Home » Essay » കൊറോണക്കാലത്തെ സ്‌റ്റേറ്റും പൊതു ജീവിതവും

കൊറോണക്കാലത്തെ സ്‌റ്റേറ്റും പൊതു ജീവിതവും

കൊറോണ വൈറസിന്റെ അഭൂതപൂര്‍വ്വമായ വ്യാപനം സൃഷ്ടിച്ച ഭീതിത സാഹചര്യത്തില്‍ ധാര്‍മികവും സാമൂഹികവുമായ മൂല്യങ്ങളെ തീര്‍ത്തും അപ്രസക്തമാക്കിക്കൊണ്ട് ജൈവികമായ നിലനില്‍പിനു വേണ്ടിയുള്ള കഠിനയത്നത്തിലേക്ക് മനുഷ്യ ജീവിതം ചുരുങ്ങിപ്പോവുന്നതും അതുമായി ബന്ധപ്പെട്ടു രൂപംകൊള്ളുന്ന പുതിയ അധികാര സമവാക്യങ്ങളെ സംബന്ധിച്ച് ഇറ്റാലിയന്‍ ചിന്തകന്‍ ജോര്‍ജിയോ അഗമ്പന്‍ നടത്തിയ വിമര്‍ശനാത്മകമായ അവലോകനങ്ങളുമാണ് ഈ ലേഖനത്തിനാധാരം.

ആശ്ചര്യകരമെന്നു പറയട്ടെ, കൊറോണാഭീതിക്കുമുമ്പ് വ്യവസ്ഥാപിതമായ അധികാര ഘടനകളെ നിരന്തരം വിമര്‍ശിക്കുകയും അത്തരം സ്ഥാപനങ്ങളുടെ ഹിംസാത്മകമായ അധികാര പ്രയോഗങ്ങളെപ്പറ്റി വാചാലരാവുകയും ചെയ്ത പലരും കോവിഡ് നിര്‍മിച്ചെടുത്ത നിലവിലെ ബൗദ്ധിക പരിസരത്തില്‍ രോഗ വ്യാപനം തടയാന്‍ വേണ്ടി ഭരണകൂടങ്ങള്‍ സ്വീകരിക്കുന്ന നടപടികളെ ന്യായീകരിക്കുകയും അവക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന അധികാര ഘടനകളെ കണ്ടില്ലെന്ന് നടിക്കുകയുമാണ് ചെയ്യുന്നത്. ബൗദ്ധിക വൃത്തങ്ങളില്‍ വന്ന ഈ അശുഭകരമായ മാറ്റത്തെ കൃത്യമായി വെളിപ്പെടുത്തുന്നതായിരുന്നു കോവിഡ് കാലത്തെ ഭരണകൂട നിയന്ത്രണങ്ങളെ വിമര്‍ശിച്ചു കൊണ്ട് ഇറ്റാലിയന്‍ ചിന്തകന്‍ ജോര്‍ജിയോ അഗമ്പന്‍ പ്രസിദ്ധീകരിച്ച ചില കുറിപ്പുകള്‍ക്കെതിരെ വന്ന പ്രതികരണങ്ങള്‍. പൗരാവകാശങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന സഞ്ചാര സ്വാതന്ത്ര്യവും രാഷ്ട്രീയവും സാംസ്‌കാരികവുമായ ഒത്തു ചേരലുകളും പൂര്‍ണ്ണമായി വിലക്കപ്പെട്ടതും തദ്ഫലമായി മാനുഷിക ബന്ധങ്ങളില്‍ വന്ന വിള്ളലുകളും ആഗോള സാമൂഹിക വ്യവസ്ഥിതിയെത്തന്നെ സാരമായി ബാധിക്കുമെന്ന അഗമ്പന്റെ മുന്നറിയിപ്പ് നിസ്സാരവത്കരിക്കപ്പെടുകയും അദ്ദേഹത്തിന്റെ പലവാദങ്ങളും തീര്‍ത്തും യുക്തിരഹിതമായ വിമര്‍ശനങ്ങളേറ്റു വാങ്ങുകയുമാണുണ്ടായത്.

