Home » Essay » നെഗറ്റീവ് തിയോളജി: ഇബ്‌നു അറബിയും ദെറീദയും സംവദിക്കുമ്പോള്‍

നെഗറ്റീവ് തിയോളജി: ഇബ്‌നു അറബിയും ദെറീദയും സംവദിക്കുമ്പോള്‍

നൈഷേധിക ദൈവശാസ്ത്രം എന്നൊക്കെ ഭാഷാന്തരം ചെയ്യാവുന്ന അപോഫാറ്റിക് / നെഗറ്റീവ് തിയോളജി മിസ്റ്റിക്കല്‍ ജ്ഞാനാനുഭവങ്ങളുടെ സമീപകാല വായനയില്‍ വീണ്ടും കടന്നുവരാനുള്ള പ്രേരണയെ പറ്റി ദൈദറെ കാറബൈന്‍ പറയുന്നത് ദ റിപ്പബ്ലിക് -ലും ചില അപ്രകാശിത രചനകളിലും നൈഷേധിക ദൈവശാസ്ത്ര സങ്കലനങ്ങള്‍ കണ്ടെത്തിയതോടെ പ്ലാറ്റോയെ മിസ്റ്റിക്കായി ആവിഷ്‌കരിക്കാനുള്ള ശ്രമങ്ങളോട് ചേര്‍ന്ന് നെഗറ്റീവ് തിയോളജിയും 1990 മുതല്‍ ജ്ഞാനമേഖലയില്‍ ചര്‍ച്ചാവിഷയമായിത്തുടങ്ങി എന്നാണ്. കാറെന്‍ ആംസ്ട്രോങ്ങിന്റെ 2009-ല്‍ പുറത്തിറങ്ങിയ ദ കേസ് ഫോര്‍ ഗോഡ് -ല്‍ ഉത്തരാധുനിക ദൈവശാസ്ത്രത്തില്‍ നൈഷേധികതയെ കണ്ടെത്താനുള്ള ഉദ്യമങ്ങളുണ്ടായിരുന്നു. അതോടൊപ്പം തന്നെ അപനിര്‍മാണവും സൂഫിസവും സന്ധിക്കുന്നിടത്ത് നിര്‍ണിത ജ്ഞാന വ്യവഹാരങ്ങളെ തള്ളിക്കളഞ്ഞ അക്ബറിയന്‍ ഫിലോസഫിയെയും ദെറിദിയന്‍ ചിന്തകളെയും സമീകരിക്കാനുള്ള ഇയാന്‍ അല്‍മോണ്ടിന്റെ സംവാദങ്ങളും നെഗറ്റീവ് തിയോളജിയിലൂടെ ഫെമിനിസത്തിന്റെ അക്ബറിയന്‍ വായനകള്‍ നടത്തിയ സാദിയ ശൈഖിന്റെ കണ്ടെത്തലുകളും സമീപകാലത്തായി അക്കാദമിക ചര്‍ച്ചകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.

നെഗറ്റീവ് വഴി (വിയ നെഗറ്റീവ )എന്ന സങ്കല്‍പ്പം പ്ലാറ്റോയുടെ ചില രചനകളില്‍ കണ്ടെത്തപ്പെട്ടിട്ടുണ്ടെങ്കിലും ക്രിസ്തീയ ദൈവശാസ്ത്രത്തില്‍ അതിന് വേരോട്ടമുണ്ടായത് അഞ്ചാം നൂറ്റാണ്ടിലെ സ്യൂഡോ ഡയാനസീഷ്യസ് ഓഫ് അരിയോപാഗൈറ്റ് എന്ന അജ്ഞാതനായ ചിന്തകനിലൂടെയാണ്. അതിനു മുമ്പുതന്നെ, നാലാം നൂറ്റാണ്ടില്‍ കപ്പപ്പൊക്കിന്റെ പിതാക്കന്മാര്‍ ദൈവത്തില്‍ വിശ്വസിച്ചിരുന്ന സമയം തന്നെ ദൈവം ഉണ്ടെന്ന് വിശ്വസിച്ചിരുന്നില്ല എന്ന ഐതിഹ്യമുണ്ട്. സ്യൂഡോ ഡയാനിസ്ഷ്യസ് സിദ്ധാന്തിച്ചത് ദൈവം ഏകനാണെന്ന് പറയുന്നതിന് പകരം ദൈവം ഒന്നിലധികം വ്യക്തിത്വങ്ങളായി നിലനില്‍ക്കുന്നില്ല എന്ന് വര്‍ണിക്കാം, ദൈവത്തിന് നിര്‍വ്വചനങ്ങളോ പരിധികളോ ഇല്ല, അതുകൊണ്ട് തന്നെ അവന്‍ നാമരഹിതനാണ്, നൈഷേധിക