Home » Essay » Anthropology » കുത്ത് റാത്തീബ്: വേദന ഉന്മാദമാകുന്ന ഇടം

കുത്ത് റാത്തീബ്: വേദന ഉന്മാദമാകുന്ന ഇടം

വ്യത്യസ്തമായ വിശ്വാസങ്ങളും ആചാരങ്ങളും വിവിധ മതസമൂഹങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്. വിശ്വാസവും ഭക്തിയും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തപ്പെടുന്ന ആചാരങ്ങള്‍ വിശ്വാസ സാക്ഷാത്കാരത്തിന്റെ ജീവല്‍പ്രതീകങ്ങളാണ്. വിശ്വാസപ്രേരിതമായി നിര്‍വഹിക്കുന്ന ആചാരങ്ങള്‍ കേവലം യുക്തിയുടെ മാപിനി കൊണ്ട് മാത്രം നിര്‍ണയിക്കുന്നത് യുക്തിസഹമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. സാമൂഹിക ഘടനകളെയും ബന്ധങ്ങളെയും വിശുദ്ധവത്കരിക്കുന്നതിനും സാമുദായിക ഏകതകളെ ഉയര്‍ത്തിപ്പിടിക്കുന്നതിനും ഭാവപ്രചുരമായ തീവ്രതകളെയും ആത്മനിഷേധത്തിന്റെ വികാരതലങ്ങളെയും അനുഭവിക്കുന്നതിനും വേണ്ടി ആവിഷ്‌കരിക്കപ്പെട്ട ആചാരങ്ങള്‍ അറിവുകളെ വിശ്വാസങ്ങളിലേക്കും സാമുദായിക അംഗത്വത്തെ അംഗീകാരത്തിലേക്കും രൂപാന്തരപ്പെടുത്തുന്നുവെന്ന് എമിലേ ദുര്‍ഖൈം (Emile Durkheim) സിദ്ധാന്തിക്കുന്നുണ്ട്. വിശ്വാസങ്ങള്‍ സമൂഹം നേരിടുന്ന ചാഞ്ചല്യങ്ങള്‍ക്കെതിരെ കെട്ടുറപ്പോടെ നില്‍ക്കുന്നതും നിരുപാധികവും സമഗ്രവുമാണെന്നാണ് ദുര്‍ഖൈം വിശദീകരിക്കുന്നത്. ഒരു വ്യക്തിയെ സമൂഹത്തിലേക്ക് ആകര്‍ഷിക്കുന്ന വ്യതിരക്തമായ സ്വഭാവങ്ങളും ആന്തരികമായ ഘടകങ്ങളുമാണ് അംഗീകാരം കൊണ്ട് വിവക്ഷിക്കുന്നത്. ആചാരങ്ങളില്‍ പങ്കെടുക്കുന്നതിലൂടെ ഒരു വ്യക്തി തന്റെ സാമൂദായിക അംഗത്വം ഉറപ്പ് വരുത്തുകയും സമൂഹത്തെ ഏകീകരിക്കുകയും ചെയ്യുന്നു.