അഗമ്പന്റെ വിമര്‍ശകരില്‍ നിന്നും വ്യത്യസ്തമായി അദ്ദേഹത്തിന്റെ ചിന്തകള്‍, തീവ്രമായ ഭയത്തിനടിമപ്പെട്ട ആഗോള വ്യവസ്ഥിതിയുടെ വര്‍ത്തമാനവും ഭാവിയും നമ്മുടെ രാഷ്ട്രീയ പരിസരങ്ങളെ ഏതുവിധം രൂപപ്പെടുത്തുമെന്നു വ്യക്തമായി മനസ്സിലാക്കുന്നതിന് വളരെ പ്രധാനപ്പെട്ടതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഈ ലേഖനത്തിലൂടെ ഞാന്‍ അപഗ്രഥിക്കാന്‍ ശ്രമിക്കുന്നത്, വൈറസ് വ്യാപനം തടയാന്‍ വിവിധ ഭരണകൂടങ്ങള്‍ സ്വീകരിച്ച നടപടികള്‍ സൃഷ്ടിക്കുന്ന രണ്ടുതരം പ്രശ്നങ്ങളെയാണ്. ഒന്നാമതായി, കോവിഡ് കാലത്ത് രൂപപ്പെട്ടുവന്നതെന്ന് അഗമ്പന്‍ വിശേഷിപ്പിക്കുന്ന ‘നഗ്‌നമായ ജീവിതാവസ്ഥ (Naked life)’. പൊതുവായ സാമൂഹിക ഇടങ്ങളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കപ്പെട്ട, നാസി ക്യാംപുകളിലെ ജൂതന്മാര്‍ അനുഭവിച്ച ഒരു നഗ്‌നമായ ജീവിതാവസ്ഥയില്‍ നിന്നും നിലവിലെ ജീവിത സാഹചര്യം വ്യത്യസ്തമാവുന്നത് അത് നമുക്കിടയില്‍ തന്നെ, ആഗോള മഹാമാരിയെ പിടിച്ചു നിര്‍ത്താനുള്ള ഭരണകൂടങ്ങളുടെ ശ്രമഫലമായി സൃഷ്ടിക്കപ്പെട്ടതാണെന്നാണ.് രണ്ടാമതായി, വൈറസിനെതിരെയുള്ള ആഗോള യുദ്ധം നമുക്കു മേല്‍ അടിച്ചേല്‍പ്പിച്ച മാറ്റി നിര്‍ത്തലുകളുടെ ഒരു ജീവിത സാഹചര്യം. ഇതുസംബന്ധിച്ച് ചില പ്രത്യേക മത, വംശീയ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന പിശാചുവത്കരണ ശ്രമങ്ങള്‍ക്കു പിന്നില്‍ വര്‍ത്തിക്കുന്ന ശത്രുതയുടെ രാഷ്ട്രീയത്തെയും, വാര്‍ത്താ മാധ്യമങ്ങളും ജനാധിപത്യവും അതിനോട് എത്രമാത്രം ബന്ധപ്പെട്ടു കിടക്കുന്നുവെന്നും പരിശോധിക്കേണ്ടതുണ്ട്.

ജനാധിപത്യവും നഗ്‌നജീവിത (Naked life) വും തമ്മിലെന്ത്?

കൊറോണ വൈറസിന്റെ വ്യാപനം ചെറുക്കാന്‍ ഭരണകൂടങ്ങള്‍ സ്വീകരിച്ച നടപടികള്‍ പൊതുജനങ്ങള്‍ക്കുമേല്‍ അര്‍ഥശൂന്യമായ ‘നഗ്‌നജീവിത’ത്തെ അടിച്ചേല്‍പ്പിച്ച് സാമൂഹികവും മാനുഷികവുമായ സര്‍വ്വ മൂല്യങ്ങളെയും പരിത്യജിച്ചു കഴിയേണ്ട ഒരു ജീവിത സന്ദര്‍ഭത്തിലേക്ക് അവരെ കൊണ്ടെത്തിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളാണ് അഗമ്പന്‍ പ്രധാനമായും മുന്നോട്ടുവെക്കുന്നത്. നൈക്കഡ് ലൈഫ് എന്നത് കൊണ്ടു അഗമ്പന്‍ വിവക്ഷിക്കുന്നത് അദ്ദേഹത്തിന്റെ ‘Homo Sacer’ ല്‍ സിദ്ധാന്തവത്കരിക്കപ്പെട്ട ‘bare life’ എന്നു തന്നെയാണ്. ‘Naked life’ അല്ലെങ്കില്‍ ‘bare life’ എന്ന ആശയത്തിന്റെ വേരുകള്‍ കിടക്കുന്നത് Zoe, bios എന്നീ രണ്ട് ഗ്രീക്കു വാചകങ്ങള്‍ തമ്മിലുള്ള വ്യത്യാസത്തിലാണ്. ‘Zoe’ എന്നത് മൃഗങ്ങളും മനുഷ്യരുമടങ്ങുന്ന പൊതുവായ ജൈവ മണ്ഡത്തിന്റെ ജീവിതാവസ്ഥയെയാണ് കുറിക്കുന്നതെങ്കില്‍ ‘bios’ എന്നത് വ്യവസ്ഥാപിതമായ, മനുഷ്യരുടെ മാത്രം പ്രത്യേകമായ നഗരവത്കൃത ജീവിതത്തെയാണ് സൂചിപ്പിക്കുന്നത്. ഈ രണ്ട് ജീവിത മണ്ഡലങ്ങള്‍ക്കിടയില്‍ സ്വാഭാവികമായും നിലനില്‍ക്കുന്ന വേര്‍തിരിവിനെ കോവിഡ് എങ്ങനെയാണ് അപ്രസക്തമാക്കിയതെന്നും രണ്ടിന്റെയും സ്വത്വപരമായ സവിശേഷതകള്‍ വ്യവഛേദിച്ചറിയാനാവാത്ത രീതിയില്‍ കൂടിക്കലരുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഘടകങ്ങളെന്തൊക്കെയാണെന്നും അഗമ്പന്‍ നമുക്ക് കാണിച്ചു തരുന്നുണ്ട്. രാഷ്ട്രീയ പദവിയില്‍ നിന്നും അന്യവല്‍കരിക്കപ്പെട്ട പൗരാവകാശങ്ങളില്‍ നിന്നും വിഛേദിതമായ ജീവിതാവസ്ഥ അഥവാ Naked life ന്റെ പൂര്‍ണ്ണ മാതൃക അഗമ്പന്റെ നിരീക്ഷണ പ്രകാരം നമുക്ക് ദര്‍ശിക്കാനാവുന്നത് നാസീ ക്യാംപുകളില്‍ കഴിയുന്ന അദ്ദേഹം ‘മുസല്‍മാന്‍’ എന്ന് വിശേഷിപ്പിക്കുന്ന ജൂതന്മാരിലാണ്. അദ്ദേഹം വാദിക്കുന്നത്, ഇവിടെ സംഭവിക്കുന്നത്, ഒരു പരമാധികാര സ്രോതസ്സിന്റെ തീരുമാനപ്രകാരം bios നെ Zoe- ലേക്ക് സന്നിവേശിപ്പിക്കപ്പെടുകയും തുടര്‍ന്ന്, ഏതൊക്കെ ജീവിതങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട് ഏതൊക്കെ ഇല്ലാതാക്കപ്പെടണം എന്നും തീരുമാനിക്കപ്പെട്ട് ചെയ്യുന്നുവെന്നാണ്. അഥവാ ഇത്തരത്തിലുള്ള ക്യാംപുകള്‍ സാധ്യമാക്കുന്നത് സര്‍വ്വാധികാരിയായ ഭരണകൂടത്തിന് മാത്രം സൃഷ്ടിക്കാന്‍ കഴിയുന്ന മാറ്റി നിര്‍ത്തലുകളുടെ ഒരു ജീവിത സാഹചര്യത്തിലായിരിക്കുമെന്നര്‍ഥം.

