Thelicham

സ്വവര്‍ഗ്ഗ ലൈംഗികത പാശ്ചാത്യ മുസ്ലിം പണ്ഡിതരുടെ വീക്ഷണത്തില്‍

നൂറ്റാണ്ടുകളുടെ ഫിഖ്ഹീ ചര്‍ച്ചകള്‍ അവഗണിച്ച് ഖുര്‍ആനും ഹദീസുകളും പുനര്‍വായന നടത്തുന്ന പുരോഗമന/നവീകരണ ചിന്തകരാണ് സ്വവര്‍ഗ ലൈംഗികത ഖുര്‍ആനില്‍ പരാമര്‍ശിച്ചതായും പുരുഷന്മാര്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തിന് ശിക്ഷ പറയുന്ന ഹദീസുകള്‍ ദുര്‍ബലമോ കെട്ടിച്ചമച്ചതോ ആണ് എന്നും വാദിക്കുന്നത്.


സ്വര്‍ഗത്തിലെ സുഖാനുഗ്രഹങ്ങളെ കുറിച്ച് പറയുമ്പോള്‍ സൂറഃ അ-ത്തൂറില്‍ ‘അവരുടെ അടുത്ത് ചുറ്റിത്തിരിഞ്ഞു കൊണ്ടിരിക്കുന്ന ചെറുപ്പക്കാര്‍ അവര്‍ക്കുണ്ട്, സൂക്ഷിച്ച് വെക്കപ്പെട്ട മുത്തുകള്‍ പോലെ.’ എന്ന വചനവും സൂറഃ അല്‍-ഇന്‍സാനിലെ ‘അനശ്വരരായ ചെറുപ്പക്കാര്‍ അവര്‍ക്കിടയിലൂടെ ചുറ്റി നടന്നുകൊണ്ടുമിരിക്കും….’ എന്ന വചനവും പരാമര്‍ശിച്ച ശേഷം സിയാഉദ്ദീന്‍ സര്‍ദാര്‍ എഴുതുന്നു:
‘ഒന്ന് രണ്ട് മറ്റിടങ്ങളിലും സ്വവര്‍ഗ്ഗ ലൈംഗികത(homosexuality)യെ ഖുര്‍ആന്‍ പരോക്ഷമായി പ്രതിപാദിക്കുന്നുണ്ട്.'[1]
തുടര്‍ന്ന് അദ്ദേഹം സൂറഃ അശ്ശൂറയിലെ 49,50 ആയത്തുകള്‍ ഇങ്ങനെ തര്‍ജമ ചെയ്യുന്നു:
‘…അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും, അല്ലങ്കില്‍ രണ്ടും – ആണും പെണ്ണും, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു.’
‘ആണും പെണ്ണും – രണ്ടും’ എന്നത് സൂചിപ്പിക്കുന്നത് സ്ത്രീകളോട് സ്ത്രീകള്‍ക്കും പുരുഷന്മാരോട് പുരുഷന്മാര്‍ക്കും ലൈംഗിക ചായ്‌വുണ്ടാകാം എന്നാണെന്ന് ഇതിനെ വ്യാഖ്യാനിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നുണ്ട്.[2]


