ദൈവശാസ്ത്രത്തെ തിയോളജിയെന്ന് പേരിട്ടു വിളിക്കാന്‍ അരിസ്റ്റോട്ടിലിനെ പ്രേരിപ്പിച്ച ഘടകം, തിയോളജിയുടെ സംവാദമെപ്പോഴും ഏറ്റവും ഉന്നതനായ ഉണ്മയെ കുറിച്ചായത് കൊണ്ടാണെന്ന് അദ്ദേഹത്തിന്റെ മെറ്റാഫിസിക്‌സില്‍ പറയുന്നുണ്ട്. സമാന നിലപാട് തന്നെയാണ് ഇമാം ഗസ്സാലിയടക്കമുള്ള മുതകല്ലിമീങ്ങള്‍ക്ക് ഇല്‍മുല്‍ കലാം ഏറ്റവും ഉന്നതമായ അറിവെന്നും നിശ്ചിത വ്യക്തികള്‍ മാത്രം കൈകാര്യം ചെയ്യേണ്ട മേഖലയെന്നും ഒരു നാട്ടില്‍ ഒരാളെങ്കിലും അതുമായി ഇടപഴകേണ്ടത് അത്യാവശ്യകതയാണെന്നും എഴുതി വെക്കാന്‍ പ്രോചോദനമായത്.
യൂറോപ്പ്യന്‍ നവോത്ഥാനവും ജ്ഞാനോദയവും അത് വഴി രൂപപ്പെട്ട ശാസ്ത്ര വിപ്ലവവും വ്യവസായവല്‍ക്കരണവും മറ്റു ദൈവശാസ്ത്രങ്ങളെ പോലെ ഇസ്്‌ലാമിനെയും തുടക്കത്തില്‍ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. യൂറോപ്പ്യന്‍ പാഠശാലകളിലെ മുസ്ലിം ഉല്‍പ്പന്നങ്ങള്‍ ഇസ്്‌ലാമിക ലോകത്ത് സ്വതന്ത്ര ചിന്തകളുടെ പുതിയ വിത്തുകള്‍ പാകിയ ഈ സമയം ഓട്ടൊമന്‍ സാമ്രാജ്യത്തിലായിരിക്ക അവ ഏറ്റവും കൂടുതല്‍ സ്വാധീനവും ജനപിന്തുണയും നേടിയത്. .ബെഷീര്‍ ഫുആദ്, ബഹാ തെവ്ഫീഖ്, അബ്ദുല്ലാഹ് ജെവ്ദത്ത്, ജലാല്‍ നൂരി, ക്‌ള്ച്ച്‌സാദേ ഹഖ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അതിവേഗം പടര്‍ന്ന് പന്തലിച്ച ഭൗതികവാദവും പാരമ്പര്യ സുന്നി വിശ്വാസധാരക്കെതിരെ ഉടലെടുത്ത അറബി ഉല്‍പ്പന്നമായ വഹാബിസത്തിന്റെ മത-യുക്തിവാദവും ഓട്ടൊമന്‍ മുതകല്ലിമീങ്ങളെ കൂടുതല്‍ ജാഗരൂഗരാക്കി. പാരമ്പര്യ ഇല്‍മുല്‍കലാം ടെക്സ്റ്റുകളുടെ ആധുനിക സമസ്യകളോടുള്ള അപര്യാപ്തതയും, ഉള്ളവയുടെ തന്നെ അലഭ്യതയും അവരുടെ മുന്നില്‍ വലിയ പ്രതിസന്ധി തുടക്കത്തില്‍ സൃഷ്ടിച്ചുവെന്ന് പറയാം. ഇല്‍മുല്‍കലാം മുഖേന മുഅ്തസിലികള്‍ ആദ്യ നൂറ്റാണ്ടുകളില്‍ നിര്‍വഹിച്ച വിശ്വാസ പ്രതിരോധം ( Apologetic theology) തന്നെയാണ് ആധുനിക കലാം പരിഷ്‌കരണവാദത്തില്‍ സുന്നി മുതകല്ലിമീങ്ങള്‍ ഉപയോഗിച്ചതെന്ന് പറയാം. പേര്‍ഷ്യന്‍ ദ്വൈത സൈദ്ധാന്തികരായ സൗരാഷ്ട്രര്‍, മെസ്ദക്കികള്‍, നിഹിലിസ്റ്റുകള്‍, ബാത്വീനിയ്യ: തുടങ്ങിയവരുടെയും ക്രൈസ്തവരുടെ സാങ്കല്‍പ്പിക കെട്ടുകഥകളുടെയും ( ജോണ്‍ ഓഫ് ഡമസ്‌കസ് എഴുതിയ മുസ്ലിം-ക്രിസ്ത്യന്‍ പണ്ഡിതന്മാരുടെ ധൈഷണിക സംവാദങ്ങളെ കുറിച്ചുള്ള സാങ്കല്‍പ്പിക ഗ്രന്ഥം) മുനയൊടിക്കാന്‍ മുഅ്തസിലികള്‍ എഴുതിയ ‘റദ്ദിയ്യ: ഡോക്യൂമെന്റസ്’, ഒരുപക്ഷെ നഷ്ടപ്പെട്ടില്ലായിരുന്നുവെങ്കില്‍ ആധുനിക പാശ്ചാത്യ ഫിലോസഫിയെയും നിരീശ്വരവാദികളെയും ഒരളവോളം തടഞ്ഞു നിര്‍ത്താന്‍ നിയോ കലാം പ്രസ്ഥാനങ്ങള്‍ക്ക് അവ കൂടുതല്‍ സഹായകമായിരുന്നു.
