രാഷ്ട്രീയ താല്‍പര്യങ്ങളുടെ നിലനില്‍പ്പിന് വേണ്ടി പ്രാക്തനകാലത്ത് രൂപപ്പെടുത്തപ്പെട്ട വര്‍ണ്ണാശ്രമ വ്യവസ്ഥയുടെ പ്രായോഗിക ശാലകള്‍ മതാധിഷ്ഠിതമാണെന്ന തിരിച്ചറിവാണ് കേരളയുക്തിവാദത്തിന്റെ ആചാര്യരായ സഹോദരന്‍ അയ്യപ്പനെയും കുറ്റിപ്പുഴ കൃഷ്ണന്‍ പിള്ളയെയും ഇ.വി പെരിയാറെയുമെല്ലാം നിരീശ്വര വാദികളാക്കിയത്. കീഴാളരുടെ സാമൂഹിക പരിഷ്‌കരണമായിരുന്നു അവരുടെയെല്ലാം അടിസ്ഥാന ലക്ഷ്യം. ആധ്യാത്മിക മഹത്വങ്ങളെ നിഷേധിച്ചുകൊണ്ട് തികഞ്ഞ ഭൗതികവാദിയായി മാറിയപ്പോഴും തന്റെ ഗുരു ശ്രീ നാരായണനോട് അങ്ങേയറ്റം ഭവ്യത കാത്തുസൂക്ഷിച്ചിരുന്നു സഹോദരന്‍ അയ്യപ്പന്‍. തന്റെ പിന്‍ഗാമിയായി ശ്രീനാരായണ ഗുരു സഹോദരന്‍ അയ്യപ്പനെ വാഴ്ത്തിയത് സാമൂഹികമായ ഉച്ഛനീചത്വങ്ങള്‍ക്കെതിരെയുള്ള ഉറച്ച സന്ദേശം എന്ന നിലയിലായിരുന്നു. അവരാരും ഇസ്്്‌ലാമോഫോബിക്കോ സെമിറ്റിക്-സംവരണ വിരുദ്ധരോ ആയിരുന്നില്ല.
അയ്യപ്പന്റെ മകളുടെ പേര് ആഇശ എന്നായിരുന്നു. ഇന്നത്തെ യുക്തിവാദികള്‍ക്ക് ഏറ്റവും വിരോധമുള്ള പേരുകളിലൊന്നാണ് ആഇശ. ‘എനിക്ക് മതമില്ല, ഞാനൊരു മതം തിരഞ്ഞെടുക്കുന്നുവെങ്കില്‍ അത് ഇസ്്‌ലാമാകുമെന്നായിരുന്നു’ ഇവി പെരിയാര്‍ പറഞ്ഞത്. എന്നാല്‍ തങ്ങളുടെ അടിസ്ഥാന നിലപാടിന്റെ കാര്യത്തില്‍ കേരളത്തിലെ നവനാസ്തികാചാര്യന്മാര്‍ക്ക് ധാരണയില്ല. ഇവി പെരിയോറയെയും സഹോദരന്‍ അയ്യപ്പനെയും തള്ളി വീര്‍ സവര്‍ക്കറെ സാമൂഹിക സമുദ്ധാരകന്‍ എന്ന് വിശേഷിപ്പിച്ച സി. രവിചന്ദ്രന്‍ വലതുപക്ഷ യൂറോപ്യന്‍ നാസ്തികതയാണ് പ്രചരിപ്പിക്കുന്നത്. മനുവിന്റെ വര്‍ണ്ണാശ്രമ വ്യവസ്ഥയുടെ ശാസ്ത്രീയവല്‍ക്കരണമാണ് നിയോഎയ്തിസത്തിന്റെ രാഷ്ട്രീയ മാനം. ‘നിങ്ങളുടെ മനുവിനെ നോക്കുമ്പോള്‍ നാസികളുടെ ഹിറ്റ്ലര്‍ എത്രയോ പാവമാണ്’ എന്ന് നിരീക്ഷിച്ച അയ്യപ്പന്‍ ഇവര്‍ക്ക് അനഭിമതനാവുന്നതില്‍ അത്ഭുതമില്ല. ചിലര്‍ വീക്ഷിക്കുന്നത് പോലെ ഭരണകൂടത്തോടുള്ള ദാസ്യമനോഭാവത്തില്‍ നിന്നല്ല നവനാസ്തികത വലതുപക്ഷ സവര്‍ണ്ണ ചേരിയിലേക്ക് ചായുന്നത്.
ശാസ്ത്രമാത്രവാദം എന്ന പഥാര്‍ത്ഥബന്ധിത പ്രാപഞ്ചിക വീക്ഷണം(സയന്റിസം) ആണ് അവരുടെ മതം. മനുഷ്യ ശരീരത്തിന്റെ ഉദാര സ്വാതന്ത്രവാദമായ മാനവികവാദ(ഹ്യൂമനിസം)ത്തെ തരാതരത്തില്‍ കൂടെ കൂട്ടി സയന്റിസത്തെ പ്രായോഗികവല്‍ക്കരിക്കുക എന്നതാണ് അവരുടെ രീതി. അതനുസരിച്ച് ന്യായാന്യായങ്ങള്‍ പ്രകൃതി നിര്‍ദ്ധാരണത്തിന്റെ ഭാഗമാണ്. അര്‍ഹതയുള്ളവരുടെ അതിജീവനം എന്ന തത്വത്തില്‍ നിലകൊള്ളുന്ന പരിണാമസിദ്ധാന്തം തന്നെയാണ് അവരുടെ പക്കല്‍ സാമൂഹിക മാറ്റങ്ങളുടെയും അടിസ്ഥാനം. അതനുസരിച്ച് സവര്‍ണ്ണരുടെ അടിമകളാകേണ്ടവരാണ് അവര്‍ണ്ണര്‍.