വ്യക്തമായി പറഞ്ഞാല്‍, ഈ വിമര്‍ശനാത്മക സമീപനം ഉള്‍വഹിക്കുന്നത് പലര്‍ക്കും ജനാധിപത്യത്തോടുള്ള യുക്തി രഹിതമായ അഭിനിവേശം സൃഷ്ടിക്കുന്ന അനന്തരഫലങ്ങള്‍ പലപ്പോഴും ശുഭോഭര്‍ക്കമാവുന്നില്ല എന്ന നഗ്‌ന സത്യമാണ്. നാസീ വംശീയ ഉന്മൂലന ക്യാംപുകള്‍ ആധുനിക ചരിത്രത്തിലെ ഒരൊറ്റപ്പെട്ട സംഭവമല്ല, മറിച്ച് ആധുനികതയുടെയും അതിന്റെ ജൈവ രാഷ്ട്രീയത്തിന്റെയും പൊയ്മുഖങ്ങള്‍ അണിഞ്ഞ അത്യപൂര്‍വ്വമായ ചരിത്ര സംഭവങ്ങളിലൊന്നാണത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ജനാധിപത്യവും ടോറ്റലിറ്റേറിയനിസവും തമ്മിലുള്ള പരോക്ഷമായ രഞ്ജിപ്പിന്റെ ആസൂത്രിതമായ പരിണാമദശയെ വളരെ കൃത്യമായിത്തന്നെ അടയാളപ്പെടുത്താന്‍ സാധിക്കുമെന്നു അഗമ്പന്‍ വാദിക്കുന്നുണ്ട്. ആധുനിക പാശ്ചാത്യ രാഷ്ട്രീയ ചരിത്രം, ജൈവ രാഷ്ട്രീയത്തിന്റേതു കൂടിയാണെന്നാണ് അദ്ദേഹം നിരീക്ഷിച്ചതും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം എഴുതപ്പെട്ട ഫ്രാന്‍സിസ് ഫുകുയാമയുടെ മാസ്റ്റര്‍പീസ് End of History and last man സോവിയറ്റാനന്തര കാലഘട്ടത്തെ ലിബറലുകള്‍ വളരെ പ്രതീക്ഷാ പൂര്‍വ്വമാണ് നോക്കി കാണുന്നതെങ്കിലും കൃത്യം അതേ സമയത്തു തന്നെ എഴുതപ്പെട്ട തന്റെ Homo Sacer- ല്‍ അഗമ്പന്‍ സോവിയറ്റ് പതനത്തോടെ കമ്മ്യൂണിസത്തിനു മേല്‍ ലിബറല്‍ ഡമോക്രസി നേടിയ വിജയത്തെ അത്രത്തോളം ആശാവഹമായി കണക്കാക്കുന്നില്ല. അതിനാല്‍ കൊറോണ കാലത്തെ അധികാരഘടനകളുടെ പ്രവര്‍ത്തന രീതികളെപ്പറ്റിയുള്ള അഗമ്പന്റെ അന്വേഷണങ്ങള്‍ മനസിലാക്കപ്പെടേണ്ടത് മേല്‍പ്പറഞ്ഞ വാദഗതികളുടെ പശ്ചാത്തലത്തില്‍ കൂടിവേണം എന്നു വ്യക്തം.