തിയോളജി എന്നത് ആദ്യം സ്ഥിരീകരണങ്ങളെ സ്ഥിരീകരിക്കുകയും നിഷേധങ്ങളെ നിരാകരിക്കുകയും ചെയ്യുകയാണ് എന്നാണ്. പിന്നീട് വന്ന മെയ്സ്റ്റര്‍ എക്കാര്‍ട്ട് എന്ന ക്രിസ്ത്യന്‍ മിസ്റ്റിക് ഈ തിയോളജിയിലൂന്നി ദൈവം സാമാന്യ സങ്കല്‍പ്പങ്ങള്‍ക്ക് അപ്പുറത്താണെന്നും ദൈവത്തെക്കുറിച്ചുള്ള എല്ലാ വിവരണങ്ങളും തെറ്റാണെന്നും മാത്രമല്ല നിഷേധാത്മകതയും നിശബ്ദതയും മാത്രമാണ് ശരിയെന്നും വാദിച്ചു. സത്താപരമായ ദൈവിക അസ്തിത്വത്തെ എക്കാര്‍ട്ട് അംഗീകരിച്ചിരുന്നില്ല. ദൈവത്തെ അറിയാനുള്ള അരിസ്റ്റോട്ടിലിന്റെ തിയററ്റിക്കല്‍ സമീപനത്തെ എക്കാര്‍ട്ട് വിമര്‍ശിച്ചു. നാം എത്രത്തോളം അമൂര്‍ത്തമായാണോ ദൈവത്തെ മനസ്സിലാക്കുന്നത് അത്രത്തോളം നാം ദൈവത്തോടടുക്കും എന്നാല്‍ അരിസ്റ്റോട്ടില്‍ പ്രസ്താവിക്കുന്നതുപോലെ നിര്‍വ്വചനങ്ങളിലൂടെ ദൈവത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചാല്‍ ദൈവത്തിലേക്കുള്ള അകലം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും എന്ന് എക്കാര്‍ട്ട് പറയുന്നുണ്ട്. അരിസ്റ്റോട്ടില്‍ വസ്തുക്കളെ സത്ത (essence )യിലൂടെയാണ് നോക്കിക്കാണുന്നത് എന്നതാണ് എക്കാര്‍ട്ട് പ്രശ്‌നവല്‍ക്കരിക്കുന്നത്. എക്കാര്‍ട്ടിന് ദൈവം അസ്തിത്വം, സത്ത എന്നിവക്ക് അപ്പുറം നിലകൊള്ളുന്ന ശക്തിയാണ്. ജൂതതത്വ ചിന്തകരില്‍ മൈമോനിഡ്‌സ്, സാമുവേല്‍ ബിന്‍ ടിബ്ബണ്‍, ബഹിയ്യ ബ്‌നു ബാകൂദ എന്നിവരിലൂടെയൊക്കെ നെഗറ്റീവ് തിയോളജിയുടെ സ്വാധീനം വളരുന്നുണ്ട്.

എന്നാല്‍ ശൈഖുല്‍ അക്ബര്‍ ഇബ്‌നു അറബി (റ) മിസ്റ്റിക്കല്‍ അനുഭവങ്ങളുടെ ദൈവികാന്വേഷണത്തില്‍ മുന്നോട്ടു വെക്കുന്ന നെഗറ്റീവ് തിയോളജി (ലഹൂത്തുസ്സല്‍ബിയ്യ് )ക്ക് ഒരേ സമയം ഓന്റോളജിക്കലായും എപിസ്റ്റമോളജിക്കലായുമുള്ള വശങ്ങളുണ്ട്. ഇല്‍മുല്‍ കലാം പ്രകാരം അല്ലാഹു എന്താണെന്ന് അവന്റെ സ്വിഫത്തുകളോട് കൂടെ പൂര്‍ണമായി നിര്‍വ്വചിക്കാന്‍ സാധിക്കില്ല. അങ്ങനെയുള്ള നിര്‍വ്വചനങ്ങള്‍ നിര്‍ണിത (fixed)മായി മാറും. കാരണം അല്ലാഹുവിനെ സമ്പൂര്‍ണമായി ആവിഷ്‌കരിക്കാന്‍ അവന് മാത്രമേ സാധ്യമാകൂ. ആ സവിശേഷ സന്ദര്‍ഭത്തില്‍ അല്ലാഹുവിനെ ഗ്രഹിക്കാനുതകുന്ന സങ്കേതമാണ് സൂഫീ ചിന്തകളിലെ നെഗറ്റീവ് തിയോളജി.