സൂറഃ അന്നൂറിലെ ‘വിവാഹ ജീവിതം പ്രതീക്ഷിക്കാത്ത പ്രായമായ സ്ത്രീകളെ സംബന്ധിച്ചടത്തോളം സൗന്ദര്യം പ്രദര്‍ശിപ്പിക്കാത്തവരായിക്കൊണ്ട് തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ മാറ്റി വെക്കുന്നതില്‍ അവര്‍ക്ക് കുറ്റമില്ല.’ എന്ന വചനത്തെ വ്യാഖ്യാനിച്ച് കൊണ്ട് സര്‍ദാര്‍ എഴുതുന്നു, ‘ഈ സൂക്തത്തില്‍ പറയുന്നവര്‍ ഗര്‍ഭധാരണ സാധ്യതയില്ലാത്തവരും ലൈംഗിക താത്പര്യമില്ലാത്തവരുമായ വൃദ്ധകളും ബ്രഹ്മചാരികകളായ ആത്മജ്ഞാനി(mystic) കളുമാണ്. എന്നാല്‍, ഈ വിശേഷണം സ്വവര്‍ഗ പ്രണയിനി(Lesbian)കള്‍ക്കും തുല്യമായ് ബാധകമാണ്.'[3]
സ്വവര്‍ഗ്ഗ ലൈംഗികതക്ക് പ്രവാചകന്‍ ആരെയും ശിക്ഷിച്ചിട്ടില്ല എന്നും ഇതുമായ് ബന്ധപ്പെട്ട് വന്ന ഹദീസുകള്‍ ദുര്‍ബലമോ കെട്ടിച്ചമച്ചതോ ആണ് എന്നും വാദിക്കുന്ന സര്‍ദാര്‍ സ്വവര്‍ഗലൈംഗികതയെ നിയമവിരുദ്ധമാക്കാനുള്ള ഏക അടിസ്ഥാനം സൂറഃ അന്നിസാഇലെ ‘നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ആ നീചവൃത്തി ചെയ്യുന്ന രണ്ടുപേരെയും നിങ്ങള്‍ പീഡിപ്പിക്കുക’ എന്ന സൂക്തമാണ് എന്നും വാദിക്കുന്നു. മുന്‍ സൂക്തവുമായ് ചേര്‍ത്ത് വായിക്കുമ്പോള്‍ ഇവിടെ ഉദ്ദേശിക്കുന്ന നീചവൃത്തി (ഫാഹിശ) പരസ്യമായ് ചെയ്യുന്ന ഏത് ലൈംഗികതയും ആകാമെന്നും പരസ്യമായ് ചെയ്യുന്നതാണ് ഖുര്‍ആന്‍ അപലപിച്ചത് എന്നും അദ്ദേഹം വ്യാഖ്യാനിക്കുന്നു.[4]


സര്‍ദാറും സിറാജുല്‍ ഹഖ് കൂഗ്‌ളുമെല്ലാം സ്വവര്‍ഗ്ഗ ലൈംഗികതയെ അല്ലാഹുവിന്റെ സൃഷ്ടിപ്പിലെ വൈവിധ്യത്തില്‍ പെട്ടതായും ലൈംഗികത അല്ലാഹു നല്‍കിയ മനുഷ്യപ്രകൃതത്തിന്റെ ഭാഗമായതിനാല്‍ സ്വവര്‍ഗ്ഗ ലൈംഗികതയെ ഇസ്ലാമിന് അംഗീകരിച്ച് കൊടുക്കാന്‍ മാത്രമേ കഴിയൂ എന്നും വിശദീകരിക്കുന്നവരാണ്. കൂഗ്ള്‍ പറയുന്നു: ‘മനുഷ്യരിലെ വൈവിധ്യം പലപ്പോഴും പുറന്തള്ളലിനും അക്രമത്തിനും കാരണമാണ്. എന്നാല്‍ വ്യക്തിപരവും സാമുദായികവുമായ ദുരഭിമാനത്തിനപ്പുറം ദൈവം ആവശ്യപ്പെടുന്ന നീതിയിലേക്ക് ഉയരാനാകുമോ എന്ന ദൈവിക വെല്ലുവിളിയാണ് ഈ വൈവിധ്യം.'[5]


