Thelicham
theli

ഇമാം ഗസാലി : ഇസ്‌ലാമിലെ ജ്ഞാനശാസ്ത്രത്തെ അടയാളപ്പെടുത്തുന്ന വിധം

ജ്ഞാന ശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു സ്വകാര്യ ചര്‍ച്ചയില്‍, മോഡേണിസ്റ്റ് ആയ ഒരു സുഹൃത്തില്‍ നിന്നാണ് രസകരമായ ഒരു വാദം കേള്‍ക്കാന്‍ ഇടയാകുന്നത്. ഇസ്‌ലാമില്‍ ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന ഭൗതികമായ അറിവുകളില്‍ സിംഹ ഭാഗവും പാശ്ചാത്യന്‍ ആധുനികതയുടെ പ്രതിഫലങ്ങളാണത്രെ. പടിഞ്ഞാറന്‍ ആധുനികതക്ക് ബദലായി കൊണ്ട് വന്ന ഇസ്‌ലാമിക ആധുനികത (ഇസ്‌ലാമിക് മോഡേണിസം) ആധുനിക വിജ്ഞാനീയങ്ങളെ ഇസ്‌ലാംവല്‍ക്കരിച്ച് തൊണ്ട തൊടാതെ വിഴുങ്ങുകയായിരുന്നുവെന്നും പാശ്ചാത്യന്‍ ആധുനികതയുടെ ദാര്‍ശനിക നേട്ടത്തിന് തല വെച്ച് കൊടുക്കുകയായിരുന്നുവെന്നുമാണ് സുഹൃത്തിന്റെ വാദങ്ങളുടെ സംക്ഷിപ്തം. ആധുനികതയുടെ ആഗമനം ഇസ്‌ലാമിനെ സ്വാധീനിച്ചിട്ടുണ്ടെന്നത് ശരി തന്നെ. ആധുനിക വിജ്ഞാനീയങ്ങളുപയോഗിക്കുന്ന പദാവലികളും മുസ്‌ലിംകള്‍ ഉപയോഗിക്കുന്നുണ്ട്. പരസ്പരമുള്ള അനുസ്യൂതമായ ആദാനപ്രദാന പ്രക്രിയകളിലൂടെയുള്ള വളര്‍ച്ചയായിട്ടേ അതിനെ കാണേണ്ടതുള്ളു. പാരമ്പര്യ ഇസ്‌ലാമിനെ പഴി പറഞ്ഞു കൊണ്ടിരുന്ന എന്റെ സുഹൃത്തിന്റെ പ്രധാന പരാതി ജ്ഞാനശാസ്ത്രത്തെ കുറിച്ചായിരുന്നു. ഇസ്‌ലാമിന്റെ പ്രാരംഭ കാലം മുതല്‍ക്കേ വികസിച്ചു വന്ന ജ്ഞാനശാസ്ത്ര സങ്കല്‍പ്പങ്ങളെ പരിചയമില്ലാത്ത ആ സുഹൃത്ത് പറഞ്ഞത് ജ്ഞാനശാസ്ത്രത്തെ ഇസ്‌ലാം പരിചയപ്പെടുന്നത് തന്നെ ആധുനികതയോടെയാണെന്നാണ്. മത ഗ്രന്ഥങ്ങളില്‍ നിന്നും ആധികാരിക തെളിവുകളോടെ തന്നെ സുഹൃത്തിനെ തിരുത്തണമെന്ന ലക്ഷ്യത്തോടെ ഇസ്‌ലാമിലെ ജ്ഞാനശാസ്ത്ര സങ്കല്‍പ്പങ്ങളെ പറ്റിയുള്ള അന്വേഷണത്തിനിടക്കാണ് ഞാന്‍ ഇമാം ഗസാലിയുടെ ഫാതിഹത്തുല്‍ ഉലൂം എന്ന ഗ്രന്ഥം പരിചയപ്പെടുന്നത്.
മതപരമായ അറിവ് അല്ലാഹുവിന്റെ പ്രകാശമാണെന്നാണ് പണ്ഡിത മതം. ഒരു മുസ്‌ലിം അറിവ് നേടേണ്ടതിന്റെ ആവശ്യകതയിലേക്കുള്ള സൂചന കൂടിയാണത് .ഭൗതികവും മതപരവുമായ അറിവുകള്‍ നേടല്‍ ഓരോ മുസ്‌ലിമിനും അനിവാര്യമാണ്. ‘ഇല്‍മ് നേടല്‍ ഒരോ മുസ്‌ലിമിനും നിര്‍ബന്ധമാണ്ട്’ എന്ന തിരുവചനത്തിലെ ഇല്‍മിനെ അല്‍ ഇല്‍മ് എന്ന് ജിന്‍സി(വര്‍ഗം)ന്റെ അലിഫ് ലാം കൊണ്ടാണ് പ്രയോഗിച്ചത് എന്ന് ഭാഷാ പണ്ഡിതര്‍ പറയുന്നുണ്ട്. അഥവാ, അല്‍ ഇല്‍മ് എന്നത് കൊണ്ടുള്ള വിവക്ഷ നിര്‍ണിതമായ വിജ്ഞാനശാഖയല്ല, ഇല്‍മിന്റെ സകല ഇനങ്ങളുമാണ്. സകല വിജ്ഞാനങ്ങളുടെയും സമ്പാദനത്തെ ഇസ്‌ലാം പ്രോത്സാഹിപ്പിച്ചിരിക്കുന്നുവെന്നര്‍ഥം.