‘മേലാളന്മാരുടെ ഉന്നമനത്തിന് വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിക്കുക എന്നതാണ് കീഴാളന്മാരുടെ ജീവിതദൗത്യം’ എന്ന് പറഞ്ഞ ഫെഡറിക് നീഷേയും ‘സവര്‍ണ്ണമേധാവിത്വമാണ് പ്രകൃതിനീതി, അവര്‍ണ്ണര്‍ക്ക് അതിജീവനത്തിന് അവകാശമില്ല’ എന്ന് പറഞ്ഞ ജ്ഞാനോദയ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ഇമ്മാനുവല്‍ കാന്റും ‘സെമിറ്റിക് മതവിശ്വാസികള്‍ ഹോമോസാപ്പിയന്‍സല്ല, ബുദ്ധിവളര്‍ച്ച പൂര്‍ണ്ണമാവാത്ത പ്രീ ഹോമോപിരീഡുകാരാണ്’ എന്ന് പറഞ്ഞ റിച്ചാര്‍ഡ് ഡോക്കിന്‍സുമൊക്കെ മുന്നോട്ടുവെക്കുന്ന വംശീയനിര്യാതന നിരീശ്വരത്വത്തിന് വ്യക്തമായ രാഷ്ട്രീയ അജണ്ടകള്‍ ഉണ്ട്. ‘മനുഷ്യന് ശാശ്വതമായ ആത്മാവോ സവിശേഷമായ ആത്മാംശമോ ഇല്ല’ എന്ന ബെര്‍ട്രണ്ട്് റസ്സലിനെ പോലുള്ളവരുടെ ആത്മനിരാസവാദം കൂടെ ഇതിനോട് ചേരുമ്പോള്‍ തികഞ്ഞ മനുഷ്യത്വവിരുദ്ധമാവുകയാണ് നവനാസ്തികത. ഇത്തരക്കാരുടെ ഏറ്റവും വലിയ മലയാള ഫാന്‍സുകാരാണ് കേരളത്തിലുടനീളം ലിറ്റ്മസും എപിസ്റ്റയും നടത്തിക്കൊണ്ടിരിക്കുന്നത്.
അവരെ സംബന്ധിച്ചിടത്തോളം ഉദാരലൈംഗികത മനുഷ്യന്റെ ഉടലിന്റെ അവകാശമാണ്. അപ്പോള്‍ എല്‍.ജി.ബി.റ്റിക്കാര്‍ക്ക് വേണ്ടി ശബ്ദിക്കേണ്ടത് ഹ്യുമനിസത്തിന്റെ ഭാഗമാണ്. എന്നാല്‍ സംവരണമാവശ്യപ്പെടുന്ന ദളിത് പിന്നാക്കക്കാര്‍ക്ക് വേണ്ടിയോ അടിച്ചമര്‍ത്തപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയോ അവര്‍ ശബ്ദിക്കില്ല. കാരണം അത് പരിണാമ സിദ്ധാന്തത്തത്തിന് എതിരാണ്. അര്‍ഹതയുള്ളവരെ പ്രകൃതി നേരിട്ട് അതിജീവിപ്പിച്ചുകൊള്ളും. നാം വെറുതെ വിയര്‍ക്കേണ്ട എന്നതാണ് അവരുടെ നിലപാട്. ഇന്ത്യയില്‍ നവനാസ്തികതയുടെ കടിഞ്ഞാണിപ്പോള്‍ തീവ്ര ഹിന്ദുത്വയുടെ കരങ്ങളിലാണ്.
ദൈവനിഷേധ പ്രസ്ഥാനം പരദൈവ വിശ്വാസത്തിന്റെ രാഷ്ട്രീയ ഉപകരണമാവുന്നത് നാം എത്രയോ കണ്ടതാണ്. ശരീഅത്ത് പരിഷ്‌ക്കരണം, ഖുര്‍ആന്‍ ഭേദഗതീവാദം, മുത്തലാഖ് നിരോധനം, ഏക സിവില്‍കോഡ്, സ്ത്രീസ്വാതന്ത്രം, തീവ്രവാദാരോപണം തുടങ്ങിയ വിഷയങ്ങളില്‍ മുസ്ലിംകള്‍ക്കെതിരെ ചര്‍ച്ചാഗതി തിരിക്കാനുള്ള ഹിന്ദുത്വയുടെ ഏജന്‍സികളായാണ് സി. രവിചന്ദ്രനും അനുചരരും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
‘മുസ്്‌ലിംകള്‍ പൂര്‍ണ്ണ മനുഷ്യരല്ല’ എന്ന് പച്ചക്ക് പറയുന്ന കൃതികളെഴുതി, യുക്തിവാദികളെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്ന രീതി വലതുപക്ഷ യൂറോപ്പിലിപ്പോള്‍ പ്രചുരപ്രചാരം നേടിയ രാഷ്ട്രീയ തന്ത്രമാണ്. ‘സ്യുടോപോഡിയന്‍ പൊളിറ്റിക്സ്’ എന്നാണിതിനെ വിളിക്കുന്നത്. സൂക്ഷ്മജീവികള്‍ അവരുടെ ഇരകളെ ഒതുക്കുന്നതിനായി കപടപാദങ്ങള്‍ കൊണ്ട് വരിഞ്ഞുമുറുക്കി അകത്താക്കുന്ന ‘ഫാഗോസൈറ്റോസിസ്’ രീതി പോലെയാണിതെന്നാണ് നിരീക്ഷിക്കപ്പെട്ടത്. അതേസമയം, യുക്തിവാദികള്‍ മതവിശ്വാസികളിലേക്ക് പടരാന്‍ ശ്രമിക്കുന്നത് ‘ബാക്ടീരിയോഫോജുകള്‍’ എന്നറിയപ്പെടുന്ന വൈറസുകള്‍ സ്വന്തം ഡി.എന്‍ എ കുത്തിയിറക്കി ബാക്ടീരിയകളെ നശിപ്പിക്കുന്നത് പോലെയാണെന്നും പഠനങ്ങള്‍ പറയുന്നു. രണ്ട് രീതികള്‍ക്ക് പിറകിലും രാഷ്ട്രീയ ആസൂത്രണങ്ങള്‍ ഉണ്ട്.
