Thelicham

മരണം; സാധ്യതകളുടെ അനന്ത പ്രകാശനങ്ങൾ

 


Death asked life: “Why does everyone love you and hate me?”
Life replied: “Because i am a beautiful lie and you are a painful Truth”.

 

മനുഷ്യൻ്റെ സാമൂഹ്യ സുനിശ്ചിതത്വങ്ങളിലൂന്നിയ പലതരം ലോകവീക്ഷണങ്ങളിലും തത്വചിന്തകളിലും വ്യാപരിച്ചു കൊണ്ടിരിക്കുന്ന വൈജ്ഞാനിക ജനത എന്ന നിലയ്ക്ക്, എംബരിക്കലി പ്രൂവ്ഡും വാലിഡുമായ ‘മരണം’ എന്ന വസ്തുത ഏതളവിലാണ് മോഡേൺ അക്കാഡമിയയിൽ ഇടംപിടിച്ചിട്ടുള്ളതെന്നത് പ്രശ്നവൽകരിച്ച് മനസ്സിലാക്കേണ്ടിയിരിക്കുന്നുവെന്ന് തോന്നുന്നു.

മരണം നിശ്ചിതവും പരമാർത്ഥ(absolute truth) വുമായ സോഷ്യൽഫാക്റ്റുകളിലൊന്നാണ്. മരണാനന്തരവിജ്ഞാനീയം(eschatology) എന്നതിലുപരി, മരണം എന്ന പ്രോസസ്സ് എന്താണ്. മരണം ഒരു തീരലാണ് എന്ന തീർപ്പിൽനിന്നാണ് നമ്മുടെ മരണസംബന്ധമായ പൊതുവൈജ്ഞാനികത രൂപപ്പെട്ടിട്ടുള്ളത്. ആത്മഹുതി(suicide), ജീവിതം എന്ന നിലനിൽപ്പിൻ്റെ(existence) പ്രതിവ്യവസ്ഥയായി/തീരലായി മാറുന്നത് അങ്ങനെയാണ്. മരണത്തിൻ്റെ സ്ഥല(Space) കാല(Time) ബോധമില്ലായ്മ/ അനിശ്ചിതത്വം ആണ് അതിനെ ഒരേസമയം പ്രസക്തവും വില്ലനുമാക്കുന്നത്. ജീവിതത്തിനും മരണബോധ്യത്തിനുമിടയിൽ ദൈർഘ്യമേറിയ ഒരു സ്പെയ്സുള്ളത് പോലെ അവയെപ്പറ്റിയുള്ള പഠനങ്ങളിലും ഈ വിടവ് ദൃശ്യമാണ്.

കാലത്തിന് നെറുകെയോ പിറകെയോ ആയിട്ടല്ല, സമാന്തരമായ ടൈമിലും അദൃശ്യമായ സ്പെയ്സിലുമാണത് സംഭവിക്കുന്നത്. അത്കൊണ്ട് തന്നെ ഉഛാസനിശ്വാസങ്ങളുടെ ജനിമൃതികൾക്കിടയിലെ ദൈർഘ്യമേറിയ നിശ്ചലാവസ്ഥ മാത്രമായി മരണ യാഥാർത്ഥ്യത്തെ മനസ്സിലാക്കാനൊക്കില്ല. മനുഷ്യാവസ്ഥയുടെ പൊതുഘടന(Structure) എന്ന നിലയിൽ അതുണ്ടാക്കുന്ന പ്രതിപ്രവർത്തനങ്ങൾ(Functions) വ്യത്യസ്തവും അതിവിപുലവുമാണ്. ഒരു മരണം ഒരുപാട് കാണികളുടെ ഓർമ്മ, ബോധ്യം, ജീവൽക്രമം, സ്വത്വം-സത്ത തുടങ്ങിയ ഒട്ടനവധി മനുഷ്യാവസ്ഥകളെ പുന:നിശ്ചയിക്കുകയോ മുന്നോട്ടോ പിന്നോട്ടോ ആഞ്ഞുവലിക്കുകയോ മുൻഗണനാക്രമങ്ങൾ നിശ്ചയിക്കുകയോ ചെയ്യുന്നുണ്ട്. അഥവാ ഒരു മരണത്തിന് ഒരുപാട് പേരുടെ ഇൻഡിവിജ്യാലിറ്റിയിലേക്ക് കയറിച്ചെല്ലാനും അവരുടെ സമയം(time), സ്ഥലം(space), അവബോധം(conciousness) എന്നിവ ആവശ്യപ്പെടാനോ നിശ്ചയിക്കാനോ പുന:സംഘടിപ്പിക്കാനോ സാധ്യമാണ്.