പാരമ്പര്യ വിശ്വാസങ്ങള്‍ സംരക്ഷിക്കുന്നതിനും ആത്മീയോന്നതികള്‍ കരഗതമാക്കുന്നതിനും മതപ്രാധാന്യമുള്ള ചരിത്രസംഭവങ്ങളെയും മഹത് വ്യക്തികളെയും അനുസ്മരിക്കുന്നതിനും ആചാരങ്ങള്‍ നടത്തിപ്പോരുന്നു. മതകീയവും സാമൂഹികവുമായ വ്യത്യസ്ത പ്രേരകങ്ങളാണ് ആചാരനുഷ്ഠാനങ്ങള്‍ക്ക് പിന്നില്‍ വര്‍ത്തിക്കുന്നത്. വിവിധ മതസമൂഹങ്ങളില്‍ ആത്മപീഡനങ്ങള്‍ക്ക് (self harm) ആചാരപരമായ മൂല്യങ്ങള്‍ കല്‍പിക്കുന്നുണ്ട്.
മതവിശ്വാസങ്ങളുടെ വൈവിധ്യങ്ങള്‍ക്കനുസൃതമായി ആചാരങ്ങളും വ്യത്യസ്തമാവുന്നു. വിശ്വാസത്തിന്റെ തീവ്രതക്കനുസരിച്ച് പ്രകടനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നു. പ്രധാനമായും സെമിറ്റിക് മതങ്ങളിലും ഇതരമതവിഭാഗങ്ങളിലും ഗോത്രവര്‍ഗങ്ങളിലും നടന്ന് വരുന്ന ആചാരങ്ങളില്‍ ആത്മപീഡകവും ദേഹോപദ്രകരവുമായ അനുഷ്ഠാനരൂപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സ്വശരീരത്തെ അതിതീവ്രമായി മുറിവേല്‍പിക്കുന്നതിലൂടെ അത്യധികം ആത്മീയലഹരി ആസ്വദിക്കാന്‍ എങ്ങനെ സാധ്യമാകുമെന്ന ചോദ്യം സ്വാഭാവികമാണ്. വേദന (pain) എങ്ങനെ ഉന്മാദമായി (pleasure/hysteria) പരിണമിക്കുന്നുവെന്ന പ്രശ്‌നമാണ് ഇവിടെ ഉയര്‍ന്നുവരുന്നത്്.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇറാഖില്‍ ജീവിച്ചിരുന്ന പ്രമുഖ സൂഫീവര്യന്‍ ശൈഖ് അഹ്മദ് കബീര്‍ അല്‍ രിഫാഇയുടെ നാമത്തില്‍ നടത്തപ്പെടുന്ന റാത്തീബാണ് റിഫാഈ റാത്തിബ്. സര്‍വ്വ സൂഫീ സരണികള്‍ക്കും പ്രത്യേകമായ റാത്തീബുകളും ദിക്‌റുകളും പതിവുള്ളത് പോലെ റിഫാഈ സൂഫീ സരണിയിലെ രിഫാഈ റാതീബിന്റെ രണ്ടാം പകുതിയില്‍ അഭ്യാസികള്‍ ആയുധങ്ങള്‍ കൊണ്ട് വെട്ട് കുത്തുകളില്‍ ഏര്‍പ്പെടുന്നതാണ് കുത്ത് റാത്തീബ് എന്ന് നാമകരണം ചെയ്തതിന്റെ പിന്നാമ്പുറം. കേരളക്കരയില്‍ പ്രത്യേകിച്ചും മലബാര്‍ തീരങ്ങളില്‍ ഇസ്്‌ലാമിന് ആഴത്തില്‍ വേരോട്ടം ലഭിക്കുന്നതില്‍ സൂഫീ സരണികളും റാത്തീബ്, മൗലിദ് പോലുള്ള ആചാരങ്ങളും വലിയ തോതില്‍ സ്വാധീനം ചെലുത്തിയതായി കാണാം.

