യൂജിന്‍ താക്കര്‍ അദ്ദേഹത്തിന്റെ ‘In the dust of this Planet’ എന്ന കൃതി ആരംഭിക്കുന്നത് ഇപ്രകാരമാണ് ‘നാം ജീവിക്കുന്ന ലോകം പലപ്പോഴും അചിന്തനീയവും അതിവിചിത്രവുമായി രൂപാന്തരപ്പെടാറുണ്ട്. പ്രകൃതി ദുരന്തങ്ങളും, മഹാമാരികളും കാലാവസ്ഥാ വ്യതിയാനവും ജീവി വര്‍ഗങ്ങളുടെ വംശനാശ ഭീഷണിയും തുടങ്ങി പല തരം പ്രതിഭാസങ്ങള്‍ ഈ ഭാവ മാറ്റത്തെ നിരന്തരം അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്നു. നമ്മുടെ ദൈനം ദിന ജീവിതത്തിന്റെ ആവശ്യങ്ങളോടും ആഗ്രഹങ്ങളോടും സംവദിക്കുന്ന നമുക്ക് ചിരപരിചിതമായ ഈ ലോകത്തിന് തീര്‍ത്തും ദുര്‍ഗ്രാഹ്യമായ പലപ്പോഴും അപരിചിതമായ ഭാവഹാവാദികളോടെ പ്രത്യേക്ഷപ്പെടുന്ന ഒരു മറുവശം കൂടിയുണ്ടെന്നതാണ് യാഥാര്‍ഥ്യം. ഈ യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കുന്നത്, ലോകത്തെ യഥാവിധി ഗ്രഹിക്കാനുള്ള മനുഷ്യ ബുദ്ധിയുടെ പരിമി തിയെയാണ് കുറിക്കുന്നത്.
നിലവില്‍, മുതലാളിത്തവും നവോത്ഥാന കാലം ഉത്പാദിപ്പിച്ചെടുത്ത ആന്തോപൊസീന്‍ (മനുഷ്യാസ്തിത്വത്തെ പ്രപഞ്ചത്തിന്റെ കേന്ദ്രമായി കരുതുന്ന ചിന്താഗതി) വ്യവഹാരങ്ങളും സൃഷ്ടിച്ചെടുത്ത ഭയാനകമായ ദുരന്തത്തിന് സാക്ഷിയായിക്കൊണ്ടിരിക്കുന്ന ലോകത്തെ മനസിലാക്കാനുള്ള നമ്മുടെ പരിമിതിയെയാണ് ‘ഭയം’ എന്ന വാക്കുകൊണ്ട് താക്കര്‍ സൂചിപ്പിക്കുന്നത്. സ്വാഭാവികമായ പേടി (Fear) എന്നതിലുപരി ഭയം (Horror) എന്നത് ‘അജ്ഞാതമായതിനെക്കുറിച്ചുള്ള അസ്വാഭാവികമായ ചിന്ത’ എന്ന രീതിയിലാണ് ഇവിടെ വ്യവഹരിക്കപ്പെടുന്നത്. ഇത:പര്യന്തം ‘ജീവിത യാഥാര്‍ഥ്യങ്ങളെ’ മനുഷ്യ ബുദ്ധിക്കിണക്കിക്കൊണ്ടു വരാന്‍ നാമുപയോഗിച്ചിരുന്ന രാഷ്ട്രീയവും ധാര്‍മികവുമായ പ്രത്യയശാസ്ത്രങ്ങള്‍ നവലോക ക്രമത്തിന്റെ നിയന്ത്രണാതീതവും അപ്രവചനീയവുമായ രൂപമാറ്റത്തില്‍ ദയനീയമാം വിധം പണിമുടക്കിയിരിക്കുകയാണ്.
