Thelicham

അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍: അണയാത്ത ആത്മീയ വെളിച്ചം

[box type=”shadow” align=”” class=”” width=””]ജീവിതത്തിലെ വിശുദ്ധിയും ലാളിത്യവും കൊണ്ട് തസ്വവ്വുഫിന്റെ യഥാര്‍ത്ഥ നിര്‍വചനം വരച്ചുവെച്ച ഒട്ടനേകം അനുഗ്രഹീത ജന്മങ്ങളുടെ നിരയില്‍ ഒടുവിലത്തേതാണ് അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍. ആത്മീയതയുടെ ആഴമറിഞ്ഞ സൂഫിവര്യനും പണ്ഡിതനുമായ അനുഗ്രഹീത വ്യക്തിത്വമായിരുന്നു അത്തിപ്പറ്റ ഉസ്താദ്. മാതൃകായോഗ്യവും നിസ്വാര്‍ഥവുമായ ജീവിതത്തിലൂടെ കേരളീയ മുസ്‌ലിം സമൂഹത്തെ ആത്മീയമായും സാമൂഹികമായും സമ്പന്നമാക്കുന്നതിനു ജീവിതം മുഴുക്കെ നീക്കിവെച്ച കര്‍മയോഗിയായിരുന്നു അദ്ദേഹം. വിനയത്തിന്റെ ആള്‍രൂപമായി, അറിവിന്റെ ആഴങ്ങള്‍ കണ്ടനുഭവിച്ച്, സമുദായത്തിന്റെ ആശയും അത്താണിയുമായി, പുതിയ അധ്യായം തീര്‍ത്താണ് അദ്ദേഹം വിടവാങ്ങിയത്‌ [/box]

വികലമായ ആശയങ്ങളും വ്യര്‍ഥമായ ആചാരങ്ങളും ആഗോള തലത്തില്‍ സൂഫിസമായി വാഴ്ത്തപ്പെടുമ്പോള്‍ വ്യത്യസ്ത രൂപ ഭാവങ്ങളില്‍ ആഗോള സംസ്‌കാരം അവയെ ഏറ്റെടുക്കുകയും സൂഫീനൃത്തമായും സംഗീതമായും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന പ്രതിഭാസമാണ് ഇന്ന് അനവരതം ആഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. നിരന്തര പരിണാമങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരുന്ന സൂഫിസത്തിന്റെ നിര്‍വ്വചനം വ്യതിരിക്ത കോണുകളിലൂടെ വിശാലാര്‍ത്ഥങ്ങളില്‍ അപഗ്രഥിക്കപ്പെടുകയും, പ്രായോഗിക തലത്തില്‍ നിന്നു വിദൂരമായ ബൗദ്ധിക സാധ്യതയായി ചുരുങ്ങുകയും ചെയ്തു. യഥാര്‍ത്ഥ സൂഫിസം ജീവിതത്തിന്റെ മൂല്യനിബദ്ധമായ പ്രായോഗിക രീതിയാണെന്ന വാസ്തവത്തിനു കടകവിരുദ്ധമായ പല വീക്ഷണങ്ങളും അപരവ വത്കൃത സൂഫിസത്തില്‍ കടന്നുകൂടി.