ഇല്‍മുല്‍കലാം ജദീദ് പാശ്ചാത്യ-പൗരസ്ത്യ മുസ്്‌ലിം ചിന്തകര്‍ക്ക് പുതിയ രചനാ രീതികളുടെ വഴി തുറന്ന് നല്‍കിയെങ്കിലും ഓട്ടൊമന്‍ മുതകല്ലിമീങ്ങളുടെ ഇടപെടലുകളാണ് ഒന്ന് കൂടി മുസ്്‌ലിം സമൂഹത്തെ ആകര്‍ഷിച്ചത്. ഓട്ടൊമന്‍സ് ആണ് ആദ്യമായി കലാമിന്റെ കാലോചിത പരിഷ്‌കരണവും രചനാ രീതിയിലെ സമൂലമായ പരിവര്‍ത്തനവും വാദിച്ചു പുതിയ ദൈവശാസ്ത്രത്തെ അവതരിപ്പിച്ചത് എന്നതാണതിലൊരു കാരണം. മറ്റൊന്ന് അവരൊന്നും അഹ്്‌ലുസ്സുന്നയുടെ വിശ്വാസ ആദര്‍ശ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഇല്‍മുല്‍കലാം ജദീദില്‍ അവതരിപ്പിച്ചിരുന്നില്ലന്നെതാണ്. തുര്‍ക്കിവല്‍ക്കരണം, ഓട്ടൊമന്‍വല്‍ക്കരണം, പാശ്ചാത്യവല്‍ക്കരണം, ഇസ്്‌ലാമികവല്‍ക്കരണമടക്കം പുതിയ സംവാദങ്ങള്‍ക്ക് തിരികൊളുത്തിയ അവസാന കാല ഓട്ടൊമന്‍ സാമൂഹിക പരിസരങ്ങളില്‍ ഭരണ-രാഷ്ട്രീയ-മത-വിദ്യഭ്യാസ മേഖലകളിലെ കാലോചിത പരിഷ്‌കരണങ്ങളോട് കൂടെ ഇസ്്‌ലാമിക വിദ്യഭ്യാസ പ്രക്രിയകളിലും മാറ്റങ്ങള്‍ കടന്ന് വരികയും തഫ്‌സീര്‍,ഹദീസ്, ഫിഖ്ഹ് മേഖലകളില്‍ പുതിയ മെത്തഡോളജി പരീക്ഷിക്കപ്പെട്ടു വിജയിക്കുകയും ചെയ്തതോടെ ഇല്‍മുല്‍കലാമിലും ഇതിന്റെ പ്രതിഫലനങ്ങള്‍ കണ്ടുവെന്ന് വേണം കരുതാന്‍.