ഈയൊരര്‍ഥത്തില്‍ കോവിഡ് മഹാമാരി തീര്‍ത്തും ഭയാനകം തന്നെ. കാരണം, പ്രവചനാതീതമായൊന്നുമായി എതിരിടാനുള്ള മനുഷ്യന്റെ അപ്രാപ്യതയെ നേരാം വണ്ണം വെളിവാക്കുന്നതായി അത്. കൊറോണ വൈറസ്, അതിന്റെ നിയന്ത്രണാതീതമായ വ്യാപനം ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പ്രവചന സാധ്യത മാത്രമേ നമുക്ക് അനുവദിച്ചു തന്നിട്ടുള്ളൂ എന്നതാണ് വസ്തുത. മുതലാളിത്ത വ്യവസ്ഥയുടെ ഹിംസാത്മകമായ വശത്തെ ലോകത്തിനു മുന്നില്‍ തുറന്നു കാട്ടിയ വൈറസിന്റെ ഭയാനകത ബോധ്യപ്പെടുക, അത് സൃഷ്ടിക്കുന്ന രോഗത്തേക്കാളുപരി, ലോക ജനതയുടെ മാനസിക, രാഷ്ട്രീയ-സാമൂഹ്യ ഘടനയില്‍ വരാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചാലോചിക്കുകമ്പോഴാണ്.
ഫ്രാങ്കോ ബെറാര്‍ഡി നിരീക്ഷിക്കുന്ന പോലെ ‘വൈറസിന്റെ അജ്ഞാത സ്വഭാവവും അതിന്റെ അപ്രവചനീയതയും ലോക ജനതയില്‍ വികലമായ മാനസിക പ്രതികരണങ്ങളായിരിക്കും സ്വാഭാവികമായും ഉത്പാദിപ്പിക്കുക എന്നു വ്യക്തം.
2
ഭയാനകമായതിലേക്ക് (Horrific) നാം ശ്രദ്ധതിരിക്കുന്നു എന്നതിനേക്കാള്‍ അത് നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നു എന്നതാണ് ശരി. നിരന്തരം നമ്മുടെ ശ്രദ്ധയാകര്‍ഷിച്ച് ആത്മനിയന്ത്രണത്തിനു മേല്‍ അത് കടന്നാക്രമിക്കുന്നു. അദൃശ്യ ശത്രു, പ്രിയപ്പെട്ടവരുടെ മരണരംഗങ്ങള്‍, നിറഞ്ഞ് കവിയുന്ന ഐ.സി.യുകള്‍ വന്‍ സാമ്പത്തിക നഷ്ടങ്ങള്‍ തുടങ്ങി വിവിധ രൂപങ്ങളില്‍ വിവര വിനിമയ മാധ്യമങ്ങള്‍ നമുക്ക് മുമ്പിലെത്തിക്കുന്ന മഹാമാരിയുടെ ഭയാനകതകള്‍, നാം ജീവിച്ചു കൊണ്ടിരിക്കുന്ന അടിയന്തിര സാഹചര്യത്തിന്റെ പരോക്ഷമായ, ധാര്‍മികവും രാഷ്ട്രീയവുമായ അനന്തരഫലങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നതില്‍ നിന്ന് നമ്മെ തടയുന്നു. അതോടൊപ്പം, സ്വന്തം നിലനില്‍പ് (Barelife) ഏത് വിധേനയും സുരക്ഷിതമാക്കുക എന്നത് മാത്രം രോഗത്തിനോടുള്ള മനുഷ്യന്റെ പ്രതികരണങ്ങളില്‍ പ്രധാനമായി മാറുമ്പോള്‍ ചിന്തിച്ചിരിക്കുന്നതിന് പകരം, പ്രവര്‍ത്തനവും സിദ്ധാന്തങ്ങള്‍ക്കു പകരം ഉറപ്പുകളുമാണ് നിലവിലെ സാഹചര്യം ആവശ്യപ്പെടുന്നത് എന്ന പ്രതീതിയും സൃഷ്ടിക്കപ്പെടുന്നു.
