Thelicham

അക്കാദമിയ: അദബും (ഞാ) ജ്ഞാനോൽപ്പാദനങ്ങളും

അഹം ഇഹം മരണം

കോളേജിൽ പഠിക്കുമ്പോൾ മനസ്സിൽ ഉണ്ടായിരുന്ന വലിയ ആഗ്രഹങ്ങളിൽ പെട്ട ഒന്ന്, ഡിസ്റ്റൻസായി പഠിച്ചു കൊണ്ടിരിക്കുന്ന ബി.എ ഇംഗ്ലീഷ് എങ്ങനെയെങ്കിലും പെട്ടെന്ന് പൂർത്തിയാക്കി പേര് കേട്ട ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടുക എന്നതായിരുന്നു. സമാന സാഹചര്യങ്ങളിൽ ഉണ്ടായിരുന്ന പല സുഹൃത്തുക്കളുടെയും ആഗ്രഹങ്ങളും ഇതൊക്കെ തന്നെയായിരുന്നു. ദൂരെ നിന്ന് വീക്ഷിക്കുമ്പോൾ എന്തോ ഒരു വശ്യത ലിബറൽ അക്കാദമിയക്കുണ്ടായിരുന്നു.അത് എന്നെ പോലുള്ള മദ്രസക്കാരെ (ഞാൻ ഒരു പാതി വെന്ത മദ്രസക്കാരൻ മാത്രം) അതിലേക്ക് ആകർഷിച്ചു. അങ്ങനെ ഇരുപത്തിയൊന്നാം വയസ്സിൽ ഇസ്‌ലാമിയ കോളേജ് പാതിവഴിയിൽ ഉപേക്ഷിച്ച് ഞാൻ ഡൽഹിയിലെ ജാമിഅ: മില്ലിയ ഇസ്‌ലാമിയ കേന്ദ്ര സർവകലാശാലയിൽ എം.എ ഇംഗ്ലീഷിന് പ്രവേശനം നേടി.

കൃത്യം ഒരു വർഷം, എല്ലാ നിലക്കും സന്തോഷവും ആഹ്ലാദവുമുണ്ടാവേണ്ട എനിക്ക് വന്നത് കടുത്ത വിഷാദ രോഗമാണ്. മനുഷ്യനിൽ ജൈവികമായി ഉണ്ടാവേണ്ട ജീവൻ നിലനിർത്തണം എന്ന ബോധത്തെ മെല്ലെ മെല്ലെ മാറ്റി കളയുന്ന, മനസ്സിൽ നിന്ന് ഹൃദയത്തിലേക്കും പിന്നെ ശരീരത്തിലേക്കും പടർന്നു കയറുന്ന ഇരവ്. പടച്ചവന്റെ അപാരമായ കരുണയും കാവലും കൊണ്ട് ജീവൻ നീട്ടി കിട്ടിയിരിക്കുന്നു. അൽഹംദുലില്ലാഹ്, ആയതിനാൽ ഈ പാതയിലൂടെ പോയി ജീവൻ തിരിച്ച് നൽകപ്പെട്ട ഒരുവൻ എന്ന നിലയ്ക്ക് നിങ്ങളോട് ഇത് പങ്ക് വെക്കുന്നു.