അറിവിനെ സംബന്ധിച്ച തത്വശാസ്ത്രമാണ് ജ്ഞാനശാസ്ത്രം (എപ്പിസ്റ്റമോളജി). അറിവിന്റെ പ്രകൃതം, പരിധി, പരിമിതി, ഉറവിടം, ഉഭയാര്‍ഥങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് പ്രസ്തുത വിജ്ഞാന ശാഖയുടെ ആകെത്തുക. ഇസ്‌ലാമിലെന്ന പോലെ ആധുനിക ജ്ഞാന ശാസ്ത്രത്തില്‍ അറിവിനുള്ള സ്ഥാനം വളരെ ഉല്‍കൃഷ്ടമാണ്. എന്നാല്‍ ഇസ്‌ലാമിക ജ്ഞാന ശാസ്ത്ര സങ്കല്‍പ്പവും ആധുനിക ജ്ഞാന ശാസ്ത്ര സങ്കല്‍പ്പവും തമ്മില്‍ ഒരുപാട് അന്തരങ്ങളുണ്ട്. ഇസ്‌ലാമിന്റെ ആദ്യ കാലം മുതല്‍ ഇന്ന് വരെയുള്ള അനവധി രചനകള്‍ ഇസ്‌ലാമിക ജ്ഞാന ശാസ്ത്ര സങ്കല്‍പ്പങ്ങളെ അധികരിച്ച് സംസാരിച്ചിട്ടുണ്ട്. അവയിലേറ്റവും പ്രധാനപ്പെട്ടത് ഇമാം ഗസാലിയുടെ രചനകളാണെന്ന് പറഞ്ഞാല്‍ അധികമാവില്ല. ഇഹ്‌യാ ഉലൂമുദ്ധീന്‍, മിഅ്‌യാറുല്‍ ഇല്‍മ് എന്നീ കൃതികളൊക്കെ ജ്ഞാനശാസ്ത്രത്തെ പ്രതിപാദിക്കുന്നുണ്ടെങ്കിലും ഫാതിഹത്തുല്‍ ഉലൂം എന്ന തന്റെ കൃതി ജ്ഞാനശാസ്ത്രത്തിന്റെ അതിര്‍വരമ്പുകളെ പ്രത്യേകം വരച്ചു കാട്ടുന്നുണ്ട്. അതീന്ദ്രിയമായ ജ്ഞാനങ്ങളുടെയും ജീവിതാനുഭവത്തിന്റെയും വെളിച്ചത്തില്‍ എഴുതിയ കൃതിയാണ് ഇഹ്‌യാഅ്. എന്നാല്‍ ഇഹ്‌യയുടെയും ശേഷം വിരചിതമായ രിസാല(ചെറു സന്ദേശം)യാണ് ഫാതിഹത്തുല്‍ ഉലൂം എന്നത് പ്രസ്തുത ഗ്രന്ഥത്തിന്റെ സവിശേഷത സാക്ഷ്യപ്പെടുത്തുക കൂടി ചെയ്യുന്നു.
വിജ്ഞാനത്തിന്റെ മഹത്വം, മാനദണ്ഡം, പരിണിത ഫലം, ആപത്ത്, മര്യാദ, നാശം, ബാധ്യത, ഭൗതിക പരലോക പണ്ഡിതരുടെ ലക്ഷണങ്ങള്‍ എന്നിവയെ സംബന്ധിച്ച പ്രധാനമായ ചില കാര്യങ്ങളാണ് ഫാതിഹത്തുല്‍ ഉലൂമിന്റെ പ്രതിപാദ്യ വിഷയം. വളരെ സരളമായി തെളിമയാര്‍ന്ന ഉപദേശ ശൈലിയിലാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടിട്ടുള്ളത്. ഇസ്‌ലാമില്‍ ജ്ഞാനശാസ്ത്രത്തിന്റെ കേന്ദ്ര സ്ഥാനത്ത് തന്നെയുള്ളത് അറിവിന്റെ മഹത്വത്തെ പറ്റിയുള്ള ചര്‍ച്ചയാണ്. എല്ലാ ആരാധനയുടെയും അടിസ്ഥാനമായ കലിമത്തുതൗഹീദ് (അല്ലാഹുവല്ലാതെ മറ്റാരും ആരാധനക്കക്കര്‍ഹനല്ലെന്ന സത്യസാക്ഷ്യ വചനം) അല്ലാഹു പ്രഖ്യാപിക്കുമ്പോള്‍ ഒന്നാം സാക്ഷികളായി മലക്കുകളെയും രണ്ടും മൂന്നും സാക്ഷികളായി ജ്ഞാനികളെയുമാണ് തിരഞ്ഞെടുത്തത്. ആരാധനകളുടെ അടിസ്ഥാനമെന്നതിലുപരി ഈ ലോകത്തെ ഏറ്റവും മഹത്തായ കാര്യമാണ് കലിമത്തു തൗഹീദ്. തന്റെ അടിമകളില്‍ ഏറ്റവും ഉല്‍കൃഷ്ടതയുള്ളവരാണ് മലക്കുകള്‍. അവരെയും മനുഷ്യരേയുമാണ് ഈ സാക്ഷ്യത്തിനായി അള്ളാഹു തിരഞ്ഞെടുത്തത് എന്ന വസ്തുത പണ്ഡിതരുടെയും അവര്‍ വഹിക്കുന്ന അറിവിന്റെ മഹത്വത്തെയും ഉദ്‌ഘോഷിക്കുന്നുണ്ട്. പണ്ഡിതരുടെ മഹത്വത്തെ സംബന്ധിച്ച് ഖുര്‍ആനില്‍ പറയുന്നത് ‘വിവരമുള്ളവരാണ് ദൈവത്തെ ഭയക്കുന്നത്’ എന്നത്രെ. ഇസ്‌ലാം മതത്തിന്റെ കാതലായ ഭാഗമാണ് ദൈവഭയം. അറിവുള്ളര്‍ക്കേ യഥാര്‍ഥ ദൈവഭയമുണ്ടാവുകയുള്ളു. അടിമകളില്‍ അല്ലാഹുവിനെ ഭയക്കുന്നവര്‍ ജ്ഞാനികള്‍ മാത്രമാകുന്നുവെന്ന് ഖുര്‍ആനില്‍ മറ്റൊരിടത്തു ക്ലിപ്തപ്പെടുത്തി പറയുന്നത് കാണാം. നുബുവ്വത്തിന്റെ തൊട്ടടുത്ത സ്ഥാനമുള്ളത് ഇല്‍മിനാണെന്നും ശഹാദത്തിനേക്കാള്‍ ഉന്നതമാണ് അതെന്നും ഹദീസിലും കാണാം. അബൂദര്‍(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ നബി തങ്ങള്‍ പറയുന്നു: ആയിരം റക്അത്ത് നിസ്‌കരിക്കുന്നതിനേക്കാളും ആയിരം രോഗികളെ സന്ദര്‍ശിക്കുന്നതിനേക്കാളും മഹത്തരമാണ് ഒരു വിജ്ഞാന സദസ്സിലെ പങ്കാളിത്തം. അതു കേട്ട ഒരാള്‍ ചോദിച്ചു. അത് ഖുര്‍ആന്‍ പാരായണത്തെക്കാള്‍ മഹോന്നതമാണെന്നുണ്ടോ?. അറിവില്ലാതെ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് ഫലവത്താകുമെന്ന് നീ കരുതുന്നുണ്ടോ എന്ന് തിരുനബി മറുചോദ്യമുന്നയിച്ചു. സകല ആരാധനയുടെയും അടിസ്ഥാനം അറിവാണെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാമെന്നും സമര്‍ഥിക്കുകയാണ് ഇമാം ഗസാലി.