നിയോ കലാമും കാലോചിത പരിഷ്‌കരണവും
യൂറോപ്പ്യന്‍ നവോത്ഥാനം വഴി കടന്ന് വന്ന ആദ്യത്തെ പ്രതിസന്ധി ധിഷണതയുടെ അധികാരമാണ്. ബുദ്ധിയെ ഒരു മാനുഷിക ക്യാരക്ടറെന്നതിലുപരി മതപരമായോ മെറ്റാഫിസിക്കലായോ വിശ്വസിക്കാനുള്ള യാതൊരു സ്വാതന്ത്ര്യവും പടിഞ്ഞാറന്‍ ചിന്തകര്‍ അവക്ക് വകവെച്ചു നല്‍കിയില്ല. അവരുടെ ഭാഷയില്‍ ബുദ്ധിക്ക് ജീവിതത്തിന്റെയും അറിവുല്‍പ്പന്നത്തിന്റെയും യാന്ത്രിക പരിവേഷങ്ങള്‍ക്കപ്പുറത്ത്, പ്രാപഞ്ചിക വിശുദ്ധവല്‍ക്കണത്തിനോ( Sanctification ), അതിന്റെ രൂപപരിവേഷകരായ പാരമ്പര്യത്തിനോ അധികാരത്തിനോ ( Authority & Tradition ) യാതൊരു നിലക്കും ബാധ്യത നിലനില്‍ക്കുന്നില്ലായിരുന്നു. എന്നാല്‍, ക്ലാസ്സിക്കല്‍ സുന്നി കലാം രചനകളിലെ പോലെ തന്നെ അഖ്ലീ-നഖ്ലീ തെളിവുകള്‍ നിരത്തിയ നിയോ കലാമിസ്റ്റുകള്‍ ഇമാം മാതുരീദിയുടെ തിന്മയുടെ ( Problem of Evil ) സാധൂകരണവും പ്രശ്‌നവല്‍ക്കരണവല്‍കരണവും മുന്‍നിര്‍ത്തിയാണ് ധിഷണതയുടെ അപര്യാപ്തതയും വഹ്യിന്റെ ആവശ്യകതയും സ്ഥാപിച്ചെടുക്കുന്നത്. ഇമാം ഗസ്സാലി ബാതിനിയ്യ:ക്ക് എതിരെ അല്‍ ഫളാഇഹുല്‍ ബാതിനിയ്യ:യും കിതാബുല്‍ മുസ്തള്ഹരിയ്യ:യും എഴുതിയത് ഫാഥ്വിമികള്‍ക്കെതിരെയുള്ള പോരോട്ടമായത് പോലെ, ഓട്ടൊമന്‍സിന്റെ യൂറോപ്പ്യന്‍ ക്രൈസ്തവ ചര്‍ച്ചുകള്‍ക്കെതിരെയുള്ള രാഷ്ട്രീയ പ്രേരകങ്ങള്‍ ഇല്‍മുല്‍കലാം ജദീദിന്റെ തുടക്കത്തിന് കാരണമായെന്ന് വേണം കരുതാന്‍.
ഫിലിബിലി അഹ്മദ് ഹില്‍മി, അബ്ദുല്‍ ലത്തീഫ് ഹാര്‍പൂത്തി, ഇസ്മിര്‍ലി ഇസ്മായില്‍ ഹഖ് തുടങ്ങിയവരുടെ ശ്രമഫലമെന്നോണം ഇല്‍മുല്‍ കലാം ലിറ്ററേച്ചറിന്റെ ആമുഖത്തിനും( മുഖദ്ദിമ) ലക്ഷ്യങ്ങള്‍ക്കും (മഖാസിദ് ) മാറ്റം വരുത്താതെ, അവയുടെ ഗവേഷണ മാധ്യമങ്ങള്‍ക്കും (വസാഇത്വ) തെളിവുകളുടെ( മബാദിഅ) അടിസ്ഥാനങ്ങള്‍ക്കും കാതലായ മാറ്റം വരുത്തിയ ഓട്ടൊമന്‍ മുതകല്ലിമീങ്ങള്‍, ആദ്യമായി ക്ലാസിക്കല്‍ കലാം വര്‍ക്കുകളില്‍ നിന്ന് നിയോ കലാമിന്റെ ഫങ്ക്ഷന്‌സ് വേര്‍തിരിക്കാനാണ് ശ്രമിച്ചത്. പുതിയ മുഖഭാവത്തോടെ ആധുനികതയെ വിടാതെ കൂടിയ പാശ്ചാത്യ സിദ്ധാന്തങ്ങള്‍ ഉള്‍പ്പെട്ട പുതിയ വിഷയങ്ങള്‍ക്കാണ് കൂടുതല്‍ നിയോ കലാം ടെക്സ്റ്റുകള്‍ ഇടം നല്‍കിയത്. കലാമിന്റെ പുതിയ പ്രിന്‍സിപ്പലുകളില്‍ പരിശുദ്ധ ഖുര്‍ആനും മുതവാതിറായ ഹദീസുകളും, കാലമിതു വരെ കോട്ടം തട്ടാത്ത ചലനാത്മകമായ സാമൂഹിക വിശ്വാസങ്ങള്‍ (ആത്മാവ്, ജിന്നുകള്‍, ആഭിചാര ക്രിയകളുടെയൊക്കെ പരക്കെ സ്വീകരിക്കപ്പെട്ടുപോന്ന യാഥാര്‍ഥ്യങ്ങള്‍), ക്ലാസിക്കല്‍ കലാം ടെക്സ്റ്റുകളിലെ ക്രമേണ മാറ്റം വരാവുന്ന ചര്‍ച്ചകളിലെ അടിസ്ഥാന തെളിവുകള്‍ക്ക് ( Static Characters ) കോട്ടം തട്ടാതെയുള്ള പുതിയ ദൈവശാസ്ത്ര-വിശ്വാസ സംവാദങ്ങള്‍, ഈമാന്‍-അമല്‍ ബന്ധത്തിന്റെ പുനരുദ്ധാരണവും അവയിലൂടെ പുതിയ സോഷ്യോ-പൊളിറ്റിക്കല്‍ കര്‍മ്മ ശാസ്ത്രത്തിന്റെ രംഗപ്രവേശനവും കാലക്രമേണ ഉള്‍പ്പെട്ടിരുന്നു. (ക്ലാസിക്കല്‍ കലാം മുഅതസിലക്കും ഹവാരിജികള്‍ക്കും മറുപടിയായി വിശ്വാസത്തിനും അമലിനും ഇടയിലുള്ള ബന്ധം പാടെ മരവിപ്പിച്ചിരുന്നു.)