ശൈഖ് രിഫാഈ തങ്ങളുടെ കാലഘട്ടത്തില്‍ തന്നെ ഇശാനമസ്‌കാര ശേഷം പതിവാക്കിയിരുന്ന റാതീബ് മജ്‌ലിസുകളില്‍ അവിടുത്തെ മുരീദീങ്ങള്‍ ശരീരത്തെ മുറിവേല്‍പിക്കുന്ന രൂപത്തില്‍ പലവിധ പ്രകടനങ്ങള്‍ നടത്തിയതായി ചരിത്ര ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. ആളിക്കത്തുന്ന അഗ്നിയില്‍ അണയുന്നത് വരെ ന്യത്തം ചവിട്ടുന്നതും ജീവനോടെ പാമ്പുകളെ ഭക്ഷിക്കുന്നതും സിംഹപ്പുറത്ത് സവാരി നടത്തുന്നതും അവരുടെ ശീലങ്ങളായിരുന്നുവെന്ന് ഇബ്‌നു ബതൂത്ത ഉദ്ധരിക്കുന്നുണ്ട്. ഇറാഖ്്, മലേഷ്യ, ഫിജി, ഇന്തോനേഷ്യ തുടങ്ങീ വിവിധ രാജ്യങ്ങളില്‍ ഇന്നും രിഫാഈ റാത്തീബും അനുബന്ധ ആയുധപ്രയോഗങ്ങളും സജീവമായി തന്നെ നിലനില്‍ക്കുന്നുണ്ട്്.
പതിനാറാം നൂറ്റാണ്ടുകളില്‍ തന്നെ രിഫാഈ സൂഫീ സരണി ദ്വീപുകളിലും കേരളക്കരയിലും ആഴത്തില്‍ സ്വാധീനം ചെലുത്തിയതായി കാണാം. വര്‍ത്തമാനത്തിലും നിലനില്‍ക്കുന്ന സാംസ്‌കാരിക അവശേഷിപ്പുകള്‍ ഈ ചരിത്രവസ്തുതക്ക് പിന്‍ബലം നല്‍കുന്നു. ദ്വീപുകള്‍ വഴിയാണ് കേരളക്കരയിലേക്ക് കുത്ത് റാത്തീബ് കടന്ന് വരുന്നത്. പതിനേഴാം നുറ്റാണ്ടില്‍ ലക്ഷദ്വീപില്‍ നിന്നും കേരളതീരത്തെത്തിയ മുഹമ്മദ് ഖാസിം വലിയ്യുള്ളാഹിയുടെ പ്രവര്‍ത്തനങ്ങളാണ് റാത്തീബിന് ആഴത്തില്‍ പ്രചാരം ലഭിക്കാന്‍ നിദാനമായത്. ക്യത്യമായ ഇടവേളകളില്‍ സന്ദര്‍ശനം നടത്തിയിരുന്ന അദ്ദേഹം അറക്കല്‍ രാജകൊട്ടാരത്തില്‍ താമസിക്കുകയും സമീപപ്രദേശങ്ങളിലെ റാതീബുകള്‍ക്ക് നേത്യത്വം നല്‍കുകയും ചെയ്തു. ശൈഖ് മുഹമ്മദ് ഖാസിമിന്റെ പാത പിന്തുടര്‍ന്ന് ദ്വീപില്‍ നിന്നും നിരവധി സാദാത്തീങ്ങള്‍ റാത്തീബിനായി കേരളക്കരയിലെത്തിയതായി കാണാം. ആപത്തുകളില്‍ നിന്ന് രക്ഷ നേടുന്നതിനും ആവശ്യസഫലീകരണത്തിനും ആത്മീയോന്നതി കരഗതമാക്കുന്നതിനും വേണ്ടി പതിവാക്കിയിരുന്ന റാതീബ് എത്രമാത്രം ജനകീയമായിരുന്നുവെന്നതിന്റെ ജീവസുറ്റ തെളിവുകളാണ് റാതീബ് നടത്തുന്നതിന് വേണ്ടി പ്രത്യേകമായി നിര്‍മിച്ചിരുന്ന റാത്തീബ് പുരകള്‍. അടുത്തകാലത്ത് നിസ്‌കാരപ്പള്ളിയായി മാറിയ കണ്ണൂര്‍ ജില്ലയിലെ മാഹിക്കടുത്ത് ആഴിയൂരില്‍ സ്ഥാപിച്ചിരുന്ന റാത്തീബ് പുര ഇതിനുദാഹരണമാണ്.
ഭക്തിയും വിശ്വാസവും മെയ്‌വഴക്കവും ഒത്തു ചേരുന്നതാണ് കുത്ത് റാത്തീബ്. ശൈഖില്‍ നിന്നും നേരിട്ട് ആയുധങ്ങള്‍ ഏറ്റുവാങ്ങി അനുമതി നല്‍കിയതിന് ശേഷമാണ് അഭ്യാസികള്‍ പ്രകടനം തുടങ്ങുന്നത്. ദബ്ബൂസ്(ഗദ), ഖദിര്‍(ശൂലം), കത്തി എന്നിവയുടെ പ്രയോഗം വളരെ പ്രാധാന്യമുള്ളതാണ്. പ്രധാനമായും ശൈഖ് രിഫാഇയുടെ കറാമത്ത് സദസ്സിനെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ആയുധപ്രയോഗം നടത്തുന്നത്.