പകര്‍ച്ച വ്യാധിയുടെ മാരകമായ വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി ഒരര്‍ഥത്തില്‍ സ്റ്റേറ്റുകള്‍ക്ക് പുത്തനുണര്‍വാണേകിയത്. ഉത്തരാധുനിക യുഗത്തില്‍, ബഹുരാഷ്ട്ര മുതലാളിത്തത്തിന്റെ അതിപ്രസരം ദേശരാഷ്ട്രങ്ങളെ അപ്രസക്തമാക്കിയെന്ന് വ്യാപകമായി കരുതപ്പെടുകയും, ചല നലാത്മകവും അദൃശ്യവുമായി പൗരന്റെ മേല്‍ അധികാര പ്രയോഗം നടത്തുന്ന ഹിംസാത്മക യന്ത്രം എന്ന രീതിയില്‍ വരെ അവ നിര്‍വചിക്കപ്പെടുകയും ചെയ്യുന്ന വ്യാവഹാരിക പശ്ചാത്തലത്തില്‍ സ്റ്റേറ്റുകള്‍ ‘രക്ഷകന്റെ’ രൂപത്തില്‍ രംഗം കയ്യടക്കുന്നതാണ് നിലവില്‍ കാണുന്നത്. തദ്ഫലമായി ലോകജനതയുടെ സുരക്ഷക്കാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും നിലവിലെ അടിയന്തരാവസ്ഥ പരിഗണിച്ച് പല മൗലികാവകാശങ്ങള്‍ക്കും കടിഞ്ഞാണിടേണ്ടി വരുമെന്നും, ഇതെല്ലാം മനുഷ്യ ജീവനുകള്‍ രക്ഷിക്കാനുള്ള യത്‌നങ്ങളില്‍ നാം നിര്‍വ്വഹിക്കേണ്ട കടമകളാണെന്നുമുള്ള രീതിയിലുള്ള സ്റ്റേറ്റ് നിര്‍മിത ആഖ്യാനങ്ങള്‍ക്ക് മേല്‍ക്കൊയ്മ ലഭിക്കുകയും ചെയ്യുന്നു.
എന്നാല്‍ മുതലാളിത്തത്തോടൊപ്പം സ്റ്റേറ്റുകളും കൂടിയാണ് നിലവിലെ ദുരിതാവസ്ഥക്ക് കളമൊരുക്കിയതെന്ന കാര്യം വിസ്മരിച്ച് പകര്‍ച്ചവ്യാധിയുടെ ഭയാനകതയൊരുക്കിയ പശ്ചാത്തലത്തില്‍ പകര്‍ന്നാടുന്ന ഭരകൂടങ്ങളുടെ ഭ്രമിപ്പിക്കുന്ന ആഖ്യാനങ്ങളില്‍ കണ്ണും മിഴിച്ചിരിപ്പാണ് ലോകജനത. അതുകാരണം, സര്‍വ്വ വ്യാപിയായ ഈ ഭ്രമാത്മകതയില്‍ സ്റ്റേറ്റിന്റെ നടപടികളെ വിമര്‍ശിക്കുകയും അത്തരം നടപടികളുത്പാദിപ്പിക്കുന്ന സങ്കീര്‍ണ്ണമായ ധാര്‍മിക പ്രശ്‌നങ്ങളെ ജനസമക്ഷം അവതരിപ്പിക്കുകയും ചെയ്യുന്നത് അവിവേകപൂര്‍ണ്ണമായ സമീപനമായി അഭിവീക്ഷിക്കപ്പെടാന്‍ തുടങ്ങിയെന്നാണ് ശരി. തുടര്‍ന്ന് ഒന്നുകില്‍ (ചീത്ത) വൈറസിനൊപ്പം അല്ലെങ്കില്‍ (നല്ല) സ്റ്റേറ്റിനൊപ്പം എന്ന രണ്ട് ബൈനറി ഓപ്ഷനുകള്‍ക്കിടയില്‍ അകപ്പെട്ടിരിക്കുകയാണ് നാം.