ജീവിതത്തിലെ വിശുദ്ധിയും ലാളിത്യവും കൊണ്ട് തസ്വവ്വുഫിന്റെ യഥാര്‍ത്ഥ നിര്‍വചനം വരച്ചുവെച്ച ഒട്ടനേകം അനുഗൃഹീത ജന്മങ്ങളുടെ നിരയില്‍ ഒടുവിലത്തേതാണ് അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍. ആത്മീയതയുടെ ആഴമറിഞ്ഞ സൂഫിവര്യനും പണ്ഡിതനുമായ വിശിഷ്ട വ്യക്തിത്വമായിരുന്നു അത്തിപ്പറ്റ ഉസ്താദ്. മാതൃകായോഗ്യവും നിസ്വാര്‍ഥവുമായ ജീവിതത്തിലൂടെ കേരളീയ മുസ്‌ലിം സമൂഹത്തെ ആത്മീയമായും സാമൂഹികമായും സമ്പന്നമാക്കുന്നതിനു ജീവിതം മുഴുക്കെ നീക്കിവെച്ച കര്‍മയോഗിയായിരുന്നു അദ്ദേഹം. വിനയത്തിന്റെ ആള്‍രൂപമായി, അറിവിന്റെ ആഴങ്ങള്‍ കണ്ടനുഭവിച്ച്, സമുദായത്തിന്റെ ആശയും അത്താണിയുമായി, പുതിയ അധ്യായം തീര്‍ത്താണ് അദ്ദേഹം വിടവാങ്ങിയത്. ലാളിത്യവും വിനയവും മുഖമുദ്രയാക്കിയ ഉസ്താദ്, ദീനിന്റെ കാര്യത്തില്‍ വിട്ടു വീഴ്ച്ചക്ക് തയ്യാറായിരുന്നില്ല എന്നത് ആത്മാര്‍ത്ഥവും നിസ്വാര്‍ത്ഥവുമായ വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നുണ്ട്. ആലുവായ് അബൂബക്കര്‍ മുസ്‌ലിയാരുടെ അടുത്ത ശിഷ്യനും അനുവര്‍ത്തിയുമായിരുന്നു അത്തിപ്പറ്റ ഉസ്താദ്. ആത്മീയമാര്‍ഗ്ഗം സ്വീകരിക്കുവാനും യഥാര്‍ത്ഥ അധ്യാത്മിക ജീവിതം നയിക്കുവാനും പ്രേരണ നല്‍കിയത് ഈ സഹവര്‍ത്തിത്വമായിരുന്നു എന്നു മനസ്സിലാക്കാം.
മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത് അച്ചിപ്രയില്‍ 1936 സെപ്റ്റംബര്‍ 18നാണ് അദ്ദേഹത്തിന്റെ ജനനം. പണ്ഡിതനും സ്‌കൂള്‍ അധ്യാപകനുമായിരുന്ന അബ്ദുല്‍ ഖയ്യൂം എന്ന കോമു മുസ്‌ലിയാരാണ് പിതാവ്. അറിയപ്പെട്ട ബഹുഭാഷാ പണ്ഡിതനും വൈദ്യനും മാപ്പിള കവിയുമായിരുന്ന പാലകത്ത് മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ പിതാമഹനാണ്. പ്രാഥമിക പഠനത്തിനു ശേഷം പിതൃസഹോദരന്‍ കുഞ്ഞാലന്‍കുട്ടി മുസ്‌ലിയാര്‍, പന്താരങ്ങാടിയില്‍ മുദര്‍രിസായിരുന്നു വഹ്ശി മുഹമ്മദ് മുസ്‌ലിയാര്‍, സൂഫിവര്യനായിരുന്ന സി.എച്ച് കുഞ്ഞീന്‍ മുസ്‌ലിയാര്‍ എന്നിവരില്‍ നിന്ന് പഠനം നടത്തി.
വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നതിനായി ആലുവായ് അബൂബക്കര്‍ മുസ്‌ലിയാരോട് അനുമതി തേടിയപ്പോള്‍ തന്റെ കാലശേഷം പോകാന്‍ സമ്മതം നല്‍കുകയാണ് ചെയ്തത്. തന്റെ ശൈഖിന്റെ മരണഘട്ടത്തില്‍ കരം പിടിക്കുവാനും ഓരത്തിരിക്കുവാനും കഴിഞ്ഞത് അത്തിപ്പറ്റ ഉസ്താദ് പലപ്പോഴും ഓര്‍ത്തെടുക്കാറുണ്ടായിരുന്നു. സമാന പ്രഭാവരായ പല സൂഫീശ്രേഷ്ഠരോടും ചെറുപ്പത്തില്‍ തന്നെ അടുത്ത് ഇടപഴകാനും ബന്ധം പുലര്‍ത്തുവാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. അബൂബക്കര്‍ മുസ്‌ലിയാരുടെ മരണാനന്തരം ഉസ്താദ് ഹജ്ജിന് പുറപ്പെടുകയും മൂന്ന് പതിറ്റാണ്ടോളം നീണ്ട പ്രവാസജീവിതത്തിന്റെ ബാഹുല്യങ്ങളിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഹറമില്‍ വെച്ച് കണ്ടുമുട്ടിയ മുഹമ്മദ് മുസ്‌ലിയാരില്‍ നിന്നും പഠനകാലത്ത് ഓതാനാകാത്ത ഗ്രന്ഥങ്ങള്‍ ഓതിപ്പഠിക്കാന്‍ സന്നദ്ധനായ ഉസ്താദിന്റെ ജ്ഞാനദാഹം നാം മാതൃകയാക്കേണ്ടതു തന്നെയാണ്. തദ്ഫലമായി യു.എ.ഇ.ലെ ഹജ്ജ് ക്ലാസുകള്‍ക്കും മറ്റു ദഅ്‌വാസംരംഭങ്ങള്‍ക്കും നേതൃത്വം നല്‍കുവാനും ഉസ്താദിന് സാധിച്ചു എന്നു മാത്രമല്ല തന്റെ ആത്മീയ ജീവിതത്തില്‍ വഴിത്തിരിവായ ശൈഖ് അബ്ദുല്‍ ഖാദിര്‍ ഈസാ(റ)യുമായി സംഗമിക്കുവാനുള്ള അവസരമൊരുങ്ങുകയും ചെയ്തു.
