Home » Essay » ആന്ത്രോപ്പോളജിയിലെ ‘മതം’ ആത്മീയത തേടുമ്പോള്‍

ആന്ത്രോപ്പോളജിയിലെ ‘മതം’ ആത്മീയത തേടുമ്പോള്‍

മതം” എന്നത് ഒരു നിലക്കും ദീനിന്റെ വിവര്‍ത്തനം ആവുന്നില്ല. അതുകൊണ്ടാണ് ”മതത്തെക്കുറിച്ച്” സംസാരിക്കുമ്പോള്‍ ഞാന്‍ പലപ്പോഴും കോമകള്‍ ഉപയോഗിക്കുന്നത്. പ്രമുഖ നരവംശശാസ്ത്ര പണ്ഡിതന്‍ തലാല്‍ അസദ് ഇസ്്‌ലാമിനെകുറിച്ചുള്ള നരവംശശാസ്ത്ര പഠനങ്ങളുടെ പരിമിതിയെക്കുറിച്ച് ഇങ്ങനെ പറയുന്നുണ്ട്. മതവും അത് മുന്നോട്ട് വെക്കുന്ന നൈതികവും ധാര്‍മ്മികവുമായ അനുഭവങ്ങളെ ഉള്‍ക്കൊള്ളാന്‍ ആന്ത്രോപോളജിയിലെ മതപഠനം പര്യാപ്തമായിരുന്നില്ല. ഇത്തരം മൂല്യങ്ങള്‍ സാമൂഹിക ചട്ടക്കൂടുകള്‍ക്കനുസൃതമായി നിര്‍ണ്ണിതമാവുന്ന സോഷ്യല്‍ ഫാക്ട് ആയി മാത്രം കണ്ടിട്ടുള്ള ദുര്‍ഖീമിയന്‍ കാഴ്ചപ്പാടിന്റെ സ്വാധീനവും മതത്തെ പഠിക്കാന്‍ നരവംശശാസ്ത്രജ്ഞര്‍ ഉപയോഗിച്ചു പോന്നിരുന്ന സിമ്പോളിക്ക് സമീപനരീതികളും ഇതിന് കാരണമായിട്ടുണ്ട്.

ഒരു കാലത്ത് ചെറുതും അപരിചിതവുമായ ഗോത്രസമൂഹങ്ങളെ മാത്രം പഠനവിധേയമാക്കിയ നരവംശശാസ്ത്രപഠനങ്ങളില്‍ ആ സമൂഹങ്ങളെക്കുറിച്ചുള്ള ഗവേഷകരുടെ വിവരണങ്ങള്‍ ആപ്തവാക്യമായി അംഗീകരിക്കപ്പെട്ടിരുന്നു. എന്നാല്‍, കൊളോണിയല്‍ അധികാരശ്രേണിയുമായി ബന്ധപ്പെട്ട ഇത്തരം ഗവേഷണ പഠനങ്ങളുടെ സത്യനിഷ്ഠ (objectivity) വാദം പിന്നീട് കണിശമായി വിമര്‍ശന വിധേയമായി. മാത്രമല്ല ക്ലാസിക്കല്‍ പഠനങ്ങളിലധികവും പഠനവിധേയമാക്കുന്ന സമൂഹങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ക്കപ്പുറം യൂറോകേന്ദ്രീകൃതമായ ഗവേഷകരുടെ മുന്‍വിധികളായിരുന്നുവെന്ന് ഉത്തരാധുനിക പഠനങ്ങള്‍ നിരൂപണവിധേയമാക്കി.