ഇസ്‌ലാമും ജ്ഞാനശാസ്ത്രവും

തെളിവുകള്‍ കൊണ്ട് നിതീകരിക്കപ്പെടാവുന്ന വിശ്വാസങ്ങളാണ് അറിവ് എന്നതാണ് ദെക്കാര്‍ത്തെയില്‍ നിന്ന് തുടങ്ങുന്ന ആധുനിക ജ്ഞാന ശാസ്ത്രം അറിവിനെ നിര്‍വചിച്ചത്. തന്റെ വിശ്വാസത്തിനു പുറത്തുള്ളതും തെളിവിനാല്‍ സമര്‍ഥിക്കപ്പെടാത്തത്തും അറിവായി ഗണിക്കാന്‍ പറ്റില്ലെന്നാണ് ദെക്കാര്‍ത്തെ വിശ്വസിച്ചിരുന്നത്. ബ്രിട്ടീഷ് ദാര്‍ശനികനായ ബെര്‍ട്രന്‍ഡ് റസ്സലിന്റെ വരവോടെയാണ് ജ്ഞാന ശാസ്ത്രത്തിലെ അറിവു സങ്കല്‍പങ്ങള്‍ക്ക് തുടര്‍ന്ന് വികാസമുണ്ടാവുന്നത്. എങ്കിലും യുക്തിക്ക് നിരക്കാത്ത വിശ്വാസങ്ങളെ അറിവായി ഗണിക്കാന്‍ പറ്റില്ലെന്ന് തന്നെയാണ് റസ്സലും വിശ്വസിച്ചിരുന്നത്. ഇതനുസരിച്ച് അതീന്ദ്രിയ സ്വഭാവങ്ങളുള്ള അറിവുകളെ, പ്രത്യേകിച്ച് മത വിശ്വാസങ്ങളെ ആധുനിക ജ്ഞാനശാസ്ത്ര സങ്കല്‍പ്പങ്ങള്‍ക്ക് പുറത്തുനിര്‍ത്തി. അറിവിന്റെ വിശാല സാധ്യതയെ തന്നെയാണ് ഇവിടെ നിഷേധിക്കുന്നത്. മാത്രമല്ല, ആധുനിക ജ്ഞാന ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം അറിവ് ആപേക്ഷിക(റിലേറ്റിവ്)വുമാണ്. സത്യമായി തെളിയിക്കപ്പെട്ടവ മാത്രമാണ് അറിവെന്ന അടിസ്ഥാനമുള്ളതു കൊണ്ടുതന്നെ ഒരാള്‍ക്ക് സത്യമായി ഭവിക്കാത്തവ അറിവല്ലെന്നു വരും. അപ്പോള്‍ ഒരു വിശ്വാസം ഒരാളെ അപേക്ഷിച്ച അറിവും മറ്റൊരാളെ അപേക്ഷിച്ച് അറിവുമല്ലാതാവുന്നു. എന്നാല്‍ അല്‍ ഗസാലിയെ സംബന്ധിച്ചിടത്തോളം അറിവ് ആപേക്ഷികമല്ല (നണ്‍-റിലേറ്റിവ്). അത് നിരുപാധികം പൂര്‍ണ്ണതയെ കുറിക്കുന്നുണ്ട്. കുതിരയുടെ ഓട്ടത്തിലെ വേഗത പൂര്‍ണ്ണമാണെന്ന് പറയാമെങ്കിലും കഴുതയെ അപേക്ഷിച്ച് മാത്രമാണ് ആ പൂര്‍ണ്ണത. ഭൂമിയിലെ ചേതന-അചേതന വസ്തുക്കളെല്ലാം ആപേക്ഷികമായേ പൂര്‍ണ്ണമാവുന്നുള്ളു. എന്നാല്‍ അറിവ് സ്വയം പരിപൂര്‍ണ്ണമാണെന്ന് ബുദ്ധിപരമായി സമര്‍ത്ഥിക്കുകയാണ് ഇമാം ഗസാലി പ്രസ്തുത ഗ്രന്ഥത്തില്‍. മറ്റൊന്നിലേക്ക് ചേര്‍ത്തു നോക്കി അറിവ് പരിപൂര്‍ണ്ണമാണെന്ന് പറയുന്നത് ശരിയല്ല. കാരണം അറിവ് അല്ലാഹുവിന്റെ പ്രശംസനീയമായ ഗുണമാണ്. അല്ലാഹുവിലേക്കുള്ള അടുപ്പമാണ് മനുഷ്യന്റെ പൂര്‍ണ്ണതയും. ആ അടുപ്പത്തിന്റെ അടിസ്ഥാനം അറിവുമാണ്. ഇതില്‍ നിന്നും അറിവ് പരിപൂര്‍ണ്ണമാണെന്ന് ഗ്രഹിച്ചെടുക്കാം.
