Thelicham

കൊറോണക്കാലത്ത് ദൈവത്തെ തിരയുന്നവർ

ചൈനയിലെ വുഹാനിൽ നോവൽ കൊറോണ വൈറസിൻറെ സാന്നിധ്യം കണ്ടെത്തിയപ്പോൾ കേവലം ഭൌതികതലങ്ങളിൽ കേന്ദ്രീകരിച്ച് മാത്രമായിരുന്നു ചർച്ചകൾ പുരോഗമിച്ചത്. വൈറസിൻറെ സ്വാഭാവം, അത് പൊട്ടിപ്പുറപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങൾ, പടരാനുള്ള കാരണങ്ങൾ, വൈറസ് ബാധിച്ച ആളുകളുടെ ലക്ഷണങ്ങൾ, മരണയും മരണനിരക്കും, എന്നിവയിലൂന്നിയാണ് ആദ്യം ചർച്ചകൾ പുരോഗമിച്ചത്. എന്നാൽ പിന്നീട് കൂടുതൽ പേരെ ബാധിച്ചപ്പോൾ പരിഭ്രാന്തി വർദ്ധിക്കുകയും ആളുകൂടുന്നിടങ്ങൾ മുഴുവൻ അടക്കുകയും ചെയ്യുന്ന സ്ഥിതി വന്നു. കൂട്ടത്തിൽ ആരാധനാലയങ്ങൾ പോലും അടക്കാനുള്ള നിർദ്ദേശങ്ങൾ ഗവണമെൻറുകൾ പുറത്തിറക്കാൻ തുടങ്ങി. അങ്ങനെയാണ് കോവിഡ്-19 സംബന്ധമായ ചർച്ചകൾ അഭൌതിക തലത്തിലേക്ക് ഉയർന്ന് തുടങ്ങിയത്. മക്കായിലെ കഅ്ബാ ശരീഫും പ്രദക്ഷിണമുറ്റവും ഒഴിഞ്ഞു കിടന്നപ്പോഴും, ഇറ്റലിയിലെ സെൻറ് പീറ്റേഴ്സ് ബസിലിക്ക ഒഴിഞ്ഞു കിടന്നപ്പോഴും ചർച്ചകൾക്ക് കൂടുതൽ ദൈവശാസ്ത്രപരമായ പ്രാധാന്യം കൂടി കൈവരികയുണ്ടായി എന്നത് കൌതുകജനകമാണ്. ദൈവമെവിടെ എന്നായിരുന്നു പ്രധാനമായും ഉയർന്ന ചോദ്യം. കേരളത്തിലെ സോഷ്യൽ മീഡിയയിലാണ് ദൈവത്തെ കുറിച്ചുള്ള അന്വേഷണങ്ങൾ കാര്യമായി നടന്നത്. യുക്തിവാദികളും ശാസ്ത്രമാത്രവാദികളും വിശ്വാസികളേക്കാൾ ആർത്തിയോടെ ദൈവത്തെ അന്വേഷിച്ച് പരക്കം പാഞ്ഞു. വിപത്തുകളിൽ നിന്ന് രക്ഷനേടാൻ ജനങ്ങൾ ആശ്രയിക്കുന്ന ദൈവമെന്ന അസ്തിത്വം കോവിഡ് 19 എന്ന വിപത്തിനെ വിപാടനം ചെയ്യാൻ എന്ത് കൊണ്ട് തയ്യാറാവുന്നില്ല എന്ന നിരന്തരമായ ട്രോളുകളും മീമുകളും വായിച്ച് ദൈവശാസ്ത്രത്തെ കുറിച്ച് ആഴത്തിൽ ധാരണയില്ലാത്ത ചില വിശ്വാസികൾക്ക് ആശയക്കുഴപ്പമുണ്ടായി. മനുഷ്യൻറെ അസ്തിത്വം, ദൈവത്തിൻറെ അസ്തിത്വം, ഭൌതികലോകത്തും അഭൌതികലോകത്തും ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം, സ്രഷ്ടാവായ ദൈവത്തിനിടയിലും സൃഷ്ടിയായ മനുഷ്യർക്കിടയിലും നടക്കുന്ന ദൈനംദിന വ്യവഹാരങ്ങൾ എന്നിവയെ കുറിച്ച് സാമാന്യധാരണയില്ലാത്ത പലരും ആശയക്കുഴപ്പങ്ങൾക്ക് വിധേയരായി. എന്നാൽ, പരിഹാസേന നടത്തുന്ന ഈ ദൈവാന്വേഷണം, സോഷ്യൽ മീഡിയയിൽ ലളിതയുക്തികൾ എയ്തുവിട്ട് ആളുകളെ ധൈഷണികരതിയിലേക്ക് തള്ളിവിടുന്ന ആളുകളിൽ നിന്ന് മാറി ഏഷ്യാനെറ്റ് പോലെയുള്ള മുഖ്യധാരാ മാധ്യമങ്ങൾ പോലും ഏറ്റെടുത്തു എന്നത് കൌതുകത്തേക്കാൾ ഹാസ്യവും നിലവാരമില്ലായ്മയുമാണ് ഉളവാക്കിയത്. ഇതിൻറെ ഏറ്റവും നല്ല ഉദാഹരണമാണ് ഇക്കഴിഞ്ഞ പതിനാറിന് ഏഷ്യാനെറ്റിൻറെ മുതിർന്ന അവതാരിക കവർ സ്റ്റോറി എന്ന പരിപാടിയിൽ നടത്തിയ അവതരണം. മതം, സവിശേഷമായും ഇസ്ലാം ഭൌതിക ജീവിതത്തിൻറെ പരിമിതകളെ എങ്ങനെ പരിഗണിക്കുന്നു, പൊതുജീവിതത്തിൽ അത് എങ്ങനെ ഇടപെടുന്നു എന്നെങ്കിലും മനസ്സിലാക്കാൻ ഉപേക്ഷ കാണിച്ചതിൻറെ ഫലമാണത്. പടിഞ്ഞാറൻ സെക്കുലറിസം പൊതുജീവിതത്തിൽ നിന്നും മാറ്റി നിർത്തേണ്ട വ്യവഹാരമായിട്ടാണ് മതത്തെ കണ്ടത്. മധ്യകാല യൂറോപ്പിൽ മനുഷ്യൻറെ കർതൃത്വത്തിനും, സ്വാതന്ത്ര്യത്തിനും മേൽ ക്രൈസ്തവ പൌരോഹിത്യം അടിച്ചേൽപ്പിച്ച പ്രഹരങ്ങളും പാരതന്ത്ര്യങ്ങളുമാണ് മതത്തെ കുറിച്ച് ഇങ്ങനെയൊരു തീർപ്പിന് വഴിയൊരുക്കിയത്. ക്രൈസ്തവ യൂറോപ്പിൻറെ ചരിത്രാനുഭവത്തിലൂടെയാണ് പിന്നീട് പലരും മതമെന്ന വ്യവഹാരത്തെ മനസ്സിലാക്കിയത്. അന്ധവിശ്വാസ ഭരിതവും, ദുരാചാരനിരതവും പീഢനാത്മകവുമായ ഒരു അധികാര പ്രയോഗമായി മതം പൊതുവെ തെറ്റിദ്ധരിക്കപ്പെടാൻ വഴിയൊരുങ്ങി എന്നത് ശരി തന്നെ. പക്ഷെ, വ്യക്തതയുള്ള ഒരു ലോക വീക്ഷണവും സമ്പൂർണ്ണമായ ജീവിതദർശനവും മുന്നോട്ട് വെക്കുന്ന ഇസ്ലാമിനെയും ഇതേ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ചിലരെങ്കിലും മനസ്സിലാക്കുന്നത് എന്നതിന് തെളിവാണ് ദൈവത്തെ പരിഹാസ്യമായി അന്വേഷിക്കുന്ന ഈ പ്രവണതക്ക് പിന്നിൽ. പ്രാകൃതമനുഷ്യന് പ്രകൃതിയിലെ പ്രതിഭാസങ്ങളോടും ശക്തികളോടും തോന്നിയ പേടിയാണ് പിന്നീട് പരിണമിച്ച് മതങ്കൽപത്തിലേക്ക് നയിച്ചതെന്ന (Evolutionary Paradigm) ആദ്യകാല യൂറോപ്യൻ നരവംശ ശാസ്ത്രജ്ഞരുടെ കാലഹരണപ്പെട്ട നിഗമനത്തിൽ നിന്ന് 21-ാം നൂറ്റാണ്ടിലെ പൊതുപ്രവർത്തകർ ഇന്നും മോചിതരായിട്ടില്ലെങ്കിൽ അത് മുസ്ലിംകളുടെയോ അവരുടെ മതത്തിൻറെയോ കുറ്റമല്ല.