എല്‍ ജ ബി ടി ക്യൂ ഒരു മൂവമെന്റ് എന്ന നിലയില്‍ സജീവമാകുകയും സമൂഹത്തിന്റെ ഭാഗമായിത്തീരുകയും ചെയ്ത പാശ്ചാത്യ ലോകത്തെ മുസ്്‌ലിംകള്‍ക്കിയില്‍ സ്വവര്‍ഗ ലൈംഗീകതയെ കുറിച്ച് ചര്‍ച്ചകള്‍ സജീവമാകുമ്പോഴൊക്കെ പല കോണില്‍ നിന്നും വരുന്ന ചോദ്യങ്ങള്‍ക്ക് പ്രതികരിച്ചവരാണ് ജോനാഥന്‍ എ.സി. ബ്രൗണ്‍, ഹംസ യൂസുഫ്, ഷര്‍മന്‍ ജാക്‌സന്‍, അബ്ദുല്‍ ഹകീം മുറാദ് തുടങ്ങിയ പണ്ഡിതര്‍. ശരീഅഃയിലും പാരമ്പര്യ രീതിശാസ്ത്രത്തിലും അവഗാഹമുള്ള ഇവര്‍ സ്വവര്‍ഗ്ഗസ്‌നേഹം, ലൈംഗിക ചായ്‌വ് എന്നിവയെ ഇസ്ലാമിക രീതി ശാസ്ത്ര പ്രകാരം പ്രശ്‌നവത്കരിക്കുന്നില്ല. എന്നാല്‍ കൂഗ്ള്‍ പറയുന്ന പോലെ സ്വവര്‍ഗ ലൈംഗികത സൃഷ്ടിപ്പിലെ വൈവിധ്യമായ് കണ്ട് ആഘോഷിക്കണമെന്നോ സ്വവര്‍ഗ വിവാഹം പോലെയുള്ള കാര്യങ്ങള്‍ ഇസ്ലാമികമാണെന്നോ ഇവര്‍ പറയുന്നില്ല. മറിച്ച് ദാമ്പത്യ ബാഹ്യമായ എല്ലാ തരം ലൈംഗിക പ്രവര്‍ത്തികളും അനിസ്ലാമികമാണെന്നും ഇസ്ലാമില്‍ വിവാഹം ആണും പെണ്ണും തമ്മില്‍ മാത്രമേയുള്ളൂ എന്നും ഇവര്‍ വ്യക്തമാക്കുന്നു.
ഇസ്ലാമിക വീക്ഷണകോണില്‍ LGBTQ എന്നത് ഒരൊറ്റ വിഷയമല്ല, മറിച്ച് സ്വവര്‍ഗ ലൈംഗികാകര്‍ഷണം, ലൈംഗിക വേഴ്ച, ലിംഗസ്വത്വം തുടങ്ങിയ വ്യത്യസ്തങ്ങളായ വിഷയങ്ങള്‍ ഉള്‍പ്പെട്ടതാണ് എന്ന് ബ്രൗണ്‍ വ്യക്തമാക്കുന്നു[6]. തുടര്‍ന്നദ്ദേഹം ലൈംഗികാകര്‍ഷണത്തെ കുറിച്ച് പറയുന്നു, ‘പൂര്‍വ്വാധുനിക മുസ്ലിം പണ്ഡിതര്‍ ഒരേ ലിംഗത്തില്‍ പെട്ടവരോടുള്ള ആകര്‍ഷണം വളരെ സ്വാഭാവികമായ്(natural) ഉണ്ടാകാമെന്നാണ് മനസ്സിലാക്കിയത്’. പേരുകേട്ട മധ്യകാല യാഥാസ്ഥിതിക പണ്ഡിതര്‍ തങ്ങളുടെ പുരുഷ സുഹൃത്തുക്കളോടുള്ള സ്‌നേഹത്തെയും അഭിനിവേഷത്തെയും കുറിച്ച് അനേകം കവിതകള്‍ രചിച്ചതായും സ്വവര്‍ഗ പ്രണയം പ്രകൃതിപരമാണോ അല്ലേ എന്നത് ശരീഅഃയെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണെന്നും അദ്ദേഹം പറയുന്നു. കാരണം, ‘സ്‌നേഹം, ആകര്‍ഷണം, വികാരം എന്നിവയൊന്നും ശരീഅത്തിന്റെ വിഷയമല്ല. കര്‍മ്മങ്ങളാണ് ശരീഅത്തിന്റെ വിഷയം'[7]
ശരീരത്തിനും കര്‍മങ്ങള്‍ക്കും വളരെയധികം പ്രാധാന്യം നല്‍കുന്ന മതമാണ് ഇസ്ലാം എന്ന് വ്യക്തമാക്കികൊണ്ട് അബ്ദുല്‍ ഹകീം മുറാദ് പറയുന്നു, ‘ശരീരത്തിലൂടെയുള്ള സാക്ഷാത്കാരം(embodiment) ഇസ്ലാമിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയാണ്. അന്ത്യനാളിലും നാം ശരീരത്തോടു കൂടിയാണ് ഉണ്ടാവുക'[8]