ആധുനിക ജ്ഞാന ശാസ്ത്രത്തിലെ പ്രധാന വാദമാണ് വസ്തുനിഷ്ഠതാ വാദം (പോസിറ്റിവിസം). ജ്ഞാനം അനുഭവം മാത്രമാണെന്നാണ് സിദ്ധാന്തം. ഈ വാദമനുസരിച്ച് അറിവിന് വ്യത്യസ്ത ഇനങ്ങളില്ല. അറിവെന്ന ഒറ്റ ഇനം മാത്രമേ ഉള്ളൂ. എന്നാല്‍ അനുഭവമെന്നത് അറിവിന്റെ ഒരു ഇനം മാത്രമാണ് എന്നതാണ് യാഥാര്‍ഥ്യം. അറിവ് നേടാന്‍ വേറെയും ഉപാധികളുണ്ട്. അവ പ്രസ്തുത ഗ്രന്ഥത്തില്‍ ഇമാം ഗസാലി പ്രതിപാദിക്കുകയും ചെയ്തിട്ടുണ്ട്. ഒരര്‍ഥത്തില്‍, ആധുനിക ജ്ഞാന ശാസ്ത്രത്തിന്റെ അബദ്ധ ജടിലമായ വാദങ്ങള്‍ക്കൊരു മുന്‍ തിരുത്ത് കൂടിയാണ് ഫാതിഹത്തുല്‍ ഉലൂം. അറിവിന്റെ വിവിധ ഇനങ്ങളെ പ്രതിപാദിക്കാന്‍ ഒരധ്യായം തന്നെ ഇമാം ഗസാലി മാറ്റി വെക്കുന്നുണ്ട്.അറിവില്‍ മതപര/ഭൗതിക എന്നിങ്ങനെ വേര്‍തിരിവുണ്ടോ എന്ന പഠിതാവിനുണ്ടാകുന്ന പൊതു സംശയങ്ങള്‍ക്കു മറുപടിയായി ഇമാം ഗസാലി പറയുന്നത് ഇല്‍മ് പൊതുവെ രണ്ടിനമുണ്ടെന്നാണ്. മതപരവും മതപരമല്ലാത്തവയും. ഇതില്‍ തന്നെ മതപരമായ അറിവുകളെ അല്‍ ഗസാലി ഉസൂല്‍, ഫുറൂഅ്, മുഖദിമാത്, മുതിമ്മാത് എന്നിങ്ങനെ നാല് വിഭാഗങ്ങളാക്കി തിരിക്കുന്നുണ്ട്. ഇവയില്‍ ഓരോന്നിന്റെയും മുന്‍ഗണനാക്രമവും പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്‌ലാമിലെ അടിസ്ഥാന പ്രമാണങ്ങളായ ഖുര്‍ആന്‍, സുന്നത്, ഇജ്മാഅ് (പണ്ഡിത ഏകോപനം), ഖിയാസ് എന്നിവ ഒന്നാം വിഭാഗത്തിലും കര്‍മ്മശാസ്ത്രം, പരലോക വിജയപ്രാപ്തിക്കായുള്ള ശാസ്ത്രങ്ങള്‍ എന്നിവ രണ്ടാം വിഭാഗത്തിലും അനുബന്ധ ജ്ഞാനങ്ങളായ ഭാഷ, വ്യാകരണ ശാസ്ത്രങ്ങള്‍ മൂന്നിലും പൂരകങ്ങളായ ഖുര്‍ആന്‍ പാരായണ ശാസ്ത്രം പോലോത്തവ നാലാം വിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒരു മുസ്‌ലിമിന്റെ മത ജീവിതത്തിന് ഈ നാല് വിഭാഗം ജ്ഞാനങ്ങളും അത്യന്താപേക്ഷിതമാണ്. അവസാനത്തെ രണ്ടു വിഭാഗങ്ങളെക്കാള്‍ ആദ്യത്തെ രണ്ടു വിഭാഗങ്ങള്‍ പഠിക്കല്‍ മുസ്‌ലിമിന് വ്യക്തിപരമായി അനിവാര്യമാണ്. ഈ വിധം ഓരോ ജ്ഞാനങ്ങളും കരസ്ഥമാകേണ്ടതിന്റെ ആവശ്യകതയും മുന്‍ഗണനാക്രമവും പ്രത്യേകം അടയാളപ്പെടുത്തി എന്നതാണ് ആധുനിക ജ്ഞാന ശാസ്ത്രത്തില്‍ നിന്നും ഇസ്‌ലാമിലെ ജ്ഞാനശാസ്ത്ര സങ്കല്‍പ്പങ്ങളെ വ്യതിരിക്തമാക്കുന്നത്.