മനുഷ്യൻറെ ഭൌതിക അസ്തിത്വം

രോഗം വരുമ്പോൾ മുൻ കരുതൽ എടുക്കുക, പ്രതിരോധ മരുന്ന് കണ്ട് പിടിക്കാൻ ശ്രമിക്കുക, രോഗം ബാധിച്ച മനുഷ്യരെ ശുശ്രൂഷിക്കാൻ സംവിധാനം ഒരുക്കുക എന്നിവയെല്ലാം മത വിശ്വാസത്തിന്റെ തന്നെ ഭാഗമാണ്. അവയെല്ലാം മനുഷ്യന്റെ ഭൗതികമായ ഉത്തരവാദിത്തം ആണ്. ഇസ്ലാമിൽ (ബാക്കിയുള്ളത് അതതു മതക്കാർ പറയട്ടെ) ഈ ഭൗതിക ഉത്തരവാദിത്തങ്ങൾ എല്ലാം തന്നെ മതാചാരത്തിന്റെ ഭാഗമാണ്. മാത്രമല്ല, മതനിയമം കൂടിയാണ്. ഒരു സർക്കാരും നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിലും എല്ലാ മുൻ കരുതലും എടുക്കാനും വിശ്വാസപരമായി തന്നെ ഒരു വിശ്വാസി ബാധ്യസ്ഥനാണ്. അതും മതാചാരമാണ്. മതകീയം, മതപരം എന്നൊക്കെ പറഞ്ഞാൽ അതിൽ ഭൗതിക ലോകത്തെ മാനവികമായ എല്ലാ ഇടപാടുകളും പെടും. പ്രാർത്ഥിച്ച് കയ്യും കെട്ടി ഇരിക്കലല്ല മാനവികത. മറിച്ച് സമൂഹത്തിൻറെ ഗുണത്തിനും ചാക്രികതക്കും വേണ്ടി അദ്ധ്വാനിക്കലാണ്. മുസ്ലിം വിശ്വാസികളുടെ നിയോഗം തന്നെ അതിന് വേണ്ടിയാണെന്ന് വിശുദ്ധ ഖുർആനിൽ കാണാം (3:110).

മതത്തിന് പൊതുജീവിതത്തിൽ ഒന്നും ചെയ്യാനില്ലെന്നും അത് സ്വകാര്യതയിൽ കൊണ്ട് നടക്കാവുന്ന ഒരു കാല്പനികലോകം മാത്രമാണെന്നുമുള്ള അബദ്ധധാരണയിൽ നിന്ന് തന്നെയാണ് മതം വിരുദ്ധം ശാസ്ത്രം എന്ന ദ്വന്ദം വികസിച്ചുവന്നത്. അവ വിരുദ്ധ ദ്വന്ദങ്ങളല്ല എന്ന് മനസ്സിലാക്കും വരെ മതത്തെ പൊതുജീവിതത്തിൻെറ അപരസ്ഥാനത്ത് നിർത്തുന്ന പദ്ധതികൾക്ക് അന്ത്യമുണ്ടാവില്ല. ഭൌതികലോകത്തെ പ്രതിഭാസങ്ങൾ വിശദീകരിക്കാനുള്ള ജ്ഞാനമാർഗമാണ് ശാസ്ത്രം. അതുകൊണ്ട് തന്നെ, ഭൌതികലോകത്തെ വേണ്ടവിധം മനസ്സിലാക്കാൻ ആവശ്യമായ ശാസ്ത്രീയ ചിന്താരീതി വികസിപ്പിച്ചെടുക്കാൻ വിശ്വാസി ബാധ്യസ്ഥനാണ്. എന്നാൽ ഭൌതികലോകത്തെ ജ്ഞാനമാർഗമുപയോഗിച്ച് മനസ്സിലാക്കാൻ കഴിയാത്തതാണ് ദൈവാസ്തിക്യവും അനുബന്ധ കാര്യങ്ങളും.ഭൌതികലോകത്തിന് പുറത്തുള്ള മറ്റൊരു ജ്ഞാനമണ്ഡലത്തിലാണ് അവ സ്ഥിതി ചെയ്യുന്നത്. അവ മനസ്സിലാക്കാൻ ഉപയോഗിക്കേണ്ടത് അവയുടേതായ അതിഭൌതികമായ ചില ജ്ഞാന മാർഗങ്ങളാണ്. അതിനാൽ ശാസ്ത്രം എന്ന ജ്ഞാനമാർഗമുപയോഗിച്ച് എല്ലാ ജ്ഞാനമണ്ഡലങ്ങളും വിശദീകരിക്കാൻ കഴിയില്ല എന്നാണ് വിശ്വാസി മനസ്സിലാക്കേണ്ടത്. എന്നാൽ, ഭൌതികലോകത്തെ മനസ്സിലാക്കാൻ അവന് ശാസ്രത്രീയ രീതി അവലംബിക്കുകയുമാവാം. ഇതാണ് മതവിശ്വാസവും ശാസ്ത്രീയ ചിന്തയും തമ്മിലുള്ള ബന്ധം. ഇത് മനസ്സിലാക്കാത്ത വിശ്വാസിയും യുക്തിവാദിയും ഒരുപോലെ അപകടകാരികളാണ്.