നിയോ കലാം മതത്തിന്റെ അടിസ്ഥാന വിശ്വാസ നിയമങ്ങളെ ബുദ്ധിയുമായും പോസിറ്റീവ് സയന്‌സുമായുള്ള ബാലന്‍സിങ് അഖ്ല്‍ -വഹ്യ് തമ്മിലുള്ള ബന്ധം മുഖേനയാണ് സ്ഥിരപ്പെടുത്തുന്നത്. അശ്അരീ മുതകല്ലിമീങ്ങള്‍ സവിശേഷ വസ്തുക്കളെ ( ഹവാസുല്‍ അശ്യാ) നിഷേധിക്കുകയും അവയെ സൃഷ്ടിപ്പിന്റെ ഹേതുവിലേക്ക് ചേര്‍ത്ത് വെക്കാതെ പ്രപഞ്ചത്തിലെ സകല വസ്തുക്കളുടെയും ഉണ്മയും നാശവും ഒരു പൂര്‍ണ്ണാധികാര സൃഷ്ടാവിലേക്ക് ബന്ധിപ്പിച്ചു കൊണ്ട് നിയമ വ്യവസ്ഥകളില്ലാത്ത, അടുക്കും ചിട്ടയുമില്ലാത്ത ഒരു പ്രപഞ്ചമാണ് സങ്കല്പിച്ചെടുത്തത്. മുഅജിസത്തിന്റെ സാധുത കല്‍പ്പിച്ചെടുക്കാന്‍ വേണ്ടിയാണ് ഈ ഒരു ഉദ്യമത്തിലേക്ക് അവര്‍ക്ക് പ്രേരണ ലഭിച്ചതെങ്കിലും, യഥാര്‍ത്ഥത്തില്‍ സവിശേഷ ഹേതുവിനെ കൂടാതെ മുഅജിസത്തിന്റെ അടിസ്ഥാനം സ്ഥിരപ്പെടുകയില്ല. കാരണം, മുഅജിസത്തിന്റെ അമാനുഷികത സൃഷ്ടിപ്പിന്റെ ഹേതുവിനോട് പരസ്പര വിരുദ്ധമായാല്‍ മാത്രമേ മുഅജിസത്തിന്റെ ദൈവികതയും അധികാരവും വെളിപ്പെടുകയൊള്ളു. ഈ വിരോധാഭാസം മറികടക്കാന്‍ നിയോ കലാമിസ്റ്റുകള്‍ ക്ലാസ്സിക്കല്‍ തഫ്‌സീറുകളിലെ ബയോളജിക്കും കോസ്‌മോളജിക്കുമായ ആയത്തുകളുടെ വിശദീകരണത്തിലൂടെ മനുഷ്യ ധിഷണതയുടെ പ്രാപഞ്ചിക ബന്ധങ്ങളെയും അവയുടെ സവിശേഷ കാരണങ്ങളിലേക്കുള്ള ആവശ്യകതയും നന്നായി അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇല്‍മുല്‍ കലാം ജദീദ്, ഉസൂലുദ്ദീനിന്റെ പുറത്തുള്ള സമകാലിക വിഷയങ്ങളായ ഖദര്‍ (Predestination) ഹുസ്‌നു -ഖുബുഹ്, ഗ്രാന്‍ഡ് ഡിസൈന്‍, സ്ത്രീ ശാക്തീകരണം, അനന്തരാവകാശം,ജിഹാദ് പോലുള്ള ചൂടേറിയ ചര്‍ച്ചകള്‍ക്ക് വലിയൊരിടം നല്‍കിയത് ശ്രദ്ധേയമാണ്.