മതത്തെകുറിച്ചുള്ള നരവംശശാസ്ത്രത്തിന്റെ സിമ്പോളിക് പഠനരീതികളെ നിരന്തരം ചോദ്യം ചെയ്യുകയും ആന്ത്രോപോളജിയിലെ ‘മത’പഠനങ്ങളില്‍ ഗൗനിക്കപ്പെടാതിരുന്ന, എന്നാല്‍ മതത്തിന്റെ അന്തസത്തയായി നിലനില്‍ക്കുന്ന ആത്മീയവും വൈയക്തിവുമായ അനുഭവങ്ങളെ വസ്തുതാപരമായി ആന്ത്രോപോളജിക്ക് പരിചയപ്പെടുത്തുകയായിരുന്നു തലാല്‍ അസദ് (1993). പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യരായ സബാ മഹ്മൂദ് (2005), തന്റെ ”പൊളിറ്റിക്‌സ് ഓഫ് പയറ്റി”യിലും ചാള്‍സ് ഹിഷ്‌കിന്ദ് (2006) കാസറ്റുകേള്‍വിയിലൂടെ ലഭിക്കുന്ന എത്തിക്‌സിനെ കുറിച്ചും പഠനം നടത്തി. രണ്ട് പേരും ഈജിപ്തിലെ സാധാരണക്കാരായ മുസ്ലിംകളുടെ ഇടയിലായിരുന്നു പഠനം നടത്തിയിരുന്നത്. ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും നരവംശശാസ്ത്രജ്ഞനുമായ ഹുസൈന്‍ അലി അഗ്രാമയുടെ ഈജിപ്തിലെ തന്നെ ഫത്വ കൗണ്‍സിലിനെ കുറിച്ചുള്ള എത്‌നോഗ്രഫിക് പഠനവും ഈ ഇനത്തില്‍ ശ്രദ്ധേയമാണ്.

ഇസ്ലാമിന്റെ ആന്ത്രോപോളജിയും തലാല്‍ അസദും

1980- കളിലാണ് ഇസ്ലാം സംവാദങ്ങളില്‍ തലാല്‍ അസദ് എന്‍ഗേജ് ചെയ്യാന്‍ തുടങ്ങുന്നത്. 1986ല്‍ എഴുതപ്പെട്ട ‘The idea of anthropology of Islam’ എന്ന പ്രബന്ധത്തില്‍ ഇസ്്‌ലാം പഠനത്തില്‍ ആന്ത്രോപോളജി ഉപയോഗിച്ച് പോന്നിരുന്ന പഠനരീതികളെ അദ്ദേഹം ചോദ്യം ചെയ്യുന്നു. എന്താണ് യഥാര്‍ത്ഥത്തില്‍ ഇസ്്‌ലാമിന്റെ ആന്ത്രോപോളജി എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്? ഇസ്്‌ലാമിനെ കുറിച്ചുള്ള നരവംശശാസ്ത്ര പഠനങ്ങളുടെ പഠനവിഷയം എന്താണ്? ഇസ്ലാമിക് ടെക്സ്റ്റുകളാണോ പഠിക്കേണ്ടത്, അതല്ല മുസ്ലിം ജീവിതമാണോ എന്ന ചോദ്യങ്ങളെ അസദ് അഭിമുഖീകരിക്കുന്നുണ്ട്. ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ച് പഠിക്കാന്‍ ആന്ത്രോപ്പോളജിസ്റ്റുകള്‍ക്ക് ശരിയായ ഒരു കണ്‍സപ്റ്റ് വികസിപ്പിക്കാന്‍ ഇത് വരെയും കഴിഞ്ഞിട്ടില്ല എന്നതാണ് അസദിന്റെ വിമര്‍ശനം.

ഏതെല്ലാം അര്‍ത്ഥത്തിലാണ് സോഷ്യല്‍ സയന്‍സിനകത്ത് ക്രിസ്റ്റ്യാനിറ്റി കൂടിക്കലര്‍ന്നിട്ടുള്ളത് എന്നതിനെക്കുറിച്ച് അസദ് സൂക്ഷ്മമായി അന്വേഷിക്കുന്നുണ്ട്. ആന്ത്രോപ്പോളജിസ്റ്റുകള്‍ ഉപയോഗിക്കുന്ന ലിബറല്‍ കാറ്റഗറികളെയാണ് അസദ് വിമര്‍ശനവിധേയമാക്കുന്നത്. മതം എന്നത് കൊണ്ടും പാരമ്പര്യം എന്നത് കൊണ്ടും എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്ന് അസദ് ആന്ത്രോപ്പോളജിസ്റ്റുകളോട് ചോദിക്കുന്നുണ്ട്. മാത്രമല്ല, മതത്തെയും അനുഭവത്തെയും രണ്ടായി കാണുന്ന അവരുടെ രീതിയെയും അസദ് വിമര്‍ശിക്കുന്നു.