ആദ്യകാലങ്ങളില്‍ നടന്ന കുത്ത് റാത്തീബും നിലവിലുള്ള രീതികളും തമ്മില്‍ നേരിയ വ്യത്യാസങ്ങളുണ്ട്്. താളാത്മകമായ ദഫ് മുട്ടുകളുടെ പശ്ചാതലത്തില്‍ ബൈത്തുകള്‍ പാടികൊണ്ടിരിക്കെ, സംഘത്തിലെ അഭ്യാസികളിലൊരാള്‍ പൊടുന്നനെ ശൈഖിന്റെ മുമ്പില്‍ മുട്ട്-കുത്തുന്നു, പശ്ചാതലത്തില്‍ യാ..ശൈഖ് റളിയള്ളാ.. എന്ന വിളി ഉയര്‍ന്ന് കേള്‍ക്കുന്നു, ഉസ്താദ് യാ..ശൈഖ് എന്ന് ഉച്ചത്തില്‍ വിളിച്ച് കൊണ്ട് ദബ്ബൂസ് ഭൂമിയില്‍ ആഞ്ഞ് തറയ്ക്കുന്നു..ഊരിയെടുത്ത ഗദ നേരത്തേ മുമ്പില്‍ മുട്ടുകുത്തി നില്‍ക്കുന്ന അഭ്യാസിക്ക് നല്‍കുന്നു. എല്ലാവരുടേയും അനുഗ്രഹം വാങ്ങിയതിന് പിന്നാലെ യാ… ശൈഖ് എന്നലറി ദബ്ബൂസ് അയാള്‍ തന്റെ വയറില്‍ കുത്തിയിറക്കുന്നു. അടുത്തത് ഖദിറിന്റെ പ്രയോഗമാണ്. അര്‍ധചന്ദ്രാക്യതിയിലുള്ള തേച്ചുമിനുക്കിയ പിടിയില്‍ ഘടിപ്പിച്ച മെലിഞുനീണ്ട കൂര്‍ത്ത അഗ്രഭാഗങ്ങള്‍ യാ..ശൈഖ് വിളിയുടെ അകമ്പടിയോടെ ചെവിയിലും വായിലും തലയ്ക്കു മീതെയും കുത്തിയിറക്കുന്നു. നാവ് മുറിച്ചെടുത്ത് സദസ്സ്യര്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്യാറുണ്ട്.

മനോഹരമായ അറബി കാവ്യങ്ങളാണ് വാഴ്ത്താരി. ബൈത്തുകള്‍ മുറുക്കത്തിനനസരിച്ച് ദഫ്മുട്ടും മുറുകുന്നു. അള്ളാഹു..ഹു..അള്ളാ.. അഹ്മദ് കബീര്‍..ശൈഖില്ലാ.. എന്നിങ്ങനെയുള്ള പല്ലവി മുറുകുന്നു. ദഫുമായി മുട്ടുകാരന്‍ ആടുമ്പോള്‍ സദസ്സ് ഭക്തിനിര്‍ഭരമാവുന്നു. റാത്തീബിന്റെ രണ്ടാം ഭാഗത്താണ് ആയുധപ്രയോഗം നടത്തുന്നത്. ഒന്നാം ഭാഗത്തില്‍ ശൈഖ് രിഫാഇയുടെ ആത്മാവിനെ റാത്തീബ് സദസ്സില്‍ ഹാജരാക്കുന്നതിന് വേണ്ടി പ്രകീര്‍ത്തനകാവ്യങ്ങള്‍ ചൊല്ലുകയും കൂട്ടമായി കാവ്യരൂപത്തില്‍ തന്നെ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