താന്‍പോരിമാവിഭ്രാന്തി
കേരളത്തിലെ നാസ്തിക പ്രചാരകന്മാര്‍ താരതമ്യേന വിനയാന്വിതരും സാമൂഹിക പ്രതിബദ്ധതയുള്ളവരുമായിരുന്നു. പക്ഷെ, ഇപ്പോഴുള്ളവര്‍ താന്‍പോരിമാ വിഭ്രാന്തി ബാധിച്ച അഹംഭാവികളാണ്. ‘വിനയാന്വിതനായ നാസ്തികന്‍’ എന്ന സംജ്ഞ തീര്‍ത്തും അസാധ്യമായ സംയുക്തമായി, വിരുദ്ധോക്തിയായി മാറിക്കഴിഞ്ഞുകൊണ്ടിരിക്കുകയാണ്. തെറികളുടെയും കുത്തുവാക്കുകളുടെയും ഫാക്ടറികളായ അവര്‍ക്ക്, പ്രകോപനം സൃഷ്ടിച്ച് മതവിശ്വാസികള്‍ തീവ്രവാദികളാണെന്ന് വരുത്താന്‍ പ്രത്യേകം ചാവേറുകളുണ്ട്. ചാനലുകളിലും സെമിനാറുകളിലും വന്ന് മുസ്ലിം ആരാധനാപ്രതീകങ്ങളെ നികൃഷ്ടമായി അവമതിക്കുമ്പോള്‍ നിര്‍വ്വഹിക്കപ്പെടുന്ന ദൗത്യം അതാണ്. ‘മതം’ എന്ന വ്യവഹാരപദം ഇസ്ലാം മാത്രമാണെന്നും അതിനാല്‍ മതഭീകരത, മതമൗലികവാദം തുടങ്ങിയ പൊതു പ്രയോഗത്തിന്റെ ഉന്നം മുസ്ലിംകള്‍ മാത്രമാണെന്നും ഉള്ള ഭാഷാവ്യതിയാനം ആഗോളീയമായി ഇവര്‍ വികസിപ്പിച്ചുകഴിഞ്ഞു.പശ്ചിമേഷ്യന്‍ എഴുത്തുകാരായ ഫനാന്‍ ഹദ്ദാദ്, എഡ്വേര്‍ഡ് സൈദ് തുടങ്ങിയവര്‍ നാസ്തിക എഴുത്തുകാരനായ റോബിന്‍കറിന്റെ നിരീക്ഷണങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് പറയുന്നകാര്യം, പൊതുയുക്തി വിപരീതം ഇസ്്‌ലാമിക യുക്തി, പൊതുനിയമം/ഇസ്്‌ലാമിക നിയമം എന്ന ദ്വന്ദം ആഗോളതലത്തില്‍ പ്രചരിച്ചുകഴിഞ്ഞു എന്നാണ്. ഈ ആനുകൂല്യത്തില്‍ നവനാസ്തികര്‍ ‘പൊതു’വിനെതിരായതിനാണ് മതം എന്ന് പറയുന്നത് എന്നാക്കിമാറ്റി.
സര്‍വ്വവിജ്ഞാനകോശങ്ങളാണെന്ന ഭാവേന രംഗത്തത്തുവന്ന ഇവരുടെ പ്രഭാഷകര്‍ക്ക് പ്രതിപക്ഷ ബഹുമാനം എന്താണെന്നറിയില്ല. ചുരുങ്ങിയത് സഹസ്രാബ്ദങ്ങളായി മനുഷ്യസമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു സാമൂഹിക സ്ഥാപനമാണ് മതം എന്ന അടിസ്ഥാനതത്വം ഓര്‍ക്കാന്‍ പോലും തയ്യാറാവുന്നില്ല. ‘ദൈവമില്ല’ എന്ന വാദം ഉണ്ടാവാന്‍ ‘ദൈവമുണ്ട്’ എന്ന വാദം മുന്‍കടക്കണം എന്നതാണ് പ്രാഥമിക യുക്തി. നിഷേധാത്മകത (ഘശീേലേ)െ ആണ് അവരുടെ അടിസ്ഥാനം എന്നതാവാം ഈ സ്വഭാവത്തിന്റെ കാരണം .
ലിബറല്‍ സ്ത്രീക്കെതിരെ അരവാക്ക് പറഞ്ഞാല്‍ കാടിളകി വരുന്നവര്‍ അല്ലാഹു കഞ്ചാവാണെന്നും പ്രവാചകന്‍ കോമഡിയാണെന്നും പറയുമ്പോള്‍ വൈകാരികമായി എത്രമാത്രം ദുര്‍ബലന്മാരാണ് എന്ന് മനസ്സിലാക്കിത്തരികയാണ്. അത്തരം ഉന്മാദങ്ങളെ-പാഴ്‌മൊഴികളെ കോമഡികളായി കണ്ട് തള്ളിക്കളയാന്‍ മാത്രം മുസ്്‌ലിം സമുദായത്തിന് ബൗദ്ധികപൂര്‍ണ്ണതയുള്ളതിനാല്‍ അവഗണിക്കുകയാണ് മുസ്്‌ലിംകളുടെ പൊതുനിലപാട്.
സി. രവിചന്ദ്രന്‍ എന്ന കോളേജ് പ്രൊഫസറുടെ അവധാനത തന്നെ വളരെ ദയനീയമാണ്. അജ്ഞതയും മുന്‍ധാരണകളും മാത്രമാണ് അദ്ദേഹത്തിന്റെ ഇസ്്‌ലാം കാര്യങ്ങള്‍. അല്ലാഹുവല്ല, മുഹമ്മദ് നബിയാണ് മുസ്്‌ലിംകളുടെ യഥാര്‍ത്ഥ ദൈവം എന്നാണ് രവിചന്ദ്രന്റെ നിരീക്ഷണം. അതിന്റെ കാരണമാണ് വിചിത്രം.’അല്ലാഹുവിനെ ആക്ഷേപിച്ചാല്‍ മുസ്ലിംകള്‍ സഹിക്കും, പക്ഷെ മുഹമ്മദിനെ ആക്ഷേപിച്ചാല്‍ കൈവെട്ടിക്കളയും’. ‘ദൈവം ഉണ്ടായിരുന്നു, പക്ഷെ, ഇപ്പോള്‍ ചത്തു’ എന്ന് പറഞ്ഞ നീഷെയെ ആരാധിക്കുന്ന മനുഷ്യന്റെ വിഭ്രാന്തികളാണ് സത്യത്തില്‍ ഡോക്കിന്‍സിയന്‍ വീക്ഷണങ്ങള്‍. അതില്‍ നിന്നും സംസാരിക്കാന്‍ പഠിക്കുന്ന നാസ്തികസന്യാസിമാരുടെ ഭാഷാസംസ്‌കാരം ഇവ്വിധമേ വരാന്‍ നിവൃത്തിയുള്ളൂ.
