്‍ പ്രകാരവും ഉടമസ്ഥാവകാശം ആര്‍ക്കായാലും സംരക്ഷിക്കപ്പെടണമെന്നാണ് വ്യവസ്ഥ. ഒട്ടും നിയമവിരുദ്ധമല്ലാതെത്തന്നെ, ഒരേ സമയം ഒരു കെട്ടിടത്തിന് ആരാധനക്കു തുറന്നുകൊടുത്ത് വഖ്ഫ് ബോര്‍ഡിന്റെ അധികാരത്തിലും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുമാകുന്നതിന് തടസമൊന്നുമില്ല. എന്നാല്‍ സംരക്ഷണ പരിധിയില്‍ വരുന്ന ഇടങ്ങളെ ആരാധനക്കു വിട്ടുകൊടുക്കാതിരിക്കുക എന്നതാണ് എ.എസ്.ഐയുടെ പ്രഖ്യാപിത നയം. അതാകണം, വഖ്ഫ് ബോര്‍ഡിനെ പരിചയപ്പെടുത്താന്‍ സാമൂഹികവിരുദ്ധം, ദേശവിരുദ്ധം തുടങ്ങിയ വാക്കുകളുപയോഗിക്കേണ്ട സംഘര്‍ഷത്തിലേക്ക് ആ ആര്‍ക്കിയോളജി ഉദ്യോഗസ്ഥനെ നയിച്ചിട്ടുണ്ടാവുക.

ഒരു പുസ്തകപ്രകാശന ചടങ്ങില്‍ വെച്ച് എ.എസ്.ഐക്ക് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്ന ഒരു അഭിഭാഷകനെ പരിചയപ്പെട്ടപ്പോള്‍ എന്റെ ഗവേഷണത്തില്‍ താല്‍പര്യം പ്രകടിപ്പിച്ച അയാള്‍ ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ പല ഉന്നത ഉദ്യോഗസ്ഥരുടെയും കോണ്‍ടാക്ടുകള്‍ എനിക്ക് കൈമാറുകയും ചെയ്തു. ഒരു പ്രശസ്ത അമേരിക്കന്‍ സര്‍വകലാശാലയില്‍നിന്നുള്ള പഠനമായിട്ടും ഇതുപോലുള്ള ഉന്നതബന്ധങ്ങള്‍ രൂപപ്പെടുത്തിയിട്ടും ഒരുമാസക്കാലത്തെ നിരന്തരമായ ഫോണ്‍ കോളുകള്‍ക്ക് ശേഷമാണ് ആകെ അലങ്കോലമായിരുന്ന റെക്കോര്‍ഡ് റൂമില്‍ രണ്ടാഴ്ചക്കാലത്തെ ഗവേഷണത്തിനുളള അവസരം ഒത്തുവന്നത്. ഒരു കാറ്റലോഗും ഇല്ലാതെ, കൃത്യമായ സംവിധാനങ്ങളില്ലാതെ കൂട്ടിയിട്ടിയിരിക്കുകയായിരുന്നു പല രേഖകളും. വര്‍ഷങ്ങളായി പൊടിപിടിച്ചുകിടക്കുകയായിരുന്ന ഈ രേഖകള്‍ ഷെല്‍ഫില്‍ നിന്നും വലിച്ചിട്ട് പൊടി നീക്കം ചെയ്ത് പരിശോധിച്ച് ഫയലുകള്‍ ശേഖരിക്കുക എന്നത് ഈ രണ്ടാഴ്ചക്കാലത്തെ ശ്രമകരമായ ജോലിയായിരുന്നു. സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രത്യേകതയായ സങ്കീര്‍ണമായ നമ്പറിംഗ് സംവിധാനം ഒക്കെ ഇവിടെ നിലവിലുണ്ടെങ്കിലും വിലപ്പെട്ട ഫയലുകള്‍ സൂക്ഷിക്കുന്നതില്‍ പൂര്‍ണപരാജയമായിരുന്നു ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്‌മെന്റ്.