ഭക്തിയുടെ രാഷ്ടീയവും സബാ മഹ്്മൂദും
മതത്തെ കുറിച്ചുള്ള സെക്കുലര്‍ ധാരണകളില്‍ നിന്നും ഉറവുകൊണ്ട സ്വാതന്ത്യം (ഫീഡം), സ്വയംഭരണാധികാരം (ഇന്‍ഡിവിജ്വല്‍ ഓട്ടോണമി) എന്നിവയെ കുറിച്ചുള്ള സങ്കല്‍പങ്ങളെ തന്റെ പഠനങ്ങളിലൂടെ സബ മഹ്്മൂദ് തിരുത്താന്‍ ശ്രമിക്കുന്നു.
തനിക്കതീതമായുള്ള ശക്തികള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കുമപ്പുറം സ്വയേച്ഛകളെ നിര്‍വഹിക്കുന്ന സ്വയംഭരണാധികാര വ്യക്തിത്വ (ഇന്‍ഡ്വിവിജ്വല്‍ ഓട്ടോണമി) നിര്‍മ്മാണത്തെ കടമെടുക്കുക വഴി ഫെമിനിസം ചെറുത്തുനില്‍പ്പു (റെസിസ്റ്റന്‍സ്) കളില്‍ മാത്രം ഒതുങ്ങിനില്‍ക്കുമ്പോള്‍, ദൈവിക നിയമങ്ങള്‍ക്ക് വഴിപ്പെടലും (സബ്മിഷന്‍) വ്യക്തിയുടെ കര്‍തൃത്വ (ഏജന്‍സി)ത്തിന്റെ ഭാഗമാണെന്ന വസ്തുത മറന്നുപോവുന്നു. പുരോഗമന സെക്കുലര്‍ അനുമാനങ്ങളിലെ ഇത്തരം കാര്‍ക്കശ്യപരമായ മുസ്ലിംസ്ത്രീ വായനകളിലെ അബദ്ധധാരകണളെയാണ് സബാ മഹ്്മൂദ് തന്റെ ‘പൊളിറ്റിക്സ് ഓഫ് പയറ്റി’ എന്ന പഠനത്തിലൂടെ തിരുത്താന്‍ ശ്രമിക്കുന്നത്.