അല്ലാഹു എന്താണ് എന്ന് നിര്‍വചിക്കുന്നതിന് പകരം അല്ലാഹു എന്തല്ല എന്നാണ് ഇത് സ്ഥാപിക്കുന്നത്. അത്തരം നിര്‍വ്വചനം നിലവിലുള്ള ഭാഷ പോലുള്ള സാങ്കേതികതയിലൂടെ സാധ്യവുമാണ്. ഈയൊരു രീതിയിലൂടെ സൃഷ്ടികള്‍ക്ക് സ്രഷ്ടാവിനെക്കുറിച്ച് ബോധോദയം ലഭിക്കുന്നു. അഥവാ പ്രാഥമികേന്ദ്രിയങ്ങള്‍ കൊണ്ട് നിര്‍വ്വചിക്കാനാകാത്തതാണ് സ്രഷ്ടാവെന്ന് ബോധ്യപ്പെടുത്തിയ ശേഷം അല്ലാഹു തന്റെ അറിയിക്കലിന്റെ അസാധ്യത(undisclosiblity) യെ അറിയിക്കലിന്റെ സാധ്യത (disclosiblity)യാക്കി മാറ്റുന്നു. അങ്ങനെ അല്ലാഹുവിന്റെ അസ്തിത്വം അനാവൃതമാകുന്നു. ഇവിടെ യുക്തിയും (അഖ്ല്‍ /reason ) വിധേയത്വ ചിന്ത(ഖയാല്‍ )യുമാണ് നെഗറ്റീവ് തിയോളജിയിലെ പ്രധാന ഘടകങ്ങള്‍. സാന്ദര്‍ഭികമായി ഒരു ചരിത്ര സന്ദര്‍ഭം വിവരിക്കാം:

ഇബ്‌നു അറബിയുടെ മിസ്റ്റിക്കല്‍ ജ്ഞാനാര്‍ജ്ജനങ്ങളെക്കുറിച്ചറിഞ്ഞ ഇബ്‌നു റുഷ്ദ് അദ്ദേഹത്തെ കാണാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. ഇബ്‌നു റുഷ്ദുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇബ്‌നു അറബിയുടെ പിതാവ് വഴി അങ്ങനെയൊരു സംഗമം സൗകര്യപ്പെട്ടു. ഇരുപത് വയസ്സ് മാത്രമുള്ള ഇബ്‌നു അറബിയെ കണ്ടയുടനെ ഇബ്‌നു റുഷ്ദ് ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് ചോദിച്ചു: ‘നിങ്ങള്‍ക്ക് കശ്ഫി(Gnosis)ലൂടെയും മഅ്‌രിഫത്തി(Unveiling)ലൂടെയും കിട്ടുന്ന അറിവെന്താണ്? ഞങ്ങള്‍ക്ക് യുക്തിയിലൂടെ ലഭിക്കുന്ന അറിവ് തന്നെയാണോ അത്, വല്ല വ്യത്യസ്തതയും ഉണ്ടോ? ഫിലോസഫിയിലൂടെ സ്രഷ്ടാവിനെ അറിയാനാകുമോ എന്നതാണ് ആ ചോദ്യത്തിന്റെ സാരാംശം. അതിനു മറുപടിയായി ഇബ്‌നു അറബി അതെ എന്നും അല്‍പ്പം കഴിഞ്ഞ് ഇല്ല എന്നും മറുപടി നല്‍കി. അതെ എന്നുകേട്ടപ്പോള്‍ ഇബ്‌നു റുഷ്ദ് ആഹ്ലാദിക്കുകയും ഇല്ല എന്ന് കേട്ടപ്പോള്‍ മുഖം