മാത്രമല്ല, ഭൗതിക പ്രപഞ്ചത്തിന് പുറത്തുള്ള കാര്യങ്ങൾ ശാസ്ത്രത്തിൻറെ വിഷയം അല്ല. അതിഭൗതിക പ്രപഞ്ചത്തിൽ ആണ് ദൈവമുള്ളത്. മനുഷ്യൻ സ്ഥലകാല നൈരന്തര്യത്തിൽ തളക്കപ്പെട്ടിരിക്കുന്നതിനാൽ സ്ഥലത്തിനും കാലത്തിനും അപ്പുറത്തുള്ളത് മനസ്സിലാക്കാൻ അവന് പരിമിതകളുണ്ട്. എന്നാൽ, സമയത്തിനും കാലത്തിനും അതീതമായ അസ്തിത്വം ആണ് ദൈവം. ആ ദൈവത്തെ വിശദീകരിക്കുക എന്നത് തീർത്തും തത്വചിന്താപരമായ ഒരു ഉദ്യമമാണ്. അതിന് വേണ്ടത് ദാർശനിക ബുദ്ധി ആണ്. അല്ലാതെ ശാസ്ത്രീയ നിരീക്ഷണമോ പരീക്ഷണമോ അല്ല. ശാസ്ത്രത്തിന് Observation, Hypothesis, Experiment, data analysis, conclusion, repeatability തുടങ്ങിയ രീതിശാസ്ത്രമുപയോഗിച്ച് കണ്ടെത്താവുന്ന കാര്യങ്ങൾ മുഴുവൻ ഭൗതിക പ്രപഞ്ചത്തിൽ ആണ് ഉള്ളത്. അതിന് പുറത്ത് ഉള്ളത് തങ്ങൾക്ക് വിശദീകരിക്കാൻ കഴിയും എന്ന് ശാസ്ത്രജ്ഞർ പോലും പറയുന്നില്ല. കാരണം, അത് ശാസ്ത്രത്തിൻറെ പ്രവർത്തനമേഖലയിൽ പെടുകയില്ല എന്നതാണ് യാഥാർഥ്യം. ഉദാഹരണമായി, വെള്ളം നൂറു ഡിഗ്രി ചൂടാക്കുമ്പോൾ തളക്കുമെന്നത് നിരീക്ഷിച്ച് പരീക്ഷിച്ചറിഞ്ഞ സത്യമാണ്. അങ്ങനെയുള്ള ഭൌതികസത്യങ്ങളെ അംഗീകരിക്കാൻ വിശ്വാസി വിമുഖത കാണിക്കേണ്ടതില്ല. എന്നാൽ അത്തരം നിരീക്ഷണ പരീക്ഷണത്തിലൂടെ ദൈവത്തെ കണ്ടെത്തിക്കളയാമെന്ന് ഒരു ശാസ്ത്രവിദ്യാർഥി വ്യാമോഹിക്കുന്നതും ആവശ്യപ്പെടുന്നതും വ്യർഥമാണ്. കാരണം ദൈവം ഭൌതികലോകത്തിന് അതീതനാണ്. ഭൌതികശാസ്ത്രത്തിൻെറ നിയമങ്ങൾ ദൈവത്തെ ബാധിക്കുന്നില്ല. അങ്ങനെ ബാധിക്കുന്നുണ്ടെങ്കിൽ ആ അസ്തിത്വത്തിന് സ്രഷ്ടാവാകാൻ കഴിയില്ല. കാരണം, സ്രഷ്ടാവ് എല്ലാ നിയമങ്ങൾക്കും അതീതനായിരിക്കണം. നിയമങ്ങൾക്ക് വിധേയമാകുന്ന വസ്തുവാണെങ്കിൽ അതിന് സൃഷ്ടിയായേ തീരൂ. അതിനാൽ യുക്തിവാദികൾ എന്നവകാശപ്പെടുന്ന ശാസ്ത്രമാത്രവാദികളായ നിരീശരവാദികൾ മാത്രമേ ദൈവത്തെ ശാസ്ത്രീയമായി തെളിയിക്കുക എന്ന വിചിത്ര ആവശ്യം ഉന്നയിക്കൂ. അതവർക്ക് ദാർശനിക ബുദ്ധി ഇല്ലാത്തത് കൊണ്ടോ, മുരടത്വം കൊണ്ടോ ആണെന്ന് മനസ്സിലാക്കേണ്ടി വരും.മതം ആധികാരികമായി തന്നെ ശാസ്ത്രീയ പുരോഗതിയെ മാനിക്കുന്നു, എങ്കിൽ ശാസ്ത്രം ജയിക്കുമ്പോൾ മതം കൂടി ജയിക്കുക അല്ലേ? ശാസ്ത്രത്തെയും മതത്തെയും ശത്രു പക്ഷത്ത് നിർത്തുന്നത് എന്തിനാണ്? മതത്തെ ശത്രു ആയി പ്രഖ്യാപിച്ചാൽ മാത്രമേ ശാസ്ത്രചിന്ത ജയിക്കൂ എന്നത് കരുതുന്നത് വിഡ്ഢിത്തം ആണ്. പ്രത്യേകിച്ചും ആകാശം, ഭൂമി, കാറ്റ്, മഴ, മൃഗങ്ങളുടെയും പക്ഷികളുടെയും ആവാസ വ്യവസ്ഥ, മേഘ സഞ്ചാരം, പരാഗണം, മനുഷ്യൻറെ ഭ്രൂണ വളർച്ച തുടങ്ങി നിരവധി ശാസ്ത്രീയ സത്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന, അതേ കുറിച്ച് ചിന്തിക്കാൻ ആവശ്യപ്പെടുന്ന ഒരുമതദർശനമായ ഇസ്ലാമിന് എങ്ങനെ ശാസ്ത്രീയ കണ്ട് പിടുത്ത ങ്ങളുടെ ശത്രു ആവാൻ പറ്റും?