എംബരിക്കൽ ജ്ഞാന നിർമ്മിതിയും മരണത്തിൻ്റെ പൊസിഷനും

ശരീരം/ആത്മാവ് അല്ലെങ്കിൽ ദേഹം/ദേഹി എന്നീ പരികൽപ്പനകൾക്കപ്പുറത്തേക്ക് വികസിക്കാനൊക്കാത്ത, ഖനീഭവിച്ച പഠനങ്ങൾക്കിടയിൽ നിന്നാണ് നമുക്ക് മരണത്തെ വായിക്കാനും അറിയാനുമുള്ളത്. അതിസങ്കീർണ്ണമായ മാനുഷശാസ്ത്രങ്ങൾ ദേഹ(Body) പരമോ ശരീരത്തിൻ്റെ ഫ്രെയിമിനകത്ത് മാത്രം സാധ്യമാകുന്ന ആത്മാവസ്ഥാപരമോ മാത്രമായാണ് ജ്ഞാനനിർമ്മിതി നടത്തപ്പെട്ടിപ്പെട്ടിട്ടുള്ളത്.
ശരീരങ്ങളിൽ മാത്രം അടിഞ്ഞുകൂടുന്ന, ഇറുകിയതും അപൂർണ്ണവുമായ പാശ്ചാത്യ വൈജ്ഞാനിക പാരമ്പര്യം തങ്ങളുടേതല്ലാത്ത എല്ലാ വിജ്ഞാനീയങ്ങളുടെയും മേൽ അധീശത്വം നേടി പുന:സംഘടിപ്പിക്കുകയോ പൂർണ്ണമായ തങ്ങളുടെ അധികാര വൃത്തത്തിൽ കൊണ്ടുവരികയോ ചെയ്യുന്നത് കാണാമെന്ന് എഡ്വാഡ് സെയ്ദ് ഓറിയൻ്റലിസത്തിൽ നിരീക്ഷിക്കുന്നുണ്ട്.

മിഷേൽ ഫൂക്കോ(Micheal Fauccult) യുടെ വ്യവഹാര(Discourse)ത്തിൻ്റെ അടിസ്ഥാനത്തിൽ വായിക്കുമ്പോൾ എൻലൈറ്റ്മെൻ്റാനന്തരം യൂറോ ഇൻ്റലക്ചൽ കൾച്ചർ അതീവശ്രദ്ധയോടെ, സമ്പൂർണ്ണശിക്ഷണ ബോധത്തോടെ പൗരസ്ത്യതയെക്കുറിച്ച് രൂപംകൊടുത്ത ഒരു ഭാഷണ(Speech)മുണ്ടെന്ന് കാണാനാവും. യൂറോപ്യൻ പ്രബുദ്ധതാ പ്രസ്ഥാനവും ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ കൊളോണിയൽ പ്രസ്ഥാനങ്ങളും സൃഷ്ടിച്ച പ്രത്യേക പരിതസ്ഥിതിയിൽ ജനിച്ച ഒട്ടേറെ രചനകളുണ്ട്. പ്രണയകവിത മുതൽ രാഷ്ട്രീയ-സാമ്പത്തിക വ്യവഹാരം വരെയുള്ള വിപുലമായ മേഖലകളെ സ്പർശിക്കുന്ന ഈ രചനാ (text) പാരമ്പര്യമാണ് ആ ഭാഷണത്തിൻ്റെ ആധാരം. മരണവും മരണാനന്തരവും പ്രമേയമാവുന്ന ഒട്ടനവധി വൈജ്ഞാനിക പാരമ്പര്യം നിലവിലുണ്ടെങ്കിലും, അവ വെസ്റ്റിൽ അവരുടെ വേർഷനായി അവതരിക്കുകയോ മറ്റുള്ളവരുടേതായി പ്രമോഷണലി റെപ്രസൻ്റ് ചെയ്യപ്പെടുകയോ ഉണ്ടായില്ല/ ഉണ്ടാവുന്നില്ല എന്നതാണ് ഇത്തരം സെമിറ്റിക്ക് ഈസ്റ്ററിവനുഭവങ്ങൾക്ക് സംഭവിക്കുന്നത്. ‘They can’t represent themselves, they must be represented ‘ എന്ന കാൾ മാർക്സിൻ്റെ ഉദ്ധാരണം, അദ്ദേഹത്തിൻ്റെ മാത്രമായല്ല; ഈസ്റ്റിനെക്കുറിച്ചുള്ള വെസ്റ്റിൻ്റെ ജ്ഞാന ബോധങ്ങളുടെ പൊതുമാപ്പിനിയായാണ് കാണേണ്ടത്.