ഞാന്‍ രേഖകള്‍ പരിശോധിക്കാന്‍ തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോള്‍ തന്നെ എന്റെ പ്രവേശനം തികച്ചും സൗഹൃദപരം മാത്രമാണെന്നും ഇപ്പോള്‍തന്നെ പല ഉദ്യോഗസ്ഥര്‍ക്കും അനിഷ്ടം തോന്നിയിട്ടുണ്ടെന്നും വൈകാതെ സന്ദര്‍ശനം അവസാനിപ്പിക്കേണ്ടിവരുമെന്നുമുള്ള സൂചനകള്‍ എനിക്കു ലഭിക്കുകയുണ്ടായി. പൊടിയില്‍ നിന്നും ഇരുട്ടില്‍ നിന്നും ആ രേഖകള്‍ മോചനം നേടി, ഒരു അക്കാദമിക അടിക്കുറിപ്പായി പോലും പൊതുവല്‍കരിക്കപ്പെടാതിരിക്കാനുള്ള അവരുടെ വ്യഗ്രത കണ്ടപ്പോള്‍, ആ രേഖകള്‍ പ്രതിനിധീകരിക്കുന്നത് അംഗീകൃതമായ ഓര്‍മകളെയല്ലെന്നും അംഗീകൃതമായ മറവിയെയാണെന്നും എനിക്കു തോന്നി. മറ്റൊരു ആര്‍ക്കൈവില്‍ നിന്നും ഞാന്‍ വായിച്ച കൊളോണിയല്‍ രേഖകളോട് ബന്ധപ്പെട്ട് ഇവിടെയുള്ള പോസ്റ്റ്‌കൊളോണിയല്‍ രേഖകള്‍ വായിക്കുമ്പോഴാണ് ഈ വ്യവസ്ഥാപിതമായി മറവിയെപ്പറ്റി ഞാന്‍ ഏറെ ബോധവാനാകുന്നത്.
1977-ല്‍ സയിദ് അലി വാജിദ് എന്നൊരാള്‍ കാലങ്ങളായി ജനങ്ങള്‍ ബഹുമാനപൂര്‍വം കാണുന്ന ഫിറോസ് ഷാ കോട്‌ലയില്‍ ചില എ.എസ്.ഐ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ആരാധനാകാര്യത്തില്‍ ഇടപെട്ടുവെന്നു കാണിച്ച് എ.എസ്.ഐയിലേക്ക് പരാതിക്കത്തയക്കുകയുണ്ടായി. എന്നാല്‍ ഈ ഉദ്യോഗസ്ഥരെപ്പറ്റി അന്വേഷിക്കുന്നതിനു പകരം, പരാതിക്കാരന്‍ ഉന്നയിച്ച വാദങ്ങളുടെ സാധുതയെപ്പറ്റിയുള്ള അന്വേഷണങ്ങളാണ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയത്. ഫിറോസ് ഷാ കോട്‌ലയില്‍ പെട്ടെന്നൊരു ദിനം മതാചാരം നിര്‍വഹിക്കുന്നതിലെ അതൃപ്തിയും അരോചകത്വവും വ്യക്തമാക്കുന്നതായിരുന്നു അതെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകളില്‍ ഭൂരിഭാഗവും. 1977-ല്‍ ഫിറോസ് ഷാ കോട്‌ലക്ക് പൊടുന്നനെ ജനകീയത കൈവന്നതിനെപ്പറ്റി പല വാമൊഴി രേഖകളുമുള്ളതിനാല്‍ ഈ ആശ്ചര്യത്തില്‍ അത്ഭുതകരമായി ഒന്നുമില്ല. എന്നാല്‍, എനിക്ക് ഏറെ പ്രധാനമെന്നുതോന്നിയ ഒരു കാര്യം, തദ്വിഷയകമായി അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ തങ്ങളുടെ വ്യവസ്ഥാപിത ആര്‍ക്കൈവുകളിലെ രേഖകള്‍ക്കപ്പുറം ഒന്നിനെയും ആശ്രയിക്കാന്‍ തയ്യാറായില്ല എന്നതാണ്.