അധികാര സ്ഥാനങ്ങള്‍ നല്‍കിയ വീണ്ടു വിചാരമില്ലാത്ത ആത്മവിശ്വാസത്തോടെ ആഗോള വ്യാപകമായി ലോക്ഡൗണുകള്‍ പ്രഖ്യാപിച്ച ഗവണ്‍മെന്റുകള്‍ക്ക് അധസ്ഥിത വിഭാഗങ്ങളുടെയും പ്രവാസി തൊഴിലാളികളുടെയും പതിതാവസ്ഥയോ അവര്‍ക്കനുഭവിക്കേണ്ടി വരുന്ന അനിഷ്ടതയോ ഒന്നും തന്നെ വലിയൊരു പ്രതിസന്ധിയായി അനുഭവപ്പെട്ടിട്ടില്ല എന്നത് വളരെ വ്യക്തമാണ്. അദ്ദേഹത്തിന്റെ ശ്രദ്ധ ചെന്നെത്തുന്നത് വൈറസിനെ നേരിടാന്‍ വേണ്ടി ഗവണ്‍മെന്റുകള്‍ ആവിഷ്‌കരിക്കുന്ന രീതിശാസ്ത്രങ്ങള്‍ നാമാരാണെന്നും മനുഷ്യരെന്ന നിലക്ക് നാമെങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നുവെന്നതിനെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ എങ്ങനെ മാറ്റിമറക്കുന്നു എന്നിടത്താണ്. തങ്ങളുടെ ജൈവികമായ നിലനില്‍പ്പ് ഏതു വിധേനയും സുരക്ഷിതമാക്കാന്‍ വേണ്ടി നഗ്‌നജീവിതത്തിലേക്കൊതുങ്ങിപ്പോവുന്നത് സ്റ്റേറ്റുകളും മറ്റധികാര കേന്ദ്രങ്ങളും മനുഷ്യ ജീവനുകള്‍ രക്ഷിക്കാനെന്ന പേില്‍ അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണങ്ങളോട് അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ഉദാഹരണമായി ഇന്ത്യയില്‍ ലോക്ഡൗണ്‍ നടപ്പില്‍ വരുമെന്ന് ജനങ്ങള്‍ അറിഞ്ഞത് വെറും നാലു മണിക്കൂര്‍ മുന്‍പു മാത്രമാണ്. അതാവട്ടെ, സംസ്ഥാന ഗവണ്‍മെന്റുകളെപ്പോലും അറിയിക്കാതെയാണ് നടന്നതെന്നത് വേറെക്കാര്യം. രാജ്യത്തിന്റെ ഒരു തല മുതല്‍ മറുതല വരെ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്ന അതിഥി തൊഴിലാളികളുടെ പലായനം വിരല്‍ ചൂണ്ടുന്നതും കേന്ദ്ര സര്‍ക്കാരിന്റെ പ്രകടമായ അനാസ്ഥയിലേക്കാണ്.

സ്റ്റേറ്റുകള്‍ കോവിഡിനെതിരെ സ്വീകരിച്ച നടപടികള്‍ കാരണം സാമൂഹിക ബന്ധങ്ങളിലുണ്ടായ അപ്രതീക്ഷിതമായ മാറ്റങ്ങളെക്കുറിച്ച് വളരെ നിര്‍ണ്ണായകമായ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നുണ്ട് അഗമ്പന്‍. ഒരു മനുഷ്യനാവുക എന്നത് കൊണ്ട് നാമെന്തൊക്കെ അര്‍ഥമാക്കിയിരുന്നോ അവയെല്ലാം പൂര്‍ണ്ണമായും തിരസ്‌കരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട് നിലവില്‍. രോഗഭീതിയും മരണഭീതിയും ജനങ്ങളെ ഒന്നിപ്പിച്ചു നിര്‍ത്തേണ്ടതിനു പകരം അവരെ ഭിന്നിപ്പിക്കുകയും അന്ധരാക്കുകയുമാണ് ചെയ്യുന്നത്. സ്വന്തം നിലനില്‍പ്പല്ലാതെ മറ്റൊരു മൂല്യത്തിനും പ്രസക്തിയില്ലാത്ത ഒരു സമൂഹത്തിന്റെ അവസ്ഥയെന്താകുമെന്ന അഗമ്പന്റെ ചോദ്യം ഈ ആശങ്കയെ നേരാ വണ്ണം പ്രതിഫലിപ്പിക്കുന്നതാണ്. ഏപ്രില്‍ 6-ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഒരു ഹിന്ദു യുവതി മരണപ്പെടുകയുണ്ടായി. വൈറസ് പിടിക്കപ്പെടുമോ എന്ന് പേടിച്ച് ബന്ധുക്കളാരും തന്നെ യുവതിയുടെ മൃതദേഹം ഏറ്റെടുക്കാനോ സംസ്‌കരിക്കാനോ തയാറായില്ല. മരിച്ചവരോടുള്ള ഇത്തരത്തിലുള്ള പെരുമാറ്റത്തില്‍ പ്രകടമാവുന്ന ധാര്‍മികച്യുതിയാണ് അഗമ്പന്‍ പ്രധാനമായും പ്രശ്നവത്കരിക്കുന്നത്. ശേഷം അയല്‍പക്കത്തുള്ള ചില മുസ്ലിംകള്‍ രണ്ട് കിലോമീറ്ററോളം മൃതദേഹം ചുമന്നാണ് ശവദാഹം നടത്തിയത്. അഗമ്പന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സ്റ്റേറ്റുകളുടെ നടപടികളിലാണെന്നതു കൊണ്ടു തന്നെ ഇക്കാലയളവില്‍ മരണപ്പെട്ടവരോടുള്ള രാഷ്ട്രത്തലവന്മാരുടെ മനോഭാവമെന്തായിരുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്. ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സനെ സംബന്ധിച്ചിടത്തോളം ജീവനുള്ളവര്‍ വരെ ജീവഛവങ്ങളെപ്പോലെയായി എന്നതിനാല്‍ മരിച്ചവരോട് അദ്ദേഹം പ്രത്യേകം താത്പര്യമൊന്നും കാട്ടിയില്ല. പകരം, സ്വപൗരന്മാരോട് തങ്ങളുടെ ഉറ്റവരെക്കൂടി ഉപേക്ഷിക്കാനുള്ള മനസ്ഥൈര്യം കാണിക്കണമെന്നാണദ്ദേഹം ആവശ്യപ്പെട്ടത്.