തിരുനബിയെയും ശൈഖ് രിഫാഇയെയും പ്രകീര്‍ത്തിച്ച് കൊണ്ടുള്ള കാവ്യങ്ങളടങ്ങുന്ന റാത്തീബിലെ ബൈത്തുകള്‍ ശൈഖ് ചൊല്ലിക്കൊടുക്കുകയും ഇഖ്‌വാനികള്‍ ഏറ്റുചൊല്ലുകയും ചെയ്യുന്നു. പശ്ചാതലത്തില്‍ വരികള്‍ക്കൊത്ത് ദഫ് മുട്ടും അരങ്ങേറുന്നതോടെ സദസ്സ് ഭക്തിനിര്‍ഭരമാവുന്നു. ദഫുകാരുടെ ഒത്തിണങ്ങിയ ആംഗ്യങ്ങളും ആടലുകളും വിളികളും സദസ്സിന് മാറ്റ് കൂട്ടുന്നു. അഭ്യാസികള്‍ ആയുധപ്രയോഗങ്ങള്‍ നടത്തുന്നു. കാവ്യപാരായണവും ദഫ് മുട്ടും മുറുകുന്നു. കത്തിക്കുത്തിന് വേഗതയേറുന്നു. പ്രയോഗത്തിന് ശക്തി കൂടുന്നു. അന്തരീക്ഷത്തില്‍ യാ..ശൈഖ് വിളികള്‍ ഉച്ചത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്നു. അഭൂതപൂര്‍വ്വമായ ആത്മീയാനുഭൂതി അനുഭവിക്കുന്നു. ബോധതലത്തില്‍ നിന്നും മനസ്സ് ഏകാന്തമായ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. ശരീരം കേവലം രൂപങ്ങളായി പരിണമിക്കുന്നു. വേദന സുഖമാവുന്നു. റാത്തീബ് പാരമ്യതയിലെത്തുന്നു. ആയുധപ്രയോഗങ്ങള്‍ കൊണ്ട് ശരീരത്തിലുണ്ടായ മുറിവുകള്‍ മൂലം യാതൊരുവിധത്തിലുള്ള വേദനയും അവര്‍ അനുഭവിക്കുന്നില്ല. പ്രകടനശേഷം ശൈഖ് തടവുന്നതോടെ ശൈഖ് രിഫാഇയുടെ കറാമത്തെന്നോണം മുറിവുകള്‍ ഭേദമാവുന്നു.

റാതീബിന് നേത്യത്വം നല്‍കുന്ന ശൈഖിന് നടത്താനുള്ള ഇജാസത്ത് അനിവാര്യമാണ്. പാരമ്പര്യമായി കൈമാറിപ്പോന്നതിലൂടെയും നിലവിലുള്ള ശൈഖില്‍ നിന്നും ലഭിക്കുന്നത് മുഖേനയും ഇജാസത്ത് ലഭിക്കും. രക്തസഞ്ചാരം നിര്‍ത്തുന്നതിനും വ്രണങ്ങള്‍ ഭേദമാവുന്നതിനും ശൈഖ് തടവുന്ന ഹസ്തത്തിന്റെ സനദ് എത്തിച്ചേരുന്നത് മദീനയിലെ റൗളയില്‍ നിന്നും