മരണവും കലാരൂപകങ്ങളും

എൻലൈറ്റ്മെൻറ് വരെയുള്ള അറബ്-ഗ്രീക്ക് സാഹിതീയ സൃഷ്ടികളിൽ/കലാവബോധങ്ങളിൽ മരണം അനന്തതയുടെ പ്രകാശനമായാണ് വ്യാപരിച്ചിരുന്നത്. ജീവിതം എന്ന ഭൗമപരമായ പരിമിതയാഥാർത്ഥ്യത്തിൻ്റെ സങ്കീർണ്ണതകളിൽ നിന്ന് വഴുതിമാറി പ്രാണേതാവ്/പ്രണയിനി/കവി/ കഥാകാരൻ മരണത്തിലൂടെ സാധ്യമാകുന്ന അനന്ത യാഥാർത്ഥ്യത്തെ പ്രതി സംഭാഷണത്തിലേർപ്പെടുന്നത് കാണാം. അഥവാ മരണത്തിനും നമ്മളെ പിരിക്കാനാവില്ല, എന്ന് പറയുമ്പോൾ മരണം ഇതിനേക്കാൾ വലിയ യാഥാർത്ഥ്യമല്ലേ- നമ്മുടെ സമൃദ്ധമായ പ്രണയം മരണാനന്തരം അതീവ ശക്തിയോടെ തുടരുക തന്നെ ചെയ്യും എന്നാണതിൻ്റെ സാരം. എന്നാൽ പുതിയ യാഥാർത്ഥ്യങ്ങൾ പ്രതീക്ഷകളസ്തമിക്കുന്ന അന്ത്യത്തിൻ്റെ പ്രതീകമായാണ് മരണത്തെ ഏറെയും പ്രതീകവത്കരിച്ചിട്ടുള്ളത്. നീ മരിച്ചാൽ ഞാനും മരിക്കും/മരണത്തിന് പോലും നമ്മളെ വേർപിരിക്കാനാവില്ല- എന്ന വാക്ഘടനയുടെ സാരം നീ തീരുമ്പോൾ ഞാനും തീരും, അത് നമ്മളെ വേർപ്പെടുത്തും എന്നാണ്. മരണം വേർപ്പെട്ടവസാനിക്കുന്ന ഏർപ്പാടാണ് എന്ന ബോധ്യമാണതിൻ്റെ മർമ്മം. നോവൽ-സിനിമാ യിൽ തുടങ്ങി ആർട്-ഈസ്തറ്റിക്സിൻ്റെ ഇടങ്ങളിലെല്ലാം മരണം കറുത്ത് കരുവാളിച്ച ജീവിതത്തിൻ്റെ അപര യാഥാർത്ഥ്യമായി മാറുന്നത് അങ്ങനെയാണ്.

മരണത്തെ ജീവിതത്തിൻ്റെ അയുക്തിക അന്ത്യമായോ വില്ലൻ പരിവേഷമുള്ള അപരമായ ഒന്നായോ സങ്കൽപ്പിക്കുന്നത് തീർത്തും യാഥാർത്ഥ്യത്തിൽ നിന്നുള്ള പുറംതിരിയലാണ്. മരണം അപരസങ്കൽപ്പമായല്ല; ആസന്നഭാവിയിലെ അതി യാഥാർത്ഥ്യങ്ങളിലൊന്നായി നിരീക്ഷിക്കപ്പെടേണ്ടതുണ്ട്.