സൈനികവത്കരണവും പിശാചുവത്കരണവും മാറ്റിനിര്‍ത്തലുകളും

ഇന്ത്യയില്‍ കൊറോണക്കെതിരെ നരേന്ദ്ര മോദി പ്രഖ്യാപിച്ച മഹായുദ്ധം വലിയൊരളവില്‍ മുസ്ലിംകള്‍ക്കെതിരെയുള്ള യുദ്ധം കൂടിയാണ്. കോവിഡ് പരത്തുന്നത് മുസ്ലിംകളാണെന്ന വ്യാജ വാര്‍ത്ത സൃഷ്ടിച്ച് വാര്‍ത്താ മാധ്യമങ്ങളും ഭരണകൂട ആഖ്യാനങ്ങള്‍ക്ക് ചൂടു പിടിക്കുന്നതാണിവിടെ കാണാനാവുന്നത്. തബ്ലീഗ് സമ്മേളനം നടക്കുന്നത് വരെ നിയന്ത്രണ വിധേയമായിരുന്ന വൈറസ് വ്യാപനം മുസ്ലിംകളുടെ അനാസ്ഥ മൂലമാണു രാജ്യത്തു അനിയന്ത്രിതമായി വ്യാപിക്കാന്‍ തുടങ്ങിയതെന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ഔദ്യോഗിക വൃത്തങ്ങള്‍ വരെ ശരിവെക്കുകയാണ് ചെയ്തത്. കൊറോണയെ ഭീകരവാദവുമായുപമിച്ച ബി.ജെ.പി പാര്‍ലമെന്റംഗം എം.പി രേണുകാചാര്യ മുസ്ലിംകളെ മുഴുവന്‍ വെടിവെച്ചു കൊല്ലാനാണു ആഹ്വാനം ചെയ്തത്. യുക്തിരഹിതമായ ഈ അഭ്യൂഹങ്ങള്‍ മുസ്ലിംകളെ കൊറോണ ഭീകരവാദികളായി ട്രെന്റു ചെയ്യുകയും രോഗം പടര്‍ത്താന്‍ വേണ്ടി കുടിവെള്ളത്തിലും ഭക്ഷ്യവസ്തുക്കളിലും അവര്‍ അണുബാധയുണ്ടാക്കിയതായി പ്രചരിപ്പിക്കുകയും ചെയ്യുന്നു. മറ്റൊരു ബി.ജെ.പി നേതാവ് തബ്ലീഗ് ജമാഅത്തിനെ ചാവേറുകളോടാണുപമിച്ചത്. പാശ്ചാത്യ മാധ്യമങ്ങളിലൂടെയെല്ലാം ഈ നുണ പ്രചാരണങ്ങള്‍ പ്രക്ഷേപണം ചെയ്യപ്പെടുകയും ചെയ്തു.

മുസ്ലിംകളെ രാജ്യത്തിന് മൊത്തം ഭീഷണിയായി അവതരിപ്പിച്ചു കൊണ്ടുള്ള ഈ രാഷ്ട്രീയ പിശാചുവല്‍കരണ പദ്ധതിക്കു പിന്നിലുള്ള പ്രേരകം, ഇതര മതസ്ഥരുടെ മത സംഗമങ്ങളെയും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നടന്ന അവരുടെ കൂട്ടായ്മകളെയും മന:പൂര്‍വ്വം മറച്ചു വെക്കുക എന്നതു തന്നെ. അതോടൊപ്പം, ഒരേ സാഹചര്യത്തില്‍ തന്നെയുള്ള മുസ്ലിംകളെയും ഹിന്ദുക്കളെയും വ്യത്യസ്ത വാചകങ്ങള്‍ക്കൊണ്ട് വിശേഷിപ്പിക്കുന്നതും മുഖ്യധാരാ മാധ്യമങ്ങളുടെ ഒരു പതിവു ശൈലിയാണ്. മുസ്ലിംകള്‍ തങ്ങളുടെ ആരാധനാലയങ്ങളില്‍ ‘ഒളിച്ചു പാര്‍ക്കുകയാണെന്നു’ ഹിന്ദുക്കള്‍ അവിടെ കുടുങ്ങിപ്പോയിരിക്കുകയാണെന്നുമുള്ള’ രണ്ടുവാചകങ്ങള്‍ക്കിടയില്‍ വര്‍ഗീയത കണ്ടെത്തുന്ന മാധ്യമ ശൈലി ഇതിനൊരുദാഹരണം മാത്രം. ആയിരക്കണക്കിന് ഹിന്ദുക്കള്‍ ക്ഷേത്രങ്ങളില്‍ ഒരുമിച്ചുകൂടിയതും, സാമൂഹിക അകലം പോലും പാലിക്കാതെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, നൂറ്റി അന്‍പതോളം ഭക്തരോടൊപ്പം ഒരു ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടും മാധ്യമങ്ങള്‍ വലിയ വാര്‍ത്താപ്രാധാന്യമൊന്നും നല്‍കിയില്ല. ഈ ഇന്ത്യന്‍ സാഹചര്യം അഗമ്പന്‍ പ്രധാനമായും അവലംബിക്കുന്ന ഫൂക്കോയുടെ ബയോ പൊളിറ്റിക്‌സിനോടും ശത്രുവിന്റെയും മിത്രത്തിന്റെയുമിടയില്‍ അതിരുനിര്‍ണ്ണയിക്കുന്നതാണ് രാഷ്ട്രീയമെന്ന കാള്‍ ഷിമെറ്റിന്റെ നിര്‍വചനത്തോടും വ്യക്തമായ സമാനത പുലര്‍ത്തുന്നുണ്ട്. അഗമ്പന്‍ കരുതുന്നത് നിലവിലെ സാഹചര്യത്തില്‍ ശത്രു മിത്ര ദ്വന്ദത്തെ ജൈവരാഷ്ട്രീയം അപ്രസക്തമാക്കുന്നു എന്നാണെങ്കിലും അവ രണ്ടും തമ്മിലുള്ള സംയോജനമാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്.