ആചാരാനുഷ്ഠാനങ്ങള്‍ക്ക് മതത്തിന്റെ അന്തസ്സത്തയായ ആത്മീയതയുമായി ബന്ധമില്ലെന്ന സെക്കുലര്‍ ധാരണ ഫെമിനിസത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്. ഉദാഹരണത്തിന്, താന്‍ ശിരോവസ്ത്രം ധരിക്കുന്നത് മതപരമായ വിധേയത്വം കൊണ്ടും അത് തന്റെ നൈതികവും സദാചാരപരവുമായ ജീവിതരീതിയുടെ ഭാഗമായത് കൊണ്ടാണെന്നും പറയുന്ന മുസ്ലിം സ്ത്രീയെ മതത്തിന്റെ പുരുഷ മേല്‍ക്കോയ്മയുടെയും സ്ത്രീവിരുദ്ധതയുടെയും ഇരയായി മാത്രമേ ഫെമിനിസ്റ്റുകള്‍ക്ക് കാണാന്‍ കഴിയുന്നുള്ളൂ. ശിരോവസ്ത്രം അടിച്ചമര്‍ത്തപ്പെട്ട മുസ്ലിം സ്ത്രീയുടെ അടയാളമായോ ലൈംഗിക ചൂഷണത്തില്‍ നിന്നും അവളെ തടഞ്ഞു നിര്‍ത്തുന്നു എന്ന പ്രായോഗികമായ ഉപയോഗത്തിലേക്കോ ചുരുക്കപ്പെടുകയാണിവിടെ. എന്നാല്‍ മുസ്ലിം സ്ത്രീയുടെ കര്‍തൃത്വപരമായ ആവിഷ്‌കാരത്തെയും അതുവഴി അവള്‍ ലക്ഷ്യമാക്കുന്ന ദൈവിക തൃപ്തിയിലധിഷ്ഠിതമായ വ്യക്തിത്വ രൂപീകരണം (ഫോര്‍മുലേഷന്‍ ഓഫ് സെല്‍ഫ്), നൈതിക മൂര്‍ത്തീവല്‍കരണം (എത്തിക്കല്‍ എംബഡിമെന്റ്) എന്നിവ മനസ്സിലാക്കുന്നതില്‍ ഇത്തരം സ്ത്രീപക്ഷ വായനകള്‍ പരാജയപ്പെടുന്നുണ്ട്. ഇവിടെ സെക്കുലറിസം മുന്നോട്ടു വെക്കുന്ന മത സങ്കല്‍പം കൂടുതല്‍ സങ്കീര്‍ണമാവുന്നത് മതകീയവും രാഷ്ട്രീയവുമായ ജീവിതവൈവിധ്യത്തെ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വിധം അത് ഏകശിലാത്മകമാണ് എന്നതിനാലാണ്. അതൊകൊണ്ടാണ് എല്ലാ മുസ്ലിംകളും മുഖം തിരിക്കേണ്ട മൂല്യങ്ങളുടെ ‘മക്ക’ എന്ന് പുരോഗമനവാദികള്‍ സെക്കുലറിസത്തെ പരിചയപ്പെടുത്തുന്നത്.

സെക്കുലറിസം കൊണ്ടുവരുന്ന ഉദാരവത്കരണങ്ങളോട് പുറം തിരിഞ്ഞുനില്‍ക്കുകയും ശിരോവസ്ത്രം പോലെയുള്ളൊരു മതത്തിന്റെ പരിചിതമല്ലാത്ത ജീവിതരീതികളെ ഒന്നുകില്‍ തങ്ങള്‍ക്കനുകൂലമാക്കി രൂപാന്തരപ്പെടുത്തുകയോ അല്ലെങ്കില്‍ നശിപ്പിക്കുകയോ ചെയ്യുന്ന ഹിംസാത്മക പ്രവണതയാണ് ലിബറലിസം മുന്നോട്ട് വെക്കുന്നത്. അതിനെ കൃത്യമായി തിരിച്ചറിഞ്ഞുകൊണ്ട് സെകുലറിസം, ഫെമിനിസം, നരവംശശാസ്ത്രം, മതം എന്നിവക്കകത്തെ സ്ട്രക്ച്ചറുകളെ വായിക്കുകയും ചെയ്യുക വഴി മതപഠനത്തിന് നരവംശശാസ്ത്രജ്ഞര്‍ മറന്നുപോയ ആത്മീയവും നൈതികവുമായ മൂല്യങ്ങളെ തിരികെക്കൊണ്ടുവരാനും ഒരു പരിധി വരെ സബയുടെ പഠനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.

പാരമ്പര്യവും എത്തിക്കല്‍ അതോറിറ്റിയും; അലി അഗ്രാമയുടെ ഫത്വ പഠനം

ഈജിപ്തിലെ ഫത്വ കൗണ്‍സിലിനെ കേന്ദ്രീകരിച്ച് പ്രമുഖ നരവംശശാസ്ത്ര പണ്ഡിതനും ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ ഡോ. ഹുസൈന്‍ അലി അഗ്രാമ നടത്തിയ ഫത്വയുടെ ആന്ത്രോപോളിക്കല്‍ വായന ശ്രദ്ധേയമാണ്. പാരമ്പര്യം, ആധികാരികത, അനുകരണം, കാലികത, ക്രിയാത്മകത തുടങ്ങിയ ഫത്വയുടെ അനിവാര്യമായ നൈതികമാനങ്ങളെ പണ്ഡിതോചിതമായി അദ്ദേഹം ചര്‍ച്ചചെയ്യുന്നുണ്ട്.