ഓർമ്മ വെച്ച കാലം മുതൽ ഞാൻ ഓട്ടത്തിലാണ്, എൻ്റെ പിന്നാലെ തന്നെയായിരുന്നു ഓട്ടം. ഉഷാറായാൽ പോര ഇനിയും ഉഷാറാവണം എന്ന ചിന്ത മാത്രം. ഞാൻ സാമാന്യം ഉഷാർ തന്നെയായിരുന്നു, പക്ഷേ, എത്ര ഉഷാറായാലും എനിക്ക് തൃപ്തി വരില്ല, ചെയ്യുന്നതിൽ ഒന്നിലും സമാധാനവും ഇല്ല. ഡയറി എഴുത്ത് തുടങ്ങിയ കാലം മുതൽക്കേ എൻ്റെ ഡയറികളുടെ പേജുകൾ ഇത്തരം വ്യാകുലതകളാൽ  നിറഞ്ഞു, നാളെ മൊത്തത്തിൽ ഒന്നൂടെ ശെരിയാവും എന്നു രാത്രി വൈകി എഴുതി വച്ച് സുബഹി ഖദാ ആക്കികൊണ്ടേയിരുന്നു. എനിക്ക് വേണ്ടിയിരുന്നത് എല്ലാം നിയന്ത്രണത്തിൽ വരുന്ന ഒരു ദിവസമായിരുന്നു, അതായത് സുബഹിക്ക് എണീറ്റ്, കുറേ വായിച്ച്, കുറേ എഴുതി, ലോകം തന്നെ കീഴടക്കുന്ന ഒരു ദിവസം. ഇങ്ങനെ ഒരു ദിവസം എല്ലാ ദിവസവും വേണമെന്നത് ഒരു അത്യാഗ്രഹമാണെന്നും എനിക്ക് തോന്നിയില്ല. എല്ലാ ദിവസവും സ്ഥിരതയും നൈരന്തര്യവും തേടിയ എനിക്ക് കിട്ടിയത് അതിൽ എത്തിപ്പെടാനാവാത്തതിന്റെ നിരാശ മാത്രം. എത്തിപ്പെടാനാവാത്ത സ്ഥിരതയെ തേടിത്തേടി ഞനാകെ ക്ഷീണിച്ചിരുന്നു, ജീവിതത്തിന്റെ പകിട്ട് നഷ്ടപ്പെട്ട പോലെ, മെല്ലെ മെല്ലെ നിറങ്ങൾ കാണാനുള്ള കഴിവ് കണ്ണുകളിൽ നിന്ന് ഊർന്നിറങ്ങിയ പോലെ. പിന്നെ ബാക്കിയുണ്ടായിരുന്നത് കറുപ്പിന്റെയും വെളുപ്പിന്റെയും ലോകം മാത്രം. വെളുപ്പ് പ്രതീക്ഷയറ്റ ജീവിതത്തിന്റെ അനന്തമായ ശൂന്യത, കറുപ്പ് ഭീതിപ്പെടുത്തുന്ന മരണത്തിന്റെ ഇരുട്ട്. മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിലുള്ള കയറിൽ ഞാൻ കുരുങ്ങിക്കൊണ്ടേയിരുന്നു, മനസ്സിൽ കയറുകൾ മാത്രം.

 ആ വേനൽ അവധിയിൽ ദൈവത്തോട് ഏറ്റവും അടുത്ത്, പടികൾ കയറി മാത്രം ചെല്ലാൻ കഴിയുന്ന നൂർ നഗറിലെ അഞ്ചാം നിലയിലെ ആ കൊച്ചു മുറിയിൽ ഞാൻ സൈക്യാട്രിയുടെയും സൈക്കോളജിയുടെയും അന്തരം പഠിച്ചു, കൂടെ ജീവിതമരണങ്ങളുടെയും. ജീവൻ നില നിർത്താൻ കഴിച്ച മരുന്നുകൾ ഫലം ചെയ്തു തുടങ്ങി, മനശാസ്ത്രജ്ഞനുമായി സംസാരിച്ചപ്പോൾ “സെൻട്രൽ യൂണിവേഴ്സിറ്റി സിൻഡ്രോം” എന്നു ഓമനത്തത്തോടെ വിളിക്കാൻ പറ്റുന്ന എൻ്റെ അസുഖം എൻ്റെ മാത്രം പ്രശ്നമല്ല എന്ന് അദ്ദേഹം വിശദീകരിച്ചു. അദ്ദേഹവും എൻ്റെ യൂണിവേഴ്സിറ്റിയിലാണ് പഠിച്ചത് എന്നത് കൊണ്ട് അദ്ദേഹത്തിന്റെ ഡയഗ്‌നോസിസ് ശെരിയാണെന്ന് എനിക്കും തോന്നി. ഉയർന്ന ചിന്താഗതി, വളരെ മോശപ്പെട്ട അച്ചടക്കം, അതിന് കൂടെ സ്വന്തത്തോട് ഒരിറ്റ് പോലും ദയ കാണിക്കാത്ത മനസ്സ്, ഇതൊക്കെയായിരുന്നു ഇതിന്റെ അടിസ്ഥാന കാരണങ്ങൾ. മെല്ലെ മെല്ലെ മരുന്ന് ഫലിച്ചു തുടങ്ങി, അൽഹംദുലില്ലാഹ്, ജീവിക്കാനുള്ള ആ അടിസ്ഥാന ചോദന തിരിച്ചു കിട്ടി, എന്നാൽ കപ്പൽ മുങ്ങി സ്വന്തം ജീവനൊഴിച്ചു നടുക്കടലിൽ എല്ലാം നഷ്ടപ്പെട്ടവനെ പോലെ ഞാൻ മരുന്ന് എന്ന മരപ്പലകയിൽ ദൈവം തന്ന ജീവനുമായി ഓളങ്ങൾക്കൊപ്പം അലഞ്ഞു.