അതിഭൌതിക അസ്തിത്വം

ഒരു വിശ്വാസി വിശ്വാസിയായി മാറണം എങ്കിൽ 6 കാര്യങ്ങള് വിശ്വസിക്കണം. അതിൽ ആറാമത്തെ കാര്യം ഇതാണ്: “നന്മയും തിന്മയും ആയ, ഗുണവും ദോഷവും ആയ എല്ലാ കാര്യങ്ങളും അല്ലാഹു സൃഷ്ടിക്കുന്നതാണ്”. ഇത് ഉരുവിട്ട് പഠിച്ചവരാണ് യഥാർഥ മുസ്ലിംകൾ. അതിനാൽ ലോകം അഭിമുഖീകരിക്കുന്ന പ്രകൃതി ദുരന്തങ്ങൾ, മാറാവ്യാധികൾ, മഹാമാരികൾ എന്നിവ ദൈവം പ്രകൃതിയിൽ നിക്ഷേിച്ച നൈസർഗികഭാവത്തിൽ പെട്ടതാണെന്നും അതെല്ലാം ദൈവത്തിൻറെ ഇഛയുടെ മൂർത്തവത്ക്കരണമാണെന്നും മനസ്സിലാക്കാൻ വിശ്വാസിക്ക് രണ്ട് വട്ടം ആലോചിക്കേണ്ടി വരില്ല. ഭയം, വിശപ്പ്, ധനദൌർലഭ്യത, ജീവനാശം, കായ്ക്കനികളുടെ അപര്യാപ്തത തുടങ്ങി പല വിപത്തുകളും പ്രകൃതിയുടെ നൈസർഗികഭാവത്തിൽ നിക്ഷേപിച്ചു കൊണ്ട് ദൈവം പരീക്ഷിക്കുമെന്ന് ഖുർആൻ പറയുന്നു (2:155). ഇഹലോകത്തെ ജീവിതം മരണം എന്നീ പ്രതിഭാസങ്ങളും അവക്കിടയിലെ മുഴുവൻ അനുഗ്രഹ നിഗ്രഹങ്ങളും മനുഷ്യനെ പരീക്ഷിക്കാൻ വേണ്ടി സൃഷ്ടിച്ചതാണെന്ന് ഖുർആൻ നിസ്സംശയം പ്രഖ്യാപിച്ചിട്ടുണ്ട് (67:2). ദൈവം പ്രകൃതിയുടെ സൌന്ദര്യവും ഭയാനകതയും ഉപയോഗിച്ച് പലതരത്തിലും മനുഷ്യനുമുമ്പിൽ തൻറെ നിദർശനങ്ങൾ പ്രകടമാക്കും. മനുഷ്യൻ അശക്തനും, പരിധിയുള്ളവനും, പരിമിതി ഉള്ളവനും ആണെന്ന് അവനെ വീണ്ടും വീണ്ടും ബോധ്യപ്പെടുത്താനും ദൈവത്തിൻറെ പരമാധികാരം ചോദ്യം ചെയ്യാൻ മനുഷ്യനാവില്ല എന്ന സത്യം ഊട്ടിയുറപ്പിക്കാൻ വേണ്ടിയുമാണത്. മാത്രമല്ല, സൽകർമ്മകാരികളെ മാത്രം സുഖിപ്പിക്കുകയും ദുർനടപ്പുകാരെ ശിക്ഷിക്കുകയും ചെയ്യുന്ന ലോകം ഇതല്ല, പരലോകം ആണ്. സൽകർമ്മകാരികളെ എല്ലാ സുഖവും അനുഭവിപ്പിക്കും, ദുർനടപ്പുകാരെ മാത്രമേ വിപത്തുകൾ ബാധിക്കൂ എന്ന prosperity theology ദൈവം ഓഫർ ചെയ്യുന്നില്ല. മറിച്ച്, മനുഷ്യന്റെ കർതൃത്വം, സ്വാതന്ത്ര്യം, ഇച്ഛാശക്തി എന്നിവ ഉപയോഗിച്ച് ഈ ലോകത്ത് മാനവികതക്ക് വേണ്ടി പ്രകൃതിക്ക് അനുകൂലമായി പണിയെടുക്കാൻ ആണ് ദൈവകൽപന. ആ ദൌത്യത്തിനിടെ അവൻ നരിക്കണ്ണും പീലിക്കണ്ണും കാണേണ്ടി വരും. സുഖവും ദുഖവും കയറ്റവും ഇറക്കവും താണ്ടേണ്ടി വരും. ദുഖവും പ്രയാസവും ഉള്ള സമയത്ത് അമിതമായി ദുഖിക്കാനോ സന്തോഷവും അനുഗ്രഹവും അനുഭവിക്കുമ്പോൾ അമിതമായി ആനന്ദിക്കാനോ വിശ്വാസിക്ക് അനുമതി ഇല്ല (ഖുർആൻ: 57: 22-23). അതു കൊണ്ട് മുസ്ലിമായ വ്യക്തിയെ സംബന്ധിച്ചിടത്തോളം ദാരിദ്ര്യം, ദുഖം, യാതന എന്നിവ മാത്രമല്ല സമ്പന്നത, സൌഖ്യം, സന്തോഷം എന്നിവയും പരീക്ഷണമാണ്. ദാരിദ്യമനുഭവിക്കുമ്പോൾ ക്ഷമ കൈക്കൊള്ളുക സമ്പന്നത അനുഭവിക്കുമ്പോൾ തൻറെ നിർബന്ധിത ഓഹരി ദരിദ്രന് കൈമാറുക തുടങ്ങിയവ അവൻ ആചരിക്കുന്നുണ്ടോ എന്നതാണ് പരീക്ഷണം. ചുരുക്കത്തിൽ വേദനകളെ മാത്രം പരീക്ഷണമായും സുഖങ്ങളെ പരീക്ഷണമല്ലാതെയും കാണാനുള്ള അവകാശം വിശ്വാസിക്കില്ല ഇതാണ് ഒരു മുസ്ലിമിൻെറ ലോക വീക്ഷണം.