3
ഫെബ്രുവരി 26-ന് ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് പത്രമായ ഇല്‍മാനിഫെസ്‌റ്റോയില്‍ (il manifesto) വൈറസ് വ്യാപനത്തെത്തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണിനെ വിമര്‍ശിച്ച് കൊണ്ട് സുപ്രസിദ്ധ ഇറ്റാലിയന്‍ ചിന്തകന്‍ ജോര്‍ജിയോ അഗമ്പന്‍ ഒരു ചെറിയ കുറിപ്പെഴുതിയിരുന്നു. നാഷണല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ പഠനങ്ങള്‍ വെച്ചുകൊണ്ട് ഇത്രത്തോളം കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മാത്രം മാരകമല്ല, വൈറസിന്റെ സ്വഭാവമെന്നായിരുന്നു അദ്ദേഹം അതിലൂടെ വാദിച്ചത്. വൈറസിന്റെ സ്വഭാവം നിര്‍ണ്ണയിക്കുന്ന തിലും, രോഗത്തിന്റെ ഗൗരവത്തിനനു രൂപമായല്ല നിയന്ത്രണങ്ങള്‍ അടിച്ചേല്‍പിക്കപ്പെട്ട തെന്നു അഭിപ്രായപ്പെട്ടതിലും അദ്ദേഹത്തിന് തെറ്റുപറ്റിയെന്നു ശരി തന്നെ. ഇതംഗീകരിച്ചുകൊണ്ട്, തുടര്‍ന്നെഴുതിയ നാലു കുറിപ്പുകളില്‍, തന്റെ അടിസ്ഥാനവാദ മുഖങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ മേൽ ല്‍പറഞ്ഞ വാദങ്ങളെല്ലാം അദ്ദേഹം പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ ഇവയിലൂടെയെല്ലാം പ്രധാനമായും അഗമ്പന്‍ മുന്നോട്ടുവച്ച ആശങ്കകള്‍ നിലവിലെ സാഹചര്യത്തെ മാത്രമല്ല, ഭാവിയില്‍ വരാനിരിക്കാനിടയുള്ള തിനെയും സംബന്ധിച്ചായിരുന്നു. യുദ്ധങ്ങള്‍ സമാധാന സംരക്ഷണത്തിനു വേണ്ടി ഹിംസാത്മകമായ ടെക്‌നോളജികള്‍ ലോകത്തിന് ബാക്കിവെച്ചതു പോലെ, നിലവിലെ അടിയന്തരാവസ്ഥക്കു ശേഷം ഭരണ കൂടങ്ങള്‍ സമാനമായ പരീക്ഷണങ്ങള്‍ അധികാര സംരക്ഷണത്തിനായി ഉപയോഗിക്കാനുള്ള സാധ്യതയെ അവഗണിച്ചു കൂടെന്നാണ് അഗമ്പന്‍ അഭിപ്രായപ്പെട്ടത്. മനുഷ്യര്‍ തമ്മിലെ ആശയ കൈമാറ്റങ്ങള്‍ ഡിജിറ്റല്‍ സന്ദേശങ്ങളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അപ്രത്യക്ഷമാവുകയും ബൗദ്ധിക വ്യവഹാരങ്ങള്‍ക്ക് കടിഞ്ഞാണിടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തെ പ്രതീക്ഷാപൂര്‍വ്വമാണ് ഭരണകൂടങ്ങള്‍ നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞുവെച്ചു. പ്രതീക്ഷിച്ച പോലെ , സമൂഹ മാധ്യമങ്ങളില്‍, അഗമ്പനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നു. അഗമ്പന്റേത് തട്ടിക്കൂട്ടിയ ചിന്താഗതികളാണെന്നും യാഥാര്‍ഥ്യ ബോധമില്ലാത്ത വാദമുഖങ്ങളുമാണ് അദ്ദേഹം നിരത്തുന്നതെന്നും ചിലര്‍ ആരോപിച്ചപ്പോള്‍ മറ്റുചിലര്‍, അദ്ദേഹത്തെ ട്രംപിന്റെയും ബൊല്‍സൊനാരൊയുടെയും തീവ്ര-വലതുപക്ഷ കള്ളിയിലേക്ക് തള്ളിവിടാനും ശ്രമിച്ചു.
ചുരുക്കിപ്പറഞ്ഞാല്‍, രോഗ വ്യാപനത്തെ സംബന്ധിച്ച് അഗമ്പന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ബാലിശവും കൃത്യമായൊരു ശാസ്ത്രീയ അടിത്തറ ഇല്ലാത്തതുമായതിനാല്‍ അവ തള്ളപ്പെടേണ്ടതു തന്നെയായിരുന്നു . എന്നാല്‍, അഗമ്പ നെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ അദ്ദേഹം ഉന്നയിച്ച അടിസ്ഥാനപരമായ ധാര്‍മികവും രാഷ്ട്രീയവുമായ ഉത്കണ്ഠകളെ തെല്ലും പരിഗണിച്ചില്ല എന്നതാണ് പ്രശ്‌നം. കാരണം, അവയെല്ലാം മഹാമാരി സൃഷ്ടിച്ച അഭൂതപൂര്‍വ്വ ഒരു ഭയ (Horror) ത്തില്‍ നിന്നായിരുന്നു ഉടലെടുത്തത് എന്നതു തന്നെ.