നിയോ കലാം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ച വിഷയം ഖുര്‍ആന്‍ പരാമര്‍ശിച്ച ജീവിതസ്വത്വമായ ഏകദൈവ വിശ്വാസമാണ്. മുഹ്്കമായ ആയത്തുകളും മുതവാതിറായ ഹദീസുകളും വഴി ഈ വിശ്വാസ പ്രാമാണത്തെ കാലികമായ മാറ്റങ്ങളോട് ചേര്‍ത്ത് വായിക്കാന്‍ നിയോ കലാം ശ്രമിച്ചിട്ടുണ്ട്. ക്ലാസിക്കല്‍ കലാം ഈ സ്വത്വത്തെ നിഷേധിച്ച ഡുവലിസ്റ്റ്, മജൂസികള്‍, ദെഹ്രിയ്യ:, ബറാഹിമ അടക്കം പാഗന്‍ വിഭാഗങ്ങളുടെ വിമര്‍ശനങ്ങളെ ധൈഷണിക തെളിവുകള്‍ മുഖേന മറികടന്നിട്ടുണ്ട്. എന്നാല്‍ നിയോ കലാമിന് ക്ലാസ്സിക്കല്‍ ടെക്സ്റ്റുകള്‍ വെച്ച് ഏകദൈവ വിശ്വാസത്തെ അത്ര പെട്ടന്ന് സ്ഥിരപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. നിയോ കലാമിന് പാഗന്‍ സംസ്‌കാരത്തെ കവച്ചു വെക്കുന്ന ആധുനിക പാശ്ചാത്യന്‍ ചിന്താ രീതികള്‍ വെച്ചുപുലര്‍ത്തുകയും ദൈവാസ്തിക്യത്തെ നിഷേധിക്കുകയും ചെയ്യുന്നവരായ അതീസ്റ്റുകള്‍, പ്രപഞ്ചത്തിന്റെ തുടക്കവും ഒടുക്കവും അംഗീകരിക്കാത്ത മെറ്റീരിയലിസ്റ്റുകള്‍, ദൈവ-പ്രപഞ്ച ഏകീകരണത്തെ വാദിച്ച പാന്തീസ്റ്റുകള്‍, ദൈവത്തിനു പ്രപഞ്ചവുമായി യാതൊരു വിധ ബന്ധവുമില്ലെന്ന് അച്ച് നിരത്തിയ ദേയിസ്റ്റുകള്‍, പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ക്കെല്ലാം പ്രപഞ്ചത്തിനു പുറത്തുള്ള യാതൊരു ശക്തിയുമായി ഒരു ബന്ധമില്ലെന്നും എല്ലാം സ്വയംഭൂവായ കാരണവും ഫലവും കൊണ്ട് (Cause and Effetc) മാത്രം തുടര്‍ന്ന് പോവുന്നതാണെന്നും അടിസ്ഥാന തത്വമാക്കിയ ഡിറ്റര്‍മെനിസം, പ്രാപഞ്ചിക ജീവിതം അവിചാരിതവും അബോധപൂര്‍ണ്ണവുമായ ഒരു പ്രതിഫലനമാണെന്നു പറഞ്ഞ ഡാര്‍വിനിസവും, ഹ്യൂമന്‍ എപിസ്റ്റമോളജിയുടെ ഉറവിടം ബുദ്ധിയും പഞ്ചേന്ധ്രിയങ്ങളും മാത്രമാണെന്നും അതിനു മെറ്റാഫിസിക്കലായ ലോകവുമായും ദൈവവുമായും യാതൊരു ബന്ധവുമില്ലെന്നും വാദിച്ച റാഷണലിസം/ പോസിറ്റിവിസവുമായെല്ലാമാണ് ഏറെ കുറെ സംവാദങ്ങള്‍ നടത്തേണ്ടി വന്നത്.
ക്ലാസ്സിക്കല്‍ കലാമും നിയോ കലാമും: രീതിശാസ്ത്രത്തിലെ വൈവിധ്യത
എല്ലാ വിജ്ഞാന ശാഖയെയും പോലെ ഇല്‍മുല്‍ കലാമിനും സവിശേഷമായൊരു ഗവേഷണ രീതിശാസ്ത്രമുണ്ട്. ഇല്‍മുല്‍കലാമിന്റെ വ്യത്യസ്ത സ്‌കൂളുകള്‍ക്ക് പരസ്പര വിരുദ്ധമായ മെത്തേഡുകളും അത്മൂലം പരസ്പര വിരുദ്ധമായ തിയോളജിക്കല്‍ നിലപാടുകളും എല്ലാ കാലത്തും കാണാന്‍ സാധിച്ചിട്ടുണ്ട്. ഹി.