ജ്ഞാന ശാസ്ത്രത്തില്‍ അറിവിന്റെ സാധുത(വാലിഡിറ്റി)ക്ക് വലിയ പ്രാധാന്യമുണ്ട്. കാലഗതിക്കനുസരിച്ച് ഓരോ വിജ്ഞാന ശാഖാകളിലുമുണ്ടാകുന്ന വളര്‍ച്ച മൂലം പരമ്പരാഗത അറിവുകളെ മാറ്റി പ്രതിഷ്ഠിക്കുകയും ദുര്‍ബലമാക്കപ്പെടുകയും ചെയ്യാറുണ്ട്. അതേസമയം ഉല്‍പ്പാദിക്കപ്പെടുന്ന പുതിയ അറിവുകള്‍ അംഗീകരിക്കപ്പെടാതിരിക്കുകയും പാരമ്പരാഗതമായവയെ തന്നെ സ്വീകാര്യ യോഗ്യമായി ഗണിക്കപ്പെടാറുമുണ്ട്. അറിവുല്‍പ്പാദനത്തിലെ ഈ കേവല പ്രതിഭാസത്തെ പറ്റി റസ്സല്‍ അടക്കമുള്ളവര്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇങ്ങനെ അംഗീകരിക്കപ്പെടുകയും ദുര്‍ബലമാക്കപ്പെടുകയും ചെയ്യുന്ന അറിവുകളെ അടയാളപ്പെടുത്താന്‍ പ്രത്യേക സംവിധാനങ്ങള്‍ ഇസ്‌ലാമിനെ അപേക്ഷിച്ച് ആധുനിക ജ്ഞാനശാസ്ത്രത്തിന് ഇന്നും അന്യമാണ്. ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍ കാണപ്പെടുന്ന അറിവിന്റെ സ്വഭാവത്തെ അടയാളപ്പെടുത്തുന്ന റാജിഹ്(പ്രബലം), മര്‍ജൂഹ്(അപ്രബലം), ആം(വ്യാപകാര്‍ഥമുള്ളത്), ഖാസ്(പ്രത്യേകാര്‍ഥമുള്ളത്), നസ്(പ്രതിപാധ്യമായത്), ളാഹിര്‍ (വ്യക്തമായത്) എന്നിങ്ങനെയുള്ള പദ പ്രയോഗങ്ങളുടെ ഉപകാരവും ഉപയോഗവും ഇവിടെയാണ് മനസ്സിലാക്കപ്പെടേണ്ടത്. ഈ ജ്ഞാനശാസ്ത്ര രീതി ഇസ്‌ലാമില്‍ പ്രചുരപ്രചാരം നേടുകയും രചനകളിലെല്ലാം വ്യാപകമായി ഉപയോഗിച്ച് വരികയും ചെയ്തിട്ടുണ്ട്.
ഇസ്‌ലാമിക ജ്ഞാന ശാസ്ത്രത്തിന്റെ ഏറ്റവും പ്രധാന സവിശേഷതയായി കാണാക്കപ്പെടുന്നത് അറിവിന് ദിവ്യത (ഡിവിനിറ്റി)യുമായുള്ള അഭേദ്യ ബന്ധമാണ്. ആ ബന്ധത്തിലെ ഏറ്റവും കാതലായ ഭാഗമാണ് അദബ്. അറിവിനേക്കാളും സ്ഥാനം അദബിനാണ്. അറിവിനാല്‍ സ്രേഷ്ടരായ മലക്കുകളുടെ ഗുരുവായിരുന്ന ഇബ്‌ലീസ് പിഴച്ചതും ശപിക്കപ്പെട്ടതും അദബില്ലായ്മ കൊണ്ടാണെന്ന വസ്തുതയില്‍ നിന്നും അറിവിനേക്കാള്‍ അദബിനുള്ള സ്രേഷ്ടതയെ മനസ്സിലാക്കാം. അദബില്ലായ്മയാണ് മുസ്‌ലിം നാഗരികതയുടെ പരാജയത്തിന്റെ നിദാനമെന്ന പ്രശസ്ത അക്കാദമിക പണ്ഡിതനായ സയ്യിദ് നഖീബുല്‍ അത്താസിന്റെ വചനത്തെ ഇവിടെ കൂട്ടി വായിക്കേണ്ടതുണ്ട്. പഠിച്ചതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ ഇഹപര ലോകത്തിലുണ്ടാകാന്‍ പോകുന്ന ഫലം, അറിവിനോട് അപമര്യാദയായി പെരുമാറിയാലുണ്ടാകുന്ന വിപത്ത്, അറിവ് നുകരുന്നതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്നിങ്ങനെയുള്ള ഇസ്‌ലാമിലെ ജ്ഞാന ശാസ്ത്രവുമായി ബന്ധപ്പെട്ട സങ്കല്പങ്ങള്‍ ആ ദിവ്യബന്ധത്തിന്റെ ഉദാഹരണങ്ങളില്‍ പെട്ടതാണ്. അറിവ് നുകരുന്നതനുസരിച്ച് അദബും വിനയവും വര്‍ദ്ധിക്കണമെന്നും സ്വഭാവ ശുദ്ധിയുണ്ടാകണമെന്നുമാണ് ഇസ്‌ലാമിന്റെ അധ്യാപനം. അറിയാത്ത കാര്യങ്ങളെ അറിയില്ല എന്ന വെട്ടിത്തുറന്ന് പറയുന്നത് വിനയമാണെന്നും പഠിതാവിനുണ്ടാകേണ്ട ഏറ്റവും പ്രധാന ഗുണമാണ് അതെന്നും ഇമാം ഗസാലി പറയുന്നുണ്ട്. എനിക്കറിയില്ല എന്ന് സമ്മതിക്കല്‍ പോലും വിജ്ഞാനമാണെന്നും വിജ്ഞാനത്തിന്റെ പാതിയാണെന്നുമൊക്കെ ഹദീസിലും പണ്ഡിത മൊഴികളിലുമൊക്കെ കാണാവുന്നതാണ്. പ്രശസ്ത ഫിഖ്ഹീ പണ്ഡിതനായ ഇമാം ശാഫി(റ) തന്റെ വന്ദ്യ ഗുരു ഇമാം മാലിക്(റ)വിനെ കുറിച്ചരുളിയ വാക്കുകള്‍ ശ്രദ്ധേയമാണ്. ‘ഞാന്‍ മാലിക് (റ)വിന്റെ സദസ്സിലായിരിക്കെ വിവിധ വിഷയങ്ങളിലായി നാല്പത്തിയെട്ട് കാര്യങ്ങളെ പറ്റി ചോദ്യങ്ങള്‍ വന്നു. അതില്‍ മുപ്പത്തിരണ്ടെണ്ണത്തിനും എനിക്കറിയില്ല എന്നായിരുന്നു മാലിക് (റ)വിന്റെ മറുപടി. ‘ഒരു മദ്ഹബിന്റെ പണ്ഡിതനായ ഇമാം മാലിക് (റ) വില്‍ നിന്നാണ് ഈ വാക്കുകള്‍ എന്നത് അറിവിന്റെ കാര്യത്തിലെ വിനയത്തിന്റെ ഗൗരവം നമ്മെ തീര്‍ച്ചയായും ബോധ്യപ്പെടുത്തേണ്ടതുണ്ട്. അറിവ് കൊണ്ട് അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുന്നവര്‍ക്കേ ഈ ‘അറിവില്ലായ്മ’ സമ്മതിക്കാനാവൂ എന്നാണ് ഇമാം ശാഫി(റ) ഈ സംഭവത്തെ ഉദ്ധരിച്ച് പറഞ്ഞത്.