സെക്യുലര്‍ നാസ്തികതയും നെഹ്‌റുവും
നിരീശ്വരവാദികളെ സംബന്ധിക്കുന്ന മലയാളത്തിന്റെ ആലോചനകള്‍ ആരംഭിക്കുന്നതിനും മുമ്പേ മനസില്‍ കമ്മ്യൂണിസ്റ്റ് ആചാര്യന്മാരുടെ ചിത്രമാണ് തെളിയാറുള്ളത്. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും ‘പ്രതിഭാധനനായ’ നിരീശ്വരവാദി ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. കമ്മ്യൂണിസ്റ്റ് നേതാക്കള്‍ എത്ര പണ്ഡിറ്റുകളായാലും ഇന്‍ഫര്‍മേഷന്‍ ബാങ്ക് എന്നതിലുപരി പ്രായോഗിക തന്ത്രങ്ങള്‍ കുറഞ്ഞവരായിരുന്നുവല്ലോ എന്നുമെവിടെയും. അത് കൊണ്ട് തന്നെ അവര്‍ ഇന്ത്യയിലെ മണ്ണും മനസ്സും ഉള്ളതും ഇല്ലാത്തതുമായ നൂറായിരം സൂപര്‍സ്റ്റീഷനുകളെ ചുറ്റിക്കറങ്ങുന്നതാണെന്ന യാഥാര്‍ത്ഥ്യം മറന്ന് ദൈവത്തിനെയും മതത്തെയും കലാപത്തിന് ക്ഷണിച്ച് ക്ഷണികമായി ചുരുങ്ങി. കമ്മ്യൂണിസത്തിന് ആത്മനിഷ്ഠാവാദത്തിന് പകരം മറ്റൊന്നില്ലാത്തതിനാല്‍ നിരാസകരും നിഷേധികളുമായി അവര്‍ മാറുകയും ചെയ്തു .
നെഹ്‌റു ബുദ്ധിമാനായതിനാല്‍ അദ്ദേഹത്തിന്റെ ദൈവനിഷേധം വിധായകമായിരുന്നു. ശാസ്ത്ര ബോധത്തിലൂന്നിയ യൂറോപ്യന്‍ പദാര്‍ത്ഥവാദമായിരുന്നു അദ്ദേഹത്തിന്റെ ബദല്‍. ശാസ്ത്രബോധം (സയന്റിഫിക് ടെംമ്പര്‍) എന്ന പദം അദ്ദേഹമാണ് ഇന്ത്യന്‍ സമൂഹത്തിന് ആദ്യമായി എഴുത്തുകളിലൂടെ കൈമാറിയത്. ഭരണഘടനയിലേക്ക് പോലും നെഹ്‌റുവിന്റെ സ്വാധീനം മൂലം അത്തരമൊരാശയം കടന്നുവന്നു. ‘ശാസ്ത്രബോധവും, ചിന്താ രീതികളും, മാനവികതയും, സാമൂഹിക പരിഷ്‌കരണവും, അന്വേഷണാത്മകതയും ഉയര്‍ത്തിപ്പിടിക്കുക എന്റെ ലക്ഷ്യമാകുന്നു’ (മൗലിക കര്‍ത്തവ്യങ്ങള്‍, ആര്‍ട്ടിക്കിള്‍ 51 എ).
അവസരം ലഭിക്കുമ്പോഴെല്ലാം നെഹ്‌റു തനി നാസ്തിക സ്വഭാവം പുറത്തെടുത്തിരുന്നു. നെഹ്റുവിന്റെ ഭരണകാലത്ത്, രാജ്യത്തെ ഒരു പ്രധാന ദിവ്യന്‍ അദ്ദേഹത്തെ കാണുവാനായി അനുവാദം ചോദിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി. ഈ ദിവ്യന്റെ അത്ഭുതപ്രവൃത്തികള്‍ നേരിട്ടു കണ്ടിട്ടുള്ള നെഹ്റുവിന്റെ സെക്രട്ടറി നെഹ്റുവിനോട് ഇപ്രകാരം പറഞ്ഞു. അന്തരീക്ഷത്തില്‍ നിന്ന് ലഡ്ഡുവും, ജിലേബിയും, വിഭൂതിയും മറ്റും സൃഷ്ടിക്കുന്ന മഹാത്മാവാണ് അദ്ദേഹം. നെഹ്റുവിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘തീര്‍ച്ചയായും ഞാന്‍ അദ്ദേഹത്തെ കാണാം. ആ മൈതാനത്തിലേയ്ക്ക് മാറിനിന്ന് അരിയും ഗോതമ്പും അന്തരീക്ഷത്തില്‍ നിന്ന് സൃഷ്ടിച്ചെടുക്കുവാന്‍ പറയൂ. എന്റെ രാജ്യത്തെ ദരിദ്രര്‍ക്ക് അതൊരനുഗ്രഹമാകുമല്ലോ.”