4
‘വിലക്കുകളുടെ ഒരു ജീവിതസാഹചര്യം’ അതാണ് അജ്ഞാതവും അപരിചിതവുമായ രോഗത്തെ നേരിടാനും അതിന്റെ സങ്കീര്‍ണ്ണമായ സ്വഭാവത്തെ അപഗ്രഥിച്ചെടുക്കാനും നിയമ വ്യവസ്ഥകള്‍ മുന്നോട്ടുവെക്കുന്ന ഏക പരിഹാര മാര്‍ഗം. അനിശ്ചിതത്വം ലോകമെമ്പാടും പടരുന്ന സാഹചര്യത്തില്‍ അടിയന്തരാവസ്ഥകളുടെ വ്യാപനവും അവയുടെ സ്വാഭാവികവത്കരണവും വിവേക പൂര്‍ണ്ണമായ പ്രതികരണം തന്നെ. എന്നാല്‍ അഗമ്പന്‍ നമ്മെ പലപ്പോഴും ഓര്‍മിപ്പിച്ചത് പോലെ, ഇത്തരം നടപടികളുടെ സ്ഥായീകരണം (Stabilization) ഗുരുതരമായ രാഷ്ട്രീയ-സാമൂഹിക പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്നുറപ്പാണ് ജനങ്ങള്‍ ഗൗരവതരമായ ഒരു പ്രതിസന്ധിയെ അഭിമുഖീകരിച്ച് കൊണ്ട് ദീര്‍ഘകാലം അടിയന്തിരാവസ്ഥയില്‍ തന്നെ ജീവിതം കഴിച്ചു കൂട്ടുമ്പോള്‍, അതിനോടവര്‍ പൊരുത്തപ്പെട്ടു വരികയും തദ്ഫലമായി തങ്ങളുടെ ജീവിത സാഹചര്യം വെറും ജൈവികമായ ഒന്നായി അല്ലെങ്കില്‍ സ്വജീവിതം എന്നത് മാത്രം പ്രധാനമായി മാറുന്ന ഒരു സ്ഥിതിയിലേക്ക് സംക്രമിക്കുന്നതിനെക്കുറിച്ച് സ്വാഭാവികമായും അവര്‍ അജ്ഞരാകുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ഒരു സമൂഹം തീര്‍ച്ചയായും സ്വതന്ത്രമല്ലെന്നു മാത്രമല്ല സുരക്ഷാ പ്രശ്‌നങ്ങള്‍ക്കു വേണ്ടി സ്വാതന്ത്ര്യത്തെ ബലി കഴിച്ചതിനാല്‍ നിരന്തരമായ ഭയവും അരക്ഷിതാവസ്ഥയും അവരെ എപ്പോഴും വലയം ചെയ്യുകയാണുമു ണ്ടാവുക. ഈ സ്ഥിതി വിശേഷമാണ് മിക്കരാജ്യങ്ങളിലും നിലവില്‍ കാണാന്‍ കഴിയുന്നത്.