ഒന്നാം നൂറ്റാണ്ടിലെ അമവികളുടെ ഭരണകാലത്ത് ഹവാരിജികള്‍ക്കും മുര്‍ജിഅകള്‍ക്കും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കപ്പുറത്ത് വന്‍പാപികളുടെ ഇരുലോകത്തെയും അവസ്ഥ, പ്രവര്‍ത്തനങ്ങളിലെ വൈയക്തിക സ്വാതന്ത്രം, ദൈവിക നീതിയും വിശേഷണങ്ങളും തുടങ്ങിയ ദൈവശാസ്ത്ര സംവാദങ്ങള്‍ അവരുടെ ധൈഷണിക വ്യവഹാരങ്ങളിലെ സ്ഥിര കാഴ്ച്ചയായിരുന്നു. മേല്‍ പറഞ്ഞ വിഷയത്തില്‍ വാസില്‍ ഇബ്‌നു അതാഅ, അംറ് ഇബ്‌നു ഉബൈദ്, ദിറാര്‍ ഇബ്‌നു അംറ് തുടങ്ങിയവര്‍ സ്വീകരിച്ച കലാം മെത്തേഡായ ചോദ്യോത്തര-സംവാദ (Dialectic / Argumentation) രീതിയാണ് മുഅതസിലയെന്ന ധിഷണാശാലികളുടെ സ്‌കൂളിന്റെ അടിത്തറയായത്. തശ്ബീഹ് (Anthropomorphsim), വന്‍പാപങ്ങള്‍ (Grave sins) ജ്ഞാനശാസ്ത്രം പോലുള്ള വിഷയങ്ങളിലെ സംവാദങ്ങള്‍ക്ക് ഫിഖ്ഹീ മെത്തേഡായ തുലനശാസ്ത്രം (Analogy), അല്ലാഹുവിന്റെ വിശേഷണങ്ങളെ ഭൗതിക ലോകവുമായും വസ്തുക്കളുടെ അടിസ്ഥാനത്തില്‍ തന്നെ അവയുടെ ഹുസ്നു-ഖുബഹിന്റെ നിലനില്പിനെയും കുറിച്ചുള്ള സംവാദങ്ങള്‍ക്ക് ബുദ്ധിയുടെ പ്രായോഗിക രീതി എന്നിവയെല്ലാം തന്നെ ക്ലാസിക്കല്‍ കലാം സ്‌കൂളുകള്‍ യഥേഷ്ടം എടുത്തുപയോഗിച്ചിരുന്നു. സുന്നി മുതകല്ലിമീങ്ങള്‍ ധിഷണതയുടെ പ്രായോഗിക രീതിയിലൂടെ വെളിപാടുകള്‍(നഖ്ല്‍) ബുദ്ധിക്കും പഞ്ചേന്ദ്രിയങ്ങളും പുറമെ ജ്ഞാനശാസ്ത്രത്തിന്റെ ഉറവിടമാണെന്നഭിപ്രായപ്പെട്ടതോടൊപ്പം തുലനശാസ്ത്രത്തിന്റെ പേരിനു പകരം ഇസ്തിദ്‌ലാല്‍ മെത്തേഡെന്നുമാണവര്‍ ഉപയോഗിച്ചത്. കാരണം, ഖാളീ അബ്ദുല്‍ജബ്ബാറും ഇമാം മാതുരീദിയും ചില ദൈവശാസ്ത്രജ്ഞര്‍ തുലനശാസ്ത്രത്തെ തെറ്റായി പ്രയോഗിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്.
ഗ്രീക്ക് ഫിലോസഫി മെത്തേഡുകളായ ഒരു ആമുഖത്തില്‍ നിന്ന് ( മുഖദ്ദിമ) നിരവധി മസ്അലകള്‍ നിര്‍മ്മിക്കല്‍, ഐക്യഖണ്ഡേന ഒന്നിച്ച വാദങ്ങള്‍ വെച്ച് അഭിപ്രായ ഭിന്നതയുള്ള വാദങ്ങളെ പ്രദര്‍്ശിപ്പിക്കല്‍, തെളിവിന്റെ അപര്യാപ്തത മൂലം വാദങ്ങള്‍ അസാധുവാകല്‍, സാധ്യതകള്‍ക്കിടയിലെ മുന്‍ഗണനാ ക്രമം പോലുള്ളവയും ക്ലാസിക്കല്‍ കലാമിലെ, പ്രത്യേകിച്ച് ഇമാം ഗസ്സാലിക്കും ഇമാം ഫഹ്റുദ്ദീന്‍ റാസിക്കും ശേഷമുള്ള കലാമിലെ എപ്പിസ്റ്റമോളജിക്കും തിയോളജിക്കല്‍ മെത്തേഡുകളിലെ പ്രധാനപ്പെട്ടവയായിരുന്നു. ഇമാം ഗസ്സാലിയും സൈഫുദ്ദീന്‍ ആമിദിയും ലോജിക്കിലെ അനാളജിയും, ഡിഡക്ഷന്‍/ഇന്‍ഡകഷന്‍ മെത്തേഡുകളും അവരുടെ കലാം വര്‍ക്കുകളില്‍ നന്നായി ഉപയോഗപ്പെടുത്തിയിരുന്നു.