ശൈഖ് രിഫാഇക്ക് തിരുനബി നീട്ടികൊടുത്ത് തിരുകരങ്ങളിലേക്കാണെന്ന്് വിശ്വസിക്കപ്പെടുന്നു. ഇജാസത്തിന് പുറമേ റാത്തീബിന് നേത്യത്വം നല്‍കുന്ന ശൈഖിന് തടവുന്നതിന്റെ ഫലപ്രാപ്തിയുണ്ടാകണമെങ്കില്‍ പ്രത്യേകമായ ദിക്‌റുകളും ശീലങ്ങളും (രിയാള) പതിവാക്കല്‍ അനിവാര്യമാണ്.

ആദ്യകാലങ്ങളില്‍ അരങ്ങേറിയിരുന്ന കുത്ത് റാത്തീബുകള്‍ക്ക് വലിയ തോതില്‍ സാംസ്‌കാരിക പ്രാധാന്യം കൂടിയുണ്ടായിരുന്നു. കേവലം ആത്മീയസദസ്സ് എന്നതിലുപരി പ്രാദേശികമായ ആഘോഷമായിട്ടായിരുന്നു നടത്തപ്പെട്ടിരുന്നത്. പാമ്പ് ശല്യങ്ങളില്‍ നിന്നും മറ്റിതര പ്രയാസ പ്രതിസന്ധികളില്‍ നിന്നും രക്ഷ നേടുന്നതിനും മലബാറിലെ ഭൂരിപക്ഷം വീടുകളിലും മാസത്തിലൊരു തവണ രിഫാഈ റാത്തീബ് പതിവാക്കിയിരുന്നതായി കാണാം. ഓരോ പ്രദേശങ്ങളിലും മാസത്തില്‍ നടന്ന് വരുന്ന റാത്തീബുകളുടെ വാര്‍ഷികമായിട്ടായിരുന്നു അവിടങ്ങളില്‍ പരിപാടികള്‍ അരങ്ങേറിയിരുന്നത്. റാത്തീബ് സംഘാടനത്തിലും അനുബന്ധ ചടങ്ങുകളിലും പ്രദേശത്തെ കാരണവന്മാരും യുവാക്കളും സ്ത്രീകളും കുട്ടികളും തങ്ങളുടേതായ സജീവ പങ്കാളിത്തം ഉറപ്പ് വരുത്തുന്നു. റാത്തീബിനോടനുബന്ധിച്ച് ചില പ്രദേശങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടക്കുന്നു.
ശൈഖും ഇഖ്്‌വാനികളുമടങ്ങുന്ന സംഘങ്ങളുടെ നേത്യത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ സ്‌റ്റേജ് പോഗ്രാമുകളായി നടന്നുവരുന്നതാണ് നിലവിലുള്ള രീതി. മുന്‍കാലങ്ങളിലുണ്ടായിരുന്ന സാംസ്‌കാരിക തനിമ നിലനിര്‍ത്തികൊണ്ടുള്ള റാത്തീബുകള്‍ ഇന്ന് കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