ഇസ്ലാമിക് തിയോളജിയിലെ മരണവും ഇഹ്സാനിൻ്റെ തലങ്ങളും

മരണം, പ്രധാന ചർച്ചയാവുന്ന ഈസ്റ്റേൺ തിയോളജിക്കൽ സ്കൂളുകളിലും അക്കാഡമിയകളിലും അതൊരു തീരലാണെന്ന തീർപ്പ് കാണാനാവില്ല. ഇസ്ലാമിലെ ഘടനാപരമായ ജ്ഞാനരൂപ(epistemology)ങ്ങളിൽ മരണം, ജീവിതം എന്നീ ദ്വന്ദങ്ങൾ കാണാമെങ്കിലും സത്താപരമായ വിജ്ഞാനീയ(ontology)ങ്ങളിൽ മരണം, ജീവിതം എന്ന ആശയത്തിൻ്റെ പൂർണ്ണതയോ വിശാലമായ മറ്റൊരു ജീവിതത്തിൻ്റെ തുടക്കമോ, വിപുലവും അർത്ഥപൂർണ്ണവുമായ നീട്ടിവെക്കലോ ആണ്.

സൃഷ്ടി(Creation)കളെ മറന്ന് സ്രഷ്ടാവി(Creator)ൽ മുഴുകിയവരുടെയും സ്രഷ്ടാവിനെ മറന്ന് സൃഷ്ടികളിൽ മുഴുകിയവരുടെയും മരണ-മരണാനന്തര ബോധ്യങ്ങൾ വ്യത്യസ്തമാനങ്ങളുള്ളതും വിപരീതാർത്ഥങ്ങളെ സാധൂകരിക്കുന്നതുമായിരിക്കും. ഒന്ന് സ്നേഹത്തിലും മറ്റൊന്ന് ഭയത്തിലുമാണ് കേന്ദ്രീകരിക്കുന്നത്. മരണം ഒരു തീരലാണ് അല്ലെങ്കിൽ മരണപര്യന്തം തൻ്റെ സ്ഥാനം എവിടെയായിരിക്കും എന്നീ രണ്ടു തരത്തിലുള്ള ആലോചനകളിലും മരണഭയമാണ് മുന്നോട്ടുവരുന്നത്. എന്നാൽ ഒന്നാമത്തേതിൻ്റെ വിപരീതവും രണ്ടാമത്തേതിൻ്റെ വിപുലീകരണവും പൂർത്തീകരണവുയാണ് ഇസ്ലാമിലെ ഇഹ്സാനിൻ്റെ തലം മരണ- മരണാനന്തര വ്യവഹാരങ്ങളിൽ നിൽപ്പുറപ്പിക്കുന്നത്. മരണം തുറക്കുന്ന വിശാല സാധ്യതാപ്രപഞ്ചത്തിലുള്ള ബോധ്യത്തിലൂന്നിയ അഭിനിവേശമാണത്. സൃഷ്ടിയിൽ ആസക്തിയറ്റ് സൃഷ്ടിപരതയിലൂടെ സ്രഷ്ടാവിലേക്കുള്ള പ്രവേശം. കല ആസ്വദിച്ചും അനുഭവിച്ചും കലാകാരനോട് കാഴ്ചക്കാരനുണ്ടാവുന്ന സ്നേഹപ്പെരുക്കമായതിനെ മനസ്സിലാക്കാനാവും. ഇഹ്സാനിൻ്റെ തലങ്ങളിൽ അടിമയ്ക്ക് ഉടമയിലേക്കുള്ള ദൂരം/പ്രതിബന്ധം മരണം മാത്രമാണ്. അടിമ-ഉടമ ബന്ധത്തിൻ്റെ മണ്ഡലം സ്നേഹപരമോ ഭയപരമോ എന്ന ചോദ്യത്തിൻ്റെ ബോധ്യമണ്ഡലമാണ് ഈ ചർച്ചയുടെ ആണിക്കല്ലായി കണക്കാക്കുന്നത്.