ആധുനിക ശാസ്ത്രയുഗം മനുഷ്യനെ പാരമ്പര്യ മതങ്ങളുടെ കോസ്‌മോളജിക്കല്‍ കാഴ്ചപ്പാടില്‍ നിന്ന് ഒരുപാട് അകലേക്ക് മാറ്റിയിട്ടുണ്ട്. പ്രശ്‌നപരിഹാരങ്ങള്‍ സയന്റിഫിക് മെത്തേഡുകള്‍ വെച്ചു മാത്രമേ സാധ്യമാവുകയുള്ളുവെന്ന മിഥ്യധാരണയില്‍ അകപ്പെട്ട മനുഷ്യര്‍ക്ക് മതം വെറും ഇല്ല്യൂഷ്യന്‍ മാത്രമാണ്. പോസിറ്റിവിസ്‌റ്/ എംപിരിക്കല്‍ വികാരങ്ങള്‍ക്കപ്പുറത്തു മെറ്റാഫിസിക്കല്‍ പ്രപഞ്ചത്തോട് ഒരു നിലക്കും സമരസപ്പെട്ട് പോവാന്‍ കഴിയാത്തവരായി ഒട്ടുമിക്ക പടിഞ്ഞാറന്‍ രാജ്യങ്ങളും മാറിപോയിട്ടുണ്ട്. ഇവക്കെതിരെയുള്ള നിയോ കലാമിന്റെ തിയോളജിക്ക് മെത്തേഡുകള്‍ ഒന്ന് കൂടി പ്രായോഗിക രീതിയിലാണ് രൂപകല്‍പ്പന ചെയ്യപ്പെട്ടിട്ടുള്ളത്. മിനിമിലിസ്‌റ് മെത്തേഡുകള്‍ക്ക് പകരം ബഹുമുഖ രീതിശാസ്ത്രത്തെ ( Pluralist Methodology ) പ്രതിഷ്ഠിച്ച യൂറോപ്പ്യന്‍ ഫിലോസഫി യഥാര്‍ത്ഥത്തില്‍ ഖുര്‍ആന്‍ അടക്കം എല്ലാ സെമിറ്റിക് ഗ്രന്ഥങ്ങളും പറഞ്ഞ അഭിപ്രായം തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. നിയോ കലാം സ്വീകരിച്ച മറ്റൊരു മെത്തേഡിലൂടെ പതിനേഴാം നൂറ്റാണ്ടോടെ തുടങ്ങിയ ഫിസ്‌ക്സും ഹ്യൂമാനിറ്റീസും തമ്മിലുള്ള പടല പിണക്കങ്ങളെ നിരീക്ഷിച്ച നിയോ കലാം, ന്യൂട്ടന്‍ ഫിസിക്‌സ് യഥാര്‍ത്ഥത്തില്‍ ഹ്യൂമാനിറ്റിസ് പറഞ്ഞു വെച്ച സിദ്ധാന്തങ്ങളിലേക്ക് വെറും അനുഭവജ്ഞാനം മാത്രമേ ചേര്‍ത്ത് വെച്ചതെന്നും ഇത് വെറും ഉള്ള് പൊള്ളയായ സയന്റിസമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. നിയോ കലാമിന്റെ അഭിപ്രായത്തില്‍ ഈ സയന്റിസം, ഒരു മൂലയില്‍ ഒതുങ്ങി കൂടിയ ടോട്ടലിസം മാത്രമാണെന്നും യാഥാര്‍ഥ്യത്തോട് പുലബന്ധം പോലുമില്ലെന്നും നാച്ചുറല്‍ സയന്‍സിനു ഒരു നിശ്ചിത സമയത്ത് നിശ്ചിത സ്ഥലത്ത് സംഭവിച്ച ഒരു പ്രാപഞ്ചിക പ്രതിഭാസത്തെ അതെ സമയത്ത് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ സാധിക്കില്ലെന്നും, കാരണം കൃത്യ സമയത്ത് ഒരു വിധി പറയാനൊക്കുന്ന വിധം തിരഞ്ഞെടുക്കല്‍ പ്രക്രിയകള്‍ മോഡേണ്‍ സയന്‍സിന്റെ നിയമങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും കാണാന്‍ സാധിക്കും.