ഇല്‍മ് നുകരുന്നതിലും കൈകാര്യം ചെയ്യുന്നതിലും ചില മര്യാദകള്‍ കാത്തു സൂക്ഷിക്കേണ്ടതുണ്ട്. ഇല്‍മ് നുകരുന്നതിലെ ഒരു പ്രധാന മര്യാദയാണ് തസ്ഹീഹുന്നിയ്യ(ഉദ്ദേശ്യ ശുദ്ധി വരുത്തല്‍). ‘ദൈവ പ്രീതിക്കല്ലാതെ ഞാന്‍ അറിവ് നുകരാന്‍ ശ്രമിച്ചു. എന്നാല്‍ ദൈവ പ്രീതിക്കല്ലാതെ ഭവിക്കാന്‍ ആ അറിവ് വിസമ്മതിക്കുകയും ചെയ്തു’ എന്നാണ് തന്റെ പഠനത്തിന്റെ ആദ്യ കാല ഉദ്ദേശ്യശുദ്ധിയെ കുറിച്ച് ഇമാം ഗസാലി തന്റെ ആത്മ കഥയായ അല്‍ മുന്‍ഖിദില്‍ പറഞ്ഞത്. അറിവ് നേടല്‍ ദൈവപ്രീതിക്ക് വേണ്ടിയായപ്പോഴുണ്ടായ ആത്മാനന്ദത്തിന്റെ ഭൂമികയില്‍ നിന്നാണ് ഇമാം ഗസാലി ഇത് പറയുന്നത്. വിജ്ഞാന സമ്പാദനം ഒരു ആരാധനയാണ്. നിയ്യത്തു(ഉദ്ദേശ്യം)കള്‍ ആരാധനയുടെ അടിവേരുകളാണെന്നുമാണ് തിരുവചനം. അപ്പോള്‍ ഉദ്ദേശ്യത്തിന്റെ ബലമനുസരിച്ചായിരിക്കും ആരാധനകളുടെ സ്വീകാര്യത. മതപരമായ അറിവ് നുകരാന്‍ കൊണ്ട് പണവും പ്രശസ്തിയുമാണ് പഠിതാവിന്റെ ആഗ്രഹമെങ്കില്‍ അവന്റെ പരലോക വിധി ദയനീയമായിരിക്കുമെന്നാണ് ഇമാം ഗസാലി മുന്നറിയിപ്പ് നല്‍കുന്നത്.

ഇസ്‌ലാമിലെ ജ്ഞാനം: പ്രഭവം, പ്രയോഗം, കൈമാറ്റം

ഇസ്‌ലാമില്‍ ജ്ഞാനമെന്നാല്‍ തിരിച്ചറിവിനെ അനിവാര്യമാക്കുന്ന പ്രകൃതിവിശേഷമായൊരു കാര്യമാണ്. ആ കാര്യം ചിലപ്പോള്‍ ഉള്ളതാവാം. ഇല്ലാത്തതുമാവാം. ഇവിടെ അറിവിന്റെ പരിധികള്‍ നിര്‍ണ്ണയിക്കാതിരിക്കുകയല്ല ചെയ്തത്. പ്രഭവ കേന്ദ്രങ്ങള്‍ക്കനുസരിച്ചുള്ള അറിവിന്റെ വൈവിധ്യമാര്‍ന്ന ഇനങ്ങളെ ഉള്‍പ്പെടുത്താനാണ് ഇത്രയും വിശാലമായ നിര്‍വചനം നല്‍കിയത്.