എന്നാല്‍ ഇവിടുള്ള കൊളോണിയല്‍ ഭരണകാലത്തെ രേഖകളില്‍ അക്കാലത്തെ ആര്‍ക്കിയോളജി വകുപ്പ് പലപ്പോഴായി ഫിറോസ് ഷാ കോട്‌ലയെ പരാമര്‍ശിക്കുന്നതായി കാണാം. അത് പുതുക്കിപ്പണിയല്‍, ഖനനം തുടങ്ങിയ ഘട്ടത്തിലൂടെയൊക്കെ കടന്നുപോയപ്പോഴൊക്കെയും അവിടേക്ക് ജനങ്ങളുടെ വന്‍തോതിലുള്ള ഒഴുക്കുണ്ടായിരുന്നുവെന്നും ബഹുമാനാര്‍ഥമുള്ള ആചാരങ്ങള്‍ അക്കാലത്തും പതിവായിരുന്നെന്നുമൊക്കെ അതില്‍ പറയുന്നു. എന്നാല്‍ അതെപ്പറ്റി തങ്ങളുടെ കേന്ദ്രത്തില്‍ തന്നെയുള്ള രേഖകള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥരൊന്നും മിനക്കെട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ സംരക്ഷണത്തിലുള്ള ഖുദ്‌സിയ ബാഗ് മസ്ജിദിന്റെത് മറ്റൊരു ഞെട്ടിപ്പിക്കുന്ന കഥയാണ്. 1980-ല്‍ പള്ളിയെപ്പറ്റി നടന്ന കേസില്‍ വന്ന ഉത്തരവിങ്ങനെയാണ്: പള്ളിയില്‍ മതകീയ ആചാരങ്ങളോ അനുഷ്ഠാനങ്ങളോ അനുവദിക്കാന്‍ മാത്രമുള്ള രേഖകളോ അടയാളങ്ങളോ പ്രഥമദൃഷ്ട്യാ ഉണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടില്ല.
എന്നാല്‍ കൊളോണിയല്‍ രേഖകളില്‍ പള്ളി ആര്‍ക്കിയോളജി വകുപ്പിന്റെ സംരക്ഷണത്തിലായതിനു ശേഷവും ആരാധനാവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തപ്പെട്ടിരുന്നു എന്നതിന് ശക്തമായ തെളിവുകളുണ്ട്. 1929-ല്‍ ഖുദ്‌സിയ ബാഗ് മസ്ജിദ് അന്‍ജുമനെ-മൊഅയദുല്‍ ഇസ്്‌ലാം എന്ന അനൗദ്യോഗിക സംഘടനയുടെ കീഴിലായിരുന്നു. എന്നാല്‍ അതിനുമുമ്പ് 1924-ല്‍ ഈ സംഘടന ഡല്‍ഹി ഭരണകൂടവുമായി ഏര്‍പ്പെട്ട കരാര്‍ പ്രകാരം അനേകം ഉപേക്ഷിക്കപ്പെട്ട പള്ളികളുടെ കൂട്ടത്തില്‍ ഇതും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലേക്ക് വരികയും ചെയ്തു.

എന്നിട്ടും എന്തുകൊണ്ടാണ് ഇക്കാര്യങ്ങളൊന്നും ഖുദ്‌സിയബാഗ് മസ്ജിദ് പ്രശ്‌നത്തിലും മറ്റു അനേകം പ്രശ്‌നങ്ങളിലും പരിഗണിക്കപ്പെടാതിരിക്കുകയും തെളിവില്ല എന്ന ആനുകൂല്യത്തില്‍ മതകീയാചാരങ്ങള്‍ക്ക് അനുമതി നിഷേധിക്കുകയും പൊതുവ്യവഹാരത്തിലേക്ക് കൊണ്ടുവരാതിരിക്കുകയും ചെയ്തത്? മതാനുഷ്ഠാനങ്ങള്‍ക്കായി ഉയര്‍ത്തപ്പെട്ട ഒരു കെട്ടിടത്തില്‍ പ്രാര്‍ഥന നിലനിന്നിരുന്നു എന്നതിന് എന്തുതരം തെളിവാണിനി വേണ്ടത്? മധ്യകാല സ്മാരകങ്ങളൊക്കെയും ആരാധനയുടെയും ബഹുമാനത്തിന്റെയും ഇടങ്ങളായിരുന്നുവെന്ന് ബോധ്യപ്പെടാന്‍ രാഷ്ട്രത്തിനും നീതിപീഠത്തിനും എന്താണ് തടസ്സമായിനിന്നത്?