കര്‍മ്മങ്ങള്‍ ആവര്‍ത്തിച്ച് ചെയ്ത് അവയിലൂടെ ചില ഗുണങ്ങള്‍ നമ്മുടെ സത്തയുടെ ഭാഗമായിത്തീരുന്നു. അങ്ങനെയാണ് നിരന്തരമായ് സത്യം പറയുന്നവന്‍ ഒടുവില്‍ അല്ലാഹുവിങ്കല്‍ സ്വിദ്ദീഖ്(സത്യസന്ധന്‍) എന്ന് എഴുതപ്പെടുന്നവനാകുന്നത്. ശരീരം ഒരു സെക്കുലര്‍ ഇടമല്ലെന്നും പവിത്രതയുടെ ഭാഗമാണെന്നും പറയുന്ന അബ്ദുല്‍ ഹകീം മുറാദ് മതമെന്നാല്‍ ശരീരത്തിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കലല്ലെന്നും ഒരാളുടെ അഭിലാഷങ്ങള്‍ ധാര്‍മ്മിക തത്വങ്ങള്‍ ആകുന്നില്ലന്നും പറയുന്നു.


മനുഷ്യപ്രകൃതിയില്‍ പെട്ടതാണ് ഒരാളുടെ ലൈംഗികതയെന്നും അതിനാല്‍ സ്വവര്‍ഗ്ഗ ലൈംഗികതയും അല്ലാഹു നല്‍കുന്ന ‘പ്രകൃതി’യാണ് എന്നും വാദിക്കുന്നവരാണ് സര്‍ദാറിനെ പോലെയുള്ളവര്‍. മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് ഉത്തമ ഗുണങ്ങള്‍ മാത്രം ഉള്ളവനായിട്ടാണ് എന്ന് പറയാവതല്ല. മനുഷ്യര്‍ക്ക് പൊതുവായ് തന്നെ ചില അധമ ഗുണങ്ങള്‍ പ്രകൃത്യാ നല്‍കപ്പെട്ടിട്ടുണ്ട്. ഓരോ വ്യക്തികള്‍ക്ക് വിശേഷിച്ചും ചില പോരായ്മകള്‍ നല്‍കപ്പെടാം. ഒരേ ലിംഗത്തില്‍ പെട്ടവരോട് തോന്നുന്ന ലൈംഗികാകര്‍ഷണത്തെ അബ്ദുല്‍ ഹകീം മുറാദ് ഒരു വ്യക്തിക്കുള്ള പരീക്ഷണമായാണ് കാണുന്നത്. അദ്ദേഹം പറയുന്നു: ‘എല്ലാവര്‍ക്കും ജീവിതത്തില്‍ നിരന്തരം അഭിമുഖീകരിക്കേണ്ട ചില ആത്മീയ പരീക്ഷണങ്ങളുണ്ട്. ആത്മീയ മുന്നേറ്റം ആഗ്രഹിക്കുന്നവര്‍ അത്തരം പരീക്ഷണങ്ങളെ തരണം ചെയ്യണം.’ ജോനാഥന്‍ ബ്രൗണ്‍ വിശദീകരിച്ച പോലെ അദ്ദേഹവും ലൈംഗിക ചായ്‌വിനെ തെറ്റായി കാണുന്നില്ല. അതിനനുസരിച്ചുള്ള പ്രവര്‍ത്തി മാത്രമാണ് പാപം.