ഭൂമിയിൽ മനുഷ്യന് ഉള്ള കർതൃത്വം, സ്വാതന്ത്ര്യം എന്നിവ ഉപയോഗപ്പെടുത്തൽ ബാധ്യതയാണ് എന്ന് പറഞ്ഞല്ലോ. എന്നാല്, തന്റെ ഇച്ഛാശക്തി കൊണ്ട് മാത്രം ലോകത്തെ മാറ്റിയെടുക്കാം എന്ന് മനുഷ്യൻ ധിക്കരിക്കാനും പാടില്ല. കാരണം, മനുഷ്യൻെറ പരിമിതികൾ നിരവധിയാണ് എന്നത് തന്നെ. അല്ലെങ്കിൽ പിന്നെ എന്ത് കൊണ്ട് താൻ ആഗ്രഹിക്കുന്നത് പോലെ പ്രകൃതി മനുഷ്യനോട് പേരുമാറുന്നില്ല? എന്ത് കൊണ്ട് എല്ലാ ദുരന്തങ്ങളിൽ നിന്നും മനുഷ്യന് മുൻകൂട്ടി രക്ഷപ്പെടാൻ കഴിയുന്നില്ല? എന്ത് കൊണ്ട് അവന്റെ തൃഷ്ണകളും പ്രതീക്ഷകളും ഭൗതിക പ്രകൃതിക്ക് അപ്പുറത്തേക്ക് വളരുന്നു? ആ തൃഷ്ണകളെ ശമിപ്പിക്കാൻ മനുഷ്യന് എന്ത് കൊണ്ട് സാധിക്കുന്നില്ല. ആ കഴിവ് കേട് മനുഷ്യനെന്ന വിവേചനബുദ്ധിയുള്ള ജീവിയെ എത്രത്തോളം നിരാശനാക്കുന്നുണ്ട്? പരിമിതമായ ഈ ലോകത്ത് ആ നിരാശക്ക് പരിഹാരമില്ലെങ്കിൽ പിന്നെ അത് എവിടെ വെച്ച് എപ്പോൾ എങ്ങനെ പരിഹരിക്കും?

തത്വചിന്തയുടെ പ്രാധാന്യം

ഇസ്ലാമിൽ മനുഷ്യന്റെ അസ്തിത്വം രണ്ട് വശങ്ങൾ ചേർന്നതാണ്. ഒന്ന് ഭൗതികം, മറ്റേത് അതി ഭൗതികം. ഭൗതിക ലോകത്തെ ഉത്തരവാദിത്തത്തിൽ പെട്ടതാണ് ആളുകളെ സ്നേഹിക്കുക, സാമൂഹിക നീതി നടപ്പാക്കുക, പ്രാപഞ്ചിക പ്രതിഭാസങ്ങളെ പറ്റി പഠിക്കുക, ജനോപകാര പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നതൊക്കെ. ലോകത്ത് വന്ന സർവ ദർശനങ്ങളും മനുഷ്യൻറെ അസ്തിത്വത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.

കാൾ മാർക്സ് മനുഷ്യനെ ദൈവപ്രോക്തമായ ചങ്ങലകളിൽ നിന്ന് വിമോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ചിന്തകനാണ്. എന്നാൽ, ഉദ്പാദന രീതിയുടെ ഉത്പന്നമാണ് മനുഷ്യൻ എന്ന് സിദ്ധാന്തിക്കുക വഴി ഭൌതികതയിൽ മനുഷ്യനെ കൂടുതൽ തളച്ചിടുകയാണ് മാർക്സ് ചെയ്തത്. ഉദ്പാദനോപാധികളിൽ നിന്നും ഉത്പന്നകളിൽ നിന്നു തന്നെയും അന്യവത്ക്കരിക്കപ്പെടുന്ന തൊഴിലാളിയെ മുതലാളി ചൂഷണം ചെയ്യുന്നുവെന്നും അവർ തമ്മിലുള്ള വൈരുദ്ധ്യം കലഹങ്ങളിലേക്ക് നയിക്കുമെന്നും അങ്ങനെ മനുഷ്യൻ ചരിത്രത്തെ നിർമിക്കുന്നു എന്നുമാണ് മാർക്സ് വിശദീകരിച്ചത്. മാർക്സിനെ സംബന്ധിച്ചിടത്തോളം ഭൌതികമായ ഈ ചാക്രികതയിൽ കവിഞ്ഞ മറ്റൊരു അസ്തിത്വം മനുഷ്യനില്ല. മുതലാളിക്കെതിരെ തൊഴിലാളി നടത്തുന്ന വിപ്ളവം പരാജയപ്പെടുമ്പോഴോ, തൊഴിലാളിയുടെ സർവാധിപത്യ വാഴ്ചക്ക് കീഴെ മറ്റുള്ളവർ പീഢിപ്പിക്കപ്പെട്ടാൽ അവർക്ക് നീതി എവിടെ നിന്ന് ലഭ്യമാകുമെന്നോ മാർക്സ് വിശദീകരിച്ചില്ല. യഥാർഥത്തിൽ ഇസ്ലാം മനുഷ്യൻെറ അസ്തിത്വത്തെ പദാർഥലോകത്തോ അല്ലെങ്കിൽ ആത്മീയ ലോകത്തോ ബന്ധിച്ചില്ല. മറിച്ച് ഇരുലോകത്തും അവന് അർഹമായ പരിഗണന നൽകുകയാണ് ചെയ്തത്. വിഭവാധികാരത്തിൽ നിന്ന് അകറ്റപ്പെടുക വഴി രാഷ്ട്രീയമായും, ദൈവചിന്ത, മതാനുഷ്ഠാനം എന്നിവ വഴി ധൈഷണികമായും അന്യവത്ക്കരിക്കപ്പെട്ട മനുഷ്യനെ വിമോചിപ്പിക്കാനാണ് മാർക്സ് ശ്രമിച്ചത്. എന്നാൽ പദാർഥങ്ങൾ തമ്മിലുള്ള വൈരുദ്ധ്യവാദത്തിനപ്പുറം അദ്ദേഹത്തിൻെറ ചിന്ത പോയില്ല. മനുഷ്യന് പദാർഥത്തിൽ കവിഞ്ഞ അസ്തിത്വം മാർക്സ് നിഷേധിച്ചു. ഫലമോ,അവൻ പദാർഥാതീതമായ മനുഷ്യൻെറ ദാർശനികാന്വേഷണങ്ങൾ മനുഷ്യന് നിഷേധിക്കപ്പെടുകയും ചെയ്തു. ദൈവം, മതം എന്നിവ മനുഷ്യൻെറ സൃഷ്ടിയാണെന്നും അവ തൊഴിലാളിയെ ചൂഷണം ചെയ്യാനും മുതലാളിത്തം നിലനിർത്താനുമുള്ള ചൂഷണവ്യവസ്ഥയാണെന്നുമാണ് മാർക്സിലെ തത്വചിന്തകൻ വാദിച്ചത്. എന്നാൽ അത്രയും ഉന്നതനായ മനുഷ്യൻ ഉദ്പാദനോപകരണങ്ങളുടെ സൃഷ്ടിയാണെന്ന് വാദിക്കുക വഴി മനുഷ്യനെ ഒരു ചരക്കുമനുഷ്യനായി പരമാവധി തരംതാഴ്ത്തുകയാണ് മാർക്സിലെ സാമൂഹ്യ ശാസ്ത്രജ്ഞൻ ചെയ്തത്.