ശ്മശാന വിശേഷങ്ങള്‍

ഫിറോസ് ഷാ കോട്ട്‌ലയില്‍ വിശുദ്ധ ശ്മശാനങ്ങളൊന്നും കണ്ടെത്താനാവില്ലെന്ന പിടിവാശിക്ക് ചരിത്രപരമായി ഏറെ പ്രാധാന്യമുണ്ട്. കാരണം, പൊതുജീവിതം, ആത്മവിശുദ്ധി, സമുദായം, അവയുടെ സ്മരണകള്‍ എന്നിവയെ പരസ്പരം ഇഴചേര്‍ക്കുന്നതില്‍ ദല്‍ഹിയിലെ (ഇരുപത്തിരണ്ട് ദിവ്യാത്മാക്കളുടെ ഭൂമിക) വിശുദ്ധ ശ്മശാനങ്ങള്‍ നിര്‍വ്വഹിച്ച പങ്ക് നിസ്തുലമായിരുന്നു.
വിശുദ്ധരുടെ കല്ലറകള്‍ കേന്ദ്രീകരിച്ച് നിര്‍മ്മിക്കപ്പെട്ട ശ്മശാനങ്ങള്‍ പ്രസ്തുത വ്യക്തികളെ പ്രാദേശിക ഭൂമിശാസ്ത്രത്തിലും ചരിത്രത്തിലും പ്രതിഷ്ഠിക്കുന്നതിന് പുറമെ, അവരുടെ സ്വദേശങ്ങളുടെ പാവന സ്മരണകളുമായി പ്രാദേശിക മുസ്്‌ലിം സമൂഹത്തെ ബന്ധിപ്പിക്കുന്ന ഹേതുവായും സ്മരണസ്ഥലിയായും വര്‍ത്തിക്കുന്നുണ്ടെന്ന് നിലെ ഗ്രീന്‍ സമര്‍ത്ഥിക്കുന്നുണ്ട്. ദിവ്യപുരുഷന്മാര്‍ ജീവിച്ചിരുന്ന സ്ഥല-സമയ ഓര്‍മ്മകളുമായി വര്‍ത്തമാന സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന സ്മാരകസ്ഥലികളാണ് ദിവ്യശ്മശാനങ്ങള്‍.