വ്യക്തികള്‍ക്കുണ്ടാക്കുന്ന മറ്റേതൊരു പ്രയാസവും പോലെ സ്വവര്‍ഗ്ഗ ലൈംഗികതയെയും ഒരു ഫിത്‌ന (പരീക്ഷണം) ആയാണ് ഹംസ യൂസുഫും കാണുന്നത്[9]. അതിനാല്‍ ഇത്തരം ആളുകളെ അദ്ദേഹം ഉപദേശിക്കുന്നത്, ആണ്‍-പെണ്‍ ആകര്‍ഷണത്തിന്റെ കാര്യത്തിലെന്ന പോലെ ഇവിടെയും പ്രലോഭനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയും ക്ഷമ കൈക്കൊള്ളുകയുമാണ് വേണ്ടത് എന്നാണ്. കാലഘട്ടത്തിന്റെ ട്രന്റുകള്‍ക്കനുസരിച്ച് മതത്തില്‍ സ്ഥിരപ്പെട്ട കാര്യങ്ങള്‍ മാറ്റാനാകില്ലെന്നും ഇസ്ലാമില്‍ സ്ഥിരപ്പെട്ട ഒരു സത്യമാണ് ഗുദഭോഗം(rectal intercourse) – അത് ആണുങ്ങള്‍ തമ്മിലായാലും ആണും പെണ്ണും തമ്മിലായാലും- ഹറാമാണെന്നത് എന്നും അദ്ദേഹം വ്യക്തമാക്കുന്നു.


ലൈംഗികതയുടെ വിഷയത്തില്‍ അടിസ്ഥാന തത്വം വിലക്കാണ് (അഥവാ, അല്ലാഹുവും പ്രവാചകനും അനുവദിച്ചതാഴികെ ബാക്കിയെല്ലാം ഹറാമാണ്) എന്നത് എല്ലാ കര്‍മ്മശാസ്ത്ര സരണികളും അംഗീകരിച്ച തത്വമാണെന്ന് പറയുന്ന ബ്രൗണ്‍ അതിനാല്‍ തന്നെ ദാമ്പത്യ ബാഹ്യമായ മുഴുവന്‍ ലൈംഗിക പ്രവര്‍ത്തനങ്ങളും നിഷിദ്ധമാണെന്നും വിശദീകരിക്കുന്നു. ലിംഗതന്മ (gender identity) യുടെ കാര്യത്തില്‍ ശരീഅത്തിന്റെ വീക്ഷണം ഒരര്‍ത്ഥത്തില്‍ പുരോഗമനപരമാണെന്നും എന്നാല്‍ മറ്റൊരര്‍ത്ഥത്തില്‍ പുരോഗമന ലക്ഷ്യത്തില്‍ നിന്നും വളരെ ദൂരെയാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഖുന്‍സ[10], മുഖന്നസ്[11] എന്നീ സ്വത്വങ്ങളെ പരിഗണിക്കുന്നത് കൊണ്ടാണ് പുരോഗമനപരമെന്ന് പറയുന്നത്. എന്നാല്‍ മുഖന്നസിന്റെ മതനിയമങ്ങള്‍ പുരുഷന്റേത് തന്നെയാണ്. മാത്രമല്ല, ഇത്തരം വ്യത്യസ്ത ലിംഗതന്മയുള്ളവര്‍ക്ക് വിവാഹം പോലെയുള്ളത് ശരീഅത്ത് അനുവദിക്കുന്നുമില്ല. അത് കൊണ്ടാണ് ഇന്നത്തെ പുരോഗമന വീക്ഷണത്തില്‍ നിന്നും ശരീരത്തിന്റെ വീക്ഷണം വളരെ അകലെയാണ് എന്ന് അദ്ദേഹം പറയുന്നത്.