ഇബ്നുൽ അറബി തങ്ങളെ കേന്ദ്രീരിച്ചുകൊണ്ട് രചിക്കപ്പെട്ട Sufi Narratives of Intimacy: Ibn ‘Arabī, Gender, and Sexuality എന്ന ഗ്രന്ഥത്തിൽ സാദിയ ശൈഖ് (Sa’diyya Shaikh) ചില നിരീക്ഷണങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്. മനസ്സ് അല്ലെങ്കിൽ ശരീരം എന്ന രീതിയിലല്ല; മറിച്ച് ജിസ്മ്, റൂഹ്, ഖൽബ്, നഫ്സ് എന്നിങ്ങനെ നാലു രീതിയിലാണ് ഇസ്ലാം സ്വത്വത്തെ സങ്കൽപ്പിക്കുന്നത്. മനസ്സ്, ശരീരം പോലെ ഒന്ന് മറ്റൊന്നിൽ വേറിട്ട് അല്ലെങ്കിൽ ഒന്ന് മറ്റൊന്നിൽ ആധിപത്യം നിലനിർത്തുന്ന ഒരു സങ്കൽപ്പമല്ല ഇത്. ഇവ സാമൂഹ്യ ആത്മീയ ലോകങ്ങളിലൂന്നിയ അവസ്ഥകളോ അവയുടെ മണ്ഡലങ്ങളോ ആണ്. ആൻമേരി ഷിമ്മലി(Annemarie Schimmel) ന്റെ ‘My Soul is a Woman: The Feminine in Islam’ എന്ന കൃതിയും ഈ മേഖലയിൽ ശരീരബന്ധിത/ജഡത്വ ജ്ഞാനാവബോധങ്ങളെ അട്ടിമറിക്കുന്നതാണ്.

ഓരോ വ്യക്തിയുടെയും ബാഹ്യകർമ്മങ്ങൾ കാണുന്ന മേഖലയാണ് ജിസ്മ്(ശരീരം). ഇസ്ലാമിക നിയമ വ്യവഹാരങ്ങളുടെ ബാഹ്യലോകവും ഫിഖ്ഹുമാണ് ഈ മേഖലയിലുള്ളത്. ആ കർമ്മങ്ങൾ വിശ്വാസമായി പ്രവർത്തിക്കുന്ന മേഖലയാണ് അയാളുടെ ഖൽബ്(ഹൃദയം). ഈ ഹൃദയം ശാരീരികമായ അർത്ഥത്തിൽ ഉദ്ദേശിക്കുന്ന ഒന്നല്ല. ഈ മേഖലയിലാണ് വ്യക്തിയുടെ ബൗദ്ധിക പ്രവർത്തനങ്ങളും മാനസികവ്യാപാരങ്ങളും നടക്കുന്നത്. ഇമാനിൻ്റെ പ്രഭവമായ ഇൽമുൽഅഖീദയുടെ മേഖലയാണിത്. എന്നാൽ സ്രഷ്ടാവിനെ കാണുംപോലെ അവന് സമർപ്പിച്ച് ജീവിക്കുമ്പോൾ ആ മേഖലയാണ് നഫ്സിൻ്റെയും റൂഹിൻ്റെയും മേഖല, ഇൽമുൽ ഇഹ്സാനിൻ്റെയും തസവ്വുഫിൻ്റെയും. എന്നാൽ ആത്മാവ് (റൂഹ്) ഇസ്ലാമിക ജ്ഞാനശാസ്ത്ര പ്രകാരം ജിസ്മ്, നഫ്സ്, ഖൽബ് എന്നിവയുടെ സൃഷ്ടിപ്പിന് മുൻപേ ഉള്ളതാണ്. അത്കൊണ്ട് തന്നെ റൂഹിൻ്റെ മണ്ഡലത്തിലാണ് ഇസ്‌ലാം ആത്മാർത്ഥത, നീതി, സമത്വം, വിജയ-പരാജയം തുടങ്ങി ക്വാളിറ്റേറ്റീവായ എല്ലാത്തിൻ്റെയും അടിസ്ഥാനം നിശ്ചയിക്കുന്നത്. ഖൽബാണതിൻ്റെ താഴും താക്കോലും. ജഡത്വമുള്ള(Objectiveness) എംബരിക്കൽ ബോധ്യങ്ങളോടുള്ളതിനെക്കാൾ വിശ്വാസിക്ക് കടപ്പാട് ആത്മജ്ഞാനങ്ങളോടായി മാറുന്നത് അങ്ങനെയാണ്.