അഹ്്‌ലു സുന്നത്തി വല്‍ജമാഅത്ത് (ബറേല്‍വി ധാരയെന്നും വിളിക്കപ്പെടുന്ന) പ്രതിനിധി അഹ്്മദ് റസാഖാനെ ഉദാഹരണമുദ്ധരിച്ച് സൂചിപ്പിച്ചപോലെ, ഇന്ത്യന്‍ മുസ്്‌ലിം പാരമ്പര്യത്തിലുള്ള ശ്മശാന-ശ്മശാന സന്ദര്‍ശന പ്രാധാന്യത്തിന്റെ ദൈവശാസ്ത്രപരമായ ഒരു ആവിഷ്‌കാരം വിശുദ്ധ സന്നിധാന(ഹൂളൂര്‍)സ്ഥലികളായതിനാല്‍ ശ്മശാനങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നതാണ്. വിശുദ്ധരുടെയും സാധാരണക്കാരുടെയും ആത്മാക്കള്‍ തങ്ങളുടെ ശ്മശാനങ്ങളില്‍ സദാസന്നിഹിതരായിരുക്കും. എന്നാല്‍, വിയോഗാനന്തരം ഔലിയയുടെ ആത്മാവ് പൂര്‍വ്വാധികം ശക്തിപ്രാപിക്കുകയാണ് ചെയ്യുന്നത്. ഉദാരണത്തിന്, വലിയ്യിന്റെ ശ്മശാനത്തിലിരുന്ന് ഫാത്തിഹ സൂറത്ത് പാരായണം ചെയ്യുന്ന വ്യക്തിയെ അദ്ദേഹത്തിന്റെ ആത്മാവ് തിരിച്ചറിയുന്നു. മരിച്ചവര്‍ക്ക് ജീവിച്ചിരിക്കുന്നവരെ കേള്‍ക്കാനും അവരുമായി ആശയസംവേദനംനടത്താനും സാധിക്കുന്നു: (ശ്മശാനത്തില്‍ വെച്ച്) ജീവനറ്റവരും ജീവനുറ്റവരും അഗാധമായ ആന്തരികബന്ധത്തിലേര്‍പ്പെടുന്നുണ്ട്. വിശുദ്ധപുരുഷന്റെ സാന്നിധ്യത്തോടുള്ള തീവ്ര ബന്ധം തീര്‍ത്ഥാടകനെ വംശാവിലയിലൂടെ പ്രവാചകനുമായി ബന്ധിപ്പിക്കുന്നു.
ആത്മീയമായ വംശാവലിയിലൂടെ (പലപ്പോഴായും അതിന്റെ) തുടര്‍ച്ചയിലൂടെ പ്രവാചകനില്‍ അവസാനിക്കുന്ന ധാരാശൃംഖലയില്‍ അധ്യാത്മാക്കള്‍ (സൂഫികള്‍) അന്വോന്യം സംഗമിക്കുന്നുണ്ട്. ഭൂതകാലത്തിന്റെ മറുസാധ്യതകളെ അനാവരണം ചെയ്യുന്നുണ്ടെങ്കിലും, വംശപരമ്പരാശൃംഖലകള്‍ കേവല ചരിത്രപരം മാത്രമല്ല, മറിച്ച്, നേരത്തെ അന്തര്‍ലീനമായവയുമാണ്. കാരണം, വ്യക്തി തന്റെ ആധ്യാത്മികഗുരുവുമായുള്ള ബന്ധത്തിലൂടെ ഗുരുവിന്റെ ഗുരുവിലേക്ക് എത്തുകയും ഒടുവില്‍ പ്രവാചകനില്‍ വിലയംപ്രാപിക്കുകുയം ചെയ്യുകയാണ് ഇവിടെ.

വ്യത്യസ്ത കാല ദേശങ്ങളില്‍ ജീവിച്ചിരുന്ന ദിവ്യപുരുഷന്മാരുമായുള്ള ആത്മബന്ധത്തെകുറിച്ച് എങ്‌സെങ് ഹോ പറയുന്നത് ഇങ്ങനെയാണ്: ഇന്ദ്രിയ ലോകത്തിനും ദേവലോകത്തിനും (ബര്‍സഖ്) ഇടയിലുള്ള സത്താശാസ്ത്രപരമായ ഒന്നാണ് ഈ ബന്ധം. ആത്മാക്കളും മാലാഖമാരും അതിവസിക്കുന്ന മധ്യവര്‍ത്ഥിയായ ഒന്ന്. രൂപകങ്ങളുടെയോ ചിത്രങ്ങളുടെയോ സങ്കല്‍പലോകമായി ഇബ്‌നുഅറബി ഈ ബന്ധത്തെ വിശദീകരിക്കുന്നു. പ്രസ്തുത ലോകത്തില്‍ അതിവസിക്കുന്ന വസ്തുക്കള്‍ക്കെല്ലാം ശരീരമില്ലാത്ത ആത്മാവും ഭൗതിക ലോകത്തുള്ള രൂപകങ്ങളും പ്രകാശവുമുണ്ടാകും. ഉറങ്ങിക്കിടക്കന്ന മനുഷ്യന്‍ കാണുന്ന സ്വപനങ്ങള്‍ ഇത്തരം അഭൗതിക സങ്കല്‍പ്പനങ്ങളുടെ ഉത്തമോദാഹരണങ്ങളാണ്.

അബ്ദുല്‍ ഖാദിര്‍ ഐദറൂസിയുടെ ശതവാര്‍ഷിക ഉപഹാരമായ ദ ട്രാവലിങ് ലൈറ്റ് അണ്‍വെയ്‌ലഡ് എന്ന ജീവചരിത്ര ഗ്രന്ഥം വിശകലനം ചെയ്ത ഹോ പുസ്തകത്തിലെ കാലാനുസൃത ചരിത്രത്തിനും സാങ്കല്‍പ്പിക വംശാവലിക്കും ഇടയിലുള്ള പരസ്പര കൂടിച്ചേരലിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്.