ഉമവീ ഭരണാധികാരി യസീദിനെതിരെ നടന്ന കര്‍ബല യുദ്ധത്തില്‍ വധിക്കപ്പെട്ട ഇമാം ഹുസൈനിന്റെ രക്തസാക്ഷിത്വത്തില്‍ അനുശോചിച്ച് ശീഇകള്‍ നടത്തുന്ന ആശൂറാ ആചാരങ്ങളുടെ ഭാഗമായി പ്രകടിപ്പിക്കുന്ന തത്ബീര്‍ കുത്ത്‌റാത്തീബില്‍ നിന്നും തീര്‍ത്തും വ്യതിരിക്തമാണ്്. രണ്ട് ആചാരങ്ങളൂടേയും സാമൂഹിക രാഷ്ടീയ സാംസ്‌കാരിക പരിസരങ്ങള്‍ വിഭിന്നമാണ്. അനുഷ്ഠാനത്തിന്റെ സാഹചര്യങ്ങളും പ്രകടനത്തിന്റെ രീതികളും വ്യത്യസ്തമാണ്.

മുഹറം ഒന്ന് മുതല്‍ പത്ത് വരെ നീണ്ട് നില്‍ക്കുന്ന ആശൂറാ ആചാരങ്ങള്‍ ശീഈ സമുദായത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പരിസരങ്ങള്‍ രൂപപ്പെടുത്തുന്നതിലും അസ്തിത്വ രൂപീകരണത്തിലും നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ചരിത്രം അടയാളപ്പെടുത്തിയതായി കാണാന്‍ സാധിക്കും. ഇമാം ഹുസൈനിന്റെ രക്തസാക്ഷിത്വത്തില്‍ ദു:ഖം രേഖപ്പെടുത്തിയും അവരുടെ കൂടെ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ഖേദം പ്രകടിപ്പിച്ചും ശീഇകള്‍ വാളുകള്‍ കൊണ്ടും കത്തി ചങ്ങലകള്‍ കൊണ്ടും സ്വശരീരങ്ങളെ അതിശക്തമായി മുറിവേല്‍പിക്കുകയും പുറത്ത് വീശിയടിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു. അനീതിക്കെതിരെയുള്ള പോരാട്ടമായ ഖര്‍ബലയിലെ രക്തസാക്ഷികളെ അനുസ്മരിച്ച്് മുഹറം പത്തിന് അരങ്ങറുന്ന കൂറ്റന്‍ റാലികളില്‍ നടത്തുന്ന വിപ്ലവകരമായ രാഷ്ട്രീയ പ്രഭാഷണങ്ങള്‍ ഒരളവോളം ഭരണകൂടങ്ങളെ അട്ടിമറിക്കുന്നതിലും അധികാരവരോഹണത്തിലും വലിയതോതില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇറാനിയന്‍ വിപ്ലവത്തിന് തിരികൊളുത്താന്‍ ആയതുല്ലാ ഖുമൈനിക്ക് പിന്‍ബലമേകിയതും ക്രിയാത്മകമായ പൊളിറ്റിക്കല്‍ ആക്ടിവിസത്തിന് വഴി തുറന്നതും ആശൂറാ റാലികളായിരുന്നു. ശീഈ സമുദായത്തിലെ കുട്ടികളും യുവാക്കളും മുതിര്‍ന്നവരുമടക്കം സര്‍വ്വരും കറുത്തവസ്ത്രധാരികളായി പങ്കെടുക്കുന്ന ഈ റാലിയിലാണ് തത്ബീര്‍ ആയുധപ്രയോഗം നടക്കുന്നത്. താത്പര്യമുള്ളവര്‍ സ്വയം മുന്നോട്ട് വന്ന് മൂര്‍ച്ചയേറിയ വാളടക്കമുള്ള ആയുധങ്ങള്‍ കൊണ്ട് ആഴത്തില്‍ മുറിവേല്‍പിക്കാന്‍ തുടങ്ങുന്നു. ചുറ്റുമുള്ള പുരുഷാരം നെഞ്ചത്തടിച്ച് യാ..ഹുസൈന്‍.. എന്ന് ഉച്ചത്തില്‍ വിളിക്കുന്നു. പ്രവാചകകുടുംബത്തോടും ഇമാം ഹുസൈനോടും അവര്‍ വെച്ചുപുലര്‍ത്തിയ അതിതീവ്രവും ഭയാനകരവുമായ പ്രേമവും ആരാധനയുമാണ് അനിയന്ത്രിതമായി ദേഹോപദ്രവം നടത്തുന്നതിന്റെ പിന്നിലെ പ്രേരകം. കുത്ത് റാത്തീബുമായി താരതമ്യം ചെയ്യുമ്പോള്‍ ആയുധപ്രകടന ശേഷം ശൈഖിന്റെ തടവലോട് കൂടെ വ്രണങ്ങള്‍ ഭേദമാവുന്നെങ്കില്‍ തത്ബീറില്‍ സംഭവിക്കുന്നത് നേരേ മറിച്ചാണ്. പ്രയോഗസമയത്ത് അവര്‍ എത്തിപ്പെട്ട മാനസികതലം മൂലം വേദന അനുഭവിക്കാതെ പോയെങ്കില്‍ പ്രകടന ശേഷം അവര്‍ ശുശ്രൂഷിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. കുത്ത് റാത്തീബ് അവതരിപ്പിക്കുന്നവരുടെ പരിക്കുകള്‍ ഭേദമാകുകയും തത്ബീര്‍ പ്രകടിപ്പിക്കുന്നവരുടെ വ്രണങ്ങള്‍ ഭേദമാവുന്നില്ല എന്ന അടിസ്ഥാന വ്യത്യാസം മുന്‍നിര്‍ത്തിയാണ് രണ്ട് ആചാരങ്ങളുടേയും മതകീയ വിധികള്‍ വേര്‍തിരിഞ്ഞത്്.