അലച്ചിലിന്നൊടുവിൽ ഒരു ശൈഖിന്റെ സന്നിധിയിലെത്തി, ആയാളാകട്ടെ പണ്ടാരമടങ്ങാൻ ഡിപ്രഷൻ എന്നൊരു സാധനമില്ല, മുസ്‌ലീംകൾക്ക് അത് വരില്ല എന്നൊരിക്കൽ പ്രഖ്യാപിച്ചു. എനിക്ക് ചില്ലറ അരിശമൊന്നുമല്ല തോന്നിയത്, ഞങ്ങളുടെ നാട്ടിൽ പറയുന്ന പോലെ, അപ്പോ ഞാനും എൻ്റെ അനുഭവങ്ങളും എന്താ പൊകയോ എന്നു മനസ്സിൽ അമർഷം കടിച്ചു പിടിച്ചു ഞാൻ വാശിയോടെ വാദിക്കാൻ ഇറങ്ങി. അദ്ദേഹം തുടർന്ന് പറഞ്ഞത് എൻ്റെ ജീവിതത്തെ കീഴ്മേൽ മറിച്ചു: “ഡിപ്രെഷൻ ഒരു അസുഖം തന്നെയാണ്, ഇടതടവില്ലാത്ത നിരാശ ശരീരത്തെ സാരമായി ബാധിക്കുന്നതുമാണ്, ഈ നിരാശയെ വരുതിയിൽ വരുത്താൻ കഴിയാതിരിക്കുന്നതാണ് പരാജയം. വിജയത്തെ കുറിച്ചുള്ള നിൻ്റെ ഭാവന എന്നത് നിൻ്റെ മനസ്സിൽ നിന്നെ കുറിച്ച് തന്നെയുള്ള ഒരു ഐഡിയൽ അഥവാ സമ്പൂർണ്ണമായ ഭാവനയിൽ നിന്ന് ഉരുത്തിരിഞ്ഞതായിരുന്നു. അതിൽ നീ വിജയിച്ചാലും, അതായത്, നീ ആഗ്രഹിക്കുന്ന പോലെ ഏതെങ്കിലും ഒരു പാശ്ചാത്യ അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ നല്ലൊരു ഡിപ്പാർട്മെൻ്റിന്റെ തലപ്പത്ത് നീ എത്തിയാലും, നിനക്ക് ജീവിതത്തിൽ സമാധാനമുണ്ടാവില്ല, സ്വസ്ഥതയുണ്ടാവില്ല, നിരന്തരം ആശങ്കകളായിരിക്കും, കാരണം നീ വിചാരിക്കുന്നത് നിൻ്റെ കർമ്മം കൊണ്ടും നിൻ്റെ പ്രയത്നം കൊണ്ടുമാണ് നീ ആ സ്ഥാനത്ത് എത്തിയത് എന്നാണ്, ആ സ്ഥാനം നില നിർത്താൻ നീ കഷ്ടപ്പെട്ട് ശ്രമിക്കും എന്നു മാത്രമല്ല ചെറിയ തെറ്റുകൾക്കു വരെ നീ സ്വയം പഴിചാരുകയും സ്വന്തത്തോട് ക്രൂരമാവുകയും ചെയ്യും. ഇനി നീ നിൻ്റെ സ്വപ്നത്തിലേക്ക് എത്തിചേർന്നില്ല എന്ന് വിചാരിക്കുക, അതല്ലാത്ത എത്ര നല്ല സ്ഥാനത്തെത്തിയാലും നീ നിരാശയിലാണ്ട് മരണപ്പെട്ടിട്ടുണ്ടാവും, കാരണം, നിന്റെ ധാരണ നിന്റെ പരാജയത്തിന്റെ കാരണം നീ തന്നെ ആണെന്നാണ്. മിക്ക ആളുകൾക്കും സംഭവിക്കുന്നതിതാണ്. നിൻ്റെ ഹൃദയത്തിന് സമാധാനവും സ്വസ്ഥതയും ലഭിക്കണമെങ്കിൽ നീ മനസ്സിലാക്കണ്ടത് വിജയം എന്നാൽ യഥാർത്ഥത്തിൽ എന്താണ് എന്നാണ്. ഇപ്പോ നീ വിജയം എന്നു വിചാരിക്കുന്നത്, അതിന്റെ ഏറ്റവും നല്ല അവസ്ഥയിൽ നിനക്ക് സ്വസ്ഥതയില്ലായ്മയാണ് സമ്മാനിക്കുക. അതിന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയിൽ മരണവും.” “വിജയം എന്നാൽ”, അദ്ദേഹം പറഞ്ഞു, “വിജയം എന്നാൽ പടച്ചവനോട് അടുക്കുക എന്നതാണ്. വിജയത്തിന്റെ മാനദണ്ഡം പടച്ചവനോടുള്ള അടുപ്പമാണ്, വേറൊന്നിന്നും ജീവിതത്തിൽ പ്രസക്തിയില്ല”.