വിശാലമായ സമുദ്രപ്രദേശത്തിനകത്ത് രൂപപ്പെടുന്ന സംഭവങ്ങളുടെ വര്‍ഷാനുവര്‍ഷ വിവരണമാണ് പ്രസ്തുത പുസ്തകം കൈമാറുന്നതെങ്കിലും, വംശപാരമ്പര്യത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു നിയമം അതില്‍ മുഴുവനായും പാലിക്കപ്പെട്ടിട്ടുണ്ട്. വംശപാരമ്പര്യത്തിലൂടെ മാത്രം പരസ്പരം ബന്ധിക്കുന്ന വിദൂര കാലദേശങ്ങളിലായി ചിതറിക്കിടക്കുന്ന വസ്തുവകകള്‍ സ്വപനങ്ങളിലൂടെയും പേരുകളിലൂടെയും അത്ഭുത ദര്‍ശനങ്ങളിലൂടെയും ഒത്തുചേരുകയാണ്. അഹ്്‌ലുസുന്നയുടെയും അഹ്്മദ് റസാഖാന്റെയും ഖബര്‍ ആരാധനാ വിരോധത്തെ ദ്യോതിപ്പിക്കുന്ന ദൈവശാസ്ത്രപരവും സത്താശാസത്രപരവുമായ നിരവധി വിഷയങ്ങള്‍ ട്രാവെല്ലിങ് ലൈറ്റ് കൈകാര്യംചെയ്യുന്നുണ്ട്. ചരിത്രത്തിന്റെയും സങ്കല്‍പ്പത്തിന്റെയും ഇടയില്‍ ദിവ്യ ശ്മശാനങ്ങള്‍ സങ്കീര്‍ണ്ണമായ അന്തര്‍ധാരയെ സാധ്യമാക്കുന്നുണ്ടെന്ന് ഹോയുടെ വായന മുന്‍നിറുത്തി നമുക്ക് പറയാനാകും. ചരിത്ര സ്മരണകളും ദൈനംദിന ജീവിതവും പരസ്പരം ബന്ധപ്പെടുന്ന ഇടങ്ങളാണ് ശ്മശാനങ്ങള്‍. സമൂഹങ്ങള്‍ രൂപപ്പെടുന്നതും, കുടുംബ പരമ്പര പകര്‍ത്തപ്പെടുന്നതും, മനുഷ്യരുടെ ദൈനംദിന പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കുന്നതും ആചാരഅനുഷ്ഠാനങ്ങള്‍ വികസിക്കുന്നതും കൈമാറ്റംചെയ്യപ്പെടുന്നതും കഥകളള്‍ സ്മരിക്കപ്പെടുന്നതും പ്രസ്തുത സ്ഥലികളില്‍ തന്നെയാണ്. സ്വപ്‌നങ്ങളും ദര്‍ശനങ്ങളും വഴി അദൃശ്യതയിലെ (ഗൈബ്) സാങ്കല്‍പിക യാദാര്‍ത്ഥ്യങ്ങളും ആത്മാവുകളും പരസ്പരം ബന്ധിക്കുന്നതും ഇവിടെയാണ്. പ്രസ്തുത സ്ഥലിയില്‍ ദൃശ്യം-അദൃശ്യം, പ്രസിദ്ധം- അജ്ഞാതം, വര്‍ത്തമാനം- ഭാവി എന്നിവക്കിടയിലെ പരസ്പര ചായ്‌വുകള്‍ നിശ്ചലവസ്തുക്കളുടെ സങ്കല്‍പലോകത്തിനും വ്യത്യസ്തമായ കാല-ദേശ ചരിത്രലോകത്തനുമിടയിലെ നാമമാത്ര ബന്ധത്തെ വരച്ചിടുന്നുണ്ട്.

തയ്യാറാക്കിയത്: അനീസ് കംബ്ലക്കാട്, അഫ്‌സല്‍ പി.ടി, നിസാം ചാവക്കാട്‌

ആനന്ദ് വിവേക തനേജ

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.