ഇസ്ലാമിനെ പുനര്‍നിര്‍വ്വചിച്ച് ഹറാമുകളെ ഹലാല്‍ ആക്കുന്നവര്‍ക്ക് ഇസ്ലാമില്‍ സ്ഥാനമില്ലന്നും അതേ സമയം സ്വവര്‍ഗ്ഗപ്രണയികളെ അവരുടെ തിന്മ മാത്രം അടിസ്ഥാനപ്പെടുത്തി ഇസ്ലാമില്‍ നിന്ന് പുറത്താക്കാനും കഴിയില്ല എന്നും ഷര്‍മന്‍ ജാക്‌സന്‍ വിശദീകരിക്കുന്നു.[12] അദ്ദേഹം പറയുന്നു: ‘വ്യഭിചാരിയെയും മദ്യപാനിയെയും അത്‌പോലെ എത് തിന്മ ചെയ്യുന്നവനെയും ആ തിന്മയുടെ മാത്രം അടിസ്ഥാനത്തില്‍ ഇസ്ലാമില്‍ നിന്ന് പുറത്താക്കാന്‍ സാധ്യമല്ല എന്നത് സുന്നീ ഇസ്ലാമിന്റെ അടിസ്ഥാന തത്വത്തില്‍ പെട്ടതാണ്’ സ്വവര്‍ഗ്ഗപ്രണയികള്‍ മുസ്ലിംകളാണെങ്കില്‍ മുസ്ലിംകള്‍ തന്നെയാണെന്നും അവരെ നാം സഹോദരങ്ങളായ് അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
LGBTQ ഗ്രൂപ്പുകളോടും അവരുടെ രാഷ്ട്രീയത്തോടും വ്യത്യസ്ത നിലപാടുകളാണ് പാശ്ചാത്യ ലോകത്ത് മുസ്ലിം പണ്ഡിതര്‍ സ്വീകരിച്ചിരിക്കുന്നത്. സ്വവര്‍ഗ്ഗ ലൈംഗികതയോടുള്ള അവരുടെ സമീപനം മാത്രമാണ് ഈ കുറിപ്പിന്റെ ലക്ഷ്യം എന്നതിനാല്‍ അവരുടെ രാഷ്ട്രീയ നിലപാടിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.

ഫൂട്‌നോട്

[1] Ziauddin Sardar, Reading the Qur’an: The Contemporary Relevance of the Sacred Text of Islam (Oxford: Oxford University Press, 2011), 323

[2] Sardar, Reading the Qur’an, 323

[3] Sardar, Reading the Qur’an, 324

[4] Sardar, Reading the Qur’an, 325

[5]Scott Siraj al-Haqq Kugle, Homosexuality in Islam: Critical Reflection on Gay, Lesbian, and Transgender Muslims (Oxford: Oneworld Publications,2010), 44

[6] Jonathan A.C. Brown and Shadee Elmasry, ‘LGBTQ and Islam Revisited: The Days of the Donald’, Yaqeen Institute for Islamic Research, December 14, 2017, https://yaqeeninstitute.org/jonathan-brown/lgbtq-and-islam-revisited-the-days-of-the-donald/

[7] Brown, ‘LGBTQ and Islam Revisited’, p.4

[8] Abdal Hakim Murad, ‘Gender, marriage & homosexuality’, YouTube video, posted November 10, 2016, https://youtu.be/sRVZsgVvaOw

[9] Shaykh Hamza Yusuf, ‘Islam won’t change for the Zeitgeist’, YouTube video, posted February 6, 2018, https://youtu.be/Mj9MKWoHPhw

[10] ശരീഅത്തിലെ സാങ്കേതിക നിര്‍വ്വചന പ്രകാരം രണ്ട് തരം ലിംഗാവയവങ്ങളും ഉള്ളവര്‍

[11] സാങ്കേതിക അര്‍ത്ഥത്തില്‍ സ്ത്രീയോട് രൂപസാദൃശ്യമുള്ള പുരുഷന്മാര്‍

[12] Sherman Jackson, ‘ Homosexuality in Islam: Is there a place for Gay Muslims’, YouTube video, posted April 14, 2009, https://youtu.be/HisIwWhyU34

മുഹമ്മദ് ഇസ്മാഈല്‍ ടി

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.