സെക്കുലറിസം എന്ന ആശയത്തെ മതമുക്ത രാജ്യം എന്ന് തന്നെയാണ് അദ്ദേഹം വിവക്ഷിച്ചത്. സ്റ്റേറ്റുമായി മതങ്ങള്‍ക്ക് ബന്ധമുണ്ടാവരുത് എന്ന മറുവരികളാല്‍ അത് അദ്ദേഹം ഒളിപ്പിച്ചു കടത്താനാണ് ശ്രമിച്ചത്. അസോസിയേഷന്‍ ഫോര്‍ സയന്റിഫിക് ടെംമ്പര്‍ എന്ന ഒരു സംഘടന നെഹ്‌റു രൂപീകരിച്ചിരുന്നു. ഈ സംഘടനയില്‍ ചേരുമ്പോള്‍ ശാസ്ത്രജ്ഞര്‍ ഒപ്പിട്ടു കൊടുക്കേണ്ട ഒരു വാചകമായിരുന്നു ഈ പ്രസ്ഥാനത്തിന്റെ തകര്‍ച്ചയ്ക്കു ഹേതുവായ വില്ലന്‍. ”അറിവ്/ജ്ഞാനം എന്നത് തികച്ചും മാനുഷികശ്രമങ്ങളിലൂടെ മാത്രം ആര്‍ജ്ജിക്കേണ്ട ഒന്നാകുന്നു. മനുഷ്യന്റെ എല്ലാ വിധ പ്രശ്നങ്ങളും അവന്റെ ധാര്‍മ്മികവും, ധിഷണാപരവുമായ ശക്തികളാലും, സ്രോതസ്സുകളാലും പരിഹരിക്കേണ്ടവയാണ്. മറിച്ച് അതീന്ദ്രിയവും, അമാനുഷികവുമായ ശക്തികളെ ഉണര്‍ത്തിയല്ല പ്രശ്നപരിഹാരം തേടേണ്ടത്” എന്നായിരുന്നു ആ വാചകം.
ധാര്‍മികതയുടെ യുക്തിയും മതവും
ഇസ്ലാം ഒരു മതമാണ് എന്ന പ്രസ്താവന നിര്‍വ്വചനപരമായി അപൂര്‍ണ്ണമാണ്. ഇസ്ലാം എന്നാല്‍ പ്രാപഞ്ചികതയുടെയും പ്രാതിഭാസികതയുടെയും നൈസര്‍ഗ്ഗികഭാവമാണ്, തന്‍മയത്വമാണ്. പ്രകൃതിയുടെ പ്രകൃതം, പ്രപഞ്ചത്തിന്റെ അടിസ്ഥാനം, ജൈവിക പ്രക്രിയകളുടെ തനിമ എന്നിവയൊക്കെ ഉള്ളടങ്ങിയ വ്യവസ്ഥയാണത് . ഈ മഹാ കോസ്മോളജിക്കല്‍ ശൃംഖലയുടെ ഭാഗമായതിന്റെയെല്ലാം മതം ഇസ്ലാമാണ്. അതായത്, സൃഷ്ടി പ്രപഞ്ചങ്ങളുടെ ചെറിയൊരംശം മാത്രമായ ഭൂമിയിലെ ചെറിയൊരു ജീവിവര്‍ഗമായ മനുഷ്യര്‍ക്കിടയിലെ ഒരു നിയമവ്യവസ്ഥ മാത്രമല്ല ഇസ്ലാം എന്ന് സാരം. വാനഭുവനങ്ങള്‍, തരുതാരങ്ങള്‍, ശൃംഗഗര്‍ത്തങ്ങള്‍, ഉത്ഥാന പതനങ്ങള്‍ തുടങ്ങി മഞ്ഞാകട്ടെ, മലരാകട്ടെ, മധുവാകട്ടെ, ലതയാകട്ടെ, കതിരാവട്ടെ, അതിനകത്തെ സൂക്ഷ്മമായ ആറ്റമിക് ശൃംഖലകളാവട്ടെ എല്ലാം അവയുടെ നാഥനായ സൃഷ്ടാവിനെ സങ്കീര്‍ത്തനം
ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതാണ് ഇസ്ലാമിന്റെ പ്രാപഞ്ചിക സങ്കല്‍പം. സര്‍വ്വം അവയുടെ നാഥന് സങ്കീര്‍ത്തനം ചൊരിയുന്നു; സര്‍വ്വതിനും അവയുടേതായ പ്രാര്‍ത്ഥനയും ദൈവ കീര്‍ത്തനവും അറിയാം, ദൈവഭയം കാരണത്താല്‍ പാറകള്‍ പിളര്‍ന്ന് അരുവികള്‍ പ്രവഹിക്കുന്നു തുടങ്ങിയ ഖുര്‍ആനിക വചനങ്ങള്‍ തുറന്നിടുന്നത് വിശാലമായ ഈ അര്‍ത്ഥതലങ്ങളാണ്.
ഊര്‍ജ്ജങ്ങളുടെ ഉറവിടം ഉണ്‍മകളാണ്. പദാര്‍ത്ഥ ബന്ധിതമായല്ലാതെ ഊര്‍ജ്ജങ്ങളെ മനസ്സിലാക്കല്‍ അസാധ്യമാണ്. പദാര്‍ത്ഥങ്ങളുടെ മതം ഇസ്ലാമാണെങ്കില്‍ അവ ഉല്‍പ്പാദിപ്പിക്കുന്ന അവയുടെ ഉപലബ്ധികളോ നിഷ്പന്നിതങ്ങളോ ആയ കാര്യങ്ങളും ഇസ്ലാമിക വൃത്തത്തിനകത്ത് തന്നെ വരുന്നതാണ്. അപ്പോള്‍ ധാര്‍മ്മികതയുടെ പ്രേരണകളായി മാറുന്നുവെന്ന് പറയപ്പെടുന്ന ഹോര്‍മോണുകള്‍ പോലും ‘മുസ്ലിം’ ആണ്. അചേതന വസ്തുക്കളും കണങ്ങളും കണികകളും തരംഗങ്ങളും ദൈവത്തെ സ്തുതിച്ച് കൊണ്ടാണ് നിലകൊള്ളുന്നത്.