അറിവിന്റെ പ്രഭവ കേന്ദ്രങ്ങള്‍ അഥവാ അവ ഉത്ഭവിക്കുന്ന ആദ്യ മാധ്യമങ്ങളെ പറ്റി ഇമാം മസ്ഊദ് ബ്‌നു ഉമര്‍ തഫ്താസാനി(റ) ശറഹുല്‍ അഖാഇദില്‍ പരിചയപ്പെടുത്തുന്നുണ്ട്. അറിവിന്റെ മാധ്യമങ്ങള്‍ മൂന്നെണ്ണമാണ്. ഒന്ന്, അന്യൂനമായ പഞ്ചേന്ദ്രിയങ്ങള്‍ (ദര്‍ശനം, സ്പര്‍ശനം, ശ്രവണം, രാസനം, ഘ്രാണം). രണ്ട്, സത്യസന്ധമായ വാര്‍ത്ത. മൂന്ന്, ധിഷണ. മനുഷ്യന് അറിവ് ലഭിക്കുന്നത് ഈ മൂന്ന് മാധ്യമങ്ങളിലൂടെയാണ് എന്നാണ് ഇസ്‌ലാമിന്റെ പക്ഷം. എന്നാല്‍ ആധുനിക ജ്ഞാന ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ജ്ഞാന മാധ്യമങ്ങള്‍ രണ്ടെണ്ണമാണ്. ഒന്ന്, യുക്ത്യാധിഷ്ഠിത രീതി (റാഷണലിസ്റ്റ് സ്‌കൂള്‍). മറ്റൊന്ന്, അനുഭവ മാത്ര രീതി (എംപിരിസിസ്റ്റ് സ്‌കൂള്‍). ഒന്നാമത്തെ രീതിയുടെ അടിസ്ഥാനം ധിഷണയും രണ്ടാമത്തെ രീതിയുടെ അടിസ്ഥാനം ഇന്ദ്രിയാനുഭവങ്ങളുമാണ്. ഇവിടെ സത്യസന്ധമായ വാര്‍ത്തകള്‍, അഥവാ, പരമ്പരാഗതമായ അറിവുകള്‍ അറിവുകളായി ഗണിക്കപ്പെടുന്നില്ലെന്നര്‍ത്ഥം. ഇസ്‌ലാമില്‍ സാമൂഹ്യ വിദ്യകളെക്കാള്‍ വ്യക്തിഗത വിദ്യകള്‍ക്കാണ് മുന്‍തൂക്കം. സമൂഹത്തെ സംബന്ധിച്ച വിദ്യകള്‍ പഠിക്കുന്നതിന്റെ വിധി ഫര്‍ള് കിഫായ(സാമൂഹ്യ ബാധ്യത)യും വ്യക്തിയെ ബാധിക്കുന്ന അറിവുകള്‍ നേടുന്നത് ഫര്‍ള് ഐനു(വ്യക്തിഗത ബാധ്യത)മാണ്. വ്യക്തിഗത വിജ്ഞാനങ്ങളാണ് ആദ്യം പരിഗണിക്കേണ്ടത്. കാരണം, ഒരു സമൂഹത്തില്‍ ധാര്‍മികത കൈവരണമെങ്കില്‍ ആദ്യം നന്നാകേണ്ടത് ഓരോ വ്യക്തിയും തന്നെയാണ്. അതേസമയം, സമൂഹത്തെ ബാധിക്കുന്ന വിദ്യകളില്‍ പ്രാവീണ്യമുള്ളവര്‍ ഇല്ലാത്തത്തിന്റെ പേരില്‍ ഒരു നാട് വിഷമിക്കേണ്ടി വന്നാല്‍ ആ നാട്ടുകാര്‍ മൊത്തത്തിലും, അത് പഠിക്കാന്‍ സൗകര്യമുണ്ടായിട്ടും പഠിക്കാത്തവര്‍ വിശേഷിച്ചും കുറ്റക്കാരാകുമെന്നും ഇമാം ഗസാലി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഒരു സമൂഹം വൈദ്യന്മാരുടെ അഭാവം നേരിടുന്നുണ്ടെങ്കില്‍ അതിന് യോഗ്യരായവരെ കണ്ടെത്തി വിദ്യ അഭ്യസിപ്പിച്ച് വൈദ്യന്മാരാക്കേണ്ടത് ആ സമൂഹത്തിന്റെ ബാധ്യതയാണെന്ന് ഇഹ്‌യയില്‍ ഇമാം ഗസാലി ഉണര്‍ത്തുന്നുണ്ട്. വിജ്ഞാന സമ്പാദനം പോലെ പ്രധാനമാണ് പ്രയോഗവും. പഠിച്ചതനുസരിച്ച് പ്രവര്‍ത്തിക്കാത്തവന്‍ വേദം ചുമക്കുന്ന കഴുതയെ പോലെയാണെന്നാണ് ചൊല്ല്. താന്‍ ചുമക്കുന്ന അറിവുകളുടെ മൂല്യത്തെ അറിയാത്ത വിഡ്ഢികളുടെ കൂട്ടത്തിലായിരിക്കും അവന്റെ സ്ഥാനമെന്നാണ് ഗ്രന്ഥത്തിന്റെ ഭാഷ്യം.