മരണം സംഭവിക്കുന്നത് ശരീര(ജിസ്മ്) ത്തിലാണ്. മനുഷ്യ വ്യവഹാരങ്ങളുടെ അളവുകോലും ആകെത്തുകയുമായ റൂഹിൻ്റെ മണ്ഡലത്തിൽ മരണം സംഭവിക്കുന്നില്ല. ശരീരത്തിൻ്റെ ബന്ധനങ്ങളിൽ നിന്ന് വേർപ്പെടുമ്പോഴാണ് മനുഷ്യൻ സത്താപരമായ പുന:രോർമ്മ(അലസ്തു ബി റബ്ബികും, ഖാലൂ ബലാ)കളിലും ആത്മാവിൻ്റെ യാഥാർത്ഥ്യങ്ങളിലും എത്തിപ്പെടുന്നത്. റൂഹിയ്യായ കാലക്രമത്തിനകത്ത്, ഭൂമിയിലെ മനുഷ്യാവസ്ഥയിൽ വന്നുചേരുന്ന ഹ്രസ്വമായ കാലയളവിനെ മാത്രം മുൻനിർത്തി ജീവിതത്തെ മനസ്സിലാക്കുന്നത് നിരർത്ഥകവും അപൂർണ്ണവുമാണ്. എന്നാലത് നിർണ്ണായകവുമാണ്.

മാനുഷിക താൽപ്പര്യങ്ങളിൽ ഏതിൻ്റെ കൂടെനിൽക്കണമെന്ന ആത്മ/ശരീര സംഘർഷം മനുഷ്യാവസ്ഥയിലെ ഓരോ ഘട്ടങ്ങളിലും നടന്നുകൊണ്ടേയിരിക്കുന്നുണ്ട്. ഇവിടെ ശരീര താൽപ്പര്യ(ഹവാന്നഫ്സ്)ങ്ങളെ മറികടക്കാനുള്ള അറിവും കഴിവുമാർജ്ജിക്കുകയെന്നത് ഏറെ ശ്രമകരമായ ദൗത്യമാണെന്ന് ഇമാം അശ്ശാഫിഈ റഹിമഹുള്ള ഓർമ്മപ്പെടുത്തുന്നുണ്ട്. യുദ്ധം കഴിഞ്ഞ് വിജയശ്രീലാളിതരായി മടങ്ങിവരുന്ന തൻ്റെ അനുയായികളോട്, ആത്മപക്ഷത്ത് നിന്നുകൊണ്ട് സ്വശരീരത്തോട് യുദ്ധത്തിലേർപ്പെടുകയെന്നത് ഇതിനേക്കാൾ പ്രയാസകരമാണെന്ന് ഓർമ്മിപ്പിക്കുന്ന പ്രവാചകരെ ചരിത്രത്തിൽ കാണാനാവും.

ആത്മാവ് അതിൻ്റെ പുറംതോടിനോടും ശരീരം അകക്കാമ്പിനോടും നടത്തിക്കൊണ്ടേയിരിക്കുന്ന സംഘർഷങ്ങളുടെ നൈരന്തര്യമാണ് ജീവിവർഗ്ഗത്തിനുള്ളിൽ മനുഷ്യന് സവിശേഷമായ മനുഷ്യാവസ്ഥ നേടിത്തരുന്നത്.
മനുഷ്യാവസ്ഥയിൽ നിന്ന് റൂഹിയ്യായ ഭാവങ്ങൾകൂടിയുള്ള ആദിമരൂപത്തിലേക്കുള്ള ഔദ്യോഗികമായ തിരിച്ചുപോക്കാണ് മരണം ആവശ്യപ്പെടുന്നതും സാധ്യമാക്കുന്നതും