‘അവിശ്വാസം’ ഈ പ്രപഞ്ചത്തിന്റെ ഏറ്റവും ചെറിയൊരംശമാണ്. ഭൂമിയിലെ മൂന്നിലൊന്നു വരുന്ന കരയിലെ മനുഷ്യരുടെ ഹൃദയത്തില്‍ മാത്രമുള്ള ഒരു ധാരണാപിശകാണ് അവിശ്വാസം. സത്യത്തില്‍ ആ അവിശ്വാസി എന്ന ജഡിക പദാര്‍ത്ഥം-അവന്റെ ഉണ്‍മയും ഉടലും- മുസ്ലിമാണ് എന്ന് പറയാം. തന്റെ വിചാരവികാരങ്ങളുടെ ഉറവിടമായ ആത്മാവ്, തന്റെ ഉടലിനകത്ത് നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ജൈവിക പ്രക്രിയകളുടെ ആസൂത്രണം, മജ്ജയിലും മാംസത്തിലും രക്തത്തിലും നടന്നുകൊണ്ടിരിക്കുന്ന സൂക്ഷ്മമായ ദൈവിക സങ്കീര്‍ത്തനങ്ങള്‍ എന്നിവയെ ഒരു വ്യക്തി നിരാകരിക്കുന്നതാണ് അവിശ്വാസം; അങ്ങനെ അവിശ്വസിക്കുമ്പോഴും അയാള്‍ ‘മുസ്ലിം ‘ കോസ്‌മോസിന്റെ അംശമാണ്. ഇസ്ലാം പ്രാപഞ്ചിക മതമായത് കൊണ്ടാണ് അതിന്റെ അഭിസംബോധന മാനവിക സമൂഹത്തോട് മൊത്തമായത് എന്നതിന്റെ ദാര്‍ശനിക തലം അതാണ്.
ദൈവനിഷേധികള്‍ ധാര്‍മികതയുടെ ഉറവിടത്തെ സംബന്ധിച്ച് പറയുന്ന കാര്യങ്ങള്‍ നിരര്‍ത്ഥകമാണെന്ന് ഇവിടെ വെച്ച് ഗ്രഹിച്ചെടുക്കാം. സഹജമായതോ, ആര്‍ജ്ജിതമായതോ ആയ മസ്തിഷ്‌ക പ്രക്രിയകളാണ് വ്യക്തിയുടെ ധാര്‍മിക ബോധം നിര്‍ണയിക്കുന്നത് എന്ന പ്രസ്താവനയെ ഇസ്ലാമികമായി നിര്‍ദ്ധാരണം ചെയ്യാനാവും. ധാര്‍മിക ബോധത്തിന്റെ ഉറവിടം ഏതാണ് എന്ന അന്വേഷണത്തിന്റെ അവസാനമാവാന്‍ മസ്തിഷ്‌കം കൊള്ളില്ല. ഓക്സിടോസിന്‍, വാസോപ്രസിന്‍ എന്നീ ഹോര്‍മോണുകള്‍ വഴിയാണ് പ്രേരണകള്‍ ആവേഗങ്ങളായി പടര്‍ന്ന് കൃത്യങ്ങള്‍ ചെയ്യാനും ചെയ്യാതിരിക്കാനും അവയവങ്ങള്‍ സജ്ജമാവുന്നതെന്നും ആത്യന്തികമായി മസ്തിഷ്‌കത്താല്‍ നിയന്ത്രിതമാവുന്ന നാഡീവ്യൂഹമാണ് ശാരീരിക സന്ധാരണങ്ങളുടെ ആധാരം എന്നും പറയുന്നത് ദൈവത്തെ, സൃഷ്ടാവിനെ നിരാകരിക്കാന്‍ കൊള്ളുന്ന ന്യായമല്ല. പ്രത്യുത, അലൗകിക ധാര്‍മ്മിക വ്യവസ്ഥയെ(ഒബ്ജക്ടീവ് മൊറാലിറ്റി) ശാക്തീകരിക്കുന്ന സാധൂകരണം തന്നെയാണ് ആ വാദം. അത്തരത്തില്‍-രക്ത വാഹിനികളിലൂടെ ഹോര്‍മോണുകളെ പ്രവഹിപ്പിക്കുന്നതും ബയോ-ഓര്‍ഗാനിക് സംവേദന വ്യവസ്ഥ സാധ്യമാക്കുന്നതും ആരാണ് എന്ന് ചിന്തിക്കാനാണ് മതം ആവശ്യപ്പെടുന്നത്. കാര്യകാരണ ബന്ധിതമാണ് ഈ ലോകക്രമം.
ദൈവനിഷേധികള്‍ നിരത്തുന്ന ബദല്‍ ന്യായങ്ങള്‍ മുഴുവന്‍ ദൈവം ഇടപെടുന്ന കാരണങ്ങളാണ് എന്നതാണ് വാസ്തവം. രക്തവും അതിന്റെ ഉപോല്‍പ്പന്നങ്ങളും അടങ്ങിയ വ്യവസ്ഥക്ക് പിന്നിലാണ് ധാര്‍മികബോധത്തിന്റെ ഉറവിടം. മനുഷ്യന്‍ നന്നാവാന്‍ ഇസ്്‌ലാമിലേക്ക് വരണം എന്നതല്ല കാര്യം. ഏത് മനുഷ്യനകത്തും കുടികൊള്ളുന്ന നന്മകളുടെ ഉറവിടം ഏതാണെന്ന് കണ്ടെത്തുമ്പോള്‍ അയാള്‍ ഇസ്്‌ലാമിലെത്തുകയാണ് ചെയ്യുന്നത്. ആ നന്മകളുടെ ജനിതകഘടന സംവിധാനിച്ചവനെ ആരാധ്യനാക്കുകയാണ് ചെയ്യേണ്ടത്.
ജീവിച്ചു വരുന്ന സാഹചര്യങ്ങള്‍, മാനസികമായ ആനന്ദങ്ങളും ആഘാതങ്ങളും, സവിശേഷമായ ജനിതകഘടന തുടങ്ങിയവ ധാര്‍മിക ബോധത്തെ മാറ്റിമറിച്ചേക്കാം എന്ന വസ്തുത ‘മത ധാര്‍മ്മിക സങ്കല്‍പത്തെ’ ഒരുവിധത്തിലും ബാധിക്കുന്നില്ല. മുഴുവന്‍ നവജാതപ്പിറവിയും പ്രകൃതിയുടെ നൈസര്‍ഗിക ഭാവത്തിലാണ്, പിന്നീട് സാഹചര്യങ്ങളാണ് അവനെ മാറ്റുന്നത് എന്ന പ്രവാചക വചനം സുവിദിതമാണ്. മറ്റൊരര്‍ത്ഥത്തില്‍, രക്തം സഞ്ചരിക്കുന്ന വഴികളിലൂടെയല്ലാം പിശാചും സഞ്ചരിക്കുന്നുണ്ട് എന്ന മതകീയ കാഴ്ചപ്പാടിന്റെ പ്രായോഗിക നിദാനങ്ങളാവാം ഈ പറയുന്ന ജനിതക ധാര്‍മ്മിക ഘടന.