ആധുനികയുഗത്തിൽ പിന്നീട് മനുഷ്യന് ദൈവത്തിൽ നിന്നും വിമോചനം വാഗ്ദാനം ചെയ്ത മറ്റൊരു ചിന്താധാരയാണ് അസ്തിത്വവാദം (existentialism). മനുഷ്യനിൽ ദൈവത്തിൻെറ അടിമ, മതം അനുഷ്ഠിക്കുന്നവൻ, പ്രാർഥിക്കേണ്ടവൻ തുടങ്ങിയ എന്തെങ്കിലുമൊരു സത്ത നിലനിൽക്കുന്നില്ലെന്നും അവൻെറ അസ്തിത്വം അവൻ തന്നെ കണ്ടെത്തുക വഴി സ്വയം സത്ത അവൻ തന്നെ തീരുമാനിക്കലാണെന്നും അസ്തിത്വവാദം സിദ്ധാന്തിച്ചു. മനുഷ്യന് സ്വയം വിവേചനാധികാരവും ഇഛാശക്തിയും ഉണ്ടെന്നാണ് അസ്തിത്വവാദത്തിൻെറ കാതൽ. പക്ഷെ, നന്മതിന്മകളെ തിരിച്ചറിയാനുള്ള യാതൊരു മാനദണ്ഡവും അത് മനുഷ്യന് നൽകുന്നില്ല. മനുഷ്യൻ സർവ ബന്ധനങ്ങളിൽ നിന്നും മോചിതനായിരിക്കുന്നു എന്നാണ് അസ്തിത്വവാദം പ്രസ്താവിച്ചത്. എന്നാൽ അങ്ങനെ സ്വതന്ത്രരാക്കിയ മനുഷ്യന് മുമ്പിൽ അതൊരു കർമപരിപാടിയും മുന്നോട്ട് വെച്ചില്ല. അങ്ങനെ മരുഭൂമിയിലേക്ക് എടുത്തെറിയപ്പെട്ടവരെ പോലെ, ഒന്നും ചെയ്യാനില്ലാത്ത ഒരു വ്യർഥജന്മമായി മനുഷ്യനെ മാറ്റുകയാണ് അസ്തിത്വവാദം ചെയ്തത്. എന്നാൽ ജീവിതത്തിൻെറ ഓരോ അണുവിനും അർഥം നൽകുന്ന വ്യവഹാരമായാണ് അന്നും ഇന്നും നിലനിന്നത്.

എന്നാൽ, പദാർഥ ബന്ധിതമായ അസ്തിത്വത്തിൽ നിന്നും മനുഷ്യനെ അതിഭൌതികമായ അസ്തിത്വത്തിലേക്ക് വിമോചിപ്പിക്കുകയും അങ്ങനെ അവന് പൂർണത പ്രദാനം ചെയ്യുകയാണ് ഇസ്ലാം ചെയ്യുന്നത്.

അതിഭൗതികം എന്ന ഒരു മണ്ഡലം ഇല്ലെങ്കിൽ പിന്നെ മഹാമാരികളും യാതനകളും വരുന്നത് എന്തുകൊണ്ടാണ്? പുതിയ സാഹചര്യത്തിലാണെങ്കിൽ, കൊറോണ വന്നത് എന്തുകൊണ്ട്? അത് ഇത് വരെ പരിഹരിക്കാൻ സാധിക്കാത്തത് എന്തുകൊണ്ട്? എന്ന് യുക്തിവാദികൾ വിശദീകരിക്കണം. ഇനി പരിഹരിക്കാൻ കഴിയും, മുമ്പ് അനേകം പ്രശ്നങ്ങൾ പരിഹരിച്ചു എന്നതല്ല പ്രശ്നം. ഇത് വരെ നേരിട്ട പരിമിതിയെയും ഇനി നേരിടാൻ പോകുന്ന പരിമിതിയും മനുഷ്യൻ എങ്ങനെ വിശദീകരിക്കും എന്നതാണ് പ്രശ്നം.