മരണവും ട്രാൻസ് ഈസ്തറ്റിക്സും

മനുഷ്യജീവിതത്തിനകത്ത് ആത്മാനന്ദത്തിൻ്റെ/പരമാനന്ദത്തിൻ്റെ ട്രാൻസ(trance)വസ്ഥകൾ പലപ്പോഴായി വന്നും പോയും കൊണ്ടിരിക്കുന്നുണ്ട്. ദൈവികമായ സാന്നിധ്യത്തിൽ സ്വയം മറന്ന് ദൈവികവിലയത്തിൻ്റെ മൂർച്ചയിലെത്തുന്ന (ജദ്ബ്) സൂഫിവര്യന്മാരുടെ/ജ്ഞാനതപസ്സികളുടെ അവസ്ഥാന്തരങ്ങളിൽ പിറവിയെടുക്കുന്നത് ട്രാൻസ് ഈസ്തറ്റിക്സിൻ്റെ മൊമൻ്റങ്ങളാണ്. എംബരിക്കൽ ജ്ഞാനാവബോധങ്ങളിൽ ട്രാൻസ്(trance) അവസ്ഥയെ നിശ്ചയിക്കുമ്പോൾ, മയക്കുമരുന്ന്, മാനസിക അസ്ഥിരത/ഭ്രാന്തം തുടങ്ങിയ അവസ്ഥകളിൽ മാത്രമാണ് അതീന്ദ്രിയത/അതിഭൗതികത സാധ്യമാവുക എന്ന രീതിയിലുള്ള പരിചിതമല്ലാത്തവ ഇല്ല എന്ന തീർപ്പിലെത്തിച്ചേരുന്നത് അതീവ കഷ്ടമാണ്. ആത്മ-ശരീര ദ്വന്ദങ്ങളുടെ പിടിവലിയിൽ ആത്മപക്ഷം വിജയിക്കുന്ന ഇടങ്ങളിലെല്ലാം ഒരു ട്രാൻസ് മനുഷ്യാവസ്ഥ സാധ്യമാണ്. മരണം ട്രാൻസിലേക്കുള്ള മനുഷ്യൻ്റെ ഔദ്യോഗിക പ്രവേശമായി കാണാവുന്നതാണ്.

കോസ് ആൻ്റ് ഇഫക്ടും മരണവും

മരണകാരണത്തെക്കാൾ വളരെ ആക്സിഡൻ്റലാണ് മരണം. പക്ഷെ മരണത്തെക്കാൾ മരണകാരണത്തെ ഭയക്കുന്നവരാണ് പലരും. ആ കാരണം(Cause) ഉണ്ടായാൽ മരണം(effect) ഉറപ്പാണെന്ന ബോധ്യമാണ് ഇവിടെ സംഭവിക്കുന്നത്. എല്ലാ കാര്യങ്ങളിലുമെന്നപോലെ മരണത്തിലേക്കും നയിക്കുന്ന സാധാരണമോ(Natural) ആകസ്മികമോ ആയ പലതരം ഘടകങ്ങളുണ്ട്. എന്നാൽ പരമകാരണം(Absolute reason) ദൈവികമായ നിശ്ചയമാണെന്നാണ് ഇസ്ലാമിക വീക്ഷണം. കാര്യത്തിൻ്റെ സ്രഷ്ടാവ് കാരണമാണെന്ന ബോധ്യത്തെയാണത് തള്ളിക്കളയുന്നത്. ആക്സിഡൻ്റ്/കാൻസർ കാരണത്താൽ ഒരാൾ മരണമടയമ്പോൾ -അവ മരണത്തിലേക്ക് നയിക്കുന്ന പ്രകടമായ കാരണങ്ങളായിരിക്കെത്തന്നെ- ഇത്രയും വാഹന യാത്രികർക്കിടയിൽ അയാൾക്ക് മാത്രം എന്ത്കൊണ്ട് ബാലൻസ് നഷ്ടപ്പെട്ടു/അയാളുടെ വേഗം മാത്രം പ്രശ്നമായി, അല്ലെങ്കിൽ ഇത്രയും പേർക്കിടയിൽ അയാൾക്ക് മാത്രമെങ്ങനെ കാൻസർ വന്നു.. തുടങ്ങിയ ആലോചനകൾ ഏറെ പ്രസക്തമാണ്. മരണം എന്ന കാര്യത്തിലേക്ക് നയിച്ച ബാഹ്യകാരണത്തിലേക്ക് മനുഷ്യനെ കൊണ്ടെത്തിക്കുന്ന പരമകാരണം, അനിശ്ചിതത്വമുള്ള ദൈവിക നിശ്ചയമാണ്. കോസ് ആൻ്റ് ഇഫക്ടിനെ പരിഗണിക്കുകയാണെങ്കിൽ തന്നെ അത്തരം കാരണങ്ങളെ നിശ്ചയിക്കുന്നതും ദൈവമാണെന്ന ഇമാം ഗസ്സാലി തങ്ങളുടെ വ്യാഖ്യാനത്തിൻ്റെ താൽപ്പര്യം ഈ പരമകാരണത്തിലൂന്നിയുള്ളതാണ്.