മനുഷ്യ നിര്‍മ്മിതവും യുക്തി കേന്ദ്രീകൃതവുമായ പുതിയ പദാര്‍ത്ഥവാദികളുടെ, ധാര്‍മ്മികതയെ സംബന്ധിക്കുന്ന സിദ്ധാന്തങ്ങള്‍ മനുഷ്യജീവിതത്തിന് മഹാ ഭീഷണിയും ബൗദ്ധികമായി അപൂര്‍ണ്ണവുമാണ്. ഒരു അമൂര്‍ത്തമായ തത്വത്തെ കേന്ദ്രീകരിച്ച് ശരിതെറ്റുകള്‍ വിവേചിക്കുന്ന രീതിശാസ്ത്രമാണ് ധാര്‍മ്മിക സംശോധന. അവിടെ ബലാബലത്തില്‍ ഏര്‍പ്പെടുന്ന ന്യായങ്ങളും നിര്‍ണ്ണയങ്ങളും തുല്യ ബൗദ്ധിക ശക്തികളുടേതാവുമ്പോള്‍ പ്രാമുഖ്യവും മുന്‍ഗണനയും ഒന്നിനും ഇല്ലാതാവും. മനുഷ്യാധീത നിയമവ്യവസ്ഥയുടെ പ്രസക്തി പ്രായോഗികമായും താത്വികമായും നിഷേധിക്കാനാവില്ല.
ഉദാഹരണം നോക്കാം; വികസിത രാഷ്ട്രങ്ങളില്‍ ചിലത് ദയാവധം അനുവദിക്കുന്നു, ചിലര്‍ അനുവദിക്കുന്നില്ല. മറ്റു ചിലയിടങ്ങള്‍ വധശിക്ഷകള്‍ നടപ്പിലാക്കുന്നു, ചിലര്‍ കുറ്റവിപാടനത്തിനുതകുന്ന മാനസിക ചികിത്സകള്‍ നല്‍കി വധശിക്ഷ ഒഴിവാക്കുന്നു. ഇത്തരം ദ്വിമാന ന്യായങ്ങള്‍ ഉണ്ടാവുന്നത് മതവും മതേതരത്വവും എന്ന ദ്വന്ദത്തില്‍ നിന്നല്ല, വ്യത്യസ്ത മതേതര യുക്തികളാണവ.
മൃഗരതിയും സ്വവര്‍ഗരതിയും നിയമപരമാക്കിയ രാഷ്ട്രങ്ങളും ഇവക്ക് നിയമ പരിരക്ഷ നല്‍കുന്നത് ധാര്‍മ്മികമായി ശരിയല്ല എന്ന് പറയുന്ന രാഷ്ട്രങ്ങളും വികസിത യൂറോപ്പില്‍ തന്നെയുണ്ട്. ചില ഘട്ടങ്ങളില്‍ രണ്ടും ശരിയാവുന്നതും മറ്റു ചിലപ്പോള്‍ ഒരു വിഭാഗം കണ്ടെത്തുന്ന ശരി മറുവിഭാഗത്തിന് കടുത്ത അപരാധമാവുന്നതും കാണാം. ഇവിടെ അന്തിമ ശരി ഏെതന്ന് ആരു പറയും? അങ്ങനെയാണ് ശരി തെറ്റുകള്‍ നിര്‍ണയിക്കേണ്ടത് എന്ന നിലപാട് ധാര്‍മികമായി ശരിയാണോ തെറ്റാണോ എന്ന് എങ്ങനെ കണ്ടെത്തും, മനുഷ്യ യുക്തി അന്തിമമാവുന്ന ധാര്‍മിക സങ്കല്പം ശാസ്ത്രീയമാണെന്നോ അല്ലെന്നോ ആരു തീരുമാനിക്കും?, തീരുമാനമായാല്‍ തന്നെ ആ സമീപനരീതി ധാര്‍മികമായി ശരിയാണോ തെറ്റാണോ എന്ന് ഏത് മാനദണ്ഡപ്രകാരം വിധി പറയും? കേവലം പ്രഹേളിക രൂപപ്പെടുത്താനല്ല ഇങ്ങനെ പറയുന്നത്. തീരാത്ത സന്ദേഹങ്ങളുടെ അനന്തസാധ്യതാ ദോഷങ്ങള്‍ മാത്രമാവും ബൗദ്ധികമായി അപ്പോള്‍ ബാക്കിയാവുക.
മിഡില്‍ ഈസ്റ്റിലെ നിലക്കാത്ത രക്തച്ചൊരിച്ചിലുകളാണ് ഇസ്ലാമിക ധാര്‍മികതയുടെ വന്ധ്യത ചൂണ്ടിക്കാണിക്കാന്‍ പാശ്ചാത്യ നിരീശ്വര സൈദ്ധാന്തികര്‍ ഉദാഹരിക്കാറുള്ളത്. സമാധാനവും സന്തോഷവും കളിയാടാന്‍ ആഗ്രഹിക്കുന്ന ലോകത്തിന് ഇസ്ലാം ഏതുവിധത്തില്‍ ഭീഷണിയാവും എന്ന് തെളിയിക്കാന്‍ അത് നല്ല ഉദാഹരണമാണത്രെ! യുക്തി നിര്‍മ്മിത ധാര്‍മികതയുടെ അപര്യാപ്തതയാണ് അവിടെയും കാണുന്നത്. സമാധാനവും സന്തോഷവും അമൂര്‍ത്തമാണ്. രാഷ്ട്രീയപരവും മതകീയവുമായ ശരിതെറ്റുകള്‍ക്കപ്പുറം അവിടെ യുദ്ധങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ നിറഞ്ഞ സന്തോഷത്തിലും ദൈവിക മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിക്കുന്നതില്‍ ആനന്ദത്തിലുമാണ്.