‘മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടല്‍’ അടിസ്ഥാനപരമായി യുദ്ധവുമായി ബന്ധപ്പെട്ടാണ് സംഭവിക്കാറുള്ളത്. നിയമപരമായി, ഈ വിലക്ക് അധികാരത്തിന്റെ വിഭജന-സന്തുലനങ്ങളെ മാറ്റിമറിക്കുകയും സാധാരണ സ്ഥിതി കൈവരിക്കുന്നതിന് വേണ്ടി സ്വാതന്ത്ര്യത്തിനുമേല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തുകയും ചെയ്യുന്ന വ്യവസ്ഥാപിതമായ ഒരു പ്രതിസന്ധി-പ്രതികരണ രീതിയാണ്. എന്നാല്‍ അധികാര കേന്ദ്രങ്ങള്‍ക്ക് അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്താനുള്ള സൗകര്യം നല്‍കുന്നതിലൂടെ നിയമങ്ങള്‍ നിര്‍ബാധം ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യതയും ഏറെയാണ്. അതോടൊപ്പം രോഗം നിലനില്‍ക്കുന്ന സാഹചര്യത്തെ യുദ്ധ സമാനമായ അവസ്ഥയെക്കുറിക്കുന്ന വാചകങ്ങള്‍ കൊണ്ട് വിശേഷിപ്പിക്കുന്ന പ്രവണത യുദ്ധ സമയത്തേതു പോലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെ പിന്തുണക്കുന്ന സ്റ്റേറ്റ് അനുകൂല ആഖ്യാനങ്ങളുമായി ശക്തമായ വ്യാവഹാരിക ബന്ധം പുലര്‍ത്തുന്നുമുണ്ട്. ഈ നിയന്ത്രണങ്ങള്‍ക്ക് നിയമപരമായ ന്യായീകരണം നല്‍കുന്നതിലും അവ ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ടെന്നുമാണ് വസ്തുത. അവസാനം അഗമ്പന്‍ വാദിക്കുന്ന പോലെ നാം സര്‍വ അവകാശങ്ങളും നിഷേധിക്കപ്പെട്ട് തടവറകളിലേതു പോലെ ജീവിതം കഴിച്ചു കൂട്ടേണ്ടിയും വരുന്നു. എന്നാല്‍, അദ്ദേഹം അഭിപ്രായപ്പെടുന്നത്, താനല്ലാത്തവരിലെല്ലാം ഒളിഞ്ഞിരിക്കുന്ന അദൃശ്യ ശത്രുവുമായുള്ള ഈ പോരാട്ടം ശത്രു നമുക്കിടയില്‍ തന്നെ ആയതിനാല്‍ നിരര്‍ത്ഥകമായ ഒരാഭ്യന്തര യുദ്ധം പോലെയാണെന്നാണ്.
വളരെ ശ്രദ്ധേയമായൊരു കാര്യം, അഗമ്പ ന്‍ ആദ്യം കരുതിയ പോലെ സാമാന്യജനങ്ങളെ അരാഷ്ട്രീയവല്‍കരിക്കാനുള്ള സ്‌റ്റേറ്റിന്റെ ഒരു ഉപകരണമാകാനിടയുള്ള, അത്രത്തോളം മാരകമല്ലാത്ത ഒരു സാധാരണ പകര്‍ച്ച വ്യാധി മാത്രമായിരുന്നു കോവിഡെങ്കിലും, ശേഷം ഒരു ആഗോള ഭീഷണിയായി അത് മാറിയിരിക്കുന്ന നിലവിലെ സാഹചര്യത്തിലും, ഈ രണ്ടവസ്ഥകളിലും വിലക്കുകള്‍ നിര്‍ണയിക്കുന്ന ജീവിത സാഹചര്യത്തെ പ്രതിയുള്ള അഗമ്പന്റെ അന്വേഷണങ്ങള്‍ പ്രസക്തമെന്നു തന്നെ കാണാം. കാരണം, രണ്ടവസ്ഥകളിലും നമ്മുടെ നിലനില്‍പ്പ് സുരക്ഷിതമാക്കാന്‍ വേണ്ടി സ്വതന്ത്രത്തിനു മേല്‍ കര്‍ശനമായ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കുന്നു എന്നതാണ് ശരി. എല്ലാത്തിനുമുപരി ഇത് ഒരു യഥാര്‍ഥമായ ഭീഷണിയാണെങ്കില്‍ പോലും തല്‍പര കക്ഷികളുടെ മുതലെടുപ്പിന് വിധേയമായിക്കൂടെന്നുമില്ല.