വിവര്‍ണമാകുകയും ഭാവം മാറുകയും സ്തബ്ധനാവുകയും ചെയ്തു. ശേഷം, അല്ലാഹു അല്ലാതെ മറ്റൊരു ശക്തിയില്ല എന്ന വാചകം ഉരുവിടുകയും ചെയ്തു. ഇബ്‌നു അറബിയുടെ മറുപടിയിലെ ഉള്‍വിളി ബോധ്യമായതുകൊണ്ടാണ് ഇബ്‌നു റുഷ്ദ് അങ്ങനെ പ്രതികരിച്ചത്. ഇവിടെ യുക്തിക്ക് പ്രാധാന്യം നല്‍കുന്ന ഇബ്‌നു റുഷ്ദും യുക്തിക്കപ്പുറം ഖയാലിന് പ്രാധാന്യം നല്‍കുന്ന ഇബ്‌നു അറബിയും തമ്മിലെ സംഭാഷണമാണ് നടന്നത്. ഇവിടെ മറുപടിയിലെ അതെ എന്നത് യുക്തിയിലൂടെ അല്ലാഹുവിനെ അറിയാം എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇല്ല എന്നതിന്റെ വിവക്ഷ യുക്തിയിലൂടെ മാത്രം അല്ലാഹുവിനെ അറിയല്‍ സാധ്യമല്ല എന്നുമാണ്. ഒരേ സമയം അതെ എന്നും ഇല്ല എന്നുമുള്ള ഈ രീതിയാണ് നെഗറ്റീവ് തിയോളജി. അഖ്ലും ഖയാലും സംഗമിക്കുമ്പോള്‍ മാത്രമേ ദൈവിക ജ്ഞാനം ആര്‍ജിക്കാനാവൂ എന്നാണ് ഇബ്‌നു അറബിയുടെ ഭാഷ്യം. യുക്തിയെ മാത്രം ആധാരമാക്കുന്ന താത്വികരെ അദ്ദേഹം വിമര്‍ശന വിധേയരാകുന്നു. കാരണം അവര്‍ യുക്തിയെയും ഖയാലിനെയും ബൈനറികളായാണ് മനസ്സിലാക്കുന്നത്. ഇബ്‌നു അറബിയെ സംബന്ധിച്ചിടത്തോളം ബൈനറികളില്ല. എല്ലാ കാര്യങ്ങളും പരമമായ ഒരേയൊരു ബീയിങ്ങില്‍ നിന്നാണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ഇബ്‌നു അറബി പറയുന്നു :

‘ഫമന്‍ ഖാല ബില്‍ ഇശ്ഫാഇ കാന മുശ്രിക്കാ
വമന്‍ ഖാല ബില്‍ ഇഫ്‌റാദി കാന മുവഹ്ഹിദാ’
സ്രഷ്ടാവ്, സൃഷ്ടി എന്നിവയെ രണ്ട് ബീയിങ് ആയി അംഗീകരിക്കുന്നവന്‍ മുശ്രിക്ക് ആണ്, അവയെ ഒറ്റ അസ്തിത്വമായി അംഗീകരിക്കുന്നവന്‍ മുവഹ്ഹിദാണ്. സൃഷ്ടിക്ക് ഒരിക്കലും സ്രഷ്ടാവിന്റെ ബീയിങ്ങില്‍ നിന്നും വേറിട്ടുനില്‍ക്കാന്‍ കഴിയില്ല. ജീവതത്വശാസ്ത്രപരമായി ബീയിങ് ഒന്നേയുള്ളൂ. അതുപ്രകാരം രണ്ട് സ്വതന്ത്ര ബീയിങ്ങുകള്‍ ഉണ്ടെന്നു പറയുന്നതാണ് ശിര്‍ക്കായി ഇബ്‌നു അറബി പറയുന്നത്.