ആ നിമിഷം ഞാൻ സ്വതന്ത്രനായി, എന്നെ ഇത്തിൾക്കണ്ണി പോലെ വരിഞ്ഞു മുറുക്കിയിരുന്ന നിയോ ലിബറൽ അക്കാദമിയയുടെ വള്ളി പടർപ്പുകൾ മെല്ലെ അയഞ്ഞു, എനിക്ക് ശ്വാസം തിരിച്ചു കിട്ടി. അല്ലാഹുവിന്റെ വിശാലമായ അന്തരീക്ഷത്തിലെ അവന്റെ റഹ്മത്തിന്റെ വായു എൻ്റെ ശ്വാസകോശങ്ങളിൽ നിന്നോരോ കോശങ്ങളിലേക്കും പടർന്നു. എൻ്റെ സി.വി.യുടെ ഭാരം എന്നിൽ നിന്നൊഴിഞ്ഞു, എൻ്റെ മൂല്യം ഇനി മുതൽ അതനുസരിച്ചല്ല. എൻ്റെ അല്ലാഹു എനിക്ക് പൊറുത്ത് തരും, എൻ്റെ റബ്ബ് എന്നോട് കരുണ കാണിക്കും. ഖുർആൻ പറയുന്നുണ്ടല്ലോ: “സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കാരുണ്യവാനും” (39:53). ഞാൻ എത്രതന്നെ പരാജയപ്പെട്ടാലും ആത്മാർത്ഥതയോടെ പശ്ചാത്താപവിവശനായിൽ എന്നെ സ്വീകരിക്കാൻ അല്ലാഹു ഉള്ളിടത്തോളം കാലം ഞാൻ എന്തിന് നിരാശപ്പെടണം. അല്ലാഹുവിന്റെ അടുക്കൽ ഞാൻ പ്രിയപ്പെട്ടവനാണ് എങ്കിൽ ഈ ദുനിയാവിന്റെ ഏതെങ്കിലും ഒരു കോണിൽ യാചകനായി ഞാൻ മാറിയാലും എനിക്ക് എന്ത് സങ്കടം. എനിക്ക് സാധിക്കുന്നതിന്റെ പരമാവധി അവന്റെ പ്രീതിക്കനുസരിച്ച് ഞാൻ ജീവിതം ക്രമപ്പെടുത്തുന്ന പക്ഷം എന്നെ സ്വീകരിക്കും എന്നു ഉറപ്പ് തന്നിരിക്കെ ഞാൻ എന്തിനു സങ്കടപ്പെടണം. ആ നിമിഷം എനിക്ക് ബോധ്യപ്പെട്ടത് മറ്റൊന്ന് കൂടിയാണ്, ഞാൻ അന്നുവരെ എന്നെ തന്നെ മെച്ചപ്പെടുത്താൻ വായിച്ച സെൽഫ് ഹെല്പ് പുസ്തകങ്ങൾ എല്ലാം ഫലരഹിതമാവാൻ കാരണം അവയുടെയെല്ലാം വിജയത്തെ കുറിച്ചുള്ള ചിത്രങ്ങൾ, പാശ്ചാത്യ സംസ്ക്കാരത്തിലൂന്നിയ സെക്കുലർ അഥവാ മതരഹിതമായ ഛായങ്ങളിൽ വരച്ചതായിരുന്നു, അതിൽ പരമ കാരുണ്യവാനായ അല്ലാഹു ഇല്ല. എൻ്റെ ഉള്ളിലെ മുറിവിലൂടെ വെളിച്ചം ഉള്ളിലേക്ക് പടർന്നു. അതേ, എൻ്റെയുള്ളിൽ മരിക്കേണ്ടതായി ഒന്നുണ്ട്, അത് എനിക്കകത്തെ ദുനിയാവാണ്. ആയതിനാൽ ‘അഹം, ഇഹം, മരണം’.

മുറിവ്, അറിവ്, മുറി അറിവ്

ലിബറൽ ആർട്സിൽ പ്രവേശിച്ച കാലം മുതൽ ഇന്നുവരെ എന്നെ ഏറ്റവും സ്വാധീനിച്ച വാചകം പ്രശസ്ത ഫെമിനിസ്റ്റ് ചിന്തക ബെൽ ഹൂക്സിന്റെതാണ്. എന്ത് കൊണ്ട് തിയറിയിലേക്ക്, അല്ലെങ്കിൽ അറിവിൻ്റെ മേഖലയിലേക്ക് വന്നു എന്നതിന് അവർ നൽകിയ കാരണം പലക്കുമെന്ന പോലെ എൻ്റെ ജീവിതത്തോടും ചേർത്ത് വായിക്കാമെന്ന് തോന്നുന്നു. അവർ പറയുന്നു: “ഞാൻ തിയറിയിലേക്ക് (അഥവാ അറിവിലേക്ക്) വന്നത് എനിക്ക് വേദനിച്ചു എന്നത് കൊണ്ടാണ്, എന്റെയുള്ളിലെ വേദന കലശലാവുകയും എനിക്ക് ജീവിക്കാനേ സാധിക്കാത്ത അവസ്ഥയിലേക്ക് ഞാൻ എത്തിച്ചേരുകയും ചെയ്തു. ഞാൻ തിയറിയിലേക്ക് വന്നത് വലിയ നിരാശയ്ക്ക് ഒടുവിലാണ്, എന്റെയുള്ളിലും എനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ വേണ്ടി. അതിനെക്കാളുപരി എൻ്റെ വേദനയ്ക്ക് ഒരു അറുതി വേണമായിരുന്നു. അപ്രകാരം തിയറിയിൽ  ഞാൻ കണ്ടത് ശമനമാണ്” (ഹൂക്സ്).