മതകീയവും സാമൂഹികവുമായ വിവിധ തലങ്ങളില്‍ ആത്മപീഡനം ഉപയോഗിക്കപ്പെടുന്നുണ്ട്. ശിക്ഷാമുറകളായും ആചാരങ്ങളായും പ്രയോഗിക്കപ്പെട്ടു. ആത്മീയാനുഭൂതിയില്‍ അഭ്യാസികള്‍ അവതരിപ്പിക്കുന്ന പ്രസ്തുത ആചാരങ്ങളുടെ പ്രകടനസമയത്ത് ഒരു വിധത്തിലുള്ള വേദനയും അനുഭവിക്കുന്നില്ലെന്ന് മാത്രമല്ല പ്രത്യേകമായ ഉന്മാദാവസ്ഥ ആസ്വാദിക്കുകയും ചെയ്യുന്നു. ശരീരഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ അനുഭവിക്കുന്ന അപ്രിയകരമായ അനുഭൂതിയായിട്ടാണ് വേദന വിശദീകരിക്കപ്പെടുന്നത്. ആധുനികശാസ്ത്രത്തിന്റെ പുതിയ കണ്ടുപിടുത്തങ്ങള്‍ മൂലം വേദനയില്ലായ്മ സാങ്കല്‍പികമായ അവസ്ഥയായി പരിണമിച്ചു.
വേദനാജനകമായ അവസ്ഥയില്‍ നിന്നും കൂടുതല്‍ ശക്തിയും മനസ്ഥൈര്യവും ആത്മീയോത്സാഹവും ആര്‍ജിച്ചെടുക്കുന്ന ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് വിശുദ്ധ വേദനയായി (sacred pain) പരിണമിക്കുന്നത്. ശരീരത്തിന് സംഭവിക്കുന്ന കേടുപാടുകളും വേദനയനുഭവിക്കലും കാര്യകാരണ ബന്ധങ്ങളല്ലെന്ന് അടിസ്ഥാനപരമായി മനസ്സിലാക്കപ്പെടേണ്ടതുണ്ട്. വേദന മാനസികമായ അനുഭവമാണ്. മനസ്സിന്റെ നിയന്ത്രണങ്ങള്‍ക്കനുസരിച്ച് ക്രമാതീതമായി വര്‍ധിക്കുകയും കുറയുകയും ചെയ്യുന്നു. പ്രത്യക്ഷമായ ലോകത്ത് നിന്നും ബന്ധം വിഛേദിക്കപ്പെട്ട അഭ്യാസിയുടെ അബോധമനസ്സിന് വേദന അനുഭവിക്കാന്‍ സാധിക്കുന്നില്ല. തത്വത്തില്‍ വേദന നിലനില്‍ക്കുന്നുണ്ടെങ്കിലും ആത്മീയോന്മാദത്തിലുള്ള മനസ്സിന് അത് അനുഭവത്തിന് പുറത്താണ് എന്നതാണ് വാസ്തവം. ആത്മീയ ലഹരി (hysteria) സര്‍വ്വാനുഭൂതികളെയും നാമമാത്രമാക്കുന്നു. വേദന കരുത്തായി രൂപം കൊള്ളുമ്പോള്‍ (interrogative or centralizing pain) ശരീരത്തെ ശുദ്ധീകരിക്കുകയാണെന്ന് ഏരിയല്‍ ഗ്ലൂക്ലിച്ച് (Ariel Glucklich) വിശദീകരിക്കുന്നുണ്ട്. അബോധ മനസ്സിലുള്ള വ്യക്തിക്ക് തണുപ്പേറിയ വെള്ളത്തില്‍ എത്ര നേരവും കൈകളിട്ടിരിക്കാന്‍ സാധിക്കുമെന്ന ജേണല്‍ ഓഫ് സൈക്കോളജിക്കല്‍ സയന്‍സിന്റെ റിപ്പോര്‍ട്ട് അനുഭവം മാനസികമാണ് എന്ന വസ്തുതയെ ന്യായീകരിക്കുന്നു.

കാലാന്തരത്തില്‍ വിശുദ്ധ വേദന ആചാരമായി പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. വേദന പ്രകടിപ്പിക്കല്‍ ഒരു സംസ്‌കാരമായി (culture of pain) വളര്‍ന്നിരിക്കുന്നു. വിശ്വാസവും ഭക്തിയും പ്രകടിപ്പിക്കുന്നതില്‍ ആത്മനിഷേധം പ്രധാനമായിരിക്കുന്നു. വിശ്വസപ്രേരിതമായി നിര്‍വ്വഹിക്കുന്ന ആത്മപീഢക പ്രകടനങ്ങളെ കേവലം അന്ധവിശ്വസങ്ങളുടെ ഭാഗമായി എഴുതി തളളുന്നതിനപ്പുറം കൂടുതല്‍ ആന്ത്രപ്പോളജിക്കല്‍ പഠനങ്ങള്‍ ആവശ്യമായി വരുന്നുണ്ട്്്. നിലവില്‍ നടന്ന ഗവേഷണങ്ങളില്‍ ഭൂരിഭാഗവും മതനിരാസത്തിലധിഷ്ഠിതമായ സെക്കുലര്‍ പഠനങ്ങളാണെന്നത് പുതിയ പഠനങ്ങള്‍ക്ക് സാധ്യത വര്‍ധിപ്പിക്കുന്നു. കുത്ത് റാത്തീബും തത്ബീറും വിശകലന വിധേയമാക്കുമ്പോള്‍ സുന്നീ ശീഈ വിഭാഗങ്ങളില്‍ ഇത്തരം ആചാരങ്ങള്‍ സജീവമായി തന്നെ നിലകൊള്ളുന്നുവെന്ന നിഗമനത്തിലെത്തിച്ചേരാം.

 


നവാഫ് വി മൂന്നിയൂര്‍

നവാഫ് വി മൂന്നിയൂര്‍

Add comment