ലോകത്തെ മഹാമാരികൾ, ദുരന്തങ്ങൾ ഒക്കെ മനുഷ്യന്‌ പരിഹരിക്കാൻ കഴിയുന്നില്ല, ചിലത് മുൻ കൂട്ടി തടയാൻ പറ്റുന്നില്ല. ഇതിന് വിശ്വാസികൾക്ക് കൃത്യമായ വിശദീകരണം ഉണ്ട്. കൊറോണ വരുന്നത് എങ്ങനെ, നിപ്പ വന്നത് എങ്ങനെ ഭൂകമ്പം ഉണ്ടാവുന്നത് എങ്ങനെ, മനുഷ്യൻ മരിക്കുന്നത് എങ്ങനെ തുടങ്ങിയ “How” ചോദ്യങ്ങൾ മാത്രമേ ശാസ്ത്രം വിശദീകരിക്കുന്നു ള്ളൂ. എന്ത് കൊണ്ട് എന്ന “Why” ചോദ്യങ്ങൾ വിശദീകരിക്കുന്നില്ല. അവ തികച്ചും ദാർശനികമായ ചോദ്യങ്ങളാണ്. മനുഷ്യൻ ജനിച്ചത് എന്തിന്, മരിക്കുന്നത് എന്തിന്, ചിലർ ജീവിതം ആസ്വദിച്ചു തീരും മുമ്പേ മരിക്കുന്നത് എന്തിന്, ഈ ലോകത്ത് നീതി കിട്ടാത്തവർക്ക്‌ ഇനി എവിടെ നീതി കിട്ടും തുടങ്ങിയ ദാർശനികമായ അന്വേഷണങ്ങൾക്ക് ആരു മറുപടി പറയും? ആ പരിമിതിയുടെ ഉത്തരമാണ് പരലോകവും, ദൈവവും ഒക്കെ. അല്ലെങ്കിൽ പിന്നെ എന്ത് കൊണ്ട് മനുഷ്യന് പരിമിതികൾ ഉണ്ടാവുന്നു? എന്ത് കൊണ്ട് ചിലർ സുഖിക്കുമ്പോൾ ചിലർ യാതനകളിലൂടെ പോകുന്നു? ഇത്തരം ചോദ്യങ്ങൾക്കെല്ലാം വിശ്വാസിക്ക് കൃത്യമായ വിശദീകരണം ഉണ്ട്. യുക്തി വാദികളുടെയും, ശാസ്ത്ര മാത്രവാദികളുടെയും വിശദീകരണം കേൾക്കാൻ കൗതുകം ഉണ്ട്.

പ്രാർഥന എന്ന വ്യവഹാരം

പ്രാർത്ഥന ഭൗതിക ലോകത്ത് ജീവിക്കുന്ന മനുഷ്യന്റെ ആത്മീയമായ അസ്തിത്വത്തിൻറെ ഒരു ഭാഗം മാത്രമാണ്. ഭൗതിക ലോകത്തെ ഉത്തരവാദിത്തത്തിൽ പെട്ടതാണ് ആളുകളെ സ്നേഹിക്കുക, സാമൂഹിക നീതി നടപ്പാക്കുക, പ്രാപഞ്ചിക പ്രതിഭാസങ്ങളെ പറ്റി പഠിക്കുക, ജനോപകാര പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നിവയെങ്കിൽ ഈ പ്രവർത്തനങ്ങൾക്കു പിന്നിലെ ലക്ഷ്യങ്ങളെയും ഉദ്ദേശ്യശുദ്ധിയെയുമാണ് പ്രാർഥന എന്നുവിളിക്കുന്നത്. പ്രാർഥന എന്നാൽ ആവശ്യങ്ങൽ നേടൽ മാത്രമല്ല, ഭൌതികലോകത്ത് മനുഷ്യൻ ചെയ്യുന്ന സകലപ്രവർത്തനങ്ങളുടെയും പൊരുളും, ഉദ്ദേശ്യവും, ലക്ഷ്യവുമാണത്. ദൈവമെന്ന ഒരൊറ്റ ലക്ഷ്യമാകണം പ്രവർത്തനങ്ങൾക്ക് പിന്നിൽ. ആ ഉന്നത ലക്ഷ്യമില്ലാത്ത പ്രവർത്തനങ്ങൾ ഭൌതിക ലോകത്തെ പണം, പ്രതാപം, പ്രശസ്തി തുടങ്ങിയ ഏതെങ്കിലും സ്വാർഥ പ്രവണതകളിൽ തട്ടിവീണ് ജലരേഖ പോലെ അർഥമില്ലാതാവുന്നു. അപരന് വേണ്ടിയല്ലാതാവുന്നു, അവനവന് വേണ്ടി സ്വാർഥമാവുന്നു.

പ്രാർഥിച്ചിട്ട് എന്തുകൊണ്ട് മഹാമാരികൾ വിട്ടുപോകുന്നില്ല എന്ന് ചോദിച്ചവരുണ്ട്. ഒന്നാമതായി, പ്രാർഥനയെ പ്രശ്നങ്ങളിൽ നിന്നും പുറത്ത് കടക്കാനുള്ള ഒറ്റമൂലിയായി ദൈവം പോലും നിർദ്ദേശിച്ചിട്ടില്ല. മറിച്ച് പ്രാർത്ഥനയുടെ മൂർത്ത ഭാവമായ പ്രവർത്തനം കൂടി മനുഷ്യന്റെ ഉത്തരവാദിത്തം ആണ്. മനുഷ്യാസ്തിത്വത്തിൻറെ ഇരുതലവും പരിഗണിച്ചാൽ പ്രാർഥനമാത്രം ചെയ്ത് വെറുതെയിരിക്കുന്നത് ഇസ്ലാം നിരുത്സാഹപ്പെടുത്തുന്നു. വിപത്ഘട്ടങ്ങളും പ്രയാസങ്ങളും വരുമ്പോൾ ഭൌതികതലത്തിൽ അതിന് പരിഹരിക്കാൻ ശ്രമിക്കുക, പരിഹരിക്കപ്പെടാത്തതിനെ ചൊല്ലി വേവലാതിപ്പെടാതെ ക്ഷമ കൊള്ളുക എന്നതാണ് പ്രാർഥന.