കൗമാരത്തിന്റെ പകുതിയിൽ എനിക്ക് വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടു തുടങ്ങി, പാശ്ചാത്യ സംസ്കാരത്തിന്റെ ഏറ്റവും ഉന്നതമായ സംഭാവനകളൊക്കെയും ആറ്റിക്കുറുക്കി വർഷാവർഷം ഇറങ്ങുന്ന സെൽഫ് ഹെല്പ് പുസ്തകങ്ങളാണ് ഇതിനൊക്കെ ഉത്തരം കണ്ടെത്താനായി ഇംഗ്ലീഷ് വായിക്കുന്ന ഒരു സാധാരണ കൗമാരക്കാരൻ എന്ന നിലയിൽ ഞാൻ വായിച്ചു തുടങ്ങിയത്. വായനയെ തന്നെ വെറുക്കുവോളം ഞാൻ അത്തരം പുസ്തകങ്ങൾ വായിച്ചു, അവയത്രയും ഉപകാരപ്രദവും സത്യസന്ധവുമായ കാര്യങ്ങൾ തന്നെയാണ് പറഞ്ഞിരുന്നത്, എന്നാൽ നന്നേ വില കുറഞ്ഞ കളിപ്പാട്ടങ്ങളെ പോലെ ആദ്യ വായനയ്ക്ക് അപ്പുറത്തേക്ക് ആ ഉപദേശങ്ങൾക്ക് ഒന്നും ജീവനുണ്ടായിരുന്നില്ല. അകംപൊള്ളയായ നിറപ്പകിട്ടുകൾ മാത്രം.

ഡിഗ്രീ മാസ്റ്റേഴ്സ് പഠന കാലങ്ങളിലാണ് തിയറിയുമായി അക്കാദമികമായി അടുത്തത്, ഇംഗ്ലീഷ് ഭാഷാ സാഹിത്യ പഠനവും അതിനോട് അനുബന്ധിച്ചുള്ള ലിബറൽ ആർട്സ് കരിക്കുലത്തിലും എനിക്ക് സ്വസ്ഥത ഉണ്ടായില്ല, അവർ പറയുന്നതിൽ, അവരുടെ നിരീക്ഷണങ്ങളിൽ സത്യങ്ങൾ ഉണ്ടെങ്കിലും അവരുടെ നിഗമനങ്ങൾക്ക് കാര്യമായ തകരാറുകൾ ഉള്ളതായി എനിക്ക് അനുഭവപ്പെട്ടു. സത്യം മനസ്സിലാക്കാനുള്ള, അത് കണ്ടെത്താനുള്ള അവരുടെ അതിയായ ആഗ്രഹവും, ആത്മാവിന്റെ തേട്ടവും ഏറെ ബഹുമാനമർഹിക്കുന്നുവെന്നത് സത്യമാണ്. എന്നാൽ, ആധുനിക നിയോ ലിബറൽ താല്പര്യങ്ങൾക്കനുസൃതമായി നീങ്ങുന്ന അക്കാദമിയയിൽ എനിക്ക് ശമനമുണ്ടായില്ല. ‘മുറി അറിവി’ൽ എൻ്റെ മുറിവ് ഉണങ്ങിയില്ല എന്ന് മാത്രമല്ല, വിപരീത ഫലമാണ് ഉണ്ടായത. നിരാശയിലേക്കും വിഷാദത്തിലേക്കും വഴുതി വീണ. ‘ഞാൻ’ എന്നതിനെ കുറിച്ചുള്ള അല്പം ജ്ഞാനോൽപ്പാദനം ചേർന്ന ആശങ്കകൾ മാത്രം ബാക്കി. ഇസ്‌ലാമികമായി എങ്ങനെ ഇതിനെ മറികടക്കാം എന്നാണ് ശൈഖ് എനിക്ക് പറഞ്ഞു തന്നത്, ഇതിനെ എങ്ങനെ തിയറൈസ് ചെയ്യാം എന്ന അന്വേഷണമാണ് എന്നെ, അൽഹംദുലില്ലാഹ്, അദബിലേക്ക് എത്തിച്ചത്.