ഇക്കാര്യം പരിഗണിക്കുമ്പോള്‍ നിലവിലെ ആഗോള വ്യവസ്ഥയെ നിയന്ത്രിക്കുന്ന വിലക്കുകള്‍ അവക്ക് പൊതുവെ നല്‍കപ്പെടുന്ന സ്വീകാര്യതക്കും ന്യായീകരണങ്ങള്‍ക്കുമപ്പുറത്ത് വിമര്‍ശന വിധേയമാക്കേണ്ട പല പ്രതിലോമകരമായ ഘടകങ്ങളും സംവഹിക്കുന്നുണ്ടെന്ന് ‘മനസ്സിലാക്കാവുന്നതാണ്’. വീട്ടിലിരുന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കയ്യടി നല്‍കിയും ഉത്തരവാദിത്വ ബോധമുള്ള പൗരന്മാരായി മാറാനുമുള്ള നമ്മുടെ വ്യഗ്രതയില്‍, കോവിഡ് കാരണം മറനീക്കി പുറത്തുവന്ന നിലവിലെ ജീവിതാവസ്ഥയുടെ ധാര്‍മികവും രാഷ്ട്രീയവുമായ പാപ്പരത്തെക്കുറിച്ച് നാം പാടെ മറന്നു പോകുകയും ചെയ്യുന്നു. ഇത്തരമൊരവസ്ഥയില്‍ സ്‌റ്റേറ്റിന്റെ അധികാരത്തെ താലോലിക്കുകയും ഭരണകൂടത്തിന്റെ ആജ്ഞാനു വര്‍ത്തികളായി മാറുന്നതിലും പരം നിരുത്തരവാദപരമായി മറ്റൊന്നുമില്ല.
5.
മഹാമാരിയെയും അത് സൃഷ്ടിച്ച ‘ആഗോള വിലക്കുകളുടെ’ സാഹചര്യത്തെയും പ്രതിയുള്ള അന്വേഷണങ്ങളി ലൂടെ അഗമ്പന്‍ നിര്‍ണ്ണായകമായ ഒരു ധാര്‍മിക പ്രതിസന്ധിയാണ് നമുക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്. എന്ത് വിലകൊടുത്തും ‘സ്വന്തം നിലനില്‍പ്’ സുരക്ഷിതമാക്കുക എന്ന സങ്കുചിതമായ ലക്ഷ്യം സത്യത്തില്‍ നമ്മുടെ അസ്തിത്വത്തെ, അത് സംബന്ധിക്കുന്ന മാനുഷിക മൂല്യങ്ങളാല്‍ നിര്‍വ്വചിക്കപ്പെടുന്ന പരിപ്രേക്ഷ്യങ്ങളില്‍ നിന്ന് പാടെ മാറ്റി നിര്‍ത്തുകയാണ് ചെയ്യുന്നത്. അഗമ്പന്‍ നിരീക്ഷിക്കുന്നത് പ്രകാരം, മനുഷ്യ ജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളായ സാമൂഹിക ബന്ധങ്ങള്‍, ജോലി, സുഹൃദ് ബന്ധങ്ങള്‍, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം രോഗ ഭീതിയാല്‍ ത്വജിച്ചു കഴിയാന്‍ നാം വിധിക്കപ്പെട്ടിരിക്കുകയാണ്. ഇവിടെ വെറും ജൈവികമായ നിലനില്‍പ് എന്നര്‍ഥത്തില്‍ ജീവിതം (Bare life) ജനങ്ങളെ വിളക്കി ച്ചേര്‍ക്കുന്നതിന് പകരം അവരെ ഭിന്നിപ്പിക്കുകയും, അന്ധരാക്കുകയും ചെയ്യുന്നു.
മിഷേല്‍ ഫൂക്കോ നിരീക്ഷിക്കുന്നത്, ആധുനിക വൈദ്യപരിചരണ രീതിയില്‍ പകര്‍ച്ച വ്യാധികളുണ്ടാവുമ്പോള്‍, ഒരു വ്യക്തിയുടെ ചുറ്റുപാടുമായുള്ള ബന്ധം അപരനെ മാറ്റി നിര്‍ത്തുന്നതടിസ്ഥാനമാക്കിയാണ് പൊതുവേ വിശദീകരിക്കപ്പെടാറുള്ളതെന്നതാണ്. അതിനാല്‍ അപകടം നമുക്കിടയില്‍ തന്നെ പതിയിരിക്കുമ്പോള്‍, നാം നമ്മെ മറ്റുള്ളവരില്‍ നിന്ന് അകറ്റി നിര്‍ത്തുകയാണ് ചെയ്യേണ്ടത്. ഈ സന്ദേശമാണ്, ഭരണകൂടങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന ‘stay at home’ എന്ന മുദ്രാവാക്യത്തില്‍ വ്യക്തമായിത്തന്നെ പ്രതിഫലിക്കുന്നതും.