ഈജിപതില്‍ ഫത്വ കൗണ്‍സിലുകള്‍ രാഷ്ട്രീയപ്രസക്തിയില്ലാത്ത സ്വതന്ത്രബോഡികളാണ്. തങ്ങള്‍ക്ക് ലഭിക്കുന്ന ഫത്്‌വകള്‍ക്ക് അനുസൃതമായി ജീവിക്കാന്‍ രാജ്യത്തിന്റെ നിയമം നിഷ്‌കര്‍ഷിക്കുന്നുമില്ല. മാത്രവുമല്ല, ഒരേ വിഷയത്തില്‍ ഒന്നിലധികം കൗണ്‍സിലുകളെ സമീപിക്കാനുമുള്ള സ്വാതന്ത്ര്യവുമുണ്ട്. പുറമെ, രാജ്യത്തെ ഭരണഘടനാനുസൃതമായി വര്‍ത്തിക്കുന്ന സിവില്‍ കോടതികളിലും നിയമപരിരക്ഷ തേടാവുന്നതാണ്. എന്നിരുന്നാലും സ്റ്റേറ്റിന്റെ ഭാഷയില്‍ അത്ര പ്രാധാന്യമല്ലാത്ത ഫത്വ കൗണ്‍സിലുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയും ആധികാരികതയും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

സിവില്‍ കോടതിയില്‍നിന്നും തങ്ങള്‍ക്ക് അനുകൂലമായി വിധി വന്നിട്ടും പ്രതികൂലമായി വിധിക്കപ്പെട്ട ഫത്വ അനുസൃതമായി പ്രവര്‍ത്തിക്കുന്നവരും ഒരേ വിഷയത്തില്‍ തങ്ങള്‍ക്കനുകൂലമായ വ്യത്യസ്ത ഫത്വകള്‍ തേടിപ്പോകുന്നവരും തത്വത്തില്‍ ഫത്വകളുടെ എത്തിക്കല്‍ അതോറിറ്റിയെ അംഗീകരിക്കുന്നവരാണ്. ഒരേ വിഷയത്തില്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ആളുകള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും അനുസരിച്ച് ഫത്‌വ നല്‍കുന്ന മുഫ്തിമാര്‍ ഇസ്്‌ലാമിന്റെ വ്യവഹാരാത്മക പാരമ്പര്യത്തെ (Discursive tradition) നെ പ്രതിനിധീകരിക്കുന്നവരുമാണ്.

വിശ്വാസികള്‍ തങ്ങളുടെ എത്തിക്കല്‍ സെല്‍ഫ് ബീയിംഗിന്റെ ഭാഗമായിട്ടാണ് ഫത്വ കൗണ്‍സിലുകളെ സമീപിക്കുന്നത്. ഇത്തരത്തില്‍ ഫത്വയുടെ എത്തിക്കല്‍ അതോറിറ്റിയെ അംഗീകരിക്കുന്നതോടൊപ്പം അവര്‍ തങ്ങളുടെ കര്‍തൃത്വം (Agency) അനുഭവിക്കുകയും ചെയ്യുന്നു.

മതത്തെയും മതാചാരങ്ങളെയും പ്രതീകാത്മക (symbolic) പ്രവര്‍ത്തനങ്ങള്‍ മാത്രമായി കണ്ടിരുന്ന നരവംശശാസ്ത്ര പഠനങ്ങളുടെ പരിമിതികളെ ഇത്തരം പഠനങ്ങള്‍ നിരന്തരം ചോദ്യം ചെയ്തു. മാത്രവുമല്ല, മതവിശ്വാസിയുടെ സങ്കീര്‍ണമായ ജീവിതാനുഭവങ്ങളെ ഉള്‍ക്കൊള്ളാന്‍ സെക്കുലറിസത്തിന്റെ ഏകശിലാത്മകമായ ആശയസങ്കല്‍പ്പങ്ങള്‍ക്ക് പരിമിതിയുണ്ടെന്നും ബോധ്യപ്പെടുത്തുന്നു.

ശബീര്‍ ഹസനി കാക്കുനി