അക്കാദമിയയിലെ അദബ്: ഞാൻ, ‘ഞാ/ജ്ഞാ’നോൽപ്പാദനം

‘അദബ്’. സാഹിത്യം, മര്യാദ, മാനുഷിക മൂല്യങ്ങൾ ഉൾചേരുന്ന ഒരുതരം വിദ്യാസമ്പന്നത – ഇവയെല്ലാം ദ്യോതിപ്പിക്കാനാണ് പൊതുവെ അദബ് ഉപയോഗിക്കപ്പെടുന്നത്. ബാർബറ മെറ്റ്കാഫിനെ പോലെയുള്ള ദക്ഷിണേഷ്യൻ പഠനവിശാരദർ, അദബിനെ ഇസ്‌ലാമിക പാരമ്പര്യത്തിന്റെ കാലാതീതമായ നില നിൽപ്പിനുള്ള ഹേതുകമായാണ് അടയാളപ്പെടുത്തുന്നത്. മാറ്റങ്ങളോട് സംവദിച്ച് കാലത്തോടൊപ്പം സഞ്ചരിക്കാൻ, ഇസ്‌ലാമിനെ സഹായിക്കുന്നത് അദബാണ് എന്നാണ് അവരുടെ നിരീക്ഷണം. മനുഷ്യൻ എന്താണ് എന്ന് മനസ്സിലാക്കലും തദനുസൃതമായി ജീവിതത്തെ ചിട്ടപ്പെടുത്തലുമാണ് അദബ് എന്നും പാരമ്പര്യ സുന്നി വിദ്യാർഥിയുടെ വിദ്യാഭ്യാസത്തിന്റെ ആധാരശില തന്നെ അദബാണെന്നും അവർ അഭിപ്രായപ്പെടുന്നു. എന്നാൽ, ഇസ്‌ലാമിനെയും അതിന്റെ പദാവലികളെയും നിർവചിക്കുന്നതിലെ ഇംഗ്ലീഷ് ഭാഷയുടെ അപര്യാപ്തതയും ഇസ്‌ലാമിക പാരമ്പര്യക്കെെമാറ്റത്തിൻ്റെ അഭാവവുമെല്ലാം ഇത്തരം പഠനങ്ങളിലെ വലിയ പരിമിതികളാണ്.

പാശ്ചാത്യജ്ഞാനങ്ങളിലും ഇസ്‌ലാമിക പാരമ്പര്യത്തിലും അഗ്രകണ്യനായ ശൈഖ് നാഖിബ് അൽ അത്താസ് അദ്ദേഹത്തിന്റെ (The Concept Of Education In Islam – Syed Muhammad Naquib al-Attas) എന്ന പുസ്തകത്തിൽ അദബിനെ ഒരു സംശയത്തിനും വകയില്ലാത്ത വിധത്തിൽ എല്ലാവർക്കുമായി വിശദീകരിക്കുന്നുണ്ട്. അദബ് എന്നാൽ തിരിച്ചറിവാണ് (Recognition). തിരിച്ചറിവ് എന്നാൽ കേവലം അറിവ് എന്നതിൽ അപ്പുറം ആത്യന്തിക യഥാർത്ഥ്യത്തിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളുടെ ആവശ്യകതയെ കുറിച്ചുള്ള തിരിച്ചറിവ് കൂടിയാണ്. അല്ലാഹുവിനെ കുറിച്ചുള്ള തിരിച്ചറിവിൽ നിന്നാണ് അത് ആരംഭിക്കുന്നത്. അതിൽപിന്നെ, സ്വന്തത്തെ കുറിച്ച്, ഈ ശ്രേണിയെ കുറിച്ച്, അല്ലാഹു സജ്ജീകരിച്ച ഈ സംവിധാനത്തെ കുറിച്ച്, അതിലെ നമ്മുടെ സ്ഥാനത്തെ കുറിച്ച്, നമ്മുടെ ചുമതലകളെ കുറിച്ചും കഴിവുകളെ കുറിച്ചും, അങ്ങനെയെല്ലാമെല്ലാം.