എ.ജെ.അയ്യറിന്റെ നേതൃത്വത്തില്‍ വിയന്ന സര്‍ക്കിളില്‍ നിന്നുത്ഭവിച്ച ലോജിക്കല്‍ എംപിരിസിസം, അനുഭവജ്ഞാനത്തിനപ്പുറത്തുള്ള ഒരു മെറ്റാഫിസിക്കല്‍ ഫിലോസഫിയെയും സ്വീകരിച്ചിരുന്നില്ല. ഈ ആറ്റോമിസ്റ്റ്/ എംപിരിസിസ്റ്റ് തത്വത്തെ നിയോ കലാമിസ്റ്റുകള്‍ക്ക് പുറമെ സ്വന്തം തട്ടകത്തിലെ ചിന്തകര്‍ വരെ വിമര്‍ശിച്ചിരുന്നു. നിയോ കലാമിസ്റ്റുകള്‍ക്ക് ലോജിക്കല്‍ എംപിരിസിസത്തെ, ഇന്ദ്രിയാനുഭവഞാനങ്ങള്‍ ഇന്ദ്രിയങ്ങള്‍ക്ക് പുറമെയുള്ള ഒരു അഭൗതിക വസ്തുവാണെന്നും ഇന്ദ്രിയങ്ങള്‍ ഒബ്‌ജെക്ടീവിനോട് ബന്ധപ്പെടുമ്പോള്‍ രണ്ട് അനുഭവങ്ങളും വ്യത്യസ്തമാണെന്നും, ഇന്ദ്രിയാനുഭവങ്ങളില്‍ ചിലത് യഥാര്‍ത്ഥത്തിലനുഭവപ്പെടുമ്പോഴും അത് സ്ഥിരീകരിക്കാനുള്ള ഭാഷയോ വികാരമോ ഇല്ലാത്തതിനാല്‍ പ്രകടിപ്പിക്കുവാന്‍ സാധിക്കുകയില്ലെന്നും അത്മൂലം ലോജിക്കല്‍ എംപിരിസിസ്റ്റുകളുടെ സ്ഥിതീകരണവാദത്തെ ( Principle of Verification ) തള്ളിപ്പറയാനും സാധിച്ചിട്ടുണ്ട്.
കലാമിന്റെ മെത്തഡോളജി എപ്പോഴും ഏക ദൈവ കേന്ദ്രീകൃതമാണ് ( Theocentric ). ഇതിനു വിപരീതമായി മോഡേണ്‍ സയന്‍സ് മനുഷ്യനെ ഒരേ സമയം സ്വന്തം പ്രക്രിയയുടെ കര്‍ത്താവും ദൈവീകമായ ഒരിടത്ത് പ്രതിഷ്ഠിക്കാനും നന്നായി ശ്രമിച്ചിട്ടുണ്ട്. ദൈവത്തെ നിഷേധിക്കാതെ എന്നാല്‍ ദൈവത്തെ മാറ്റി നിറുത്തി പാശ്ചാത്യ ലോകത്ത് ഉദയം ചെയ്ത സിവില്‍/ പോപ്പുലര്‍/ റാഷണല്‍ മതങ്ങളെയും നിയോ കലാം നന്നായി വിലയിരുത്തിയിട്ടുണ്ട്. ഇവക്കെതിരെയായി ക്ലാസിക്കല്‍ കലാമിന്റെ ആറ്റോമിക് കേന്ദ്രീകൃത കോസ്‌മോളജിക്ക് കാഴ്ചപ്പാട് തന്നെയാണ് നിയോ കലാമിലും കാണാന്‍ സാധിക്കുന്നത്. ദൈവ-മനുഷ്യ-പ്രപഞ്ച ബന്ധത്തെ കുറിച്ച് ഒരേ സമയം സംസാരിച്ച ഇല്‍മുല്‍ കലാം ജദീദ്, ഈ ബന്ധം മൂലം ഉരുത്തിരിഞ്ഞു വരാവുന്ന പ്രശ്‌നനങ്ങള്‍ക്ക് പരിഹാരവും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓട്ടോമന്‍ മുതകല്ലിമീങ്ങളായ അലി സുആവി, സിറി ഗിരീദി, ശൈഖുല്‍ ഇസ്ലാം മൂസല്‍ കാളി എഫന്ദി, ഒമര്‍ ഫെരീദുകാം, ഇസ്മിര്‍ലി ഇസ്മായില്‍ ഹഖ്, മെഹ്മത് ഷെറെഫെദ്ദീന്‍ യാള്‍ത്ത്കയ, അറാപ്പ്കിര്‍ളി ഹുസെയിന്‍ ഔനി എഫന്ദി, ശൈഖുല്‍ ഇസ്ലാം മുസ്തഫ സ്വബ്രി എഫന്ദി ,ശൈഖുല്‍ ഇസ്ലാം മുഹമ്മദ് സാഹിദ് അല്‍ കൗസരി അടക്കമുള്ളവര്‍ എല്ലാ ദൈവം ( Theonomy ) പ്രപഞ്ചം ( Ontonomy ) മനുഷ്യന്‍ ( Anthroponomy ) എന്നിവക്കിടയിലുള്ള വേര്‍പെട്ട് പോവാത്ത ബന്ധത്തിലൂടെയാണ് ഏക ദൈവ വിശ്വാസത്തെ അടിച്ചുറപ്പിക്കുന്നത്.