കാര്‍പീഡിയനിസ്റ്റുകള്‍ക്ക് മദ്യവും മദാലിസയും നല്‍കുന്ന ആനന്ദം ജിഹാദികള്‍ക്ക് യുദ്ധവും ഭാവി സ്വപ്‌നവും പ്രദാനിക്കുന്നുണ്ടെന്നതാണല്ലോ കാര്യം. സമാധാന സന്തോഷങ്ങള്‍ പ്രദാനിക്കുന്നത് ശരിയും അങ്ങനെയല്ലാത്തവ തെറ്റുമാണെന്ന മനുഷ്യയുക്തി അനുസരിച്ച് ഇവിടെ ആരാണ് ശരി. ഒരിക്കലും അന്തിമവാക്ക് പറയാനാവില്ല. മറ്റൊരര്‍ത്ഥത്തില്‍, രക്തം ചൊരിയുന്ന മുസ്ലിം രാഷ്ട്രങ്ങള്‍ തെറ്റാണെങ്കില്‍ അവര്‍ക്ക് ആയുധം നല്‍കുന്ന നിരീശ്വരത്വത്തില്‍ വളര്‍ന്ന രാഷ്ട്രങ്ങളായ ചൈനയും റഷ്യയും ശാസ്ത്ര ബോധത്തില്‍ മുന്‍പന്തിയിലുള്ള അമേരിക്കയും നാറ്റോ രാഷ്ട്രങ്ങളും എത്രമാത്രം വലിയ തെറ്റുകളാണ്!
ഇത്തരം സൈദ്ധാന്തിക ജാഡകള്‍ എത്രമാത്രം അപകടകരമാണെന്ന് മനസ്സിലാക്കാന്‍ ഇയ്യിടെ ദ ഗാര്‍ഡിയന്‍, വാള്‍സ്ട്രീറ്റ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത പീറ്റര്‍ സിംഗന്റെ ചിന്തകള്‍ പരിശോധിച്ചാല്‍ മതി. മതാധിഷ്ഠിത ധാര്‍മികതയെ ചെറുത്തുനില്‍ക്കുന്ന അന്താരാഷ്ട്ര ഐക്കണുകളില്‍ ഏറ്റവും പ്രഗല്ഭനായ അദ്ദേഹം റിച്ചാര്‍ഡ് ഡോക്കിണ്‍സിന്റെ മിത്രവും ബയോ എത്തിക്സില്‍ രചിക്കപ്പെട്ട പത്തോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ്. അത്യന്തം ‘അപകടകാരിയായ മനുഷ്യന്‍’ എന്നാണ് ദ ഗാര്‍ഡിയന്‍ അദ്ദേഹത്തിന് നല്‍കിയ വിലാസം. മനുഷ്യരുടെ സന്തോഷ ജീവിതത്തിന് തടസ്സങ്ങള്‍ ആവുന്നതിനെയെല്ലാം വിപാടനം ചെയ്യണം എന്ന യൂട്ടിലിറ്റേറിയന്‍ ഫിലോസഫിയാണ് അദ്ദേഹത്തിന്റെ രചനകള്‍. ഭിന്നശേഷിക്കാരായ കുട്ടികളെ വധിക്കാം, ബാധ്യതയായ മാതാപിതാക്കളെ വകവരുത്താം, സമ്മത ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെങ്കിലും മൃഗങ്ങളെ സംസര്‍ഗിക്കാം, സങ്കര സന്താനങ്ങളെ ഉത്പാദിപ്പിക്കാം തുടങ്ങിയ നിലപാടുകളാണ് അദ്ദേഹത്തിന്റെത്. സന്തോഷം ലഭിക്കാത്തവര്‍ ആത്മഹത്യയിലഭയം തേടി കൊള്ളട്ടെ എന്ന സ്‌കാണ്ടിനാവിയന്‍ ഫിലോസഫിയുടെ പരിഷ്‌കൃതരൂപമായ ഇത്തരം വാദഗതികളാണ് പുകള്‍പെറ്റ സ്വതന്ത്ര ചിന്തകള്‍.
‘മതമൊഴിവാക്കി മനുഷ്യരാവൂ’ എന്ന പറയുന്നവര്‍ ഊന്നിനില്‍ക്കുന്നത് ധാര്‍മികമാനങ്ങളുടെ നിര്‍ണയങ്ങളില്‍ തന്നെയാണ്. മതങ്ങള്‍ക്കും മതദൈവങ്ങള്‍ക്കുമെതിരെ സമരം നടത്തുന്നവര്‍ മതവിശ്വാസികളേക്കാള്‍ ഏത് വിഷയങ്ങളിലാണ് കൂടുതല്‍ മനുഷ്യത്വം പ്രകടിപ്പിച്ചിട്ടുള്ളത്. ദുരന്ത മുഖങ്ങളില്‍ പോലും വിശ്വാസത്തെ പരിഹസിക്കുന്ന ട്രോളുകള്‍ വരയ്ക്കാന്‍ ബാറ്ററി റീചാര്‍ജ് ചെയ്യുന്ന തിരക്കിലായിരുന്നു അവര്‍. മത-സാമുദായിക ബാനറുകളില്‍ സഹായങ്ങള്‍ പ്രവഹിച്ചപ്പോള്‍ മതവിരുദ്ധത പതിവുപോലെ ശൂന്യമായ കണക്കുപുസ്തകം പിടിച്ചു നില്‍ക്കുകയായിരുന്നു. സഹായിക്കുന്നവര്‍ക്ക് പ്രചോദനമായും ഇരകള്‍ക്ക് പിടിച്ചുനില്‍ക്കാനുള്ള മനുഷ്യശക്തിയായും വിശ്വാസം എന്ന ഫാക്ടര്‍ പ്രവര്‍ത്തിച്ചു; അതേസമയം അഭയത്തിന് ഓടിക്കയറാന്‍ ഓലമേഞ്ഞ ഒരമ്പലം പോലും സ്വന്തമില്ലാത്തതിനാല്‍ പള്ളിയില്‍ പാര്‍ക്കേണ്ടിവന്നു മതം ഒഴിവാക്കി സമൂഹത്തെ മനുഷ്യരാക്കാന്‍ നടക്കുന്നവര്‍ക്ക്.
ശുഐബുല്‍ ഹൈതമി