ശൈഖ് അത്താസ് പറയുന്നു: “അടിസ്ഥാനപരമായി സർവതും യഥോചിതം ക്രമീകരിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ, അജ്ഞത ബാധിച്ച മനുഷ്യൻ ഈ നീതിപൂർവകമായ ക്രമത്തെ മറന്നു കൊണ്ട് പ്രവർത്തിക്കുകയും അതിൽ മാറ്റങ്ങൾ കൊണ്ട് വരാൻ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് അനീതി സംഭവിക്കുന്നത്. മനുഷ്യന് സത്യം ബോധ്യപ്പെട്ടാൽ, അത് അവൻ തിരിച്ചറിഞ്ഞാൽ അവൻ യഥാർഥ സ്ഥാനത്ത് തിരിച്ചെത്തുകയാണ് ചെയ്യുന്നത്. തിരിച്ചറിയുക എന്നാൽ സത്യത്തോടു ചേരുക എന്ന അനിവാര്യത മനസ്സിലാക്കൽ കൂടിയാണ്. അദബ് എന്ന തിയറി അദബ് എന്ന പ്രാക്ടീസിൽ നിന്ന് മുക്തമല്ല. അദബിനെ അംഗീകരിക്കുന്നത്, സത്യത്തെ അംഗീകരിക്കുന്നത് സത്യത്തിൽ നില കൊള്ളുകയും പ്രവർത്തിക്കുകയും ചെയ്യണം എന്ന് അംഗീകരിക്കലാണ്, അല്ലാത്ത പക്ഷം അത് സത്യത്തെ നിഷേധിക്കലാണ്”. അദബിനെ അദ്ദേഹം കൂടുതൽ വിശദീകരിക്കുന്നു: “അത് മനസ്സിനേയും ശരീരത്തെയും ആത്മാവിനെയും പരിശീലിപ്പിക്കലാണ്. സ്വന്തത്തിന്റെ കഴിവുകളും സാധ്യതകളും മനസ്സിലാക്കി അതിനനുസരിച്ച് പ്രവർത്തിക്കലും മുന്നേറലുമാണ്”. എനിക്ക് ശൈഖ് തന്ന ഉപദേശവും ഇത് തന്നെയാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു.

അല്ലാഹുവോടുള്ള അടുപ്പമാണ് യഥാർഥ വിജയം എന്ന തിരിച്ചറിവാണ് അദബിന്റെ പദ്ധതി. അക്കാദമിയയിലെ അദബ് എന്നാൽ ജ്ഞാനോൽപ്പാദനവും അതിനോട് അനുബന്ധിച്ചുള്ള ‘ഞാൻ ഉൽപ്പാദന’വും എന്നിങ്ങനെ എല്ലാ മേഖലകളിലും അല്ലാഹുവിനെ കണ്ടെത്താനും അതിനനുസരിച്ച് അവയെ ശ്രേണിയിൽ ആ ക്രമത്തിൽ സ്ഥാപിക്കാനും കഴിയുന്നുണ്ടോ എന്നതാണ്. ഇതൊരു ആത്മീയ പദ്ധതിയും അതിലൂന്നിയിട്ടുള്ള അക്കാദമിക തത്ത്വശാസ്ത്ര പദ്ധതിയുമാണ്. ഇത് ബാധിക്കുന്നതും ഇതിന്റെ ഫലം കാണേണ്ടതും നമ്മുടെ ദൈനംദിന കാര്യങ്ങളിൽ മുതൽ ജ്ഞാനശാസ്ത്ര അക്കാദമിക ഇടപെടലുകളിൽ വരെ എല്ലായിടത്തുമാണ്. ഇതിൽ ദൈനം ദിനം പോലെ നമുക്ക് പ്രധാനപ്പെട്ടതാണ് ജ്ഞാനശാസ്ത്രപരമായ ഇടപെടലുകൾ. കേവലമായ ഇസ്‌ലാമിനെ കുറിച്ചുള്ള പഠനങ്ങൾ എന്നതിൽ നിന്ന് മാറി, ഇസ്‌ലാമിനെ ഒരു പഠനവസ്തു എന്നതിൽ നിന്ന് മാറ്റി, മതത്തിൻ്റെ അടിസ്ഥാന സങ്കൽപത്തിൽ ഊന്നിയുള്ള ഒരു പഠന പദ്ധതിക്ക് അദബ് എന്ന ആശയം വഴിയൊരുക്കുന്നു.