രണ്ടാമതായി, പ്രാർഥന ദൈവത്തിൻറെ പരമാധികാരത്തിൻറെ പ്രകാശനം കൂടിയാണ്. മനുഷ്യൻ ഏത് സാഹചര്യത്തിലും സ്രഷ്ടാവിനെ വണങ്ങണം എന്നതാണ് പ്രാർഥനയുടെ ആത്യന്തികമായ തേട്ടം. അല്ലാതെ സൃഷ്ടിയുടെ ആവശ്യങ്ങളുടെ ലിസ്റ്റ് വായിച്ച് അത് പരിഹരിക്കലല്ല.

മൂന്നാമതായി, പ്രാർഥിക്കുന്നവർക്ക് ഉത്തരം നൽകുമെന്ന് അല്ലാഹു തീർത്തു പറഞ്ഞിട്ടുണ്ട്. എന്നാൽ അത് അടിമകൾ വിചാരിക്കുന്ന രിതീയിലോ, സമയത്തോ, അളവിലോ ഒന്നും ആയിരിക്കണമെന്നില്ല. ചിലപ്പോൾ ചോദിച്ചത് തന്നെ ലഭിച്ചേക്കാം. മറ്റു ചിലപ്പോൾ ചോദിച്ചതിന് സമാനമായ ഒരു വിപത്ത് അല്ലാഹു ഒഴിവാക്കി കൊടുത്തേക്കാം. മറ്റു ചിലപ്പോൾ ചോദിച്ചത് മുഴുവൻ പരലോകത്ത് വെച്ചു നൽകാൻ മാറ്റിവെക്കപ്പെട്ടേക്കാം (മുസ്നദ് അഹ്മദ്). ഇവയിൽ ഏതെങ്കിലുമൊന്ന് ദൈവം മനുഷ്യന് വേണ്ടി തെരഞ്ഞെടുക്കും എന്നാണ് വിശ്വാസിയുടെ ബോധ്യം. തനിക്ക് വേണ്ടി തൻറെ സ്രഷ്ടാവ് ഏറ്റവും നല്ലതേ തെരഞ്ഞെടുക്കൂ എന്ന ബോധ്യം കൂടി വിശ്വാസിക്കുണ്ട്. ഭൌതികലോകത്ത് തനിക്ക് ഏറ്റവും ഉചിതമായ തെരഞ്ഞെടുപ്പ് ഏതാണെന്ന് വിശ്വാസിക്ക് മനസ്സിലാക്കാൻ കഴിയില്ല. ചിലപ്പോൾ മരണമായിരിക്കാം, മറ്റുചിലപ്പോൾ ജീവിതമായിരിക്കാം, ചിലപ്പോൾ പ്രയാസങ്ങളായിരിക്കാം, മറ്റു ചിലപ്പോൾ സുഖസുഷുപ്തിയായിരിക്കാം. തങ്ങൾ കാണുന്നതാണ് ഏറ്റവും നല്ലത്, തങ്ങൾക്ക് ദൃഷ്ടിഗോചരമായത് മാത്രമാണ് മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല തെരഞ്ഞെടുപ്പ് എന്ന് വിശ്വാസിക്കോ ശാസ്ത്രമാത്രമാദിക്കോ യുക്തിവാദിക്കോ അവകാശപ്പെടാൻ കഴിയില്ല. കാരണം, അവർക്ക് പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളെയും വിശദീകരിക്കാൻ കഴിയുന്നില്ല എന്നത് തന്നെ. മനുഷ്യൻ ഈ ലോകത്തിൻറെ സ്ഥലകാലചതുർമാന നൈരന്തര്യത്തിൽ (Four dimensional Space-time Continuum) ബന്ധിതനാണ്. അതിൽ മാത്രമാണ് അവൻ ജീവിക്കുന്നത്,അതിന് പുറത്ത് കടക്കാൻ അവന് ഇന്നുവരെ സാധിച്ചിട്ടില്ല. ഇന്ന് അറിയാത്തത് നാളെയാണ് ശാസ്ത്രം വിശദീകരിക്കുന്നത്. ഇന്നലെ കണ്ടെത്താത്ത മരുന്ന് ഇന്നാണ് കണ്ടെത്തുന്നത്. സ്ഥലകാലങ്ങളിൽ ബന്ധിതരാവുന്നതിനാലാണ് മനുഷ്യന് ഈ പരിമിയുണ്ടാവുന്നത്. ഇങ്ങനെ സ്ഥലകാലങ്ങളിൽ ബന്ധിതനാവുക എന്നത് തന്നെയാണ് മനുഷ്യൻറെ അടിസ്ഥാന പരിമിതികളിലൊന്ന്.

കൊറോണ വന്നത് കാരണം പ്രാർത്ഥിക്കുന്ന പൊതു ഇടങ്ങൾ മാത്രമേ തൽക്കാലം ഇല്ലാതായിട്ടുള്ളൂ. വീടകങ്ങളിൽ വിശ്വാസി കൂടുതൽ കൂടുതൽ പ്രാർത്ഥനകളിൽ മുഴുകി ഇരിപ്പാണ്. പ്രത്യക്ഷത്തിൽ ദൈവത്തെ സ്മരിക്കുന്ന ഇടങ്ങൾക്ക്‌ മാത്രമേ നിയന്ത്രണം ഉള്ളൂ. സ്വകാര്യ ഇടങ്ങളിൽ ദൈവത്തിനു കൂടുതൽ ദൃശ്യത വന്നിരിക്കുകയാണ്.

കൊറോണ ക്കാലത്ത് ദൈവമെവിടെ എന്നാണ് പലരും ചോദിക്കുന്നത്. അതിനുള്ള മറുപടി വ്യക്തമാക്കി കഴിഞ്ഞു. ഇനി ചോദിക്കാനുള്ളത് ശാസ്ത്രമാത്രവാദികൾ എവിടെ എന്നാണ്. ഭൗതിക ലോകത്തെ മാത്രം അംഗീകരിക്കുന്ന വരും, മനുഷ്യന് സർവവും വരുതിയിൽ ആക്കാൻ കഴിയുമെന്നും, എല്ലാം പരിഹരിക്കുമെന്നും വിശ്വസിക്കുന്നത് അവർ മാത്രമാണല്ലോ.

റശീദ് ഹുദവി ഏലംകുളം

ഹെഡ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റഡി ഓഫ് റിലീജ്യണ്‍
ദാറുല്‍ ഹുദാ ഇസ്്‌ലാമിക് യൂണിവേഴ്‌സിറ്റി

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.