കൊവിഡിനെതിരായ ഭരണകൂടങ്ങളുടെ നിയന്ത്രണ നടപടികളോടൊപ്പം നടക്കുന്ന സമൂഹത്തിന്റെ സൈനികവത്കരണത്തെക്കുറിച്ചും അഗമ്പന്‍ എഴുതുന്നുണ്ട്. ഇത് ഇന്ത്യയില്‍ ഭരണകൂട ഒത്താശയോടെ നടന്നുവരികയും ചെയ്യുന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ പോലീസിന്റെ അഗമ്പടിയോടെ ജമാഅത്ത് കേന്ദ്രങ്ങളിലേക്ക് സന്ദശനം നടത്തിയതും അന്തേവാസികളെ കുടിയൊഴിപ്പിച്ചതുമെല്ലാം മുസ്‌ലിംകള്‍ മാത്രമാണ് രാജ്യത്തിന്റെ ജൈവരാഷ്ട്രീയത്തിന് പ്രശ്‌നം സൃഷ്ടിക്കുന്നതെ് ഭരണകൂട ആഖ്യാനങ്ങള്‍ക്ക് കരുത്ത് പകരാനായിരുന്നു. എന്തിനേറെ, ഡല്‍ഹി ഗവര്‍ണമെന്റിന്റെ മുഖപത്രത്തില്‍ കൊറോണ കേസുകള്‍ക്ക് മാത്രമായിട്ടുള്ള ഭാഗത്ത് ജമാഅത്ത് മര്‍കസ് മസ്ജിദിന് പ്രത്രേകമായൊരു കോളം തന്നെയുണ്ട്. ഇത്തരത്തിലുള്ള ഉന്നം വെക്കലുകള്‍ പള്ളി അക്രമിക്കപ്പെടുന്നതിനും, രോഗവാഹകരെന്ന പേരില്‍ പലയിടത്തും മുസ്‌ലിംകള്‍ ആക്രമിക്കപ്പെടുന്നതിലേക്കും നയിച്ചു. പ്രത്യേക ജനവിഭാങ്ങളെ, ദേശീയതയുടെയും സംസ്‌കാരത്തിന്റെയും പേരില്‍ ട്രംപിന്റെ ചൈനീസ് വൈറസ് പ്രയോഗം പോലെ- അക്രമിക്കുന്നതും രോഹവാഹകരായി മുദ്രകുത്തുന്നതും വളരെ വ്യാപകമായിരിക്കുകയാണ് നിലവില്‍. അഗമ്പന്‍ മുന്നറിയിപ്പ് നല്‍കിയ മാറ്റിനിര്‍ത്തലുകളുടെയും വിലക്കുകളുടെയും ജീവിതാവസ്ഥ(േെമലേ ീള ലഃരലുശേീി) പല രാജ്യങ്ങളിലും നേരത്തെ നിലവില്‍ വന്നിട്ടുണ്ട്. ഹംഗറിയില്‍ വിക്ടര്‍ ഓര്‍വന്‍ തന്നിഷ്ട പ്രകാരം ഭരിക്കുന്ന ഒരു സ്വേച്ഛാധിപതിയെ പോലെയാണ് പെരുമാറുന്നത്. സമാനമായ അവസ്ഥയുടെ അനുരണനങ്ങള്‍ ശ്രീലങ്കയിലും ഘാനയിലുമൊക്കെ കാണാവുന്നതാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കു മേല്‍ ശക്തമായ നിരീക്ഷണം ഏര്‍പെടുത്തപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലും ബംഗ്ലാദേശിലുമെല്ലാം .രോഗഭീതിയുടെ മറവില്‍ ജാമിഅ മില്ലിയയിലെ വിദ്യാര്‍ത്ഥികളായ സഫൂറ സര്‍ഗാറിനെ അടക്കമുള്ളവരെ, പൗരത്വ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് ജയിലില്‍ അടിച്ചിരിക്കുകയാണ് മോദി സര്‍ക്കാര്‍.

നേരത്തെ തന്നെ, അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന കശ്മീരില്‍, ജൗഹര്‍ ജീലാനിയും, മസ്‌റത്ത് സഹ്‌റയുമടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റിലായത് രാജ്യവ്യാപകമായി അടച്ചിടല്‍ പ്രഖ്യാപിച്ച സമയത്താണ്. ഗീലാനി, കശ്മീര്‍: റൈജ് ആന്റ് റീസണ്‍ എന്ന കശ്മീരിന്റെ നിലവിലെ അവസ്ഥയെ കുറിച്ച് നിശ്പക്ഷമായി അവലോകനം ചെയ്യുന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് കൂടിയാണ്. 26 വയസ്സുള്ള സഹ്‌റയാണെങ്കില്‍ വാഷിംഗടണ്‍ പോസ്റ്റും അല്‍ജസീറയുമടക്കമുള്ള ആഗോള മാധ്യമങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള ഫോട്ടോ ജേര്‍ണലിസ്റ്റാണ്.