അക്കാദമിയയിൽ അദബ് ഒരു രീതിശാസ്ത്രമായി സ്വീകരിക്കുക എന്നാൽ അദബിന്റെ അടിസ്ഥാന തത്ത്വമായ യഥാർഥ തിരിച്ചറിയൽ അഥവാ Recognition എന്ന രീതി നമ്മൾ വർത്തിക്കുന്ന ഓരോ മേഖലകളിലും യഥാവിധം അനുഷ്ടിക്കുകയെന്നതാണ്. ഒരു വിഷയത്തിന്റെ അടിസ്ഥാനപരമായ രൂപം, ശ്രേണി, അതിന്റെ വ്യത്യസ്ത രീതിയിലുള്ള പ്രതിഫലനങ്ങൾ എന്നിവയെല്ലാം തിരിച്ചറിഞ്ഞുകൊണ്ട്, ഇസ്‌ലാമിന്റെ ചൈതന്യവത്തായ ശ്രേണിയുമായി തുലനം ചെയ്യുകയും എങ്ങനെയാണ് ഇസ്‌ലാമിന്റെ ശ്രേണിയും പദ്ധതിയും ഉപയോഗപ്പെടുത്തി അവയെ സത്യത്തിലേക്ക് കൊണ്ട് വരിക എന്നത് അന്വേഷിക്കുകയുമാണ് അദബ് എന്ന രീതിശാസ്ത്രം ഉയർത്തിപ്പിടിക്കുമ്പോൾ കൈമുതലാക്കേണ്ടത്. ഉദാഹാരണത്തിന്, സാഹിത്യം, സാമൂഹ്യ ശാസ്ത്രം, നരവംശശാസ്ത്രം എന്നിങ്ങനെ ലിബറൽ അക്കാദമിയയിൽ നാമിടപെടുന്ന ഒട്ടു മിക്ക മാനവിക വിഷയങ്ങൾ പ്രത്യക്ഷത്തിലും, മറ്റ് ശാസ്ത്ര വിഷയങ്ങൾ പരോക്ഷമായും നില കൊള്ളുന്നത് മനുഷ്യന്റെ സ്വത്വത്തെ കുറിച്ചുള്ള അടിസ്ഥാനപരമായ ചില ആലോചനകളുടെ പുറത്താണ്. അതിൽ നിന്നാണ് അല്ലെങ്കിൽ അതോടനുബന്ധിച്ചാണ് ലോകത്തിന്റെ ക്രമീകരണവും ശ്രേണിയുമെല്ലാം തിരിച്ചറിയുന്ന പദ്ധതികളായി ഈ മേഖലകൾ രൂപമെടുക്കുന്നത്.

സ്വത്വത്തെ മനസ്സിലാക്കുന്നതിന് അകത്തുള്ള പിഴവുകളാണ് ഇവയുടെ അടിസ്ഥാന പ്രശ്നങ്ങൾക്കും തുടർന്നുള്ള എല്ലാ സംഘർഷങ്ങൾക്കും ഹേതുവാകുന്നത്, ഈ പിഴവുകളാണ് അവയുടെ രീതിശാസ്ത്രങ്ങളെ സാരമായി ബാധിക്കുന്നതും.

ലളിതമായി പറഞ്ഞാൽ, മനസ്സ്-ശരീരം എന്ന കാർട്ടേഷ്യൻ ദ്വന്ദവും അതിൽ നിന്ന് ഉദ്ഭൂതമാകുന്ന ഐഡിയലിസം-പോസിറ്റിവിസം എന്നീ രീതിശാസ്ത്രപരമായ സ്വത്വരൂപീകരണവുമെല്ലാം മുസ്‌ലിംകളായ നമ്മളും നിർലജ്ജം ലിബറൽ അക്കാദമിയയിൽ ഉപയോഗിച്ച് ജ്ഞാനോൽപ്പാദനം നടത്തുമ്പോൾ, യഥാർത്ഥ മാർഗത്തെ പരോക്ഷമായി അവഗണിക്കുക മാത്രമല്ല നമ്മൾ ചെയ്യുന്നത്, മറിച്ച്  സർവത്ര പ്രശ്നകരമായ ഒരു ചിന്ത്യപദ്ധതിയുടെ ഭാഗവാക്കാകുക കൂടിയാണ്. ഇതിനർതഥം ലിബറൽ അക്കാദമിയയിൽ നിന്ന് വിട്ടു നിൽക്കണം എന്നല്ല, നേരെ മറിച്ച്, നമ്മുടെ സ്വത്വത്തെ കുറിച്ചും, ലോകക്രമത്തെ കുറിച്ചുമെല്ലാം അല്ലാഹു നമുക്ക് വ്യക്തമായി പഠിപ്പിച്ചു തന്നിട്ടുള്ള, പണ്ഡിതന്മാർ പിൽക്കാലത്ത് ഫിലോസഫിയിലൂടെ സ്ഥാപിച്ചിട്ടുമുള്ള, അറിവ് അടിസ്ഥാനപ്പെടുത്തി, ഈ അക്കാദമിക വിഷയങ്ങളെ വിമർശനാത്മകമായി സമീപിക്കുക എന്നതാണ്. ഈ മേഖലയിലെ അബദ്ധധാരണകളെ പിഴുതെറിയാനുള്ള നമ്മുടെ തിരിച്ചറിവ്, മറ്റു മേഖലകളിലേക്കും ഒരു ചെയ്ൻ റിയാക്ഷൻ കണക്കെ വ്യാപിക്കുമെന്നുറപ്പാണ്. സത്യം തിരിച്ചറിഞ്ഞ നിമിഷം മുതൽ അതോടൊപ്പം അചഞ്ചലമായി നിലകൊള്ളുകയു അതിനെ നിലനിർത്തുകയും ചെയ്യുകയെന്ന നൈതികമായ ദൗത്യമാണിത്.

സക്കി ഹംദാൻ

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Most popular

Most discussed