‘അൽ മുൻഖിദു മിനള്ളലാൽ’ എന്ന ഗ്രന്ഥത്തിൽ ഇമാം ഗസ്സാലി തങ്ങൾ ഉറക്കവും സ്വപ്നവും മുൻനിർത്തി മരണത്തെക്കുറിച്ചുള്ള ചില ആലോചനകൾ പങ്കുവെയ്ക്കുന്നത് കാണാം. ഉറക്കത്തിൽ നിന്ന് ഉണരുന്നത് വരെ സ്വപ്നം ഒരു പരമ യാഥാർത്ഥ്യമായിത്തന്നെയാണ് നമ്മളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. സെൻസറി ഓർഗൻസുകളെല്ലാം അതേപടി നിലനിൽക്കുമ്പോഴും സ്വപ്നം യാഥാർത്ഥ്യമായി മനുഷ്യനിൽ പ്രോസസിങ് സാധ്യമാക്കുന്നതെങ്ങനെയെന്നും സെൻസറി ഓർഗൻസിൻ്റെ പച്ചയായ കബളിപ്പിക്കലിൻ്റെ തോതുമാണ് ഗസ്സാലി തങ്ങൾ മുൻനിർത്തുന്നത്. സ്വപ്ന യാഥാർത്ഥ്യത്തെ പോലെ, മരണം എന്ന ഉണർവ്വോടെ നിരർത്ഥകമോ വ്യർഥമോ ആയി തോന്നാവുന്ന ഒന്നായിരിക്കാം ജീവിതമെന്നും അദ്ദേഹം അനുമാനിക്കുന്നുണ്ട്. കണ്ണിൻ്റെ/ജഡത്വമുള്ള ശരീരത്തിൻ്റെ അടക്കപ്പെടലിലൂടെ തുറക്കപ്പെടുന്ന മനുഷ്യസത്തയിലെ അനുഭവവേദ്യമായ ആദ്യ ബിന്ദുവിനെയാണ് മരണം റെപ്രസൻ്റ് ചെയ്യുന്നത്. ഖുർആൻ ഓർമപ്പെടുത്തുന്ന ഐനുൽയഖീനും ഇൽമുൽയഖീനും(ബോധ്യത്തിൻ്റെ കാഴ്ചയും അറിവും) നിലവിലുള്ള അറിവിൻ്റെയും കാഴ്ചയുടെയും അന്ധതാ സാധ്യതകളെ ഓർമ്മപ്പെടുത്തുന്നുണ്ട്. ഇതുവരെ എസ്കറ്റോളജിക്കൽ ജ്ഞാനസ്വരൂപങ്ങളെ അറിയുകയോ പരിചയിക്കുകയോ ചെയ്തിട്ടില്ലാത്തവർ വരെ, മരണത്തിൻ്റെ പ്രോസസിങിൻ്റെ നിമിഷാർദ്ധം കൊണ്ട് ആ ബോധ്യത്തിലേക്കെത്തുമെന്നും ഖുർആൻ ഓർമ്മപ്പെടുത്തുന്നു. അഥവാ ഭൂമിയിലെ ജഡത്വമുള്ള അറിവിനെ കീഴ്മേൽ മറിക്കാൻ ഐനുൽയഖീനിൻ്റെ/ഇൽമുൽയഖീനിൻ്റെ നാനോനിമിഷങ്ങൾ മതിയാകുമെന്ന് സാരം.

 

മുമാസ് നസീഫ്‌

മുമാസ് നസീഫ്

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.