ശൈഖ് അബ്ദുല്‍ ഖാദിര്‍ ഈസയുടെ ഹഖാഇഖു അനിത്തസ്വവ്വുഫ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ എനിക്ക് പിന്തുണ നല്‍കിയത് സ്മര്യപുരുഷന്‍ തന്നെയായിരുന്നുവെന്ന് ഓര്‍ക്കുന്നു. ഉസ്താദ് മദീനയില്‍ വെച്ചാണ് ശൈഖ് അബ്ദുല്‍ ഖാദിര്‍ ഈസ(റ)യുമായി ആദ്യം കണ്ടുമുട്ടിയത്. മസ്ജിദു ഖുബാഇല്‍ വെച്ച് പ്രഥമ സംഗമം നടക്കുകയും മസ്ജിദുന്നബവിയില്‍ വെച്ച് ശാദിലി ത്വരീഖത്തിന്റെ ചര്യകളടങ്ങിയ ഏട് സ്വീകരിക്കുകയും ചെയ്തു. പിന്നീട് കേരളത്തിലും ലക്ഷ്വദീപിലും അറബുനാടുകളിലുമടക്കം വിവിധ ഭാഗങ്ങളില്‍ ആധ്യാത്മിക സദസ്സുകള്‍ക്ക് നേതൃത്വം നല്‍കുകയും, ശാദിലി പരമ്പരയുടെ വെളിച്ചം വിതറുകയും ചെയ്ത ഉസ്താദ് അവസാന ശ്വാസം വരെയും തന്റെ വിശുദ്ധി കാത്തു സൂക്ഷിച്ചു.
പ്രവാസ ജീവിത കാലത്ത് മൂന്നു പതിറ്റാണ്ട് കാലം അല്‍ ഐന്‍ സുന്നി സെന്ററിന്റെ നേതൃസ്ഥാനത്തിരുന്ന് സേവനമനുഷ്ഠിച്ച ഉസ്താദ് ആത്മീയബോധന പ്രവര്‍ത്തനങ്ങളില്‍ സജീവമായി വര്‍ത്തിച്ചു. തന്റെ വരുമാനത്തിന്റെ മുഖ്യഭാഗവും ആവശ്യക്കാര്‍ക്ക് വീതിച്ചു നല്‍കിയിരുന്ന അദ്ദേഹത്തന്റെ ഉദാരമനസ്‌കതയുടെ ഉദാഹരണങ്ങള്‍ പലര്‍ക്കും സുപരിചിതമാണ്. ഭൗതിക താത്പര്യങ്ങളേതുമില്ലാത്ത ആത്മാര്‍ത്ഥമായ സുകൃതങ്ങളിലൂടെ സാഫല്യം നേടുന്ന അനുഗൃഹീത വ്യക്തിത്വങ്ങളാണ് സൂഫികള്‍. തസവ്വുഫ്, തസ്‌കിയത്ത് മേഖലയില്‍ കൂടുതല്‍ സേവനങ്ങളര്‍പ്പിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. സൂഫിസമെന്ന ആശയം വിവിധ തരത്തില്‍ വ്യഖ്യാനിക്കപ്പെടുന്ന പുതിയ കാലത്ത് പറയാനാഗ്രഹിച്ച മുഴുവന്‍ മൂല്യങ്ങളെയും സ്വന്തം ജീവിതത്തിലൂടെ ആവിഷ്‌കരിക്കുകയായിരുന്നു അദ്ദേഹം. അനിവാര്യമായ മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അദ്ദേഹം തിരിച്ചറിഞ്ഞു. മലപ്പുറം ജില്ലയിലെ കാടാമ്പുഴക്കടുത്തുള്ള മരവട്ടം ഗ്രെയ്‌സ് വാലി എജ്യുക്കേഷനല്‍ കോംപ്ലക്‌സും വീടിനോടടുത്ത് അടുത്ത കാലത്തു സ്ഥാപിച്ച ഫത്ഹുല്‍ ഫത്താഹ് സെന്ററും അദ്ദേഹത്തിന്റെ വിജ്ഞാന സേവന രംഗത്തെ നേര്‍സാക്ഷ്യങ്ങളാണ്.