എന്നാല്‍, പൊതു നന്മയ്ക്കു വേണ്ടി സ്വന്തം സ്വാതന്ത്യം വരെ ബലികഴിക്കുന്ന ‘മഹാത്യാഗം’ എന്ന പ്രതീതി സൃഷ്ടിക്കുകയും അതേസമയം, അപരനെ രോഗവാഹകനായി മാറ്റി നിര്‍ത്തുകയും ചെയ്യുന്ന ഉപരിപ്ലവമായ കര്‍ത്തൃതൃ ബോധവും വ്യാജമായ ഐക്യബോധവുമാണ് യഥാര്‍ഥത്തില്‍ ‘Stay at home’ നെ പ്രതിഫലിപ്പിക്കുന്ന ആഖ്യാനങ്ങള്‍ നിര്‍മിച്ചെടുക്കുന്നത്. ‘വീട്ടിലിരിക്കാന്‍’ ആജ്ഞാപിക്കുന്നതിലൂടെ മറ്റൊരു തരത്തില്‍, മഹാമാരിയുടെ തീവ്രതയ്ക്കു മുന്നില്‍ തങ്ങള്‍ നിസ്സഹായരാണെന്നും ഭരണകൂടങ്ങള്‍ പറയാതെ പറഞ്ഞു. വ്യക്തമായി പറഞ്ഞാല്‍, വീട്ടിലിരിക്കുന്നതിലൂടെ നാം സംരക്ഷിക്കുന്നത് നമ്മുടെ ആരോഗ്യത്തേക്കാളുപരി, അതിനെ സംരക്ഷിക്കാനുള്ള സ്റ്റേറ്റിന്റെ ഉത്തരവാദിത്തത്തെയാണ്.
എന്നിരുന്നാലും സാമൂഹിക അകലം പാലിക്കാനുള്ള ഉത്തരവുകള്‍ കര്‍ക്ക ശമായി നടപ്പിലാക്കുന്നത് രോഗ വ്യാപ്തി കുറക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുവെങ്കിലും അവ അതീവ ഗുരുതരമായ അനന്തര ഫലങ്ങളുള വാക്കുമെന്നുറപ്പാണ്. മനുഷ്യ ജീവിതത്തെ അര്‍ഥപൂര്‍ണ്ണമാക്കുന്ന പലഘടകങ്ങളെയും ത്വജിച്ച് ‘സ്വജീവിതം’ എന്നതു മാത്രം പ്രസക്തമായി മാറുന്ന ‘ജീവിതാവസ്ഥ’ ശുഭോഭര്‍ക്കമായ ഒന്നായിരിക്കാനൊട്ടും സാധ്യതയില്ല. അഗമ്പ ന്‍ ചോദിക്കുന്നത്, ഈയവസ്ഥയില്‍ ദീര്‍ഘകാലം കഴിയേണ്ടി വരുന്ന രാജ്യങ്ങളില്‍ മാനുഷിക ബന്ധങ്ങളുടെ സ്വഭാവമെന്തായിരിക്കുമെന്നാണ്. അതോടൊപ്പം നിലനില്‍പ്പിനപ്പുറത്ത് മറ്റൊരു മൂല്യത്തിനും പ്രസക്തിയില്ലാത്ത സമൂഹങ്ങള്‍ എത്രമാത്രം ഭീതിജനകമായിരിക്കുമെന്നും അദ്ദേഹം ആശങ്കപ്പെടുന്നു.
ചുരുക്കത്തില്‍, ലോകം ഭീകരമായ മാനുഷിക ദുരന്തത്തിന്റെ വക്കിലെത്തി നില്‍ക്കുമ്പോഴും നമ്മുടെ ജീവിത ചുറ്റുപാടുകളെ പലവിധേനയും സ്വാധീനിക്കാന്‍ വേണ്ടി ഭരണകൂടങ്ങള്‍ ഉത്പാദിപ്പിക്കുന്ന, രാഷ്ട്രീയ-സാമൂഹിക വ്യവഹാരങ്ങളെ നിരന്തരം ചോദ്യം ചെയ്യുന്നതില്‍ നിന്ന് നാമൊരിക്കലും പിന്തിരിയരുതെന്നര്‍ഥം.
പരിഭാഷ : ഖിദര്‍ പി.ടി