‘ഫല്‍ ഹഖു ഐനുല്‍ അബ്ദി ലൈസ സിവാഹു
വല്‍ ഹഖു ഗയ്‌റുല്‍ അബ്ദി ലസ്ത തറാഹു’
അടിമയുടെ സത്ത ബീയിങ് തന്നെയാണ്, ബീയിങ് എന്നാല്‍ അടിമയല്ല താനും, നീ അതിനെ കാണുന്നുമില്ല. എല്ലാം ഒറ്റ ബീയിങ് ആണെന്നാണ് ഇബ്‌നു അറബിയുടെ വാദം. ബൈനറികള്‍ക്കപ്പുറത്താണ് അദ്ദേഹം ജ്ഞാനത്തെ അന്വേഷിക്കുന്നത്. അതുകൊണ്ട് അദ്ദേഹത്തിന്റെ ചിന്തകളില്‍ ബൈനറിക്ക് സാധ്യതയില്ല. സ്വാഭാവികമായും യുക്തി കൊണ്ട് മാത്രം യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാനാകില്ല. കാരണം, യുക്തിക്ക് ഒരിക്കലും സെല്‍ഫ് /അദര്‍ എന്നീ ബൈനറികള്‍ക്ക് പുറത്തുകടക്കാന്‍ കഴിയില്ല. അതോടെ യാഥാര്‍ത്ഥ്യം ഗ്രഹിക്കാന്‍ യുക്തിയും ഖയാലും ആവശ്യമാണ് എന്ന അവസ്ഥയിലെത്തുന്നു. ഇബ്‌നു അറബിക്ക് സമയത്തെ കുറിച്ച് ഒരേസമയം തന്നെ സ്ഥൂലവും സൂക്ഷ്മവുമായ നിരീക്ഷണങ്ങളുണ്ട്. അഥവാ അഖ്ലും ഖയാലും ഉപയോഗിച്ച് seeing with two eyes എന്ന മെത്തഡോളജിയിലൂടെ ഈ രണ്ട് കാഴ്ചപ്പാടുകളും സാധ്യമാക്കുന്നു. ഖയാലിന് വില്യം ചിറ്റിക്കും എറിക് വിംഗ്‌ളും ഹെന്റി കോര്‍ബിക്കുമൊക്കെ നല്‍കുന്ന imagination, imaginational faculty, creative imagination എന്നീ അര്‍ത്ഥതലങ്ങള്‍ക്കപ്പുറം മനുഷ്യന്റെ ഇന്ദ്രിയ ജ്ഞാനങ്ങള്‍ക്കപ്പുറമുള്ളവയെ ഉള്‍ക്കൊള്ളാനാകുന്ന അവസ്ഥയാണ് ഖയാല്‍ എന്ന് തിരിച്ചറിയേണ്ടതുണ്ട്. യുക്തിയിലൂടെയും ഖയാലിലൂടെയും മാത്രമേ പരമമായ യാഥാര്‍ഥ്യത്തെ അറിയാനാകൂ എന്ന് വാദിക്കുന്ന ഇബ്‌നു അറബി പ്രപഞ്ചത്തെ മനസ്സിലാക്കുന്നത് അല്ലാഹുവിന്റെ വ്യാപ്തിക്കനുസൃതമായാണ്. അത് മനുഷ്യഉപബോധത്തിന്റെ സ്ഥലകാല ബോധ(temporal order )ത്തിന് പ്രാപ്യമായതിലും അപ്പുറം ചലനാത്മകമാണ്. സൃഷ്ടികളെല്ലാം അവന്റെ തജല്ലിയാത്താണ്. അല്ലാഹു എന്ന യാഥാര്‍ഥ്യം പ്രകടമാകുന്നത് അവന്റെ വിശുദ്ധ നാമങ്ങളിലൂടെയാണ്. അവയാണ് പ്രപഞ്ചത്തിനെയും അറിവിനെയും നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ അതേസമയം, പ്രപഞ്ചത്തിന്റെയും അതിലെ അനുഭങ്ങളുടെയും ആവര്‍ത്തനങ്ങളെയും ഇബ്‌നു അറബി നിഷേധിക്കുന്നു. ഇപ്രകാരം ഒരേ സമയം സ്ഥിരീകരണത്തിന്റെയും നിഷേധത്തിന്റെയും പ്രകൃതം പുലര്‍ത്തുന്നുവെന്നതാണ് ഇബ്‌നു അറബിയുടെ നെഗറ്റീവ് തിയോളജിയുടെ സവിശേഷത. യുക്തിയില്‍ മാത്രം കേന്ദ്രീകരിക്കുമ്പോള്‍ അത് ആവര്‍ത്തനത്തെയും ആവര്‍ത്തനം അധികാരത്തെയും നിര്‍മ്മിക്കുന്നു. ആവര്‍ത്തിക്കപ്പെടാതിരിക്കുമ്പോഴാണ് അല്ലാഹുവിലേക്കുള്ള പാഥേയം നമുക്ക് സാധ്യമാകുന്നത്. ഒരേ സമയം അതെ എന്നും ഇല്ല എന്നും, പറയുകയും(saying) പറയാതിരിക്കുകയും(unsaying) എന്ന തിയറിയിലൂടെ നിര്‍ണിത( fixed)ജ്ഞാന വ്യവഹാരങ്ങളെ ഇബ്‌നു അറബി വെല്ലുവിളിക്കുന്നുണ്ട്. ഈ ഒരു തിയറി ആധാരമാക്കി സാദിയ ശൈഖ് അടക്കമുള്ളവരുടെ ഫെമിനിസ്റ്റ് വായനയും അനുഭവ ആവര്‍ത്തനത്തെ കുറിച്ചുള്ള വിചാരങ്ങളുമെല്ലാം ശ്രദ്ധേയമാണ്.