വേഷഭൂഷാദികളിലും പുറം പൂച്ചുകളിലും അഭിരമിക്കുന്ന വര്‍ത്തമാന പാണ്ഡിത്യത്തിന്ന് അത്തിപ്പറ്റ ഉസ്താദ് ഒരു ഓര്‍മ്മപ്പെടുത്തലാണ്.നബിചര്യയായി താന്‍ സൂക്ഷിച്ചു പോരുന്ന താടിരോമങ്ങള്‍ നീക്കം ചെയ്യേണ്ടിവരുമെന്നതിനാല്‍ ശസ്ത്രക്രിയ തന്നെ വേണ്ടെന്നു തീരുമാനിക്കാന്‍ അദ്ദേഹത്തിന് പുനര്‍:വിചിന്തനം ചെയ്യേണ്ടി വന്നില്ല. അഹ്‌ലുബൈത്തിന്റെ കല്‍പ്പന സ്വീകരിച്ചു കൊണ്ടായിരുന്നു ശസ്ത്രക്രിയക്ക് വിധേയനാകാന്‍ പിന്നീടെങ്കിലും സമ്മതം മൂളിയത്. നബിചര്യജീവിതമാക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നുവെന്നതിന് ഒട്ടനേകം സാക്ഷ്യങ്ങള്‍ ഇതിനോടകം വന്നുകഴിഞ്ഞു.
നിലത്തിരുന്ന് തന്നെ ഭക്ഷണം കഴിച്ച് തനിക്ക് ചുറ്റുമുളളവരെല്ലാം നബിചര്യപിന്തുടരുന്നുണ്ട് എന്ന് ഉറപ്പ് വരുത്താനും അതിനെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു.മനുഷ്യരോടെന്നു മാത്രമല്ല മൃഗങ്ങളോടും കാരുണ്യം കാണിക്കണം എന്ന തിരുനബി(സ) യുടെ മാതൃകജീവിതത്തില്‍ പുലര്‍ത്തുന്നതില്‍ ഉസ്താദ് വിജയം കണ്ടെത്തി . അറിവു പ്രവൃത്തിയാക്കുന്ന പ്രായോഗിക പണ്ഡിതനും അധ്യാത്മിക വെളിച്ചം പകരുന്ന മാര്‍ഗ്ഗ ദര്‍ശിയുമായിരുന്ന അത്തിപ്പറ്റ മുഹിയിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ തുല്യതയില്ലാത്ത മാതൃകയായിരുന്നു എന്നത് നാം അടിവരിയിട്ടു മനസ്സിലാക്കണം.
1987ലാണ് ലേഖകന്‍ അത്തിപ്പറ്റ ഉസ്താദുമായി നാട്ടില്‍വെച്ച് അടുത്തിടപഴകുന്നത്; ആ വര്‍ഷം നവംബറിലാണ് അദ്ദേഹത്തിന്റെ പ്രത്യേക ക്ഷണമനുസരിച്ച് അല്‍ഐന്‍ സുന്നി യൂത്ത് സെന്ററിന്റെ അതിഥിയായി ആദ്യമായി യുഎഇയിലെത്തിയതും. മര്‍ഹൂം അബൂബകര്‍ നിസാമീയുടെയും ഉസ്താദിന്റെയും മേല്‍നോട്ടത്തില്‍ 1977ലാണ് അല്‍ഐനില്‍ സുന്നി യൂത്ത് സെന്റര്‍ സ്ഥാപിതമാകുന്നത്. സ്ഥാപനത്തിന്റെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും അദ്ദേഹം ഗണ്യമായ പങ്കുവഹിച്ചു. 27 വര്‍ഷം യു.എ.ഇ ഔഖാഫിനു കീഴില്‍ ഇമാമായി സേവനമനുഷ്ഠിച്ചിരുന്നു. അക്കാലയളവില്‍ ഔദ്യോഗിക തലങ്ങളിലെ ഉന്നതരുമായി സൗഹൃദം സ്ഥാപിക്കാനും പ്രവാസികളായ മലയാളികളുടെ മത-സാമൂഹിക-ക്ഷേമ കാര്യങ്ങളില്‍ ഇടപെടാനും അദ്ദേഹത്തിനു സാധിച്ചു. അബൂദബിയിലെ സുന്നി സ്റ്റുഡന്റ്‌സ് സെന്റര്‍, വിവിധ എമിറേറ്റുകളിലെ സുന്നി സംഘടനകള്‍, സ്ഥാപനങ്ങള്‍, സംരംഭങ്ങള്‍ എന്നിവയൊക്കെ പടുത്തുയര്‍ത്തുന്നതിലും പരിപോഷിപ്പിക്കുന്നതിലും അദ്ദേഹത്തിന് നിര്‍ണായകമായ ഇടമുണ്ടായിരുന്നു. 1992 ല്‍ ദാറുല്‍ഹുദാക്ക് സമീപം ഫാഥ്വിമാ സഹ്‌റാ ഇസ്‌ലാമിക് വനിതാ കോളേജ് സ്ഥാപിക്കുന്നതും ഉസ്താദിന്റെ കൂടി പ്രത്യേക താത്പര്യത്തിലാണ്. സ്ഥാപനത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തില്‍ അദ്ദേഹം നിരന്തരം ബന്ധപ്പെടുകയും കൂടിയാലോചനകള്‍ നടത്തുകയും ചെയ്യാറുണ്ടായിരുന്നു.
അത്തിപ്പറ്റ ഉസ്താദ് യു.എ.ഇയിലായിരുന്ന കാലത്ത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചെന്ന് സ്വലാത്ത് സദസ്സും ദിക്‌റ് ഹല്‍ഖകളും സ്ഥാപിച്ച് വിശ്വാസികളെ ആത്മീയമായും സാമൂഹികമായും ഉദ്‌ബോധനം നടത്താന്‍ ശ്രമിച്ചു. യു.എ.ഇയില്‍ മാത്രമല്ല, വിവിധ ജി.സി.സി. രാഷ്ട്രങ്ങളിലും മലേഷ്യ, സിംഗപ്പൂര്‍ മുതല്‍ ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വരെ ഇതുസംബന്ധമായ യാത്രകള്‍ അദ്ദേഹം നടത്തിയിരുന്നു. അവിടങ്ങളിലൊക്കെ ഈ ആത്മപ്രകാശത്തിന്റെ പ്രസരണങ്ങള്‍ നടത്താനും അദ്ദേഹത്തിനു സാധിച്ചു.
ലോക പ്രശസ്ത സ്വൂഫി പണ്ഡിതരും മാര്‍ഗ ദര്‍ശികളുമായിരുന്ന ശൈഖ് അബ്ദുല്‍ ഖാദിര്‍ ഈസാ, ശൈഖ് സഅ്ദുദ്ദീന്‍ സലീം മുറാദ് എന്നിവരുടെ മാര്‍ഗ ദര്‍ശനവും ശിഷ്യത്വവും സ്വീകരിച്ചു കൊണ്ടായിരുന്നു അത്തിപ്പറ്റ ഉസ്താദ് ആധ്യാത്മിക വെളിച്ചം പ്രസരിപ്പിച്ചത്.
അത്തരത്തിലുള്ള മഹാരഥന്മാരുടെ പാത പിന്തുടര്‍ന്ന് ഐഹിക ജീവിതം സാരസമ്പൂര്‍ണമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാവണം നാം വ്യാപൃതരാവേണ്ടത്. അല്ലാഹു മഹാനോടൊപ്പം സ്വര്‍ഗീയ ലോകത്ത് ഒരുമിച്ച് കൂടാന്‍ തൗഫീഖ് നല്‍കട്ടെ.

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.