പഠനവും പ്രയോഗവും മാത്രമല്ല, കൈമാറ്റവും ചേര്‍ന്നാണ് ഇസ്‌ലാമിക ജ്ഞാനശാസ്ത്ര സങ്കല്‍പ്പത്തിന് നിര്‍വ്വചനമെഴുതുന്നത്. നഖീബുല്‍ അത്താസ് ഇസ്‌ലാമിക വിദ്യഭ്യാസ സംജ്ഞകളെ കുറിച്ചെഴുതിയ എംപിരിസിസ്റ്റ് സ്‌കൂള്‍ എന്ന ഗ്രന്ഥത്തില്‍ ഇസ്‌ലാമിലെ ജ്ഞാന ശാസ്ത്ര സങ്കല്‍പ്പങ്ങളുടെ വ്യതിരിക്തതയെ കുറിച്ച സംസാരിക്കുന്നുണ്ട്. ഇസ്‌ലാമില്‍ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം (കണ്ടന്റ്), കൈമാറപ്പെടുന്ന രീതി (പ്രൊസസ്), സ്വീകര്‍ത്താവ് (റെസിപ്റ്റന്റ്) എന്നിവ മൂന്നും പ്രധാനപ്പെട്ടതാണ്. കൈമാറപ്പെടുന്ന വിദ്യാഭ്യാസത്തിന്റെ മഹത്വമനുസരിച്ച് അതിനോടുള്ള പെരുമാറ്റത്തിലും അന്തരങ്ങളുണ്ടാകും. എന്നാല്‍ അവസാനം പറഞ്ഞ രണ്ടെണ്ണം, അഥവാ, അധ്യാപകനും വിദ്യാര്‍ഥിയും ഉള്‍ക്കൊള്ളുന്ന അധ്യാപനം എന്ന മഹദ് പ്രക്രിയയില്‍ രണ്ടു പേരും സദുദ്ദേശ്യമുള്ളവരായിരിക്കണം. ശിഷ്യന്‍ ദുരുദ്ദേശിയാണെങ്കില്‍ പോലും അവനെ പഠനത്തില്‍ നിന്ന് പിന്തിരിപ്പിക്കാതെ അറിവിന്റെ മഹത്വത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും പഠനം തുടരാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക ഗുരുവിന്റെ ബാധ്യതയില്‍ പെട്ടതാണെന്ന് ഇമാം ഗസാലി പറയുന്നുണ്ട്. എന്നാല്‍ പഠിതാക്കള്‍ക്ക് വേണ്ടി വഖ്ഫ് ചെയ്ത സമ്പത്ത് ദുരുദ്ദേശിയായ വിദ്യാര്‍ഥിക്ക് നല്‍കാന്‍ അധ്യാപകന്‍ സമ്മതമില്ലത്രെ. അതേസമയം, വിദ്യാര്‍ഥിയേക്കാള്‍ ഉദ്ദേശ്യശുദ്ധിയുണ്ടാകേണ്ടത് അധ്യാപകനാണെന്ന് പറഞ്ഞാല്‍ തെറ്റില്ലെന്നാണ് ഇമാം ഗസാലി വാദിക്കുന്നത്. കാരണം ഗുരുവിന്റെ ദുരുദ്ദേശ്യം മറ്റുള്ളവരിലേക്ക് കൂടി പകരാന്‍ സാധ്യതയുണ്ടല്ലോ. അത്തരത്തിലുള്ള ഗുരുക്കന്മാരെ ജോലിയില്‍ നിന്ന് പിന്തിരിപ്പിക്കണോ എന്ന ചോദ്യത്തിന് മറുപടിയായി ‘അധര്‍മ്മിയെ കൊണ്ട് ജഗന്നിയന്താവ് ഈ മതത്തെ ശക്തിപ്പെടുത്തിയേക്കും’ എന്ന ഹദീസ് വചനത്തെ മുന്‍നിര്‍ത്തിക്കൊണ്ട് വേണ്ട എന്നാണ് പറയുന്നത്. ദുരുദ്ദേശിയായ ഗുരുവിന്റെ ദുരുദ്ദേശമറിയാന്‍ അവസരം ലഭിക്കാത്ത ചിലരെങ്കിലും രക്ഷപ്പെട്ടേക്കാം എന്ന സാധ്യതയാണ് ഈ സമീപനത്തിനു പിന്നിലെ യുക്തി. എന്നാല്‍ മറ്റുള്ളവരെ രക്ഷപ്പെടുത്താന്‍ ആ ഗുരുവിന് കഴിയുമെങ്കിലും സ്വയം രക്ഷപ്പെടാന്‍ സാധിക്കില്ല.
സമ്പാദിച്ച അറിവുകള്‍ എപ്പോള്‍ പ്രയോഗിക്കണം?എങ്ങനെ പ്രയോഗിക്കണം? സംവാദങ്ങളുടെ ആവശ്യകത എന്ത്? എന്നിങ്ങനെ വിജ്ഞാന പ്രയോഗത്തിലെ മര്യാദകളെ സംബന്ധിച്ച ചര്‍ച്ചകളാണ് ഗ്രന്ഥത്തിന്റെ അവസാന ഭാഗത്തില്‍. സംവാദമല്ലാതെ മറ്റൊന്നും സാമൂഹബാധ്യതയില്‍ മുഖ്യമാവാതിരിക്കുകയും സംവാദം അത്യന്താപേക്ഷിതമാവുകയും ചെയ്യുന്ന സങ്കീര്‍ണ്ണ സാഹചര്യത്തില്‍ മാത്രമേ അത് പാടുള്ളൂ എന്ന പറയുന്ന ഇമാം ഗസാലി സംവാദത്തിന്റെ എട്ടു മാനദണ്ഡങ്ങളും അവയുടെ ദോശ വശങ്ങളും വിശദീകരിക്കുന്നുണ്ട്. ഒരു നല്ല അധ്യാപകനും വിദ്യാര്‍ഥിക്കുമുണ്ടാവേണ്ട ഗുണങ്ങളും അറിവിനെ സൂക്ഷിക്കേണ്ടതിനെ സംബന്ധിച്ച് ഉപദേശവും നല്‍കിയാണ് ഗ്രന്ഥമവസാനിക്കുന്നത്. ഒരുപക്ഷെ, ഇസ്‌ലാമിക ജ്ഞാനശാസ്ത്രത്തെ ഇത്ര തെളിച്ചത്തോടെ അടയാളപ്പെടുത്തിയ പ്രഥമ ഗ്രന്ഥം കൂടിയായിരിക്കും ഫാതിഹത്തുല്‍ ഉലൂം.

നോട്ട്‌സ്
1.Ibrahim Abu-Rabi’, The Blackwell Companion to Contemporary Islamic Thought, Blackwell publishing limited (2007)
2. Betrrand Russel ;Theory of Knowledge: The 1913 Manuscript (Collected Papers of Betrrand Russell) 1st Edition, Routledge (1992)
3.Syed Muhammad Naquib al-attas; Islam and Secularism, International Institute of Islamic Thoughts and Civilization (November 30, 1978)
4.Imam gazzali ; Ihya ulum al-din,4th volume, Dar Ihya al kuthub al-arabiyya, cairo(1957)
5. SMN Al-attas ; The concept of education in Islam, International Institute of Islamic Thought and Civilization (1991)

എന്‍ മുഹമ്മദ് ഖലീല്‍

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.