കൊറേണയും ഇസ്‌ലാമോഫോബിയയും

9/11 ന് ശേഷം ഭീകരവാദമായിരുന്നു മാറ്റിനിറുത്തലുകളെ നിര്‍ണയിച്ചിരുന്നതെങ്കില്‍, നിലവില്‍ തല്‍സ്ഥാനത്ത് മഹാമാരിയാണ് അകറ്റിനിര്‍ത്തലുകള്‍ക്കും ഒറ്റപ്പെടുത്തലുകള്‍ക്കും പ്രേരകമായി വര്‍ത്തിക്കുന്നതെന്ന് അഗമ്പന്റെ അഭിപ്രായത്തോട് തെല്ലൊരു രോഷത്തോടെയാണ് അനസ് തേസ്യബര്‍ഗ് പ്രതികരിച്ചത്. എന്നാല്‍ വ്യത്യസ്തമായൊരു കാരണം കൊണ്ട് ഇവ്വിഷയകമായി അദ്ദേഹത്തിന് ചില ധാരണാപിശകുകള്‍ പറ്റിയിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. പഴയ ശത്രുവെന്ന നിലക്ക് ഭീകരവാദത്തിന്റെ പകരം പുതിയൊരു ശത്രുവായി കൊറോണ വൈറസ് രംഗപ്രേവേശനം ചെയ്തിട്ടുണ്ടെന്ന വാദം അല്‍പം കടന്നുപോയെന്നാണ് ഞാന്‍ കരുതുന്നത്. കാരണം പകര്‍ച്ചവ്യാധിക്കും ഭീകരവാദത്തിനുമിടയില്‍ ആദ്യമേ സ്ഥാപിക്കപ്പെട്ട, വളരെ കൃത്യമായി അടയാളപ്പെടുത്താന്‍ കഴിയുന്ന ഒരു ബന്ധമുണ്ടെന്നതാണ് വസ്തുത. 9/11 ന് ശേഷം പകര്‍ച്ചവ്യാധികളെ ഭീകരവാദത്തിന്റെ പട്ടികയിലുള്‍പ്പെടുത്തിയ അമേരിക്കന്‍ നടപടി ആ രാജ്യത്തെ കമ്മ്യൂണിസവുമായുള്ള ഏറ്റുമുട്ടലില്‍ നിന്ന് ഭീകരവാദവിരുദ്ധ സുരക്ഷാ കേന്ദ്രീകൃത വ്യവസ്ഥയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതിനെക്കുറിച്ച് ജോസഫ് മാക്കോ എഴുതുന്നുണ്ട്. വൈറസിനെ ഒരു ജൈവായുധമായി പരിഗണിച്ചതിന്റെ ഭാഗമായി പകര്‍ച്ചവ്യാധികളെക്കൂടി ഭീകരവാദപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു അമേരിക്കന്‍ ഭരണകൂടം. ചുരുക്കിപ്പറഞ്ഞാല്‍, അഗമ്പന്റെ നിരീക്ഷണത്തിനു വിരുദ്ധമായി ഭീകരവാദത്തെ കൊറോണ അപ്രസക്തമാക്കി എന്നതിലുപരി, അവ തമ്മില്‍ ആസൂത്രിതമായിത്തന്നെ സ്ഥാപിക്കപ്പെട്ട ബന്ധുത്വമുണ്ടെന്നാണ് ഞാന്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്.