ആല്‍മോണ്ടിന്റെ ദെറീദിയന്‍ സമീകരണം

ചരിത്രപരവും സാംസ്‌കാരികവുമായ ഭിന്നതകള്‍ നിലനില്‍ക്കെതന്നെ ഇബ്‌നു അറബിയേയും ഴാക് ദെറിദയേയും ഒരേ പരിപ്രേക്ഷ്യത്തില്‍ അവതരിപ്പിക്കുന്ന ആവിഷ്‌ക്കാരത്തിന് Sufism and deconstruction എന്ന ഗ്രന്ഥത്തില്‍ ഇയാന്‍ ആല്‍മോണ്ട് ധൈര്യപ്പെടുന്നുണ്ട്. അറിവധികാരത്തിന്റെ ഇന്റലെക്‌ച്വൊല്‍ പാരമ്പര്യത്തെ ചോദ്യം ചെയ്യുകയും അപനിര്‍മ്മിക്കുകയും ചെയ്ത ജ്ഞാനരീതിയുടെ വക്താക്കള്‍ക്കിടയില്‍ ഒരുപാട് സമീകരണങ്ങള്‍ കണ്ടെത്തുന്നുണ്ട് അദ്ദേഹം. അവയില്‍ നെഗറ്റീവ് തിയോളജിയെ സംബന്ധിക്കുന്ന ചിലതാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. രചനയുടെ ദുര്‍ഗ്രാഹ്യതയും സൂക്ഷ്മ വായനയുടെ നിര്‍ബന്ധബുദ്ധിയും ഇബ്‌നു അറബിയുടെ ഗ്രന്ഥങ്ങളെ സങ്കീര്‍ണമാക്കുന്നതുപോലെ ദെറീദിയന്‍ ചിന്തയുടെ സൂക്ഷമഗ്രാഹ്യതക്ക് ഫ്രഞ്ച് ഭാഷാപരിജ്ഞാനവും വെസ്റ്റേണ്‍ ഫിലോസഫിയും ഗ്രീക്ക് ദര്‍ശനവും അനുപേക്ഷണീയമാണ്. യുക്തികേന്ദ്രിത ജ്ഞാനവ്യവസ്ഥയെ ഇബ്‌നു അറബിയെ പോലെത്തന്നെ ദെറീദയും വെല്ലുവിളിക്കുന്നുണ്ട്. ലോഗോസ് എന്ന ആശയത്തെ ചുറ്റിപ്പറ്റി ദെറീദയുന്നയിച്ച വിമര്‍ശനങ്ങള്‍ ശ്രദ്ധേയമാണ്. ആധുനിക പാശ്ചാത്യ ചിന്തയെയും ബൗദ്ധിക സംസ്‌കാരത്തെയും മുഴുവനായി പ്രതിനിധാനം ചെയ്യുന്ന പദമാണ് അത്. അദൃശ്യവും അമൂര്‍ത്തവുമായ ലോഗോസ് എന്ന ആശയം മൂര്‍ത്തമായി ആവിഷ്‌കരിക്കുന്ന ഒന്നാണ് മനുഷ്യന്റെ ഭാഷ. അര്‍ഥപൂര്‍ണമായ മനുഷ്യസംസാരത്തെ logical power എന്നാണ് വിളിക്കുന്നത്. ദിവ്യയാഥാര്‍ത്ഥ്യത്തെയും മനുഷ്യയുക്തിയെയും പ്രപഞ്ചക്രമത്തെയും ഭാഷയെയും ഉള്‍വഹിക്കുന്ന വിശാലാര്‍ത്ഥമുള്ള ലോഗോസിനെ logic എന്നും ration എന്നും പരിമിതപ്പെടുത്തി ആധുനികതയുടെ ആണിക്കല്ലെന്ന നിലക്കുള്ള വ്യാഖ്യാനങ്ങളെ logocentric എന്ന് വിമര്‍ശനരൂപേണ ദെറിദ വിലയിരുത്തുന്നുണ്ട്. ഭാഷയിലൂടെ പ്രകടമാകുന്ന യുക്തിയുടെ ഈ തേര്‍വാഴ്ചയെയാണ് ദെറിദ അപനിര്‍മ്മിക്കുന്നത്. നെഗറ്റീവ് തിയോളജിയിലേക്കെത്തുമ്പോള്‍ ഇബ്‌നു അറബി ബൈനറികളെ നിരാകരിക്കുന്നതായി തൊട്ട്മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. അപോറിയ (aporia)യിലൂടെയാണ് ദെറിദ ബൈനറികളുടെ അപനിര്‍മാണം തേടുന്നത്. പരമ്പരാഗത ദ്വന്ദങ്ങളായ സ്ത്രീ – പുരുഷന്‍, ഇരുട്ട് -വെളിച്ചം, കറുപ്പ് – വെളുപ്പ് ഇവയൊന്നും നിഷ്പക്ഷമായ ദ്വന്ദങ്ങളല്ല. ഒന്ന് മറ്റൊന്നിന് മുകളില്‍ അധീശത്വം സ്ഥാപിച്ചാണ് ഈ ബൈനറികള്‍ രൂപം കൊണ്ടത്. ദെറിദയുടെ അപനിര്‍മാണത്തില്‍ ഇത്തരം ഹൈറാര്‍ക്കിയല്‍ ആയ ബൈനറികളെ ചോദ്യം ചെയ്യുകയും തകിടംമറിക്കുകയും ചെയ്യുന്നു.

ദെറിദ ആവിഷ്‌കരിച്ച differance എന്ന പദത്തെ നെഗറ്റീവ് തിയോളജിയുമായി ബന്ധപ്പെടുത്തി വായിക്കാവുന്നതാണ്. ഒരു വസ്തുവിനെക്കുറിച്ച് പറയുമ്പോള്‍ അത് എന്തല്ല എന്നതാണ് differance. ഒരാള്‍ എന്ത് ചെയ്തു എന്നതിന് പകരം എന്തൊക്കെ ചെയ്തില്ല എന്ന അര്‍ത്ഥകല്‍പ്പനയിലാണ് differance-ന്റെ സ്ഥാനമെന്ന് ദെറിദ പറയുന്നുണ്ട്. എക്കാര്‍ട്ടിന്റെ നെഗറ്റീവ് തിയോളജി ദെറിദയെ സ്വാധീനിച്ചിരുന്നു. എക്കാര്‍ട്ട് എന്താണ് ദൈവം, ആരാണ് ദൈവം എന്നൊരിക്കലും നിര്‍വ്വചിക്കാന്‍ നില്‍ക്കുന്നില്ല. സമ്പൂര്‍ണമായ അജ്ഞേയതയാണ് ദൈവത്തിന്റെ സ്വഭാവം. ഈ കേവലമായ അപ്രമേയതയും അവര്‍ണനീയതയും മനുഷ്യ സങ്കല്‍പ്പത്തിനും ഭാഷക്കും പൂര്‍ണമായും അതീതമാണ്. പിന്നെ സാധ്യമായത് നിഷേധമാണ്. ഇതാണോ ദൈവം? , അല്ല. അതാണോ ദൈവം? അല്ല. എന്നിങ്ങനെയാണത്. ദെറിദയുടെ ചിന്തയിലെ അപോറിയയും അസാധ്യതയും ഏറെക്കുറെ ഈ നൈഷേധിക ദൈവശാസ്ത്രത്തിന്റെ പ്രതിഫലനമാണ്.

സുഹൈല്‍ ചുങ്കത്ത്