അഗമ്പന്‍ നിരീക്ഷിക്കുന്നത്, നിലവിലെ രാഷ്ട്രീയ സന്ദര്‍ഭത്തെ ശത്രു/മിത്രം എന്നീ ദ്വന്ദങ്ങള്‍ക്കു പകരം നഗ്ന ജീവിതം/ മനുഷ്യ ജീവിതം എന്നീ ബൈനറികള്‍ വെച്ച് പരിശോധിക്കുന്നതാണുചിതം എന്നാണ്. എന്നാല്‍, ശത്രു/മിത്ര ദ്വന്ദങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രാഷ്ട്രീയ സന്ദര്‍ഭങ്ങളെ നിര്‍വചിക്കുന്നതിന് ഉദാഹരണമായി നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും എന്നു മാത്രമല്ല അവ പരസ്പരം തന്ത്രപൂര്‍വം സംയോജിപ്പിക്കപ്പെടുന്നതും കുറവല്ല. ഈയിടെയായി പുറത്തിറങ്ങിയ ഢര്‍ എന്ന ഹിന്ദി ഷോര്‍ട്ട് ഫിലിം മുസ്‌ലിംകളോട് അനുഭാവപൂര്‍വമെന്ന് തോന്നുമെങ്കിലും രോഗവ്യാപനത്തിന് പിന്നില്‍ മുസ്‌ലിംകളാണെന്ന അഭ്യൂഹത്തെ പൂര്‍വോപരി ശക്തിപ്പെടുത്തിയതിന് മേല്‍പ്പറഞ്ഞ സംയോജനം സാധ്യമാക്കിയിട്ടായിരുന്നു. ഏഴര മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഫിലിം ആരംഭിക്കുന്നത് ഉസ്മാന്‍ എന്നൊരു പച്ചക്കറി വില്‍പനക്കാരന്‍ ഹിന്ദുവായ ശര്‍മയുടെ വീടിന്റെ വാതിലില്‍ മുട്ടുന്ന രംഗത്തോടെയാണ്. പശ്ചാത്തലത്തില്‍ ശര്‍മയുടെ അലംകൃതമായ മുറിക്കുള്ളില്‍ കൊവിഡ് സംബന്ധിച്ച ടിവി വാര്‍ത്തകള്‍ മിന്നിമറയുന്നു. ആഢ്യത്വം പ്രകടിപ്പിക്കുന്ന വേഷവിധാനങ്ങളോടെ വീടിനുവെളിയിലേക്ക് വരുന്ന ശര്‍മ താന്‍ പച്ചക്കറികളെല്ലാം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നും തന്റേത് ആവശ്യമില്ലെന്നും ഉസ്മാനോട് പറയുന്നു. ഹതാശനായി ശര്‍മയുടെ ഗേറ്റ് കടക്കുമ്പോള്‍ ഉസ്മാന്‍ ശര്‍മക്കുവേണ്ടി പച്ചക്കറികള്‍ കൊണ്ടുവരുന്ന രാംചരണിനെ യാദൃശ്ചികമായി കണ്ടുമുട്ടാനിടയായി. മുസ്‌ലിം കച്ചവടക്കാര്‍ പച്ചക്കറികളില്‍ തുപ്പി കൊവിഡ് പരത്തുന്നുണ്ടെന്ന ആശങ്ക മൂലമാണ് ശര്‍മ തന്നെ മടക്കിയതെന്ന് അയാള്‍ ഉസ്മാനോട് പറയുന്നുണ്ട്. ശേഷം, തെല്ലൊരു അനുഭാവപൂര്‍വമായ സ്വരത്തോടെ അയാള്‍ കൂട്ടിച്ചേര്‍ക്കുന്നത് വളരെക്കുറച്ച് മുസ്‌ലിംകള്‍ മാത്രമേ ഇത് ചെയ്യുന്നുള്ളുവെങ്കിലും സമുദായം മൊത്തം ഇതിന്റെ പേരില്‍ അധിക്ഷേപിക്കപ്പെടുന്നത് വേദനാജനകമെന്നാണ്.

മുസ്‌ലിംകളെ അപകീര്‍ത്തിപ്പെടുത്തിയതിന്റെയും അവരെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതിന്റെയും യുക്തിഭദ്രത ചോദ്യം ചെയ്യുന്നതിനും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന പിശാചുവല്‍ക്കരണ രാഷ്ട്രീയത്തെ തള്ളിക്കളയുകയും ചെയ്യുന്നതിന് പകരം എല്ലാ മുസ്‌ലിംകളും ചെയ്യുന്നില്ലെങ്കിലും ചിലര്‍ മാത്രമാണ് അണുബാധ പരത്തുന്നതിന് പിന്നിലെന്ന കപടമായ ആനുപാതികതയിലാണ് ചിത്രം ശ്രദ്ധയൂന്നുന്നത് തന്നെ. മതസൗഹാര്‍ദത്തിന്റെ മേലങ്കിക്കുള്ളില്‍, വെറും സങ്കല്‍പം യാഥാര്‍ത്ഥ്യത്തിലേക്ക് ശത്രുതാ രാഷ്ട്രീയത്തിലേക്കും പരിവര്‍ത്തിതമാകുന്നതെങ്ങനെയെന്നത് ചിത്രം നിരീക്ഷിച്ചാല്‍ വ്യക്തമായി ബോധ്യപ്പെടും. ഇവ്വിധം പ്രത്യേക മതവിഭാഗങ്ങളെ ലാക്കാക്കിയുള്ള ആസൂത്രിതമായ നീക്കങ്ങള്‍ക്ക് വേണ്ടി കോവിഡ് ഭീതി ചൂഷണം ചെയ്യപ്പെടുമ്പോള്‍, അഗമ്പന്റെ നിരീക്ഷണങ്ങള്‍ എത്രമാത്രം പ്രസക്തമാണെന്നും അദ്ദേഹത്തിന്റെ വാദഗതികള്‍ വിമര്‍ശകര്‍ ഉന്നയിക്കുന്ന പോലെ യാഥാര്‍ഥ്യബോധമില്ലാത്തവയല്ലെന്നും മനസ്സിലാക്കാന്‍ അധികം പ്രയാസപ്പെടേണ്ടതില്ല. ചുരുക്കത്തില്‍, ലിബറല്‍ ഡെമോക്രസിയുടെ വര്‍ത്തമാനരൂപത്തെ നിര്‍മിച്ചെടുക്കുന്ന ശത്രുതാരാഷ്ട്രീയത്തിന്റെയും പുറന്തള്ളല്‍ മനോഭാവവും കാലങ്ങളില്‍ പകര്‍ച്ചവ്യാധി ശക്തി പ്രാപിക്കാനാണ് സാധ്യതയെന്ന് തോന്നുന്നു.

വിവര്‍ത്തനം: ഖിദര്‍ പിടി തറയിട്ടാല്‍

ഇര്‍ഫാന്‍ അഹ്മദ്